പാണ്ഡവര്‍ സന്ധ്യാവന്ദനത്തിനു പോയ തക്കം നോക്കി സുന്ദരീരൂപം പൂണ്ട സിംഹിക, പാഞ്ചാലിയുടെ സമീപമെത്തുന്നു. മറ്റാരും അവിടെയെങ്ങുമില്ല എന്ന് നോക്കി ഉറപ്പാക്കിയുള്ള സിംഹികയുടെ പ്രവേശനം മുതല്‍ക്കു തന്നെ പൂര്‍ണമായും കഥാപാത്രാനുസരണമായ അവതരണമായിരുന്നു മാര്‍ഗി വിജയകുമാറിന്റേത്. നവരസത്തില്‍ ചിട്ടചെയ്തിരിക്കുന്ന വളരെ പതിഞ്ഞ കാലവട്ടത്തിലുള്ള "നല്ലാര്‍കുലമണിയും..." എന്ന പദമാണ് ആദ്യം. 'അല്ലണിക്കുഴലാളേ...', 'ഹരിണാങ്കോപമാനനേ...' എന്നിങ്ങനെയുള്ള മധുരതരമായ സംബോധനകളില്‍ തുടങ്ങി, ഒരു കൂട്ടുകാരി എന്ന തലത്തിലേക്ക് പാഞ്ചാലിയെ അടുപ്പിക്കുകയാണ് ലളിത ഈ പദത്തിലൂടെ. പാഞ്ചാലിയെ പാട്ടിലാക്കുവാനുള്ള ലളിതയുടെ ഭാഷണം ഭംഗിയായി അവതരിപ്പിക്കുക മാത്രമല്ല, ഒട്ടൊരു കൌശലത്തോടെ തന്റെ വാക്കുകള്‍ക്ക് ഇവളില്‍ എന്തെങ്കിലും സ്വാധീനമുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുകയും ചെയ്തു മാര്‍ഗി വിജയകുമാറിന്റെ ലളിത. 'മത്സഖീ...' എന്നൊക്കെ വിളിക്കുന്നതിനൊപ്പം, ഒന്ന് തിരിഞ്ഞ് 'സഖിയോ, നീയോ...' എന്ന മട്ടിലുള്ള ലളിതയുടെ ഉള്ളിലിരിപ്പും ഇടയ്ക്കിടെ പ്രകടമാക്കിയായിരുന്നു അവതരണം. എന്നാല്‍ ഇവയുടെ ആവര്‍ത്തനങ്ങളൂം, ഓരോ തവണയുമുള്ള ദൈര്‍ഘ്യവും അല്‍പം കൂടിപ്പോയോ എന്ന സംശയം ഉണ്ടാവാതിരുന്നില്ല. നിമിഷങ്ങളുടെ ദൈഘ്യത്തില്‍, ഉള്ളിലെ കുടിലത ഭാവത്തില്‍ വളരെ പ്രകടമാക്കി, പെട്ടെന്നു തന്നെ തിരിച്ച് പ്രസന്നവദനയാവുന്ന രീതിയാണെന്നു തോന്നുന്നു കൂടുതല്‍ യോജിക്കുന്നത്.
Lalitha-Panchali (KirmeeraVadham)
Ambalappuzha SriKrishna Temple, AlappuzhaWritten by
Actors- Kottayam Thampuran
- Margi Vijayakumar as Lalitha
- Kalanilayam Vinod as Panchali
Singers
- Pathiyoor Sankarankutty
- Kalamandalam Jayaprakash
Accompaniments
- Kalanilayam Manoj (Maddalam)
- Kalamandalam Sreekanth Varma (Idakka/Chenda)
Chutty
- None
Kaliyogam
- Sandarsan Kathakali Vidyalayam, Ambalappuzha
Organized by
July 02, 2010- Sandarsan Kathakali Vidyalayam for Ranjini A. Nair
മധുരഭാഷണങ്ങളാല്‍ പാഞ്ചാലിയെ പ്രലോഭിപ്പിച്ച് ലളിത കാട്ടിലെത്തിക്കുന്നു. കൊടുങ്കാട്ടിലെ ഭീകരതകളില്‍ നിന്നും പാഞ്ചാലിയുടെ ശ്രദ്ധതിരിക്കുവാനായി കാനനദൃശ്യങ്ങളെ ഓരോന്നായി ലളിത വര്‍ണിച്ചു തുടങ്ങുന്നു. കാമ്പോജിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന "കണ്ടാലതിമോദം..." എന്ന പ്രസിദ്ധമായ പദമാണിവിടെ. പാഞ്ചാലിയുടെ കണ്ടിവാര്‍ കുഴലി കണ്ട വണ്ടുകളുടെ ഇണ്ടലോടെയുള്ള മണ്ടല്‍, തളിരുകളാവുന്ന വിരലുകളിളക്കിയുള്ള വല്ലികാനടികളുടെ അഭിനയം അഥവാ നൃത്തം, കുസുമങ്ങള്‍ പൊഴിച്ചുള്ള കുറിഞ്ഞിമരങ്ങളുടെ എതിരേല്‍പ്; കഥകളിയുടെ നൃത്തസാധ്യതകളെ ഉപയോഗപ്പെടുത്തുവാന്‍ കലാകാരന് അവസരമൊരുക്കുന്നവയാണ് ഈ പദഭാഗങ്ങളൊക്കെയും. 'കണ്ടാലതിമോദം ഉണ്ടായ് വരു'ന്ന തരത്തിലായിരുന്നു, ഈ സാധ്യതകള്‍ പദാര്‍ത്ഥ മുദ്രകളോടിണക്കിയുള്ള മാര്‍ഗി വിജയകുമാറിന്റെ അവതരണവും. ഉഗ്രരൂപിണിയായി ലളിത മാറുന്ന ഭാഗത്ത് മാത്രം കുറച്ചു കൂടി ഊര്‍ജ്ജം നല്‍കാമായിരുന്നു എന്നു തോന്നിച്ചു.
മേളക്കാരുടെ, വിശേഷിച്ച് മദ്ദളം കലാകാരന്റെ പിന്തുണയില്ലാതെ 'കിര്‍മ്മീരവധ'ത്തിലെ ലളിതയെ ചെയ്തു വിജയിപ്പിക്കുവാന്‍ ഒരു കലാകാരനും സാധിക്കില്ല. മാര്‍ഗി വിജയകുമാറിന്റെ ലളിത ഇത്രത്തോളം അനുഭവത്തായെങ്കില്‍ അതില്‍ ചെറുതല്ലാത്ത പങ്ക് അന്നേ ദിവസം മദ്ദളം കൈകാര്യം ചെയ്ത കലാനിലയം മനോജിനുമുണ്ട്. വണ്ടുകളുടെ മുരണ്ടലും, കുയില്‍ നാദത്തോട് ചേരുന്ന മുളന്തണ്ടുകളുടെ ഗീതവുമെല്ലാം മദ്ദളത്തില്‍ ഉയിര്‍ക്കുവാനും മനോജ് ശ്രമിച്ചുകണ്ടു. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മയായിരുന്നു തുടക്കത്തില്‍ ഇടയ്ക്കയിലും, തുടര്‍ന്ന് ഘോരരൂപിണിയാവുന്ന വേളയില്‍ ചെണ്ടയിലും പ്രവര്‍ത്തിച്ചിരുന്നത്. ഇടയ്ക്ക ഒരു അനിവാര്യതയല്ലെങ്കിലും, ഇവിടുത്തെപോലെ മൈക്ക് നല്‍കാതെ ഉപയോഗിച്ചാല്‍, കലാശഭാഗങ്ങളിലും മറ്റും ഇടഞ്ഞുകൊട്ടുന്നതില്‍ ഒരു രസമുണ്ട്. ഈ തരത്തില്‍, ശ്രീകാന്തിന്റെ ഇടയ്ക്ക കളിക്ക് ഗുണകരമായെങ്കില്‍, ഒടുവില്‍ ചെണ്ട അല്‍പം പിന്നിലായത് ആ ഭാഗങ്ങള്‍ അത്രകണ്ട് അനുഭവത്താവാതിരുന്നതിന് ഒരു കാരണമായി. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ജയപ്രകാശ് എന്നിവരുടെ അന്നേദിവസത്തെ ആലാപനവും സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. വണ്ടുകളുടെ മണ്ടലും കീചകങ്ങളുടെ കുഴലൂത്തും വായുവിന്റെ ഇളക്കവുമെല്ലാം ആലാപനത്തിലും കൊണ്ടുവരുവാന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിക്ക് കഴിഞ്ഞു. പരിചയക്കുറവ് / അശ്രദ്ധ മൂലമുള്ള ചില കുറവുകള്‍ കലാമണ്ഡലം ജയപ്രകാശിന്റെ ആലാപനത്തില്‍ ഉണ്ടായിരുന്നെങ്കിലും, കിഴക്കേക്കോട്ടയിലെ ആലാപനത്തെ അപേക്ഷിച്ച് ഏറെ മികവ് കൈവരിക്കുവാന്‍ ഇവിടെ ജയപ്രകാശിനു കഴിഞ്ഞു.
ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച 'ലളീത-പാഞ്ചാലി'യുടെ സ്മരണകളുണര്‍ത്തിയാണ് ഇവിടുത്തെ അരങ്ങിന് തിരശ്ശീല വീണത്. മാര്‍ഗി വിജയകുമാര്‍ തന്നെ ലളിതയായെത്തിയ അന്നത്തെ കളിക്ക്; കലാമണ്ഡലം ഹൈദരാലി, പത്തിയൂര്‍ ശങ്കരന്‍കുട്ടി എന്നിവരൊരുമിച്ചുള്ള ആലാപനവും, കലാമണ്ഡലം ശങ്കരവാര്യരൊരുക്കിയ മദ്ദളമേളവും കൊഴുപ്പുകൂട്ടി. അന്നത്തെ കളിയോട് ഉപമിച്ചാല്‍ (ഉപമിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും!) ഇവിടുത്തേത് അത്രത്തോളമെത്തിയില്ലെന്ന് പറയുവാന്‍ രണ്ടാമതൊരു ആലോചന വേണ്ട. എന്നാല്‍ തന്നെയും, അടുത്തു കണ്ടിട്ടുള്ളവയെ അപേക്ഷിച്ച് വളരെ മികവുപുലര്‍ത്തിയ ഒരു ലളിതയേയും പാഞ്ചാലിയേയുമാണ് അമ്പലപ്പുഴയിലെ അരങ്ങില്‍ കാണുവാനായത്.
--
32 അഭിപ്രായങ്ങൾ:
ചെറിയൊരു ഇടവേളയ്ക്കു ശേഷം 'കളിയരങ്ങ്' വീണ്ടും സജീവമാവുന്നു. സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴയില്‍ അരങ്ങേറിയ 'ലളിത-പാഞ്ചാലി'യുടെ ഒരു ആസ്വാദനം.
--
ആസ്വാദനം നന്നായി...
പുതിയ മേലങ്കി കൊള്ളാം :)
very good.
In pergforming Lalitha it is best not to show that she is actually a rakshasi to anybody including the audience. If you do that you are completely diluting the climax. The mood of the climax should come unawares. It should come as a shock. It is very clear that Kottayathu Thamburan wanted it that way. Why our actors are giving the truth away at odd places. One cant enjoy "Nallorkulam.." and other padams without the real Shringara mood. They are spoiling the mood.
The use of Edakka reduces the effect of Chenda in the climax scene. This seems to be correct.
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
The mood of the climax should come unawares. - കഥകളിയില്‍ പരിണാമഗുപ്തിക്ക് പ്രാധാന്യമുണ്ടോ? അതാര്‍ക്കും അറിയാത്തതല്ലല്ലോ! സിംഹികയായുള്ള ലളിതയുടെ ഭാവമാറ്റം പ്രതീക്ഷിക്കുന്നതു തന്നെ. കഥകളിയെ സംബന്ധിച്ചിടത്തോളം ഇവയൊക്കെ എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിലാണല്ലോ കാര്യം. "സാമ്യമകന്നോരു ഉദ്യാന"മാടുന്ന ദമയന്തിയെപ്പോലെ, ശൃംഗാരം മാത്രമായി ലളിതയെ അവതരിപ്പിക്കുന്നതില്‍ ഔചിത്യമില്ല. ഇങ്ങിനെയൊരു ഭാവമാറ്റം പാത്രസ്വഭാവത്തെ ദ്വോതിപ്പിക്കുവാന്‍ അനിവാര്യമാണ്. അതുണ്ടായിരിക്കെ തന്നെ ഒടുവിലത്തെ 'shock' നല്‍കുക സാധിക്കാത്തതുമല്ല. ഒടുവിലെ ഭാഗത്ത് ഇടയ്ക്കയല്ല, ചെണ്ട തന്നെയാണ് ഉപയോഗിച്ചത്. ചെണ്ട അല്‍പം പിന്നോക്കം പോയി എന്നു മാത്രം.
--
I have no doubt that everybody knows the story. But it is also true that when enjoying a scene you automatically keep the future part apart and mix with the mood. You yourself are trying to imagine that it is Lalitha, not Simhika in order to enjoy it. At that time a disturbance is out of place. More the Shrigara the slower the tala. Pathinja Adantha thala indicates adoration of beauty and subtlety of movements are of maximum importance. You must get slowly drawn to the lady. The actor's success lies in creating that subtlety. The shock I mentioned is the shock that we ourselves want. That is why it is said that Nataka is the best of Kavya. Damayanthi's Shringara is light. Kottayam Thamburan's Shringara is heavy. And this Lalitha is the best of them. It is only my personal opinion. Edakka in fact is not required in this scene since it disturbs, this being a heavy item. The necessary sounds can be made by maddalam and Lalitha must be in full control of the stage by this time. This is also an opinion only.
ലളിതയെ പൂര്‍ണമായും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുവാന്‍ ശൃംഗാരരസം മാത്രം മുഖത്ത് വന്നാല്‍ പോര. പ്രസന്നഭാവത്തില്‍ പാഞ്ചാലിക്ക് മുന്നിലെത്തുന്നതിനാല്‍ ശൃംഗാരരസം വേണമെന്ന് പറയാമെന്നല്ലാതെ, ഇതൊരു ശൃംഗാരപദമൊന്നുമല്ല എന്നതും ഓര്‍ക്കാവുന്നതാണ്. മറ്റ് ലളിതകളില്‍ നിന്നും 'കിര്‍മ്മീരവധം' ലളിത വേറിട്ടു നില്‍ക്കുന്നതും ഇവിടെയാണ്. പക ഉള്ളിലൊതുക്കി മുഖത്ത് പുഞ്ചിരി വരുത്തി പാഞ്ചാലിക്ക് സമീപമെത്തുന്ന ലളിതയെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുവാന്‍, പുഞ്ചിരി മുഖംമൂടിയാണ് എന്നും ഉള്ളില്‍ പകയെരിയുന്നുണ്ട് എന്നും കലാകാരന്‍ മുഖഭാവം കൊണ്ട് പ്രകടമാക്കേണ്ടതുണ്ട്. മുഴുവന്‍ സമയവും പ്രസന്നവദനയായി പദഭാഗങ്ങള്‍ ആടി തീര്‍ക്കുന്നതുകൊണ്ടു മാത്രം ലളിതയായി കലാകാരന്റെ വേഷത്തെ ഉള്‍ക്കൊള്ളുവാനാവില്ല.
'കളിഭ്രാന്തി'ലെ പോസ്റ്റില്‍ ഗണേഷിന്റെ കമന്റ് കണ്ടപ്പോഴാണ് പാഞ്ചാലി മുടി മുന്നിലേക്കിട്ടല്ല അരങ്ങിലെത്തിയതെന്ന് ശ്രദ്ധയില്‍ പെട്ടത്. ഇത് കലാകാരന് പറ്റിയ ഒരു പിഴവു തന്നെ.
--
The essence of drama is timing. The writer has fixed that timing for exposing that she is rakshasi.Why make a mess by showing it earlier? To whom is he showing? To the audience? Why? The audience is trying to forget it for the time being. When seeing Lalitha Panchali we want Lalitha to use every bit of her charm and concentrate fully to enchanting Panchali to go with her. This is the key of the scene. A pathinja padam in Adantha tala is equal to "Kuvalaya Vilochane" and should be taken as seriously. Concentration is important and audience should feel they are in a different world. That Lalitha is a rakshasi should be hidden and there is absolutely no necessity to show it off. It destroys the scene.
Sorry for making blunt comment. Actually every actor has full right to express sanchari bhavas in addition to the sdhayi bhava. Also they can add manodharmas as required. Hence dont take my comment seriously. Just an opinion, thats all.
