2007, നവംബർ 13, ചൊവ്വാഴ്ച

കളര്‍കോട്ടെ നളചരിതം നാലാം ദിവസം

Nalacharitham @ Kalarcode SriMahadeva Temple, Thiruvulsavam'07
2007 നവംബര്‍ 4: അടുത്തകാലത്തായി വളരെയധികം കാണുവാന്‍ അവസരം ലഭിക്കുന്ന ഒരു കഥയാണ്, നളചരിതം നാലാം ദിവസം. മൂന്ന് വേഷങ്ങള്‍, രണ്ടു പാട്ടുകാര്‍, ഒരു ചെണ്ട, ഒരു മദ്ദളം ഇത്രയും കലാകാരന്മാര്‍ മാത്രമേ അരങ്ങത്ത് ആവശ്യം വരുന്നുള്ളൂ എന്നതാവാം ഇത്രയധികം പ്രാവശ്യം ഈ കഥ അവതരിക്കപ്പെടുവാന്‍ കാരണം. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും, ഒരിക്കല്‍ കൂടി നളചരിതം നാലാം ദിവസം കളര്‍കോട് കണ്ടിട്ടും മുഷിച്ചിലൊട്ടും തോന്നിയില്ല്ല എന്നതാണ് സത്യം, അതാണല്ലോ കഥകളിയുടെ സൌന്ദര്യവും. കലാമണ്ഡലം ഗോപിയുടെ ബാഹുകനും; മാര്‍ഗി വിജയകുമാറിന്റെ കേശിനിയും; പത്തിയൂര്‍ ശങ്കരന്‍കുട്ടിയും, കലാനിലയം രാജീവനും ചേര്‍ന്ന സംഗീതവുമാണ് ഇവിടുത്തെ കളി ഇത്രയും ആസ്വാദ്യകരമാക്കിയത്.

ദമയന്തിയും തോഴിയും ഋതുപര്‍ണ്ണ മഹാരാജാവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന രംഗത്തോടെയാണ് നാലാം ദിവസം തുടങ്ങുന്നത്. പര്‍ണ്ണാദന്‍ പറഞ്ഞതു പ്രകാരം, ഋതുപര്‍ണ്ണസാരഥിയായ ബാഹുകന്‍ നൈഷധേന്ദ്രനായ നളന്‍ തന്നെയാണ് എന്ന വിശ്വാസമാണ് ദമയന്തിക്ക്. ബാഹുകവേഷത്തില്‍ നിന്നും നളനെ പുറത്തുകൊണ്ടുവരുവാനായി സുദേവന്‍ കണ്ടെത്തുന്ന വഴിയാണ് ദമയന്തിയുടെ പുനര്‍വിവാഹം. ഒരുദിവസം കൊണ്ട് ഋതുപര്‍ണ്ണനെ സ്വയംവരത്തിനായി വിദര്‍ഭപുരിയിലെത്തിക്കുവാന്‍ ബാഹുകനു സാധിച്ചാല്‍, അത് അശ്വഹൃദയം വശമുള്ള നളന്‍ തന്നെയാണെന്ന് ഉറപ്പാക്കാം. ഋതുപര്‍ണ്ണന്റെ തേരു ദൂരെനിന്നു കാണുന്നതും മറ്റുമാ‍ണ് പദാന്ത്യത്തില്‍ ദമയന്തി ആടുന്നത്.

