2008, മാർച്ച് 20, വ്യാഴാഴ്‌ച

തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
മാര്‍ച്ച് 12, 2008: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍, കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി ഒരു ദിവസത്തെ കഥകളി അവതരിക്കപ്പെട്ടു. നളചരിതം മൂന്നാം ദിവസം, രാജസൂയം എന്നിവയായിരുന്നു കഥകള്‍. തോന്നയ്ക്കല്‍ പീ‍താംബരന്‍ വെളുത്ത നളനായും, കലാമണ്ഡലം ഗോപി ബാഹുകനായും അരങ്ങിലത്തിയ മൂന്നാം ദിവസമായിരുന്നു ആദ്യം. മാര്‍ഗി വിജയകുമാര്‍(സുദേവന്‍), കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍(ഋതുപര്‍ണന്‍), മാര്‍ഗി ഹരിവത്സന്‍(ദമയന്തി), കലാമണ്ഡലം സുകുമാരന്‍(ജീവലന്‍), നാട്യഗ്രാമം എസ്. അരുണ്‍ജിത്ത്(വാര്‍‌ഷ്ണേയനന്‍) എന്നിവരായിരുന്നു മറ്റു വേഷക്കാര്‍.

Nalan(Thonnackal Peethambaran) in Nalacharitham Moonnam Divasam
സ്വന്തം വിധിയോര്‍ത്ത് ദുഃഖിക്കുന്ന നളനില്‍ നിന്നുമാണ് മൂന്നാം ദിവസം ആരംഭിക്കുന്നത്. സഹോദരനോടു ചൂതില്‍ തോറ്റ്, സര്‍വ്വം നഷ്ടപ്പെട്ട്, ഭാര്യയേയും പുത്രന്മാരേയും ഉപേക്ഷിച്ച്, കാട്ടില്‍ അലയേണ്ടിവന്ന തന്റെ അവസ്ഥയില്‍ മനം നൊന്തു വിലപിക്കുകയാണ് നളനിവിടെ. ‘ലോകപാലന്മാരേ!’ എന്ന വിലാപപദത്തെ തുടര്‍ന്നുള്ള പദമായ ‘ഘോരവിപിനം, എന്നാലെഴു പാരിതാകില്‍ നഗരം!’ എന്നതിലാവട്ടെ, ആത്മവിശ്വാസം വീണ്ടെടുത്ത്, തന്റെ ദുര്‍ഗതിക്കൊരു അന്ത്യം കാണുവാന്‍ ശ്രമിക്കുക തന്നെ എന്നുറക്കുന്ന നളനെയാണ് നാം കാണുന്നത്. നളന്‍ കാട്ടിലൂടെ തന്റെ യാത്ര തുടരുന്നു. യാത്രയ്ക്കിടയില്‍ നളന്‍ കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് മനോധര്‍മ്മമായി അവതരിപ്പിക്കുക. ‘വനവര്‍ണ്ണന’ എന്ന പേരില്‍ പ്രസിദ്ധമാണ് ഈ ഭാഗം. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന പേടമാനെയാണ് നളന്‍ ആദ്യം കാണുന്നത്. കലമാനാകട്ടെ, അവര്‍ക്ക് സംരക്ഷണം നല്‍കി നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ താനോ എന്ന് നളന്‍ ചിന്തിക്കുന്നു. തന്റെ കുട്ടികള്‍ ഉണ്ടോ, ഉറങ്ങിയോ, ഉടുക്കുവാന്‍ വസ്ത്രങ്ങളുണ്ടോ എന്നൊന്നും തിരക്കുവാനുള്ള ഗതി തനിക്കില്ലാതെ പോയല്ലോ എന്ന് കുണ്ഠിതപ്പെടുകയും ചെയ്യുന്നു.

