2010, ജൂലൈ 22, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ കിരാതം

Kiratham Kathakali: Inchakkadu Ramachandran Pillai as Kattalan and Kalamandalam Ratheesan as Arjunan. An appreciation by Haree for Kaliyarangu.
ജൂലൈ 13, 2010: ദൃശ്യവേദി എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന 'കേരള രംഗകലോല്‍സവ'ത്തിന്റെ ഈ വര്‍ഷത്തെ പതിപ്പിന്‌ തുടക്കമായി. ഇരട്ടക്കുളങ്ങര രാമവാര്യര്‍ രചിച്ച 'കിരാതം' ആട്ടക്കഥയാണ്‌ 'രംഗകലോല്‍സവ'ത്തിന്റെ ആദ്യ ദിനം അവതരിപ്പിച്ചത്. പ്രധാനവേഷങ്ങളായ കാട്ടാളനേയും അര്‍ജ്ജുനനേയും യഥാക്രമം ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയും കലാമണ്ഡലം രതീശനും അവതരിപ്പിച്ചു. കലാമണ്ഡലം ജയപ്രകാശ് പൊന്നാനി പാടിയപ്പോള്‍, ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ കലാമണ്ഡലം വേണുക്കുട്ടനും മേളത്തിനു കൂടി. മാര്‍ഗി ഹരവത്സന്‍ (കാട്ടാളത്തി), മാര്‍ഗി രവീന്ദ്രന്‍ നായര്‍ (ശിവന്‍), മാര്‍ഗി സുകുമാരന്‍ (പാര്‍വതി), കലാമണ്ഡലം സുധീഷ് (പാട്ട്-ശിങ്കിടി), മാര്‍ഗി രവീന്ദ്രന്‍ നായര്‍ (ചുട്ടി) എന്നിവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍. കൈലാസനാഥനായ ശ്രീപരമേശ്വരനെ തപസുചെയ്ത് പാശുപതാസ്ത്രം നേടുവാനായി തിരിക്കുന്ന അര്‍ജ്ജുനനില്‍ നിന്നുമാണ്‌ 'കിരാതം' ആരംഭിക്കുന്നത്.

"പരമേശ! പാഹി, പാഹിമാം!" എന്നു തുടങ്ങുന്ന അര്‍ജ്ജുനന്റെ പദത്തോടെയാണ്‌ കഥ തുടങ്ങുന്നത്. തന്റെ അവസ്ഥയില്‍ കരുണ തോന്നേണമേ എന്ന് പരമശിവനോട് പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ശത്രുക്കളില്‍ നീന്നേറ്റ പരാജയത്തെക്കുറിച്ച് ഓര്‍മ്മിക്കുകയും ചെയ്യുന്നു അര്‍ജ്ജുനനിതില്‍. പദാവസാനം ഇനി കൈലാസപര്‍വ്വത സമീപമെത്തി തപസുചെയ്യുക തന്നെ എന്നാടി യാത്ര തിരിക്കുന്നു. യാത്രയില്‍ സിംഹത്തെയും പാമ്പിനെയുമൊക്കെ കാണുന്നതായി ആടിയെങ്കിലും, കാര്യമാത്രപ്രസക്തമായ ഒരു ആട്ടം വരുന്നത് ഗംഗാനദിക്കരയില്‍ എത്തിയതിനു ശേഷമാണ്‌. 'ഗംഗോല്‍പത്തി' എന്ന കഥയാണ്‌ രതീശന്‍ ചുരുക്കത്തില്‍ അവതരിപ്പിച്ചത്. ശേഷം, പിതാവായ ഇന്ദ്രന്‍ ഒരു വൃദ്ധസന്യാസിയായി അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നതായും രതീശന്‍ ആടുകയുണ്ടായി. തപസ്സിന്‌ ഉചിതമായ സ്ഥലം കണ്ടെത്തിയതിനു ശേഷം; മരവുരിയണിഞ്ഞ് ജടാധാരിയായി ഭസ്മവും പൂശി അര്‍ജ്ജുനന്‍ തപസു തുടങ്ങുന്നു. "ഗൌരീശം മമ..." എന്ന പദം പശ്ചാത്തലത്തില്‍ ആലപിക്കുമ്പോള്‍, തിരശീല പാതി താഴ്ത്തിയ നിലയില്‍ അര്‍ജ്ജുനന്‍ അമ്പും വില്ലും കൂപ്പി തപസനുഷ്‍ഠിക്കുന്നു.

Kiratham

East Fort, Thiruvananthapuram
Written by
  • Irattakkulangara Rama Warrier
Actors
  • Inchakkadu Ramachandran Pillai as Kattalan
  • Kalamandalam Ratheesan as Arjunan
  • Margi Harivalsan as Kattalathi
  • Margi Raveendran Nair as Sivan
  • Margi Sukumaran as Parvathi
Singers
  • Kalamandalam Jayaprakash
  • Kalamandalam Sudheesh
Accompaniments
  • Kalabharathi Unnikrishnan in Chenda
  • Kalamandalam Venukkuttan in Maddalam
Chutty
  • Margi Raveendran Nair
Kaliyogam
  • Margi, Thiruvananthapuram
Organized by
  • Drisyavedi, Thiruvananthapuram
July 13, 2010
അര്‍ജ്ജുനനായുള്ള കലാമണ്ഡലം രതീശന്റെ പ്രവര്‍ത്തിക്ക് ഏറെ മികവ് പറയുവാനില്ല. അര്‍ജ്ജുനന്റെ പരമശിവനോടുള്ള ഭക്തിയും അതിനോടൊപ്പം തങ്ങള്‍ക്കു വന്നു ചേര്‍ന്ന ദുര്യോഗത്തെക്കുറിച്ചുള്ള ദുഃഖവും സമാസമം ചേരുന്ന ആദ്യപദം അത്രകണ്ട് അനുഭവവേദ്യമാക്കുവാന്‍ രതീശനായില്ല. കുറഞ്ഞപക്ഷം, 'വൈരീവീരര്‍', 'ദുഷ്ടബുദ്ധികള്‍ നൂറ്റുവര്‍' എന്നീ ഭാഗങ്ങളിലൊക്കെ ഊര്‍ജ്ജം കൂടുതലായി നല്‍കി, കൌരവരോടുള്ള വെറുപ്പ് പൂര്‍ണമായി പ്രകടിപ്പിക്കുകയെങ്കിലുമാവാം. മുദ്രകള്‍ ആവശ്യത്തിനു സമയമെടുത്ത് കാണികള്‍ക്ക് മനസിലാക്കുവാനുള്ള സാവകാശം നല്‍കി അവതരിപ്പിക്കുക എന്നതും പ്രധാനമാണ്‌. മനോധര്‍മ്മങ്ങള്‍ ആടുമ്പോള്‍ പ്രത്യേകിച്ചും ഈ കാര്യത്തില്‍ മനസുവെയ്ക്കേണ്ടതുണ്ട്. ഒരു മുദ്ര തുടങ്ങി അത് പൂര്‍ത്തീകരിക്കാതെ അടുത്തതിലേക്ക് പോവുന്നു രതീശന്‍. ആടിയതെന്തെന്ന് പൂര്‍ണരൂപത്തില്‍ ഗ്രഹിക്കുവാന്‍ കഴിയാതെ, അവിടുന്നുമിവിടുന്നും കിട്ടുന്ന സൂചനകളില്‍ നിന്നും മനസിലാക്കിയെടുക്കേണ്ടി വരുന്നു. ഈ കാര്യങ്ങളില്‍ കൂടിയൊക്കെ ശ്രദ്ധവെച്ചാല്‍ ഇനിയുമേറെ മെച്ചപ്പെടുവാന്‍ കലാമണ്ഡലം രതീശന്‌ കഴിയും എന്നു തന്നെ കരുതുന്നു.

