2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിനാലാമത് വാര്‍ഷികം ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍ രണ്ടുദിവസങ്ങളിലായി ആഘോഷിക്കുകയുണ്ടായി. കലാമണ്ഡലം ഗോപി ബാഹുകനായെത്തിയ നളചരിതം മൂന്നാം ദിവസമായിരുന്നു ആദ്യ ദിവസത്തെ പ്രധാന കഥ. കഥാവതരണത്തിനു മുന്‍പു നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പത്മശ്രീ പുരസ്കാരാര്‍ഹനായ കലാമണ്ഡലം ഗോപിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പ്രഥമ കളര്‍കോട് നാരായണന്‍ നായര്‍ സ്മാരക അവാര്‍ഡ് നല്‍കുകയും ചെയ്തു. നളചരിതം മൂന്നാം ദിവസം സമ്പൂര്‍ണ്ണമായി അവതരിപ്പിക്കുന്നു എന്നാണ് നോട്ടീസില്‍ കണ്ടിരുന്നതെങ്കിലും, സാധാരണയായി ഉണ്ടാവാറുള്ള വെളുത്ത നളന്റെ ഭാഗങ്ങള്‍ ഇവിടെ ഒഴിവാക്കുകയാണ് ഉണ്ടായത്. “അന്തികേ വന്നിടേണം...” എന്നു തുടങ്ങുന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് കഥ ആരംഭിച്ചത്.


കലാനിലയം വാസുദേവ പണിക്കരാണ് കാര്‍ക്കോടകനായെത്തിയത്. തുടര്‍ന്ന് കത്തുന്ന വനശിഖിമദ്ധ്യത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കണ്ട് ആരെന്നു തിരക്കുന്ന നളനെയാണ് കാണുന്നത്. കലാമണ്ഡലം ഷണ്മുഖദാസ് ഈ ഭാഗത്ത് നളനായെത്തി. പീഠത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കൈപിടിച്ചിറക്കി, ഇരുത്തിയതിനു ശേഷമാണ് ഷണ്മുഖദാസ് പദത്തിലേക്ക് കടന്നത്. പദത്തിനു മുന്‍പുള്ള ശ്ലോകത്തില്‍ തനിക്കും താന്‍ തൊടുന്നവര്‍ക്കും അഗ്നിഭയമുണ്ടാവില്ലെന്ന് പറയുന്നതിനാലാവാം ഈ രീതിയില്‍ ആടിയത്. എന്നാല്‍ ശ്ലോകത്തില്‍ തന്നെ പറയുന്നതു പ്രകാരം, തേടിക്കാണുക മാത്രം ചെയ്യുന്ന ഉരഗപതിയോടാണ് നളന്‍ ഓരോന്ന് ചോദിക്കുന്നത്. നളന്‍ പൊള്ളലേല്‍ക്കാതിരിക്കുവാനായി കാര്‍ക്കോടകനെ സ്പര്‍ശിക്കുന്നതായി ശ്ലോകത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നില്ല. “എരിഞ്ഞതീയില്‍ നിന്നല്ലിനി വേണ്ടൂ സല്ലാപം...” എന്നു നളന്‍ പിന്നീട് പറയണമെങ്കില്‍, കാര്‍ക്കോടകന് അഗ്നിഭയം മാറിയിരിക്കുവാന്‍ സാധ്യതയും ഉണ്ടാവരുതല്ലോ. സാധാരണയായി കാണുന്നതുപോലെ പദാവസാനം കാര്‍ക്കോടകനെ രക്ഷിക്കുന്നതു തന്നെയാണ് ഉചിതം.


ദംശനത്താല്‍ തന്നെ വിരൂപനാക്കിയ കാര്‍ക്കോടകനോട് ബാഹുകന്‍ കോപിക്കുന്നു. ഇങ്ങിനെയുണ്ടാകുവാനുള്ള കാരണവും താനാരെന്നതും കാര്‍ക്കോടകന്‍ “നൈഷധേന്ദ്ര! നിന്നോടു ഞാന്‍...” എന്ന പദത്തിലൂടെ അറിയിക്കുന്നു. ഊക്കേറും അഹിവരരില്‍ പ്രമുഖനായ കാര്‍ക്കോടകനാണ് താനെന്ന് അറിയിക്കുമ്പോള്‍, നളന്‍ ഇടതുഭാഗത്തേക്കു മാറി കാര്‍ക്കോടകന് മാന്യസ്ഥാനം നല്‍കുന്നു. “കാദ്രവേയകുലതിലക! നിന്‍...” എന്ന ബാഹുകന്റെ മറുപടി പദമാണ് തുടര്‍ന്ന്. കാര്‍ക്കോടകന്റെ ദംശനത്താല്‍ വിരൂപമായ തന്റെ രൂപം കണ്ട് അത്യധികം വിഷമത്തോടെയും ദേഷ്യത്തോടെയും കാര്‍ക്കോടകനോട് കയര്‍ക്കുന്ന ബാഹുകനേയും, പിന്നീട് കാര്‍ക്കോടകനാരെന്നറിഞ്ഞ് ഭയഭക്തിബഹുമാനങ്ങളോടെ തന്റെ കഷ്ടതകള്‍ക്ക് എന്നറുതിവരുമെന്നു കേഴുന്ന ബാഹുകനേയും ഗോപി മനോഹരമാക്കി. ഋതുപര്‍ണസേവകനായി, അവന് അശ്വഹൃദയം നല്‍കി അക്ഷഹൃദയം വശമാക്കുക വഴി കലിബാധ അകറ്റുവാന്‍ കാര്‍ക്കോടകന്‍ അറിയിക്കുന്നു. കൂടാതെ ഒരു വിശേഷ വസ്ത്രം നല്‍കി, സ്വരൂപം തിരിച്ചു കിട്ടുവാനായി അതുടുത്താല്‍ മതിയെന്നും അനുഗ്രഹിക്കുന്നു. കലാനിലയം വാസുദേവ പണിക്കരുടെ കാര്‍ക്കോടകന്‍ മുദ്ര കാട്ടുകയല്ല, എറിയുകയാണ് ചെയ്യുന്നതെന്നു പറയണം. മുദ്രകാണിക്കുന്നതില്‍ അല്പം കൂടി ശ്രദ്ധ നല്‍കുവാന്‍ വാസുദേവ പണിക്കര്‍ മനസുവെച്ചെങ്കില്‍ നന്നായിരുന്നു.


വസ്ത്രം നല്‍കി കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം, കാര്‍ക്കോടകന്റെ നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണന്റെ രാജ്യത്തേക്ക് നളന്‍ പുറപ്പെടുന്നു. അതിനു മുന്‍പായി മറ്റാരും കാണാതെ വസ്ത്രം ഒളിപ്പിക്കുക തന്നെ എന്നു പറഞ്ഞ് ഉള്ളിലേക്ക് തിരുകി വസ്ത്രം ഒളിപ്പിക്കുന്നതായും കലാമണ്ഡലം ഗോപി ആടുകയുണ്ടായി‍. അല്പവസ്ത്രം മാത്രം ധരിച്ച നളന്‍ ഏതുരീതിയില്‍ വസ്ത്രം ഒളിപ്പിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു മനസിലായില്ല. തന്റെ ദയിതയായ ദമയന്തിയെ വനത്തില്‍ ഏകയായി ഉപേക്ഷിച്ചത് നളനെ ഇപ്പോഴും അലട്ടുന്നു. വേര്‍പാട് രംഗം മറ്റൊരു രൂപത്തില്‍ ഇവിടെ ഗോപി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. ക്രൂരജന്തുക്കള്‍ നിറഞ്ഞ കാട്ടില്‍ ദമയന്തിക്ക് എന്തെങ്കിലും ആപത്തുപിണയുമോ എന്നു ശങ്കിക്കുന്നെങ്കിലും, പതിവ്രതയായ അവള്‍ക്ക് ഒരു ആപത്തും വരില്ല എന്നു നളന്‍ പിന്നീട് സ്വയം ആശ്വസിക്കുന്നു. ഓരോന്ന് ചിന്തിച്ചിരിക്കാതെ ഋതുപര്‍ണ രാജധാനിയിലേക്ക് ഗമിക്കുക തന്നെ എന്നാടി, യാത്ര തുടങ്ങുന്ന ബാഹുകന്‍ കാട്ടില്‍ പലതും കാണുന്നു. ഇവിടെ ‘മാന്‍പ്രസവം’ മാത്രമാണ് വനവര്‍ണ്ണനയായി ഉണ്ടായത്. വിശന്നുവലഞ്ഞ വേടന്‍, ക്രൂരനായ സിംഹം, കാട്ടുതീ, നിറഞ്ഞൊഴുകുന്ന പുഴ ഇവയ്ക്കു നടുവില്‍ അശരണയായ ഒരു പേടമാന്‍, അതാവട്ടെ പൂര്‍ണ്ണഗര്‍ഭിണിയും. ഏകാശ്രയമായ ഈശ്വരന്‍ എങ്ങിനെ ഇവള്‍ക്ക് തുണയാവും എന്ന് നളന്‍ ഓര്‍ക്കുന്നു. മിന്നലേറ്റ് വേടന്‍ മരിക്കുന്നു, വില്ലില്‍ നിന്നും ലക്ഷ്യം തെറ്റി പാഞ്ഞ അമ്പുകൊണ്ട് സിഹവും ചാവുന്നു, മഴയില്‍ കാട്ടുതീ അണയുന്നു, പേടമാന്‍ രണ്ടു മാന്‍‌കിടാക്കളെ പ്രസവിക്കുന്നു; ഈ രീതിയില്‍ ഈശ്വരന്‍ പേടമാനെ കാക്കുന്നതുകണ്ട് തന്റെ ദയിതയേയും ആപത്തുകളില്‍ നിന്നും ഈശ്വരന്‍ കാക്കുകതന്നെ ചെയ്യും എന്നു നളന്‍ ഉറയ്ക്കുന്നു. വേടന്‍, സിംഹം, തീ, പുഴ എന്നിവ മാറിമാറി അഭിനയിക്കുക എന്നതിലുപരിയായി ഇവയുടെ സൂക്ഷ്മാംശങ്ങള്‍ കൂടി കൃത്യതയോടെ അവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രദ്ധ ചെലുത്തുകയുണ്ടായി. അതിനാല്‍ തന്നെ ഈ ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ അനുഭവത്താവുകയും ചെയ്തു.