'കിര്‍മ്മീരവധ'ത്തിലെ ലളിതയെ അവതരിപ്പിക്കുന്ന കലാകാരന്‍ "ന്മല്ലാര്‍കുലമണിയും..." എന്ന ഭാഗത്ത് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതാണല്ലോ ഇവിടുത്തെ വിഷയം. രണ്ടു രീതികള്‍:
1) പദഭാഗം മുഖത്ത് ശൃംഗാരരസം മാത്രം വരുത്തി പദമാടി തീര്‍ക്കുക.
2) പദഭാഗങ്ങള്‍ ശൃംഗാരരസത്തോടെ ആടുന്നതിനൊപ്പം ചിലയിടങ്ങളില്‍ ലളിതയുടെ യഥാര്‍ത്ഥ ഉള്ളിലിരുപ്പ് സഞ്ചാരീഭാവമായി നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ കാട്ടുക.
രണ്ടാമത് പറഞ്ഞ പ്രകാരമാണ് ഇന്ന് അധികവും കലാകാരന്മാര്‍ ലളിതയെ അവതരിപ്പിക്കുവാറുള്ളത്. ഇതിനോടാണ് അധികം പ്രേക്ഷകരും യോജിക്കുന്നതും. കാരണങ്ങള്‍:
• ലളിതയുടെ മുഖത്തു മാത്രമാണ് പ്രസന്നത. ഉള്ളിലെ പകയുടെ കനലുകള്‍ ഇടയ്ക്കൊക്കെ പ്രകടമാക്കുന്നത് (അത് പാഞ്ചാലി കാണ്‍കെയോ, പാഞ്ചാലി കാണാതെ പുറംതിരിഞ്ഞോ പ്രത്യക്ഷമായി ലളിതയുടെ മുഖത്ത് വരുന്നു എന്നല്ല ഉദ്ദേശിക്കുന്നത്; അത് ലളിതയുടെ ഉള്ളിലിരുപ്പ് എന്ന രീതിയിലാണ്.) പാത്രസൃഷ്ടിയുടെ മികവ് വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.
• 'നരകാസുരവധ'ത്തിലെ ലളിതയെ നോക്കുക; നക്രതുണ്ഡിയുടെ യഥാര്‍ത്ഥ വികാരമാണ് ജയന്തനോടുള്ള കാമം. അതായത് നക്രതുണ്ഡി കാമം അഭിനയിക്കുകയല്ല, ഉള്ളിലും അതു തന്നെ. ("കുവലയവിലോചന..." പദത്തിന്റെ കാര്യമെടുത്താല്‍; നളന്റെ ഉള്ളിലെ വികാരം തന്നെയാണ് പുറത്തും. അതിലും കൃത്രിമമില്ല.) എന്നാലിവിടെ ലളിതയുടെ മുഖത്തുള്ള പ്രസന്നത കൃത്രിമമാണ്. അതിനാല്‍ തന്നെ, 'നരകാസുരവധം' ലളിതയുടേതു പോലെ മുഖത്ത് ശൃംഗാരരസം വരുത്തി പദം ആടിയാല്‍ മതിയാവില്ല.
• പതിഞ്ഞ കാലം, അടന്ത താളം എന്നിവയുണ്ട് എന്നതിനാല്‍ സഞ്ചാരീരസങ്ങളൊന്നും മുഖത്ത് വന്നുകൂട എന്നില്ല, ശൃംഗാരരസം മാത്രമേ പാടുള്ളൂ എന്നുമില്ല. അങ്ങിനെയുള്ള ഭാവമാറ്റങ്ങളുടെ ആവശ്യകതയാണ് 'കിര്‍മ്മീരവധം' ലളിതയെ വേറിട്ടു നിര്‍ത്തുന്നതും അവതരിപ്പിക്കുന്ന കലാകാരന്റെ മികവളക്കുന്നതും.
• സിംഹികയുടെ രാക്ഷസീയ ഭാവമോ/രൂപമോ അല്ല ഈ ചെറിയ സമയദൈര്‍ഘ്യത്തിലുള്ള സഞ്ചാരീഭാവങ്ങളിലൂടെ പ്രകടമാക്കുന്നത് എന്നും ശ്രദ്ധിക്കേണ്ടതാണ്. പ്രസന്നവദനയായി സംസാരിക്കുന്ന ലളിതയുടെ ഉള്ളിലെരിയുന്ന പകകൂടി ആടുന്നുവെന്നു മാത്രം. ഒന്നാമത്തെ രീതിയില്‍ ലളിതയെ അവതരിപ്പിക്കുന്ന കലാകാരന്‍ പുറമേയുള്ള സിംഹികയെ മാത്രം കാണുമ്പോള്‍, രണ്ടാമത്തെ രീതിയില്‍ സിംഹികയുടെ മനസിലുള്ളതു കൂടി കാണുവാന്‍ ശ്രമിക്കുന്നു. മറ്റ് കഥാപാത്രങ്ങളുടെ ശൃംഗാരപദം കൈകാര്യം ചെയ്യുന്ന അവസരങ്ങളില്‍ ഈ സാധ്യത തന്നെ ഇല്ലാത്തതിനാല്‍ അവയെ ഉദാഹരണമാക്കി, ഈ ലളിതയുടെ അവതരണത്തെ നോക്കിക്കാണുന്നതില്‍ തന്നെ ഔചിത്യക്കുറവുണ്ട്.
ഒരു കഥാപാത്രത്തെ തന്റേതായ രീതിയില്‍ മനസിലാക്കുവാനും അവതരിപ്പിക്കുവാനുമുള്ള പൂര്‍ണസ്വാതന്ത്ര്യം കലാകാരനുണ്ട് എന്നു സമ്മതിക്കുമ്പോളും ഒരു കഥപാത്രത്തിന്റെ വിവിധ വശങ്ങളെ മനസിലാക്കി, യുക്തമായ അവതരണം സ്വീകരിക്കുക എന്നതും പ്രധാനമാണ്. അങ്ങിനെയല്ലായെങ്കില്‍ കലാകാരന്റെ സ്വാതന്ത്ര്യം എന്നു കരുതി വിട്ടുകളയുവാനും കഴിയില്ല. ആസ്വാദകര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളില്‍ കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും മുന്നോട്ടു പോവുകയാണ് ഒരു കലാകാരന്‍ ചെയ്യേണ്ടത്. ഇവിടെ മാര്‍ഗി വിജയകുമാര്‍ കലാകാരന്റെ സ്വാതന്ത്ര്യം യുക്തമായി ഉപയോഗിച്ചു എന്നതാണ് പ്രസക്തമായുള്ളത്.
--
Lalitha says she is a devastree(gaganachari). Panchali believes it. We assume that whatever we(the audience) see is seen by Panchali also unless Lalitha goes behind her. If Panchali sees the sanchari bhavams (like hatred) how can she be so foolish as to go with Lalitha to the Durga Bhavanam?
"We assume that whatever we(the audience) see is seen by Panchali also unless Lalitha goes behind her." - This is wrong and I am not assuming it like that. It is Lalitha's actual state of mind depicted by the actor. Of course, the actor may go behind or come forward to show the inner state, it is also a part of it.
--
Haree..-)
Glad to see 'kaliyarangu' becoming live after a short span of silence...:-)that too clad in a new outfit...wow !
While i reserve my comments for the time being with regard to Lalita exposing her real self at times, i can opine undoubtedly that Panchali (Kalani. Vinod) was not wrong in not putting the hair to the front. It is reqd only during duryodanavadham PARIPAHI with SreeKrishnan and the scene with raudrabeeman towards last.
Thank you Haree for taking effort to come all the way to Ambalapuzha to watch this kali.
Keep watching and writing as always.
Regds,
Ranjini
Dubai
ഹരീ, ഇടവേളയ്ക്കുശേഷം കളിയരങ്ങുണര്‍ന്നല്ലൊ.....സന്തോഷം.പോസ്റ്റ് നന്നായിട്ടുണ്ട്.
വെറും ശൃഗാരം മാത്രം പോരാ,ലളിതയുടെ അഭിനയത്തില്‍ ഇരു ഭാവങ്ങളും വരേണ്ടത് ആവശ്യതന്നെയാണ്. നടന്‍ കഥാപാത്രമായി അഭിനയിക്കുന്നതിനൊപ്പം ആ കഥാപാത്രം മറ്റൊരാളായി അഭിനയിക്കുകയുമാണ് ഇവിടെ സന്ദര്‍ഭം. ഇത് പ്രേക്ഷകര്‍ക്ക് ബോദ്ധ്യം വരുത്തേണ്ട രീതിയില്‍ അഭിനയിക്കുകതന്നെയാണ് ഉചിതം. അഭിനയരീതി ഔചിത്യപൂര്‍ണ്ണമാവണം എന്നു മാത്രം.
