22 സെപ്റ്റംബര്‍ 2008: തിരുവനന്തപുരം ദൃശ്യവേദിയുടെ പ്രതിമാസക്കളി, കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറി. കലാമണ്ഡലം ബാലസുബ്രഹ്മണ്യന് നളനേയും, കലാമണ്ഡലം രാജശേഖരന് ദമയന്തിയേയും, കലാമണ്ഡലം രതീശന് ഹംസത്തേയും അവതരിപ്പിച്ച നളചരിതം ഒന്നാം ദിവസം കഥകളിയുടെ പൂര്‍വ്വഭാഗമായിരുന്നു അവതരിപ്പിച്ചത്. നൈഷധരാജനായ നളനെക്കാണുവാനായി നാരദമഹര്‍ഷി എത്തുന്നു. യഥാവിധി സ്വീകരിച്ചിരുത്തി ആഗമനോദ്ദേശം ആരായുന്ന നളനോട്, ദേവന്മാര് പോലും ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാനായി യത്നിക്കുവാന്‍ പറയുന്നു. ദേവന്മാര് പോലും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാന്‍, കേവലമൊരു മനുഷ്യനായ താന്‍ യത്നിക്കുന്നത് ധര്‍മ്മച്യുതിയാവില്ലേ എന്നാണ് നളന്റെ സന്ദേഹം. യജ്ഞഭാഗം സ്വീകരിക്കുവാനാണ് ദേവകള്‍ക്ക് അര്‍ഹതയെന്നും, രത്നങ്ങള്‍ രാജാവായ നിനക്കുള്ളതാണ് എന്നും നാരദന് മറുപടി നല്കുന്നു.
പദത്തിനു ശേഷമുള്ള മനോധര്‍മ്മാട്ടത്തിലും ദേവന്മാര് പോലും ഇച്ഛിക്കുന്ന ദമയന്തിക്കായി താന്‍ യത്നിക്കുന്നത് ശരിയാണോ എന്ന് നളന് സന്ദേഹിക്കുന്നുണ്ട്. അങ്ങിനെ നിനക്ക് ശ്രേയസ്കരമല്ലാത്ത ഒരു കാര്യവുമായി ഞാന്‍ നിന്റെയരികിലെത്തുമോ എന്നാണ് ഇതിന് നാരദന് പറയുന്ന സമാധാനം. ഫാക്ട് ജയദേവ വര്‍മ്മയാണ് ഇവിടെ നാരദവേഷമിട്ടത്. ദേവന്മാര് കൊതിക്കുന്ന ദമയന്തിയെ സ്വന്തമാക്കുവാന്‍, ദേവനാരികള്‍ പോലും കൊതിക്കുന്ന നളനുതന്നെയാണ് അര്‍ഹത എന്നു തുടങ്ങുന്ന കഥ ഈയിടെയായി ഒരു നാരദനും ആടിക്കാണാറില്ല. അറിവില്ലാത്തതിനാലാണോ, അതോ വേണ്ട എന്നു കരുതിയാണോ ഇതെന്ന് അറിയില്ല. കലാമണ്ഡലം ബാലസുബ്രഹ്മണ്യനാവട്ടെ; ‘അരവിന്ദഭവതനയന്‍’, ‘ഹരിമന്ദിരം’ എന്നിവയ്ക്കെല്ലാം നേരിട്ടുള്ള അര്‍ത്ഥമുദ്രകള്‍ കാട്ടിയതല്ലാതെ കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചു കണ്ടില്ല. അതുപോലെ നാരദന്റെ വാക്കുകള്‍ കേട്ട്, ഇടയ്ക്കിടയ്ക്കുള്ള മനോധര്‍മ്മങ്ങളും കാര്യമായി ഉണ്ടായില്ല.
ദമയന്തിയോടുള്ള പ്രണയത്താല്‍ പീഢിതനായ നളനെയാണ് തുടര്‍ന്നു കാണുന്നത്. “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന കല്യാണിയിലുള്ള പദമാണ് ഇവിടെ. പദത്തിനു മുന്‍പുള്ള ശ്ലോകത്തില്‍ “പാന്ഥലോകാശ്രുതായാം...” എന്നുണ്ടെങ്കിലും, പലര് പറഞ്ഞു ദമയന്തിയുടെ ഗുണഗണങ്ങള്‍ കേള്‍ക്കുന്നത് ബാലസുബ്രഹ്മണ്യന് ആടുകയുണ്ടായില്ല. അതുപോലെ ഇടതുവശത്തെ ഇരുപ്പിടത്തില്‍ ഇരിക്കുവാനാഞ്ഞ്, ഇരിപ്പുറയ്ക്കാതെ വലത് വശത്തേക്ക് നടന്ന് ഇരിപ്പിടത്തില്‍ ഇരിക്കുവാനാഞ്ഞ്, അവിടെയും ഇരിപ്പുറയ്ക്കാതെ തിരിച്ചു വന്നിരുന്നാണ് കലാമണ്ഡലം ഗോപി പദം ആടി തുടങ്ങാറുള്ളത്. എന്നാല്‍ ഇവിടെ ഗോപിയുടെ ശിഷ്യന് അവതരിപ്പിച്ചു വന്നപ്പോള്‍, ഇടതുവശത്ത് ഇരിപ്പുറയ്ക്കാഞ്ഞ് പകുതിവരെ നടന്ന്, വീണ്ടും ഇടത് വന്ന് ഇരിക്കുന്നതായി. മിക്കവാറും, ബാലസുബ്രഹ്മണ്യന്റെ ശിഷ്യന്മാരുടെ കാലമാവുമ്പോള്‍, ഇടതുവശത്തിരുന്ന് ആടിത്തുടങ്ങുക മാത്രമേ ഉണ്ടാവുകയുള്ളൂ!