പിന്നൊരിടത്ത്, പേടമാന്റെ കണ്ണിന്റെ ചുവട്ടില്‍ തന്റെ കൊമ്പ് കൊണ്ടു തടവിക്കൊടുക്കുന്ന കലമാനെ നളന്‍ കാണുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് കാട്ടിലേക്ക് തിരിച്ച തന്നോടൊപ്പം ദമയന്തിയും ഇറങ്ങിവന്നു. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ, യാത്രചെയ്ത്; ആ ക്ഷീണത്തിലുറങ്ങിയ അവളുടെ വസ്ത്രവും മുറിച്ചെടുത്ത്, നിര്‍ദാക്ഷണ്യം ഘോരമായ കാട്ടില്‍ ഉപേക്ഷിച്ച് താന്‍ നടന്നകന്നു. ഇവിടെ, ഉപേക്ഷിക്കുക എന്നു കാണിച്ചു തുടങ്ങിയ ശേഷമാണ് വസ്ത്രം മുറിച്ചെടുത്തത് വിട്ടുപോയല്ലോ എന്ന് തോന്നയ്ക്കല്‍ പീതാംബരന്‍ ഓര്‍മ്മിച്ചതെന്നു തോന്നുന്നു. ഉപേക്ഷിച്ചു എന്നും മറ്റും കാണിക്കുമ്പോള്‍, മുദ്ര പകുതിക്കു നിര്‍ത്തി പലപ്പോഴും തീവ്രത നല്‍കുന്നതായി കണ്ടിട്ടുണ്ടെങ്കിലും, ഇവിടെ അതല്ല ഉണ്ടായതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുമായിരുന്നു. ഇനി അങ്ങിനെ തീവ്രത നല്‍കുക എന്നുതന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ തന്നെ, ഇവിടെ അതിനു സാധുതയുമില്ല. വസ്ത്രം മുറിച്ചെടുക്കുന്നതു വിട്ടുപോയെങ്കില്‍, പിന്നീട് അതിലേക്ക് തിരിച്ചുപോയി അവതരിപ്പിക്കാതിരിക്കുകയായിരുന്നു കൂടുതല്‍ ഉചിതം. അതുപോലെ തന്നെ, ഈ കാഴ്ച കാണുമ്പോള്‍; പേടമാന്‍ തന്റെ ആണ്‍‌തുണയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും, കലമാന്‍ ആ വിശ്വാസം കാക്കുന്നതുമാണ് നളനെ ഉലയ്ക്കുന്നത്. തന്നില്‍ ദമയന്തി അര്‍പ്പിച്ച വിശ്വാസം കാക്കുവാന്‍ തനിക്കായില്ലല്ലോ, എന്ന് നളന്‍ ആടിയാല്‍ മാത്രമേ ആ മനോധര്‍മ്മാട്ടത്തിനു അര്‍ത്ഥം വരുന്നുള്ളൂ. അങ്ങിനെയൊരു കാഴ്ച കണ്ടു, താന്‍ ദമയന്തിയെ കാട്ടില്‍ ഉപേക്ഷിച്ചു, ഇങ്ങിനെ രണ്ട് കാര്യങ്ങള്‍ മാത്രമാടുന്നതില്‍ കാര്യമില്ലല്ലോ!

മുദ്രകളുടെ വ്യക്തതക്കുറവും, പിടിക്കുന്നതിലെ ഭംഗിക്കുറവും, കൂടാതെ ആവര്‍ത്തനവിരസത തോന്നാത്തവണ്ണം മുദ്രകള്‍ വിന്യസിക്കുന്നതിലെ ശ്രദ്ധക്കുറവുമാണ് തോന്നയ്ക്കല്‍ പീതാംബരന്റെ ആട്ടത്തിലെ ന്യൂനതകളായി തോന്നിയത്. ഒരു ഉദാഹരണം; ആദ്യ പദത്തില്‍, ‘ശോകകാലം മമ വന്ന നാള്‍ എന്നില്‍’ എന്ന ഭാഗത്തെ ‘നാള്‍’ എന്നതിനും, അടുത്ത ചരണം ‘ദിനമനു നിങ്ങളെഞാന്‍ സേവിപ്പതും’ എന്ന ഭാഗത്തെ ‘ദിനമനു’ എന്നതിനും ഒരേ മുദ്രയും ആട്ടവുമാണ് ഉണ്ടായത്. ഇവ രണ്ടും വളരെയടുത്തു വരുന്നതാണെന്നതും ഓര്‍ക്കുക. ഒരുഭാഗത്ത് ചുരുക്കിയും, അടുത്തഭാഗത്ത് വിസ്തരിച്ചും ‘ദിനം’ അല്ലെങ്കില്‍ ‘നാള്‍’ എന്നതിനു മുദ്രകാട്ടിയാല്‍ മതിയാവും. വെളുത്ത നളന്റെ സ്ഥായിഭാവമായ ശോകം നിലനിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ക്ക് ഒരു നൊമ്പരമായി തീരുവാന്‍ അദ്ദേഹത്തിന്റെ വെളുത്ത നളനു കഴിഞ്ഞുവോ എന്ന് സംശയമാണ്.

