2008, ഏപ്രിൽ 13, ഞായറാഴ്‌ച

കോട്ടക്കലെ കീചകവധം

KeechakaVadham Kathakali @ Kottackal SriViswambhara Temple: Madavoor Vasudevan Nair(Keechakan), Kalamandalam Rajasekharan(Malini/Sairandhri), Kottackal Murali(Valalan), Kottackal Kesavan Embranthiri(UpaKeechakan), Kottackal Harikumar(Sudeshna), Kottackal Balanarayanan(Bheeru)
ഏപ്രില്‍ 2, 2008: കോട്ടക്കല്‍ വിശ്വംഭരക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനം, ‘കീചകവധം’ ആട്ടക്കഥ രണ്ടാമതായി അവതരിക്കപ്പെട്ടു. മടവൂര്‍ വാസുദേവന് നായരുടെ കീചകനും, കലാമണ്ഡലം രാജശേഖരന്റെ സൈരന്ധ്രിയുമായിരുന്നു കോട്ടക്കലെ ‘കീചകവധ’ത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ‘മാലിനി! രുചിരഗുണശാലി’ എന്നുതുടങ്ങുന്ന പതിഞ്ഞ പദം, ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ...’ എന്ന ദണ്ഡകം, ‘സഭ’ എന്ന വാക്ക് നാലുവരികളിലും ആവര്‍ത്തിക്കുന്ന ശ്ലോകം, തുടര്‍ന്നു വരുന്ന ‘ഹരിണാക്ഷി! ജനമൌലീമണേ!’ എന്ന കാംബോജി രാഗത്തിലുള്ള ശൃംഗാരപദം, ‘കണ്ടിവാര്‍കുഴലീ!’ എന്ന അവസാനപദം; ഇങ്ങിനെ ഒട്ടുമിക്ക പദങ്ങളും ആലാപനസാധ്യതകൊണ്ടും, അഭിനയസാധ്യതകൊണ്ടും ഒന്നിനൊന്നു ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ കഥകളിയധികം കണ്ടിട്ടില്ലാത്ത ആസ്വാദകര്‍ക്കുപോലും നന്നായി രസിക്കുന്ന ഒരു ആട്ടക്കഥയാണിത്.

KeechakaVadham - Keechakan by Madavoor Vasudevan Nair
പാണ്ഡവര്‍ വനവാസം കഴിഞ്ഞതിനു ശേഷം, വേഷപ്രച്ഛന്നരായി വിരാടപുരിയില്‍ അജ്ഞാതവാസത്തെ കഴിക്കുന്ന കാലം. വിരാടരാജാവിന്റെ ഭാര്യാസഹോദരനായ കീചകന്‍, രാജ്ഞിയുടെ സൈരന്ധ്രിയായി, മാലിനിയെന്ന പേരില്‍ കൊട്ടാരത്തില്‍ കഴിഞ്ഞുവരുന്ന പാഞ്ചാലിയെക്കണ്ട് ഭ്രമിക്കുന്നു. സാധാരണയായി, പൂന്തോട്ടത്തില്‍ പുഷ്പമിറുക്കുന്ന മാലിനിയെ ദൂരെനിന്ന് കണ്ട്, ഭ്രമിച്ചരികിലെത്തുന്ന കീചകനില്‍ നിന്നുമാണ് ‘കീചകവധം’ ആരംഭിക്കാറുള്ളത്. എന്നാല്‍ ഇവിടെ കീചകനായി വേഷമിട്ട മടവൂര്‍ വാസുദേവന്‍ നായര്‍ കഥ ആരംഭിച്ചത് കീചകന്റെ ഒരു തന്റേടാട്ടത്തോടെയായിരുന്നു. പാഞ്ചാലിയെ ദൂരെനിന്നു കാണുന്ന കീചകന്‍ ഇപ്രകാരം വിചാരിക്കുന്നു: “ദൂരെ കാണുന്നതെന്താണ്. രണ്ട് താമരയിലകളോ, അതോ കാമന്റെയമ്പുകളോ... അല്ല, ഇത് രണ്ട് കണ്ണുകളാണല്ലോ! അതിനു താഴെ രണ്ട് വാകപ്പക്ഷികളാണോ? അതോ കൂമ്പി നില്‍ക്കുന്ന പൂങ്കുലകളോ? അതുമല്ലെങ്കില്‍ രണ്ട് കനകകുംഭങ്ങളോ? അല്ല, അതൊരു സ്ത്രീയുടെ സ്തനങ്ങള്‍ തന്നെ! ഇവളാര്? രാജ്ഞിയുടെ ദാസിയാണെന്നു തോന്നുന്നല്ലോ. ഇതിനുമുന്‍പ് ഇവിടെയെങ്ങും ഇവളെ കണ്ടിട്ടില്ലല്ലോ. ഏതായാലും അടുത്തു ചെന്ന് കൂടുതല്‍ ചോദിച്ചറിഞ്ഞ് ഇവളെ പ്രാപിക്കുക തന്നെ.” ഈയൊരു ഹൃസ്വമായ തന്റേടാട്ടത്തിലൂടെ കീചകന്‍ എന്ന വിടനായ കാമുകനെ പ്രേക്ഷകന് അനായേസേന പരിചയപ്പെടുത്തുകയാണ് മടവൂര്‍ ചെയ്തത്.

