2008, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും

Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi).
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് നളചരിതം രണ്ടാംദിവസം കഥകളിയിലെ കാട്ടാളനും, ദമയന്തിയും കൂടിയുള്ള രംഗം അവതരിക്കപ്പെട്ടു. ചിങ്ങോലി ഗോപാലകൃഷ്ണൻ അവതരിപ്പിച്ച പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. പുറപ്പാട് ചുവടുകളുടെ സൌന്ദര്യമൊന്നും ഗോപാലകൃഷ്ണന്റെ ആട്ടത്തിൽ പ്രകടമായില്ല. കുറച്ചു കൂടി ചടുലതയോടെ, വ്യക്തമായ മുദ്രകളോടെ പുറപ്പാട് അവതരിപ്പിക്കാമായിരുന്നു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യർ, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരുടെ മേളപ്പദവും തുടർന്ന് അവതരിപ്പിക്കപ്പെട്ടു.

കോട്ടക്കൽ മധു, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു പുറപ്പാടും മേളപ്പദവും പാടിയത്. കോട്ടക്കൽ മധു സാധാരണ പാടാറുള്ളത്രയും, സംഗീതപ്രയോഗങ്ങളോടെ ഇവിടെ പാടുകയുണ്ടായില്ല. എന്നിട്ടുപോലും സജീവന് പലയിടത്തും മധുവിനെ പിന്തുടരുവാൻ കഴിഞ്ഞില്ല. താളത്തിനുള്ളിൽ വരികൾ വിന്യസിക്കുവാനും വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിൽ നന്നായി പ്രവർത്തിച്ചപ്പോൾ; മദ്ദളത്തിൽ കലാമണ്ഡലം നാരയണൻ നായരുടെ പ്രവർത്തി അത്ര മെച്ചമായി തോന്നിയില്ല. രണ്ടാമത്തെ മദ്ദളം കൈകാര്യം ചെയ്ത അച്ചുത വാര്യർ സാമാന്യം നല്ല രീതിയിൽ തന്നെ മേളം കൈകാര്യം ചെയ്തു. പുറപ്പാടിനു ശേഷം അവതരിപ്പിക്കുന്ന കഥകളുടെ ഒരു സംക്ഷിപ്ത വിവരണം കലാമണ്ഡലം സജീവൻ നൽകുകയുണ്ടായി. ഒരു കഥകളി കലാകാരൻ തന്നെ അത് അവതരിപ്പിച്ചത് എന്തുകൊണ്ടും ഉചിതമായി. സജീവൻ അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.

Kattalan & Damayanthi Kathakali: Margi Vijayakumar (Damayanthi).
മാർഗി വിജയകുമാർ ദമയന്തിയായും, സദനം കൃഷ്ണൻകുട്ടി കാട്ടാളനായും വേഷമിട്ട; നളചരിതത്തിലെ കാട്ടാളനും, ദമയന്തിയും ഉൾപ്പെടുന്ന രംഗമാണ് തുടർന്ന് അവതരിക്കപ്പെട്ടത്. കലിബാധിതനായ നളൻ ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ചു പോവുന്നു. ക്ഷീണിതയായി ഉറങ്ങിപ്പോയ ദമയന്തി ഉറക്കമുണരുമ്പോൾ പ്രിയതമനെ കാണാതെ വിഷമിക്കുന്നു. തുടർന്നുള്ള ദമയന്തിയുടെ പദമായ “അലസത വിലസിതം...” എന്ന പദം മുതൽക്കാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദമയന്തിയായെത്തിയ മാർഗി വിജയകുമാർ സാധാരണപോലെ മികച്ചു നിന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan), Margi Vijayakumar (Damayanthi).
സദനം കൃഷ്ണൻ കുട്ടി അവതരിപ്പിച്ച കാട്ടാളനെ ‘വിചിത്രം!’ എന്നേ വിശേഷിപ്പിക്കുവാനാവൂ. എന്തോ ശബ്ദം കേട്ട് ഉണരുന്ന കാട്ടാളൻ ഉടൻ തന്നെ പന്തം കത്തിക്കുന്നതായാണ് ആടിയത്. ഈ ആട്ടം ഒട്ടും തന്നെ കാട്ടാളന് ഉചിതമല്ല. കാട്ടാളന്റെ അടുത്ത ചരണത്തിൽ പറയുന്നുണ്ട്, “ഉരത്തെഴും തിമിരം വെൽ‍വാൻ ഉദിക്കുമാറായ് ഭഗവാനും...” എന്ന്. പന്തവും കൈയിലേന്തി നടക്കുന്ന ഒരുവന് ഉരത്തെഴുന്ന തിമിരം ഒരു പ്രശ്നമാവില്ലല്ലോ! പന്തമൊക്കെ കൊളുത്തി പുറത്തിറങ്ങുന്ന കാട്ടാളൻ ഉടൻ തന്നെ, പദമോർത്തിട്ടാവണം, പന്തം കെടുത്തുകയും ചെയ്തു! അതിനു ശേഷം കാട്ടാളൻ പറയുന്നു, ‘ശബ്ദം കേട്ടിട്ട് കുയിലിന്റെ കൂജനമാണോ എന്നു തോന്നും!’ എന്ന്. ഇവിടെ ഒരു കുയിൽ പേടിച്ചു കരയുന്നതുപോലെ തോന്നുന്നു എന്നോ മറ്റോ ആടുന്നതായിരുന്നു ഉചിതം. നളനെ കാണാഞ്ഞ് ദമയന്തി വിലപിക്കുന്നതാണല്ലോ കാട്ടാളൻ കേൾക്കുന്നത്. അത്, കുയിലിന്റെ കൂജനമായി കേൾക്കുന്നത് അഭംഗിയായി തോന്നുന്നു.

