2008, ഫെബ്രുവരി 7, വ്യാഴാഴ്ച
കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം
ഫെബ്രുവരി 02, 2008: കളിയരങ്ങിന്റെ ആറാമത് വാര്‍ഷികാഘോഷങ്ങള്‍, കഴക്കൂട്ടം ജ്യോതിസ് സ്കൂളില്‍ നടത്തുകയുണ്ടായി. നളചരിതം രണ്ടാം ദിവസം, പ്രഹ്ലാദചരിതം എന്നീ കഥകളാണ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുടെ നളനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, അനാരോഗ്യം മൂലം അദ്ദേഹത്തിന് പങ്കെടുക്കുവാന്‍ കഴിയാതിരുന്നത് ദൌര്ഭാഗ്യകരമായി. ഗോപിയുടെ അഭാവത്തില്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരാണ് നളനായി അരങ്ങിലെത്തിയത്. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും, കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് കലിയായും, കലാമണ്ഡലം കൃഷ്ണകുമാര്‍ പുഷ്കരനായും വേഷമിട്ടു. ആറ്റിങ്ങല്‍ മനു, ചിറയന്‍കീഴ് മുരളി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന് എന്നിവര്‍ യഥാക്രമം ദ്വാപരന്, ഇന്ദ്രന്, കാട്ടാളന് എന്നിവരെ അവതരിപ്പിച്ചു.
നാലുകൃഷ്ണവേഷങ്ങള്‍ ചേരുന്ന പുറപ്പാടോടുകൂടിയാണ് കഥകളി ആരംഭിച്ചത്. വളരെ പ്രായം കുറഞ്ഞ കുട്ടികള്‍ വേഷമിട്ട് അരങ്ങിലെത്തുന്നത് കൌതുകകരമാണെങ്കിലും, അത് എത്രമാത്രം നല്ല ഒരു പ്രവണതയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നാടോടിനൃത്തം പഠിക്കുന്നതുപോലെയോ, സിനിമാറ്റിക് ഡാന്‍സ് പഠിക്കുന്നതുപോലെയോ; ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പുറപ്പാട് മാത്രം പഠിച്ച് അരങ്ങിലെത്തുന്നത് കഥകളിക്ക് പ്രയോജനകരമാണെന്നു കരുതുവാനാവില്ല. അങ്ങിനെയുള്ള അഭ്യസനം ഭാവിയിലെ കലാകാരന്മാരെ സൃഷ്ടിക്കുമെന്നും തോന്നുന്നില്ല. കഥകളിക്കു മാത്രമായി ജീവിതം ഉഴിഞ്ഞുവെയ്ക്കുക എന്നതൊന്നും ഈ കാലത്ത് സാധിക്കില്ലെങ്കിലും, കുറച്ചുകൂടി ചിട്ടയോടെയുള്ള സമീപനമാണ് നല്ലതെന്നു തോന്നുന്നു. അങ്ങിനെയല്ലെങ്കില്‍, കഥകളി പഠിച്ചിട്ടുണ്ടെന്ന് പറയാമെന്നല്ലാതെ, മറ്റൊരു പ്രയോജനവും ഉണ്ടാവില്ല.
പത്തിയൂര്‍ ശങ്കരന് കുട്ടി, കോട്ടയ്ക്കല്‍ മധു എന്നിവരാണ് പുറപ്പാടിനു പാടിയത്. സാധാരണ ഇവരുടെ കൂട്ടുകെട്ട് വളരെ നന്നാവാറുണ്ടെങ്കിലും, ഇവിടെ അത്ര ആസ്വാദ്യകരമായി അനുഭവപ്പെട്ടില്ല. ശേഷം കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കല്‍ രാധാകൃഷ്ണന്, കോട്ടയ്ക്കല്‍ വിജയരാഘവന്, കലാമണ്ഡലം ഹരികുമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഡബിള്‍ മേളപ്പദവും അരങ്ങേറി. കൃഷ്ണദാസിന്റെ ചെണ്ടയും, കോട്ടയ്ക്കല്‍ രാധാകൃഷ്ണന്റെ മദ്ദളവുമായിരുന്നു മേളപ്പദം കൊഴുപ്പിച്ചത്. കോട്ടയ്ക്കല്‍ വിജയരാഘവന്, കലാമണ്ഡലം ഹരികുമാര്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നന്നായിത്തന്നെ ഇവരെ പിന്തുണച്ചു. മേളപ്പദം ആസ്വാദ്യകരമായെങ്കിലും, ഇത്രയും വിശദമായി പുറപ്പാടും മേളപ്പദവും അവതരിപ്പിച്ചപ്പോള്‍, കഥാഭാഗം തുടങ്ങുവാന്‍ വളരെ വൈകി. പല ആസ്വാദകരും, ഇതു കഴിയാന്‍ കാത്തുനില്‍ക്കാതെ സ്ഥലം വിടുന്നതും കാണാമായിരുന്നു. ഇന്നത്തെ ആസ്വാദകര്‍ക്ക് സൌകര്യപ്രദമായ സമയത്ത് കഥകളി അവതരിപ്പിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ ചെലുത്തിയാല്‍; അത് ആസ്വാദകര്‍ക്കും, കലാകാരന്മാര്ക്കും ഒരുപോലെ ഗുണകരമായിത്തീരും.
കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരുടെ പച്ചവേഷങ്ങള്‍ ഒരിക്കലും മികച്ചത് എന്നു പറയുവാന്‍ സാധിക്കുന്നതല്ല. അദ്ദേഹത്തിന്റെ മുഖത്തു തേപ്പിനും അത്ര ഭംഗി തോന്നാറില്ല. ചന്ദ്രശേഖരവാര്യരുടെ രണ്ടാം ദിവസത്തിലെ നളന്, ആദ്യമായാണ് അവതരിപ്പിച്ചു കാണുന്നത്. വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്.
• “കുവലയവിലോചനേ! ബാലേ! ഭൈമീ!” എന്ന പതിഞ്ഞപദത്തോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. ഉത്തമശൃംഗാരമാണ് നളന്റെ ഭാവം, പക്ഷെ വാര്യരുടെ മുഖത്തു വന്നത് ചപലശൃംഗാരമായിരുന്നു. ആ ഭാവം കാട്ടാളനാണ് വരേണ്ടത്, നളനല്ല.
• “ഇനിയോ, നിന് ത്രപയൊന്നേ...” എന്ന ഭാഗത്ത് ‘നിന്റെ ലജ്ജയൊന്നുമാത്രമാണ് എനിക്ക് ശത്രുവായി ഇനിയുള്ളത്‘ എന്നു നളന് പറയുന്നു. അതിനെ ജയിച്ചു വേണം ദമയന്തിയെ ആദ്യമായി നളന് പുണരുവാന്‍. അതിനു മുന്‍പ് സ്പര്‍ശനം തന്നെ ഉണ്ടാവാറില്ല, സാധാരണയായി. എന്നാലിവിടെ ആദ്യ ചരണം കഴിഞ്ഞുള്ള കലാശത്തിനൊടുവില്‍ തന്നെ ദമയന്തിയെ പുണരുന്നതായാണ് അവതരിപ്പിച്ചത്.
• “പുരാപുണ്യം...” എന്ന പദഭാഗത്തിന് മുദ്രകാട്ടിയത് ‘പുരാതനമായ പുണ്യം’ എന്നായിരുന്നു. അങ്ങിനെയൊരു പുണ്യമുണ്ടോ? ‘പൂര്വ്വജന്മത്തില് എനിക്കു ലഭിച്ച പുണ്യം’ എന്നല്ലേ ശരിയായ അര്‍ത്ഥം. ജന്മം എന്ന പദം മുദ്രയില്‍ കാണിക്കാതിരുന്നപ്പോള്‍ അര്‍ത്ഥം വല്ലാതെ മാറി.
• പച്ചവേഷങ്ങള്‍ സാധാരണയായി പട്ടുത്തരീയം കൈയിലെടുത്ത് കലാശമെടുക്കാറില്ല. പട്ടുത്തരീയത്തിന്റെ രണ്ടു വശവും പിടിച്ചുള്ള ഇരിപ്പും, കലാശവുമൊക്കെ കത്തിവേഷങ്ങള്‍ക്കാണ് സാധാരണയായി കാണുവാറുള്ളത്. നളന് അങ്ങിനെ ചെയ്യുന്നത് വളരെ അരോചകമായി തോന്നി.
• “സാമ്യമകന്നോരു ഉദ്യാനം...” എന്ന ദമയന്തിയുടെ പദാരംഭത്തില്‍ കലാമണ്ഡലം ഗോപി കാണിക്കാറുള്ള; ‘എത്ര മധുരമായ ശബ്ദം, എന്റെ കര്‍ണ്ണങ്ങള്‍ക്ക് അമൃതുപോലെ’, കുരുവികള്‍ ചിലയ്ക്കുന്നതായി നടിച്ച്, ‘കിളികളേ, നിങ്ങള്‍ ശബ്ദമുണ്ടാക്കാതെയിരിക്കുവിന്‍. എന്റെ പ്രിയതമ സംസാരിക്കുന്നതു കാണുന്നില്ലേ, ഞാനതു ശ്രവിക്കട്ടെ.’ എന്ന രീതിയിലുള്ള ആട്ടങ്ങളൊന്നും ഉണ്ടായില്ലന്നതു പോട്ടെ; പകരമായി ‘ആഹ, ഇവളുടെ നാവനങ്ങുമോ?’ എന്നുള്ള ചോദ്യം എന്തായാലും അവിടെ ചേരുന്നതായില്ല.
