2008, ഓഗസ്റ്റ് 13, ബുധനാഴ്ച
ചിങ്ങോലിയിലെ ബാലിവധം - ഭാഗം ഒന്ന്
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് അവതരിപ്പിച്ച കഥകളിയിൽ ‘ബാലിവധ’മായിരുന്നു രണ്ടാമത്തെ കഥ. സാധാരണയായി സുഗ്രീവൻ, രാമലക്ഷ്മണന്മാരെ കാണുന്നതു മുതലാണ് അവതരിക്കപ്പെടാറുള്ളതെങ്കിൽ ഇവിടെ രാവണനും, അകമ്പനുമുൾപ്പെടുന്ന രംഗം മുതൽക്കാണ് അവതരിപ്പിച്ചത്. സാഹിത്യഭംഗിയിൽ മറ്റു കഥകളെ അപേക്ഷിച്ച് വളരെ പിന്നിലാണ് ബാലിവധം ആട്ടക്കഥ. ‘രാഘവസഖേ! വാക്കു കേൾക്ക മമ, വീര!’ എന്നു പദം മുതൽക്കാണ് പിന്നെയും സാഹിത്യഭംഗിയുള്ളത്. എന്നാൽ കഥകളിയിൽ, സാഹിത്യഭംഗിയേക്കാളുപരി, മറ്റു പല ഘടകങ്ങളുമുണ്ടല്ലോ; അതിന്റെ മേന്മയിലാവാം, ബാലിവധം ഉപേക്ഷിക്കപ്പെടാതെ പോയത്.
രാവണന്റെ തിരനോക്കോടു കൂടിയാണ് കഥ ആരംഭിക്കുന്നത്. അതിനു ശേഷം രാവണന്റെ തന്റേടാട്ടമാണ്. “എനിക്കേറ്റം സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്നു തുടങ്ങുന്ന ആട്ടത്തിൽ; ബ്രഹ്മദേവനെ തപസുചെയ്ത് വരങ്ങൾ വാങ്ങിച്ച കഥയും, കൈലാസമെടുത്ത് അമ്മാനമാടി ചന്ദ്രഹാസം കൈക്കലാക്കിയ കഥയും (പാർവ്വതീവിരഹം ഇല്ലാതെ) ഒക്കെ പ്രതിപാദിക്കുന്നു. ഇപ്രകാരമുള്ള എന്നെ എതിർക്കുവാൻ മൂന്നു ലോകത്തിലും ആരുമില്ല എന്നു പറഞ്ഞു നിർത്തി; ആരോ വെപ്രാളപ്പെട്ട് ഓടിവരുന്നതായി കാണുന്നു. തന്റെ ദൂതനായ അകമ്പനാണെന്ന് മനസിലാക്കി, ഇപ്രകാരം വെപ്രാളപ്പെട്ടു വരുവാൻ കാരണമെന്തെന്ന് ചിന്തിച്ച്, അകമ്പനെ പ്രതീക്ഷിച്ചിരിക്കുന്നു.
തുടർന്ന് അകമ്പന്റെ തിരനോക്ക്. അകമ്പൻ രാവണന്റെ സമീപമെത്തുന്നു. ‘രാത്രിഞ്ജര പുംഗവ!’ എന്ന പദമാണ് അകമ്പന്റേത്. ഇതിൽ, രാവണന്റെ സഹോദരിയായ ശൂർപ്പണഖയെ വികൃതയാക്കിയവൻ പഞ്ചവടിയിലെത്തിയിട്ടുണ്ട് എന്ന് അകമ്പൻ അറിയിക്കുന്നു. കൂട്ടത്തിൽ ഒറ്റയ്ക്കല്ല, അവന്റെ ജ്യേഷ്ഠനായ രാമനും, ജ്യേഷ്ഠപത്നിയായ സീതയും ഉണ്ടെന്നും അറിയിക്കുന്നു. തുടർന്ന് ‘മന്നിലൊരു നാരികളും ഏവമില്ലല്ലോ...’ എന്നെടുത്ത് വട്ടം തട്ടി, സീതയുടെ രൂപലാവണ്യത്തെ അകമ്പൻ വർണ്ണിക്കുന്നു. ഇടയ്ക്ക് അകമ്പൻ പറയുന്നു, “അവളുടെ സ്തനങ്ങൾ അമൃതകുംഭങ്ങളോട് സമമാണ്...”; ഉടൻ രാവണൻ... “ശ്ശെ... അത്രയേ ഉള്ളൂ?”; അകമ്പൻ.. “അല്ല, പർവ്വതാഗ്രങ്ങൾക്ക് സമമാണ്...”. സഹോദരിയെ വികൃതയാക്കിയതിനു പകരമായി, ഇവളെ അപഹരിച്ചുകൊണ്ടു വരികയാണ് വേണ്ടത് എന്ന് അകമ്പൻ, രാവണനെ ഉപദേശിക്കുന്നു.
