2008, സെപ്റ്റംബർ 3, ബുധനാഴ്‌ച

തിരുനക്കരയിലെ നളചരിതം ഒന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Onnam Divasam Kathakali: Kalamandalam Gopi(Nalan), Sadanam Krishnankutty(Hamsam), Margi Vijayakumar(Damayanthi).
ആഗസ്റ്റ് 22, 2008: കഥകളി ചെണ്ട കലാകാരനായ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേ ഷഷ്ടബ്ദ്യപൂര്‍ത്തി കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തില്‍ വെച്ച് ആഘോഷിക്കുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി രാത്രിമുതല്‍ പുലരും വരെ കഥകളിയുമുണ്ടായിരുന്നു. കലാമണ്ഡലം ഗോപി നളനേയും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയേയും, സദനം കൃഷ്ണന്‍കുട്ടി ഹംസത്തേയും അവതരിപ്പിച്ച ‘നളചരിതം ഒന്നാം ദിവസ’ത്തിലെ ഉത്തരഭാഗമായിരുന്നു ആദ്യ കഥ. കഥാവതരണത്തിനു മുന്‍പായി പകുതിപ്പുറപ്പാടും അരങ്ങേറി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ‘കിര്‍മ്മീരവധം’ കഥകളിക്കുമുന്‍പുള്ള പുറപ്പാട് പദമാണ് ഇവിടെ അവതരിപ്പിച്ചത്.

Pakuthippurappadu (Pakuthi Purappadu: Kalakendram Hareesh, Kalamandalam Rajeevan, Kalamandalam Prashanth, Kalamandalam Arun.
സാധാരണ പുറപ്പാടിന് നാലുനോക്കാണ് നിശ്ചയിച്ചിട്ടുള്ളതെങ്കില്‍, പകുതിപ്പുറപ്പാടിന്‌ രണ്ടു നോക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ‘ഭൂഭാരം തീര്‍പ്പതിനു ഭൂമിയില്‍ വന്നു അവതരിച്ചു...’ എന്നു തുടങ്ങുന്നതും; നാലുകൃഷ്ണമുടി വേഷങ്ങള്‍ രംഗത്തെത്തുന്നതുമായ പുറപ്പാടാണ് ‘കിര്‍മ്മീരവധ’ത്തിലേത്. സാധാരണ അവതരിപ്പിച്ചു വരുന്ന പുറപ്പാടിനെ അപേക്ഷിച്ച് അവതരണശൈലികൊണ്ടും, നൃത്തവൈവിധ്യം കൊണ്ടും ഒരു പ്രത്യേകഭംഗിതന്നെ ഈ പുറപ്പാടിനുണ്ട്. കലാകേന്ദ്രം ഹരീഷ്, കലാമണ്ഡലം രാജീവന്‍, കലാമണ്ഡലം അരുണ്‍, കലാമണ്ഡലം പ്രശാന്ത് എന്നിവരാണ് ഇവിടെ പുറപ്പാടവതരിപ്പിച്ചത്. വേഷക്കാര്‍ ഒരേ നിരയില്‍ നിന്നു മാത്രം കളിക്കാതെ, ചില ഫോര്‍മ്മേഷനുകളൊക്കെ ഇടയ്ക്ക് കൊണ്ടുവരികയുണ്ടായി. എന്നാല്‍ അവതരിപ്പിച്ചു വന്നപ്പോള്‍ പലരും പല വഴിക്കായത്, അവയുടെ ഭംഗികുറച്ചു. ഈ അപാകത ഒഴിച്ചു നിര്‍ത്തിയാല്‍, ഇവിടുത്തെ പകുതിപ്പുറപ്പാട് വളരെ ആസ്വാദ്യകരമായിരുന്നു.