• “ദയിതേ! നീ കേള്, കമനീയാകൃതേ!” എന്ന പദാവതരണമാവട്ടെ, കലാമണ്ഡലം ഗോപി അവതരിപ്പിച്ചു കണ്ടത് മനസില്‍ കിടക്കുമ്പോള്‍, ചന്ദ്രശേഖരവാര്യരുടെ അവതരണം തീരെ ആസ്വാദ്യകരമായില്ല. ഇടയ്ക്ക് കലാശമെടുത്ത്, പല്ലവി ആവര്‍ത്തിക്കുമ്പോള്‍ മുദ്രപിടിച്ചതുമില്ല.
പദങ്ങള്‍ക്കു ശേഷമുള്ള മനോധര്‍മ്മങ്ങളും മികച്ചതായില്ല. നളചരിതം ഒന്നാം ദിവസത്തിലെ കഥാഭാഗം മുഴുവനും, നളനും ദമയന്തിയും പരസ്പരം പങ്കുവെയ്ക്കുന്നതായായിരുന്നു ആദ്യത്തെ മനോധര്‍മ്മം. ആടിയത് നന്നായെങ്കിലും, അതവിടെ ആവശ്യമുള്ളതായി തോന്നിയില്ല. ഇന്ദ്രാദികള്‍ സ്വയംവരസമയത്ത് വന്നു വലച്ചതും മറ്റും ആദ്യ പദത്തിലുണ്ട്. “ദയിതേ! നീ കേള്...” എന്ന പദത്തിലാവട്ടെ, വിവാഹത്തിനു മുന്‍പുള്ള കാര്യങ്ങളാണ് വിവരിക്കുന്നത്. വീണ്ടും ഒന്നാം ദിവസത്തെ കഥ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തുടര്‍ന്ന് ഉദ്യാനം നടന്ന് കാണുന്നതായി ആടുന്നു. പീലിവിരിച്ചാടുന്ന മയിലുകള്‍, ദമയന്തിയെ കണ്ടതും പീലി താഴ്ത്തി നടന്നു നീങ്ങുന്നു. ഇതിനു കാരണമെന്ത് എന്നാലോചിച്ച്, ദമയന്തിയോട് പറയുന്നു. ‘പണ്ട് മയിലും തലമുടിയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. മയില്പീലിയാണോ, മുടിയാണോ കൂടുതല്‍ സുന്ദരം എന്നതായിരുന്നു തര്‍ക്കവിഷയം. പ്രശ്നവുമായി മയിലും തലമുടിയും ബ്രഹ്മാവിന്റെ മുന്‍പിലെത്തി. തലമുടിക്കാണ് ഭംഗികൂടുതലെന്ന ബ്രഹ്മദേവന്റെ വിധികേട്ട മയില്‍ പരിഭവിച്ചു. ഇതില്‍ കോപിച്ച് ബ്രഹ്മാവ് മയിലിന്റെ കഴുത്തില്‍ പിടിച്ച് പുറത്തേക്കു തള്ളി. അങ്ങിനെയാണ് മയിലിന്റെ കഴുത്തില്‍ കലകളുണ്ടായത്. നിന്റെ മുടികണ്ട്, ഈ സംഭവമോര്‍ത്ത് പരിഭവിച്ചാണ് മയിലുകള്‍ പീലിതാഴ്ത്തി മറയുന്നത്.’