"ഇത്ഥം നിവേദ്യ ഗിരിപുത്രീം..." എന്നു തുടങ്ങുന്ന ദണ്ഡകമാണ്‌ തുടര്‍ന്ന്. ദണ്ഡകാവസാനം കിരാതവേഷത്തില്‍ പരമശിവനും പാര്‍വ്വതിയും അര്‍ജ്ജുനന്‍ തപസുചെയ്യുന്ന കാട്ടില്‍ പ്രത്യക്ഷപ്പെടുന്നു. ഭൂതഗണങ്ങളുമുണ്ട് കൂട്ടത്തില്‍. അര്‍ജ്ജുനന്‌ വരം കൊടുക്കുവാനായി ഇങ്ങിനെ വേഷം മാറിയൊക്കെ വരേണ്ടതുണ്ടോ എന്നു സംശയിക്കുന്ന പാര്‍വ്വതിയോട്, പണ്ട് ഭസ്മാസുരന്‌ വരം നല്‍കി ഒടുവിലവര്‍ തനിക്കു തന്നെ എതിരായ കഥ ഓര്‍മ്മയില്ലേ എന്നു ചോദിച്ച് ആ കഥഹൃസ്വമായി അവതരിപ്പിക്കുന്നു. (തുടര്‍ന്ന് തൃപുരന്മാരെക്കുറിച്ചൊരു സൂചനയുമുണ്ടായി, എന്താണ്‌ ഉദ്ദേശിച്ചതെന്ന് മനസിലായില്ല!) തുടര്‍ന്ന് പതിവ് ആട്ടങ്ങളായ ആയുധം മൂര്‍ച്ച‍വെപ്പിക്കലും, വലകെട്ടലുമൊക്കെ വിശദമായിത്തന്നെ ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയും മാര്‍ഗി ഹരിവത്സനും ചേര്‍ന്ന് അവതരിപ്പിച്ചു. ഒടുവില്‍ ദുര്യോധനനയച്ച മൂകാസുരന്‍ എന്ന അസുരന്‍ കാട്ടുപന്നിയുടെ രൂപത്തില്‍ അര്‍ജ്ജുനന്റെ നേര്‍ക്ക് പായുന്നതു കണ്ട് അതിനെ പിന്തുടര്‍ന്നു ചെന്ന് എയ്ത് കൊല്ലുന്നു. അതേ സമയം തന്നെ, അപായം മനസിലാക്കി അര്‍ജ്ജുനനും തപസില്‍ നിന്നുമുണര്‍ന്ന് പന്നിയെ എയ്യുന്നു.

