2009, മാർച്ച് 8, ഞായറാഴ്‌ച

ഇടയാവണത്തെ നളചരിതം രണ്ടാം ദിവസം - ഭാഗം ഒന്ന്

Nalacharitham Randam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali, Thonnackal Peethambaran as Pushkaran.
മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കഥകളിയില്‍, ‘നളചരിതം രണ്ടാം ദിവസ’മായിരുന്നു ആദ്യ കഥയായി അവതരിക്കപ്പെട്ടത്. ചെറിയ രീതിയിലുള്ള പുറപ്പാടിനും ഡബിള്‍ മേളപ്പദത്തിനും ശേഷമാണ് കഥ ആരംഭിച്ചത്. സ്വയംവരാനന്തരം നൈഷധത്തിലെത്തുന്ന നളദമയന്തിമാരുടെ സമാഗമരംഗമാണ് ആദ്യം. “കുവലയവിലോചനേ! ബാലേ! ഭൈമി!” എന്നു തുടങ്ങുന്ന നളന്റെ പതിഞ്ഞ ശൃംഗാരപദത്തോടെ രംഗം ആരംഭിക്കുന്നു. കലാമണ്ഡലം ഗോപിയാണ് ഇവിടെ നളനായി രംഗത്തെത്തിയത്. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായി വേഷമിട്ടു.


പദത്തിന്റെ മൂന്നാം ചരണത്തില്‍, സ്വയംവരത്തിനു മുന്‍പായി ഇന്ദ്രാദികളായ ദേവന്മാര്‍ മൂലമായുണ്ടായ സങ്കടങ്ങള്‍ നളന്‍ അയവിറക്കുന്നുണ്ട്. ഈ ഭാഗത്തും ദമയന്തി ലജ്ജയോടെ നളന്‍ പറയുന്നത് കേട്ട് ഇരിക്കുകയാണ് ഉണ്ടായത്. ഇടരെല്ലാം നീങ്ങി ആഗ്രഹിച്ച പ്രകാരം നളനെ ലഭിച്ച ദമയന്തിക്ക്, മുന്‍പുണ്ടായ സംഗതികളോര്‍ത്ത് ഭാവമാറ്റമൊന്നും വരേണ്ടതില്ലെങ്കിലും; നളനെ ആ കാര്യങ്ങള്‍ ഇപ്പോഴും അസ്വസ്ഥനാക്കുന്നു എന്നതില്‍ ദമയന്തിക്ക് അല്പം ആശങ്കയാവാമല്ലോ? ലജ്ജയൊന്നു മാറി, മുഖമൊന്നുയര്‍ത്തി നളന്‍ പറയുന്നത് അല്പം ശ്രദ്ധിച്ച്, തിരികെ ലജ്ജയിലേക്കെത്തിയാല്‍ കുറച്ചു കൂടി പ്രേക്ഷകര്‍ക്ക് ദമയന്തി അനുഭവത്താവുമെന്നു തോന്നുന്നു. “ഇന്ദുവദനേ! നിന്നെ ലഭിച്ചു...” എന്ന പദഭാഗത്ത്, ദമയന്തിയെ ലഭിക്കുവാനായി താനിക്കുണ്ടായ വലച്ചിലുകളെല്ലാം ആലോചിച്ച്, മുഖത്ത് പ്രകടമാക്കിയാണ് ‘ലഭിച്ചു’ എന്ന മുദ്രയിലേക്ക് കലാമണ്ഡലം ഗോപി കടക്കുന്നത്. അനുകരിക്കുന്നെങ്കില്‍; ഗോപിയാശാന്റെ നില്പും, നിലകളും, പ്രത്യേക അംഗവിക്ഷേപണങ്ങളും കൂടാതെ; ഇതുപോലെയുള്ള സൂക്ഷ്മാംശങ്ങള്‍ കൂടി അനുകരിക്കുവാന്‍ യുവകലാകാരന്മാര്‍ ശ്രമിച്ചെങ്കില്‍ നന്നായിരുന്നു.


“സാമ്യമകന്നോരുദ്യാനം...” ദമയന്തിയുടെ പദമാണെങ്കിലും, ഇവിടെ അവതരിപ്പിച്ചപ്പോളത് ഇരുവരും ചേര്‍ന്നുള്ള ഒരു പദമായി മാറി. “എത്രയുമഭിരാമ്യമിതിനുണ്ട്...” എന്നു ദമയന്തി പറയുമ്പോള്‍, ‘അതിനേക്കാള്‍ മനോഹരമായി നീയുമുണ്ട്.’ എന്ന് നളന്‍; “സാമ്യമല്ലിതുരണ്ടും...” എന്നതിന് ‘നമ്മള്‍ രണ്ടുപേരും എന്നതുപോലെ തന്നെ!’; “ഭൃംഗാളി നിറയുന്നു പാടലിപടലിയില്‍...” എന്ന ഭാഗത്ത് ‘വണ്ടുകള്‍ തേന്‍ നുകരുന്നു, എന്റെ കാര്യം?’; “മൃംഗാങ്കന്‍ ഉദിക്കയല്ലി!” എന്നയിടത്ത് ‘നീയാണ് എന്റെ മുന്നില്‍ ഉദിച്ചു നില്‍ക്കുന്നത്.’; “നിര്‍വൃതികരങ്ങളില്‍ ഈ വണ്ണം മറ്റൊന്നില്ല” എന്നതിന് ‘എനിക്കു നീയാണ് നിര്‍വൃതികരം’ എന്നിങ്ങനെ ദമയന്തി പറയുന്ന ഓരോന്നിനും, ദമയന്തിയുട് ബന്ധിപ്പിച്ച് എന്തെങ്കിലുമൊന്ന് നളനു പറയുവാനുണ്ടായിരുന്നു. “ദയിതേ! നീ കേള്‍” എന്ന നളന്റെ തുടര്‍ന്നുള്ള പദത്തില്‍, “...അനുകമ്പനീയം വൃത്തം.” എന്നു പറയുന്ന നളനോട്, ‘എന്താണത്?’ എന്നു ദമയന്തി ചോദിക്കുന്നു. നേരിട്ടൊരുത്തരം നല്‍കാതെ, ‘കാരണം നിനക്ക് അറിവില്ലെന്നോ?’ എന്നൊരു മറുചോദ്യമാണ് നളനില്‍ നിന്നുണ്ടായത്. ബ്രഹ്മദേവന്‍ സുന്ദരവസ്തുക്കള്‍ ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിക്കുന്നത്, സ്വയംവരത്തിനു മുന്‍പുള്ള ഇരുവരുടേയും അനുഭവങ്ങള്‍, ഉദ്യാനത്തില്‍ ഹംസങ്ങളെ കാണുന്നത്, വള്ളിപടര്‍ന്നു കയറിയ വൃക്ഷത്തെ കണ്ട് എന്തു തോന്നുന്നുവെന്ന നളന്റെ ചോദ്യം, പേടമാന്‍ കുട്ടികള്‍ക്ക് മുലയൂട്ടുന്നത് സ്വയം മറന്നു കണ്ടു നില്‍ക്കുന്ന ദമയന്തി; തുടങ്ങിയ ആട്ടങ്ങളെല്ലാം ഇവിടെയുണ്ടായി. എന്നാല്‍ ഇവയൊക്കെയും അധികം വിസ്തരിക്കാതെ, പെട്ടെന്ന് ആടിത്തീര്‍ക്കുകയാണുണ്ടായത്.


