2009, ജൂലൈ 5, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം

PoothanaMoksham Kathakali: Margi Vijayakumar as Poothana.
ജൂണ്‍ 22, 2009: തിരുവനന്തപുരം ദൃശ്യവേദിയും വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാലയും സംയുക്തമായി ആണ്ടുതോറും നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യ ദിനം ‘പൂതനാമോക്ഷം’ കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ രവികുമാര്‍ കൃഷ്ണമുടിയായെത്തിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും; മാര്‍ഗി രത്നാകരന്‍, കലാനിലയം മനോജ് എന്നിവര്‍ മദ്ദളത്തിലും; സംഗീതത്തില്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരും ചേര്‍ന്ന ഇരട്ടമേളപ്പദവും അരങ്ങേറി. ഈയിടെയായി ധാരാളമായി കാണുന്നതിന്റെ മടുപ്പ് തുടക്കത്തില്‍ അനുഭവപ്പെട്ടെങ്കിലും, തുടര്‍ന്ന് മേളം ആസ്വാദ്യകരമാക്കുവാന്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കായി. ആവശ്യത്തിനു മാത്രം സമയമെടുത്ത് അധികം ദീര്‍ഘിപ്പിക്കാത്തതും ഒരു നല്ല കാര്യമായി.


മാര്‍ഗി വിജയകുമാര്‍ ലളിതവേഷധാരിണിയായ പൂതനയായി വേഷമിട്ട ‘പൂതനാമോക്ഷ’മാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. ഈ കളിയുടെ ആസ്വാദനത്തിലേക്ക് കടക്കും മുന്‍പ് പൊതുവായി കണ്ടുവരുന്ന ചില കാര്യങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കാമെന്നു കരുതുന്നു. അമ്പാടിയില്‍ തന്റെ അന്തകനായ ശ്രീകൃഷ്ണന്‍ വളര്‍ന്നുവരുന്നുണ്ടെന്നുള്ള വാര്‍ത്തയില്‍ അസ്വസ്ഥനായ കംസന്‍, അവനെ നിഗ്രഹിക്കുവാനായി പൂതന എന്ന രാക്ഷസിയെ നിയോഗിക്കുന്നു. സ്വരൂപത്തില്‍ അമ്പാടിയിലെത്തി കാര്യം സാധിക്കുക പ്രയാസകരമെന്നു മനസിലാക്കി, മായയാല്‍ ഒരു സുന്ദരീരൂപം ചമഞ്ഞ് അവള്‍ അമ്പാടിയിലെത്തുന്നു. “അമ്പാടിഗുണം വര്‍ണിക്കുവാന്‍ വമ്പനല്ല ഫണിരാജനും!” എന്നു തുടങ്ങുന്ന കാംബോജി രാഗത്തിലുള്ള പദമാണ് ആദ്യം.


അമ്പാടിയുടെ മനോഹാരിത വര്‍ണിക്കുവാന്‍ അനന്തനുമാവില്ല എന്നു പറഞ്ഞാണ് പൂതന സ്ഥലത്തെക്കുറിച്ചുള്ള വര്‍ണന ആരംഭിക്കുന്നത്. പലപ്പോഴും അല്പം അകലെ നിന്ന് പൂതന അമ്പാടിയെ നോക്കിക്കാണുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ അമ്പാടിയുടെ പ്രവേശനകവാടം കഴിഞ്ഞു ചെല്ലുന്ന പൂതന, നന്ദഗോപരുടെ ഗൃഹത്തിലേക്ക് പോവുകയാണ്. ഈ സഞ്ചാരത്തിനിടയിലെ കാഴ്ചകള്‍, അകലെനിന്ന് നോക്കിക്കാണുകയല്ല, മറിച്ച് പൂതനയുടെ ഒരു അനുഭവമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു.
“എഴുനില മണിഗൃഹം അതിരുചിരം, രുചി തഴുകിന തളിമവും ഇഹ മധുരം;
ജലമൊഴുകിന പൂങ്കാവതിശിശിരം പരമൂഴിയിങ്കലെതിരില്ലിതിനൊരഴക്,
ഈഷലില്ല കഴല്‍ തൊഴും അമരപുരം!”

