നവംബര്‍ 13, 2009: കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി അനുസ്മരണദിനത്തിന്റെ ഭാഗമായി ഇടപ്പള്ളി കഥകളി ആസാദക സദസ്സ് ‘ബാണയുദ്ധം’ കഥയിലെ ‘ഉഷ-ചിത്രലേഖ’ എന്ന ഭാഗം അവതരിപ്പിച്ചു. സംഘാടകര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എമ്പ്രാന്തിരി അനുസ്മരണ പുരസ്കാരം കഥകളി ഗായകന്‍ കലാമണ്ഡലം ബാബു നമ്പൂതിരിക്ക് ഇവിടെ നല്‍കുകയുണ്ടായി. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ചിത്രലേഖയേയും ഉഷയേയും അവതരിപ്പിച്ചപ്പോള്‍ കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് എന്നിവര്‍ പദഭാഗങ്ങള്‍ ആലപിച്ചു. കലാനിലയം മനോജ് മദ്ദളത്തിലും കലാനിലയം രതീഷ് ഇടയ്ക്കയിലും മേളമൊരുക്കി. ബാണന്റെ മകളായ ഉഷയും സഖിയായ ചിത്രലേഖയും മാളികമുകളില്‍ വിവിധ കേളികളാടി കഴിയുന്നതു മുതല്‍ക്കാണ് കഥാഭാഗം ആരംഭിക്കുന്നത്.
“സുന്ദരിമാര്‍മണി ബാണനന്ദിനിയും...” എന്നാരംഭിക്കുന്ന സാരിനൃത്തത്തോടെയാണ് രംഗത്തിനു തുടക്കം. “പന്തണിമുലയാള്‍ പന്തുവലംകൈ കൊണ്ടടിച്ചു...” എന്ന ഭാഗത്ത് ഇരുവരും ചേര്‍ന്നുള്ള പന്തുകളി വിസ്തരിച്ച് കലാകാരന്മാര്‍ ആടുന്നു. ഒരാള്‍ പന്തു തട്ടിക്കളിക്കുമ്പോള്‍, അയാള്‍ മാത്രം പന്തിന്റെ ഗതി കണ്ണുകള്‍ കൊണ്ട് പിന്തുടരാതെ, ഇരുവരും പന്തിനൊപ്പിച്ച് കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. ഒരവസരത്തില്‍ ചിത്രലേഖ പന്തിനെ ചൂണ്ടി പറയുന്നു, ‘ഈ പന്തിന് അല്പം ഗര്‍വ്വുണ്ടെന്ന് തൊന്നുന്നു!’. അങ്ങിനെ തോന്നുവാന്‍ കാരണം തിരക്കുന്ന ഉഷയോട് ചിത്രലേഖ, ‘നിന്റെ മുലകളുടെ ആകൃതിയാണ് തനിക്കുമെന്നാണ് ഇതിന്റെ അഹങ്കാരം!’ എന്നു കളി പറയുന്നു. ഉഷ ക്ഷീണിച്ചുവെന്നു കണ്ട്, കളി മതിയാക്കുവാന്‍ പറഞ്ഞു കൊണ്ടുള്ള ചിത്രലേഖയുടെ “മതി! മതി! വിഹാരമിനി...” എന്ന പദമാണ് തുടര്‍ന്ന്. ക്ഷീണിച്ചു എന്നു മാത്രമല്ല തനിക്കുറക്കവും വരുന്നുണ്ട് എന്നാണ് ഉഷയുടെ മറുപടി. എന്താണ് ഇങ്ങിനെ വരുവാന്‍ എന്ന ചിത്രലേഖയുടെ ചോദ്യത്തിന്, തനിക്ക് അനുരൂപനായ ഒരുവന്‍ സ്വപ്നത്തില്‍ വരുമെന്ന് പാര്‍വ്വതീദേവി പറഞ്ഞ ദിനം അടുത്തുവെന്ന് ഉഷ ഓര്‍മ്മിപ്പിക്കുന്നു. അതാവുമോ കാരണമെന്ന സന്ദേഹത്തോടെ, ഇരുവരും ശയനഗൃഹത്തിലേക്ക് നീങ്ങുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.
