2007, നവംബർ 7, ബുധനാഴ്‌ച

കളര്‍കോട്ടെ നളചരിതം ഒന്നാം ദിവസം

Nalacharitham @ Kalarcode SriMahadeva Temple

• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

2007 നവംബര്‍ 3, ശനി: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തില്‍ വാര്‍ഷികോത്സവങ്ങളുടെ ഭാഗമായി രണ്ടു ദിവസത്തെ കഥകളി പതിവുണ്ട്. ആദ്യ ദിനം നളചരിതം ഒന്നാം ദിവസം, ബാലിവധം എന്നീ കഥകളും; രണ്ടാം ദിവസം നളചരിതം നാലാം ദിവസം, കല്യാണസൌഗന്ധികം, കിരാതം എന്നിവയുമാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. നളചരിതം ഒന്നാം ദിവസം സമ്പൂര്‍ണ്ണമായും, കല്യാണസൌഗന്ധികം ശൌര്യഗുണത്തോടുകൂടിയുമാണ് അവതരിക്കപ്പെട്ടത് എന്നിവയായിരുന്നു ഈ കൊല്ലത്തെ സവിശേഷതകള്‍. കലാമണ്ഡലം ഗോപി ഒന്നാം നളനായും (പ്രിയ മാനസ വരെയുള്ള ഭാഗം), കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ രണ്ടാം നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും, കോട്ടയ്ക്കല്‍ കേശവന്‍ ഹംസമായും അരങ്ങിലെത്തിയ ഒന്നാം ദിവസത്തെക്കുറിച്ചു തന്നെയാവട്ടെ ആദ്യം.

കഴിഞ്ഞവര്‍ഷം മണ്മറഞ്ഞ, കഥകളി ഗായകന്‍ തകഴി കുട്ടന്‍പിള്ളയെ അനുസ്മരിച്ചതിനു ശേഷമാണ് കഥകളി ആരംഭിച്ചത്. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് പുറപ്പാടും മേളപ്പദവും പാടിയത്. പുറപ്പാട് വേഷമായി അരങ്ങിലെത്തിയത് മനു ഇ. നമ്പൂതിരി. കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കല്‍ പ്രസാദ് എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം ശശി, കലാമണ്ഡലം അച്യുതവാര്യര്‍ എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. കോട്ടയ്ക്കല്‍ പ്രസാദ് ചെണ്ടയില്‍ കുറച്ചുകൂടി സ്വാധീനം കൈവരിക്കുവാനുള്ളതായി തോന്നി. ഇരട്ട മേളപ്പദങ്ങളുടെ ആധിക്യം മൂലം, മേളപ്പദമെന്നാല്‍ രണ്ടു ചെണ്ടയും രണ്ടു മദ്ദളവും ഉള്ളതാണ് എന്നൊരു ധാരണ പരക്കെ ആയിട്ടുണ്ടോ എന്നൊരു സംശയം. രണ്ടു ദിവസം മുന്‍പ് മണ്ണാറശാലയിലും ഡബിള്‍ മേളപ്പദം കണ്ടതിനാല്‍, ചെറുതായി മടുപ്പ് തോന്നാതിരുന്നില്ല. മടുപ്പുണ്ടാകാതിരിക്കുവാന്‍ തക്കവണ്ണം മേളം മെച്ചമായതുമില്ല.