പദത്തിന്റെ അനുപല്ലവി “ഴുനില മണിഗൃഹ...”മെന്നും “ഴുനില മണിഗൃഹ...”മെന്നും പാടിക്കേള്‍ക്കാറുണ്ട്. സാധാരണയായി ഏഴു നിലകളുള്ള മന്ദിരം എന്നാണ് വേഷക്കാര്‍ അവതരിപ്പിക്കുവാറുള്ളതും. എന്നാല്‍ അമ്പാടിയില്‍ അപ്രകാരം ഏഴു നിലകളുള്ള ഒരു മന്ദിരം, കാണുവാന്‍ സാധ്യതയുണ്ടോ? അങ്ങിനെ ചിന്തിക്കുമ്പോള്‍ എഴുന്നു നില്‍ക്കുന്ന (ഉയര്‍ന്നു നില്‍ക്കുന്ന) മന്ദിരങ്ങള്‍ പൂതന കാണുന്നു എന്നതല്ലേ കൂടുതല്‍ നല്ലത്? ആവശ്യത്തിനു കാറ്റും വെളിച്ചവും ശുദ്ധവായുവും ലഭിക്കുമ്പോളല്ലേ, തളിമങ്ങള്‍ (വരാന്ത, മറവില്ലാതെ കെട്ടിയിരിക്കുന്ന തിണ്ണ) മധുരതരമാവുകയുള്ളൂ? അപ്പോള്‍ അവയൊക്കെ യഥേഷ്ടം പൂതന അനുഭവിക്കേണ്ടതല്ലേ? ആ തളിമത്തില്‍ പൂതന ഒന്നിരുന്ന് വിശ്രമിച്ചാലോ? പൂങ്കാവിലെത്തുമ്പോള്‍ പൂതനയ്ക്ക് തണുപ്പ് അനുഭവപ്പെടണം, അതല്ലാതെ ജലമൊഴുകുന്നതിനാല്‍ തണുപ്പു തോന്നുന്ന ഒരു ഉദ്യാനം അതാ കാണുന്നു എന്നു ചൂണ്ടിക്കാണിച്ചാല്‍ മതിയാവുമോ? “ഊഴിയിങ്കല്‍ എതിരില്ല ഇതിനൊരഴക്, ഈഷലില്ല കഴല്‍ തൊഴും അമരപുരം!” - ഈ ഭാഗത്ത്, ‘ഇതിനൊരഴക്‌’ എന്നും ‘ഇതിനൊരഴല്‍’ എന്നും പാടിവരുന്നു. ഭൂമിയില്‍ ഇതിന് എതിരായി ഒരു അഴകില്ല, ദേവലോകം പോലും ഇതിന്റെ കാല്‍ തൊട്ടു വന്ദിക്കുമെന്നതില്‍ സംശയമില്ല എന്നാണ് ‘ഇതിനൊരഴക്‌’ എന്നു പാടുമ്പോള്‍ അര്‍ത്ഥമെടുക്കേണ്ടത്. ‘ഇതിനൊരഴല്‍’ എന്നുവരുമ്പോള്‍ ഈ ഭൂമിയില്‍ ഇതിന് സങ്കടമുണ്ടാക്കുവാനും മാത്രം സുന്ദരമായി ഒന്നുമില്ല എന്നു പറയണം. ഇതിലേതാണ് ശരി? ‘ഇതിനൊരഴക്‌’ എന്നതിനാണ് കൂടുതല്‍ യോജിപ്പെന്നു തോന്നുന്നു.


