2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

കിഴക്കേക്കോട്ടയിലെ രംഭാപ്രവേശം

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha.
ആഗസ്റ്റ് 12, 2008: പതിനാലാമത് രംഗകലോത്സവത്തിന്റെ സമാപനദിവസം, ‘രാവണവിജയം’ കഥകളിയിൽ നിന്നുമെടുത്ത ‘രംഭാപ്രവേശം’ എന്ന ഭാഗം അവതരിപ്പിക്കുകയുണ്ടായി. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള രാവണനായും, മാർഗി വിജയകുമാർ രംഭയായും, കോട്ടക്കൽ രവികുമാർ ദൂതനായും വേഷമിട്ടു. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരായിരുന്നു ഗായകർ. കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും, കോട്ടക്കൽ പ്രസാദ് ചെണ്ടയിലും മേളമൊരുക്കി. രാവണന്റെ വീരരസപ്രധാനമായ തിരനോക്കോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan.
ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെ തിരനോക്കിന് ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. വളരെ കൃത്യതയോടെയാണ് തിരനോക്കിലെ ഓരോ ചലനവും അദ്ദേഹം അവതരിപ്പിക്കുന്നത്. തിരനോക്കിന്റെ അവസാന ഭാഗത്ത് തിരപൊക്കി, പാദം മുന്നിലോട്ടു നീട്ടുന്ന ഒരു പതിവുണ്ട് (ചിത്രം ശ്രദ്ധിക്കുക). സാധാരണയായി കാലു പൊക്കുവാൻ തുടങ്ങുമ്പോൾ തിര താഴെയായിരിക്കും, അതുപിന്നെ വലിച്ചുവാരി പിടിച്ച്, ഇടയ്ക്കത് പിന്നെയും താഴെക്ക് വീണ്, അവതരിപ്പിച്ചുവരുമ്പോൾ അതിന്റെ ഭംഗി മുഴുവൻ നഷ്ടമാവും. എന്നാലിവിടെ, അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ, കൈ തിരക്കുമുകളിലൂടെ ചലിപ്പിക്കുമ്പോൾ തന്നെ ശരിയായി മുകളിലേക്ക് മടക്കി, വളരെ മനോഹരമായി രാമചന്ദ്രൻ പിള്ള ഈ ഭാഗം ചെയ്യുകയുണ്ടായി. ചെറിയ കണ്ണുകളാണെന്ന പോരായ്മ മറികടക്കുവാനായി, പ്രത്യേകരീതിയിൽ കണ്ണുകൾ ചെറുതായി അടച്ചു തുറന്നുള്ള നോട്ടമായിരുന്നു അദ്ദേഹത്തിന്റെ തിരനോക്കിലെ മറ്റൊരു സവിശേഷത.

