2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

തിരുനക്കരയിലെ നളചരിതം ഒന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Onnam Divasam Kathakali staged as part of Kurur Vasudevan Nampoothiri's 60th B'Day Celebrations: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Rajeevan as Indran. Kalanilayam Unnikrishnan, Kottackal Madhu, Pathiyoor Sankaran Kutty, Kalamandalam Vinod rendered music. Kalamandalam Unnikrishnan on Chenda; Kottackal Ravi on Maddalam.
ആഗസ്റ്റ് 22, 2008: കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഷഷ്ടബ്ദ്യപൂര്‍ത്തിയുടെ ഭാഗമായി തിരുനക്കരയില്‍ അരങ്ങേറിയ നളചരിതം ഒന്നാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ഒന്നാം ഭാഗം ഇവിടെ കണ്ടുവല്ലോ. ദമയന്തിയുടെ സ്വയംവരത്തിനായി സൈന്യസമേതം നളന്‍ പുറപ്പെടുന്നതുവരെയുള്ള ഭാഗങ്ങളാണ് ഒന്നാം ഭാഗത്തില്‍ പറഞ്ഞുവെച്ചത്. ഇതേ അവസരത്തില്‍ ദേവന്മാരായ ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ എന്നിവരും ദമയന്തിയുടെ സ്വയംവരത്തിനായി തിരിക്കുന്നു. മാര്‍ഗമദ്ധ്യേ നളനെക്കണ്ട്, ‘മിളിതം പദയുഗളേ നിഗളതയാ മാര്‍ഗ്ഗിതയാ ലതയാ...’ അഥവാ ‘തേടിയ വള്ളി കാലില്‍ ചുറ്റി’ എന്നാണ് ഇന്ദ്രന്റെ പദം. യഥാവിധി ആദരിച്ചു വന്ദിക്കുന്ന നളനോട്; ഞങ്ങള്‍ക്കൊരു ആഗ്രഹമുണ്ട്, അതു സാധിപ്പിച്ചു തരണമെന്നപേക്ഷിക്കുവാനായാണ് തങ്ങളെത്തിയിരിക്കുന്നത് എന്നറിയിക്കുന്നു. എന്നെ പരീക്ഷിക്കുകയാണോ, അങ്ങയുടെ നിര്‍ദ്ദേശത്തിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് നളന്‍ വാക്കു നല്‍കുന്നു.

പാല്‍‌പൊഴിയും മൊഴി ദമയന്തിയെക്കുറിച്ച് കേള്‍ക്കുവാന്‍ ദിനരാത്രങ്ങള്‍ മതിയാവുന്നില്ല, അവളില്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഞങ്ങളിലൊരാളെ അവള്‍ക്ക് പതിയായി ലഭിക്കുവാന്‍ നീ യത്നിക്കേണം എന്നാണ് ഇന്ദ്രന്റെ ആവശ്യം. എന്നാല്‍ ഭൈമീകാമുകനായ താന്‍ ഈ ദൌത്യത്തിനു പറ്റിയതല്ലെന്നു പറയുന്ന നളനെ; നിര്‍ദ്ദേശം അനുസരിക്കാം എന്നു പറഞ്ഞിട്ട്, അപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് അധര്‍മ്മമാവും എന്ന് യമന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത്രയും തിരക്കിനിടയിലൂടെ കടന്ന്, ദമയന്തിയുടെ അന്തഃപുരത്തിലെത്തി ഈ കാര്യം ഉണര്‍ത്തിക്കുവാന്‍ തനിക്ക് കഴിവില്ല എന്നാണ് നളന്റെ അടുത്ത ന്യായം. അതിനു പോംവഴിയായി, ആരും കാണാതെ അവിടെ പോയി വരുവാന്‍ തിരസ്കരണി നല്‍കുന്നതാണ് എന്ന് ഇന്ദ്രന്‍ മറുപടി നല്‍കുന്നു. ഗത്യന്തരമില്ലാതെ നളന്‍ ദൌത്യം ഏറ്റെടുക്കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Rajeevan as Indran, Kalamandalam Gopi as Nalan.
അല്പം വേഗതയിലാണ് ഇത്രയും ഭാഗം അവതരിപ്പിച്ചത്. കലാമണ്ഡലം രാജീവന്‍, ആര്‍.എല്‍.വി. സുനില്‍, കലാമണ്ഡലം ഗോപന്‍, തിരുവഞ്ചൂര്‍ സുഭാഷ് എന്നിവരാണ് യഥാക്രമം ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ എന്നിവരെ അവതരിപ്പിച്ചത്. ഗോപിയാശാന്റെ മുന്നിലാടുന്നു എന്ന പകപ്പൊന്നുമില്ലാതെ, കഥാപാത്രത്തിനു ചേരുന്ന ഗൌരവത്തില്‍ തന്നെ രാജീവന്‍ ഇന്ദ്രനെ അവതരിപ്പിച്ചു. മറ്റുള്ളവര്‍ അത്രത്തോളം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയില്ല. തിരസ്കരണി നളന് ഉപദേശിക്കുന്നതായുള്ള ആട്ടം ഉണ്ടായില്ല എന്നത് ഈ ഭാഗത്തെ ഗൌരവതരമായ ഒരു വീഴ്ചയായി.

