ചൂതുകളിക്കുവാനുള്ള ക്ഷണവുമായി ദുര്യോധനാദികള്‍ യുധിഷ്ഠിരനെ വന്നു കാണുന്നതു മുതല്ക്കാണ് ഇവിടെ കളി ആരംഭിച്ചത്. കലാമണ്ഡലം കൃഷ്ണപ്രസാദ് ദുര്യോധനനേയും കലാനിലയം വിനോദ് യുധിഷ്ഠിരനേയും അവതരിപ്പിച്ചു. കലാമണ്ഡലം ബാലകൃഷ്ണന് ദുഃശാസനനായും മാര്‍ഗി രവീന്ദ്രന് പിള്ള ശകുനിയായും വേഷമിട്ടു. കള്ളച്ചൂതിലൂടെ പാണ്ഡവരുടെ രാജ്യമുള്‍പ്പടെ സകലതും കൌരവര്‍ കൈക്കലാക്കുന്നു. സഹോദരരേയും ഭാര്യയേയും തന്നെത്തന്നെയും യുധിഷ്ഠിരന് പിന്നീട് പണയം വെയ്ക്കുന്നു, അവിടെയും തോല്ക്കുന്നു. ദാസീകൃത്യമെടുക്കുവാന് പാഞ്ചാലിയെ ശാസിക്കുവാന്‍ ദുര്യോധനന് ദുഃശാസനനോട് ആജ്ഞാപിക്കുന്നു. എന്നാല്‍ ദുഃശാസനനാവട്ടെ സഭയില്‍ പാഞ്ചാലിയെ വിവസ്ത്രയാക്കുവാന്‍ മുതിരുകയാണ് ചെയ്തത്. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ പാഞ്ചാലി പൂര്‍ണമായ അപമാനത്തില്‍ നിന്നും രക്ഷനേടുന്നു. തനിക്കു നേരിട്ട ഈ അപമാനത്തിന് തന്റെ പതിമാര്‍ പകരം ചോദിക്കുമെന്ന് പാഞ്ചാലി പ്രതിജ്ഞ ചെയ്യുന്നു. പാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം വനവാസത്തിനായി കാമ്യകവനത്തിലേക്ക് ഗമിക്കുന്നു.
DuryodhanaVadham
Nishagandhi, ThiruvananthapuramWritten by
- Vayakkara AryaNarayanan Moosath
Actors
- Kalamandalam Krishnaprasad as Duryodhanan
- Kalamandalam Balakrishnan as Dussasanan
- Kalanilayam Vinod as Dharmaputhrar / Mumukshu
- Margi Ravindran Nair as Sakuni
- Kalamandalam Vijayakumar as Panchali
- Kalamandalam Mukundan as SriKrishnan
- Kalamandalam Shanmukhadas as RaudraBhiman
Singers
- Pathiyoor Sankarankutty
- Kalamandalam Jayaprakash
Accompaniments
- Kalanilayam Manoj (Maddalam)
- Kalamandalam Sreekanth Varma (Chenda)
- Kalamandalam Ratheesh (Chenda)
Chutty
- Kalamandalam Sukumaran
- Margi Raveendran Nair
Kaliyogam
- Sandarsan Kathakali Vidyalayam, Ambalappuzha
Organized by
July 26, 2010- Various Departments, Govt. of Kerala
കൌരവന്മാരോട് സന്ധിസംഭാഷണത്തിനായി പാണ്ഡവദൂതനായി ശ്രീകൃഷ്ണന് പോവുന്നുവെന്നറിയുന്ന പാഞ്ചാലി തന്റെ ശപഥം ഓര്‍മ്മിപ്പിക്കുവാനായി ശ്രീകൃഷ്ണസവിധത്തിലെത്തുന്നു. അതിനുള്ള കാലം അധികം താമസിക്കാതെ തന്നെ വന്നു ചേരുമെന്നും, അതുവരെ സമാധാനമായി വസിക്കുവാനും ശ്രീകൃഷ്ണന് പാഞ്ചാലിയെ ആശ്വസിപ്പിക്കുന്നു. ദൂതിനായി കൌരവസഭയിലെത്തുന്ന ശ്രീകൃഷ്ണനെ വൈജയന്തീപീഠത്തിലിരുത്തി അപായപ്പെടുത്തുവാന്‍ ദുര്യോധനാദികള്‍ ശ്രമിക്കുന്നെങ്കിലും, ശ്രീകൃഷ്ണന് അപായമൊന്നും സംഭവിക്കുന്നില്ല. പാതിരാജ്യം, അഞ്ച് ദേശം, അഞ്ച് ഗൃഹം, ഒരു ഗൃഹം എന്നിങ്ങനെ ശ്രീകൃഷ്ണന് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും ദുര്യോധനന് അംഗീകരിക്കുന്നില്ല. മാത്രവുമല്ല, അന്യജാതരായ പാണ്ഡവര്‍ക്ക് സൂചികുത്തുവാന്‍ പോലും ഇടം നല്കുകയില്ല എന്നും തറപ്പിച്ചു പറയുന്നു. വിചിത്രവീര്യന്റെ പൌത്രനല്ല നീയെന്നും, പോരാഞ്ഞ് ഒരു വിധവാത്മജന്നുടെ പുത്രനാണ് നീയെന്നും കൃഷ്ണന് തിരിച്ചടിക്കുന്നു. കുപിതരാവുന്ന ദുര്യോധനനും ദുഃശാസനനും ശ്രീകൃഷ്ണനെ ബന്ധിക്കുവാന്‍ മുതിരുന്നു. ഭഗവാന് വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. നീചജനങ്ങളായ ദുര്യോധനാദികള്‍ വിശ്വരൂപം കാണുവാനാവാതെ ബോധരഹിതരാവുന്നു. മുമുക്ഷു ഭഗവാനെ സ്തുതിച്ച്, ശ്രീകൃഷ്ണന് പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ സര്‍വ്വനാശമാവും ഫലമെന്ന് ദുര്യോധനാദികളെ ശപിക്കുന്നു. ശ്രീകൃഷ്ണന് മറയുമ്പോള്‍, ദുര്യോധനാദികള്‍ മയക്കത്തില്‍ നിന്നുണര്‍ന്ന്, തങ്ങളെ പേടിച്ച് ശ്രീകൃഷ്ണന് പാലായനം ചെയ്തുവെന്ന് പരിഹസിച്ച് യുദ്ധത്തിനു വട്ടംകൂട്ടുന്നു.