തിരനോക്കിനു ശേഷം രാവണന്റെ സഭയിലേക്ക് വൈശ്രവണൻ അയച്ച ഒരു ദുതൻ പ്രവേശിക്കുന്നു. ‘യാദുധാന ശിഖാമണേ! ശൃണു...’ എന്നതാണ് ദ്ദൂതന്റെ പദം. തന്റെ ശക്തി ഉപയോഗിച്ച് പല ദിക്കുകളിലുമുള്ള സ്ത്രീകളെ കീഴ്പ്പെടുത്തി, അവരെ ബലാൽക്കാരമായി പ്രാപിക്കുന്ന രാവണന്റെ ശീലം അവസാനിപ്പിക്കണമെന്നും മറ്റുമാണ് ദൂതൻ രാവണനെ അറിയിക്കുന്നത്. ഇതൊക്കെ കേട്ട് കോപിക്കുന്ന രാവണൻ, ദൂതന്റെ തലവെട്ടിമാറ്റുന്നു. ദൂതൻ പറഞ്ഞ കാര്യങ്ങൾ രാവണൻ വീണ്ടും ആലോചിക്കുന്നു. “താൻ സ്ത്രീകളെ ബലാൽക്കാരമായി പ്രാപിക്കുന്നെന്നോ... ഛായ്...” എന്നാലൊചിച്ച് കുബേരനെ ഒരു പാഠം പഠിപ്പിക്കണമെന്നുറയ്ക്കുന്നു. ശക്തിമാനായ തന്നെ ഉപദേശിക്കുവാൻ മാത്രം അവൻ വളർന്നുവോ എന്നാണ് രാവണന്റെ ചിന്ത. ബ്രഹ്മാവിനെ തപസ്സുചെയ്ത്, വരങ്ങൾ ലഭ്യമാക്കിയതെങ്ങിനെയെന്ന് തുടർന്നാടുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Kottackal Ravikumar as Doothan.
ദൂതനായി രംഗത്തെത്തിയ കോട്ടക്കൽ രവികുമാറിന് ഭാവങ്ങൾ നന്നേ കുറവായി തോന്നി. കുബേരൻ വന്നു പറയുന്ന അതേ ഭാവത്തിൽ, അത്രയും ഗൌരവത്തിലാവണം ദൂതൻ കാര്യങ്ങൾ ധരിപ്പിക്കേണ്ടത്. ദൂത് കഴിഞ്ഞ്, രാവണൻ കോപിക്കുമ്പോൾ അത്യധികം ഭയക്കുകയും വേണം. എന്നാലിവിടെ അങ്ങിനെയുള്ള സൂക്ഷ്മഭാവങ്ങളൊന്നും രവികുമാറിൽ കണ്ടില്ല. ആട്ടം തരക്കേടില്ലായിരുന്നെന്നു മാത്രം. ദൂതന്റെ തല അരിഞ്ഞ ശേഷം മുകളിലേക്ക് നോക്കി, “കുബേര! ഇതു കാണുക. നിന്റെ ദൂതന്റെ തല ഞാൻ അരിഞ്ഞിരിക്കുന്നു, ഇതു പോലെ നിന്റെ തലയും അരിയുന്നുണ്ട്...” എന്നുള്ള രാവണന്റെ ആട്ടവും ഉചിതമായി. അതുകഴിഞ്ഞ്, ഭൃത്യരെ വിളിച്ച് അവിടം വൃത്തിയാക്കുവാനും രാവണൻ പറയുന്നുണ്ട്. കുബേരനെ യുദ്ധത്തിൽ പരാജയപ്പെടുത്തണം എന്നുറച്ച്, അതിനായി തയ്യാറെടുക്കുക തന്നെ എന്നാടി കലാശിക്കുന്നു.

യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കിയുള്ള പടപ്പുറപ്പാടാണ് തുടർന്ന് വിസ്തരിച്ചാടിയത്. തേരു കാണുന്നതും, വിവിധങ്ങളായ ആയുധങ്ങൾ തേരിൽ നിറയ്ക്കുന്നതും മറ്റും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കുന്തം, ശൂലം മുതലായ ആയുധങ്ങൾ ഇരുകരങ്ങളും ഉപയോഗിച്ചു പിടിക്കുന്നതായാണ് അവതരിപ്പിക്കുക; അപ്പോളൊക്കെ കുന്തം, ശൂലം എന്നിവ പിടിക്കുന്ന രീതിയിൽ കൈകളുടെ സ്ഥാനം ശരിയായി പിടിക്കുവാൻ ശ്രദ്ധിക്കുന്നതായി കണ്ടില്ല. തേരിൽ സഞ്ചരിച്ച് കുറേയെത്തുമ്പോൾ; സൂര്യൻ അസ്തമിക്കുന്നതായും, ഇരുൾ പരന്നതിനാൽ ഇനിയിന്ന് യുദ്ധം പറ്റില്ല എന്നുമാടി; സൈന്യത്തോട് കൂടാരങ്ങളുണ്ടാക്കി വിശ്രമിക്കുവാൻ ആജ്ഞാപിക്കുന്നു.