സേനയെ നിര്‍ത്തിയ ശേഷം നളന്‍, ദമയന്തിയുടെ മന്ദിരം ലക്ഷ്യമാക്കി തിരിക്കുന്നു. നിരത്തിലൂടെ നടക്കുമ്പോള്‍ ആരും നളനെ കാണുന്നില്ല, സ്പര്‍ശിച്ചിട്ടുപോലും അറിയുന്നില്ല. ഈ രീതിയില്‍ അദൃശ്യനായി ദമയന്തിയുടെ അന്തഃപുരത്തിലെത്തുന്നു. തന്റെ അന്തഃപുരത്തില്‍ പ്രത്യക്ഷനാവുന്ന പുരുഷന്, തന്റെ മനസിലുള്ള നളന്റെ രൂപസാദൃശ്യമുണ്ടെങ്കിലും; ഈ രീതിയില്‍ മറഞ്ഞ് സഞ്ചരിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിവില്ലാത്തതിനാല്‍ അമാനുഷനെന്ന് ദമയന്തി ഉറപ്പിക്കുന്നു. ആരാണെന്ന് ചോദിക്കുന്ന ദമയന്തിയോട്; താന്‍ ഒരു ദേവദൂതനാണെന്നും, ഇന്ദ്രന്റെ സന്ദേശവുമായെത്തിയതാണെന്നും അറിയിക്കുന്നു. എന്നാല്‍ ദമയന്തിക്ക് ദൂതനെക്കുറിച്ച് കൂടുതലറിയുവാനായിരുന്നു താത്പര്യം; ദൂതന്റെ നാമം, കുലം എന്നിവയൊക്കെ വിശദമായി ദമയന്തി അന്വേഷിക്കുന്നു. ഇന്ദ്രന്റെ സന്ദേശവുമായെത്തിയ ദൂതനെണെന്നു പറയുമ്പോള്‍, സന്ദേശമെന്തെന്ന് ചോദിക്കാതെ ദൂതന്റെ കാര്യമന്വേഷിക്കുന്നത് ഉചിതമല്ലെന്ന് അല്പം കോപത്തോടെ തന്നെ നളന്‍ ദമയന്തിയോട് പറയുന്നു.