ഉപകഥകള്‍
ഗംഗോല്‍പത്തി
  • സൂര്യവംശരാജാവായ സഗരന്റെ പുത്രന്മാര്‍ക്ക് മോക്ഷം നല്‍കുവാനായി, സഗരപൌത്രനായ അംശുമാന്റെ മകനായ ദിലീപന്റെ പുത്രന്‍ ഭഗീരഥന്‍ സുരഗംഗയെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തുന്നു. തന്റെ ആവശ്യം പറയുമ്പോള്‍, ഭൂമിയില്‍ പതിക്കുന്ന തന്നെ താങ്ങുവാന്‍ ശ്രീപരമേശ്വരനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഗംഗയില്‍ നിന്നുമറിയുന്ന ഭഗീരഥന്‍ ശിവനെ തപസുചെയ്യുന്നു. ഗംഗയെ ഭൂമിയില്‍ വഹിക്കുവാന്‍ ശിവന്‍ തയ്യാറാവുന്നു. എന്നാല്‍ ഗര്‍വിഷ്ഠയായ ഗംഗ ശിവനെക്കൂടി ഒഴുക്കിക്കളയുവാന്‍ ഉദ്ദേശിച്ച് വളരെ ശക്തിയോടെ താഴേക്ക് പതിക്കുന്നു. ഇതുമനസിലാക്കി ശിവന്‍ ഗംഗയെ തന്റെ ജടയ്ക്കുള്ളില്‍ തടഞ്ഞുവെയ്ക്കുന്നു. വീണ്ടും ഭഗീരഥന്‍ ശിവനെ തപസുചെയ്ത് പ്രസാദിപ്പിക്കുന്നു. ശിവന്‍ ഗംഗയെ കൈവഴികളായി ഒഴുക്കുന്നു. ഒരു കൈവഴി ഭഗീരഥനെ അനുഗമിച്ച് പാതാളത്തിലെത്തി സഗരപുത്രന്മാര്‍ക്ക് മോക്ഷപ്രാപ്തി നല്‍കുന്നു. ('ഭഗീരഥപ്രയത്നം' എന്ന വിശേഷണം ഈ കഥയില്‍ നിന്നുമാണ്‌ ഉണ്ടായത്.)
ഭസ്മാസുരനിഗ്രഹം
  • പരമശിവന്റെ ഭസ്മധൂളിയില്‍ നിന്നു ജന്മമെടുത്ത അസുരനാണ്‌ ഭസ്മാസുരന്‍. ശിവനെ തപസുചെയ്ത് പ്രീണിപ്പിച്ച്, ആരുടെ ശിരസില്‍ കൈവെയ്ക്കുന്നുവോ അയാള്‍ ചാരമായി മാറും എന്ന വരം ഭസ്മാസുരന്‍ നേടുന്നു. വരലബ്ധിയില്‍ അഹങ്കാരിയായി മാറുന്ന ഭസ്മാസുരന്‍ ശിവന്റെ ശിരസില്‍ തന്നെ തൊട്ട് വരം പരീക്ഷിക്കുവാന്‍ മുതിരുന്നു. രക്ഷനേടി പലയിടങ്ങളിലും പാലായനം ചെയ്ത ശിവനെ ഒടുവില്‍ തൊടുമെന്ന നിലയായപ്പോള്‍ മഹാവിഷ്ണു ഒരു മോഹിനിയായി ഭസ്മാസുരന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു. മോഹിനിയില്‍ മോഹിതനായി ഭസ്മാസുരന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. തന്റെയൊപ്പം നൃത്തം ചെയ്യാമെങ്കില്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ സ്വയം മറന്ന് ഭസ്മാസുരന്‍ മോഹിനിയോടൊപ്പം നൃത്തം ആരംഭിക്കുന്നു. ഒടുവില്‍ ശിരസില്‍ തൊടുന്നൊരു മുദ്രയില്‍ മോഹിനി നൃത്തം അവസാനിപ്പിച്ചതു കണ്ട് അതു പോലെ ഭസ്മാസുരനും നൃത്തം അവസാനിപ്പിക്കുന്നു. വരശക്തിയാല്‍ ആ അസുരന്‍ ചാരമായിത്തീരുന്നു.
കലാമണ്ഡലം രതീശന്റെ ആട്ടം ദ്രുതമെങ്കില്‍ ഇഞ്ചക്കാടന്റേത് അതിദ്രുതമെന്നു പറയണം. ഒരു മുദ്രതുടങ്ങി അതെന്തെന്ന് മനസിലാക്കി വരുമ്പോഴേക്കും അടുത്തതിലേക്കും അതിന്റടുത്തതിലേക്കും ഓടിക്കഴിയും അദ്ദേഹം! പുരാണജ്ഞാനമുണ്ട്, അതൊക്കെ രംഗത്തവതരിപ്പിക്കുവാന്‍ തോന്നുകയും ചെയ്യും; എന്നാലത് കാണികള്‍ക്ക് മനസിലാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു കാര്യം! വരം മേടിച്ച് ശിവനെതിരേ തിരിഞ്ഞ ഭസ്മാസുരന്റെ കഥ എത്രത്തോളം സന്ദര്‍ഭത്തിനു യോജിക്കുമെന്ന് സംശയമുണ്ട്. വരം മേടിച്ചു കഴിഞ്ഞ് അര്‍ജ്ജുനന്‍ തനിക്കെതിരേ തിരിയുമെന്നൊരു സംശയം ശിവനുണ്ട് എന്നുവരുന്നു ഈ കഥയാടുമ്പോള്‍‍‍. ത്രിപുരന്മാരെക്കുറിച്ചുള്ള ആട്ടം എങ്ങിനെയാണ്‌ ഇവിടെ ചേര്‍ത്തതെന്നും മനസിലായില്ല. ആയുധം മൂര്‍ച്ചവെപ്പിക്കല്‍, വല കെട്ടല്‍ തുടങ്ങിയ കാട്ടാളന്റെ പതിവ് ആട്ടങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സരസമായി അദ്ദേഹം രംഗത്തവതരിപ്പിച്ചു. മാര്‍ഗി ഹരിവത്സന്റെ കാട്ടാളത്തി ഈ ഭാഗങ്ങളിലൊക്കെ വേണ്ടും വണ്ണം കാട്ടാളന്‌ പിന്തുണ നല്‍കുകയും ചെയ്തു.

പന്നിയെ എയ്തതിന്റെ പേരില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്ന കാട്ടാളനും അര്‍ജ്ജുനനും ഒടുവില്‍ ബലപരീക്ഷണത്തിനു മുതിരുന്നു. പാര്‍വതി വിലക്കുവാന്‍ ഇടയ്ക്ക് ശ്രമിക്കുന്നെങ്കിലും അര്‍ജ്ജുനന്‍ പിന്മാറുന്നില്ല. എയ്യുന്ന അമ്പെല്ലാം പുഷ്പങ്ങളായിമാറട്ടെ, അമ്പൊഴിയാത്ത ആവനാഴി ശൂന്യമാവട്ടെ തുടങ്ങിയ പാര്‍വതിയുടെ ശാപങ്ങള്‍ക്കും അര്‍ജ്ജുനനെ പിന്തിരിപ്പിക്കുവാന്‍ കഴിയുന്നില്ല. ഒടുവില്‍ വില്ലെടുത്ത് കാട്ടാളന്റെ തലയില്‍ പ്രഹരിക്കവേ, തല്ലുകൊണ്ട ഗംഗാദേവി വില്ല് പിടിച്ചെടുക്കുന്നു. ഗംഗാദേവിക്ക് തല്ലുകൊള്ളുന്നതു കണ്ട് പാര്‍വതി മന്ദഹസിക്കുന്നു. തുടര്‍ന്നുള്ള മല്ലയുദ്ധത്തിനൊടുവില്‍ കാട്ടാളന്‍ അര്‍ജ്ജുനനെ എടുത്തെറിയുന്നു. അര്‍ജ്ജുനന്‍ ബോധരഹിതനായി വീണു കിടക്കുന്നു. പിന്നീട് പാര്‍വതിയുടെ ഇച്ഛാനുസരണം പാര്‍വതീപരമേശ്വരന്മാര്‍ അര്‍ജ്ജുനന്റെ ക്ലേശങ്ങളകറ്റി മറയുന്നു. ബോധമുണരുന്ന അര്‍ജ്ജുനന്‍ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പുഷ്പാര്‍ച്ചന ചെയ്ത് പ്രാര്‍ത്ഥിക്കുന്നു. പുഷ്പങ്ങള്‍ കാട്ടാളന്റെ മൌലിയില്‍ വീഴുന്നതായി കണ്ട് അര്‍ജ്ജുനന്‍ തനിക്കു പറ്റിയ പിഴവ് മനസിലാക്കുന്നു. പാര്‍വതീപരമേശ്വരന്മാര്‍ സ്വരൂപത്തില്‍ പ്രത്യക്ഷരായി അര്‍ജ്ജുനന്‌ പാശുപതാസ്ത്രം വരമായി നല്‍കുന്നു.