ഗംഗയുടെ കളകള ശബ്ദത്തോടെയുള്ള ഒഴുക്ക് പാദസരങ്ങളുടെ ശബ്ദം പോലെയും, സുന്ദരിയുടെ ചിരിപോലെയുമൊക്കെ രാവണനു തോന്നുന്നു. പർവ്വത മുകളിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെ നിലാവ് എങ്ങും പരന്നിരിക്കുന്നു. നിലാവ് മായാതിരിക്കുവാൻ, ചന്ദ്രനോട് അവിടെ തന്നെ നിൽക്കുവാൻ രാവണൻ ആജ്ഞാപിക്കുന്നു. കുയിലുകളുടെ പാട്ടും, മന്ദമാരുതനും രാവണനിൽ കാമവികാരങ്ങൾ ഉണർത്തുന്നു. പോരാത്തതിന് പർവ്വതമുകളിൽ ഗന്ധർവ്വന്മാരും, അപ്‍സരകന്യകളും കാമക്രീഡകളിൽ മുഴുകിയിരിക്കുന്നതും രാവണൻ കാണുന്നു. ഇതൊക്കെ കണ്ട്, ഇവിടെ തനിക്കൊരു പെണ്ണില്ലാതെ പോയല്ലോ എന്ന് രാവണൻ കുണ്ഠിതപ്പെടുന്നു. ഈ സമയത്താണ് ഒരു പെണ്ണിന്റെ ഗന്ധം രാവണനു ലഭിക്കുന്നത്, നോക്കുമ്പോൾ ഒരു സ്ത്രീ രൂപം അടുത്തേക്കു വരുന്നു. മറ്റൊരു വഴിയിലൂടെയും കടന്നു പോകുവാനില്ലാത്തതുകൊണ്ട്, ഈ വഴിതന്നെയാണ് അവളുടെ വരവ് എന്നു രാവണൻ തീർച്ചയാക്കുന്നു. വരുമ്പോൾ ആരെന്നറിയാം എന്നുറച്ച്, രാവണൻ സുന്ദരിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha.
രംഭ, വലതു ഭാഗത്തുകൂടി പ്രവേശിക്കുന്നു. പടകുടീരങ്ങൾ കണ്ട്, ഒട്ടൊരു സംഭ്രമത്തോടെ, ശബ്ദമുണ്ടാക്കാതെ കടന്നുപോവുക തന്നെ എന്നുറച്ച് അവൾ മുന്നോട്ടു നടക്കുന്നു. രാവണൻ തടയുന്നു. ഈരേഴ് പാരിനും ഈശനായ താൻ, കാമശരങ്ങളേറ്റ് തളരുന്നു എന്നു പറഞ്ഞ് രാവണൻ തന്റെ ഇംഗിതം അറിയിക്കുന്നു. ‘ആർശരനാഥ മുഞ്ചമ...’ എന്ന രംഭയുടെ പദമാണ് തുടർന്ന്. താനിന്ന് കുബേരന്റെ പുത്രനോടൊപ്പം ശയിക്കുമെന്ന് വാക്കു നൽകിയതാണ്. അങ്ങയുടെ പുത്രഭാര്യയായ എന്നെ അങ്ങ് മോചിപ്പിക്കുക എന്നു രംഭ അപേക്ഷിക്കുന്നു. എന്നാൽ, തന്റെ പുത്രൻ മന്ദിരത്തിൽ സുഖമായി ഉറങ്ങുന്നുണ്ട്, അതിനാൽ നീ എന്നോടൊപ്പം ശയിക്കുക എന്നാണ് രാവണന്റെ മറുപടി. തന്റെ മുത്തണിമുല ഇന്നു പുൽകുവാനുള്ള അവകാശം വിത്തനന്ദനനാണ് എന്നു പറയുന്ന രംഭയോട് രാവണൻ പറയുന്നു; “രണ്ടു കൈകളുള്ള ആ ബാലൻ പുണർന്നാൽ എന്താകുവാനാണ്, തന്റെ ഇരുപതു കൈകൾ കൊണ്ട് നിന്നെ പുണരുന്നുണ്ട്...”.

