2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പേരാമംഗലത്തെ മല്ലയുദ്ധം

Mallayudham Kathakali: Kottackal Devadas as Mallan and Kalamandalam Pradeep Kumar as Valalan.
ഫെബ്രുവരി 22, 2009: പത്മശ്രീ പുരസ്കാരര്‍ഹനായ കലാമണ്ഡലം ഗോപിയുടെ ബഹുമാനാര്‍ത്ഥം, അദ്ദേഹത്തിന്റെ വാസസ്ഥലമായ പേരാമംഗലം നിവാസികള്‍ ഒരുക്കിയ സ്വീകരണത്തിനു ശേഷം ആദ്യ കഥയായി ‘മല്ലയുദ്ധം’ അവതരിക്കപ്പെട്ടു. ഇരയിമ്മന്‍ തമ്പിയുടെ ‘കീചകവധം’ ആട്ടക്കഥയില്‍ നിന്നുമെടുത്ത ഒരു രംഗമാണിത്. ആട്ടത്തിനും, യുദ്ധരംഗങ്ങള്‍ക്കും വളരെ പ്രാധാന്യമുള്ള ഒരു കഥാഭാഗമാണിത്. കോട്ടക്കല്‍ ദേവദാസ് മല്ലനായും കലാമണ്ഡലം പ്രദീപ് കുമാര്‍ വലലനായും അരങ്ങിലെത്തിയ ഈ കഥയുടെ മേളം കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നയിച്ചു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് തുടങ്ങിയവരായിരുന്നു ഗായകര്‍.

തന്റെ കൈക്കരുത്തിലും അഭ്യാസപാടവത്തിലും അത്യധികം അഹങ്കരിക്കുന്ന ജിനൂതന്‍ എന്ന ഒരു മല്ലന്‍ ഒരിക്കല്‍ വിരാടരാജ്യത്തിലെത്തുന്നു. മല്ലന്റെ പരാക്രമങ്ങളെക്കുറിച്ച് കേട്ടറിവുള്ള ദേശത്തെ പ്രധാനമല്ലന്മാരാരും അയാളോട് എതിര്‍ക്കുവാന്‍ തയ്യാറാവുന്നില്ല. ഈ സമയം, പാചകക്കാരനായി വിരാടദേശത്ത് അജ്ഞാതവാസം കഴിക്കുന്ന വലലന്‍ മല്ലയുദ്ധത്തിനൊരുങ്ങുന്നു. ജിനൂതനെ പരാജയപ്പെടുത്തി വലലന്‍ വിരാടരാജാവിന്റെ പ്രീതിക്ക് പാത്രമാവുന്നു. ഇത്രയുമാണ് ‘മല്ലയുദ്ധം’ കഥയുടെ ഉള്ളടക്കം. തന്റെ സ്വൈര്യജീവിതത്തിനു കാരണം തേടിയുള്ള മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥ ആരംഭിക്കുന്നത്. തന്നോടെതിര്‍ത്ത പല പേരുകേട്ട മല്ലന്മാരെയും കാലപുരിയ്ക്കയച്ച പരാക്രമശാലിയായ തന്നോടെതിര്‍ക്കുവാന്‍ ഇവിടെയെങ്ങും ആരുമില്ലെന്ന തന്റെ സുഖത്തിന്റെ ഹേതു അയാള്‍ മനസിലാക്കുന്നു. ഏറെ നാളായി ആരോടും എതിര്‍ക്കാത്തതിനാല്‍ കൈതരിക്കുന്നു, ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ആരെയെങ്കിലും എതിര്‍ക്കുവാന്‍ കിട്ടുമോയെന്നു നോക്കുകതന്നെ എന്നാടി ഭാണ്ഡവുമെടുത്ത് മല്ലന്‍ പുറപ്പെടുന്നു.