മാര്‍ഗമദ്ധ്യേ കാണുന്നവരോട് ഋതുപര്‍ണരാജ്യത്തിലേക്കുള്ള വഴി തിരക്കി ബാഹുകന്‍ യാത്രതുടരുന്നു. അകലെ നിന്നു തന്നെ ആകാശം മുട്ടുന്ന കൊടിമരം ബാഹുകന്‍ കാണുന്നു. കാറ്റത്ത് ഇളകുന്ന കൊടിക്കൂറ അശരണരെ രക്ഷിക്കുവാനായി രാജാവ് വരൂ, വരൂ എന്ന് കൈകാട്ടി ക്ഷണിക്കുന്നതുപോലെയെന്ന് ബാഹുകന് തോന്നുന്നു. ഗോപുരങ്ങളോട് കൂടിയ മന്ദിരത്തില്‍, കാവല്‍ക്കാരുടെ അനുവാദം വാങ്ങി ബാഹുകന്‍ പ്രവേശിക്കുന്നു. ഉള്ളില്‍ സ്ത്രീകള്‍ വീണയും മറ്റു വാദ്യങ്ങളും മനോഹരമായി വായിക്കുന്നെങ്കിലും ബാഹുകന് അതില്‍ താത്പര്യം തോന്നുന്നില്ല. സേവകരോടൊപ്പം സ്ഥിതി ചെയ്യുന്ന ഋതുപര്‍ണ്ണനെ ബാഹുകന്‍ കാണുന്നു. രാജാവിന്റെ സമീപമെത്തി താനൊരു സാരഥിയാണെന്നും, പാചകവും വശമുണ്ടെന്നും ബാഹുകന്‍ അറിയിക്കുന്നു. “മാരോപമീതാകൃതേ...” എന്നതിന്, ‘കാമദേവന്‍ അങ്ങയെക്കണ്ടാല്‍ ഓടിയൊളിക്കും...’ എന്നൊരു പുകഴ്തലും ഗോപിയുടെ ബാഹുകനില്‍ നിന്നുമുണ്ടായി.


ബാഹുകനെ ബോധിക്കുന്ന ഋതുപര്‍ണന്‍, ജീവലവാര്‍ഷ്ണേയന്മാരെ കാട്ടി, അവരോടൊപ്പം വസിക്കുക എന്ന് ബാഹുകനോട് പറയുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഋതുപര്‍ണനായെത്തിയത്. ബാഹുകന്റെ വാക്കുകള്‍ താത്പര്യത്തോടെ കേട്ട്, തന്നെപ്പറ്റിയുള്ള പുകഴ്ത്തലുകള്‍ ആസ്വദിച്ചിരിക്കുന്ന ഋതുപര്‍ണ്ണനെ ഷണ്മുഖദാസ് ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. കലാനിലയം വാസുദേവ പണിക്കര്‍, ആര്‍.എല്‍.വി. പ്രമോദ് എന്നിവരവതരിപ്പിച്ച ജീവലവാര്‍ഷ്ണേയന്മാര്‍ നിരുത്തരവാദിത്തപരമായി കലാ‍കാരന്മാര്‍ അരങ്ങിലെത്തുന്നതിനു തെളിവായിരുന്നു. ആര്‍.എല്‍.വി. പ്രമോദ്, ഒന്നുമില്ലെങ്കിലും കഴുത്താരവും പടിയരഞ്ഞാണവുമെങ്കിലും ധരിച്ചിട്ടുണ്ടായിരുന്നു എന്നതൊരു സമാധാനം. എന്നാല്‍ ജീവലവേഷമിട്ട, മുതര്‍ന്ന കലാകാരനായ കലാനിലയം വാസുദേവ പണിക്കരാവട്ടെ, മുഖമൊന്നു മിനുക്കുവന്‍ പോലും മിനക്കെടാതെ, തോന്നിയപോലെ എന്തൊക്കെയോ എടുത്തു ചുറ്റിയാണ് അരങ്ങിലെത്തിയത്. നാല്പത്തിനാലു വര്‍ഷം പിന്നിടുന്ന ഒരു കഥകളി ക്ലബ്ബിന്റെ വാര്‍ഷികവേദിയിലാണ് ഇത്തരത്തില്‍ കലാകാരന്മാര്‍ പെരുമാറുന്നതെന്നത് സംഘാടകര്‍ക്കു കൂടി അപമാനകരമാണ്.

രാത്രിയില്‍ ഉറക്കം വരാതെ ബാഹുകന്‍ തന്റെ അവസ്ഥയോര്‍ത്ത് വിലപിക്കുന്നു. ഇതു കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താനെഴുതിയ ഒരു കഥയാണിതെന്ന് പറഞ്ഞ് ബാഹുകന്‍ ഒഴിയുന്നു. ബാഹുകന്റെ വിലാപം കേട്ടാണ് ജീവലന്‍ ഉണരേണ്ടത്. എന്നാലിവിടെ പദം കഴിഞ്ഞ് ബാഹുകന്‍ വീണ്ടും ഉറങ്ങാന്‍ കിടക്കുന്നു. ഉടന്‍ ജീവലനെഴുനേറ്റ് ഉറക്കമുണര്‍ത്തി ബാഹുകനോട് കാര്യം തിരക്കുന്നു. പദം തീര്‍ന്നതിനു ശേഷം മനോധര്‍മ്മമായി പിന്നെയും എന്തെങ്കിലുമൊക്കെ ഓര്‍ത്തു ദുഃഖിക്കുകയും, ഇതു കേട്ട് ജീവലന്‍ ഉറക്കമുണര്‍ന്ന് വിലപിക്കുന്ന ബാഹുകനെ കാണുകയും; ഇങ്ങിനെയാവുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു. നേരം പുലര്‍ന്നു, ഉടന്‍ രാജാവിന്റെ സമീപമെത്തുക തന്നെ എന്നു പറഞ്ഞ്, ഉറങ്ങുന്ന വാര്‍ഷ്ണേയനേയുമുണര്‍ത്തി മൂവരും മാറുന്നതോടെ രംഗം അവസാനിക്കുന്നു.


പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ ചേര്‍ന്നാണ് ഋതുപര്‍ണ സവിധത്തില്‍ ബാഹുകനെത്തുന്നതുവരെയുള്ള രംഗങ്ങള്‍ക്ക് പാടിയത്. “വിജനേ ബത! മഹതി!” മുതല്‍ക്ക് ശങ്കരന്‍കുട്ടിയോടൊപ്പം കലാനിലയം രാജീവനും പാടുവാനെത്തി. കലാമണ്ഡലം ഗോപി ഒഴികെയുള്ള മറ്റു വേഷക്കാര്‍ക്ക് പാടുമ്പോള്‍ ഗായകര്‍ അനാവശ്യ ധൃതി കാട്ടുന്നതായി തോന്നി. “വസ, വസ സൂത!” എന്ന പദത്തിനാണ് ഇത് ഏറ്റവും പ്രകടമായത്. കാലം കയറ്റി ഈ പദം പാടുമ്പോള്‍, രാജാവിനു ചേര്‍ന്ന ഗൌരവം നല്‍കുവാന്‍ നടന് നന്നേ ക്ലേശിക്കേണ്ടതായി വരുന്നു. കാര്‍ക്കോടകന്‍, ജീവലന്‍ തുടങ്ങിയ ചെറുവേഷക്കാര്‍, മുദ്ര ആടിക്കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത വരിയിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു. ഈ ന്യൂനത ഒഴിച്ചു നിര്‍ത്തിയാല്‍ മൂവരും ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി പാടുകയുണ്ടായി. “കാര്‍ദ്രവേയകുലതിലക!...” എന്ന പദമാണ് ഏറെ ശ്രദ്ധേയമായത്. ബാഹുകന്റെ അവസ്ഥ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം കഥാപാത്രാവതരണത്തില്‍ കുറച്ചൊന്നുമാവില്ല നടന് സഹായകരമായത്.

വനവര്‍ണ്ണനവരെ ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസാണ് പ്രവര്‍ത്തിച്ചത്. വേര്‍പാട് രംഗവും മറ്റും ഇത്രമേല്‍ വികാരതീവ്രമായി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നതില്‍ കൃഷ്ണദാസിന്റെ ചെണ്ടയ്ക്കുള്ള പങ്ക് ചെറുതല്ല. കാട്ടുതീ കാണുന്ന ബാഹുകനെ അവതരിപ്പിക്കുമ്പോള്‍, കണ്ണുകൊണ്ട് തീ കത്തി പടര്‍ന്നു കയറുന്നതായി കലാമണ്ഡലം ഗോപി ആടാറുണ്ട്. ഈ ഭാഗത്തു മാത്രം ശബ്ദവ്യതിയാനം നല്‍കുവാന്‍ കൃഷ്ണദാസ് ശ്രദ്ധിച്ചു കണ്ടില്ല. പ്രത്യേക താളത്തില്‍ ശബ്ദം ഉയര്‍ന്നും താഴ്‌ന്നും ചെണ്ടയില്‍ കേള്‍ക്കുമ്പോളാണ് തീ കാണുന്ന ബാഹുകനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ രസിക്കുക. “ഋതുപര്‍ണ! ധരണീപാല” മുതല്‍ക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയായിരുന്നു ചെണ്ടയില്‍. കൈക്കു കൂടുന്നതിലും മറ്റും കാര്യമായി അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. കൃഷ്ണദാസ് മാറി ചെണ്ടയില്‍ കുറൂരെത്തുന്നത് വളരെ പ്രകടമായി അറിയുവാനുണ്ടായിരുന്നു. മദ്ദളത്തില്‍ ഇത്രയും ഭാഗത്ത് പ്രവര്‍ത്തിച്ച കോട്ടക്കല്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തി മോശമായില്ല. ഭീമരാജ്യത്ത് നളനെ കാണാഞ്ഞ് ഖിന്നയായി വസിക്കുന്ന ദമയന്തിയുടെ സമീപം പര്‍ണാദന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--

19 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ 44-മത് വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന ‘നളചരിതം മൂന്നം ദിവസം’ കഥകളിയുടെ ആസ്വാദനം, ആദ്യ ഭാഗം.
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

"എന്നൊരു പുകഴ്തലും ഗോപിയുടെ ഋതുപര്‍ണനില്‍ നിന്നുമുണ്ടായി. "
കറക്ഷൻ, ഹരീ. ഗോപി ബാഹുകനായല്ലേ? ഋതുപർണ്ണനല്ലല്ലൊ.
ഓ.ടോ;
കോട്ടക്കൽ ഉത്സവത്തിനെ പറ്റിയൊന്നും ആരും എഴുതി കണ്ടില്ല. ആരും പോയില്ലേ?

-സു-

bright പറഞ്ഞു...

കോട്ടക്കല്‍ പൂരത്തിനു കലാമണ്ഡലം ഗോപി അവതരിപ്പിച്ച നളചരിതം മൂന്നാം ദിവസത്തിലെ നളന്‍ ഇവിടെ.
http://russelsteapot.blogspot.com/2009/04/1.html

http://russelsteapot.blogspot.com/2009/04/blog-post_10.html

കപ്ലിങ്ങാട്‌ പറഞ്ഞു...