കലിയും ചുവന്നതാടിയും തിരനോക്കു കഴിഞ്ഞ്, തിരശീല പാതി താഴ്തി പ്രവേശിക്കുന്നു. ഇരുവരും കണ്ടുമുട്ടുമ്പോള്‍ കലിയുടെ ചോദ്യം, ‘എങ്ങോട്ടാണ് യാത്ര?’. ‘ഭൂമിയില്‍ ഒരു സുന്ദരിയുടെ സ്വയംവരം...’ എന്നു പറയുന്ന ചുവന്നതാടിയോട്, ‘അവള്‍ എനിക്കുള്ളതാണ്. നീ മൃഷ്ടാനം ഉണ്ട്, സ്വയംവരം കണ്ടു പോന്നോളൂ... ഇനി ഒരുമിച്ചാവാം യാത്ര’. ദൂരെയൊരു പ്രഭകണ്ട്, ഇടയില്‍ നാലുപേരെ കലി തിരിച്ചറിയുന്നു. ഇദ്രന്‍, അഗ്നി, യമന്‍, വരുണന്‍ ഇവരെവിടെ നിന്നും വരുന്നുവെന്ന് ശങ്കിച്ച്; ഇവരെ ചെന്നു കണ്ട് അനുഗ്രഹവും മേടിച്ചാവാം തുടര്‍ന്നുള്ള യാത്ര എന്നു പറഞ്ഞ് അവരുടെ അടുത്തേക്ക് തിരിക്കുന്നു. ഇന്ദ്രനെയും ദേവന്മാരെയും ചെന്നു കണ്ടു വണങ്ങി, എവിടെ നിന്നും വരുന്നുവെന്നു തിരക്കുന്നു. അകലെ പോയ് വരികയാണെന്നു മറുപടി നല്‍കി, എങ്ങോട്ടാണ് യാത്രയെന്ന് ഇന്ദ്രന്‍ കലിയോട് തിരിച്ചു ചോദിക്കുന്നു. “ഭൂമിതന്നിലുണ്ടു...” എന്നു ചൊല്ലി വട്ടംതട്ടി, കലി ദമയന്തിയുടെ സൌന്ദര്യം വിവരിക്കുന്നു.
‘അവളുടെ സൌന്ദര്യം എന്റെ ഭാവനപോലെ പറയാം. ബ്രഹ്മദേവന്‍ എല്ലാ വിശിഷ്ടാവ്സ്തുക്കളുടേയും സത്തെടുത്ത് അവളുടെ രൂപമുണ്ടാക്കി; മയില്പീലി പോലെയുള്ള തലമുടി, കാമന്റെ വില്ലൊടിച്ച് വെച്ചപോലെയുള്ള പുരികങ്ങള്‍, മാന്‍ മിഴി പോലെ ഇമവെട്ടുന്ന മിഴിയിണകള്‍, നീണ്ടു മനോഹരമായ നാസിക, മുല്ലമൊട്ടുകള്‍ അടുക്കിയതുപോലെ പല്ലുകള്‍, കൊക്കിന്റേതുപോലെ നീണ്ട കഴുത്ത്, താമരവിടര്‍ന്നു കൂമ്പിയതുപോലെയുള്ള മുലകള്‍, സംഹത്തിന്റേതുപോലെ ഇടുങ്ങിയ അരക്കെട്ട്, ഹംസനട; ഇപ്രകാരം സുന്ദരിയെ സൃഷ്ടിച്ച് ബ്രഹ്മദേവന്‍ കൈകഴുകിയപ്പോള്‍ പൊയ്കയില്‍ താമരപ്പൂവുകള്‍ വിരിഞ്ഞു.’
നളനെയല്ലാതെ കലിയെ കെട്ടിയിരുന്നെങ്കിലും, ദമയന്തിക്ക് ബ്രഹ്മദേവന്റെ കഥ കേള്‍ക്കേണ്ടിവരുമായിരുന്നെന്നു ചിന്തിച്ചുപോയി ഇതു കണ്ടപ്പോള്‍! :-)

താന്‍ ഒറ്റയ്ക്കല്ല, തന്റെ കൂടെ “കാമക്രോധലോഭമോഹസൈന്യമുണ്ട്...” എന്നു പറയുന്നയിടത്ത് ‘ലോഭം’ എന്നതിന് ലോപിക്കുക എന്ന രീതിയില്‍ ഊര്‍ണനാഭത്തില്‍ തുടങ്ങി മുകുളത്തില്‍ അവസാനിക്കുന്ന മുദ്രയാണ് സാധാരണ കാണിച്ചുവരുന്നത്. അത്യാഗ്രഹം, ആര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മുദ്രയും, ‘മോഹ’മെന്ന അടുത്ത പദാര്‍ത്ഥവും കാണിക്കുവാന്‍ വ്യത്യസ്ത മുദ്രകളില്ലെന്നതാണ് ‘ലോഭം’ എന്നതിനു ‘ലോപം’ കാണിക്കുന്നതിനു കാരണമായി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഒന്നോ രണ്ടൊ മുദ്രകളുപയോഗിച്ച്, ‘മോഹ’ത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു മുദ്ര ‘ലോഭ’ത്തിനായി ഉണ്ടാവില്ലേ?


