2009, ജൂലൈ 22, ബുധനാഴ്‌ച

സംസ്കൃതിഭവനിലെ കല്യാണസൌഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Vinod as Bheeman, Kalamandalam Vijayakumar as Panchali and Kalamandalam Shanmukhadas as Hanuman.
ജൂലൈ 02, 2009: അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃത ഭവനില്‍ ‘കല്യാണസൌഗന്ധികം’ കഥകളി അരങ്ങേറി. കലാനിലയം വിനോദ് ഭീമനായും കലാമണ്ഡലം വിജയകുമാര്‍ പാഞ്ചാലിയായും കലാമണ്ഡലം ഷണ്മുഖദാസ് ഹനുമാനായും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതത്തിലും കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജ് മദ്ദളത്തിലും ഈ കളിക്ക് പിന്നണി കൂടി. സന്ദര്‍ശന്റെ കോപ്പുകളുപയോഗിച്ച് ആര്‍.എല്‍.വി. സോമദാസ് ചുട്ടിയും പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ ഉടുത്തുകെട്ടും നിര്‍വ്വഹിച്ചു.


ഭീമനും പാഞ്ചാലിയും ചേര്‍ന്നുള്ള രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്. “പാഞ്ചാലരാജതനയേ!” എന്നാരംഭിക്കുന്ന ഭീമന്റെ ശൃംഗാരരസപ്രധാനമായ പതിഞ്ഞ പദമാണ് ആദ്യം. പദത്തിനൊടുവില്‍ കാറ്റില്‍ പറന്നെത്തിയ സൌഗന്ധികപുഷ്പം പാഞ്ചാലി ഭീമനു നല്‍കുന്നു. “എന്‍ കണവ! കണ്ടാലും നീ...” എന്ന മറുപടി പദമാണ് തുടര്‍ന്ന്. സൌഗന്ധികപുഷ്പം ലഭ്യമാക്കണമെന്ന പാഞ്ചാലിയുടെ ആവശ്യം അറിഞ്ഞ ഭീമന്‍, എവിടെയാണെങ്കിലും പുഷ്പം താന്‍ തേടി കൊണ്ടുവന്നു തരുന്നുണ്ട് എന്നു പറഞ്ഞ് പുറപ്പെടുവാന്‍ ഒരുങ്ങുന്നു. ഇത്രയും വിശിഷ്ടമായ പുഷ്പം എവിടെനിന്നു ലഭിച്ചതെന്നുള്ള ഭീമന്റെ ചോദ്യത്തിന്, കാറ്റു കൊണ്ടുവന്നതാണെന്ന് പാഞ്ചാലി മറുപടി നല്‍കുന്നു. ഇതു കേട്ട്, ഘോരവനത്തില്‍ ക്ലേശിച്ചു നടക്കുന്ന ക്ഷീണിതയായ നിന്റെ വാടിയ മുഖം കണ്ട് മനസലിവു തോന്നിയ എന്റെ പിതാവ് ഏറ്റവും സന്തോഷത്തോടെ കൊണ്ടു വന്നു തന്നതാണെന്നാണ് ഭീമന്റെ പക്ഷം. പോകുവാന്‍ സഹായമെന്തെന്ന പാഞ്ചാലിയുടെ ചോദ്യത്തിന്, അനവധി ശത്രുക്കളുടെ ശിരസു പിളര്‍ന്ന ഈ ഗദ തന്നെയെന്നും; യാത്രയ്ക്കിടയില്‍ വിശപ്പും ദാഹവും തോന്നുകയില്ലേയെന്ന ചോദ്യത്തിന്, രാമാജ്ഞ പൂര്‍ത്തിയാക്കാതെ വിശ്രമിക്കുകയില്ലെന്ന് മന്ഥര പര്‍വ്വതത്തോട് പറഞ്ഞ ഹനുമാന്റെ അനുജനായ തനിക്ക് ലക്ഷ്യം നേടുന്നതുവരെ ക്ഷീണം തോന്നുകയില്ലെന്നും മറുപടി നല്‍കി; നിന്റെ കടാക്ഷം ഒന്നുമാത്രം മതിയെന്നും പറഞ്ഞ് ഭീമന്‍ യാത്ര തുടങ്ങുന്നു.


