2009, മാർച്ച് 25, ബുധനാഴ്‌ച

തിരുമുല്ലവാരത്തെ സുഭദ്രാഹരണം

SubhadraHaranam Kathakali: Kalamandalam Gopi as Arjunan, Thonnackal Peethambaran as Balabhadran, Fact Padmanabhan as SriKrishnan.
മാര്‍ച്ച് 17, 2009: തിരുമുല്ലവാരം ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ ഈ കൊല്ലത്തെ തിരുവോണമഹോത്സവത്തോട് അനുബന്ധിച്ച് ‘സുഭദ്രാഹരണം’ കഥകളി അവതരിക്കപ്പെട്ടു. മന്ത്രേടത്ത് നമ്പൂതിരിയാണ് ഈ ആട്ടക്കഥയുടെ കര്‍ത്താവ്. യുധിഷ്ഠിരനും ദ്രൌപദിയും ഒരുമിച്ചിരിക്കുന്ന മുറിയില്‍ പ്രവേശിച്ച്, സഹോദരന്മാര്‍ തമ്മിലുള്ള വ്യവസ്ഥ തെറ്റിച്ചതിനുള്ള പ്രായശ്ചിത്തമായി, സന്യാസിയുടെ വേഷത്തില്‍ അര്‍ജ്ജുനന്‍ പ്രഭാസതീര്‍ത്ഥത്തില്‍ വസിക്കുന്നു. അര്‍ജ്ജുനനില്‍ സുഭദ്രയ്ക്കുള്ള താത്പര്യം മനസിലാക്കുന്ന ശ്രീകൃഷ്ണന്‍ ഇരുവരേയും ഒരുമിപ്പിക്കുവാനുള്ള ഒത്താശ ചെയ്തു കൊടുക്കുന്നു. ‘മാലയിടല്‍’ എന്നപേരിലറിയപ്പെടുന്ന ഭാഗം മുതല്‍ക്കാണ് ഇവിടെ കഥ അവതരിപ്പിക്കപ്പെട്ടത്. കൃഷ്ണന്റേയും ഇന്ദ്രന്റേയും സാന്നിധ്യത്തില്‍ അര്‍ജ്ജുനനെ സുഭദ്ര മാലയിട്ട് വരിക്കുന്നു.


മാലയിട്ടതിനു ശേഷം അര്‍ജ്ജുനന്‍ വിവിധ ഭാവങ്ങളില്‍ ഏവരേയും നോക്കിക്കണ്ട്, ശ്രീകൃഷ്ണനേയും താതനായ ഇന്ദ്രനേയും സാക്ഷികളായ മറ്റനേകം ദേവഗണങ്ങളേയും നമസ്കരിക്കുന്നു. വീരശൃംഗാരരസങ്ങളില്‍ തുടങ്ങുന്ന അര്‍ജ്ജുനന്‍, പതിയെ അതില്‍ നിന്നും മാറി ദയാവായ്പോടെ വീണ്ടും ശ്രീകൃഷ്ണനെ വണങ്ങുന്നു. ഈ ഭാഗത്തെ അര്‍ജ്ജുനന്റെ അവതരണം, പ്രത്യേകിച്ചും കലാമണ്ഡലം ഗോപിയുടെ അവതരണരീതി എഴുതിഫലിപ്പിക്കുക പ്രയാസകരമാണ്. എഴുതിയാല്‍ തന്നെ അത് കേവലം യാന്ത്രികമായ എഴുത്തായിപ്പോവുകയും ചെയ്യും! കലാമണ്ഡലം ഗോപിയുടെ സുഭദ്രാഹരണം അര്‍ജ്ജുനനെക്കുറിച്ച് മനോജ് കുറൂര്‍, കലാമണ്ഡലം ഗോപി: കാലവും ക്രിയയും എന്ന പോസ്റ്റില്‍ പറയുന്നതു നോക്കുക.
ലജ്ജ, വിനയം, ഭക്തി, പശ്ചാത്താപം, അദ്ഭുതം എന്നിങ്ങനെ വിവിധഭാവങ്ങളുടെ ബാഹുല്യത്തിനിടയില്‍പ്പോലും മദ്ദളവും ചെണ്ടയുടെ വലന്തലയും ഉപയോഗിച്ചുള്ള ഹരം പിടിപ്പിക്കുന്ന മേളത്തില്‍ സ്വയം രമിച്ചുകൊണ്ടാണ്‌ പ്രധാനഭാവങ്ങളായ രതിയും ഉത്സാഹവും ഇദ്ദേഹം ആവിഷ്ക്കരിക്കുന്നത്‌. മേളത്തിന്റെ ക്രമികമായ കാലപരിണാമവും നടന്റെ ചലനങ്ങളിലെ ലയപരിണാമവും എങ്ങനെ പരസ്പരം ചേര്‍ന്നുപോകുന്നുവെന്ന്‌ അനുഭവിച്ചുതന്നെ അറിയേണ്ടിവരും.


