
പാഞ്ചാലി നല്‍കിയ സൗഗന്ധികത്തിന്റെ ഗന്ധം ഇടക്കിടെ ആസ്വദിച്ചും, പൂവിലേക്ക് പാറിയെത്തിയ വണ്ടുകളെ അകറ്റിയും മറ്റും ഭീമന്റെ കൈയ്യിലുള്ള പുഷ്പത്തിന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടായിരുന്നു പാഞ്ചാലിയുടെ പദഭാഗത്ത് സേതുനാഥ് പ്രവര്‍ത്തിച്ചത്. പദത്തിനും താളത്തിനുമൊപ്പിച്ച് മുദ്രകള്‍ കൃത്യമായി പ്രയോഗിക്കുന്നതില്‍ പിന്നിലായത് മാര്‍ഗി സുകുമാരന്റെ പാഞ്ചാലിയുടെ ആകര്‍ഷണീയത കുറച്ചു. വനത്തില്‍ ക്ലേശിക്കുന്ന നമ്മുടെ വിഷമാവസ്ഥ കണ്ട് ഒരു സാന്ത്വനമായി അച്ഛനായ കാറ്റ് കൊണ്ടുവന്നതാണ് ഈ പുഷ്പമെന്ന് പറഞ്ഞു കൊണ്ടാണ് പദത്തിനു ശേഷമുള്ള ആട്ടം ആരംഭിച്ചത്. ആഹാരത്തിനും വെള്ളത്തിനും ഉപായമെന്ത് എന്ന് സംശയിക്കുന്ന പാഞ്ചാലിയോട്, കുട്ടിക്കാലത്ത് നാഗരസം സേവിച്ചതിനാല്‍ വിശപ്പും ദാഹവും തനിക്കുണ്ടാവില്ല എന്നത് ഭീമന്‍ അറിയിക്കുന്നു. കൂട്ടത്തില്‍ 'നിന്റെ കടാക്ഷമുണ്ടെങ്കില്‍ പിന്നെയെന്ത് വിശപ്പും ദാഹവും?' എന്നു കൂടി ഭീമന്‍ ചോദിക്കുന്നുണ്ട്. പക്ഷെ, ആദ്യം വിശപ്പും ദാഹവും ഉണ്ടാവാതിരിക്കുവാന്‍ ഒരു കാരണം പറഞ്ഞതിനു ശേഷം, ഭാര്യയുടെ കടാക്ഷം മതി എന്ന ഭീമന്റെ ഭംഗിവാക്കിന് അതു മാത്രം പറയുമ്പോഴുള്ള ഭംഗിയുണ്ടോ എന്നു സംശയമുണ്ട്. പാഞ്ചാലിയുടെ ആഗ്രഹം സാധിക്കുവാന്‍ ഉത്സുകനായ ഭീമന്‍, പാഞ്ചാലിയുടെ കടാക്ഷം കാരണമായി വിശപ്പും ദാഹവും ഉണ്ടാവില്ല എന്നു മാത്രം പറയുന്നതാണ് ഇവിടെ കൂടുതല്‍ യോജിക്കുക. (പിന്നീട് ഹനുമാന്‍ 'നിനക്കു വിശപ്പും ദാഹവുമൊന്നുമില്ലേ?' എന്നു ചോദിച്ചാല്‍ ഭീമന് നാഗരസത്തിന്റെ കഥ ആടുകയുമാവാം.)
കാറ്റിന്റെ ദിശനോക്കി സഞ്ചരിക്കുന്ന ഭീമന്‍ ആദ്യം ഗന്ധമാദന പര്‍വ്വതവും പിന്നീട് പെരുമ്പാമ്പ് പിടികൂടുന്ന ആനയേയും കാണുന്നു. കൂട്ടം തെറ്റിപ്പോയ ഒരു ആനയെയാണ് സേതുനാഥിന്റെ ഭീമന്‍ ഇവിടെ കാണുകയുണ്ടായത്. ഗന്ധമാദനത്തിലെ കാഴ്ചകളും തുടര്‍ന്നുള്ള 'അജഗരകബളിത'വും മറ്റും ഭംഗിയായി അവതരിപ്പിക്കുവാന്‍ സേതുനാഥ് ശ്രമിച്ചു. ആയാസമില്ലാതെയാണ് ഭീമന്റെ വരവെങ്കിലും, കെട്ടിശീലമില്ലാത്തതിനാലാവാം സേതുനാഥിന്റെ മുഖത്ത് പലപ്പോഴും ആയാസമുള്ളതായി തോന്നി. വീരരസത്തേക്കാള്‍ ഒരല്‍പം ദുഃഖം കലര്‍ന്ന വീരമായിരുന്നു ഭീമന്റെ മുഖത്ത് സ്ഥായിയായി കണ്ടത്. (വനവാസക്കാലമായതിനാല്‍ അത് സാധുവാണെന്നും പറയാം.) സഞ്ചാരീഭാവങ്ങളിലും കുറച്ചു കൂടി മികവ് കൈവരിക്കുവാന്‍ സേതുവിന് സാധിക്കുമെന്നു തന്നെ കരുതുന്നു. കൂട്ടത്തില്‍ മുദ്രകള്‍ താളത്തിനൊപ്പിച്ച് കാട്ടുന്നതിലും, കലാശങ്ങള്‍ ഭംഗിയായി ഇണക്കുന്നതിലുമൊക്കെ സേതുവിന് അരങ്ങു പരിചയവും നേടുവാനുമുണ്ട്.