ഹരീ,പാഞ്ചാലി മുടി മുന്നിലേയ്ക്ക് ഇടണം എന്നത് തീര്‍ച്ചയായും ചെയ്യേണ്ടതോ, ചിട്ടയില്‍ പെട്ടതോ ആയ കാര്യമല്ല. ചില നടന്മാര്‍ ഇങ്ങിനെ കീഴ്വഴക്കമാക്കി എന്നു മാത്രം. ഇന്ന് പാഞ്ചാലിമാത്രമല്ല സീത തുടങ്ങിയ നായികമാരും മുടിമുന്നിലേയ്ക്കിടുന്നതായി കളിയരങ്ങില്‍ കാണാറുണ്ട്! എന്നത്തേ ലോകജീവിതത്തിലും മുടി മുടി മുന്നിലേയ്ക്ക് ഇടുന്നത് ഫാഷനാണല്ലൊ അങ്ങിനെ വന്നതാവാം ഇതും. എന്നാല്‍ പഴയ കാലത്തെ ഭാരതീയ രീതിയില്‍ മുടിമുന്നിലേയ്ക്കിടുന്നത് ‘കുലട’കളുടെ ലക്ഷണമാണ്. കുലസ്ത്രീകള്‍ക്ക് ഇത് ഭൂഷണമായ കാര്യമല്ല. ഭാരതീയപുരാണങ്ങളിലെ കഥകളായതിനാലും, ആ കാലത്തെ കഥാപാത്രങ്ങളായതിനാലും കളിയരങ്ങിനെ സ്ത്രീ കഥാപാത്രങ്ങള്‍ മുടിമുന്നിലേയ്ക്കിടുന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല.
കഥകളിയെ സംബന്ധിച്ചിടത്തോളം മുടി എന്നത് കേവലം തലമുടി മാത്രമല്ല, ആഹാര്യത്തിന്റെ ഭാഗവുമാണ്. കൌരവസഭയില്‍ അപമാനിതയാവുന്നതിനു മുന്‍പും, ഭീമന്‍ പ്രതിജ്ഞ നിറവേറ്റി നല്‍കിയതിനു ശേഷവുമുള്ള കഥകളിലെ പാഞ്ചാലി(1) മുടി മുന്നിലേക്കിടേണ്ടതില്ല. എന്നാല്‍ ഇതിനിടയില്‍ വരുന്ന കഥകളിലെ പാഞ്ചാലിയെ(2) അവതരിപ്പിക്കുമ്പോള്‍ മുടി മുന്നിലേക്കിടുന്നത് തന്നെയാണ് യുക്തം. 'കിര്‍മ്മീരവധ'ത്തില്‍ തന്നെ ധര്‍മ്മപുത്രരോടൊത്തുള്ള ആദ്യ രംഗത്തില്‍ മുടി മുന്നിലേക്കിട്ടുതന്നെയാണ് പാഞ്ചാലിയെ അവതരിപ്പിക്കാറുള്ളത് എന്നതും ശ്രദ്ധിക്കുക. (കളിയരങ്ങില്‍, 'കിര്‍മ്മീരവധം' മറ്റു പോസ്റ്റുകളിലെ പാഞ്ചാലിയെ കാണുക.) ഇത് ചിട്ടയിലില്ലാതെ, കലാകാരന്മാര്‍ പിന്നീട് കൊണ്ടു വന്ന ഭേദഗതിയാണെങ്കില്‍ കൂടി, അത് യുക്തമായ ഒന്നാണ് എന്നു തന്നെ കരുതുന്നു.
--
പാഞ്ചാലിയുടെ വസ്ത്രാക്ഷേപം കഴിഞ്ഞ ശേഷം ദുശാസ്സനവധം കഴിയും വരെ മുടി മുന്നോട്ടു തന്നെ ഇട്ടിരിക്കണം എന്ന് ചിന്തിക്കുന്നത് ശരിയല്ല.
കിര്‍മ്മീരവധ'ത്തില്‍ തന്നെ ധര്‍മ്മപുത്രരോടൊത്തുള്ള ആദ്യ രംഗത്തില്‍ മുടി മുന്നിലേക്കിട്ടുതന്നെയാണ് പാഞ്ചാലിയെ അവതരിപ്പിക്കാറുള്ളത് എന്നതും ശ്രദ്ധിക്കുക. (കളിയരങ്ങില്‍, 'കിര്‍മ്മീരവധം' മറ്റു പോസ്റ്റുകളിലെ പാഞ്ചാലിയെ കാണുക.)
Is it necessary to accept it just because some artists follow that way ?
munpe gamikkum govin pinpe gamikkum ....
anganealle haree ?:-)
ranjini
അങ്ങിനെയെങ്കില്‍, 'വനവാസക്കാലത്തെ പാഞ്ചാലി മുടി മുന്‍പിലേക്കിടൂന്നത് ശരിയല്ല' എന്നത് വ്യക്തമാക്കുവാന്‍ തക്ക കാരണങ്ങള്‍ പറയുന്നത് നന്നായിരിക്കും. 'വനവാസക്കാലത്തെ പാഞ്ചാലി മുടി മുന്നിലേക്കിടണം' എന്നു പറഞ്ഞതിന് കാരണങ്ങള്‍ നല്‍കിയതിനു ശേഷമാണ് ചിത്രങ്ങളുടെ കാര്യം പറഞ്ഞത് എന്നു ശ്രദ്ധിക്കുമല്ലോ! ഒരു കാര്യം വേണം/വേണ്ട എന്ന് ആര്‍ക്കും പറയാം, എന്തുകൊണ്ട് വേണം/വേണ്ട എന്നതാണ് പ്രധാനം.
അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
--
പ്രിയ സുഹ്രുത്ത് ഹരീഷിനും ബ്ലോഗിൽ ‘മറുമൊഴികൾ’ രേഖപ്പെടുത്തിയ ബാക്കി എല്ലാ കൂട്ടുകാർക്കും നമസ്കാരം. ‘കളിയരങ്ങിലെ’ എറ്റവും പുതിയ ചർച്ചാവിഷയം ‘പാഞ്ചാലി മുടി മുന്നിലേക്ക് ഇടണമോ വേണ്ടയോ’....... എന്നതാണല്ലോ! വിഷയം പുരാണസംബന്ധമായതിനാലും, സംശയങ്ങളും അവക്കു് കിട്ടുന്ന മറുപടികളും യാഥാർത്യങ്ങളിൽ നിന്നും വേറിട്ട് പോകുന്നതിനാൽ ഈ ഒരു കടും കൈക്കു് മുതിരുന്നു. കഥകളിയെ സംബന്ധിച്ചിടത്തോളം മുടി എന്നത് കേവലം തലമുടി മാത്രമല്ല, ആഹാര്യത്തിന്റെ ഭാഗവുമാണ്. കൌരവസഭയില്‍ അപമാനിതയാവുന്നതിനു മുൻപുവരെ പാഞ്ചാലിയുടെ മുടിയെ കുറിച്ച് ചർച്ചയുടെ ആവശ്യം തന്നെ വരുന്നില്ലല്ലോ! പക്ഷെ, വനവാസകാലത്തും അഞജാത വാസകാലത്തും വരുന്ന കഥകളിൽ പാഞ്ചാലിയെ അവതരിപ്പിക്കുമ്പോൾ മുടി മുന്നിലേക്കിടുന്നത് തന്നെയാണ് ശരിയായ രീതി. ‘മുടി മുന്നിലേക്കിടുകയോ പിന്നിലേക്ക് ഇടുകയോ’ എന്നതല്ല വിഷയം. ‘മുടി മുന്നിലേക്കിട്ട’ പാഞ്ചാലിയെ നാം രംഗത്ത് കാണുമ്പോൾ പാഞ്ചാലിയെ പോലെ തന്നെ കാണികളും പാഞ്ചാലിയുടെ മാനസിക തലത്തിലേക്കു് എത്തുന്നു. (ആട്ടകഥാകാരന്റെ ലക്ഷ്യവും അതുതന്നെയാണ്). വനവാസകാലത്തും