മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ അവതരിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യ ഭാഗം
ഇവിടെ വായിക്കുക. തോന്നയ്ക്കല്‍ പീതാംബരനായിരുന്നു പുഷ്കരനായി രംഗത്തെത്തിയത്. “അരികില്‍ വന്നു നിന്നതാരെന്തഭിമതം?” എന്ന പുഷ്കരന്റെ ആദ്യ പദം, ഇടമട്ടിലുള്ളൊരു ചിട്ടപ്രധാനമായൊരു പദത്തിന്റെ ഘടനാപരമായ ഛായയുള്ള ഒന്നാണ്. എന്നാല്‍ സാധാരണയൊരു പദം പോലെ, മുദ്രകാണിച്ചു പോകുവാന്‍ മാത്രമേ പീതാംബരന് ശ്രമിച്ചുള്ളൂ. കലിയാല്‍ ഉത്തേജിതനാവുന്ന പുഷ്കരന്, ഉദ്യാനത്തില്‍ ദമയന്തിയുമായി കഴിയുന്ന നളന്റെ സമീപം ചെന്ന് ചൂതുവിളിക്കുന്നു. ചെന്നു കണ്ട്, പുഷ്കരനാണെന്നറിയുന്ന നളന് പുച്ഛത്തോടെ ദമയന്തിയോട് പറയുന്നു, ‘എനിക്കൊരു അര്ദ്ധസഹോദരനുള്ളതായി അറിയില്ലേ? അവനാണിവന്.’ എന്ന്.
പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ദമയന്തി നളന്റെ അര്‍ദ്ധസഹോദരനെ ആദ്യമായാണ് ഈ സമയം കാണുന്നത് എന്നതില്‍ അല്പം അതിശയോക്തിയുണ്ട്. ഇനി അത്രമേല്‍ അവഗണിക്കപ്പെട്ട നിലയിലായിരുന്നു പുഷ്കരന് എന്നുവരുന്നത്, നളന് ക്ഷീണവുമാണ്. ഇത്തരം സംശയങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കുവാനല്ലാതെ, മറ്റെന്തെങ്കിലും ഗുണം നളന്റെ ഈ വാചകം കൊണ്ടുണ്ടെന്നു തോന്നുന്നില്ല. ചൂതുകളിക്കിരിക്കുന്ന നളന്; കൈ തരിക്കല്‍, ഇടതു കണ്ണു തുടിക്കുക തുടങ്ങിയ ദുഃശകുനങ്ങള്‍ അനുഭവപ്പെടുന്നു. അവ കാര്യമാക്കാതെ ചൂതു തുടങ്ങുന്ന നളന് സര്‍വ്വതും നഷ്ടമാവുന്നു. പുറത്തു നിന്ന് കരയുകയായിരുന്ന ദമയന്തി, കാര്യങ്ങള്‍ കൈവിട്ടുപോവുന്നു എന്നതു മനസിലാക്കി കുട്ടികളെ സേവകന് മുഖേന ഭീമരാജ്യത്തേക്കയയ്ക്കുന്നു. പുഷ്കരന്റെ ദുര്‍വാക്കുകളില്‍ മനംനൊന്ത്, നളന് ദമയന്തിയോടു ചേര്‍ന്ന് വനത്തിലേക്ക് തിരിക്കുന്നു.
തനിക്കു വന്നുചേര്‍ന്ന സൌഭാഗ്യത്തില്‍ മദോന്മത്തനായി, “ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍...” എന്നയളവുവരെ പോവുന്നുണ്ട് പുഷ്കരനിവിടെ. വളരെ ഉന്മത്തനായുള്ള പുഷ്കരനെ വേണ്ടരീതിയില്‍ അവതരിപ്പിക്കുന്നതില്‍ തോന്നയ്ക്കല്‍ പീതാംബരന് വിജയിച്ചില്ല. ഭാവം മുഖത്തുണ്ടെങ്കിലും, പ്രായാധിക്യം മൂലമാവണം ആവശ്യത്തിനു വേണ്ട ഊര്‍ജ്ജം പുഷ്കരനു നല്കുന്നതില് അദ്ദേഹം പിന്നിലായിരുന്നു. “ഭൂമിയെന്നതുപോലെ...” എന്ന പദം ആടുവാന്‍ പലപ്പോഴും കലാമണ്ഡലം ഗോപി, പുഷ്കരനായി വേഷമിടുന്ന കലാകാരനെ അനുവദിക്കാറില്ല. ഇതു കേട്ടയുടനെ നിയന്ത്രണം വിടുന്ന നളനാണ്, മുദ്ര തീരുന്നതുവരെ നോക്കിയിരിക്കുന്ന് കോപിക്കുന്നതിലും നല്ലതും. ‘മല്ലാക്ഷിഭൈമിയേയുമൊല്ലാ കൊണ്ടങ്ങുപോകില്‍...’ എന്നതിനോടു ചേര്‍ത്ത് ‘ഭൂമിയെന്നതുപോലെ ഭൈമിയും...’ എന്നു കൂടി പുഷ്കരന് മുദ്ര അഭിനയിച്ചതിനു ശേഷം മാത്രം, ഗായകര്‍ ആ വരിയിലേക്ക് കടക്കുന്നതാണ് അതിനാല്‍ നല്ലതെന്നു തോന്നുന്നു. വരി ഒരിക്കല്‍ പാടുമ്പോള്‍ തന്നെ, ‘ചേരുമെന്നില്‍’ എന്നു കാണിച്ച് നിര്‍ത്തുവാനും ഇങ്ങിനെയാവുമ്പോള്‍ പുഷ്കരനു സാധിക്കും. അങ്ങിനെയല്ലെങ്കില്‍ നളന് പാട്ടുകേട്ട് ആടുകയാണെന്ന തോന്നലാണുണ്ടാവുക. നിരവധി രാജാക്കന്മാരുടെ സദസില്‍, ദേവകള്‍ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ ധരിച്ച ഈ കിരീടം, ഇന്ന് ഇവനായി ഉപേക്ഷിക്കേണ്ടിവന്നുവല്ലോ എന്നു സങ്കടപ്പെട്ട്, അര്‍ത്ഥഗര്‍ഭമായി അനുഗ്രഹിച്ച്, ദമയന്തിയോടൊപ്പം നളന് കാട്ടിലേക്ക് തിരിക്കുന്നു.