‘മരത്തില്‍ വള്ളിപടര്‍ന്നു കയറിയിരിക്കുന്നു, എന്തു തോന്നുന്നു?’ എന്നു തുടങ്ങുന്ന ആട്ടമായിരുന്നു അടുത്തത്. തുടര്‍ന്ന് ഉദ്യാനത്തിലെ പൊയ്ക കണ്ടതായി ആടി, ദമയന്തിയോട് പറയുന്നു; ‘അതാ, അതു നോക്കൂ. അവിടെ ഒരു പെണ്‍പക്ഷി ഖിന്നയായിരിക്കുന്നു. ആണ്‍പക്ഷി ഒരു താമരയിലയാല്‍ മറഞ്ഞിരിക്കുന്നു, അവനെ കാണാതെയാണ് പെണ്‍പക്ഷി വിഷമിച്ചിരിക്കുന്നത്. അവരുടെ സ്നേഹം എത്ര ദൃഢമാണ്.’ ഇതു കണ്ട് ദമയന്തി സന്ദേഹിക്കുന്നു, ‘നമുക്കും ഇങ്ങിനെ പിരിഞ്ഞിരിക്കേണ്ടി വരുമോ?’. നളന്റെ മറുപടി, ‘സൂര്യചന്ദ്രന്മാര് പ്രഭചൊരിഞ്ഞുള്ളടത്തോളം കാലം നാം പിരിയില്ല.’ എന്നാല്‍ ഈ ആട്ടം ഇതിലും മനോഹരമാക്കാമെന്നു തോന്നുന്നു. ‘നാം പിരിയില്ല’ എന്നു പറയുന്നത് സത്യമായി വരില്ലല്ലോ! നളന് അങ്ങിനെയൊരു സത്യഭംഗം വരുത്താതെ നോക്കേണ്ടത് കലാകാരന്റെ കടമയാണ്. അതിനാല്‍ ആ ആട്ടത്തിന്റെ അവസാനം ഇങ്ങിനെയാവാം, ദമയന്തി സംശയിക്കുമ്പോള്‍, നളന് സൂക്ഷിച്ചു നോക്കി ‘അതാ, നോക്കൂ... കാറ്റടിച്ച് താമരയില മാറിയിരിക്കുന്നു. അവര്‍ പരസ്പരം ഒന്നിച്ചു ചേര്‍ന്നു. കളങ്കമില്ലാത്ത സ്നേഹത്തോടെയിരിക്കുന്നവര്‍ പിരിഞ്ഞാലും വീണ്ടും ഒന്നിക്കുക തന്നെ ചെയ്യും. അധികകാലം അവരെ ഒരു ശക്തിക്കും പിരിക്കുവാന്‍ സാധിക്കുകയില്ല.’ ഇങ്ങിനെയാടുമ്പോള്‍ കുറച്ചു കൂടി യുക്തി പ്രകടമാവും.
രംഗം അവസാനിപ്പിച്ച രീതിയാണ് ഏറെ വിചിത്രമായത്. ‘സന്ധ്യാവന്ദനത്തിനുള്ള വിളംബരം കേള്‍ക്കുന്നു. സന്ധ്യാവന്ദനത്തിനു ശേഷം നിന്നരുകിലെത്തുന്നതാണ്‘, എന്നു പറഞ്ഞു പിരിയുന്നതായാണ് ആടിയത്. ദമയന്തിയുടെ ത്രപയെ ജയിച്ച് ആലിംഗനം ചെയ്തതേയുള്ളൂ, അവരുടെ ഒരുമിച്ചുള്ള ആദ്യദിനങ്ങളിലാണ് ഈ ഭാഗം നടക്കുന്നത്. തീര്‍ച്ചയായും സന്ധ്യാവന്ദനമൊക്കെ കഴിഞ്ഞാവണം അവര്‍ ഉദ്യാനത്തില്‍ ഉല്ലസിക്കുന്നത്. അതിനു ശേഷം ശയനഗൃഹത്തിലേക്ക് ഒരുമിച്ചു പോവുന്നതായുള്ള ആട്ടമാണ് ഉചിതമായുള്ളത്. ശൃംഗാരപ്രധാനമായ രംഗം അങ്ങിനെ തന്നെ അവസാനിക്കുന്നതാണ് സുന്ദരവും. പെട്ടെന്നു തോന്നിയത്, കലി നളനില്‍ പ്രവേശിക്കുന്നത്, സന്ധ്യാവന്ദനം തിടുക്കത്തില്‍ കഴിക്കുമ്പോള്‍ കാലിന്റെ മടമ്പ് നനയാത്തതിനാലാണല്ലോ! അതോര്‍ത്താണ് വാര്യര്‍ ഈ ആട്ടം ആടിയതെന്നാണ്. പന്ത്രണ്ടു കൊല്ലത്തിനു ശേഷം, കുട്ടികളൊക്കെ ഉണ്ടായ ശേഷമാണ് അതു നടക്കുന്നത് എന്നോര്‍മ്മയുണ്ടാവുമെന്നും, അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നും ഞാന്‍ സമാധാനിക്കുന്നു.