കോട്ടക്കൽ ചന്ദ്രശേഖര വാര്യർ രാവണനായും, കലാമണ്ഡലം ബാലകൃഷ്ണൻ അകമ്പനായും വേഷമിട്ടു. അകമ്പന് നെടുംകത്തിയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, കത്തിവേഷത്തിലാണ് ഇവിടെ ബാലകൃഷ്ണൻ പ്രത്യക്ഷപ്പെട്ടത്. രാക്ഷസദൂതൻ എന്നതിലുപരിയായി, അകമ്പന് പ്രാധാന്യം ഇല്ലാത്തതിനാൽ തിരനോട്ടവും ആവശ്യമുണ്ടായിരുന്നില്ല. വെപ്രാളപ്പെട്ടുവരുന്നതായാണ് രാവണൻ കാണുന്നതെങ്കിലും, അകമ്പനിൽ വെപ്രാളമൊന്നും അരങ്ങിൽ കണ്ടില്ല. ചിട്ടപ്രധാനമായ രംഗമാണെങ്കിലും, ഒരു സാധാരണ പദം പോലെയേ ബാലകൃഷ്ണൻ ആടിയപ്പോൾ തോന്നിച്ചുള്ളൂ. പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലാത്തതായും തോന്നി. ഒരുപക്ഷെ, കെട്ടി പരിചയമില്ലാത്തതിനാലാവാം ഇങ്ങിനെ സംഭവിച്ചത്. കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരായിരുന്നു ഇത്രയും ഭാഗം ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും ഈ ഭാഗത്തിന് മേളമൊരുക്കി.
സുന്ദരീമണിയായ സീതയുടെ വൃത്താന്തം അകമ്പനിൽ നിന്നുമറിഞ്ഞ രാവണന്റെ മനോവിചാരങ്ങളാണ് തുടർന്ന്. പതിയുടെ ഈ രീതിയിലുള്ള പെരുമാറ്റത്തിൽ കുണ്ഠിതയായ മണ്ഡോദരി, രാവണനെ ഉപദേശിക്കുന്ന പദമാണ് അടുത്തത്. സീതയെ ഉപായത്തിൽ കടത്തിക്കൊണ്ടുവരുവാനുള്ള നിന്റെ വിചാരം ശരിയല്ല; അത് നിന്റെയും, വംശത്തിന്റെയും നാശത്തിനാണ്; ശക്തിയുണ്ടെങ്കിൽ, നീ രാമനെ പരാജയപ്പെടുത്തി സീതയെ കൈക്കലാക്കുകയാണ് വേണ്ടത്; ഇങ്ങിനെയൊക്കെ പറഞ്ഞ് രാവണനെ പിന്തിരിപ്പിക്കുവാൻ മണ്ഡോദരി ശ്രമിക്കുന്നു. എന്നാൽ മന്ദിരത്തിൽ പോയി വസിക്കുവാനാണ് രാവണൻ മണ്ഡോദരിയോട് പറയുന്നത്. കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയാണ് മണ്ഡോദരിയെ അവതരിപ്പിച്ചത്. മണ്ഡോദരിയുടെ പരിഭവവും, ഈർഷ്യയും ഒപ്പം നിസ്സഹായതയും മുരളീധരൻ നന്നായിത്തന്നെ അരങ്ങിൽ പ്രകടമാക്കി.