Nalacharitham Onnam Divasam Kathakali: Margi Vijayakumar as Damayanthi.
മാര്‍ഗി വിജയകുമാറാണ് ദമയന്തിയായി വേഷമിട്ടത്. തുടക്കത്തിലെ അദ്ദേഹത്തിന്റെ ഭാവം ഉചിതമായി തോന്നിയില്ല(ചിത്രം ശ്രദ്ധിക്കുക). ആരോടോ ദേഷ്യപ്പെട്ടിരിക്കുന്നതുപോലെയുണ്ട്. നളനെക്കുറിച്ചോര്‍ത്ത്, നളനോട് ചേരുവാന്‍ ഇനി അധികസമയമില്ല എന്നു സന്തോഷിച്ചിരിക്കുകയല്ലേ വേണ്ടത്? ഒരേ സമയം ഭൈമീകാമുകനും, ഇന്ദ്രദൂതനുമായ നളന്റെ മാനസികവ്യഥ ഗോപി നന്നായി തന്നെ അവതരിപ്പിച്ചുവെങ്കിലും, നളന് കാര്യമായ പ്രാധാന്യമില്ലാത്ത ഭാഗമായതിനാലാവാം, ഗോപിക്കും വേണ്ടത്ര ശോഭിക്കുവാന്‍ കഴിഞ്ഞില്ല!

ദമയന്തിയോടുള്ള പ്രണയത്താല്‍ ദേവസ്ത്രീകളെ ഇന്ദ്രന്‍ വെടിഞ്ഞു, സ്വാഹാദേവിയില്‍ അഗ്നി പ്രീതനല്ല, ബഡവാഗ്നിയേക്കാള്‍ തീഷ്ണമായ താപത്താല്‍ വരുണനും വിഷമിക്കുന്നു, കാമബാണങ്ങളേറ്റ് യമനും മൃതപ്രായനായി.  ഇങ്ങിനെ പറയുന്ന നളനോട് ഒരു രാജഭാര്യയാകുവാനാണ് തനിക്കാഗ്രഹമെന്ന് ദമയന്തി അറിയിക്കുന്നു. നളന് സന്തോഷം തോന്നുന്നെങ്കിലും, തന്റെ ദൌത്യം മറക്കാതെ; എപ്പോഴും അമൃതം ഭുജിക്കാമെന്നും, കളിച്ചും ചിരിച്ചും എന്നും കഴിയാമെന്നും, ശ്രേയസ്സുകള്‍ അനവധി അനുഭവിക്കാമെന്നും, ആയുസ്സിനും അന്തമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞ് ദമയന്തിയുടെ മനസിളക്കുവാന്‍ ശ്രമിക്കുന്നു. നീ ഇതല്ലാതെ നല്ലതായി മറ്റെന്തെങ്കിലും പറയുക, അത് എനിക്ക് സന്തോഷം നല്‍കും എന്നാണ് ദമയന്തിയുടെ മറുപടി.

Nalacharitham Onnam Divasam Kathakali: Margi Vijayakumar as Damayanthi, Kalamandalam Gopi as Nalan.
വന്ദിക്കേണ്ടവരെ ഉപേക്ഷിക്കരുത്, മന്ദിരത്തില്‍ ദൂതനെവിട്ട് യാചിപ്പിച്ചതിനാലാണോ അവരോട് നിനക്ക് പുച്ഛം? ദേവന്മാരെ നിന്ദചെയ്ത നിനക്കാരാണ് ബന്ധുവാകുക? ദൂതനായ വന്ന എന്നിലുള്ള അപ്രീതിയാണ് നിനക്ക് ദേവന്മാരോട് ഉപേക്ഷ തോന്നുവാന്‍ കാരണം. ഇന്ദ്രാദികളോട് ഞാനിത് ഉണര്‍ത്തിക്കുമ്പോള്‍ അവര്‍ മറ്റാരെയെങ്കിലും ദൂതനായി നിയോഗിക്കും, അവര്‍ ഒടുവില്‍ നീയുമായി പോവുകയും ചെയ്യും. എന്നൊക്കെയായി നളന്റെ അടുത്ത വാദങ്ങള്‍. താനൊരു രാജകന്യയാണെന്നും, ദേവന്മാര്‍ ചതി തുടരുകയാണെങ്കില്‍ താന്‍ ജീവന്‍ വെടിയുമെന്നും ദമയന്തി അറിയിക്കുന്നു. മാത്രവുമല്ല, തന്റെ മനസിലുള്ള പതിയുടെ ഛായ നിനക്കുള്ളതുകൊണ്ടാണ് ഇത്രയും സംസാരിച്ചത്, അല്ലെങ്കില്‍ അതുമില്ല എന്നു പറഞ്ഞ് നളനെ തിരിച്ചയയ്ക്കുന്നു. ഉള്ളാലെ സന്തോഷിച്ച് നളന്‍ തിരികെ വന്ന് ദേവന്മാരെ ഈ വിവരങ്ങളെല്ലാം ധരിപ്പിക്കുന്നു.