“കേട്ടാലും വചനം, സഖേ!” എന്നു തുടങ്ങുന്ന, അര്‍ജ്ജുനനോടുള്ള ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. അത്യധികം സുകൃതം ചെയ്തവനാണ് അര്‍ജ്ജുനന്‍ എന്നാണ് കൃഷ്ണന്‍ ഈ പദത്തിലൂടെ പറയുന്നത്. എന്നാല്‍ തന്റെ പ്രവര്‍ത്തിയോര്‍ത്ത് ലജ്ജിക്കുകയാണ് അര്‍ജ്ജുനന്‍. “കഷ്ടം! ഞാന്‍ കപടം കൊണ്ടു...” എന്നു തുടങ്ങുന്ന പദത്തില്‍, താന്‍ മുനിയായി വേഷം മാറി ചെയ്തത് ചെറിയ പാതകമല്ല, കപടവേഷധാരിയായ തന്റെ പാദങ്ങളില്‍ സന്യാസിയെന്നോര്‍ത്ത് ശ്രീകൃഷ്ണന്‍ നമസ്കരിക്കുവാന്‍ സാഹചര്യമുണ്ടായത് ഓര്‍ക്കുകയാണെങ്കില്‍ എനിക്ക് ഞെട്ടലുണ്ടാവുന്നു, ലജ്ജതോന്നുകയും ചെയ്യുന്നു. ഇപ്രകാരം ലജ്ജയാലും സംഭ്രമത്താലും വിവശനായ അര്‍ജ്ജുനനെ സമാശ്വസിപ്പിച്ച്, സുഭദ്രയുമൊത്ത് മടങ്ങുവാന്‍ കൃഷ്ണന്‍ പറയുന്നു. യോദ്ധാക്കള്‍ തടയുവാന്‍ ശ്രമിച്ചെങ്കില്‍ തന്നെയും അവരെ വധിക്കരുത് എന്നോര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശ്രീകൃഷ്ണന്‍. തനിക്ക് ഇപ്രകാരമെല്ലാം വന്നു ഭവിക്കുവാന്‍ കാരണമായത് ലോകനാഥനായ അങ്ങയുടേയും ദേവനാഥനായ അച്ഛന്റേയും കരുണമൂലമാണെന്നു പറഞ്ഞ്, എന്നിലെല്ലായ്പോഴും ഇതുപോലെ കരുണ തോന്നേണമേ എന്ന് അര്‍ജ്ജുനന്‍ പ്രാര്‍ത്ഥിക്കുന്നു. നീ സൌഖ്യത്തോടെ കഴിയുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ വിടവാങ്ങുന്നു.

കലാമണ്ഡലം രാജീവനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. പദഭാഗത്തിലെ ഓരോ വരിയും കേട്ടു മനസിലാക്കിയിട്ടു വേണം അതാടുവാന്‍ എന്നു തോന്നിക്കുമായിരുന്നു രാജീവന്റെ ആട്ടം കണ്ടാല്‍. അര്‍ജ്ജുനന്‍ വിശദമായി കഷ്ടതയും, ഞെട്ടലും, ലജ്ജയുമൊക്കെ ആടിയപ്പോഴും ശ്രീകൃഷ്ണനില്‍ യാതൊരു ഭാവമാറ്റവും കൊണ്ടുവരുവാന്‍ രാജീവന്‍ ശ്രമിച്ചു കണ്ടില്ല. ഒരുപക്ഷെ അരങ്ങുപരിചയം ആവശ്യത്തിനില്ലാത്ത ഒരു വേഷമായതുകൊണ്ടാവാം ഈ കുറവുകള്‍ ഇത്രയും പ്രകടമായി തോന്നിയത്. വേഷഭംഗിയും നല്ല വൃത്തിയായി മുദ്രകാട്ടുവാന്‍ കഴിവുമുള്ള കലാമണ്ഡലം രാജീവന്‍ ഈ കാര്യങ്ങളില്‍ കൂടി മനസിരുത്തിയാല്‍ വേഷങ്ങള്‍ കൂടുതല്‍ മികച്ചതാവുമെന്ന് നിസംശയം പറയാം.