KalyanaSaugandhikam
Park Centre, Technopark, KariyavattomWritten by
- Kottayathu Thamburan
Actors
- Sethunath U. as Bhiman
- Margi Sukumaran as Panchali
- Kalamandalam Ratheesan as Hanuman
Singers
- Kalanilayam Rajeevan
- Arjun
Accompaniments
- Margi Venugopal in Chenda
- Margi Rathnakaran in Maddalam
Chutty
- RLV Somadas
Kaliyogam
- Margi, Thiruvananthapuram
Organized by
June 16, 2011- Natana, Technopark
കലാനിലയം രാജീവന്റെയും അര്‍ജ്ജുന്റെയും അന്നേ ദിവസത്തെ ആലാപനത്തിന് ഏറെ മികവ് തോന്നിച്ചില്ല. മധ്യമാവതിയിലുള്ള 'ആരിഹ വരുന്നതിവനൊ'ക്കെ ഇതിലുമെത്രയോ ഭംഗിയായി ആലപിക്കുവാന്‍ കലാനിലയം രാജീവന് സാധിക്കും എന്നതില്‍ ഒരു സംശയവുമില്ല. തുടക്കക്കാരനായ അര്‍ജ്ജുന്‍ തന്റെ കഴിവിനൊത്ത് രാജീവനെ പിന്തുണച്ചു. മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി രത്നാകരന്‍ എന്നിവരുടെ മേളം കലാശങ്ങള്‍ക്കും മറ്റും കൂടിയെങ്കിലും കൈക്കും കണ്ണിനും കൂടുന്നതില്‍ പിന്നിലായിരുന്നു. അത്ര അരങ്ങുപരിചയമില്ലാത്ത സേതുനാഥിന്റെ ഭീമന് കൊട്ടുമ്പോള്‍ വരുന്ന ചേര്‍ച്ചക്കുറവുകള്‍ മനസിലാക്കാം; എന്നാല്‍ മാര്‍ഗി സുകുമാരനും കലാമണ്ഡലം രതീശനും കൊട്ടിയപ്പോഴും ഇരുവരുടേയും മേളത്തിന് ഏറെ മികവ് കൈവരിക്കുവാന്‍ കഴിഞ്ഞില്ല.
ഉപകഥകള്‍
ഭീമന്റെ നാഗരസപാനം
- ഒരിക്കല്‍ കുട്ടിക്കാലത്ത്, കൗരവര്‍ ഭീമനെ വിഷം കൊടുത്തു മയക്കി ഗംഗയില്‍ ഒരു കയത്തിലേക്ക് എറിഞ്ഞു. അവിടെ നാഗങ്ങള്‍ ഭീമനെ കടിക്കുകയും, നാഗങ്ങളുടെ വിഷം കാരണമായി കൗരവര്‍ നല്‍കിയ വിഷത്തിന്റെ പ്രഭാവം നീങ്ങുകയും ചെയ്തു. പിന്നീട് നാഗങ്ങള്‍ ഭീമനെ നാഗരാജാവായ വാസുകിയുടെ സമീപമെത്തിച്ചു. ആയിരം ആനകളുടെ ശക്തി ലഭിക്കുന്ന നാഗരസം പകര്‍ന്നു വെച്ചിരിക്കുന്ന കുടങ്ങള്‍ വാസുകി ഭീമന് കാണിച്ചു കൊടുത്തു. വാസുകിയുടെ അനുമതിയോടെ എട്ടു കുടം നാഗരസം ഭീമന്‍ ഒറ്റയിരുപ്പിന് കഴിച്ചു തീര്‍ത്തു. അതോടെ ഭീമന്‍ അതിശക്തനായി തീര്‍ന്നു. നാഗരസപാനത്തോടെ വിശപ്പും ദാഹവും കാരണമായി ഒരിക്കലും ക്ഷീണം തോന്നുകയില്ല എന്ന സിദ്ധിയും ഭീമന് കൈവന്നു.