പ്രിയ ഹരീ, ഗോപിയാശാന്റെ നളചരിതം മൂന്നാം ദിവസം ബാഹുകൻ ഇപ്പോൾ കുറേ സ്ഥലത്ത്‌ നടന്നതായി കേട്ടു. ത്രികാലം, ആനമങ്ങാട്‌ വാർഷികം, തൃശ്ശൂർ വാർഷികം, കോട്ടക്കൽ ഉത്സവം, ഇപ്പോൾ ഇതാ ആലപ്പുഴ വാർഷികം. തൊണ്ണൂറുകളിൽ ഒരിടക്കാലത്ത്‌ ഗോപിയാശാന്റെ മൂന്നാം ദിവസവും രണ്ടാം ദിവസവും കാണാൻ കൊതിച്ചു നടന്നത്‌ ഓർക്കുന്നു.

തൃശ്ശൂരും "അന്തികേ വന്നിടേണം" തൊട്ടേ ഉണ്ടായുള്ളു. വാർഷികോൽസവങ്ങളിൽ ഇങ്ങനെ കളി ചുരുക്കുന്നത്‌ ഒട്ടും ശരിയല്ല, കൂടുതൽ ഗംഭീരമായിട്ടല്ലേ അങ്ങനെയുള്ള അവസരങ്ങളിൽ കളിയുണ്ടാവേണ്ടത്‌?

ദു:ഖഭരിതമായ മൂന്നാം ദിവസത്തിൽ "ഋതുപർണ ധരണീപാല" എന്ന രംഗത്ത്‌ മാത്രമാണ്‌ ഗോപിയാശാൻ കുറച്ച്‌ സരസത കൊണ്ടു വരിക. "വിറകും കൊണ്ടു വന്നു ഞാൻ കറിയും ചോറുമുണ്ടാക്കി" എന്നൊക്കെ കാണാൻ രസമാണല്ലൊ. ഹൃദയം കൊണ്ടിത്‌ കാണാനിഷ്ടമാണെങ്കിലും ബുദ്ധി കൊണ്ടാലോചിക്കുമ്പോൾ ഇവിടെ ലേശം സ്ഥായിരസഭംഗം വരുന്നില്ലേ എന്ന് തോന്നിയിട്ടുണ്ട്‌.

വസ്ത്രം ഒളിപ്പിച്ചുവെക്കുന്നതിനെപ്പറ്റി ഏതെങ്കിലും മനോധർമ്മ ശ്ലോകം ഉണ്ടോ എന്നുനോക്കി, കണ്ടില്ല, കൃഷ്ണൻ നായരുടെയും മറ്റും ആട്ടക്കുറിപ്പിലുണ്ടോ എന്നും അറിയില്ല. എന്തായാലും വേർവ്വാടിലെ നളനും "ഘോരവിപിന"ത്തിലെ നളനും തമ്മിൽ നല്ല ദൂരമുണ്ടല്ലൊ, അപ്പോഴും ആ പഴയ അർദ്ധവസ്ത്രമാണ്‌ ധരിച്ചിട്ടുള്ളത്‌ എന്ന് കരുതാൻ വയ്യ. വനവാസവുമായി പൊരുത്തപ്പെട്ട നളന്‌, വസ്ത്രം ഒളിപ്പിച്ച്‌ വെക്കാനുള്ള സൂത്രമൊക്കെ ഉണ്ടാകും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഒരു ചെറിയ തിരുത്ത്‌ - അവസാന വാചകത്തിൽ പർണാദനല്ല, സുദേവനാണ്‌. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Unknown പറഞ്ഞു...

കളിയെക്കുറിച്ചുള്ള താങ്കളുടെ വിവരണം (ആസ്വാദനം?) വായിച്ചു. എന്നെക്കുറിച്ചു പറഞ്ഞ ഭാഗം ശ്രദ്ധയില്‍പ്പെട്ടു. ആദ്യം നടന്ന ഗണപതിപ്രാതല്‍ മുഴുവന്‍ കൊട്ടേണ്ടിവന്നതിനാലാണ് കൃഷ്ണദാസിനെ ചെണ്ടയേല്‍പ്പിച്ചത്. അതു നന്നായെറിഞ്ഞതില്‍ സന്തോഷം.‘വിജനേ ബത’ തുടങ്ങിയല്ല,‘ഋതുപര്‍ണാ ധരണീപാലാ’ മുതല്‍ക്കാണു ഞാന്‍ കൊട്ടിയത്. അതില്‍ എന്തെങ്കിലും ഒരു അപാകത അരങ്ങത്തുണ്ടായതായി മനസ്സിലായില്ല. കാര്യകാരണസഹിതം കൃത്യമായ വിമര്‍ശനമാണെങ്കില്‍ മറുപടി പറയാം. ആരു വിമര്‍ശിച്ചാലും തിരുത്താവുന്നതു തിരുത്തി മുന്നോട്ടുപൊവുകയാണ് എന്റെ രീതിയെന്നതുകൊണ്ട് പറഞ്ഞെന്നു മാത്രം.

എന്നാല്‍ ആരെ വിമര്‍ശിക്കുമ്പോഴും അതില്‍ ഒരു മാന്യതയുണ്ടാവുന്നത് ഏറെ നന്ന്. താ‍ാങ്കളുടെ പഴയൊരു വിവരണത്തില്‍ ‘ഇങ്ങിനെയൊക്കെയാണ് തുടര്‍ന്നും ചെണ്ട കൊട്ടുന്നതെങ്കില്‍, ‘മിടുക്കന്‍’ എന്ന വിളിപ്പേരിനു തന്നെ, കുറൂര്‍ ഒരു കളങ്കമായിത്തീരുവാനാണ് സാധ്യത’ എന്നാണു വിമര്‍ശനം! കാരണം‘സുദര്‍ശനത്തിന്റെ കലാശത്തിനു ഞാന്‍ പകുതി മുതല്‍ക്കാണു കൊട്ടിയതു’പോലും!! അറിയാത്ത കാര്യം പറയാതിരിക്കുക. അറിയില്ലെങ്കില്‍ നേരിട്ടോ മറ്റാരോടെങ്കിലുമോ ചോദിക്കുക. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. 1965 മുതല്‍ അന്നുമിന്നുമുള്ള എല്ലാ പ്രഗല്ഭനടന്മാരുടെയും ചിട്ടക്കഥകളിലേതുള്‍പ്പെടെയുള്ള പ്രധാനവേഷങ്ങള്‍ക്കു ഞാന്‍ കൊട്ടിയിട്ടുണ്ട്. ഗുരുനാഥന്മാരെ അന്ധമായി അനുകരിക്കാതെ ‍കളിക്കൊട്ടിന് ഞാന്‍‍ എന്റേതായ ഒരു ശൈലി രൂപപ്പെടുത്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അതു മറ്റൊരാളുടെ കൊട്ടുപോലെയാവില്ല. അതു പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല.

‘മിടുക്കന്‍‌’‍ എന്ന് എനിക്ക് വിളിപ്പേരിട്ടത് എന്റെ ഗുരുനാഥന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളാശാനാണ്. മറ്റുള്ളവ്രും അങ്ങനെതന്നെ വിളിക്കുന്നു. ഇനി ഞാനായിട്ട് അതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.

വിമര്‍ശനത്തിനു മറുപടിയര്‍ഹിക്കത്തക്ക എന്തെങ്കിലും ഗൌരവമുണ്ടായതുകൊണ്ടല്ല, വെറും വ്യക്തിപരമായ അധിക്ഷേപമായതുകൊണ്ടും കളി കാണാത്ത‍ മറ്റുള്ളവരെക്കൂടി തെറ്റിദ്ധരിപ്പിക്കാനിടയുള്ളതുകൊണ്ടും എഴുതിയെന്നുമാത്രം. ഇതിനപ്പുറത്തേക്ക് പറയുവാന്‍ എന്റെ സംസ്ക്കാരം എന്നെ അനുവദിക്കുന്നില്ല.
-കുറൂര്‍ വാസുദേവന്‍ നമ്പൂതിരി (മിടുക്കന്‍)

Haree പറഞ്ഞു...

@ -സു‍-|Sunil,
:-) തിരുത്തിനു നന്ദി. കോട്ടക്കല്‍ പോകുവാന്‍ കഴിഞ്ഞില്ല. മണിക്കും പറ്റിയില്ലെന്നു തോന്നുന്നു.

@ bright,
ചിത്രങ്ങള്‍ക്കു നന്ദി. ബാക്കിയുള്ളവയും കൂടി പോരട്ടേ...

@ കപ്ലിങ്ങാട്‌,
അതെയതെ. ഞാനും ഇടയ്ക്ക് രണ്ടാം ദിവസം കാണാന്‍ ഒത്തിരി കൊതിച്ചു നടന്നതോര്‍ക്കുന്നു. :-) ഇപ്പോള്‍ ഇതു രണ്ടും ധാരാളം കാണുവാനുണ്ട്. അന്നു ധാരാളമായി കണ്ടിരുന്ന നാലാം ദിവസം ഇപ്പോള്‍ കണ്ടിട്ട് കുറച്ചു കാലമായി.

ഇവിടെ കളി ചുരുക്കിയത് മറ്റു ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തുവാനായായിരുന്നു. വരുന്ന ഭാഗങ്ങളില്‍ അതെക്കുറിച്ചുണ്ട്. ബാഹുകന്‍ ദുഃഖിതനാണെങ്കിലും അത് ഋതുപര്‍ണന്റെ മുന്‍പില്‍ കാട്ടുവാന്‍ വയ്യല്ലോ! അതുകൊണ്ട് അവിടെയല്പം സ്ഥായിരസഭംഗം ആവശ്യമാണെന്നു തോന്നുന്നു.

ശരിയാവും. മരവുരി മറ്റോ സംഘടിപ്പിച്ചിട്ടുണ്ടാവും അല്ലേ? അടുത്ത രംഗത്തില്‍ പര്‍ണാദന്‍ മുതല്‍ക്കാണുള്ളത്. :-) അതുകൂടി ഇവിടെ അവതരിപ്പിച്ചിരുന്നു.