കലാമണ്ഡലം മുകുന്ദന് ഏറെ മികവോടെ ഇവിടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചു. സ്ഥിരം പ്രശ്നമായ അനാവശ്യ തിടുക്കമൊക്കെ മാറ്റിവെച്ച് വെപ്രാളം കൂട്ടാതെ ചെയ്ത് തന്റെ കഥാപാത്രത്തെ വിജയിപ്പിക്കുവാന്‍ മുകുന്ദനു കഴിഞ്ഞു. പാഞ്ചാലി കേശത്തെ പരാമര്‍ശിക്കുമ്പോള്‍ അനാവശ്യമായി ചാടി കോപം പ്രകടിപ്പിക്കാതെ മന്ദസ്മിതത്തില്‍ ഒതുക്കിയുള്ള ശ്രീകൃഷ്ണന്റെ പ്രതികരണം, സാരഥി തേരുകൊണ്ടുവരുമ്പോള് കൊടിമരത്തില്‍ ഗരുഢനെ പ്രതിഷ്ഠിക്കുന്ന ആട്ടം, കൌരവസഭയിലെത്തുമ്പോള് ഇരിപ്പിടം കണ്ട് ചിന്തിച്ച് അതൊന്ന് മാറ്റിയിട്ടുള്ള ഇരുത്തം; ഇവയൊക്കെ വെടിപ്പായി അദ്ദേഹം ചെയ്യുകയുണ്ടായി. ദൂതുപദമായ "ജ്ഞാതിവത്സല!" തുടങ്ങുമ്പോള്‍, ദുര്യോധനന്റെ സഹോദരസ്നേഹത്തെ ഒട്ടൊരു പരിഹാസത്തോടെ പുകഴ്ത്തുകയും ചെയ്തു മുകുന്ദന്റെ ശ്രീകൃഷ്ണന്. ഈ സമയം കൃഷ്ണപ്രസാദിന്റെ ദുര്യോധനനാവട്ടെ, ഈര്‍ഷ്യയോടെ ഈ പുകഴ്ത്തലുകളൊക്കെ തന്നെ മേല്ക്കയറ്റി പിന്നീട് താഴേക്കിടുവാനാണെന്ന് ദുഃശാസനനോട് പറയുകയാണുണ്ടായത്. ശ്രീകൃഷ്ണന് പോയിക്കഴിഞ്ഞ് ഭീമനോട് യുദ്ധം ചെയ്യുവാനായി ദുഃശാസനനെ അനുഗ്രഹിച്ചയയ്ക്കുന്നതായി കൃഷ്ണപ്രസാദും ബാലകൃഷ്ണപിള്ളനും ആടുകയുണ്ടായി. ദൂതിനു ശേഷം യുദ്ധത്തില്‍ ഏവരും കൊല്ലപ്പെട്ടതിനു ശേഷമാണ് ദുഃശാസനനെ അയയ്ക്കുന്നത് എന്നിരിക്കെ, ഈ ആട്ടം ഇവിടെ ഒട്ടും യോജിക്കുന്നതായി തോന്നിയില്ല. 'ഇനി സമയം കളയാതെ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുക തന്നെ!' എന്നാടി രംഗം അവസാനിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. യുദ്ധഭൂമിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള ദുഃശാസനന്റെ ആട്ടം ഒഴിവാക്കിയതിനാല്‍ കാര്യമായൊന്നും ചെയ്യുവാന്‍ കലാമണ്ഡലം ബാലകൃഷ്ണന് അവസരമില്ലാതെ പോയി.