“കനക്കെക്കൊതികലര്‍ന്നു മിഴിച്ചു...” എന്ന ഭാഗമെടുത്ത് വട്ടം തട്ടി, കലിയും ഇന്ദ്രനും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. ‘കേവലമൊരു മനുഷ്യനെ വരിക്കുന്നതും കണ്ടു പോന്നു, അല്ലേ?’ എന്നു ചോദിക്കുന്ന കലിയോട് ഇന്ദ്രന്‍, ‘സ്വയംവരത്തിനു ക്ഷണം ലഭിച്ച് ധാരാളം രാജാക്കന്മാര്‍ വന്നിരുന്നു. അതിലൊരു സല്‍‌ഗുണവാനായ മഹാരാജാവിനെ തന്നെയാണ് അവള്‍ വരിച്ചത്.’ ഇതു കേട്ട് കലി, ‘നിങ്ങള്‍ക്കും കുറി ലഭിച്ചിരുന്നോ?’. ഇന്ദ്രന്റെ മറുപടി കേട്ട് സത്യമായും ഞെട്ടി, ‘ഞങ്ങള്‍ക്കും ക്ഷണം ലഭിച്ചിരുന്നു’വത്രേ! ഭീമരാജാവെങ്ങിനെയാണോ സ്വര്‍ഗാധിപനായ ഇന്ദ്രനെ ക്ഷണിച്ച് കുറിമാനമയച്ചത്! ‘കുറി കിട്ടിയപാടെ ചാടിപ്പുറപ്പെട്ടു’വല്ലേ എന്നു ചോദിച്ച് കലി അധികം പ്രശ്നമുണ്ടാക്കാതെ കലാശത്തിലേക്ക് കടന്നു. ‘ക്ഷണം ലഭിച്ചിട്ടല്ല, അവരിരുവരുടേയും സ്വയംവരം കണ്ട് അനുഗ്രഹിക്കുവാനാണ് ഞങ്ങള്‍ പോയത്...’ എന്ന രീതിയില്‍ ഭംഗിയാക്കുവാനുള്ള അവസരമാണ് ഇന്ദ്രനായെത്തിയ മാര്‍ഗി രവീന്ദ്രന്‍ നായര്‍ കളഞ്ഞു കുളിച്ചത്. മുനിയുടെ ശാപത്താല്‍ ദേവേന്ദ്രന്റെ ശരീരം മുഴുവന്‍ കണ്ണുകളായത്, കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ വാദം തുടങ്ങിയ ആട്ടങ്ങളും കലിയായെത്തിയ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. “മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ...” എന്ന ഭാഗത്ത്, മുന്നോട്ട് ഊര്‍ജ്ജത്തോടെ നടന്ന് തിരികെ തലതാഴ്തി മടങ്ങുന്ന രീതിയിലല്ലാതെ, കലിയും ചുവന്നതാടിയും മാറി മാറി നടക്കുകയാണുണ്ടായത്. “എനിക്കിന്നതുകേട്ടുട്ടു...” തുടങ്ങി ഈ രംഗത്തിലെ എല്ലാ പദഭാഗവും കലി തന്നെയാണ് ഇവിടെ ആടിയത്.

“വഴിയേതുമേ പിഴയാതവനോടു...” ചെല്ലുന്നതെങ്ങിനെയെന്ന് ചിന്തിച്ച്, പുഷ്കരനെ മുഷ്കരനാക്കി, ചൂതുകളിയില്‍ നളനെ പരാജയപ്പെടുത്തുക തന്നെ എന്നിരുവരും ഉറയ്ക്കുന്നു. ധര്‍മ്മരാജാവായ നളനില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല എന്നു ചിന്തിച്ചുള്ള കലിയുടെ ആട്ടവും കൂടുതലായി ഇവിടെ ഉണ്ടായി. രാജാവ്, ഉറക്കമുണര്‍ന്നാല്‍ ആഹാരം കഴിക്കുന്നതുപോലും ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ട് നിവൃത്തിയുണ്ടാക്കിയതിനു ശേഷമാണ്. നളനും പ്രജകളുമായി തുടര്‍ന്ന് കലി പകര്‍ന്നാടുന്നു. ഒരു പ്രജയെത്തി, ‘എനിക്ക് ആഹാരത്തിനു വകയില്ല...’ എന്നു സങ്കടം പറയുന്നു. ‘ഇവന് മൃഷ്ടാനം ആഹാരത്തിനുള്ള വക നല്‍കുക.’ എന്നു നളന്‍ ഉത്തരവിടുന്നു. തന്റെ മകള്‍ക്ക് വിവാഹപ്രായമായി, കെട്ടിച്ചയയ്ക്കുവാന്‍ സ്വര്‍ണമോ പണമോയില്ല എന്നു സങ്കടപ്പെടുന്നവന്, രാജാവുതന്നെ ഖജനാവു തുറന്ന് സ്വര്‍ണവും പണവുമെടുത്ത് കിഴികെട്ടി ദാനമായി നല്‍കുന്നു. തനിക്ക് മക്കളുണ്ടാവില്ലെന്ന അടുത്തയാളുടെ സങ്കടം കേട്ട്, ‘അതില്‍ എന്തെങ്കിലും ചെയ്യുവാന്‍ എനിക്കു നിവൃത്തിയില്ല, ശിവനെ ഭജിക്കുക. പിന്‍‌വിളക്കും ധാരയും വഴിപാടും കഴിച്ചു പ്രാര്‍ത്ഥിക്കുക, ഞാനും പ്രാര്‍ത്ഥിക്കാം’ എന്നു നളന്‍ പ്രതിവചിക്കുന്നു. ഇങ്ങിനെ സ്വധര്‍മ്മത്തില്‍ ഒട്ടും വിലോപം വരുത്താത്ത നളനില്‍ പ്രവേശിക്കുക ദുഷ്കരമാണെന്നോര്‍ത്ത്, ചുവന്നതാടിയെ അയച്ച് കലി നളന്റെ സമീപത്തേക്ക് തിരിക്കുന്നു.

നളനില്‍ പ്രവേശിക്കുവാന്‍ സന്ദര്‍ഭം കാത്തിരിക്കുന്ന കലിയുടെ ആട്ടമാണ് തുടര്‍ന്ന്. സഞ്ചരിക്കുന്ന വഴികളില്‍ ബ്രഹ്മണര്‍ പൂജകള്‍ ചെയ്യുന്നു, അവരുടെ നാമജപം കലിക്ക് അസഹനീയമായി തോന്നുന്നു. ഒരിടത്ത് ഒരുവന്റെ മൃതദേഹം പുത്രന്‍ ദഹിപ്പിക്കുന്നു, ഭാര്യ സതി അനുഷ്ഠിക്കുന്നു. കയറിയിരിക്കുവാന്‍ ഒരു മരമന്വേഷിക്കുകയാണ് കലി പിന്നീട്. ആദ്യത്തേത് ഇലപറിച്ച് ഞെരിടി മണപ്പിക്കുമ്പോള്‍, അത് ചന്ദനം. അസഹനീയത നടിച്ച് മറ്റൊരു മരം തേടുന്നു. അടുത്തത് നോക്കി താന്നിമരം, അത് തനിക്ക് യോജിച്ചതെന്ന് കണ്ട്, അതില്‍ കയറി ഇരിപ്പുറപ്പിക്കുന്നു. വര്‍ഷവും, വേനലും, ശൈത്യവും മാറി വരുന്നു. നളന്റെ കുട്ടികള്‍ വളരുന്നതു കാണുന്നു. താന്‍ ഇവിടെയെത്തിയിട്ട് പന്ത്രണു കൊല്ലം കഴിഞ്ഞുവെന്നതും കലിയോര്‍ക്കുന്നു. ഒടുവില്‍ സന്ധ്യാവന്ദനം ചെയ്യുവാനായി കാല്‍ കഴുകിയ നളന്റെ കാല്‍മടമ്പ് നനഞ്ഞിട്ടില്ലെന്ന് കലി കാണുന്നു. നളനില്‍ ആവേശിക്കുവാന്‍ തക്കം പാര്‍ത്തിരുന്ന കലിക്ക് ഇതൊരു അവസരമായി. കലി നളനില്‍ പ്രവേശിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലികളില്‍, ഏറെ മികവുപുലര്‍ത്തിയ ഒന്നായിരുന്നു ഇവിടുത്തേത്.


