2010, നവംബർ 30, ചൊവ്വാഴ്ച

കിഴക്കേക്കോട്ടയിലെ ഉഷ-ചിത്രലേഖ

Usha-Chithralekha from BanaYudham Kathakali organized by Drisyavedi, Thiruvannathapuram. An appreciation for Kaliyarangu by Haree.
നവംബര്‍ 24, 2010: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ബാലകവി രാമശാസ്ത്രികളെഴുതിയ 'ബാണയുദ്ധം' കഥയില്‍ നിന്നുമുള്ള 'ഉഷ-ചിത്രലേഖ' എന്ന ഭാഗം അവതരിപ്പിച്ചു. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ചിത്രലേഖയായും ഉഷയായും അരങ്ങിലെത്തി. കലാനിലയം രാജീവന്‍, കലാനിലയം ബാബു എന്നിവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. ചെണ്ടയില്‍ സദനം രാമകൃഷ്ണനും മദ്ദളത്തില്‍ കലാനിലയം മനോജും മേളമൊരുക്കി. പുറപ്പാട്, മേളപ്പദം എന്നിവയ്ക്കു ശേഷമാണ്‌ കഥ അവതരിപ്പിച്ചത്. കലാമണ്ഡലം വിപിനാണ്‌ പുറപ്പാടിന്‌ കൃഷ്ണമുടി വേഷത്തിലെത്തിയത്. മട്ടുപ്പാവില്‍ വിവിധ കളികളില്‍ ഏര്‍പ്പെടുന്ന ഉഷയേയും ചിത്രലേഖയേയും അവതരിപ്പിക്കുന്ന "സുന്ദരിമാര്‍മണി ബാണനന്ദിനിയും..." എന്ന സാരി പദത്തോടെയാണ്‌ കഥാഭാഗം ആരംഭിക്കുന്നത്.

പന്തുകളിയിലും മറ്റും ഏര്‍പ്പെടുന്ന ഉഷ അത്യധികം ക്ഷീണിതയായി കാണപ്പെടുന്നു. കളിമതിയാക്കാം എന്നു പറഞ്ഞ് ചിത്രലേഖ ഉഷയെ അന്തഃപുരത്തേക്ക് നയിക്കുന്നു. ഉഷയാവട്ടെ തനിക്ക് വല്ലാതെ ഉറക്കം വരുന്നു എന്നു ചിത്രലേഖയെ അറിയിക്കുന്നു. 'ഇപ്പോള്‍ ഉറക്കമോ, എന്താണതിനു കാരണം?' എന്നു ചിത്രലേഖ അന്വേഷിക്കുമ്പോള്‍ 'അറിയില്ല' എന്നേ കലാമണ്ഡലം ശുചീന്ദ്രന്റെ ഉഷയ്ക്ക് പറയുവാനുണ്ടായുള്ളൂ. മൂന്നു നാളുകള്‍ക്കുള്ളില്‍ അനുരൂപനായ ഒരു വരന്‍ തന്റെ സ്വപ്നത്തില്‍ വരുമെന്ന പാര്‍വ്വതിയുടെ അനുഗ്രഹം ഇവിടെ സ്മരിക്കാവുന്നതാണ്‌. അങ്ങിനെയൊരു യുവാവ് തന്റെ സ്വപ്നത്തില്‍ വരുന്നത് പ്രതീക്ഷിച്ചാണ്‌ ഉഷ കഴിയുന്നത്. എന്നാല്‍ ഈയൊരു പ്രതീക്ഷ ശുചീന്ദ്രന്റെ ഉഷയില്‍ കാണുവാനായില്ല. മറ്റ് തോഴിമാരെ വിളിച്ച് ഉഷയുടെ കിടപ്പറ ഉടന്‍ ശരിയാക്കുവാന്‍ ചിത്രലേഖ ആവശ്യപ്പെടുന്നു. ശേഷം, ഉഷയെ ഉറക്കിക്കിടത്തി ചിത്രലേഖ സമീപത്തു തന്നെയിരിക്കുന്നു.