യുദ്ധഭൂമിയില്‍ ജന്മശത്രുവായ ദുഃശാസനനെ ഭീമന് തിരഞ്ഞു നടക്കുന്നു. ഒടുവില്‍ കണ്ടെത്തി, പണ്ടു ചെയ്തതിനെല്ലാം ഇന്ന് പകരം ചോദിക്കുന്നുണ്ടെന്നു പറഞ്ഞ് ഭീമന് ദുഃശാസനനെ പോരിനു വിളിക്കുന്നു. വെറുതേ വാചകമടിക്കാതെ, ഈ പരാക്രമമൊക്കെ നിന്റെ ഭാര്യയെ അപമാനിച്ചപ്പോള്‍ കണ്ടില്ലല്ലോ എന്നു പരിഹസിച്ച് ദുഃശാസനനും യുദ്ധത്തിനിറങ്ങുന്നു. നരസിംഹം ആവേശിക്കുന്ന ഭീമസേനന് പാഞ്ചാലിയുടെ പ്രതിജ്ഞയനുസരിച്ച് ദുഃശാസനനെ മാറുപിളര്‍ന്ന് വധിക്കുന്നു. ശേഷം പാഞ്ചാലിയുടെ സമീപമെത്തി രക്തം തൊട്ട് തലമുടി കെട്ടിക്കൊടുക്കുന്നു. പിന്നീട് ഭീമസേനന് ശ്രീകൃഷ്ണന്റെ സമീപമെത്തുന്നു. ക്ലേശങ്ങളകറ്റി ഭീമനെ ശ്രീകൃഷ്ണന് അനുഗ്രഹിക്കുന്നു. സഹോദരരെ കൊന്നതിന്റെ പേരില്‍ ദുഃഖിക്കുന്ന ഭീമനെ, അതൊക്കെ ക്ഷത്രിയധര്‍മ്മമാണെന്നു പറഞ്ഞ് ശ്രീകൃഷ്ണന് ആശ്വസിപ്പിക്കുന്നു.
ഉപകഥകള്‍
വൈജയന്തീപീഠം
- ചന്ദ്രവംശരാജാവായ പുരൂരവസ്സിന് ഇന്ദ്രന് സമ്മാനമായി നല്കിയ പീഠം. ഇതില്‍ ഇരിക്കുന്നവര്‍ തലപൊട്ടിച്ചിതറി മരിക്കുമെന്നൊരു ശാപം ഈ പീഠത്തിനുണ്ട്. ഈ രീതിയില്‍ വധിക്കുവാനായി വൈജയന്തീപീഠമാണ് ദുര്യോധനന് ശ്രീകൃഷ്ണനായി സഭയില്‍ നീക്കിയിടുന്നത്. പീഠത്തില്‍ തൊട്ടതിനു ശേഷം നീക്കിയിട്ട് ഇരിക്കുന്നതുവഴി, ശ്രീകൃഷ്ണന് പീഠത്തിന്റെ ശാപമൊഴിവാക്കിയെന്ന് സങ്കല്പം.
നിശാഗന്ധിയിലെ 'ദുര്യോധനവധം' അവതരണം ഇത്രത്തോളം ഹൃദ്യമാകുവാന്‍ പ്രധാന കാരണം പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടെ ആലാപനമികവാണ് എന്നതും വിസ്മരിക്കുവാനാവില്ല. വേഷക്കാരുടെ മികവിനൊപ്പം, അല്ലെങ്കില്‍ അതിനും ഒരു പടി മുകളില്‍ നില്ക്കുന്നു അദ്ദേഹത്തിന്റെ അന്നേ ദിവസത്തെ ആലാപനം. അതേ സമയം, ശിങ്കിടിയായി പാടിയ കലാമണ്ഡലം ജയപ്രകാശിന്റെ ആലാപനത്തിനാവട്ടെ, ശരാശരിയിലും മികവ് പറയുവാനുമില്ല. അന്നേ ദിവസം കളിയില്‍ നിരാശപ്പെടുത്തിയ മറ്റൊരു ഘടകം മേളമാണ്. ചെണ്ടയില്‍ പ്രവര്‍ത്തിച്ച കലാമണ്ഡലം രതീഷ്, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ നിറം മങ്ങിപ്പോയത് കളിയെ വല്ലാതെ ബാധിച്ചു. ചെറുപ്പക്കാരായ കലാകാരന്മാര്ക്ക് ഇത്തരം വേദികളില്‍ അവസരം നല്‍കുന്നത് നല്ല കാര്യമാണെങ്കിലും, ഇതരമേഖലകള്‍ക്ക് ഇത്രയും ഗൌരവം നല്കി അവതരിപ്പിക്കുമ്പോള്‍, അരങ്ങു പരിചയം നന്നായുള്ള ഒരു ചെണ്ട കലാകാരനെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു അഭികാമ്യം. മദ്ദളത്തില്‍ കലാമണ്ഡലം മനോജ് പതിവുപോലെ മികച്ചു നിന്നു. കലാമണ്ഡലം സുകുമാരന്‍, മാര്‍ഗി രവീന്ദ്രന് നായര്‍ എന്നിവരുടെ അന്നേ ദിവസത്തെ ചുട്ടി കലാവിരുതും ശ്രദ്ധേയമായി. ദുഃശാസനന്റെ നെറ്റിഭാഗത്തുള്ള ചുട്ടിയിലെ മാറ്റം ശ്രദ്ധിക്കുക. രൌദ്രഭീമനായുള്ള കലാമണ്ഡലം ഷണ്മുഖദാസിന്റെ മുഖത്തെഴുത്തിനും കൂടുതല്‍ മിഴിവു തോന്നിച്ചു. എല്ലാ വേഷങ്ങളേയും വൃത്തിയായി ഉടുത്തുകെട്ടിച്ച് അരങ്ങിലെത്തിക്കുവാന്‍ പള്ളിപ്പുറം ഉണ്ണികൃഷ്ണനും കൂട്ടരും പുലര്‍ത്തുന്ന നിഷ്കര്‍ഷയും അഭിനന്ദനാര്‍ഹമാണ്. ചുരുക്കത്തില്‍ വിവിധ ഘടകങ്ങളുടെ മികവിനാല്‍, മേളമത്രത്തോളം മികവു പുലര്‍ത്തിയില്ലെങ്കില്‍ കൂടി, വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ട ഒരു 'ദുര്യോധനവധ'മായിരുന്നു സന്ദര്ശന് കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധിയില്‍ അരങ്ങേറിയത്.