അഞജാത വാസകാലത്തും പാഞ്ചാലിയുടെ ദുഖം കാണികളുടെ മനസ്സിലും വ്യാപരിപ്പിച്ച് കഥയെ മുന്നോട്ട് കൊണ്ടുപോകുക എന്നത് തന്നെയല്ലേ വ്യാസമഹർഷിയും ചെയ്തിരിക്കുന്നതു്! മുടി മുന്നിലേക്കിട്ട പാഞ്ചാലിയെ കാണുമ്പോൾ തന്നെ നമുക്ക് പൂർവകാല (ദു:ഖ)കഥകളും ഒർമവരേണ്ടതാണല്ലോ! മുടി മുന്നിലേക്കിടുക എന്നതു് ‘പ്രതീകാത്മകത’ (symbolism) ആണ്. വനവാസകാലത്തും അഞജാത വാസകാലത്തും വരുന്ന കഥകളായ കല്യാണസൊവ്ഗന്ധികത്തിലും കീചകവധത്തിലും ഒക്കെ പാഞ്ചാലിമാർ മുടി മുന്നിലേക്കിട്ടു തന്നെയാണ് പണ്ട് രംഗത്ത് വന്നിരുന്നതു്. (വീഡിയോകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും). ഹരി സൂചിപ്പിച്ച പോലെ കിര്‍മ്മീരവധത്തിൽ തന്നെ ധര്‍മ്മപുത്രരോടൊത്തുള്ള ആദ്യ രംഗത്തില്‍ മുടി മുന്നിലേക്കിട്ടുതന്നെയാണ് പാഞ്ചാലിയെ അവതരിപ്പിക്കാറുള്ളത്. വസ്ത്രാക്ഷേപം കഴിഞ്ഞ ശേഷം ദുശാസ്സനവധം കഴിയും വരെ മുടി അഴിച്ചിട്ട് തന്നെയല്ലേ പാഞ്ചാലി കഴിഞ്ഞിരുന്നതു്! രംഗത്ത് ‘പ്രതീകാത്മകത’ (symbolism) വരുത്തുന്നതിനുവേണ്ടി ആയിരിക്കണം മുടി മുന്നോട്ടു ഇട്ടിരിക്കുന്നതു്. ഇത് ചിട്ടയിൽ പെടാതെ, കലാകാരന്മാർ പിന്നീട് കൊണ്ടു വന്ന ഭേദഗതിയാണെങ്കിൽ കൂടി, അത് യുക്തമായ ഒന്നാണ് എന്നു തന്നെ വേണം കരുതുവാൻ. “ചില നടന്മാര്‍ ഇങ്ങിനെ കീഴ് വഴക്കമാക്കി” എന്നാണെൻകിൽ കൂടിയും അവർ ഒന്നും ആലോചിക്കാതെ ‘ഇതിനെ’ കീഴ് വഴക്കമാക്കിക്കാണില്ലല്ലോ! പക്ഷെ, സീത തുടങ്ങിയ നായികമാർ ഇതു തുടങ്ങിയാൽ കഷ്ടമാണ്. എന്നാല്‍ പഴയ കാലത്തെ ഭാരതീയ സൻകല്പത്തിൽ മുടിമുന്നിലേയ്ക്കിടുന്നതല്ല ‘കുലട’കളുടെ ലക്ഷണം മറിച്ച് മുടി കെട്ടാതെ അഴിച്ചിട്ട് നടക്കുന്നതാണ്. തന്റെ ശപഥത്തിനെ എപ്പോഴും ഒർമിപ്പിക്കുക തന്നെയാണ് ആ ‘പ്രതീകാത്മകത’ കൊണ്ട് പാഞ്ചാലി ദ്യോതിപ്പിക്കുന്നതു്. കല്യാണസവ്ഗന്ധികത്തിൽ ഭീമനും കീചകവധത്തിൽ വലലനും അഴിച്ചിട്ട ആ മുടി കണ്ടിട്ടുതന്നെയാണ് ക്രോധത്തോടെ പൂർവ കഥകൾ ഒാർക്കുന്നതു്.
mr. Vaidyanathan,
(വനവാസകാലത്തും അഞജാത വാസകാലത്തും പാഞ്ചാലിയുടെ ദുഖം കാണികളുടെ മനസ്സിലും വ്യാപരിപ്പിച്ച് കഥയെ മുന്നോട്ട് കൊണ്ടുപോകുക എന്നത് തന്നെയല്ലേ വ്യാസമഹർഷിയും ചെയ്തിരിക്കുന്നതു്! മുടി മുന്നിലേക്കിട്ട പാഞ്ചാലിയെ കാണുമ്പോൾ തന്നെ നമുക്ക് പൂർവകാല (ദു:ഖ)കഥകളും ഒർമവരേണ്ടതാണല്ലോ! മുടി മുന്നിലേക്കിടുക എന്നതു് ‘പ്രതീകാത്മകത’ (symbolism) ആണ്. വനവാസകാലത്തും അഞജാത വാസകാലത്തും വരുന്ന കഥകളായ കല്യാണസൊവ്ഗന്ധികത്തിലും കീചകവധത്തിലും ഒക്കെ പാഞ്ചാലിമാർ മുടി മുന്നിലേക്കിട്ടു തന്നെയാണ് പണ്ട് രംഗത്ത് വന്നിരുന്നതു്.)
വളരെ നല്ല മറുപടിയാണ് താങ്കളുടേത് . എങ്കിലും ഒന്ന് പറയട്ടെ.
അഞജാത വാസകാലത്തു അതായതു വിരാട രാജധാനിയില്‍ സൈരന്ധ്രിയായി കഴിയുന്ന പാഞ്ചാലിക്കു മുടി മുന്നോട്ടു ഇടേണ്ട ആവശ്യം ഇല്ല എന്ന് ഒരു അഭിപ്രായവും അതിനെ പറ്റി കടയ്ക്കാവൂരില്‍ ഉള്ള ഒരു കഥകളി ആസ്വാദകന്റെ വിമര്‍ശനം എപ്പോഴോ വായിച്ചതായി ഓര്‍ക്കുന്നു. ഇങ്ങിനെ മുടിയും മുന്പോട്ടിട്ടു നടന്നാല്‍ വളരെ വേഗം കൌരവര്‍ക്കുപാഞ്ചാലിയെ മനസിലാക്കാന്‍ പറ്റില്ലേ. ഒരു സംശയം ചോദിച്ചു എന്നെ ഉള്ളൂ.
^^
സൈരന്ധ്രി ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലിയുടെ തോഴിയായിരുന്നു എന്നു പറഞ്ഞാണല്ലോ സുദേഷണയെ സമീപിക്കുന്നതു. അതുകൊണ്ട് പാഞ്ചാലിയോടുള്ള സ്നേഹം കൊണ്ട് അവർക്ക് എന്നു മുടി കെട്ടാനാകുമോ അന്നു മാത്രമേ താനും മുടി കെട്ടുകയുള്ളു എന്നു ശപഥം എടുത്തിട്ടുണ്ട് എന്നൊക്കെ ആടുന്നതു കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു വിശദീകരണം നൽകുന്നതായി മൂലകഥയിൽ ഉണ്ടോ എന്നെനിക്കറിയില്ല.
പാഞ്ചാലിയുടെ അഴിച്ചിട്ട ചാമരം (മുടി എന്നു പറയുന്നതാവാം തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.) ഒരു സൂചകമാണ്. കഥകളിയില്‍ ചാമരം മുന്‍പോട്ടിട്ടാല്‍, അതിനര്‍ത്ഥം യഥാര്‍ത്ഥ പാഞ്ചാലി മുടിയും മുന്‍പിലേക്കിട്ടു നടന്നു എന്നല്ല. (അങ്ങിനെയെങ്കില്‍ അതിനെ പ്രതീകാത്മകത എന്നു പറയേണ്ടല്ലോ!)