ഭാവമുള്‍ക്കൊണ്ടുള്ള ആലാപനമാണല്ലോ കഥകളിക്കാവശ്യം. അങ്ങിനെ പാടുന്നതില്‍ കലാമണ്ഡലം ജയപ്രകാശ് ഇവിടെ പിന്നിലായി. ഒടുവിലുള്ള "മന്മഥനാശന!" എന്ന പദം മാത്രമാണ്‌ അല്‍പമെങ്കിലും ഭാവമുള്‍ക്കൊണ്ട് പാടിയത്. കലാമണ്ഡലം സുധീഷിന്റെ പാട്ടില്‍ പരിശീലനത്തിന്റെ കുറവ് വളരെ പ്രകടം. രാഗാലാപനത്തിലുള്‍പ്പടെ സുധീഷ് മെച്ചപ്പെടേണ്ടിയിരിക്കുന്നു. ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ കലാമണ്ഡലം വേണുക്കുട്ടനും ശരാശരി നിലവാരം പുലര്‍ത്തി. ചെണ്ടയും വേഷവും പലയിടത്തും ചേര്‍ന്നു പോയില്ല. ചെണ്ടകൊട്ടുവാന്‍ വേഷക്കാര്‍ പലപ്പോഴും ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. ഒരുപക്ഷെ, ഇരു വേഷക്കാരുടേയും ഓടിച്ചുള്ള മുദ്രകാട്ടലിനൊപ്പിച്ച് കൊട്ടുവാന്‍ കലാഭാരതി ഉണ്ണികൃഷ്ണന്‌ സാധിക്കാഞ്ഞതുമാവാം. മാര്‍ഗി രവീന്ദ്രന്‍ നായരുടെ ചുട്ടിയും മാര്‍ഗിയുടെ കോപ്പുകളും പതിവുമികവ് പുലര്‍ത്തി. ചുരുക്കത്തില്‍, എല്ലാം കണക്കിലെടുക്കുമ്പോള്‍ ഏറെ മികവൊന്നും പറയുവാനില്ലാത്ത ഒരു 'കിരാത'മായിരുന്നു കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറിയത്.
ആദരാഞ്ജലികള്‍
Kottackal Sivaramanജൂലൈ 19-ന്‌ നമ്മെ വിട്ടുപിരിഞ്ഞ കോട്ടക്കല്‍ ശിവരാമന്‌ കളിയരങ്ങിന്റെ ആദരാഞ്ജലികള്‍. കാലത്തിന്റെ കളിത്തട്ടില്‍ നിന്നും അദ്ദേഹം വിടവാങ്ങിയിരിക്കാം, എന്നാല്‍ കലാസ്നേഹികളുടെ തുടിക്കുന്ന ഹൃദയങ്ങളില്‍ ഇനിയുമെത്രയോ നാള്‍ അദ്ദേഹം അനശ്വരനായി തുടരുക തന്നെ ചെയ്യും. അപ്രമേയനായ ആ കലാകാരന്‌ കളിയരങ്ങിന്റെ പ്രണാമങ്ങള്‍...
--

12 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കേരള രംഗകലോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ദൃശ്യവേദി സംഘടിപ്പിച്ച 'കിരാതം' കഥകളിയുടെ ഒരു ആസ്വാദനം.
--

AMBUJAKSHAN NAIR പറഞ്ഞു...

വായിച്ചു. കളി പ്രതീക്ഷിച്ച നിലവാരത്തില്‍ വന്നില്ല എന്ന് അറിയുന്നതില്‍ ഖേദം ഉണ്ട്.

Haree പറഞ്ഞു...

ദൃശ്യവേദി അവതരിപ്പിച്ച ‘കിരാത’ത്തിന്റെ മറ്റൊരു ആസ്വാദനം ഇവിടെ: ‘ദി ഹിന്ദു’വില്‍ ഹരിപ്രിയ നമ്പൂതിരി എഴുതിയത്.

കലാമണ്ഡലം രതീശന്‍ ‘ശിഖിനിശലഭ’ത്തിനു പകരമായി ആടിയ ‘ഗംഗോല്‍‌പത്തി’യെക്കുറിച്ച് പരാമര്‍ശമില്ല. പകരം, സിംഹത്തെ കണ്ടതുമാത്രം പറഞ്ഞിരിക്കുന്നു. എന്നാല്‍ “his attam was a welcome change from the usual ‘sikhinisalabham.'” ഇങ്ങിനെ പറഞ്ഞിട്ടുമുണ്ട്! സിംഹത്തെക്കാണുന്ന ആട്ടമാണോ ‘ശിഖിനിശലഭ’ത്തിനു പകരം വെയ്ക്കാവുന്ന സ്വാഗതാര്‍ഹമായ ആട്ടം?
--

AMBUJAKSHAN NAIR പറഞ്ഞു...

മിസ്റ്റര്‍. ഹരീ,
കഥകളിയിലെ കഥകള്‍ എല്ലാം തന്നെ പുരാണവുമായി ബന്ധപ്പെട്ടതാണ്. ശിഖിനിശലഭം കിരാതത്തില്‍ ആടുന്നതിനോട് എനിക്ക് യോജിപ്പ് കുറവാണ്. ശുക്രാചാര്യരുടെ ആശ്രമം ചുറ്റി കാണുമ്പോള്‍ കചന്‍ ശിഖിനിശലഭം ആടുന്നത് കണ്ടിട്ടുണ്ട്. കചന്‍ അത്ആടട്ടെ.

കിരാതത്തില്‍ ശിവനെ തപസ്സു ചെയ്യാന്‍ പോകുമ്പോള്‍ എല്ലാം ശിവമയം എന്ന പ്രതീതി ജനിപ്പിക്കുന്ന ആട്ടം ആണ് അര്‍ജുനന്‍ ചെയ്യേണ്ടത്. (രതീശന്റെ പിതാവും അങ്ങിനെയാണ് ചെയ്തു കണ്ടിട്ടുള്ളത് ). സിംഹത്തെ കണ്ടു പാര്‍വതിയുടെ വാഹനം എന്ന് സ്മരിച്ചു അര്‍ജുനന്‍ തൊഴണം. പാമ്പിനെ കണ്ടു " ശിവന്റെ ഉരഗാഭാരണം" എന്ന് സ്മരിച്ചു തൊഴണം. ശിവന്റെ വാഹനം , മൂഷിക വാഹനം , മുരുകന്റെ വാഹനം ഇവയെല്ലാം പരസ്പര ശത്രുക്കള്‍ . എല്ലാം കൈലാസത്തില്‍ ഒരു കുടുംബങ്ങങ്ങളായി ഒന്നിച്ചു കഴിയുന്നതു ആയി അര്‍ജുനന്‍ കാണണം. ഈ ആട്ടം എല്ലാം കഴിഞ്ഞ ശേഷം സമയം ഉണ്ടെങ്കില്‍ ശിഖിനിശലഭം ആടിക്കോട്ടെ.