ഉറക്കത്തിനിടയില്‍ ഞെട്ടിയുണരുന്ന ഉഷയോട് ചിത്രലേഖ കാര്യം തിരക്കുന്നു. 'മറ്റാരുമിത് അറിയുവാന്‍ പാടില്ല' എന്നൊക്കെ ഉറപ്പു മേടിച്ചതിനു ശേഷമാണ്‌ ഉഷ ചിത്രലേഖയോട് കാര്യം പറയുന്നത്. മുറിയുടെ വാതിലുകളെല്ലാം അടച്ചിട്ടുണ്ടോ എന്നൊക്കെ ഉഷ ചിത്രലേഖയോട് ആരായുകയും ചെയ്തു. തന്നേക്കാളധികം വിശ്വസിക്കുന്ന ഒരു തോഴിയോട് ഉഷ ഇത്തരത്തിലൊന്നും പറയേണ്ടതില്ല. തോഴിമാര്‍ പോലും ഇതൊന്നുമറിയരുതെന്ന് ചിത്രലേഖയാണല്ലോ പിന്നീട് ഉഷയോട് പറയുന്നത്. അതായത് ഇതിനെക്കുറിച്ചൊക്കെ ഉഷയേക്കാള്‍ ബോധവതിയാണ്‌ ചിത്രലേഖ എന്നു മനസിലാക്കാം. മാര്‍ഗി വിജയകുമാറിന്റെ ചിത്രലേഖ, അപ്പോള്‍ 'അതെല്ലാം ഞാന്‍ വേണ്ടതുപോലെ ചെയ്തുകൊള്ളാം' എന്നു പറഞ്ഞ് ഉഷയുടെ ചോദ്യങ്ങള്‍ വിട്ടുകളയുകയാണ്‌ ചെയ്തത്. പിന്നീട്, സ്വപ്നത്തിന്റെ സ്വഭാവം മനസിലാക്കുമ്പോള്‍ വാതിലുകളൊക്കെ അടച്ച്, മറ്റാരുമവിടെയില്ല എന്നുറപ്പു വരുത്തുകയും ചെയ്തു. തുടര്‍ന്ന്, തന്റെ സ്വപ്നത്തില്‍ ഒരു യുവാവെത്തിയതും തുടര്‍ന്ന് അവനുമൊത്ത് പ്രണയലീലകള്‍ തുടങ്ങിയതുമെല്ലാം ഉഷ ചിത്രലേഖയെ അറിയിക്കുന്നു. ആ യുവാവ് ആരെന്ന് മനസിലാക്കി അവനെ തന്റെ അടുത്തെത്തിക്കണമെന്ന ഉഷയുടെ ഇംഗിതം ചിത്രലേഖ സാധിപ്പിക്കാമെന്നേല്‍ക്കുന്നു.
Usha-Chithralekha (Banayudham)
Karithika Thirunal Theater, East-Fort, Thiruvananthapuram
Written by
  • Balakavi Ramasasthrikal
Actors
  • Margi Vijayakumar as Chithralekha
  • Kalamandalam Sucheendran as Usha
  • Kalamandalam Vipin as Anirudhan
Singers
  • Kalanilayam Rajeevan
  • Kalanilayam Babu
Accompaniments
  • Sadanam Ramakrishnan in Chenda
  • Kalanilayam Manoj in Maddalam
Chutty
  • RLV Somadas
Kaliyogam
  • Margi, Thiruvananthapuram
Organized by
  • Drisyavedi, Thiruvannathapuram
November 24, 2010
സ്വപ്നത്തിലെത്തിയ കാമോപമരൂപന്‍ ആരെന്ന് അറിയുവാനായി, ചിത്രലേഖ ഓരോരുത്തരെയായി ഉഷയെ വരച്ചു കാണിക്കുവാന്‍ തുടങ്ങുന്നു. ദേവന്മാരില്‍ തുടങ്ങി അനേകം രാജാക്കന്മാരുടെ ചിത്രങ്ങളും വരച്ചതിനു ശേഷം യാദവരിലെത്തുന്നു എന്നാണെങ്കിലും പദത്തില്‍ ഇന്ദ്രന്‍, വസുദേവര്‍, ശ്രീകൃഷ്ണന്‍, പ്രദ്യുമ്‌നന്‍, ഒടുവിലായി അനിരുദ്ധന്‍ എന്നിവരെ മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ഗൗതമ മഹര്‍ഷിയുടെ ഭാര്യയെ നേടുവാനായി കോഴിയായെത്തിയ ഇന്ദ്രന്റെ വേലയാണോ ഇതെന്നാണ്‌ ചിത്രലേഖ ആദ്യം സംശയിക്കുന്നത്. അതല്ല എന്നു പറയുമ്പോള്‍, ഇരുണ്ട നിറം എന്നല്ലേ പറഞ്ഞത്, അങ്ങിനെയെങ്കില്‍ യാദവരാവാം എന്നു വിചാരിച്ച് വസുദേവരില്‍ തുടങ്ങി ഓരോ യാദവന്മാരെയായി വരച്ചു തുടങ്ങുന്നു.