ഭീമനായി വേഷമിട്ട സേതുനാഥ് യു. കഥകളി ജീവിതമാര്‍ഗമാക്കിയ ഒരു കലാകാരനല്ല, ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും അരങ്ങിലൊരു വേഷം ചെയ്യുന്നത്, എന്നിവയൊക്കെ കൂടി കണക്കിലെടുത്താല്‍; കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ആവശ്യമുള്ളതൊക്കെ വിട്ടുപോവാതെ ചെയ്തു എന്നതില്‍ സേതുവിനെ അഭിനന്ദിക്കാം. ഒരുപക്ഷെ ഇത്തരത്തിലൊരു വേദി ആയതിനാലാവാം, മറ്റ് കലാകാരന്മാര്‍ വേണ്ടത്ര ഉത്സാഹം അരങ്ങില്‍ കാണിച്ചതായി തോന്നിയില്ല. ഇവരെല്ലാവരും ഇതിലും നന്നായി അരങ്ങില്‍ പ്രവര്‍ത്തിക്കുവാന്‍ കെല്‍പുള്ളവര്‍ തന്നെ. ചുരുക്കത്തില്‍; വേഷക്കാരും ആലാപനവും മേളവുമൊക്കെ നിറം മങ്ങിയപ്പോള്‍ കഥകളിയുടെ സ്ഥിരം ആസ്വാദകര്‍ക്ക് ഓര്‍ത്തുവെയ്‍ക്കുവാനായി എന്തെങ്കിലും നല്‍കിയ ഒരു അവതരണമായിരുന്നില്ല ടെക്‍നോപാര്‍ക്കിലെ 'കല്യാണസൗഗന്ധികം'.
7 അഭിപ്രായങ്ങൾ:
'നടന'യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ടെക്‍നോപാര്‍ക്കില്‍ അവതരിക്കപ്പെട്ട 'കല്യാണസൗഗന്ധികം' കഥകളിയുടെ ഒരു ആസ്വാദനം.
--
സേതുവിന് ആശംസകള്‍.
കലാമണ്ഡലം രതീശന്റെ ഹനുമാന്‍ എന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവായ ഓയൂരാശാന്റെ ഹനുമാന്‍ ധാരാളം തവണ കണ്ടിട്ടുള്ളത് ഈ സാഹചര്യത്തില്‍ സ്മരിക്കുന്നു.
പ്രിയപ്പെട്ട ഹരീ
ഒരാഴ്യായി ഞാന്‍ കാത്തിരുന്ന ഹരീയുടെ ആസ്വാദനക്കുറിപ്പ് കണ്ട്, വായിച്ചു, സന്തോഷമായി. എനിക്ക് കഥകളിയെക്കുറിച്ച് ആധികാരികമായി ഒന്നും പറയുവാന്‍ അറിയില്ല. എന്നിരുന്നാലും കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ സേതുട്ടനോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഈ കുറിപ്പിലും കണ്ടു. ഞാനും കഥകളിയെ കൂടുതല്‍ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഒരു തോന്നല്‍ ഈ കുറിപ്പ് എനിക്ക് തരുന്നു. ഹരീക്ക് എന്റെ നന്ദി. കൂടാതെ ഒരു കാര്യം കൂടി ഞാന്‍ സേതൂട്ടനോട് പറഞ്ഞിരുന്നു. തലേന്നാള്‍ ചൊല്ലിയാടിയപ്പോള്‍ കളിക്കാതിരുന്ന ഭാഗം (നാഗരസം) അരങ്ങത്ത് സഹകലാകാരന്മാരോട് സൂചിപ്പിക്കാതെ കളിച്ചത് എത്തിക്സിന് എതിരായിപ്പോയി എന്നും കുറ്റപ്പെടുത്തിയിരുന്നു. സേതൂട്ടന്‍ അത് പോസിറ്റീവായി എടുക്കുകയും ചെയ്തു.
വളരെ നല്ല ആസ്വാദനം. നന്ദി.
ഭീമന്റെ ഭാര്യ
വിദ്യ
ഭീമനായി അരങ്ങിലെത്തിയ സേതുവിനും കളിവിവരങ്ങൾ വിവരിച്ച ഹരീയ്ക്കും അഭിനന്ദനങ്ങൾ.
