2008, ജനുവരി 29, ചൊവ്വാഴ്ച

കനകക്കുന്നിലെ രുഗ്മാംഗദചരിതം

RugmangadaCharitham - Nishagandhi Festival'08 @ Kanakakkunnu, Thiruvananthapuram
ജനുവരി 21, 2008: ടൂറിസം വകുപ്പ് വര്‍ഷാവര്‍ഷം നടത്തിവരുന്ന നിശാഗന്ധി ഉത്സവത്തിന്റെ ഭാഗമായി, കനകക്കുന്ന് കൊട്ടാരത്തില്‍ കഥകളിമേള എന്ന പേരില്‍ ഏഴുദിവസത്തെ കഥകളിയും ഒരുക്കുകയുണ്ടായി. രണ്ടാമത്തെ ദിവസം അവതരിപ്പിച്ച ‘രുഗ്മാംഗദചരിതം’ കഥകളിയെക്കുറിച്ചാണ് ഈ ആസ്വാദകക്കുറിപ്പ്. കലാമണ്ഡലം ഗോപി രുഗ്മാംഗദനായും, മാര്‍ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങിലെത്തി. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് നമ്പൂതിരി എന്നിവര്‍ സംഗീതവും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി - ചെണ്ട, മാര്‍ഗി രവീന്ദ്രന്‍- മദ്ദളം എന്നിങ്ങനെ മേളവിഭാഗവും കൈകാര്യം ചെയ്തു.

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
കാട്ടില്‍ നായാട്ടിനെത്തുന്ന രുഗ്മാംഗദന്‍ വിശ്രമിക്കുന്ന അവസരത്തില്‍ മോഹിനി രംഗപ്രവേശം ചെയ്യുന്നു. “കല്യാണാംഗി അണിഞ്ഞിടും, ഉല്ലാസശാലിനി...” എന്നു തുടങ്ങുന്ന സാരി പദത്തോടെയാണ് രംഗം ആരംഭിക്കുന്നത്. ‘വനത്തിലാകെ പൂക്കളുടെ പ്രഭ പരന്നിരിക്കുന്നു, വണ്ടുകള്‍ തേന്‍ നുകരുവാനായി പറന്നു കളിക്കുന്നു, കൂടാതെ ഹൃദ്യമായ സുഗന്ധവും, ഇതിനു കാരണമെന്ത്?’ എന്നു ചിന്തിക്കുന്ന രുഗ്മാംഗദന്‍ ‘ഒരു സുന്ദരിയുടെ നൃത്തച്ചുവടുകളല്ലേ, കേള്‍ക്കുന്നത്’ എന്നു സന്ദേഹിക്കുന്നു. അല്പ നിമിഷത്തിനകം ‘മിന്നല്‍ പോലെ മിന്നിടുന്ന ഒരു സുന്ദരി’ രുഗ്മാംഗദ മഹാരാജാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. “മധുരതരകോമളവദനേ!” എന്നു തുടങ്ങുന്ന രുഗ്മാംഗദന്റെ പതിഞ്ഞ പദമാണ് തുടര്‍ന്ന്. “മദസിന്ധുരഗമനേ!” എന്ന ഭാഗം വിശദമായിത്തന്നെ കലാമണ്ഡലം ഗോപി രംഗത്ത് അവതരിപ്പിച്ചു. മദയാനയുടെ നടപ്പിനോട് സുന്ദരിമാരുടെ ഗമനത്തെ ഉപമിക്കുന്നത്, രുഗ്മാംഗദചരിതത്തില്‍ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. “താനേ വിപിനേ...” എന്ന ഭാഗത്ത്, ‘ഒരു തുണപോലുമില്ലാതെ ഈ കാട്ടില്‍ എത്തുവാന്‍ എന്താണ് കാരണം?’ എന്ന രുഗ്മാംഗദന്റെ ചോദ്യത്തിന് ‘അങ്ങയെക്കാണുവാനായിത്തന്നെ...’ എന്നു മോഹിനി ഉത്തരം നല്‍കുന്നു. ‘നേരോ?’ എന്ന് അത്ഭുതത്തോടെ രുഗ്മാംഗദന്‍ തിരിച്ചു ചൊദിക്കുന്നു. ഈ രീതിയില്‍ പദത്തോടു ചേരുന്ന, എന്നാല്‍ അമിതമാവാത്ത ഒരുപിടി മനോധര്‍മ്മങ്ങള്‍ ഗോപി-വിജയകുമാര്‍ സഖ്യത്തില്‍ നിന്നുണ്ടായി. അവയായിരുന്നു കനകക്കുന്നിലെ രുഗ്മാംഗദചരിതത്തെ ജീവസുറ്റ ഒന്നാക്കി മാറ്റിയത്.