കലി ചുവന്നതാടിവേഷത്തോടൊപ്പം പുഷ്കരസവിധത്തിലെത്തുന്നു. ആദ്യമൊക്കെ ഇരുവരുടേയും വാക്കുകളില്‍ വിശ്വസിക്കുവാന്‍ തയ്യാറാവാത്ത പുഷ്കരന്‍; തനിക്കു വേണ്ട ആഹാരം, വസ്ത്രം ഇവയൊക്കെ നളന്‍ നല്‍കുന്നുണ്ട്, അതിനാല്‍ എന്നെ വിട്ടേക്കുക എന്നു പറയുന്നു. ‘ഒരു പുരുഷായുസ്സ് ഇങ്ങിനെ ഉണ്ടുറങ്ങി തീര്‍ക്കുവാന്‍ പാടുണ്ടോ?, മരണാനന്തരം സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് എന്തുത്തരം നല്‍കും?, അവിടെ നിന്നും കഴുത്തില്‍ പിടിച്ച് നരകത്തിലേക്ക് തള്ളിവിടും, തന്നെയുമല്ല നിന്റെ മക്കളും നളന്റെ മക്കളുടെ ആശ്രിതരായി കഴിയേണ്ടിവരും’; ഇപ്രകാരമുള്ള കലിയുടെ വാക്കുകള്‍ പുഷ്കരനെ ചിന്തിപ്പിക്കുന്നു. തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ല എന്ന സത്യം ഇരുവരില്‍ നിന്നും വാങ്ങി, പുഷ്കരന്‍ നളനെ ചൂതിനു വിളിക്കുവാനായി പുറപ്പെടുന്നു.

കലാമണ്ഡലം ഗോപി അരങ്ങിലെത്തിയ ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഇരുവരും മോശമായില്ലെങ്കിലും, ഇരുവരുടേയും കഴിവിനൊത്ത് പാടിയെന്നും തോന്നിയില്ല. മറ്റുഭാഗങ്ങള്‍ ആലപിച്ച കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, ഫാക്ട് ദാമു എന്നിവരുടെ ആലാപനത്തിന് ഭാവം കുറവായിരുന്നുവെങ്കിലും; അധികം കസര്‍ത്തുകള്‍ക്കൊന്നും ശ്രമിക്കാതെ പദങ്ങള്‍ വ്യക്തമായി പാടുന്നതില്‍ കൃഷ്ണന്‍‌കുട്ടി ശ്രദ്ധപുലര്‍ത്തി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവരായിരുന്നു നളന്റെ ഭാഗങ്ങള്‍ക്ക് മേളത്തിനു കൂടിയത്. കൃഷ്ണദാസിന്റെ ചെണ്ടയ്ക്ക് സാധാരണയുണ്ടാവാറുള്ള ഉണര്‍വ്വ് ഇവിടെ അനുഭവപ്പെട്ടില്ല. മറ്റുള്ള ഭാഗങ്ങളില്‍ മാര്‍ഗി വേണുഗോപാല്‍ ചെണ്ടയിലും, മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലും മേളമൊരുക്കി. നടന്റെ കൈക്കുകൂടുന്നതില്‍ മാര്‍ഗി രത്നാകരന്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുകയുണ്ടായില്ല. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ തുടങ്ങിയവരുടെ ചുട്ടിക്കും എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും കണ്ടില്ല. ചുട്ടിക്കായി ഉപയോഗിച്ച പേപ്പറിന് ആവശ്യത്തിന് കനമുണ്ടാവാത്തിനാലോ, അഗ്രങ്ങള്‍ വല്ലാതെ നേര്‍ത്തുപോയതിനാലോ ആണെന്നു തോന്നുന്നു; കലിയുടേയും മറ്റും ചുട്ടിയുടെ കൂര്‍ത്ത അഗ്രങ്ങള്‍ പിന്നിലേക്ക് മടങ്ങിയ നിലയിലായിരുന്നു. കലിയുടെ കിരീടമൊഴികെ, മാര്‍ഗിയില്‍ നിന്നുമുള്ള മറ്റുള്ള കോപ്പുകള്‍ നിലവാരം പുലര്‍ത്തി. ദമയന്തീസമേതനായി ഉദ്യാനത്തില്‍ കഴിയുന്ന നളന്റെ സമീപത്തേക്ക് പുഷ്കരനെത്തി ചൂതിനു വിളിക്കുന്ന ഭാഗം മുതല്‍ക്കുള്ള ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--

20 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ഇടയാവണത്ത് നടന്ന ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനം, ആദ്യ ഭാഗം.
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

ശ്ശെടാ, എന്താ ഈ ചുവന്ന താടി ചുവന്ന താടി എന്ന് നിരത്തി എഴുതിവെച്ചിരിക്കുന്നത്? ദ്വാപരൻ എന്നാണ് പേര്. ഈ പേർ ഓർമ്മവന്നില്ല്യേ? അതോ വേഷം ചുവന്നതാടി ആയതുകൊണ്ടും (ദ്വാപരന്റെ വേഷത്തെ ചൊല്ലിയുള്ള മുൻ ചർച്ചകൾ ഓർമ്മവെച്ച്) ദ്വാപരവേഷത്തോട് ഇണങ്ങില്ല എന്ന സ്വാഭിപ്രായം കൊണ്ടും അങ്ങനെ എഴുതിവെച്ചതാണോ? എന്തായാലും ഉണ്ണായി ദ്വാപരൻ എന്നന്യാ പേരിട്ടിരിക്കുന്നത്, ല്ലേ?
-സു-

Kvartha Test പറഞ്ഞു...

ശ്ശോ... ഹരീ, ഈയുള്ളവനു കഥകളിയുടെ അ, ആ, ഇ, ഈ ഒന്നും അറിയില്ലെങ്കിലും ഇടയാവണത്ത് ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. തമ്മില്‍ കാണാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌.

ചാണക്യന്‍ പറഞ്ഞു...

Haree | ഹരീ ,

വായിക്കുന്നുണ്ടേ....

ആശംസകള്‍....

Kannan Parameswaran (Ettumanoor) പറഞ്ഞു...

dear Haree,

I appreciate your attempt. This is an ideal work for the promotion of Kathakali. And I see that your opinions are as free as from partiality. That makes it more valuable. Please keep this up, for Kathakali.

Ettumanoor P Kannan

Kannan Parameswaran (Ettumanoor) പറഞ്ഞു...

Please note the correction in my previous posting: I see that your opinions are as free as possible from partiality...

Kannan

വികടശിരോമണി പറഞ്ഞു...

ഹരിയുടെ എഴുത്തിന് ഒരു ഗൌരവം കൈവന്നിരിയ്ക്കുന്നു,ചില ഭാഗങ്ങൾ ശരിയ്ക്കും ചിന്തിപ്പിച്ചു,അഭിനന്ദനങ്ങൾ!
ഞാൻ വരുന്നുണ്ട്,ഇപ്പൊ തിരക്കിലാ,ട്ടൊ...:)

Sreekanth | ശ്രീകാന്ത് പറഞ്ഞു...