നളന്റെ ഈ പദത്തില്‍ തന്നെ, “വിധുരത വന്നു കൃത്യചതുരത പോയി...” എന്ന ഭാഗത്ത്, ‘തന്റെ കൃത്യചതുരത നശിച്ചു.’ എന്നാണ് ബാലസുബ്രഹ്മണ്യന് ആടിയത്. ‘പോവുക’ എന്നതിന് ‘നശിച്ചു’ എന്നാടിയാല്‍ എങ്ങിനെയാണ് ശരിയാവുക? തുടര്‍ന്ന് അവളെ ലഭിക്കുവാനുള്ള വിവിധങ്ങളായ ഉപായങ്ങള്‍ ആലോചിക്കുകയാണ് നളന്.
> കുണ്ഡിനത്തില്‍ പോയി ഭീമരാജാവിനോട്, അവളെ വിവാഹം കഴിച്ചുതരുവാന്‍ യാചിച്ചാലോ? ഇളഭ്യത നടിച്ച്; വേണ്ട, ഒരു രാജാവായ തനിക്കത് ഉചിതമല്ല.
> സേനയോടു കൂടിച്ചെന്ന്, ബലമുപയോഗിച്ച് അവളെ പിടിച്ചുകൊണ്ടിങ്ങു വന്നാലോ? - അങ്ങിനെ ചെയ്താല്‍ അവള്‍ക്ക് തന്നോട് അഹിതം തോന്നില്ലേ? അതിനാലതും വേണ്ട.
ഇങ്ങിനെയൊക്കെ ചിന്തിക്കുന്നെങ്കിലും, ഇവയൊന്നും ഉചിതമല്ലെന്നും നളന് തന്നെ മനസിലാക്കുന്നു. തുടര്‍ന്ന് മനസിന് അല്പം സുഖം ലഭിക്കുവാനായി വീണ വായിക്കുക തന്നെ എന്നുറയ്ക്കുന്നു. ആദ്യമൊക്കെ അതില്‍ സുഖം ലഭിക്കുന്നെങ്കിലും, പിന്നീട് അത് നഷ്ടമാവുന്നു. താന്‍ കാമാഗ്നിയില്‍ വേവുകയാണെന്നാടി നളന് ശരീരമാസകലം ചന്ദനം പുരട്ടുന്നു. എന്നാല്‍ ചന്ദനം ചൂട് വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ എന്ന് കണ്ട് തുടച്ചു മാറ്റുന്നു. കാമാഗ്നിയില്‍ വേവുന്നു എന്നത് മാനസികമായ ഒരു ഭാവമല്ലേ?
> ആകാശത്ത് മേഘക്കൂട്ടങ്ങളെ കണ്ട്, ആനക്കുട്ടികള്‍ ഓടിക്കളിക്കുന്നതു പോലെ. ഇവരുടെ കൈയില്‍ അവള്‍ക്കൊരു സന്ദേശം അയച്ചുകൊടുത്താലോ? - താനെന്തൊരു വിഡ്ഢിയാണ്, മേഘങ്ങളുടെ കൈയില്‍ സന്ദേശമയയ്ക്കുകയോ!
നളന്റെ വിചാരവികാരങ്ങള്‍ പ്രകടമാക്കുന്ന ഇത്രയും മനോധര്‍മ്മാട്ടങ്ങള്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ഒരുവിധം തരക്കേടില്ലാതെ രംഗത്തവതരിപ്പിച്ചു. എന്നാല്‍ പീഢിതനായ നളന്റെ ശോകം, സ്ഥായിയായി നിലനിര്‍ത്തുന്നതില്‍ ബാലസുബ്രഹ്മണ്യന് പരാജയപ്പെട്ടു. അതിനാല്‍ തന്നെ നളനെ പ്രേക്ഷകന് വേണ്ടുംവണ്ണം അനുഭവവേദ്യമായതുമില്ല.
