തന്റെ ദുരവസ്ഥയെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്ന സുഗ്രീവനില്‍ നിന്നുമാണ് രംഗം ആരംഭിക്കുന്നത്. താനിങ്ങനെ ദുരിതമനുഭവിക്കുവാന്‍ കാരണമെന്ത് എന്ന് ചിന്തിക്കുന്ന സുഗ്രീവന്‍, ബാലിയും മായാവിയും തമ്മിലുണ്ടായ യുദ്ധത്തിന്റെ കഥയും മറ്റും അനുസ്മരിക്കുന്നു. മതംഗന്റെ ശാപത്താല്‍ ബാലിക്ക് പ്രവേശിക്കുവാന്‍ കഴിയാത്ത ഈ മലയില്‍ വന്ന് ഒളിച്ചു താമസിച്ചു തുടങ്ങിയ തന്റെ അവസ്ഥ സുഗ്രീവന്‍ ഓര്‍ത്തെടുക്കുന്നു. ഈ സമയം മുനികുമാരന്മാരുടെ വേഷത്തില്‍ ജടാധാരികളായി രണ്ടുപേര്‍ ദൂരെ നിന്നും വരുന്നതു കാണുന്നു. എന്നാല്‍ ഇരുവരും അമ്പും വില്ലും ധരിച്ചിരിക്കുന്നത് കണ്ട്, ഇത് ബാലി തന്നെ വധിക്കുവാന്‍ അയച്ചവരാണോ എന്ന് സുഗ്രീവന്‍ ഭയക്കുന്നു. ഹനുമാനെ വിളിച്ച് ഇവരാരെന്ന് അറിഞ്ഞു വരുവാനായി അയയ്ക്കുന്നു. ബ്രാഹ്മണവേഷത്തില്‍ ഇവരെ സമീപിച്ച്, സീതാന്വേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന രാമലക്ഷ്മണന്മാരാണെന്ന് മനസിലാക്കി ഹനുമാന്‍ തിരിച്ചെത്തുന്നു. ബാലിയെ വധിക്കുവാന്‍ ഇവര്‍ തനിക്ക് സഹായകരമായേക്കാം എന്ന വിശ്വാസത്തില്‍ ഇവരിരുവരേയും കൂട്ടിവരുവാനായി ഹനുമാനെ വീണ്ടുമയയ്ക്കുന്നു. ഹനുമാന്‍ ഇരുവരേയും കൂട്ടി തിരികെ സുഗ്രീവസന്നിധിയിലെത്തുന്നു. ബാലിയെ വധിക്കുവാന്‍ തന്നെ സഹായിച്ചാല്‍, പ്രത്യുപകാരമായി സീതയെ കണ്ടെത്തുവാന്‍ താന്‍ സഹായിക്കാമെന്ന് സുഗ്രീവന്‍ അറിയിക്കുന്നു. അപ്രകാരം സത്യം ചെയ്ത്, തിരിച്ചറിയുവാനായി രാമന്‍ നല്‍കുന്ന മാലയും ധരിച്ച് സുഗ്രീവന്‍ ബാലിയെ പോര്‍വിളിക്കുവാനായി പുറപ്പെടുന്നു. (ഹനുമാന്‍ വേഷം ഒഴിവാക്കി, സുഗ്രീവന്‍ തന്നെ ഇതൊക്കെ ആടുകയെന്ന പതിവുമട്ടിലായിരുന്നു ഈ ഭാഗങ്ങള്‍ അവതരിക്കപ്പെട്ടത്.)