കുറച്ചു ദൂരം ചെല്ലുമ്പോള്‍, പെരുമ്പറയുടേയും കാഹളത്തിന്റേയും ശബ്ദം കേട്ട് മല്ലന്‍ അവിടേക്ക് ശ്രദ്ധിക്കുന്നു. വിരാടരാജ്യത്ത് നടക്കുന്ന മല്ലയുദ്ധത്തിന്റെ അറിയിപ്പായിരുന്നു അത്. വിരാടരാജ്യത്തു ചെന്ന് മല്ലയുദ്ധത്തില്‍ പങ്കെടുക്കുക തന്നെ എന്നുറച്ച് മല്ലന്‍ അങ്ങോട്ടു തിരിക്കുന്നു. പല നിലകളുള്ള ഗോപുരത്തിന് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു. അടുത്തെത്തുന്ന മല്ലനെ കണ്ട് അവര്‍ ഭവ്യതയോടെ അകത്തേക്ക് ആനയിക്കുന്നു. ഉള്ളില്‍ മല്ലന്മാരുടെ ചിത്രങ്ങള്‍ കണ്ട്, ഇവരെയെല്ലാം താന്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് മല്ലന്‍ മേനി നടിക്കുന്നു. കുറച്ചു കൂടി ഉള്ളിലേക്ക് കടക്കുമ്പോള്‍, തന്റെ തന്നെ ചിത്രം കൊത്തിവെച്ചിരിക്കുന്നത് അഭിമാനത്തോടെ നോക്കിക്കാണുന്നു. അങ്കത്തട്ട്, ചുറ്റിനും പല നിലകളിലായി കാണികള്‍, ഏറ്റവും മുകളിലായി രാജാവ് തന്നെ സന്നിഹിതനായിരിക്കുന്നു. അങ്കത്തട്ടില്‍ കയറി രാജാവിനെ വന്ദിച്ച്, ചുറ്റുമുള്ള പല മല്ലന്മാരെയും പോരിനായി ക്ഷണിക്കുന്നു. എന്നാല്‍ അവരെല്ലാം ഒഴിഞ്ഞു മാറുന്നു.

“ആരൊരു പുരുഷനഹോ! എന്നോടെതിര്‍പ്പാന്‍?” എന്നു തുടങ്ങുന്ന മല്ലന്റെ പദമാണ് തുടര്‍ന്ന്. ആരെങ്കിലും യുദ്ധത്തിനു തയ്യാറുണ്ടോ എന്നു ചോദിച്ച്, ഇനിയാരെങ്കിലും തയ്യാറായാല്‍ അവന്റെ ‘മദമടക്കി ലഘുമടക്കും...’ എന്നു വീമ്പിളക്കുന്ന മല്ലന്റെ മുന്നിലേക്ക് വലലന്‍ പ്രവേശിക്കുന്നു. സമര്‍ത്ഥനെന്നൊരു തെറ്റിദ്ധാരണയോടെ ഇവിടെ നിന്ന് വീമ്പിളക്കുന്ന നിന്നെ കാലന്റെ അതിഥിയാക്കുവാനാണ് താന്‍ വന്നത് എന്നാണ് വലലന്റെ പദം. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹാസവാക്കുകള്‍ ചൊരിഞ്ഞ് യുദ്ധത്തിലേക്ക് കടക്കുന്നു. വിവിധ യുദ്ധമുറകള്‍ക്കൊടുവില്‍ വലലന്‍ മല്ലനെ കീഴ്പ്പെടുത്തുന്നു.


മല്ലനായെത്തിയ കോട്ടക്കല്‍ ദേവദാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മല്ലന്റെ അഹങ്കാരത്തോടെയുള്ള വീരശൂരത്വം വളരെ നന്നായി തന്നെ പ്രകടമാക്കുവാന്‍ ദേവദാസിനു കഴിഞ്ഞു. മല്ലന്റെ ആദ്യഭാഗത്തെ ആട്ടങ്ങളും മനോഹരമായിത്തന്നെ അദ്ദേഹം രംഗത്തവതരിപ്പിച്ചു. വലലനായെത്തിയ കലാമണ്ഡലം പ്രദീപ് കുമാര്‍ വേഷത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന രീതിയിലല്ല അരങ്ങില്‍ പ്രവര്‍ത്തിച്ചത്. ഈ ഭാഗത്ത് വലലന്റെ സ്ഥായിയായ വീരമോ, സഞ്ചാരീഭാവങ്ങളായ കോപം, പുച്ഛം എന്നിവയോ വേണ്ടതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് കാണുവാനുണ്ടായിരുന്നില്ല. വലലന്റെ കൈയിലേ ചട്ടുകമോ, ദേഹത്ത് പൂണൂലോ ഉണ്ടായിരുന്നതുമില്ല. വലലനെ കാ‍ണുന്ന മല്ലന്‍, ‘നീയൊരു ബ്രാഹ്മണന്‍, കേവലമൊരു പാചകക്കാരന്‍’ എന്നു പറയുവാന്‍ കാരണമാവുന്ന ഇവയുടെ അഭാവം വളരെ പ്രകടമായിരുന്നു. ഇരുവരുടേയും വേഷത്തിലേയും ഭാവത്തിലേയും, മികവും കുറവും ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ദേവദാസിന്റെ വേഷത്തിന്റെ ശക്തിയ്ക്കും കണിശതയ്ക്കും മുന്നില്‍ പ്രദീപിന്റെ വലലന്‍ വല്ലതെ ചെറുതായതു പോലെ തോന്നിച്ചു. ഇതില്‍ കൂടുതല്‍ മികച്ച ഒരു പ്രകടനം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു.


