2007, നവംബർ 3, ശനിയാഴ്ച
മണ്ണാറശാലയിലെ കര്‍ണ്ണശപഥം
• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍
2007 നവംബര്‍ 02, വെള്ളി: മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച്, ഇന്നലെ (2007 നവംബര്‍ 1) രാത്രി കഥകളി അരങ്ങേറി. മാലിയെന്ന വി. മാധവന് നായര്‍ രചിച്ച കര്‍ണ്ണശപഥവും, ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗവുമായിരുന്നു കഥകള്‍. പ്രണവം ശങ്കരന് നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത കച്ചേരിക്കും ശേഷം, വളരെ വൈകി രാത്രി പത്തരയോടെയാണ് ആട്ടവിളക്ക് തെളിഞ്ഞത്. എങ്കിലും പുറപ്പാടും ഡബിള്‍ മേളപ്പദവും വിസ്തരിച്ചു തന്നെ, ഏതാണ്ട് രണ്ട് മണിക്കൂറോളമെടുത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ശങ്കരവാര്യര്, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളം; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ട എന്നിങ്ങനെയായിരുന്നു മേളം. പുറപ്പാടും മേളപ്പദവും പാടിയത് പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് എന്നിവര്‍ ചേര്‍ന്നായിരുന്നു.
പുറപ്പാട് വേഷങ്ങളായി അരങ്ങിലെത്തിയത് കലാനിലയം രവീന്ദ്രനാഥ പൈ, മധു വാരണാസി തുടങ്ങിയവരായിരുന്നു. പുറപ്പാട് വേഷമായിട്ടുകൂടി മധു വാരണാസി എന്ന യുവകലാകാരന് വേഷത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണ്. ഭാവിയില്‍ ഒരു മികച്ച കലാകാരനാകുവാനുള്ള കഴിവും, വേഷഭംഗിയും ഈ കലാകാരനുണ്ട്. കഥകളി സംഗീതജ്ഞരെ സ്മരിക്കുമ്പോള്‍, പലപ്പൊഴും വിട്ടുപോകുന്ന ഒരു കലാകാരനാണ് പത്തിയൂര്‍ ശങ്കരന് കുട്ടി. അദ്ദേഹവും കലാനിലയം രാജീവനു ചേര്‍ന്നാലപിച്ച പുറപ്പാടും മേളപ്പദവും വളരെ മികച്ചു നിന്നു. ‘കുസുമചയ രചിതശുചി’ എന്ന ഭാഗമാണ് ഏറ്റവും മനോഹരമായത്. ‘ചലമാലയ മൃദുപവന’ എന്ന അവസാന ചരണം, സാധാരണയായി വിവിധ രാഗങ്ങളില്‍ പാടാറുള്ളതാണ്. എന്നാല്‍, സമയക്കുറവുകാരണമാവണം ഇവിടെ അതുണ്ടായില്ല.
കര്‍ണ്ണശപഥത്തില്‍ ഇവിടെ ദുര്യോധനന് കലാമണ്ഡലം കൃഷ്ണപ്രസാദും, ഭാനുമതി കലാമണ്ഡലം ഷണ്മുഖദാസനുമായിരുന്നു. ആദ്യരംഗങ്ങളില്‍ അവസരോചിതമായുള്ള, എന്നാല്‍ കൂട്ടുവേഷത്തെ തടസപ്പെടുത്താത്താതെയുള്ള കൃഷ്ണപ്രസാദിന്റെ ഇടപെടലുകള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ‘തളരുന്നു തനുപാര’മെന്ന ഭാഗത്തുള്ള ഭാനുമതിയുടെ ആട്ടത്തിനൊപ്പിച്ച് ദുര്യോധനന് ഇടപെട്ട്, കൈ കൊണ്ട് താങ്ങി, നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത് ഒരു ഉദാഹരണം. ‘ഭീരുതയോ, ഭാനുമതി?’ എന്ന ദുര്യോധനന്റെ പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടത്തില്‍ ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതായുണ്ട്. ഭീമന്, അര്ജ്ജുനന്, ശ്രീകൃഷ്ണന് എന്നിവരെക്കുറിച്ചുള്ള ഉത്കണ്ഠ ഭാനുമതി ദുര്യോധനനോട് പറയുന്നു. ഭീമനെക്കുറിച്ചുള്ള ചോദ്യത്തിന് ദുര്യോധനന്റെ മറുപടി ഇങ്ങിനെ: “തിന്നും കുടിച്ചും പോണ്ണത്തടിയനായ ഭീമന്, സിഹത്തിനു മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെയാണ്. അവനെ ഞാന്‍ നിഗ്രഹിക്കുകതന്നെ ചെയ്യും.” പോണ്ണത്തടിയനായ ഭീമന് കരുത്തനായ സിംഹത്തിനു മുന്നിലെ തടിയനായ ആനയ്ക്കു സമമാണ്. സിംഹം എങ്ങിനെയാണോ മസ്തകത്തില്‍ പ്രഹരിച്ച് കരിവീരനെ വകവരുത്തുന്നത് അപ്രകാരം താനും ഭീമനെ വധിക്കും, എന്ന് ആടുന്നതാണ് ഭീമനെ മാന്‍പേടയോട് ഉപമിക്കുന്നതിലും എന്തുകൊണ്ടും ഭംഗി എന്നഭിപ്രായമാണെനിക്ക്. അടുത്തതായി ഭാനുമതി അര്‍ജ്ജുനന്റെ കാര്യം ചോദിക്കുന്നു, മറുപടി “അര്ജ്ജുനന് കേവലം നിസ്സാരന്.” എന്നതിലൊതുങ്ങി. കര്‍ണ്ണനെ സ്മരിച്ചതിനു ശേഷം, “എന്റെ പ്രാണസമനായ കര്‍ണ്ണനുള്ളപ്പോള്‍ അര്‍ജ്ജുനനെക്കുറിച്ച് നിനക്ക് ഉത്കണ്ഠ എന്തിന്?” എന്നോ മറ്റോ ചോദിച്ചിരുന്നെങ്കില്‍ എത്രയോ നന്നാവുമായിരുന്നു! അടുത്ത ചോദ്യം കൃഷ്ണനെക്കുറിച്ചാണ്. മറുപടി “കൃഷ്ണന്റെ ചതിയും വഞ്ചനയും കുരുവീരരായ ഞങ്ങളോടു നടക്കില്ല.” ഇവിടെ, “ആയുധമെടുക്കാത്ത കൃഷ്ണനെ നീ ഭയപ്പെടുന്നതെന്തിന്?” എന്നോ മറ്റോ ചോദിക്കുന്നതാവുമായിരുന്നില്ലേ കൂടുതല്‍ നല്ലത്?
ഭാനുമതിയുടെ സ്ഥായി എന്തായിരിക്കണം ഈ രംഗങ്ങളില്‍? പൂര്‍ണ്ണമായും ഭയമാവരുത്, ദുര്യോധനന് സമരത്തില്‍ നിഗ്രഹിക്കപ്പെടുമോ എന്നുള്ള ഭീതികലര്‍ന്ന ഉത്കണ്ഠയില്‍ നിന്നും ഉളവാകുന്ന വിഷമമാവണം ഭാനുമതിയില്‍ പ്രകടമാവേണ്ടത്. ഷണ്മുഖദാസ് ഇന്നലെ ഭാനുമതിയെ അവതരിപ്പിച്ചപ്പോള്‍ പൂര്‍ണ്ണമായും ഭാനുമതിയുടെ വിചാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നില്ല എന്നു തോന്നി. ആദ്യരംഗങ്ങളില്‍ ഭാനുമതിയുടെ വേഷം കുറച്ചുകൂടി മികച്ചതാക്കുവാന്‍ സാധ്യതയുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുവാന്‍ പ്രാപ്തനാണ് എന്നുള്ളതാണ്, ഷണ്മുഖദാസിന്റെ വേഷങ്ങള്‍ മികച്ചതാകുവാനുള്ള ഒരു കാരണം. ദുര്യോധനനോടൊത്തായാലും കര്‍ണ്ണനോടൊത്തായാലും മനോധര്‍മ്മാട്ടങ്ങള്‍ മികച്ചതാക്കുവാന്‍ ഇന്നലെയും ഷണ്മുഖദാസിന്റെ ഭാനുമതിക്ക് കഴിഞ്ഞു. ദുര്യോധനനും ഭാനുമതിയുമായി സംസാരിച്ചിരിക്കുന്നിടത്തേക്ക് കര്ണ്ണന് നേരിട്ട് രംഗപ്രവേശം ചെയന്നതായാണ് ആടിയത്. കര്‍ണ്ണനെ ആളയച്ചു വരുത്തുന്നതായോ; കര്ണ്ണന് വരുവാന്‍ സമയമായി, ഇനി കര്‍ണ്ണനോട് പറയാം ഇവളെ ഒന്നുപദേശിച്ച് ഖേദം അകറ്റുവാനെന്നോ; ഒന്നും തന്നെ ദുര്യോധനന് ആടിയില്ല. ഈ രീതിയില്‍ കര്ണ്ണന് വെറുതെ പ്രവേശിക്കുന്നത് അത്ര സുഖകരമായി തോന്നുന്നില്ല.