--
19 അഭിപ്രായങ്ങൾ:
തിരുവനന്തപുരത്ത്, ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന 'ദുര്യോധനവധം' കഥകളിയുടെ ഒരു ആസ്വാദനം.
--
ഹരീ, അസ്സലായിരിക്കുന്നു. നന്ദി.
പൂഞ്ചേല അഴിക്കുമെന്നു പറഞ്ഞു ദുഃശാസനന് നില്ക്കുമ്പോള്, ഈ അഭ്യര്‍ത്ഥന കലാമണ്ഡലം രാജീവന്റെ പിതാവ് ശ്രീ. മയ്യനാട് കേശവന് പോറ്റി എന്ന നടന് പണ്ട് ദുര്യോധനവധത്തില്‍ പാഞ്ചാലി വേഷം കെട്ടുമ്പോള്‍ ആടി കണ്ടിട്ടുണ്ട്.
ശ്രീകൃഷ്ണന് പോയിക്കഴിഞ്ഞ് ഭീമനോട് യുദ്ധം ചെയ്യുവാനായി ദുഃശാസനനെ അനുഗ്രഹിച്ചയയ്ക്കുന്നതായി കൃഷ്ണപ്രസാദും ബാലകൃഷ്ണപിള്ളയും ആടുകയുണ്ടായി.
ഇത് ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന രീതിയാണ്. ഇനി യുദ്ധം തന്നെ എന്ന് ദൂത് കഴിഞ്ഞപ്പോള്‍ തീര്‍ച്ചയായി. ആ അടിസ്ഥാനത്തില്‍ ആണ് ഇങ്ങിനെ ഒരു രീതി. നെല്ലിയോട്ദുഃശാസനനെ അവതരിപ്പിക്കുമ്പോള്‍ ദുര്യോധനന് നല്കുന്ന ഗദ താഴെ വീഴുന്നതായും അശുഭ ലക്ഷണങ്ങള്‍ കാണുന്നതായും അവതരിപ്പിച്ചിരുന്നു.
ദുഃശാസനവധത്തോടെ കഥകളി അവസാനിക്കുന്നു എങ്കിലും എല്ലാവരെയും വധിച്ച ശേഷം ആണ് കൃഷ്ണന് ഭീമന്റെ രൌദ്രഭവത്തെ ശാന്തം ആക്കുന്നത് . അതിനാല്‍ നീ പോയി ദുര്യോധനനെ കൊന്നിട്ട് വാ എന്ന് പറഞ്ഞു ധനാശി എടുത്തു കഥ അവസാനിപ്പിക്കുക എങ്ങിനെ സാധ്യം ആകും.
ഒരു സംശയം കൂടി. ഹരിപ്പാട് ബാലകൃഷ്ണ പിള്ള , കലാമണ്ഡലം ബാലകൃഷ്ണന് ( പിള്ള) എന്നിങ്ങനെ രണ്ടു കഥകളി നടന്മാര് ഉണ്ട്. രണ്ടു പേരും ഹരിപ്പാട് രാമകൃഷ്ണ പിള്ള ആശാന്റെ സഹോദരീ പുത്രന്മാര് തന്നെ. ഹരിപ്പാട് ബാലകൃഷ്ണ പിള്ള ദുബായില്‍ ആയിരുന്നു.
അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
അനുഗ്രഹിച്ചയയ്ക്കുമ്പോള്‍ ഗദ താഴെ വീഴുന്നത് ഇപ്പോള്‍ മിക്കവാറും എല്ലാവരും ആടാറുണ്ട്, ഇവിടെയും അതുണ്ടായി. മറ്റ് അശുഭലക്ഷണങ്ങളൊന്നും ഇവിടെ ആടുകയുണ്ടായില്ല. ദുര്യോധനന് ദുഃശാസനനെ അനുഗ്രഹിച്ചയയ്ക്കുന്നത്, ഭീമനുമായുള്ള അവസാനയുദ്ധത്തിനെന്ന രീതിയിലാണ്. ഇത് യോജിക്കുന്നില്ല എന്നാണ് എന്റെ പക്ഷം.
"എല്ലാവരെയും വധിച്ച ശേഷം ആണ് കൃഷ്ണന് ഭീമന്റെ രൌദ്രഭവത്തെ ശാന്തം ആക്കുന്നത് . അതിനാല്‍ നീ പോയി ദുര്യോധനനെ കൊന്നിട്ട് വാ എന്ന് പറഞ്ഞു ധനാശി എടുത്തു കഥ അവസാനിപ്പിക്കുക..." - അതെ, ഇങ്ങിനെയായതിനാല്‍ ദുര്യോധനനെക്കൂടി കൊല്ലുന്നുണ്ട് എന്നൊരു ആട്ടം ഭീമനെ അവതരിപ്പിക്കുന്ന നടന് സ്വയം ആടുന്നത് നന്നായിരിക്കും. ഇനി അങ്ങിനെയാടുന്നില്ലായെങ്കില് ശ്രീകൃഷ്ണനുമായി ധൃതരാഷ്ട്രരെ കാണുവാന്‍ പോകാം എന്ന ആട്ടം യോജിക്കാതെ വരുന്നു.