@ Kuroor Vasudevan,
ആസ്വാദനം എന്നുതന്നെ വിളിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. :-) “വനവര്‍ണ്ണനവരെ ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസാണ് പ്രവര്‍ത്തിച്ചത്. ” എന്നെഴുതിയതിനു ശേഷം ഇടയ്ക്കുള്ള പദം വിട്ടുപോയതാണ്. തിരുത്തിയിട്ടുണ്ട്. കൈക്കുകൂടുന്നതില്‍ വീഴ്ച വരുക എന്നതില്‍ ഉദ്ദേശിച്ചത്, മുദ്രയെ തുണയ്ക്കുന്ന രീതിയില്‍ ചെണ്ടക്കോല്‍ വീണില്ല എന്നാണ്. അങ്ങിനെയല്ലേ? അതില്‍ കൃത്യത കൊണ്ടുവരികയെന്നാല്‍, അങ്ങിനെ ചെണ്ട തുണയ്ക്കാത്ത ഓരോ മുദ്രയുമെടുത്ത് പറയുക എന്നതല്ലേ? അത് പ്രായോഗികമാണെന്നു കരുതുവാന്‍ വയ്യ.

വ്യക്തിഹത്യ / വ്യക്തിപരമായ അധിക്ഷേപം ഉദ്ദേശിച്ചിട്ടില്ല. വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആ വരി ഒഴിവാക്കിയിട്ടുണ്ട്. പിന്നെ, അന്ന്‍ കലാശത്തിനു പകുതിക്കാണ് കൊട്ടിത്തുടങ്ങിയത് എന്നെഴുതിയത്, അങ്ങിനെയായതുകൊണ്ടു തന്നെയാണ്. അതു ഞാന്‍ കണ്ട/കേട്ട കാര്യമാണല്ലോ! പിന്നെ, സുദര്‍ശനത്തിന് അങ്ങിനെയാണ് കൊട്ടേണ്ടതെന്നൊരു അറിവ് എനിക്കില്ല. അങ്ങിനെ പകുതിക്കാണോ കൊട്ടേണ്ടത്? ഇനി, അത് അങ്ങയുടേതായ ശൈലിയെങ്കില്‍ അങ്ങിനെ. പക്ഷെ, അതെനിക്ക് ആസ്വാദ്യകരമാവുകയോ ആവാതിരിക്കുകയോ ചെയ്യാമല്ലോ? മറ്റൊരാളുടേതു പോലെയാവണം എന്ന് ഞാനെവിടെയും ആവശ്യപ്പെട്ടിട്ടില്ല, അങ്ങിനെ പറയുകയുമില്ല.

ഞാന്‍ പറയുന്നതുമെഴുതുന്നതുമെല്ലാം ശരി എന്നെനിക്കു വിചാരമില്ല. തെറ്റുകള്‍ തിരുത്തുവാന്‍ ആര്‍ക്കും അവസരമുണ്ട്, അതാണല്ലോ ബ്ലോഗുകളുടെ പ്രസക്തിയും.

വിമര്‍ശനമെന്നു കരുതേണ്ടതില്ല. കളി കണ്ട ഒരുവന്റെ തോന്നലുകള്‍, ആസ്വാദനം മാത്രം. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല. പറയുന്നതുമെഴുതുന്നതും എന്റെ സത്യസന്ധമായ വിചാരങ്ങള്‍ മാത്രമാണ്. പിന്നെ, അതേ വിചാരത്തോടെയുള്ള ആസ്വാദകരും പലരുണ്ട്. അതിവിടെ ഞാന്‍ തുറന്നെഴുതുന്നു, മറ്റുള്ളവര്‍ പരസ്പരം പറയുന്നു. അത്രമാത്രം!
--

മനോജ് കുറൂര്‍ പറഞ്ഞു...

ഹരീ,ആവുന്നത്ര സൌമ്യമായി ചില സംഗതികള്‍ പറയട്ടെ. താങ്കളുടെ പോസ്റ്റ് അച്ഛന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും അദ്ദേഹമെഴുതിയ മറുപടി പോസ്റ്റ് ചെയ്യാന്‍ സഹായിച്ചതും ഞാനാണ്.

ആര്‍ക്കുംവിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് ഒരു വ്യക്തി ചെയ്ത പ്രവൃത്തിയെക്കുറിച്ചാകുമ്പോള്‍ കാര്യകാരണസഹിതാമാവണം എന്നു പറയുന്നതില്‍ എന്താണു തെറ്റ്?
‘കൈക്കുകൂടുന്നതില്‍ വീഴ്ച വരുക എന്നതില്‍ ഉദ്ദേശിച്ചത്, മുദ്രയെ തുണയ്ക്കുന്ന രീതിയില്‍ ചെണ്ടക്കോല്‍ വീണില്ല എന്നാണ്. അങ്ങിനെയല്ലേ? അതില്‍ കൃത്യത കൊണ്ടുവരികയെന്നാല്‍, അങ്ങിനെ ചെണ്ട തുണയ്ക്കാത്ത ഓരോ മുദ്രയുമെടുത്ത് പറയുക എന്നതല്ലേ? അത് പ്രായോഗികമാണെന്നു കരുതുവാന്‍ വയ്യ.’ എന്നു താങ്കള്‍ പറയുന്നു! എന്തുകൊണ്ടു വയ്യ? പിന്നെ പറയുന്നത് എങ്ങനെ മനസ്സിലാകും? ഈ വീമര്‍ശനമൊക്കെ അച്ഛനുള്‍പ്പെടെയുള്ള കലാകാരന്മാരെക്കുറിച്ച് ഞാനും പറയാറുള്ളതാണ്. പക്ഷേ ഓരോ കലാകാരനും ചെയ്യുന്നതെന്ത് എന്നു മനസ്സിലാ‍ക്കാനുള്ള ഒരു സഹിഷ്ണുത വിമര്‍ശിക്കുന്നയാള്‍ക്കുണ്ടാവണം എന്നുതന്നെയാണു ഞാന്‍ കരുതുന്നത്. താങ്കള്‍ക്കു യോജിക്കാം. വിയോജിക്കാം.

‘പിന്നെ, സുദര്‍ശനത്തിന് അങ്ങിനെയാണ് കൊട്ടേണ്ടതെന്നൊരു അറിവ് എനിക്കില്ല. അങ്ങിനെ പകുതിക്കാണോ കൊട്ടേണ്ടത്? ഇനി, അത് അങ്ങയുടേതായ ശൈലിയെങ്കില്‍ അങ്ങിനെ.’ സ്വന്തം ശൈലിയെക്കുറിച്ച് ഒരു കലാകാരനുള്ള കാഴ്ച്ചപ്പാടിനെയാണോ ഇത്തരത്തീല്‍ പരിഹസിക്കുന്നത്? ആ ശൈലിയുടെ വിശദാംശങ്ങള്‍ എനിക്കറിയാം. ശിഷ്യന്‍, മകന്‍ (അതെ. അഭിമാനപൂ‍ര്‍വം) എന്നീ ബന്ധങ്ങളുള്ള ഞാനായിട്ട് എഴുതേണ്ടതല്ല അത് എന്നതുകൊണ്ടുമാത്രം ഇപ്പോള്‍ അതിനു പുറപ്പെടുന്നില്ല. രാമന്‍‌കുട്ടി നായരാശാന്‍‌തന്നെ അച്ഛന്റെ കൊട്ടിനെക്കുറിച്ച് എന്നോട് വളരെ ഇഷ്ടത്തോടെ സംസാരിച്ചിട്ടുണ്ട്. (രാമന്‍‌കുട്ടീ നായരാശാന്റെ ശതാഭിഷേകത്തിനുള്ള കിര്‍മ്മീരവധത്തിനും അച്ഛനെയാണ് കൊട്ടാന്‍ വിളീച്ചിരിക്കുന്നത്.) എന്നുവച്ച് വിമര്‍ശനാതീനാണെന്നല്ല പറഞ്ഞുവന്നത്. വിമര്‍ശിക്കാം. മുതിര്‍ന്ന ഒരു കലാകാരനാകുമ്പോള്‍ (ആരായാലും) അര്‍ഹിക്കുന്ന മാന്യതയോടെ വേണം എന്നുതന്നെയാണ് എന്റെ വിശ്വാസം. ഇവിടെയും താങ്കള്‍ക്കു യോജിക്കാം;വിയോജിക്കാം.

പിന്നെ സുദര്‍ശനത്തിന്റെ കലാശപ്പകുതി! ഒന്നാ‍മത് അവിടെ കലാ‍ശത്തിനു വട്ടംതട്ടിയാല്‍ മുദ്രകള്‍ കാണിക്കാറില്ല.മുറിയടന്തയില്‍ വട്ടമിട്ടാല്‍ കൊട്ടാതെനില്‍ക്കുകയെന്നത് അസാ‍ധ്യമാണ്. സംശയമുണ്ടെങ്കില്‍ ആരോടും ചോദിക്കാം.കലാശത്തിനാകട്ടെ, ഒറ്റക്കാല്‍ചവിട്ടിത്തുടങ്ങുമ്പോഴേ നല്ലവണ്ണം അമര്‍ത്തീക്കൊട്ടാറുള്ളൂ. ഇതാവാം താങ്കളുടെഅഭിപ്രാ‍യപ്രകടനത്തിനു കാരണമായത് എന്നു ഞാന്‍ ഊഹിക്കുന്നു.
‘പക്ഷെ, അതെനിക്ക് ആസ്വാദ്യകരമാവുകയോ ആവാതിരിക്കുകയോ ചെയ്യാമല്ലോ?’ തീര്‍ച്ചയാ‍യും!

പിന്നെ താങ്കള്‍ പറയുന്ന സാങ്കേതികകാര്യങ്ങള്‍ പലതും കഥകളിക്കാര്‍ക്കു മനസ്സിലാവില്ല എന്നെനിക്കുറപ്പുണ്ട്. കാരണം ഉദ്ദേശിക്കുന്നതെന്തെന്ന് താങ്കള്‍ക്കുതന്നെയേ അറിയൂ. അത്രത്തോളം ആധികാരികത ഭാവിക്കുന്നതിനാല്‍ തിരുത്താന്‍‍ വരാറില്ല എന്നേയുള്ളൂ.
വിസ്തരഭയത്താല്‍ ഉദാഹരണം ഒന്നിലൊതുക്കുന്നു. വേണമീങ്കില്‍ ഇനിയും എടുത്തുതരാം. കീചകവധത്തിലെ ‘ഹരിണാക്ഷി'യുടെ രംഗത്തെപ്പറ്റി: ‘ശ്ലോകം കഴിഞ്ഞ് തിരശ്ശീല മാറ്റുമ്പോള്‍ മാലിനി രംഗപ്രവേശം ചെയ്യുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. കീചകന്റെ ഒരുക്കം, സേവകന്‍ ഒരു സൈരന്ധ്രി കാണുവാന്‍ അനുവാദം ചോദിക്കുന്നു തുടങ്ങിയ ഭാഗങ്ങളൊന്നും ആടുകയുണ്ടായില്ല. മൂന്നുവട്ടം കലാശം കൊട്ടിക്കഴിഞ്ഞതിനു ശേഷമാണ് പദം തുടങ്ങേണ്ടത്. എന്നാല്‍ പാലനാട് ദിവാകരന് അവിടെ പിഴവുപറ്റി.’
ഒരു പിടിയും കിട്ടുന്ന്നില്ല!എന്നാലും എന്തൊരാധികാരികത! സത്യസന്ധത!!