കഥാപാത്രത്തിന്റെ അവസ്ഥയെ ദ്യോതിപ്പിക്കുവാനാണല്ലോ സൂചകങ്ങള്‍. അത് മാറിക്കൊണ്ടിരിക്കും. ബ്രഹുന്നള മുലക്കോരലാരം അണിയുന്നതും, ബാഹുകന്റെ കുപ്പായം നീലയാവുന്നതുമൊക്കെ കഥാപാത്രത്തിന്റെ അവസ്ഥ സൂചിപ്പിക്കുവാനുള്ള സൂചകങ്ങള്‍ തന്നെ. ('ഏകവസ്ത്രധാരിയായ നളനു കുപ്പായം ഉണ്ടെന്നു മാത്രമല്ല, അതു മാറ്റുകയും ചെയ്യുന്നു, എന്തൊരു വിഡ്ഢിത്തം!' കഥകളിയറിയുന്ന ഒരു ആസ്വാദകനും ഇങ്ങിനെ പറയില്ലല്ലോ!) ഈ രീതിയില്‍ പ്രത്യക്ഷമായ സൂചകങ്ങള്‍ നല്‍കാത്ത ഇടങ്ങളും കഥകളിയില്‍ ധാരാളമായുണ്ട്. സൈരന്ധ്രിയായ പാഞ്ചാലി എന്നത് പാഞ്ചാലി എന്ന കഥാപാത്രത്തിന്റെ മറ്റൊരു അവസ്ഥയാണ്. അവിടെ തന്റെ പ്രതിജ്ഞ നിറവേറുന്ന കാലവും കാത്ത് കഴിയുന്ന പാഞ്ചാലിയുടെ സൂചകം പ്രകടമാക്കണമെന്നില്ല, പ്രകടമാക്കുന്നതിലും തെറ്റില്ല. ഗിരീഷ് പറഞ്ഞ ആട്ടത്തിലെ യുക്തിയും രസമുണ്ട്.
"ഇങ്ങിനെ മുടിയും മുന്പോട്ടിട്ടു നടന്നാല്‍ വളരെ വേഗം കൌരവര്‍ക്കുപാഞ്ചാലിയെ മനസിലാക്കാന്‍ പറ്റില്ലേ. " - ഇതൊരു ഒന്നൊന്നര ചോദ്യമായിപ്പോയി! ഇങ്ങിനെ ചോദിച്ചയാള്‍ എന്തു കഥകളിയായിരിക്കും കണ്ടിട്ടുണ്ടാവുക! അദ്ദേഹത്തിന്റെ മറ്റ് സംശയങ്ങള്‍ നല്ല ചിരിക്കുള്ള വക നല്‍കുമെന്നു തന്നെ തോന്നുന്നു. "പണ്ടത്തെ രാജാക്കന്മാരെ സമ്മതിക്കണം. ഈ ചാക്കെല്ലാം വാരിച്ചുറ്റി, 4 മണിക്കൂറെടുത്ത് ചുട്ടിയും തേച്ചല്ലേ നടക്കുന്നത്!" - അങ്ങിനെ ചിന്തിച്ചയാള്‍ ഇങ്ങിനെയും ചിന്തിച്ചു കൂടെന്നില്ല!
മുടിയഴിച്ചിട്ടാല്‍ കുലടയാവുന്നതിനെക്കുറിച്ച്: ചാമരത്തെ കേവലം തലമുടിയായി കണ്ടാല്‍, സര്‍വ്വ സ്ത്രീ കഥാപാത്രങ്ങളും മുടിയഴിച്ചിട്ടാണല്ലോ നടപ്പ്, അതിനെക്കുറിച്ച് എന്തു പറയുന്നു?
--
ഏപ്രില്‍ 1985, നൃത്യ കലാരംഗം എന്ന മാസികയില്‍ ശ്രീ. എസ്. ഗണേശ അയ്യര്‍ അവര്‍കള്‍ പ്രസിദ്ധീകരിച്ച പ്രസ്തുത വിഷയത്തെ പറ്റിയ അഭിപ്രായം ഇവിടെ ചേര്‍ക്കുന്നു.
വനവാസ അജ്ഞാതവാസ കാലത്തെ പാണ്ഡവരുടെ ചരിത്രത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള കിര്‍മ്മീരവധം, കല്യാണസൌഗന്ധികം, കീചകവധം ,ഉത്തരാസ്വയംവരം , ദുര്യോധനവധം ( വസ്ത്രാക്ഷേപത്തിന് ശേഷം ഉള്ള ഭാഗം) എന്നീ ആട്ടക്കഥകളില്‍ പാഞ്ചാലി മുടി തോളിന്റെ മുന്‍ വശത്തേക്ക് നീട്ടിയിട്ട്, ചിലപ്പോള്‍ ഇരു വശങ്ങളിലേക്കും ഇട്ടു കൊണ്ട് രംഗത്ത് വരുന്നത് സര്‍വ സാധാരണം ആയിട്ടുണ്ട്.
വേഷത്തിലെ കൊണ്ടകെട്ട് കെട്ടിവെച്ച തലമുടിയെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ തലമുടി കെട്ടി വെച്ചതാണ് എന്ന് കണക്കാക്കണം. ഉടുത്തുകെട്ടിയ വേഷങ്ങള്‍ക്കും സ്ത്രീ വേഷങ്ങള്‍ക്കും പുറകുവശത്തെ നീട്ടി ഇട്ടിരിക്കുന്ന നാര്‍മുടി, പുറകു ഭാഗം മറയ്ക്കുന്നതിനുള്ള ആവരണം ആയി കണക്കാക്കണം.
ഇനി പാഞ്ചാലി തലമുടി അഴിച്ചിട്ടു നടക്കുന്നതിന്റെ സാധുത്വം പരിശോധിക്കാം. ഭത്ത്രുമതികള്‍ ആയ സ്ത്രീകള്‍ തലമുടി അഴിച്ചിടുന്നത് അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ശവം എടുത്തു പോകുന്നതുവരെ ഉള്ള ദുഖാചരണത്തിനു മാത്രം എന്നാണ് വിധി. ഇവിടെ പാഞ്ചാലി ഭത്ത്രുമതിയാണ്. അടുത്ത ബന്ധുക്കളുടെ മരണം കുരു പാണ്ഡവ യുദ്ധത്തിനു മുന്‍പ് നടക്കുന്നില്ല. അതിനാല്‍ തലമുടി അഴിച്ചിടാന്‍ പാടില്ല. ദുശാ സനന്‍ സഭയില്‍ പാഞ്ചാലിയെ വലിച്ചിഴച്ചു കൊണ്ട് വന്നപ്പോള്‍ അഴിഞ്ഞതോ അഴിച്ചതോ ആയ തലമുടി വനഗമന സമയത്ത് പഞ്ച ഭത്ത്രുകയായ ആ സ്ത്രീ രത്നം, ബന്ധുമരണകാലത്തെന്ന പോലെ അഴിച്ചിട്ടു കൊണ്ട് നടന്നിട്ടില്ല. ദുര്യോധനവധം ആട്ടക്കഥയില്‍ " ദുര്യോധനോദിത വചസ്യ മിതാദരേണ ദുശാസനേന വസനാ ഹരാണോത് സുകേന" എന്നേ പറയുന്നുള്ളൂ. അതായതു തലമുടിക്ക് പിടിച്ചതായി പറയുന്നില്ല. അനന്തരകാലത്ത് പ്രക്ഷിപ്തമായ " പാരിപാഹി എന്ന പദത്തിലെ അവസാന ചരണത്തില്‍ " ആശര സമാരിയാല്‍ അപഗത നിബന്ധനം കേശം ഇത് കണ്ടു നീ കേശവാ ഗമിച്ചാലും എന്ന് കാണുന്നു. "അപഗത നിബന്ധനം" എന്നതിന് കെട്ടഴിക്കപ്പെട്ടത് എന്ന് മാത്രമേ അര്‍ഥം ഉള്ളൂ. സദാ അഴിഞ്ഞു കിടക്കുന്നത് എന്ന് അര്‍ഥം ഇല്ല. ദുര്യോധനനെ യുദ്ധത്തില്‍ വീഴ്ത്തിയ ഭീമസേനന്റെ " കരുത്തരാം നിങ്ങള്‍ പണ്ട്" എന്ന പദത്തിന്റെ അന്ത്യ ചരണത്തിലും, "ദ്രുപദ രാജപുത്രിയെ ദൃതതരം കബരിയില്‍ സപദി പോയി പിടിപെട്ടു സഭയിലാക്കി" എന്ന് ഭീമന്‍ പറയുന്നുണ്ട് എങ്കിലും തലമുടി അഴിഞ്ഞു കിടക്കുന്നതായി സൂചിപ്പിക്കുന്നില്ല.
ദുശാസനനുമായുള്ള യുദ്ധത്തില്‍ " നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ വല്ലഭതന്നുടെ വസ്ത്രം പറിച്ചതും" എന്ന് മാത്രമേ ഭീമന്‍ പറയുന്നുള്ളൂ. ദുശാസനനാകട്ടെ " നിന്നുടെ ദാരങ്ങളെ അങ്ങും ഇങ്ങും ഇഴച്ചൊരു നേരം ഭാവനുടെ" എന്നാണ് പറയുന്നത്. അവസാന ചരണത്തില്‍ ഭീമന്‍ " പാഞ്ചാലി തന്‍ വേണിയെ ബന്ധിപ്പതുണ്ട് ഞാന്‍ എന്ന് പറയുന്നുണ്ട് എങ്കിലും മുടി അഴിഞ്ഞു കിടക്കുന്നതായിസൂചിപ്പിക്കുന്നില്ല.