Karkodakan(Kalamandalam Hari R. Nair) in Nalacharitham Moonnam Divasam
കലാമണ്ഡലം ഹരി ആര്‍. നായരായിരുന്നു കാര്‍ക്കോടകനായി രംഗത്തെത്തിയത്. കാര്‍ക്കോടകന്റെ ദൈന്യത ആദ്യ ഭാഗത്ത് വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ ഹരി ആര്‍. നായര്‍ക്ക് കഴിഞ്ഞില്ല. നളനെ ദംശിച്ചതിനു ശേഷമാവട്ടെ, ബാഹുകന്റെ മുന്നില്‍ ആഢ്യതയോടെ നില്‍ക്കണ്ട കാര്‍ക്കോടകന്‍ ‘അയ്യോ! പാവം’ എന്ന മട്ടിലുമായിപ്പോയി! മുഖത്തുതേപ്പിലും ആകര്‍ഷണീയത തോന്നിയില്ല. ചിത്രം ശ്രദ്ധിക്കുക. (ഉള്ളില്‍ ചെറുതായി, മറ്റൊരിടത്തു കണ്ട കാര്‍ക്കോടകന്റെ തേപ്പും നല്‍കിയിട്ടുണ്ട്.) കാര്‍ക്കോടകന്റെ തേപ്പ് വേഷക്കാരന്റെ മനോധര്‍മ്മമനുസരിച്ചാണ് ഇപ്പോള്‍ എഴുതിവരുന്നതെന്നു തോന്നുന്നു. കാര്‍ക്കോടകന് നിശ്ചയിച്ചിരിക്കുന്ന തേപ്പ് ഏതാണാവോ! സ്ഥായി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചു നിര്‍ത്തി‍‍; ആട്ടവും, മുദ്രകാട്ടുന്നതും മറ്റും നോക്കിയാല്‍ ഹരി ആര്‍. നായരുടെ കാര്‍ക്കോടകന്‍ തരക്കേടില്ലായിരുന്നു എന്നു പറയാം.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാനിലയം നന്ദകുമാര്‍ എന്നിവരായിരുന്നു ഇത്രയും ഭാഗത്തെ വായ്പ്പാട്ട്. വളരെ വ്യക്തതയുള്ള, ഉച്ചാരണശുദ്ധിയുള്ള ആലാപനശൈലിയാണ് കൃഷ്ണന്‍‌കുട്ടിയുടേത്. ഭാവത്തില്‍ മാത്രം അല്പം കുറവ് അനുഭവപ്പെട്ടു. പലയിടത്തും ഭാവം കൊടുക്കുന്നത് അനുയോജ്യമായ രീതിയിലാണെന്നും തോന്നിയില്ല. ഉദാഹരണം; ‘അധീരനെന്നാരും അപഹസിക്കരുതേ’ എന്ന ഭാഗത്തെ ‘അധീരനെന്നാരും‍’ എന്നത് പാടിവന്നപ്പോള്‍ വന്ന ഭാവം ‘ധീരനെന്നാരും’ എന്നായിപ്പോയി! അവിടെ ധീരനെന്ന വാക്കിന് ശക്തി കൊടുക്കേണ്ടതില്ല. ഇതുപോലെയുള്ള ചില പ്രശ്നങ്ങളൊഴിവാക്കിയാല്‍ കഥകളിക്കു ചേരുന്ന സംഗീതമായി തോന്നി അദ്ദേഹത്തിന്റേത്. കളിയരങ്ങുകളില്‍ ഇപ്പോള്‍ ലഭിക്കുന്നതിലും ശ്രദ്ധ അദ്ദേഹത്തിനു ലഭിക്കേണ്ടതുണ്ടെന്നും തോന്നുന്നു. കൂടെപ്പാടിയ നന്ദകുമാറിന്റെ സംഗീതം വളരെ നിരാശപ്പെടുത്തുന്നതായിരുന്നെന്നും പറയാതെ വയ്യ. ഇത്രയും ഭാഗത്തെ മേളം കൈകാര്യം ചെയ്ത മാര്‍ഗി രത്നാകരന്(മദ്ദളം)‍, ആര്‍.എല്‍.വി. സോമദാസ്(ചെണ്ട) എന്നിവരുടെ പ്രവര്‍ത്തിയും അത്രയൊന്നും മികച്ചതായിരുന്നില്ല. കൈക്കുകൂടുന്നതിലെ അലംഭാവം തന്നെയായിരുന്നു ഏറ്റവും പ്രകടമായ പോരായ്മ.