RambhaPravesham Kathakali (Selected scenes from RavanaVijayam): Margi Vijayakumar as Rambha.
ദേവനാരിയായ തനിക്ക് ദിനവും ഓരോ വല്ലഭനാണെന്നും, ഇന്ന് കുബേരപുത്രനാണ് തന്റെ പതിയെന്നും, അദ്ദേഹത്തോടൊപ്പമല്ലാതെ അന്യപുരുഷനൊപ്പം ഞാനിന്ന് ശയിക്കുകയില്ലെന്നും; അതിനാൽ തന്റെ പാതിവ്രത്യം പാലിക്കുവാൻ അനുവദിക്കണമെന്നും രംഭ യാചിക്കുന്നു. “കാലിണ തവ തൊഴുതേൻ പോകുന്നു...” എന്നു പറഞ്ഞ് പോകാനൊരുങ്ങുന്ന രംഭയോട് രാവണൻ പൊയ്ക്കോളുവാൻ ആംഗ്യം കാണിക്കുന്നു. രണ്ടുമൂന്നടി വെയ്ക്കുമ്പോൾ, ഉഗ്രനൊരു അലർച്ച. ചെവി പൊട്ടിപ്പോയതുപോലെ എന്നു പരിഭ്രമിച്ച് രംഭ തിരികെയെത്തുന്നു. നിധികുംഭം കണ്മുന്നിൽ വന്നിട്ട്, അത് കാലുകൊണ്ട് തട്ടിക്കളയുന്നവരുണ്ടാവുമോ എന്നാണ് രാവണന്റെ ചോദ്യം. താനിന്ന് കുബേരപുത്രനു വാക്കു കൊടുത്തതാണ്, ചെന്നില്ലെങ്കിൽ അവൻ ശപിക്കുമെന്നായി രംഭ. രാവണന്റെ മറുപടി, “അവൻ രണ്ടു കൈകൊണ്ട് ശപിച്ചുകൊള്ളട്ടെ, ഞാൻ നിന്നെ ഇരുപതു കരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു.”.

