2008, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം രണ്ട്

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan, Chingoli Gopalakrishnan as Jadayu.
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ കഥകളിയുടെ ഒന്നാം ഭാഗം ഇവിടെ കണ്ടുവല്ലോ. സ്വർണ്ണമാനായി സീതയുടെ മുന്നിലെത്തുവാൻ, മാരീചനെ അയച്ചശേഷമുള്ള രാവണന്റെ മനൊധർമ്മാട്ടത്തിനു ശേഷമുള്ള രംഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. രാമൻ, സീത, ലക്ഷ്മണൻ എന്നിവർ വസിക്കുന്ന പഞ്ചവടിയിൽ, സ്വർണ്ണമാനിന്റെ രൂപത്തിൽ മാരീചൻ എത്തുന്നു. ‘വണ്ടാർക്കുഴലി! ബാലേ!’ എന്ന രാമന്റെ പദമാണ് ഇവിടെ. സുവർണ്ണമാനിനെ സീതയ്ക്ക് കാട്ടിക്കൊടുക്കുകയാണ് രാമൻ ഇതിൽ.

BaliVadham Kathakali: Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha.
സീത മാനിനെ വർണ്ണിക്കുന്നതാണ് അടുത്ത പദം. സ്വർണ്ണ ദേഹം, വെള്ളിക്കുളമ്പുകൾ, നീണ്ട കൊമ്പുകൾ എന്നിങ്ങനെ പോവുന്നു സീതയുടെ വർണ്ണന. ഇതൊക്കെ കേട്ട് സീതയുടെ ഉള്ളിൽ ഇത് ഒരു മോഹമായി ഉണ്ടെങ്കിൽ ഉടൻ തന്നെ നിനക്കിതിനെ പിടിച്ചുകൊണ്ടുവന്നു തരാമെന്ന് രാമൻ അറിയിക്കുന്നു. സീതയെ കാത്തുകൊള്ളുവാൻ ലക്ഷ്മണനോട് പറഞ്ഞതിനു ശേഷം രാമൻ മാനിന്റെ പിന്നാലെ പോവുന്നു. ഇവിടെ തോടി രാഗം മൂന്നുവട്ടം ആലപിക്കുകയാണ് പതിവ്. ഓരോ പ്രാവശ്യവും കലാശമെടുത്തു നിൽക്കുമ്പോൾ ശ്രീരാമൻ മാനിനു സമീപമെത്തുന്നതായും, മാൻ വെട്ടിച്ചു പോവുന്നതായും ആടുന്നു. മൂന്നാമതും അങ്ങിനെ ചെയ്യുമ്പോൾ ഇത് സാധാരണ മാനല്ല, എന്തോ ചതിയാണെന്ന് സംശയിച്ച് മാനിനു നേരേ അസ്ത്രം തൊടുക്കുന്നു. അസ്ത്രമേറ്റ് വീഴുന്ന മാൻ സീതയേയും, ലക്ഷ്മണനേയും രാമന്റെ ശബ്ദത്തിൽ പ്രാണഭയത്തോടെ കരയുന്നു. ഇത് ചതി തന്നെ എന്നുറപ്പിച്ച്, എത്രയും വേഗം സീതയുടേയും, ലക്ഷ്മണന്റേയും പക്കലെത്തുക തന്നെ എന്നാടി രാമൻ രംഗത്തു നിന്നും മാറുന്നു.