നളനെ കാണുവാനായി നാ‍രദന്‍ എത്തുന്ന രംഗത്തോടെയാണ് ഒന്നാം ദിവസം കഥ ആരംഭിക്കുന്നത്. ‘ഭഗവല്‍ നാരദ വന്ദേഹം’ എന്ന പദത്തിലൂടെ നളന്‍ നാരദനെ യഥാവിധി സ്വീകരിച്ച്, ഇരിപ്പിടം നല്‍കി, ആഗമനോദ്ദേശം ആരായുന്നതും; നാരദന്‍ ദേവന്മാര്‍ പോലും മോഹിക്കുന്ന ഭൈമിയെക്കുറിച്ച് നളനെ അറിയിക്കുന്നതുമാണ് രംഗത്തിലെ ആശയം. എവിടെ നിന്നും വരുന്നു എന്നു ചോദിക്കുന്ന കൂട്ടത്തില്‍ ‘ഹരിമന്ദിരത്തില്‍ നിന്നോ?’ എന്ന് നളന്‍ ചോദിക്കുന്നുണ്ട്. ഇവിടെ ‘ഹരിമന്ദിരം’ എന്നു പദാനുപദമുദ്ര കാട്ടാതെ, “പാലാഴിയില്‍ അനന്തശായിയായ ഭഗവാന്റെ സമീപത്തുനിന്നുമാണോ വരുന്നത്?” എന്നാണ് കലാമണ്ഡലം ഗോപി ആടിയത്. അതുപോലെ തന്നെ ‘ഉന്നത തപോനിധേ!’ എന്നഭാഗത്ത് ‘ഉന്നതം/പൊക്കം’ എന്ന മുദ്രയാടാതെ “എത്രയും ശ്രേഷ്ഠനായ തപോനിധേ!” എന്നാണ് കാണിച്ചത്. നാരദന്റെ മറുപടിപദമായ ‘ഭീഷിതരിപുനികര!’ എന്ന പദത്തില്‍ നളനോട് ‘പാഴിലാക്കീടൊല്ല, ജന്മം.’ എന്ന് പറയുമ്പോള്‍, നളന്‍ “താന്‍ അനര്‍ത്ഥം വല്ലതും ചെയ്തുവോ? എന്താണ് നാരദമുനി ഇങ്ങിനെ പറയുവാന്‍, ഒന്നും മനസിലാവുന്നില്ലല്ലോ!” എന്ന മനോധര്‍മ്മവും നന്നായിരുന്നു. നാരദനായ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാവട്ടെ, ‘രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കൂള്ളൂ’ എന്നഭാഗത്ത്, ‘കന്യകാരത്ന’മെന്നാടാതെ ‘രത്ന’മെന്നുമാത്രം മുദ്രകാണിച്ച്, പദത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുത്തുകയും ചെയ്തു.

നാരദനെ യാത്രയാക്കി, രാജ്യഭാരം മന്ത്രിമാര്‍ക്കു നല്‍കി നളന്‍ ഉദ്യാനത്തില്‍ ആശ്വാസം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. കാമദേവനോട്, അഞ്ചസ്ത്രങ്ങളും എന്നിലേക്കയച്ച് എന്നെ കാമാഗ്നിയില്‍ ചുട്ടെരിക്കാതെ, നാലെണ്ണം എന്നിലേക്കും, ഒരേയൊരണ്ണം ഭൈമിയിലേക്കും അയയ്ക്കുക എന്നുള്ള മനോധര്‍മ്മമാണ് വിസ്തരിച്ചാടിയത്. ആശ്വാസത്തിനായി വീണമീട്ടുന്നതും, വീണയുടെ സ്വരം കര്‍ണ്ണങ്ങള്‍ക്ക് ശൂലതുല്യമാവുന്നതുമായിരുന്നു മറ്റൊരാട്ടം. തുടര്‍ന്ന് ‘കുണ്ഠിനനായക നന്ദിനിക്കൊത്തൊരു’, ‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ’ എന്നീ പദങ്ങള്‍ക്കു ശേഷം; ഹംസങ്ങള്‍ ക്രീഡചെയ്യുന്ന തടാകത്തെ വര്‍ണ്ണിച്ച്, സുവര്‍ണ്ണ ഹംസത്തെ കാണുന്നതായി ആടുന്നു. ഇവനെ കരഗതമാക്കുക തന്നെ എന്നുറച്ച്, ക്രീഡകള്‍ക്കു ശേഷം വിശ്രമിക്കുന്ന സമയത്ത് ബന്ധിക്കാമെന്ന ഉദ്ദേശത്തില്‍ നളന്‍ സമീപത്ത് മറയുന്നു.


കോട്ടയ്ക്കല്‍ കേശവനാണ് ഹംസമായി രംഗത്തെത്തിയത്. ആട്ടത്തിന്റെ ഭംഗികൊണ്ടും, പാത്രബോധം കൊണ്ടും ഹംസത്തിനെ മികച്ചതാക്കുവാന്‍ കേശവനു കഴിഞ്ഞു. ‘മനസിരുചി ജനകം, എന്റെ ചിറകുമണികനകം, ഇതുകൊണ്ടാക നീ ധനികന്‍!’ എന്ന ഭാഗത്ത്, “എന്റെ ഈ ചിറകുകള്‍ സ്വര്‍ണ്ണവര്‍ണ്ണത്തോടുകൂടിയതാണ്. ഇതുകൊണ്ട് നിനക്ക് ധനികനാകുവാന്‍ കഴിയില്ല” എന്നാണാടിയത്. ചില ഹംസങ്ങള്‍ “എന്റെ ചിറകുകള്‍ കനകമാണ്, എന്നെ കൊന്ന് ഇതെടുത്ത് നീ ധനികനായിക്കൊള്‍ക്ക” എന്നാടാറുണ്ട്. ‘ആക’ എന്നതിന് സാധിക്കില്ല എന്നും ആയിക്കോളൂ എന്നും സന്ദര്‍ഭോചിതമായി അര്‍ത്ഥം പറയുവാന്‍ കഴിയുമല്ലോ. എന്നാല്‍, ഇവിടെ സാധിക്കില്ല എന്നാടുന്നതാണ് ഉചിതം.