|
“കേളിയില്‍ അഹന്ത...” എന്നു തുടങ്ങുന്ന ദണ്ഡകത്തൊടെയാണ് അടുത്ത രംഗം ആരംഭിക്കുന്നത്. സ്വപ്നത്തിലെത്തുന്ന സുകുമാരന്‍ ചേലയഴിക്കുവാനായി തുമ്പില്‍ പിടിക്കുന്നതോടെ ഉഷ ഞെട്ടി ഉണരുന്നു. ഇത് കാന്തനുമായുള്ള കന്യകയായ ഉഷയുടെ സംയോഗത്തിന്റെ സൂചനയാണെന്ന് മനസിലാക്കുന്ന ചിത്രലേഖ, “കിം കിം അഹോസഖി!” എന്നു ചോദിച്ച്, നിന്റെ ഹൃദയം കവര്‍ന്ന ധന്യനാരെന്ന് തിരക്കുന്നു. കാമനു തുല്യനായ ഒരുവന്‍ നിദ്രയില്‍ വന്നുവെന്നും, എന്നാല്‍ അതാരാണെന്ന് തനിക്കറിയില്ലെന്നും ഉഷ അറിയിക്കുന്നു. ശ്യാമകമലദള സമാനമായ നിറമാണെന്നു പറയുമ്പോള്‍, ചിത്രലേഖ പറയുന്നുണ്ട് ശ്യാമനിറമാണെങ്കില്‍ വിട്ടുകളയാന്‍. എന്നാലവന്റെ പുഞ്ചിരി സുന്ദരിമാരെ വലയ്ക്കുവാന്‍ പ്രാപ്തമാണെന്ന് കേള്‍ക്കുന്നതോടെ, എങ്കില്‍ നിനക്കവന്‍ അനുയോജ്യന്‍ തന്നെ എന്നും ചിത്രലേഖ പറയുന്നു.
|
സ്വപ്നത്തില്‍ താന്‍ കണ്ട സുന്ദരരൂപനെ തനിക്ക് ലഭിക്കുവാന്‍ എന്താണ് വഴി എന്ന് ഉഷ ചിത്രലേഖയോട് തിരക്കുന്നു. വീണ്ടും കണ്ടാല്‍ തിരിച്ചറിയുവാന്‍ കഴിയും എന്നു കേട്ട് ദേവന്മാര്‍, ക്ഷത്രിയര്‍ എന്നിങ്ങനെ പലരുടേയും ചിത്രങ്ങള്‍ കാണിക്കുന്നു. ഈ ചിത്രങ്ങളൊക്കെ ചിത്രലേഖ അപ്പോള്‍ തന്നെ വരച്ചു കാണിക്കുകയാണോ, അതോ മുന്‍പ് തന്നെ വരച്ചു വെച്ചിരുന്ന ഒരുകൂട്ടം ചിത്രങ്ങളില്‍ നിന്നും കാണിക്കുകയാണോ, ഇനി അതുമല്ലെങ്കില്‍ ചുമരില്‍ വരച്ചിരിക്കുന്ന രാജാക്കന്മാരുടെ പൂര്‍ണകായ ചിത്രങ്ങളാണോ കാണിക്കുന്നത്; ഇതിന് വ്യക്തമായൊരു ഉത്തരം പറയുക സാധ്യമല്ല. ഇവിടെ ചിത്രലേഖ ഓരോ ചിത്രങ്ങളായി അപ്പോള്‍ തന്നെ വരച്ചു കാണിക്കുന്നതായാണ് ആടിയത്. ദേവാധിപനായ ഇന്ദ്രന്റെ ചിത്രമാണ് ആദ്യം കാണിക്കുന്നത്. അഹല്യയെ നേടുവാനായി വേഷം മാറി വന്നയാളാണ്, ഏതു രൂപത്തിലുമാവാം സ്വപ്നത്തിലെത്തുക എന്നും ചിത്രലേഖ പറയുന്നുണ്ട്. ദേവേന്ദ്രനല്ല എന്ന് ഉഷ തീര്‍ത്തു പറയുന്നു. ക്ഷത്രിയരാജാക്കന്മാരുടെ ചിത്രങ്ങളാണ് തുടര്‍ന്ന് കാണിക്കുന്നതെങ്കിലും ആ പദം സാധാരണയായി ഒഴിവാക്കുകയാണ് പതിവ്. ക്ഷത്രിയരിലും ആരുമല്ലെന്നു കണ്ട് യാദവരിലേക്ക് കടക്കുന്നു. വസുദേവരുടെ ചിത്രം കാണിക്കുമ്പോള്‍ എന്തൊക്കെയോ സാമ്യമുണ്ട് പക്ഷെ ഇത്രയും വൃദ്ധനല്ലെന്നും; ശ്രീകൃഷ്ണന്റെ ചിത്രം കാണിക്കുമ്പോള്‍ നല്ല സാമ്യമുണ്ടെന്നും; കൃഷ്ണപുത്രനെ (പേര്?) കാണിക്കുമ്പോള്‍ ഇതുപോലെ തന്നെയുണ്ട് പക്ഷെ മീശക്ക് ഇത്രയും കട്ടിയില്ല, അതുമല്ല അല്പം കൂടി ചെറുപ്പവുമാണ് എന്നും; ഒടുവില്‍ ശ്രീകൃഷ്ണ പൌത്രനായ അനുരദ്ധനെ കാണിക്കുമ്പോള്‍ ഉഷ തന്റെ സ്വപ്നപുരുഷനെ തിരിച്ചറിയുകയും ചെയ്യുന്നു.
യോഗബലത്താല്‍ ഒട്ടും വൈകാതെതന്നെ ഇവനെ നിന്നോടു ചേര്‍ക്കുന്നുണ്ടെന്നു പറഞ്ഞ് ചിത്രലേഖ അനിരുദ്ധനെ കൊണ്ടുവരുവാനായി പോവുന്നു. അടുത്ത രംഗത്തില്‍ ചിത്രലേഖ തിരികെയെത്തി അനിരുദ്ധനെ ഉഷയ്ക്ക് കാട്ടിക്കൊടുക്കുന്നു. ധാരാളം കാവല്‍കാരുള്ള മന്ദിരത്തില്‍ തൂക്കുകട്ടിലില്‍ ഉറങ്ങുകയായിരുന്ന ഇവനെ വിശ്വത്തിലാരും അറിയാതെ, ഉറക്കത്തില്‍ തന്നെ ഇവിടെയെത്തിച്ചത് ചിത്രലേഖ ഉഷയ്ക്ക് വിവരിക്കുന്നു. ഞാനുണര്‍ത്തിയാല്‍ ഇദ്ദേഹം കോപിച്ച് ഇറങ്ങിപ്പോയാലോ എന്ന് സംശയിക്കുന്ന ഉഷയ്ക്ക് അങ്ങിനെയുണ്ടാവാതിരിക്കുവാനുള്ള ഉപായവും ചിത്രലേഖ പറഞ്ഞു കൊടുക്കുന്നു. ശബ്ദമുണ്ടാക്കാതെ സമീപം ചെന്ന് സൌരഭ്യം പരത്തുന്ന പുഷ്പങ്ങള്‍ ഇവനില്‍ വിതറുക. ഉണരുമ്പോള്‍ നിന്റെ മനോഹരമായ കണ്ണുകള്‍കൊണ്ട് ഇവന്റെ ഹൃദയത്തെ നിന്നിലേക്ക് വലിച്ചടുപ്പിക്കുക, അവന്‍ കോപിക്കാതെ നിന്നൊടു ചേരും; തുടര്‍ന്ന് മറ്റൊരാള്‍ അറിയാതെ ഇവനുമൊത്ത് നിന്റെ ആശയ്ക്കൊത്ത ലീലകളുമായി വസിക്കുക എന്നു പറഞ്ഞ് ചിത്രലേഖ വിടവാങ്ങുന്നു.