തന്റെ തലയിലെഴുത്തിനെ പഴിച്ച് ഋഷിമൂകാചലത്തില്‍ കഷ്ടതകളനുഭവിച്ച് കഴിയുന്ന സുഗ്രീവനെ കോട്ടക്കല്‍ ദേവദാസ് ഭംഗിയായി അവതരിപ്പിച്ചു. തന്റെ ജേഷ്ഠന്‍ വിജയിച്ചു എന്നതിന്റെ സൂചകമായ പാലിനെ പ്രതീക്ഷിച്ചിരിക്കുന്ന സ്നേഹനിധിയായ അനുജന്‍; ജേഷ്ഠന് ബലിയിടുമ്പോള്‍ കാക്കകളും മീനും ചോറെടുക്കാത്തതിനാല്‍ വേദനിക്കുന്ന സഹോദരന്‍; ബാലി മടങ്ങിവരുമ്പോള്‍ അത്യധികം സന്തോഷിച്ച് സിംഹാസനം തിരികെ നല്‍കുന്ന രാജ്യാധികാരി; ഒടുവില്‍ ജേഷ്ഠനാല്‍ വഞ്ചനയെന്ന കുറ്റവും ചുമത്തി രാജ്യത്തു നിന്നും പുറത്താക്കപ്പെടുന്നവന്‍; ഇങ്ങിനെ സുഗ്രീവന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ ദേവദാസിനായി. ഒരു ദിക്കില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി സൂര്യനെ വന്ദിക്കുന്ന ബാലി, ഇടയ്ക്ക് ഋഷിമൂകാചലത്തില്‍ സുഗ്രീവന്റെ ശിരസിലൊന്ന് ചവിട്ടി കുതിക്കാറുണ്ട്. സുഗ്രീവന്റെ ഈ ഗതികേട്; തനിക്ക് ശത്രുക്കളുണ്ട്, പക്ഷെ സഹായത്തിനായി ആളെത്തും എന്നതിന്റെ സൂചകങ്ങളായി സുഗ്രീവന്‍ കാണുന്ന നിമിത്തങ്ങള്‍; നിമിത്തങ്ങള്‍ മനസിലാക്കുവാന്‍ ഇലയിട്ട് പരീക്ഷിക്കുന്നത്; ജേഷ്ഠനെ പോര്‍വിളിച്ചതിനു ശേഷം ഇടയ്ക്കൊന്ന് പതറുന്ന സുഗ്രീവന്‍ വാലുമണപ്പിച്ച് വര്‍ദ്ധിതവീര്യത്തോടെ തിരികെ വരുന്നത്; ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെയും സരസമായി ദേവദാസ് അരങ്ങില്‍ അവതരിപ്പിച്ചു. ചില ആട്ടങ്ങള്‍ അല്‍പം നീണ്ടുപോയപ്പോള്‍ ചിലതിന്റെ ഉദ്ദേശം അത്രത്തോളം വ്യക്തമായില്ല. (ഉദാ: പുലിയെ കണ്ട് ഭയന്ന് പുല്‍കൂട്ടില്‍ കയറുന്ന മാന്‍ കാണുന്നത് ഒരു കടുവയെ. ഇതിനെ എങ്ങിനെ സുഗ്രീവന്റെ അവസ്ഥയുമായി ബന്ധിപ്പിക്കും? അതിനു ശേഷം മാനിനെന്തു സംഭവിച്ചുവെന്ന് ആടിയതുമില്ല!) ഈ രണ്ട് പ്രശ്നങ്ങള്‍ മാത്രമേ ദേവദാസിന്റെ ആട്ടത്തിന്റെ രസം കുറയ്ക്കുന്ന ഘടകങ്ങളായി തോന്നിയുള്ളൂ.
BaliVadham
Natyagramam, ThonnackalWritten by
- Kottarakkara Thampuran
Actors
- Kalamandalam Ramachandran Unnithan as Bali
- Kottackal Devadas as Sugreevan
- Kalamandalam Rajeevan as SriRaman
- Kalamandalam Amalraj as Lakshmanan
- Kalamandalam Arunjith as Thara
- Natyagramam Abhijith as Angadan
Singers
- Pathiyoor Sankarankutty
- Kalanilayam Rajeevan
Accompaniments
- Kalamandalam Krishnadas, Sadanam Ramakrishnan in Chenda
- Kottackal Radhakrishnan, Kalanilayam Manoj in Maddalam
Chutty
- RLV Somadas
- Margi Raveendran Nair
Kaliyogam
- Margi, Thiruvananthapuram
Organized by
July 31, 2010- Natyagramam, Thonnackal
ബാലിയുടെ തിരനോക്കാണ് തുടര്‍ന്ന്. പോരിനു വിളിക്കുന്നതു കേട്ട് ക്രുദ്ധനാവുന്ന ബാലി ആരാണത് എന്നു ശ്രദ്ധിക്കുന്നു. സുഗ്രീവനാണെന്ന് മനസിലാക്കുന്നതോടു കൂടി പുച്ഛത്തോടെയാണ് പിന്നീടുള്ള സംസാരം. ഇതിനിടയ്ക്ക് അമ്പും വില്ലും ധരിച്ച രണ്ടുപേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞു, എന്തെങ്കിലും ചതിയുമായാണോ വന്നിട്ടുള്ളത് എന്നു ബാലി തിരക്കുന്നുമുണ്ട്. പാലാഴി കടഞ്ഞത്, രാവണനെ വാലില്‍ കെട്ടി സമുദ്രങ്ങള്‍ താണ്ടിയത്, ദുന്ദുഭിയോട് എതിരിട്ടത് ഒക്കെ ബാലി അനുജനെ ഓര്‍മ്മപ്പെടുത്തുന്നു. പര്‍വ്വതം ചുറ്റലും വാനര ചേഷ്ടകളുമൊക്കെ കഴിഞ്ഞ് ഇരുവരും ദ്വന്ദയുദ്ധം ആരംഭിക്കുന്നു. ഒടുവില്‍ ശ്രീരാമന്റെ ഒളിയമ്പേറ്റ് ബാലി വീഴുന്നു. തന്നെ കൊന്നത് അന്യായമായെന്ന് ആദ്യം ബാലി പറയുന്നെങ്കിലും, ശ്രീരാമന്റെ വാക്കുകള്‍ ബാലിയെ സമാധാനിപ്പിക്കുന്നു. ബാലിയുടെ മരണശേഷം സുഗ്രീവനെ ലക്ഷ്മണന്‍ കിഷ്‍കിന്ധയുടെ അധിപനായി വാഴിക്കുന്നു.