ശരിയായി ഉടുത്തുകെട്ടിക്കുവാന്‍ അറിയാവുന്നവരാവണം അതിനു മുതിരേണ്ടത്. നളന്റെയും ഹംസത്തിന്റേയും ഉടുത്തുകെട്ട് ഇവിടുത്തെ കളിയില്‍ തീരെ ശരിയായില്ല. ഹംസത്തിന്റെ ഉടുത്തുകെട്ടിന് ഇത്രയും വലുപ്പം ആവശ്യമുണ്ടെന്നും തോന്നിയില്ല. ഞൊറി അല്പം താഴ്ത്തി, കച്ച കുറച്ച ഉടുത്തുകെട്ടാണ് ഹംസത്തിന് കൂടുതല്‍ ഭംഗി നല്‍കുക. ഇവിടെ നളന്റേതിനേക്കാള്‍ കച്ചചേര്‍ത്ത്, നല്ല വലുപ്പത്തില്‍ തന്നെയായിരുന്നു ഞൊറി ഉടുത്തിരുന്നത്. വേഷം അരങ്ങിലെത്തിയാല്‍ വസ്ത്രങ്ങള്‍ യഥാസ്ഥാനത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കലാകാരന്‍ തന്നെയാണ്. എന്നാല്‍ കോട്ടയ്ക്കല്‍ കേശവന്‍ ആ കടമ നിര്‍വ്വഹിക്കുന്നതില്‍ വളരെ വിമുഖനായി കാണപ്പെട്ടു. ഒരു രംഗം കഴിഞ്ഞ് അടുത്ത രംഗത്തിലെത്തുമ്പോള്‍ പോലും വസ്ത്രങ്ങള്‍ യഥാസ്ഥാനങ്ങളിലുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഒടുവില്‍ ഒരുവശത്തെ മുന്തി ഊര്‍ന്നു പോവുകയും ചെയ്തു!


‘പ്രിയമാനസ! നീ പോയ് വരേണം’ എന്ന പദം ഉപായത്തില്‍ കഴിച്ചു എന്നുവേണം പറയുവാന്‍. ഹംസം മറയുന്നതു കാണുന്ന മുദ്രയോടൊപ്പം നളനും രംഗം വിടുകയാണുണ്ടായത്. സാധാരണയായി, ഹംസം മറയുന്നതായി ആടിയതിനു ശേഷം, “ഇനി ഹംസം തിരിച്ചു വരുന്നതു വരെ ഇവിടെ കാത്തിരിക്കുക തന്നെ.”, ഇത്രയെങ്കിലും ആടിയ ശേഷമാണ് രംഗം അവസാനിപ്പിക്കുവാറുള്ളത്. ദമയന്തിയും തോഴിമാരും ചേര്‍ന്നുള്ള രംഗമായിരുന്നു തുടര്‍ന്ന്. മാ‍ര്‍ഗി വിജയകുമാര്‍ ദമയന്തിയായും; കലാമണ്ഡലം ഷണ്മുഖദാസ്, കലാമണ്ഡലം മുരളീധരന്‍ നമ്പൂതിരി തുടങ്ങിയവര്‍ തോ‍ഴിമാരായും വേഷമിട്ടു. ‘മിന്നല്‍ക്കൊടിയിറങ്ങി, മന്നിലേ വരികയോ?’ എന്ന പദം ദമയന്തിക്കാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, രണ്ട് തോഴിമാരും രംഗപരിചയമുള്ളവരാകയാലാവണം, ആ ചരണത്തിലെ ആദ്യ രണ്ടുവരികള്‍ തോഴിയായ ഷണ്മുഖദാസാണ് ആടിയത്. തുടര്‍ന്ന് ‘സ്വര്‍ണ്ണവര്‍ണ്ണമാം അന്നം’ ദമയന്തി, തോഴിമാരെ തിരുത്തുന്ന രീതിയില്‍ ആടിയതും രസകരമായി.


ദമയന്തിയും ഹംസവുമായുള്ള സംഭാഷണ മധ്യേ വരുന്ന ‘നളിനാസനവര വാഹന! നീ മമ നളനൃപ...‘ എന്ന ഭാഗത്ത്, ‘മമ’ എന്നത് ശ്രദ്ധിച്ച് ഹംസം ദമയന്തിക്ക് നളനിലുള്ള താത്പര്യം മനസിലാക്കുന്നതായി ആടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ കോട്ടയ്ക്കല്‍ കേശവന്റെ ഹംസം അതിലൊരു താത്പര്യവും പ്രകടിപ്പിച്ചില്ല. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം കാണുക. അടുത്ത ശ്ലോകത്തില്‍ ‘ഭൈമിതന്‍ ചിത്തം പത്തിലഞ്ചറിഞ്ഞവന്‍’ എന്നു പറയുന്നുണ്ടെന്നതും ഓര്‍ക്കുക, ദമയന്തി ‘മമ നളനൃപ’ എന്നു പറയുമ്പോളല്ലേ ഹംസം ദമയന്തിയുടെ അര്‍ദ്ധമനസ് അറിയുക?