ഭക്തിയോടെ കൈലാസത്തിന്റെ താഴ്‌വരയില്‍ തപസ്സിനായി എത്തുന്ന അര്‍ജുനന്‍ എല്ലാം ശിവമയം എന്ന് കാണുകയും യുദ്ധ കൊതി പൂണ്ട ബാണാസുരന്‍ ശിവ അംശങ്ങള്‍ പരസ്പര ശതൃക്കളായും കാണുന്നതല്ലേ അതിന്റെ യുക്തി.

Haree പറഞ്ഞു...

'ശിഖിനിശലഭം' തന്നെ ആടണം എന്ന് ഞാന്‍ എവിടെയാണ്‌ പറഞ്ഞത്?

ഇനി "സിംഹത്തെക്കാണുന്ന ആട്ടമാണോ ‘ശിഖിനിശലഭ’ത്തിനു പകരം വെയ്ക്കാവുന്ന സ്വാഗതാര്‍ഹമായ ആട്ടം?" ഈ ചോദ്യത്തിനാണെങ്കില്‍;
"സിംഹത്തെ കണ്ടു പാര്‍വതിയുടെ വാഹനം എന്ന് സ്മരിച്ചു അര്‍ജുനന്‍ തൊഴണം. പാമ്പിനെ കണ്ടു ശിവന്റെ ഉരഗാഭാരണം എന്ന് സ്മരിച്ചു തൊഴണം. ശിവന്റെ വാഹനം , മൂഷിക വാഹനം , മുരുകന്റെ വാഹനം ഇവയെല്ലാം പരസ്പര ശത്രുക്കള്‍ . എല്ലാം കൈലാസത്തില്‍ ഒരു കുടുംബങ്ങങ്ങളായി ഒന്നിച്ചു കഴിയുന്നതു ആയി അര്‍ജുനന്‍ കാണണം." - ഇത്രയും പൂര്‍ണമായി അവതരിപ്പിച്ചാല്‍ മാത്രമേ ആ ആട്ടത്തിനു മികവുണ്ടാവുന്നുള്ളൂ. സിംഹത്തെയും പാമ്പിനെയും കണ്ടു സ്മരിച്ചാല്‍ മാത്രം പോര. ഈ ആട്ടമല്ല 'ശിഖിനിശലഭ'ത്തിനു പകരമായി രതീശന്‍ ആടിയത്, 'ഗംഗോല്‍പത്തി'യാണ്‌. അതായിരുന്നു 'his attam was a welcome change from the usual 'sikhinisalabham.'' എന്നു പറയുമ്പോള്‍ പരാമര്‍ശിക്കപ്പെടേണ്ടിയിരുന്നത്.
--

AMBUJAKSHAN NAIR പറഞ്ഞു...

മിസ്റ്റര്‍ ഹരീഷ്.
ഞാന്‍ താങ്കളെ വിമര്‍ശിച്ചതല്ല.
കിരാതത്തിന്റെ അവതരണം സംബന്ധിച്ച അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. കഥകളി പുരാണ കഥയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണെങ്കില്‍ ഗംഗോല്‍പത്തിക്ക് തന്നെയാണ് അര്‍ജുനന്‍ മുഖ്യത്തം നല്‍കേണ്ടത്. പണ്ട് അത് തന്നെ ആണ് നിലവില്‍ ഇരുന്ന ആട്ടം.
ശിവനുമായി ബന്ധമുള്ള കഥ. ഗംഗോല്‍പത്തി. പരമശിവന്റെ ജടയില്‍ താങ്ങി ജടമുടിക്കുള്ളില്‍ കൂടി കൈലാസത്തിന്റെ താഴ്വരയിലൂടെ ഒഴുകിയെത്തുന്ന ആ പുണ്ണ്യ നദിയെ സ്മരിച്ചു വന്ദിച്ചു ആ നദിയില്‍ സ്നാനം ചെയ്തു പരമ ശിവനെ തപസ്സു ചെയ്യുക . ഗംഗോല്‍പത്തി കിരാതത്തില്‍ഭക്തനായ അര്‍ജുനന് ഉത്തമം ആയ ആട്ടം.

ഇനിയും ശിഖിനിശലഭം ആടണം എങ്കില്‍ അര്‍ജുനന്‍ തപസിനു എത്തുന്ന കൈലാസത്തിന്റെ താഴ്‌വരയില്‍ ധാരാളം മുനി വര്യന്മാര്‍ ഹോമകുണ്ഡം ഉണ്ടാക്കി തപസ്സു ചെയ്യുന്നത് അര്‍ജുനന്‍ കാണണം. ആ അഗ്നി / ഹോമ കുണ്ഡം. അതില്‍ ശലഭങ്ങള്‍ പതിച്ചിട്ടു ഒരു അപാകതയും കൂടാതെ പറന്നു പോകുന്നത് അര്‍ജുനന്‍ അവതരിപ്പിക്കാം

Sethunath UN പറഞ്ഞു...

അഹങ്കാര‌മുള്ളവന്‍ വര‌ം ചോ‌ദിച്ചയു‌ടന്‍ വെറുതെ അങ്ങു കൊടുത്താല്‍ വരം കിട്ടുന്നവന്‍ ലോകത്തിനുതന്നെ വിനാശകാരിയാവുമെന്നും അതുകൊണ്ട് അഹങ്കാര‌ത്തെ ശമിപ്പിച്ചതിനു ശേഷം മാത്രം വരം ന‌ല്‍കൂ എ‌ന്നുമാണ് ശ്രീ രാമ‌ചന്ദ്രന്‍പിള്ള ആടി ഫലിപ്പിച്ചത് എന്ന് പറയാം. കാട്ടാള‌ന്‍ എനിക്ക് ക്ഷ പിടിച്ചു. തെക്കന്‍ ചി‌ട്ടയില്‍ ഇത്ര ഊര്‍ജ്ജസ്വല‌തയോടെ (ചിട്ടയോടെ) ആടാന്‍ ഇപ്പോ‌ള്‍ ആരുമില്ല എന്നത് ചിന്തനീയം. അ‌ധ്വാനിക്കാന്‍ ഒരു മ‌ടിയുമില്ല താനും.കണ്ണു ചിമ്മിപ്പിടിക്കുക എന്നത് ഒരു വലിയ ദോഷമാണ്‍ ഇദ്ദേഹ‌ത്തിനെ. കാട്ടാള‌ന് ഇത് പ്രകടമായിക്കണ്ടില്ല. അര്‍ജ്ജുന‌ന് ആടാന്‍ എന്തോ ഒരു കോഴയുള്ള‌തുപോലെ തോന്നി. പാട്ടൊക്കെ ഒരു വഴിയായീരുന്നു.