ഓരോ ചിത്രങ്ങളും കാണിക്കുമ്പോഴുള്ള ഉഷയുടെ യുക്തമായ പ്രതികരണങ്ങളാണ്‌ ഈ ഭാഗത്തെ ആസ്വാദ്യകരമാക്കുന്നത്. ഇവിടെ, കലാമണ്ഡലം ശുചീന്ദ്രന്റെ ഉഷയുടെ പ്രതികരണങ്ങള്‍ക്ക് ഏറെ മികവ് തോന്നിച്ചില്ല. ഇന്ദ്രനെ കാണിക്കുമ്പോള്‍, 'അല്ല' എന്നു പറയുവാന്‍ അത്രയധികം സമയമൊന്നും ഉഷ എടുക്കേണ്ടതില്ല, മുഖത്തൊരു താത്പര്യക്കുറവും കാണിക്കാവുന്നതാണ്‌. വസുദേവരെ കാണിക്കുമ്പോള്‍ 'ചെറിയ സാമ്യമുണ്ട്, പക്ഷെ ഇത്രയും വൃദ്ധനല്ല!' എന്ന് ഉഷ പറഞ്ഞുവെങ്കിലും ശ്രീകൃഷ്ണന്‍, പ്രദ്യുമ്‌നന്‍ എന്നിവരിലെത്തുമ്പോള്‍ സാദൃശ്യവും ഒപ്പം ഉത്സാഹവും കൂടിവരുന്നതായി കാണിക്കുവാന്‍ ശുചീന്ദ്രന്‍ മറന്നതുപോലെ തോന്നി. അനിരുദ്ധന്റെ ചിത്രം കാണുമ്പോഴും ഉഷ പെട്ടെന്ന് തിരിച്ചറിയുന്നില്ല, അല്‍പം സമയമെടുത്തു തന്നെയാണ്‌ ചിത്രം അനിരുദ്ധന്റേതാണ്‌‌ എന്നുറപ്പുവരുത്തുന്നത്. ചിത്രലേഖ വരച്ച് കാണിക്കുന്ന മാത്രയില്‍ തന്നെ തിരിച്ചറിഞ്ഞ് ചിത്രം തട്ടിയെടുത്ത് മാറോടു ചേര്‍ക്കുന്നതിന്റെ സുഖം ഈ രീതിയിലാവുമ്പോള്‍ ലഭിക്കുന്നില്ല. ഈ കുറവുകളൊക്കെ ശുചീന്ദ്രന്റെ ഉഷയിലുണ്ടായിരുന്നെങ്കിലും, മാര്‍ഗി വിജയകുമാറിനെപ്പോലെ ഒരു മുതിര്‍ന്ന കലാകാരനോടൊപ്പമുള്ള ഇവിടുത്തെ അരങ്ങില്‍ ഏറെ മോശമാവാതെ പ്രവര്‍ത്തിക്കുവാന്‍ ശുചീന്ദ്രനു സാധിച്ചു. വേഷഭംഗിക്കൊപ്പം അരങ്ങുപരിചയം കൂടിയാവുമ്പോള്‍, കലാമണ്ഡലം ശുചീന്ദ്രന്‍ ഇനിയുമേറെ മെച്ചപ്പെടുമെന്നാണ്‌ പ്രതീക്ഷ. മുഖത്തു വരുത്തുന്ന സഞ്ചാരീഭാവങ്ങള്‍ക്ക് ഒരല്‍പം കൂടി സ്വാഭാവികത കൊണ്ടുവരുന്നതിലും ശുചീന്ദ്രന്‌ ശ്രദ്ധവെയ്ക്കാം.

