2008, മേയ് 31, ശനിയാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം രണ്ട്

KirmeeraVadham Kathakali: Kalamandalam Ramachandran Unnithan as Simhika, Margi Vijayakumar as Lalitha, Kalamandalam Shanmukhadas as Panchali.
ഏപ്രില്‍ 20, 2008: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ‘കിര്‍മ്മീരവധം’ കഥകളിയുടെ ‘പാത്രചരിതം’ വരെയുള്ള ഭാഗം ഇവിടെ വായിച്ചുവല്ലോ. സിംഹികയുടെ വരവുമുതല്‍ ആരംഭിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യഭാഗം കഥകളിയെ ഗൌരവമായി സമീപിക്കുന്ന, ജ്ഞാനിയായ പ്രേക്ഷകര്‍ക്കായുള്ളതാണെങ്കില്‍; രണ്ടാം ഭാ‍ഗം, കഥകളി ആസ്വദിച്ചു തുടങ്ങിയിട്ടുള്ളവര്‍ക്കു പോലും കാണ്ടുമനസിലാക്കുവാനും, രസിക്കുവാനും കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ ജനകീയമാണ് ഈ ഭാഗങ്ങളെന്നു സാരം.

സിംഹിക, നക്രതുണ്ഢി തുടങ്ങിയ പെണ്‍കരി വേഷങ്ങള്‍ക്ക് കലാപരമായ സാധ്യതകള്‍ കുറവാണെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്നരീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നവയാണിവ. സിംഹികയുടെ തിരനോക്കോടു കൂടിയാണ് രംഗം ആരംഭിക്കുന്നത്. തുടര്‍ന്ന് സിംഹികയുടെ തന്റേടാട്ടമാണ്. ഒരുക്കം, പന്തുകളി എന്നിങ്ങനെ സാധാരണ രംഗത്തു കാണാറുള്ളവ തന്നെയാണ് ഇവിടെയുമാടിയത്. അവസാനം വിശക്കുന്നതായാടി, ആഹാരം അന്വേഷിച്ചു തിരിക്കുന്നു. മനുഷ്യഗന്ധം ലഭിക്കുന്നതായി കാണിച്ച്, ദൂരെ ധാരാളം പേര്‍ ഒരുമിച്ചു കഴിയുന്നതായി കാണുന്നു. ആരാണിവര്‍ എന്നടുത്തു ചെന്നു നോക്കുന്നു. ബ്രാഹ്മണരാണ്, ഇവിടെ ഈ വിജനമായ വനത്തില്‍ യാതൊരു ഭയാശങ്കകളും കൂടാതെ വസിക്കുവാന്‍ ഇവര്‍ക്കെങ്ങിനെ ധൈര്യം വന്നുവെന്ന് സിംഹിക അത്ഭുതപ്പെടുന്നു. അവരില്‍ കുറച്ചു പേര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതായി ഭാവിച്ച്, അവര്‍ പറഞ്ഞത് ആടുന്നു. അവരില്‍ നിന്നും പാണ്ഡവരാണിവരെന്നും; ഇവര്‍ തങ്ങളെ ഏതാപത്തില്‍ നിന്നും, രാക്ഷസന്മാരില്‍ നിന്നും കാത്തുകൊള്ളും എന്നും പറയുന്നതും കേള്‍ക്കുന്നു. കൂട്ടത്തില്‍ തന്റെ പതിയായ ശാര്‍ദ്ദൂലനെ അര്‍ജ്ജുനനും, മൂത്ത ജ്യേഷ്ഠനായ ബകനെ ഭീമനും വധിച്ചതും അറിയുന്നു. തന്റെ പതിയുടെ മരണവാര്‍ത്ത അറിഞ്ഞ് ആദ്യം ദുഃഖിക്കുന്ന സിംഹിക, പിന്നീട് കോപിച്ച് ഇവരോട് പ്രതികാരം ചെയ്യുകതന്നെയെന്നുറയ്ക്കുന്നു. എന്നാല്‍ ബകനെപ്പോലും വധിച്ച ഇവരെ ശക്തികൊണ്ട് ജയിക്കുവാന്‍ തനിക്കാവില്ലെന്ന് തിരിച്ചറിഞ്ഞ്, ഇവരുടെ എല്ലാവരുടേയും പത്നിയായി കഴിയുന്ന പാഞ്ചാലിയെ കൌശലത്തില്‍ ജ്യേഷ്ഠനായ കിര്‍മ്മീ‍രന്റെയടുത്ത് എത്തിക്കുക തന്നെയെന്നുറയ്ക്കുന്നു.