നളന്റെ പ്രവര്‍ത്തിയില്‍ സം‌പ്രീതരായി, ദേവന്മാര്‍ നളനോടും സ്വയംവരത്തില്‍ പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. തങ്ങളില്‍ അഞ്ചുപേരില്‍ ഒരുവനെയല്ലാതെ മറ്റൊരുവനെ അവള്‍ വരിക്കുകയാണെങ്കില്‍, അവനും അവള്‍ക്കും അനര്‍ത്ഥം ഭവിക്കും എന്നും ഇന്ദ്രന്‍ പറയുന്നു. ദേവന്മാര്‍ മറയുന്നു, നളന്‍ സൈന്യത്തോടൊപ്പം ഭീമരാജധാനിയിലേക്ക് യാത്ര തുടരുന്നു. സ്വയംവരമാണ് തുടര്‍ന്ന്. സരസ്വതി ഓരോരുത്തരെയായി ദമയന്തിക്ക് പരിചയപ്പെടുത്തുന്നു. അഞ്ച് നളന്മാരെ കണ്ട് വിഷമിക്കുന്ന ദമയന്തി, നളനോടുള്ള തന്റെ സ്നേഹം സത്യമാണെങ്കില്‍ തനിക്ക് ശരിയായ നളനെ കാട്ടിത്തരണമെന്ന് ദേവന്മാരോട് അപേക്ഷിക്കുന്നു. ‘ഇത്തൊഴില്‍ വെടിഞ്ഞെന്നുടെ, അത്തലൊഴിച്ചരുളേണം...’ എന്നു പ്രാര്‍ത്ഥിക്കുന്ന ദമയന്തിക്ക്, ദേവന്മാര്‍ തങ്ങളുടെ ചിഹ്നങ്ങള്‍ ദൃശ്യമാക്കുന്നു. ശരിയായ നളനെ തിരിച്ചറിഞ്ഞ് ദമയന്തി വരിക്കുന്നു.

Nalacharitham Onnam Divasam Kathakali: Margi Vijayakumar as Damayanthi, Kalakendram Muraleedharan Nampoothiri as Saraswathi.
സം‌പ്രീതരായ ദേവന്മാര്‍ നളദമയന്തിമാരെ അനുഗ്രഹിക്കുന്നു. ഒരുകാലത്തും ക്ഷയമുണ്ടാവില്ലെന്നും, ശിവസായൂജ്യം ലഭിക്കുമെന്നും ഇന്ദ്രന്‍; അഗ്നി എപ്പോഴും നിനക്ക് അധീശനായിരിക്കുമെന്നും, നളന്‍ വെച്ചുണ്ടാക്കുന്നവ അമൃതിനൊക്കുമെന്ന് അഗ്നി; ആപത്തിലും നിന്റെ ബുദ്ധി അധര്‍മ്മത്തിലേക്ക് തിരിയുകയില്ലെന്നും, ആയുധവിദ്യകളെല്ലാം നിനക്ക് വശപ്പെട്ടിരിക്കുമെന്നും യമന്‍; വാടിയ പുഷ്പങ്ങള്‍ പോലും നീ തൊട്ടാല്‍ വീണ്ടും തളിര്‍ക്കുമെന്നും, മരുഭൂമിയിലും നിനക്ക് ജലം ലഭിക്കുമെന്നും വരുണന്‍; പ്രാസവൃത്താലങ്കാര ഭംഗികളോടെയുള്ള കാവ്യങ്ങള്‍ രചിക്കുവാന്‍ നിനക്കും, നിന്റെ ദയിതയ്ക്കും പിന്നെ നിന്നെ നിനയ്ക്കുന്നവര്‍ക്കും കഴിയുമെന്ന് സരസ്വതി, എന്നിങ്ങനെ എല്ലാവരും വരങ്ങള്‍ നല്‍കുന്നു.