സാധാരണ കാണാറുള്ളതുപോലെ, അമ്പാടി അകലെനിന്ന് നോക്കിക്കാണുന്ന പൂതനയെയാണ് ഇവിടെ മാര്‍ഗി വിജയകുമാറും അവതരിപ്പിച്ചത്. തുടര്‍ന്ന് അമ്പാടിയില്‍ വസിക്കുന്നവരെയാണ് പൂതന ശ്രദ്ധിക്കുന്നത്. വിവിധ നൃത്തവിനോദങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഗോപികമാരെ അവള്‍ കാണുന്നു. ചിലര്‍ വീണവായിക്കുന്നു, ചിലര്‍ മദ്ദളം കൊട്ടുന്നു, മറ്റു ചിലര്‍ കൈമണിയടിക്കുന്നു, ബാക്കിയുള്ളവര്‍ മേളത്തിനനുസൃതമായി ചുവടുവെയ്ക്കുന്നു. ഈ കാഴ്ചകളൊക്കെ വിരഹികള്‍ കാണുവാന്‍ ഇടയായാല്‍ അവരുടെ മനസിന്റെ താപം വര്‍ദ്ധിക്കും എന്നാണ് പൂതന ഒടുവില്‍ പറഞ്ഞു നിര്‍ത്തുന്നത്. നന്ദഗോപരുടെ ഗൃഹത്തിലെത്തുന്ന പൂതന അവിടെ സ്ത്രീകള്‍ തൈരുകടയുന്ന കാഴ്ചകള്‍ കാണുന്നു. ഒരു സ്ത്രീ തൈരുകടയുവാന്‍ കൂടുന്നോയെന്ന് മറ്റൊരുത്തിയോടു ചോദിക്കുന്നു, അവള്‍ കൂട്ടാക്കുന്നില്ല. തുടര്‍ന്ന് മറ്റൊരുവളെ സമീപിക്കുന്നു, അവളോടൊപ്പം തൈരു കടഞ്ഞു തുടങ്ങുന്നു. ഇടയ്ക്ക് കണ്ണില്‍ തെറിക്കുന്നതെടുത്തു കളയുക, തൈരു കടഞ്ഞ് കൈ കഴയ്ക്കുമ്പോള്‍ ഇടയ്ക്കൊന്നു കുടയുക; ഇങ്ങിനെ സൂക്ഷ്മാംശങ്ങളിലുള്‍പ്പടെ ശ്രദ്ധ വെച്ചാണ് വിജയകുമാര്‍ തൈരുകടയല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇവരിലൊരാളായി അരവിന്ദനയനന്‍ വാഴുന്ന മന്ദിരത്തിലേക്ക് കടക്കുവാന്‍ നിശ്ചയിക്കുന്നു.


സുകുമാരനായ നന്ദകുമാരനോടുള്ള വാത്സല്യത്താല്‍, മുല താനേ ചൊരിയുന്നതായി ആടിയാണ് മാര്‍ഗി വിജയകുമാര്‍ “സുകുമാര! നന്ദകുമാര...” എന്ന പദം ആരംഭിച്ചത്. പാവയോ, തുണിക്കെട്ടോ അങ്ങിനെയെന്തെങ്കിലുമോ ശ്രീകൃഷ്ണനെ സൂചിപ്പിക്കുവാനായി ഇവിടെ ഉപയോഗിക്കുകയുണ്ടായില്ല. ഇതുമൂലം കലാകാരന് തന്റെ പ്രവര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുന്നു. നാട്യത്തിന് പ്രാധാന്യമുള്ള ഇടങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ലോകധര്‍മ്മിയായുള്ള ഭാഗങ്ങളില്‍ (ഉദാഃ നളചരിതം രണ്ടാം ദിവസത്തില്‍ കാട്ടാളന്റെ ഭാഗത്ത് ഉപയോഗിക്കുന്ന പാമ്പ്), അങ്ങിനെയുള്ളവ ഉപയോഗിക്കുന്നത് കൂടുതല്‍ അവതരണമികവ് നല്‍കുകയും ചെയ്യും. കുഞ്ഞിനെ കൈയിലെടുക്കുന്ന അവസരങ്ങളില്‍ സാരിത്തലപ്പുകൊണ്ട് കൈമറച്ചാണ് വിജയകുമാര്‍ അവതരിപ്പിച്ചത്. അങ്ങിനെ പിടിച്ചതിനാല്‍ അവിടെ കുഞ്ഞുണ്ട് എന്നത് പ്രേക്ഷകന് കൂടുതല്‍ വിശ്വസനീയമായി അനുഭവപ്പെടുകയും ചെയ്തു.


