2008, ഏപ്രിൽ 6, ഞായറാഴ്ച
കോട്ടക്കലെ കിര്‍മ്മീരവധം
ഏപ്രില്‍ 2, 2008: കോട്ടക്കല്‍ ശ്രീ വിശ്വംഭരക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തില്‍; രണ്ടാം ഉത്സവം മുതല്‍ ആറാം ഉത്സവം വരെ കഥകളി പതിവുണ്ട്. ഈ കൊല്ലം, രണ്ടും മുന്നും ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കുവാനും, ആ ദിവസങ്ങളിലെ കഥകളി കാണുവാനും ഈ ആസ്വാദകനും ഭാഗ്യം ലഭിച്ചു. കലാമണ്ഡലം ഗോപി(ധര്‍മ്മപുത്രര്‍), മാര്‍ഗി വിജയകുമാര്‍(പാഞ്ചാലി) എന്നിവരുള്‍പ്പടെയുള്ള കലാകാരന്മാര് അണിനിരന്ന ‘കിര്‍മ്മീരവധ’മായിരുന്നു രണ്ടാം ഉത്സവദിനം അവതരിക്കപ്പെട്ട ആദ്യ കഥ. ചിട്ടപ്രധാനമായ പതിഞ്ഞ പദങ്ങളാല്‍ സമ്പന്നമായ കഥയായതിനാല്‍ തന്നെ, ആസ്വാദനക്ഷമതയുടെ അളവുകോലായി ‘കിര്‍മ്മീരധം’ ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.
രണ്ടുഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആട്ടക്കഥയാണ് ‘കിര്‍മ്മീരവധം’. പാണ്ഡവര്‍ക്ക് അക്ഷയപാത്രം സൂര്യഭഗവാനില്‍ നിന്നും ലഭിക്കുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒന്നാം ഭാഗവും; സിംഹിക, തന്റെ പതിയായ ശാര്‍ദ്ദൂലന്റെ മരണത്തിനു കാരണക്കാരായ പാണ്ഡവരോടുള്ള പകപോക്കുവാന്‍ ശ്രമിക്കുന്നതും, സഹദേവനാല്‍ നാസാകുചങ്ങള്‍ ഛേദിക്കപ്പെട്ട് സഹോദരനായ കിര്‍മ്മീരസമക്ഷത്തില്‍ സങ്കടമുണര്‍ത്തിക്കുന്നതും, കിര്മ്മീരന് ഭീമനോടെതിര്‍ത്തു തോറ്റ് കൊല്ലപ്പെടുന്നതും ഉള്‍പ്പെടുന്ന രണ്ടാം ഭാഗവുമാണ് ഇതിനുള്ളത്. ആദ്യഭാഗം മാത്രമാണ് ഇപ്പോള്‍ രംഗത്ത് അവതരിപ്പിച്ച് വരാറുള്ളത്. ‘പാത്രചരിതം’ എന്ന പേരില്‍ അറിയപ്പെടുന്ന അത്രയും ഭാഗത്തിലുള്‍പ്പെടുന്ന, സുദര്ശനത്തിന്റെ വരവുവരെയുള്ള ഭാഗം മാത്രമാണ് കോട്ടക്കല്‍ അരങ്ങേറിയത്.