മണ്ഡോദരിയെ അയച്ച ശേഷം രാവണൻ വീണ്ടും വിചാരങ്ങളിൽ മുഴുകുന്നു; “അവളെ കരസ്തമാക്കുവാൻ എന്താണ് വഴി! നിസ്സാരരായ അവരെ കൊന്ന്, അവളെ കൈക്കലാക്കിയാലോ? ഇല്ല, ചതിയിൽ രാമനിൽ നിന്നും അവളെ പിരിച്ച്, വിരഹവേദന എന്തെന്ന് അറിയിക്കണം. അതിന് ഉപായമെന്ത്? വഴിയുണ്ട്, മാരീചനോട് ആലോചിച്ച് ഒരു വഴി കാണുക തന്നെ.” ഇങ്ങിനെയൊക്കെ ചിന്തിച്ച്, മാരീചന്റെ സമീപത്തേക്ക് പെട്ടെന്നു പോവുകയെന്നു പറഞ്ഞ് രാവണൻ രംഗത്തു നിന്നും മാറുന്നു. മാരീചനുമായുള്ള രംഗമാണ് തുടർന്നുള്ളത്. കാര്യമറിയുന്ന മാരീചൻ രാവണനോട് പറയുന്നു, “അവർ കേവലം നിസ്സരനായ മനുഷ്യനല്ല രാമൻ, നാരായണൻ തന്നെയാണ്. അതിനാൽ നിന്റെ പ്രവൃത്തിയിൽ കൂടെ നിൽക്കുവാൻ എനിക്കാവില്ല.” ഇതു കേട്ട് അത്രയും നേരം ബഹുമാനത്തോടെ നിന്നിരുന്ന രാവണൻ മാരീചനെ തന്റെ ഇടതു ഭാഗത്തേക്ക് കഴുത്തിൽ തള്ളി മാറ്റുന്നു. ഒടുവിൽ കൂടെച്ചെന്നില്ലയെങ്കിൽ രാവണന്റെ കൈകൊണ്ടാവും തന്റെ അന്ത്യം എന്നു മനസിലാക്കുന്ന മാരീചൻ ഒപ്പം ചെല്ലാമെന്നു സമ്മതിക്കുന്നു. ഇതു കേൾക്കുമ്പോൾ രാവണൻ പിന്നെയും മാരീചനെ വലതു ഭാഗത്തേക്കു മാറ്റി, വേണ്ടും വണ്ണം ബഹുമാനിക്കുന്നു!
കലാമണ്ഡലം ബാലകൃഷ്ണനാണ് മാരീചനായും രംഗത്തെത്തിയത്. എന്നാൽ ഇവിടെയും പരിഭ്രമിച്ചാണ് ബാലകൃഷ്ണൻ കഥാപാത്രം അവതരിപ്പിച്ചത്. “രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും നല്ലത് രാമബാണമേറ്റ് മരിക്കുന്നതാണ്. തനിക്ക് മോക്ഷം ലഭിക്കുകയും ചെയ്യും”; ഈ രീതിയിലുള്ള മാരീചന്റെ വിചാരമൊന്നും ബാലകൃഷ്ണൻ ആടുകയുണ്ടായില്ല. തുടർന്ന് രാവണൻ തന്റെ ഉദ്ദേശം മാരീചനെ അറിയിക്കുന്നു. “ഒരു സ്വർണ്ണമാനായി സീതയിൽ കൌതുകമുണർത്തുക. സീതയ്ക്കുവേണ്ടി, മാനിനെ പിടിക്കുവാനായി രാമൻ തിരിക്കും. ദൂരെയെത്തുമ്പോൾ ലക്ഷ്മണനേയും, സീതയേയും വിളിച്ച് രാമന്റെ ശബ്ദത്തിൽ പ്രാണഭയത്തോടെ കരയുക. ഇതുകേട്ട് ലക്ഷ്മണൻ സീതയെ ഒറ്റയ്ക്കാക്കി രാമനെ തിരക്കി പുറപ്പെടും. ഈ സമയം ഞാൻ സീതയെ തട്ടിയെടുത്ത് ലങ്കയിലേക്ക് തിരിച്ചുകൊള്ളാം”. ഇതുകേട്ട് എല്ലാം നിന്റെ ആഗ്രഹം പോലെ എന്നു പറഞ്ഞ്, സ്വർണ്ണമാനായി സീതയിൽ മോഹമുണർത്തുവാനായി മാരീചൻ തിരിക്കുന്നു.