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
കലാമണ്ഡലം ഗോപി കഥാപാത്രമായി മാറുന്നതിലെ പൂര്‍ണ്ണതയാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. രുഗ്മാംഗദനായെത്തുമ്പോള്‍, അദ്ദേഹത്തിന്റെ വേഷം ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ തന്നെ നളനേയോ കര്‍ണ്ണനേയോ അര്‍ജ്ജുനനേയോ ഓര്‍മ്മപ്പെടുത്തുന്നില്ല. “മുദിരദതികബരിപരിചയപദവിയോ!” എന്ന നളചരിതത്തിലെ പദാഭിനയം തന്നെയാണ് “വണ്ടാര്‍ക്കുഴലാളേ! നിന്നെ...”, “ചരണാംബുജേ, ദാസ്യം കുര്യാം!” എന്നീ ഭാഗങ്ങളിലും വരുന്നതെങ്കിലും; ദമയന്തിയോടുള്ള പ്രേമത്താല്‍ ദീനനായ നളന്‍, മോഹിനിയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ച് കാമപരവശനായ രുഗ്മാംഗദന്‍; ഇവര്‍ രണ്ടുപേരുടേയും ഭാവത്തിലുണ്ടാവേണ്ട വ്യത്യസ്‌തത ഗോപിയുടെ വേഷത്തില്‍ പ്രകടമാണ്. തന്റെ ദയിതയാകുവാനുള്ള രാജാ‍വിന്റെ ഇംഗിതത്തോട് യോജിക്കുന്ന മോഹിനി പക്ഷെ ഒരു കാര്യം ആവശ്യപ്പെടുന്നു, ‘എനിക്ക് അപ്രിയം തോന്നുന്ന കാര്യങ്ങള്‍ ഒരിക്കലും അങ്ങില്‍ നിന്നും ഉണ്ടാവരുത്. ഇതെനിക്ക് ഉറപ്പു നല്‍ക്കാമെങ്കില്‍ ഞാന്‍ അങ്ങയുടെ ഭാര്യയായിരിക്കാം.’ ‘നിന്നോട് അപ്രിയം ചെയ്യുവാനോ, ഒരിക്കലുമില്ല’, എന്നു പറയുന്ന രാജാവിനോട് വെറുതെ പറഞ്ഞതുകൊണ്ടായില്ല, തനിക്ക് സത്യം ചെയ്തു തരണമെന്ന് മോഹിനി അറിയിക്കുന്നു. അപ്രകാരം രുഗ്മാംഗദന്‍ സത്യം ചെയ്യുന്നു.

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
മന്ദിരത്തിലേക്ക് മോഹിനിയുമായി ചെല്ലുമ്പോള്‍, തന്റെ ഭാര്യയും മകനും എന്തു വിചാരിക്കുമെന്ന് ഇടയ്ക്ക് രുഗ്മാംഗദന്‍ സന്ദേഹിക്കുന്നുണ്ട്. പിന്നെ, തന്റെ ഇഷ്ടത്തിന് അവരൊരിക്കലും എതിരുനില്‍ക്കില്ല എന്ന് രുഗ്മാംഗദന്‍ ഉറയ്ക്കുന്നു. തനിക്ക് അനേകം ഭാര്യമാരില്ലെന്നും, ഒരു ഭാര്യയും ഒരു മകനുമേ തനിക്കുള്ളൂ എന്നും പറയുന്ന രുഗ്മാംഗദനോട് മോഹിനി ചോദിക്കുന്നു, ‘അങ്ങയുടെ ഭാര്യ ദേഷ്യത്തോടെയാവുമോ എന്നോട് പെരുമാറുക?’. ‘ഒരിക്കലും ഇല്ല, എന്റെ ഇഷ്ടം തന്നെ അവരുടേയും ഇഷ്ടം’ എന്ന് രുഗ്മാംഗദന്‍ ഉറപ്പുകൊടുക്കുന്നു. ‘നിന്നെപ്പോലെ സുന്ദരിയായ ഒരു സ്ത്രീയെ ഞാനിന്നുവരെ കണ്ടിട്ടില്ല. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ സ്വന്തം കരം കൊണ്ട്, അതിവിശിഷ്ടമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതുപോലെ തോന്നും നിന്നെ കണ്ടാല്‍’ എന്നു പറയുന്ന രുഗ്മാംഗദനോട് മോഹിനി പറയുന്നു, ‘അല്ലേയല്ല, ബ്രഹ്മാവിന്റെ മാനസപുത്രിയാണ് താന്‍.’ രുഗ്മാംഗദന് സംശയം തോന്നുന്നു. ‘ഇത്രയും സുന്ദരിയായ നീ, എന്തുകൊണ്ട് ഇന്ദ്രാദികളാ‍യ ദേവന്മാരെ വിട്ട് എന്നരികിലെത്തി?’. മോഹിനി പറയുന്നു, ‘അങ്ങയുടെ കീര്‍ത്തി ദേവലോകത്തുപോലും എത്തിയിരിക്കുന്നു. അങ്ങയെ ഇവിടെ കണ്ട്, അങ്ങയുടെ കീര്‍ത്തിയില്‍ പ്രഭാവതിയായി, അങ്ങയോടുള്ള പ്രേമത്താല്‍ എത്തിയതാണ്’. ‘അങ്ങനെയോ! ദേവന്മാര്‍ മുനിമാരുടെ തപസ് ഭംഗം വരുത്തുവാനായി സുന്ദരികളെ അയയ്ക്കാറുള്ളതായി കേട്ടിട്ടുണ്ട്. ഇതെന്നെ പരീക്ഷിക്കുവാനായല്ലോല്ലോ?’ എന്നു സംശയിക്കുന്ന രുഗ്മാംഗദന്‍, ‘അല്ലേയല്ല!’ എന്ന മോഹിനിയുടെ വാക്കില്‍ വിശ്വസിച്ച് മോഹിനിയുമായി കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