പക്ഷികളെ പിടിക്കുവാന്‍ ശ്രമിക്കവെ ഏകവസ്ത്രവും നഷ്ടപ്പെട്ട് ദമയന്തിയോടൊപ്പം നളന് വനത്തില്‍ പ്രവേശിക്കുന്നു. ദമയന്തിയെ തന്റെ നിസ്സഹായത പറയുന്ന നളന്റെ, “ഒരുനാളും നിരൂപിതം...” എന്ന പദമാണ് തുടര്‍ന്ന്. വിശപ്പും ദാഹവുമൊന്നുമല്ല, നമ്മളുടെ പൊരുത്തം പൊയ്പോയോ എന്നതാണ് വിഷമിപ്പിക്കുന്നത് എന്നു പറഞ്ഞ് തന്റെയൊപ്പം നില്ക്കുന്ന ദമയന്തി തന്നോടൊപ്പം വന്നാല്‍ കൂടുതല്‍ കഷ്ടത അനുഭവിക്കേണ്ടിവരുമെന്ന് നളന് തിരിച്ചറിയുന്നു. കാനനത്തിന്റെ ഭീകരത പറഞ്ഞു മനസിലാക്കി, ഇരുവഴികളിലൊന്നു ചൂണ്ടിക്കാട്ടി കുണ്ഡിനത്തിലേക്കുള്ള വഴിയിതാണെന്നു പറഞ്ഞു കൊടുത്ത് പതിയെ പിന്നിലോട്ടു നടക്കുന്ന നളന്റെയടുത്തേക്ക് ദമയന്തി തിരികെയെത്തുന്നു. യാത്രചെയ്ത് ക്ഷീണിതയായിരിക്കുന്ന ദമയന്തിയോട് തന്റെ മടിയില്‍ കിടന്നുറങ്ങുവാന്‍ നളന് പറയുന്നു. രാജകൊട്ടാരത്തില്‍ സര്‍വ്വസുഖങ്ങളോടും കഴിയേണ്ട ഇവള്‍ക്ക്, താന്‍ കാരണമായി ഇങ്ങിനെയൊരു ദുരന്തം വന്നുവല്ലോ എന്ന ചിന്ത നളനെ കൂടുതല്‍ ദുഃഖിപ്പിക്കുന്നു. ഒടുവില്‍, ദമയന്തിയുടെ പാതിവസ്ത്രവും മുറിച്ചെടുത്ത് നളന് നടന്നു മറയുന്നു.
കലിബാധയാല്‍ ഉന്മത്തനായ നളന് ദമയന്തിയെ പിരിയുന്ന രംഗം കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയ്ക്കും ഈ ഭാഗമായപ്പോഴേക്കും ഉണര്‍വ്വു വെച്ചു. മാര്‍ഗി രത്നാകരന് നന്നായി പിന്തുണയ്ക്കുകയും; പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് തുടങ്ങിയവര്‍ ഭാവമൊട്ടും കുറയാതെ ഗാനമാലപിക്കുകയും കൂടി ചെയ്തപ്പോള്‍ ഈ രംഗം വളരെ മികവു പുലര്‍ത്തി. ദുഃഖിതയായ ദമയന്തിക്ക്, ഘോരമായ വനത്തെക്കുറിച്ച് ഉള്ളാലെ ഭയവുമുണ്ട്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാര്‍ഗി വിജയകുമാറിന്റെ ഈ രംഗങ്ങളിലെ അഭിനയവും ശ്രദ്ധേയമാണ്. ഉന്മത്തനായി പിന്നിലേക്കും, ദീനനായി മുന്നിലേക്കും രണ്ടുമൂന്നു പ്രാവശ്യം നടന്ന്; ദിക്പാലകന്മാരോട് ഇവളെ ഹൃംസജന്തുക്കളില്‍ നിന്നും കാത്തുകൊള്ളണമെന്നപേക്ഷിച്ച് പെട്ടെന്ന് പിന്നിലേക്കു തിരിഞ്ഞു മറയുന്ന കലാമണ്ഡലം ഗോപിയുടെ നളന് പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവവേദ്യമായി. ഇവിടുത്തെ കളിയില്‍, ഈ ഭാഗമൊഴികെയുള്ള മറ്റു രംഗങ്ങളില്‍ ഗോപിയാശാന് നളനായി മാറുന്ന മായാജാലം അത്രയ്ക്കൊന്നും അനുഭവപ്പെട്ടില്ല എന്നുകൂടി പറയേണ്ടതുണ്ട്.
ഉറക്കമെഴുനേല്‍ക്കുന്ന ദമയന്തി നളനെ കാണാഞ്ഞ് പരിഭ്രമിക്കുന്നു. ഏതോ ദുഷ്ടശക്തിയുടെ പ്രേരണയാലാണ് നളന് ഈ തരത്തില്‍ തന്നോടുപോലും പെരുമാറുന്നത് എന്നുറയ്ക്കുന്ന ദമയന്തി, ആ വഞ്ചകനെ ശപിക്കുകയും ചെയ്യുന്നു. നളനെ തേടി നടക്കവെ ദമയന്തിയുടെ കാലില്‍ ഒരു പാമ്പ് പിടികൂടുന്നു. ദമയന്തിയുടെ നിലവിളി കേട്ട് ഉറക്കമുണരുന്ന ഒരു കാട്ടാളന് അവിടെ രക്ഷയ്ക്കെത്തുന്നു. എന്നാല്‍, ദമയന്തിയുടെ രൂപം കണ്ട് മോഹിക്കുന്ന കാട്ടാളന്, രക്ഷിച്ചതിനു ശേഷം ദമയന്തിയോട് തന്നോടൊപ്പം വസിക്കുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഒരു അപകടത്തില്‍ നിന്നും മറ്റൊന്നിലെത്തുന്ന ദമയന്തി, ഇതിന് ദേവേന്ദ്രന് നല്കിയ വരമാണ് തനിക്ക് ഉപകാരപ്പെടുക എന്നു ചിന്തിക്കുന്നു. ദമയന്തിയുടെ വ്രതശക്തിയാല്‍ കാട്ടാളന് ഭസ്മമായി മാറുന്നു.
തന്റെ ഭര്‍ത്താവ് സ്വബോധത്തോടെ ഇതു ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയില്‍ പ്രകടമാണ്. ദമയന്തിയുടെ ഈ ദൃഢനിശ്ചയമാണ് നളചരിതത്തെ തുടര്‍ന്നു നയിക്കുന്നത് എന്നതു വിചാരിക്കുമ്പോള്‍, ദമയന്തിയെന്ന കഥാപാത്രത്തിന്റെ ഈ രീതിയിലുള്ള അവതരണം അവശ്യമാണെന്നു കാണാം. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് കാട്ടാളനായി രംഗത്തെത്തിയത്. ഉറക്കം വിട്ടെഴുന്നേല്ക്കുന്ന കാട്ടാളന്, കല്ലുകള്‍ കൂട്ടിത്തിരുമ്മി തീയുണ്ടാക്കുന്നതും പന്തം കത്തിക്കുന്നതുമൊക്കെ ആടുകയുണ്ടായി. തുടര്‍ന്ന് പന്തം കെടുത്തി ശബ്ദത്തെക്കുറിച്ച് അന്വേഷിക്കുകതന്നെ എന്നുറയ്ക്കുകയും ചെയ്യുന്നു. ഈ ആട്ടം എന്തിനാണെന്ന് മനസിലാവുന്നില്ല. കാട്ടാളന്റെ ഉപജീവനത്തിന് ഹേതുവായുള്ള ആയുധങ്ങള്‍ മൂര്ച്ചകൂട്ടുന്നതും മറ്റും വിശദമായി ആടുന്നവരുണ്ട്. എന്നാല്‍, മൂര്‍ച്ചയുണ്ടോ എന്നൊന്ന് പരിശോധിച്ച് ആയുധങ്ങളുമെടുത്ത് പെട്ടെന്ന് തയ്യാറാവുകയാണ് നെല്ലിയോടിന്റെ കാട്ടാളന് ചെയ്തത്. മറ്റൊരു പ്രത്യേകത കണ്ടത്, കാട്ടാളന് ഒറ്റയ്ക്കല്ല താമസം എന്ന രീതീയിലായിരുന്നു അവതരണം എന്നതാണ്. ആരവമെന്തെന്നറിയുവാനായി പോവുന്നതിനു മുന്‍പ്, വാതിലടച്ചു കിടക്കുവാനായി ഉറങ്ങുന്നവരിലൊരാളെ (ഭാര്യയും മക്കളുമാണോ?) ഉണര്‍ത്തി പറയുകയും ചെയ്തു കാട്ടാളന്. ഒറ്റയ്ക്ക്, കാമപൂരണത്തിനുള്ള അവസ്ഥയില്ലാതെ കാട്ടില്‍ കഴിയുന്ന കാട്ടാളനാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു. ആപത്തില്‍ പെട്ടു കരയുന്ന സ്ത്രീയെ കാണുമ്പോള്‍ തന്നെ, രക്ഷിക്കുവാന്‍ ആലോചിക്കുന്നതിനും മുന്‍പ് കാമമാണല്ലോ കാട്ടാളനില്‍ ഉളവാകുന്നത്.