Damayanthi & Kesini in Nalacharitham Nalam Divasam.
ഇതിനു ശേഷം ഋതുപര്‍ണ്ണനും ഭീമരാജാവുമായും മറ്റുമുള്ള രംഗങ്ങള്‍ മൂലകഥയിലുണ്ടെങ്കിലും അവയൊന്നും അരങ്ങില്‍ സാധാരണയായി അവതരിപ്പിച്ചു കാണാറില്ല. ബാഹുകന്‍, നളന്‍ തന്നെയാണെന്ന് ഉറപ്പാക്കുവാനായി തോഴിയായ കേശിനിയെ നളന്റെയടുത്തേക്കയയ്ക്കുന്ന ദമയന്തിയുടെ ‘സ്വല്പപുണ്യയായേന്‍, എന്‍ തോഴിമാരേ!’ എന്ന പദമാണ് തുടര്‍ന്ന് അവതരിപ്പിച്ചു വരുന്നത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ദമയന്തിയായും, മാര്‍ഗി വിജയകുമാര്‍ കേശിനിയായും വേഷമിട്ടു. നാലാം ദിവസത്തെ ദമയന്തിയുടെ സ്ഥായി ശോകമാണ്; തന്റെ പ്രാണനാഥനെ കണ്ടെത്തുമോ എന്നുള്ള ഉത്കണ്ഠയാണ്, വിരഹദുഃഖത്താല്‍ ആര്‍ത്തയുമാണ്. എന്നാല്‍ മാത്തൂരിന്റെ ദമയന്തി അത്യധികം സന്തോഷവതിയായും ഊര്‍ജ്വസ്വലയായും കാണപ്പെട്ടു. ചിത്രം നോക്കൂ, എത്ര സന്തോഷവതിയായാണ് തോഴിയുടെ തോളില്‍ കൈതാങ്ങി, ബാഹുകനെ നിരീക്ഷിച്ചുവരുവാന്‍ നിര്‍ദ്ദേശിക്കുന്നത്‌! ‘ഒളിവില്‍ മരുവി, പുനരോടിവന്നു, സകലമാശു കേശിനി, ചൊല്ലേണം.’ എന്നതാണ് പ്രസ്തുത ഭാഗം. കേശിനിയെ അയച്ചശേഷം, ദമയന്തി വീണ്ടും ഇരിപ്പിടത്തില്‍ വന്നിരുന്ന്, എല്ലാം ഭംഗിയായി വരുത്തണമേ എന്നു പ്രാര്‍ത്ഥിച്ച്, കേശിനിയെ പ്രതീക്ഷിച്ചിരിക്കുമ്പോളാണ് തിരശീല പിടിക്കാറ്‌. ഇവിടെ കേശിനിയെ അയച്ച വഴിക്കു തന്നെ ദമയന്തിയും വേദി വിട്ടു!

Kalamandalam Gopi as Bahukan in Nalacharitham Nalam Divasam.
കലാമണ്ഡലം ഗോപി ബാഹുകനായും, മാര്‍ഗി വിജയകുമാര്‍ കേശിനിയായും മികച്ച അഭിനയം കാഴ്ചവെച്ച ബാഹുക-കേശിനി സംഭാഷണ രംഗങ്ങളായിരുന്നു തുടര്‍ന്ന്. ബാഹുകന്‍ എല്ലം വിധിനിശ്ചയം പോലെ നടക്കും എന്ന ശുഭപ്രതീക്ഷയില്‍, കേശിനിയോട് വളരെ സരസമായാണ് ഇടപെട്ടത്. ‘പൂമാതിനൊത്ത ചാരുതനോ’ എന്ന കേശിനിയുടെ പിന്നീടുള്ള പദത്തില്‍ പറയുമ്പോലെ, ‘പലതും പറഞ്ഞു പിന്നെ, ഫലിതമത്രേ പാര്‍ത്തോളം’ എന്ന വരികള്‍ അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു കലാമണ്ഡലം ഗോപിയുടെ ബാഹുകന്‍. ‘നേരു തന്നെ ചൊല്ലേണം’ എന്ന കേശിനിയുടെ പദത്തിന് ബാഹുക്കന്‍: “ഇവിടെ എല്ലാവരും കള്ളമാണോ പറയുന്നത്?”; ‘ഋതുപര്‍ണ്ണഭൂപനെന്തിങ്ങു വന്നീടുവാന്‍?’ എന്ന കേശിനിയുടെ ചോദ്യത്തിന് ബാഹുകന്റെ മറുപടിയിങ്ങിനെ: “ഉണ്ടുറങ്ങുവാന്‍, ഒന്നു പോടോ, ഇവളിതെവിടുന്നു വരുന്നു”; പിന്നീട് തനിക്ക് ഒന്നുമിവിടെ നടക്കുവാന്‍ പോവുന്നതറിയില്ലെന്നു പറയുന്ന കേശിനിയോട് ബാഹുകന്‍: “കള്ളം പറയുകയല്ലല്ലോ? ഇവിടെത്തന്നെയല്ലേ വാസം? പൊട്ടിയുമല്ലല്ലോ? എങ്കില്‍ പറയാം.” എന്നിങ്ങനെയുള്ള ചെറിയ മനോധര്‍മ്മങ്ങളാണ് ഈ രംഗങ്ങള്‍ മനോഹരമാക്കിയത്.