രണ്ടു ബ്രാഹ്മണന്മാര്‍ തമ്മിലുള്ള സംഭാഷണമാണ് അടുത്ത രംഗം. ദ്വാദശി ഊട്ടിനായി കൊട്ടാരത്തിലേക്കുള്ള യാത്രാമദ്ധ്യേയാണവര്‍. ഈ രംഗത്തിന് കാര്യമായ പ്രാധാന്യമൊന്നും കഥയിലില്ലെങ്കിലും, രുഗ്മാംഗദനായും മോഹിനിയായും വേഷമിടുന്ന കലാകാരന്മാര്‍ക്ക് ഒരല്പം വിശ്രമിക്കുവാന്‍ ഈ രംഗം വഴിയൊരുക്കുന്നു. “മോഹിനിയോട് ചേര്‍ന്നിട്ടും ഭൂപന്‍, ഏകാദശീവൃത ലോപം ചെയ്യുന്നില്ല.” എന്ന പദഭാഗം മാത്രമാണ് ശ്രദ്ധിക്കേണ്ടതായുള്ളത്.

ഏകാദശീവൃതമെടുത്ത് ധ്യാനനിരതനായിരിക്കുന്ന രുംഗ്മാംഗദനെയാണ് അടുത്ത രംഗത്തില്‍ നാം കാണുന്നത്. മോഹിനി പ്രവേശിക്കുന്നു. ‘താനിവിടെ വന്നിട്ട് വളരെ നാളുകളായി. തന്റെ ആഗമനോദ്ദേശമായ, രുഗ്മാംഗദന്റെ ഏകാദശീവൃതം മുടക്കുക, ഇതുവരെ സാധ്യമായിട്ടില്ല. ഇന്നതിന് ഉദ്യമിക്കുക തന്നെ’ എന്നാടി രുഗ്മാംഗദനെ പുണരുവാനൊരുങ്ങുന്നു. രുഗ്മാംഗദന്‍ ഞെട്ടലോടെ മോഹിനിയെ തടയുന്നു. കാര്യമാരായുന്ന മോഹിനിയോട് രുഗ്മാംഗദന്‍ കാര്യം പറയുന്ന “ചെയ്‌വേന്‍ താവക അഭിലാഷം!” എന്ന പദമാണ് തുടര്‍ന്ന്. എന്തൊക്കെ പറഞ്ഞിട്ടും മോഹിനി കൂട്ടാക്കുന്നില്ല. തന്റെ ഇംഗിതം സാധിപ്പിച്ചു തന്നില്ലെങ്കില്‍ സത്യഭംഗം വന്നുഭവിക്കുമെന്ന് മോഹിനി ഓര്‍മ്മപ്പെടുത്തുന്നു. ‘ഇനി സത്യഭംഗം ഉണ്ടാവാതെ വൃതം നോല്‍ക്കുവാന്‍ അങ്ങ് ഇച്ഛിക്കുന്നെങ്കില്‍, അമ്മയുടെ മടിയില്‍ വെച്ച്, ഏകമകനായ ധര്‍മ്മാംഗദനെ, ഒരിറ്റു കണ്ണുനീര്‍ പോലും പൊഴിക്കാതെ, അങ്ങു തന്നെ ഗളച്ഛേദം ചെയ്യുക.’ എന്നു പറയുന്ന മോഹിനിയോട് ‘സ്നേഹാമൃതാനന്ദാത്മികേ’ എന്നു ദീനനായും, ‘ദുഷ്ടാത്മികേ’ എന്നു ക്രോധത്തോടെയും ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിയുവാന്‍ രുഗ്മാംഗദന്‍ അപേക്ഷിക്കുന്നു. എന്നാല്‍ മോഹിനി തന്റെ ഇംഗിതത്തില്‍ ഉറച്ചു നില്‍ക്കുന്നു.