ഹരി,

ആസ്വാദനം വളരെ നന്നായിരിക്കുന്നു. എന്നാല്‍ എല്ലായിടത്തും ഈ “ചുവന്നതാടി” എന്നു എഴുതിയിരിക്കുന്നതെന്താണ്? “ദ്വാപരന്‍” എന്നല്ലേ കഥാപാത്ര നാമം.

പിന്നെ ഇന്നു ഗോപിയാശാനെ അനുകരിക്കുന്നവരെല്ലാം ശ്രമിക്കുന്നത്, ആ നില്‍പ്പും വിവിധ നിലകളും പകര്‍ത്താനാണ്. ഹരി പറഞ്ഞ പോലെ അദ്ദേഹത്തിന്റെ പൂര്‍ണ്ണ മികവുകള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നില്ല. എത്ര വേഗത്തില്‍ കാണിക്കുമ്പോഴും ഒട്ടും ഭംഗി ചോരാതെ താളത്തില്‍ കൃത്യമായി വിന്യസിച്ച മുദ്രകള്‍, അരങ്ങിലെ സ്ഥായി, ആട്ടങ്ങള്‍ക്കുള്ള ഒഴുക്ക്, ഭംഗി .... ഇങ്ങനെയുള്ള മികവുകള്‍ ആണ് “വേഷഭംഗി”,പല പല നാടകീയ നിലകള്‍ എന്നിവക്കുപരി ഞാന്‍ കാണുന്ന മേന്മകള്‍.

പിന്നെ “സാമ്യം അകന്നൊരു” എന്ന പദം രണ്ടു പേരും കൂടി ആടി “കുള”മാക്കിയതും കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് “ഗ്രാമ്യം നന്ദനവനം” എന്ന് പറഞ്ഞപ്പോള്‍, നളന്‍, ദമയന്തിയെ വിളിച്ച് “നീ എന്നാ നന്ദനവനം കാണാന്‍ പോയെ?” എന്നൊക്കെ ചോദിച്ച് കണ്ടിട്ടുണ്ട്. :)

മേരിക്കുട്ടി(Marykutty) പറഞ്ഞു...

കാല്‍ മടമ്പ് നനയുന്നതും കലിയും തമ്മിലുള്ള ബന്ധം എന്താണ്? ഒന്ന് പറഞ്ഞു തരാമോ..

Dr. Evoor Mohandas പറഞ്ഞു...

'moothram veezhthikkaal kazhukaathaachamichittu Naishadhan
cheythu sandhyavandanamangavanilkerinan kali'

ennu 'Mahabharathathil' parayunnu.

There is no mention of this or 'Kali waiting on the tree for 12yrs' in any charanam or slokam of Nalacharitham Attakatha, but artists like Unnithan do show the 'wetting theory of kaalmadampu'. The idea of 'Kali waiting for 12 years on the tree and entering Nala when he was doing a wrong padaprakshalanam' is undoubtedly coming from Mahabharata. But only 'improper washing of the kaal after urinating' is mentioned in Mahabharata, but then how kathakali artists showing 'the lack of wetting of kaal madampu' is not clear. May be there is a traditional method of 'washing the leg before a pooja' prescribed in some old scriptures and our artists are following that in the kathakali.

anyone out there to clarify this point?

Mohandas

Dr. Evoor Mohandas പറഞ്ഞു...

Marykutty's question can be answered as follows.

Kali wants to harm King Nala, the 'manushya puzhu'. But it's not an easy task for a wicked character like Kali, even to go near a noble soul like King Nala. The way to defeat Nala is 'the play of dice, but how to entice Nala to that? For this Kali must 'enter into Nala'. If Nala do any one 'dharmalopam', Kali can make use of that small slot to enter into Nala. It is customary to wash the legs before 'sandhyavandanam' but Nala makes a mistake one day and Kali makes use of it. that's it.

The story is fine, but the idea it conveys is that wicked forces are out there everywhere waiting for an opportunity to harm noble ones and hence the latter must be alert always. Any small mistake made by an individual in a higher plane can be disastrous to him.

Mohandas

വികടശിരോമണി പറഞ്ഞു...

ഈ ബ്രഹ്മാവിന്റെ സൃഷ്ടിശ്ലോകം,തികഞ്ഞ ക്ലാസിസിസം കൊണ്ട് ആകർഷണീയമെങ്കിലും;അസ്ഥാനങ്ങളിലെ ചെയ്ത്തു കൊണ്ട് വല്ലാത്ത പൊല്ലാപ്പായിത്തോന്നുന്നു.
സാമ്യമകന്നോരുദ്യാനത്തിലെ ഗോപിയാശാന്റെ പ്രതികരണങ്ങൾ,ആശാന്റെ രംഗരചനയുമായിത്തന്നെ ബന്ധപ്പെട്ട് പ്രസക്തമാണ്.
പഴയ ആശാന്റെ രണ്ടാംദിവസം നളന്റെ ആ സമയത്തെ പ്രതികരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
മുദ്രകൾ വളരെക്കുറവായിരുന്നു.പ്രധാനം പോസുകൾ കൊണ്ടും,ഉപാംഗാഭിനയം കൊണ്ടും സൃഷ്ടിക്കുന്ന ഭാവപ്രപഞ്ചത്തിലായിരുന്നു.
“മൃഗാങ്കനുദിയ്ക്കയല്ലീ”എന്നിടത്ത് ഗോപിയാശാൻ തലയുയർത്താതെ,കണ്ണുകൊണ്ട് മാത്രം മുകളിലേയ്ക്ക് നോക്കിയിരുന്ന ആ നോട്ടത്തിന്റെ ഭംഗി!.....അലോചിക്കുമ്പോഴേ തരിക്കും.
എന്നാൽ കുറേക്കാലമായി,ഈ വിസ്തരിച്ചുള്ള ‘കൂടിയാട്ടം’തുടങ്ങിയിട്ട്.
അതോടെ,പഴയ ആ ധ്വനിസൌന്ദര്യം കടലെടുത്തു.പറയാതിരുന്നും,പകുതി പറഞ്ഞും ഉണ്ടാക്കുന്ന ലാവണ്യത്തിന്റെ മരണം.ഇത് ഗോപിയാശാനിൽ വന്ന വലിയൊരു മാറ്റമാണ്.ഈ മാറ്റം സർവ്വകഥാവ്യാപിയുമാണ്.
“വരിപ്പാൻ തുനിഞ്ഞു സഭാന്തരേ”എന്ന സുദേവോക്തി കേൾക്കുമ്പോൾ പണ്ടുണ്ടായിരുന്ന പ്രതികരണവും,ഇന്നത്തെ ബോധം കെട്ടുവിഴലും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമില്ലേ?
“ഈയം ഗേഹേ”എന്ന ശ്ലോകത്തിന്റെ ആട്ടത്തിനുശേഷമുള്ള ചോദ്യോത്തരങ്ങളിൽ,ആശാൻ മുൻപുചെയ്തിരുന്ന അർജ്ജുനന്റെ ചിരിയും,ഇന്നത്തെ കുലുങ്ങിച്ചിരിയും...
“കൌരവന്മാരോടു സംഗരമിനി”എന്നിടത്ത് അതിദ്രുതം തിരിഞ്ഞ് ആശാൻ സൃഷ്ടിച്ചിരുന്ന രൌദ്രത്തിന്റെ ഗാഭീര്യവും ഇന്നത്തെ മുദ്രകളുടെ പെരുമാറ്റവും...
മതി,നിർത്തി.
പ്രായം കൊണ്ടുണ്ടാകുന്ന ക്ഷീണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളല്ല ഉദ്ദേശിച്ചതെന്നു വ്യക്തമാണല്ലോ.
ഞാൻ കണ്ട കഥകളിയിലെ ഏറ്റവും വലിയ ജീനിയസ്സിനെക്കുറിച്ചാണെഴുതിയത്,ഞാൻ ഗോപിയാശാനെതിര് എന്നാരും വായിക്കില്ലെന്നു കരുതുന്നു.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ,ഗോപിയാശാനെക്കാളും വലിയൊരു നടനെ കഥകളി കണ്ടു കാണുമോ എന്നുതന്നെ സംശയം.
----------