ഉപകഥകള്‍
ചിത്രലേഖ
  • ബാണന്റെ മകളായ ഉഷയുടെ ഉറ്റതോഴിയാണ്‌ ചിത്രലേഖ. ചിത്രമെഴുത്തില്‍ നിപുണയായ അവള്‍ക്ക് അത്ഭുതസിദ്ധികളും വശമാണ്‌. ചിത്രലേഖ തന്റെ മന്ത്രസിദ്ധികളാലാണ്‌ സ്വഗൃഹത്തില്‍ ഉറങ്ങിക്കിടക്കുന്ന അനിരുദ്ധനെ(ശ്രീകൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നന്റെ മകനാണ്‌ അനിരുദ്ധന്‍.) ഉറക്കമുണര്‍ത്താതെ ഉഷയുടെ അന്തഃപുരത്തിലെത്തിക്കുന്നത്. (ബാണന്റെ മന്ത്രിമാരില്‍ ഒരാളുടെ പുത്രയാണ്‌ ചിത്രലേഖ എന്നും കേട്ടിട്ടുണ്ട്.)
പാര്‍വ്വതിയുടെ അനുഗ്രഹം
  • ബാണന്റെ ആവശ്യപ്രകാരം ശിവപാര്‍വ്വതിമാര്‍ ബാണന്റെ കോട്ടവാതില്‍ സം‍രക്ഷിച്ച് കഴിഞ്ഞു വരവേ, ഒരുനാള്‍ അവിവാഹിതയായ ഉഷ ശിവപാര്‍വ്വതിമാരുടെ പ്രണയലീലകള്‍ കാണുവാനിടയായി. ഇതുകണ്ട് തനിക്കുമപ്രകാരമൊരു കാന്തനെ ലഭിക്കണമെന്ന് ഉഷ ആഗ്രഹിച്ചു. ഉഷയുടെ ആഗ്രഹം മനസിലാക്കുന്ന പാര്‍വ്വതി, മൂന്നാം നാള്‍ക്കകം അനുരൂപനായ ഒരു രാജകുമാരന്‍ നിന്റെ സ്വപ്നത്തില്‍ വരുമെന്ന് ഉഷയെ അനുഗ്രഹിക്കുന്നു. അപ്രകാരമാണ്‌ അനിരുദ്ധന്‍ ഉഷയുടെ സ്വപ്നത്തിലെത്തുന്നത്.
അനിരുദ്ധനെ യോഗബലത്താല്‍ ചിത്രലേഖ ഉഷയുടെ അന്തഃപുരത്തിലെത്തിക്കുന്നു. ദ്വാരകയില്‍ സുരക്ഷിതനായി ഉറങ്ങുകയായിരുന്ന അനിരുദ്ധനെ എപ്രകാരമാണ്‌ താന്‍ ഇവിടെ കൊണ്ടുവന്നതെന്ന് ചിത്രലേഖ വിവരിക്കുന്നുണ്ട്. അനിരുദ്ധനെ പൂക്കള്‍ മുഖത്തു വിതറി ഉണര്‍ത്തുകയും, ഉണര്‍ന്ന് നിന്നെ നോക്കുമ്പോള്‍, കണ്ണുകള്‍ കൊണ്ട് അവന്റെ ഹൃദയത്തെ വശീകരിക്കുകയും ചെയ്യുക എന്നൊക്കെ ചിത്രലേഖ ഉഷയ്ക്ക് പറഞ്ഞുകൊടുക്കുന്നു. പിന്നീട് ഇരുവരേയും ഒരുമിച്ചുവിട്ട് ചിത്രലേഖ വിടവാങ്ങുന്നു. അനിരുദ്ധനായി കലാമണ്ഡലം വിപിന്‌ വെറുതേ അവിടെ കിടക്കുക മാത്രമേ ചെയ്യുവാനുണ്ടായുള്ളൂ. ചിത്രലേഖ വിടവാങ്ങിയതിനു ശേഷം, ഉഷ അനിരുദ്ധനെ ഉണര്‍ത്തി ഇരുവരും ആലിംഗബദ്ധരായി നില്‍ക്കുന്ന തരത്തിലോ മറ്റോ കളി അവസാനിപ്പിക്കാമായിരുന്നു. ഇതിപ്പോള്‍ അനിരുദ്ധന്‍ അവിടെ കിടക്കുന്നു, ഉഷ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു എന്ന രീതിയിലാണ്‌ കളി അവസാനിച്ചത്. എന്തെങ്കിലും ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, വെറുതേ കിടക്കുവാനായി അനിരുദ്ധനെന്നൊരു വേഷം അരങ്ങില്‍ ആവശ്യമുണ്ടെന്നു തോന്നിയില്ല. ചിത്രലേഖയ്ക്ക് ചിത്രമെഴുതുവാനായി ഒരു കണ്ണാടിയും ഇവിടെ ഉപയോഗിച്ചു കണ്ടു. അനിരുദ്ധനെ എന്നപോലെ തന്നെ, ഈ കണ്ണാടിയും ഒഴിവാക്കാമായിരുന്നു.