"നാഥ! ജനാര്‍ദ്ദന! സാദരം ഭൂതദയ...” എന്ന പ്രശസ്തമായ പദത്തിനു ശേഷം ധര്‍മ്മാംഗദന്‍ പ്രവേശിക്കുന്നു. അച്ഛന്റെ അവസ്ഥ നന്നായി മനസിലാക്കുന്ന മകന്‍, സത്യഭംഗം വരാതിരിക്കുവാനായി തന്നെ വധിക്കുവാന്‍ അച്ഛനോട് ആവശ്യപ്പെടുന്നു. അമ്മയെ ഇരുത്തി, വെട്ടുവാനായി മടിയില്‍ കിടക്കുന്ന മകനെ നോക്കി ഒരുപിടി മനോധര്‍മ്മാട്ടങ്ങള്‍ രുഗ്മാംഗദന്റേതായുണ്ട്. ‘ഒരു പുത്രനുണ്ടാകുവാനായി എത്ര ആശിച്ചു. പൂജകള്‍, ദാനങ്ങള്‍ ആദിയായവ ധാരാളമായി ചെയ്തതിന്റെ ഫലമായി ഒരു സല്പുത്രനെ തന്നെ തനിക്കു ലഭിച്ചു. ഏവര്‍ക്കും സന്തോഷം നല്‍കി അവന്‍ വളര്‍ന്നു. ഭാവിയില്‍ തന്റെ രാജ്യം പരിപാലിക്കേണ്ട രാജാവായി, പീഠത്തിലിരുത്തി അഭിഷേകം ചെയ്യുവാന്‍ കൊതിച്ചിരുന്ന ഈ കൈകൊണ്ട് തന്നെ ഗളച്ഛേദം നടത്തണമെന്നോ!’ എന്നു വിഷമിക്കുന്ന രുഗ്മാംഗദന്‍ മോഹിനിയോടായി പറയുന്നു; ‘അല്ലയോ മോഹിനി, എന്റെ രാജ്യവും സമസ്ത ധനവും നിന്റെ കാല്‍ക്കല്‍ വെയ്ക്കാം. ഞങ്ങള്‍ കാട്ടില്‍ പോയി വസിക്കുകയും ചെയ്യും. കനിവു തോന്നി ഈ ശാഠ്യത്തില്‍ നിന്നും നീ പിന്തിരിയുക.’ തന്റെ നിലപാടില്‍ മോഹിനി ഉറച്ചു നില്‍ക്കുന്നു. പിന്നെയും രുഗ്മാംഗദന്‍ കോപത്തോടെ തുടരുന്നു; ‘മോഹിനിയുടെ രൂപവും, രാക്ഷസിയുടെ മനസും.’ ഭാര്യയെ നോക്കി, ‘കഷ്ടം! പതിവ്രതാരത്നമായ ഇവളേയും, യുവരാജാവായ ഏകമകനേയും ഓര്‍ക്കാതെ, കാട്ടില്‍ വെച്ച് കണ്ടമാത്രയില്‍, സുന്ദരമായ രൂപത്തില്‍ ഭ്രമിച്ച് ഇവളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നുവല്ലോ! ദേവനാരിയെന്നാണ് കരുതിയത്, പക്ഷെ രാക്ഷസസ്ത്രീയാണെന്ന് ഇപ്പോള്‍ മനസിലാവുന്നു.’

RugmangadaCharitham - Kalamandalam Gopi (Rugmangadan), Margi Vijayakumar (Mohini)
മോഹിനിയുടെ നേര്‍ക്ക് തിരിഞ്ഞ്; ‘ഞാന്‍ ഈ കര്‍മ്മം ചെയ്യുകയില്ല, ഏകാദശീവ്രതം മുടക്കുകയുമില്ല. സത്യഭംഗം വരുന്നതിനെ ഞാന്‍ കണക്കിലെടുക്കുന്നുമില്ല. നിനക്കെന്തു ചെയ്യുവാന്‍ കഴിയും’. മോഹിനി, ‘ഞാനിവിടെ വിഷം കുടിച്ചു മരിക്കും!’. രുഗ്മാംഗദന്‍ ചിന്തിക്കുന്നു; ‘ഒരു നാരി അപമൃത്യു വരിക്കുക, അതും സത്യഭംഗം വരുത്തിയ ഒരു രാജാവു കാരണം. അതില്‍പരമൊരു ദുഷ്‌കീര്‍ത്തി തന്റെ കുലത്തിനു വരുവാനില്ല. താന്‍ അതിനൊരു നിമിത്തമായിക്കൂട. ഏകാദശീവ്രതം മുടക്കാതെ കഴിയണമെങ്കില്‍, തന്റെ മകനെ വധിക്കുക തന്നെ വേണം. വിധിനിശ്ചയം അങ്ങിനെയാ‍വും’. തുടര്‍ന്ന്, മകന്‍ തന്റെ കൈയിലേല്പിച്ച വാളിനോടായി, ‘എത്രയോ യുദ്ധങ്ങളില്‍, വൈരികളുടെ രക്തം കുടിച്ചതാണ്. എന്നിട്ടും തൃപ്തിയാവാതെ, ഇപ്പോളെന്റെ തന്നെ മകന്റെ രക്തം നിന്റെ ദാഹമടക്കുവാനായി വേണമോ! ഇതാ, എടുത്തുകൊള്ളുക’; വെട്ടുവാനായി തയ്യാറായി വിഷ്ണുഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു; ‘അങ്ങയുടെ പാദസേവ ചെയ്ത എന്നെ രക്ഷിക്കുക. എന്റെ ജീവന്‍ ഈ നിമിഷം തന്നെ എടുത്തുകൊള്‍ക്ക. തന്റെ മകനെ രക്ഷിക്കുക.’. തന്റെ രക്ഷയ്ക്ക് വിഷ്ണുഭഗവാന്‍ എത്തുന്നില്ലെന്നു കണ്ട്, ‘പണ്ട്, പ്രഹ്ലാദനെ രക്ഷിക്കുവാനായി അങ്ങ് നരസിംഹാവതാരമെടുത്തു. തൂണുപിളര്‍ന്നെത്തി, ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് പ്രഹ്ലാദനെ രക്ഷിച്ചതുപോലെ, ബാലനായ എന്റെ മകനെയും രക്ഷിക്കുക.’ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ലെന്നുകണ്ട് മകനെ വെട്ടുവാന്‍ ഒരുങ്ങുന്നു. വെട്ടുവാന്‍ തുടങ്ങുമ്പോള്‍, വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ട് തടയുന്നു. തുടര്‍ന്ന് മോഹിനിയുടെ അവതാ‍രോദ്ദേശം അറിയിച്ച്, ധര്‍മ്മാംഗദനെ രാജാവായി വാഴിച്ച്, രുഗ്മാംഗദനും ഭാര്യയ്ക്കും മോക്ഷം നല്‍കുന്നു.