അര്‍ജ്ജുനന്റെ സുഭദ്രയോടുള്ള ശൃംഗാരരസപ്രധാനമായ “കഞ്ജദളലോചനേ! മഞ്ജുതരഭാഷിണീ!” എന്നുതുടങ്ങുന്ന പതിഞ്ഞ പദമാണ് തുടര്‍ന്നു വരുന്നത്. “കുഞ്ജരസമാനഗമനേ!” എന്ന ഭാഗത്ത് ആനയുടെ നടപ്പിനിടയില്‍ വരുന്ന വിവിധ ചേഷ്ടകളും മറ്റും കലാമണ്ഡലം ഗോപി അവതരിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ ആനയെക്കാണുമ്പോഴും ആനയുടെ നടത്തം പോലെയെന്ന് നായികയുടെ ചലനത്തെ വിശേഷിപ്പിക്കുമ്പോളും ആന എന്നതിനു ഒരേ അവതരണം എത്രമാത്രം യോജിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇനി ആനയെ വിശദമായി കാണിച്ചാല്‍ പോലും, സുഭദ്രയുടെ നടത്തത്തിനെ വിശേഷിപ്പിക്കുവാന്‍ തക്കവണ്ണം ആനയുടെ നടത്തയേയും അവതരിപ്പിക്കേണ്ടതല്ലേ? “കാന്തമുഖാംബുജം, ഹന്ത! മറയ്ക്കുന്നതെന്തേ?”, “കാന്തേ! പദാംബുജം നോക്കി നില്‍ക്കുന്നിതോ?” ഈ ഭാഗങ്ങളിലൊക്കെ അര്‍ജ്ജുനന്‍ സുഭദ്രയെ നോക്കിക്കണ്ടാണ് ആടുന്നത്. സുഭദ്ര വെറുതേ ലജ്ജ നടിച്ച് നിന്നാല്‍ മതിയാവുമെന്നു തോന്നുന്നില്ല ഇവിടെയൊക്കെയും. ‘നമ്രശിരസ്കയായി കാല്‍‌വിരല്‍ കൊണ്ടു കളം വരച്ചു നില്‍ക്കുന്നതെന്തേ?’ എന്ന് അര്‍ജ്ജുനന്‍ വിശദമായി ചോദിക്കുമ്പോഴും, അത്രയൊന്നും ലജ്ജയോ ചലനങ്ങളോ സുഭദ്രയില്‍ കാണുവാനുണ്ടായില്ല. സുഭദ്രയായെത്തിയ കലാമണ്ഡലം അനില്‍കുമാര്‍ അല്പം കൂടി പാത്രബോധത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതുണ്ടായിരുന്നു എന്നു തോന്നി.


“മുല്ലസായകതുല്യ...” എന്ന സുഭദ്രയുടെ ഹൃസ്വമായ മറുപടിപദത്തിനു ശേഷം അര്‍ജ്ജുനന്റെ ആത്മഗതങ്ങളാണ് മനോധര്‍മ്മമായി അവതരിപ്പിക്കുക. ‘ഇവള്‍ എന്റെ മന്ദിരത്തില്‍ ലക്ഷ്മിദേവിയെപ്പോലെ വാഴും. ഇവളെ കാണുന്നത് കണ്ണുകള്‍ക്ക് അമൃതാണ്, ഇവളുടെ കൈകള്‍ എന്റെ കഴുത്തില്‍ മുത്തുമാലയായി ഭവിക്കും, ഇവളുടെ സ്പര്‍ശം ദേഹത്തിന് ചന്ദനമെന്നതുപോലെ കുളിരേകുന്നു. എന്നിട്ടും എനിക്ക് വിവശത തോന്നുവാന്‍ കാരണമെന്ത്?’ മനസിലായെന്നു കാട്ടി, ‘ഇവളെ പിരിയണമെന്ന ചിന്തയാണ് എന്നെ അസ്വസ്ഥനാക്കുന്നത്. അതിനാല്‍ ഇവളോടൊത്ത് വസിക്കുക തന്നെ’. തേരു വരുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ച്, ‘അല്ലയോ ദയിതേ! നമുക്ക് പോകുവാനുള്ള തേര് വന്നു. പെട്ടെന്ന് പോവുകയല്ലേ?’. ‘അപ്രകാരം തന്നെ!’ എന്നു പറയുന്ന സുഭദ്ര, അര്‍ജ്ജുനന്‍ ചിന്താധീനനായി നില്‍ക്കുന്നതു കണ്ട് കാര്യം തിരക്കുന്നു. ‘ആരാണ് തേര്‍ തെളിക്കുക?’ എന്ന തന്റെ സന്ദേഹം വെളിപ്പെടുത്തുന്ന അര്‍ജ്ജുനനോട് അതു താന്‍ ചെയ്യാമെന്ന് സുഭദ്ര പറയുന്നു. സുഭദ്രയ്ക്ക് തേരു തെളിക്കുവാന്‍ അറിയാമോ എന്ന് അത്ഭുതത്തോടെ അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍, ‘അറിയാം. എന്നെ കുട്ടിക്കാലത്തു തന്നെ ശ്രീകൃഷ്ണന്‍ തേരു തെളിക്കുവാന്‍ പഠിപ്പിച്ചു.’ ഇതുകേട്ട് കൃഷ്ണനെ കൃതാര്‍ത്ഥതയോടെ വിചാരിച്ച്, ഇരുവരും തേരില്‍ കയറി തിരിക്കുന്നു.