VAIDYANATHAN, Chennai പറഞ്ഞു...

ഹരീ, നമസ്കാരം. ‘കളിയരങ്ങ്’ പുതിയ രൂപത്തിലും ഭാവത്തിലും നന്നായി വരുന്നുണ്ട്. ഹൃദയം നിറഞ്ഞ ആശംസകൾ. ‘ഇമേജസ്സിനും’(ഫോട്ടോകൾക്കും), കലാകാരന്മാരുടെ പേരും മറ്റു വിവരങ്ങൾക്കും പ്രത്യേകം കോളങ്ങൾ എന്നിവ വളരെ മികവ് പുലർത്തുന്നു. ‘ഉപകഥകൾക്കു്’ മാത്രമായി ഒരു കോളം കൊടുത്തതു് തന്നെയാണ് എനിക്കു് എറ്റവും ഇഷ്ടപ്പെട്ടതു്. കാരണം ‘കഥകളി’ ഈയിടെയായി വെറും ‘കളി’ മാത്രമായി മാറിയിരിക്കുന്നു. ‘കഥ’ ഉണ്ടെങ്കിലേ ‘കളി’ ഒള്ളൂ. പുരാണകഥകളാണ് കഥകളിയുടെ അസ്തിവാരം. അതിനു മുകളിൽ നമുക്ക് എത്ര വേണമെങ്കിലും കെട്ടിപൊക്കാം. അതില്ലെങ്കിൽ എത്ര കെട്ടിപൊക്കിയാലും അതിനു് നിലനില്പില്ല തന്നെ!

കിരാതം തുടങ്ങിയ കഥകൾ കൊട്ടാരം കളിക്കു് ഒരു മുഴുവൻ രാത്രിയും ആടിയിരുന്നു. ബ്രഹ്മശ്രീ മാങ്കുളം തിരുമേനി തുടങ്ങിയ മഹാനടന്മാർ അർജുനനായും കാട്ടാളനായും എന്തൊക്കെ ആട്ടങ്ങളാണ് ആടീട്ടുള്ളതു് എന്ന് പുതിയ തലമുറക്കു് ചിന്തിക്കാൻ പോലും സാധ്യമല്ല. എത്ര എത്ര കഥകളും ഉപകഥകളും ആണ് അവരുടെ മുദ്രകളിൽകൂടി വിരിഞ്ഞുവന്നിരുന്നതു്! (ഇന്നത്തെ വെറും ‘തത്തമ്മേ പൂച്ച പൂച്ച‘ എന്ന ആട്ടങ്ങളായിരുന്നില്ല അന്ന് അവർ ആടിയിരുന്നതു്). ഓരോ കളിയിലും ഇളകിയാട്ടങ്ങളിൽ പുതിയ പുതിയ കഥകൾ! ആ അനുഭവം തന്നെയാണ് ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളക്കും കലാമണ്ഡലം രതീശനും കിട്ടീട്ടുള്ളതു്. ഇനി ആട്ടത്തിലേക്ക് വരാം……. യാത്രയിൽ സിംഹത്തെയും പാമ്പിനെയുമൊക്കെ കാണുന്നതായി വരുന്ന ആട്ടങ്ങൾ അർജുനന്റെ ശ്രീപരമേശ്വരനോടുള്ള ഭക്തി സംബന്ധമായതാണ്. “എല്ലാം ശിവമയം ശിവശക്തിമയം” എന്ന് ഭാവത്തോടെ വേണമല്ലോ ശ്രീപരമേശ്വരനെ തപസ്സ് ചെയ്യേണ്ടതു്! അതു തന്നെയാണ് അർജുനനും ഇവിടെ ഭാവിക്കുന്നതു്. കർണ്ണശപഥത്തിൽ കർണ്ണനും കിരാതത്തിൽ അർജുനനും ആടേണ്ട കാര്യമാത്രപ്രസക്തമായ ആട്ടം തന്നെയാണ് 'ഗംഗോല്‍പത്തി'. “ശിഖിനിശലഭവും’ ‘അജഗരകബളിതവും’ ഒക്കെ തപസ്സുചെയ്യുവാൻ പോകുന്ന ഒരു ഭക്തൻ കാണേണ്ട അല്ലെങ്കിൽ കാണിക്കേണ്ട കാഴ്ചകൾ അല്ല. “മുദ്രകള്‍ ആവശ്യത്തിനു സമയമെടുത്ത് കാണികള്‍ക്ക് മനസിലാക്കുവാനുള്ള സാവകാശം നല്‍കി അവതരിപ്പിക്കുക എന്നതും പ്രധാനമാണ്‌. മനോധര്‍മ്മങ്ങള്‍ ആടുമ്പോള്‍ പ്രത്യേകിച്ചും ഈ കാര്യത്തില്‍ മനസുവെയ്ക്കേണ്ടതുണ്ട്. ഒരു മുദ്ര തുടങ്ങി അത് പൂര്‍ത്തീകരിക്കാതെ അടുത്തതിലേക്ക് പോവുന്നു രതീശൻ. ആടിയതെന്തെന്ന് പൂര്‍ണരൂപത്തില്‍ ഗ്രഹിക്കുവാന്‍ കഴിയാതെ, അവിടുന്നുമിവിടുന്നും കിട്ടുന്ന സൂചനകളില്‍ നിന്നും മനസിലാക്കിയെടുക്കേണ്ടി വരുന്നു“. (കഥകളി കാണുന്ന പ്രേക്ഷകർ എല്ലാ പുരാണങ്ങളും എല്ലാ കഥകളും, മുദ്രകൾ തുടങ്ങി കഥകളിയുടെ എല്ലാ സങ്കേങ്ങളും അറിഞ്ഞിരിക്കണം എന്നതാണ് ‘അലിഖിത നിയമം’. ആ അനുഭവം ‘കണ്ടു കണ്ടു തന്നെ‘ വരണം. “ഭസ്മാസുര-മോഹിനി” കഥകൾ ഒക്കെ കിരാതം കാട്ടാളൻ തീർച്ചയായും ആടേണ്ട ആട്ടങ്ങൾ തന്നെയാണ്.