ആദ്യ രംഗത്തിലെ ഭീമനെ കലാനിലയം വിനോദ് നന്നായിത്തന്നെ അവതരിപ്പിച്ചു. വിശേഷിച്ചും ആദ്യ പദത്തിലെ “പഞ്ചമകൂജിത! സുകോകിലേ!” എന്ന ചരണം മുതല്‍ക്കുള്ള കലാശവും പദങ്ങളും ഇടകലര്‍ത്തിയുള്ള ഭീമന്റെ പദാവതരണം മനോഹരമാക്കുവാന്‍ വിനോദിനായി. ഭാവപ്രകാശനത്തിലാണ് കലാനിലയം വിനോദ് ഇനിയുമേറെ മെച്ചപ്പെടുത്തുവാനുള്ളതായി തോന്നിയത്. അതുപോലെ ചാഞ്ചാടി മോദം കലര്‍ന്നെത്തുന്ന പവനനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന് കാറ്റിന്റെ വരവ് അനുഭവവേദ്യമാവണം. മുദ്രയിലൂടെ അര്‍ത്ഥം കാട്ടുക മാത്രമാവരുത് നടന്റെ ലക്ഷ്യം. “നല്ല ചാരുപവനന്‍ വരുന്നു.” എന്നയിടത്ത് കാറ്റിന്റെ അനുഭൂതി കലാമണ്ഡലം വിജയകുമാറിന്റെ പാഞ്ചാലിയിലും കാണുവാനായി. രംഗത്തു വെറുതേ നില്‍ക്കുകയല്ലാതെ, പദം ശ്രദ്ധിച്ച് താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രംഗത്തോടിണക്കി നിര്‍ത്തുവാനുള്ള വിജയകുമാറിന്റെ ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനീയമാണ്.


യാത്രതുടങ്ങുന്ന ഭീമന്‍, കാറ്റിന്റെ ദിശ മനസിലാക്കി യാത്ര ചെയ്യാമെന്നുറയ്ക്കുന്നു. പാറക്കൂട്ടങ്ങളും, ഔഷധച്ചെടികളും നിറഞ്ഞ ഗന്ധമാദന പര്‍‌വ്വതവും കടന്ന് യാത്ര തുടരുന്ന ഭീമന്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ടിടത്തെത്തുന്ന ഭീമന്‍ കാണുന്നത് ഭീമാകാരനായ ഒരാനയെയാണ്. എന്നാല്‍ ആ ആനയുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടികൂടിയിരിക്കുന്നു, ആന പിടിവിടുവിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. വിശന്നുവലഞ്ഞ് അവിടെയെത്തുന്ന ഒരു സിംഹം ആനയുടെ മസ്തകം പിളര്‍ന്ന് ചോരകുടിക്കുന്നു. ചരിയുന്ന ആനയെ പെരുമ്പാമ്പ് വിഴുങ്ങുന്നു. ഈശ്വരലീലകള്‍ തന്നെയെന്നു ചിന്തിച്ച് വീണ്ടും യാത്ര ചെയ്യുന്ന ഭീമന്‍ ഘോരമായ വനപ്രദേശത്തിലെത്തുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ് യാത്ര ദുഷ്കരമായ ഈ പ്രദേശത്തുകൂടി പോവുന്നതെങ്ങിനെയെന്ന് ചിന്തിച്ച്, ഗദകൊണ്ട് ഇവയൊക്കെ തല്ലിതകര്‍ത്ത് സഞ്ചരിക്കുക തന്നെ എന്നുറയ്ക്കുന്നു. അപ്രകാരം ചെയ്തുകൊണ്ട് ഭീമന്‍ യാത്ര തുടരുന്നു.