Bahukan(Kalamandalam Gopi) in Nalacharitham Moonnam Divasam
ബാഹുകനായി കലാമണ്ഡലം ഗോപി എത്തിയതുമുതല്‍ക്കാണ് അരങ്ങുണര്‍ന്നതെന്നു പറയാം. കാര്‍ക്കോടകദംശനമേറ്റ് അത്യധികം കോപത്തോടെ ഞെട്ടി നില്‍ക്കുന്ന ബാഹുകനിലേക്ക് എത്ര പെട്ടെന്നാണ് പ്രേക്ഷകരെ കലാമണ്ഡലം ഗോപി കൂട്ടിക്കൊണ്ടു പോയത്! ‘ഊക്കേറും അഹിവരരില്‍, കാര്‍ക്കോടകാഖ്യനഹം!’, ‘ഓര്‍ക്കേണം ഒരു മുനിയെ, മാര്‍ഗേ ചതിച്ചീതഹം’; എന്നീഭാഗങ്ങളിലൊക്കെ ബാഹുകന്‍ ‘അങ്ങേക്ക് ഈ ദുഃര്‍ഗതി വരുവാന്‍?’, ‘എന്നിട്ട് എന്തുണ്ടായി?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ രംഗം കൂടുതല്‍ സജീവമാക്കി. ‘കാദ്രവേയകുലതിലക!’ എന്ന ബാഹുകന്റെ മറുപടിപദമാണ് തുടര്‍ന്ന്. ഈ ഭാഗങ്ങള്‍ കലാമണ്ഡലം ഗോപി സാധാരണ വിസ്തരിക്കാറുള്ളത്രയും വിസ്തരിച്ചുള്ള ആട്ടം ഉണ്ടായില്ല, വിശേഷിച്ചും ‘ഇന്ദുമൌലിഹാരമേ! നീ’ എന്ന ഭാഗം. ബാഹുകന്റെ ഭാഗം മുതല്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു സംഗീതം. പത്തിയൂരിന്റെ ശബ്ദം അല്പം അടപ്പുണ്ടായിരുന്നതായി അനുഭവപ്പെട്ടു. ആദ്യകാലങ്ങളില്‍ ശബ്ദനിയന്ത്രണം തീരെ പ്രകടമല്ലാതെയുള്ള ആലാപനമായിരുന്നു ശങ്കരന്‍‌‌കുട്ടി തുടര്‍ന്നു പോന്നിരുന്നത്. പക്ഷെ, ഇവിടെ വളരെയധികം ശബ്ദനിയന്ത്രണം തന്റെ ആലാപനത്തില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ സംഗീതം ഭാവപൂര്‍ണ്ണവും, ആസ്വാദ്യകരവുമായിത്തീര്‍ന്നു. കലാനിലയം രാജീവന്‍ വളരെ നല്ല രീതിയില്‍ പത്തിയൂരിനെ പിന്തുണച്ചു എന്നതും എടുത്തു പറയേണ്ടതുതന്നെ.