ഹംസവും ദമയന്തിയുമായുള്ള ഭാഗങ്ങള്‍ പാടിയത് കോട്ടയ്ക്കല്‍ മധു, കലാനിലയം ബാബു തുടങ്ങിയവരാണ്. മധുവിന്റെ സംഗീതം മധുരതരമാണെങ്കിലും, ചില പദങ്ങളില്‍ സംഗതികളുടെ അമിത പ്രയോഗം അവയുടെ ഭാവവും ഭംഗിയും കുറയ്ക്കുന്നുണ്ടെന്നത് പറയുവാതിരിക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ച് ഹംസവും ദമയന്തിയും തമ്മിലുള്ള പദങ്ങളില്‍ സംഗതികള്‍ കുറച്ച്, ലളിതമായി, രാഗഭാവത്തിലൊതുങ്ങി പാടുന്നതാണ് കേള്‍ക്കുവാനും ആ‍ട്ടത്തിനും രസിക്കുക. കലാനിലയം ബാബു വളരെയേറെ സംഗീതത്തില്‍ മെച്ചപ്പെടുവാനുണ്ട്. ‘മിന്നല്‍ക്കൊടിയിറങ്ങി മന്നിലേവരികയോ’ എന്നത് ദേശ് രാഗത്തില്‍ പാടിയപ്പോള്‍, രാഗത്തിന്റെ ഒരു ഭാവവും ബാബുവിന്റെ പാട്ടില്‍ വന്നില്ല. ഈ ഭാഗത്തെ സംഗീതം ഈ കാര്യങ്ങള്‍ കൊണ്ട് അല്പം നിരാശപ്പെടുത്തി.


നളചരിതം സമ്പൂര്‍ണ്ണമായാണ് അവതരിപ്പിച്ചതെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. തുടര്‍ന്നുള്ള ഭാഗത്തെ നളനായി കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരാ‍ണ് വേഷമിട്ടത്. ഇന്ദ്രന്‍, യമന്‍, വരുണന്‍ എന്നിവരായി യഥാക്രമം നെടുമുടി വാസുദേവപ്പണിക്കര്‍, ചേര്‍ത്തല സുനില്‍, മനു. ഇ. നമ്പൂതിരി എന്നിവര്‍ അരങ്ങിലെത്തി. ദേവന്മാരില്‍ നിന്നും തിരസ്ക്കരണി നേടി, ദേവദൂതനായി നളന്‍ ദമയന്തിയുടെ അന്തഃപുരത്തിലെത്തുന്നു. എന്നാല്‍ ഈ ഭാഗങ്ങളിലെ നളന്റെ ഭാവം ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നേരേ!’ എന്നചൊല്ലിനെയാണ് ഓര്‍മ്മപ്പെടുത്തിയത്. ദേവന്മാര്‍ നളനെ ദൂതനായയച്ചതിന് ദമയന്തി എന്തു പിഴച്ചു? ‘ദൂതനെന്നു കേട്ടതു ബോധം വന്നില്ല!’ എന്നു ദമയന്തി പറയുമ്പോള്‍, നളന്റെ ഭാവം പുച്ഛമോ നീരസമോ ദേഷ്യമോ ഒക്കെയായിരുന്നു. നാലാം ദിവസത്തില്‍, ദമയന്തി ‘നാഥ! നിന്നെക്കാണാഞ്ഞു’ എന്നുവിളിക്കുമ്പോളുള്ള നളന്റെ ഭാവമായിരുന്നു ചന്ദ്രശേഖരവാര്യരുടെ നളന്. ചിത്രം ശ്രദ്ധിക്കുക. ഭൈമീകാമുകനായ താന്‍ തന്നെ, ദേവന്മാരുടെ ഇംഗിതം അറിയിക്കുവാന്‍ നിയോഗിക്കപ്പെട്ടല്ലോ എന്ന വിഷമം, ഇതു ചെയ്യാതിരുന്നാല്‍ ധര്‍മ്മഭൃംശം വരുമല്ലോ എന്ന സങ്കടം, തന്റെ മനോവിഷമം പ്രകടമാക്കാതെ ദമയന്തിയെ ദേവന്മാരുടെ സന്ദേശം അറിയിക്കേണ്ട കടമ; ഇതെല്ലാം മാറിമാറി പ്രകടമാക്കി നളന്റെ വിചാ‍രവികാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുവാനാണ് ഈ ഭാഗത്ത് നളനായി വേഷമിടുന്നവര്‍ ശ്രദ്ധിക്കേണ്ടത്. ഇത്രയും വര്‍ഷത്തെ പരിചയമുള്ള, വളരെ മുതിര്‍ന്ന കലാകാരനായ ചന്ദ്രശേഖരവാര്യരെപ്പോലെയുള്ളവര്‍ ഇതൊന്നും മാനിക്കാതെ ആടുന്നത് കഷ്ടമാണ്.