‘ബാലേ! കേള് നീ!’ എന്നു തുടങ്ങുന്ന ധര്‍മ്മപുത്രരുടെ പതിഞ്ഞ പദമാണ് ആദ്യം. പല്ലവിയും, അനുപല്ലവിയും, അവസാനചരണവും മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. പല്ലവിക്കുശേഷമുള്ള കലാശത്തിനു മുന്‍പായി ഒരു ചെറിയ മനോധര്‍മ്മവും പതിവുണ്ട്. “കഷ്ടം! കുരുവംശത്തില്‍ പിറന്ന ഞങ്ങള്‍ക്ക് ഇങ്ങിനെയൊക്കെ വന്നുഭവിച്ചല്ലോ! ആവട്ടെ, തലയിലെഴുത്തു തന്നെ!” എന്നു പറഞ്ഞ് ദുഃഖിക്കുകയാണ് യുധിഷ്ഠിരനിവിടെ. ‘പാലോലുംമൊഴിമാര്‍കുലതിലകേ! പാഞ്ചാലാധിപസുകൃതവിപാകേ!’ എന്നതാണ് അനുപല്ലവി. ഇവിടെ ‘മൊഴിമാര്‍കുലതിലകേ!’ എന്ന ഭാഗത്തെ ‘കുലം’ എന്നതിന് ‘കൂട്ടം’ എന്നാണ് കലാമണ്ഡലം ഗോപി മുദ്രകാട്ടിയത്. കുലമെന്നുതന്നെ മുദ്രകാട്ടിയാലും തെറ്റുപറയുവാന്‍ കഴിയുകയില്ലെങ്കിലും, കൂട്ടം എന്നു പറയുമ്പോള്‍ ലഭിക്കുന്ന അര്‍ത്ഥവ്യാപ്തിയും വിശേഷഭംഗിയും കുലം എന്നുകാട്ടുമ്പോള്‍ ലഭിക്കുകയില്ലല്ലോ! മാത്രവുമല്ല, കൂട്ടം എന്ന മുദ്ര, പതിഞ്ഞ താളത്തിലുള്ള നൃത്തവിശേഷത്തിനും യോജിച്ചതാണ്. ഒരു വാക്കിന് ഇതുപോലെയുള്ള നാനാര്‍ത്ഥങ്ങള്‍ കല്പിക്കാവുന്ന സാഹചര്യങ്ങള്‍ കഥകളിയില്‍ നിരവധിയാണ്. പല അര്‍ത്ഥങ്ങള്‍ തന്നെ ആ രംഗത്തിനു യോജിച്ചുവെന്നും വരാം. എന്നാല്‍ മറ്റുള്ള ഘടകങ്ങള്‍കൂടി കണക്കിലെടുത്ത്, ഏറ്റവും കഥകളിത്തമുള്ള അര്‍ത്ഥം കല്പിച്ച് ആടുമ്പോഴാണ് ആട്ടത്തിന് ആകര്‍ഷണീയതയും, കലാകാരനു മഹത്വവുമുണ്ടാവുന്നത്.
വളരെ സുഖസൌകര്യങ്ങളോടെ, സന്തോഷകരമായി ജീവിതം നയിക്കേണ്ട പാഞ്ചാലി ഈ കാനനത്തില്‍ എങ്ങിനെ കഴിയുന്നുവെന്ന് യുധിഷ്ഠിരന് കുണ്ഠിതപ്പെടുന്നു. ‘കാന്ത! ചിന്തിക്കിലിതിലേറെ...’ എന്നു തുടങ്ങുന്ന പാഞ്ചാലിയുടെ മറുപടി പദമാണു തുടര്‍ന്ന്. തനിക്ക് ഈ കാനനവാസത്തിലൊന്നും കുണ്ഠിതമില്ല; എന്നാല്‍ തങ്ങളോടൊപ്പം പ്രയാണം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കും, ബ്രാഹ്മണര്‍ക്കും അന്നം നല്കുവാന് സാധിക്കുന്നില്ലല്ലോ എന്നതാണെന്നെ ഏറെ വിഷമിപ്പിക്കുന്നത് എന്നു പറയുകയാണ് പാഞ്ചാലി ഈ പദത്തില്‍. “തന്റെ ദയിതയായ ഇവള് ഇത്രയും കഷ്ടതകള്‍ക്കു നടുവിലും, അന്യരെക്കുറിച്ചോര്‍ത്തു കുണ്ഠിതപ്പെടുന്നുവല്ലോ! എത്ര ശ്രേഷ്ഠയാണിവള്‍!” എന്നിങ്ങനെ തുടങ്ങുന്ന യുധിഷ്ഠിരന്റെ മനോധര്‍മ്മാട്ടമാണ് തുടര്‍ന്ന്. ഇവളുടെ ഖേദം കളയുവാന്‍ എന്താണുപായമെന്ന് ആലോചിച്ച്, കുലഗുരുവായ ധൌമ്യമഹര്‍ഷിയെ കണ്ട് ആരായുകതന്നെയെന്നുറച്ച്; അപ്രകാരം പാഞ്ചാലിയോടു പറഞ്ഞ്; അങ്ങിനെ നിശ്ചയിച്ച് ഇരുവരും മാറുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.