KirmeeraVadham Kathakali: Kalamandalam Ramachandran Unnithan as Simhika.
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സിംഹികയായി അരങ്ങിലെത്തിയത്. സിഹികയെ വളരെ സ്വാഭാവികതയോടെ അദ്ദേഹം അരങ്ങില്‍ അവതരിപ്പിച്ചു. കണ്മഷിയെഴുതി കണ്ണുനീറി, ധാരയായി പുറത്തുവരുന്ന കണ്ണുനീര്‍ കൈയില്‍ കോരി കളയുന്നതും; ചിരട്ട പൊട്ടിച്ച് കമ്മലായി അണിയുന്നതും മറ്റും വളരെ ആസ്വാദ്യകരമായി ഉണ്ണിത്താന്‍ ആടുകയുണ്ടായി. എന്നാല്‍ അത്യധ്വാനം മൂലം, പദമാടുവാനായപ്പോഴേക്കും നന്നേ ക്ഷീണിച്ചുപോയതായും തോന്നിച്ചു. കലാനിലയം രാജീവന്‍, കോട്ടക്കല്‍ സന്തോഷ് എന്നിവരാണ് ഈ ഭാഗത്തിനു പാടിയത്. മദ്ദളത്തില്‍ കലാനിലയം മനോജും, ചെണ്ടയില്‍ കലാമണ്ഡലം രതീഷും മോശമില്ലാതെ ഉണ്ണിത്താനെ പിന്തുണച്ചു. എങ്കിലും സിംഹിക നൃത്തമാടുന്ന ഭാഗത്തും മറ്റും, മേളം നൃത്തത്തിനോടിണങ്ങിയതായും തോന്നിയില്ല.

KirmeeraVadham Kathakali: Kalamandalam Shanmukhadas as Panchali, Margi Vijayakumar as Lalitha.
സിംഹിക ഒരു സുന്ദരിയായ സ്ത്രീയുടെ രൂപം പൂണ്ട് പാഞ്ചാലിയുടെ സമീപമെത്തുന്നു. ആരെന്നുള്ള ചോദ്യത്തിന്; താനൊരു വനകന്യകയാണെന്നും, ലളിതയെന്നാണ് തന്റെ പേരെന്നും അറിയിക്കുന്നു. ആകാശത്തിലൂടെ താന്‍ സഞ്ചരിക്കവേ, താഴെ ദുഃഖിച്ചിരിക്കുന്ന പാഞ്ചാലിയെക്കണ്ട് എത്തിയതാണെന്നും പറയുന്നു. ദുഃഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ വനത്തിനുള്ളില്‍ ഒരു ദുര്‍ഗാക്ഷേത്രമുണ്ടെന്നും, അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ തിര്‍ച്ചയായും ഫലമുണ്ടാവുമെന്നും അറിയിക്കുന്നു. ഭര്‍ത്താ‍ക്കന്മാരോട് പറഞ്ഞിട്ടു വരാമെന്നു പറയുന്ന പാഞ്ചാലിയെ, പെട്ടെന്നു തിരിച്ചെത്താമെന്ന ഉറപ്പിന്മേല്‍ ലളിത കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ ഉള്ളിലേക്ക് പോവുന്തോറും കാടിന്റെ ഭാവം മാറുന്നതുകണ്ട് പേടിച്ച്, തിരികെപ്പോകാമെന്ന് പാഞ്ചാലി ലളിതയോട് പറയുന്നു. എന്നാല്‍ കൂടുതല്‍ ഉള്ളിലേക്കു പോകുവാന്‍ ലളിത നിര്‍ബന്ധിക്കുന്നു. വിസമ്മതിക്കുന്ന പാഞ്ചാലിക്കു മുന്‍പില്‍ തന്റെ സ്വന്തം രൂപം സിംഹിക പുറത്തെടുക്കുന്നു. ചതി മനസിലാവുന്ന പാഞ്ചാലി സഹദേവനെ വിളിച്ചു വിലപിക്കുന്നു. സഹദേവനെത്തി പാഞ്ചാലിയെ രക്ഷിച്ച്, സിംഹികയുടെ മൂക്കും മുലയും ഖണ്ഡിച്ചയയ്ക്കുന്നു.