നളന്റേയും ദമയന്തിയുടേയും ഈ ഭാഗത്തെ ദീര്‍ഘമായ സംഭാഷണം, സ്വയംവര ഭാഗത്തെ പദങ്ങള്‍ എന്നിവയെല്ലാം വല്ലാതെ മുഷിപ്പിച്ചു. ഹംസം - ദമയന്തിയുടെ ഭാഗം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലതെന്നു പോലും തോന്നിപ്പോയി. ഒടുവില്‍ ദമയന്തീസ്വയംവരം നടന്നു, ഓരോ ദേവന്മാരും സരസ്വതി(മുരളീധരന്‍ നമ്പൂതിരി)യും വധൂവരന്മാര്‍ക്ക് വരങ്ങള്‍ നല്‍കുന്നതുള്‍പ്പടെ പദങ്ങള്‍ സഹിതം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ഗോപിയുടെ നളന്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, കോട്ടയ്ക്കല്‍ കേശവന്റെ ഹംസം എന്നിവ നന്നായതിനാല്‍, രക്ഷപെട്ടുപോയ ഒന്നായിരുന്നു ഇവിടെ നടന്ന ‘നളചരിതം ഒന്നാം ദിവസം’.



• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

Keywords: Nalacharitham Onnam Divasam, Kalamandalam Gopi, Nalan, Margi Vijayakumar, Damayanthi, Kottackal Kesavan, Hamsam, Kalamandalam Shanmukhadas, Kalamandalam Muraleedharan Nampoothiri, Kottackal Chandrasekhara Varier, Nedumudi Vasudevappanikkar.
--

11 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന കഥകളി അരങ്ങുകളില്‍ നിന്നും, നളചരിതം ഒന്നാം ദിവസമാണ് കഥ.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
ഇങ്ങിനെയൊരു ബ്ലോഗ് തുടങ്ങിയത് വളരേ നന്നയി,കളികാണാന്‍ പറ്റാത്തവര്‍ക്ക് വിവരങ്ങള്‍ അറിയാനും വിശകലനം ചെയ്യാനും ഉപകരിക്കുമല്ലൊ.ഈ സംരംഭത്തിന് മംഗളാശംസകള്‍!

ദമയന്തിയുടെ ഭാഗം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലതെന്നു പോലും തോന്നിപ്പോയില്ലേ?
അതിനാല്‍ തന്നെയായിരിക്കും ഈ ഭാഗം സാധാരണ നടപ്പില്ലാത്തത്.

ദൂതനായി തിരസ്ക്കരണി ഉപയോഗിച്ച് ദമയന്തീ സമീപത്തേക്കുചെല്ലുന്ന നളനെ അവതരിപ്പിക്കുക ശരിക്കും കലാകാരനൊരു വെല്ലുവിളി തന്നെയാണെന്നു തോന്നുന്നു.ഇവിടെ ആശ്ചര്യം,അനുകന്വ,ബഹുമാനം,പ്രണയം,ആശ...എന്നിങ്ങനെ മാറിമാറി പല വികാരങ്ങളും പ്രകടിപ്പിച്ച് വിജയിപ്പിക്കുക ദുഷ്ക്കരം തന്നെ.
ദമയന്തിയുടെ കാര്യവും ഇതുപോലെ തന്നെ.

ബാക്കി കളികളുടെ വിവരങ്ങളും പ്രതീക്ഷിക്കുന്നു..........

മയൂര പറഞ്ഞു...

ഹരീ, പുതിയ ബ്ലോഗിനു എല്ലാവിധ ഭാവുകങ്ങളും..
കളര്‍കോട്ടെ നളചരിതം വായിച്ചൂ, അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ ആളല്ല:) എന്നാലും ആസ്വദിച്ച് വായിച്ചു:)

നന്ദന്‍ പറഞ്ഞു...