|
‘ഉഷ-ചിത്രലേഖ’യിലെ പദങ്ങളില്‍ പ്രമുഖമായവയെല്ലാം ചിത്രലേഖയ്ക്കാണെങ്കിലും, ഓരോയിടത്തും ഉഷ സാഹിത്യത്തിനനുസരിച്ചുള്ള ഭാവമുള്‍ക്കൊണ്ട് അരങ്ങില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉഷ അങ്ങിനെ ചെയ്തെങ്കില്‍ മാത്രമേ ചിത്രലേഖയെ അവതരിപ്പിക്കുന്ന നടന് തന്റെ വേഷത്തില്‍ എന്തെങ്കിലും ചെയ്യുവാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. ഇതു മനസിലാക്കി പദങ്ങള്‍ക്കനുസരിച്ച് ഭാവമുള്‍ക്കൊണ്ട് മികച്ച രീതിയില്‍ കലാമണ്ഡലം ഷണ്മുഖദാസ് ഉഷയെ അവതരിപ്പിച്ചു. ചിത്രലേഖയാവട്ടെ കേവലമൊരു സഖി എന്നതിലപ്പുറം ഉഷ തനിക്കൊപ്പം കരുതുന്ന ഉത്തമ സുഹൃത്തു കൂടിയാണ്. (ബാണന്റെ മന്ത്രിയുടെ പുത്രിയാണ് ചിത്രലേഖ.) ഇരുവരും തമ്മില്‍ അധികം പ്രായവ്യത്യാസം കാണുവാന്‍ സാധ്യതയില്ലെങ്കിലും ഇവിടെ അവതരിക്കപ്പെട്ടപ്പോള്‍ മാര്‍ഗി വിജയകുമാറിന്റെ ചിത്രലേഖ, സമപ്രായയായ ഒരു കൌമാരക്കാരി എന്നതിലുപരി വളരെ പക്വമതിയായ മുതിര്‍ന്ന ഒരു സ്ത്രീയായാണ് അനുഭവപ്പെട്ടത്. ഇനി അങ്ങിനെയൊരു സ്ത്രീയാണ് ചിത്രലേഖയെങ്കില്‍, കാമുകനെ ആവാഹിച്ചു കൊണ്ടു വന്ന് ഒരു കന്യകയുടെ മുറിയില്‍ ഒളിച്ചു താമസിപ്പിക്കുവാന്‍ മുതിരുമോ? തന്റെ കഴിവുകൊണ്ട് കൂട്ടുകാരിയുടെ ഒരു ഇംഗിതം നിറവേറ്റിക്കൊടുക്കുക എന്ന നിഷ്കളങ്കത മാത്രമല്ലേ ചിത്രലേഖയില്‍ നിന്നുണ്ടായത്? അങ്ങിനെയാവുമ്പോള്‍ ഏകദേശം അതേ പ്രായത്തിലുള്ള, ഉഷയുടേതുപോലെ തന്നെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള ഒരു കന്യകയായി തന്നെ ചിത്രലേഖയെ അവതരിപ്പിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?
|
ഏകദേശം സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍, അവരൊരുമിച്ചുള്ള ദിനങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. ഉഷയും അനിരുദ്ധനും ചേരുമ്പോള്‍, ഉഷയും ചിത്രലേഖയും വേര്‍പിരിയുകയുമാണ്. ഉറ്റസുഹൃത്തുക്കളുടെ വേര്‍പിരിയലിന്റെ വേദനയും ഈ രംഗത്തിനു വേണ്ടതല്ലേ? ഉഷയേക്കാള്‍ ഈ വേര്‍പാട് ഉലയ്ക്കുക ചിത്രലേഖയെ ആവുകയില്ലേ? “ബാണനന്ദനേ! നിന്റെ...” എന്ന ചിത്രലേഖയുടെ അവസാനപദം ഒരു വിടവാങ്ങലാണ്. “ചേണാര്‍ന്ന കാന്തനോടു കൂടി രമിച്ചീടുക...” എന്നു ചിത്രലേഖ പറയുന്നതില്‍ ഒരു വിരഹമില്ലേ? ഈ രീതിയിലൊരു വൈകാരിക സ്പര്‍ശത്തോടെ വികസിപ്പിക്കുവാന്‍ അവസാനരംഗത്തില്‍ ഇനിയും സാധ്യതകളുണ്ട്. ഇനിയുമേറെ ചിന്തിച്ച് വികസിപ്പിക്കേണ്ടതുള്ള ഒരു കഥാപാത്രമായി ചിത്രലേഖ അവശേഷിക്കുന്നു എന്ന തോന്നലാണ് ഇവിടെ കളികഴിഞ്ഞപ്പോള്‍ ഉണ്ടായത്. തീര്‍ച്ചയായും അങ്ങിനെയൊരു ശ്രമം വരും കാലങ്ങളില്‍ കലാകാരന്മാരില്‍ നിന്നും ഉണ്ടാവുമെന്നു കരുതാം.
കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് നമ്പൂതിരി തുടങ്ങിയവരുടെ ആലാപനം മികവു പുലര്‍ത്തി. ചുരുക്കം ചിലയിടങ്ങളില്‍ അശ്രദ്ധകൊണ്ടുവന്ന പിഴവുകള്‍ ഒഴിവാക്കാമായിരുന്നു. മദ്ദളത്തില്‍ കലാനിലയം മനോജിന്റെ ശ്രമങ്ങള്‍, ഇടയ്ക്കയുടെ ഉയര്‍ന്ന ശബ്ദത്തില്‍ ശ്രദ്ധിക്കുവാനായില്ല. ഇടയ്ക്ക ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ചും മൈക്കു കൂടി ഇടയ്ക്കയ്ക്ക് നല്‍കുമ്പോള്‍, വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചെണ്ടയെന്ന പോലെ തുടര്‍ച്ചയായി കൊട്ടുവാനും മുദ്രകള്‍ക്കെല്ലാം കൈക്കുകൂടുവാനും തുടങ്ങിയാല്‍, മദ്ദളത്തിന്റെ പ്രസക്തി കുറയുകയും മേളം വിരസമാവുകയും ചെയ്യും. അല്പം കൂടുതല്‍ ഘനം നല്‍കേണ്ട മുദ്രകള്‍ക്ക് കൈക്കുകൂടുക, കലാശങ്ങള്‍ക്ക് ഇടഞ്ഞുകൊട്ടുക; എന്നിങ്ങനെ അല്പം ഒതുക്കത്തില്‍ ഇടയ്ക്ക പ്രയോഗിക്കുകയാണ് ഭംഗി. ഇതു സാധിക്കുകയില്ല എന്നാണെങ്കില്‍ മദ്ദളം മാത്രമാവുന്നതാണ് കളി നന്നാകുവാന്‍ കൂടുതല്‍ നല്ലത്. കലാനിലയം രതീഷ് ഇടയ്ക്കയില്‍ മോശമായി എന്നഭിപ്രായമില്ലെങ്കിലും അത് കഥകളിക്ക് ഉതകുന്ന രീതിയിലായോ എന്നത് സംശയകരമാണ്. ചുരുക്കത്തില്‍, മേളത്തിലെ ഈയൊരു അപാകത ഒഴിച്ചു നിര്‍ത്തിയാല്‍ ആസ്വാദകര്‍ക്ക് ഒട്ടും നിരാശപ്പെടുവാനില്ലാത്ത ഒരു കഥകളിയായിരുന്നു ചെങ്ങമ്പുഴ പാര്‍ക്കില്‍ അവതരിക്കപ്പെട്ട ‘ഉഷ-ചിത്രലേഖ’.
Description: Usha-Chithralekha from Banayudham Kathakali: Organized by Edappally Kathakali Aswadaka Sadasu at Chengambuzha Park, Edappally, Ernakulam. Margi Vijayakumar as Chithralekha and Kalamandalam Shanmukhadas as Usha. Vocal by Kalamandalam Babu Namboothiri and Kalamandalam Harish; Chenda by ; Maddalam by Kalanilayam Manoj; Idayka by Kalanilayam Ratheesh; Chutty by . An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. November 13, 2009.
--
7 അഭിപ്രായങ്ങൾ:
എമ്പ്രാന്തിരി അനുസ്മരണ ദിനത്തിന്റെ ഭാഗമായി ചെങ്ങമ്പുഴ പാര്‍ക്കില്‍ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് അവതരിപ്പിച്ച ‘ഉഷ-ചിത്രലേഖ’യുടെ ഒരു ആസ്വാദനം.