തന്റെ ഈ അവസ്ഥയില്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നത് അനുചിതമാണെന്ന് ചിന്തിച്ച്, ഉദ്യാനത്തില്‍ പോയി മനസ്ഥൈര്യം വീണ്ടെടുക്കുക തന്നെ എന്നുറയ്ക്കുന്നു. രാജ്യഭാരം മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേക്ക് നളന് തിരിക്കുന്നു. എന്നാല്‍ അവിടെയും നളന് സ്വസ്ഥത ലഭിക്കുന്നില്ല. അപ്പോളാണ് വര്‍ണ്ണം പലതായി മിന്നീടുന്ന അന്നങ്ങള്‍ക്കിടയില്‍, സ്വര്‍ണ്ണനിറത്തോടു കൂടിയ ഒരു ഹംസത്തെ കാണുന്നത്. ചിത്രതരാംഗനായ ഇവനെ ലഭിക്കുന്നത് എത്രയും നന്നു തന്നെ എന്നുറച്ച്, ഹംസത്തെ പിടിക്കുവാനായി നളന് മറഞ്ഞിരിക്കുന്നു. ഹംസത്തിന്റെ ഇളകിയാട്ടമാണ് തുടര്‍ന്ന്. വിവിധങ്ങളായ ക്രീഡചെയ്ത് ക്ഷീണിതനായ ഹംസം ഒരിടത്തിരുന്ന് ഉറങ്ങുവാന്‍ ആരംഭിക്കുന്നു. ഇതുതന്നെ തക്കമെന്നുറച്ച് നളന് ഹംസത്തെ പിടിക്കുന്നു. രാജാവിന്റെ ചെയ്തിയില്‍ പേടിച്ച് നിലവിളിക്കുന്ന ഹംസത്തെ നളന് വിട്ടയയ്ക്കുന്നു.
ഊര്‍ജ്ജിതാശയനായ നളനെ ദമയന്തിയുടെ വിഷയത്തില്‍ സഹായിക്കുവാനായി ഹംസം തിരികെയെത്തുന്നു. ഹംസത്തിന്റെ പദത്തില്‍ “ത്വാമനുരാഗിണിയാം അതെനിക്കുഭരം...” എന്നതില്‍, ‘ഭരം’ എന്നതിന് ഹംസം കാട്ടിയത് ‘ഭാരം’ എന്നാണ്. ‘അതെനിക്കുഭരം’ എന്നതിന്, ‘അത് തനിക്ക് വിധേയമായിട്ടുള്ളതാണ്’/‘അതെന്നാല്‍ സാധ്യമാണ്’ എന്നാണ് അര്‍ത്ഥമാടേണ്ടത്. ഹംസവേഷത്തില്‍ അഗ്രഗണ്യനായിരുന്ന ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയുടെ മകനാണ് ഇവിടെ ഹംസമായെത്തിയ കലാമണ്ഡലം രതീശന്. ഹംസത്തിന്റെ വേഷത്തിനു പ്രധാനമായ നൃത്തവിശേഷങ്ങള്‍ രതീശന്റെ ഹംസത്തില്‍ കാണുവാനുണ്ടായില്ല. എന്നാല്‍ പദങ്ങള്‍ക്കിടയിലുള്ള, യുക്തമായ മനോധര്‍മ്മാട്ടങ്ങള്‍ അമിതമാവാതെ ഉണ്ടാവുകയും ചെയ്തു. എത്രയും പെട്ടെന്ന് ദമയന്തിയെക്കണ്ട്, അവളുടെ മനമറിഞ്ഞ് തിരികെയെത്തുന്നതാണ് എന്നു പറഞ്ഞ് ഹംസം മറയുന്നു.
കുണ്ഡിനത്തിലെ ഉദ്യാനത്തില്‍ ദമയന്തിയും, തോഴിമാരും പ്രാര്‍ത്ഥനപാടി പ്രവേശിക്കുന്നു. കലാമണ്ഡലം രാജശെഖരനാണ് ഇവിടെ ദമയന്തിയായെത്തിയത്. കലാമണ്ഡലം അനില്‍കുമാര്‍ തോഴിയെ അവതരിപ്പിച്ചു.“കുസുമസൌരഭം നാസാകുഹരസരസൈരിഭം” എന്ന ഭാഗത്ത് തോഴി ഒരു പുഷ്പമിറുത്ത് ദമയന്തിക്ക് വാസന ആസ്വദിക്കുവാന്‍ നല്‍കാറുണ്ട്. ഇവിടെ തോഴി ആദ്യം മണപ്പിച്ചു നോക്കി ആസ്വദിച്ചതിനു ശേഷമാണ് പുഷ്പം ദമയന്തിക്കു നല്‍കുന്നത്. ദമയന്തിയെ ആദ്യം മണപ്പിച്ച്, രാജ്ഞി ദുര്‍ഗന്ധം നടിക്കുമ്പോള്‍ തോഴി മണപ്പിച്ചു നോക്കി, ഇതിനു സുഗന്ധമാണല്ലോ എന്ന് വിചാരിക്കുന്നതിനാണ് ഔചിത്യം. അല്ലാതെ, തോഴി മണപ്പിച്ചതിനു ശേഷം പുഷ്പം രാജ്ഞിക്കു നല്‍കുന്നതത്ര ഉചിതമാണെന്നു തോന്നുന്നില്ല.
