മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ അവതരിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യ ഭാഗം
ഇവിടെ വായിക്കുക. തോന്നയ്ക്കല്‍ പീതാംബരനായിരുന്നു പുഷ്കരനായി രംഗത്തെത്തിയത്. “അരികില്‍ വന്നു നിന്നതാരെന്തഭിമതം?” എന്ന പുഷ്കരന്റെ ആദ്യ പദം, ഇടമട്ടിലുള്ളൊരു ചിട്ടപ്രധാനമായൊരു പദത്തിന്റെ ഘടനാപരമായ ഛായയുള്ള ഒന്നാണ്. എന്നാല്‍ സാധാരണയൊരു പദം പോലെ, മുദ്രകാണിച്ചു പോകുവാന്‍ മാത്രമേ പീതാംബരന് ശ്രമിച്ചുള്ളൂ. കലിയാല്‍ ഉത്തേജിതനാവുന്ന പുഷ്കരന്, ഉദ്യാനത്തില്‍ ദമയന്തിയുമായി കഴിയുന്ന നളന്റെ സമീപം ചെന്ന് ചൂതുവിളിക്കുന്നു. ചെന്നു കണ്ട്, പുഷ്കരനാണെന്നറിയുന്ന നളന് പുച്ഛത്തോടെ ദമയന്തിയോട് പറയുന്നു, ‘എനിക്കൊരു അര്ദ്ധസഹോദരനുള്ളതായി അറിയില്ലേ? അവനാണിവന്.’ എന്ന്.
പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ദമയന്തി നളന്റെ അര്‍ദ്ധസഹോദരനെ ആദ്യമായാണ് ഈ സമയം കാണുന്നത് എന്നതില്‍ അല്പം അതിശയോക്തിയുണ്ട്. ഇനി അത്രമേല്‍ അവഗണിക്കപ്പെട്ട നിലയിലായിരുന്നു പുഷ്കരന് എന്നുവരുന്നത്, നളന് ക്ഷീണവുമാണ്. ഇത്തരം സംശയങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കുവാനല്ലാതെ, മറ്റെന്തെങ്കിലും ഗുണം നളന്റെ ഈ വാചകം കൊണ്ടുണ്ടെന്നു തോന്നുന്നില്ല. ചൂതുകളിക്കിരിക്കുന്ന നളന്; കൈ തരിക്കല്‍, ഇടതു കണ്ണു തുടിക്കുക തുടങ്ങിയ ദുഃശകുനങ്ങള്‍ അനുഭവപ്പെടുന്നു. അവ കാര്യമാക്കാതെ ചൂതു തുടങ്ങുന്ന നളന് സര്‍വ്വതും നഷ്ടമാവുന്നു. പുറത്തു നിന്ന് കരയുകയായിരുന്ന ദമയന്തി, കാര്യങ്ങള്‍ കൈവിട്ടുപോവുന്നു എന്നതു മനസിലാക്കി കുട്ടികളെ സേവകന് മുഖേന ഭീമരാജ്യത്തേക്കയയ്ക്കുന്നു. പുഷ്കരന്റെ ദുര്‍വാക്കുകളില്‍ മനംനൊന്ത്, നളന് ദമയന്തിയോടു ചേര്‍ന്ന് വനത്തിലേക്ക് തിരിക്കുന്നു.