മാര്‍ഗി വിജയകുമാര്‍ മോഹിനിയെ അവസാന രംഗങ്ങളില്‍ അവതരിപ്പിച്ച രീതിയും ശ്രദ്ധിക്കേണ്ടതാണ്. മകനെ കൊല്ലുവാനായി നിര്‍ബന്ധം പിടിക്കുകയല്ല വിജയകുമാറിന്റെ മോഹിനി ചെയ്തത്. വൃതഭംഗം വരുത്തുക എന്നതാണല്ലോ മോഹിനിയുടെ ലക്ഷ്യം, രാജാവിനെക്കൊണ്ട് മകനെ കൊല്ലിക്കുകയല്ല. വൃതം ഉപേക്ഷിച്ച് ഭക്ഷണം കഴിക്കുവാനാണ് രുഗ്മാംഗദനോട് വിജയകുമാറിന്റെ മോഹിനി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതിനു കഴിയില്ലെങ്കില്‍ മാത്രം, മകനെ ഒരിറ്റു കണ്ണീരുപോലും വീഴ്ത്താതെ, അമ്മയുടെ മടിയില്‍ വെച്ച്, ഗളച്ഛേദം ചെയ്യുക. രുഗ്മാംഗദനെ സ്നേഹിക്കുന്ന മോഹിനി, ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ വിഷമം കാണുമ്പോള്‍ തളരുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ മകനെ വെട്ടുവാനോങ്ങുമ്പോള്‍, മോഹിനിയും പ്രാര്‍ത്ഥിക്കുന്നു, രാജാവിനെ കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിക്കരുതേയെന്ന്. ധര്‍മ്മാംഗദനെ വധിക്കുവാന്‍ ഉത്സാ‍ഹം കാണിക്കുന്ന മോഹിനിമാരേക്കാള്‍, കുറച്ചുകൂടി യുക്തി ഈ രീതിയില്‍ അവതരിപ്പിക്കുന്നതിനാണെന്നതില്‍ സന്ദേഹം വേണ്ട.

കലാമണ്ഡലം ഗോപി, അദ്ദേഹത്തിന്റെ പൂര്‍ണ്ണ ആരോഗ്യത്തിലല്ലായിരുന്നെങ്കിലും, ഒട്ടും തന്നെ അലംഭാവം അരങ്ങില്‍ കാട്ടിയില്ല. ആദ്യ രംഗത്തിനു ശേഷം, അവസാന രംഗമാവുമ്പോളേക്ക് അവശത വരുവാതിരിക്കുവാന്‍ ശ്രദ്ധിച്ചാണ് അദ്ദേഹം ആടിയത്. കലാംണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് എന്നിവരുടെ ആലാപനവും നിലവാരം പുലര്‍ത്തി. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, മാര്‍ഗി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മേളവും മോശമായില്ല. ചുരുക്കത്തില്‍ കഥകളിപ്രേമികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഒന്നായിരുന്നു കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ട രുഗ്മാംഗദചരിതം.