കലാമണ്ഡലം ബാലകൃഷ്ണനാണ് ഇവിടെ ദുഃശാസനനെ അവതരിപ്പിച്ചത്. തിരുത്തലിന് നന്ദി.
--
ചുരുങ്ങിയ സമയത്തെ നല്ല കഥകളിയെക്കുറിച്ച് ചുരുങ്ങിയ,നല്ല കുറിപ്പ്. ഹരീ, അഭിനന്ദനങ്ങൾ.
തലക്കെട്ടു വായിച്ചപ്പോള്‍ ഒാര്‍മ്മവന്നത് ഇവിടെ ഒരു പ്രശസ്തനു സ്വീകരണം കൊടുക്കുന്നതു മായി ബന്ധപ്പെട്ട് രണ്ടു മിനിട്ടിണ്റ്റെ തായമ്പകയും മൂന്നു മിനിട്ടിണ്റ്റെ പഞ്ചവാദ്യവും ഒക്കെ കേട്ടിരുന്നു. അതു പോലെ ആയിക്കാണുമെന്നു കരുതി. ഇതു സംഗതി നന്നായല്ലോ. നല്ല വിവരണം.
Great review, Haree! Sherikkum kali kanda pole aayi! :)
I missed it Haree. :-(. Great review.
ഹരി,
വളരെ നന്നായിട്ടുണ്ട് ലേഘനം. ഫോട്ടോസ് എല്ലാം അതി ഗംഭീരം.
ഒരു ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് കേട്ടോ. രൌദ്രഭീമന്റെ മുഖത്തിന്റെ തേപ്പു എനിക്ക് നന്നായി എന്ന് തോന്നുന്നില്ല, പകരം മോശമായി എന്നും തോന്നി. പക്ഷെ ദുഃശാസനന്റെ നെറ്റിഭാഗത്തുള്ള ചുട്ടിയുടെ പുതിയ ഭാവം വളരെ നന്നായിട്ടുണ്ട്, എനിക്ക് നല്ല ഇഷ്ട്ടമായി.
സജീഷ്
ഹരീ
കനകക്കുന്നു കൊട്ടാരത്തിലെ ദുര്യോധനവധം കഥകളിയില്‍ മേളം(ചെണ്ട) താങ്കള്‍ക്ക് നിരശയുണ്ടാക്കിയെന്നു വായിച്ചു.കലാകാരന്മാരുടെ പ്രകടനങ്ങള്‍ വിമര്‍ശന വിധേയമാക്കെണ്ടാതില്ല എന്നുള്ള അഭിപ്രായമൊന്നും എനിക്കില്ല.ഞങ്ങളുടെ പ്രകടനത്തില്‍ ഹരിക്ക് എന്തെങ്ങിലും അഭിപ്രായ വ്യത്യാസമോ അപകതയോ ഉണ്ടെങ്കില്‍ അത് ഞങ്ങളോട് തുറന്നു പറയുകയായിരുന്നു വേണ്ടത് .അതിനായി ഇന്റര്‍നെറ്റിനെ ഒരു മാധ്യമമാക്കിയത് ശരിയായില്ല .ഹരിയെപ്പോലെ ഒരു ആസ്വാദകന്റെ വിമര്‍ശനം അതിനെ പൂര്‍ണ ഗൌരവത്തില്‍ ഞങ്ങള്‍ മനസിലാക്കുകയും ചെയ്യും .അഥവാ എന്തെങ്കിലും എഴുതണമെന്നുണ്ടെങ്കില്‍ ഞങ്ങളുടെ അഭിപ്രായമെങ്കിലും ചോദിക്കാമായിരുന്നു അത്രെയും ഔചിത്യം ഹരി കാണിക്കഞ്ഞത് ശരിയായില്ല
ശ്രീകാന്ത്
അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി. :-)
രൌദ്രഭീമന്റെ മുഖത്തെഴുത്ത് ആദ്യകാലങ്ങളിലേതില് നിന്നും വളരെ മാറിപ്പോയിരിക്കുന്നു. പച്ചയുടെ അംശം വല്ലാതെ കുറയുന്നതു കൊണ്ടാവാം സജീഷിന് ഇഷ്ടമാവാഞ്ഞത്. അല്പം കൂടി പച്ച കാണിച്ച്, ചുണ്ടിന്റെ ഭാഗവും കറുപ്പുമൊക്കെ ഒന്നു കൂടി ഒതുക്കി വരച്ചാല്‍ ഇനിയും നന്നാവുമെന്ന് തോന്നുന്നു.
"അതിനായി ഇന്റര്‍നെറ്റിനെ ഒരു മാധ്യമമാക്കിയത് ശരിയായില്ല." - ഇതില്‍ ശരികേടൊന്നും ഞാന്‍ കാണുന്നില്ല. എന്താണ് ശ്രീകാന്ത് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കും. അപൂര്‍വം ചിലരോടൊഴിച്ച്, മറ്റൊരു കലാകാരനോടും നേരിട്ട് കളി നന്നായി / മോശമായി എന്ന് സംസാരിക്കാറില്ല. എന്നാല്‍ ഇവിടെ എഴുതുന്നതില്‍ ആരുടേയും അഭിപ്രായം ചോദിക്കാറുമില്ല / പരിഗണിക്കാറുമില്ല. ശ്രീകാന്തിന് എന്തെങ്കിലും ഭിന്നമായ അഭിപ്രായമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നേരിട്ടു തന്നെ ഇവിടെ രേഖപ്പെടുത്താം.