കലിദ്വാപരന്മാരുടെ തിരനോട്ടമാണ് തുടര്‍ന്ന്. കലിയും ദ്വാപരനും ഇരുവശത്തുനിന്നും വന്ന് മാര്‍ഗമദ്ധ്യേ കണ്ടു മുട്ടുന്നു. കുശലപ്രശ്നങ്ങള്‍ക്കു ശേഷം ഇരുവരും എങ്ങോട്ടാണ് യാത്രയെന്നു ചോദിച്ച്, എങ്കില്‍ ഒരുമിച്ചു പോവുകതന്നെ എന്നുറയ്ക്കുന്നു. യാത്രാമദ്ധ്യേ ദൂരെയൊരു പ്രകാശം കാണുന്നു. ദേവന്മാരാണെന്ന് തിരിച്ചറിഞ്ഞ്, അവരുടെ അനുഗ്രഹവും കൂടി വാങ്ങിയാവാം എന്നുറച്ച് പ്രകാശം കണ്ട ഭാഗത്തേക്ക് നടക്കുന്നു. “ഭൂമിതന്നിലുണ്ടു ഭീമസുതയെന്നൊരു...” എന്ന പദാരംഭത്തില്‍, വട്ടംവെച്ചു കലാശമെടുക്കുന്നതിനു മുന്‍പ് ദമയന്തിയുടെ രൂപഗുണമൊക്കെ വിശദമായി രാമചന്ദ്രന് ഉണ്ണിത്താന് രംഗത്തവതരിപ്പിച്ചു. ‘ബ്രഹ്മാവ് അതിവിശിഷ്ടമായ വസ്തുക്കള്‍, വളരെ ശുദ്ധമാക്കിയെടുത്ത് ഉണ്ടാക്കിയ രൂപം. കാമദേവന്റെ വില്ലൊടിച്ചു വെച്ചതുപോലെയുള്ള പുരികങ്ങള്‍, മാന്മിഴികള്, കിളിച്ചുണ്ട് ഒടിച്ചുവെച്ചതുപോലെയുള്ള നാസിക, തളിരുപോലെ മനോഹരമായ ചുണ്ടുകള്‍, മുത്തുപോലെ തിളങ്ങുന്ന പല്ലുകള്‍, പൂങ്കുലപോലെ വിടര്‍ന്നു കൂര്‍ത്ത മുലകള്‍, സിംഹത്തിന്റെ വയറുപോലെ നേര്‍ത്ത ഉദരം, അന്ന നട’. ഇങ്ങിനെ കലി വര്‍ണന തുടരവേ, ദ്വാപരന് വിളിച്ച് രഹസ്യമായി പറയുന്നു, ‘വര്‍ണ്ണിച്ചതു മതി, ഇനി വര്‍ണ്ണന കേട്ട് ഇവരും ചാടിപ്പുറപ്പെടും.’ കലിയുടന്‍ തന്നെ, ‘അനന്തനു പോലും വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല, അത്രയ്ക്കു സുന്ദരമായ രൂപം!’ എന്നു പറഞ്ഞു നിര്‍ത്തുന്നു.
കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്, പലപ്പോഴും മനോധര്‍മ്മങ്ങള്‍ അധികമാടി മടുപ്പിക്കാറുണ്ടെങ്കിലും, ഇവിടെ അതുണ്ടായില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആട്ടങ്ങളൊക്കെയും വളരെ ആസ്വാദ്യകരമായിരുന്നു താനും. ഇന്ദ്രാദികള്‍ എന്തൊക്കെ പറഞ്ഞിട്ടും, മുന്നോട്ടു വെച്ച കാല് പിന്‍വലിക്കുവാന്‍ കലി തയ്യാറാവുന്നില്ല. തുടര്‍ന്ന് ദ്വാപരനുമായി നളനെയും, ദമയന്തിയേയും, രാജ്യത്തേയും പിരിക്കുവാനുള്ള വഴി ആലോചിക്കുന്നു. നളന്റെ അര്‍ദ്ധ സഹോദരനായ പുഷ്ക്കരനെ മുഷ്ക്കരനാക്കി കാര്യം സാധിക്കാം എന്നുറയ്ക്കുന്നു. നളനില്‍ പ്രവേശിക്കുവാനായി കലി യാത്രയാവുന്നു.