കദളീവനത്തില്‍ തപസുചെയ്യുകയായിരുന്ന ഹനുമാന്‍, ശബ്ദം കേട്ടുണരുന്നു. ഇന്ദ്രിയങ്ങളെ ബന്ധിച്ച് തപസ് തുടരുവാന്‍ ശ്രമിക്കുന്നെങ്കിലും ശബ്ദം കൂടുതല്‍ അടുക്കുന്നതോടെ ഹനുമാന് ശ്രദ്ധ വീണ്ടും നഷ്ടമാവുന്നു. എന്താണ് ശബ്ദം എന്നറിയുക തന്നെ എന്നുറച്ച് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് നോക്കുന്നു. പര്‍വ്വതങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിക്കുന്നതാണോ എന്നു സംശയിക്കുന്ന ഹനുമാന്‍, ‘അല്ല, പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധത്താല്‍ പര്‍വ്വതങ്ങളുടെ ചിറകരിഞ്ഞ് അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്.’ എന്നോര്‍ക്കുന്നു. തുടര്‍ന്ന് സമുദ്രത്തില്‍ ജലം ഇരമ്പിക്കയറുന്ന ശബ്ദമാവുമോ എന്നു സംശയിക്കുന്നു. ‘ബഡവാഗ്നിയുടെ ജ്വാലയാല്‍ അധികമായ ജലം വറ്റിച്ചു കളയുന്നതു കൊണ്ട് അതുമല്ല.’ ലോകാവസാനമായോ എന്നാണ് അടുത്തതായി സംശയിക്കുന്നത്. ചുറ്റുപാടുമൊന്ന് കണ്ണോടിച്ച്, ‘പൂത്തുലഞ്ഞ് ഫലങ്ങള്‍ നിറഞ്ഞ മരങ്ങള്‍, പക്ഷികള്‍ പറന്നു നടക്കുന്നു. ഇവയൊക്കെ കൊണ്ട് ലോകാവസാനമല്ല.’ പിന്നെയെന്താണീ ശബ്ദമെന്ന് തേടിക്കാണുക തന്നെ എന്നുറച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് സഞ്ചരിച്ച് നോക്കുന്നു. ഒരു അതിമാനുഷന്‍ കൈയില്‍ വലിയ ഗദയുമായി വൃക്ഷങ്ങള്‍ തല്ലിതകര്‍ത്തു വരുന്നത് കാണുന്നതായി ആടി, “ആരിഹ വരുന്നതിവനാരും എതിരില്ലയോ?” എന്ന പദത്തിലേക്ക് കടക്കുന്നു. “മനസി മമ, കിമപി ബത!” എന്ന ഭാഗത്ത്, അനുജനെ കാണുന്ന ഹനുമാന്റെ അതിയായ സന്തോഷം വെളിവാക്കുവാനായി അഷ്ടകലാശമെടുക്കാറുണ്ട്, ഇവിടെ അതുണ്ടായില്ല.