Nalacharitham Onnam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi.
കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയാണ് സരസ്വതിയായി അരങ്ങിലെത്തിയത്. സരസ്വതിക്ക് നിശ്ചയിച്ചിട്ടുള്ള ‘സരസ്വതിമുടി’ കിരീടമായിരുന്നില്ല മുരളീധരന്‍ ധരിച്ചിരുന്നത്. ദേവന്മാര്‍ സ്വചിഹ്നങ്ങള്‍ ദൃശ്യമാക്കുന്ന ഭാഗത്ത്, എല്ലാവരും എഴുന്നേറ്റു നിന്നതല്ലാതെ, ഇരിപ്പിടത്തിനു മുകളില്‍ കയറി നില്‍ക്കുകയുണ്ടായില്ല. ദമയന്തിയുടെ ‘ഹേ! മഹാനുഭാവ!’ എന്ന പദമൊഴികെയുള്ളവയൊന്നും ഉത്തരഭാഗത്ത് അത്ര ആകര്‍ഷകമെന്നു കരുതുവാനില്ല. കലാനിലയം ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ മധു എന്നിവരാണ് സ്വയംവരെയുള്ള ഭാഗം ആലപിച്ചത്. അധികം അരങ്ങില്‍ നടപ്പില്ലാത്ത ഭാഗമായതിനാല്‍, വരികള്‍ പലപ്പോഴും മാറിപ്പോവുകയുണ്ടായി എന്നതൊഴിച്ചാല്‍, ഇരുവരുടേയും സംഗീതം തരക്കേടില്ലായിരുന്നു. സ്വയംവരം മുതല്‍ക്ക് പാടിയത് പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. പ്രായാധിക്യം മൂലം കലാശങ്ങള്‍ വേണ്ടപോലെ എടുക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രമിക്കാറില്ല. എന്നാല്‍ ഈ കുറവ് ഒരു പരിധിവരെ നികത്തുവാന്‍ ഉണ്ണികൃഷ്ണന്റെ ചെണ്ടയ്ക്ക് കഴിയുന്നുണ്ട്. കോട്ടയ്ക്കല്‍ രവിയുടെ മദ്ദളവും മോശമായില്ല. ശ്രീവല്ലഭ കഥകളി ക്ലബ്ബിന്റെ വേഷങ്ങളുടെ നിലവാരമില്ലായ്മയെക്കുറിച്ച് ഇതിനുമുന്‍പും ഇവിടെ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവിടെയും വേഷങ്ങളുടെ അഭംഗി പ്രകടമായിരുന്നു. ഷഷ്ടിപൂര്‍ത്തിയോട് അനുബന്ധിച്ചുള്ള കളിക്ക്, കുറച്ചുകൂടി നല്ല വേഷങ്ങള്‍ കൈയിലുള്ള ക്ലബ്ബുകാരെ സമീപിക്കാമായിരുന്നു.

അറുപതാം പിറന്നാള്‍ ആഘോഷിച്ച കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക്; ആയുസ്സും, ആരോഗ്യവും തുടര്‍ന്നുമുണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ആസ്വാദനം അവസാനിപ്പിക്കുന്നു.

