
![]() ![]() |
“അതിസുഖസംഗത സുദിനം ദിനമിതു മമ!” എന്നു കൃഷ്ണന് പറയുമ്പോള്‍, ‘എനിക്കും അപ്രകാരം തന്നെ’ എന്നിങ്ങനെ സന്ദര്‍ഭത്തോടിണങ്ങുന്ന രീതിയില്‍ ചില മനോധര്‍മ്മങ്ങള്‍ അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുണ്ടായി. എന്നാല്‍ “ഏതാകിലും വരുമോ ബാധ!” എന്നഭാഗത്ത് കൃഷ്ണനോട് അതൊരു ചോദ്യമായി ചോദിച്ചു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. സത്യത്തില്‍, അങ്ങയുടെ ദാസനായ ഞങ്ങള്‍ക്ക് ഒരു ദുഃഖവും വരുവാന്‍ ഇടയില്ല എന്നുറപ്പിച്ചു പറയുകയല്ലേ വേണ്ടത്. അങ്ങിനെയൊരു ചോദ്യത്തിനു തന്നെ ഇടമില്ല എന്നു വ്യംഗ്യം. ശ്രീകൃഷ്ണന്റെ പദഭാഗമായ “ചലിക്കും നളിനീദലമധ്യേ...” എന്നതിന്റെ അവതരണവും ശരിയായ രീതിയിലല്ല ഉണ്ടായത്. ഈ പദത്തിന്റെ അര്‍ത്ഥമുദ്രകള്‍ അതുപോലെ പെറുക്കിവെയ്ക്കുന്നതില്‍ എന്തു കാര്യം! ഇളകുന്ന ജലത്തുള്ളിയുടേതിനു സമാനമായ, ക്ഷണികമായ നരജന്മം എന്നര്‍ത്ഥം കൊണ്ടുവരുവാന്‍ കഴിയണം. താമരയില എന്നതിനു താമരയിതള് എന്നാണ് ശ്രീകുമാര്‍ ആടിയത്. ചലിക്കുന്ന താമരയിലയില്‍ ലസിക്കുന്ന ജലബിന്ദുവിനെ ആട്ടത്തിലൂടെ അനുഭവവേദ്യമാക്കുവാനും അദ്ദേഹം മിനക്കെട്ടില്ല.
![]() ![]() |
![]() ![]() |
![]() ![]() |
![]() ![]() |
ഈ ഭാഗത്ത് രണ്ട് വിചിത്രമായ മനോധര്‍മ്മങ്ങള്‍ ബാലസുബ്രഹ്മണ്യന് ആടുകയുണ്ടായി. ആദ്യത്തേത്, ബ്രാഹ്മണന് “വിഷ്ടപാധിപന്‍, ശിഷ്ടപാലകന്...” എന്നു തുടങ്ങുന്ന പദത്തിന്റെ ഇരട്ടിയില്‍, “പൊട്ട! നീ ചാടി പുറപ്പെട്ടതെത്രയും ചിത്രം!” എന്നു പറയുമ്പോള്‍ ബാലസുബ്രഹ്മണ്യന്റെ അര്ജ്ജുനന് ആടുകയാണ്, ‘ബ്രാഹ്മണന്റെ ശകാരം പോലും അമൃതിനു സമാനമാണ്!’ എന്ന്. ‘കീചകവധ’ത്തില്‍ മാലിനിയുടെ ശകാരങ്ങള്‍ കേട്ടിരിക്കുന്ന കീചകന് ഈ ആട്ടം ചേരും, ഇവിടെ അര്‍ജ്ജുനനു ചേരില്ല! “അര്‍ജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്?” എന്ന് അര്ജ്ജുനന് ചോദിക്കുമ്പോള്‍ ബ്രാഹ്മണന് പറയുന്നു, ‘എനിക്കൊന്നും കേള്‍ക്കുവാനില്ല...’ എന്ന്. ഇതു കണ്ട് അര്ജ്ജുനന് കാണിക്കുകയാണ്, ‘പാവം! പൂജ കഴിച്ചുകഴിച്ച്, മണിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ കഴിയുന്നുള്ളെന്നു തോന്നുന്നു!’ എന്തുദ്ദേശത്തിലാണ് ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു കലാകാരന് ആടുന്നതെന്ന് മനസിലാവുന്നില്ല.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് എന്നിവരാണ് ഇവിടം വരെയുള്ള ഭാഗങ്ങള്‍ ആലപിച്ചത്. ആദ്യ രംഗത്തെ പദങ്ങള്‍ അത്രയൊന്നും ഭാവസാന്ദ്രമായെന്നു പറയുവാനില്ല. “ധീരന്! സുകൃതിജന...” എന്ന ഭാഗത്തെ ‘ധീരന്’ എന്നതിനും മറ്റും ശക്തികൊടുത്തു പാടുന്നത് രാഗഭാവം കുറയ്ക്കുന്നു. കുശലം ചോദിക്കുന്ന രീതിയാകയാല്‍, അവിടെ പദങ്ങള്‍ക്ക് അത്രയും ശക്തി നല്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബ്രാഹ്മണന്റെ മുതല്ക്കുള്ള ഭാഗങ്ങള്‍ ഇരുവരും നന്നായി ആലപിച്ചു. ബ്രാഹ്മണന്റെ ഒരു ചരണത്തില്‍ വരുന്ന “കഷ്ടം! ഇതു കാണ്മിന്...”, “എട്ടു ബാലന്മാര്...” എന്നിവയിലെ ‘കഷ്ടം’, ‘എട്ടു’ എന്നിവ ആവര്‍ത്തിച്ചു പാടി ഭാവതീവ്രത നല്‍കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഈ രണ്ടുവാക്കും നീട്ടിപ്പാടി താളത്തില്‍ നിര്‍ത്തുകയാണുണ്ടായത്. കലാനിലയം മനോജ്, കലാഭാരതി ഉണ്ണികൃഷ്ണന് എന്നിവര്‍ യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും ഈ ഭാഗങ്ങള്‍ക്ക് മേളമൊരുക്കി. കൈക്കുകൂടുന്നതിലും, കലാശങ്ങളിലും ഇരുവരും മോശമായില്ല. ബ്രാഹ്മണന് തിരികെ ഗൃഹത്തിലെത്തി, നടന്ന കാര്യങ്ങള്‍ പത്നിയെ അറിയിക്കുന്നതു മുതല്ക്കുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.
Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lekshmi), RLV Sunil (Vishnu). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--