മിന്നല്‍ക്കൊടിയാണോ, വിധുമണ്ഡലമാണോ എന്നൊക്കെ സന്ദേഹിച്ചതിനു ശേഷം; തോഴി തന്നെ അതൊരു സുവര്‍ണഹംസമാണെന്നു തിരിച്ചറിയുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. ഈ രീതിയും അത്ര സുഖകരമായി തോന്നിയില്ല. സുവര്‍ണ ഹംസം എപ്രകാരം നളന് ആശ്വാസമാവുന്നുവോ, അതേപോലെ തന്നെയാണ് ദമയന്തിക്കും. സുവര്‍ണഹംസമാണെന്ന് ദമയന്തി തന്നെ തിരിച്ചറിഞ്ഞ്, ആഹ്ലാദിക്കുന്നതാവും ഉചിതം. ദമയന്തി നോക്കിയിരിക്കുകയും, തോഴി കാര്യമായി ഹംസത്തിന്റെ ആട്ടമൊക്കെ ആടുകയും ചെയ്യുന്നതില്‍ എന്താണ് രസം! രാജശേഖരനാവട്ടെ, തോഴിയുടെ വര്‍ത്തമാനത്തിലൊന്നും താത്പര്യം കാട്ടാതെ ഒഴിഞ്ഞ്, ഇരിപ്പിടത്തില്‍ ഇരുന്നതേയുള്ളൂ താനും!
തോഴിയെ തന്ത്രപൂര്‍വ്വം അകറ്റി ഹംസം, ദമയന്തിയോട് സംസാരിക്കുന്നു. ദമയന്തിയുടെ ഉള്ളിലും നളനുണ്ടെന്ന് മനസിലാക്കി, അതൊന്ന് ഇളക്കിവെച്ചുറപ്പിക്കുകയാണ് ഹംസം ചെയ്യുന്നത്. പദങ്ങള്‍ക്കു ശേഷം ഇരുവരും തമ്മിലുള്ള മനോധര്‍മ്മാട്ടത്തില്‍ ഹംസം താമരയിലയില്‍ നളന്റെ രൂപം ആലേഖനം ചെയ്തു നല്‍കുന്നതും; ദേവേന്ദ്രന് തന്നെ വന്നാലും താന്‍ നളനെയല്ലാതെ വരിക്കുകയില്ലെന്ന് പറയുന്ന ദമയന്തിയോട്, സ്വര്‍ഗീയ ഗുണങ്ങളെക്കുറിച്ചു പറഞ്ഞ് ഹംസം പ്രലോഭിക്കുവാന്‍ ശ്രമിക്കുന്നതും മറ്റും ആടുകയുണ്ടായി. എന്തുവന്നാലും താന്‍ നളനെയെ വരിക്കൂ എന്ന ദമയന്തിയുടെ വാക്കുകളില്‍ പൂര്‍ണ്ണവിശ്വാസം വരുന്ന ഹംസം തിരികെ നളന്റെ സമീപത്തേക്ക് തിരിക്കുന്നു.
കലാമണ്ഡലം രാജശേഖരന്റെ ദമയന്തിക്ക് പറയത്തക്ക മേന്മയൊന്നും കാണുവാന്‍ കഴിഞ്ഞില്ല. “കഞ്ജഭവനനുടെ വാഹനമേ...” എന്ന പദഭാഗത്ത്, ‘വാഹനം’ എന്നതിന് മുദ്രകാട്ടിയത് ഇരുന്ന് ചുമലില്‍ ഭാരം എടുക്കുന്ന രീതിയിലായിരുന്നു. ഇതു പോലെയുള്ള ഗ്രാമ്യമായ മുദ്രാപ്രയോഗങ്ങള്‍ ദമയന്തിക്ക് എത്രമാത്രം അനുയോജ്യമാണെന്ന് അദ്ദേഹമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നൃത്തവിഭാഗത്തില്‍ ഏറെ മെച്ചപ്പെടാനുണ്ടെങ്കിലും, കലാമണ്ഡലം രതീശന് ഹംസത്തെ നന്നായി ഉള്‍ക്കൊണ്ടു തന്നെയാണ് അവതരിപ്പിച്ചത്. മനോധര്‍മ്മാട്ടങ്ങളിലും, പദഭാഗങ്ങളിലും ഇത് വളരെ പ്രകടവുമായിരുന്നു.