കലാമണ്ഡലം കൃഷ്ണപ്രസാദാണ് രാമനായി അരങ്ങിലെത്തിയത്. കലാമണ്ഡലം മുകുന്ദൻ സീതയായും, കലാമണ്ഡലം രവീന്ദ്രനാഥ പൈ ലക്ഷ്മണനായും വേഷമിട്ടു. കലാമണ്ഡലം കൃഷ്ണപ്രസാദ് വളരെ നന്നായി തന്നെ രാമനെ അവതരിപ്പിച്ചു. പ്രത്യേകിച്ചും, മാനിനെ പിന്തുടരുന്ന രാമന്റെ ഭാഗം അദ്ദേഹം ഗംഭീരമാക്കി. ആദ്യവട്ടത്തിൽ വെറുതെ പിടിക്കുവാൻ ശ്രമിക്കുന്നതായും; രണ്ടാമത് തന്റെ വില്ലുകണ്ടാവും എന്നു കരുതി, വില്ലൊളിപ്പിച്ച് വെച്ചശേഷം പിടിക്കുവാൻ ശ്രമിക്കുന്നതായും; മൂന്നാമത്, പുല്ല് നീട്ടി ഉപായത്തിൽ പിടിക്കുവാൻ ശ്രമിക്കുന്നതായുമാണ് ആടിയത്. കലാമണ്ഡലം മുകുന്ദന്റെ സീതയായുള്ള പ്രവർത്തിയും നന്നായി. ഇവിടെ, കിഴക്കേക്കോട്ടയിലെ ‘പൂതനാമോക്ഷം’ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി, സ്ത്രീത്വമൊക്കെ വേഷത്തിനുണ്ടായിരുന്നു. മാനിനെ പിടിച്ചു കൊണ്ടുവരാം എന്നു പറയുന്ന രാമനോട്, “ഉറപ്പാണോ? ഒരു കാര്യം, അതിനെ അമ്പെയ്ത് കൊല്ലരുത്.” എന്നൊക്കെ മനോധർമ്മമായി ആടുകയുമുണ്ടായി. ഇതേ പ്രകാരം വെപ്രാളപ്പെടാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ, മുകുന്ദന്റെ മറ്റു വേഷങ്ങളും നന്നാവുമെന്ന കാര്യത്തിൽ സംശയമില്ല.

BaliVadham Kathakali: Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan.
രാമന്റെ കരച്ചിൽ കേട്ട് സീത പരിഭ്രമിക്കുന്നു. ‘ദേവബാല! സൌമിത്രേ കേൾക്ക...’ എന്ന സീതയുടെ ലക്ഷ്മണനോടുള്ള പദമാണ് തുടർന്ന്. രാമന് എന്തോ അപകടം നേരിട്ടിരിക്കുന്നുവെന്നും, അതിനാൽ ഉടൻ തന്നെ രാമനെ തിരക്കി പുറപ്പെടുവാൻ സീത ലക്ഷ്മണനോട് പറയുന്നു. തന്റെ ജേഷ്ഠനായ രാമനെ അപായപ്പെടുത്തുവാൻ ഒന്നിനുമാവില്ലെന്നും, ഇത് ഏതോ നക്തഞ്ചരന്റെ ചതിയാണെന്നും ലക്ഷ്മണൻ പ്രതിവചിക്കുന്നു. ഇത് രാമന്റെ ശബ്ദമാണ്, നിശാചരന്മാരുടെയല്ല എന്നൊക്കെ പറഞ്ഞ് വീണ്ടും ലക്ഷ്മണനെ അയയ്ക്കുവാൻ ശ്രമിക്കുന്നു. എന്തു പറഞ്ഞിട്ടും ലക്ഷ്മണൻ പോകുവാൻ കൂട്ടാക്കുന്നില്ലെന്നു കണ്ട്, ലക്ഷ്മണന് തന്റെ മേൽ കണ്ണുണ്ട് അതിനാലാണ് രാമന് അപകടം നേരിട്ടുവെന്നറിഞ്ഞിട്ടും ഇവിടെ നിൽക്കുന്നത് എന്നുമൊക്കെ പറയുന്നു. ഇത്രയുമൊക്കെ കൂടി കേൾക്കുമ്പോൾ, ലക്ഷ്മണൻ രാമനെ തിരക്കി പോവുക തന്നെ എന്നുറപ്പിച്ച്, സീതയോട് ഇവിടെ നിന്നും എങ്ങും പോവരുതെന്നു പറഞ്ഞ് രംഗത്തു നിന്നും മാറുന്നു. ഈ സമയം സന്യാസിയുടെ രൂപത്തിൽ രാവണനെത്തുന്നു. ഉപചാരപൂർവ്വം സ്വീകരിച്ചിരിക്കുന്ന സീതയ്ക്കു മുൻപിൽ തന്റെ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ട ശേഷം, രാവണൻ സീതയെ ബലാൽക്കാരമായി കടത്തുവാൻ ശ്രമിക്കുന്നു. എന്നാൽ സീതയുടെ സമീപത്തേക്ക് അടുക്കുവാൻ ശ്രമിക്കുമ്പോൾ, അഗ്നിയുടേതെന്ന പോലെ രാവണന് പൊള്ളൽ അനുഭവപ്പെടുന്നു. അതിനാൽ രാവണൻ, സീത സ്ഥിതിചെയ്യുന്ന ഭൂമിയോടൊപ്പം സീതയെ പുഷ്പകവിമാനത്തിൽ എടുത്തുവെച്ച് ലങ്കയിലേക്ക് തിരിക്കുന്നു.