തനിക്കു വന്നുചേര്‍ന്ന സൌഭാഗ്യത്തില്‍ മദോന്മത്തനായി, “ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍...” എന്നയളവുവരെ പോവുന്നുണ്ട് പുഷ്കരനിവിടെ. വളരെ ഉന്മത്തനായുള്ള പുഷ്കരനെ വേണ്ടരീതിയില്‍ അവതരിപ്പിക്കുന്നതില്‍ തോന്നയ്ക്കല്‍ പീതാംബരന് വിജയിച്ചില്ല. ഭാവം മുഖത്തുണ്ടെങ്കിലും, പ്രായാധിക്യം മൂലമാവണം ആവശ്യത്തിനു വേണ്ട ഊര്‍ജ്ജം പുഷ്കരനു നല്കുന്നതില് അദ്ദേഹം പിന്നിലായിരുന്നു. “ഭൂമിയെന്നതുപോലെ...” എന്ന പദം ആടുവാന്‍ പലപ്പോഴും കലാമണ്ഡലം ഗോപി, പുഷ്കരനായി വേഷമിടുന്ന കലാകാരനെ അനുവദിക്കാറില്ല. ഇതു കേട്ടയുടനെ നിയന്ത്രണം വിടുന്ന നളനാണ്, മുദ്ര തീരുന്നതുവരെ നോക്കിയിരിക്കുന്ന് കോപിക്കുന്നതിലും നല്ലതും. ‘മല്ലാക്ഷിഭൈമിയേയുമൊല്ലാ കൊണ്ടങ്ങുപോകില്‍...’ എന്നതിനോടു ചേര്‍ത്ത് ‘ഭൂമിയെന്നതുപോലെ ഭൈമിയും...’ എന്നു കൂടി പുഷ്കരന് മുദ്ര അഭിനയിച്ചതിനു ശേഷം മാത്രം, ഗായകര്‍ ആ വരിയിലേക്ക് കടക്കുന്നതാണ് അതിനാല്‍ നല്ലതെന്നു തോന്നുന്നു. വരി ഒരിക്കല്‍ പാടുമ്പോള്‍ തന്നെ, ‘ചേരുമെന്നില്‍’ എന്നു കാണിച്ച് നിര്‍ത്തുവാനും ഇങ്ങിനെയാവുമ്പോള്‍ പുഷ്കരനു സാധിക്കും. അങ്ങിനെയല്ലെങ്കില്‍ നളന് പാട്ടുകേട്ട് ആടുകയാണെന്ന തോന്നലാണുണ്ടാവുക. നിരവധി രാജാക്കന്മാരുടെ സദസില്‍, ദേവകള്‍ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ ധരിച്ച ഈ കിരീടം, ഇന്ന് ഇവനായി ഉപേക്ഷിക്കേണ്ടിവന്നുവല്ലോ എന്നു സങ്കടപ്പെട്ട്, അര്‍ത്ഥഗര്‍ഭമായി അനുഗ്രഹിച്ച്, ദമയന്തിയോടൊപ്പം നളന് കാട്ടിലേക്ക് തിരിക്കുന്നു.
പക്ഷികളെ പിടിക്കുവാന്‍ ശ്രമിക്കവെ ഏകവസ്ത്രവും നഷ്ടപ്പെട്ട് ദമയന്തിയോടൊപ്പം നളന് വനത്തില്‍ പ്രവേശിക്കുന്നു. ദമയന്തിയെ തന്റെ നിസ്സഹായത പറയുന്ന നളന്റെ, “ഒരുനാളും നിരൂപിതം...” എന്ന പദമാണ് തുടര്‍ന്ന്. വിശപ്പും ദാഹവുമൊന്നുമല്ല, നമ്മളുടെ പൊരുത്തം പൊയ്പോയോ എന്നതാണ് വിഷമിപ്പിക്കുന്നത് എന്നു പറഞ്ഞ് തന്റെയൊപ്പം നില്ക്കുന്ന ദമയന്തി തന്നോടൊപ്പം വന്നാല്‍ കൂടുതല്‍ കഷ്ടത അനുഭവിക്കേണ്ടിവരുമെന്ന് നളന് തിരിച്ചറിയുന്നു. കാനനത്തിന്റെ ഭീകരത പറഞ്ഞു മനസിലാക്കി, ഇരുവഴികളിലൊന്നു ചൂണ്ടിക്കാട്ടി കുണ്ഡിനത്തിലേക്കുള്ള വഴിയിതാണെന്നു പറഞ്ഞു കൊടുത്ത് പതിയെ പിന്നിലോട്ടു നടക്കുന്ന നളന്റെയടുത്തേക്ക് ദമയന്തി തിരികെയെത്തുന്നു. യാത്രചെയ്ത് ക്ഷീണിതയായിരിക്കുന്ന ദമയന്തിയോട് തന്റെ മടിയില്‍ കിടന്നുറങ്ങുവാന്‍ നളന് പറയുന്നു. രാജകൊട്ടാരത്തില്‍ സര്‍വ്വസുഖങ്ങളോടും കഴിയേണ്ട ഇവള്‍ക്ക്, താന്‍ കാരണമായി ഇങ്ങിനെയൊരു ദുരന്തം വന്നുവല്ലോ എന്ന ചിന്ത നളനെ കൂടുതല്‍ ദുഃഖിപ്പിക്കുന്നു. ഒടുവില്‍, ദമയന്തിയുടെ പാതിവസ്ത്രവും മുറിച്ചെടുത്ത് നളന് നടന്നു മറയുന്നു.