സുഹൃത്തേ, ഇതു താങ്കളുടെ മാത്രം പ്രശ്നമല്ല. സാ‍ങ്കേതികകാര്യങ്ങള്‍ ചോദീച്ചറിഞ്ഞുതന്നെ പഠിക്കേണ്ടിവരും. അതിനുതയ്യാറില്ലെങ്കില്‍ പിന്നെന്താ‍ ചെയ്ക!

‘വിമര്‍ശനമെന്നു കരുതേണ്ടതില്ല. കളി കണ്ട ഒരുവന്റെ തോന്നലുകള്‍, ആസ്വാദനം മാത്രം. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല. പറയുന്നതുമെഴുതുന്നതും എന്റെ സത്യസന്ധമായ വിചാരങ്ങള്‍ മാത്രമാണ്. പിന്നെ, അതേ വിചാരത്തോടെയുള്ള ആസ്വാദകരും പലരുണ്ട്. അതിവിടെ ഞാന്‍ തുറന്നെഴുതുന്നു, മറ്റുള്ളവര്‍ പരസ്പരം പറയുന്നു. അത്രമാത്രം!’
ബ്ലോഗില്‍‌പോ‍സ്റ്റ് ചെയ്യുമ്പോള്‍ വായിക്കുന്നത് കളീ കണ്ടവരാവില്ലല്ലൊ. അവരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. പിന്നെ അതേ വിചാരത്തോടെയുള്ള ആസ്വാദകര്‍! അതും സ്വാഭാവികം! ഏതായാലും അവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നീങ്കില്‍ചെറുപ്പകാലം മുഴുവന്‍ ഞാന്‍പട്ടിണിയായേനെ!

ഞാന്‍ നിര്‍ത്തുന്നു. നമോവാകം!

Haree പറഞ്ഞു...

@ മനോജ് കുറൂര്‍,
:-) നന്ദി.
1. പ്രായോഗികതയെക്കുറിച്ച് പറഞ്ഞത്; ഇന്ന മുദ്രയ്ക്ക് ചെണ്ട വീണില്ല, മദ്ദളം തുണച്ചില്ല എന്നിങ്ങനെ നിരത്തി കുറേ എഴുതുന്നത് വായനയ്ക്ക് മടുപ്പായിരിക്കും. വിസ്താരഭയവും ഒരു കാരണമാണ്. പോസ്റ്റുകള്‍ വായിക്കപ്പെടണമല്ലോ!
2. മേളത്തിന്റെ ഗഹനമായ സംഗതികളൊന്നും ഞാനിവിടെ സൂചിപ്പിക്കാറില്ല. സാധാരണ ഒരാസ്വാദകനുകൂടി പ്രകടമായി അറിയുവാന്‍ സാധിക്കുന്ന; കൈക്കുകൂടുക, കലാശത്തിനു കൊട്ടുക (ഇടയ്ക്ക് പിഴച്ചാല്‍ പോലും അറിയണമെന്നില്ല, പക്ഷെ കാലിനൊപ്പിച്ച് ചെണ്ട കേള്‍ക്കാതിരുന്നാല്‍ അറിയാമല്ലോ?), വണ്ട്/കുയില്‍ കാണിക്കുമ്പോള്‍ മദ്ദളം കലാകാരന്‍ അവയുടെ സ്വരം കേള്‍പ്പിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവിടെ പറയാറുള്ളത്. അതിനപ്പുറമുള്ള കാര്യങ്ങള്‍ മനസിലാക്കുവാനുള്ള സാങ്കേതികജ്ഞാനം നേടുവാനുള്ള സമയമോ സാഹചര്യമോ എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല.
3. സ്വന്തം ശൈലിയെക്കുറിച്ച് ഒരു കലാകാരന്റെ കാഴ്ചപ്പാടിനെ ഞാന്‍ പരിഹസിച്ചിട്ടില്ല. അദ്ദേഹത്തിനു മികവ് കുറവാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങിനെ ചിന്തിച്ചത് ഖേദകരമായി. അദ്ദേഹത്തോടെന്നല്ല, എല്ലാവരോടും മാന്യമായി തന്നെയാണ് പെരുമാറാറുള്ളത്.
4. സുദര്‍ശനം പദഭാഗത്തും മുദ്രകാട്ടാറില്ലല്ലോ! ഒരു വര്‍ഷത്തിനു മുന്‍പുള്ള ഒന്നായതിനാല്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറയുക വയ്യ. എങ്കിലും അമര്‍ത്തിക്കൊട്ടുന്നതിന്റെ പ്രശ്നമാണെന്നു തോന്നുന്നില്ല.
5. കീചകന്റെ ഭാഗം പറഞ്ഞത്. ശ്ലോകം കഴിഞ്ഞയുടനെ തന്നെ പദമാരംഭിക്കുകയായിരുന്നു. അതിനാല്‍ കീചകന്റെ കാത്തിരുപ്പ് ആടുവാന്‍ കഴിഞ്ഞില്ല എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. (‘കിടതക താം...’ കൊട്ടി പദത്തിലേക്കു കടക്കുക എന്നതാണ് ഉദ്ദേശിച്ചത്. അങ്ങിനെ ചെയ്യുമ്പോള്‍ കീചകന് സമയം ലഭിക്കുമല്ലോ. അങ്ങിനെ പലപ്പോഴും കണ്ടിട്ടുണ്ട്, അതനുസരിച്ചാണ് അങ്ങിനെയെഴുതിയത്. മൂന്നുവട്ടം കലാശം കൊട്ടുക എന്നത് എഴുത്തില്‍ വന്ന പിഴവാണ്.) - തെറ്റുകള്‍ എവിടെ ആര് ചൂണ്ടിക്കാണിച്ചാലും എനിക്ക് ബോധ്യമായാല്‍ തിരുത്താറുണ്ട്. അതിനൊരു മടിയും കാണിക്കാറില്ല. ആധികാരികമാണ് എന്നു ഞാനെവിടെയും അവകാശപ്പെട്ടിട്ടില്ല. സത്യസന്ധത, നന്നെന്നു തോന്നിയിട്ടും കേടെന്നെഴുതാറില്ല എന്നുദ്ദേശം, അതുപോലെ തിരിച്ചും.
6. സാങ്കേതികകാര്യങ്ങളെക്കുറിച്ച് ഞാനിവിടെ പറയാറുണ്ടോ? സാങ്കേതികകാര്യങ്ങളുടെ ഇഴതിരിച്ചുള്ള വിമര്‍ശനം എന്റെ ഉദ്ദേശമല്ല, അതെനിക്ക് സാധിക്കുകയുമില്ല. തൃപുടകൊട്ടിയപ്പോള്‍ ഇന്ന താളവട്ടത്തില്‍ ഇത്രാമത്തെ താളം പിഴച്ചു എന്നൊന്നും ഞാനെഴുതാറില്ലല്ലോ? പിന്നെ, സമയവും സാഹചര്യവും പോലെ പലതും പഠിച്ചെടുക്കുവാന്‍ ശ്രമിക്കാറുണ്ട്.
7. ശരിയാണ്, കളി കണ്ടവരാവില്ല. പക്ഷെ, അത് ധരിപ്പിക്കുക മാത്രമാണ്. ഇല്ലാത്ത സംഗതി പറഞ്ഞാലല്ലേ തെറ്റിദ്ധരിപ്പിക്കല്‍ ആവുന്നുള്ളൂ. ആസ്വാദകന്‍ എന്ന നിലയില്‍ എന്റെ അനുഭവം എന്താണോ അതാണിവിടുള്ള പോസ്റ്റുകളുടെ ഉള്ളടക്കം. അതങ്ങിനെ തന്നെ തുടരും.
--

Unknown പറഞ്ഞു...

Dear Kuroors,

With all due respects, wish to comment as follows :

We, aswadakars / blog followers who regularly follow kathakali blogs hosted by Haree / other such blog masters who maintain serious kathakali blogs, request you to be little more professional in your approach to the aswadanam / review and never to take it so personal.

It is human to get annoyed when someone points out your fault. We understand. And if one has to comment on the performance / point out the flaws especially that of a senior artist like Shri Kuroor, it is not very easy. But with what we assess about Kaliyarangu blog master from his past aswadhanams, it goes without any single doubt that he is an aswadhakan who has immense knowledge about this art form, from all its perspectives, be it vesham, vadhyam or sangeetham. (the fact that one need not have to learn to perform kathakali to comment on the performance of a VESHAKKARAN, it is not necessary to learn CHENDA to comment on the output of CHENDA artist. All these things comes with experience of watching / understanding kathakali.) I myself who was there to watch that days kali at Alapuzha, felt very distinctly when Krishnadas's Chenda made its entry. And it is a fact.

An artist should be professional enough to take such criticisms if it is negative (i read a recent blog by another blog master who wrote like this about natyasangham's kali, 'chenda nannayi, paattu nannayi, maddalam nannayi, mothathil ellam nannayi, nannayi....'. ) and should try to rectify it in the next arangu. I really donot think 'Kaliyarangu' has anything against Shri Kuroor, personally. From past aswadhanams, it is quite obvious that blog master is very UNBIASED in his reviews about anyone, be it about any artist. He is bold enough to point out and note down when anyone goes wrong in the arangu, be that any SENIOR CELEBRITY artist.

If artists start to take such reviews / aswadhanams personally, then the whole purpose of hosting such blogs will not be served and this art form will get stagnant and will never improve from one arangu to next arangu. We, aswadakars, expect best / flawless performance when we take out our valuable time and come to watch Kali. It is our right and hope all Kathakali bloggers agree with me on this.

So instead of cornering such blog masters, (am remarking about your following comment

അത്രത്തോളം ആധികാരികത ഭാവിക്കുന്നതിനാല്‍ തിരുത്താന്‍‍ വരാറില്ല എന്നേയുള്ളൂ.

that please be little more professional in your approach towards such blogs and thus try to improve standards of kathakali from what it is now.

Once again with all great respects, I conclude this sincere request from a serious aswadhakan of KATHAKALI.

മനോജ് കുറൂര്‍ പറഞ്ഞു...

ഹരീ, നന്ദി. പ്രത്യേകിച്ചും വൈയക്തികമായി തോന്നിയ കാര്യങ്ങള്‍ ഒഴിവാക്കിയതില്‍. കിര്‍മ്മീരവധത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം പറഞ്ഞെന്നേയുള്ളൂ. താങ്കള്‍ക്ക് സ്വീകരിക്കാതിരിക്കാം. അതുപോലെതന്നെ എനിക്കും. താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും തുടരാം. അതുപോലെതന്നെ എനിക്കും. പറഞ്ഞ കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല.