Description: Nalacharitham Onnam Divasam Kathakali staged as part of Kurur Vasudevan Nampoothiri's 60th B'Day Celebrations; at Thirunakkara MahadevaKshethram. Kalanilayam Unnikrishnan, Kottackal Madhu, Pathiyoor Sankaran Kutty, Kalamandalam Vinod rendered music. Kalamandalam Unnikrishnan on Chenda; Kottackal Ravi on Maddalam. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Rajeevan as Indran, RLV Sunil as Agni, Kalamandalam Gopan as Yaman, Thiruvanchoor Subhash as Varunan and Kalakendram Muraleedharan Nampoothiri as Saraswathi. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

10 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഷഷ്ടബ്ദ്യപൂര്‍ത്തിയോടനുബന്ധിച്ച് നടത്തപ്പെട്ട നളചരിതം ഒന്നാം ദിവസം (ഉത്തരഭാഗം) കഥകളിയുടെ അസ്വാദനത്തിന്റെ രണ്ടാം ഭാഗം.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

*അപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് അധര്‍മ്മമാവും എന്ന് ഇന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ദ്രനല്ലല്ലൊ ഹരീ, ധര്‍മ്മരാജാവായ യമന്‍ അല്ലേ ഓര്‍മ്മപ്പെടുത്തുന്നത്?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ചിത്രങ്ങളുംവിവരണവൂം അസ്സലായി

Dr. Evoor Mohandas പറഞ്ഞു...

A good acount of Nalacharitham utharabhagam indeed.May I point out some errors in the write up?

1.‘militham padayugale MAARGGITHAYAA lathayaa’

2.Indran asking ‘varam’ to Nalan? Devan asking varam to human?
Padam is ‘amara tharoonakale vedinju ninnarikil vannu
vayamonnirappan’.
Here ‘vayam’ I vaguely remember as‘I’.

3.Good padams are there in the uttarabhagam, but our musicians do not know how to handle it, because it’s rarely used. Regular use of padams as in poorvabhagam can make these too appealing. At ‘Evoor Nalachrithotsavam’ I saw the musicians referring the book and just reading it. Reading kathakalipadam and rendering with full understanding are different

Mohandas

Haree പറഞ്ഞു...

@ മണി,വാതുക്കോടം.,
അതെ, യമനാണ് ഓര്‍മ്മപ്പെടുത്തുന്നത്. തിരുത്തിയിട്ടുണ്ട്. നന്ദി. :-)

@ പ്രിയ ഉണ്ണികൃഷ്ണന്‍,
നന്ദി. :-)

@ mohan,
തിരുത്തുകള്‍ പറഞ്ഞുതന്നതില്‍ വളരെ സന്തോഷം. തിരുത്തിയിട്ടുണ്ട്. ‘വയം’ എന്നാല്‍ ‘ഇച്ഛ’ എന്നും ‘ഞങ്ങള്‍’ എന്നും അര്‍ത്ഥം പറയാം. ഇവിടെ രണ്ടും യോജിക്കും. മുദ്ര കാട്ടിയത് എന്താണെന്ന് ഓര്‍മ്മയില്ല. പാടിയത് കേട്ടെഴുതിയപ്പോള്‍ തെറ്റുവന്നതാണ്. ഇവിടെയും പുസ്തകം നോക്കിയാണ് മധു പാടിയത്; പക്ഷെ, ഉണ്ണികൃഷ്ണന് പദങ്ങള്‍ അറിയാമായിരുന്നെന്നു തോന്നുന്നു. ശരിയാണ്, ഭാവമുള്‍ക്കൊണ്ടു പാടുവാന്‍ പദങ്ങള്‍ ഹൃദിസ്ഥമാവേണ്ടതുണ്ട്.
--

വികടശിരോമണി പറഞ്ഞു...