KeechakaVadham - Keechakan by Madavoor Vasudevan Nair & Malini by Kalamandalam Rajasekharan
സൈരന്ധ്രി വലതുവശത്തുകൂടി പ്രവേശിക്കുന്നു. പുഷ്പമിറുത്തുകൊണ്ടിരിക്കുന്ന സൈരന്ധ്രിയുടെ സമീപത്തേക്ക് കീചകനെത്തുന്നു. തുടര്‍ന്നാണ് ‘മാലിനീ! രുചിരഗുണശാലിനീ‍!’ എന്നു തുടങ്ങുന്ന കീചകന്റെ പതിഞ്ഞ പദം. കലാമണ്ഡലം രാജശേഖരനായിരുന്നു സൈരന്ധ്രിയായി അരങ്ങിലെത്തിയത്. പന്ത്രണ്ടുകൊല്ലത്തെ വനവാസവും, അജ്ഞാതവാസവുമൊന്നും സൈരന്ധ്രിയെ ദുഃഖിപ്പിക്കുന്നതായി തോന്നിയില്ല. രാജ്ഞിയുടെ ദാസ്യവൃത്തിചെയ്യേണ്ടി വന്നുവെന്ന അപമാനവും സൈരന്ധ്രിയില്‍ കണ്ടില്ല. വളരെ സന്തോഷത്തോടെ അജ്ഞാതവാസകാലം കഴിക്കുന്ന, പുഞ്ചിരിച്ചുകൊണ്ട് പുഷ്പമിറുക്കുന്ന സൈരന്ധ്രിയെയാണ് രാജശേഖരന്‍ അവതരിപ്പിച്ചത്! ഇത്രയും ബോധമില്ലാതെ, രാജശേഖരനെപ്പോലെയുള്ള ഒരു കലാകാരന്‍ രംഗത്തുപ്രവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. എന്നൊടു പറഞ്ഞതൊന്നും ശരിയല്ലെന്നു പറഞ്ഞ് സൈരന്ധ്രി കീചകസമീപത്തു നിന്നും മാറുന്നു.

സൈരന്ധ്രി പോയതിനു ശേഷം, ഇച്ഛാഭംഗത്തോടെയുള്ള കീചകന്റെ മനോധര്‍മ്മാട്ടമാണ് തുടര്‍ന്ന്. “ഒന്നും നടന്നില്ല! അവളുടെ പിരികം കൊണ്ടുള്ള കടാക്ഷങ്ങള്‍ എന്റെ ഹൃദയത്തെ മുറിക്കുന്നു. അവളുടെ കണ്ണുകളാവട്ടെ തന്റെ മനസിനെ പിടിച്ചു വലിക്കുന്നു. ചുണ്ടുകള്‍ നുകരുവാനായി എന്നില്‍ കൊതി പെരുകുന്നു.” കീചകന്‍ കടന്നു വരുമ്പോള്‍ സൈരന്ധ്രി പൂവിറുക്കുകയായിരുന്നുവല്ലോ? സംഭ്രമിച്ച് താഴെ തൂവിയ പൂവുകളെടുത്ത് തലോടി, തുടരുന്നു. “അവളുടെ കരസ്പര്‍ശമേറ്റ ഈ പൂവുകള്‍ സുകൃതം ചെയ്തവ തന്നെ. എന്നെയാവട്ടെ അവളൊന്നു തൊട്ടതുകൂടിയില്ല!” തന്നോടു തന്നെ അല്പം നീരസം തോന്നിയെന്നു ഭാവിച്ച്, “ഞാനെന്തിന് ഇവിടെ ഇങ്ങിനെ വിഷമിച്ചിരിക്കണം. അവള്‍ കേവലമൊരു ദാസി. പോയി പിടിച്ചുകൊണ്ടുവന്നങ്ങു പ്രാപിക്കുക തന്നെ! ഛെ! ഒരു സ്ത്രീയോട് അങ്ങിനെയൊക്കെ പെരുമാറാമോ. സഹോദരിയെ തന്റെ ഇംഗിതം അറിയിക്കുകയാണുചിതം!”. ഇത്രയുമാടി കീചകന്‍ മാറുന്നാതോടെ ആ രംഗത്തിനു തിരശീല വീഴുന്നു.