പ്രിയ ashish,
ആസ്വാദനം പ്രൊഫഷനല്‍ ആണെങ്കില്‍ പ്രതികരണവും അത്തരത്തിലായിരിക്കും. വൈയക്തികമായാല്‍ അത്തരത്തിലും. ആരെങ്കിലും തെറ്റു ചൂണ്ടിക്കാണിച്ചാലുടന്‍ അസ്വസ്ഥരാകുന്നു എന്നൊക്കെപ്പറഞ്ഞ് ലളിതവത്ക്കരിച്ചാല്‍ ഒന്നും പറയാനില്ല. ഇങ്ങോട്ടു പറയുന്നതൊക്കെ പ്രൊഫഷനല്‍ സമീപനത്തോടെ സ്വീകരിക്കണം‌പോലും. മറുപടി പറഞ്ഞാല്‍ അത് അസഹിഷ്ണുതയും! പഴയ പൂമുള്ളിക്കാലമൊക്കെ കഴിഞില്ലേ മാഷേ?വിമര്‍ശനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞുകഴിഞ്ഞു. അത് ആവര്‍ത്തിക്കുന്നില്ല.

പിന്നെ രണ്ടു കലാകാരന്മാരെ താരതമ്യപ്പെടുത്തുമ്പോഴത്തെ പ്രശ്നങ്ങള്‍. അത് ഓരോരുത്തരും ചെയ്യുന്നതെന്ത് എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടു വേണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അച്ഛന്റെ ശൈലിയെക്കുറിച്ച് എനിക്കുമുണ്ട് വിമര്‍ശനങ്ങള്‍. അതുപോലെതന്നെ കൃഷ്ണദാസ് ഉള്‍പ്പെടെ മറ്റു പലരുടെയും ശൈലിയെക്കുറിച്ചും. അതായത് ഓരോ ശൈലിയെക്കുറിച്ചും എനിക്ക് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിമര്‍ശനങ്ങളുണ്ട്. കൃഷ്ണന്‍‌കുട്ടി പൊതുവാള്‍, കുട്ടന്‍ മാരാര്‍, ചന്ദ്രമന്നാടിയാര്‍, കേശവന്‍, സദനം വാസുദേവന്‍, ബലരാമന്‍, രാമന്‍ നമ്പൂതിരി, കുഞ്ചുണ്ണി, ഉണ്ണികൃഷ്ണന്‍, വാരണാസി മൂസ്സ്, കൃഷ്ണദാസ് എന്നിവര്‍ക്കൊക്കെ അവരുടേതായ ശൈലിയുണ്ട്. നന്നായി, മോശമായി എന്നുമാത്രം പറയാന്‍ അതൊന്നും അറിയണമെന്നില്ല. ‘രാമന്‍ നമ്പൂതിരി ചെണ്ട കൊട്ടുമോ?’ (ഹരീയുടെ മറ്റൊരു പോസ്റ്റില്‍ കണ്ടത്) എന്നൊക്കെ തട്ടിമൂളിക്കുന്നത് വലിയ സംഗതിയായൊന്നും ഞാന്‍ കാണുന്നില്ല. താങ്കള്‍ക്ക് അതൊക്കെ മാന്യമായി തോന്നുന്നുവെങ്കില്‍ ആസ്വദിക്കുക. ഞാന്‍ ഇവരോരോരുത്തരുടെയും ശൈലിയിലെ ചില കാര്യങ്ങള്‍ വിമര്‍ശിക്കുമ്പോള്‍പ്പോലും അവരെയും അവരുടെ ശൈലീഭേദങ്ങളെയും സ്നേഹിക്കുന്നു; ബഹുമാനിക്കുന്നു. മറ്റെല്ലാവരും അങ്ങനെതന്നെയാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിര്‍ബന്ധിക്കാനാവില്ലല്ലൊ.

‘But with what we assess about Kaliyarangu blog master from his past aswadhanams, it goes without any single doubt that he is an aswadhakan who has immense knowledge about this art form, from all its perspectives, be it vesham, vadhyam or sangeetham.’ ശരിയായിരിക്കാം. പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ല. എനിക്കു ഹരിയെ അവമാനിക്കാന്‍ പ്രത്യേകിച്ച് ഒരുദ്ദേശ്യവുമില്ല.

‘He is bold enough to point out and note down when anyone goes wrong in the arangu, be that any SENIOR CELEBRITY artist.’
ഹഹ! അതെയതെ! ആര്‍ക്കാണ് അതു സാധ്യമാകാത്തത്? പിന്നെ ഈ ശരിയും തെറ്റുമൊക്കെ സ്വയം തീരുമാനിച്ചാല്‍ മാത്രം പോരല്ലൊ. പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ സാധ്യതയുള്ള സ്ഥലത്താകുമ്പോള്‍. അതു മറ്റുള്ളവര്‍ ചെയ്തതിനെ ആശ്രയിച്ചാകുമ്പോള്‍ അവര്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതുമൊക്കെ കേള്‍ക്കേണ്ടീവരും. എന്നിട്ടു സ്വയം തീരുമാനിക്കുക; തീരുമാനിക്കാതിരിക്കുക.

പിന്നെ, ഞാനും കലാനിരൂപണങ്ങള്‍ എഴുതാറുണ്ട്. കഥകളിയെക്കുറിച്ചു മാത്രമല്ല, മറ്റു പലതിനെക്കുറിച്ചും. പലതും എന്റെ ബ്ലോഗുകളില്‍ ലഭ്യമാണ്. അതുകൊണ്ട് ആസ്വാദകരുടെ മറുഭാഗത്തുനിര്‍ത്തുന്ന പഴയ തന്ത്രമൊന്നും വേണ്ട. എവിടെയായാലും എന്റെ സമീപനം ഇതൊക്കെത്തന്നെ. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ കാര്യകാരണസഹിതമാകാനും വ്യക്തിപരമായി അവഹേളിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതുതന്നെ ഇവിടെയും പറഞ്ഞെന്നു മാത്രം. അതും സ്വീകരിക്കാം; സ്വീകരിക്കാതിരിക്കാം.

Haree പറഞ്ഞു...

@ Ashish,
കമന്റിനു നന്ദി. :-)
“But with what we assess about Kaliyarangu blog master from his past aswadhanams, it goes without any single doubt that he is an aswadhakan who has immense knowledge about this art form, from all its perspectives, be it vesham, vadhyam or sangeetham.” - ഹെന്റമ്മേ! അങ്ങിനെയൊന്നും ദയവായി കരുതരുത്. അത്യാവശ്യം ആസ്വാദനത്തിനു വേണ്ട അറിവുണ്ടെന്നാണ് വിശ്വാസം. ആ ഒരു ആത്മവിശ്വാസത്തില്‍ എഴുതുന്നു എന്നുമാത്രം.

@ മനോജ് കുറൂര്‍,
:-) പലരും ഇവിടെ വായിച്ച് ആസ്വാദനം നന്നായി എന്നു പറയാറുണ്ട്. ഒരുപക്ഷെ, കലാകാരന്മാരെ സംബന്ധിച്ചിടത്തോളം മേളം നന്നായി അല്ലെങ്കില്‍ മോശമായി എന്നുമാത്രം പറയുന്നതില്‍ കാര്യമില്ല എന്നതു ശരി. മോശമായി എന്നതിന്റെ കൂടെ കൈക്കുകൂടുന്നതില്‍ ശ്രദ്ധ വന്നില്ല എന്നുപറയുമ്പോള്‍ ആസ്വാദകന്റെ ചിന്ത കുറച്ചുകൂടി വ്യക്തമാവുന്നു. എന്നാല്‍ ഏതു മുദ്രയ്ക്ക് എപ്രകാരം കൊട്ടിയതാണ് മോശമായത്, എങ്ങിനെ കൊട്ടുകയായിരുന്നു വേണ്ടിയിരുന്നത് എന്നൊക്കെ വിശദീകരിച്ചെങ്കില്‍ (അതൊക്കെ എഴുതുവാനും എഴുതിയാല്‍ തന്നെ ഉദ്ദേശിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ മനസിലാക്കുവാനും സാധിക്കുമോ എന്നതും സംശയം) മാത്രമേ പ്രഫഷണല്‍ ആസ്വാദനമാവുകയുള്ളൂ എന്നെനിക്കു തോന്നുന്നില്ല. ഇങ്ങിനെ മോശമായി എന്നു മാത്രം പറയുന്നത് വൈയക്തികമാണെന്നും കരുതുന്നില്ല.

കുറൂരിനെക്കുറിച്ചു തന്നെ ഷഷ്ടിപൂര്‍ത്തിയുടെ പോസ്റ്റില്‍ ഇങ്ങിനെ, ‘പുറപ്പാട് മേളം നന്നാക്കണമെന്ന വാശിയില്‍ തന്നെയായിരുന്നു കുറൂരെന്നു തോന്നുന്നു. ഒരുപക്ഷെ, ഇത്രയും ഭംഗിയായി അടുത്തെങ്ങും അദ്ദേഹം കൊട്ടിയിട്ടുണ്ടാവില്ല.’ പറഞ്ഞിരുന്നു. ഒരുപക്ഷെ, മേളം നന്നായെന്ന് തോന്നുന്ന മറ്റൊരിടത്ത് ‘മിടുക്കനെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു കുറുരില്‍ നിന്നുണ്ടായത്.’ എന്നാവുമായിരുന്നു എഴുതുക. അതുപോലെയേ ഞാന്‍ നേരത്തേ ഇതിനെതിരായെഴുതിയതിനെ കാണേണ്ടതുള്ളൂ. അതിലും വ്യക്തിപരമായി ഒന്നുമില്ല. ഒരു കഥകളി ആസ്വാദകനെന്ന നിലയില്‍, ഒരു കഥകളി കലാകാരനായ അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും മാത്രമേ വ്യക്തിപരമായി ഉള്ളൂതാനും. അതുകൊണ്ടു തന്നെയാണ് ആ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നു തോന്നിയപ്പോള്‍ അതൊഴിവാക്കിയതും. എന്നിട്ടും ഞാന്‍ വിമര്‍ശിക്കുന്നവരെല്ലാവരോടും എനിക്ക് ദേഷ്യമാണ്, ഇവരെയാരെയും ഞാന്‍ ബഹുമാനിക്കുന്നില്ല എന്നൊക്കെ കരുതുന്നത് ഖേദകരമാണ്. (നേരിട്ടിങ്ങിനെ പറഞ്ഞില്ല, പക്ഷെ സൂചന അതായിരുന്നല്ലോ!)