കലിബാധയാല്‍ ഉന്മത്തനായ നളന് ദമയന്തിയെ പിരിയുന്ന രംഗം കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയ്ക്കും ഈ ഭാഗമായപ്പോഴേക്കും ഉണര്‍വ്വു വെച്ചു. മാര്‍ഗി രത്നാകരന് നന്നായി പിന്തുണയ്ക്കുകയും; പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് തുടങ്ങിയവര്‍ ഭാവമൊട്ടും കുറയാതെ ഗാനമാലപിക്കുകയും കൂടി ചെയ്തപ്പോള്‍ ഈ രംഗം വളരെ മികവു പുലര്‍ത്തി. ദുഃഖിതയായ ദമയന്തിക്ക്, ഘോരമായ വനത്തെക്കുറിച്ച് ഉള്ളാലെ ഭയവുമുണ്ട്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാര്‍ഗി വിജയകുമാറിന്റെ ഈ രംഗങ്ങളിലെ അഭിനയവും ശ്രദ്ധേയമാണ്. ഉന്മത്തനായി പിന്നിലേക്കും, ദീനനായി മുന്നിലേക്കും രണ്ടുമൂന്നു പ്രാവശ്യം നടന്ന്; ദിക്പാലകന്മാരോട് ഇവളെ ഹൃംസജന്തുക്കളില്‍ നിന്നും കാത്തുകൊള്ളണമെന്നപേക്ഷിച്ച് പെട്ടെന്ന് പിന്നിലേക്കു തിരിഞ്ഞു മറയുന്ന കലാമണ്ഡലം ഗോപിയുടെ നളന് പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവവേദ്യമായി. ഇവിടുത്തെ കളിയില്‍, ഈ ഭാഗമൊഴികെയുള്ള മറ്റു രംഗങ്ങളില്‍ ഗോപിയാശാന് നളനായി മാറുന്ന മായാജാലം അത്രയ്ക്കൊന്നും അനുഭവപ്പെട്ടില്ല എന്നുകൂടി പറയേണ്ടതുണ്ട്.
ഉറക്കമെഴുനേല്‍ക്കുന്ന ദമയന്തി നളനെ കാണാഞ്ഞ് പരിഭ്രമിക്കുന്നു. ഏതോ ദുഷ്ടശക്തിയുടെ പ്രേരണയാലാണ് നളന് ഈ തരത്തില്‍ തന്നോടുപോലും പെരുമാറുന്നത് എന്നുറയ്ക്കുന്ന ദമയന്തി, ആ വഞ്ചകനെ ശപിക്കുകയും ചെയ്യുന്നു. നളനെ തേടി നടക്കവെ ദമയന്തിയുടെ കാലില്‍ ഒരു പാമ്പ് പിടികൂടുന്നു. ദമയന്തിയുടെ നിലവിളി കേട്ട് ഉറക്കമുണരുന്ന ഒരു കാട്ടാളന് അവിടെ രക്ഷയ്ക്കെത്തുന്നു. എന്നാല്‍, ദമയന്തിയുടെ രൂപം കണ്ട് മോഹിക്കുന്ന കാട്ടാളന്, രക്ഷിച്ചതിനു ശേഷം ദമയന്തിയോട് തന്നോടൊപ്പം വസിക്കുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഒരു അപകടത്തില്‍ നിന്നും മറ്റൊന്നിലെത്തുന്ന ദമയന്തി, ഇതിന് ദേവേന്ദ്രന് നല്കിയ വരമാണ് തനിക്ക് ഉപകാരപ്പെടുക എന്നു ചിന്തിക്കുന്നു. ദമയന്തിയുടെ വ്രതശക്തിയാല്‍ കാട്ടാളന് ഭസ്മമായി മാറുന്നു.