--
നന്നായിട്ടുണ്ട്. കഥകളി കാണാന്‍ തരമില്ലാത്ത ഞങ്ങളെപ്പോലുള്ള NRI-കള്‍ക്ക് ഈ ആസ്വാദനം വായിച്ചു തൃപ്തിപ്പെടാമല്ലോ... ഉഷയും ചിത്രലേഖയും വേര്‍പിരിയുന്നതിലെ സങ്കടം അവസാനരംഗത്ത് കാണിക്കണമെന്ന് എനിക്കു തോന്നുന്നില്ല. അവര്‍ സന്തോഷത്തോടെ സുഖമായ് വസിക്കട്ടെ എന്നു കാണിച്ചു പോകുന്നതാണ് നല്ലത്. നിസ്വാര്‍ഥ സ്നേഹമല്ലേ ഉത്തമയായ സഖിക്കു വേണ്ടത്?
Hello Haree,
Good appreciation and pics. well done !
One can very well see in your pics an innocent and at the same time a very romantic, love-struck USHA in shanmugan and a very intelligent, loving and at the same time matured Chitralekha in margi here.
But Haree, i totally disagree with your views and suggestions mentioned towards the last. Chitralekha portrayed by Margi is the one which is in practice and thats how it has to be. Even last mentioned 'viraham' suggested by you will be out of place if 'chitralekha' enacts it. She is Usha's maid, afterall, and she is wise enough to know her place.
Keep writing :-)
regds
ranjini
dubai
Haree,
on your note on Edakka,am completely with you.
Does kathakali really need edakka ? I dont think it was a MUST in the past but of late, it has become sort of.
:-)
അവസാനരംഗത്തെ വിരഹത്തെക്കുറിച്ച്; വിരഹം അവിടെ ഭയങ്കരമായി അഭിനയിക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, വിരഹം തന്നെ അഭിനയിക്കേണ്ടതില്ല. പക്ഷെ, പിരിയലിന്റേതായൊരു ചെറുസ്പര്‍ശം കൂടി നല്‍കാം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ചിത്രലേഖ കേവലമൊരു തോഴിയല്ല (മന്ത്രിപുത്രി, ഉത്തമസുഹൃത്ത്) എന്നാണ് എന്റെ സങ്കല്പം. പെണ്‍കുട്ടിയെ വിവാഹം കഴിച്ചയയ്ക്കുമ്പോള്‍ മാതാപിതാക്കളുടെ കണ്ണു നിറയുന്നത് നിസ്വാര്‍ത്ഥ സ്നേഹമല്ലാത്തതു കൊണ്ടല്ലല്ലോ? ചിത്രലേഖ തന്നെയാണ് ഉഷയ്ക്ക് അനിരുദ്ധനെ നേടുവാനുള്ള അവസരമൊരുക്കുന്നതും. ഒരു പങ്കാളി വന്നു കഴിഞ്ഞാല്‍ പിന്നെ രണ്ടു കൂട്ടുകാരികള്‍ തമ്മിലുള്ള ബന്ധത്തില്‍ മാറ്റമുണ്ടാവുന്നു. അതു മനസിലാക്കുവാനുള്ള വിവേകവും ചിത്രലേഖയ്ക്കുണ്ട്. ചിത്രലേഖ എന്ന ക്യാരക്ടറിന്, അങ്ങിനെയൊരു ഷേഡ് കൂടി നല്‍കാം എന്നൊരു നിര്‍ദ്ദേശമാണ് എനിക്കുള്ളത്. ആയൊരു വൈകാരികത ആ കഥാപാത്രത്തിനു നല്‍കുന്നതില്‍ ഔചിത്യക്കുറവുണ്ടെന്നും തോന്നുന്നില്ല.
(ചിത്രലേഖയെക്കുറിച്ച് എനിക്കുള്ള സങ്കല്പത്തിന്റെ ചുവടുപിടിച്ചാണ് ഈ ആസ്വാദനം എഴുതിയത്. മാര്‍ഗി വിജയകുമാര്‍ ചെയ്തത് മോശമായി എന്നോ, ഇവിടെ പറഞ്ഞിരിക്കുന്ന രീതിയില്‍ ചെയ്യേണ്ടതാണെന്നോ ഞാന്‍ പറഞ്ഞിരിക്കുന്നതിന് അര്‍ത്ഥമില്ല. ചിത്രലേഖയുടെ പ്രായം, കൂട്ടുകാരികള്‍ തമ്മില്‍ വിവാഹത്തിനു ശേഷമുണ്ടാവുന്ന അകല്‍ച ഈ കാര്യങ്ങളില്‍ മാര്‍ഗി വിജയകുമാറിന്റെ ചിത്രലേഖ എന്റെ സങ്കല്പത്തോട് യോജിച്ചു പോവുന്നില്ല. ആസ്വാദനത്തില്‍ അതിന് കൂടുതല്‍ പ്രാധാന്യം വന്നുവെന്നു തോന്നുന്നു.)