ഓരോരുത്തര്‍ക്കും ശൈലികളൊക്കെയുണ്ടെന്നതു ശരി. എന്നാല്‍ ഓരോ ശൈലിയേയും മുന്‍‌നിര്‍ത്തിയുള്ള വിമര്‍ശനമൊന്നും ഞാന്‍ എവിടെയും നടത്തിയിട്ടില്ല. ഏതു ശൈലിയാണെങ്കിലും മുദ്രയ്ക്ക് ഇം‌പാക്ട് നല്‍കുന്ന രീതിയില്‍ കൊട്ടേണ്ടതുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുമാത്രമേ എന്റെ ആസ്വാദനത്തില്‍ വിഷയവുമാവുന്നുള്ളൂ. ഒരു ആസ്വാദകന്‍ അങ്ങിനെ പറയുമ്പോള്‍, കാരണം പറഞ്ഞിട്ടില്ലെങ്കില്‍ കൂടി, സ്വയമൊന്നു ചിന്തിച്ച് വിലയിരുത്താവുന്നതാണ്. അതില്‍ കാര്യമില്ലെന്നാണ് തോന്നലെങ്കില്‍ ആസ്വാദകന്‍ പറഞ്ഞത് തള്ളിക്കളയാം, എന്തെങ്കിലും കാര്യമുണ്ടെന്നു കണ്ടാല്‍ മെച്ചപ്പെടുത്തുവാനുള്ള വഴി ആലോചിക്കാം. പക്ഷെ, ആസ്വദകന്‍ അതൊക്കെ പറയുന്നത് മറ്റുള്ളവരെ / കളി കാണാത്തവരെ തെറ്റിദ്ധരിപ്പിക്കുവാനാണ് എന്നു പറയുന്നത് ശരിയല്ല.

“രാമന്‍ നമ്പൂതിരി ചെണ്ട കൊട്ടുമോ?” - ഇത് ഏത് പോസ്റ്റിലാണ് കണ്ടത്? മറ്റൊരു ബ്ലോഗിലെ ഒരു പോസ്റ്റില്‍, കമന്റില്‍ അല്പം കളിയായി ചോദിച്ചതാണിത്. ആയിടയ്ക്ക് കണ്ട മറ്റൊരു കളിക്ക് അദ്ദേഹം വെറുതേ താളം പിടിച്ച് നിന്നതിന്റെ ഓര്‍മ്മയ്ക്ക് അങ്ങിനെ ചോദിച്ചു പോയതാണ്. അതുകൊള്ളാം അങ്ങിനെ അദ്ദേഹം ചെയ്തതില്‍ കുഴപ്പമില്ല, അതിങ്ങനെ ഒരു ചോദ്യമായി ചോദിച്ചാല്‍ ആസ്വാദകന്‍ മാന്യനല്ല? (സന്ദര്‍ഭം കൂടി കണക്കിലെടുക്കണം, അതല്ലാതെ ഈ രീതിയില്‍ അടര്‍ത്തി മാറ്റി നോക്കുമ്പോളല്ല.)

“അതു മറ്റുള്ളവര്‍ ചെയ്തതിനെ ആശ്രയിച്ചാകുമ്പോള്‍ അവര്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതുമൊക്കെ കേള്‍ക്കേണ്ടീവരും.” - തീര്‍ച്ചയായും അതില്‍ സന്തോഷമേയുള്ളൂ. ഈ മാധ്യമത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞു തന്നെയാണല്ലോ ഇവിടെ എഴുതുന്നത്. :-)
--

മനോജ് കുറൂര്‍ പറഞ്ഞു...

ബ്ലോഗില്‍ വരുന്ന വിമര്‍ശനം കലാകാരന്മാര്‍‌കൂടി അറിയട്ടെ എന്നു വിചാരിച്ചാണ് അച്ഛനെ ഇതു കാണിച്ചുകൊടുത്തത്. പ്രതീക്ഷിച്ചതായിരുന്നില്ല അനന്തരഫലമെന്നുമാത്രം! പോട്ടെ. ഇനി ആവര്‍ത്തിക്കുകയില്ല.

ആത്മനിഷ്ഠമായി ‍ഒരാള്‍ക്കുണ്ടാവുന്ന അനുഭവത്തെ സൌന്ദര്യശാസ്ത്രപരമോ സാംസ്കാരികമോ രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആയ ചില നിലപാടുകളില്‍നിന്നുകൊണ്ട് വ്യക്തമായി അവതരിപ്പിച്ചാലല്ലേ മറ്റൊരാള്‍ക്കു മനസ്സിലാവുകയുള്ളൂ? അല്ലാതെ കലാകാര‍ന്മാര്‍ ഇതുകണ്ടാല്‍ എന്തു പ്രയോജനം? ‘നന്നായി’ എന്നു പറഞ്ഞാല്‍ സന്തോഷിക്കാം. ‘മോശമായെ’ന്നാണെങ്കില്‍ വിഷമിക്കാം! മുദ്രയ്ക്കു കൂടിയില്ല എന്നാണെങ്കില്‍ ഏതൊക്കെ മുദ്രയ്ക്കു കൂടിയതിലാണ് (അതോ എല്ലാ മുദ്രകള്‍ക്കുമോ?) എന്നു പറയാതെ എങ്ങനെയാണു മനസ്സിലാക്കുക? എവിടെയാണു മനസ്സിരുത്തുക? അവിടെയാണു സാങ്കേതികമായിത്തന്നെ പറയാണം എന്നു പറയേണ്ടി വരുന്നത്. ഇനിയും ആവര്‍ത്തിക്കുന്നില്ല.

മേളത്തെപ്പറ്റി പറഞ്ഞതുകൊണ്ട് അതുമാത്രം സംസാരിച്ചെന്നേയുള്ളൂ. കഥകളിയിലെ എല്ലാ ഘടകങ്ങള്‍ക്കും ഇതു ബാധകമാണ്.
മേളത്തെപ്പറ്റിയാണെങ്കില്‍: മുദ്രയ്ക്കു കൂടുന്നതിന് ഓരോ മേളക്കാരനും അവരവരുടേതായ രീതിയുണ്ട്. രാവണോദ്ഭവത്തിലെ ‘ത്രിലോകം’ എന്ന മുദ്രയ്ക്ക് പൊതുവാളാശാന്‍ കൂടുന്നത് ഉരുളുകോലിലൂടെയാണ്. സാധാരണ കൊട്ടാറുള്ളത് നേര്‍കോലില്‍ അമര്‍ത്തിയും തുറന്നുമുള്ള അടികളിലൂടെയും. രണ്ടിനും രണ്ട് ഇഫക്ട്. ആദ്യത്തേതില്‍ വിരലുകളുടെ വിന്യാസത്തിന് ഊന്നല്‍. രണ്ടാമത്തേതില്‍ ശരീരത്തിന്റെയും കൈകളുടെയും പൊതുവായ ചലനങ്ങള്‍ക്കും. ഇതുപോലെ ഓരോ മുദ്രയ്ക്കുമുണ്ട് കലാകാരന്മാരുടെ ശൈലീഭേദം. പിന്നെ ഇപ്പോഴുള്ളവരില്‍ത്തന്നെ ചിലര്‍ പദം പാടുന്ന സമയം പതുക്കെമാത്രം കൊട്ടുന്നു. ചിലര്‍ അപ്പോഴും മുദ്രയ്ക്കുകൂടുന്നതിനു കനം കുറയ്ക്കാറില്ല. പദം പാടുന്ന സമയം നിവൃത്തിയുണ്ടെങ്കില്‍ ഒരു കൈയിലുള്ള കോല്‍‌കോണ്ട് മാത്രം കൊട്ടുകയാണ് അച്ഛന്റെ രീതി. ചില ഉദാഹരണങ്ങള്‍ പറഞ്ഞെന്നു മാത്രം. ഓരോന്നും ഓരോ കലാകാരന്റെയും സൌന്ദര്യബോധവുമായും കലാസങ്കല്പങ്ങളുമായും ശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നടന്റെയും മുദ്രാവിന്യാസരീതിയുമായും ഇതിനു ബന്ധമുണ്ട്. ഇതിലേതാണു നന്നെന്നൊക്കെ തീരുമാനിക്കുന്നത് (എനിക്കെങ്കിലും) വിചാരിക്കുന്നത്ര എളുപ്പമല്ല. എന്നാലും ഇവയെക്കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങള്‍ ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ഒരു സെമിനാറില്‍ അവതരിപ്പിക്കുകയും അവരുടെ കഴിഞ്ഞ സുവനീറില്‍ അതു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (അതു വായിക്കണമെന്നല്ല ധ്വനി. വിഷയത്തിന്റെ സങ്കീര്‍ണതയെക്കുറിച്ചോര്‍മിച്ചപ്പോള്‍ പറഞ്ഞുപോയതാണ്.) പറഞ്ഞുവന്നത്, മുദ്രയ്ക്കു കൂടുന്നതില്‍ ഈ ശൈലീഭേദങ്ങള്‍ക്കു പ്രാധാന്യമുണ്ടെന്നതാണ്.

താങ്കള്‍ പ്രൊഫഷണല്‍ ആസ്വാദനം നടത്തണമെന്നൊന്നും ഞാന്‍ പറഞ്ഞില്ല. എനിക്കു കിട്ടിയ ഒരുപദേശത്തിനു മറ്റൊരാള്‍ക്കു നല്‍‌കിയ മറുപടിയാണത്. അതുതമ്മില്‍ ചേര്‍ത്തുവച്ചാല്‍ കാരണം വ്യക്തമാകും.

കഥകളിക്കുള്ളതുപോലെ കഥകളി ആസ്വാദനത്തിനും നിരൂപണത്തിനും അതിന്റേതായ ചരിത്രവും വര്‍ത്തമാനവുമുണ്ട്. ചിലര്‍ മുദ്രകളിലൂടെ പ്രകടിപ്പിക്കുന്ന ആശയത്തിലും നാടകീയതയിലുമൊക്കെ കേന്ദ്രീകരിക്കുന്നു. ഓരോ കഥാപാത്രവും ആശയപരമായി ഇന്നയിന്ന തരത്തിലായിരുന്നു പ്രതികരിക്കേണ്ടിയിരുന്നതെന്നും മറ്റും പറയുന്നതിലാണ് അവര്‍ക്കു ശ്രദ്ധ. അതു പണ്ടുമുതല്‍ക്കുള്ള സ്ഥിരം രീതി. ചിലര്‍ സാങ്കേതികഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെ അതായി മാത്രംകണ്ടു പഠിക്കുകയും ചെയ്യുന്നു. ചിലര്‍ കഥകളിസങ്കേതങ്ങളെ സംസ്കാരവുമായി ബന്ധിപ്പിച്ചു വിലയിരുത്തുന്നു. ഇതിനെക്കുറിച്ചൊക്കെ ഞാന്‍ മറ്റു ചില ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഏതു രീതിയായാലും സൌന്ദര്യശാസ്ത്രപരമോ സാംസ്കാരികമോ ഒക്കെയായ യുക്തിയെ അതതു കലാസങ്കേതങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോഴേ കഥകളി ആസ്വാദനം പൂര്‍ണമാകുന്നുള്ളൂ എന്നതാണ് എന്റെ നിലപാട്. കാരണം ഇതു സങ്കേതനിഷ്ഠമായ കലയാണ്. സങ്കേതങ്ങള്‍ മാറ്റിവച്ചാല്‍ കഥകളിയില്ല എന്നുതന്നെ ആവര്‍ത്തിച്ചു പറയട്ടെ. താങ്കള്‍ക്ക് ഏതു രീതിയും പിന്തുടരാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ എനിക്ക് ഒട്ടും ഉദ്ദേശ്യമില്ലെന്നുംകൂടി പറഞ്ഞുകൊള്ളട്ടെ.