നന്നായി ഹരീ.. ആസ്വാദനം കലക്കി.. പുതിയ ബ്ലോഗിന്റെ ഡിസൈനും ഒത്തിരി ഇഷ്ടമായി. എല്ലാ ഭാവുകങ്ങളും :)

ബാലിവധം രണ്ടാം ഭാഗം ഇട്ടിരുന്നു. കണ്ടോ?

എതിരന്‍ കതിരവന്‍ പറഞ്ഞു...

ഹരീ കേരളത്തിന്റെ മറ്റു ഭാഗത്തെ കഥകളിയും ഇങ്ങനെ വിശകലനം ചെയ്യാന്‍ ആളെ കിട്ടുമോ?

കളിക്കാര്‍ ഇതു വായിക്കുന്ന ഒരു സംവിധാനവും അത്യാവശ്യമാണ്. കാഴ്ചക്കാരും കളിക്കാരുമായുള്ള ആദാന പ്രദാനങ്ങള്‍ കഥകളിയുടെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും നിലനില്‍പ്പിനും അത്യാവശ്യ്മാണ്.

അത്യാവശ്യമായ ഒരു കാര്യം: സ്റ്റേജിനു പുറകില്‍ ബാനര്‍ വലിച്ചു കെട്ടുന്നത് പാടെ നിരോധിക്കേണ്ടതാണ്. സ്പോണ്‍സര്‍മാര്‍ക്ക് പരസ്യം വേണമെങ്കില്‍ ഗേറ്റിലോ സ്റ്റേജിനു മുന്‍പിലോ വയ്ക്കട്ടെ. ഹരി ഫോടോ എടുക്കുമ്പോഴും ഇത് ശല്യമുണ്ടാക്കുന്നുവല്ലൊ. വേഷങ്ങള്‍ക്കു പുറകില്‍ ഒരു നിറവും പാടില്ലാത്തതാണ്. നടത്തിപ്പുകാര്‍ ഈ മാറ്റം കൊണ്ടു വരാന്‍ സാധ്യതയില്ല. കളിക്കാര്‍ നിര്‍ബ്ബന്ധം പിടിയ്ക്കേണ്ടതാണ്.

ഉപാസന || Upasana പറഞ്ഞു...

കഥകളിയുമായി യാതൊരു ബന്ധവുമില്ല
അന്നമനട മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഹ്സവും ഉണ്ടാകും എന്നിട്ടുംകാണാന്‍ കഴിഞ്ഞിട്ടില്ല
ഇനി ഭായ് പറഞ്ഞാ മതി വായിച്ചോലാം
:)
ഉപാസന

Haree പറഞ്ഞു...

@ മണി,
സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. സമയം പോലെ മറ്റു കളികളെക്കുറിച്ചും എഴുതുന്നുണ്ട്.

@ മയൂര,
വളരെ നന്ദി. :)

@ നന്ദന്‍,
നന്ദി. ബാലിവധം രണ്ടാം ഭാഗം കണ്ടിരുന്നു. :)

@ എതിരന്‍ കതിരവന്‍,
കളിക്കാര്‍ ഇതുവായിക്കുമോ എന്നറിയില്ല. സ്റ്റേജിനു പിറകിലെ ബാനറിനെപ്പറ്റിയും, സംഘാടകര്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളെക്കുറിച്ചും ഒരു പോസ്റ്റ് ഇടണമെന്നുണ്ട്. അതില്‍ വിശദമാക്കുവാന്‍ ശ്രമിക്കാം. ബ്ലോഗ് ചെയ്യുന്ന മറ്റ് ആസ്വാദകരും ഈ രീതിയില്‍ ആസ്വാദനങ്ങള്‍ എഴുതുമെന്ന് പ്രതീക്ഷിക്കാം... ‘കളിയരങ്ങ്’ അതിനൊരു പ്രചോദനമായെങ്കില്‍ അതു തന്നെ വലിയ കാര്യം.

@ ഉപാസന,
ഇനിമുതല്‍ കാണുവാന്‍ ശ്രമിക്കൂ. ഇവിടെയിടുന്നത് വായിക്കുമ്പോള്‍, ഏകദേശം ഒരു ധാരണ ഓരോ കഥയെക്കുറിച്ചും കിട്ടുമെന്നാണ് എന്റെയൊരു തോന്നല്‍.
--

Murali K Menon പറഞ്ഞു...

നല്ല ഉദ്യമം. ഭാവുകങ്ങള്‍

Sethunath UN പറഞ്ഞു...