നളനില്‍ പ്രവേശിക്കുവാന്‍ പുറപ്പെടുന്ന കലി, വിചാരിച്ചതുപോലെ എളുപ്പമാവുന്നില്ല കാര്യങ്ങള്‍. നളന്റെ രാജ്യത്തു പ്രവേശിക്കുവാന്‍ തന്നെ കലിക്ക് നന്നേ പ്രയാസപ്പെടേണ്ടി വരുന്നു. ഈ ഭാഗത്ത് ഉണ്ണിത്താന് ആടിയ ഒരു മനോധര്‍മ്മം ഇവിടെ പരാമര്‍ശിക്കാം. ‘ദൂരെ സ്ത്രീകള്‍ ഏങ്ങലടിച്ചു കരയുന്നു. ഒരു മൃതദേഹം ആള്ക്കാര് ചുമന്നുകോണ്ട് ചിതയില്‍ വെയ്ക്കുന്നു. ചിതയില്‍ വിറകുകള്‍ അടുക്കി, ഒരു ചെറിയ ബാലന് തീകൊളുത്തുന്നു. അഗ്നി ആകാശത്തോളം ഉയരുന്നു. ഒരു സ്ത്രീ ചിതയില്‍ ചാടി ആത്മാഹൂതി നടത്തുന്നു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി, ഭര്‍ത്താവിനൊപ്പം മരിക്കുന്ന പതിവ്രതാരത്നങ്ങളായ സ്ത്രീകളുള്ള ഈ നളരാജ്യത്ത്, നളനേയും ദമയന്തിയേയും പിരിക്കുന്നതെങ്ങിനെ!’. ഇവിടെ എനിക്കൊരു അഭിപ്രായമുള്ളത്, സതി പോലെയുള്ള ദുരാചാരങ്ങളെ സ്തുതിക്കുന്ന ആട്ടങ്ങള്‍ ഈ കാലത്ത് പാടില്ല എന്നുള്ളതാണ്. സതി എന്ന ദുരാചാരത്തെയും പാതിവ്രത്യത്തേയുമൊക്കെ ബന്ധിപ്പിക്കുന്നത് പ്രാകൃതമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആട്ടങ്ങളാണ് കൂടുതല്‍ അനുയോജ്യം. ഇങ്ങിനെ ഓരോന്നു കണ്ടും ആലോചിച്ചും ഒടുവില്‍ താന്നിമരത്തില്‍, പറ്റിയ സന്ദര്ഭത്തിനായി കാത്തിരിക്കുക തന്നെ എന്നുറച്ച്, മരത്തില്‍ കയറിപ്പറ്റുന്നു.
തുടര്‍ന്ന്, വര്‍ഷങ്ങള്‍ മുന്നോട്ടു പോവുന്നതും, പല ഋതുക്കള്‍ വന്നുപോവുന്നതും, നളനും ദമയന്തിക്കും കുട്ടികള്‍ ജനിക്കുന്നതും, അങ്ങിനെ പതിവുള്ള ആട്ടങ്ങളൊക്കെ ആടി, നളനില്‍ പ്രവേശിച്ച ശേഷം പുഷ്കരന്റെ സമീപത്തേക്ക് തിരിക്കുന്നു. കലാമണ്ഡലം കൃഷ്ണകുമാറിന്റെ പുഷ്ക്കരന്‍ നന്നായി, എന്നാലത്രയ്ക്ക് നന്നായതുമില്ല എന്നുപറയാം. നളനോടൊത്തു നില്ക്കുന്ന പുഷ്ക്കരനെയാണ് രംഗത്ത് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. നളനാര്, പുഷ്കരനാര് എന്നത് വേദിയിലെ അവരുടെ സ്ഥാനം കൊണ്ടുമാത്രമേ വേര്‍തിരിച്ചറിയുവാന്‍ കഴിയുമായിരുന്നുള്ളൂ. കലാമണ്ഡലം ഗോപി നളനായെത്തുമ്പോള്‍, ഇടയ്ക്കിടെ ഭയത്തോടെ ഒതുങ്ങുന്ന പുഷ്ക്കരനെയാണ് കൃഷ്ണകുമാര്‍ അവതരിപ്പിക്കാറുള്ളത്. വാര്യരോട് അങ്ങിനെയൊരു ഭയമില്ലാത്തതുകൊണ്ടാണോ ഇങ്ങിനെയായത്?
മാര്‍ഗി വിജയകുമാറിന്റെ ദമയന്തി നന്നായെങ്കിലും, നളന് നന്നാവാത്തതിനാല്‍, നിറം മങ്ങിയതായി തോന്നി. കാട്ടാളനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് (കലാമണ്ഡലത്തില്‍ അധ്യാപകനായ ബാലസുബ്രഹ്മണ്യനല്ല) സാധാരണ ഉണ്ടാവാറുള്ള ആട്ടങ്ങളൊക്കെ തന്നെ അവതരിപ്പിച്ചു. കാട്ടാളന്റെ കൂക്കുവിളി സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിച്ചത് അരോചകമായി. മിതമായി, ആവശ്യമുള്ളയിടത്ത് ഉപയോഗിച്ചാല്‍ മാത്രമേ കൂക്കിവിളിക്ക് ഭംഗിയുണ്ടാവൂ. കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന് എന്നിവരായിരുന്നു വേര്‍പാടു രംഗത്തിനു ശേഷമുള്ള ഭാഗങ്ങള്‍ പാടിയത്. മധുവിന്റെ സംഗീത പരീക്ഷണങ്ങള്‍ ചിലതൊക്കെ നന്നെങ്കിലും, പലതും അത്രയ്ക്ക് അസ്വാദ്യകരമായി തോന്നുന്നില്ല. എമ്പ്രാന്തിരിയും ഹരിദാസും ഹൈദരാലിയുമൊക്കെ രാഗം മാറ്റിയിട്ടുണ്ടെങ്കിലും, അവരൊക്കെ ചിന്തിച്ചാലോചിച്ചാണ് രാഗം മാറ്റാറുള്ളത്. പക്ഷെ, മധുവിന്റെ പരീക്ഷണങ്ങള്‍ പലപ്പോഴും, അപ്പോള്‍ തോന്നുന്ന രാഗത്തില്‍ പാടുന്നു എന്നാണ് തോന്നിയിട്ടുള്ളത്.