പഞ്ചുപിടിച്ചു കൊണ്ടാണ് ഇരുവരും യുദ്ധം തുടങ്ങിയത്. തുടര്‍ന്നുള്ള യുദ്ധമുറകളില്‍ പലതും WWE Wresteling-നെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു. ഒരാള്‍ കിടക്കുന്നു, മറ്റേയാള്‍ സ്റ്റൂളിന്റെ മുകളില്‍ നിന്നും ചാടുന്നു, കിടക്കുന്നയാള്‍ ഒഴിഞ്ഞു മാറുന്നു, ചാടി വീണയാള്‍ നിലത്തു വീഴുന്നു, തിരിഞ്ഞ് കാലുകൊണ്ട് വെട്ടി അടുത്തയാളെ വീഴ്‌ത്തുന്നു, കൈ പിടിച്ച് തിരിക്കുന്നു... ഇങ്ങിനെ പലതും WWE ഗുസ്തിനാടകത്തിന്റെ ശൈലിയിലായിരുന്നു. ഒടുവില്‍ മല്ലന്മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള കഥകളിയുടേതായ യുദ്ധമുറകള്‍ ഇരുവരും ചേര്‍ന്ന് ഒഴുക്കന്‍‌മട്ടില്‍ അവതരിപ്പിച്ചു പോവുകയേ ചെയ്തുള്ളൂ. കഥകളിയെ സംബന്ധിച്ചിടത്തോളം, യുദ്ധവും മറ്റും ഒരു നൃത്തരൂപം തന്നെയാണ്. നൃത്തത്തിന്റെ ചടുലതയിലൂടെയും പ്രത്യേക അംഗവിക്ഷേപങ്ങളിലൂടെയുമാണ് യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കേണ്ടത്. അല്ലാതെയുള്ള അവതരണം കഥകളിക്ക് എത്രമാത്രം യോജിച്ചതാണ് എന്നത് ചിന്തിക്കേണ്ട ഒന്നാണ്. ഒടുവില്‍, മല്ലനെ പരാജയപ്പെടുത്തി അയയ്ക്കുന്നതായാണ് മുന്‍പ് കണ്ടിട്ടുള്ളത്. ഇവിടെ മല്ലനെ വലലന്‍ വധിക്കുന്നതായാണ് അവതരിപ്പിച്ചത്. അതും എത്രമാത്രം ശരിയാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.


“ആരൊരു പുരുഷനഹോ!...” എന്നു തുടങ്ങുന്ന ഒരു പദം മാത്രമാണ് ഈ കഥാഭാഗത്തിലുള്ളത്. കാര്യമായി ശ്രദ്ധ ലഭിക്കാത്ത ഈയൊരു പദം പോലും, കലാമണ്ഡലം ബാബു നമ്പൂതിരിയുടേയും കലാമണ്ഡലം വിനോദിന്റേയും ആലാപനത്താല്‍ ആസ്വാദ്യകരമായിരുന്നു. മേളത്തില്‍ കോട്ടക്കല്‍ പ്രസാദും കോട്ടക്കല്‍ രാധാകൃഷ്ണനും നല്ല രീതിയില്‍ കോട്ടക്കല്‍ ദേവദാസിന്റെ മല്ലനെ പിന്തുണച്ചു. എന്നാല്‍ കലാമണ്ഡലം പ്രദീപ് കുമാറിന്റെ വലലന് ഇരുവരുടേയും പിന്തുണ അത്രയ്ക്ക് ഉണ്ടായിരുന്നതുമില്ല. പ്രദീപിന്റെ വേഷത്തിന്റെ നിറം മങ്ങുവാന്‍ അതുമൊരു കാരണമാണ്. ശൈലിയിലുള്ള വ്യത്യാസമാണോ, അല്ലെങ്കില്‍ വലലന്റെ ഭാഗമാവുമ്പോള്‍ അല്പം വിശ്രമിച്ചേക്കാം എന്ന് മേളക്കാര്‍ കരുതിയതാണോ; എന്തുകൊണ്ടാണ് അങ്ങിനെയായത് എന്നറിയില്ല. കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും, കോട്ടക്കല്‍ ശബരീഷ് മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും അവരും വലലനെ കാര്യമായി ഗൌനിച്ചിരുന്നില്ല.