“എടുത്തു വില്ലും അമ്പും വാളും...” എന്ന ചരണത്തിലാണ് അടുത്ത വിശേഷം. നാലു പാടും, ഉത്തരത്തിലും മറ്റും തന്റെ ആയുധങ്ങളെ തപ്പുന്നതായാണ് കൃഷ്ണൻകുട്ടിയുടെ കാട്ടാളൻ ആടിയത്. തന്റെ ജീവൻ നിലനിർത്തിപ്പോകുവാൻ ഏറ്റവും ആവശ്യമായ ആയുധങ്ങൾ എവിടെ വെച്ചു എന്ന് ഒരു കാട്ടാളൻ മറക്കുക വിശ്വസിനീയമായ സംഗതിയല്ല. കാട്ടിൽ വസിക്കുന്ന ഒരാളായതിനാൽ തന്നെ, സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൈയ്യെത്തുന്ന അകലത്തിൽ തന്നെ ഉണ്ടാകുവാനാണ് സാധ്യത. അതുപോലെ സ്ഥിരം ഉപയോഗിക്കുന്ന വാളും, അമ്പും മറ്റും ഉപയോഗിക്കുവാനേ കഴിയാത്തത്രയും മൂർച്ച കുറഞ്ഞ അവസ്ഥയിലായിരിക്കുകയുമില്ലല്ലോ! അങ്ങിനെയാടുന്നതിനോടും യോജിക്കുവാൻ കഴിയില്ല. അല്പം മൂർച്ചകൂട്ടുന്നതായൊക്കെ ആടാം, അത്രയും മതിയാവും.

“ആഹന്ത ദയിത! ദയാസിന്ധോ നീയെന്നെ...” എന്ന പദം ഇപ്പോൾ വെറുതെ ആലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എനിക്കു തോന്നുന്നു, കഥകളിയിൽ ഒരു പദവും അങ്ങിനെ വെറുതെ പാടുവാനുള്ളതാവില്ല എന്നാണ്. ഈ സമയം കാട്ടാളൻ അരങ്ങിൽ നിന്നു മാറുകയും, ദമയന്തി വശത്തുകൂടി പ്രവേശിച്ച് പദമാടി മാറുകയും ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം എന്നു തോന്നുന്നു. ‘കിർമ്മീരവധം’ കഥകളിയിൽ പാത്രവുമായെത്തുന്ന ധർമ്മപുത്രരുടെ അടുത്തേക്ക് ധൌമ്യനും, പാഞ്ചാലിയും പ്രവേശിച്ചു മാറുന്നത് ഓർക്കുക. ആ മാതൃക ഇവിടെയും പിന്തുടരാവുന്നതാണ്.

കാട്ടാളന്റെ തുടർന്നുള്ള പദത്തിലെ ഒരു വരി “വാതിച്ചോർക്കും പ്രാണാപായേ...” എന്നാണ് തുടങ്ങുന്നത്. ഇവിടെ ‘വാതിച്ചോർ’ എന്നതിന് അടുത്തേക്കു വരുന്നു എന്നതിനു കാട്ടുന്ന മുദ്രയാണ് കാണിച്ചത്. എന്താണ് ഇതുകൊണ്ട് നടൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. വാതിച്ചോർ എന്നതിന് ബ്രാഹ്മണർ എന്നാണർത്ഥം. ബ്രാഹ്മണർക്കു പോലും, പ്രാണൻ അപകടത്തിലാവുന്ന സമയത്ത് അയിത്തം ഒരു പ്രശ്നമാവാറില്ല എന്നു വരിയുടെ അർത്ഥം. അതുപോലെ ‘കാട്’ എന്നതിനു പലപ്പോഴും ‘മരം’ എന്ന മുദ്രകൊണ്ടു മതിയാക്കി; ‘മംഗലഗാത്രി’ എന്ന ഭാഗത്ത് ‘മനോഹരം’ എന്നതിൽ മുദ്ര നിർത്തി, ‘ഗാത്രി’ എന്നഭാഗം വിഴുങ്ങി - ഇങ്ങിനെ പലഭാഗത്തും മുദ്രകൾ പൂർണ്ണമായി കാണിക്കാതെ ഒഴിവാക്കുന്നത് കാണാമായിരുന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan).
പാമ്പിനെ കൊന്നതിനു ശേഷം, കാട്ടാളനുടനെ പച്ചിലയൊക്കെ പറിച്ച് മരുന്നുണ്ടാക്കി ദമയന്തിയുടെ പാദത്തിൽ തേക്കുവാൻ ആയുന്നതായൊക്കെ ആടി. എന്നാൽ ഈ ഭാഗമൊന്നും ദമയന്തി കണ്ടതുകൂടിയില്ല. ഒരുപക്ഷെ അങ്ങിനെ ഒരു ആട്ടം ആടുന്നുണ്ട് എന്ന് മാർഗി വിജയകുമാർ അറിഞ്ഞിട്ടുണ്ടാവില്ല. പിന്നെ, കാട്ടാളൻ തന്നെ മരുന്ന് വേണ്ടെന്നോ എന്നൊക്കെ സ്വയം ആടി, അവസാനിപ്പിച്ചു; മാർഗി വിജയകുമാർ പദഭാഗവുമാടി. കൂട്ടുവേഷത്തിന്റെ സഹകരണം ആവശ്യമുള്ള ഇത്തരം മനോധർമ്മങ്ങൾ അരങ്ങിൽ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് അണിയറയിൽ വെച്ചു തന്നെ കൂട്ടുവേഷം കെട്ടുന്ന നടനുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇവിടെ സംഭവിച്ചതുപോലെ, ‘ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന രീതിയിൽ ആട്ടം അവസാനിപ്പിക്കേണ്ടിവരും.

“അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന കാട്ടാളന്റെ പദത്തിൽ “വാഴ്ച നമുക്കവിടെ വനസുഖം, ആരറിഞ്ഞു!” എന്നൊരു ചരണത്തിൽ വരുന്നുണ്ട്. ഇവിടെ വനസുഖം കാട്ടാളൻ ആടിയത്, മാനിനെയും മറ്റും നായാടി, അവയെ തീയിൽ ചുട്ടു തിന്നാം എന്നൊക്കെയാണ്. എത്ര ശുഷ്കമാണ് കാട്ടാളന്റെ ഭാവന. കാമവുമായോ, രതിയുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആട്ടങ്ങളാണ് ഇവിടെ അനുയോജ്യം. വെള്ളച്ചാട്ടങ്ങളിൽ നീരാടി, ഇണക്കിണികളെപ്പോലെ ചുണ്ടുരുമ്മി കഴിയാം, ലതകൾ മരങ്ങളെ ചുറ്റിപ്പുണരുന്നതുപോലെ ഞാൻ നിന്നെ പുണരാം... എന്നിങ്ങനെ എന്തൊക്കെ കാണിക്കാം! അപ്പോഴാണ് മാംസം ചുട്ടുകഴിക്കാമെന്ന് പറയുന്നത്! ഉണ്ണായിവാര്യരുടെ കാട്ടാളനുപോലും വിവരമുണ്ട് എന്നാണ് പറയുവാറുള്ളത്. എന്നാൽ വിവരക്കേടായ കാട്ടാളന്മാരും കുറവല്ല എന്ന് ഇത്തരം വേദികൾ തെളിയിക്കുന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan).
ഒടുവിൽ ദമയന്തി “ഈശ്വര! നിഷധേശ്വര...” എന്നു വിലാപം തുടങ്ങുമ്പോളേ കാട്ടാളൻ സ്റ്റൂളിൽ കയറി ഭസ്മമാകുവാൻ തയ്യാറായിരുന്നു. “അബലേ! നിൻ‍വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ...” എന്നാണ് കവിവാക്യം. കാട്ടാളൻ ദമയന്തിയെ പ്രാപിക്കുവാൻ ആയുമ്പോളാണ്, അല്ലെങ്കിൽ അങ്ങിനെയുള്ള വികാരങ്ങൾ അയാളിൽ ജനിക്കുമ്പോളാണ്, ദേവന്മാരുടെ ദമയന്തിക്കുള്ള വരം നിമിത്തമായി കാട്ടാളൻ ഭസ്മമാവുന്നത്. സ്റ്റൂളിൽ കയറി വീഴുവാൻ കാത്തു നിൽക്കുന്നതിനു പകരം; കാട്ടാളന്റെയുള്ളിലെ കാമവികാരങ്ങൾ രംഗത്ത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. അതു പ്രകടമാക്കിക്കഴിഞ്ഞാൽ ചൂട് അനുഭവപ്പെടുന്നതായി ആടി, അഗ്നിയിൽ താൻ ദഹിക്കുന്നതായി ആടി, ചാരമായി നിപതിക്കുന്നു എന്നുമാടിവേണം കാട്ടാളൻ വീഴുവാൻ. ഇതൊന്നും സദനം കൃഷ്ണൻ കുട്ടിക്ക് അറിവില്ലാത്തതാണ് എന്നു കരുതുവാൻ വയ്യ. എന്തുകൊണ്ടോ അദ്ദേഹത്തിന് വേണ്ടും വണ്ണം കാട്ടാളനെ അവതരിപ്പിക്കുവാൻ അന്നേ ദിവസം ശുഷ്കാന്തി ഉണ്ടായിരുന്നില്ല എന്നു വേണം കരുതുവാൻ. സാധാരണ പ്രേക്ഷകർക്ക് കൃഷ്ണൻകുട്ടിയുടെ അധികമായി ഇളകിയുള്ള ആട്ടവും മറ്റും കൊണ്ട് കാട്ടാളൻ ഇഷ്ടപ്പെട്ടെന്നിരിക്കും; എങ്കിലും ഇത്രയും മുതിർന്ന ഒരു കലാകാരനിൽ നിന്നും ഇതിലും ഉത്തരവാദിത്തപ്പെട്ട ഒരു പ്രകടനമാണ് കഥകളി ആസ്വാദകർ പ്രതീക്ഷിക്കുന്നത്.