KeechakaVadham - Sudeshna by Kottackal Harikumar & Keechakan by Madavoor Vasudevan Nair
തുടര്‍ന്ന് കീചകന്‍ തന്റെ സഹോദരി, സുദേഷ്ണയുടെ സമീപമെത്തി, തനിക്ക് സൈരന്ധ്രിയില്‍ തോന്നിയ താല്പര്യം അറിയിക്കുന്നു. വല്ല വിധേനയും അവളെ തന്റെ സമീപത്തേക്ക് അയയ്ക്കുവാന്‍ കരുണകാണിക്കണമെന്നും കീചകന്‍ അപേക്ഷിക്കുന്നു. എന്നാല്‍ ഇത് കീചകന്റെ ഗുണത്തിനല്ല, അവള്‍ക്ക് ഭര്‍ത്താക്കന്മാരായി അഞ്ചു ഗന്ധര്‍വ്വന്മാരാണുള്ളത്, അവരിതറിഞ്ഞാന്‍ അനര്‍ത്ഥം ഭവിക്കുമെന്ന് സുദേഷ്ണ സഹോദരനെ ഉപദേശിക്കുന്നു. എന്നാല്‍ അഞ്ചു ഗന്ധര്‍വ്വന്മാരെ വെല്ലുവാന്‍ താന്‍ ധാരാളമാണെന്നും, എന്നാല്‍ കാമദേവനെ വെല്ലുവാന്‍ തനിക്ക് കഴിയില്ലെന്നും കീചകന്‍ പ്രതിവചിക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും കീചകന്‍ തന്റെ ആവശ്യത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു മനസിലാക്കുന്ന സുദേഷ്ണ, താന്‍ വല്ല വിധത്തിലും സൈരന്ധ്രിയെ കീചകന്റെ മന്ദിരത്തിലേക്ക് പറഞ്ഞയയ്ക്കാമെന്നു പറഞ്ഞ് കീചകനെ യാത്രയാക്കുന്നു. അടുത്ത രംഗത്തില്‍ സുദേഷ്ണ, മാലിനിയെ വിളിച്ച്, കീചകന്റെ മന്ദിരത്തില്‍ പോയി തനിക്ക് മദ്യം വാങ്ങിവരുവാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ ഭാഗം മുതല്‍ കീചകസമീപം മാലിനിയെത്തുന്നതുവരെയുള്ള ഭാഗങ്ങള്‍ ദണ്ഡകമായാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്ഞിയുടെ നിര്‍ദ്ദേശം കേട്ട്, ‘പലതടവുമതിനു പുനരവളൊടു പറഞ്ഞളവു, പരുഷമൊഴികേട്ടുനടങ്ങി’, കണ്ണീരാല്‍ മലിനമാ‍യ വേഷത്തില്‍, കൈയില്‍ പാത്രവുമായി, സിംഹത്തിന്റെ ഗുഹയിലേക്ക് യാത്രയാവുന്ന മാന്‍‌പേടയുടെ വിവശതയോടെ, മാലിനി കീചകസവിധത്തിലെത്തി.

മാലിനി, രജ്ഞിയുടെ ദാസിയാണ്. എന്നാല്‍ രാജശേഖരന്റെ വേഷം കണ്ടാല്‍ തിരിച്ചാണ് തോന്നുക. എല്ലാ സ്ത്രീവേഷത്തിനും ഒരേ മാതൃകയില്‍, വര്‍ണശബളമായ അലങ്കാരങ്ങള്‍ ഉചിതമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതിപ്പോള്‍ സൈരന്ധ്രിയായാലും, ദമയന്തിയായാലും, കേശിനിയായാലും, മോഹിനിയായാലും; കലാമണ്ഡലം രാജശേഖരനാണോ, അദ്ദേഹത്തിന്റെ വേഷം ഒരേ രീതിയില്‍! കഥാപാത്രത്തിനനുയോജ്യമായ വേഷം ധരിക്കുവാന്‍ കലാകാരന്മാര്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാതെ, തന്റെ വേഷഭംഗി പ്രകടിപ്പിക്കുകയാവരുത് ലക്ഷ്യം. കോട്ടക്കല്‍ ഹരികുമാറിന്റെ സുദേഷ്ണയ്ക്കും ഈ പറഞ്ഞത് ബാധകമാണ്. വെറുതെ ഒരു വെളുത്ത തുണി മാറത്തു ചുറ്റിയെത്തിയപ്പോള്‍, പട്ടുതുണി ചുറ്റിയെത്തിയ സൈരന്ധ്രിയുടെ ദാസിയുടെ രൂപമായിരുന്നു സുദേഷ്ണയ്ക്കുണ്ടായിരുന്നത്.