BaliVadham Kathakali: Kavungal Divakara Panicker as Sanyasi Ravanan, Kalamandalam Mukundan as Seetha.
കലാമണ്ഡലം രവീന്ദ്രനാഥ പൈയുടെ പ്രവർത്തി നന്നെങ്കിലും, പാത്രപരിചയം അദ്ദേഹത്തിനു കുറവായിരുന്നെന്നു തോന്നി. സീതയെ തനിച്ചാക്കി, രാമനെ തേടി പുറപ്പെടുമ്പോൾ വില്ലുകൊണ്ട് ലക്ഷ്മണ രേഖ വരയ്ക്കുന്നതായൊന്നും ഇവിടെ ആടുകയുണ്ടായില്ല. സീതയെ വലം വെച്ച് പോവുന്നതായാണ് അദ്ദേഹം ആടിയത്. അതിനു ശേഷം, എങ്ങും പോവാതെ ഇവിടെ തന്നെ സ്ഥിതി ചെയ്യുക എന്നുമാത്രമാണ് പറഞ്ഞത്. രേഖയ്ക്ക് പുറത്തുപോവരുത് എന്നൊന്നും സീതയോട് പറയുന്നതായി ആടി കണ്ടില്ല. കാവുങ്കൽ ദിവാകര പണിക്കരാണ് സന്യാസി രാവണനെ അവതരിപ്പിച്ചത്. സന്യാസി രാവണന്റെ വേഷം, ബാലെകളിലും മറ്റും കാണുന്നതു പോലെ തോന്നിച്ചു. അല്പസമയത്തേക്ക് മാത്രമുള്ള വേഷമാണെങ്കിലും, ഉപേക്ഷയോടെ കാണുവാൻ പാടുള്ളതല്ല. വേഷം നന്നായിരിക്കുവാൻ ശ്രദ്ധിക്കേണ്ടത്, അതാത് വേഷം ചെയ്യുന്ന കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്.