വിശദമായ കമന്റിന് നന്ദി.
"ഉടുത്തുകെട്ടിയ വേഷങ്ങള്‍ക്കും സ്ത്രീ വേഷങ്ങള്‍ക്കും പുറകുവശത്തെ നീട്ടി ഇട്ടിരിക്കുന്ന നാര്‍മുടി, പുറകു ഭാഗം മറയ്ക്കുന്നതിനുള്ള ആവരണം ആയി കണക്കാക്കണം." - ചാമരം എന്ന് സാങ്കേതികമായി പറയുന്ന മുടി യഥാര്‍ത്ഥ തലമുടിയല്ല, ആഹാര്യത്തിലെ ഒരിനമാണ് എന്നതാണല്ലോ ഇവിടെ സൂചിപ്പിക്കുന്നത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഈ ചാമരം പാഞ്ചാലിയുടെ തലമുടിയാണെന്ന ധാരണയിലാണ് ലേഖകന്‍ എഴുതിയിരിക്കുന്നത്. (അതല്ലെങ്കില്‍ യഥാര്‍ത്ഥ പാഞ്ചാലി മുടിയഴിച്ചിട്ട് നടന്നോ എന്നു മാത്രമാണ് ലേഖകന്‍ അന്വേഷിക്കുന്നത്, ചാമരം മുന്നിലേക്കിടുന്നതിന്റെ ശരി(കേടു)കളെക്കുറിച്ചല്ല.) തികച്ചും കടക വിരുദ്ധം. "കേശമിതു കണ്ടു കേശവാ..." എന്നു പാഞ്ചാലിയാടുമ്പോള്‍ ചാമരമെടുത്ത് അഴിഞ്ഞ മുടിയായി കാണിക്കാറുണ്ട്. (സിംഹികയുടേയും മറ്റും കരിവട്ടത്തിലും ചാമരത്തെ തലമുടിയായി ഉപയോഗിക്കാറുള്ളതും ഓര്‍ക്കാം.) എന്നാലത്, ഉത്തരീയം വിശറിയാക്കി വീശുന്നതുപോലെ വേഷത്തിലെ ഒരിനമെടുത്ത് ഉപയോഗിക്കുന്നതായി കണ്ടാല്‍ മതി.
യഥാര്‍ത്ഥത്തില്‍ പാഞ്ചാലി മുടിയഴിച്ചാണോ / അഴിച്ച മുടി മുന്‍പിലേക്കിട്ടാണോ ആ കാലയളവില്‍ നടന്നത് എന്നത് ഇവിടെ വിഷയമേയല്ല. മറിച്ച് തനിക്കു നേരിട്ട അപമാനത്താലുരുകി, തന്റെ പ്രതിജ്ഞ നിറവേറുന്ന കാലവും കാത്തു കഴിയുന്ന പാഞ്ചാലിയെ കഥകളിയില്‍ പ്രതീകാത്മകമായി ചിത്രീകരിക്കുവാന്‍ ചാമരം മുന്‍പിലേക്കിടണമോ വേണ്ടയോ എന്നതാണ് ഇവിടെ വിഷയം.
ഇനി മരണപ്പെടുമ്പോള്‍ തലമുടി അഴിച്ചിടുന്നതുമായി ബന്ധപ്പെട്ട്; അഞ്ച് ഭര്‍ത്താക്കന്മാര്‍ തനിക്കുണ്ട്, എന്നാല്‍ അവരെല്ലാം മരിച്ചുപോയ ഗതിയാണ് തനിക്കു വന്നത്. അതിനാല്‍ തന്നെ പ്രതിജ്ഞ പാലിച്ചതിനു ശേഷമേ മുടികെട്ടുകയുള്ളൂ. അങ്ങിനെയും ചിന്തിക്കാം. ഭര്‍ത്താക്കന്മാരുടെ ഉള്ളിലെ തീ അണയാതെ കിടക്കുവാന്‍ ഇതിലും നല്ലൊരു വഴിയുണ്ടോ?
'പാഞ്ചാലി തന്‍ വേണിയെ ബന്ധിപ്പതുണ്ട് ഞാന്‍' എന്ന് പറയുന്നുണ്ട് എങ്കിലും മുടി അഴിഞ്ഞു കിടക്കുന്നതായിസൂചിപ്പിക്കുന്നില്ല - പിന്നെ, അഴിയാത്ത മുടി അഴിച്ച് വീണ്ടും കെട്ടും എന്നാണോ സൂചന!
--
ഞാന്‍ ഇതിനു മറുപടി പറയുകയോ ? ഞാന്‍ കണ്ട ഒരു ആര്‍ട്ടിക്കിള്‍ എഴുതി വിട്ടു എന്നെ ഉള്ളൂ. വസ്ത്രാക്ഷേപം കഴിഞ്ഞ ശേഷം ദുശാസനവധം കഴിഞ്ഞു മുടി കെട്ടുന്നത് വരെ ആ മുടി മുന്നോട്ടു ഇട്ടു പാഞ്ചാലി നടക്കണം എന്ന നിര്‍ബന്ധം ഉണ്ടോ എന്ന് മാത്രമേ എനിക്ക് സംശയം ഉള്ളൂ.
Nathan sir,
മുടി മുന്നിലേക്കിട്ട പാഞ്ചാലിയെ കാണുമ്പോൾ തന്നെ നമുക്ക് പൂർവകാല (ദു:ഖ)കഥകളും ഒർമവരേണ്ടതാണല്ലോ! മുടി മുന്നിലേക്കിടുക എന്നതു് ‘പ്രതീകാത്മകത’ (symbolism) ആണ്.
If kathakali has to be that symbolic, we can start having ravanans with 10 heads and dwarf baahukans with minimum dress to make it more symbolic ! what say? :-)
ഗണേശ അയ്യര്‍ തുടര്‍ന്നും ഇങ്ങിനെ എഴുതിയിരിക്കുന്നു.
മൂല കഥയായ ഭാരതത്തിലെ വിവരണം ആണല്ലോ ആധികരീക വസ്തുത. വിരാട പര്‍വ്വം. പാണ്ഡവ പ്രവേശം ഉപപര്‍വം ഒന്‍പതാം അദ്ധ്യായത്തില്‍ " പിന്നെക്കരിമിനുക്കുള്ള ചെറു നാരണി വേണിയാള്‍ തലചുറ്റിത്തൂര്‍ത്തു കെട്ടി പുഞ്ചിരി പൂണ്ടവള്‍ വലത്തോട്ടു മറച്ചസിത നേത്രയാള്‍ മുഷിഞ്ഞു വലുതാം ഒറ്റ വസ്ത്രം ചുറ്റീട്ടു പാര്‍ഷനി സൈരന്ധ്രി വേഷവും പൂണ്ടു നടന്നാള്‍ ആര്‍ത്തയാം വിധം" എന്ന് സുവ്യക്തമായി വിവരിച്ചിരിക്കുന്നു. അതിനാല്‍ തലമുടി അഴിച്ചിട്ട രീതിയില്‍ പ്രകടിപ്പിച്ചു കൊണ്ട് പാഞ്ചാലി രംഗപ്രവേശം ചെയ്യുന്നത് തികച്ചും നിഷിദ്ധം ആണ്.
"വസ്ത്രാക്ഷേപം കഴിഞ്ഞ ശേഷം ദുശാസനവധം കഴിഞ്ഞു മുടി കെട്ടുന്നത് വരെ ആ മുടി മുന്നോട്ടു ഇട്ടു പാഞ്ചാലി നടക്കണം എന്ന നിര്‍ബന്ധം ഉണ്ടോ..." - പാഞ്ചാലി എങ്ങിനെയോ നടന്നിരിക്കാം, ഇനിയിപ്പോ എന്തെങ്കിലും നിര്‍ബന്ധമുണ്ടായിട്ടും കാര്യമില്ലല്ലോ! അതൊക്കെ എന്നേ കഴിഞ്ഞു. :-D പക്ഷെ, കഥകളിയില്‍ ഈ ഭാഗങ്ങളിലെ പാഞ്ചാലി ചാമരം പ്രതീകാത്മകമായി മുന്‍പിലേക്കിടുക എന്നതാണ് യോജിക്കുന്നത് എന്നു തന്നെ കരുതുന്നു.