ഭീമന്റെ ഭാര്യ...വിദ്യ...ഹിഡിംബിയും പാഞ്ചാലിയും കൂടാതെ ഇങ്ങിനൊരു വിദ്യകൂടി....ഹംബടഭീമാ :-)
"തലേന്നാള്‍ ചൊല്ലിയാടിയപ്പോള്‍ കളിക്കാതിരുന്ന ഭാഗം (നാഗരസം) അരങ്ങത്ത് സഹകലാകാരന്മാരോട് സൂചിപ്പിക്കാതെ കളിച്ചത് എത്തിക്സിന് എതിരായിപ്പോയി എന്നും കുറ്റപ്പെടുത്തിയിരുന്നു."
അതുപോലെയുള്ള 'അണ്‍ എത്തിക്കല്‍' പ്രവൃത്തികളെ വിദ്യ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് :)
ഹരീ
വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു.
"വീരരസത്തേക്കാള്‍ ഒരല്‍പം ദുഃഖം കലര്‍ന്ന വീരമായിരുന്നു ഭീമന്റെ മുഖത്ത് സ്ഥായിയായി കണ്ടത്. (വനവാസക്കാലമായതിനാല്‍ അത് സാധുവാണെന്നും പറയാം.)"
:) ആ ദു:ഖഭാവം മൊത്തത്തിലുള്ള ആയാസത്തിന്റെയാണ് എന്നു പറയേണ്ടതില്ലല്ലോ.
നാഗരസത്തിന്റെ ആട്ടം രതീശേട്ടന്‍ രണ്ടു ദിവസം മുന്‍പ് സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചതാണ്. ചൊല്ലിയാടിയിരുന്നില്ല. പാഞ്ചാലിയുടെ ചോദ്യം കഴിഞ്ഞ് ഇത് കാണിക്കാം എന്നു പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഞാന്‍ അബദ്ധത്തില്‍ പെടുമോ എന്ന ഭയം കൂടെയുള്ളവര്‍ക്കുണ്ടായിരുന്നു. പക്ഷേ അവരുടെ ഉചിതമായ സഹകരണം അതൊക്കെ ആടുവാന്‍ സഹായിച്ചു. ആ ആട്ടത്തിന് ഔചിത്യം കുടുതല്‍ വരിക പാഞ്ചാലിയുടെ കടാക്ഷങ്ങളെക്കുറിച്ചുള്ള ആട്ടത്തിനു ശേഷമായിരിക്കും എന്നും തോന്നുന്നു.
പിന്നീട് ഹനുമാന്റെ ഒരു ചോദ്യത്തിന് പരുങ്ങിയതു ശ്രദ്ധിച്ചു കാണുമല്ലോ? :)
"അമ്മ കുന്തി ഇപ്പോള്‍ എവിടെയാണ്" എന്ന ചോദ്യത്തിന് ഞാന്‍ "ഞങ്ങളുടെ കുടെത്തന്നെയാണ്" എന്നാണ് ഉത്തരം കൊടുത്തത്.(വിദുരഭവനത്തിലാണല്ലോ :)) പിന്നെയുള്ള ചോദ്യം അപ്പോള്‍ നിങ്ങള്‍ വീട്ടിലാണോ താമസം എന്ന ചോദ്യം വന്നതോടെ എന്റെ ഗാസ് പോയി. പാണ്ഡവരുടെ നിത്യവൃത്തിയെക്കുറിച്ചുള്ള ചോദ്യത്തിലേക്കാണ് ഹനുമാന്‍ പോയത്. അത് മനസ്സിലാക്കാന്‍ പറ്റഞ്ഞത് അക്ഷയപാത്ര ലബ്ധിയൊക്കെ ആടാനുള്ള അവസരം കളഞ്ഞു. എനിക്ക് മനസ്സിലായില്ല എന്നറിഞ്ഞതോടെ രതീശേട്ടന്‍ വഴി പറയുന്ന ആട്ടത്തിലേക്ക് കടക്കുകയും ചെയ്തു.
എന്റെ പരിമിതികളെ അറിഞ്ഞ് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കളി കാണുവാനെത്തുകയും പ്രോല്‍സാഹിപ്പിക്കുകൗം ചെയ്ത എല്ലാവര്‍ക്കും ഒരുപാട് നന്ദി.
അവലോകനത്തിന് ഹരീക്കും നന്ദി.
Nice to read; Sivadas
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--