ദമയന്തിയെ കണ്ടയുടന്‍, വസ്ത്രം പോലും മുഴുവനില്ലാത്തത്രയും ഗതികേടിലാണിവള്‍ എന്നു കാട്ടാളന് മനസിലാക്കുകയുമുണ്ടായി. സാധാരണ കാട്ടാളന്മാര് ഇങ്ങിനെയൊരു കാര്യം ശ്രദ്ധിക്കുന്നതായി കണ്ടിട്ടില്ല. അനാവശ്യമായി പലപദങ്ങളും വിസ്തരിക്കുന്നതാണ് നെല്ലിയോടിന്റെ കാട്ടാളനില്‍ കണ്ട പ്രധാന പോരായ്മയായി തോന്നിയത്. എന്നാല്‍ പാമ്പിനെ കൊല്ലുന്നതിലും മറ്റും മിതത്വം പാലിക്കുകയും ചെയ്തു. “അംഗനേ ഞാനങ്ങു പോവതെങ്ങിനെ...” എന്നതിന്റെ തുടക്കത്തില്‍, ‘വാളെടുത്ത് വേണമെങ്കില്‍ നീയെന്റെ കഴുത്തുവെട്ടിക്കോളൂ, എന്നാലും ഞാന്‍ പോവില്ല!’ എന്നാടിയതും രസകരമായി തോന്നി. “അബലേ! നിന് വ്രതലോപോദ്യതന്‍...” എന്നതുള്ക്കൊണ്ട്, പൂവുകളിറുത്ത് ദമയന്തിയില്‍ വര്ഷിക്കുവാന് ഒരുമ്പിടവെയാണ് കാട്ടാളന് ഭസ്മമായിത്തീരുന്നത്. കാട്ടാളന്റെ ഭാഗത്തുനിന്നും ദമയന്തിക്ക് വ്രതലോപം വരുന്ന രീതിയില്‍ ഒരുദ്യമം ഉണ്ടാവണം എന്നതിനാല്‍ തന്നെ, ഏറ്റവും മിതമായ എങ്കില്‍ ആശയം വ്യക്തമാവുന്ന ഈ അവതരണം, വളരെ ഉചിതമായി തോന്നി. കാട്ടാളന്റെ ഭസ്മീകരണം ദമയന്തിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. ദമയന്തിയെ സംബന്ധിച്ചിടത്തോളം കാട്ടാളന് ഒരു വിഷയമേ ആവുന്നുമില്ല. ഇതു കണ്ട് സന്തോഷിക്കുകയും, കണക്കായിപ്പോയി എന്നൊക്കെ ആടുകയും ചെയ്യുന്ന ദമയന്തിമാരില് നിന്നും വിജയകുമാറിന്റെ ദമയന്തിയെ വേറിട്ടു നിര്‍ത്തുന്നതും ഈ പാത്രബോധം തന്നെയാണ്.
കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാനിലയം രാജീവന് എന്നിവരാണ് കാട്ടാളന്റെ ഭാഗം മുതല്‍ക്ക് ആലപിച്ചത്. മൂന്നോ നാലോ പ്രാവശ്യം കൃഷ്ണന്‍കുട്ടിക്ക് പദങ്ങള്‍ തോന്നാതിരിക്കുകയോ, മാറിപ്പോവുകയോ ചെയ്യുകയുണ്ടായി. കൃഷ്ണന്‍കുട്ടിയുടെ പാട്ടിനെ അനുഗമിക്കുകയല്ലാതെ, തന്റേതായ രീതിയില്‍ പാടുകയാണ് രാജീവന് ഇവിടെ ചെയ്തത്. സംഗീതം, ഭാവം എന്നിവ രാജീവന്റെ വഴിക്ക് കൂടുതലുണ്ടെങ്കിലും, കഥകളിയെ സംബന്ധിച്ചിടത്തോളം രണ്ടു ഗായകരും രണ്ടു രീതിയില്‍ പാടുന്നത് അഭികാമ്യമാണെന്നു തോന്നുന്നില്ല. മാര്‍ഗി വേണുഗോപാല്‍, കലാമണ്ഡലം രാജേന്ദ്രന് എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും തരക്കേടില്ലാതെ പ്രവര്‍ത്തിച്ചുവെങ്കിലും, കാട്ടാളന്റെ ഇടയ്ക്കിടെയുള്ള നൃത്തങ്ങള്‍ക്ക് ചേരുന്ന താളം നല്കുവാന് ഇരുവരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമമൊന്നും ഉണ്ടായതുമില്ല.