മാലിനിയെ പ്രതീക്ഷിച്ച് കീചകന്‍ സ്വഗൃഹത്തില്‍ വസിക്കുന്നു. അല്പം മദ്യമൊക്കെ സേവിച്ചാണിരിപ്പ്. സാധാരണയായി, കീചകന്റെ വിസ്തരിച്ചുള്ള ഒരുക്കമൊക്കെ ആടാറുണ്ട്. ഇവിടെ അതൊക്കെ വേഗത്തില്‍ കഴിച്ചുകൂട്ടി. ഒരു സേവകന്‍ രാജ്ഞിയുടെ ഒരു സൈരന്ധ്രി മദ്യം വാങ്ങുവാനായി വന്നു നില്‍ക്കുന്നു എന്നറിയിക്കുന്നതായി ആടി, അവള്‍ മാലിനി തന്നെയെന്നുറച്ച്, വേഗം അകത്തേക്ക് കടത്തിവിടുവാന്‍ നിര്‍ദ്ദേശിക്കുന്നു. മാലിനി പ്രവേശിക്കുന്നു. “ഹരിണാക്ഷീജനമൌലീ‍മണേ! നീ!” എന്നു തുടങ്ങുന്ന കീചകന്റെ ശൃംഗാരപദമാണ് തുടര്‍ന്ന്. പലതും പറഞ്ഞ് മാലിനിയെ തനിക്കു വഴങ്ങുവാന്‍ കീചകന്‍ പ്രേരിപ്പിക്കുന്നു. നിന്റെ അനുചിതമായ വചനങ്ങള്‍, വൃഥാവിലാവുമെന്ന് മാലിനി തിരിച്ചുപറയുന്നു. ഇതുകേട്ട് കുപിതനാവുന്ന കീചകന്‍, ഇവളെ കൊല്ലുക തന്നെയെന്നുറച്ച് പലതരത്തിലും ഉപദ്രവിക്കുന്നു. തദവസരത്തില്‍ സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസന്‍ മാലിനിയെ രക്ഷിക്കുന്നു.

സിംഹത്തിന്റെ ഗുഹയിലെത്തിയ മാന്‍പേടയുടെ അവസ്ഥയാണ് മാലിനിക്കെന്നാണ് കവിവചനം. എന്നാല്‍ രാജശേഖരന്റെ മാലിനിയാവട്ടെ, സിംഹത്തിന്റെ മുന്നില്‍ നില്‍ക്കുന്ന മദം പൊട്ടിയ ആനയുടെ ശൌര്യത്തോടെയാണ് കീചകന്റെ മുന്‍പില്‍ നിന്നത്. തന്റെ മടിയില്‍ വന്നിരിക്കുവാന്‍ ക്ഷണിക്കുന്ന കീചകനോട് മാലിനി പറയുന്നതു നോക്കൂക: “ഞാനിവിടെ തന്റെ മടിയിലിരിക്കുവാന്‍ വന്നതല്ല, വേഗം മദ്യം തരിക, ഞാന്‍ പോവുകയായി”. ഇതും പോരാഞ്ഞ്, “നീയൊരു എലിമാത്രം, സര്‍പ്പം എലിയെ ഭക്ഷിക്കുന്നതുപോലെ എന്റെ പതികള്‍ നിന്റെ കഥ കഴിക്കും” എന്നും മാലിനി പറയുന്നു. ഇതിനു മറുപടിയായി, “സര്‍പ്പങ്ങളെ കൊത്തിനുറുക്കുന്ന ഗരുഡനെപോലെ ഞാന്‍ അവരെ വകവരുത്തും.” എന്നു കീചകനും പറയുന്നു.

ഇവിടെയൊന്നും ഇങ്ങിനെ പറയുവാനുള്ള ധൈര്യവും തന്റേടവും മാലിനിക്കു വരുവാന്‍ സാധ്യത കാണുന്നില്ല. ഒന്നും മിണ്ടാതെ എല്ലാം സഹിച്ച്, വേഗം മദ്യം തന്നയയ്ക്കുവാനപേക്ഷിക്കുവാന്‍ മാത്രമേ സൈരന്ധ്രിക്കാവുകയുള്ളൂ. ഇതൊന്നും പോരാഞ്ഞ് ഒരവസരത്തില്‍ കീചകനെ അടിക്കുവാനും രാജശേഖരന്റെ സൈരന്ധ്രി തുനിഞ്ഞു! ഇത്രയും പാത്രബോധമില്ലാതെ; ഇത്രനാളത്തെ അരങ്ങു പരിചയമുള്ള; കലാമണ്ഡലത്തിലെ വേഷാധ്യാപകനും, വൈസ്-പ്രിന്‍സിപ്പാളുമായ ഒരു നടന്‍; അരങ്ങത്തു പ്രവര്‍ത്തിച്ചത് വളരെ അത്ഭുതമായി തോന്നി. ‘ആശാനക്ഷരമൊന്നു പിഴച്ചാല്‍, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.’ എന്നാണല്ലോ ചൊല്ല്. ഇവിടെ അമ്പത്തൊന്നും പിഴച്ചു നില്‍ക്കുന്ന ആശാന്റെ കളരിവിട്ടിറങ്ങുന്ന ശിഷ്യന്മാര്‍ അരങ്ങില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്ന് കാത്തിരുന്നു തന്നെ കാണണം.