Bahukan & Kesini in Nalacharitham Nalam Divasam.
തുടര്‍ന്ന് കേശിനിയെ യാത്രയാക്കിയ ശേഷം ബാഹുകന്‍, ഋതുപര്‍ണ്ണ മഹാരാജാവിനുള്ള ആഹാരം പാകം ചെയ്യുന്നു. അഗ്നി ദേവനും, വരുണനും ദമയന്തീപരിണയത്തിനു ശേഷം നല്‍കിയ വരങ്ങള്‍ ഉപയോഗിച്ചാണ് പാകം ചെയ്യുവാനാവശ്യമായ തീയും ജലവും ലഭ്യമാക്കുന്നത്. ഈ രംഗങ്ങളില്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ കടുവറുക്കുന്നതും, പപ്പടം കാച്ചുന്നതും മറ്റും വിശദമായി ആടാറുള്ളതായാണ് കേട്ടിരിക്കുന്നത്. എന്നാല്‍ കലാമണ്ഡലം ഗോപിയുടെ ബാഹുകന്‍, ആഹാ‍രം പാകം ചെയ്യുന്നത് വിസ്തരിക്കാറില്ല. പകരം തന്റെ ദുരവസ്ഥയില്‍ വിലപിക്കുന്നതായാണ് ആടാറുള്ളത്. അനേകം ബ്രാഹ്മണര്‍ക്ക് ധാരാളം ധനവും വസ്ത്രങ്ങളും ദാനം ചെയ്ത തന്റെ കൈ, തന്റെ ദയിതയായ ദമയന്തിയെ പുണരുവാന്‍ ആശ്രയമായ കൈ; ഒടുവില്‍ ഭൈമിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ വസ്ത്രം മുറിച്ചെടുത്തതും ഈ കൈതന്നെ. ചെങ്കോലും വാളുമേന്തിയിരുന്ന ഈ കൈയില്‍ ഇന്ന് കുതിരയെ തെളിക്കുവാനുള്ള ചാട്ടയും, പാചകം ചെയ്യുവാനുള്ള ചട്ടുകവും; തലയിലെഴുത്തു തന്നെ. ഇത്രയും ആടുമ്പോളേക്കും, ആഹാരം പാകമായതായി ആടിയ ശേഷം, ആഹാരം വിളമ്പി നല്‍കുവാനായി ഋതുപര്‍ണ്ണന്റെ സമീപമെത്തുന്നു.