--
ഹരി,
ഹരി പറഞ്ഞത് വളരെ ശരിയാണ്, ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. കുറച്ചു കൂടി ഒതുക്കി വരച്ചാല്‍ നന്നാവുമായിരുന്നു.
പിന്നെ, മേളത്തിനെ പറ്റി ഹരി പറഞ്ഞതില്‍ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. കളി നന്നായില്ലെങ്കില്‍ അത് പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് എനിക്ക് മനിസ്സിലാവുന്നില്ല. ഇതു ഏതു ഫീല്ടിലും സ്വാഭാവികം അല്ലേ ?
സജീഷ്
ഹരി
ഇന്നലത്തെ എന്റെ പോസ്റ്റില്‍ ഉള്പ്പെടുത്തെണ്ടിയിരുന്ന ഒരുകാര്യം ഹരിക്ക് മേളത്തില്‍ തോന്നിയ അപാകതകള്‍ ആസ്വാദനത്തില്‍ കണ്ടില്ല അറിയുവാന്‍ താല്‍പ്പര്യം ഉണ്ട്
ശ്രീകാന്ത്
ഇതിനു മുന്‍പും ഇവിടെ സൂചിപ്പിച്ചിട്ടുള്ളതാണ്. കഥകളിയിലെ സാങ്കേതികതകള്‍ ആഴത്തില്‍ വിലയിരുത്തിയുള്ള അപഗ്രഥനമൊന്നുമല്ല ഇവിടെ നടക്കുന്നത്. ആസ്വാദകതലത്തില് എത്രത്തോളം അനുഭവത്താവുന്നു എന്ന തലത്തിലാണ് ഇവിടെ കാര്യങ്ങള്‍ പറയുന്നത്. ഉദാ: രൌദ്രഭീമന്റെ ആദ്യ വട്ടംവെച്ച് കലാശത്തില്‍ രണ്ടാം താളവട്ടത്തില്‍ ഒരു മാത്ര താളം കയറിപ്പോയി എന്ന മട്ടിലൊരു അപാകത ചൂണ്ടിക്കാട്ടുക സാധിച്ചെന്നു വരില്ല, അതിനൊട്ട് എനിക്ക് അറിവുമില്ല. പക്ഷെ, കലാകാരന്റെ അവതരണത്തെ മേളം പൊലിപ്പിച്ചോ, കൂടുതല്‍ മികച്ചതാക്കിയോ, കഥാപാത്രത്തിന്റെ ഭാവത്തെ കൂടുതല്‍ പ്രകടമാക്കിയോ എന്നൊക്കെ പറയുവാനും സാധിക്കും. ആ രീതിയിലാണ് നിറം മങ്ങി എന്നിവിടെ പറഞ്ഞത്. ഇവിടെ പ്രധാനമായും കലാകാരന്റെ മുദ്രാവിന്യാസത്തെ മുന്‍കൂട്ടി കണക്കുകൂട്ടി, അതിന്റെ ശക്തി അതേപടി പ്രേക്ഷകനിലെത്തിക്കുക എന്നത് സംഭവിച്ചില്ല. ഉദാ: രൌദ്രഭീമന്റെ തന്റേടാട്ടത്തിന്റെ തുടക്കത്തില്‍ 'ദുഃശാസനന് എവിടെ?' എന്ന ചോദ്യത്തിനായി ഇരുകൈയിലും അര്ദ്ധചന്ദ്രം പിടിച്ച് താഴെനിന്നും മേലേക്ക് വിറപ്പിച്ച് കൊണ്ടുവന്ന് ഒടുവില്‍ ഇരുകൈയിലും മുഷ്ടി പിടിച്ച് ശക്തിയായി ഇടിച്ചൊരു നില്‍പ്പുണ്ട്. ഈ ചോദ്യത്തിന്റെ ഭാവം പ്രകടമാവുന്ന രീതിയില്‍ മേളത്തിന്റെ ശബ്ദവും ഉയര്‍ന്നുയര്‍ന്നു വന്ന് ഒടുവില്‍ ശക്തിയായൊരു അടിയോടെ ഇടിച്ചു നിന്നാല്‍ മാത്രമേ ഈ ഭാവം പ്രേക്ഷകന് പൂര്‍ണമായി അനുഭവവേദ്യമാവുകയുള്ളൂ. ഇത്തരത്തില്‍ എല്ലായിടത്തേയും കുറവുകള്‍ വിശദീകരിച്ചെഴുതുക സാധിക്കില്ല എന്നാര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. അതിനാല്‍ പ്രധാനമായി എടുത്തു പറയേണ്ടത് എന്തെങ്കിലുമുണ്ടെങ്കില്‍ അതു പറഞ്ഞ്, അങ്ങിനെയല്ലെങ്കില്‍ മൊത്തത്തിലൊരു വിലയിരുത്തല്‍ പറഞ്ഞു പോവുകയാണ് ഇവിടെ ചെയ്യാറുള്ളത്. ഇനി ഈ സന്ദര്‍ഭത്തിന് എങ്ങിനെ കൊട്ടണം, താളത്തിലെങ്ങിനെ ചെണ്ടക്കോല് വീഴിക്കണം, ചേര്‍ന്നു കൊട്ടണോ ഇടഞ്ഞു കൊട്ടണോ, വീശണോ ഉരുട്ടണോ ഇതൊക്കെ കലാകാരന്മാരുടെ ഇഷ്ടം. പക്ഷെ, എങ്ങിനെയായാലും അത് കാണികള്‍ക്ക് അനുഭവവേദ്യമാവണം. അത്രതന്നെ!