അല്പദൂരം സഞ്ചരിക്കുമ്പോള്‍ അവിടവിടെയായി സ്ഥിതി ചെയ്യുന്ന യോദ്ധാക്കളെ കാണുന്നു. ‘ഇവളോടൊത്ത് ഇവരെ ഞാന്‍ എന്തു ചെയ്യും?’ എന്നു ചിന്തിച്ച്, ‘ഇവരെ പോരിനു വിളിക്കുക തന്നെ!’ എന്നുറയ്ക്കുന്നു. ദ്വാരഭൂമിയില്‍ വാഴും വീരന്മാരോട്, “കണ്ടുകൊള്ളഹോ! കൊണ്ടല്‍‌വേണിയെ ഇണ്ടലെന്നിയേ കൊണ്ടുപോവുന്നേന്‍!” എന്നാണ് അര്‍ജ്ജുനന്റെ പദം. തുടര്‍ന്ന് വിപുധു എന്ന യോദ്ധാവുമായുള്ള യുദ്ധമാണെങ്കിലും, അത് സാധാരണയായി അവതരിപ്പിച്ച് കാണാറില്ല. ഇവിടെയും അതുണ്ടായില്ല. സുഭദ്രയെ ഒരു സന്യാസി അപഹരിച്ചുകൊണ്ടുപോയി, അത് സന്യാസിയായെത്തിയ അര്‍ജ്ജുനനായിരുന്നു എന്നിങ്ങനെ മൂന്നു ബ്രാഹ്മണര്‍ തമ്മില്‍ ലോഹ്യം പറയുന്നതാണ് അടുത്ത രംഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മയ്യനാട് കേശവന്‍ നമ്പൂതിരി, കലാമണ്ഡലം പ്രശാന്ത് എന്നിവരായിരുന്നു ബ്രാഹ്മണരായെത്തിയത്. ഇനി വേളികഴിക്കണമെന്നുള്ളവരൊക്കെ ആദ്യം സന്യസിക്കും എന്ന ഭാഗത്ത്, താടി വെച്ച ബ്രാഹ്മണനെ ചൂണ്ടി ഉണ്ണിത്താന്റെ ബ്രാഹ്മണന്‍ പറയുന്നു, ‘ഇദ്ദേഹം ഇപ്പോഴേ താടി വളര്‍ത്തി തുടങ്ങി!’ ഇതേ രീതിയില്‍ വളരെ സരസമായായിരുന്നു മൂവരും ചേര്‍ന്ന് ഈ ഭാഗം അവതരിപ്പിച്ചത്. പക്ഷെ എല്ലാവരും പദം ആടുവാനായി വീതിച്ചെടുത്തപ്പോള്‍, അല്പം യുക്തിഭംഗം ഇടയ്ക്കുണ്ടായി എന്നൊരു ന്യൂനത പറയാം. ഉദാഹരണത്തിന്, സുഭദ്രയുടെ വിശേഷം കേട്ടിട്ടില്ലാത്ത ഭാവത്തില്‍ ആദ്യമിരിക്കുന്ന ബ്രാഹ്മണന്‍ തന്നെ പിന്നീട് അര്‍ജ്ജുനനാണ് സുഭദ്രയെ കടത്തിക്കൊണ്ടുപോയത് എന്നു പറയുന്നു. പദം വീതിച്ചെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നത് നന്നായിരിക്കും. അതിനു ശേഷം, ‘തേരു തെളിച്ചത് സുഭദ്രയായിരുന്നു. കൃഷ്ണന്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ടിരുന്നു. അര്‍ജ്ജുനന്റെ അസ്ത്രങ്ങള്‍ ഒരാളെപ്പോലും മുറിച്ചില്ല, ഉരസിപ്പോയതേയുള്ളൂ‍, രോമങ്ങള്‍ ഇവിടാകെ ചിതറിക്കിടക്കുന്നു.’ എന്നൊരു ഹൃസ്വമായ ആട്ടവും പദത്തിനു ശേഷം ഉണ്ണിത്താനില്‍ നിന്നുമുണ്ടായി. നര്‍മ്മരസം കലര്‍ത്തി, കഥയോടു ചേര്‍ന്നു പോവുന്ന ഇത്തരം ആട്ടങ്ങള്‍ അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനീയമാണ്.