പത്തിയൂർ ശങ്കരൻ കുട്ടി, കോട്ടക്കൽ മധു എന്നിവരായിരുന്നു ഈ കഥാഭാഗം ആലപിച്ചത്. വേദിയിലെ മൈക്ക്/സ്പീക്കർ വിന്യാസം അത്ര മെച്ചമല്ലായിരുന്നതിനാൽ, കേൾവി സുഖം കുറവായിരുന്നു. വെറുതെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുക എന്നതുമാത്രമല്ല മൈക്ക്/സ്പീക്കർ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവ ക്രമീകരിക്കുന്നവർ മനസിലാക്കിയെങ്കിൽ! കാട്ടാളന്റെ “അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന പദം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് ചരണത്തിന്റെ ആവർത്തനത്തിൽ, “എങ്ങിനെ ഞാനങ്ങുപോവതംഗനേ...” എന്നു മറിച്ചു പാടിയതും രസകരമായി തോന്നി. എന്നാൽ ‘അംഗനേ!’ എന്നാണോ ‘അങ്ങനേ’ എന്നാണോ വരി തുടങ്ങേണ്ടത് എന്നൊരു സംശയം ഇപ്പോളും നിലനിൽക്കുന്നു. ഉണ്ണായിവാര്യർ ഒരു പ്രാസപ്രിയനായതിനാലും (അടുത്തവരി തുടങ്ങുന്നത് “ഇങ്ങനേകം മനോരാജ്യം...” എന്നാണല്ലോ.), കാട്ടാളന്റെ സ്വഭാവത്തിന് ‘അങ്ങനെ ഞാനെങ്ങിനെയാണ് അങ്ങു പോവുക?’ എന്ന ചോദ്യമാണ് കൂടുതൽ യോജ്യമെന്നതുകൊണ്ടും; ‘അംഗനേ!’ എന്ന അഭിസംബോധനയ്ക്കു പകരം ‘അങ്ങനെ’ എന്നു തുടങ്ങുന്നതാണ് കൂടുതൽ യോജ്യമെന്നു തോന്നുന്നു. “സങ്കടമെനിക്കുണ്ടു സദയത വേണമെന്നിൽ...” എന്ന ചരണമാണ് ഏറ്റവും മനോഹരമായത്. കാട്ടാളന്റെ ഭാവം ശരിയായി പ്രകടമാവുന്ന രീതിയിൽ ശബ്ദനിയന്ത്രണത്തോടെയാണ് ഈ ഭാഗം ശങ്കരൻ കുട്ടിയും, മധുവും ആലപിച്ചത്. എന്നാൽ ദമയന്തിയുടെ അവസാന പദമായ “ഈശ്വര! നിഷധേശ്വര!” അത്ര അനുഭവത്തായതുമില്ല.

മാർഗി രവി, ചിങ്ങോലി പുരുഷോത്തമൻ എന്നിവരായിരുന്നു ഇവിടുത്തെ ചുട്ടി കൈകാര്യം ചെയ്തത്. ഏവൂരിലെ ശ്രീകൃഷ്ണവനമാല കളിയോഗത്തിന്റെ കോപ്പുകളും, വേഷങ്ങളുമാണ് ഉപയോഗിച്ചത്. കാട്ടാളന്റെയും, ദമയന്തിയുടേയും വേഷം മനോഹരമായിരുന്നു. എന്നിരുന്നാലും, കാട്ടാളന്റെ ഒരു വശമുള്ള മുന്തി ഭൂരിഭാഗം സമയവും നേരേയല്ല കിടന്നിരുന്നത്. ഉടുത്തുകെട്ടിലുള്ള പോരായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്. വേഷത്തിലെ അപാകത നടൻ ശ്രദ്ധിച്ചതുമില്ല. ചുരുക്കത്തിൽ അത്രയൊന്നും തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല, ചിങ്ങോലിയിൽ അവതരിപ്പിച്ച ‘കാട്ടാളനും ദമയന്തിയും’ ആസ്വാദകർക്കു നൽകിയത്.

കുറിപ്പ്: കഥാവതരണത്തിനു ശേഷം സജീവൻ പറഞ്ഞത് “കെ.എൻ. വാസുദേവൻ നമ്പൂതിരിക്ക് ഇനിയും ആയുരാരോഗ്യത്തോടെ അനേകവർഷങ്ങൾ ജീവിക്കുവാൻ കഴിയട്ടെ. അദ്ദേഹത്തിന്റെ സപ്തതിക്കും, നവതിക്കുമെല്ലാം ഇതുപോലെ കഥകളി അരങ്ങൊരുക്കുവാനുള്ള കഴിവും, ആരോഗ്യവും അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടാവട്ടെ...”; ഇതേ പ്രാർത്ഥനയോടെ ഈ ആസ്വാദനക്കുറിപ്പ് അദ്ദേഹത്തിനു സമർപ്പിക്കുന്നു.

Description: Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi). Pattu by Pathiyoor Sankaran Kutty and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

19 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ചിങ്ങോലി കാരുവള്ളി ഇല്ലത്ത് അവതരിപ്പിക്കപ്പെട്ട ‘കാട്ടാളനും, ദമയന്തിയും’ എന്ന കഥകളിയുടെ ഒരു ആസ്വാദനം.