തന്റെ ഭര്‍ത്താവ് സ്വബോധത്തോടെ ഇതു ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയില്‍ പ്രകടമാണ്. ദമയന്തിയുടെ ഈ ദൃഢനിശ്ചയമാണ് നളചരിതത്തെ തുടര്‍ന്നു നയിക്കുന്നത് എന്നതു വിചാരിക്കുമ്പോള്‍, ദമയന്തിയെന്ന കഥാപാത്രത്തിന്റെ ഈ രീതിയിലുള്ള അവതരണം അവശ്യമാണെന്നു കാണാം. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് കാട്ടാളനായി രംഗത്തെത്തിയത്. ഉറക്കം വിട്ടെഴുന്നേല്ക്കുന്ന കാട്ടാളന്, കല്ലുകള്‍ കൂട്ടിത്തിരുമ്മി തീയുണ്ടാക്കുന്നതും പന്തം കത്തിക്കുന്നതുമൊക്കെ ആടുകയുണ്ടായി. തുടര്‍ന്ന് പന്തം കെടുത്തി ശബ്ദത്തെക്കുറിച്ച് അന്വേഷിക്കുകതന്നെ എന്നുറയ്ക്കുകയും ചെയ്യുന്നു. ഈ ആട്ടം എന്തിനാണെന്ന് മനസിലാവുന്നില്ല. കാട്ടാളന്റെ ഉപജീവനത്തിന് ഹേതുവായുള്ള ആയുധങ്ങള്‍ മൂര്ച്ചകൂട്ടുന്നതും മറ്റും വിശദമായി ആടുന്നവരുണ്ട്. എന്നാല്‍, മൂര്‍ച്ചയുണ്ടോ എന്നൊന്ന് പരിശോധിച്ച് ആയുധങ്ങളുമെടുത്ത് പെട്ടെന്ന് തയ്യാറാവുകയാണ് നെല്ലിയോടിന്റെ കാട്ടാളന് ചെയ്തത്. മറ്റൊരു പ്രത്യേകത കണ്ടത്, കാട്ടാളന് ഒറ്റയ്ക്കല്ല താമസം എന്ന രീതീയിലായിരുന്നു അവതരണം എന്നതാണ്. ആരവമെന്തെന്നറിയുവാനായി പോവുന്നതിനു മുന്‍പ്, വാതിലടച്ചു കിടക്കുവാനായി ഉറങ്ങുന്നവരിലൊരാളെ (ഭാര്യയും മക്കളുമാണോ?) ഉണര്‍ത്തി പറയുകയും ചെയ്തു കാട്ടാളന്. ഒറ്റയ്ക്ക്, കാമപൂരണത്തിനുള്ള അവസ്ഥയില്ലാതെ കാട്ടില്‍ കഴിയുന്ന കാട്ടാളനാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു. ആപത്തില്‍ പെട്ടു കരയുന്ന സ്ത്രീയെ കാണുമ്പോള്‍ തന്നെ, രക്ഷിക്കുവാന്‍ ആലോചിക്കുന്നതിനും മുന്‍പ് കാമമാണല്ലോ കാട്ടാളനില്‍ ഉളവാകുന്നത്.