കോട്ടക്കല്‍ മധു, കലാനിലയം രാജീവന് എന്നിവരായിരുന്നു ഇവിടെ സംഗീതത്തിന്. പലചരണങ്ങളും (സമയക്കുറവു കാരണമാണോ എന്നറിയില്ല) ഒഴിവാക്കിയാണ് ഇവര്‍ ആലപിച്ചത്. “നാഴിക തികച്ചൊരുനാള്‍...”, “പടുതമന്മഥനന്റെ പടവീടിതേവാപി...” ഇവയൊക്കെ ഒഴിവാക്കിയവയില്‍ പെടുന്നു. “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...”, “ഊര്‍ജ്ജിത ആശയ...”, “പ്രിയമാനസ...”, “അരയന്നമന്നവ...” എന്നിങ്ങനെയുള്ള പദങ്ങളുടെ വൈകാരികഭാവം വളരെ പ്രകടമാവേണ്ട ചരണങ്ങള്‍ അത്രത്തോളം ഭാവമുള്‍ക്കൊണ്ടായിരുന്നില്ല ഇവരിവിടെ ആലപിച്ചത്. ശബ്ദനിയന്ത്രണം വരുത്തി, രാഗഭാവത്തോടൊപ്പം രംഗഭാവവും കൂടി നല്കുവാന് മധു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മദ്ദളത്തില്‍ കലാമണ്ഡലം ഹരികുമാറിന്റെ പ്രവൃത്തി മികച്ചുനിന്നു. എന്നാല്‍ ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണന്റെ പ്രകടനത്തില്‍ അത്ര മികവ് പ്രകടമായതുമില്ല. ഹംസത്തിന്റെ പല നൃത്തങ്ങള്‍ക്കും വേണ്ടത്ര ശോഭ തോന്നിക്കാത്തതില്‍ ചെണ്ടക്കാരന്റെ പങ്കും ചെറുതല്ല. മാര്‍ഗി കളിയോഗത്തിന്റെ കോപ്പുകളും, ഉടുത്തുകെട്ടും, ആര്.എല്‍.വി. സോമദാസിന്റെ ചുട്ടിയും മികവു പുലര്‍ത്തി. ചുരുക്കത്തില്‍ ഇവിടെ അവതരിപ്പിക്കപ്പെട്ട നളചരിതം ഒന്നാം ദിവസത്തിന്, ശരാശരി നിലവാരത്തില്‍ നിന്നും ഒട്ടും ഉയരുവാന് കഴിഞ്ഞില്ല. എങ്കിലും ആശ്വാസത്തിന് ഇടയ്ക്കിടെയെങ്കിലും വകയുണ്ടായിരുന്നു എന്നതിനാല്‍ പൂര്‍ണ്ണനിരാശയുമായില്ല ഇവിടുത്തെ അരങ്ങ്.
Description: Nalacharitham Onnam Divasam Kathakali organized by Drisyavedi @ Karthika Thirunal Theater, East Fort, Thiruvananthapuram. Kalamandalam Balasubrahmanian (Nalan), Fact Jayadeva Varma (Naradan), Kalamandalam Ratheesan (Hamsam), Kalamandalam Rajasekharan (Damayanthi), Kalamandalam Anilkumar (Thozhi); Pattu: Kottackal Madhu, Kalanilayam Rajeevan; Chenda: Kalabharathi Unnikrishnan; Maddalam: Kalamandalam Harikumar; Chutti: RLV Somadas.
--
11 അഭിപ്രായങ്ങൾ:
ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവനനതപുരം കാര്‍ത്തിക തിരുനാള്‍ തിയ്യേറ്ററില്‍ അവതരിക്കപ്പെട്ട നളചരിതം ഒന്നാം ദിവസം കഥകളിയുടെ ആസ്വാദനം.
--
‘മനോധർമ്മാട്ടം’ അങ്ങനെയൊരു വാക്ക് ആദ്യമായി കേട്ടു.അങ്ങനെയൊരു വാക്ക് പ്രയോഗത്തിലുണ്ടോ?അറിയില്ല.ഇളകിയാട്ടമെന്ന വാക്കാണു സുപരിചിതം.
അതെനിക്കു ഭരം-‘ഭരം’അതുതന്നെയല്ലേ ശരി? ദമയന്തി അങ്ങയുടെ അനുരാഗിണിയായിരിക്കും,ആ ഭാരം ഞാനേൽക്കുന്നു-ഇതല്ലേ അർത്ഥം?പിന്നെ ‘വിധേയ’മെന്ന് എന്തിന്?
കാമപീഡിതനായ നളന് ഉഷ്ണമുണ്ടാകുന്നു എന്നത് കാവ്യകൽപ്പനയാകയാൽ ചന്ദനം പുരട്ടുന്നത് യുക്തിഹീനമാണെന്നോ?