കീചകന്റെ വധത്തിനു ശേഷം; ഉപകീചകന്‍, ഭീരു എന്നിവരുടെ ഭാഗങ്ങളും കോട്ടക്കല്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ മദോല്‍ക്കടന്റെ ഭാഗം അവതരിപ്പിച്ചതുമില്ല! എന്നാല്‍ ഈ ഭാഗത്ത് മനോധര്‍മ്മമായിപ്പോലും അങ്ങിനെയൊരു കഥാപാത്രത്തിന്റെ വരവ്, കീചകവേഷം കെട്ടുന്ന കലാകാരന്‍ ആടാറുമില്ല. കീചകന്റെ സവിധത്തില്‍ നിന്നും, കേവലമൊരു സൈരന്ധ്രിയായ മാലിനിക്ക് അത്ര എളുപ്പത്തില്‍, പരസഹായമില്ലാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ലല്ലോ! അങ്ങിനെയൊരു സൂചന പോലും നല്‍കാതിരിക്കുന്നത് ഉചിതമാണെന്നു തോന്നുന്നില്ല.

KeechakaVadham - Valalan by Kottackal Murali & Keechakan by Madavoor Vasudevan Nair
മാലിനി, വലലനായി വസിക്കുന്ന ഭീമന്റെ സമീപമെത്തി കീചകന്റെ നീചവൃത്തിയെക്കുറിച്ച് പരാതിപ്പെടുന്നു. തനിക്ക് അവനെ വസിക്കുക പ്രയാസകരമല്ലെങ്കിലും, ജേഷ്ഠന്റെ നിര്‍ദ്ദേശത്തെ മറികടക്കുകവയ്യല്ലോ. അതിനാല്‍ ഉപായത്തില്‍ വേണം അവനെ വകവരുത്തുവാന്‍. നൃത്തശാലയിലേക്ക് അവനെ വിളിച്ചുവരുത്തുവാനും, അവിടെ മാലിനിയെ പ്രതീക്ഷിച്ചെത്തുന്ന കീചകനേയും കാത്ത് താനിരുന്നുകൊള്ളാമെന്നും, അവിടെവെച്ച് അവനെ കൊന്നുകൊള്ളാമെന്നും സമാധാനിപ്പിച്ച് വലലന്‍ മാലിനിയെ അയയ്ക്കുന്നു. മാലിനിയെ പ്രതീക്ഷിച്ച് നൃത്തശാലയിലെത്തുന്ന കീചകന്റെ പദമായ “കണ്ടിവാര്‍ കുഴലീ...” എന്ന പദമാണ് തുടര്‍ന്ന്. പദാന്ത്യത്തില്‍, വലലന്‍ കീചകനെ പിന്നില്‍ നിന്നും ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലുന്നു.

കോട്ടയ്ക്കല്‍ മുരളിയാണ് വലലനെ രംഗത്തവതരിപ്പിച്ചത്. വെറുതെ വന്നാടി എന്നതിനപ്പുറം, പാഞ്ചാലിയോടുള്ള സ്നേഹമോ, കീചകനോടുള്ള ദേഷ്യമോ ഒന്നും വേണ്ടും വണ്ണം ഭാവത്തിലൂടെ ധ്വനിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ വലലനു കഴിഞ്ഞില്ല. മുഖത്തു തേപ്പും അത്ര നന്നായതായി തോന്നിയില്ല. കീചകവധത്തിലെ, കീ‍ചകന്റെ അന്ത്യരംഗം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കലാ‍കാരന്മാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മടവൂര്‍ അവതരിപ്പിച്ച കീചകന്റെ അന്ത്യരംഗം അത്രയൊന്നും പ്രേക്ഷകരെ സ്പര്‍ശിച്ചില്ല. അദ്ദേഹം തന്നെ ഈ ഭാഗം ഇതിനു മുന്‍പ് ഇതിലും ഭംഗിയായി അവതരിപ്പിച്ച് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഇവിടുത്തെ അരങ്ങ് തൃപ്തിനല്‍കുമെന്ന് കരുതുക വയ്യ.

KeechakaVadham - Upakeechakan by Kottackal Kesavan Embranthiri
കീചകന്‍ നൃത്തശാലയില്‍ മരിച്ചു കിടക്കുന്നതു കാണുന്ന, നൃത്തശാലയിലെ സൂക്ഷിപ്പുകാ‍രന്‍ ഉപകീചകന്റെ സമീപമെത്തി കാര്യമുണര്‍ത്തിക്കുന്നു. നൃത്തശാലയില്‍ മാലിനി കീചകന്റെ ശവത്തിനു സമീപം കരഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട്, ഇവളാണ് കീചകന്റെ മരണത്തിനു കാരണക്കാരിയെന്നു മനസിലാക്കി, ഇവളെയും കീചകന്റെ ചിതയില്‍ ദഹിപ്പിക്കുകയെന്നുറച്ച് ശ്മശാനത്തിലേക്കു ഗമിക്കവെ, വലലന്‍ ഒരു വലിയ മരം പിഴുതുകൊണ്ടുവന്ന് ഏവരേയും വധിക്കുന്നു.