പലകകള്‍ കൂട്ടിക്കെട്ടി നിര്‍മ്മിച്ച താല്‍കാലിക വേദിയില്‍ ‘മല്ലയുദ്ധം’ പോലെയൊരു കഥ വെയ്ക്കേണ്ടിയിരുന്നില്ല. ഇരുവര്‍ക്കും ആത്മവിശ്വാസത്തോടെ ആഞ്ഞു ചവിട്ടി കലാശങ്ങളെടുക്കുവാന്‍ അതിനാല്‍ തന്നെ സാധിച്ചതുമില്ല. ചെണ്ടയുടെ ശബ്ദത്തിലും മുഴക്കത്തില്‍ പലകയില്‍ ചവിട്ടുന്നതിന്റെ ശബ്ദമായിരുന്നു കേള്‍ക്കുവാനുണ്ടായിരുന്നത്. കഥകളി അരങ്ങുകള്‍ സാധാരണ ഉപയോഗിക്കുന്നതിലും മികച്ച ശബ്ദനിയന്ത്രണ സംവിധാനങ്ങളായിരുന്നു ഇവിടെ ഉപയോഗിച്ചത്. വെളിച്ചത്തിനായി ധാരാളം ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, വേദിയില്‍ എല്ലായിടവും പ്രകാശമെത്തുന്ന രീതിയിലായിരുന്നില്ല അവയുടെ ക്രമീകരണം എന്നതിനാല്‍ തന്നെ ഉദ്ദേശിച്ച പ്രയോജനം അവകൊണ്ടുണ്ടായില്ല. ചുരുക്കത്തില്‍ വളരെ മികച്ചതെന്നു പറയുവാനില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ‘മല്ലയുദ്ധ’മായിരുന്നു പേരാമംഗലത്ത് അരങ്ങേറിയത്.

Description: Mallayudham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kottackal Devadas as Mallan, Kalamandalam Pradeep Kumar as Valalan; Pattu: Kalamandalam Babu Nampoothiri and Kalamandalam Vinod; Chenda: Kottackal Prasad and Kottackal Vijayaraghavan; Maddalam: Kottackal Radhakrishnan and Kottackal Sabarish; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

പേരാമംഗലം പൌരാവലി കലാമണ്ഡലം ഗോപിയാശാന് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ കഥകളിയില്‍, ആദ്യ കഥയായ ‘മല്ലയുദ്ധ’ത്തിന്റെ ഒരു ആസ്വാദനം.
--

Sajeesh പറഞ്ഞു...

ഹരീ,

വളരെ നന്നായിട്ടുണ്ട് അവതരണം. ഒരു കളി കണ്ട പോലെ തോന്നി. മല്ലയുദ്ധം ഒന്ന് കാണണം എന്നും തോന്നി :-) ബാക്കി കഥകള്‍ ഏതൊക്കെ ആയിരുന്നു ? ഗോപിയാശാന്റെ ഏതു വേഷം ആയിരുന്നു ?

ഫോട്ടോസ്സെല്ലാം ഗംഭിരമായിട്ടുണ്ട് കേട്ടോ, ഒരു നല്ല കടും നീല ബാക്ക്ഗ്രൌണ്ട് കിട്ടി അല്ലേ ? ശരിക്കും അത് ഫോട്ടോസ്സിന്റെ ഭംഗി കൂട്ടി :-) കഥകളിക്കു സാധാരണ ആരും ബാക്ക്ഗ്രൌണ്ട് സ്ക്രീനിനു ശ്രദ്ധ കൊടുക്കുന്നത് കാണാറില്ല, എന്നാല്‍ എവിടെ അത് കണ്ടു ശരിയല്ലേ ?

സജീഷ്

വികടശിരോമണി പറഞ്ഞു...