വേഷവും ചുട്ടിയും അത്രയ്ക്ക് മികച്ചതായി തോന്നിയില്ല. കലിയുടെ കിരീടമായി ചുവന്നതാടിയുടെ കിരീടമായിരുനന്നു ഉപയോഗിച്ചത്. അത് കഥാപാത്രത്തിനു തീരെ യോജിച്ചതായി തോന്നിയില്ല. ഞൊറിയുടെ ഇരുവശവും കിടക്കുന്ന പട്ടുവാല്‍ ഒരു കഥാപാത്രത്തിന്റെ പോലും ശരിയായി കിടന്നില്ല. ഉടുത്തുകെട്ടില്‍ മൊത്തമായും അലംഭാവം പ്രകടമായിരുന്നു. വേഷഭംഗി കഥകളിക്ക് ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണെന്നത് മറന്നതുപോലെ തോന്നി. കൃഷ്ണന്‍നായര്‍ കോലിയക്കോട്, മാര്‍ഗ്ഗി രവീന്ദ്രന്, കരീയ്ക്കകം ത്രിവിക്രമന്‍ തുടങ്ങിയവരായിരുന്നു ചുട്ടി. ചുരുക്കത്തില്‍, പ്രതീക്ഷയോടെയെത്തിയ പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം.
കളിയരങ്ങില്‍:
• കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം - ജനുവരി 4, 2008
Keywords: Nalacharitham Randam Divasam, Kathakali, Nalan, Damayanthi, Kali, Dwaparan, Kattalan, Pushkaran, Kottackal Chandrasekharavarier, Chandrasekhara Varier, Margi Vijayakumar, Kalamandalam Ramachandran Unnithan, Kalamandalam Krishnakumar, Appreciation.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
5 അഭിപ്രായങ്ങൾ:
കളിയരങ്ങിന്റെ ആറാമതു വാര്‍ഷികത്തിന്റെ ഭാഗമായി കഴക്കൂട്ടത്തു നടത്തിയ നളചരിതം രണ്ടാം ദിവസത്തിന്റെ ആസ്വാദനം.
--
Thanks for the great review, haree!!! Detailed accounts such as these are the only source of solace to starved kathakali lovers like me who are away from all the excitement back home! :)
*ചന്ദ്രശേഖരവാര്യരുടെ മുഖഭാവം,കണ്ണ് ഇവക്കൊക്കെ പോരായ്ക ഉണ്ട് ശരിതന്നെ എന്നാല്‍
മുഖത്തു തേപ്പിനും, വേഷത്തിനും ഭംഗികുറവ് തോന്നാറില്ല.
*ആദ്യ ചരണം കഴിഞ്ഞുള്ള കലാശത്തിനൊടുവില്‍ തന്നെ ദമയന്തിയെ പുണരുന്നതായാണ് അവതരിപ്പിച്ചത്,
ജന്മം എന്ന പദം മുദ്രയില്‍ കാണിക്കാതിരുന്നത്,
പട്ടുത്തരീയം കൈയിലെടുത്ത് കലാശമെടുത്തത്,
‘ആഹ, ഇവളുടെ നാവനങ്ങുമോ?’ എന്നുള്ള ചോദ്യം ചോദിച്ചത്,
‘ദയിതേ’പല്ലവി ആവര്‍ത്തിക്കുമ്പോള്‍ മുദ്രപിടിക്കാഞ്ഞത്,
സന്ധ്യാവന്ദനത്തിനുള്ള വിളംബരം കേള്‍ക്കുന്നു. സന്ധ്യാവന്ദനത്തിനു ശേഷം നിന്നരുകിലെത്തുന്നതാണ്‘, എന്നു പറഞ്ഞു പിരിയുന്നതായി ആടിയത്,
ഇഅവയൊന്നും ശരിയായില്ല എന്നുതന്നെയാണ് എന്റേയും അഭിപ്രായം.വാര്യരേപ്പോലുള്ള ഒരു നടനില്‍ നിന്നും ഈരീതിയില്‍ കഥയേയും കഥാപാത്രത്തേയും ഉള്ക്കൊള്ളാത്തരീതിയില് ഉള്ള പ്രകടനം ഉണ്ടാകന്‍ പാടില്ല.എതിനു കാരണം തികഞ്ഞ അലംഭാവമാണെന്നാണ് എനിക്കു തോന്നുന്നത്.കാരണം 2മാസങ്ങള്‍ക്കുമുന്‍പ് ത്യപ്പൂണിത്തുറ ഉത്സവത്തിന് വാര്യരുടെതന്നെ രണ്ടാം ദിവസം കണ്ടിരുന്നു. അന്ന് ഈരിതിയില് ഉള്ള കുറവുകള്‍ ഒന്നും കണ്ടിരുന്നില്ല.