മുന്‍വശം പണി പൂര്‍ത്തിയാവാത്ത സ്റ്റേജ്, ഇരുവശവും മറയ്ക്കുവാനായി ഒന്നുമില്ല, പ്രകടമായി മുന്നില്‍ തന്നെ ഇരുവശവും ഫാനുകള്‍, ചുറ്റും ഗംഭീരന്‍ സ്പീക്കറുകള്‍, ഇതിനൊക്കെ പുറമേ പ്രേക്ഷകനൊന്നു തലവെട്ടിച്ചാല്‍ കാണുവാന്‍ പാകത്തില്‍ സ്റ്റേജിനോടു ചേര്‍ന്നു തന്നെ അണിയറയും. നടന്മാരില് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേക്ഷകര്‍ വല്ലാതെ ശ്രമപ്പെടേണ്ട അവസ്ഥ. ആട്ടവും പാട്ടും കൊട്ടുമൊന്നും വേണ്ടുംവണ്ണം ആസ്വാദ്യകരമായി അനുഭവപ്പെടാത്തതില്‍ ഇവിടുത്തെ രംഗസജ്ജീകരണങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കലിയുടേയും കാട്ടാളന്റേയും വേഷങ്ങള്‍ക്ക് വെളുപ്പ് ഉത്തരീയം തന്നെ ഉപയോഗിച്ചിരിക്കുന്നതു കണ്ടു. കറുത്ത ഉത്തരീയം മാര്‍ഗി കളിയോഗത്തിന് ഇല്ലാത്തതുകൊണ്ടല്ല, ഇങ്ങിനെയൊക്കെ മതി എന്ന അലംഭാവമാണിതെന്ന് വ്യക്തം. പിന്നിലായി ഇളം നിറത്തില്‍ എടുത്തു കാണിക്കുന്ന ‘മാര്‍ഗി’ എന്നെഴുതിയ ബാനറും അരങ്ങിനു ചേര്‍ന്നതല്ല. ആവശ്യമെങ്കില്‍ അത്രയൊന്നും പ്രകടമല്ലാത്ത ഇരുണ്ട നിറങ്ങളുപയോഗിച്ചുള്ള ബാനര്‍ ആകാവുന്നതാണ്. ഇങ്ങിനെയുള്ള കാര്യങ്ങളിലൊക്കെയും മാര്‍ഗി പോലെയൊരു സ്ഥാപനം നിഷ്കര്‍ഷ പുലര്‍ത്തുവാന്‍ ശ്രമിക്കാത്തത് ഖേദകരമെന്നു തന്നെ പറയണം. വേഷത്തിന് ഗൌരവം കുറവായതിനാല്‍ കലാമണ്ഡലമാണ് ദ്വാപരന്റെ വേഷം ചുവപ്പുതാടിയാക്കുകയെന്ന ഹീനകൃത്യം ചെയ്തതെന്നു കേള്‍ക്കുന്നു. പച്ചയേക്കാള്‍ പ്രൌഢി കത്തിയ്ക്കാണെന്നു കണ്ട്, നളനെ കത്തിയാക്കുവാന്‍ തീരുമാനിക്കുന്നതിലുള്ള മൂഢത്വം ഇതിലുമുണ്ട്, ചെറുവേഷമായതിനാല്‍ അത് ഗൌരവത്തോടെ കണ്ടില്ലെന്നു മാത്രം. ചുരുക്കത്തില്‍; അത്രയൊന്നും കഥകളിക്ക് ചേരുന്ന അന്തരീക്ഷമല്ലാതിരുന്നിട്ടും, കലാകാരന്മാരുടെ പ്രകടനത്തിന്റെ ബലത്തില്‍ തരക്കേടില്ലാത്തതായി അനുഭവപ്പെട്ട ഒന്നായിരുന്നു ഇടയാവണത്ത് അവതരിപ്പിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’.
Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--
16 അഭിപ്രായങ്ങൾ:
ഇടയാവണത്തു നടന്ന ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനം - രണ്ടാം ഭാഗം.
--
ഉത്സവക്കമ്മറ്റികള്‍ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന പരിപാടികള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാത്തത് ഖേദകരം തന്നെയാണു. കലാകാരന്മാരും ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധി കാണിക്കറില്ല എന്നു തോന്നുന്നു. പശ്ചാത്തലചാരുതയും കഥാസ്വാദനത്തെ ബാധിക്കുന്നതാണു. കളിയ്ക്കുവേണ്ട പല പ്രോപ്പര്‍ട്ടികളും കാണികളുടെ മുന്പില് വച്ചാണു സംഘടിപ്പിക്കാറുള്ളതു (പന്തം, മുന്‍പില്‍ക്കൂടെ സ്റ്റേജില്‍ ക്കയറാനുള്ള പടി തുടങ്ങിയവ).ഇക്കാര്യ്ങ്ങളില് കുറച്ചുകൂടെ ശ്രദ്ധ ആകാം എന്നു തോന്നുന്നു.
കോപ്പിന്റെ അശ്രദ്ധകൾ നാൾക്കുനാൾ കൂടിവരുന്നു.
‘ഇത്രയൊക്കെ മതി’എന്ന് തോന്നിത്തുടങ്ങിയോ നടന്മാർക്കും?
നല്ല പോസ്റ്റ്,ഹരീ.
വികടശിരോമണിയുടെ കമന്റിനു താഴെ ഒരൊപ്പ്...
ആര്‍ക്കാണ് ഇപ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം? പല കളിയോഗങ്ങളുടേയും കോപ്പുകളില്‍ വേണ്ടത്ര കിരീടങ്ങളോ മറ്റു ആഭരണങ്ങളോ ഇല്ല. ഉള്ളതുതന്നെ നന്നായി സൂക്ഷിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യുന്നില്ല. കളികള്‍ കൂടിയതിനാലും, ഉണക്കാനുള്ള സ്ഥല പരിമിതിയാലും നിഷ്കര്‍ഷ കുറവിനാലും ഇന്ന് തുണിക്ക് പകരം ചാക്കുകള്‍ ഉപയോഗിച്ച് തുടങ്ങി. അതിന്റെ വൃത്തികേട് പറയാതിരിക്കുകയാണ് ഭേദം.
ഗോപിയാശാന് നളചരിതം രണ്ടില്‍ രണ്ട് കാര്യങ്ങളേ ഇപ്പോള്‍ ശ്രദ്ധിച്ച് കാണാറുള്ളു; പതിഞ്ഞ പദവും വേര്‍പാടും .. ബാക്കി ഒക്കെ ആശാന് പറയാറ് “അത് അങ്ങിനെ ഒക്കെ പോകും.”
പിന്നെ കാട്ടാളന്. ഹരി രാമകുട്ടിയാശന്റെ കാട്ടാളന് കണ്ടിട്ടുണ്ടോ? ആശാന് ദമയന്തിയുടെ വസ്ത്രത്തെ പറ്റി വളരെ മനോഹരമായി ചുരുക്കി ആടി കണ്ടിട്ടുണ്ട്. ഒരൂ പക്ഷെ നളചരിതം കാട്ടാളനെ ഒരു ആദ്യാവസാന വേഷമായി ഉയര്‍ത്തിയതില്‍ മുഖ്യ പങ്ക് രാമന്‍കുട്ടി ആശാനായിരിക്കണം.
oru Off:
ഹരീ, ഇതുവരെ കഥകളി അതിന്റെ പൂര്‍ണ രൂപത്തില്‍ കണ്ടിട്ടില്ല..കാപ്സൂള്് പരുവം മാത്രം കണ്ടു.
വിഷുവിനു നാട്ടില്‍ വരുന്നുണ്ട് ഞങ്ങള്‍..ഏപ്രില്‍ 9 മുതല്‍ 15 വരെ നാട്ടിലുണ്ടാകും..ഇതിനിടയില്‍ എവിടെയെന്കിലും കഥകളി ഉണ്ടോ? ഹരിക്ക് അറിയാമെന്കില് സമയവും മറ്റു കാര്യങ്ങളും ഒന്ന് തരാമോ? ആലപ്പുഴ അല്ലെങ്കില്‍ കോഴിക്കോട് ഈ രണ്ടു സ്ഥലങ്ങള്‍ക്ക് അടുത്തെവിടെയെങ്കിലും ആയാല്‍് വളരെ നന്നായിരുന്നു :))
ഹരീ
അവലോകനം നന്നായി. സൂക്ഷ്മമായി അപഗ്രഥിക്കുവാന്‍ കാണിക്കുന്ന ശ്രദ്ധയ്ക്ക് അഭിനന്ദനങ്ങള്‍. ദ്വാപരന്റെ ചോന്ന താടിയോടുള്ള പ്രതിഷേധം ബോധിച്ചു :-)
വേര്പാടിന് കരഞ്ഞ് കരഞ്ഞ് നിന്ന് വരുകയും പോവുകയും ചെയ്ത് പിന്നെയും കരയുന്ന നളന്മാരില്‍ നിന്നും ഗോപിയാശാനെ വേറിട്ടു നിര്‍ത്തുന്നത് കലി ബാധിച്ച നളന്റെ മനസ്സ് ഭ്രാന്തമാണെന്നും പുനര്‍വിചിന്തനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കാണിക്കുന്ന ആകെ പരിഭ്രമിച്ചുള്ള ആ പോക്കിലാണ്.