രാവണൻ എന്തുപറഞ്ഞിട്ടും കൂട്ടാക്കുന്നില്ല എന്നു മനസിലാക്കി, ഇനിയെന്തെങ്കിലും ഉപായം പറയുക തന്നെ എന്നു തീരുമാനിക്കുന്നു. സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ, എന്ന മുഖവുരയോടെ ചോദിക്കുന്നു; “ഇന്ന് ഞാൻ പോയിട്ട് നാളെ അങ്ങയുടെ അടുത്ത് വരട്ടെ?”. ഇതു കേട്ട്, രാവണൻ ചോദിക്കുന്നു; “ഇന്നപ്പോൾ ഞാൻ ഒറ്റയ്ക്കിവിടെയിരിക്കണമെന്ന്, അല്ലേ?”. എന്നാൽ ഞാനൊരു കാര്യം പറയട്ടെ എന്നു പറഞ്ഞ് രാവണൻ തുടരുന്നു; “വിഭവസമൃദ്ധമായ ഊണു വിളമ്പിയതിനു ശേഷം, ഇന്നില്ല നാളെ വന്നാൽ ഊണു കഴിക്കാം എന്നു പറഞ്ഞാൽ ശരിയാവുമോ? നിന്നെ പെട്ടെന്ന് വിട്ടേക്കാം, അതിനു ശേഷം നീ കുബേരപുത്രന്റെ സമീപത്തേക്ക് പൊയ്ക്കോളൂ...”. രംഭ നേരേ പറഞ്ഞിട്ട് വഴങ്ങുന്നില്ല എന്നു കണ്ട്, ബലാൽക്കാരമായി രാവണൻ അവളെ പ്രാപിക്കുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan.
രംഭയേയും കൊണ്ട് അരങ്ങിൽ നിന്നും മാറുകയാണ് ചെയ്യുക. തിരിച്ചു വന്ന്, “മോശമായിപ്പോയി, ഒരു പെണ്ണിനെ ബലാൽക്കാരമായി... ഛെ!” എന്ന രീതിയിലുള്ള ആത്മഗതത്തിനു ശേഷം; സമയം ഏറെയായിരിക്കുന്നു എന്നുകണ്ട്, ചന്ദ്രനോട് നിങ്ങിക്കോള്ളുവാൻ പറയുന്നു (നേരത്തേ ചന്ദ്രനോട് നിൽക്കുവൻ ആജ്ഞാപിച്ചത് ഓർക്കുക.). നേരം പുലർന്നതു കണ്ട്, വൈശ്രവണനെ ഇനി പോരിനു വിളിക്കുക തന്നെ എന്നാടി അവസാനിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാൽ വൈശ്രവണനെ യുദ്ധത്തിൽ തോൽപ്പിച്ചു; ധനവും, പുഷ്പകവിമാനവും കൈക്കലാക്കി; ലങ്കയിലേക്കുള്ള യാത്രാമധ്യേ കൈലാസം മാർഗത്തിനു വിഘ്നമായി നിൽക്കുന്നു; കൈലാസോദ്ധാരണം; തളർന്നു വീണ് ഞരമ്പ് പുറത്തെടുത്ത് വീണയായി മീട്ടി, ശങ്കരാഭരണം രാഗത്തിൽ ശിവനെ സ്തുതിച്ച്; ശിവൻ പ്രസാദിച്ച് ചന്ദ്രഹാസം നൽകുന്നതുവരെ ഇഞ്ചക്കാടൻ ആടുകയുണ്ടായി. എന്നാൽ, ഇത്രയും ഭാഗം ഒട്ടും വിശദീകരിക്കാതെ വളരെ ഝടുതിയിലാണ് ആടി തീർത്തത്. ആട്ടത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. വൈശ്രവണനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്ന ഭാഗം വരെ ആടി അവസാനിപ്പിക്കുകയായിരുന്നു ഭംഗി.

ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും, മാർഗി വിജയകുമാറും; രണ്ടുപേരും അന്യോന്യം മനസറിഞ്ഞാണ് രംഗത്തു പ്രവർത്തിച്ചത്. അതിന്റേതായ ഭംഗി പലഭാഗത്തും കാണുവാനുമുണ്ടായിരുന്നു. മുദ്രകാണിക്കുന്നതിനിടയിൽ കണ്ണുകൾ ഇടയ്ക്കിടെ അടയ്ക്കുന്നത് ഇഞ്ചക്കാടന്റെ(ദൂതനുമൊത്തുള്ള രണ്ടാമത്തെ ഫോട്ടോ ശ്രദ്ധിക്കുക.) ഒരു പോരായ്മയായി തോന്നി. രാവണന്റെ ഉടുത്തുകെട്ടും ഭംഗിയായില്ല. രംഭയ്ക്ക് നീല കുപ്പായമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, ചുവന്ന കുപ്പായമാണ് ഇവിടെ ധരിച്ചിരുന്നത്. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരുടെ സംഗീതം ശരാശരി നിലവാരം പുലർത്തി. ആനന്ദഭൈരവിയിലുള്ള ‘ആർശരനാഥ! മുഞ്ചമ...’ എന്ന പദമൊക്കെ ഇതിലും എത്രയോ മെച്ചമായി പാടാമായിരുന്നു. ഫാക്ട് ദാമുവിന്റെ പാട്ടിൽ ഭാവവും കുറവായിരുന്നു, ഇടയ്ക്കൊക്കെ ശബ്ദം നിയന്ത്രണത്തിൽ നിന്നതുമില്ല. ചെണ്ടയിൽ പ്രവർത്തിച്ച കോട്ടക്കൽ പ്രസാദിന് പലയിടത്തും പിഴച്ചു. മുദ്രയ്ക്കും/കലാശങ്ങൾക്കും ഒപ്പം കൂടുന്നതിലും മികവ് പ്രകടമായില്ല. കലാമണ്ഡലം അച്ചുതവാര്യരുടെ മദ്ദളം നന്നായിരുന്നു. രാവണൻ കുയിലിനെയും മറ്റും കാണിച്ചപ്പോൾ(രംഭ സംസാരിക്കുമ്പോൾ, ശല്യപ്പെടുത്താതെയിരിക്കുവാൻ പറയുന്നതായി), കൂജനമൊന്നും മദ്ദളത്തിൽ കേൾപ്പിക്കുവാൻ ഉത്സാഹിച്ചില്ല എന്നതൊരു കുറവായി. ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും; ഇഞ്ചക്കാടന്റെ രാവണനും, വിജയകുമാറിന്റെ രംഭയും നന്നായി തിളങ്ങിയതിനാൽ, വളരെ മികച്ച ഒരു ആസ്വാദനാനുഭവമായിരുന്നു ഇവിടുത്തെ ‘രംഭാപ്രവേശം’ പ്രേക്ഷകർക്കു നൽകിയത്.