മല്ലയുദ്ധം പോലൊരു കഥ പലകകൂട്ടിക്കെട്ടിയ സ്റ്റേജിൽ ചെയ്യാൻ തീരുമാനിക്കുന്ന മഹാന്മാർക്ക് നമസ്കാരം.
ദേവദാസിനോടൊപ്പം പ്രദീപും ഗോഷ്ടി കാട്ടിത്തുടങ്ങി,ല്ലേ?അമേരിക്കൻ ഗുസ്തി ലൈനിൽ മല്ലയുദ്ധം അവതരിപ്പിക്കുന്ന മിടുക്കന്മാർ:)(മൈക്ക് ടൈസനെപ്പോലെ ചെവി കടിച്ചെടുക്കാതിരുന്നാൽ മതിയായിരുന്നു:)
“ആരൊരു പുരുഷനഹോ”എന്ന മധ്യമാവതിയിലെ യുദ്ധപദം രസകരമായി പാടാനാവുന്ന ഒന്നാണ്,യുദ്ധപദം പാടാൻ സാമർത്ഥ്യമുള്ള ഗായകർക്ക്.

ചാണക്യന്‍ പറഞ്ഞു...

Haree | ഹരീ,
ആസ്വാദനം വായിച്ചു...
നന്നായി.....
ഇനിയും പോരട്ടെ ആസ്വാദനങ്ങള്‍....

ആശംസകള്‍...

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
ആസ്വാദനം വളരെ നന്നായിട്ടുണ്ട്. ചിത്രങ്ങളും.

മല്ലയുദ്ധം പോലൊരു കഥ പലകസ്റ്റേജിൽ നടത്താന്‍ തീരുമാനിച്ച സംഘാടകര്‍ കൊള്ളാം.

കഥകളിയെ സംബന്ധിച്ചിടത്തോളം യുദ്ധവും തീര്‍ച്ചയായും ഒരു നൃത്തരൂപം തന്നെയാണ്. ആരീതിയിലല്ലാതെ യുദ്ധമുറകളില്‍ പലതും WWE Wresteling-നെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്നെകണ്ടു. ഇതൊക്കെതന്നെയാണ് ദേവദാസന്റെ കുഴപ്പം. അഭ്യാസപാടവവും കഴിവും നന്നായുണ്ട്. എന്നാല്‍ അവ നന്നായിപ്രയോഗിക്കാതെ ഈ ജാതിഗോഷികള്‍ കാട്ടി ജനത്തെ രസിപ്പിക്കുവാനാണ് അദ്ദേഹത്തിന്റെ ശ്രമം!

പ്രദീപിന്റെ പ്രകടനം തൃപ്തികരമായില്ല അല്ലെ.
വേദിയില്‍ പ്രഗത്ഭരായ 2ചെണ്ടക്കാരും 2മദ്ദളക്കാരും ഉണ്ടായിരുന്നിട്ടും പ്രദീപിന്റെ വേഷത്തിനെ കാര്യമായി പിന്തുണച്ചില്ലയെന്നു കണ്ടു. ഇതു വളരെ പക്ഷാഭേദകരവും കഷ്ടവുമായിപോയി. സ്വന്തം സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അഥവാ പ്രഥാന നടനെ മാത്രം പിന്തുണക്കുകയും മറ്റെ വേഷക്കാരനെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഈ പ്രവണത ഇപ്പോള്‍ പല അരങ്ങുകളിലും കണ്ടുവരുന്നുണ്ട്. ഇത് അത്യന്തം മോശമായ പ്രവൃത്തിയാണ്.ആ ജൂനിയറായ കലാകാരന് എന്തുമനോവിഷമം ഇതുമൂലം ഉണ്ടാകും.നടന്മാരുടെ വലിപ്പചെറുപ്പം നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ മേളം നല്‍കാന്‍ ബാധ്യസ്ഥരല്ലെ മേളക്കാര്‍? അതല്ലെ ഉത്തമകലാകാരന്റെ കടമ.‍വലലന്റെ ഭാഗമാവുമ്പോള്‍ അല്പം വിശ്രമിച്ചേക്കാം എന്ന് മേളക്കാര്‍ കരുതികയോ! എന്നാല്‍ വാദ്യങ്ങള്‍ താഴെവെച്ച് അണിയറയില്‍ പോയി വിശ്രമിക്കട്ടെ അവര്‍.ഇക്കണക്കിന് കാര്യങ്ങള്‍ നീങ്ങിയാല്‍ നാളെ അതും നമുക്ക് കാണേണ്ടിവരും!
സ്വന്തം സ്ഥാപത്തിലെ ചിട്ടക്കുമാത്രം കൊട്ടാനറിയൂ എന്നു പറയുന്നവര്‍ ട്രൂപ്പ്കളിക്ക് മാത്രമെ പോകാവൂ.ശൈലിയിലുള്ള വ്യത്യാസമുണ്ടെങ്കില്‍ കൊട്ടാനാകില്ലെ? വിത്യാസമുണ്ടെങ്കിലും കഥകളിതന്നെയല്ലെ? പിന്നെ ലേശം ശ്രമം വേണ്ടിവരും.അതിനുള്ള മനസ്സ് ഈ കലാകാരന്മാര്‍ക്കില്ല അത്ര തന്നെ.