ഓ.ടോ
ഗോപിയാശാന്റെയും(ബാഹുകന്) വൈക്കം കരുണാകരനാശാന്റെയും (സുദേവന്) മൂന്നാം ദിവസത്തെ ഇന്ററാക്ഷന് കേമമായിരുന്നു എന്നോര്‍ക്കുന്നു.
“അബലേ! നിന് വ്രതലോപോദ്യതന്‍...” എന്നതുള്ക്കൊണ്ട്, പൂവുകളിറുത്ത് ദമയന്തിയില്‍ വര്ഷിക്കുവാന് ഒരുമ്പിടവെയാണ് കാട്ടാളന് ഭസ്മമായിത്തീരുന്നത്. കാട്ടാളന്റെ ഭാഗത്തുനിന്നും ദമയന്തിക്ക് വ്രതലോപം വരുന്ന രീതിയില്‍ ഒരുദ്യമം ഉണ്ടാവണം എന്നതിനാല്‍ തന്നെ, ഏറ്റവും മിതമായ എങ്കില്‍ ആശയം വ്യക്തമാവുന്ന ഈ അവതരണം, വളരെ ഉചിതമായി തോന്നി.
I mentioned in one of my earlier posts that there is no ‘amarendra varam’ mentioned anywhere in Nalacharitham Attakkatha and it’s an error somehow crept in the literature. Unnayi’s Kattalan is a very cultured and refined individual, who will not make any uncultured advances to a lady, to invite a curse from her. So there is no need for this rangam in the kathakali.
But then the kattalan of ‘Nalopakhyanam' (MAHABHARATHAM)’ is indeed an uncivilized man who makes such advances to Damayanthi
‘avale kshudranappapi nokkee pothipidikkuvaan’
and Damayanthi (Mahabharatam) curses the Kattalan.
In kathakali if we want to use these dramatic scenes, then it should be done at least the way it’s prescribed in Mahabharatham. Putting some flowers on Damayanthi is not a ‘vrathalopodyamam’ or such a big crime to curse a man to death. For that Kattalan should have made a serious advance like ‘avale pothipidikkan sramicchu’.
There are several many such inconsistencies in Nalacharitham attakkatha and its staged version. Some mixing up of literature (Mahabharam, Naishadeeyam and the attakkatha) is quite evident.
കാട്ടാളന്റെ ഭസ്മീകരണം ദമയന്തിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. ദമയന്തിയെ സംബന്ധിച്ചിടത്തോളം കാട്ടാളന് ഒരു വിഷയമേ ആവുന്നുമില്ല.
Unnayi Varrier’s Nalacharitham Damayanthi is not this. That Damayanthi should feel very bad when the Kaattalan is killed; because he is the one who saved her life just minutes before. Unnayi’s Damayanthi didn’t curse the kattalan but only made her prayers to Gods.
ഇതു കണ്ട് സന്തോഷിക്കുകയും, കണക്കായിപ്പോയി എന്നൊക്കെ ആടുകയും ചെയ്യുന്ന ദമയന്തിമാരില് നിന്നും വിജയകുമാറിന്റെ ദമയന്തിയെ വേറിട്ടു നിര്‍ത്തുന്നതും ഈ പാത്രബോധം തന്നെയാണ്.
Yes, this is fine. Unnayi’s Damayanthi cannot do all such menial acts like Vyasan’s Damayanthi (this reference is only w.r.t to this rangam. Otherwise Vyasan’s Damayanthi is also equally noble and cultured).
ചെന്നു കണ്ട്, പുഷ്കരനാണെന്നറിയുന്ന നളന് പുച്ഛത്തോടെ ദമയന്തിയോട് പറയുന്നു, ‘എനിക്കൊരു അര്ദ്ധസഹോദരനുള്ളതായി അറിയില്ലേ? അവനാണിവന്.’ എന്ന്.
Who told like this? Unnayi’s Nalan or the stage artist? I don’t think Unnayi's Nalan ask any such question. In fact the padam is quite clear ‘njaan jeshtan nee ennaniyan’. Then from where this usage of ‘arthasahodaran’ comes. Well, God only knows why Pushkaran was not introduced to Damayanthi all these twelve years! Hopefully some innovative kathakali artist will come out with a theory for this shortly!
Mohandas
@ ധ്രഷ്ടദ്യുമ്നന്‍,
അതെയതെ, കലാകാരന്മാരും ഇതിലൊന്നും അധികം ശ്രദ്ധിക്കാറില്ല. ഉള്ള സ്ഥലത്ത്, പറ്റുന്നതുപോലെ കളിച്ചിട്ട് പോവും. :-)
@ വികടശിരോമണി, ചാണക്യന്,
:-) നന്ദി.
@ ശ്രീകാന്ത് അവണാവ്,
തുണിക്ക് പകരം ചാക്ക്? അത് കച്ചയ്ക്കല്ലേ? ഭാരക്കുറവിനാലും കുറച്ചിട്ടാല്‍ തന്നെ നല്ല പൊക്കം വെയ്ക്കും എന്നതിനാലുമാണ് പ്ലാസ്റ്റിക്ക് ചാക്കുകളിലേക്ക് മാറിയത്. അല്ലെങ്കില്‍ തന്നെ രണ്ടാം ദിവസത്തില്‍ നളന് പിന്നെ എന്താണുള്ളത്? പുഷ്കരനുമായുള്ള രംഗം? അതിപ്പോള്‍ ചൂതൊക്കെ വേഗത്തില്‍ കഴിച്ചു കൂട്ടിയാലും കോട്ടമൊന്നും വരുവാനില്ലെന്നു തോന്നുന്നു. രാമന്‍കുട്ടി നായരാശാന്റെ കണ്ടിട്ടില്ല. എങ്ങിനെയാണ് അദ്ദേഹം ആടാറുള്ളത്?
@ മേരിക്കുട്ടി(Marykutty),
ഇവിടെ ഒന്നു നോക്കൂ. പിന്നെ ഏപ്രില്‍ 9, 10 തീയതികളിലാണ് ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികവും. ആദ്യ ദിവസം കലാമണ്ഡലം ഗോപി, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരുണ്ടാവും. (വിശദമായ വിവരങ്ങള്‍ ലഭ്യമായാല്‍ അത് മേല്പറഞ്ഞ സൈറ്റില്‍ ചേര്‍ക്കുന്നതാണ്.)
@ നിഷ്കളങ്കന്,
നന്ദി. :-) ആരെങ്കിലുമൊക്കെ മുഖേന പ്രതിഷേധം കലാകാരന്മാരിലെത്തുമെന്നു കരുതാം. വൈക്കം കരുണാകരനാശാനെ കണ്ടിട്ടില്ല. :-( എന്തൊക്കെയാണ് ആടാറുള്ളത്? അതോ, ആടുന്നതൊക്കെ ഇപ്പോള്‍ കാണുന്നതു തന്നെയെങ്കിലും അവതരണമാണോ മികച്ചതാവുന്നത്?