ഉപകഥകള്‍
മായാവിനിഗ്രഹം
- മയന്റെ പുത്രന്മാരാണ് ദുന്ദുഭിയും മായാവിയും. ബാലി ദുന്ദുഭിയെ ദ്വന്ദ്വയുദ്ധത്തില്‍ വധിക്കുന്നു. ദ്വന്ദയുദ്ധത്തിലോ മായാവിദ്യയിലോ ബാലിയെ വധിക്കുവാനുറച്ച് മായാവി ബാലിയെ പോരിനുവിളിക്കുന്നു. പോര്‍വിളികേട്ട് ബാലിസുഗ്രീവന്മാര്‍ മായാവിയോട് എതിര്‍ക്കുവാനായി പുറപ്പെടുന്നു. ഇരുവരുമൊരുമിച്ച് വരുന്നതു കണ്ട് ഭയന്നോടുന്ന മായാവി ഒരു ഗുഹയില്‍ ഒളിക്കുന്നു. സുഗ്രീവനെ ഗുഹാമുഖത്ത് കാവലാക്കി, ബാലി മയാവിയോട് എതിരിടുവാനായി അകത്തേക്ക് കയറുന്നു. താന്‍ കൊല്ലപ്പെട്ടാല്‍ ഗുഹാമുഖത്തേക്ക് രക്തമൊഴുകി വരുമെന്നും മറിച്ച് മായാവിയാണ് കൊല്ലപ്പെടുന്നതെങ്കില്‍ പാലാവും ഒഴുകി വരികയെന്നും, അതിനാല്‍ രക്തമൊഴുകി വന്നാല്‍ മായാവി രക്ഷപെടാതിരിക്കുവാന്‍ കല്ലുകള്‍കൊണ്ട് ഗുഹാമുഖം ഭദ്രമായി അടച്ചതിനു ശേഷം കിഷ്‍കിന്ധയിലെത്തി രാജഭരണം നടത്തണമെന്നും ബാലി സുഗ്രീവനെ കച്ചകെട്ടുന്നു. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഗുഹാമുഖത്ത് രക്തം കണ്ട്, ബാലി വധിക്കപ്പെട്ടു എന്നുറച്ച് സുഗ്രീവന്‍ ഗുഹാമുഖം കല്ലുകള്‍ കൊണ്ടടച്ച് കിഷ്‍കിന്ധയിലെത്തി രാജ്യഭാരമേല്‍ക്കുന്നു. എന്നാല്‍ ഇത് മരിക്കുന്നതിനു മുന്‍പ് മായാവി മായാവിദ്യയാല്‍ പാലിനെ രക്തമാക്കി കാട്ടുകയായിരുന്നു. ഇതറിയാതെ, രാജഭരണം നേടുവാനായി സുഗ്രീവന്‍ കരുതിക്കൂട്ടി ചെയ്തതാണിതെന്ന് ഉറയ്ക്കുന്ന ബാലി കിഷ്‍കിന്ധയിലെത്തി സുഗ്രീവനെ അടിച്ചോടിക്കുന്നു. ബാലിയില്‍ നിന്നും രക്ഷ നേടുവാനായി, ബാലിക്ക് പ്രവേശനം നിഷിദ്ധമായ ഋഷിമൂകാചലത്തിലെത്തി സുഗ്രീവന്‍ വാസം തുടങ്ങുന്നു.