പദത്തിനു ശേഷം ശ്രീകൃഷ്ണന്റെ രൂപമധുരതയെ പൂതന വര്‍ണിക്കുന്നു. സ്വര്‍ണത്താമര പോലെ ശോഭിക്കുന്ന അമ്പാടിയില്‍, പവിഴമുത്തുപോലെ ഇവന്‍ വിളങ്ങുന്നു. താമരയിതള്‍ പോലെ കണ്ണുകളോടു കൂടിയ ഇവനെപ്പോലെ ഒരു കുഞ്ഞിനെ താന്‍ എവിടെയും കണ്ടിട്ടില്ലെന്നും പൂതന സ്മരിക്കുന്നു. ഇവനു മുലയൂട്ടുവാന്‍ കഴിയുന്നത് തന്റെ ജന്മസുകൃതമാണെന്നു പറഞ്ഞ് കുഞ്ഞിനു മുലപ്പാല്‍ നല്‍കുവാന്‍ ആരംഭിക്കുന്നു. രാക്ഷസിയായിട്ടുകൂടി പൂതനയുടെ ഉള്ളില്‍ കൃഷ്ണനോടു തോന്നിച്ച മാതൃവാത്സല്യം, അതിന്റെ മാറ്റൊട്ടും കുറയാതെ രംഗത്തവതരിപ്പിക്കുവാന്‍ മാര്‍ഗി വിജയകുമാറിന് ഇവിടെ സാധിച്ചു. മുലയൂട്ടുന്ന അമ്മയുടെ മുഖഭാവാദികള്‍ ഇതിലും തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മറ്റൊരു കലാകാരനും കഴിയുമെന്നും തോന്നുന്നില്ല. ഇതു കണ്ട്, ഒടുക്കം വരെ കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കാണികള്‍ കൈയ്യടിച്ചു പോയതിനും കാരണം മറ്റൊന്നല്ല. കുഞ്ഞിനെ വീണ്ടും തൊട്ടിയില്‍ കിടത്തി ഓരോന്നു കാട്ടി കളിപ്പിക്കുവാന്‍ തുടങ്ങുന്നു. പെട്ടെന്ന് തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ചോര്‍ത്ത്, ഇവനെ കൊല്ലുക തനിക്ക് സാധ്യമല്ലെന്ന് ചിന്തിക്കുന്നു. എന്നാല്‍ കാര്യം സാധിക്കാതെ തിരിച്ചു ചെന്നാല്‍ കംസന്‍ തന്നെ വധിക്കുമെന്ന ഭയത്താല്‍, ഇവനെ എങ്ങിനെയും കൊല്ലുക തന്നെ എന്ന് പൂതന തീരുമാനിക്കുന്നു.