@ mohan,
> “no ‘amarendra varam’ mentioned anywhere in Nalacharitham Attakkatha” - “അബലേ! നിന് വ്രതലോപോദ്യതന്‍ ഭസ്മീഭവിപ്പൂ, എന്നമരേന്ദ്രവരമൊന്നുണ്ടിതിന്നിന്നുപകരിപ്പൂ!” ഇത് നളചരിതത്തിലെ പദമല്ലേ! മഹാഭാരതത്തില്‍ / നൈഷധീയത്തില് പറഞ്ഞിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്? അതെന്തുതന്നെയായാലും, ആട്ടക്കഥയില്‍ അമരേന്ദ്രവരമാണ് കാട്ടാളന് നശിക്കുവാനുള്ള ഹേതു.
> വ്രതലോപോദ്യതന്‍ എന്നു പറയുമ്പോള്‍ അത് ദമയന്തിയെ കയറി പിടിച്ചെങ്കില്‍ മാത്രമേ ആവൂ എന്നില്ല. വ്രതലോപത്തിനായി ഉദ്യമിച്ചാല്‍ മതി, കയറിപ്പിടിക്കുവാന്‍ എഴുനേല്‍ക്കുമ്പോഴേ ഭസ്മമാവുമെന്നു സാരം. ഒരു തുടക്കമെന്ന നിലയില്‍ കാട്ടാളന് പൂക്കളിറുത്ത് ദേഹത്തിടുന്നു, അത് കാമവാഞ്ഛയുടെ അടയാളം തന്നെയാണ്, അത്രയും പ്രകടനം മതി കാട്ടാളന് നശിക്കുവാന്‍.
> “So there is no need for this rangam in the kathakali.” - മനസിലായില്ല! കാട്ടാളന് ദഹിക്കുകയേ വേണ്ടെന്നോ? ഇവിടെ അവതരിപ്പിച്ച രീതി ഉചിതമായിരുന്നു. ഏതെങ്കിലും രീതിയിലൊരു ഉദ്യമം, അത് കടന്നുപിടിക്കുന്നത് ആവുകയുമരുത്, അത് ആവശ്യമാണ്. പൂക്കളിറിത്തിടുകയല്ലാതെ പീഠത്തിലിരുന്നു തന്നെ, ഇനി ഇവളോട് സമ്മതം ചോദിച്ചിട്ട് കാര്യമില്ല, ഇവളെ പ്രാപിക്കുക തന്നെ എന്നാടിയാലും മതിയാവും. അങ്ങിനെ ചിന്തിച്ച് എഴുനേല്‍ക്കുമ്പോള്‍ ഭസ്മമാവുന്നു. ദമയന്തി സമ്മതിച്ചാല്‍ മാത്രം പത്നിയാക്കാം, അല്ലെങ്കിലങ്ങ് മടങ്ങിപ്പോവാം എന്നല്ല ഉണ്ണായിയുടെ കാട്ടാളന് വിചാരിക്കുന്നതും.
> “That Damayanthi should feel very bad when the Kaattalan is killed; because he is the one who saved her life just minutes before.” - വിയോജിക്കുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ദമയന്തി, കാട്ടാളന്റെ മരണം ദൈവനിശ്ചയമാണിതെന്ന് അറിവുള്ളവളാണ്; ദമയന്തി ഒരിക്കലും കാട്ടാളന്റെ കാര്യത്തില്‍ തത്പരയല്ല. നളനെ തേടിയുള്ള തന്റെ യാത്ര തുടരുകയാണ് ദമയന്തി ചെയ്യുന്നത്, കാട്ടാളന്റെ മരണം തീര്‍ച്ചയായും ദമയന്തിക്ക് ഒരു വിഷയമല്ല. (ദമയന്തി ശപിച്ചു എന്ന് ഉണ്ണായി എഴുതിയെന്നോ, അരങ്ങില്‍ കാണിച്ചുവെന്നോ ഞാന്‍ എവിടെയും എഴുതിയിട്ടില്ല.) ഈ രംഗം എങ്ങിനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് താങ്കളുടെ ധാരണ വ്യക്തമായി എഴുതിയാല്‍ നന്നായിരിക്കും.
> നളന് ജേഷ്ഠനും, പുഷ്കരന് അനുജനും; അത് അര്ദ്ധസഹോദരനാണെങ്കിലും, സഹോദരനാണെങ്കിലും അങ്ങിനെതന്നെയല്ലേ പറയുവാന്‍ കഴിയൂ! വീരസേനനാണ് ഇരുവരുടേയും അച്ഛനെങ്കിലും; മാതാവ് ഇരുവരുടേയും വേറെയാണ് എന്നാണ് എന്റെ ധാരണ. (പരിശോധിക്കാം, ശരിയാണോ എന്നത്.) സ്വന്തം സഹോദരനെങ്കില്‍, ഇത്രയും അവഗണിക്കപ്പെട്ട നിലയിലാവില്ലായിരുന്നല്ലോ പുഷ്കരന് കഴിയുക!
--
Hello,
'andiyaanoo mangayanoo moothathu' enna nilayilulla discussion aakumo?
What I have written is not my version of the aattakkatha, but a sensible interpretation strictly based on the literature, which any serious researcher in this area can gather.
1. “അബലേ! നിന് വ്രതലോപോദ്യതന്‍ ഭസ്മീഭവിപ്പൂ, എന്നമരേന്ദ്രവരമൊന്നുണ്ടിതിന്നിന്നുപകരിപ്പൂ!”
There is only this 'reference' of of a 'varam' in the two lines, otherwise where is the substantial 'varam' referred to any Deva given in the aattakkatha? Unlike this one instance, you will see all other 'varams'given by Indra, Agni,Yama and Varuna vividly in Scene 13, padam 33, charanam (1-4).So, there is inconsistency.
2. In contrast to the above scene, in 'Mahabharatam' Damayanthi curses the kattalan when he tries to embrace her as
'if I haven't thought of any man other than Nalan in my life, then please kill this kattalan instantaneously'.
3. On the stage, artists mix these two different contexts together and hence often the inconsitencies become glaring. For Vyasan a very serious advance from the kattalan (trying to embrace Damayanthi)only amounts to 'pathivruthya vruthalopam' and hence allows Damayanthi to curse the Kattalan. But you consider that even sprinkling of some flowers is a 'vruthalopam' and enough reason for the curse. Sorry, I can't buy the argument and I am with Vyasan because he is more sensible.
4. Then the question is: how to end this rangam? Strictly going by 'Nalacharitham aattakkatha sahityam' with reference to the characters of Kattalan and Damayanthi, this needs to be done very carefully. Both the Kattalan and Damayanthi cannot behave rudely like their counterparts in Mahabharatam, because the characters are very different. So, to me, the method adopted presently by sensible artists (Kattalan diturbing Damayanthi too much and she prays God to save her from the situation) is OK as a trade off. But then please don't tell that sprinkling some flowers on Damayanthi is an act of 'outraging her modesty' which calls for a curse and so on.
5. If you study the character of Unnayi's Damayanthi well, you will agree with me that Damayanthi will feel bad on the death of the kattalan, her pranadada. In fact eminent artists understands this very well and hence they do not attempt to curse the kattalan and rejoice in his death.