ദമയന്തിയെ കണ്ടയുടന്‍, വസ്ത്രം പോലും മുഴുവനില്ലാത്തത്രയും ഗതികേടിലാണിവള്‍ എന്നു കാട്ടാളന് മനസിലാക്കുകയുമുണ്ടായി. സാധാരണ കാട്ടാളന്മാര് ഇങ്ങിനെയൊരു കാര്യം ശ്രദ്ധിക്കുന്നതായി കണ്ടിട്ടില്ല. അനാവശ്യമായി പലപദങ്ങളും വിസ്തരിക്കുന്നതാണ് നെല്ലിയോടിന്റെ കാട്ടാളനില്‍ കണ്ട പ്രധാന പോരായ്മയായി തോന്നിയത്. എന്നാല്‍ പാമ്പിനെ കൊല്ലുന്നതിലും മറ്റും മിതത്വം പാലിക്കുകയും ചെയ്തു. “അംഗനേ ഞാനങ്ങു പോവതെങ്ങിനെ...” എന്നതിന്റെ തുടക്കത്തില്‍, ‘വാളെടുത്ത് വേണമെങ്കില്‍ നീയെന്റെ കഴുത്തുവെട്ടിക്കോളൂ, എന്നാലും ഞാന്‍ പോവില്ല!’ എന്നാടിയതും രസകരമായി തോന്നി. “അബലേ! നിന് വ്രതലോപോദ്യതന്‍...” എന്നതുള്ക്കൊണ്ട്, പൂവുകളിറുത്ത് ദമയന്തിയില്‍ വര്ഷിക്കുവാന് ഒരുമ്പിടവെയാണ് കാട്ടാളന് ഭസ്മമായിത്തീരുന്നത്. കാട്ടാളന്റെ ഭാഗത്തുനിന്നും ദമയന്തിക്ക് വ്രതലോപം വരുന്ന രീതിയില്‍ ഒരുദ്യമം ഉണ്ടാവണം എന്നതിനാല്‍ തന്നെ, ഏറ്റവും മിതമായ എങ്കില്‍ ആശയം വ്യക്തമാവുന്ന ഈ അവതരണം, വളരെ ഉചിതമായി തോന്നി. കാട്ടാളന്റെ ഭസ്മീകരണം ദമയന്തിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. ദമയന്തിയെ സംബന്ധിച്ചിടത്തോളം കാട്ടാളന് ഒരു വിഷയമേ ആവുന്നുമില്ല. ഇതു കണ്ട് സന്തോഷിക്കുകയും, കണക്കായിപ്പോയി എന്നൊക്കെ ആടുകയും ചെയ്യുന്ന ദമയന്തിമാരില് നിന്നും വിജയകുമാറിന്റെ ദമയന്തിയെ വേറിട്ടു നിര്‍ത്തുന്നതും ഈ പാത്രബോധം തന്നെയാണ്.
കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാനിലയം രാജീവന് എന്നിവരാണ് കാട്ടാളന്റെ ഭാഗം മുതല്‍ക്ക് ആലപിച്ചത്. മൂന്നോ നാലോ പ്രാവശ്യം കൃഷ്ണന്‍കുട്ടിക്ക് പദങ്ങള്‍ തോന്നാതിരിക്കുകയോ, മാറിപ്പോവുകയോ ചെയ്യുകയുണ്ടായി. കൃഷ്ണന്‍കുട്ടിയുടെ പാട്ടിനെ അനുഗമിക്കുകയല്ലാതെ, തന്റേതായ രീതിയില്‍ പാടുകയാണ് രാജീവന് ഇവിടെ ചെയ്തത്. സംഗീതം, ഭാവം എന്നിവ രാജീവന്റെ വഴിക്ക് കൂടുതലുണ്ടെങ്കിലും, കഥകളിയെ സംബന്ധിച്ചിടത്തോളം രണ്ടു ഗായകരും രണ്ടു രീതിയില്‍ പാടുന്നത് അഭികാമ്യമാണെന്നു തോന്നുന്നില്ല. മാര്‍ഗി വേണുഗോപാല്‍, കലാമണ്ഡലം രാജേന്ദ്രന് എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും തരക്കേടില്ലാതെ പ്രവര്‍ത്തിച്ചുവെങ്കിലും, കാട്ടാളന്റെ ഇടയ്ക്കിടെയുള്ള നൃത്തങ്ങള്‍ക്ക് ചേരുന്ന താളം നല്കുവാന് ഇരുവരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമമൊന്നും ഉണ്ടായതുമില്ല.