കോട്ടയ്ക്കല്‍ കേശവന്‍ എമ്പ്രാന്തിരി ഉപകീചകനായും, കോട്ടയ്ക്കല്‍ ബാലനാരായണന്‍ ഭീരുവായും (നൃത്തശാല സൂക്ഷിപ്പുകാരന്‍) വേഷമിട്ടു. ഉപകീചകന്റേയും, ഭീരുവിന്റേയും തിരനോക്കു കഴിഞ്ഞ്, ഉപകീചകന്റെ ഹൃസ്വമായ ഒരു തന്റേടാട്ടം. അതിന്റെയൊടുവില്‍ നിലവിളിച്ചുവരുന്ന ഭീരുവിനെ കാണുന്നു. ബാലനാരായണന്റെ ഭീരുവില്‍ ഭീരുത്വമൊഴികെ മറ്റെല്ലാമുണ്ടായിരുന്നു എന്നു വേണം പറയുവാന്‍. ഈ വേഷത്തില്‍ വന്ന് എന്തും കാട്ടാം എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ ധാരണ. പാത്രബോധമില്ലാതെ, ഉപകീചകന്റെ മുന്‍പില്‍ കാലുകയറ്റിയിരിക്കുന്നതും, വെള്ളം കൊണ്ടുവരുവാന്‍ ഉപകീചകനോട് ആജ്ഞാപിക്കുന്നതും മറ്റും ഒട്ടും ഉചിതമായില്ല. പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നിരിക്കാം ഉദ്ദേശം. എന്നാല്‍ ഇങ്ങിനെയൊക്കെ കോമാളിത്തം കാട്ടിയല്ല പ്രേക്ഷകരെ രസിപ്പിക്കേണ്ടത്, ഭീരുവിന്റെ ഭീരുത്വത്തിലൂന്നിയുള്ള ചേഷ്ടകളാവണം കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തേണ്ടത്. അതുപോലെ വേഷത്തിലും അല്പം കൂടി അടക്കും ചിട്ടയുമാവാമായിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ എടുത്തണിയുക എന്നാണോ ഭീരുവിന്റെ വേഷമായി നിശ്ചയിച്ചിരിക്കുന്നത്! അരങ്ങില്‍ സംസാരിക്കുവാന്‍ അനുവദിച്ചിരിക്കുന്ന ചുരുക്കം ചില വേഷങ്ങളിലൊന്നാണ് ഭീരു. എന്നാല്‍ ആ സാധ്യതയും ഇവിടെ പ്രയോജനപ്പെടുത്തി കണ്ടില്ല.

KeechakaVadham - Bheery by Kottackal Balanarayanan
വളരെയധികം സംഗീതപ്രധാനമായ കഥയാണ് ‘കീചകവധം’ എന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. കോട്ടക്കല്‍ മധു, കോട്ടക്കല്‍ സുരേഷ് എന്നിവരാണ് ഉപകീചകന്റെ ഭാഗം വരെ പാടിയത്. എന്നാല്‍ മടവൂ‍ര്‍ പലഭാഗങ്ങളും വിശദീകരിച്ചുള്ള ആട്ടമൊഴിവാക്കി, പ്രത്യേകിച്ചും ‘ഹരിണാക്ഷീജനമൌലീമണേ!’ എന്ന പദത്തില്‍. അതിനാല്‍ തന്നെ ഗായകര്‍ക്ക് കാര്യമായ സ്വരസഞ്ചാരത്തിനോ, മനോധര്‍മ്മ പ്രയോഗങ്ങള്‍ക്കോ അവസരമുണ്ടായില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നന്നായിത്തന്നെ ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ കോട്ടക്കല്‍ കൊച്ചുനാരായണനും, കോട്ടക്കല്‍ സുരേഷുമാണ് പാടിയത്. കലാഭാരതി ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ഹരിനാരായണന്‍ എന്നിവര്‍ ആദ്യഭാഗത്ത്; യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും മികവുകാട്ടി. കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ് എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തത്. ചുരുക്കത്തില്‍, കലാമണ്ഡലം രാജശേഖരന്റെ സൈരന്ധ്രിയുടെ പ്രവര്‍ത്തി ദൂഷ്യം ഒന്നുകൊണ്ടുമാത്രം മറക്കുവാനാഗ്രഹിക്കുന്ന ഒരു ‘കീചകവധ’മായിരുന്നു കോട്ടക്കല്‍ അരങ്ങേറിയത്.


ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.