ഋതുപര്‍ണ്ണന്റെ ഭോജനത്തിനു ശേഷം, മറ്റൊരു മനോധര്‍മ്മമുണ്ട്. ബാഹുകന്‍ ചോദിക്കുന്നു: “എന്താണ് അങ്ങയുടെ മുഖം വാടിയിരിക്കുന്നത്?”. ഋതുപര്‍ണ്ണന്‍ “ഒന്നുമില്ല” എന്ന് പറഞ്ഞതു കേട്ടതായി ആടിയ ശേഷം: “ഇങ്ങോട്ട് വളരെ ഉത്സാഹഭരിതനായി എത്തിയ അങ്ങയുടെ മുഖം വല്ലാതെ വാടിയിരിക്കുന്നതു കണ്ടതിനാല്‍ ചോദിച്ചതാണ്. സത്യമായും ഒന്നുമില്ലല്ലോ, അല്ലേ? എന്നാല്‍ ഞാനങ്ങോട്ട്...”. ഋതുപര്‍ണ്ണനോട് വിടവാങ്ങി തേരില്‍ വിശ്രമിക്കുവാനായെത്തുന്ന ബാഹുകന്‍ ചിന്തിക്കുന്നു: “വിവാഹമാണെന്ന് സുദേവന്‍ പറഞ്ഞിട്ട് ഇവിടെ അതിനുള്ള ഒരുക്കങ്ങളൊന്നും കാണുന്നില്ലല്ലോ! സുദേവന്‍ പറഞ്ഞത് അസത്യമാവുമോ? ഹേയ്, ബ്രാഹ്മണര്‍ കളവു പറയുമോ! രണ്ടാം വിവാഹമല്ലേ, ആര്‍ഭാടം വേണ്ടെന്നു കരുതിയതാവും.” ഇങ്ങിനെയൊക്കെ ആലോചിച്ച് തേരിലെത്തുന്ന ബാഹുകന്‍ പൂക്കള്‍ മങ്ങിയിരിക്കുന്നതു കാണുന്നു. ഇവിടെ വീണ്ടുമൊരു മനോധര്‍മ്മം കൂ‍ടിയുണ്ട്. “പൂക്കള്‍ വിടര്‍ന്ന് പരിമളം പരത്തി നില്‍ക്കുമ്പോള്‍ തേന്‍ നുകരുവാനായി വണ്ടുകള്‍ കൂട്ടമായി പറന്നെത്തുന്നു, സുന്ദരികള്‍ പൂവിറുത്ത് മണപ്പിച്ച് നെറുകയില്‍ ചൂടുന്നു; എന്നാല്‍ ഇവയൊന്ന് വാടിയാലോ, വണ്ടുകള്‍ സമീപത്തുപോലുമെത്തില്ല, സുന്ദരിമാരാവട്ടെ മണപ്പിച്ചു നോക്കി അവജ്ഞയോടെ ദൂരേയ്ക്കെറിയുന്നു. മനുഷ്യന്റെ അവസ്ഥയുമങ്ങിനെ തന്നെ. ധനവും അധികാരവും ഉള്ളപ്പോള്‍ ധാരാളം പേര്‍ ഉണ്ടാവും, സുഹൃത്തുക്കളായി; എന്നാല്‍ ഒന്ന് ധനം ക്ഷയിച്ചാല്‍, അധികാരം നഷ്ടപ്പെട്ടാല്‍, പിന്നെ ആരുമുണ്ടാവില്ല. എല്ലാവരും ആട്ടിയകറ്റും.” ഇത്രയും ആടിയ ശേഷം പൂക്കളെ തലോടുമ്പോള്‍, അവ വീണ്ടും വിരിയുന്നു. വണ്ടുകള്‍ തെന്‍ നുകരുവാനായി പറന്നടുക്കുന്നു, അവയെ ബാഹുകന്‍ നീരസത്തോടെ ആട്ടിയകറ്റുന്നു. തേരിലെത്തി വിശ്രമിക്കുന്നതോടെ രംഗത്തിനു തിരശീല വീഴുന്നു.

ബാഹുകന്‍ ആഹാ‍രം പാകം ചെയ്യുവാ‍നായി, വരുണനേയും അഗ്നിയേയും സ്മരിച്ച് ജലവും തീയും ലഭ്യമാക്കുമ്പോഴും; തേരിലെത്തി പൂക്കള്‍ക്ക് പുതുജീവന്‍ നല്‍കുമ്പോഴും കേശിനി മറഞ്ഞു നിന്ന് ഇവയൊക്കെ വീക്ഷിക്കുന്നതായി ആടേണ്ടതുണ്ട്. ഇവിടെ പൂക്കള്‍ക്ക് ജീവന്‍ നല്‍കുന്നത് കാണുന്നതായി മാത്രമേ ആടുകയുണ്ടായുള്ളൂ. കലാമണ്ഡലം ഷണ്മുഖദാസ് കേശിനിയായെത്തുമ്പോള്‍, വളരെ വ്യക്തമായി ഈ ഭാഗങ്ങള്‍ അലസത കാട്ടാതെ ആടാറുണ്ട്. ചില കേശിനിമാര്‍ ഈ ഭാഗത്തോട്ടേ വരാറില്ല എന്നതും പറയണം. ചെറിയ കാര്യമാണെങ്കിലും, കേശിനി വേണ്ടുവണ്ണം ഈ ഭാഗങ്ങള്‍ അഭിനയിക്കുമ്പോളുണ്ടാവുന്ന രസം, ഈ ഭാഗത്ത് കേശിനി എത്തിയില്ലെങ്കില്‍ ലഭിക്കാറില്ല. കേശിനിയായി വേഷമിടുന്നവര്‍, ഇതിലൊന്ന് മനസിരുത്തിയാ‍ല്‍ വളരെ നന്ന്.