Bahukan(Kalamandalam Gopi) & Karkodakan(Kalamandalam Hari R. Nair) in Nalacharitham Moonnam Divasam
വസ്ത്രം നല്‍കി കാര്‍ക്കോടകന്‍ മറഞ്ഞ ശേഷം, ബാഹുകന്‍ തന്റെ അവസ്ഥയെപ്പറ്റി ആലോചിക്കുന്നുണ്ട്. തന്റെ മനസില്‍ എത്രയധികം കുടിലത വന്നുചേര്‍ന്നുവെന്ന് ബാഹുകന്‍ കുണ്ഠിതപ്പെടുന്നു. ചൂതില്‍ അനുജനോട് തോറ്റ് സര്‍വ്വതും നഷ്ടപ്പെട്ടു; കുട്ടികളേയും വേര്‍പിരിഞ്ഞു; ഞാന്‍ തുണയെന്നുറച്ച് എന്റെയൊപ്പം വനത്തിലെത്തിയ ദമയന്തിയെ; വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, തളര്‍ന്ന് തന്റെ മടിയിലുറങ്ങവെ; വന്യജീവികള്‍ നിറഞ്ഞ ഘോരവനത്തില്‍; അവളുടെ പാതിവസ്ത്രവും മുറിച്ചെടുത്ത്; ഉപേക്ഷിച്ച് രാത്രിയില്‍ കടന്നു കളഞ്ഞു. “അവള്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ? ചതിക്കുഴികളില്‍ അവള്‍ വീണിട്ടുണ്ടാവുമോ?” എന്നു ശങ്കിച്ച് “ഇല്ല, പതിവ്രതാരത്നമായ അവളെ ഈ ലോകത്തൊന്നിനും അപായപ്പെടുത്താനാവില്ല!” എന്നു സമാധാനിച്ച് കാര്‍ക്കോടക നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണ്ണ രാജധാനിയിലേക്ക് തിരിക്കുന്നു. വെളുത്ത നളനാടിയ വേര്‍പാടുവരെയുള്ള ഭാഗം തന്നെ ഇവിടെ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. രണ്ടു കലാകാരന്മാരും കാണിച്ചതൊന്നുതന്നെയെങ്കിലും, വികാരപരമായി പ്രേക്ഷകരെ സ്പര്‍ശിക്കുവാന്‍ ഗോപിക്കാണ് കഴിഞ്ഞതെന്ന് നിഃസംശയം പറയാം. വളരെ മന്ദതയില്‍ തുടങ്ങി, ഉപേക്ഷിച്ച് രാത്രിയില്‍ കടന്നു കളഞ്ഞു എന്ന ഭാഗത്തെത്തുമ്പോഴേക്കും, വളരെ തീവ്രമായ ഉന്മാദാവസ്ഥയിലേക്ക് മാറി, കടന്നു കളഞ്ഞുവെന്ന മുദ്രയോടൊപ്പം പിന്നിലോട്ട് തിരിഞ്ഞ്, വീണ്ടും ശോകസ്ഥായിയില്‍ തിരിച്ചെത്തുന്ന ബാഹുകന്‍ പ്രേക്ഷകരെ ഉലയ്ക്കുക തന്നെചെയ്യും. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ് എത്ര ഭംഗിയായാണ് ഗോപിയുടെ ബാഹുകനെ പിന്തുണയ്ക്കുന്നതെന്ന് കണ്ടും കേട്ടും തന്നെ അറിയണം. ഭാവത്തിനനുസരിച്ച്, ശബ്ദം നിയന്ത്രിച്ച് ചെണ്ടയില്‍ കൊണ്ടുവരുന്ന വ്യതിയാനങ്ങളാണ് ഗോപിയുടെ ആട്ടത്തെ ഇത്രയും ഉജ്വലമാക്കുന്നതെന്നതെന്നതില്‍ തര്‍ക്കത്തിനിടമില്ല. കലാമണ്ഡലം രവീന്ദ്രന്റെ മദ്ദളം നന്നായിരുന്നു, എങ്കിലും എടുത്തുപറയുവാനായി എന്തെങ്കിലും ഉള്ളതായി തോന്നിച്ചില്ല.