രാവണന്റെ മനോധർമ്മാട്ടമാണ് തുടർന്ന്. “ദേവകളെ പരാജയപ്പെടുത്തി, താൻ ഇന്ദ്രനെയും, സുരലോകത്തെയും തന്റെ അധീനതയിലാക്കി. അന്ന് സുന്ദരിയായ ഇന്ദ്രാണിയെ കാണുകയുണ്ടായി. എന്നാൽ അവൾ ഈ സീതയുടെ സൌന്ദര്യത്തിനു മുൻപിൽ ഒന്നുമല്ല! ഈരേഴ് പതിനാല് ലോകവും ജയിച്ച് പല സുന്ദരിമാരേയും താൻ പുഷ്പകവിമാനത്തിൽ കയറ്റി ലങ്കയിലെത്തിച്ചു. അവരെല്ലാവരും സുന്ദരിമാർ തന്നെ, എന്നാൽ സീതയുടെ അത്രയും സൌന്ദര്യമുള്ള ഒരുവളെ ഞാൻ അവരിലും കണ്ടില്ല. കൈലാസമെടുത്ത് പണ്ട് അമ്മാനമാടിയപ്പോൾ, ഭയചകിതയായ പാർവ്വതിയെ ഞാൻ കാണുകയുണ്ടായി. പാർവ്വതിയും, സൌന്ദര്യത്തിൽ സീതയുടെ പിന്നിലാണ്!” ഇങ്ങിനെയൊക്കെ വിചാരിച്ച ശേഷം, ഉടൻ തന്നെ പഞ്ചവടിയിലേക്ക് തിരിക്കുക തന്നെ എന്നാടി രാവണൻ മാറുന്നു.
പത്തിയൂർ ശങ്കരൻ കുട്ടി, സജീവൻ എന്നിവർ പാട്ടിലും; കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുതവാര്യർ എന്നിവർ മേളത്തിലും മാരീചന്റെ ഭാഗം മുതൽ പ്രവർത്തിച്ചു. കോട്ടക്കൽ ചന്ദ്രശേഖര വാര്യരുടെ രാവണനായുള്ള അവതരണം വളരെ നന്നായി ഈ ഭാഗങ്ങളിൽ. പ്രത്യേകിച്ചും അകമ്പൻ, മാരീചൻ എന്നിവരോടുള്ള മനോധർമ്മങ്ങളും; സീതയുടെ സൌന്ദര്യം മറ്റുള്ള പലരോടും താരതമ്യം ചെയ്തുള്ള ആട്ടവും വാര്യർ മനോഹരമാക്കി. ഏറ്റവും അരോചകമായി അനുഭവപ്പെടാറുള്ള, വായ തുറന്നുവെയ്ക്കൽ ഇവിടെ വളരെ കുറവായിരുന്നു എന്നതും പ്രവർത്തി ഇഷ്ടപ്പെടുവാൻ ഒരു കാരണമാണ്. തെക്കൻ ശൈലിയിലുള്ള കിരീടമാണ് ഉപയോഗിച്ചതെന്നതൊഴിച്ചാൽ, രാവണന്റെ വേഷവും ഗംഭീരമായിരുന്നു. കലാമണ്ഡലം ബാലകൃഷ്ണന്റെ ഉടുത്തുകെട്ട് അതേസമയം അത്ര നന്നായില്ല. മാത്രമല്ല, അരങ്ങിൽ അദ്ദേഹത്തിന്റെ നില്പിലൊന്നും ഒരു ‘കഥകളി’ത്തം തോന്നിക്കുന്നില്ല. മുട്ട് അല്പം പോലും വളയ്ക്കാതെ, നേരേ ഒറ്റ നില്പാണ്! അതുപോലെ പാദത്തിന്റെ മുഴുവനും നിലത്ത് സ്പർശിക്കുന്ന രീതിയിലാണ് കാൽ വെയ്ക്കുന്നതും. ഇവയൊക്കെക്കൂടി ശ്രദ്ധിച്ചാൽ, കൂടുതൽ നന്നാവും ബാലകൃഷ്ണന്റെ വേഷം. സീതാപഹരണവും, ജടായൂമോക്ഷവും ഉൾപ്പെടുന്ന ‘ബാലിവധ’ത്തിലെ തുടർന്നുള്ള ഭാഗങ്ങൾ അടുത്ത പോസ്റ്റിൽ.
Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan, Kalakendram Muraleedharan Nampoothiri as Mandothiri. Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
3 അഭിപ്രായങ്ങൾ:
ചിങ്ങോലിയിൽ അവതരിപ്പിക്കപ്പെട്ട ‘ബാലിവധം’ കഥകളിയുടെ ഒരു ആസ്വാദനം.