വിമര്‍ശിച്ചതിനല്ല, ആ വിമര്‍ശനങ്ങള്‍ സംവേദനം ചെയ്യുന്നില്ല എന്നു തോന്നിയതുകൊണ്ടും ചില പരാമര്‍ശങ്ങള്‍ വ്യക്തിപരമായി തോന്നിയതുകൊണ്ടും ഇടപെട്ടതാണ്. ഇത്തരം പ്രശ്നങ്ങള്‍ ആത്മനിഷ്ഠമായ വിമര്‍ശനങ്ങള്‍കൊണ്ടു പരിഹരിക്കാനാവില്ലെന്ന തോന്നല്‍ പങ്കുവയ്ക്കണമെന്നും തോന്നി. അത്രമാത്രം.

Haree പറഞ്ഞു...

@ മനോജ് കുറൂര്‍,
• “വിമര്‍ശിച്ചതിനല്ല, ആ വിമര്‍ശനങ്ങള്‍ സംവേദനം ചെയ്യുന്നില്ല എന്നു തോന്നിയതുകൊണ്ടും ചില പരാമര്‍ശങ്ങള്‍ വ്യക്തിപരമായി തോന്നിയതുകൊണ്ടും ഇടപെട്ടതാണ്.” - തീര്‍ച്ചയായും ഇതുപോലെയുള്ള ഇടപെടലുകള്‍ സ്വാഗതം ചെയ്യുന്നു. ഒന്നും വ്യക്തിപരമല്ല എന്നെടുത്തു പറയുന്നു.
• “ചിലര്‍ മുദ്രകളിലൂടെ പ്രകടിപ്പിക്കുന്ന ആശയത്തിലും നാടകീയതയിലുമൊക്കെ കേന്ദ്രീകരിക്കുന്നു.” - ഈ രീതി തന്നെയാണ് ഞാനും പിന്തുടരുന്നത്.
• തീര്‍ച്ചയായും ഓരോ മുദ്രയ്ക്കും ഇഫക്ട് ഓരോ രീതിയിലാവും ഓരോരുത്തരും നല്‍കുക. എന്നാല്‍ ‘കഷ്ടം’, ‘ഉദ്യാനം’ (തുടക്കത്തില്‍ കടകം പിടിച്ചു വിടുന്നത്‌) തുടങ്ങിയ ധാരാളം മുദ്രകള്‍ ക്ഷണനേരത്തില്‍ തീരുന്നതാണ്. ഇവിടെയൊക്കെ ചെണ്ടയില്‍/മദ്ദളത്തില്‍ കൊട്ട്/വിരല്‍ വീഴുന്ന ടൈമിംഗും പ്രധാനമാണ്. അല്പം വിസ്തരിച്ചുള്ള മുദ്രകള്‍ക്ക് കൂടുമ്പോള്‍ ഒരു ക്ഷണം വൈകി തുടങ്ങിയാല്‍ പോലും അറിയുകയില്ല. പക്ഷെ, എളുപ്പത്തില്‍ കഴിഞ്ഞുപോവുന്നവയുടേത് എടുത്തറിയും, അത് വേണ്ടസമയത്ത് ഉണ്ടായില്ലെങ്കില്‍ ആസ്വാദനത്തെ (എന്റെ) വല്ലാതെ ബാധിക്കുകയും ചെയ്യും. തീര്‍ച്ചയായും ഇനി എഴുതുമ്പോള്‍ ഒരു ഉദാഹരണമെങ്കിലും നല്‍കുവാന്‍ ശ്രമിക്കാം.
• “മുദ്രയ്ക്കു കൂടിയില്ല എന്നാണെങ്കില്‍ ഏതൊക്കെ മുദ്രയ്ക്കു കൂടിയതിലാണ് (അതോ എല്ലാ മുദ്രകള്‍ക്കുമോ?) എന്നു പറയാതെ എങ്ങനെയാണു മനസ്സിലാക്കുക? ” - എല്ലാ മുദ്രകള്‍ക്കുമോ എന്നു സംശയിക്കേണ്ടതില്ല. അങ്ങിനെയൊരു കളിയാണ് ഞാന്‍ കാണുന്നതെങ്കില്‍ ഇതെഴുതുവാന്‍ മിനക്കെടില്ല! :-) ഏതൊക്കെ മുദ്രകള്‍ക്കാണ് പിഴവു പറ്റിയതെന്ന് ഉടന്‍‌ തന്നെ ചെണ്ട / മദ്ദളം കലാകാരന്മാര്‍ക്ക് അറിയുവാന്‍ സാധിക്കുമല്ലോ, ഇല്ലേ?
• “താങ്കള്‍ പ്രൊഫഷണല്‍ ആസ്വാദനം നടത്തണമെന്നൊന്നും...” - പ്രഫഷണല്‍ ആസ്വാദനം എന്ത് എന്നതിനെക്കുറിച്ചു തന്നെ പലര്‍ക്കും പല അഭിപ്രായമായിരിക്കും.
• “പ്രതീക്ഷിച്ചതായിരുന്നില്ല അനന്തരഫലമെന്നുമാത്രം” - എന്തായിരുന്നു പ്രതീക്ഷിച്ചത്! :-|
--

മനോജ് കുറൂര്‍ പറഞ്ഞു...

ഹരീ,
എനിക്കു പറയാനുള്ളതു ഞാന്‍ പറഞ്ഞുകഴിഞ്ഞുവെന്നു തോന്നുന്നു. ഇനി എന്റെ പ്രതീക്ഷകളും മറ്റുമൊക്കെപ്പറഞ്ഞു നീട്ടിക്കൊണ്ടു പോകേണ്ടതുണ്ടെന്നു തോന്നുന്നില്ല. പ്രതികരിക്കണമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വീണ്ടും വരാം. നന്ദി.

Dr. Evoor Mohandas പറഞ്ഞു...

It’s nice that a truce is finally emerging between the blogger and Kuroors.

In my experience, the problem with the blogger is his ‘too much of authenticity’ on whatever he writes. I had responded many times in this blog, especially on the literature part of Nalacharitham, but invariably every time I felt that the blogger is too adamant not to accept any views other than his, even when I say that my points are backed by a serious research in this area. I have been writing on Nalacharitham literature (I am not an expert on kathakali as such, though I can understand minimum things of it) for over a year in some magazine and I hope it’s read by a large number of learned men in this area. I attempted to discuss some of those issues in the blog, but every time I felt that the attitude of the blogger makes me feel that I am wasting my time on him, and hence desist from making any comments these days.

Even as I say this, I feel that Mr. Haree and other bloggers are doing an excellent service to kathakali, through their blogs. But the purpose will be served only if the readers are more serious about the reading and interpretation of the blog matter and engaging in worthwhile discussions. Otherwise, it becomes yet another private place where few friends chat.

Dr. Evoor Mohandas

മനോജ് കുറൂര്‍ പറഞ്ഞു...

dear dr. Mohandas,
One more thing. This one is not a truce between haree and me. Though I dont know my father's opinion in this regard, I couldnt agree with this type of criticism as it is more concentrating on the dramatic changes, meaning, the responses of characters... so and so. Haree says:
“ചിലര്‍ മുദ്രകളിലൂടെ പ്രകടിപ്പിക്കുന്ന ആശയത്തിലും നാടകീയതയിലുമൊക്കെ കേന്ദ്രീകരിക്കുന്നു.” - ഈ രീതി തന്നെയാണ് ഞാനും പിന്തുടരുന്നത്.
I think it as a traditional way what kathakali artists and some kathakali critics usually characterize as 'professor criticism' . I've expressed many times my disagreement with this way in some other kathakali blogs. I like the way, which is concentrating more on artistic techniques, aesthetics, semiotics and cultural studies. But Haree has every right to do what he likes. Thats all!

Haree പറഞ്ഞു...

@ മനോജ് കുറൂര്‍,
I like the way, which is concentrating more on artistic techniques, aesthetics, semiotics and cultural studies. - ഈ രീതിയിലുള്ള ആസ്വാദനങ്ങളും ഉണ്ടാവണം. പക്ഷെ, അതു മാത്രമാണ് ആസ്വദനം എന്നു കരുതേണ്ടതില്ല. ഇത് എന്റെ രീതിയിലുള്ള ആസ്വാദനം, അതിനും പ്രസക്തിയുണ്ട് എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അപ്പോള്‍ വീണ്ടും കാണാം. നന്ദി. :-)

@ mohan,
I assume, you are talking about the discussion happened in this post. Sorry to say, you didn't put any convincing arguments to change my stands. You may have done serious research in this area, you may have very deep knowledge of Nalacharitham literature and you may have published a lot of articles on Nalacharitham literature; but these are not going to be a reason for me to accept whatever things you put forward. Also note that, it was not a discussion on Nalacharitham literature, I was talking about the way artists portrayed their characters and you were not agreeing to it. I concluded the discussion there, if you have any valid arguments I'm happy to discuss it further.
--

മനോജ് കുറൂര്‍ പറഞ്ഞു...

???? വളച്ചൊടിക്കരുത്. അതു മാത്രമാണ് ആസ്വാദനം എന്നു ഞാന്‍ പറഞ്ഞില്ല. എനിക്കു താല്പര്യമുള്ള രീതി പറഞ്ഞു. താങ്കള്‍ക്ക് താങ്കളുടേതായ രീതിയില്‍ തുടരാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്തതുമില്ല. രണ്ടിനും വലിയ വ്യത്യാസമുണ്ട്. അപ്പൊ ശരി.

Srikumar K പറഞ്ഞു...

Avanavante experience parayunnathanallo blog. Kalakaranmar pankeduthal valare valare nallathu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--