--
ഹരീ , ഇത്രയും വൈകി അഭിപ്രായം ഇടുന്നതിന് ക്ഷമിക്കണം. വളരെ നന്നായിടുണ്ട്.
അനിരുദ്ധന്റെ അച്ഛന്റെ പേര് പ്രദ്യുമ്നന്‍ ആണ്. പ്രദ്യുമ്നന്‍ കാമദേവന്റെ ഒരു പുനര്‍ജന്മമാണ് എന്നൊരു കഥ കൂടി ഉണ്ട്.
പൊതുവേ ഞാന്‍ കണ്ടിടുള്ള 'ഉഷ -ചിത്രലേഖ' ഇല്‍ എല്ലാം ചിത്രലേഖ ഒരു പക്വതയുള്ള കഥാപാത്രം ആയി തെന്നെ ആണ് അനുഭവപെട്ടിട്ടുള്ളത്. എന്റെ അഭിപ്രായത്തില്‍ , സമീപകാലത്ത് കൌമാരത്തില്‍ നിന്നു യൌവനത്തില്‍ പ്രവേശിച്ച ഒരു സ്ത്രീ ആയിരിക്കണം ഉഷ , 4 -5 വയസ്സുകൊണ്ടു ഉഷയെക്കള്‍ മുതിര്‍ന്ന യുവതി ആയിരിക്കണം ചിത്രലേഖ, അതുകൊണ്ട് തന്നെ കുറച്ചു കൂടി ലോകപരിചയവും പക്വതയും ഉള്ളവള്‍ ആയിരിക്കും ചിത്രലേഖ. സംഗീതത്തിനു വളരെ അധികം പ്രാധാന്യം ഉള്ള ഒരു കഥ ഭാഗമാണ് ഇത്. 4 - 5 വര്‍ഷം ആയി ഈ കഥ കണ്ടിട്ട്. അന്നായിരുന്നു കല. ഹൈദരാലിയുടെ പാട്ട് ഏറ്റവും അവസാനമായി കേട്ടത്. ഈ കഥയെ കുറിച്ച് പറയുമ്പോള്‍ അദേഹത്തെ ആണ് എപ്പോഴും ഓര്‍മവരുക.
ബ്ലോഗിലെ പോസ്റ്റുകള്‍ സമയബന്ധിതമല്ലല്ലോ... കമന്റുകള്‍ എപ്പോഴും സ്വാഗതം! ചിത്രലേഖയ്ക്ക് ഉഷയേക്കാള്‍ പ്രായക്കൂടുതലുണ്ട്, കൂടുതല്‍ പക്വമതിയാണ് - ഇവയില്‍ തര്‍ക്കമില്ല. പക്ഷെ എത്രത്തോളം പ്രായക്കൂടുതലാവാം, എത്രമാത്രം പക്വതയാവാം എന്നതിലാണ് സംശയം. ചിത്രലേഖ ഒരു മന്ത്രിപുത്രിയാവുമ്പോള്‍, 4-5 വയസിനു മുതിര്‍ന്നതായിട്ടും വിവാഹം കഴിഞ്ഞില്ല എന്നത് യുക്തിസഹമായി തോന്നുന്നില്ല. 2-3 വയസു കൂടുതല്‍ ആവുന്നതാവാം കുറച്ചു കൂടി നല്ലത്. പക്വത എന്നതിനേക്കാള്‍ കാര്യപ്രാപ്തിയുള്ളവള്‍ എന്ന വിശേഷണമാണ് ചിത്രലേഖയ്ക്ക് കൂടുതല്‍ ചേരുന്നത്.
തീര്‍ച്ചയായും. ‘ഉഷ-ചിത്രലേഖ’ എന്നോര്‍ക്കുമ്പോള്‍ ആദ്യമോര്‍മ്മിക്കുന്നത് കലാമണ്ഡലം ഹൈദരാലിയെ തന്നെ! :-)
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--