വരുന്നത് തന്റെ അനുജനായ ഭീമനാണെന്ന് മനസിലാക്കുന്ന ഹനുമാന്‍, ഇവന്റെ മദമടക്കുകയും കൂട്ടത്തില്‍ തന്റെ മഹത്വം അറിയിക്കുകയും ചെയ്യുവാനുറയ്ക്കുന്നു. അതിനായി ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമന്‍ വരുന്ന വഴിയില്‍ വിലങ്ങനെ കിടക്കുന്നു. മരങ്ങള്‍ തല്ലിത്തകര്‍ത്തടുക്കുന്ന ഭീമന്‍ വഴിമുടക്കി കിടക്കുന്ന വാനരനെ കണ്ട് നില്‍ക്കുന്നു. ഉടന്‍ തന്നെ വഴിയില്‍ നിന്നു മാറിയില്ലെങ്കില്‍, കഴുത്തിനു പിടിച്ച് ദൂരേക്കെറിഞ്ഞ് താന്‍ പോവുന്നുണ്ടെന്നാണ് ഭീമന്റെ വീരവാദം. തന്റെ മുകളിലൂടെ ചാടിപ്പൊക്കോള്ളാന്‍ പറയുന്ന വാനരനോട്, ക്ഷത്രിയ രാജവംശത്തില്‍ പിറന്ന താന്‍ ആരേയും കവച്ചു വെച്ച് പോവുകയില്ല എന്നു ഭീമന്‍ അറിയിക്കുന്നു. ഇതു കേട്ട്, തനിക്കൊട്ടും അനങ്ങുവാന്‍ കഴിയുന്നില്ല, അതിനാല്‍ തന്റെ വാലുയര്‍ത്തി മാറ്റിയിട്ട് പൊയ്ക്കോളുക എന്ന് വാനരന്‍ പറയുന്നു. ആ ഉപായത്തില്‍ തൃപ്തനാവുന്ന ഭീമന്‍ ഗദ ഉപയോഗിച്ച് വാല്‍ പൊക്കി മാറ്റുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ വാല്‍ അനക്കുവാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഉള്ളിലേക്ക് കയറ്റിയ ഗദ പുറത്തേക്ക് ഇറക്കുവാനാവാത്ത ഗതികേടിലുമായി ഭീമന്‍. ഇത്രയുമായപ്പോള്‍ ഇത് വിചാരിച്ചതുപോലെ നിസാരനായ ഒരു വാനരനല്ല എന്നു ബോധ്യം വരുന്ന ഭീമന്‍, സത്യാവസ്ഥ തിരക്കുന്നു. രാവണാന്തകനായ രാമന്റെ ദൂതനും ഭീമന്റെ സഹജനുമായ ഹനുമാനാണ് താനെന്ന് അറിയിക്കുന്നതോടെ ഭീമന്‍ വന്ദിച്ച് ഇടത്തേക്കു മാറുന്നു.


സമുദ്രലംഘനം നടത്തിയ രൂപം കാണണമെന്ന ഭീമന്റെ ആഗ്രഹം ഹനുമാന്‍ തുടര്‍ന്നു സാധിച്ചു കൊടുക്കുന്നു. എന്നാല്‍ ഹനുമാന്റെ ബഹൃത്‌‌രൂപം കാണുന്ന ഭീമന്‍ മോഹാലസ്യപ്പെടുന്നു. തന്റെ അനുജനെ ഉയര്‍ത്തി ജ്യേഷ്ഠവാത്സല്യത്തോടെ ഹനുമാന്‍ സമാധാനിപ്പിക്കുന്നു. “ഭീതിയുള്ളിലരുതൊട്ടുമേ തവ!” എന്ന ശങ്കരാഭരണത്തിലുള്ള ഹനുമാന്റെ പദമാണ് തുടര്‍ന്ന്. ഒടുവില്‍ കൌരവരോടുള്ള യുദ്ധസമയത്ത് തങ്ങളോടൊപ്പം ചേര്‍ന്ന് അരികളെ സംഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഭീമനോട്, അര്‍ജ്ജുനന്റെ കൊടിക്കൂറയില്‍ സ്ഥിതിചെയ്ത് ഭീഷണമായ ശബ്ദമുണ്ടാക്കി അരികളെ യുധിശൂന്യരാക്കുന്നുണ്ടെന്ന് ഹനുമാന്‍ അറിയിക്കുന്നു. തുടര്‍ന്ന്, സൌഗന്ധികപുഷ്പങ്ങള്‍ ലഭിക്കുന്ന സ്ഥലവും അവിടേക്കുള്ള മാര്‍ഗവും ഹനുമാന്‍ ഭീമനു പറഞ്ഞു കൊടുക്കുന്നു. യാത്രപറഞ്ഞു പോയി തിരികെ വന്ന് പരുങ്ങുന്ന ഭീമനെക്കണ്ട് ഹനുമാന്‍ കാര്യം തിരക്കുന്നു. തന്റെ സഹായത്തിനുണ്ടായിരുന്ന ഗദ ഇപ്പോള്‍ തന്റെ കൈയിലില്ല എന്നു ഭീമന്‍ പറയുന്നു. അതെവിടെയെന്നു ഹനുമാന്‍ ചോദിക്കുമ്പോള്‍, ഹനുമാന്റെ വാലില്‍ പിണഞ്ഞു കിടക്കുകയാണ് എന്ന് ലജ്ജയോടെ ഭീമന്‍ അറിയിക്കുന്നു. അല്പമൊന്ന് പരിഹസിച്ചതിനു ശേഷം, ഗദ നല്‍കി വീണ്ടും ഹനുമാന്‍ ഭീമനെ യാത്രയാക്കുന്നു.