KirmeeraVadham Kathakali: Kalamandalam Shanmukhadas as Panchali, Kalamandalam Ramachandran Unnithan as Simhika.
മാര്‍ഗി വിജയകുമാറാണ് ലളിതയായി അരങ്ങിലെത്തിയത്. പാഞ്ചാലിക്കു മുന്‍പില്‍ ലളിതഭാവത്തോടെ നില്‍ക്കുമ്പോളും, ഉള്ളിലെ പക, പാഞ്ചാലിയുടെ ശ്രദ്ധയില്‍ പെടാതെ, ഇടയ്ക്കിടെ വെളിവാക്കുന്ന രീതിയിലാണ് വിജയകുമാര്‍ ലളിതയെ അവതരിപ്പിച്ചത്. പാഞ്ചാലിയുടെ സ്ഥായി കൈമോശം വരാതെ ഷണ്മുഖദാസും നന്നായി അരങ്ങില്‍ പ്രവര്‍ത്തിച്ചു. കഥകളി ആസ്വാദകര്‍ക്ക് വളരെ പ്രിയങ്കരമായ, ‘കണ്ടാലതിമോദമുണ്ടായ് വരും...’ എന്ന പദം ഇരുവരും ചേര്‍ന്ന് വളരെ മനോഹരമായി ആടുകയുണ്ടായി. പാഞ്ചാലിയുടെ മനോഹരമായ കേശം കണ്ടു, വണ്ടുകളുടെ കൂട്ടം ദുഃഖിച്ചു മടങ്ങുന്നു എന്നര്‍ത്ഥം വരുന്ന; “നീണ്ടുചുരുണ്ടൊരു കചമിന്നു പലവണ്ടുകളുടനുടനിഹവന്നുമൃദു, കണ്ടിവാര്‍കുഴലി കണ്ടുകണ്ടു പുനരിണ്ടല്‍ പൂണ്ടു ബതമണ്ടീടുന്നു.”, എന്ന ഭാഗം വളരെ വിശദമായും മനോഹരമായും വിജയകുമാര്‍ അവതരിപ്പിച്ചു. കോട്ടക്കല്‍ മധു, കലാനിലയം രാജീ‍വന്‍ എന്നിവരുടെ ഈ ഭാഗത്തെ ആലാപനവും വളരെ നന്നായി. നൃത്തത്തിനും, കരചരണവിന്യാസങ്ങള്‍ക്കും അനുസൃതമായി മദ്ദളത്തില്‍ മേളമൊരുക്കിയ അച്ചുതവാര്യരും പ്രശംസയര്‍ഹിക്കുന്നു.

KirmeeraVadham Kathakali: Cherthala Sunil as Sahadevan, Kalamandalam Ramachandran Unnithan as Simhika.
ലളിത ക്രുദ്ധയാവുമ്പോള്‍ ചെണ്ടയും മേളത്തിനെത്തുന്നു. കലാഭാരതി ഉണ്ണികൃഷ്ണനാണ് ഈ ഭാഗത്ത് ചെണ്ടയില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഉണ്ണിത്താന്റെ പെണ്‍കരി വേഷം വീണ്ടുമെത്തുന്നു. ചേര്‍ത്തല സുനിലാണ് സഹദേവനായി രംഗത്തെത്തിയത്. ‘ഇന്‍സ്റ്റന്റ്’ കഥകളിയായി ധാരാളം അവതരിപ്പിക്കപ്പെടാറുള്ള ഒന്നാണ് ഈ കഥാഭാഗം. അവിടെ കാണുവാന്‍ കഴിയുന്നതിലും വളരെ മികച്ച രീതിയില്‍ ഷണ്മുഖന്‍ പാഞ്ചാലിയേയും, രാമചന്ദ്രന്‍ ഉണ്ണിത്താന്‍ സിംഹികയേയും അവതരിപ്പിച്ചുവെങ്കിലും; സഹദേവനായി ചേര്‍ത്തല സുനില്‍ വേണ്ടത്ര ശോഭിച്ചില്ല. വേഷത്തിനു പോലും അപക്വത പ്രകടമായിരുന്നു. എങ്ങിനെയൊക്കെയോ വേഷം വാരിച്ചുറ്റി, എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്നല്ലാതെ, അവസാനരംഗത്തിന് അതര്‍ഹിക്കുന്ന തീവ്രത നല്‍കുവാന്‍ സുനിലിനു കഴിഞ്ഞില്ല. പദത്തിലുള്ളത്രയുമല്ലാതെ, കൂടുതലായെന്തെങ്കിലും അരങ്ങില്‍ കാണിച്ചതായും ശ്രദ്ധയില്‍ പെട്ടില്ല. ഈയൊരു പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍, ആദ്യഭാഗത്തെ മുഷിച്ചില്‍ പൂര്‍ണ്ണമായും കളഞ്ഞ്, പ്രേക്ഷകനെ നന്നായി രസിപ്പിച്ച ഒന്നായിരുന്നു, ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ‘കിര്‍മ്മീരവധം’ കഥകളിയുടെ രണ്ടാം ഭാഗം.