മുന്‍വശം പണി പൂര്‍ത്തിയാവാത്ത സ്റ്റേജ്, ഇരുവശവും മറയ്ക്കുവാനായി ഒന്നുമില്ല, പ്രകടമായി മുന്നില്‍ തന്നെ ഇരുവശവും ഫാനുകള്‍, ചുറ്റും ഗംഭീരന്‍ സ്പീക്കറുകള്‍, ഇതിനൊക്കെ പുറമേ പ്രേക്ഷകനൊന്നു തലവെട്ടിച്ചാല്‍ കാണുവാന്‍ പാകത്തില്‍ സ്റ്റേജിനോടു ചേര്‍ന്നു തന്നെ അണിയറയും. നടന്മാരില് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേക്ഷകര്‍ വല്ലാതെ ശ്രമപ്പെടേണ്ട അവസ്ഥ. ആട്ടവും പാട്ടും കൊട്ടുമൊന്നും വേണ്ടുംവണ്ണം ആസ്വാദ്യകരമായി അനുഭവപ്പെടാത്തതില്‍ ഇവിടുത്തെ രംഗസജ്ജീകരണങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കലിയുടേയും കാട്ടാളന്റേയും വേഷങ്ങള്‍ക്ക് വെളുപ്പ് ഉത്തരീയം തന്നെ ഉപയോഗിച്ചിരിക്കുന്നതു കണ്ടു. കറുത്ത ഉത്തരീയം മാര്‍ഗി കളിയോഗത്തിന് ഇല്ലാത്തതുകൊണ്ടല്ല, ഇങ്ങിനെയൊക്കെ മതി എന്ന അലംഭാവമാണിതെന്ന് വ്യക്തം. പിന്നിലായി ഇളം നിറത്തില്‍ എടുത്തു കാണിക്കുന്ന ‘മാര്‍ഗി’ എന്നെഴുതിയ ബാനറും അരങ്ങിനു ചേര്‍ന്നതല്ല. ആവശ്യമെങ്കില്‍ അത്രയൊന്നും പ്രകടമല്ലാത്ത ഇരുണ്ട നിറങ്ങളുപയോഗിച്ചുള്ള ബാനര്‍ ആകാവുന്നതാണ്. ഇങ്ങിനെയുള്ള കാര്യങ്ങളിലൊക്കെയും മാര്‍ഗി പോലെയൊരു സ്ഥാപനം നിഷ്കര്‍ഷ പുലര്‍ത്തുവാന്‍ ശ്രമിക്കാത്തത് ഖേദകരമെന്നു തന്നെ പറയണം. വേഷത്തിന് ഗൌരവം കുറവായതിനാല്‍ കലാമണ്ഡലമാണ് ദ്വാപരന്റെ വേഷം ചുവപ്പുതാടിയാക്കുകയെന്ന ഹീനകൃത്യം ചെയ്തതെന്നു കേള്‍ക്കുന്നു. പച്ചയേക്കാള്‍ പ്രൌഢി കത്തിയ്ക്കാണെന്നു കണ്ട്, നളനെ കത്തിയാക്കുവാന്‍ തീരുമാനിക്കുന്നതിലുള്ള മൂഢത്വം ഇതിലുമുണ്ട്, ചെറുവേഷമായതിനാല്‍ അത് ഗൌരവത്തോടെ കണ്ടില്ലെന്നു മാത്രം. ചുരുക്കത്തില്‍; അത്രയൊന്നും കഥകളിക്ക് ചേരുന്ന അന്തരീക്ഷമല്ലാതിരുന്നിട്ടും, കലാകാരന്മാരുടെ പ്രകടനത്തിന്റെ ബലത്തില്‍ തരക്കേടില്ലാത്തതായി അനുഭവപ്പെട്ട ഒന്നായിരുന്നു ഇടയാവണത്ത് അവതരിപ്പിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’.
Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--