Bahukan(Kalamandalam Gopi) in Nalacharitham Moonnam Divasam
തുടര്‍ന്നു ബാഹുകന്റെ ‘വനവര്‍ണ്ണന’യാണ്. കാട്ടരുവിയില്‍ വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടത്തെയാണ് ആദ്യം കാണുന്നത്. അതിലൊരു കൊമ്പനാന തന്റെ പിടിയുടെ തുമ്പിക്കൈ കൊമ്പില്‍ കോര്‍ത്ത് നടക്കുന്നു. താന്‍ ദമയന്തിയുടെ കൈപിടിച്ച് ഉദ്യാനത്തിലൂടെ നടന്ന കാലം ഓര്‍മ്മിച്ച്, തന്റെ ജീവിതത്തില്‍ അങ്ങിനെയൊരു സുദിനം എന്നിനിയുണ്ടാവുമെന്ന് ദുഃഖത്തോടെ ചിന്തിച്ച് യാത്ര തുടരുന്നു. തുടര്‍ന്ന് പ്രസിദ്ധമായ ‘മാന്‍പ്രസവം’ എന്ന മനോധര്‍മ്മാട്ടമാണ് കലാമണ്ഡലം ഗോപി അവതരിപ്പിച്ചത്. പ്രസവവേദനയാല്‍ പ്രയാസപ്പെടുന്ന ഒരു മാന്‍ പേട; ഒരു ഭാഗത്ത് ഇരയൊന്നും കിട്ടാതെ വിശന്നു വലഞ്ഞെത്തുന്ന ഒരു വേടന്‍, മാനിനെ എയ്യുവാന്‍ ഉന്നം പിടിക്കുന്നു; മറ്റൊരു ഭാഗത്ത് ഒരു സിംഹം മാനിനു മേല്‍ ചാടിവീഴുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു; ഇനിയുമൊരു ഭാഗത്ത് കാട്ടുതീ; എതിര്‍ദിശയില്‍ കാട്ടാറ്‌. “ഇങ്ങിനെ നാലുഭാഗത്തും അപകടം, എല്ലാവരേയും കാത്തുരക്ഷിക്കുന്ന ഈശ്വരന്‍, ഈ പേടമാനെ എങ്ങിനെ രക്ഷിക്കും?” എന്നു ചിന്തിച്ചിരിക്കുന്ന ബാഹുകന്‍ മഴയുടെ വരവായെന്നാടുന്നു. കൂട്ടത്തില്‍ ഇടിയും മിന്നലുമുണ്ട്. ഒരു മിന്നല്‍പ്പിണര്‍ വേടനേല്‍ക്കുന്നു, ഉന്നം തെറ്റിയ അസ്ത്രം തറച്ച് സിംഹം മരിക്കുന്നു, മഴയില്‍ കാട്ടുതീയുമണഞ്ഞു, കാട്ടാറ് ശാന്തമായി ഒഴുക്കു തുടര്‍ന്നു. അതാ, മാന്‍പേട രണ്ട് മാന്‍‌കുട്ടികളെ പ്രസവിച്ചു കഴിഞ്ഞു. “എല്ലാ ജീവജാലങ്ങളേയും ഈ രീതിയില്‍ കാത്തുരക്ഷിക്കുന്ന ഈശ്വരന്‍ തന്റെ ദയിതയായ ഭൈമിയേയും കത്തുരക്ഷിക്കുകയില്ലേ?” എന്നു പ്രാര്‍ത്ഥിച്ച് ബാഹുകന്‍ യാത്ര തുടരുന്നു. നാലുഭാഗത്തേയും അപായങ്ങളേയും, നടുവിലെ മാന്‍‌പേടയേയും മാറി മാറി അവതരിപ്പിച്ച് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കലാമണ്ഡലം ഗോപിയുടെ തന്നെ മറ്റരങ്ങുകളില്‍ കണ്ടത്രയും ഇവിടെ ഉണ്ടായോ എന്ന് സംശയമാണ്; നന്നായി, അത്രമാത്രം.