Description: KeechakaVadham Kathakali staged at Kottackal SriViswambhara Temple: Madavoor Vasudevan Nair(Keechakan), Kalamandalam Rajasekharan(Malini/Sairandhri), Kottackal Murali(Valalan), Kottackal Kesavan Embranthiri(UpaKeechakan), Kottackal Harikumar(Sudeshna), Kottackal Balanarayanan(Bheeru)| Pattu: Kottackal Madhu, Kottackal KochuNarayanan, Kottackal Suresh | Melam: Guruvayoor Harinarayanan(Maddalam), Kalabharathi Unnikrishnan(Chenda) | Chutti: Kalamandalam Sivaraman, R.L.V. Somadas
--

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കോട്ടക്കല്‍ ശ്രീവിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ ‘കീചകവധം’ കഥകളിയുടെ ആസ്വാദനം.
--

vadavosky പറഞ്ഞു...

കഥാപാത്രങ്ങള്‍ക്കനുയോജ്യമായ വേഷം ആവുന്നതെന്തിനാണ്‌?. പാത്രസ്വഭാവം അഭിനിയത്തിലൂടെയല്ലെ കാണിക്കേണ്ടത്‌. അല്ലെങ്കില്‍ ഒരോ കഥാപാത്രത്തിനനുസരിച്ച്‌ വേഷത്തിലുണ്ടാവുന്ന വ്യത്യാസം ആസ്വാദനത്തെ ബാധിക്കും എന്നെനിക്ക്‌ തോന്നുന്നു. ദമയന്തിയും തോഴിമാരും വരുമ്പോള്‍ ദമയന്തിക്ക്‌ നല്ല അലങ്കാരങ്ങള്‍ തോഴിമാര്‍ക്ക്‌ കുറവ്‌ എന്നിങ്ങനെ ആവശ്യമില്ലല്ലോ. വേഷത്തിന്റെ വ്യത്യാസത്തിലല്ല രാജ്ഞിയാണോ തോഴിയാണോ എന്ന് ആട്ടക്കാരന്‍ അഭിനിയിച്ച്‌ കാണിക്കുകയാണ്‌ വേണ്ടത്‌ എന്നാണെന്റെ അഭിപ്രായം.

Manoj | മനോജ്‌ പറഞ്ഞു...

ആസ്വാദനമിഷ്ടപ്പെട്ടൂ. :)

Anoop Technologist (അനൂപ് തിരുവല്ല) പറഞ്ഞു...

ഇവിടെ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തില്‍ ദിവസവും കഥകളിയുണ്ട്. ഇടയ്ക്കൊകെ അവിടെപ്പോയി കളി കാണാറുണ്ട്. ഒന്നും മനസിലാവാറില്ലെങ്കിലും.

എതിരന്‍ കതിരവന്‍ പറഞ്ഞു...

കഥാപാത്രമനുസരിച്ച് വേഷം മാറുന്ന സ്വഭാവം കഥകളിയില്‍ ഇല്ലല്ലൊ. പ്രത്യേകിച്ചും പുരുഷവേഷങ്ങള്‍ക്ക് അതു സാധ്യവുമല്ല. സ്ത്രീവേഷത്തിന്‍ ശിരോവസ്ത്രത്തിന്റെ മാറ്റം അനുവദനീയമാണ്. കോട്ടയ്ക്കല്‍ ശിവരാമന്‍ പൂതന (ലളിത)യ്ക്ക് ചുവപ്പുള്ള ശിരോവസ്ത്രം ഉപയോഗിക്കാറുന്ണ്ടെന്നു പറഞ്ഞിട്ടുണ്ട്. സൈരന്ധ്രിയ്ക്ക് പ്രൌഢിയും ആകര്‍ഷകത്വവും ഒട്ടും കുറയാന്‍ പാടില്ല. എന്നാല്‍ സുദേഷ്ണ ധരിച്ച മാതിരി വെള്ള വസ്ത്രവും പറ്റില്ല. രാജശേഖരന്റെ വേഷത്തില്‍ ഒരു നീല മുലക്കച്ച കാണുന്നു. അത് പുതിയ ഏര്‍പ്പാടണോ എന്തോ. വേണമെങ്കില്‍ ശിരോവസ്ത്രത്തിന്റെ തിളക്കം കുറ്യ്ക്കാമായിരുന്നു എന്നു തോന്നുന്നു. വഡോവ്സ്കി പറഞ്ഞപോലെ ബാക്കിയൊക്കെ അഭിനയത്തില്‍.

അതീവ ഉല്ലാസം രാജശേഖരന്‍ കാണിച്ചോ? “സാദരം നീചൊന്നൊരു മൊഴിയിതു സാധുവല്ല കുമതേ” അത്യന്തം വെറുപ്പോടെയും സങ്കടത്തോടെയുമായിരിക്കണം. പിന്നീട് കീചകനു മദ്യവും ഭക്ഷണവും നല്‍കിയ ശേഷം വീരവാദം മുഴക്കിയെങ്കില്‍ അതു ഉസിതമല്ല.