ദീര്‍ഘമായ യാത്രകള്‍ക്കു ശേഷമായതിനാലാവണം, കലാമണ്ഡലം ഗോപി വളരെ ക്ഷീണിതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ കര്ണ്ണന്, അതിനാല്‍ തന്നെ വളരെ നന്നായി എന്നു പറയുവാന്‍ കഴിയുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ പലയിടങ്ങളിലും മറനീക്കി പുറത്തുവരികയും ചെയ്തു. ‘വാത്സല്യവാരിധേ, കര്‍ണ്ണ!’ എന്ന ഭാനുമതിയുടെ പദാരംഭത്തില്‍, അമ്മ മകനെപ്പോലും ഇത്രത്തോളം വാത്സല്യത്തോടെ വിളിക്കില്ല എന്നുള്ള ആട്ടം; ‘ത്വത്സമന്‍ ആരുണ്ടഹോ, ഭൂമണ്ഡലം തന്നില്‍!’ എന്ന ഭാഗത്ത് വീരത നടിച്ച് കര്‍ണ്ണനെ അഹങ്കാരിയാക്കാതെ, ‘അങ്ങിനെയൊന്നുമില്ല, ഇങ്ങിനെയൊക്കെ കഴിയുന്ന ഒരുവന്’ എന്നാടി പ്രേക്ഷകന് കര്‍ണ്ണനോട് മമത തോന്നിപ്പിക്കുന്ന അഭിനയം; എന്നാല്‍ ‘ഏകാലംബനം നീയേ’ എന്നുള്ളിടത്ത്, ഉത്തരവാദിത്തം ഏല്ക്കുവാന് താന്‍ പ്രാപ്തനാണെന്നാടി ഭാനുമതിയ്ക്ക് ആത്മധൈര്യം നല്‍കുന്നത്; എന്നിവ അദ്ദേഹത്തിന്റെ പാത്രബോധത്തിനു തെളിവാണ്. തുടര്‍ന്ന് ദുര്യോധനന് വീണ്ടുമെത്തുന്നു, കൂട്ടത്തില്‍ ദുഃശാസനനും. കലാമണ്ഡലം ബാലകൃഷ്ണന്റെ ദുഃശാസനന് വല്ലാതെ വെപ്രാളപ്പെടുന്നതായി തോന്നി, മുദ്രകള്‍ വ്യക്തമായതുമില്ല. ‘കാലിണ കൈ തൊഴുതീടുന്നേന്’ എന്ന പദം വളരെ വേഗത്തില്‍ ആടിയവസാനിപ്പിക്കുകയും ചെയ്തു. മറ്റുകഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ദുഃശാസനന്റെ ആട്ടം ഇതിലും മെച്ചമാക്കേണ്ടതായിരുന്നു എന്നഭിപ്രായമാണ് എനിക്ക്.
‘എന്തിഹ മന്മാനസേ’ എന്ന പദത്തിന് മുന്നോടിയായുള്ള കര്‍ണ്ണന്റെ മനോധര്‍മ്മാട്ടമാണ്, ഇന്നലത്തെ കളിയില്‍ ഏറെ മികച്ചു നിന്നത്. സാധാരണയായി ഒന്നോരണ്ടോ സംഭവങ്ങളാണ് ആടാറുള്ളതെങ്കില്‍, നാല് മനോധര്‍മ്മങ്ങള്‍ കലാമണ്ഡലം ഗോപി ഇന്നലെയാടി. സൂര്യഭഗവാന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇന്ദ്രന് നാളെ കവചകുണ്ഡലങ്ങള്‍ യാചിച്ച് ബ്രാഹ്മണവേഷത്തിലെത്തുമെന്ന മുന്നറിയിപ്പു നല്കിയതും, പിറ്റേന്ന് അങ്ങിനെ തന്നെ സംഭവിച്ചതുമായ ആട്ടമായിരുന്നു ആദ്യത്തേത്. ഇവിടെ കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്ന ബ്രാഹ്മണനോട്, ഒന്നുമറിയാത്തവനെപ്പോലെ കര്ണ്ണന് ചോദിക്കുന്നു: “അങ്ങേയ്ക്കെന്തിനാണ് എന്റെ കവചകുണ്ഡലങ്ങള്‍?”. “കുട്ടികള്‍ക്കു കളിക്കുവാന്‍ നല്‍കാനാണ്” എന്ന് ബ്രാഹ്മണന്റെ മറുപടി. ഉടന്‍ തന്നെ, കര്ണ്ണന് ക്രോധത്തോടെ: “ലജ്ജയില്ലേ, അങ്ങയുടെ കുട്ടിയായ അര്ജ്ജുനന് കളിക്കുവാനായി എന്റെ കവചകുണ്ഡലങ്ങള്‍ യാചിച്ചെത്തുവാന്‍? അങ്ങയുടെ മകനെ രക്ഷിക്കുവാനായി, ദേവരാജാവായ അങ്ങ് ഇത്രയും അധഃപതിക്കണമോ? ഇതാ, എന്റെ കവചകുണ്ഡലങ്ങള്‍ സ്വീകരിച്ചാലും.” ഈ ഭാഗം വളരെ മനോഹരമായി കലാമണ്ഡലം ഗോപി രംഗത്തവതരിപ്പിച്ചു. തുടര്‍ന്ന്, കുന്തിയുടെ കാലിലെ തള്ളവിരല്‍ കണ്ടപ്പോള്‍, മാതാവിനോടെന്ന പോലെ തനിക്ക് സ്നേഹം തോന്നിയതും; ഒരിക്കല്‍ കുന്തി പല്ലക്കില്‍ സഞ്ചരിക്കവെ, തന്നെ വഴിയരികില്‍ കണ്ട്, പല്ലക്ക് നിര്‍ത്തി തിരശീല മാറ്റി നോക്കി വിഷമിച്ചതും കര്ണ്ണന് സ്മരിക്കുന്നു. താന്‍ പരശുരാമന്റെ പക്കല്‍ നിന്നും ആയുധവിദ്യകള്‍ അഭ്യസിച്ചതും, ക്ഷത്രിയജാതനാണെന്ന് തിരിച്ചറിഞ്ഞ് മഹര്‍ഷി ശപിച്ചതും ഓര്‍ക്കുന്നു. തന്റെ യഥാര്‍ത്ഥ മാതാപിതാക്കളാരാണെന്നറിയാതെ വിഷമിക്കുന്ന കര്‍ണ്ണനെ ഈ രീതിയില്‍ കലാമണ്ഡലം ഗോപി വളരെ തന്മയത്വത്തോടെ രംഗത്തവതരിപ്പിച്ചു.
മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാണ് കുന്തിയായി രംഗത്തെത്തിയത്. കര്‍ണ്ണനും കുന്തിയുമായുള്ള സംസാര പദഭാഗങ്ങളുടെ അഭിനയത്തില്‍ വിശേഷിച്ചെന്തെങ്കിലും എടുത്തുപറയുവാനായുള്ളതായി തോന്നുന്നില്ല. ‘എന്നുടെ, പൊന്നോമനേ!’ എന്ന ഭാഗത്ത്, സ്വര്‍ണ്ണത്തിന്റെ മുദ്രകാട്ടി കര്‍ണ്ണന്റെ താടിക്കു പിടിക്കുന്നതായാണ് മാത്തൂര്‍ ആടിയത്. ‘പൊന്നോമനേ!’ എന്ന സംബോധന ഈ രീതിയില്‍ തന്നെയാണോ കാണിക്കേണ്ടത്? പദത്തിനു ശേഷമുള്ള മനോധര്‍മ്മത്തില്‍, കുന്തി കര്‍ണ്ണനോട് അനവധി തവണ തന്റെ പുത്രരോട് ചേരുവാന്‍ അഭ്യര്‍ത്ഥിച്ചത് അത്ര നന്നായതായി തോന്നിയില്ല. അനാവശ്യമായി ഈ ഭാഗം വലിച്ചു നീട്ടിയപ്പോള്‍, കര്ണന് കുന്തിയെ നിര്‍ബന്ധിപ്പിച്ച് പറഞ്ഞുവിടേണ്ടതായും വന്നു. ഒടുവില്‍, അര്‍ജ്ജുനനെ ഒഴികെ മറ്റാരെയും വധിക്കില്ല എന്നു വാക്കുനല്കുമ്പോള്, അര്‍ജ്ജുനനോട് മാത്രമായി എന്താണിത്ര പക എന്ന കുന്തിയുടെ ചോദ്യത്തിന്, കര്ണ്ണന് തൃപ്തികരമായ ഉത്തരം നല്‍കിയതുമില്ല.
കുന്തി വന്നതും പോയതും പ്രേക്ഷകരുടെ ഇടയിലൂടെയാണ്. എന്നാല്‍, വെറുതെ നടന്ന് സ്റ്റേജിലെത്തുവാനാണെങ്കില്‍ ഈ സങ്കേതത്തിന് എന്തു പ്രസക്തി? കര്‍ണ്ണനെ അകലെനിന്നു കാണുമ്പോള്‍ മുതലുള്ള കുന്തിയുടെ ഭാവങ്ങള്‍ അവതരിപ്പിക്കുവാനും, കര്‍ണ്ണനില്ലാതെ മടങ്ങുമ്പോളുള്ള അമ്മയുടെ വേദന കാട്ടുവാനും തയ്യാറല്ലെങ്കില്‍, ഇങ്ങിനെ വരുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. വേദിയുടെ വലതുഭാഗത്തുനിന്നും സാധാരണ കഥാപാത്രങ്ങള്‍ പ്രവേശിക്കുന്നതുപോലെ പ്രവേശിക്കുന്നതാവും ഉത്തമം.
‘എന്തിഹ, മന്മാനസേ’ വരെയുള്ള രംഗങ്ങള്‍ക്ക് കലാമണ്ഡലം ശങ്കരവാര്യരും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് മേളമൊരുക്കിയത്. തുടര്‍ന്നുള്ള രംഗങ്ങളില്‍ മേളം; കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരായിരുന്നു. കലാനിലയം ഉണ്ണികൃഷ്ണന്, കലാനിലയം രാജീവന് എന്നിവരായിരുന്നു കര്‍ണ്ണശപഥം ആലപിച്ചത്. കലാനിലയം ഉണ്ണികൃഷ്ണന്റെ പാട്ട് എടുത്തുപറയാനും മാത്രം മികച്ചതായി തോന്നിയില്ല. ‘ഈ കുരുവീരന് ധരവാഴും‘ എന്നും മറ്റുമുള്ള ഭാഗങ്ങളില്‍, ‘ഈ’ എന്നതിന് ശക്തികൊടുത്ത് ദുര്യോധനന്റെ വീര്യം മുഴുവനായും പ്രകടമാക്കാറുണ്ട്, എന്നാലിവിടെ അങ്ങിനെയൊരു ശ്രമം ഗായകന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. എന്നാല്‍ ‘ഈ കര്ണ്ണന് വെടിയണമെന്നോ?’ എന്ന ഭാഗത്ത് നന്നായി പാടുകയും ചെയ്തു.