ഈ കളിയുടെ മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.
--

കണ്ണൂസ്‌ പറഞ്ഞു...

:) ഭാഗ്യം ചെയ്ത ജന്മങ്ങളാ നിങ്ങളൊക്കെ!

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഹരി ഇതൊക്കെ നടന്മാരുടെ ഇടായിലെ തൊഴുത്തിൽ കുത്തായിരിക്ക്കാം. നമ്മ്മൾ ആസ്വാദകർ സഹിക്കുക തന്നെ. എന്തു ചെയ്യാം?
കണ്ണൂസ്: ഭാഗ്യം ചെയ്തവർ? നാട്ടില്പോകുമ്പോൾ എങ്കിലും കാണാൻ ശ്രമിക്കൂ. ഞാൻ ഒരു കളിയെങ്കിലും തരാക്കാ‍തെ നാട്ടിൽ‌ നിന്നും വരാറില്ല. ശ്രമിച്ചാൽ പറ്റും. കമ്പം അതാണ് കാര്യം. പ്രിഫറൻസ് ലീസ്റ്റ് :):):)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

* ‘ആഹന്ത ദയിത! ദയാസിന്ധോ നീയെന്നെ...‘ എന്ന പദം വെറുതെ ആലപിക്കുക മാത്രമേ പതിവുള്ളല്ലൊ.
കാട്ടാളന്‍ കാട്ടില്‍ അകലത്തില്‍ നിന്നും കേള്‍ക്കുന്ന രോദനം മാത്രമല്ലെ ഇത്. (ഇപ്പോഴത്തെ പാട്ടുകാരുടെ
ഗുണം കൊണ്ട് ഇതു രോദനമാണെന്നു തോന്നുന്നില്ലാന്നുമാത്രം. ദമയന്തി രംഗത്തുവന്നഭിനയിച്ചാലെ അതു
തോന്നു!) ഇതു കേട്ടിട്ട് ‘സ്വരത്തിനു മാധുര്യം’ എന്ന് കാട്ടാളന് പറയുന്നു. അത്രയെ ഈ പദത്തിനു പ്രാധാന്യമുള്ളു.
എനിക്കു തോന്നുന്നു, കഥകളിയിൽ ഒരു പദവും അങ്ങിനെ വെറുതെ പാടുവാനുള്ളതാവില്ല എന്നാണ്.
പലകഥകളിലും ഇങ്ങിനെ പാടുകമാത്രം ചെയ്യുന്ന പദങ്ങള്‍ ഉണ്ടല്ലൊ. എല്ലാം രംഗത്ത് അവതരിപ്പിക്കണം
എന്നു നിര്‍ബന്ധം പിടിക്കാനാകുമൊ? (സന്ദാനഗോപാലത്തിലെ പെറ്റുകിടക്കുന്ന ബ്രാഹ്മണപത്നിയുടെ
രോദനപദവും മറ്റും ആടാനാകുമൊ?) ‘കിർമ്മീരവധം’ കഥകളിയിൽ പാത്രവുമായെത്തുന്ന ധർമ്മപുത്രരുടെ
അടുത്തേക്ക് ധൌമ്യനും, പാഞ്ചാലിയും പ്രവേശിച്ചു മാറുന്നത് ഓർക്കുക. ആ മാതൃക ഇവിടെയും
പിന്തുടരാവുന്നതാണ്.

കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രരെന്ന കഥാപാത്രം രംഗത്തുതന്നെ നില്‍ക്കുകയും മറ്റു
കഥാപാത്രങ്ങള്‍ പ്രവേശിക്കുകയും മറയുകയുമല്ലെ ചെയ്യുന്നത്. ആമാത്യക എവിടെ എങ്ങിനെ പിന്തുടരും?

* കൂട്ടുവേഷത്തിന്റെ സഹകരണം ആവശ്യമുള്ള ഇത്തരം മനോധർമ്മങ്ങൾ അരങ്ങിൽ അവതരിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് അണിയറയിൽ വെച്ചു തന്നെ കൂട്ടുവേഷം കെട്ടുന്ന നടനുമായി സംസാരിച്ച് ഒരു
ധാരണയിൽ എത്തുന്നത് നല്ലതായിരിക്കും.

നിര്‍ഭാഗ്യവശാല്‍ ഇതു കഥകളികലാകാരന്മാരുടെ ഇടക്ക്
നടക്കാറേയില്ല!

*ഹരീ,‘ആഹന്തദയിതാ’,‘വാഹസം ഗ്രസിക്കുന്നു’ എന്നീ ദമയന്തിയുടെ പദത്തിന്റെ ചരണങ്ങള്‍ രാഗമം‌മാറ്റി
ആലപിച്ചതിനെകുറിച്ച് ഒന്നും പറഞ്ഞുകണ്ടില്ലല്ലൊ? എന്താ അഭിപ്രായം?

Haree പറഞ്ഞു...