ഇങ്ങിനെയൊരു അഭിപ്രായം കേട്ടാല്‍, അതെന്തുകൊണ്ട് അങ്ങിനെയായി എന്ന് സ്വയം ചിന്തിച്ച് മനസിലാക്കുവാന്‍ കലാകാരന്മാര്ക്ക് ശ്രമിക്കാവുന്നതാണ്. തന്റെ പ്രവര്‍ത്തി ഉയര്‍ന്ന നിലവാരത്തിലാണ് (കുറഞ്ഞപക്ഷം, ഇവിടെ പറഞ്ഞതിലും) എന്ന് ഒരു കലാകാരന് ഉത്തമ വിശ്വാസമുണ്ടെങ്കില്‍ ഇവിടെ പറയുന്നത് തള്ളിക്കളയുകയും ചെയ്യാം. (ഒരു കലാകാരനു പറ്റുന്നതിന്റെ പരമാവധി ശ്രമിച്ചു എന്നു പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എന്റെ പരമാവധി കഴിവുപയോഗിച്ച് ഒരു പാട്ടു പാടുന്നു, പക്ഷെ അതുകൊണ്ട് മറ്റുള്ളവര്‍ എന്റെ പാട്ട് ഉഗ്രനായി എന്നു പറയണമെന്നു ശഠിക്കുവാനാവില്ലല്ലോ!)
ചുരുക്കത്തില്‍: നെയ്യപ്പം കഴിക്കുന്ന ഒരാള്‍ക്ക് നെയ്യപ്പത്തിനു സ്വാദില്ലെന്നു പറയാം. നെയ്യപ്പം ധാരാളമായി തിന്നിട്ടുള്ളവര്ക്ക് നെയ്യപ്പത്തില്‍ ചേര്‍ത്ത പഴത്തിന്റെ കുറവാണെന്നു വരെ പറയാമായിരിക്കും. പക്ഷെ, അതിനപ്പുറം നെയ്യപ്പത്തില്‍ ചേര്‍ത്ത പഴമെടുത്ത വാഴയ്ക്ക് വെള്ളം കോരിയത് കുറഞ്ഞതാണ് പഴവും അതുവഴി നെയ്യപ്പവും മോശമായതിനു കാരണമെന്ന് പറയുക അസാധ്യമായിരിക്കും! വാഴയെക്കുറിച്ചും പഴത്തെക്കുറിച്ചും നെയ്യപ്പത്തെക്കുറിച്ചും നന്നായറിയാവുന്ന നല്ലൊരു പാചകക്കാരനു മാത്രം മനസിലാക്കുവാന്‍ സാധിക്കുന്ന ഒന്നാണത്. :-)
ശ്രീകാന്തിനോടുള്ള ചോദ്യം അവശേഷിക്കുന്നു. "അതിനായി ഇന്റര്‍നെറ്റിനെ ഒരു മാധ്യമമാക്കിയത് ശരിയായില്ല." - ഇങ്ങിനെ പറയുവാന്‍ കാരണം?
--
ഹരി
പോസ്റ്റ് വായിച്ചു കഥകളി രംഗത്തെ പ്രഗല്ഭന്മാരുടെ പ്രകടനവുമായി ഞങ്ങളുടെ പ്രകടനത്തെ താരതമ്യപ്പെടുത്തി നോക്കുന്നതില്‍ വലിയ അര്‍ഥം ഉണ്ടെന്നുതോന്നുന്നില്ല വളരെ വളരെ വര്‍ഷങ്ങള്‍ അരങ്ങു പരിചയമുള്ള അവരുടെ പ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ പൂര്‍ണത ഉണ്ടായിരിക്കുകയും ചെയ്യും ഹരി താരതമ്യപ്പെടുത്തി എന്നല്ല പറഞ്ഞത് ,അവരുടെ കൊട്ടിന്റെ ഭാവം ഉള്ളില്‍ ഉള്ളത് കൊണ്ടാണല്ലോ ഹരിക്ക് അങ്ങനെ തോന്നിയത് .എന്റെ പ്രവര്‍ത്തി എന്റെ കഴിവിനനുസരിച്ച് ചെയ്യുന്നു.എന്നാല്‍ എന്റെ പ്രവര്‍ത്തി ഏറ്റവും മികച്ചതാണ് എന്ന് കരുതുന്നത് തെറ്റാണുതാനും . ഈ കാര്യത്തില്‍ ഹരി എന്നെ അല്പം തെട്ടിധരിചിട്ടുന്ടെന്നു തോന്നു .ഏതായാലും ഒരാസ്വദകന്റെ വിലയിരുത്തല്‍ ഗൌരവമായെടുക്കുക ഒരു കലാകാരന്റെ കടമയാണെന്ന് എനിക്ക് വിശ്വാസമുണ്ട്