ആദ്യരംഗം മുഴുവനും ധര്‍മ്മപുത്രരും, പാഞ്ചാലിയും ശോകസ്ഥായി മാറാതെ കാക്കേണ്ടതുണ്ട്. തങ്ങളുടെ ദുര്‍വിധിയെ പഴിച്ച് കാനനത്തില്‍ വസിക്കുന്ന ഇവര്‍ക്ക് ശോകമൊഴിഞ്ഞ് നേരമുണ്ടാവില്ലല്ലോ! ധര്‍മ്മപുത്രര്‍ ഈ ഭാവം സുദര്‍ശനത്തെ കാണുന്നതു വരെ കാക്കുകയും വേണം. പാഞ്ചാലിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭാവം കാക്കുകയെന്നതിലപ്പുറം മാര്‍ഗി വിജയകുമാറിനെപ്പോലെയൊരു കലാകാരന് കാര്യമായൊന്നും ചെയ്യുവാനില്ലാത്ത കഥാപാത്രമായി തോന്നി ‘കിര്‍മ്മീരവധ’ത്തിലെ പാഞ്ചാലി. സ്ഥായി കൈവിടാതെ രംഗത്തു പ്രവര്‍ത്തിക്കുന്നത് അത്ര നിസാരമല്ല എന്നതുമോര്‍ക്കേണ്ടതാണ്. കാര്യമായ മനോധര്‍മ്മാട്ടങ്ങള്‍ക്കും ഈ കഥയില്‍ പഴുതില്ല. എങ്കിലും ചെയ്യുവാനുള്ളത്രയും ഭാഗങ്ങള്‍ ഭംഗിയായിത്തന്നെ വിജയകുമാര്‍ ചെയ്തു തീര്‍ത്തു.
യുധിഷ്ഠിരന് ധൌമ്യസവിധത്തിലെത്തുന്നു. ‘താപസമൌലേ, ജയജയ താപസമൌലേ!’ എന്നു ഗുരുവിനെ സ്തുതിച്ച് തന്റെ ആഗമനോദ്ദേശം യുധിഷ്ഠിരന് അറിയിക്കുന്നു. ക്ലേശങ്ങളകലുവാന്‍ സൂര്യഭഗവാനെ ഭജിക്കുവാനാണ് ഗുരു ഉപദേശിക്കുന്നത്. പദത്തിനു ശേഷം, ചെറിയൊരു മനോധര്‍മ്മവും ഇരുവരും തമ്മിലുണ്ട്. അങ്ങയുടെ നിര്‍ദ്ദേശപ്രകാരം സൂര്യദേവനെ ഭജിക്കുവാന്‍ ഉടന്‍ തന്നെ പുറപ്പെടുകയായെന്നറിയിക്കുന്ന യുധിഷ്ഠിരന്, ഭജിക്കുവാനുള്ള മന്ത്രം ഉപദേശിച്ച് ധൌമ്യന്‍ രംഗത്തു നിന്നും മാറുന്നു. പാഞ്ചാലി പ്രവേശിക്കുന്നു. ഗുരുവിന്റെ നിര്‍ദ്ദേശമറിയിച്ച്, അപ്രകാരം സൂര്യഭഗവാനെ ഭജിക്കുവാന്‍ താനിതാ പോവുന്നു എന്നറിയിച്ച് യുധിഷ്ഠിരന് പാഞ്ചാലിയെ അയയ്ക്കുന്നു.
കലാമണ്ഡലം കുട്ടനാണ് ധൌമ്യനായി രംഗത്തെത്തിയത്. ഗോപിയാശാനൊത്ത് ആടുമ്പോള് പല കലാകാരന്മാരും കഥാപാത്രത്തെ മറന്ന്, ഗോപിയെ ബഹുമാനിച്ചു കാണാറുണ്ട്. കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിനു പ്രാധാന്യം കുറവാണെങ്കില്‍ ഇത് എടുത്തറിയുകയും ചെയ്യും. എന്നാലിവിടെ കലാമണ്ഡലം കുട്ടന് അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ധൌമ്യനെ അവതരിപ്പിച്ചു. അങ്ങയുടെ നിര്‍ദ്ദേശപ്രകാരം തപസിനു പോവുകയാണെന്നാടി തിരക്കിട്ടു പോകുവാന്‍ തുടങ്ങിയ യുധിഷ്ഠിരനോട്; “നില്ക്കുക, ഒരു കാര്യം കൂടി” എന്നു പറഞ്ഞു നിര്‍ത്തിയാണ് മന്ത്രം ഉപദേശിക്കുന്നത് ആടിയത്. അശ്രദ്ധമായി ചെയ്ത മുഖത്തുതേപ്പ് വേഷപ്പൊലിമ കുറച്ചു എന്നൊരു ന്യൂനതയും ധൌമ്യനുണ്ടായിരുന്നു.