Haree പറഞ്ഞു...

@ -സു‍-|Sunil,
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... :-) ഇതെന്റെയൊരു കുഞ്ഞു പ്രതിഷേധം.

@ ശ്രീ @ ശ്രേയസ്,
അരങ്ങിന്റെയടുത്തേ ഉണ്ടായിരുന്നിരിക്കില്ല, മറ്റെവിടെയെങ്കിലും ആയിരുന്നിരിക്കണം. അല്ലെങ്കില്‍ എന്നെ കാണാതിരിക്കുവാന്‍ തരമില്ല. :‌-D അടുത്ത തവണ കാണാട്ടോ... ഇതിപ്പോള്‍ രണ്ടാം വര്‍ഷമാണ് ഇടയാവണത്ത്.

@ ചാണക്യന്‍,
നന്ദി.

@ Kannan's team,
These days I don't see you anywhere! Seems, you are concentrating on your academic activities.
I hope you will make detailed comments and corrections wherever it is necessary. Thank you. :-)
Anything to tell about the mudra for 'Lobham'?

@ ശ്രീകാന്ത് അവണാവ്,
നന്ദി. ചുവന്നതാടിയെ ദ്വാപരന്‍ എന്നു വിളിക്കില്ല എന്നതാണ് പുതിയ നിശ്ചയം. :-) അതിനെന്താണ് എന്നിട്ട് വിജയകുമാര്‍ മറുപടി നല്‍കിയത്? പറഞ്ഞു കേട്ടുള്ള അറിവാണെന്നോ? അല്ലെങ്കില്‍ വെറുതേയൊരു പുഞ്ചിരി സമ്മാനിച്ചിരിക്കും! ‘ഈ ചേട്ടന്റെയൊരു കാര്യം!’ എന്ന മട്ടിലേ... :-D പക്ഷെ, ആലോചിക്കുമ്പോള്‍ അതൊരു രസമുള്ള ചോദ്യമായി തോന്നുന്നു, വെറുതേയൊരു കളിവാക്ക്, അത്ര തന്നെ! ഇന്ദ്രന് കുറിയയച്ചിരുന്നോ എന്നതു കലി ചോദിക്കുന്നതും കളിയാക്കിയാണ്. പക്ഷെ, പുള്ളിയത് സീരിയസായിട്ടെടുത്തു! ഇവിടെ വിജയകുമാര്‍ ഉടനെ, ‘ഞാനൊരു മനുഷ്യസ്ത്രീ, അതെങ്ങിനെ പോയി കാണുവാനാണ്...’ എന്നൊക്കെ വിശദമാക്കി ആടിയെങ്കില്‍ അതിന്റെ ഭംഗി പോയി! അങ്ങിനെയുണ്ടായില്ല എന്നു കരുതുന്നു.

@ മേരിക്കുട്ടി(Marykutty),
ഉത്തരം കിട്ടിയല്ലോ! :-)

@ mohan,
:-) എന്തുതന്നെയായാലും കലി അത്രയും കാലം കാത്തിരുന്നിട്ടുണ്ട് എന്നു തന്നെ കരുതണം. ചൂതുകളിക്കു മധ്യേ ദമയന്തി കുട്ടികളെ സേവകന്‍ വശം ഭീമരാജന്റെ സമീപത്തേക്ക് അയയ്ക്കുന്നുണ്ടല്ലോ... അങ്ങിനെ അയയ്ക്കുവാന്‍ പ്രായത്തിലുള്ള കുട്ടികളെന്നു വരുമ്പോള്‍ എങ്ങിനെയായാലും ഒരു 10-12 വര്‍ഷമൊക്കെ ആയെന്നിരിക്കും. എപ്പോള്‍ മുതലാണ്, എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് കലി ഇങ്ങിനെയൊക്കെ ആടിത്തുടങ്ങിയതെന്നറിയില്ല. എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ ‘കലിവട്ടം’ ഇങ്ങിനെയാണ്.

മറ്റൊരു ഐഡിയ കൂടി പിന്നാലെ വരുന്നുണ്ട്, ‘ദൈവഗതിക്കുനീക്കമൊരുനാളുണ്ടോ!’ എന്ന്. അപ്പോളിതൊക്കെ വിധി തന്നെ. നാം ശ്രദ്ധയോടെ വണ്ടിയോടിച്ചു എന്നതുകോണ്ട് മാത്രം അപകടം വരാതിരിക്കില്ല, വിധി വണ്ടിയിടിക്കുവാനാണെങ്കില്‍ ആരെങ്കിലും കൊണ്ടുവന്ന് ഇടിച്ചോളും. ദൈവഗതിക്ക് നീക്കം വരാനൊക്കില്ല, മറ്റുള്ളവയെല്ലാം നിമിത്തങ്ങള്‍ മാത്രം.

@ വികടശിരോമണി,
ബഹ്മാവിന്റെ സൃഷ്ടി, നളനവിടെ ആടുന്നതില്‍ തെറ്റുണ്ടോ? കലിയുടെ ആട്ടത്തിലും തെറ്റില്ല, പക്ഷെ ഒരേ കാര്യം, തുടക്കവുമൊടുക്കവുമേ സാമ്യമുള്ളെങ്കിലും, ഇരുവരും ചെയ്തതുകൊണ്ട് ആവര്‍ത്തന വിരസത തോന്നുമല്ലോ, അതു സൂചിപ്പിച്ചെന്നു മാത്രം.