@ കണ്ണൂസ്,
-സു‍-|Sunil പറഞ്ഞതുപോലെ നാട്ടിലെത്തുമ്പോൾ കാണുവാൻ ശ്രമിക്കൂ. :-)

@ -സു‍-|Sunil
ഏതൊക്കെ? പച്ചിലമരുന്നുമായി കാട്ടാളനെത്തിയപ്പോൾ ശ്രദ്ധിക്കാതെ ഇരുന്നതാണോ? അതിനെക്കുറിച്ച് എനിക്ക് കൂടുതൽ പറയുവാൻ കഴിയില്ല. മാർഗി വിജയകുമാർ തന്നെ വേണ്ടിവരും ഉത്തരം തരുവാൻ. :-)

@ മണി,വാതുക്കോടം.
ശരിയാണ്, “ആഹന്ത ദയിത!” ആലാപനം മാത്രമേ പതിവുള്ളൂ. രോദനമാവട്ടെ, അകലത്തു നിന്നുമാവട്ടെ. അത് ആടാതെ വിടേണ്ടതില്ല. ‘കിർമ്മീരവധ’ത്തിൽ ധൌമ്യൻ/പാഞ്ചാലി വന്നു പോകുമ്പോലെ ദമയന്തി വന്നു പോയാൽ മതിയാവും. ദമയന്തി പ്രവേശിക്കുമ്പോൾ കാട്ടാളനും ആ രീതിയിൽ തന്നെ അരങ്ങിൽ നിന്നു മാറി, ദമയന്തി പദമാടി മാറുമ്പോൾ വീണ്ടും പ്രവേശിക്കുക. ഇനി കാട്ടാളൻ കേൾക്കുന്നതായി നടിച്ച് അരങ്ങിൽ തന്നെ നിന്നാലും ഒരു പ്രശ്നവുമില്ല. കഥകളിയുടെ സങ്കേതം അങ്ങിനെയാണല്ലോ! പദങ്ങൾ ആടാതെ ഒഴിവാക്കുവാനുള്ളതല്ല, ആടുവാൻ കഴിയുമെങ്കിൽ ആടുക. ഇവിടെ അത് ആടുവാൻ സാധ്യത കാണുന്നുണ്ട്.

‘ആഹന്ത ദയിത!’ നാഥനാമക്രിയയിൽ തന്നെയല്ലേ ആലപിച്ചത്? (‘കരഞ്ഞും ഖേദിച്ചും...’ ശ്ലോകം ആലപിച്ച അതേ രാഗം.) ദമയന്തിയുടെ അടുത്ത ചരണം ‘വാഹസം ഗ്രസിക്കുന്നു...’ രംഗത്തിനു യോജിച്ച ഏതു രാഗത്തിലുമാവാം എന്നാണ് എന്റെ അഭിപ്രായം. അത് പാട്ടുകാരന്റെ സ്വാതന്ത്ര്യം. (ഇവിടെ ഏതായിരുന്നു എന്ന് എനിക്കോർമ്മകിട്ടുന്നില്ല...)
--

Haree പറഞ്ഞു...

@ മണി,
‘ആഹന്ത ദയിത!’ പുന്നഗവരാളിയിൽ തന്നെയല്ലേ ആലപിച്ചത്? എന്നു തിരുത്തി വായിക്കുക. (കാട്ടാളന്റെ പദമാണല്ലോ നാഥനാമക്രിയയിൽ, രണ്ടും തമ്മിൽ മാറിപ്പോയതാണ്!)

ചോദിച്ചറിഞ്ഞത്: ഇവിടെ ദമയന്തിയുടെ ഇടക്കുള്ള രണ്ട് ചരണങ്ങളും ആലപിച്ചത്, സിംഹേന്ദ്രമധ്യമം എന്ന രാഗത്തിലായിരുന്നു. തുടർന്ന് ‘ഗ്രാഹം പിടിച്ചപ്പോൾ...’ പുന്നഗവരാളിയിലുമായിരുന്നു. സിംഹേന്ദ്രമധ്യമം സന്ദർഭത്തിനു യോജിക്കുന്നില്ല എന്നു തോന്നിയില്ല. ആദ്യ രണ്ട് ചരണങ്ങളും സിന്ധുഭൈരവിയിൽ പാടുന്നവരും കുറവല്ല.
--

Unknown പറഞ്ഞു...

Dear Haree:
Aswadanam nannayirikkunnu ! Kathakali ye oru 'theature' ayikkanuvan vembunna oru cheruppakkarane varikalkkitayil kanam !

Kattalante palathum "goshti' ayippooyo ! Pantham kanthikkalum mattum avide-pandalam-side- l munpum kandittundu....
Sadanam Krishnan kutty-nalla kazhivulla sarasanaya Natanaanallo-engana kaivittu poyathenthu kondennnariyilla!
pinne Damayanthi Pravesham - Mani paranjathinotu yojikkunnu... eppol natappullathe thanne yanu sweekaryam.. Ethallam prathibhasaliyaya natan masassu vachal akarshakamakkam ! Reethiyonnum mattathe thanne !

Pinne sasookshamam' rangakriyakal nireeskshichchu comment ezhuthunna HarI , Pushthakam nokki thanne Padangal QUOTE cheyyanam ... Avide mudra pizhakkukayo, kal etarukayo cheyyunnathil virodhabhasa mille !?

munpu Hare " Kara Vamsathi' ennazhuthiyappol sankatam thooni ! Karavimsathi ( Twenty karams) ! Ethilum chilathaprakaram !

Angane ( Padam thudkkam ) sahithya drushtya AR Thampauram thutangiya poorva soorikal sarivachathu mattuvan adhikaramilla....Pinne repeat cheyyumbol 'anganeyum' akam ennu mathram !