ഹരീ, പട്ടുവാല്‍ നേരേകിടക്കാത്തതിന് ചില കാരണങ്ങള്‍ ഉണ്ടെന്നു തോന്നുന്നു.ഇന്ന് പ്ലാസ്റ്റിക്ക്തുടങ്ങിയവ ഉടുത്തുകെട്ടിനായി ഉപയോഗിക്കുകയും അവധാരാളമായി ഇട്ട് പൊക്കുകയും
ചെയ്യുന്വോള്‍ പട്ടുവാല്‍ നേരേകിടക്കാന് വിഷമമാവും.
Haree, I did gone through your Kazhakoottam Club's Randaam Divasam and myself and Ambujakshan Chettan had a detailed discussion on that. While reading the Blog at the first time I too felt little mis-matching on your comment on Kali's attam about watching SATHI. But then I forgot to discuss the issue with you. But, when last week-end Ambujakshan Chettan visited my house, he opined the same mis-match. Then we discussed the issue. Haree, it is true that now-a-days, as you said, SATHI is considered as a ‘Duracharam’. But can I ask you a question……… When did SATHI was considered a Duracharam? When did SATHI has been banned in our Hindu community? After Rajaram Mohan Roy and Swami Dayananda Sarawathi organized a community called ‘Brahma Samaj’ (now it is called ‘Arya Samaj’), with the back-up of Europeans. (Brahma Samaj has almost all the customs of Hindu Religion. Even their main prayer is ‘Gayathiri Mantra’) When, in which year, SATHI has been banned, you know! So till such time from the ‘Yaga-yuganthar, this ‘Acharam’ and not ‘Durachaaram’ of ’SATHI’ has been practicing in India. Do deeply study the Hindu Rituals and customs. Then only you can come to a conclusion that what is ‘Acharam’ and what is ‘Durachaaram’! From the time immortal the Hindu Culture carries on this custom of SATHI. You know, in Hindu culture a man come to this mortal earth and he has his full right to attain SAMADHI or Nirvana in this mortal world itself and can become IMMORTAL. There are rituals and disciplines of life to attain that stage of immortality for MEN. But for women, there is no such peculiar discipline. (That is the specialty of Hindu Religion). When a women becomes wife of a man, half of her husband’s PAPAM and also PUNYAM goes to her. The Hindu culture has given STREE such a HIGH DEGREE that she has to do nothing to attain that state of bliss, Nirvana or Samadhi, which her husband attained by doing a serious of austerities and penance but just to serve her husband. Only by serving her husband she will reach the ABODE, where her husband reaches by doing penance and other pain-staking austerities. In earlier Yugas, PATHIVIRTHA ladies do SATHI by themselves. There are a thousand reasons for doing it themselves. The major reason is that a PATHIVRITHA wife could not live in this mortal world without her HUSBAND. You know, there is one exclusive Goddess also for this custom of SATHI, who joins the Athma of that Pathivrita to her Husband’s. As you know, in Hindu culture there are different Gods or Goddesses for different rituals. The ritual of SATHI was mainly carried out by the Rajasthani Ladies, till recently, with their own wish and will and not by pulling them forcibly in their husband’s pyre. So in my opinion what Kali did see in ‘Nishadha Raajyam’ is well in-line with the Acharam of those days and not a Duracharam.
Hmm.. seems like an innocuous remark in haree's post is kicking up quite a storm here!!
True, during Nalan's time and age, it was indeed considered to be a great womanly virtue to perform Sathi.. however, i'm forced to agree with Haree on his point that allusions to such practices (which are considered to be duracharam, atleast now) could very well be avoided as long as it is not part of the padam and just the actor's manodharmam...
We shouldnt be percived as a community that still believes in such old-guard practices, should we???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--