Description: RambhaPravesham Kathakali(Selected scenes from RavanaVijayam) staged at Karthika Thirunal Theater, East Fort, Thiruvananthapuram. Organized by Drisyavedi as part of 14th Kerala Rangakalolsavam. Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha and Kottackal Ravikumar as Doothan. Pattu by Kalamandalam Rajendran and Fact Damu. Maddalam by Kalamandalam Achutha Varier and Chenda by Kottackal Prasad.
--

7 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

14-മത് രംഗകലോത്സവത്തിന്റെ ഭാഗമായി, അവതരിക്കപ്പെട്ട ‘രംഭാപ്രവേശം’ കഥകളിയുടെ ആസ്വാദനം.
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

"പുഷ്പവിമാനവും"
Spelling mistakes Haree.
Regards,
-S-

PIN പറഞ്ഞു...

ആസ്വാദനം നന്നായിട്ടുണ്ട്.

AMBUJAKSHAN NAIR പറഞ്ഞു...

Hari,
Very beautifully you written about the Kali. Sri.Inchakkadu Ramachandran Pillai's attam is really very good. He gained very good knowledge from his Guru. Bramhasree Mankulam. Recently at Harippad Thalathotta temple he had taken the role of Parusuraman in
Seethaswayamvaram. He is a very good actor. I many times enjoyed his Bahukan, Kattalan in Kiratham, Duryodhanan in Duryodhanavadham etc.

C.Ambujakshan Nair

Sreekanth | ശ്രീകാന്ത് പറഞ്ഞു...

ഹരി,

ആസ്വാദനം വളരെ നന്നായിട്ടുണ്ട്. ഇഞ്ചക്കാടു രാ‍മചന്ദ്രന്‍ പിള്ളയുടെ വേഷങ്ങള്‍ വളരെ കുറച്ചെ കാണാന്‍ സാധിച്ചിട്ടുള്ളു. അധികവും വടക്കു ഭാഗത്തുള്ള കളി കാണുന്നതു കോണ്ടു ഇദ്ദേഹം ധാരാളമായി ഇവിടെ വരാത്തതുകൊണ്ടു ആണത്.

Haree പറഞ്ഞു...

@ -സു-‌|sunil,
‘പുഷ്പകവിമാന’മെന്നാക്കിയിട്ടുണ്ടേ... :-)

@ pin,
നന്ദി. :-)

@ nair,
നന്ദി. :-)

@ ശ്രീകാന്ത് അവണാവ്,
:-) ഞാൻ ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു വേഷം കാണുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ഭാഗങ്ങളിലൊന്നും അദ്ദേഹത്തിനു വേഷം ലഭിക്കാറില്ലെന്നു തോന്നുന്നു.
--

ആസ്വാദകൻ പറഞ്ഞു...

നല്ല പ്രവര്‍ത്തീ ഉള്ള നടനാണ് അദ്ദേഹം, ചില വെഷങ്ങള്‍, ബാഹുകന്‍,കീചകന്‍ കാണാന്‍ പറ്റി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--