ഗുരു നിര്‍ദ്ദേശിച്ച പ്രകാരം ധര്‍മ്മപുത്രര്‍ സൂര്യഭഗവാനെ ഭജിക്കുന്നു. യുധിഷ്ഠിരന്റെ തപസില്‍ സംപ്രീതനാവുന്ന സൂര്യദേവന് പ്രത്യക്ഷപ്പെട്ട്, അക്ഷയപാത്രം വരമായി നല്കുന്നു. ചേര്‍ത്തല സുനിലാണ് സൂര്യദേവനായി അരങ്ങിലെത്തിയത്. മുദ്രകള്‍ കാട്ടുമ്പോഴുള്ള ഒഴുക്ക് ഇടയ്ക്കിടെ നഷ്ടമാവുന്നുണ്ടെന്നത് ഈ കലാകാരന്റെ വേഷത്തിനുള്ള ഒരു പ്രധാന പോരായ്മയാണ്. തിരികെ ഗുരുസവിധത്തിലെത്തുകയാണ് യുധിഷ്ഠിരന്. തനിക്ക് അക്ഷയപാത്രം സൂര്യഭഗവാന് വരമായി നല്‍കിയെന്നും, ഇതില്‍ ദിനവും ധാരാളം അന്നം ലഭിക്കുമെന്ന് സൂര്യഭഗവാന് അരുളിചെയ്തെന്ന് അറിയിക്കുകയും ചെയ്യുന്നു. പിന്നീട് പാഞ്ചാലിയുടെ സമീപമെത്തി അക്ഷയപാത്രം ഏല്പിക്കുന്നു. ദിനവും പാഞ്ചാലി കഴിക്കുന്നതുവരെ ഇതില്‍ നിന്നും അന്നം ലഭിക്കുമെന്നും അറിയിക്കുന്നു.
തുടര്‍ന്ന് കൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു, ധര്‍മ്മപുത്രര്‍. ശംഖനാദം കേള്‍ക്കുന്നതായി നടിച്ച്, കൃഷ്ണന് വരുന്നുണ്ടെന്നാടുമ്പോള്‍, പിന്നില്‍ തിരശീലപിടിച്ച് ശ്രീകൃഷ്ണന് പ്രവേശിക്കുന്നു. ശ്രീകൃഷ്ണന്റെ വീരപരാക്രമങ്ങളെ സ്തുതിച്ച ശേഷം ധര്‍മ്മപുത്രര്‍ ഇങ്ങിനെ പറയുന്നു; “നാഗകേതനന്റെ നികൃതികളാല്‍, നാടുപേക്ഷിച്ച് ഇവിടെ കാനനത്തില്‍ കഷ്ടതകളോടെ വസിക്കുന്ന ഞങ്ങളെ കണ്ടിട്ട് നിനക്കൊരു നാണവും തോന്നുന്നില്ലേ?”. പ്രസന്നവദനനായ കൃഷ്ണന് ഇതു കേട്ട് അത്യന്തം ക്രുദ്ധനായി, കൌരവരെ മുഴുവനും ഇപ്പോള്‍തന്നെ നിഗ്രഹിക്കുന്നുണ്ടെന്നുറച്ച് സുദര്‍ശനത്തെ സ്മരിക്കുന്നു. ‘മാധവ! ജയശൌരേ!’ എന്ന സുദര്ശനത്തിന്റെ പദമാണ് തുടര്‍ന്ന്. ഇതുകണ്ട് ധര്‍മ്മപുത്രര്‍, താന്‍ തന്റെ സങ്കടം കൊണ്ടു പറഞ്ഞുപോയതാണ് ദയവുചെയ്ത് സുദര്‍ശനത്തെ അടക്കുക, കൌരവരെ അങ്ങു വധിക്കണം എന്നു ഞാന്‍ കരുതിയിട്ടില്ല എന്നൊക്കെ കൃഷ്ണനോട് പറയുന്നു. അപ്രകാരം കൃഷ്ണന്, താങ്കളെ ദൈന്യഭാവത്തില്‍ നിന്നും മോചിപ്പിക്കുവാനായി സുദര്‍ശനത്തെ ദൃശ്യമാക്കിയതാണ്, കൌരവനിഗ്രഹം താനും ഉദ്ദേശിച്ചതല്ല എന്നു പറഞ്ഞ് സുദര്‍ശനത്തെ തിരിച്ചയയ്ക്കുന്നു. മനുഷ്യജന്മത്തില് സുഖദുഃഖങ്ങള്‍ മാറിമാറിവരുമെന്നും, ഇപ്പോഴുള്ള ദുഃഖം മാറി അധികം വൈകാതെ സുഖം ഭവിക്കുമെന്നും, ധര്‍മ്മപുത്രരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്.