കോട്ടക്കല്‍ മധു, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു പുറപ്പാടിനു പാടിയത്. പകുതിപ്പുറപ്പാട് പദം അധികം വ്യതിയാനങ്ങളില്ലാതെ പാടിയെങ്കിലും; ‘മഞ്ജുതര’ മുതല്‍ക്ക് കോട്ടക്കല്‍ മധു പുതുമയ്ക്കായി വല്ലാതെ ക്ലേശിക്കുന്നതായി തോന്നി. ചിട്ടപ്രകാരം, കഥകളി രീതിയില്‍ നിന്നും അത്രയധികം വ്യതിചലിക്കാതെ ഇടയ്ക്കിടെ മധുവിന്റേതായ സംഗീത പ്രയോഗങ്ങള്‍ ചേര്‍ക്കുന്നതാവും കൂടുതല്‍ ഭംഗിയെന്നു തോന്നുന്നു. പുതുമയ്ക്കായി നിര്‍ബന്ധബുദ്ധിയോടെ മാറ്റം കൊണ്ടുവരുമ്പോള്‍, മാറ്റങ്ങളുടെ ഔചിത്യത്തിനു കോട്ടം വരുന്നു. ധര്‍മ്മവതി രാഗത്തില്‍ ആലപിച്ച ‘നവഭവകുസുമ...’ എന്ന ചരണം വളരെ ആസ്വാദ്യകരമായെങ്കിലും; ‘പ്രവിശരാധേ...’ എന്ന ഭാഗത്ത് ‘രാധേ...’ എന്നു നീട്ടാതെ, ‘പ്രവിശരാധേ, രാധേ, രാധേ...’ എന്നുള്ള വിളികളാക്കി പാടിയത് ആ ചരണത്തിന്റെ മുഴുവന്‍ രസവും കളഞ്ഞു. കഥ അവതരിപ്പിക്കുമ്പോള്‍, ഈ രീതി ചിലയിടത്തൊക്കെ ഉപയോഗിക്കുവാറുണ്ടെങ്കിലും; പുറപ്പാടില്‍ ഇതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ‘കുസുമചയരചിതശുചി...’ എന്ന ഭാഗം ബിഹാഗിലാണ് ആലപിച്ചത്. ഈ ഭാഗവും നന്നായിരുന്നു. ‘ചലമാലയമൃദുപവന...’ രാഗമാലികയായി അവതരിപ്പിക്കുമ്പോള്‍, നേരേ പാടാതെ ‘ചലമാലയ, ചലമാലയമൃദുപവന...’ എന്ന എടുപ്പോടെ പാടിയതും നന്നേ രസിച്ചു. കലാമണ്ഡലം വിനോദ്, വളരെ നല്ല രീതിയില്‍ മധുവിനെ പിന്തുണക്കുകയും ചെയ്തതോടെ മേളപ്പദത്തിലെ പദഭാഗം, ചില കല്ലുകടികള്‍ ഇടയ്ക്കൊക്കെ അനുഭവപ്പെട്ടുവെങ്കിലും, വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു.

60th B'Day Celebrations: Kurur Vasudevan Nampoothiri.
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, സദനം രാമകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും; കോട്ടക്കല്‍ രവി, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളത്തിലും മികവളന്ന മേളപ്പദത്തിലെ മേളഭാഗവും മികച്ചു നിന്നു. പുറപ്പാട് മേളം നന്നാക്കണമെന്ന വാശിയില്‍ തന്നെയായിരുന്നു കുറൂരെന്നു തോന്നുന്നു. ഒരുപക്ഷെ, ഇത്രയും ഭംഗിയായി അടുത്തെങ്ങും അദ്ദേഹം കൊട്ടിയിട്ടുണ്ടാവില്ല. കോട്ടക്കല്‍ രവി, കലാമണ്ഡലം ശശി എന്നിവരൊരുക്കിയ മദ്ദളത്തിലെ മേള വൈവിധ്യങ്ങള്‍ അസ്വാദകര്‍ക്ക് ശരിക്കുമൊരു വിരുന്നു തന്നെയായിരുന്നു. കൂട്ടത്തില്‍, സദനം രാമകൃഷ്ണന്റെ ചെണ്ട മാത്രമാണ് നിറം മങ്ങിപ്പോയത്.