മുഖ്യഗായകനായി ഉദ്ദേശിച്ചിരുന്ന കോട്ടക്കല്‍ മധുവിന്‌ ട്രൂപ്പ് കളി കാരണമായി അന്നേ ദിവസം ഇവിടുത്തെ കളിയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. പകരം, മധുവിനോടൊപ്പം പാടുവാന്‍ നിശ്ചയിച്ചിരുന്ന കലാനിലയം രാജീവന്‍ പ്രധാനഗായകനായപ്പോള്‍ കലാനിലയം ബാബു ശിങ്കിടിയായെത്തി. ചിത്രലേഖയുടെ പദങ്ങളായ "കിം കിം അഹോസഖി!"യും "ബാണനന്ദനേ! നിന്റെ..."യുമൊക്കെ കലാനിലയം രാജീവന്‍ മനോഹരമായിത്തന്നെ ആലപിച്ചു. എന്നാല്‍ പോലും ബാബുവില്‍ നിന്നുമുള്ള പിന്തുണ നന്നേ ശുഷ്കമായതിനാല്‍ മൊത്തത്തിലുള്ള ആലാപനം ഏറെ മികവുപുലര്‍ത്തിയില്ല എന്നേ പറയുവാനാകൂ. പുറപ്പാടിനും മേളപ്പദത്തിനും മാത്രമേ സദനം രാമകൃഷ്ണന്റെ ചെണ്ട അരങ്ങില്‍ കണ്ടുള്ളൂ. ശരാശരിക്ക് മുകളിലേക്ക് പുറപ്പാടും മേളപ്പദവും പോയതുമില്ല. കലാനിലയം മനോജിന്റെ മദ്ദളം വേഷക്കാരെ തുണയ്ക്കുന്നതില്‍ പിന്നിലായെങ്കില്‍ അതിനു കാരണം, അന്നേ ദിവസം കളിക്കുപയോഗിച്ച മദ്ദളത്തിന്റെ പരിമിതിയാണ്‌. ചുരുക്കത്തില്‍ ഏറെ തൃപ്തികരമായ ഒരു അവതരണമായിരുന്നില്ല ഇവിടുത്തേതെങ്കില്‍ കൂടി, യുവകലാകാരന്മാര്‍ക്ക് അരങ്ങുപരിചയം നേടുവാന്‍ ഉതകുന്ന ഒന്ന് എന്ന നിലയ്ക്കു നോക്കിയാല്‍ ഏറെ നിരാശപ്പെടുത്തിയതുമില്ല.

12 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിക്കപ്പെട്ട 'ഉഷ-ചിത്രലേഖ'യുടെ ഒരു ആസ്വാദനം.
--

രമേശ്‌ അരൂര്‍ പറഞ്ഞു...

നന്നായി എഴുതി :)

faisu madeena പറഞ്ഞു...

നേരിട്ട് കാണുന്ന പോലെ തോന്നി വിവരണം .......

Sajeesh പറഞ്ഞു...

ഹരി

നന്നായി കേട്ടോ... ഇപ്പോ യുവകലാകാരന്മാരില്‍ വേഷഭംഗിയുടെ കാര്യത്തില്‍ സുചീന്ത്രന്‍ ആണ് ഒന്നാമത് എന്ന് തോന്നുന്നു അല്ലെ ? സുചീന്ത്രന്റെ പച്ച വേഷത്തിന്റെ ഫോട്ടോ ഉണ്ടെങ്കില്‍ ഒന്ന് എനിക്ക് അയച്ചു തരുമോ?