പിന്നെ, ആശാന്‍ ആ‍സ്വാദകര്‍ക്കൊത്ത് മാറിയതാണ് എന്നു പറയുന്നതിലും തെറ്റില്ല. ഇതൊക്കെ മുദ്രയില്‍ മുഴുവന്‍ പറഞ്ഞിട്ടുതന്നെ അധികമാര്‍ക്കും മനസിലാവുന്നില്ല. അപ്പോള്‍ പിന്നെ ‘പറയാതിരുന്നും പകുതിപറഞ്ഞും’ തുടങ്ങിയാലോ? ഭാവം ആസ്വദിച്ചാല്‍ തന്നെയും, കാര്യം ആരിലുമെത്തണമെന്നില്ല. ബോധം കെട്ടുവീണാലേ നളനില്‍ എന്തെങ്കിലും റിയാക്ഷന്‍ വന്നതായി പ്രേക്ഷകന്‍ കാണൂ, അല്ലെങ്കില്‍ ആ സമയത്ത് നളനെ ശ്രദ്ധിക്കുക തന്നെ ചെയ്യണമെന്നില്ല. ശരിയാണ് ആട്ടങ്ങളിങ്ങിനെ ഓരോ വരിക്കും തുടങ്ങിയാല്‍ അതിന്റെയൊരു രസം കുറയും. പദമാടുന്ന കലാകാരനെ ശ്രദ്ധിക്കുവാനും കഴിയില്ല.
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

മേരിക്കുട്ടിയുടെ ചോദ്യത്തിന് മോഹൻ ഉത്തരം പറഞ്ഞു എങ്കിലും, എന്റെ വേർഷൻ കൂടെ ഞാൻ എഴുതട്ടെ.
സന്ധ്യാവന്ദനം (രാവിലേയും വൈക്കുന്നേരത്തെയും പ്രാർത്ഥനകൾ) ചെയ്യുന്നതിന് മുൻപ് കൈകാലുകൾ കഴുകി ശുദ്ധിവരുത്തണം. ഇത് വളരെ ശ്രദ്ധിച്ച് ചെയ്യണം. മുൻ ഭാഗത്തുകൂടെ വെള്ളമൊഴിച്ചാൽ കാലിന്റെ പിൻഭാഗം (ഉപ്പൂറ്റിയുടെ മേൽ‌വശം) അതായത് മടമ്പ് നനയില്ല. അപ്പോൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ആ ശ്രദ്ധ കുറഞ്ഞു എന്നതാണ് കാര്യം. അപ്പോൾ കലിബാധക്ക്‌ എളുപ്പമായി.
-സു-

എതിരന്‍ കതിരവന്‍ പറഞ്ഞു...

“സാമ്യമകന്നോരുദ്യാനം...” കൂടിക്കളിക്കേണ്ടതല്ല. കഥാഗതിയിൽ നിന്നും വശത്തേയ്ക്കു മാറിയുള്ള ഈ ഈ തിയേറ്റ്രിക്കൽ സംഭവം അതിന്റേതായ ചില ധർമ്മങ്ങൾ അനുഷ്ഠിയ്ക്കുന്നുണ്ട്. സംഭവബഹുലമായ ഒരു കഥ പറഞ്ഞുപോകുകയല്ല കഥകളിയുടെരംഗസംക്ഷം. നൃത്തവും നാട്യവും ചില്ലറ കലാപരിപാടികളും ഇടയ്ക്കു വേണ്ടേ? കഥാപാത്രത്തിന്റെ താൽക്കാലിക മനോനില ഒന്നു വിസ്തരിക്കേണ്ടേ/ ഉദാത്തമായ ചില മുദ്രാസങ്കലിതങ്ങൽ കോർത്തിണക്കേണ്ടേ? ദമയന്തിയിൽ കേന്ദ്രീകരിച്ച് ഇതൊക്കെ സാധിച്ചെടുക്കാനാണ് സാമ്യമകന്ന ആ പദം അവിടെ കഥാഗാത്രത്തിന്മേൽ അണിയിച്ചിരിക്കുന്നത്. നെടുനാളത്തെ തീവ്രാനുരാഗത്തിനു ശേഷം രണ്ടുപേരും സമ്മേളിക്കുന്ന വേളയായതിനാൽ ശൃംഗാരമയമാണ് അന്തരീക്ഷം എന്ന് പ്രത്യേകം പറയേണ്ടതില്ല. അധികപ്പറ്റൊന്നും വേണ്ട.
“ വാഴ്ത്തുന്നു മദനന്റെ കീർത്തിയെ” എന്നു മാത്രം മതി. പക്ഷെ കുസുമ സൌരഭം നാസാകുഹരസരസ്സൈരിഭം, ആരാമസഞ്ചരണം അതിദുഃഖകാരണം ഒക്കെ ആയിരുന്നവൾക്ക് ഈ ഉദ്യാനം ഒന്ന് അനുഭവിക്കണം. കഥകളിയല്ലെ, മുദ്രകൾ ധാരാളമില്ലേ കേതകങ്ങളിൽ മൃഗാങ്കനുദിയ്ക്കുന്നതും പാടലപടലിയിൽ ഭൃംഗാളി നിറയുന്നതും ഒക്കെ കാണിയ്ക്കേണ്ടെ.(ആ “മൃഗാങ്കൻ” എന്ന വാക്കുതന്നെ അവിടെ ഘടിപ്പിച്ചതിന്റെ കേമത്തം ഒന്ന് അനുഭവിപ്പിക്കേണ്ടേ) ഇതിനൊക്കെ ദമയന്തി അരങ്ങ് ഏറ്റെടുക്കട്ടെ. സ്വന്തം ഇടം നേടി കഥയിൽ നിന്നും ഒന്നു മാറി നിൽക്കട്ടെ.നളൻ “പിന്നെ പിന്നെ” ആട്ടെ ആട്ടെ” നന്ദനവനം നീ കണ്ട പോലെ” എന്നൊക്കെ ഇടപെടേണ്ട കാര്യമില്ല. സ്ത്രീവേഷം അരങ്ങ് ഏറ്റെടുത്തെന്നുവച്ച് നളവേഷം കെട്ടിയ നടൻ എത്ര പ്രഗൽഭനായലും തന്റെ സാന്നിദ്ധ്യം അറിയിക്കേണ്ട, ജാള്യതപ്പെടേണ്ട.
നരകാസുരൻ കേകിയാട്ടം ചെയ്യുന്നത് ഭാര്യയെ കാണിച്ച് അനുമോദനം നേടാനല്ലല്ലൊ.

Haree പറഞ്ഞു...