കഥകളിയിലെ സ്ത്രീഎവ്വെഷത്തിന്‍ പുതിയ സ്വഭാവങ്ങള്‍ വന്നുചേരുകയാണെന്നു തോന്നുന്നു. രുഗ്മാംഗദചരിതത്തിലെ മോഹിനിയെ തരളഹൃദയയാക്കുന്നതും സൈരന്ധ്രിയെ കോപാകുലയും നേരെ പൊരുതാനുള്ള ധാര്‍ഷ്ട്യക്കാരിയൊക്കെ ആക്കുന്നതും സ്ത്രീപക്ഷം പിട്യ്ക്കണമെന്നുള്ള (പുരുഷന്മാരുടെ ) അബദ്ധധാരണയില്‍ നിന്നാകാന്‍ മതി.

മലയാള സ്ത്രീ/ദേവി സങ്കല്‍പ്പത്തില്‍ അതി കരാളമായ രൂപങ്ങളുണ്ട്. നമ്മുടെ അമ്മദൈവങ്ങള്‍. ‘മുറ്റാപിള്ളയെ ഗര്‍ഭതി കൊല്ലും മുഴുപ്പിള്ളയായല്‍ ഈറ്റതി കൊല്ലും. അന്നു പിറന്നോരിളം പിള്ളയെ അമ്മാനമാടി രസിപ്പവളേ” എന്നൊക്കെയാണ് ഈ അതിരില്ലാത്ത സ്വരൂപഭാവന. ഇതിലൊന്നും വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. പാശ്ചാത്യരെ ബോധിപ്പിക്കാന്‍ ഒന്നും മാറ്റുകയും വേണ്ട.

Haree പറഞ്ഞു...

@ വഡവോസ്കി,
കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വേഷം തന്നെ ആവേണ്ടതുണ്ട്. അങ്ങിനെയാണ് നിശ്ചയിച്ചിരിക്കുന്നതും. രണ്ടു സ്ത്രീവേഷങ്ങളും, പ്രത്യേക അലങ്കാരങ്ങളൊന്നുമില്ലാതെ, നിശ്ചയിച്ചിട്ടുള്ളവ മാത്രം അണിഞ്ഞ് അരങ്ങിലെത്തുകയും; അതിനു ശേഷം അഭിനയത്തിലൂടെ പാത്രത്തെ ബോധിപ്പിക്കുകയും ചെയ്താല്‍, വാദം സമ്മതിക്കാം. പക്ഷെ, ഇവിടെ സുദേഷ്ണ, ഒട്ടും ശോഭിക്കാത്ത രീതിയില്‍ വേഷമണിയുകയും; സൈരന്ധ്രി അതിനും കൂടി ചേര്‍ത്ത് തിളക്കമാര്‍ന്ന വേഷമണിഞ്ഞ് രംഗത്തെത്തുകയും ചെയ്താല്‍? ദമയന്തി പഴയ സാധാരണ ഒരുക്കങ്ങളുമായെത്തുകയും; തോഴിമാര്‍ മോടികൂടിയ, കലാകാരന്മാരുടെ സ്വന്തം വസ്ത്രവുമായി എത്തുകയും ചെയ്താല്‍? അവിടെയാണ് കല്ലുകടിക്കുന്നത്.

@ സ്വപ്നാടകന്‍,
നന്ദി. :)

@ അനൂപ് തിരുവല്ല,
ഇടയ്ക്കൊക്കെ ഞാനുമെത്താറുണ്ടവിടെ. :)

@ എതിരന്‍ കതിരവന്‍,
മാലിനിക്ക് പ്രൌഢി കുറയണമെന്നല്ല ഉദ്ദേശിച്ചത്, പക്ഷെ അതിപ്രൌഢി ആകുവാനും പാടില്ല; പ്രത്യേകിച്ചും സുദേഷ്ണ സാധാ‍രണ സ്തീവേഷമണിയുമ്പോള്‍. അതാണ് ഞാനുദ്ദേശിച്ചത്.

അത്യന്തം വെറുപ്പോടെയും സങ്കടത്തോടെയുമായിരിക്കണം. - ഇതുരണ്ടുമല്ലായിരുന്നു ഇവിടുത്തെ മാലിനിയില്‍; ധാര്‍ഷ്ട്യവും തന്റേടവുമായിരുന്നു മുന്നിട്ടുനിന്നത്. സങ്കടമെന്നത് വന്നതായേ തോന്നിയില്ല! പിന്നീട് കീചകനു മദ്യവും ഭക്ഷണവും നല്‍കിയ ശേഷം വീരവാദം... - ഇങ്ങിനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ!

ഉചിതമായ മാറ്റങ്ങളാണെങ്കില്‍ അവയെ സ്വാഗതം ചെയ്യാം. മാറ്റങ്ങളേ വേണ്ട എന്നൊരു കാഴ്ചപ്പാടെനിക്കില്ല. :)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--