കളിയിലല്പം കാര്യം: ഇടയ്ക്കൊരവസരത്തില്‍, ദേഷ്യം വന്ന് പിന്നില്‍ തിരശ്ശീല പിടിച്ചു നിന്നയാളെ (വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത്) കലാമണ്ഡലം ഗോപി തള്ളിയതും മറ്റും ഒട്ടും ഭംഗിയായില്ല. തിരശ്ശീല പിടിക്കുവാന്‍ നില്‍ക്കുന്നവര്‍ക്ക് എപ്പോള്‍ പിടിക്കണം, എങ്ങിനെ പിടിക്കണം എന്നൊന്നും കാര്യമായ അറിവുണ്ടാകുവാന്‍ വഴിയില്ല. ജീവിക്കുവാനുള്ള തത്രപ്പാടിലാവണം വളരെ തുച്ഛമായ വരുമാനത്തിനായി തിരശ്ശീല പിടിക്കുവാന്‍ നില്‍ക്കുന്നത്. അങ്ങിനെയുള്ള ഒരു പ്രായം ചെന്ന മനുഷ്യനെ അരങ്ങില്‍ ഇത്രയും പേരുടെ മുന്‍പില്‍ വെച്ച് പിടിച്ചു തള്ളുകയും മറ്റും ചെയ്യുന്നത്, എത്ര വലിയ കലാകാരനാണെങ്കിലും അംഗീകരിക്കുവാന്‍ കഴിയില്ല. ചുറ്റുമുള്ളവരെ, അവരെത്ര നിസ്സാരരാണെങ്കിലും, ബഹുമാനിക്കുകതന്നെ വേണം.


Keywords: RugmangadaCharitham, Rugmangada Charitham, Kalamandalam Gopi, Margi Vijayakumar, Kalamandalam Babu Nampoothiri, Kalamandalam Harish Nampoothiri, Kurur Vasudevan Nampoothiri, Margi Raveendran, Nishagandhi Festival, Kanakakkunnu, Rugmangadan, Mohini, Dharmangadan.
--

10 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

നിശാഗന്ധി ഫെസ്റ്റിവലിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ട ‘രുഗ്മാംഗദചരിതം’ കഥകളിയുടെ ആസ്വാദനം.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മദയാനയുടെ നടപ്പിനോട് സുന്ദരിമാരുടെ ഗമനത്തെ ഉപമിക്കുന്നത് രുഗ്മാംഗദചരിതത്തില്‍ മാത്രമല്ല ഹരീ.“ചിത്ത താപം അരുതേ,ചിരം ജീവാ മത്തവാരണ ഗതേ“(രുഗമിണീസ്വയംവരം-അശ്വതിതിരുനാള്‍),“മദ ദന്താവളരാജഗമനേ”(ദക്ഷയാഗം-തന്വി) ഇങ്ങിനെ പലകഥകളിലും കാണാം.
മോഹിനിയുമായി ചേര്‍ന്നിട്ടുള്ള ആട്ടസമയത്ത് ‘ഏകാദശീമാഹാത്മ്യം’ ആടാറുണ്ട് ചിലപ്പൊള്‍ അതുണ്ടായില്ല അല്ലെ.
എത്രവലിയനടനായാലും തിരശീലക്കാരനേ അരങ്ങില്‍ വച്ച് തള്ളിയിട്ടത് ന്യായീകരിക്കാവുന്ന പ്രവര്‍ത്തിയല്ല.

Haree പറഞ്ഞു...

@ മണി,
:) എനിക്കറിയാമായിരുന്നു മറ്റുകഥകളിലും ഉണ്ടാവുമെന്ന്. പക്ഷെ, എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. ആരെങ്കിലും ഒരു തിരുത്തായി അവയെക്കുറിച്ചു പറയട്ടെ എന്നു കരുതിയാണ് അങ്ങിനെയെഴുതിയത്. രുഗ്മിണീസ്വയംവരം എനിക്കു കാണുവാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷയാഗത്തില്‍ ഏതു ഭാഗത്താണ് “മദദന്താവളരാജഗമനേ...” എന്നുവരുന്നത്? ആരാരോട് പറയുന്നു?

ഏകാദശീമഹാത്മം സൂചിപ്പിച്ചു കണ്ടില്ല. എന്താണ് ആ ആട്ടം?

‘തള്ളിയിട്ടില്ല’ കേട്ടോ, പിടിച്ചു തള്ളുക മാത്രം. അദ്ദേഹത്തിന്റെ ശാരീരികാസ്വാസ്ഥ്യം, അരങ്ങിലെ ക്ഷീണം ഇതൊക്കെ കാരണമാവാം; എങ്കിലും ഒരാളെ അവമാനിക്കുന്നത് കഷ്ടമാണല്ലോ എന്നു കരുതി പറഞ്ഞതാണ്.
--

Sethunath UN പറഞ്ഞു...

ഗോപിയാശാന്റെ ആ പെരുമാറ്റം വ‌ളരെ മോശമായിപ്പോയി. ഹരീഷ് പറഞ്ഞതിനോട് യോജിയ്ക്കുന്നു.

കീചകവധത്തിന് വന്നിരുന്നോ. ന‌ന്നായിരുന്നു അതും കേട്ടോ.

Sethunath UN പറഞ്ഞു...

“മദ ദന്താവളരാജഗമനേ” ദക്ഷയാഗത്തില്‍ ശിവന്‍ സതിയോടു പറയുന്നു. വിസ്തരിയ്ക്കാറില്ല. ഇടക്കാലത്തിലുള്ള പദമാണ്. ദക്ഷന്‍ അവമാനിച്ചുവിട്ടുകഴിഞ്ഞ് ശിവനോട് സതി സങ്കടം പറയുന്നിടത്താണ് ആ പദം. "സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ" എന്നു തുടങ്ങുന്ന പദം.