കുഞ്ഞിനെ കൊല്ലുവാനായി അടുക്കുമ്പോള്‍ വീണ്ടും മാതൃവാത്സല്യം പൂതനയെ കീഴ്പ്പെടുത്തുന്നു. വാത്സല്യഭാവവും രാക്ഷസവീര്യവും മാറി മാറി പ്രകടമാക്കി ഒടുവില്‍ ജീവന്‍ പോയാലും ഇവനെ കൊല്ലുകയില്ല എന്നു നിശ്ചയിച്ച് മടങ്ങുവാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നെയും അവളിലെ രാക്ഷസസ്വഭാവം പ്രകടമാവുന്നു. കംസന്റെ ആജ്ഞ താന്‍ നടപ്പാക്കുമെന്നുറപ്പിച്ച് കുഞ്ഞിനെ എങ്ങിനെ കൊല്ലുമെന്ന് ചിന്തിക്കുന്നു. ഒടുവില്‍ മുലക്കണ്ണുകളില്‍ വിഷം പുരട്ടി കുഞ്ഞിനെ വധിക്കാമെന്നുറയ്ക്കുന്നു. അപ്പോള്‍ ചില സ്ത്രീകള്‍ അങ്ങോട്ടേക്ക് വരുന്നതു കണ്ട്, അവര്‍ മറ്റൊരു വഴിയെ പോയെന്നു കാട്ടി, ഇവിടെ ശരിയാവില്ലെന്നു പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറുന്നു. വാതിലും ജനാലകളുമടച്ച്, മുലയില്‍ വിഷം പിരട്ടി കുഞ്ഞിനെ പാലൂട്ടുന്നു. ഒടുവില്‍ പാലിനൊപ്പം പൂതനയുടെ ജീവ രക്തവുമൂറ്റി ശ്രീകൃഷ്ണന്‍ അവള്‍ക്ക് മോക്ഷം നല്‍കുന്നു. കൈകാലുകള്‍ ചെറുതായി തളരുന്നതില്‍ തുടങ്ങി, വേദന അസഹ്യമാവുമ്പോള്‍ സ്വരൂപം ധരിച്ച് അലറിക്കരഞ്ഞ് മരണവെപ്രാളം കാട്ടുന്നതുമൊക്കെ മാര്‍ഗി വിജയകുമാര്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചു. അധികം വലിച്ചു നീട്ടാതിരുന്നതും ഒരു മേന്മയായി പറയാം. ഒടുവില്‍ വേദനകളൊക്കെ മറന്ന് ആനന്ദത്തോടെ പൂതന വിഷ്ണുചൈതന്യത്തില്‍ ലയിക്കുകയാണല്ലോ, എന്നാല്‍ വിജയകുമാറിന്റെ പൂതനയില്‍ അങ്ങിനെയൊരു ആനന്ദം കാണുവാനുണ്ടായില്ല. ആ ഭാഗം മാത്രം അല്പം കൂടി മികച്ചതാക്കാമായിരുന്നു.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ സംഗീതം. ഇരുവരും നന്നായി തന്നെ പദഭാഗങ്ങള്‍ ആലപിക്കുകയുണ്ടായി. “സുകുമാര! നന്ദകുമാര!” എന്ന പദം ആനന്ദഭൈരവിയില്‍ തുടങ്ങി, ചരണങ്ങള്‍ രാഗം മാറ്റി പാടാറുണ്ട്. ഇവിടെയും ആ രീതിയിലായിരുന്നു അവതരണം, എന്നാല്‍ ഒരു രാഗത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം കൃഷ്ണന്‍‌കുട്ടിക്ക് അത്ര നന്നായി വഴങ്ങുന്നുണ്ടായിരുന്നില്ല. കൈക്കു കൂടുന്നതിലും മറ്റും മാര്‍ഗി രത്നാകരന്‍ പതിവുപോലെ മികവുപുലര്‍ത്തി. പൂതന കുഞ്ഞിനെ ചുംബിക്കുന്നു, പൂതന കുഞ്ഞിനെ ഞൊട്ടിവിളിക്കുന്നു; ഇതിങ്ങനെ ആവര്‍ത്തിച്ച് വരുമ്പോള്‍, രണ്ടിനും ഒരേ രീതിയില്‍ ശബ്ദമുതിര്‍ക്കുന്നതിനു പകരം ചുംബനത്തിന് എന്തെങ്കിലുമൊരു വ്യത്യസ്തത നല്‍കുവാന്‍ ശ്രമിക്കാവുന്നതായിരുന്നു. ഇടയ്ക്കയില്‍ മാര്‍ഗി കൃഷ്ണകുമാര്‍ കാര്യമായൊന്നും ചെയ്തുകണ്ടില്ല. ഒടുവിലെ ഭാഗങ്ങള്‍ക്ക് മാര്‍ഗി വേണുഗോപാലിന്റെ ചെണ്ടയും മേളത്തിനു ചേര്‍ന്നു. എല്ലാം കണക്കിലെടുക്കുമ്പോള്‍ വളരെ ആസ്വാദ്യകരമായിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ട ‘പൂതനാമോക്ഷ’മെങ്കിലും, മാര്‍ഗി വിജയകുമാറിന്റെ ഏറ്റവും മികച്ച പൂതനയാണ് ഇവിടെ അരങ്ങേറിയതെന്ന് കരുതുവാനില്ല. അദ്ദേഹത്തിന്റെ ദമയന്തിയും, സിംഹിക-ലളിതയുമൊക്കെ വേറിട്ട ഒരു അനുഭവമാണെങ്കില്‍, സാധാരണ എല്ലാവരും ചെയ്യുന്ന പൂതനയുടെ ഒരു മികച്ച അവതരണം മാത്രമാണ് ഇവിടെ കാണുവാനുണ്ടായത്. മാര്‍ഗി വിജയകുമാറിനെപ്പോലെ ഒരു കലാകാരന് ഇനിയും വികസിപ്പിക്കുവാനും മനോഹരമാക്കുവാനും സാധ്യതയുള്ള ഒരു കഥാപാത്രമാണ് പൂതന എന്നു തന്നെ കരുതുന്നു.