കുയിലിന്റെ കൂജനങ്ങള്‍ കേള്‍ക്കുന്നതായി നടിച്ച്, കാടവസാനിക്കാറായി എന്നാടുന്നു. അതാ ദൂരെ വിസ്തൃതമായ ഋതുപര്‍ണ്ണരാജ്യം. ബ്രാഹ്മണര്‍ ഭാണ്ഡക്കെട്ടുകളുമായി വരുന്നു, അവരോട് രാജധാനിയിലേക്കുള്ള വഴി ചോദിച്ചറിയുന്നതായി നടിച്ച്, ആ വഴി തിരിക്കുന്നു. ഋതുപര്‍ണ്ണന്റെ രാജ്യത്തെ സമ്പല്‍‌സമൃദ്ധി വിളിച്ചോതുന്ന കാഴ്ചകളാണെങ്ങും. സന്തുഷ്ടരായ ജനങ്ങളെക്കടന്ന് ചെല്ലുന്ന ബാഹുകന്‍ ദൂരെ രാജകൊട്ടാരം കാണുന്നു. വിസ്തൃതമായ, നാലുദിക്കിലും ഗോപുരങ്ങളോടു കൂടിയ, വിവിധനിലകളുള്ള മന്ദിരം അത്യധികം ശോഭിച്ചു കാണപ്പെടുന്നു. മന്ദിരത്തിനു മുകളില്‍ കാണുന്ന പതാക; അവശരായവരേയും, അബലരേയും, അശരണരേയും താന്‍ ക്ലേശങ്ങളകറ്റി സംരക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞ് രാജാവുതന്നെ കൈകാട്ടി വിളിക്കുന്നതുപോലെ കാണപ്പെടുന്നു. രാജാവിന്റെ പ്രജാവാത്സല്യവും വിശാലമനസ്സും കൊടിയില്‍ പോലുമുണ്ട് എന്ന് ബാഹുകന്‍ ആശ്ചര്യപ്പെടുന്നു. പ്രധാനഗോപുര കവാടത്തില്‍ കാവല്‍ നില്‍ക്കുന്ന ഭടന്മാരുടെ അനുവാദം ചോദിച്ച് അകത്തു കടക്കുന്ന ബാഹുകന്‍ ഉദ്യാനത്തിലൂടെ സഞ്ചരിക്കുന്നു. ഉദ്യാനത്തിന്റെ മനോഹാരിത ബാഹുകനില്‍ കാര്യമായ താത്പര്യമുണര്‍ത്തുന്നില്ല. ഉദ്യാനത്തില്‍ സുന്ദരികളായ സ്ത്രീകള്‍ പാട്ടും നൃത്തവും ചെയ്യുന്നുണ്ട്, അവരിലും ബാഹുകന്‍ തത്പരനല്ല. ഈ കാഴ്ചകളൊക്കെ വിശദമായി ബാഹുകന്‍ വര്‍ണ്ണിക്കുന്നതിലെ അഭംഗി ഒന്നാലോചിച്ചു നോക്കൂ, അതിനാല്‍ തന്നെ കലാമണ്ഡലം ഗോപി പിന്തുടരുന്ന ഈ രീതി തന്നെയാണ്, മനോഹരങ്ങളായ ഇത്തരം കാഴ്ചകള്‍ വര്‍ണ്ണിച്ചാടുന്നതിലും അവിടെ അനുയോജ്യം. ദൂരെ കനകസിംഹാസനത്തില്‍ രണ്ട് സേവകരോടൊപ്പം ഉപവിഷ്ഠനായ ഋതുപര്‍ണ്ണനെ കണ്ടതായി നടിച്ച്, “താന്‍ രാജാവായിരുന്നപ്പോള്‍, തന്റെ മുന്നില്‍ കാഴ്ചദ്രവ്യങ്ങള്‍ വെച്ചുവണങ്ങിയ രാജാവാണ്, ഇനി അദ്ദേഹത്തിന്റെ സേവകനായി... വൈകാതെ അദ്ദേഹത്തിനു മുന്നിലെത്തി തന്റെ കാര്യം ഉണര്‍ത്തിക്കുക തന്നെ” എന്നുറച്ച് ബാഹുകന്‍ മാറുന്നതോടെ രംഗം അവസാനിക്കുന്നു.


Description: Nalacharitham Moonnam Divasam Appreciation: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)" title="Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
--

7 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

തോന്നയ്ക്കല്‍ ഇടയാവണത്ത് ക്ഷേത്രത്തില്‍, കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനം.
--

G.MANU പറഞ്ഞു...

കലാമണ്ഡലം ഗോപിജിയുടെ വേഷം കാണാന്‍ ഭാഗ്യം ഉണ്ടായല്ലോ മാഷേ....
ശരിക്കും ഒരനുഭവമാണത്..