അപ്പോൾ തോരണയുദ്ധത്തിലെ രാവണൻ,‘ഹിമകരഹിമഗർഭാ’എന്ന ശ്ലോകമാടുമ്പോൾ ചന്ദ്രകിരണങ്ങളേറ്റാണോ ഉഷ്ണമെന്നു ശങ്കിച്ച് അവസാനം സീതയിൽ മദനവിധേയനായതിനാലാണെന്നു കൽപ്പിക്കുന്നത് യുക്തിഹീനമല്ലേ?
‘മദനോഷ്ണത്തിനു ചന്ദനച്ചാറ്’എന്നതൊരു ക്ലാസിക്കൽ ബിംബകൽപ്പനയാണ്,കഥകളി ഒരു ക്ലാസിക്കൽ കലയും.കേവലയുക്തികൾ കളിയരങ്ങിനുള്ളതല്ല.
പൂമകനും മൊഴിമാതും പ്രാർത്ഥനയാണോ?പാഠഭേദങ്ങളുണ്ട്.
മേഖം-തെറ്റ്,മേഘം-ശരി.
വാൽക്കഷ്ണം:രാജശേഖരന്റെ ദമയന്തിയും തോഴിമാരും നിൽക്കുന്നതുകണ്ടാൽ സ്കൂൾ ഹെഡ്മിസ്ട്രസും കുട്ടികളും നിൽക്കും പോലെയാണ് എനിക്കു തോന്നാറ്!)
ആശംസകൾ...
'പടവീടിതേ വാപീ’
‘നാസാകുഹരസരസ്സൈരിഭം’
ഹരീ,
ഗോപിയാശാന്റെ അതേരീതിയില്‍ അവതരിപ്പിക്കണം മറ്റുള്ളവരും എന്നു ശഠിക്കുന്നത് ശരിയോ? അനുകരിക്കാതെ അവരവരുടെ രീതിയില്‍ അവതരിപ്പിക്കട്ടെ. അത് നന്നായോ എന്ന് നമ്മള് നോക്കിയാല്‍ പോരേ? പ്രത്യേകിച്ച് ഉറച്ചകളരി ചിട്ട ഇല്ലാത്ത ഈ പദങ്ങളില്‍?
‘ഭരം’, ‘മദനോഷ്ണം’ എന്നീ കാര്യങ്ങളില്‍ വികടശിരോമണി എഴുതിയ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.
The write-up gives an impression that the play was just ordinary. There can be many reasons for this, but the most important one is the 'ithrayokke mathi' attitude of our senior artists.
Regarding Nalan's attom, I feel you are comparing always with Gopiasan' nalan. Gopi asan's nalan is outstanding, but it's better if an able actor act very differently than Gopiasan and make a mark of his own. We should look for improvisation and not imitation. An able actor like Balasubramanian, rather than looking at and imitating Gopi Asaan, should give one more 'good Nalan' to kathakali like Kishnan Nair Asan, Mankulam, and Kunchu Nair Asan did. But unfortunately that's not happening.What to do, mediocrity is the order of the day!
Kalamandalam Rajasekharan' acting sometimes suggests that he has grown taller than his characters. This was a problem with many senior Kalamandalam artists and Rajasekharan may be contracting the epidemic from the institution. But this is not good for kathakali.
K.S.Mohandas
@ വികടശിരോമണി,
:-) ഹംസത്തിന് അതൊരു ഭാരമല്ല, തനിക്കത് കഴിയും എന്ന ഉത്തമബോധ്യത്തോടെയാണ് ഹംസമതു പറയുന്നത്. 'അതെന്നാല്‍ സാധ്യം' എന്ന് ഹംസം അര്‍ത്ഥം കാട്ടുമ്പോളുള്ള സൌന്ദര്യം, ‘അതെനിക്ക് ഭാരം’ എന്നു കാട്ടുമ്പോളുണ്ടോ? ഭരത്തിന് ഭാരം എന്ന അര്ത്ഥകല്പന യോജിക്കുകയില്ല. വിശ്വംഭരന് എന്നതിന് വിശ്വം ഭാരമായുള്ളവന് എന്നാണോ അര്‍ത്ഥം?
ശബ്ദതാരാവലി: ഭര = ഭരിക്കുന്ന, രക്ഷിക്കുന്ന, താങ്ങുന്ന...