ദൈവതകം എന്ന ദ്വീപില്‍ ഉത്സവത്തിനു പോയ ബലഭദ്രനാണ് അടുത്ത രംഗത്തില്‍ എത്തുന്നത്. ‘ഉത്സവമൊക്കെ ഭംഗിയായിക്കഴിഞ്ഞു, ഇനി ദ്വാരകയിലേക്ക് തിരിക്കുക തന്നെ’ എന്നാടിയ ശേഷം തോണി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ട്, അതിലേറി തുഴഞ്ഞ് ബലഭദ്രന്‍ ദ്വാരകയിലെത്തുന്നു. ‘അതാ ധാരാളം ബ്രാഹ്മണര്‍. ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോവുന്നു. അവരെന്താണ് പറയുന്നത്? സന്യാസി സുഭദ്രയെ അപഹരിച്ചു പോയെന്നോ! അത് സന്യാസിവേഷത്തിലെത്തിയ അര്‍ജ്ജുനനെന്നോ! സഹായിച്ചത് കൃഷ്ണനെന്നോ!’. അത്യധികം ക്രുദ്ധനാവുന്ന ബലരാമന്‍ പെട്ടെന്ന് ഒന്നു ചിന്തിക്കുന്നു, ‘കൃഷ്ണനോ! അതാകുവാന്‍ ഒരു വഴിയുമില്ല.’ വീണ്ടും ശ്രദ്ധിച്ച്, ‘കൃഷ്ണന്‍ തന്നെയെന്നോ!’, വീണ്ടും ക്രുദ്ധനായി കൃഷ്ണന്റെ സമീപത്തേക്ക് തിരിക്കുന്നു. “കുത്രവദ! കുത്രവദ!” എന്ന ബലരാമന്റെ ശ്രീകൃഷ്ണനോടുള്ള പദമാണ് തുടര്‍ന്ന്. ശ്രീകൃഷ്ണന്‍ ജേഷ്ഠനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇരുവരുടേയും ചരണങ്ങള്‍ക്കിടയില്‍ ബലഭദ്രന്‍ ഓരോ കാര്യങ്ങളോര്‍ത്ത് കോപിക്കുകയും ശ്രീകൃഷ്ണന്‍ അവയ്ക്കൊക്കെ ന്യായം പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വിവിധ ആട്ടങ്ങളും പതിവുണ്ട്. ഒടുവില്‍, അര്‍ജ്ജുനനെ വധിച്ചാല്‍ സുഭദ്രയ്ക്ക് വൈധവ്യം വന്നു ചേരും എന്ന കൃഷ്ണന്റെ വാക്കുകളില്‍ ശാന്തനായി ബലഭദ്രന്‍ ഇരുവരേയും കണ്ട് അനുഗ്രഹിച്ച്, സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്‍കുക തന്നെ എന്നുറച്ച് കൃഷ്ണനോടൊപ്പം തിരിക്കുന്നു. അര്‍ജ്ജുനന്‍ മുറിവേല്‍പ്പിക്കാതെ യോദ്ധാക്കളെ തുരത്തിയതും മറ്റും ശ്രീകൃഷ്ണന്‍ ജേഷ്ഠനെ കാണിക്കുകയും ചെയ്യുന്നു. നമ്മുടെ അര്‍ജ്ജുനന്‍ ഒരു വീരന്‍ തന്നെ എന്ന് അംഗീകരിച്ചാണ് ബലഭദ്രന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നത്.


ബലഭദ്രന്റെ കോപം വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ തോന്നയ്ക്കല്‍ പീതാംബരന് കഴിഞ്ഞില്ല. കോപം സ്ഥായിയായി നിര്‍ത്തുന്നതില്‍ പലപ്പോഴും അദ്ദേഹം പരാജയപ്പെട്ടു. ബ്രാഹ്മണര്‍ ഓരോന്നു പറയുന്നത് കേള്‍ക്കുമ്പോളും, ബലഭദ്രന്റെ കോപം ക്രമമായി ഉയര്‍ന്നു വരുകയും വേണം. അങ്ങിനെയൊരു ക്രമമായ ഉയര്‍ച്ചയും അദ്ദേഹത്തിന്റെ വേഷത്തില്‍ കാണുവാനായില്ല. ഫാക്ട് പത്മനാഭനാണ് ഈ രംഗങ്ങളില്‍ ശ്രീകൃഷ്ണനായെത്തിയത്. സുഭദ്രാഹരണം കഥയിലെ ശ്രീകൃഷ്ണനെ അവതരിപ്പിക്കുവാന്‍ എന്തിനാണ് രണ്ടു വേഷക്കാര്‍? ജേഷ്ഠന്റെ കോപത്താല്‍ വിവശനായ, തണുപ്പിക്കുവാന്‍ പാടുപെടുന്ന, താന്‍ തെറ്റുകാരനല്ലെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ശ്രീകൃഷ്ണനെ ഫാക്ട് പത്മനാഭന്‍ തരക്കേടില്ലാതെ അവതരിപ്പിച്ചു. എന്നാല്‍ ഇടയ്ക്കിടെ, പ്രത്യേകിച്ചും ബലരാമന്‍ പദമാടുന്ന അവസരങ്ങളില്‍, ശ്രീകൃഷ്ണനായല്ല ഫാക്ട് പത്മനാഭനായാണ് അദ്ദേഹം അരങ്ങത്ത് നിന്നതെന്നും തോന്നി. അല്പം കൂടി ആത്മാര്‍ത്ഥമായ അവതരണം ആകാമായിരുന്നു. ഇരുവരും ചേര്‍ന്ന് അഷ്ടകലാശമൊക്കെ എടുത്തെങ്കിലും, എങ്ങിനെയൊക്കെയോ കാട്ടിക്കൂട്ടി എന്നല്ലാതെ ആട്ടത്തിന്റെ സൌന്ദര്യമൊന്നും കാണുവാനായില്ല. ഇടയ്ക്ക് തോന്നയ്ക്കല്‍ പീതാംബരന്‍ ആട്ടം മതിയാക്കിയപ്പോള്‍, ശ്രീകൃഷ്ണന്‍ ചോദിക്കുന്നു, ‘ഇത്രയും മതിയോ?’ എന്ന്. ഉടനെ, ‘നീ ആടിക്കോളൂ...’ എന്ന്
ബലരാമന്റെ മറുപടി. ബലരാമനും ശ്രീകൃഷ്ണനും കൂടി നൃത്തം ചെയ്യുകയാണെന്നാണ് ഇരുവരുടേയും ധാരണയെന്നു തോന്നി ഈ ചോദ്യവും ഉത്തരവും കണ്ടപ്പോള്‍!