Haree പറഞ്ഞു...

@ നിഷ്കളങ്കന്‍,
:) രുഗ്മാംഗദചരിതത്തിന് ഉണ്ടായിരുന്നുവോ, അവിടെ? മറ്റുള്ളവയ്ക്കൊന്നും വരുവാന്‍ കഴിഞ്ഞില്ല. കീചകവധം, നളചരിതം ഒന്നാം ദിവസം - ഇവരണ്ടും നന്നായതായി ഞാനും കേട്ടു.

“സന്താപമരുതരുതേ, ചെന്താമരേക്ഷണേ, തവ
സന്തോഷം വരുത്തുന്നുണ്ടു ഞാന്‍, മദ ദന്താവളരാജഗമനേ!”
- ഈ പദമാണല്ലേ പറഞ്ഞുവന്നത്. ഇതില്‍ “മദ ദന്താവളരാജഗമനേ...“ ഒട്ടും വിസ്തരിക്കാറില്ലല്ലോ, അല്ലേ? ഈ പദം എനിക്ക് പരിചിതമാണ്. പക്ഷെ, വിസ്തരിച്ചുള്ള ആട്ടം ഇല്ലാത്തതുകൊണ്ട് ഓര്‍മ്മവന്നില്ല. ഈ പദം ‘വടക്കുംനാഥന്‍’ എന്ന സിനിമയിലും ഉപയോഗിച്ചിരുന്നു.
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

രണ്ടാം രംഗത്തില്‍ ബ്രാഹ്മണര്‍ വരുന്നത് രണ്ടു വ്യത്യസ്ത രംഗളെ കൂട്ടിയിണക്കാനാണ്. കാലവ്യത്യസവും ഇടയ്ക്ക് എന്തു നടന്നു എന്ന് അറിയിക്കലും ഉദ്ദേശം. പിന്നെ ഒരു പൊതു situation review ഉം. പഴയ നാടക സങ്കല്‍പ്പം. (ബ്രാഹ്മണര്‍ക്കു പകരം വിദ്യാധരന്മാര്‍ പതിവ്).
ഇതൊഴിവാക്കിയാല്‍ രുഗ്മാംഗദനും മോഹിനിയും അടുത്തടുത്ത് രംഗങ്ങളില്‍ വരും.

മോഹിനി ധര്‍മാമ്ഗദ വധത്തോട് അനുകമ്പ കാണിച്ചാല്‍ അവളുടെ പ്രത്യക്ഷത്തിന്റെ ഉദ്ദേശം അമ്പേ ബലഹീനമാകും. കഥയുടെ കാതല്‍ മോഹിനിയുടെ പിടിവാശിയാണ്. വിജയകുമാര്‍ അങ്ങനെയൊരു ഭാവനയ്ക്കു ഒരുമ്പെട്ടാല്‍ ഉചിതമല്ലല്ലൊ.

തിരശീല പിടുത്തക്കാര്‍ക്ക് യൂണിയന്‍ ഉണ്ടാക്കാന്‍ സമയമായോ?

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍,
മോഹിനി ധര്‍മാമ്ഗദ വധത്തോട് അനുകമ്പ കാണിച്ചാല്‍ അവളുടെ പ്രത്യക്ഷത്തിന്റെ ഉദ്ദേശം അമ്പേ ബലഹീനമാകും. കഥയുടെ കാതല്‍ മോഹിനിയുടെ പിടിവാശിയാണ്. - തീര്‍ച്ചയായും. രാജാവ് വൃതം ഉപേക്ഷിക്കണം എന്നതാണല്ലോ, മോഹിനിയുടെ പിടിവാശി. അതിനായി ഒന്നുകില്‍ ആഹാരം കഴിക്കുക, അല്ലെങ്കില്‍ മകനെ വധിച്ച് വൃതം ആചരിക്കുക. ഇവിടെ, ആഹാരം കഴിച്ച് വൃതം ഉപേക്ഷിക്കുവാനാണ് മോഹിനി വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്, അല്ലാതെ മകനെ കൊന്ന് വൃതം നോല്‍ക്കുവാനല്ല...

വിജയകുമാര്‍ അങ്ങനെയൊരു ഭാവനയ്ക്കു ഒരുമ്പെട്ടാല്‍ ഉചിതമല്ലല്ലൊ. - എന്തു ഭാവന? എന്താണ് ഉചിതമല്ലാത്തത്? ഈ വരി മനസിലായില്ല.
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