മദനോഷ്ണം-ചന്ദനച്ചാറ്: ‘മദനോഷ്ണത്തിനു ചന്ദനച്ചാറ്’ എന്നു പറഞ്ഞപ്പോഴുള്ള സൌന്ദര്യം പോലും ആട്ടത്തില്‍ തോന്നിയില്ല!!! :-) (കാവ്യഭാവനയിലെ യുക്തി പരിശോധനയല്ലായിരുന്നു ആ ഭാഗത്ത് നടത്തിയത്. അരസികത തോന്നിയത് അതിന്റെ പ്രയോഗത്തിലായിരുന്നു. വാക്യം മാറ്റിയിട്ടുണ്ട്, ഇപ്പോള്‍ വ്യക്തതവന്നു കാണുമെന്നു കരുതുന്നു.) “പൂമകനും മൊഴിമാതും...” - ദമ്പതിമാരെക്കുറിച്ചാണ് ഓര്‍ക്കുന്നത്, ദമയന്തിയുടെ ഉള്ളിലെ അനുരാഗം തന്നെയാണ് ഇത് ധ്വനിപ്പിക്കുന്നത് എന്നതാണോ മറ്റൊരു പാഠം?
തോഴിമാര് അധികമാടരുതെന്ന് നിഷ്കര്‍ഷയുള്ള ദമയന്തിയാണ് രാജശേഖരന്റേത്. ‘മനോധര്‍മ്മാട്ടം’ അതിന്റെ പേറ്റെന്റപ്പോള് എനിക്കാണേ... :-P ശ്ശെ! മേഘവും ഞാന്‍ തെറ്റിച്ചുവല്ലോ!!! :-( തിരുത്തലുകള്‍ക്ക് നന്ദി.
@ മണി,വാതുക്കോടം.,
ഗോപിയാശാന്റെ അതേ രീതിയില്‍ അവതരിപ്പിക്കണമെന്ന് എവിടെയാണ് പറഞ്ഞത്? പക്ഷെ, “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” പദാരംഭത്തില്‍ ബാലസുബ്രഹ്മണ്യന് നടത്തിയത് അനുകരണം മാത്രമാണ്, എങ്കില്‍ പിന്നെ അത് വൃത്തിയായി ചെയ്തു കൂടിയോ? ഗോപിയാശാന് ചെയ്യുന്നതിന്റെ പകുതി ചെയ്താല്‍, അത് സ്വന്തമായ രീതിയാവുമോ? എങ്കില്‍ വളരെയെളുപ്പമായി! മറ്റെവിടെയും ഗോപിയാശാനുമായി താരതമ്യം നടത്തിയിട്ടില്ല, നന്നായോ എന്നു തന്നെയാണ് നോക്കിയത്! ‘ഭര’ത്തിന്റെ കാര്യത്തില്‍ എന്റെ അഭിപ്രായത്തിനു മാറ്റമില്ല. ‘മദനോഷ്ണ’ത്തിന്റെ കാര്യത്തില്‍ വരുത്തിയ മാറ്റം ശ്രദ്ധിക്കുമല്ലോ...
@ mohan,
കഥകളിയുടെ പ്രേക്ഷകര്‍ ‘ഡിമാന്‍ഡിംഗ്’ അല്ല ഇന്നത്തെ കാലത്ത്. അതാണ് ‘ഇത്രയൊക്കെ മതി’ എന്ന രീതിയാകുവാന്‍ കാരണം. Regarding Nalan's attom, I feel you are comparing always with Gopiasan' nalan. - അതൊരു ശരിയായ വായനയായി തോന്നുന്നില്ല. ഗോപിയുടെ ആട്ടവുമായി ഒരൊറ്റയിടത്താണ് റഫറന്‍സ് വരുന്നത്. മണിയോടു പറഞ്ഞതു ശ്രദ്ധിക്കുക.
കലാകാരന്മാര് കഥാപാത്രത്തെക്കാളും, ചിലപ്പോള്‍ കഥകളിയെക്കാളും വളരുന്നു!!! :-(
--
ഹരീ,
:)
എന്റെ ആസ്വാദനം ഞാന്‍ http://nishkkalankan.blogspot.com/2008/09/24-2008.html ഇവിടെയിട്ടിട്ടുണ്ടായിരുന്നു. കണ്ടുകാണുമെന്ന് വിശ്വസിയ്ക്കുന്നു.
visual presentation of 'aravindabhavathanayan', 'harimandiram'and the like are exclusively 'Gopi attom'. The earlier artists didn't show anything like this and only used mudras to convey the meaning of the padams. In this sense Balasubramanian need not go behind proprietary attoms of Gopi asan. He has to develop his own styles and perfect them. that's all.
Regarding 'athenikku bharam',we need to read both the lines together
'thvamanu raaginiyaa, mathinikku bharam
amaradhipathimapahaaya raaginam'.
this means 'thannil anurakthanaaya indrane kaikkollathe Bhaimi angayil (Nalanil) anurakthayaakum'. aa bhaaram enikkanu'. So the 'bharam' here refers to the 'difficult duty' hamsam should do to make Damayanthi fall in love with Nalan, after discarding Indra's love (it's royal offer!) .