സീതയുമായി രാവണൻ പോവുന്നതുകാണുന്ന ജടായു വഴിതടയുന്നു. പോകുവാൻ അനുവദിക്കാതിരുന്നാൽ ജടായുവിനെ വധിച്ച് താൻ പോവുമെന്ന് രാവണൻ വീമ്പുപറയുന്നു. എന്നാൽ ജടായു നിസ്സാരനല്ലെന്ന് അധികം വൈകാതെ തന്നെ രാവണൻ മനസിലാക്കുന്നു. ഒടുവിൽ ചന്ദ്രഹാസമെടുത്ത് ജടായുവിനെ വെട്ടുവാൻ തുടങ്ങുന്നു. എന്നാൽ വെട്ടുകൊള്ളാതെ ജടായു സമർത്ഥമായി ഒഴിഞ്ഞുമാറുന്നു. ഒടുവിൽ ഇവനെ കീഴ്പ്പെടുത്തുവാൻ ചതി ഉപയോഗിക്കുക തന്നെ എന്നുറച്ച്, ഇനി മർമ്മം പറഞ്ഞ് യുദ്ധം ചെയ്യാമെന്ന് രാവണൻ ജടായുവിനോട് പറഞ്ഞു. രാവണന്റെ ചതി മനസിലാക്കാതെ, വലതുപക്ഷമാണ് തന്റെ മർമ്മമെന്ന് ജടായു പറയുന്നു. ഇടതുകാലിലെ തള്ളവിരലാണ് തന്റെ മർമ്മമെന്ന് രാവണനും പറയുന്നു. ജടായു രാവണന്റെ ഇടതുകാലിലെ തള്ളവിരലിൽ കൊത്തുവാനായി കുനിയുന്നു. ആ സമയം ജടായുവിന്റെ വലതുചിറക് രാവണൻ അരിഞ്ഞു വീഴ്ത്തുന്നു. പിന്നാലെ സീതയെ തിരഞ്ഞെത്തുന്ന രാമലക്ഷ്മണന്മാർ ജടായുവിനെ കാണുന്നു. ജടായുവിൽ നിന്നും സീതയെ കൊണ്ടുപോയത് രാവണനാണെന്നും, ലങ്കയിലേക്കാണ് കൊണ്ടുപൊയതെന്നുമുള്ള വൃത്താന്തം ഇരുവരും അറിയുന്നു. ശ്രീരാമൻ ജടായുവിന് മോക്ഷം നൽകുന്നു.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Mukundan as Seetha, Chingoli Gopalakrishnan as Jadayu.
ചിങ്ങോലിയിലെ ‘ബാലിവധ’ത്തിൽ ഏറ്റവും പാളിപ്പോയ രംഗമായിരുന്നു ഇത്. ഇവിടെ രാവണനും, ജടായുവിനും പദങ്ങളുണ്ടെങ്കിലും അവ പാടുകയുണ്ടായില്ല. അതിനാൽ, മുഴുവൻ ആട്ടവും കലാകാരന്മാർ മനോധർമ്മമായി ആടേണ്ടതുണ്ടായിരുന്നു. എന്നാൽ ജടായുവായെത്തിയ ചിങ്ങോലി ഗോപാലകൃഷ്ണന് അരങ്ങിൽ എന്താണ് പ്രവർത്തിക്കേണ്ടതെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ജടായു ആദ്യം യുദ്ധം ചെയ്യുമ്പോൾ ജയിച്ചു നിൽക്കണം, ചന്ദ്രഹാസമെടുത്ത് വെട്ടിത്തുടങ്ങുമ്പോൾ ഒഴിഞ്ഞുമാറണം, രാവണൻ ആ സമയം യുദ്ധം ചെയ്ത് തളരണം, ഉപായമെന്തെന്ന് ആലോചിക്കുന്നതായി ആടണം, മർമ്മം പറഞ്ഞ് യുദ്ധം ചെയ്യുവാൻ ജടായുവിനെ വിളിക്കണം, ജടായു മർമ്മം പറയണം, രാവണന്റെ കാലിലെ ഇടതുതള്ളവിരൽ ലക്ഷ്യമാക്കി കൊത്തുവാനായണം, അതിനായി രാവണൻ ഇടതുതള്ളവിരൽ ഉയർത്തി കാട്ടണം, വീഴുമ്പോൾ വലതുചിറക് താഴ്ത്തിയിട്ട്, ഇടതു ചിറകടിച്ച് വശം ചെരിഞ്ഞു വീഴണം, വീഴുമ്പോൾ മുഖം പ്രേക്ഷകർക്ക് അഭിമുഖമായിരിക്കണം... ഇതൊന്നും അവിടെ കണ്ടില്ല. രാവണൻ എടുത്ത് വെട്ടുതുടങ്ങിയപ്പോഴേ ജടായു താഴെവീണു, പാട്ടുകാരൻ ഓർമ്മിപ്പിക്കുവാൻ ശ്രമിക്കുന്നതും കണ്ടു. എന്നിട്ട് വലതു കരം കൊണ്ടു തന്നെ മുദ്രയും കാട്ടി! പ്രേക്ഷകർക്ക് എതിരായി തലവെച്ചാണ് ജടായു വീണ് കിടന്നതെന്നതിനാൽ, ജടായുവിന് മോക്ഷം നൽകുന്നതും മറ്റും അനുഭവത്തായതുമില്ല. പൂർണ്ണമായും കറുത്ത വേഷമാണ് ജടായുവിന് നിശ്ചയിച്ചിട്ടുള്ളത്. എന്നാലിവിടെ ജടായുവിന്റെ വേഷവും നിശ്ചയപ്രകാരമായിരുന്നില്ല. ജടായു വേഷം കെട്ടുവാൻ അരങ്ങുപരിചയം കുറഞ്ഞ, തുടക്കക്കാരനായ ഒരു നടനെ നിശ്ചയിച്ച സംഘാടകരെ തന്നെയാണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്.