"അതിനാല്‍ തലമുടി അഴിച്ചിട്ട രീതിയില്‍ പ്രകടിപ്പിച്ചു കൊണ്ട് പാഞ്ചാലി രംഗപ്രവേശം ചെയ്യുന്നത് തികച്ചും നിഷിദ്ധം ആണ്. " - കഥകളിയിലെ ചാമരത്തെ തലമുടിയായി കാണുന്നിടത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു! ചാമരത്തെ വെറും തലമുടിയായി കണ്ട്, പാഞ്ചാലി തലമുടി അഴിച്ചിട്ടു വരുന്നേ എന്നു കരുതുന്നതാണ് യഥാര്‍ത്ഥത്തില്‍ നിഷിദ്ധം. ഒന്നു കൂടി ആവര്‍ത്തിക്കുന്നു: യഥാര്‍ത്ഥത്തില്‍ പാഞ്ചാലി മുടിയഴിച്ചാണോ / അഴിച്ച മുടി മുന്‍പിലേക്കിട്ടാണോ ആ കാലയളവില്‍ നടന്നത് എന്നത് ഇവിടെ വിഷയമേയല്ല. മറിച്ച് തനിക്കു നേരിട്ട അപമാനത്താലുരുകി, തന്റെ പ്രതിജ്ഞ നിറവേറുന്ന കാലവും കാത്തു കഴിയുന്ന പാഞ്ചാലിയെ കഥകളിയില്‍ പ്രതീകാത്മകമായി ചിത്രീകരിക്കുവാന്‍ ചാമരം മുന്‍പിലേക്കിടണമോ വേണ്ടയോ എന്നതാണ് ഇവിടെ വിഷയം.
പത്തു തല കാണിച്ച രാവണനെന്ന് പറയുന്നതല്ല, കാണിക്കാതെ തന്നെ രാവണന്റെ പ്രതീതി നല്‍കുന്നതാണ് പ്രതീകാത്മകത! കഥകളിയിലാവട്ടെ, പ്രതീകാത്മകത എന്നത് കേവലം ആഹാര്യത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല. അതിനാല്‍ തന്നെ ഒരിടത്ത് ആഹാര്യത്തില്‍ പ്രതീകാത്മകത ഇല്ല/ഉണ്ട് എന്നത് മറ്റൊരിടത്ത് ആഹാര്യത്തില്‍ പ്രതീകാത്മകത കൊണ്ടു വരുവാന്‍/വരാതിരിക്കുവാന്‍ കാരണമല്ല.
--
എല്ലാ കഥകളി ആസ്വാദകര്‍ക്കും നമോവാകം,
കഥകളിയുടെ അഭിനയ സങ്കേതം നടന്‍ നേരിട്ട് പ്രേക്ഷകനോട് സംവദിക്കുന്ന രീതി ആണ്. അരങ്ങിലെ കഥാ പാത്രങ്ങള്‍ എല്ലാം തമ്മില്‍ കാണാം എന്നില്ല. അല്ലെങ്ങില്‍ കാണേണ്ട അവസരത്തിലെ കാണൂ. കഥകളി കാണാനുള്ള പരിശീനത്തില്‍ കാണാതിരിക്കാനുല്ലതും പെടും. ലളിതയുടെ "പക" കളരി ചിട്ട ആവാന്‍ തരമില്ലെങ്ങിലും നിയന്ത്രീതമായീ അവതരിപ്പിച്ചാല്‍ അത് നിശ്ചയമായും കഥകളി രംഗ ഭാഷയോട് നീതി പുലര്‍ത്തുന്നതാണ്.
ഇനി മുടി പ്രശ്നം. അഹര്യത്തിന്റെ ഭാഗമായ ചാമരം അഭിനയ രസ പൂര്തീകരണത്തിന്റെ ഭാഗമായീ ഉപയോഗിക്കുബോള്‍ എല്ലാം(രൌദ്രബീമന്‍, നളന്‍, ശിവന്‍, പൂതന, മറ്റു ക്ഷെമ നശിച്ച ലളിതമാരും) അത് മുമ്പിലേക്ക് ഇടുമ്പോള്‍ "കെട്ടി വെച്ച മുടി അഴിചിട്ടതായീ" മാത്രമേ സൂക്ഷ്മാര്‍ഥത്തില്‍ കാണികള്‍ മനസ്സിലാക്കെണ്ടൂ. അല്ലെങ്കിലും കേവല ന്യായാന്യായതെക്കള്‍ പരമ പ്രധാനം വെടിപ്പുള്ള കഥകളിത്തം തന്നെ. എന്റെ വോട്ട് ഹരീക്ക്.
കീചകവധത്തില്‍ സൈരന്ധ്രി കീചകനില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു വലല സമീപം എത്തിയപ്പോള്‍ മുടി അഴിഞ്ഞു കിടന്ന ഫോട്ടോ കാണിച്ചാല്‍ , ഫോട്ടോവില്‍ കാണുന്ന മുടി അഴിച്ചിടല്‍ കഥക്ക് തികച്ചും അനുയോജ്യമാണ്. അതിന്റെ യുക്തി കീചകന്റെ പ്രവര്‍ത്തികള്‍ ദുശാസനന്റെ പ്രവര്‍ത്തിയെക്കാള്‍ വളരെ മോശം എന്നാണ് എന്ന് പദത്തില്‍ പറയുന്നത് . കീചകന്റെ പിടിയില്‍ നിന്നും ഓടി എത്തിയ വരവാണ് ഇത്. മുടി ഇങ്ങിനെ തന്നെ കിടക്കണം. കാമ ആര്‍ത്തിയാല്‍ അവന്‍തീര്‍ച്ചയായും മുടിക്കും പിടിച്ചു വലിച്ചിരിക്കണം.
I completely endorse that statement of Mr Ambujakshan Nair...my vote for you sir.
Haree & NathanSir,
(കളിയരങ്ങില്‍, 'കിര്‍മ്മീരവധം' മറ്റു പോസ്റ്റുകളിലെ പാഞ്ചാലിയെ കാണുക.)
Wish i cld upload a video that i have of 80's veterans. For some reasons Panchalis of those times didnt feel the necessity to 'symbolise' their grief this way !:-)
മുടി പിടിച്ചു വലിച്ചെന്നു കാണിക്കുവാനുടനെ ചാമരം മുന്നോട്ടിടുന്നതാണ് കഥകളിയുടെ രംഗഭാഷ എന്നു കരുതുന്നില്ല. ദുഃശാസനന്‍ മുടി പിടിച്ചു വലിച്ചു / അഴിഞ്ഞ മുടി കെട്ടില്ല എന്നു പാഞ്ചാലി ശപഥമെടുത്തു ഇതൊന്നുമല്ല ചാമരം മുന്നോട്ടിടണമെന്ന വാദത്തിനു കാരണം. പാഞ്ചാലി എന്ന കഥാപാത്രത്തിന്റെ മനോനിലയില്‍ വന്ന മാറ്റം; വസ്ത്രാക്ഷേപത്തിനു മുന്‍പും പിന്‍പുമെന്ന് കൃത്യമായി വേര്‍തിരിക്കാവുന്ന തരത്തില്‍ കഥാപാത്രത്തിനു വന്ന മാറ്റം; (കാര്‍ക്കോടകദംശനത്തിനു മുന്‍പും പിന്‍പുമായി നളനു വന്ന മാറ്റമെന്നപോലെ...) അതിനെയാണ് പ്രതീകാത്മകമായി സുചിപ്പിക്കുന്നത്. ഇനി, "അഞ്ചു ഭര്‍ത്താക്കന്മാര്‍ നോക്കുകുത്തികളായിരിക്കെ, പരസ്യമായി സഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു എന്നല്ലേയുള്ളൂ, അതുകൊണ്ട് പാഞ്ചാലിക്ക് എന്തു മാറ്റം വരാനാണ്?"എന്നാണ് ചോദ്യമെങ്കില്‍, ഞാന്‍ സുല്ലിട്ടു! :-(
ചാമരമെന്നാല്‍ തലമുടിയെന്നു മാത്രം ചിന്തിക്കുന്നിടത്ത് കൂടുതലൊന്നും പറയുവാനില്ല. (ഏത് ഫോട്ടോയുടെ കാര്യമെന്ന് മനസിലായില്ല!)
"munpe gamikkum govin pinpe gamikkum ...." - ഇങ്ങിനെ വേണമെന്നില്ലല്ലോ, അല്ലേ? ;-)
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--