ശ്രീകൃഷ്ണനായി കലാമണ്ഡലം ശ്രീകുമാറും, സുദര്‍ശനമായി കോട്ടക്കല്‍ സുനില്‍കുമാറുമാണ് വേഷമിട്ടത്. വേഷഭംഗിയും, മുഖഭംഗിയും വേണ്ടുവോളമുണ്ടെങ്കിലും; ഭാവം മുഖത്തുകൊണ്ടുവരുന്നതില്‍ ഇനിയുമേറെ പുരോഗമിക്കുവാനുള്ള കലാകാരനാണദ്ദേഹം. കൃഷ്ണന്റെ കോപമൊന്നും ഒട്ടും തന്നെ പ്രേക്ഷകനിലെത്തിക്കുവാന്‍ അദ്ദേഹത്തിനായില്ല. സുദര്ശനത്തിന്റെ കഥയും വ്യത്യസ്തമല്ല. ചടുലമായ ചലനങ്ങളും, രൌദ്രഭാവവും സുദര്ശനത്തിന് അത്യന്താപേക്ഷിതമാണ്. ഇതുരണ്ടും സുനില്‍കുമാറിന്റെ വേഷത്തില്‍ കാണുവാന്‍ കഴിഞ്ഞില്ല. ശ്രീകുമാറും, സുനില്‍കുമാറും വേഷം കെട്ടി നില്ക്കുകയല്ല; മറിച്ച് ശ്രീകൃഷ്ണനും, സുദര്‍ശനവുമാണ് തങ്ങളെന്ന ബോധം ഇവര്‍ക്കുവരുന്നില്ലെന്നു വേണം കരുതുവാന്‍.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ‘കിര്‍മ്മീരവധ’ത്തിനു പാടിയത്. ചിട്ടപ്രധാനമായ പദങ്ങള്‍, പതിഞ്ഞ താളക്രമത്തിലൊതുക്കി എന്നാല്‍ ആസ്വാദ്യകരമായി പാടുക എന്നത് നിസാരമായ കാര്യമല്ലെങ്കിലും; ഇരുവരും അനായാസേന തന്നെ ഇതിലെ പദങ്ങള്‍ ആലപിച്ചു. പക്ഷെ, അല്പം കൂടി വ്യക്തത പാട്ടിനാവാമായിരുന്നെന്നു തോന്നി. കലാമണ്ഡലം ഉണ്ണികൃഷ്ണന്, കലാമണ്ഡലം നമ്പീശന്‍കുട്ടി എന്നിവരായിരുന്നു യഥാക്രമം ചെണ്ടയും മദ്ദളവും. കഥകളി ചെണ്ടയില്‍ പ്രഥമഗണനീയനായ കലാകാരനാണ് കലാമണ്ഡലം ഉണ്ണികൃഷ്ണന്. വളരെ നന്നായിത്തന്നെ അദ്ദേഹം ഇവിടെയും ചെണ്ട കൈകാര്യം ചെയ്തു. കലാമണ്ഡലം നമ്പീശന്‍കുട്ടിയുടെ മദ്ദളം, പ്രായാധിക്യം മൂലമാവണം, അത്രയൊന്നും മികവുപുലര്‍ത്തിയതായി തോന്നിയില്ല. കലാമണ്ഡലം ശിവരാമന്, ആര്.എല്‍.വി. സോമദാസ് എന്നിവരുടെ ചുട്ടിയും നന്നായിരുന്നു. ചുരുക്കത്തില്‍ കഥകളി ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു കോട്ടക്കലെ ‘കിര്‍മ്മീരവധം‘’. എങ്കിലും; വളരെയധികം വേഷങ്ങള്‍ അരങ്ങിലെത്തുന്ന ഇതുപോലെയുള്ള കഥകള്‍ അവതരിപ്പിക്കുവാന്‍ കലാമണ്ഡലത്തിലോ, കോട്ടക്കലോ പോലെയുള്ള കളരികളിലേ ഇപ്പോള്‍ സാധ്യതയുള്ളെന്നിരിക്കെ, പൂര്‍ണ്ണമായി ഈ കഥ അവതരിക്കപ്പെട്ടെങ്കിലെന്ന്, ഒരു ആസ്വാദകനെന്ന നിലയില്‍ ആശിച്ചു പോവുന്നു.
ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.
Description: KirmeeraVadham Kathakali staged at Kottackal as part of the annual celebrations in SriViswambhara Temple. Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Kalamandalam Sreekumar as SriKrishna, Kalamandalam Kuttan as Dhaumyan, Cherthala Sunil as Suryan and Kottackal SunilKumar as Sudarsanan were the performers. Pathiyoor Sankarankutty and Kalamandalam Vinod provided the vocal support along with Unnikrishnan on Chenda and Kalamandalam NambeesanKutty on Maddalam.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
10 അഭിപ്രായങ്ങൾ:
കോട്ടക്കല്‍ ശ്രീവിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ ‘കിര്‍മ്മീരവധം’ കഥകളിയുടെ ആസ്വാദനം.
--
Great :) നല്ല ആസ്വാദനം
നന്നായി എഴുതിയിട്ടുണ്ട് ഹരീ.
ഇതില്‍ പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു, സത്യത്തില്‍ കോട്ടയ്ക്കലെ റിവ്യൂ ഉണ്ടാകുമോ എന്ന്.
ഫോട്ടോസും അസ്സല്.
Hi haree
Great !!!
Kirmiravadham is a story which is a measuring scale both for the Aswadakas and also for the performers. In fact Gopi asan is the only one who can give us the full sorrow of dharmaputra. Eventhough Pachali does not have to do anything as you have rightly pointed out, to maintain the same stahi bhava of sorrow thorought is tough. Margi Vijayakumar is the apt person to do the same with Gopi Asan so that we all will be in the full mood.
Eventhough Kal Srikumar is a very experiencd person and is expert in Kathi veshams, to maintain the bhavas he have to improve a lot, especially in Pacha Vehsams.
Regarding " Pallolummozhimar kula thilake" the apt mudra for Kulam is 'Kootam' to clearly depcit the meaning as " the great amoung the beatutiful ladies". Here the Kulam or Vamsham is not at all suitable.(even in kalari the mudra is "Kootam")
To see a Kirmeeravadham full performance is a nice experience. Because those parts which are left (like Durvasavu, Kirmeeran , Simhika etc.)are very interesting to act and to see. In the second part also most popular is only the part of Lalitha.
In Sandarsam Kathakali Vidyalayam Ambalapuzha during Nov, Dec 07 and Jan 08 we have performed the entire story in three parts . 1st part ends with the receipt of Akshayapatrham, Second part starts with the arrival of Krishna and upto the Sage Durvasa, the third part from Kari to Kirmeera. All are only young artists like Kal Shanmughan, Mukundan, Vijayan, and we have seen the best from them. Such type of efforts have to be taken to protect the areas which are not at all performed..... Because the current trend is to avoid even the most performed parts
Excellent Aswadanam Keep it up
Since I am out of Kerala for last one month, only through these posts I am enjoying Kathakali.
Thaks
Regards
Renjith
@ മനോജ് എമ്പ്രാന്തിരി,
നന്ദി. :)
@ പി.ആര്.,
:) വളരെ നന്ദി.
@ രഞ്ജിത്ത്,
• കലാ. ശ്രീകുമാറിന്റെ കത്തി വേഷത്തെക്കുറിച്ചും അഭിപ്രായ വ്യത്യാസമുണ്ട്. ഞാന്‍ നിഴല്‍കുത്തിലെ ദുര്യോധനനെ കണ്ടിട്ടുണ്ട്. പ്രധാനമായും കഥാപാത്രത്തിന്റെ ഗൌരവം അരങ്ങില്‍ കാട്ടുന്നില്ല, സാധാരണക്കാരനായി പോവുന്നു എന്നതാണ് കുഴപ്പമായി തോന്നിയത്.