VAIDYANATHAN, Chennai പറഞ്ഞു...

……………..(തുടർന്ന് തൃപുരന്മാരെക്കുറിച്ചൊരു സൂചനയുമുണ്ടായി, എന്താണ്‌ ഉദ്ദേശിച്ചതെന്ന് മനസിലായില്ല!)..... ബ്രഹ്മശ്രീ മാങ്കുളം തിരുമേനി ഈ ആട്ടം ‘കിരാതത്തിൽ’ ആടുമായിരുന്നു. കൃതയുഗത്തിൽ ‘ത്രിപുരന്മാർ’ എന്ന് മൂന്നു അസുരന്മാർ ഉണ്ടായിരുന്നു. (ഇവർ ‘ത്രിപുരദഹനത്തിലെ’ ത്രിപുരന്മാർ അല്ല). ഇവർ മൂന്നുപേരും ശ്രീ പരമേശ്വരനെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തുന്നു. പരമശിവൻ അവർക്ക് തന്റെ സ്വരൂപമായ ഒരു ‘ആത്മലിംഗം’ കൊടുത്ത് അതിനെ ദിവസവും പൂജിച്ചാൽ അവർക്ക് ‘ത്രിലോകജയം’ കൈവരുമെന്ന് അനുഗ്രഹിക്കുന്നു. അങ്ങിനെ മൂന്നുലോകങ്ങളെയും ജയിച്ച് ‘ലോകൈകകണ്ഡകന്മാരായ’ അവരുടെ ക്രൂര കൃത്യങ്ങൾ സഹിയാതെ ദേവന്മാർ നാരദമഹർഷിയോട് സങ്കടം ഉണർത്തിക്കുന്നു. ഒരുദിവസം നാരദമഹർഷി ത്രിപുരന്മാരെ സന്ദർശ്ശിച്ച് അവരുടെ വിജയരഹസ്യം ‘ചുടലഭസ്മവും പൂശി, മുതുകാളപുറത്തു കയറി, തലയോട്ടി ഭിക്ഷാപാത്രമാക്കി നടക്കുന്ന’ ശിവൻ കൊടുത്ത ആത്മലിംഗം അല്ലെന്നും, അവരുടെ തന്നെ സ്വന്തം ‘കൈയൂക്ക്’ ആണെന്നും പറഞ്ഞ് അവരെ സ്വന്തം ശക്തിയിൽ അഹങ്കാരികൾ ആക്കുന്നു. ആ അഹങ്കാരത്തിന്റെ ‘മൂർത്തഭാവത്തിൽ’ അവർ ആ ‘ആത്മലിംഗം’ തച്ച് ഉടക്കുന്നു. അതിൽ നിന്നും ശ്രീ പരമേശ്വരന്റെ അംശമായ ‘മഹാകാളൻ’ ആയിരം കൈകളോടുകൂടി ആവിർഭവിച്ച് ത്രിപുരന്മാരെ നിഗ്രഹിക്കുന്നു.

(കലാമണ്ഡലം രതീശന്റെ ആട്ടം ദ്രുതമെങ്കില്‍ ഇഞ്ചക്കാടന്റേത് അതിദ്രുതമെന്നു പറയണം. ഒരു മുദ്രതുടങ്ങി അതെന്തെന്ന് മനസിലാക്കി വരുമ്പോഴേക്കും അടുത്തതിലേക്കും അതിന്റടുത്തതിലേക്കും ഓടിക്കഴിയും അദ്ദേഹം!) …….ഹ ഹ ഹ….. എനിക്കു അതങ്ങു ഇഷ്ടപ്പെട്ടു, കേട്ടോ! ഇങ്ങിനെ കളികാണുന്ന ഒന്നു രണ്ടു പേർ ഉണ്ടെങ്കിൽ കഥകളിയുടെ ഭാവി സുരക്ഷിതമാണ്.

(വരം മേടിച്ച് ശിവനെതിരേ തിരിഞ്ഞ ഭസ്മാസുരന്റെ കഥ എത്രത്തോളം സന്ദര്‍ഭത്തിനു യോജിക്കുമെന്ന് സംശയമുണ്ട്. വരം മേടിച്ചു കഴിഞ്ഞ് അര്‍ജ്ജുനൻ തനിക്കെതിരേ തിരിയുമെന്നൊരു സംശയം ശിവനുണ്ട് എന്നുവരുന്നു ഈ കഥയാടുമ്പോൾ!.) ‘വരം മേടിച്ച് തന്റെ നേരേ തിരിയും‘ എന്നതല്ല ഇവിടത്തെ സന്ദർഭത്തിന്റെ പ്രസക്തി, മറിച്ച് ‘അഹങ്കാര‌മുള്ളവൻ വരം ചോ‌ദിച്ചയു‌ടൻ വെറുതെ അങ്ങു കൊടുത്താൽ വരം കിട്ടുന്നവൻ ലോകത്തിനുതന്നെ വിനാശകാരിയാവുമെന്നും അതുകൊണ്ട് അഹങ്കാര‌ത്തെ ശമിപ്പിച്ചതിനു ശേഷം മാത്രം വരം ന‌ല്‍കൂ’ എന്നുള്ള നിഷ്കളങ്കന്റെ അഭിപ്രായത്തിനു ഒരു ‘പടി’ കൂടി ഉയർന്ന് ചിന്തിച്ചാൽ, ചോദിച്ച ഉടൻ ‘മുൻ പിൻ ആലോചിക്കാതെ‘ ‘കണ്ണും അടച്ച്’ വരം നൽകിയതിന്റെ ഭവിഷ്യത്തുക്കളാണ് ഭഗവാൻ ഇവിടെ പാർവതി ദേവിയെ ഓർമിപ്പിക്കുന്നതു്. (“തല്ലുകൊണ്ട ഗംഗാദേവി വില്ല് പിടിച്ചെടുക്കുന്നു. ഗംഗാദേവിക്ക് തല്ലുകൊള്ളുന്നതു കണ്ട് പാർവതി മന്ദഹസിക്കുന്നു.”)……..വളരെ ഉചിതമായ ആട്ടം.