ഹരീ,
ആധികാരികമായ ആസ്വാദനം.
നളചരിതം ഒന്നാം ദിവസം സമ്പൂ‌ര്‍ണ്ണം ആക്കുമ്പോ‌ള്‍ കാണുന്ന ഒരു പോരായ്മ പാട്ടുകാ‌ര്‍ക്ക് പദങ്ങ‌ള്‍ മന:പാഠമ‌ല്ലാത്തതുകൊണ്ട് അവരതു പുസ്തകത്തില്‍ നോക്കി കഷ്ടപ്പെട്ട് പാടുന്നു എന്നതാണ്. എല്ലാവരുമല്ല. എങ്കിലും ഭൂരിപക്ഷം പേരും. അക്ഷരത്തില്‍ മാത്രം ശ്രദ്ധിച്ച് സംഗീതം ഒരു വഴിപാടായി പോക്കുന്നു അപ്പോ‌ള്‍. ഇതിനിടയില്‍ തെറ്റുക‌ളുടെ കല്ലുകടിയും. നല്ല പദങ്ങ‌ള്‍ ഇല്ലാഞ്ഞല്ല. ആടാതായി ആയി എല്ലാവ‌ര്‍ക്കും വന്ന പരിചയക്കുറവു കൂടിയാണിത്. പിന്നെ ഒരു പരിധി വരെ സഹവേഷങ്ങ‌ള്‍ ചെയ്യുന്ന (ഉദാ: ഇന്ദ്രന്‍, സരസ്വതി, അഗ്നി ) നടന്മാ‌ര്‍ക്ക് ഉള്ള പദപരിചയക്കുറവ് രസച്ചരട് പൊട്ടിയ്ക്കുന്നു എന്നതും ഒരു കാരണം. “മിളിതം പദയുഗളേ നിഗളിതയാ” തുടങ്ങിയ ഇന്ദ്രന്റെ പദങ്ങ‌ള്‍ മുത‌ല്‍ നളന്റെയും ദമയന്തിയുടെയും ഒക്കെ പദങ്ങ‌ല്‍ വ‌ര്‍ഷങ്ങ‌‌‌ള്‍ക്കപ്പുറം ഉണ്ണികൃഷ്ണക്കുറുപ്പാശാന്‍ പാടിയത് കേ‌ള്‍ക്കാന്‍ ഭാഗ്യമുണ്ടായത് ഓ‌ര്‍ക്കുന്നു. ഒമ്പതു കൊല്ലങ്ങ‌‌ള്‍ക്കപ്പുറമാവണം ഗോപിയാശാന്റെയും ഷാരടിയാശാന്റെയും ( വാസുപ്പിഷാരടി) ഒരു നളചരിതം ഒന്നാം ദിവസം സമ്പൂര്‍ണ്ണം മരുത്തോ‌ര്‍വട്ടത്ത് ഉണ്ടായിരുന്നു. നന്നായിരുന്നു അത്. അന്ന് യമനായി വേഷം കെട്ടാന്‍ ഒരു ഭാഗ്യം എനിയ്ക്ക് ഉണ്ടായി. യമന്റെ പദമായിട്ടും ഓ‌ര്‍മ്മ വരാതെയിരുന്ന യമനെ ഷാരടിയാശാന്റെ ന‌ളന്‍ ഇരുത്തി മൂളി, കാലുകൊണ്ട് മടമ്പിടിച്ച് എഴുന്നേല്‍പ്പിയ്ക്കുകയായിരുന്നു. അതിന്റെ ജാ‌ള്യത മാറും മുമ്പേ അണിയറയില്‍ വെച്ച് ശകാരിയ്ക്കുകയും ചെയ്തു ആശാന്‍. :)
ശ്രീ. കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരോട് ആദരവോടുകൂടിത്തന്നെ പറയട്ടെ.. അദ്ദേഹത്തിന്റെ ഒരു സ്ഥായീഭാവം തന്നെയാണ് താങ്ക‌ളെടുത്ത ഫോട്ടോ. :). എവിടെയായാലും ഏതു വേഷമായാലും. :)

കൂടുത‌ല്‍ കഥക‌ളി വിശേഷങ്ങ‌ള്‍ പ്രതീക്ഷിയ്ക്കുന്നു.
നന്ദി.

എതിരന്‍ കതിരവന്‍ പറഞ്ഞു...

ഹരീ, നിഷ്കളങ്കന്‍......