• കുലം എന്നതിനു കൂട്ടം എന്നു മുദ്രകാണിക്കുന്നത് കലാ. ഗോപിയുടെ പരിഷ്കാരമായി പറഞ്ഞതല്ല. കളരിയില്‍ അഭ്യസിച്ചത് അരങ്ങില്‍ തോന്നുന്നതും ഒരു നല്ല കാര്യമാണല്ലോ. പിന്നെ, വംശം എന്നര്‍ത്ഥമെടുത്താല്‍; “സുന്ദരിമാരുടെ (മനോഹരമായി സംസാരിക്കുന്ന തരുണിമാരുടെ)വംശത്തിനു തിലകക്കുറിയായി തീര്‍ന്നവളേ...” അതു യോജിക്കില്ല എന്നു ഞാന്‍ കരുതുന്നില്ല. സത്യം പറഞ്ഞാല്‍; ഞാന്‍ കുലം എന്ന മുദ്രയാണു പ്രതീക്ഷിച്ചത്, അതുകൊണ്ട് കൂട്ടം എന്നു കണ്ടപ്പോഴുള്ള ആ ഒരു ‘എക്സൈറ്റ്മെന്റില്’ എഴുതിപ്പോയതാണ്. :)
• സന്ദര്‍ശന്റെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. പക്ഷെ, അന്നെനിക്ക് എത്തുവാന്‍ കഴിയുമായിരുന്നില്ല. :(
--
ഗോപി ആശാന്റെ അരങ്ങിലെ വേഷങ്ങള്‍ എത്ര വര്‍ണ്ണിച്ചാലും മതി വരുകയില്ല കഥക്കളി അസ്വാദനം നല്ലതു തന്നെ എന്നാല്‍ ഒരു നല്ല കല മറ്റെന്തിനെം പോലെ പണത്തിനു മാത്രമായി ചിലപ്പൊഴോക്കെ മാറുന്നുവോ എന്നൊരു സംശയം
ഗോപ്യാശാനോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ,
വയസ്സായി ആശാന് ഇപ്പോ കലാശമൊന്നും എടുക്കുന്നേയില്ല.
പിന്നെ ഒരു ശൈലീകരണം അദ്ദേഹത്തിന്റെ പ്രശ്നമാണ് എന്ന് തോന്നാറുണ്ട്. എപ്പോഴും എല്ലാ വേഷങ്ങള്‍ക്കും ഒരേ ശൈലി തന്നെ. സ്വന്തം ശൈലിയുടെ ഉള്ളില്‍ തന്നെ കറങുകയാണോ എന്ന് തോന്നും. ഞാനിത് അടുത്ത കാലത്താണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇത് ആശാന്റെ മാത്രം പ്രശ്നമാണോ? അറിയില്ല, എങ്കിലും അദ്ദേഹത്തിന് ഈ പ്രശ്നം കൂടുതല്‍ ആണെന്ന് തോന്നുന്നു.
നളന്റെ ശൈലിതന്നെ രുഗ്മാംഗദനും, ധര്‍മ്മപുത്രര്‍ക്കും ഒക്കെ.. ചിലപ്പോള്‍ എന്റെ പ്രശ്നമായിരിക്കാം.
കഥകളിക്കൊരു ശൈലി ഉണ്ട്. അതല്ല, ഓരോരോ നടന്മാര്ക്കും അവരുടെ ശൈലി ഉണ്ട്; പക്ഷെ അതില്‍ നിന്നും പുറത്ത് കടക്കേണ്ടേ?
ആവര്‍ത്തനവിരസത?
അറിയില്ല!
-സു-
ഹരീ, ആസ്വാദനം ഗംഭീരമായിട്ടുണ്ട്.
കലാ. ശ്രീകുമാറിന്റെ കത്തി വേഷം നന്ന് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കോട്ടക്കല്ക്കാരും ശ്രീകുമാറിന് ക്യഷ്ണവേഷമല്ലാതെ ഒരു കത്തിവേഷമോ മറ്റൊ നല്‍കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി.
കോട്ടക്കലില്‍ ഗോപിയാശാന് ദ്യതിയായതുകൊണ്ട് ക്യഷ്ണന്റെ ഭാഗമൊക്കെ കുറച്ച് വേഗത്തില്‍ കഴിച്ചുകൂട്ടുന്നതായാണ് കണ്ടത്.