ദമയന്തിയെക്കണ്ട്, നളന്റെ വിവരങ്ങള്‍ ധരിപ്പിച്ച്, ദമയന്തിയുടെ മനമറിഞ്ഞ് ഹംസം നളന്റെ സമീപത്തേക്ക് മടങ്ങിയെത്തുന്നതു മുതല്‍ക്കുള്ള ഒന്നാം ദിവസത്തിലെ രംഗങ്ങളാണ് ഇവിടെ അവതരിക്കപ്പെട്ടത്. ദമയന്തിയെ കണ്ടതും, വൃത്താന്തമറിയിച്ചതുമെല്ലാം ഹംസം വിശദമായി നളനെ അറിയിക്കുന്നു. ദമയന്തി തോഴിമാരുമൊത്ത് കളിചിരിയോടെ ഉദ്യാനത്തിലേക്ക് വന്നുവെന്ന് ഹംസം പറഞ്ഞപ്പോള്‍, നളന്‍ ചോദിക്കുന്നു; “നീയതു കണ്ടുവോ? പുണ്യം തന്നെ!” എന്ന്. ദമയന്തിക്ക് തന്നിലും പ്രണയമുണ്ടെന്നത് അത്രയ്ക്ക് ബോധ്യം വരാത്ത നളനെ, ‘വായാപി പറയിച്ചൊന്നിളക്കിവെച്ചുറപ്പി’ച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നതെന്നും; അതിനാല്‍ ഇനി ഇന്ദ്രന്‍ തന്നെ വന്നാലും, അവള്‍ നളനെയല്ലാതെ മറ്റൊരുവനെ വരിക്കുകയില്ലെന്ന് ധൈര്യപ്പെടുത്തുകയും ചെയ്യുന്നു, ഹംസം. തുടര്‍ന്ന്, ഇനി എന്തെങ്കിലും ആവശ്യം വരുകയാണെങ്കില്‍ തന്നെ സ്മരിച്ചാല്‍ മതിയെന്നുപറഞ്ഞ് ഹംസം പറന്നു മറയുന്നു. എല്ലാം തലവര പോലെ വരട്ടെ, രാജകൊട്ടാരത്തിലേക്ക് മടങ്ങുക തന്നെ എന്നുറച്ച്, ഭൃത്യനെ വിളിച്ച് തേരു കൊണ്ടുവരുവിച്ച്, തേരില്‍ കയറി കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Gopi(Nalan), Sadanam Krishnankutty(Hamsam).
കലാമണ്ഡലം ഗോപിയുടെ നളന്‍ ഈ ഭാഗത്ത് വേണ്ടും വണ്ണം ശോഭിച്ചുവോ എന്ന് സംശയമാണ്. പൂര്‍വ്വഭാഗത്തില്‍ മന്ത്രിമാരെ രാജ്യഭാരം ഏല്‍പ്പിച്ച്; നളന്‍ ഉദ്യാനത്തിലേക്ക് തേരില്‍ കയറി തിരിച്ചുവെന്ന് ആരും ആടിക്കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ തിരിച്ചു വരുവാന്‍ തേര് ആവശ്യമുണ്ടോ? ഒടുവില്‍ ഹംസം വിടവാങ്ങുന്ന ഭാഗം, നേരത്തേ ദമയന്തിയുടെ അടുത്തേക്ക് ഹംസത്തെ അയയ്ക്കുന്ന നളന്റെ അതേ രീതിയിലാണ് അവതരിപ്പിച്ചത്. ഒരു വശത്തുനിന്നും നോക്കി, മറുവശത്തെത്തി, സ്വര്‍ണ്ണരേഖപോലെ മറഞ്ഞുവെന്ന ആട്ടം ഇവിടെ എത്രത്തോളം ഉചിതമാണ്? നളന്റെ ഉദ്യാനമാണ് ഹംസത്തിന്റെ വാസസ്ഥലം, അതിനാല്‍ കുണ്ഡിനത്തിലേക്ക് പോയതുപോലെ ഉയര്‍ന്നു പറക്കേണ്ട കാര്യം ഹംസത്തിനില്ലല്ലോ! നടന്നു നടന്ന്, മറ്റ് ഹംസങ്ങളുടെ ഇടയില്‍ ലയിച്ചു എന്നോ മറ്റോ ആടുന്നതാവും ഇവിടെ ഉചിതമെന്നു തോന്നുന്നു. തിരുത്ത് - ‘ഖഗപതി പറന്നംബരേ പോയ്മറഞ്ഞാന്‍’ എന്നായതിനാല്‍ ഈ ആട്ടം ഇവിടെ ഉചിതമല്ല. മറ്റൊരു രീതിയില്‍ ഹംസം പറന്നുമറയുന്നത് അവതരിപ്പിക്കാവുന്നതാണ്; വശത്തു നിന്നും വശത്തോട്ടല്ലാതെ, നേരേ പറന്നു പോവുന്നതായോ മറ്റോ ആടാം. മാത്രവുമല്ല, ഹംസത്തിന്റെ ദമയന്തിയുടെ അടുത്തേക്കുള്ള യാത്ര ഉത്കണ്ഠയോടെ നോക്കി നില്‍ക്കുന്ന നളനല്ലല്ലോ, ദമയന്തിയുടെ വിവരങ്ങള്‍ ഹംസത്തില്‍ നിന്നും ധരിച്ചതിനു ശേഷമുള്ള നളന്‍. അതിനാല്‍ തന്നെ വ്യത്യസ്തമായൊരു രീതിയില്‍ ഹംസത്തിന്റെ വിടവാങ്ങല്‍ അവതരിപ്പിക്കുന്നതാവും ഉചിതം.