Haree പറഞ്ഞു...

@ Sajeesh,
നന്ദി. തീര്‍ച്ചയായും കാണൂ. ശരി തന്നെ, ബാക്ക്‍ഗ്രൌണ്ട് പലപ്പോഴും നന്നാവാറില്ല. ഇവിടെ സംഘാടകര്‍ അത് ശ്രദ്ധിച്ചിരുന്നു. (അടുത്തതില്‍ സംഘാടനത്തെക്കുറിച്ച് പ്രതിപാദിക്കാമെന്നു കരുതി.) ‘ദുര്യോധനവധ’മായിരുന്നു അടുത്ത കഥ. ഗോപിയാശാന്‍ രൌദ്രഭീമനായാണ് വേഷമിട്ടത്. ഒരു അണിയറ ദൃശ്യം ഇവിടെയുണ്ട്.

@ വികടശിരോമണി,
:-) “ആരൊരു...” എന്നു തിരുത്തി കേട്ടോ... ഞാന്‍ എഴുതി വെച്ചിരിക്കുന്നതും അങ്ങിനെ തന്നെ. പിന്നെങ്ങിനെയാണോ “ഏതൊരു...” എന്നു പോസ്റ്റില്‍ വന്നത്! അശ്രദ്ധ! :-(

@ ചാണക്യന്‍,
നന്ദി. :-)

@ മണി,വാതുക്കോടം.,
നന്ദി. :-)
മല്ലന്റെ ഇന്‍‌ട്രൊഡക്ഷന്‍ അദ്ദേഹം മനോഹരമായി ചെയ്തു. പക്ഷെ, ഇരുവരും ചേര്‍ന്നുള്ള ഒടുവിലെ മല്ലയുദ്ധം ഇപ്രകാരമാവുകയും ചെയ്തു. ആ ഭാഗങ്ങളിലുള്ള ദേവദാസിന്റെ കഥകളി ദര്‍ശനമാണ് മാറേണ്ടതെന്നു തോന്നുന്നു. ഒരുപക്ഷെ, ഈ രീതി ഇഷ്ടപ്പെടുന്ന പ്രേക്ഷകരാവാം കൂടുതല്‍. അതുമൊരു കാരണമാവാം... പോപ്പുലാരിറ്റി ആര്‍ക്കും അത്ര പെട്ടെന്ന് അവഗണിക്കുവാന്‍ കഴിയുന്ന ഒന്നല്ലല്ലോ!

രണ്ടാമത്തെ ചെണ്ട കോട്ടക്കല്‍ വിജയരാഘവന്‍. മദ്ദളം പേരറിയില്ല, തുടക്കക്കാരനാണ്. ഇത് സ്ഥിരം കാണുന്നതു തന്നെ. പക്ഷെ, ‘മല്ലയുദ്ധം’ പോലെയൊരു കഥയില്‍ വളരെ പ്രകടമായി എന്നുമാത്രം. പല മുതിര്‍ന്ന വാദ്യക്കാര്‍ പോലും പ്രധാന നടന് നന്നായി കൊട്ടുകയും, മറ്റുള്ളവരുടേത് ഉഴപ്പുകയും ചെയ്യുന്നത് കാണാം. മദ്ദളവും ചെണ്ടയും ഓരോരുത്തരേയുള്ളൂവെങ്കില്‍ പോട്ടെന്നു വെയ്ക്കാം, പക്ഷെ രണ്ടും മൂന്നും പേര്‍ ലഭ്യമാണെങ്കിലും ഇങ്ങിനെ ചെയ്യുന്നത് കഷ്ടം തന്നെ!
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--