Defenitely, if the artist show 'bharam' as a weight on his shoulder, that is too 'graamyam'. Some other mudra or technique is necessary to convey the meaning of the poetic language.
K.S. Mohandas
Hello,
Gopi asan cheyyunnathu pole cheythal mathrame Nalan akoo ennu chindikkunnathu thettanu. Gopi asan 2 stoolil mari mari irunnadunnathu pole Balasubramaniyan mariyirunnadanam ennu chinthichal kathakali stool kaliyayi marum. Vazhenkada Kunchu Nair asante Nalanum, Krishnan Nair Asante Nalanum, Mankulathinte Nalanum Kandittulla Gopi Asan ithil ninnu enthu vyathyasam cheythu Nalane avatharippichu vijayippikkam ennu chinthichu bhavana sakthiyode cheythu avatharippichu, swanthamaya style undakki. Athu pole ella kalakarnamare kondum patti ennu varilla.
Oru Kathakali Kalakaran thante kathapatrathe engine ulkondu avatharippikkunnu ennu mathram nokkukayanu aswadakante yukthi.
Anathasyanam kattunnathu Gopiyasante style. Krishnan Nair asano, Mankulamo Mudrayallathe Ananthasayanam Kattiyathayi njan orkkunnilla.
C.Ambujakshan Nair
Ilakiyattathil manodharmmam adum.
Athokondu manodharamattam ennu ezhuthiyathu thettanennu parayukavayya.
(Kathakaliyil Manodharmmam aduka ennoru chollundu. )
C.Ambujakshan Nair
@ നിഷ്കളങ്കന്,
:-)
@ mohan,
നളന്റെ കാര്യത്തില്‍ കലാമണ്ഡലം ഗോപിയാവും അങ്ങിനെ അവതരിപ്പിക്കുക. എന്നാല്‍ ആ രീതിയില്‍ വിശദമായി പദങ്ങളാടുന്നതില് മുന്‍പന്തിയിലുള്ളത് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ്. പിന്നെ, ഇവിടെ ബാലസുബ്രഹ്മണ്യന് എന്തെങ്കിലും സ്വന്തമായി കാണിച്ചു എന്നു ഞാന്‍ കരുതുന്നില്ല. ഗോപിയാശാന് കാണിക്കുന്നതൊക്കെ കാണിക്കാതിരുന്നാല്‍/പകുതി കാണിച്ചാല്‍ മതിയോ പുതിയതാകുവാന്?
@ nair,
:-) ശെഠാ! ദാ പിന്നെയും! ഗോപിയാശാന് കാണിക്കുന്നതുപോലെ കാണിക്കേണ്ടെന്നേ! അങ്ങിനെ ഞാന്‍ പറഞ്ഞിട്ടുമില്ല. പക്ഷെ, ഗോപിയാശാന് ചെയ്യുന്നത് വികൃതമായി ചെയ്താല്‍, പകുതിയാക്കി ചെയ്താല്‍ അങ്ങിനെയൊക്കെ ചെയ്യുന്നത് പുതുമയാണെന്ന് അംഗീകരിക്കുവാന്‍ കഴിയുകയില്ല. സ്റ്റുളിലിരുന്ന്, ഗോപിയാശാന്റെ അതേ ഭാവത്തോടെ എഴുന്നേറ്റ്, പകുതിവരെ നടന്ന്...- എന്തിനായിരുന്നു പിന്നെ ഇങ്ങിനെ ഒരു തുടക്കം? മറ്റൊരു രീതിയില്‍ അവതരിപ്പിച്ചുകൂടായിരുന്നോ? :-)
പിന്നെ, നല്ലത് ഗോപിയാശാന്റെയായാലും, മറ്റാരുടേതായാലും എടുത്തുപയോഗിക്കുന്നതിലും തെറ്റില്ല! അങ്ങിനെ കൂട്ടിയും, ചേര്ത്തുമൊക്കെയാണല്ലോ സ്വന്തമായൊരു ശൈലി രൂപപ്പെടുന്നതും. ഒരു കലാകാരനും കലാമണ്ഡലം ഗോപിയെ (അല്ലെങ്കില്‍ അതുപോലെ മറ്റാരെയെങ്കിലും) അനുകരിക്കേണ്ടതില്ല. സ്വന്തമായി കഥാപാത്രത്തെ മനസിലാക്കി അവതരിപ്പിക്കുക തന്നെയാണ് വേണ്ടത്; ഇതു തന്നെയാണ് എന്റെയും ഉറച്ച അഭിപ്രായം. പക്ഷെ അറ്റവും മൂലയും മാത്രം അനുകരിച്ചിട്ട്, അതാണ് ഒരു കലാകാരന്റെ സ്വന്തം ശൈലി എന്നു പറഞ്ഞാല്‍ അംഗീകരിക്കുവാനും ബുദ്ധിമുട്ടാണ്.
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--