ചില ആട്ടക്കാര്‍ ( ഇവിടെ ചന്ദ്രശേഖരവാര്യര്‍) ഉചിത ഭാവങ്ങള്‍ വരുത്താതിരിക്കുന്നതിനു ഒരു പരിധി വരെ പ്രേക്ഷരൌം കാരണക്കാരാണ്‍. ഇങ്ങനെയൊരു ആസ്വാദനം/നിരൂപണം വരുമെന്നറിഞ്ഞെങ്കില്‍ അദ്ദേഹം ഇത് ചെയ്യുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ ദക്ഷയാഗം ശിവന്‍ ഒരിക്കല്‍ കണ്ടിട്ടുന്റ്. ഒന്താംതരമായിരുന്നു. കാണികള്‍ വിദേശീയരും മറ്റ് ക്ഷണിക്കപ്പെട്ട ആല്‍ക്കാരുമായിരുആന്നതിനാലായിരുന്നിരിക്കണം. വളരെ ‘പബ്ലിക്’ ആയ നിരൂപണങ്ങള്‍ ഓരോ കളിറ്യ്ക്കു ശേഷവും ഉണ്ടായാലേ കളിക്കാര്‍ ഗൌരവപൂര്‍വം അരങ്ങ് വീക്ഷിക്കുകയുള്ളു.

ആളും തരവും കണ്ട് ഉഴപ്പുന്ന പല പ്രഗല്‍ഭരേയും എനിയ്ക്കറിയാം.

കഥകളിയെ തിയേറ്റര്‍ എന്ന രീതിയില്‍ കാണുന്ന പ്രേക്ഷകര്‍ ഒരുപാടുണ്ടായാലേ ഇതിന്‍ മാറ്റം വരികയുള്ളു.
തല്‍ക്കാലം ഹരിയുടെ ഈ സംരംഭത്തില്‍ ഏറെ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ഞാന്‍.

ഈയിടെയായി ഉടുത്തുകെട്ട് താഴ്ത്തിക്കെട്ടുന്നത് ഒരു അഭംഗി ആണല്ലൊ. ഇത് ഒരു ട്രെന്‍ഡ് ആയി മാറുകയാണോ? വേഷസ്വരൂപത്തിനു ദൃഢത ഇല്ലാതെ പോകുന്നു. തുണിയ്ക്കു പകരം പ്ലാസ്റ്റിക് ഷീറ്റ് വയ്ക്കുന്നതുകൊണ്ടാണോ ഉടുത്തുകെട്ടിന്റെ ‘കുട’ ആകൃതിയും നഷ്ടപ്പെടുന്നത്?

Haree പറഞ്ഞു...

@ മുരളി മേനോന്‍,
നന്ദി. :)

@ നിഷ്കളങ്കന്‍,
മാഷൊരു കഥകളി കലാകാരന്‍ കൂടിയാണോ! വളരെ സന്തോഷം. :)
ചന്ദ്രശേഖര വാര്യരുടെ വേഷങ്ങളില്‍ പലതിലും ഈയൊരു ഭാവം അറിഞ്ഞോ അറിയാതെയോ പ്രകടമാവാറുണ്ട്. കത്തി വേഷങ്ങളാണ് അദ്ദേഹത്തിന് കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു.

@ എതിരന്‍ കതിരവന്‍,
പറഞ്ഞത് വളരെ സത്യം. സദസുനോക്കിയുള്ള ആട്ടമാണ് പലപ്പോഴും. കഴിഞ്ഞ വര്‍ഷം എ.കെ.ജി. സെന്ററില്‍ നടന്ന സംസ്ഥാനകലാസാഹിത്യ അവാര്‍ഡുകളുടെ വിതരണത്തിനു ശേഷം ഒരു കര്‍ണ്ണശപഥമുണ്ടായി. കലാമണ്ഡലം ഗോപി (കര്‍ണ്ണന്‍), കോട്ടയ്ക്കല്‍ ശിവരാമന്‍ (കുന്തി) തുടങ്ങിയവരുള്‍പ്പെടുന്ന മേജര്‍ സെറ്റ്. പക്ഷെ, കണ്ട് കരഞ്ഞുപോയി! (കര്‍ണ്ണനെയോര്‍ത്തല്ല). ഏതാണ്ട് രണ്ടുമണിക്കൂറില്‍ കര്‍ണ്ണശപഥം അവസാനിച്ചു. സദസില്‍ ഞാനുള്‍പ്പടെ 10-20 പേരുണ്ടാവും. (അതിനു മുന്‍പ് ഹാള്‍ നിറഞ്ഞിരുന്നു.)

ഉടുത്തുകെട്ട് താഴ്ത്തി എല്ലാവേഷത്തിനും കെട്ടണമെന്നല്ല, ഹംസത്തിന്റെ ഉടുത്തുകെട്ട് അല്പം താഴ്ത്തി-കച്ച കുറച്ച് കെട്ടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. പഴയകാ‍ലത്തെ കഥകളി ഉടുത്തുകെട്ടിന്റെ ശൈലിയില്‍. പ്ലാസ്റ്റിക് ചാക്കായതുകൊണ്ട് കുഴപ്പമില്ല, പക്ഷെ ഉടുത്തുകെട്ടുന്നവര്‍ നന്നായി ചെയ്യണം എന്നുമാത്രം.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--