സദനം കൃഷ്ണന്‍കുട്ടി ഹംസത്തിന്റെ വേഷം ഉടുത്തുകെട്ടുകയല്ല, വാരിച്ചുറ്റുകയായിരുന്നെന്നു വേണം പറയുവാന്‍. ഒരു പ്രധാന നടന്‍, ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുവാന്‍, ഇപ്രകാരം രംഗത്തെത്തിയത് തികഞ്ഞ അലംഭാവം തന്നെയാണ്. വേഷം ഇങ്ങിനെയൊക്കെ ആയിരുന്നുവെങ്കിലും, അന്നേ ദിവസത്തെ അദ്ദേഹത്തിന്റെ ആട്ടം മോശമായില്ല. സദനത്തിന്റെ ഇളകിയുള്ള ശൈലി ഹംസത്തിനു നന്നേ യോജിക്കുമെന്നതിനാല്‍, പ്രത്യേകിച്ചൊരു ഭംഗിയുമുണ്ടായിരുന്നു. ഗോപിക്ക് ഹംസവുമായി മനോധര്‍മ്മമാടി നില്‍ക്കുവാന്‍ നേരമില്ലാത്തതുകൊണ്ടാവാം, കാര്യമായ അവസരങ്ങളൊന്നും കൃഷ്ണന്‍കുട്ടിക്ക് നല്‍കുകയുണ്ടായില്ല. അതിനാല്‍ തന്നെ, ഇത്രയും പ്രഗത്ഭനായ ഒരു നടന്‍ ഹംസവേഷം കെട്ടിയെത്തിയിട്ടും, പുതുമയുള്ളതൊന്നും ഈ രംഗങ്ങളില്‍ ഉണ്ടായില്ല.

Nalacharitham Onnam Divasam Kathakali: Kalamandalam Gopi(Nalan).
രാജധാനിയിലെത്തിയ നളനോട് ഒരു ദൂതന്‍ മുഖം കാണിക്കുവാനെത്തിയിരിക്കുന്നുവെന്ന് സേവകന്‍ അറിയിക്കുന്നു. എവിടെനിന്നാണ് എന്നു ചോദ്യത്തിന് ഭീമരാജാവിന്റെ പക്കല്‍ നിന്നാണെന്ന് കേട്ട്, പെട്ടെന്നു കൂട്ടിക്കൊണ്ടുവരുവാന്‍ നിര്‍ദ്ദേശിക്കുന്നു. ദൂതനില്‍ നിന്നും ദമയന്തിയുടെ സ്വയം‍വരവൃത്താന്തം അറിഞ്ഞ്, തന്റെ ആഗ്രഹം സഫലമാകുവാന്‍ ഇനി അധികം കാലതാമസമില്ലെന്ന് സന്തോഷിച്ച്, സൈനത്തോടൊപ്പം കുണ്ഡിനത്തിലേക്ക് തിരിക്കുന്നു. തേരു നോക്കിക്കാണുന്നതും, ആയുധങ്ങള്‍ സജ്ജീകരിക്കുന്നതുമെല്ലാം ചെറുതായി ഇവിടെ ആടുകയുണ്ടായി. ദമയന്തിയുടെ സ്വയം‍വരത്തില്‍ പങ്കെടുക്കുവാനെത്തുന്ന ദേവന്മാര്‍, മാര്‍ഗമദ്ധ്യേ നളനെ കാണുന്നതു മുതലായ തുടര്‍ന്നുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Pakuthippurappadu(Pakuthi Purappad), Melappadam and Nalacharitham Onnam Divasam Kathakali staged as part of Kurur Vasudevan Nampoothiri's 60th B'Day Celebrations; at Thirunakkara MahadevaKshethram. Kottackal Madhu, Kalamandalam Vinod rendered Purappadu and Melappadam. Kurur Vasudevan Nampoothiri and Sadanam Ramakrishnan handled Chenda; Kottackal Ravi and Kalamandalam Sasi performed on Maddalam. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Sadanam Krishnankutty as Hamsam. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കുറൂർ വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി, തിരുനക്കര മഹാദേവക്ഷേത്രസന്നിധിയിൽ അവതരിക്കപ്പെട്ട ‘നളചരിതം ഒന്നാം ദിവസം’ കഥകളിയുടെ ആസ്വാദനം.

മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ, എഴുത്ത് നന്നായിട്ടുണ്ട്.
*കലാമണ്ഡലത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ‘പകുതിപുറപ്പാട്’ ഏതുകഥക്കും ചെയ്യാവുന്നരീതിയിലുള്ളതാണ്.
അല്ലാതെ ഇത് കിര്‍മ്മീരവധത്തിന്റെ പുറപ്പാട് അല്ല.

*ആരാധകരുടെ അമിതമായ സപോര്‍ട്ട് കിട്ടുന്നതിനാല്‍ മധു ‘പുതുമക്കായുള്ള ക്ലേശം’ ഇനിയും തുടരും.
‘നവീനമേളപ്പദങ്ങള്‍’ ഇനിയും ഉണ്ടാകും. പുതു രാഗങ്ങള്‍ പാടാതെതന്നെ കഴിവുതെളിയിക്കാന്‍ മാര്‍ഗ്ഗമുണ്ടല്ലൊ.ഇനി അധവാ പാറ്റിയാല്‍ തന്നെ അതിനു കഥകളിത്തം തോന്നണം.
എത്ര രാഗങ്ങള്‍ പാടി എന്നതിനേക്കാള്‍ പാടിയ രാഗങ്ങള്‍ എത്ര നന്നായി അവതരിപ്പിച്ചു എന്നതല്ലെ കഴിവിന്റെ
തെളിവ്.

*‘നടന്ന്, മറ്റ് ഹംസങ്ങളുടെ ഇടയിൽ ലയിച്ചു‘ എന്ന് ആടാനാകുമൊ? ‘പറന്നമ്പരേ.....’ എന്നല്ലെ കവിവാക്യം.

SunilKumar Elamkulam Muthukurussi പറഞ്ഞു...

Haree,

He is father of Manoj Kuroor (Poet,blogger), correct?

Regards,
-S-

Haree പറഞ്ഞു...

@ മണി,വാതുക്കോടം.,
:-) ‘കിർമ്മീരവധം’ ആടുമ്പോൾ മാത്രമേ ഈ പുറപ്പാട് പാടുള്ളൂ എന്നു ഞാൻ പറഞ്ഞില്ലല്ലോ! ‘കിർമ്മീരവധം’ കഥകളിയ്ക്കായി എഴുതപ്പെട്ടതാണ് എന്നല്ലേ പറഞ്ഞുള്ളൂ. > മേളപ്പദത്തിനു പാടുന്നതിൽ മാറ്റങ്ങൾ കൊണ്ടുവന്നു കൊള്ളട്ടേ, പക്ഷെ മാറ്റങ്ങൾ മാത്രമാവാതിരുന്നാൽ മതി. രാഗങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, രാഗഭാവം കൊണ്ടുവരുന്നതിലും മധു മുൻപിൽ തന്നെയാണുള്ളത്.
> നളൻ അത് ദമയന്തിയുടെ സമീപത്തേക്ക് ദൂതിനായി ഹംസത്തെ അയയ്ക്കുന്ന അതേ രീതിയിൽ അവതരിപ്പിക്കുന്നത് ഭംഗിയല്ല, എന്നതാണ് അതിലെ പോയിന്റ്. അതിങ്ങിനെയും ആവാം എന്ന് സൂചിപ്പിച്ചുവെന്നു മാത്രം, അപ്പോൾ പദം ഓർമ്മയിൽ വന്നില്ല! :-)

@ -സു-|sunil,
:-) അതെയല്ലോ...
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--