കൃഷ്ണവേഷത്തിലുള്ള ഫാക്ട് പത്മനാഭന്‍ പാട്ടുകാരോടും, വേദിയുടെ പിന്നില്‍ നില്‍ക്കുന്നവരോടുമൊക്കെ അടുത്ത രംഗമുണ്ടോ എന്നു തിരക്കുക; എന്നിട്ടത് തിരികെ വന്ന് തോന്നക്കലിന്റെ ബലരാമനോടത് പറയുക, ഇരുവരും കൂടി അരങ്ങില്‍ തിരശീല പിടിക്കാതെ തന്നെ സംസാരിക്കുക തുടങ്ങി കഥകളി അരങ്ങുകളില്‍ ഒട്ടും തന്നെ അഭിലഷണീയമല്ലാത്ത കാര്യങ്ങളാണ് തുടര്‍ന്നു കണ്ടത്. അടുത്ത രംഗമുണ്ടോ ഇല്ലയോ എന്നതൊക്കെ അണിയറയില്‍ വെച്ചു തന്നെ ധാരണയിലെത്തിയില്ലെന്നത് പോട്ടെ, ഇരുവരും ആട്ടം തീര്‍ത്തു മാറി തിരശീല പിടിച്ചതിനു ശേഷം ആ‍വാമല്ലോ അതിനെക്കുറിച്ചുള്ള സംസാരങ്ങള്‍. അതിനു ശേഷം അര്‍ജ്ജുനനായി കലാനിലയം ഗോപനാണെത്തിയത്. അര്‍ജ്ജുനനും ബലരാമനും എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമില്ല. ഒടുക്കം ഫാക്ട് പത്മനാഭന്‍ ഇരുവരേയും കൊണ്ട് ഓരോന്നു ചെയ്യിക്കുന്ന രീതിയിലായി കാര്യങ്ങള്‍. അര്‍ജ്ജുനനോട് എഴുനേറ്റ് വന്ദിക്കുവാന്‍ പറയുന്നു, ഇരുവരോടും വശം മാറുവാന്‍ പറയുന്നു, ബലരാമനോട് അര്‍ജ്ജുനനെ അനുഗ്രഹിക്കുവാന്‍ പറയുന്നു, സ്വര്‍ണ്ണവും ആഭരണങ്ങളും വസ്ത്രങ്ങളും ബലരാമനോട് നല്‍കുവാന്‍ പറയുന്നു; എന്നുവേണ്ട ഒടുവിലെങ്ങിനെ രംഗം അവസാനിപ്പിക്കണമെന്നു പോലും ബലരാമനും അര്‍ജ്ജുനനും അറിയില്ല. ഇത്രയും ബോധമില്ലായെങ്കില്‍ എന്തിനായിരുന്നു ഇത് അവതരിപ്പിച്ചതെന്ന് മനസിലാവുന്നില്ല. ഇത്തരം വികലമായ അവതരണങ്ങളും, ആശാന്മാര്‍ക്ക് അടുപ്പിലും തൂറാം എന്ന മട്ടിലുള്ള ചിലരുടെ അരങ്ങിലെ പ്രവര്‍ത്തികളും കാണുമ്പോള്‍ ഗോപിയാശാന്റെ ഭാഗം കഴിയുമ്പോള്‍, പ്രധാന പാട്ടുകാര്‍ക്കും മേളക്കാര്‍ക്കുമൊപ്പം ആസ്വാദകര്‍ക്കും വേദി വിടാം എന്നാണു തോന്നുന്നത്.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ബ്രാഹ്മണര്‍ വരെയുള്ള ഭാഗങ്ങളും; പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും വിനോദുമായി തുടര്‍ന്നുള്ള ഭാഗങ്ങളും ആലപിച്ചു. അടന്തയിലുള്ള അര്‍ജ്ജുനന്റെ ആദ്യ പതിഞ്ഞ പദവും, നാല്പത് അക്ഷരകാലം ചമ്പയിലുള്ള രണ്ടാമത്തെ പതിഞ്ഞ പദവും വളരെ നന്നായിത്തന്നെ പത്തിയൂരും ബാബു നമ്പൂതിരിയും ചേര്‍ന്ന് പാടുകയുണ്ടായി. സാഹിത്യവും താളവും വളരെ ബന്ധപ്പെടുത്തി ചിട്ട ചെയ്തിരിക്കുന്ന പദങ്ങളായതിനാല്‍ തന്നെ വളരെ ശ്രദ്ധയോടു കൂടി പാടേണ്ട ഒന്നാണ് ‘സുഭദ്രാഹരണം’ ആട്ടക്കഥ. തുടര്‍ന്നുള്ള രംഗങ്ങളുടെ ആലാപനവും മികച്ചു നിന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം രാധാകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍, കലാമണ്ഡലം വേണുക്കുട്ടന്‍ തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മേളപ്രധാനമായ ഈ കഥയില്‍ ഇവരെല്ലാവരും വളരെ നന്നായി തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. മുതുപിലാക്കാട് ചന്ദ്രശേഖരന്‍പിള്ളയുടെ ചുട്ടി മൊത്തത്തില്‍ മികച്ചു നിന്നെങ്കിലും, കലാമണ്ഡലം ഗോപിയുടേതിനു മാത്രം അത്ര ഭംഗി തോന്നിച്ചില്ല. സാധാരണ മൂന്നിതളാണ് ഗോപിയാശാന് വെയ്ക്കാറുള്ളത്, ഇവിടെ നാലെണ്ണം വെച്ചതുകൊണ്ടാണോ എന്നു സംശയം.