കളിയരങ്ങില്‍:
ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം 1 - ഏപ്രില്‍ 20, 2008
കോട്ടക്കലെ കിര്‍മ്മീരവധം - ഏപ്രില്‍ 2, 2008


Description: KirmeeraVadham Kathakali staged at SDV Besant Hall as part of 43rd Annual Celebrations of District Kathakali Club, Alappuzha. Kalamandalam Ramachandran Unnithan as Simhika, Margi Vijayakumar as Lalitha, Kalamandalam Shanmukhadas as Panchali, Cherthala Sunil as Sahadevan. Singers: Kottackal Madhu, Kalanilayam Rajeevan, Kottackal Santhosh. Melam: Kalamandalam AchuthaVarier (Maddalam), Kalanilayam Manoj (Maddalam), Kalabharathi Unnikrishnan(Chenda), Kalamandalam Ratheesh (Chenda). Kaliyogam: Alappuzha District Kathakali Club.
--

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ 43-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ‘കിര്‍മ്മീരവധം’ കഥകളിയുടെ, രണ്ടാം ഖണ്ഡത്തിന്റെ ആസ്വാദനം.
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

കോട്ടയത്തു തമ്പുരാന്റെ കാവ്യപ്രതിഭ വില്‍ങ്ങിവിലസുന്ന പദങ്ങള്‍, നൃത്ത-നാട്യ നാടകീയ രംഗങ്ങള്‍ ഇവയൊക്കെക്കൊണ്ട് സമ്പന്നം കിര്‍മ്മീരവധം രണ്ടാം ദിവസം. ഹരീഷിന്റെ വിവരണം കേട്ടിട്ട് കാണാന്‍ പറ്റാത്തതില്‍ വലിയ സങ്കടം.

സുനിലിന്റെ വേഷത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം തന്നെ ഉണ്ടാക്കി വച്ചതാവാന്‍ വഴി ഉണ്ടോ? ജൂണിയര്‍ കളിക്കാരോട് ചുട്ടിക്കാരും ഉടുത്തുകെട്ട് ചെയ്യുന്നവരും കാണിയ്ക്കുന്ന ഉദാസീനത ആയിരിക്കുമോ?

ഒരു ചെറിയ തിരുത്ത്:“നീണ്ടുചുരുണ്ടൊരു കചം” എന്നാണ്, ‘കുചം’ എന്നല്ല. (കചം=തലമുടി, കുചം=മുല) അതുപോലെ ‘കണ്ടിവാര്‍കുഴലി’യ്ക്ക് ‘ക്കു’ വേണ്ട.

Haree പറഞ്ഞു...

@ എതിരന്‍ കതിരവന്‍.
:) നന്ദി. ആയിരിക്കാം. പക്ഷെ, സ്വന്തം വേഷം മോശമാവുന്നതിന്റെ ഉത്തരവാദിത്തം കലാകാരനു തന്നെയാണ്.
തിരുത്തുകള്‍ വരുത്തിയിട്ടുണ്ട്. :)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--