ഇന്റര്‍നെറ്റിനെ മാധ്യമം ആക്കിയത് , ഇന്റര്‍നെറ്റ് ബ്ലോഗ് ആണ് ഞാന്‍ ഉദ്ദേശിച്ചത് ലോകത്തെവിടെയും ഉള്ള ,കഥകളിയുമായി ബന്ധമുള്ളവരോ,ഇല്ലാത്തവരോ, ആസ്വാദകര്‍ക്കോ,ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ബ്ലോഗ് വായിക്കുവാന്‍ സാധിക്കും തന്നെയുമല്ല ഈ പോസ്റ്റുകള്‍ എത്ര കാലം കഴിഞ്ഞാലും ,ഡിലീറ്റ് ചെയ്യുന്നത് വരെ വീണ്ടും വീണ്ടും വായിക്കാനും സാധിക്കും .അങ്ങിനെ നോക്കുമ്പോള്‍ ഒരു പത്ര മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ ഗൌരവമായി കാണേണ്ടതല്ലേ ബ്ലോഗില്‍ വരുന്ന വിമര്‍ശനം? അത്രെയേ ഉള്ളു .പിന്നെ എന്തൊക്കെയായാലും ഒരു പൊതു മാധ്യമമായ ബ്ലോഗിലൂടെ കലാകാരനെ വിമര്‍ശിക്കുന്നതും ,പ്രകടനം വിലയിരുത്തുന്നതും ശരിയല്ല എന്നഅഭിപ്രായത്തില് ഉറച്ചുതന്നെ നില്ക്കുന്നു.കുറച്ചു ദിവസം ഇവിടെ ഉണ്ടായിരിക്കുകയില്ല അതുകൊണ്ട് ഹരി എന്ടെങ്ങിലും എഴുതിയാല്‍ മറുപടി തരാന്‍ സാധിക്കുകയില്ല
സ്ഥിരമായി ഒരാള്‍ ഉണ്ടാക്കുന്ന നെയ്യപ്പം കഴിക്കുന്നയള്ക്ക് ഒരുദിവസം പുതിയ ഒരാള്‍ ഉണ്ടാക്കിയ നെയ്യപ്പം ഇഷ്ടമായികൊള്ളണമെന്നില്ല !
പത്രമാധ്യമങ്ങളേക്കാള്‍ ബ്ലോഗുകള്‍ വരും കാലങ്ങളില്‍ പ്രാധാന്യം നേടിയേക്കാം (ഇതിനേക്കാള്‍ മികച്ച ഒരു മാധ്യമം ഉണ്ടാവുന്നില്ലെങ്കില്‍!). ബ്ലോഗെന്ന ഇന്റര്‍നെറ്റ് മാധ്യമത്തെ അത്രത്തോളം ഗൌരവമായി പലരും എടുക്കാറില്ല. ശ്രീകാന്ത് ഇതില്‍ നിന്നും മാറി ചിന്തിക്കുന്നു എന്നത് സന്തോഷകരമാണ്. എന്നാല്‍ "എന്തൊക്കെയായാലും ഒരു പൊതു മാധ്യമമായ ബ്ലോഗിലൂടെ കലാകാരനെ വിമര്‍ശിക്കുന്നതും , പ്രകടനം വിലയിരുത്തുന്നതും ശരിയല്ല" എന്ന ചിന്ത തീര്‍ത്തും അപക്വവുമാണ്.
സ്ഥിരമായി കഴിക്കുന്ന നെയ്യപ്പത്തിന്റെയല്ലാതെ, മറ്റ് നെയ്യപ്പങ്ങളുടെ പുതുരുചികള്‍ (അവ രുചികരമാണെങ്കില്‍) തുറന്നമനസോടെ സ്വീകരിക്കുന്നവരും ധാരാളമുണ്ട്! :-)
--
ഹരീ, കളിയും വിവരണവും നന്നായതില്‍ സന്തോഷം.
രൌദ്രഭീമന് ദുര്യോധന വധം കൂടി ആട്ടത്തില്‍ കഴിച്ചിട്ട് ശ്രീകൃഷ്ണസമീപം എത്തുന്നതാവും ഔചിത്യം എന്നു തോന്നുന്നു.
പുതിയ തലമുറയിലെ പ്രതീക്ഷ ഉണര്‍ത്തുന്ന കലാകാരന്മാരെ ഉള്‍പ്പെടുത്തി
കനകക്കുന്നില്‍ അവതരിപ്പിച്ച കഥകളി ഗംഭീരം ആയി എന്ന അഭിപ്രായം തന്നെ
മഹനീയം ആണ് ...രൌദ്ര ഭീമന്റെ തേപ്പ് ഷണ്മുഖന് ഇനിയും നന്നാക്കാം,
അതൊന്നുമല്ലല്ലോ,പാകതയുള്ള അവതരണവും അഭിനയവും സാധ്യമാകുന്നു
എന്നതില്‍ അല്ലെ കാര്യം?
അന്ന് പങ്കെടുത്ത എല്ലാ കലാകാരന്മാരും അഭ്യാസം കൊണ്ടും അറിവുകൊണ്ടും
ഉത്തമാന്മാര് ആണ്...ആസ്വാദനം ആസ്വാദ്യമായി...ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--