ഇനി, താൻ എഴുതിയ ‘ഉപകഥകളെ’ ഒന്നുകൂടി കൊഴുപ്പിക്കട്ടെ………. സഗരനു് പുത്രന്മാർ 16,001. സഗരന്റെ നൂറാമത്തെ അശ്വമേധം തടയുവാൻ ഇന്ദ്രൻ യാഗാശ്വത്തെ പാതാളത്തിൽ കപില മഹർഷിയുടെ ആശ്രമത്തിൽ കൊണ്ടു കെട്ടിയിടുന്നു. യാഗാശ്വത്തെ തിരഞ്ഞ് 16,000 സഗരപുത്രന്മാർ ഭൂമികുഴിച്ച് പാതാളത്തിൽ എത്തി, കപില മഹർഷിയാണ് യാഗാശ്വത്തെ മോഷ്ടിച്ചതെന്ന് തെറ്റിധരിച്ച് മഹർഷിയെ ഉപദ്രവിക്കയാൽ അദ്ദേഹത്തിന്റെ ദൃഷ്ടിയാൽ ദഹിച്ച് വെണ്ണീറാവുന്നു. (സഗരപുത്രന്മാർ ഭൂമികുഴിച്ച കുഴികളാണ് സമുദ്രമായി മാറിയതു്. അതിനാൽ സമുദ്രത്തിനു് ‘സാഗരം’ എന്ന് പര്യായ പദം ഉണ്ടായി). പിന്നെ…… സഗരന്റെ 16001 (പതിനാറായിരത്തി-ഒന്നാമത്തെ) പുത്രൻ അസമഞ്ജസ്സ്, അസമഞ്ജസ്സിന്റെ പുത്രൻ അംശുമാൻ……… പിന്നെ ദിലീപൻ, ദിലീപന്റെ പുത്രൻ ഭഗീരഥൻ………….. (നല്ല കഥകളും നല്ല ഉപകഥകളും). ആശംസകൾ.

Haree പറഞ്ഞു...

വിശദമായ കമന്‍റ്റുകള്‍ക്ക് പ്രത്യേകം നന്ദി.

"‘മുൻ പിൻ ആലോചിക്കാതെ‘ ‘കണ്ണും അടച്ച്’ വരം നൽകിയതിന്റെ ഭവിഷ്യത്തുക്കളാണ് " - അതുതന്നെ, അത്തൊരുമൊരു ഭവിഷ്യത്ത് അര്‍ജ്ജുനനില്‍ നിന്നും ഉണ്ടാവാമെന്നൊരു പേടി ശിവന്‌ ഉണ്ടാവുമോ എന്നൊരു സംശയം കാണിക്കു തോന്നുന്നു. അഹങ്കാരത്തെ ശമിപ്പിച്ചതിനു ശേഷം വരം നല്‍കുക എന്നതു തന്നെയാവും കൂടുതല്‍ യോജിക്കുന്നത്. 'അങ്ങിനെ അഹങ്കാരം ശമിപ്പിക്കാതെ വരം നല്‍കിയ ഭസ്മാസുരനും ത്രിപുരന്മാരും തനിക്കു തന്നെ വിനയായത് അറിയില്ലേ?' എന്ന രീതിയില്‍ ഇതു രണ്ടും അവതരിപ്പിക്കാവുന്നതാണ്‌.

ത്രിപുരദഹനത്തിലെ അല്ലാത്ത ത്രിപുരന്മാരെക്കുറിച്ചുള്ള കഥയ്ക്കും പ്രത്യേകം നന്ദി. ഈ കഥ ഭസ്മാസുരന്റേതെന്ന പോലെ സന്ദര്‍ഭത്തോട് യോജിക്കുന്നതു തന്നെ.
--

AMBUJAKSHAN NAIR പറഞ്ഞു...

‘Mr. Vaidyanathan,
(ഉപകഥകൾക്കു്’ മാത്രമായി ഒരു കോളം കൊടുത്തതു് തന്നെയാണ് എനിക്കു് എറ്റവും ഇഷ്ടപ്പെട്ടതു്. കാരണം ‘കഥകളി’ ഈയിടെയായി വെറും ‘കളി’ മാത്രമായി മാറിയിരിക്കുന്നു. ‘കഥ’ ഉണ്ടെങ്കിലേ ‘കളി’ ഒള്ളൂ. പുരാണകഥകളാണ് കഥകളിയുടെ അസ്തിവാരം. അതിനു മുകളിൽ നമുക്ക് എത്ര വേണമെങ്കിലും കെട്ടിപൊക്കാം. അതില്ലെങ്കിൽ എത്ര കെട്ടിപൊക്കിയാലും അതിനു് നിലനില്പില്ല തന്നെ!)

ചെന്നൈയില്‍ ഒരിക്കല്‍ ഇഞ്ചക്കാടന്‍ കിരാതത്തില്‍ കാട്ടാള വേഷം അവതരിപ്പിച്ചപ്പോഴും ഭസ്മാസുരന്റെ ആട്ടം അവതരിപ്പിച്ചത് ശരിയല്ല എന്ന് അഭിപ്രായപെട്ടവരും ചിലര്‍ വളരെ യോജിച്ചതാണ് എന്നും രണ്ടു അഭിപ്രായം ഉണ്ടായതല്ലേ .
അര്‍ജുനന്‍ sikhinisalabha ആട്ടവും കാട്ടാളന്‍ കാട്ടാളത്തിയെ ഒന്ന് നോക്കി കണ്ടിട്ട് " സ്ത്രീ സൃഷ്ട്ടി " ആടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാമല്ലോ മിസ്റ്റര്‍ വൈദ്യനാഥ .

Unknown പറഞ്ഞു...

@Haree

VAIDYANATHAN, Chennai said
ഹ ഹ ഹ….. എനിക്കു അതങ്ങു ഇഷ്ടപ്പെട്ടു, കേട്ടോ! ഇങ്ങിനെ കളികാണുന്ന ഒന്നു രണ്ടു പേർ ഉണ്ടെങ്കിൽ കഥകളിയുടെ ഭാവി സുരക്ഷിതമാണ്

Vaidiyettan angane ellam paranzhenirikkum. Adheham Chennai-lalle, parcel aayittu idi varillallo. Athum kettukondu u dont dare tto. Randu Blackcats-ne koode nadannolu adutha kali kaanan pokumbol. Illengil your kaaryam, kattapoka..:-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--