Description: PoothanaMoksham Kathakali: Organized by DrisyaVedi, Thiruvananthapuram as part of Fifteenth Kerala Rangakalolsavam. Purappadu by Kottackal Ravikumar. Melappadam by Margi Venugopal and Margi Krishnakumar in Chenda; Margi Rathnakaran and Kalanilayam Manoj in Chenda and Kalamandalam Krishnankutty and Kalanilayam Rajeevan in Vocal. Margi Vijayakumar as Poothana. Margi Krishnakumar in Idakka. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. June 18, 2009.
--

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ അരങ്ങേറിയ ‘പൂതനാമോക്ഷം’ കഥകളിയുടെ ഒരു ആസ്വാദനം.

ജൂലൈ ഒന്നിന് അന്തരിച്ച കഥകളിഗായകന്‍, ശ്രീ. കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികളോടെ...
--

Sureshkumar Punjhayil പറഞ്ഞു...

:)

Dr.T.S.Madhavankutty പറഞ്ഞു...

ശ്രീ ഹരീ,
നല്ല വിവരണമായിട്ടുണ്ട്‌ എന്നതിൽ സൻശയമില്ല. ഒരുകൊല്ലം മുമ്പുവരേയുള്ള ഏഴുകൊല്ലക്കാലം ഞാൻ കിഴക്കേകൊട്ടയിലേ ഒരു പതിവുകാരനായിരുന്നു എന്നതിനാലും, എനിയ്ക്ക്‌ മാർഗ്ഗി വിജയക്കുമറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വേഷം പൂതന ആയതുകൊണ്ടും ചെറിയൊരു 'നൊസ്റ്റാൾജിയ'യോടേയാണു ഞാനത്‌ വായിച്ചത്‌. മാർഗ്ഗി വിജയകുമാറിന്റെ എനിയ്ക്കിഷ്ടമുള്ള വേഷങ്ങളുടെ ക്രമം എടുക്കുകയാണെങ്കിൽ അതിൽ ആദ്യത്തെ മൂന്നെണ്ണം, പൂതന, കിർമ്മീരവധത്തിലെ ലളിത, ഊർവ്വശി എന്നിവയാണു.
പൂതനയേ സംബന്ധിച്ചേടത്തോളം അമ്പാടിയെ വേറിട്ടുനിന്ന് കാണുന്നതിൽ തെറ്റില്ലെന്നണു എന്റെ അഭിപ്രായം. കാരണം:
കഥകളിയരങ്ങത്ത്‌ വേഷങ്ങൾക്ക്‌ മൂന്നവസ്ഥയുണ്ടു. ഒന്ന് താനാവിഷ്കരിയ്ക്കുന്ന കഥാപത്രം, രണ്ട്‌ ആഖ്യാതാവ്‌, മൂന്ന് അതാവിഷ്കരിയ്ക്കുന്ന കലാകാരൻ. കഥാപാത്രമായിട്ടുള്ള അവസ്ഥയനു കൂടുതൽ നേരവും. അതാണു ആദ്യത്തേത്‌. എന്നൽ വർണ്ണനകൾ, സംഭവങ്ങൾ വിവരിയ്ക്കുന്ന സങ്ങർഭങ്ങൾ മുതലയ സ്ഥലങ്ങളിൽ കഥപത്രത്തിൽനിന്ന് വിട്ട്‌ കാണികളോട്‌ നെരിട്ട്‌ സംവദിയ്ക്കുന്ന ഒരാഖ്യാതാവാണു അയാൾ. താൻ പ്രതിനിധീകരിയ്ക്കുന്ന കഥാപത്രത്തിൽ നിന്നന്യമായ മനസ്സോടും ബുദ്ധിയോടും കൂടിയ ഒരു വ്യക്തിത്ത്വമാണു അപ്പോളയാൾക്കുള്ളത്‌. ഇത്‌ രണ്ടാമത്തേത്‌. കഥാപാത്രമായിരിയ്ക്കുമ്പോൾതന്നെ, കഥകളിവേഷക്കാരനാണെന്നുള്ള ഐഡ്ന്റിറ്റി ആവിഷ്ക്കാരത്തിലുടനീളം, അയാൾ കാത്തുസൂക്ഷിയ്ക്കുന്നുണ്ട്‌. അതാണു മൂന്നാനത്തെ അവസ്ഥ. ഇത്‌ സ്വൽപം സ്ങ്കീർണ്ണമായ ഒന്നാണെന്നുള്ളത്‌ ശരിതന്നെ. അമ്പാടിയിലേക്കു പോകുന്ന പൂതന അമ്പാടികണ്ടപ്പോൾ, അതിന്റെ മനോഹരിതയിൽ ആമുഗ്ദ്ധയായി അടുത്തുനിൽക്കുന്ന ആരെങ്കിലും വിളിച്ച്‌ അതിനെ വർണ്ണിയ്ക്കുകയെന്നത്‌ തികച്ചും അസ്വഭാവികമണു. എന്നാൽ കഥകളിയാവിഷ്ക്കരിയ്ക്കുന്നതിന്റെ ഭാഗമായി അതാകാവുന്നതണു. അപ്പോൾ അവിടെ പൂതനയെന്നതിന്നുപുറമേ കഥകളിയാവിഷ്ക്കരിയ്ക്കുന്നവൻ എന്ന അവസ്ഥകൂടിയുണ്ട്‌. ഇതിൽ രണ്ടാമത്തേയും, മൂന്നാമത്തേയും കണക്കിലെടുത്താൽ, അമ്പാടിയിലെ കാര്യങ്ങളിൽ ഉൾപ്പെടാതെ വേറിട്ടുനിന്ന് കാണുന്ന പൂതനയിൽ അനൗചിത്ത്യമില്ലെന്നാണു എനിയ്ക്ക്‌ തോന്നുന്നത്‌.
ഇപ്പറഞ്ഞത്‌ അതിലെ ഒരു വിഷയം മാത്രം. കളി നേരിട്ടുകണ്ടാലുള്ള അനുഭവം തരാൻ അങ്ങേയ്ക്കായി എന്ന് പ്രത്യെകം എടിത്തു പറയേണ്ടിയിരിയ്ക്കുന്നു.
പാവകുട്ടിയേ ഉപയോഗിച്ചില്ല എന്നുള്ളതിനേ കുറിച്ച്‌ അങ്ങ്‌ പറഞ്ഞതിനോട്‌ ഞാൻ പരിപൂർണ്ണമയും യോജിയ്ക്കുന്നു. ഭീമൻ ഒരു ചെറിയ ഗദയുമയി അരങ്ങത്ത്‌ വന്നാൽ നമുക്ക്‌ അത്ര വൈമനസ്യം തോന്നാറില്ല. കാരണം അത്‌ ആഹാര്യത്തിന്റെ ഭാഗമാണു. എന്നാൽ ഇവിടെ അങ്ങിനെയല്ല. അതുകൊണ്ടുതന്നെ പല പൂതനകൾക്കും അതൊരു എക്സ്റ്റ്രാ ഭരമായി തോന്നറുണ്ടു. അതില്ലാഞ്ഞാൽ കൂടുതൽ നന്നവനിടയുണ്ട്‌.
മാധവൻ കുട്ടി

Haree പറഞ്ഞു...