ഏവൂര്‍ ശ്രീകൃഷ്ണവനമാല കഥകളിസംഘത്തിന്റേതായിരൂന്നു കോപ്പും വേഷങ്ങളും. എല്ലാ കഥാപാത്രങ്ങളുടേയും ചുട്ടിയും വേഷവും മികച്ചു നിന്നു. അണിയറ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ചുട്ടി ചെയ്ത ചിങ്ങോലി പുരുഷോത്തമന്, അജികുമാര്‍ എന്നിവര്‍, പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. അതുപോലെ തിരശ്ശീല പിടിക്കുന്നവരും രണ്ടാം മുണ്ട് അരയില്‍ കെട്ടി, കഥകളിത്തത്തോടെ അരങ്ങിലെത്തിയതും നന്നായി. പലയിടത്തും കൈലിയുടുത്തും, ഷര്‍ട്ടിട്ടുമൊക്കെ കണ്ടിട്ടുള്ളതിനാലാണ് ഇതിവിടെ എടുത്തു പറഞ്ഞത്. ചുറ്റും മറയ്ക്കാത്ത, പലകയടിച്ചുണ്ടാക്കിയതായിരുന്നു വേദി. കഥകളിക്ക് ഇതെത്രമാത്രം അനുയോജ്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വേദിയുടെ പൊക്കത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കഥകളി അടുത്തിരുന്നു കാണേണ്ട ഒന്നായതിനാല്‍, വേദിക്ക് പൊക്കം കൂടിയാല്‍, മുന്പിലിരുന്ന് കാണുക പ്രയാസമാവും. മണ്ണാറശാലയിലെ വേദിക്ക് സാധാരണയിലും പൊക്കമുണ്ടായിരുന്നതിനാല്‍ മുന്പിലിരുന്ന് കാണുമ്പോളുണ്ടായ അസൌകര്യം ചെറുതല്ല. ചുരുക്കത്തില്‍ കുറവുകളുണ്ടായിരുന്നെങ്കിലും, ആസ്വാദകര്‍ക്ക് നിരാശപ്പെടേണ്ട അവസ്ഥയുണ്ടാക്കാത്ത ഒരു കളിയായിരുന്നു മണ്ണാറശാലയില്‍ ആയില്യമഹോത്സവത്തോടനുബന്ധിച്ച് നടന്ന കര്‍ണ്ണശപഥം കഥകളി.
• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍
Keywords: Aswadanam, Karnasapatham, Kalamandalam Gopi, Mathur Govindan Kutty, Ayilyam Maholsavam, Mannarasala, Kalamandalam Shanmukhadas, Kalamandalam Sankara Varier, Kalamandalam Krishnadas, Kalamandalam Sasi, Kurur Vasudevan Nampoothiri, Kalanilayam Unnikrishnan, Pathiyoor Sankarankutty, Kalanilayam Rajeevan, Kalamandalam Balachandran
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
16 അഭിപ്രായങ്ങൾ:
കളിയരങ്ങിലേക്ക് സ്വാഗതം. ഞാന്‍ കാണുന്ന കഥകളി അരങ്ങുകളുടെ ആസ്വാദനം ഇവിടെ നല്‍കാമെന്നാണ് കരുതുന്നത്. ഇതെഴുതുവാനുള്ള വിവരമുണ്ടെന്ന് ധരിച്ചിട്ടല്ല ഇങ്ങിനെയൊരു ഉദ്യമം, എഴുതിയാല്‍ അറിവുള്ളവര്‍ തിരുത്തുമെന്ന ബോധ്യമുള്ളതിനാലാണ്. അതിനാല്‍, കഥകളി ആസ്വാദകരായ വായനക്കാര്‍, എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആദ്യത്തെ ആസ്വാദനം ഇവിടെ നല്കുന്നു. :)
--
മണി said...
ഹരീ,വളരെ നന്നായി.
ഗ്രഹണത്തില്‍ ഇങ്ങിനെ ഒരു വിഭാഗം തുടങ്ങിയതും(ഇതു നേരത്തേ വേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം)അതില്‍ വളരേ നല്ലരീതിയില്‍,ഒരുകളികാണുന്ന അനുഭവം കിട്ടുന്ന രീതിയില്‍ ഈ വിവരണം നല്കിയതും നന്നായി. പിന്നെ തുടന്നു നടന്ന ദക്ഷയാഗം കൂടി കവറുചെയ്യാമായിരുന്നു.....
November 2, 2007 9:57 AM
--
വാണി said...
നന്നായി ഹരീ. ഇങ്ങിനൊരു വിഭാഗം തുടങ്ങിയതും, ഈ ആസ്വാദനവും ! കളിയുടെ രത്നച്ചുരുക്കവും, രീതിയും ആസ്വാദനത്തില്‍ നിന്ന് കിട്ടുന്നു. ഇതെഴുതാനുള്ള വിവരം ഹരിയ്ക്കുണ്ടെന്നു തന്നെ വ്യക്തം ..:) ധൈര്യായി തുടരൂ..