Nalan & Damayanthi in Nalacharitham Nalam Divasam.
കേശിനി താന്‍ ഒളിച്ചിരുന്ന് കണ്ട കാര്യങ്ങള്‍ ദമയന്തിയെ അറിയിക്കുന്നു. ബാഹുകന്‍ നളന്‍ തന്നെയെന്നു പൂര്‍ണ്ണമായും ബോധ്യമാവുന്ന ദമയന്തി, ബാഹുകന്റെ സമീപമെത്തുന്നു. ദമയന്തി ‘വഴിയേതാകിലെന്തു ദോഷം, മാതാവെനിക്കു സാക്ഷി!’ എന്നു പറയുമ്പോള്‍ ബാഹുകന്‍ പറയുന്നു: “എന്ത് ദോഷമെന്നോ? വിവാഹം കഴിച്ച പുരുഷന്‍ ജീവനോടെയിരിക്കുമ്പോള്‍, മറ്റൊരുവനെ വരിക്കുവാനൊരുങ്ങുന്നു, എന്നിട്ടു ചോദിക്കുന്നു, എന്ത് ദോഷമെന്ന്!”. നളചരിതം നാലാം ദിവസത്തിലെ ബാഹുകനായി കലാമണ്ഡലം ഗോപിയെത്തുമ്പോള്‍, കേശിനിയുടേതായാലും ദമയന്തിയുടേതായാലും, പദങ്ങള്‍ക്കിടയില്‍ ആടുന്ന മനോധര്‍മ്മങ്ങള്‍ നിരവധിയാണ്. ഇവയാണ് നളചരിതം നാലാം ദിവസത്തിന്റെ ജീവനെന്ന് നിഃസംശയം പറയാം. ഇവയെല്ലാം വിസ്താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നില്ല, നളചരിതം നാലാം ദിവസത്തിന്റെ തന്നെ ഇനിവരുന്ന ആസ്വാദനങ്ങളില്‍ അവ കുറിക്കുവാന്‍ ശ്രമിക്കാം.

മറ്റൊരു പ്രധാനകാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് ഏവൂരില്‍ നടന്ന ‘നളചരിതോത്സവം-2007’-ല്‍ നളചരിതം കഥകള്‍ അവതരിപ്പിക്കുകയും; അവയെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയുമുണ്ടായി. അതിലുയര്‍ന്നു വന്ന ഒരു പ്രധാന നിര്‍ദ്ദേശം നളചരിതം നാലാം ദിവസം എങ്ങിനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ചായിരുന്നു. സാധാരണയായി, അശരീരി കേട്ട് ദമയന്തി തെറ്റുകാരിയല്ലെന്ന് തിരിച്ചറിഞ്ഞാലുടന്‍, നളന്‍ മക്കളെക്കുറിച്ച് ചോദിക്കുന്നതായും, ഇനിയൊരിക്കലും നാം പിരിയില്ലെന്നും മറ്റും പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് കണ്ടിട്ടുള്ളത്. നളചരിതോത്സവത്തില്‍ വന്ന നിര്‍ദ്ദേശം; ഇതു ശരിയല്ലെന്നും, കാട്ടില്‍ നിന്നും ദമയന്തി എങ്ങിനെ നാട്ടില്‍ സുരക്ഷിതയായെത്തിയെന്ന് അറിയുവാനുള്ള ആകാംക്ഷയാവണം നളന്‍ കുട്ടികളെ അന്വേഷിക്കുന്നതിനും മുന്‍പ് ആടേണ്ടതെന്നുമായിരുന്നു. അതുപോലെ നളന് സംഭവിച്ചതറിയുവാന്‍ ദമയന്തിയും ആകാംക്ഷകാട്ടണം. വളരെ വിശദമായി ആടിയില്ലെങ്കിലും, ഒരു പത്തോ പതിനഞ്ചോ മിനിറ്റില്‍ ചുരുക്കിയെങ്കിലും ഇത്രയും ആടിയില്ലെങ്കില്‍, അത് ആ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന അവതരണമാവില്ല എന്നത് അവിടെയെത്തിയ ആസ്വാദകരും, ഈ രംഗത്ത് പഠനം നടത്തുന്നവരും ഒരുപോലെ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇവിടെയും അങ്ങിനെയൊരു ആട്ടം ഉണ്ടായില്ല്ല. ‘നളചരിതോത്സവം’ പോലെയുള്ള ആസ്വാദകസദസുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഇതുപോലെയുള്ള നിര്‍ദ്ദേശങ്ങള്‍, എത്രമേല്‍ പ്രവൃത്തിപരിചയമുള്ള കലാകാരന്മാരാണെങ്കിലും, അംഗീകരിച്ച് നടപ്പില്‍ വരുത്തുന്നതാണ് കഥകളിക്ക് ഗുണകരമാവുക എന്നതിന് ഒരു എതിരഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നില്ല. അതു സാധിക്കുന്നില്ലെങ്കില്‍, ഈ രീതിയിലുള്ള ചര്‍ച്ചാവേദികള്‍ സംഘടിപ്പിക്കുന്നതിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടും.