കൊല്ലം കഥകളി ക്ലബ്ബിന്റെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്. മൊത്തത്തിലെല്ലാം ഒന്ന് പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അരങ്ങ് സജ്ജീകരണവും ശബ്ദവും വെളിച്ചവുമെല്ലാം പതിവുപോലെ അശ്രദ്ധമായിരുന്നു. പലക കൂട്ടിക്കെട്ടിയ വേദി, അതുതന്നെ പലകകള്‍ ഇളകുന്ന പരുവത്തിലായിരുന്നു ഉണ്ടായിരുന്നത്. അഷ്ടകലാശവും മറ്റും വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ കഴിയാത്തതില്‍ ഇതും ഒരു കാരണമാണ്. കഥകളി ഉയരത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല. പ്രത്യേകിച്ചും ഇരുപതോ മുപ്പതോ കാണികളുള്ളപ്പോള്‍, നിലത്തു തന്നെ അവതരിപ്പിക്കുന്നതാണ് ഇതിലും ഉചിതം. ഇങ്ങിനെ മൊത്തത്തില്‍ നോക്കുമ്പോള്‍, ഒടുവില്‍ കൊണ്ട് കലമുടച്ച കാര്യം മറക്കാമെങ്കില്‍, വളരെ നല്ല ഒരു അസ്വാദനാനുഭവമായിരുന്നു തിരുമുല്ലവാരത്തെ ‘സുഭദ്രാഹരണം’ കഥകളി നല്‍കിയത്.

Description: Thirumullavaram SriMahavishnuSwamy Temple, Thiruvona Maholsavam'09: SubhadraHaranam Kathakali - Kalamandalam Gopi (Arjunan 1), Kalamandalam Rajeevan (Mayyanadu Rajeevan) (SriKrishnan 1), Kalamandalam Anilkumar (Subhadra), Kalanilayam Gopan (Indran, Arjunan 2), Kalamandalam Ramachandran Unnithan (Brahmanan 1), Mayyanad Kesavan Nampoothiri (Brahmanan 2), Kalamandalam Prasanth (Brahmanan 3), Thonnackal Peethambaran (Balaraman / Balabhadran), Fact Padmanabhan (SriKrishnan 2); Pattu: Pathiyur Sanakarankutty, Kalamandalam Babu Nampoothiri, Kalamandalam Vinod; Chenda: Kalamandalam Unnikrishnan, Kalamandalam Radhakrishnan; Maddalam: Kalamandalam Narayanan Nair, Kalamandalam Venukkuttan; Chutti: Muthupilakkad Chandrasekharan Pillai; Kaliyogam: Kollam Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 17, 2009.
--

5 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് തിരുമുല്ലവാരം ശ്രീമഹാവിഷ്ണുസ്വാമിക്ഷേത്രത്തില്‍ അവതരിപ്പിച്ച ‘സുഭദ്രാഹരണം’ കഥകളിയുടെ ഒരു ആസ്വാദനം.
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഹരീ ഇതു നാടകമല്ല. പലപ്പോഴും നടന്മാർ കാണികളെ നോക്കിയാണ് അഭിനയിക്കുക, അല്ലാതെ ഒരു സംവാദസമയത്തെന്നപോലെ അന്യോന്യം നോക്കിയുമല്ല. അതുകൊണ്ട്‌ അപ്പപ്പോൾ അഭിനയിക്കുന്ന നടന്മാരുടെ നാട്യം നല്ലതായോ എന്ന് പറയാം എന്നല്ലാതെ കൂട്ടുവേഷക്കാരെ അങ്ങനെ കുറ്റം പറയാൻ പറ്റില്ല. അതാണ് കഥകളി രീതി.

പിന്നെ ആ അവസാനഭാഗത്തെ “പരിപാടി” അടിപൊളി. അവർ ഉച്ചയ്ക്കു ചോറിന് കൂട്ടാൻ എന്തായിരുന്നു എന്നൊന്നും അരങ്ങത്തു നിന്നു ചോദിച്ചില്യല്ലൊ!

ഔചിത്യം എന്നത് ഇവർ മറന്നു പോയോ?

-സു-

Sethunath UN പറഞ്ഞു...

ഹരീ,

ന‌ല്ല ആസ്വാദനം എന്നൊക്കെ എഴുതി മ‌ടുത്തു. :-)

കൃഷ്ണന്‍‌നായരാശാന്റെ ശിഷ്യനാണെന്ന് പറഞ്നിട്ടെന്താ? തോന്നക്കലിനെക്കൊണ്ടിതൊന്നും കൂട്ടിയാല്‍ കൂടില്ല. ആ കൃഷ്ണന്‍, ബല‌രാമ‌നെക്കൊണ്ടും അര്‍ജ്ജുന‌നെക്കൊണ്ടും കാര്യ‌ങ്ങ‌ളൊക്കെ വേണ്ടും വണ്ണം ചെയ്യിച്ചു എന്നറിഞ്ഞതില്‍ സന്തോഷം! ;-)

Haree പറഞ്ഞു...