ഹനുമാനായി കലാമണ്ഡലം ഷണ്മുഖദാസിനെ ആദ്യമായി കാണുകയാണ്. അല്പം നര്‍മ്മമൊക്കെ കലര്‍ത്തി, കഴിയുന്നത്ര മികവു പുലര്‍ത്തുവാന്‍ ഷണ്മുഖദാസ് ശ്രമിച്ചുവെങ്കിലും, അധികം കൈകാര്യം ചെയ്യാത്ത വേഷമായതിനാലാവണം അദ്ദേഹത്തിന്റെ മറ്റു വേഷങ്ങളില്‍ കാണുന്ന സ്വാഭാവികമായ ഒഴുക്ക് ഈ വേഷത്തില്‍ കാണുവാനുണ്ടായില്ല. ഒന്നു രണ്ട് അരങ്ങുകളില്‍ കൂടി ഹനുമാന്‍ കെട്ടുവാന്‍ അവസരം ലഭിച്ചാല്‍ ഇതിലും മികച്ചതാക്കുവാന്‍ ഷണ്മുഖദാസിന് കഴിയും. ആദ്യ രംഗങ്ങളിലെ ഭീമനില്‍ നിന്നും വ്യത്യസ്തമായുള്ള; ജ്യേഷ്ഠനായ ഹനുമാന്റെ മുന്‍പില്‍, ഗര്‍വ്വം വെടിഞ്ഞ് വിനയാന്വിതനായി തീര്‍ന്ന ഭീമനേയും കലാനിലയം വിനോദ് നന്നായിത്തന്നെ അവതരിപ്പിച്ചു. സമയക്കുറവു മൂലം പദങ്ങള്‍ വെട്ടിച്ചുരുക്കി അവസാനഭാഗങ്ങള്‍ വേഗത്തില്‍ കഴിക്കേണ്ടിവന്നെങ്കിലും അത് കളിയുടെ മൊത്തത്തിലുള്ള രസത്തെ കാര്യമായി ബാധിച്ചില്ല. ഒടുവിലെ സംഭാഷണങ്ങള്‍ അല്പം കുറയ്ക്കുന്നതാണ് രംഗത്തിനു കൂടുതല്‍ ഭംഗിയെന്നു തോന്നുകയും ചെയ്തു.

പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനിലയം രാജീവനും ചേര്‍ന്നുള്ള ഇന്നേ ദിവസത്തെ ആലാപനവും ഏറെ ഹൃദ്യമായി. ശങ്കരാഭരണത്തിലുള്ള ഭീമന്റെ ആദ്യപതിഞ്ഞ പദം, “മാഞ്ചേല്‍ മിഴിയാളേ!”, മധ്യമാവതിയിലുള്ള ഹനുമാന്റെ “ആരിഹ വരുന്നതിവനാരും എതിരില്ലയോ!”; ഇവയൊക്കെ മനോഹരമായി, എന്നാല്‍ നടന്‍ മുദ്രകാട്ടുന്ന കണക്കൊപ്പിച്ചു പാടുവാന്‍ ഇരുവര്‍ക്കുമായി. കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവരൊരുക്കിയ മേളവും മികച്ചു നിന്നു. “പഞ്ചമകൂജിത സുകോകിലേ!” മുതലായ ഇടങ്ങളില്‍ ചെണ്ടയും മദ്ദളവും ഇടകലര്‍ത്തിയുള്ള പ്രയോഗങ്ങള്‍ ആസ്വാദ്യകരമായിരുന്നു. ഏതിനു ചെണ്ട, ഏതിനു മദ്ദളം എന്നു വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ട് എന്നതാണ് ഈ മികവിനു കാരണം. അവസാന ഭാഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്ത മാര്‍ഗി കൃഷ്ണകുമാര്‍, കലാശങ്ങള്‍ക്കു കൂടുന്നതില്‍ പോലും പിഴവുകള്‍ വരുത്തി. ചെറുപ്പക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കിലും, കുറച്ചു കൂടി പരിചയം വന്നതിനു ശേഷം മാത്രം ഭീമനും ഹനുമാനും തമ്മിലുള്ളതുപോലെയുള്ള പ്രധാനരംഗങ്ങള്‍ക്ക് കൊട്ടുവാന്‍ വിടുന്നതാവും ഉചിതം. ആര്‍.എല്‍.വി. സോമദാസ് ഒരുക്കിയ ഹനുമാന്റെ ചുട്ടിക്ക് എന്തൊക്കെയോ ചില കുറവുകള്‍ തോന്നിച്ചു. ഉപയോഗിച്ച പേപ്പറുകളുടെ വലുപ്പത്തിന്റെ അനുപാതത്തിലുള്ള ചേര്‍ച്ചക്കുറവാണെന്നു തോന്നുന്നു ഇതിനു കാരണം. നല്ലവണ്ണം ഉടുത്തുകെട്ടി ഭംഗിയായി വേഷം തീര്‍ക്കുന്ന പള്ളിപ്പുറം ഉണ്ണികൃഷ്ണനും അഭിനന്ദനമര്‍ഹിക്കുന്നു. പലപ്പോഴും ഉടുത്തുകെട്ടിക്കുവാന്‍ നന്നായി അറിയാവുന്നവരില്ലാത്തത് വേഷഭംഗി കുറയുന്നതിന് കാരണമാവാറുണ്ട്. ചുരുക്കത്തില്‍, കൃത്യമാ‍യ സമയത്തിനുള്ളില്‍ അവതരിപ്പിച്ചു തീര്‍ത്ത ഇവിടുത്തെ ‘കല്യാണസൌഗന്ധികം’ ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു അരങ്ങനുഭവമാണ് നല്‍കിയത്.

Description: KalyanaSaugandhikam Kathakali @ Vyloppalli Samskrithi Bhavan, Nalanda, Thiruvananthapuram. Kalanilayam Vinod as Bheeman, Kalamandalam Vijayakumar as Panchali and Kalamandalam Shanmukhadas as Hanuman. Vocal by Pathiyur Sankarankutty and Kalanilayam Rajeevan. Chenda by Kalamandalam Krishnadas and Margi Krishnakumar. Maddalam by Kalanilayam Manoj. Chutty by RLV Somadas. Aniyara by Pallippuram Unnikrishnan. Kaliyogam: Sandarsan, Ambalappuzha.Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 02, 2009.
--

7 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതിഭവനില്‍ നടന്ന ‘കല്യാണസൌഗന്ധികം’ കഥകളിയുടെ ആസ്വാദനം.
--

Sajeesh പറഞ്ഞു...

ഹരി,
അപ്രതീക്ഷിതമായി ഞാന്‍ ഒരു കഥകളി ഫോട്ടോ വെബ്‌ സൈറ്റില്‍ കണ്ടു. പക്ഷെ കഥകളിയെ ഇത്രക്കും കൊമാളിയാക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല. ദയവായി ഈ ലിങ്കില്‍ ഒന്ന്
പോയി നോക്കൂ http://www.fotosearch.com/uny041/u13459813/

ആരാണ് ഈ ബുദ്ധിക്ക് ‍ പിന്നില്‍ ഉള്ള മഹാന്‍ എന്ന് അറിയില്ല. ഞാന്‍ എന്തിനാണ് ഹരിയുടെ ബ്ലോഗില്‍ ഇതു എഴുതുന്നത്‌ എന്ന് വെച്ചാല്‍ ആര്‍ക്കെങ്കിലും ഇതിനു എതിരായി ശബ്ദം ഉയര്‍ത്താന്‍ പറ്റിയാല്‍ വളരെ നല്ലത് എന്ന് വിചാരിച്ചാണ്.

അവസാനം, കല്ല്യാണസൌഗന്ധികം റിവ്യൂ നന്നായി കേട്ടോ...

സജീഷ്‌

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
ആസ്വാദനം നന്നായിട്ടുണ്ട്...