Nalan & Damayanthi in Nalacharitham Nalam Divasam.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരുടെ പാട്ടാ‍ണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഇരുവരുടേയും ശബ്ദം നന്നായി ചേര്‍ന്നുപോവുന്നതാകയാ‍ല്‍, കേള്വിക്ക് ഇമ്പം കൂടുതലായി അനുഭവപ്പെട്ടു. ‘നൈഷധന്‍ ഇവന്‍ താന്‍’ എന്ന ഭാഗം പത്തിയൂര്‍ പാടുക ‘നൈഷധല്‍ ഇവന്‍ താന്‍’ എന്നാണ്. ഏതാണ് ശരി? സ്ഥിരമായി ‘നൈഷധല്‍’ എന്നുപയോഗിക്കുന്നതിനാല്‍ അറിയാതെ വന്ന പിശകല്ല അത്. ‘പൂമാതിനൊത്ത ചാരുതനോ?’ വരെയുള്ള ഭാഗം മദ്ദളത്തില്‍ കലാമണ്ഡലം ശശിയും, ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുമായിരുന്നു പക്കമേളം. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്ക് കലാമണ്ഡലം അച്ചുതവാര്യര്‍(മദ്ദളം), കലാമണ്ഡലം കൃഷ്ണദാസ്(ചെണ്ട) എന്നിവരായിരുന്നു മേളക്കാര്‍. ബാ‍ഹുകന്റേയും മറ്റും ചുട്ടിയും ഉടുത്തുകെട്ടും വളരെ നന്നായിരുന്നെന്നതും പ്രസ്താവ്യമാണ്. ദമയന്തി നിരാശപ്പെടുത്തിയെങ്കിലും, ഈ ഉത്സവക്കളികളിലെ ഏറ്റവും മികച്ച കളിയായിരുന്നു നളചരിതം നാലാം ദിവസമെന്ന് നിഃസംശയം പറയാം.


Keywords: Nalacharitham Nalam Divasam, Nalan, Damayanthi, Kesini, Kalamandalam Gopi, Mathur Govindankutty, Margi Vijayakumar, Pathiyoor Sankarankutty, Kalanilayam Rajeevan, Alappuzha, Kalarcode SriMahadeva Temple, Thiruvulsavam
--

5 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തില്‍ നടന്ന നളചരിതം നാലാം ദിവസം കഥകളിയുടെ ഒരു ആസ്വാദനം.

കലമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി നിര്യാതനായി. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്നില്‍ ശിരസുനമിച്ച്... ആദരാഞ്ജലികളോടെ...
--

Sethunath UN പറഞ്ഞു...