All the Best ...Keep it Up

Rajasekhar.P

Ganesh-Iyer പറഞ്ഞു...

Nice ariticle. I agree with all comments by Mani chettan

Haree പറഞ്ഞു...

@ രാജശേഖർ പി.,
പന്തളത്തു പന്തം കത്തിക്കൽ ആവാം എന്നായിരിക്കുമോ? ;-) മണി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, ‘ആഹന്ത ദയിത!’ എന്ന ഭാഗം ആലാപനം മാത്രമേ പതിവുള്ളൂ എന്നാണല്ലോ മണി പറഞ്ഞത്. അങ്ങിനെയല്ല, അത് സാധാരണ ആടാറുള്ളതാണ്, അതിവിടെ ആടിയില്ല എന്നല്ല ഞാൻ പറഞ്ഞത്. ‘എന്തുകൊണ്ട് അത് ആടിക്കൂട?’ എന്നൊരു ചോദ്യമാണ് ആസ്വാദനത്തിൽ ഞാൻ ചോദിച്ചത്. പണ്ടുമുതലേ ഉള്ള രീതിയാണ് എന്നത് ഒരു നല്ല ന്യായമല്ല.

പദങ്ങൾ ആലപിക്കുന്നത് കേട്ടാണ് എഴുതാറുള്ളത്. ‘കരവിംശതി’ എന്നത് അന്നേ പറഞ്ഞിരുന്നെങ്കിൽ തിരുത്തിയേനേയല്ലോ! ‘കരവംശതി’ എന്നതിന് ‘കരങ്ങളുടെ കൂട്ടം’ എന്നാണ് ഞാൻ മനസിലാക്കിയത്.

‘അംഗനേ!’ എന്ന സംബോധനയ്ക്ക് പകരം ‘അങ്ങനേ,’ എന്ന അർത്ഥം‍വെച്ചുള്ള പദം ഉപയോഗിക്കുന്നതിലെ യുക്തി ഞാൻ ആസ്വാദനത്തിൽ സൂചിപ്പിച്ചുവല്ലോ! മാറ്റുവാൻ അധികാരമുണ്ടോ എന്നത് ഇവിടെ വിഷയമേ ആവുന്നില്ല, കാരണം ഞാൻ മാറ്റത്തിനൊന്നും തുനിയുന്നില്ല. പക്ഷെ, എന്തുകൊണ്ട് ‘അംഗനേ!’ എന്ന സംബോധന തന്നെ പ്രാസം തെറ്റിച്ച്, വെറുമൊരു സംബോധന മാത്രമായി ഉപയോഗിക്കണം എന്നതിലെ യുക്തിയാണ് എനിക്ക് മനസിലാവാത്തത്.

നന്ദി. :-)

@ ഗണേഷ് അയ്യർ,
നന്ദി. :-) മുകളിലെ കമന്റ് ശ്രദ്ധിക്കുമല്ലോ.
--

Unknown പറഞ്ഞു...

Dear Haree :

Entha Pinangiyo?

sasneham

Rajasekhar.P

Haree പറഞ്ഞു...

@ രാജശേഖർ പി.,
:-) അതെന്തേ അങ്ങിനെ തോന്നുവാൻ? തെറ്റു തിരുത്തിയാലോ, എന്റെ ആശയത്തോട് എതിർപ്പ് പ്രകടിപ്പിച്ചാലോ, ഒന്നും ഞാൻ പിണങ്ങില്ല കേട്ടോ... ഇതിപ്പോ ഇങ്ങോട്ട് മുഷിച്ചിൽ തോന്നിയോ എന്നായി എന്റെ സംശയം. :-)
--

Unknown പറഞ്ഞു...

Dear Haree:

Pravasikalaya Drutharashtranmarkku nattil natakkunna kathakali rangangal appol appol report cheyyunna randu sanjayan maranippol Hareeyum Moniyum... Avarodu mushichilO ! Aye ottumilla !
Sasneham
Rajasekhar.P Vaikom

AMBUJAKSHAN NAIR പറഞ്ഞു...

Hello,
I was also at Chingoli. Mass applause after Nalacharitham part of Kattalan and Damayanthi. I was also not satisfied on Kattalan. His mudrakkai speed action and all good. Padam " Pora nam ingirunnalo" enna padathinu what he shown in stage. "Nam" mudra is "njan "is correct because it is the almagatham of Kattalan. But he shown the hands towards the audience or "Nam" as padabhinayam. Iruttil ayudhangal thappiyedukkunnathum sariyalla.(Padam "Pularumarayi bhagavanum")

C.Ambujakshan Nair

Unknown പറഞ്ഞു...

Ref: Mr.Nair's comments :

"udikkumaray bhagavanum"
ennathinumumpu
'uraththezhum thimiram velvan " ennoru vari koodi undallo !

Athukondu Kattalan " A- Ravam" kelkkunna samayam sooryan udichittilla ennu venam anumanikkuvan. ( " Pora nam....ennathile azayavum ethu zarivakkunnathalle?)

Ennal Kattalan thiranju natannu Damayanthi Kanunna samayamthu "neram para para veluthittundavanam...." allenkil..."marathinitalyil kanamE' ennu thudangunna padathinu sadhutha ellathavum.