പത്തിയൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു ഈ ഭാഗങ്ങൾ ആലപിച്ചത്. സമയക്കുറവു മൂലമായിരിക്കണം, പല പദങ്ങളും ഒഴിവാക്കിയാണ് ഇവർ കഥയ്ക്ക് പാടിയത്. എന്നാൽ ജടായുവുമായുള്ള യുദ്ധഭാഗത്ത് പദം പാടിയിരുന്നെങ്കിൽ, ഇത്രയും മോശമാവില്ലായിരുന്നു ആ രംഗമെന്നു തോന്നുന്നു. ചിങ്ങോലി ഗോപാലകൃഷ്ണന് ആ ഭാഗം ചൊല്ലിയാടി പരിചയമുണ്ടെങ്കിലത്തെ കഥയാണത്, ഇല്ലെങ്കിൽ ഇതിലും മോശമാകുവാനും മതി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ഗണേശ് എന്നിവരായിരുന്നു ഈ ഭാഗത്ത് യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും പ്രവർത്തിച്ചത്. ബാലി-സുഗ്രീവ യുദ്ധവും, ബാലിവധവും ഉൾപ്പെടുന്ന ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റിൽ.

Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan, Kavungal Divakara Panicker as Sanyasi Ravanan, Chingoli Gopalakrishnan as Jadayu. Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

8 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ ആട്ടക്കഥയുടെ ആസ്വാദനത്തിന്റെ രണ്ടാം ഭാഗം. അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തുവാനും; തെറ്റുകൾ തിരുത്തി തരുവാനും താത്പര്യപ്പെടുന്നു. :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

*ആദ്യവട്ടത്തിൽ വെറുതെ പിടിക്കുവാൻ ശ്രമിക്കുന്നതായും; രണ്ടാമത് തന്റെ വില്ലുകണ്ടാവും എന്നു കരുതി, വില്ലൊളിപ്പിച്ച് വെച്ചശേഷം പിടിക്കുവാൻ ശ്രമിക്കുന്നതായും; മൂന്നാമത്, പുല്ല് നീട്ടി ഉപായത്തിൽ പിടിക്കുവാൻ ശ്രമിക്കുന്നതായുമാണ് ആടിയത്. ഇങ്ങിനെതന്നെയാണ് വേണ്ടതും. ഇതൊന്നും ഇയാളുടെ മനോധര്‍മ്മമായി ആടുന്നതല്ല. ‘മാന്‍‌പിടുത്തം‘ എന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയിട്ടുള്ള ന്യത്തത്തിന്റെ ചിട്ടകളാണ്.


* രാമനെ തേടി പുറപ്പെടുമ്പോൾ വില്ലുകൊണ്ട് ലക്ഷ്മണ രേഖ വരയ്ക്കുന്നതായും രേഖയ്ക്ക് പുറത്തുപോവരുത് എന്ന് സീതയോട് പറയുന്നതായുമൊക്കെ കഥയില്‍ ഉണ്ടെങ്കിലും,കഥകളിയിചിട്ടയില്‍ ഇങ്ങിനെ ചെയ്യാന്‍ നിഷ്കര്‍ഷിച്ചിട്ടില്ല.സീതയെ വലം വെച്ച് പോവുന്നതായെ സാധാരണ ആടാറുള്ളു. അതിനാല്‍ അതു ചെയ്തില്ല എന്നത് ഒരിക്കലും ഒരു കുറവായി കണക്കേണതില്ല.

Haree പറഞ്ഞു...

@ മണി, വാതുക്കോടം.
ചിട്ടയിൽ പറഞ്ഞിട്ടുള്ളതാണെങ്കിലും, അത് രസകരമായി നടൻ അഭിനയിക്കുകയും വേണമല്ലോ. പിന്നെ, മറ്റൊരാൾ ‘മാൻപിടുത്തം’ ആടുമ്പോൾ മറ്റൊരു രീതിയിലാവുമല്ലോ, അതിനാലും പദാഭിനയമില്ലാത്തതുകൊണ്ടും ഇത് കൃഷ്ണപ്രസാദിന്റെ ‘മാൻപിടുത്തം’ എന്നു കരുതുന്നതിൽ തെറ്റില്ല.

ശരിയാണ്. ലക്ഷ്മണൻ കഥകളിയിൽ അങ്ങിനെ ചെയ്യേണ്ടതില്ല എന്നുതന്നെയായിരുന്നു എന്റെയും ഓർമ്മ. എന്നാൽ, അത് ആടാവുന്നതു തന്നെയാണ് എന്നു തോന്നുന്നു. ‘ലക്ഷ്മണരേഖ’ എന്നത് അത്രത്തോളം എല്ലാവരുടേയും മനസിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ കാണിക്കാതിരിക്കുന്നത് കുറവായില്ലെങ്കിലും, അത് പ്രശംസനീയവുമല്ല.
--

AMBUJAKSHAN NAIR പറഞ്ഞു...