സജീഷ്

കപ്ലിങ്ങാട്‌ പറഞ്ഞു...

ഓഫ്: ആദി ദ്രാവിഡ രാജാവായിരുന്ന ബാണന്റെ പിന്‍തലമുറക്കാരാണ് പാണന്‍മാര്‍ എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

ബാണാസുരനും കേരളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ഇവിടെ:
http://www.banasura.com/wayanad-mythology-legend-of-banasura.html

:-)

-സു- {സുനില്‍|Sunil} പറഞ്ഞു...

എന്റെ കമന്റ് ഇവിടെ ഉണ്ട്. ഹരീവായിക്കുകയും ചെയ്തല്ലൊ.
http://www.google.com/buzz/mbsunilkumar/ewU9LktVX5P/%E0%B4%95%E0%B4%B3-%E0%B4%AF%E0%B4%B0%E0%B4%99-%E0%B4%99-%E0%B4%B2-%E0%B4%95-%E0%B4%B4%E0%B4%95-%E0%B4%95

-സു-

AMBUJAKSHAN NAIR പറഞ്ഞു...

ഹരീ. വളരെ നന്നായി എഴുതിയിട്ടുണ്ട്.

Haree പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

(ഇതിനുള്ളിലെ ചര്‍ച്ചകള്‍ ഇവിടെത്തന്നെ വരണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ബസ്സിലേക്ക് പോവുന്നില്ല. ബസ്സില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ കമന്റുകള്‍ അനുവദിക്കാത്തതു തന്നെ അതിനാലാണ്‌.)

ശുചീന്ദ്രന്റെ വേഷഭംഗിയെക്കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ കഥകളിയെ സംബന്ധിച്ചിടത്തോളം കാഴ്ചയില്‍ വേഷത്തിനുള്ള ഭംഗികൊണ്ടു മാത്രം ഒരു നടന്‍ പൂര്‍ണതയിലെത്തുന്നില്ല. കലാമണ്ഡലം ശുചിന്ദ്രന്റെയൊരു കൃഷ്ണമുടി വേഷം ഇവിടെയുണ്ട്.
--

Unknown പറഞ്ഞു...

With reference to Sajeesh's comment.

In Kathakali, veshams beauty doesnt matter, though yes, to some extent. What if the artist look like manju warrier but doesnt have stuff in him ?
Anyways, good to see Sucheendran improving with each stage. Though he has miles to go...

Ranjini
Dubai

Sajeesh പറഞ്ഞു...

ഹരി പറഞ്ഞ മാതിരി വേഷ ഭംഗികൊണ്ടു ഒരു നടനും പൂര്‍ണതയില്‍ എത്തില്ല, ഞാന്‍ അതിനോട് നൂറു ശതമാനം യോജിക്കുന്നു.

പിന്നെ രണ്ജിനിയോടു... കഥകളിയില്‍ ആഹാര്യത്തിനും വേഷ ഭംഗിക്കും ഒരു പരിധി വരെ പ്രാധാന്യം ഉണ്ട്. ഞാന്‍ എവിടെയും സുചീന്ധ്രന്‍ ആണ് ഇപ്പോഴത്തെ ഒന്നാംകിട കഥകളി വേഷം എന്ന് എന്റെ കമന്റില്‍ പറഞ്ഞിട്ടില്ല. നല്ല ഭംഗി ഉണ്ട് എന്നെ മാത്രമേ പറഞ്ഞുള്ളൂ. അതിനു ഇപ്പോ ഒരു മഞ്ജു വാരിയരുടെ കമ്പാരിസണ്‍ വേണം എന്ന് തോന്നുന്നില്ല. ഞാന്‍ ആകെ ഒരു കഥകളി വേഷത്തിന്റെ ഭംഗിയെ പറ്റി അഭിപ്രായം പറഞ്ഞു എന്ന് മാത്രം. കളിയെ പറ്റി എഴുതിയിട്ടില്ല.

സജീഷ്

Srikumar K പറഞ്ഞു...

From my readings I think Banasura was in Maharashtra but extending northwards towards Kailasa(Nepal). Narakasura was in Assam. The desciples of Banasura should have come south to Kerala. Indra should have been in Kashmir. Srikumar

സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു...

വിവരണം നന്നായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--