I write in the blog, because I feel it is a proper place for disseminating a better version of Nalacharitham to the rasikas. I notice terrible distortions in the way the attakkatha is interpreted, not only by layman rasikas, but even by celebrated critics. Hence I have been writing a series of articles in 'SAHITHYAPOSHINI' magazine on these issues, as the way I look at those.
Please understand that it's not a question of agreement or disagreement, but it's a matter of giving a correct information to the public on this wonderful aattakkatha.
Mohandas
ഹരി,
കാട്ടാളന് വിടാതെ പിന്നാലെ കൂടിയിരിക്കുന്നതു തന്നെ വ്രതലോപത്തിനു തുല്യമാണ്. അതു തന്നെയാണല്ലോ പദത്തിലും സൂചിപ്പിക്കുന്നത്. നിസ്സഹായവസ്ഥയിലാണ് ദമയന്തി ഇതു ചെയ്യുന്നത്. അതിനാല്‍ വേറെ എന്തെങ്കിലും കാട്ടാളന് കാട്ടണമെന്നില്ല. പിന്നെ ദമയന്തി അതു കണ്ട് പൊട്ടി കരയണം എന്നില്ല. വളരെ സൂക്ഷമായി കാണിച്ചാല്‍ മതി. ശിവരാമാശന് കാണിക്കും പോലെ. :)
നിഷ്ക്കളങ്കന്‍,
വൈക്കം കരുണാകരാശന്റെ സുദേവന് ഇപ്പോഴും മനസ്സിലുണ്ട്. വേറെ ആരും ഈ കഥാപാത്രം ഇത്ര രസകരമായി അവതരിപ്പിച്ചു കണ്ടട്ടില്ല, ഇന്നു പലരും അദ്ദേഹത്തെ അനുകരിക്കുകയാണ് ചെയ്യുന്നതെങ്കിലും.
@ mohan,
1. The instance is only once, it's not a reason for neglecting it. For me (according to the Attakatha), it's Devandran's varam and NOT Damayanthi cursing Kattalan.
2. Artists should only follow Attakkatha.
3. There's no need to mix things. Sprinkling of some flowers is enough. It's not a 'vruthalopam' by the way, it's only a 'vruthalopodyamam'; according to the 'varam', he cannot advance to 'vruthalopam'. I dont think I can simply sprinkle flowers on a girl I just met or saved from something. And that too after saying "Thazhchavarathe Vazhka...", "Vazhcha Namukkavide, Vanasukham aararinju!" etc. So, Kattalan sprinkling flowers is good enough to make the 'varam' function or just thinking about making love with Damayanthi is enough.
4. "...which calls for a curse and so on." - Repeatedly saying, Damayanthi cursing Kattalan; it's NOT like that. Again, sprinkling of flowers showing the intention is enough; as mentioned earlier is's not a 'vrithalopam' but surely a 'vrithalopodyamam'.
"Kattalan diturbing Damayanthi too much and she prays God to save her from the situation" - "അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ, അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ... അബലേ നിന് വ്രതലോപോദ്യതന്‍ ഭസ്മീഭവിപ്പൂ, എന്നമരേന്ദ്രവരമൊന്നുണ്ടിതിന്നിന്നുപകരിപ്പൂ..." - There's no time for Kattalan to disturb Damayanthi, as soon as the padam ends he's feeling the heat and in no-time he's falling dead. Or else, there should be some manodharmam after the padam. Kattalan disturbs Damayanthi a lot and then she again prays... If it's presented like this, the whole scene will be spoiled. Ok, tell me what the actor should show on stage to portray 'too much disturabance'? (It should end with in these lines and should give Damayanthi enough time to show mudras for the padam. Both singers will sing the line once, that's the time available.) I don't think sensible artists will do something like this!
5. I dont agree. Damayanthi is not even worried about her death, she's only praying "സാഹസപ്രിയ! നീയെന്‍ മരണവും കേട്ടാല്‍, സ്നേഹസദൃശം ചെയ്ക സ്മരണവും...", and she don't even pray to god to save her life, that time. If she's not bothered about her own life, there's no chance she bother about Kattalan's life. And since it happened because of the Varam, she will not be thinking like, "Oh! poor Kattalan, he saved my life, still he face death...". Please agian note, nobody portrays Damayanthi cursing Kattalan, she only prays. And she's not rejoicing or becoming sad; she's not at all bothered about him, that's the apt way of portraying Damayanthi.
Correctness, if there's a correct answer like 2 + 2 = 4 for these things, there's nothing to debate. I'm not saying my version is correct, but according to my understanding and the way I interpret things, this is the way it goes. And I cannot agree with you because of the above explained reasons.
@ ശ്രീകാന്ത് അവണാവ്,
വിടാതെ പിന്നാലെ കൂടിയിരിക്കുന്നത് (കാട്ടാളന്റെ അവസാനപദം) ഇംഗിതം വെളിവാക്കുക മാത്രമാണ്. അതില്‍ അവന് ഏതെങ്കിലും തരത്തില്‍ ഉദ്യമിക്കുന്നില്ല. അത്രയും പറയുമ്പോളെല്ലാം ദമയന്തി താതപര്യം കാണിക്കുന്നില്ല എന്നു കണ്ട് മടങ്ങിയിരുന്നെങ്കില്‍ കാട്ടാളന്റെ ഗതി ഇതാവില്ലല്ലോ! എന്തെങ്കിലുമൊരു ഉദ്യമം, അത് പൂവിടുന്നതാവണമെന്നില്ല, ആവശ്യമാണ്. ചിലര്‍ കാണിക്കുക, ഇവളോടൊത്ത് ഇനി രമിക്കുക തന്നെ എന്നാണ്. ഈ ചിന്തയോടെ എഴുനേല്‍ക്കുമ്പോള്‍ (ദമയന്തിയുടെ പദമപ്പോള് അവസാനിച്ചിട്ടുണ്ടാവും) ഭസ്മമായി തീരുന്നു. കാട്ടാളന് വെറുതേയിരിക്കുന്നു, ദമയന്തി പദമാടിത്തീരുമ്പോള് നേരേ എഴുന്നേറ്റ് ഭസ്മമായി തീരുന്നു. ഇങ്ങിനെ അവതരിപ്പിക്കുന്നതിലും എന്തുകൊണ്ടും നല്ലത് മേല്പറഞ്ഞ രീതികളില്‍ ആടുന്നതാണ്. ദമയന്തിക്ക് കാട്ടാളനോട് ഒരു അനുകമ്പയുമില്ല, സൂക്ഷ്മമായിപ്പോലും കാണിക്കേണ്ടതുമില്ല. നളനെയോര്ത്തു മാത്രമാണ് ദമയന്തിക്ക് വ്യാകുലത. നളനെ തേടിയുള്ള യാത്ര ദമയന്തി തുടരുന്നു, അത്രതന്നെ!
വൈക്കം കരുണാകരനാശാന്‍ അവതരിപ്പിച്ചതു കേമം എന്നു മാത്രമെഴുതാതെ, എന്താണതില്‍ അദ്ദേഹം ചെയ്യാറുണ്ടായിരുന്നത് എന്നു കൂടി എഴുതൂ... :-)
--
നിസ്സഹായവസ്ഥയിലാണ് ദമയന്തി ഇതു ചെയ്യുന്നത്. അതിനാല്‍ വേറെ എന്തെങ്കിലും കാട്ടാളന് കാട്ടണമെന്നില്ല. പിന്നെ ദമയന്തി അതു കണ്ട് പൊട്ടി കരയണം എന്നില്ല. വളരെ സൂക്ഷമായി കാണിച്ചാല്‍ മതി. ശിവരാമാശന് കാണിക്കും പോലെ. :)
yes, you said it partly!Damayanthi need not cry. Also she should not altogether ignore what's happening on the scene. Yes, sensible artists like Sivaraman knows how to manage it.