“മനസി മമ, കിമപി ബത!” എന്ന ഭാഗത്ത് തെക്കന്‍‌ചിട്ടയനുസ്സരിച്ച് അഷ്ടകലാശമെടുക്കാറുണ്ട്. എന്നാല്‍ വടക്കന്‍‌ചിട്ടയനുസ്സരിച്ച് ഇത് പതിവില്ല. ‘ശൌര്യഗുണ’മെടുക്കുന്ന ഭീമനാണ് വടക്കര്‍ ‘അഷ്ടകലാശം’ ചെയ്യാറുള്ളത് കല്യാണസൌഗന്ധികത്തില്‍.

Haree പറഞ്ഞു...

@ Sajeesh,
വ്യക്തിപരമായി പരസ്യങ്ങളിലും സിനിമകളിലും മറ്റും കഥകളി ഉപയോഗിക്കുന്നതിനോട് എനിക്കും വിയോജിപ്പു തന്നെ. പക്ഷെ, കലാകാരന്മാര്‍ക്കും കോപ്പുകാര്‍ക്കും ഒരു കളിക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ഇവയില്‍ നിന്നും ലഭിക്കുമല്ലോ... അതോര്‍ക്കുമ്പോള്‍ എതിര്‍ക്കേണ്ടതില്ലെന്നും തോന്നും. ആസ്വാദനം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :-)

@ മണി,വാതുക്കോടം.
നന്ദി. :-)
ഇവിടെയങ്ങിനെ ചിട്ട നോക്കിയാണോ എന്നറിയില്ല. സമയക്കുറവു മൂലമാവാം.
--

Sethunath UN പറഞ്ഞു...

ഹരീ

ന‌ല്ല ആസ്വാദനം. ഞാനും കണ്ട ക‌ളിയായതുകൊണ്ട് വ‌ള‌രെ ആസ്വദിച്ച് വായിയ്ക്കാന്‍ പറ്റി.

കൂടുതല്‍ ഫോട്ടോസ് ഇവിടെയുണ്ട്.

നിരഞ്ജന്‍ പറഞ്ഞു...

ഹരിയേട്ടാ,
ആസ്വാദനം മനോഹരമായി..

അഭിനന്ദനം അറിയിക്കുന്നതിനേക്കാള്‍ ഉപരി നിറഞ്ഞ നന്ദിയാണ് തോന്നുന്നത്.. കഥകളി ആസ്വാദനത്തിന്റെ ബാലപാഠങ്ങള്‍ മാത്രം അഭ്യസിച്ചു വരുന്ന എനിക്ക് ഒരു അനുഗ്രഹമാണ് ഈ ബ്ലോഗ്‌.

തുടരുക...!!
ഭാരത സംസ്കൃതിയുടെ കല്‍വിളക്കില്‍ എന്നും ജ്വലിക്കുന്ന അഗ്നിയായ്‌..
എന്നെ പോലുള്ളവര്‍ക്ക് അന്ധകാരത്തില്‍ വഴികാട്ടിയായ്‌...


--------------
നിരഞ്ജന്‍

Haree പറഞ്ഞു...

@ നിഷ്ക്കളങ്കന്‍,
നന്ദി. :-) (ഫോട്ടോസ് ഇവിടെയുണ്ടെന്നു പറഞ്ഞിട്ട്, ലിങ്കില്ലല്ലോ!) ലിങ്ക് ഇവിടെ.

@ നിരഞ്ജന്‍,
നന്ദി. തീര്‍ച്ചയായും നിരഞ്ജനെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഇതു തുടരുവാനുള്ള ശക്തിയും. :-) (എന്നാലും “ഭാരത സംസ്കൃതിയുടെ കല്‍വിളക്കില്‍ എന്നും ജ്വലിക്കുന്ന അഗ്നിയായ്‌.. ” അത്രയ്ക്കൊന്നുമില്ലാട്ടോ... ബ്ലോഗിന്റെ വശത്തു നല്‍കിയിരിക്കുന്ന മറ്റു കഥകളി ബ്ലോഗുകളും നോക്കുക.)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--