ലളിതമനോഹരമായ ആസ്വാദനം.വിജയകുമാറിന്റെ ഇരിപ്പിലെ അഭംഗിയെപ്പറ്റി പറഞ്ഞത് ശ്രദ്ധിച്ചു.പല സ്ഥലത്തും എനിക്കും തോന്നിയിട്ടുള്ള കാര്യം.കോട്ടക്കൽ ശിവരാമന്റെ ‘ഹേ മഹാനുഭാവ’ വ്യത്യസ്തമാകുന്നത് ഇവിടെയൊക്കെയാണ്.പോസ്റ്ററിലും മുദ്രാഭംഗിയിലുമുള്ള നിഷ്കർഷ വിജയകുമാറിന് ഭാവോന്മീലനത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ.
ഞാനും എന്റെ കഥകളിവിചാരങ്ങളുമായി ഒരു പുതിയ ബ്ലോഗ് തുടങ്ങി..തൌര്യത്രികം... ‘മാതംഗാനനം’ കഴിഞ്ഞു..കളിതുടങ്ങാറായി...വരുന്നില്ലേ?

Dr. Evoor Mohandas പറഞ്ഞു...

A few more suggestions to make the good write up more beautiful.

1. It may not be proper to say that the Nalan has no significant role in the uttarabhagam. Many scholars are of the opinion that the stuff of an actor as Nalan is tested at few rangams in uttarabhagam in onnam divasam and as Bahukan in Nalam divasam. An actor of outstanding calibre can only portray the highly complex emotions of the Nalan, when he meets Damayanthi in Nalacharitham as Indra doothan.

2. Indran gives two varams to Nalan, the first one is that Indran will accept in person (directly) the haviss of the yagna conducted by Nalan. Normally devas accept the haviss only indirectly; through Agni. The indravaram was a great honour to Nala, as no 'yajamanan' get such a chance to give haviss directly to devendra.The second varam, of course is, that Nalan will always enjoy sivasayoojyam.

My article on the role of Narada and Indra, essentially concentrating on the Uttarabhagam' is being published now in 'SAHITHYAPOSHINI'(September 2008 issue onwards).

Pl delete the above line, if it's out of context of the blog matter.

Mohandas

Haree പറഞ്ഞു...

@ വികടശിരോമണി,
നന്ദി. :-) വിജയകുമാറിന്റെ ഇവിടെയുള്ള ഭാവത്തെ മുന്‍‌നിര്‍ത്തി, മൊത്തത്തില്‍ വിമര്‍ശിക്കേണ്ടതില്ലെന്നു തോന്നുന്നു.

@ mohan,
നന്ദി. :-) നളന് പ്രാധാന്യം കുറവ് എന്നു സൂചിപ്പിച്ചത്, ഭാവപ്രകടനത്തിനുള്ള അവസരമില്ല എന്ന രീതിയിലല്ല; മറിച്ച് രംഗത്ത് മേല്‍ക്കൊയ്മയോടെ പ്രവര്‍ത്തിക്കുവാന്‍ സാധ്യത കുറവ് എന്ന രീതിയിലാണ്. ഇന്ദ്രനൊപ്പവും, ദമയന്തിക്കൊപ്പവും താഴ്നു നിന്ന് നളനാവുന്ന നടന്‍ പ്രവര്‍ത്തിച്ചല്ലേ മതിയാവൂ. അതത്ര എളുപ്പമല്ലല്ലോ! :-) ‘സാഹിത്യപോഷിണി’യുടെ കാര്യം സൂചിപ്പിച്ചത് നന്നായി. ഞാന്‍ വായിക്കുവാന്‍ ശ്രമിക്കാം; പക്ഷെ, അതിന്റെ ഒരു കോപ്പി ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നത് നന്നായിരിക്കും.
--

Dr. Evoor Mohandas പറഞ്ഞു...

Yes, these days our artists are taller than the characters! but that's the personal problem of few artists and has nothing to do with the scope of 'Nalan' in uttarabhagam. The 'melkozhma' and associated ills of present day kathakali distorts the storyline so much so that the important rangams becomes unimportant and the unimportant ones becomes unduly important.

Saramilla, kalikalam kathakalikkum badhakamaane!

I will try to get 'SAHITHYAPOSHINI' back on the net.

Mohandas

Appu പറഞ്ഞു...

very good blog. I will call this as the "Original Malayalam Liter. Blog"

Meey me on
bibincheriyan.blogspot.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--