November 3, 2007 3:38 AM
--
Rajasekhar.P said...
ഹരിയുടെ മണ്ണാറശ്ശാല വിശേഷം നന്നായിരിക്കുന്നു. മുന്‍ ധാരണകളോടെ കളിയെ ഹരി സമീപിക്കുന്നില്ല എന്നതാണ് ലേഖനം എനിക്കു പ്രിയപ്പെട്ടതകുവാന് കാരണം. രംഗകലകളുടെ ആസ്വാദനം വിമര്‍ശനം എന്നിവ ഇത്തരത്തിലാവണം എന്നതാണെന്ന്റെ പക്ഷം.
ഹരിയുടെ ചിത്രങ്ങള്‍ 'സ്വയം സംസാരിക്കുന്നവ' എന്നു വിശേഷിപ്പിക്കാം. കളികണ്ട അനുഭവം.
പ്രസാദ്,ഷണ്മുഖന് തുടങ്ങിയ യുവ കലാകാരന്മര്‍ക്കു ആട്ടം നന്നാക്കുവാന്‍ ഇനിയും അവസരങ്ങളുണ്ട് ല്ലോ. ഹരിയുടെ നിരീക്ഷണം നന്നു തന്നെ. അവരെ അറിയിച്ചാല്‍ അവര്‍ അടുത്തകളിയില്‍ കൂടുതല്‍ നന്നാക്കും.
ഗോപിയാശാന്റെ ആട്ടത്തിനു- കുന്തിദേവിയുടെ പാദം- അതികേമം എന്നുപറയണം. പലേ തലങ്ങള്‍. ധര്‍മപുത്രര്‍ കര്‍ണ്ണന്റെ പാദങ്ങള്‍ വധത്തിനു ശേഷം കാണുന്നതിനെ കുറിച്ചറിയാമോ? അതും ഈ ആട്ടവുമായിട്ടു ബന്ധം. Prathibhasalikku attathinu daridryamundo ? .............................................
കുന്തി നന്നായെന്നു ചിത്രം തെളീയിക്കുന്നു. മാത്തുരിനും അഭിനന്ദനം
ഈ കഥകളിയില്‍ താടി താടിയാണോ? വെറുതെ വിട്ടേക്കു.........
അക്ഷര തെറ്റുകള്‍ ഒഴിവാക്കണം......പദങ്ങള്‍ ഉദ്ധരിക്കുന്ന വേളയിലെങ്കിലും
Sasneham
രാജശേഖര്‍.പി
November 3, 2007 5:23 AM
--
Jyothi said...
Aswadanam adipoli!!
Almost kali nerittu kanda bhalayi tto!!
November 4, 2007 10:49 PM
--
നിഷ്ക്കളങ്കന്‍ said...
ഹരീ,
ആധികാരികമായ ആസ്വാദനവും വിലയിരുത്തലും. ഷണ്മുഖന്റേയും മറ്റും പ്രകടനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ അവരെയറിയിച്ചു കാണുമെന്ന് കരുതുന്നു. വളരെ കഴിവുകളുള്ള ഇത്തരം കലാകാരന്മാര് അസ്ഥാനത്തുള്ള പ്രശംസ്സയാല് complacent ആയിപ്പോകാന്‍ സാദ്ധ്യതയുണ്ട്. ഈ ആസ്വാദനം എന്തുകൊണ്ടും വേറിട്ടുനില്ക്കുന്നു. ഇതൊക്കെക്കാണുമ്പോള്‍ ഒരു സങ്കടം. ഞാന്‍ ഒരു നല്ല കഥകളി കണ്ടിട്ട് നാളെത്രയായി എന്ന് :( ഒരിയ്ക്കല്‍ക്കൂടി നന്ദി ഇത്തരമൊരു ആസ്വാദനത്തിന്.
November 5, 2007 1:49 AM
--
നിഷ്ക്കളങ്കന്‍ said...
കഥകളിയില്‍ ചില കാര്യങ്ങളില്‍ "പണ്ടേ അങ്ങനെയായിരുന്നല്ലോ. അങ്ങനെത്തന്നെയാണ് വേണ്ടത്" എന്നൊരു രീതിയുണ്ട്. അതാണ് കുന്തിയുടെ വരവിന്റെ പിന്നിലും. താരതമ്യേന പുതിയ കഥയായിട്ടും അതിലൊരു മാറ്റം വരുത്താന്‍ ശ്രമിയ്ക്കാത്തത് എന്തോ?
November 5, 2007 1:54 AM
--
Renjith said...
Dear Haree
Very nice aswadanam. This is the proper method to analyse the performance.