കിര്‍മീരവധം ആദ്യഭാഗത്ത് ഒരു “ആക്ഷന്‍ ത്രില്ലര്‍” അനുഭവം ഇല്ലാത്തതുകൊണ്ട് സൂക്ഷ്മതയോടെ കാണുന്നവര്‍ക്കേ കളി ആസ്വദിക്കാന്‍ പറ്റു.
കൃഷ്ണന്റെ പദം “കഷ്ടമഹോ” എങ്ങനെയായിരുന്നു? നൃത്തപ്രധാനമായ ഒരു പദമാണിത്. മറ്റു പദങ്ങള്‍ പോലെയല്ലാതെ, ആവര്‍ത്തനം അധികം ഇല്ലാതെ പെട്ടെന്നു പാടിപ്പോകുകയും നടന് അതനുസരിച്ച് വേഗത്തില്‍ മുദ്രകള്‍ കാണിച്ചു പോകുകയും ചെയ്യുന്നത് വളരെ സവിശേഷമായ നൃത്തപ്രകടനമായി അനുഭവപ്പെടാറുണ്ട്.
@ അനൂപ് എസ്. നായര്‍,
:) പണവും വേണമല്ലോ!
@ സുനില്‍,
ശരിയാണ്, കലാശമൊന്നും കാര്യമായി എടുക്കാറില്ല. എന്നാല്‍ അതില്‍ മാത്രമേ ഒരു കുറവുള്ളൂ. മറ്റു പല ചെറുപ്പക്കാരായ കലാകാരന്മാരും കലാശമൊക്കെ വൃത്തിയായെടുക്കും; പക്ഷെ, അതുമാത്രമേയുള്ളൂ ഒരു മെച്ചം! പിന്നെ, വേഷങ്ങളില്‍ ഗോപിയാശാന്റെ ശൈലികാണുക സ്വാഭാവികം. കഥകളി ശൈലിയില്‍ നിന്നും പുറത്തുവരണമെന്നു പറഞ്ഞത് മനസിലായില്ല. കഥകളി അവതരിപ്പിക്കുമ്പോള്‍ ആ ശൈലിയില്‍ തന്നെ ആവണമല്ലോ! പിന്നെ, നളന്റെ ശൈലിയല്ല രുഗ്മാംഗദനും, ധര്മ്മപുത്രര്ക്കുമൊന്നും. ആവശ്യമുള്ള സ്ഥായിഭാവവും, പാത്രസ്വഭാവവുമൊക്കെ ഗോപിയാശാന്റെ അവതരണത്തില്‍ കാണാറുണ്ട്. നേരത്തെയുള്ള ‘രുഗ്മാംഗദചരിതം’ ആട്ടക്കഥയുടെ ആസ്വാദനത്തില്‍ ഞാനത് സൂചിപ്പിച്ചിരുന്നതുമാണ്. ആവര്‍ത്തനവിരസത ഒഴിവാക്കുവാന്‍ തക്കവണ്ണം, മനോധര്‍മ്മങ്ങളില്‍ ചെറുതെങ്കിലും, ചില പുതുമകള്‍ കൊണ്ടുവരുന്ന കലാകാരന്മാരില് ഒരാളുമാണ് കലാമണ്ഡലം ഗോപി.
@ മണി,
ഞാനൊരിക്കലേ കണ്ടിട്ടുള്ളൂ. അതത്ര മികച്ചതായും തോന്നിയില്ല. ഇനിയും കാണുവാന്‍ അവസരമുണ്ടാവുമല്ലോ, എന്നിട്ടു പറയാം.
@ എതിരന്‍ കതിരവന്‍,
ഉം.. അതെ. പക്ഷെ, അത്ര ബുദ്ധിമുട്ടൊന്നുമില്ല ഈ കഥ. മനോധര്മ്മാട്ടങ്ങള്ക്കുള്ള സാധ്യതയൊക്കെ വളരെ കുറവാണ്. എല്ലാത്തിനും പദങ്ങളുമുണ്ട്. ഇനി ഇത്രയും പതിഞ്ഞ പദങ്ങള്‍ക്കിടയില്‍ നീണ്ട ഒരു മനോധര്‍മ്മം അവതരിപ്പിക്കുന്നതും ഉചിതമാവില്ല. ‘കഷ്ടമഹോ!’ മോശമായില്ല. ശ്രീകുമാറിന്റെ ആട്ടത്തില്‍ എനിക്ക് തൃപ്തിയാണ്. :)
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--