Regards

Rajasekhar.P

എതിരന്‍ കതിരവന്‍ പറഞ്ഞു...

“വാതിച്ചോര്‍ക്കും” എന്നാണ് പുസ്തകങ്ങളില്‍ കാണുന്നത്. എം. എച്ച് ശാസ്ത്രിയുടെ അര്ത്‍ഥവിവരണം: ‘ദ്വിജന്മാരെ വേദം അഭ്യസിപ്പിക്കുന്ന ഓതിക്കോന്മാര്‍ക്കു പൊലും...’

Haree പറഞ്ഞു...

@ nair,
ശരിതന്നെ. :-) കാട്ടാളനും, ദമയന്തിക്കും ശേഷം നല്ല കൈയ്യടിയായിരുന്നു. ‘പോരാ നാം ഇങ്ങിരുന്നാലോ...’ എന്നതിന് ‘ഞാൻ’ എന്നല്ലായിരുന്നു കാട്ടിയത്, അല്ലേ! അതെന്റെ ശ്രദ്ധയിൽ പെട്ടില്ല. സൂര്യൻ ഉദിച്ചില്ല എന്നതിനാലല്ല ആയുധം തപ്പരുത് എന്നു പറഞ്ഞത്. കാട്ടിൽ വസിക്കുന്ന കാട്ടാളന്, അയുധം എപ്പോഴും അരികിലുണ്ടാവും. അതിനാലാണ്.

@ Rajasekhar.P,
ആ അർത്ഥത്തിലല്ലെങ്കിലും, ആയുധം തപ്പുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല.

@ എതിരൻ കതിരവൻ,
‘വാതിച്ചോർക്കും’ എന്നതാണ് ശരി. :-) തിരുത്തിനു നന്ദി. ‘വേദം അഭ്യസിപ്പിന്ന, ഓത്ത് പഠിപ്പിക്കുന്ന ഓതിക്കോന്മാർക്കു പോലും...’ എന്നുതന്നെയാണ് ആടേണ്ടത്. എന്നാൽ അതില്ലെങ്കിലും, കുറഞ്ഞ പക്ഷം ബ്രാഹ്മണൻ എന്നർത്ഥം വരുന്ന മുദ്രയെങ്കിലും കാട്ടണമെന്നാണ് ഉദ്ദേശിച്ചത്.
--

Unknown പറഞ്ഞു...

Dear Haree : Njan ezhuthiya comment Mr Nair thazhe kkanum vidham ezhuthiyathina paramarsichchayirunnu !


Iruttil ayudhangal thappiyedukkunnathum sariyalla.(Padam "Pularumarayi bhagavanum")

Ayudham thappiyedukkunnathile yukti yo yukti bhangamo alla najn soochippichathu. Marichu mela koduththavidham sooryan udichukazhinju venno adhava udikkunnuvenno soochana Mr.Nair brackettil 'Udikkumaray (pularumaray ) bhagavanum ' ennazhuthiyathil undannu thoonniyathinal anu angane oru comment ezhuthi ppoyathu.
Allathe Hariyute nilapatu mattikkuvan uddasichchalla angane ezhuthiyathu ! Athum ente parimithamaya arivu vachu !
kshemichekku !

Rajasekhar.P

AMBUJAKSHAN NAIR പറഞ്ഞു...

Mr.Rajasekhar,
Thank you for the comments.
" Kattalante almagatham" aswadakare nokki "nam" ennu kattiyathu ottum sariyalla. These types of mistakes plenty in Kathakali. At any situation I canot agree with this. The actor shown "nam" he and the "audience".
But it is true that the most of the audience response shown only after this rangam. One aswadakan from Evoor fully enjoyed this rangam and after this he left the place.
Ok. The actor having very good speciality comparing other actors. That may be the reasons.
C.Ambujakshan Nair

Haree പറഞ്ഞു...

@ rajasekhar.p,
മൊത്തം കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണല്ലോ!!! ക്ഷമിക്കാനോ, തെറ്റുവരുന്നത് തിരുത്തിയില്ലെങ്കിൽ അത് ക്ഷമിക്കത്തക്കതല്ല. :-)

@ nair,
ഇരുട്ടിൽ ആയുധങ്ങൾ തപ്പിയെടുക്കുന്നതായി ആടിയത് ശരിയായില്ല; എന്നാൽ അത് സൂര്യൻ ഉദിക്കുമാറായതുകൊണ്ടാണ് എന്ന് താങ്കളുടെ ആദ്യ കമന്റ് സൂചിപ്പിക്കുന്നു. അതുകൊണ്ടല്ല എന്നാണ് രാജശേഖർ പി. പറയുന്നത്. കാരണം, അപ്പോൾ വെളിച്ചമായിട്ടില്ല, ഉരത്തെഴും തിമിരം തന്നെയാണ് അവസ്ഥ. കാട്ടാളൻ ‘നാം’ എന്നതിനു മുദ്രകാട്ടിയതിനെക്കുറിച്ച് ഇവിടെ രാജശേഖർ പി. ഒന്നും പറഞ്ഞിട്ടില്ല. താങ്കളുടെ അതിനെക്കുറിച്ചുള്ള നിരീക്ഷണത്തെ ആരും എതിർക്കുവാൻ സാധ്യതയില്ല.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--