@ Sureshkumar Punjhayil,
:-) നന്ദി.

@ Dr.T.S.Madhavankutty,
മാര്‍ഗി വിജയകുമാറിന്റെ വേഷങ്ങളില്‍ കിര്‍മ്മീരവധം ലളിതയാണ് എനിക്കേറെ പ്രിയം. അതു കഴിഞ്ഞാല്‍ ദമയന്തിമാര്‍, മോഹിനി, രംഭ, ഉര്‍‌വ്വശി. വേറിട്ടു കാണുന്നതില്‍ തെറ്റുണ്ട് എന്നല്ല, ഇങ്ങിനെയാവുന്നതല്ലേ കൂടുതല്‍ ചേരുന്നത് എന്നാണെന്റെ സംശയം. അതിലും തെറ്റു പറയുവാന്‍ പറ്റില്ലല്ലോ, അല്ലേ? “അമ്പാടിഗുണം വര്‍ണിച്ചീടുവാന്‍...” എന്ന പദമെടുക്കുകയാണെങ്കില്‍, രണ്ടും മൂന്നും ചരണങ്ങളില്‍ കലാകാരന്‍ പകര്‍ന്നാടുകയാണ്. അതായത് ആഖ്യാതാവായ കലാകാരന്‍, പൂതന കാണുന്ന കാഴ്ചയിലേക്ക് ചേര്‍ന്നു കൊണ്ടാണ് ആ ഭാഗങ്ങള്‍ അവതരിപ്പിക്കുന്നത്. ദൂരെനിന്ന് പൂതന കാണുന്നു എന്നതും അവിടെ മാറുന്നു. വളരെ അടുത്തു നിന്നു പൂതന കാര്യങ്ങളെല്ലാം കാണുന്നു എന്നാണ് അവിടെ തോന്നുന്നത്. അപ്പോള്‍ അതേ രീതിതന്നെ പല്ലവിയിലും അനുപല്ലവിയിലും സാധ്യമല്ലേ എന്നാണ് എന്റെ ചോദ്യം. അതല്ലാതെ ജലമൊഴുകുന്ന പൂങ്കാവനത്തിനു തണുപ്പുണ്ടെന്ന് കണ്ട് (?) വെറുതേ പറഞ്ഞാല്‍ മതിയോ? കഥകളിയിലെ ആഖ്യാനശൈലികള്‍ ഉപയോഗിച്ച് ഈ ഭാഗം രണ്ടു രീതിയിലും അവതരിപ്പിക്കുക സാധ്യമാണ്, രണ്ടിനും അനൌചിത്യം/തെറ്റ് പറയുവാനുമൊക്കില്ല. ഇവിടെ ഏതാണ് കൂടുതല്‍ ചേരുക എന്നു ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായവുമായിരിക്കും, അതും സ്വാഭാവികം. :-) എന്തു തന്നെയായാലും ഇപ്പോഴവതരിപ്പിക്കുന്ന രീതി തെറ്റാണെന്നോ അതിനൌചിത്യക്കുറവുണ്ടെന്നോ പറയുവാന്‍ ഞാനുദ്ദേശിച്ചിരുന്നില്ല. ഇങ്ങിനെയായാലോ എന്നൊരു ചോദ്യം മാത്രമേ ഉദ്ദേശിച്ചുള്ളൂ. വിശദമായ കമന്റിന് വളരെ നന്ദി.

ഓഫ്: ഈ ‘ശ്രീ’ ചേര്‍ക്കുന്നത് ഒഴിവാക്കിക്കൂടെ? ഹരീന്നു മതീന്നേ... :-)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--