വ്രതം ഉപേക്ഷിച്ച് ഭക്ഷണം കഴിക്കാനേ മോഹിനി പിടിവാശി കാണിയ്ക്കുന്നെങ്കില്‍ മകനെ ഗളച്ഛെദം ചെയ്യന്നതിന്റെ പ്രസക്തിയെന്ത്? സത്യഭംഗം വരുത്തുക എന്നതും മോഹിനിയുടെ ഉദ്ദേശമാണ്. അതുകൊണ്ടാണ് മകനെ ഗളച്ഛേദം ചെയ്യാന്‍ അദ്ദെഹം തുനിയുന്നത്. അതിനിടയ്ക്ക് മോഹിനി തന്നെ വാശി മാറ്റുന്നത് ഉചിതമല്ലല്ലൊ. ഭക്ഷണം കഴിച്ച് വ്രതം മുടക്കാനുമല്ലായിരുന്നു മോഹിനിയുടെ ഉദ്ദേശം. താനുമായി ഇപ്പോള്‍ത്തന്നെ സംയോഗത്തില്‍ ഏര്‍പ്പെടണമെന്നാണ് അവള്‍ വാശിപിടിച്ചത്, അങ്ങനെ വ്രതവും മുടങ്ങും. ഭക്ഷണം കഴിച്ച് വ്രതം മുടക്കാന്‍ മാത്രം മോഹിനി ആവശ്യ്പ്പെട്ടാല്‍ ഈ വാശികളൊക്കെ വെറുതെ ആകും. വിജയകുന്മാറിന്റെ ഭാവനയാണോ ഇത്? “കൊല്ല്,കൊല്ല് എന്നു പറഞ്ഞ് തീവ്രത കൂട്ടുന്ന മോഹിനിയെ കണ്ടാണ് എനിയ്ക്കു പരിചയം. ഏകാദശി മാഹാത്മ്യം അതിന്റെ പാരമ്യത്തില്‍.

മോഹിനിയെ ആരയച്ചു? ടെസ്റ്റ് ചെയ്യാന്‍ വിഷ്ണു അയച്ചതാണോ? അങ്ങനെയാണെങ്കില്‍ വളരെ ക്രൂരമായിപ്പോയി. കഥയില്‍ വല്ല സൂചനയുമുണ്ടോ? ( ഈ കഥകളി എന്റെ കയ്യിലില്ല).

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍,
• മോഹിനിയുടെ ഉദ്ദേശം രുഗ്മാംഗദന്റെ ഏകാദശീ വൃതം മുടക്കുക എന്നതുമാത്രമാണ്.
• സംയോഗത്തില്‍ ഏര്‍പ്പെടണമെന്നാണ് പറഞ്ഞു തുടങ്ങുന്നത്. എന്നാല്‍, അത്ര പോലും വേണ്ട, ആഹാരം കഴിച്ച് വൃതം ഉപേക്ഷിച്ചാല്‍ മതിയാവും എന്നതിലേക്ക് മോഹിനി ചുവടുമാറ്റുന്നുണ്ട്. ‘പട്ടിണികൊണ്ടു കോലം...’ എന്ന പദഭാഗം ഓര്‍ക്കുക.
• സത്യഭംഗം വരാതെ വ്രതം നോല്‍ക്കണമെന്നുണ്ടെങ്കില്‍, മകനെ വധിക്കണം.
• ഇവിടെ മോഹിനി എന്തിനാണ് വാശി പിടിക്കേണ്ടത്? ആഹാരം കഴിച്ച് വൃതം മുടക്കുവാനോ, മകനെ വധിക്കുവാനോ?
• ‘കൊല്ല്, കൊല്ല്’ എന്നുപറഞ്ഞ് തീവ്രത കൂട്ടുന്നത് മോഹിനിയ്ക്ക് ചേര്‍ന്നതല്ല.
• ധര്‍മ്മാംഗദനെ കൊല്ലുക മോഹിനിയുടെ ലക്ഷ്യമല്ല, രുഗ്മാംഗദന്റെ വൃതം മുടക്കുകമാത്രമാണ് ഉദ്ദേശം.
• മോഹിനി ഒരു സ്ത്രീയാണ്, രുഗ്മാംഗദനേയും കുടുംബത്തേയും സ്നേഹിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ, മോഹിനി അങ്ങിനെയൊരു നിലപാടെടുക്കുവാന്‍ സാധ്യതയില്ല.

ഡോ. പി. വേണുഗോപാലിന്റെ ഉപദേശ പ്രകാരം, മാര്‍ഗി വിജയകുമാറുമായി ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രയോഗത്തില്‍ കൊണ്ടുവന്നതാണ് ഈ രീതി. കളി കഴിഞ്ഞ് ഇതിനെക്കുറിച്ച് ഡോ. പി. വേണുഗോപാലുമായി ഞാന്‍ സംസാരിക്കുകയുണ്ടായി. എനിക്കും ഈ രീതി തന്നെയാണ് പഥ്യം. അല്ലാതെ മോഹിനിയെ ഒരു രാക്ഷസിയാക്കുന്നതിനോട് യോജിപ്പില്ല. എത്ര തീവ്രത കൂടുമെന്നു പറഞ്ഞാലും, അത് ശരിയായ രീതിയാണെന്നു തോന്നുന്നില്ല.

മോഹിനിയെ അയച്ചത് ബ്രഹ്മാവാണ്. ഒടുവില്‍ വിഷ്ണുവിന്റെ പദത്തില്‍ അത് പറയുന്നുമുണ്ട്.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--