Hello,
Lakshmana rekha is very important. Because of that rekha only Ravanan can not move near to seetha. Here Sanyasi Ravanan and Ravanan both should show the heat wave when he nears to the rekha.
Hari's write up is very usefull to attract youngesters to enjoy Kathakali.
C.Ambujakshan Nair

THIRANOTTAM പറഞ്ഞു...

Dear Kaliyarangu & other rasigas,

we, THIRANOTTAM DUBAI, looking for your contact email ID. please provide and oblige. our mail ID- thiranottam@gmail.com


for THIRANOTTAM DUBAI
Remesan

എതിരന്‍ കതിരവന്‍ പറഞ്ഞു...

ലക്ഷ്മണന്‍ രേഖ വരയ്ക്കുന്നതായി വാല്‍മീകി രാമായണത്തിലോ 1700 കളില്‍ എഴുതിയ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലോ ഇല്ല. ഇത് പിന്നീട് ആരൊ കൂട്ടിച്ചേര്‍ത്തതാണ്. പെണ്ണിനെ “വരച്ച വരയില്‍“ നിറുത്തണമെന്നും അതില്‍ നിന്നും ചാടുന്നത് അവളുടെ വിഡ്ഢിത്തമാണെന്നും ഉള്ള് ആണ്‍ ന്യായം സീതയുടെ മേല്‍ കെട്ടി വയ്ക്കാന്‍ വേണ്ടിയാവണം ഈ പ്രക്ഷിപ്തം.

കഥകളിയില്‍ ഇതു ചെയ്യാത്തത് നന്നായി.

ബാലിവധം മുഴുവന്‍ ആടുമ്പോള്‍ കഥയുടെ ഏകാഗ്രത നഷ്ടപ്പെടും. ‘രാമായണത്തിലെ ചില ഭാഗങ്ങള്‍’ എന്നപൊലാകും.

Haree പറഞ്ഞു...

@ nair,
ലക്ഷ്മണരേഖ വരയ്ക്കുന്നതായും, വരയ്ക്കാതെ വലം വെച്ചു പോവുന്നതായും രണ്ട് രീതിയിലും അവതരിപ്പിക്കുവാറുണ്ട്. അത് അവതരിപ്പിക്കുന്ന രീതിയാണ് എനിക്കും ഇഷ്ടം.

@ എതിരൻ കതിരവൻ,
മൂല കൃതിയിൽ ഉണ്ട് / ഇല്ല എന്നത് കഥകളിയിൽ ഉണ്ടാവുന്നതിനും / ഇല്ലാതിരിക്കുന്നതിനും കാരണമാവാറില്ലല്ലോ. വരച്ചവരയിൽ പെണ്ണിനെ നിർത്തുക എന്ന പുരുഷമേൽക്കൊയ്മയുടെ ഭാഗമാണ് ലക്ഷ്മണ രേഖ എന്നത് ഓരോരുത്തരും അതിനെ നിർവ്വചിക്കുന്ന രീതി മാത്രം. ഇതു രണ്ടും കാരണമായി കഥകളിയിൽ ലക്ഷ്മണൻ രേഖവരയ്ക്കുന്നതായുള്ള ആട്ടം ഒഴിവാക്കേണ്ടതുണ്ടെന്നു കരുതുന്നില്ല. ഈ രേഖയ്ക്കപ്പുറത്തേക്ക് ഇറങ്ങിപ്പോവരുതെന്ന് ആജ്ഞാപിക്കുകയല്ല ലക്ഷ്മണൻ ചെയ്യുന്നത്, ഇറങ്ങാതിരിക്കണമെന്ന് അപേക്ഷിക്കുകയാണ്. വിസ്തൃതമായ ലോകത്ത് എവിടെയും സ്ത്രീയെ കാക്കുവാൻ സാധിക്കുകയില്ല, ചെറിയ ഒരു സ്ഥലത്ത് മാത്രം കാക്കുവാനുള്ള കഴിവേ തനിക്കുള്ളൂ എന്ന പുരുഷന്റെ ദൌർബല്യം ലക്ഷ്മണനിലൂടെ വെളിവാകുകയാണിവിടെ. :-)
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

I love your logic, Haree!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--