Thanks
Renjith
November 5, 2007 10:08 PM
--
ഗ്രഹണത്തില്‍ നിന്നും പുതിയ ബ്ലോഗിലേക്ക്... ഏവരുടേയും പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി. കഥകളി കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വന്നോന്ന് ഒരു സംശയം... :)
@ മണി,
വളരെ നന്ദി. :) എന്റെ അഭിപ്രായത്തില്‍ കഥകളി കാണുക എന്നത് നല്ല മാനസിക അധ്വാനമുള്ള ഒന്നാണ്. രണ്ടു കഥകളൊക്കെ ഒരുമിച്ച് ശ്രദ്ധയോടെ കാണുക എന്നതൊക്കെ പറ്റുമോ ആവോ!
@ വാണി,
ദേ, ധൈര്യം വന്നു... :)
@ രാജശേഖര്‍ പി.,
വളരെ നന്ദി. :) തെറ്റുകള്‍ തുടര്‍ന്നും ചൂണ്ടിക്കാണിക്കുമല്ലോ...
@ ജ്യോതി,
:) നന്ദി.
@ നിഷ്കളങ്കന്,
നേരിട്ട് അവരോടിതൊക്കെ പങ്കുവെച്ചാല്‍ എല്ലാവരും ഇതൊക്കെ എങ്ങിനെയെടുക്കും എന്നറിയില്ലല്ലോ! :) അതെന്താണ്, കേരളത്തിലല്ലേ താമസം? കുന്തി പ്രേക്ഷകര്‍ക്കിടയിലൂടെ വരുന്നതിനോടൊന്നും എനിക്കെതിര്‍പ്പില്ല, പക്ഷെ, അത് വെറുതെ നടന്നുവരവാവരുതെന്നാണ് ഉദ്ദേശിച്ചത്.
@ രഞ്ജിത്ത്,
വളരെ നന്ദി. :)
--
Extremely well done, Haree!
We donot have a system of routine kathakali review. This compensates-at last! Hope the Kathakali dancers get this feed back.
Detailed comments later.
Hello Haree,
Your comments on Karnasapatham at Mannarasala is very nice. At the rangam of Duryodhnan and Bhanumathi Karnan is entering to the scene is as per Mali only. Duryodhanan is seeing the arrival of Karna. You blog helped me to know the present maodhrmmm attam of Gopi asan. Thanks for you effort.
C.Ambujakshan Nair
@ എതിരന്‍ കതിരവന്‍,
നന്ദി. :) വിശദമായ കമന്റുകള്‍ പ്രതീക്ഷിക്കുന്നു.
@ നായര്‍,
വളരെ നന്ദി. :) തീര്‍ച്ചയായും, കര്ണ്ണന് അവിടെ പ്രവേശിക്കേണ്ടതു തന്നെ. പക്ഷെ, വെറുതെ അവിടെ വരുന്നതിനോട് എനിക്ക് യോജിക്കുവാന്‍ കഴിയുന്നില്ല. ദുര്യോധനന് വിളിച്ചു വരുത്തുന്നതാണ് നന്ന് എന്നാണ് എന്റെ അഭിപ്രായം.
--
ഹരീ...ഇതു വളരെ നല്ല ഒരുദ്യമമാണ്. സംശയമില്ല. താങ്കളുടെ നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം കഥകള്‍ കഥകളി ആസ്വാദകര്‍ പൊതുവേ പുച്ഛിച്ചുതള്ളുന്നതുമൂലം എന്തുമാവാം എന്നൊരവസ്ഥ കലാകാര്മാര്ക്കും വന്നുചേര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിലും മാതൃകയാക്കാവുന്നത് ഗോപിയാശാനെത്തന്നെ. ഏതു കഥയായാലും അരങ്ങില്‍ പരമാവധി സങ്കേതബദ്ധമായി എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് അദ്ദേഹത്തോളം ആലോചിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നടന്മാര് കുറവാണ്. കഥാപാത്രനിഷ്ഠമായും ഈ കഥകള്‍ തീര്‍ച്ചയായും വിലയിരുത്തേണ്ടതുണ്ട്. താങ്കള്‍ അതു ചെയ്തതില്‍ സന്തോഷം. നന്ദി :)
എനിക്കിന്നാണ് വായിക്കാന്‍ പറ്റിയത് സുഹ്രുത്തേ! വളരെ സമഗ്രവും സൂക്ഷ്മവും. പലരും കമന്റിയതുപോലെ ഇതൊക്കെ കലാകാരന്മാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ നമുക്കും അവറ്ക്കും കൊള്ളാമായിരുന്നു. ഇതു മലയാളത്തിലെ ഒരു പുതിയ ശാഖ ആയതുകൊണ്ട് അതിഥികള്‍ കമന്റിനപ്പുറം സ്വന്തം ആസ്വാദനങ്ങള്‍ തന്നെ ഇവിടെ എഴുതാന്‍ പ്രോത്സാഹിപ്പിക്കാമൊ? നെറ്റ് ഉപയൊഗിക്കുന്ന കഥകളിക്കാകര് കൂടി വരികയാണെങ്കില്‍ വളരെ നന്നാവും!