@ സുനില്‍,
:-)

@ എതിരന്‍ കതിരവന്‍,
“സാമ്യമകന്നോരുദ്യാനം...” തീരും വരേക്കും നളന്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് കഥകളിയിലെ രീതിയെന്നു കരുതുവാനാവില്ല. ദമയന്തിക്കു വേണ്ടി മാത്രമായി അരങ്ങ് വിട്ടുകൊടുക്കുവാനായിരുന്നെങ്കില്‍ കൂടിയാട്ടത്തിലേതു പോലെ നളന്‍ അരങ്ങത്തു നിന്നും മാറുന്ന രീതിയിലാവുമായിരുന്നല്ലോ കഥകളിയുടെ സങ്കേതവും. അങ്ങിനെയല്ലാത്ത സ്ഥിതിക്ക് നളവേഷധാരി, കഥാപാത്രമായി തന്നെ അരങ്ങിലുണ്ടാവണം, വെറുതേയിരിക്കാതെ ആവശ്യത്തിന് മനോധര്‍മ്മങ്ങളും പ്രതികരണങ്ങളുമൊക്കെ ആടുകയും വേണം. അമിതമാവരുതെന്നു മാത്രം.
--

Sreekanth | ശ്രീകാന്ത് പറഞ്ഞു...

“സാമ്യമകന്നൊരു ഉദ്യാനം” ഇത്രക്കങ്ങു കൂടിയാടണം എന്നില്ല. ഇനി നാളെ വെറുതെ നില്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ദമയന്തി കെട്ടിയ നടന്‍ “കുവലയവിലോചനയിലെ” ഭാഗങ്ങളും കൂടെ ആടിയാലോ?

ചെറിയ രീതിയിലുള്ള പ്രതികരണങ്ങള്‍ ഒക്കെ ആകാം. അതു വേണം താനും. ഇതു സിനിമയല്ലല്ലോ ഒരുമിച്ച് ആടിപാടാന്‍. :)

Haree പറഞ്ഞു...

@ ശ്രീകാന്ത് അവണാവ്,
ആരു പറഞ്ഞു “കുവലയവിലോചനേ!”യുടെ ഭാഗത്ത് ദമയന്തി വെറുതേ നില്‍ക്കുകയാണെന്ന്? (വെറുതേ നില്‍ക്കുന്ന ദമയന്തിമാരില്ലെന്നല്ല!) ലജ്ജയോടെ കാന്തന്‍ പറയുന്നത് കേട്ടിരിക്കുന്നതാണ് ദമയന്തിയുടെ അപ്പോഴത്തെ അവസ്ഥ, അതാടുക തന്നെ വേണം. അതുപോലെ “സാമ്യമകന്നോരു ഉദ്യാനം” എന്നതിലെ സംഗതികള്‍ ദമയന്തി പറയുമ്പോള്‍, അതുകേട്ട് ലജ്ജയോടെയിരിക്കുകയോ, വെറുതേയിരിക്കുകയോ പുരുഷസ്വഭാവത്തിനു ചേരുന്നതല്ല. പ്രതികരണങ്ങള്‍ തീര്‍ച്ചയായും ആവാം, പക്ഷെ അത് അമിതമാവരുതെന്നു മാത്രം.
--

വികടശിരോമണി പറഞ്ഞു...

രാവുണ്ണിമേനോന്റെ ആട്ടക്കുറിപ്പുകളിൽ ‘സാമ്യമകന്നോരുദ്യാന’ത്തെപ്പറ്റി പറയുന്ന ഭാഗം ഉദ്ധരിക്കട്ടെ:
“സാമ്യമകന്ന എന്ന പദത്തിൽ ദമയന്തിക്ക്അത്ഭുതമായതൊക്കെയും നളനും അത്ഭുതമായി കാണുകയും കേൾക്കുകയും ചെയ്യണം.ഉരൽ പോലെ സ്തംഭിച്ചിരിക്കരുതെന്ന് നടൻ പ്രത്യേകം കരുതണം.ദുശ്ചോദ്യം അരുതെന്നു പറയുന്നു.”
അത്രേയുള്ളൂ.
പിന്നെ,
ഇപ്പൊ നടക്കുന്ന കൂടിയാട്ടം അശ്ലീലം എന്നേ പറയാനുള്ളൂ.ഞാനതാണ് മുൻപ് വലിയ വായിൽ പറയാൻ ശ്രമിച്ച് പരാജയപ്പെട്ടത്.ബോധം കെട്ടുവീണാൽ മാത്രം മനസ്സിലാവുന്ന ആസ്വാദകനുവേണ്ടി കഥകളി കളിയ്ക്കേണ്ടതില്ല.കഥകളിയുടെ സൌന്ദര്യതലത്തിനനുസരിച്ച് ആ ബോധമില്ലാത്ത ആസ്വാദകന്റെ ആസ്വാദനസംസ്കാരം ഉയരുകയാണ് വേണ്ടത്.അതുകൊണ്ട് ഹരിയുടെ ആ മറുവാദത്തെ എനിയ്ക്കംഗീകരിക്കാനാവില്ല.എല്ലാവർക്കും മനസ്സിലാവാനായി കഥകളി താഴേക്കുപോരണ്ട.കഥകളി മനസ്സിലാവണം എന്നുള്ളവർ അങ്ങോട്ടുയർന്നാൽ മതി.
അയ്യോ! നാട്ടുരാജാവ് ഫെമിനിസം പറയുന്നു!കേകിയിൽ നരകാസുരപത്നി അങ്ങോട്ടു പ്രതികരിക്കാത്ത കാര്യം ഓർത്തെങ്കിലും ദമയന്തിയുടെ നൃത്തകലയെ അനങ്ങാതിരുന്ന് ഭാവിനളന്മാർ പ്രോത്സാഹിപ്പിക്കുമെന്ന് ഞാനും ഒപ്പം പ്രാർത്ഥിക്കാം.
ഇനി ജൂലിയ ക്രിസ്റ്റേവ,ഗിഗാറെ എന്നൊന്നും പറയരുത്...ഞാൻ ഓടട്ടെ....:)

Haree പറഞ്ഞു...

@ വികടശിരോമണി,
തീര്‍ച്ചയായും. ഞാന്‍ ‘മറുവാദം’ പറഞ്ഞതല്ല. ഗോപിയാശാന്‍ അങ്ങിനെ ചിന്തിച്ചാവും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞുവെന്നു മാത്രം. “കഥകളിയുടെ സൌന്ദര്യതലത്തിനനുസരിച്ച് ആ ബോധമില്ലാത്ത ആസ്വാദകന്റെ ആസ്വാദനസംസ്കാരം ഉയരുകയാണ് വേണ്ടത്.” - ഇങ്ങിനെ തന്നെയാണ് ഞാനും ചിന്തിക്കുന്നത്. ദുശ്ചോദ്യങ്ങള്‍ ചോദിക്കുകയോ, ഇരുവരും ചേര്‍ന്നുള്ള കൂടിയാട്ടമാക്കി മാറ്റുകയോ ആവരുത് എന്നു തന്നെയാണ് എന്റെയും വാദം. എന്നാല്‍ ദമയന്തിക്ക് അത്ഭുതമായതൊക്കെയും കാണുന്നതും കേള്‍ക്കുന്നതിനുമൊപ്പം, അല്പസ്വല്പം പ്രതികരണങ്ങളും നളനില്‍ നിന്നുമുണ്ടാവാം, അതിലും തറ്റില്ല; പക്ഷെ, ഓവറാക്കി കുളമാക്കുകയുമരുത്. :-)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--