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരി നന്നായിട്ടുണ്ട്.
കാര്‍ക്കോടകന്റെ 'ചുട്ടി' അല്ല. ‘തേപ്പ്’(മുഖംതേപ്പ്).അതല്ലെ ശരിയായ വാക്ക്? കാര്‍ക്കോടകന് ചുട്ടി ഇല്ലല്ലൊ.
തുടര്‍ന്നുള്ള കളി കണ്ടിരുന്നില്ലെ?
വിജയന്റെ സുദേവനും ബാലസുബ്രഹ്മണ്യന്റെ റിതുപര്‍ണ്ണനും ഒക്കെ നന്നായൊ?

Unknown പറഞ്ഞു...

Dear Haree,

Your review excellent. Keep it up

REgards

Rajasekhar.P

Haree പറഞ്ഞു...

@ ജി. മനു,
നന്ദി. :)

@ മണി,
ശരിയാണ്. ‘മുഖത്തുതേപ്പാ’ണ് ശരിയായ പ്രയോഗം. എഴുതിയപ്പോള്‍ അതു തോന്നിയില്ല. തിരുത്തിയിട്ടുണ്ട്. നന്ദി. :) (ഇതു ഭാഗം ഒന്നല്ലേ ആയുള്ളൂ, രണ്ടുടന്‍ പ്രതീക്ഷിക്കുക.)

@ രാജശേഖര്‍ പി.,
വളരെ നന്ദി. :)
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

ഹരീ:
ആസ്വാദനത്തില്‍ നിന്നും ഒന്നാന്തരം നിരൂപണത്തില്‍ എത്തിയല്ലൊ.
“നാള്‍’ കഴിഞ്ഞു വന്ന “ദിന” ത്തിനും ഒരേ മുദ്ര കാണിച്ച പീതാംബരന്‍ അറിഞ്ഞുകാണുകയില്ല ഹരീയെപ്പോലെ മിടുക്കന്മാര്‍ സദസ്സിലുണ്ടെന്ന്! അദ്ദേഹത്തോട് ഇതു പറഞ്ഞോ കളി കഴിഞ്ഞിട്ട്? കളിക്കാര്‍ക്ക് സ്വയം നന്നാവാന്‍ ഇതൊക്കെ ആണ് വഴികള്‍.

“ലോകപാലന്മാരെ” യ്ക് കൃഷ്ണന്‍ നായര്‍ ഉണ്ടാക്കിയ അരങ്ങുപാഠമാണ് സ്ഥിരം ആവര്‍ത്തിക്കാറ്. ഗോപി വരുത്തിയ വ്യത്യാസങ്ങള്‍ രാജശേഖര്‍ ഇവിടെ പറയുമെന്ന് ആശിക്കുന്നു.

കാര്‍ക്കോടകന്റെ തേപ്പ് പഴയ്തിലും നല്ലതാണെന്നു എനിയ്ക്കു തോന്നുന്നു. പക്ഷെ കഥകളിയുടെ ചിത്രമെഴുത്തു ശൈലി അത്രയ്ക്കു വന്ന്നിട്ടില്ല. മുഖത്തിനു ചുറ്റുമുള്ള ആ വര ശൈലീകൃതമാക്കിയെങ്കില്‍ ഒരു ‘കഥകളിത്തം‘ വന്നേനെ.

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍,
വളരെ നന്ദി മാഷേ... :‌)
‘ലോകപാലന്മാരേ...’ ഇവിടെ ഗോപിയാശാനല്ലല്ലോ ആടിയത്. തോന്നയ്ക്കല്‍ പീതാംബരനല്ലേ... അതുകൊണ്ടാവാം അദ്ദേഹം അതിനെക്കുറിച്ച് പരാമര്‍ശിക്കാഞ്ഞത്. ഞാന്‍ പിന്നെ കൃഷ്ണന്‍ നായരാശാന്റെയും, ഗോപിയാശാന്റെയും മൂന്നാം ദിവസത്തിലെ വെളുത്ത നളന്‍ കണ്ടിട്ടില്ല... :(
അതെ, മുഖത്തെഴുത്തിന് ഒരു ‘കഥകളിത്തം’ തോന്നുന്നില്ല. വെളുത്ത മാവുകൊണ്ട് അരികുകള്‍ എഴുതിയിരുന്നെങ്കില്‍, കുറച്ചു കൂടി ആകര്‍ഷണീയതയും ഉണ്ടായേനേ... :)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--