കമ്പോടുകമ്പ് ഇത്രയും ശ്രദ്ധയോടെ, വിമറ്ശന ബുദ്ധിയോടെ കളി കാണുമ്പൊള്‍ ആസ്വാദനം മുറിയുന്നുണ്ടോ? ഞാനുദ്ദേശിച്ചത് കാഴ്ചയിലെ ലയം പോകുന്നുണ്ടൊ എന്നാണ്. ഇതു പലതരത്തിലുണ്ടാകാം. എഴുത്ത് ആസ്വാദനത്തിനുമേല് സമ്മറ്ദ്ദവും ഭാരവുമാകാതിരിക്കട്ടെ!
കളറ്കോട്ടെ കഥകള്‍ വായിച്ചില്ല. അങ്ങോട്ടു പോകട്ടെ..
In the aattakkatha sahityam of Karnaspatham..the chranm of Karna.."Streetvam bhavatiye rakshikunnu..." What is is your comment especially when maestros like Kalamndalm Gopi deleneate the words?
good work.
You may consider a discussion on the lines "streetvam bhavathiye rakshikkunnu..." in Karnasapatham. ---How apt it is in the story/ How do great maestros like Kalamandalam Gopi succeed in expressing the mood? Let's remember Karnasapatham, perhaps is the most sought after story, after Nalachartitam, by the non-technical aspirants of the art.
@ bharathamuni,
Thank you for the comments. But I didn't get it well. I wrote another article here on Karnasapatham. I discussed a few other aspects of the story there. What about "Sthreethvam Bhavathiye Rakshikkunnu..."? If you can make it clear it will be better.
--
ദുര്യോധനനും ഭാനുമതിയുമായി സംസാരിച്ചിരിക്കുന്നിടത്തേക്ക് കര്ണ്ണന് നേരിട്ട് രംഗപ്രവേശം ചെയന്നതായാണ് ആടിയത്. കര്‍ണ്ണനെ ആളയച്ചു വരുത്തുന്നതായോ; കര്ണ്ണന് വരുവാന്‍ സമയമായി, ഇനി കര്‍ണ്ണനോട് പറയാം ഇവളെ ഒന്നുപദേശിച്ച് ഖേദം അകറ്റുവാനെന്നോ; ഒന്നും തന്നെ ദുര്യോധനന് ആടിയില്ല. ഈ രീതിയില്‍ കര്ണ്ണന് വെറുതെ പ്രവേശിക്കുന്നത് അത്ര സുഖകരമായി തോന്നുന്നില്ല.
Haree :-) Was just browsing thru ur earlier aswadanams, and the above lines caught my attention, which happens to be from your first aswadanam in this blog - Karnasapadam.
What was that you think is incorrect way of doing ? Karnans entry when duryodanan was with banumathi ?
Well, Karnan was the only person who enjoyed the special privilege of entering their anthapuram, even without any prior notice. I think Mali did it this way to make it obvious the strong bond of friendship that they both had and duryodanas enormous trust in Karnan.
During 'valsalyavaridhe Karna...' duryodanan is not present in the scene. Only banumati and Karnan are present. That again shows his trust on Karnan and their closeness. Otherwise, do you think a Kshatriya king would leave his queen with his friend alone for some time and comes back asking his queen, did my friend remove all your fear ?
Since KARNASAPADAM is centering around friendship, trust and fear out of it, i think that was one of the best ways of doing it.
@ Ranjini,
Ha ha ha... No other medium will enjoy this kind of attention, even after two years! That's why I enjoy writing blogs. :-)
Regarding your comment;
യുധിഷ്ഠിരനും പാഞ്ചാലിയും ഒരുമിച്ചിരിക്കുമ്പോള്‍ അവിടേക്ക് ആയുധമെടുക്കുവാനായി കയറേണ്ടിവന്ന അര്‍ജ്ജുനന്റെ കഥ കേട്ടിട്ടുണ്ടല്ലോ... എത്ര വലിയ സ്നേഹിതനാണെങ്കിലും, അന്തഃപുരത്തിലേക്ക് (ഇരുവരുമിരിക്കുന്നയിടത്തേക്ക്) ചുമ്മാതങ്ങ് കയറുവാന്‍ കര്ണനാവില്ല. സൌഹൃദത്തിന്റെ തീഷ്ണത കാണിക്കുവാനെന്ന ദുര്‍ബലമായ ന്യായീകരണം മാത്രമേ ആ രംഗത്തിന് ആകെ തന്നെയുള്ളൂ എന്നതുകൊണ്ട് അധികം ചര്‍ച്ചയ്ക്കു വക കാണുന്നില്ല. മഹാഭാരതത്തിലൂടെ പരിചയിക്കുന്ന ആ കാലഘട്ടത്തെ കണക്കിലെടുത്താല്‍; കര്‍ണനെ ഭാനുമതിക്കൊപ്പമാക്കിപ്പോവുന്ന ദുര്യോധനന്, ഈ രംഗാവിഷ്കാരം ഒട്ടും യുക്തിക്കു യോജിച്ചതല്ല എന്നു പറയേണ്ടിവരും. പിന്നെയും അല്പമൊക്കെ സാധൂകരിക്കാവുന്നത് കര്‍ണ്ണനെ ആളയച്ചു വരുത്തുന്നതായി ആടുമ്പോളാണ്.
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--