@ -സു‍-|Sunil,
പണ്ടു കാലത്ത് കളിവിളക്കിന്റെ മാത്രം വെളിച്ചത്തിലായിരുന്നു കഥകളി അവതരിക്കപ്പെട്ടിരുന്നത്. ആ കാലങ്ങളില്‍ പദമാടുന്ന കലാകാരന്‍ വിളക്കിനോട് ചേര്‍ന്നു നില്‍ക്കുകയും, കൂട്ടുവേഷക്കാരന്‍ അല്പം മാറി നില്‍ക്കുകയുമായിരുന്നു പതിവ്. (നാടകത്തില്‍ ഡയലോഗ് പറയുന്നയാള്‍ മൈക്കിനോട് ചേര്‍ന്നു പറയുമ്പോലെ...) അപ്പോള്‍, ശരിയാണ്. കൂട്ടുവേഷക്കാരന്‍ എന്തെങ്കിലും ചെയ്താലും കാണികള്‍ കാണണമെന്നില്ല, ശ്രദ്ധിക്കണമെന്നില്ല. എന്നാലിന്ന് കാലം മാറി, കഥ മാറി. അരങ്ങത്തു നില്‍ക്കുമ്പോള്‍ കഥാപാത്രമായി, ഉചിതമായ സ്ഥായീ-സഞ്ചാരീഭാവങ്ങളോടെ തന്നെ അപ്പപ്പോള്‍ പദമാടുകയല്ലാത്ത നടനും അരങ്ങില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ‘അപ്പപ്പോള്‍ അഭിനയിക്കുന്ന നടന്മാര്‍’ എന്നില്ല, അരങ്ങിലെ എല്ലാവരും അഭിനയിച്ചുകൊണ്ടു തന്നെയിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം കഥകളി രീതി ഇങ്ങിനെയാണ്.

അര്‍ജ്ജുനന്‍ ഞെട്ടുകയും ജാള്യത നടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മുഖഭാവത്തില്‍ എന്തെങ്കിലും വ്യതിയാനം കൃഷ്ണന്‍ കൊണ്ടുവരേണ്ടതുണ്ട്. പതിഞ്ഞ പദത്തില്‍ അര്‍ജ്ജുനന്‍ സുഭദ്രയെ നോക്കി, സുഭദ്രയുടെ സ്ഥിതി കണ്ടാണ് ആടുന്നത്. അപ്പോള്‍ ആട്ടത്തിനുതകുന്ന രീതിയില്‍ സുഭദ്ര തന്റെ നില ശരിയാക്കേണ്ടതുണ്ട്. അതുപോലെ ബലഭദ്രന്റെ മുന്നിലെ കൃഷ്ണന്റെ കാര്യവും. കൂട്ടുവേഷക്കാരനും കാണികളെ നോക്കി തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതും, അങ്ങിനെയല്ലാതെ മറ്റു വേഷങ്ങളെ നോക്കി അഭിനയിക്കുന്നത് ശരിയല്ല എന്നും മുന്‍പ് ചില പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്നു. കൂട്ടുവേഷക്കാരന്‍ കഥാപാത്രമായി മുഴുവന്‍ സമയവും നിലകൊണ്ടാല്‍ അത് നാടകമാവുമോ! ഇനി അങ്ങിനെ ചെയ്യാതിരുന്നാലത് കഥകളിയാവുമോ!

വായനയ്ക്കും കമന്റിനും നന്ദി. :-)

@ നിഷ്കളങ്കന്‍,
നന്ദി. :-)
--

വികടശിരോമണി പറഞ്ഞു...

സത്യം പറഞ്ഞാൽ,ഞാൻ ഗോപിയാശാന്റെ സുഭദ്രാഹരണം അർജ്ജുനൻ കാണൽ നിർത്തിയ ആളാണ്.
മനസ്സിലുള്ള ദീപ്തസ്മരണകളെ ഓർത്ത്.
കാറൽമണ്ണയിലെ ആ ആദ്യത്തെ സുഭദ്രാഹരണം...
പിന്നെ,കോട്ടക്കൽ വെച്ചുനടന്നത്...
മതി.ഒരു ജന്മം സഫലമായി.ഇനി ഗോപിയാശാനും എനിയ്ക്കും വേറൊരു ജന്മമുണ്ടെങ്കിൽ അന്നു കണ്ടോളാം.
എന്നെ ഹരിക്കു വേണെങ്കിൽ ഒരു യാഥാസ്ഥിതികൻ എന്നു വിളിക്കാം.
ശരിയപ്പൊ,കാണാം.
നിഷ്കളങ്കൻ പറഞ്ഞപോലെ,നന്നായി എന്നെഴുതി മടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--