ബാലിയും ഋഷിമൂകാചലവും
- ദുന്ദുഭിയുമായി യുദ്ധം ചെയ്യുന്ന വേളയില്‍ ബാലിയുടെ പ്രഹരങ്ങളേറ്റ് ദുന്ദുഭിയുടെ ചുടുചോര നാലുപാടും തെറിക്കുന്നു. ഋഷിമൂകാചലത്തില്‍ മതംഗന്‍ എന്ന മുനിയുടെ ആശ്രമത്തിലും ഇതുവന്ന് പതിച്ചു. ഇങ്ങിനെ രക്തത്താല്‍ തന്റെ ആശ്രമം കളങ്കപ്പെടുത്തിയവന്‍ ആരായിരുന്നാലും അവന്‍ ഋഷിമൂകാചലത്തില്‍ പ്രവേശിച്ചാല്‍ തലപൊട്ടി മരിക്കട്ടെ എന്നു മതംഗന്‍ ശപിച്ചു. അന്നുമുതല്‍ ബാലിക്ക് ഋഷിമൂകാചലം അപ്രാപ്യമായ മേഖലയായി.
ഗായകരുടേയും മേളക്കാരുടേയും മികവ് പ്രേക്ഷകര്‍ക്ക് വേണ്ടുംവണ്ണം അനുഭവവേദ്യമാവാത്ത ഒരു കളിയുമായി ഇവിടുത്തേത്. ഉപയോഗിച്ച മൈക്ക് / സ്പീക്കറുകളുടെ നിലവാരമില്ലായ്മയാണ് ഇതിനു കാരണം. ഗായകര്‍ക്കായി ഫീഡ്ബാക്ക് സ്പീക്കറുകള്‍ നല്‍കാത്തതിനാല്‍, പ്രേക്ഷകരുടെ ഭാഗത്തേക്കുള്ള സ്പീക്കറുകള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടിയും വന്നു. വേദിക്കു പിന്നില്‍ ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള പശ്ചാത്തലവും കഥകളിക്ക് ഒട്ടും യോജിച്ചതല്ല. ഈ കാര്യങ്ങളില്‍ കൂടി സംഘാടകര്‍ ശ്രദ്ധ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. പാടുവാന്‍ യേശുദാസിനെ കൊണ്ടുവന്നിട്ട്, മൈക്ക് / സ്പീക്കറുകള്‍ മോശമായതിനാല്‍ ഗാനമേള നന്നാവാതിരിക്കുക എന്ന അവസ്ഥ എത്രമാത്രം ഖേദകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതേ ഗൌരവം ഇത്തരമൊരു മേജര്‍സെറ്റ് കഥകളിക്കും നല്‍കേണ്ടതുണ്ട്. മാര്‍ഗിയുടെ ചമയങ്ങള്‍ പതിവുപടി തുടര്‍ന്നപ്പോള്‍; ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ നായര്‍ എന്നിവരുടെ ചുട്ടിയിലെ കുറവുകള്‍ ബാലി-സുഗ്രീവ വേഷങ്ങളുടെ ഗൌരവം നന്നേ കുറയ്ക്കുവാന്‍ കാരണമായി. ആവശ്യത്തിന് കനമുള്ള പേപ്പറല്ല ചുട്ടിക്കായി ഉപയോഗിച്ചതെന്നു തോന്നുന്നു. ചുരുക്കത്തില്‍; സുഗ്രീവനായുള്ള കോട്ടക്കല്‍ ദേവദാസിന്റെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍, കാര്യമായൊന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാനില്ലാത്ത ഒരു അരങ്ങായി തോന്നക്കല്‍ നാട്യഗ്രാമത്തിലേത്.
--
4 അഭിപ്രായങ്ങൾ:
തോന്നക്കല്‍ നാട്യഗ്രാമം, ഏഴാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ 'ബാലിവധം' കഥകളിയുടെ ഒരു ആസ്വാദനം.
ഒരു സംശയം:
1) എന്തുകൊണ്ട് 'ബാലിവധ'മെന്ന് പേരായി? 'ബാലിമോക്ഷ'മെന്നല്ലേ കൂടുതല്‍ ചേര്‍ച്ച?
--
ബാലിവധം ആസ്വാദനം വായിച്ചു.കളി കാണാറുണ്ട് കഴിയുന്നത്ര.
സൂക്ഷ്‌മമായി അഭിപ്രായം പറയാന്‍ വൈദഗ്‌ധ്യമില്ല.
താങ്കളുടെ വിവരണം കേമം.
ഈ മണ്ടൻ തലയിൽ താങ്കളെപ്പോലെയുള്ളവരുടെ വിശകലനം കഥകളിയറിവുകൾ കുത്തിനിറയ്ക്കുന്നതിൽ സന്തോഷം കേട്ടൊ
ഹരീ,
വളരെ നന്നായിട്ടുണ്ട്.
ഉപകഥകള്‍ ആസ്വാദകരില്‍ എത്തിക്കാന്‍ താങ്കളുടെ ശ്രമം വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--