--
ഹരീ,
*ബാലിവധത്തിലെ ആദ്യരണ്ടു രഗങ്ങള് അതീവപ്രാധാന്യമുള്ളവയും ചിട്ടയില് അധിഷ്ടിതമായതും കളരിയില് ചൊല്ലിയാടിക്കുന്നവയും ആണ് അതാണ് കൊട്ടാരക്കര തന്വുരാന്റെ ഇതരകഥകളെപ്പോലെ തന്നെ സാഹിത്യമേന്മ വലുതായില്ലെങ്കിലും ഇത് ഇന്നും നിലനുഇന്നുപോരാന് കാരണമെന്നു തോന്നുന്നു.
*രാക്ഷസദൂതൻ എന്നതിലുപരിയായി, അകമ്പന് പ്രാധാന്യം ഇല്ലാത്തതിനാൽ തിരനോട്ടവും ആവശ്യമുണ്ടായിരുന്നില്ല. ഇതൊക്കെ ആവശ്യമുണ്ടോ ഇല്ലയൊ എന്ന് പണ്ടുള്ള കഥകളി ആശാന്മാര് ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്.ദൂതനായാലും രാജാവായാലും കത്തി,താടി വേഷങ്ങള്ക്കെല്ലാം തിരനോട്ടമുണ്ട്.
ഇവ അതാതു കഥാപാത്രങ്ങള്ക്കനുശ്രുതമായും ആ സന്ദര്ഭത്തിനനുശ്രിതമായും ശ്യഗാര,വീര,രൌദ്ര,അതിരൌദ്ര ഭാവങ്ങളിലും, മേല്ക്കട്ടി,ആലവട്ട അലങ്കാരങ്ങളോടെ വിസ്തരിച്ചൊ അല്ലാതെ ഇടമട്ടിലൊ ആണെന്നു മാത്രം.
*അരങ്ങിൽ അദ്ദേഹത്തിന്റെ നില്പിലൊന്നും ഒരു ‘കഥകളി’ത്തം തോന്നിക്കുന്നില്ല.ഇദ്ദേഹത്തിന്റെ നില്പ് മാതുലന് ഹരിപ്പാട് രാമക്യഷ്ണപിള്ളയെ ഓര്മ്മപ്പെടുത്തുന്നുണ്ട്.നില്പില് മാത്രമല്ല പദാഭിനയത്തിലും കഥകളിത്തം കുറവുതന്നെ.
@ മണി,വാതുക്കോടം.,
> ചിട്ടകൊണ്ടൊന്നുമല്ല ‘ബാലിവധം’ നിന്നുപോവുന്നത്. അത് അപൂർവ്വമായല്ലേ അവതരിപ്പിക്കപ്പെടാറുള്ളൂ. രണ്ട് ചുവന്ന വേഷങ്ങൾ, തമ്മിലുള്ള ഗ്വാ ഗ്വാ വിളി, യുദ്ധം... ഇതൊക്കെയാണ് ‘ബാലിവധം’ ജനപ്രിയമാകുവാനുള്ള കാരണങ്ങൾ.
> അകമ്പന് ആവശ്യമില്ല എന്ന് ചില കലാകാരന്മാരും, ആസ്വാദകരും അഭിപ്രായപ്പെട്ടിരുന്നു. കത്തിയല്ല, നെടും കത്തിയാണ് അകമ്പന്റെ വേഷമെന്നും പറയുന്നു. അകമ്പന്റെ ഭാവം ഈ പറയുന്ന ഒരു ഭാവത്തിലും വരില്ല. അകമ്പന്റെ തിരനോക്ക് അനാവശ്യമാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. തിരനോട്ടത്തിനുള്ള പ്രാധാന്യം അകമ്പനില്ല തന്നെ! (ചില സിനിമകളിൽ നായകന്റെ അവതരണശൈലിയിൽ മാമുക്കോയ, ഇന്ദ്രൻസ് പോലെയുള്ള ആൾക്കാരെ കാട്ടുമല്ലോ. അതുപോലെയൊരു തമാശയാണ് അകമ്പന്റെ തിരനോക്ക്!). നേരത്തേ പറഞ്ഞുവെച്ചിട്ടുള്ളതുപോലെ, “ഇതൊക്കെ ആവശ്യമുണ്ടോ ഇല്ലയൊ എന്ന് പണ്ടുള്ള കഥകളി ആശാന്മാര് ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്”, ഇത് അകമ്പന് തിരനോക്ക് വേണം എന്നതിനുള്ള സാധുവായ യുക്തിയല്ല. :-)
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല് പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള് പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--