എമ്പ്രാന്തിരിയാശാന് ആദരാഞ്ജലിക‌ള്‍! :(
ഗോപിയാശാന്റെ ബാഹുക‌ന്‍ എത്ര കണ്ടാലും മുഷിച്ചില്‍ വരാത്തത് അദ്ദേഹം ആട്ടത്തില്‍ വരുത്തുന്ന വൈവിദ്ധ്യം തന്നെയാണ്. അതുപോലെ പഞ്ചഭൂതങ്ങ‌ള്‍ ക്ഷിപ്രസാദ്ധ്യനായിരിയ്ക്കുന്നവനും പാചകക‌ലയില്‍ അതിനിപുണനുമായ ന‌ളന് പാചകം ഒരുപാട് സമയം വേണ്ട ഒന്നല്ല എന്നത് ഗോപിയാശാന്റെ ന‌ളപാചകം വെളിവാക്കുന്നു. കൃഷ്ണന്‍ നായരാശാന്റെയും മാങ്കുളം ആശാന്റേയും ന‌ളന്മാ‌ര്‍ സദസ്സിനു വേണ്ടി ഈ ഭാഗം ഹരി പറഞ്ഞ പോലെ വിസ്തരിയ്ക്കുന്നത് കണ്ടിട്ടുണ്ട് ഞാന്‍. അന്ന് അവരുടെ നടന ചാരുത കണ്ട് ര‍സിച്ചിട്ടുണ്ടെങ്കില്‍ത്തന്നേയും അത് അവസരോചിതമ‌ല്ല എന്നതാണ് സത്യം. മാങ്കുളം ആശാന്റെ നാലാംദിവസത്തിന് “തിരുമേനിയുടെ ദേഹണ്ഡം ഒന്നു കാണേണ്ടതു തന്നെ” എന്നു പറഞ്ഞ് കഥ‌ക‌ളിയെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തവ‌ര്‍ കൂടി കഥക‌ളി കാണാന്‍ പോകുമായിരുന്നതായി അറിയാം. ഒര‌ര്‍ത്ഥത്തില്‍ ആ മഹാന‌ടന്മാ‌ര്‍ കഥക‌ളിയെ അതില്‍ അജ്ഞരായവരോട് കൂടുത‌ല്‍ അടുപ്പിയ്ക്കാനായി ചെയ്ത ഒരു വിട്ടുവീഴ്ചയും കൂടിയായിരിയ്ക്കാം ഇത്.
ന‌ല്ല ആസ്വാദനം ഹരീ. വായിയ്ക്കുമ്പോ‌ള്‍ മനസ്സിന് എന്തെന്നില്ലാത്ത സുഖം; പ്രത്യേകിച്ച് ഒരു കഥക‌ളി കാണാനും കൂടിപ്പറ്റാതെ ഇരിയ്ക്കുമ്പോ‌ള്‍.
ഡിസംബറില്‍ ഞാന്‍ നാട്ടിലേയ്ക്ക് (അമ്പ‌ലപ്പുഴ) വരുകയാണ്. സ്ഥിര‌മായി. അപ്പോ‌ള്‍ കാണ‌ണം കേട്ടോ. ബുദ്ധിമുട്ടില്ലെങ്കില്‍, ഡിസംബറില്‍ എവിടെയൊക്കെ കളിയുണ്ടെന്നു കൂടി ഒന്ന് അറിയിയ്ക്കുമോ?

ക‌ളിയരങ്ങ് ആസ്വദിച്ച് എഴുതി നിറയ്ക്കുക. ഞങ്ങ‌ള്‍ കാത്തിരിയ്ക്കുന്നു. ഭാവുകങ്ങ‌ള്‍!

Haree പറഞ്ഞു...

@ നിഷ്കളങ്കന്‍,
വളരെ നന്ദി. ആ‍ഹ, ഡിസംബര്‍ മുതല്‍ക്ക് അപ്പോള്‍ കളികളൊക്കെ കാണാമല്ലോ. :) കളികളുടെ വിവരങ്ങള്‍ അറിയുവാന്‍ കഥകളി ന്യൂസ് എന്ന ലിങ്കില്‍ നോക്കൂ. ഓര്‍ക്കുട്ടില്‍ അംഗമാണെങ്കില്‍, കഥകളി കമ്മ്യൂണിറ്റിയില്‍ 'കഥകളികള്‍' എന്ന ടോപ്പിക്കിലും നടക്കുവാനിരിക്കുന്ന കഥകളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
--

Sethunath UN പറഞ്ഞു...

വ‌ള‌രെ നന്ദി ഹരീ

സു | Su പറഞ്ഞു...

വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതില്‍ വീണുഴന്നു,
വിഷമമെന്നുറച്ചു വേദന പാരം
വരവിനോടെന്നാല്‍ നീയിദാനീം
വീര്യപുമാനെക്കാണ്മാനായി വേല ചെയ്യേണം.

കഥകളി ബ്ലോഗ് തുടങ്ങിയത് നന്നായി. കുറേ കണ്ടിട്ടുണ്ട്, കഥകളി. കാണും, വിടും. അത്രയേ ഉള്ളൂ. ഇനി കാണുമ്പോള്‍, ഒക്കെ ശ്രദ്ധിച്ചുമനസ്സിലാക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--