Haree, a blog space has its own limitations for serious and prolonged debates on an issue. I believe, beyond a level, such issues can be written up as an article so that all interested can read it and debate with their points in a wider public domain.
bye
Mohandas
Haree, Kattalan with family Keshpadam Asan Adikandittundu. Pinne Vaikam Karunakaran Asanekurichu entha parayuka? Nishkalankan paranjathupole Sudevan kemamayirunnu. athupole hamsam. Oru nashtabodham thonnunu.
Haree -- Velutha Uthareeyam.... You said it
ചര്‍ച്ച ഇങ്ങിനെ ഉപസംഹരിക്കാമെന്നു തോന്നുന്നു.
1. കാട്ടാളന് പൂവുകളിറുത്ത് ദമയന്തിയില്‍ വര്‍ഷിക്കുകയും, അത്തരമൊരു ഉദ്യമത്തിനു മുതിര്‍ന്നതിനാല്‍, ദേവേന്ദ്രന് ദമയന്തിക്കു നല്കിയ വരശക്തിയാല്‍ കാട്ടാളന് ദഹിക്കുകയും ചെയ്യുന്നു. കാട്ടാളന്റെ ഉദ്യമം വളരെ വ്യക്തമായി, മിതമായി അവതരിപ്പിച്ചത് ഉചിതമായി എന്നാണ് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്.
• അമരേന്ദ്രവരം ഉണ്ടോ ഇല്ലയോ എന്നു തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇവിടെമാത്രമാണ് അങ്ങിനെ പറയുന്നതെങ്കില്‍ തന്നെയും, ആട്ടക്കഥയെ സംബന്ധിച്ചിടത്തോളം അത് സുവ്യക്തമാണ്. ദേവേന്ദ്രന് തനിക്കു നല്കിയ വരം ഇവിടെ ഉപകരിക്കും എന്ന രീതിയില്‍ പ്രാര്‍ത്ഥിക്കുകയാണ് ദമയന്തി ചെയ്യേണ്ടത്.
• പൂവിടുന്നത് ഒരു ഉദ്യമമായി കണക്കാക്കുവാനാവില്ല, അതില്‍ കൂടുതല്‍ എന്തെങ്കിലും കാട്ടാളന് ചെയ്യണം, കാട്ടാളന് വല്ലാതെ ദമയന്തിയെ ശല്യപ്പെടുത്തണം എന്നീ mohan-ന്റെ വാദങ്ങളോട് യോജിക്കുവാന്‍ തക്ക വാദഗതികളൊന്നും ഉയര്‍ന്നു വന്നിട്ടില്ല. കാട്ടാളന് വല്ലാതെ ദമയന്തിയെ ശല്യപ്പെടുത്തുന്നതായി അരങ്ങില്‍ എങ്ങിനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് വ്യക്തത നല്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. തന്റെ ഇംഗിതം വെളിവാക്കിയതിനു ശേഷം, പൂക്കളിറുത്തിടുന്നത് കാട്ടാളന്റെ കാമവാഞ്ഛയുടെ വ്യക്തമായ അവതരണമാണെന്നിരിക്കെ, അത് ഒരു വ്രതലോപോദ്യമമായി കണക്കാക്കുവാനാവില്ല എന്നതിനോട് യോജിക്കുന്നില്ല. കാട്ടാളന്റെ പദം തന്നെ ശല്യമാണ്, കൂടുതലായൊന്നും ചെയ്യേണ്ടതില്ല എന്നാണ് ശ്രീകാന്ത് അവണാവ് പറഞ്ഞത്. ദമയന്തിയുടെ പദഭാഗം തീരുന്നതുവരെയും വെറുതേയിരിക്കുകയും, അവസാന വരിയിലേക്ക് കടക്കുമ്പോള്‍ പെട്ടെന്നെഴുന്നേറ്റ് ഭസ്മമായി വീഴുന്നത് ആടുകയും ചെയ്യുന്നതില്‍ രസക്കുറവുണ്ട്. അതിനേക്കാള്‍ എന്തുകൊണ്ടും ഉചിതം ഏതെങ്കിലും തരത്തില്‍ വ്രതലോപത്തിനായി ഉദ്യമിക്കുന്നത് ആടിയശേഷം ദഹിക്കുന്നതാണ്.
2. രണ്ടാമതായി വരുന്നത്, കാട്ടാളന് ഭസ്മമായ ശേഷം ദമയന്തി ഏതുരീതിയില്‍ രംഗത്ത് പെരുമാറണം എന്നതാണ്. മാര്‍ഗി വിജയകുമാര്‍ ഇവിടെ അവതരിപ്പിച്ചത്, ഉചിതമായിരുന്നു എന്നു തന്നെയാണ് എന്റെ ഇപ്പോഴത്തെയും നിരീക്ഷണം. കാട്ടാളനെക്കുറിച്ചോര്ത്ത് ഖേദിക്കുന്നതായോ, അവന്റെ നാശത്തില്‍ സന്തോഷിക്കുന്നതായോ ദമയന്തി ആടുന്നത് ശരിയല്ല. കാട്ടാളനെ വിധിക്കുവിട്ട് നളനെ തേടിയുള്ള തന്റെ യാത്ര തുടരുകയാണ് ദമയന്തി. ശ്രീകാന്ത് അവണാവ് പറഞ്ഞത് വളരെ സൂക്ഷ്മമായി (കാട്ടാളനോടുള്ള അനുകമ്പ?) കാണിച്ചാല്‍ മതിയെന്നാണ്. സൂക്ഷ്മമായ ആ ഭാവം ആദ്യ കമന്റില്‍ mohan പറഞ്ഞ ‘Unnayi Varrier’s Nalacharitham Damayanthi is not this. That Damayanthi should feel very bad when the Kaattalan is killed;’ എന്നതില്‍ നിന്നും ഏറെ അകലെയാണ് എന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. അരങ്ങില്‍ നടക്കുന്ന ഒന്നും കണ്ടില്ലെന്ന് നടിക്കുകയല്ല; മറിച്ച്, കാട്ടാളനു വന്നുചേര്‍ന്ന വിധികണ്ട് കുണ്ഠിതപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് പറഞ്ഞത്.
@ Ragesh,
കാട്ടാളന് കുടുംബസമേതനായാണോ, അതോ ഏകനായാണോ വസിക്കുന്നതെന്ന് ആട്ടക്കഥയില്‍ കൃത്യമായി പറഞ്ഞിട്ടില്ല. രണ്ടു രീതിയിലും അവതരണമാവാം. പക്ഷെ, പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ കാമപൂരണത്തിനായി ഇണയില്ലാതെ കഴിയുന്ന കാട്ടാളനാണ് സന്ദര്‍ഭത്തിന് കൂടുതല്‍ യോജിക്കുകയെന്നു തോന്നുന്നു.
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--