2009, നവംബർ 29, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Kalamandalam Rajasekharan (Lalitha), Kalamandalam Ratheesan (Kirmeeran) etc. An appreciation by Haree for Kaliyarangu blog.
നവംബര്‍ 22, 2009: കേരളനാട്യോത്സവം എന്ന പേരില്‍ ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കഥകളിമേളയുടെ ഇരുപത്തിരണ്ടാമത് അധ്യായം നവംബര്‍ 18 മുതല്‍ 23 വരെ തീയതികളിലായി തിരുവനന്തപുരത്ത് അവതരിക്കപ്പെട്ടു. ഖരവധത്തിലെ ശൂര്‍പ്പണഖ, ബകവധത്തിലെ ഹിഡുംബി, നിവാതകവചകാലകേയവധത്തിലെ ഉര്‍വ്വശി, കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, പൂതാനാമോക്ഷത്തിലെ പൂതന എന്നിങ്ങനെ സ്ത്രീ കഥാപാത്രങ്ങള്‍ ആദ്യാവസാനവേഷങ്ങളായെത്തുന്ന ആറ്‌ ആട്ടക്കഥകളായിരുന്നു ഈ വര്‍ഷം നാട്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 'കിര്‍മ്മീരവധം' കഥയുടെ ഉത്തരഭാഗമാണ് കേരള നാട്യോത്സവത്തില്‍ നാലാം ദിവസം അവതരിക്കപ്പെട്ടത്. കേരള കലാമണ്ഡലത്തിന്റെ മുന്‍ പ്രിന്‍സിപ്പാളും, ആദ്യാവസാന സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരില്‍ മികവ് പുലര്‍ത്തുന്ന പ്രമുഖരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേഷക്കാരനുമായ കലാമണ്ഡലം രാജശേഖരന്റെ ലളിതയായിരുന്നു ഈ കളിയുടെ മുഖ്യ ആകര്‍ഷണം. സിംഹികയുടെ കരിവട്ടത്തോടെയാണ് കിര്‍മ്മീരവധം ഉത്തരഭാഗം ആരംഭിക്കുന്നത്. മാര്‍ഗി സുരേഷാണ് പെണ്‍കരി വേഷത്തില്‍ അരങ്ങിലെത്തിയത്.

തന്റെ രൂപം നോക്കി കണ്ട്, ഏറ്റവും മോശമായിരിക്കുന്നു എന്നു മനസിലാക്കി മുടി ചീകിയും കണ്ണെഴുതിയും മറ്റും സുന്ദരിയാവുന്ന സിംഹിക; കൂട്ടരെ വിളിച്ചിട്ടു വരാത്തതിനാല്‍ ഒറ്റയ്ക്ക് പന്തു തട്ടി കളിച്ചു തുടങ്ങുന്ന സിംഹിക എന്നീ ആട്ടങ്ങളാണ് മാര്‍ഗി സുരേഷ് ആദ്യം അവതരിപ്പിച്ചത്. നര്‍മ്മരസത്തോടെ അവതരിപ്പിച്ചാല്‍ ആസ്വാദ്യകരമാവുന്ന ഈ ഭാഗങ്ങള്‍ ഇവിടെ ചെയ്യുവാനായി ചെയ്തതുപോലെയേ തോന്നിയുള്ളൂ. പന്തു കിട്ടാഞ്ഞ് സിംഹിക, റബ്ബര്‍ മരത്തില്‍ വന്നും ഊറിവരുന്ന പാലെടുത്ത് പന്തുണ്ടാക്കുന്നതും ആടുകയുണ്ടായി! ഒടുവില്‍ വിശന്ന്, മാംസം കൊണ്ടുവാനായി പോയ ഭര്‍ത്താവെവിടെയെന്നു തിരക്കുന്ന സിംഹികയെയാണ് സാധാരണ കണ്ടിട്ടുള്ളത്. എന്നാല്‍ കാമപരവശയായ സിംഹിക ഭര്‍ത്താവിനെ തേടുന്നതായാണ് മാര്‍ഗി സുരേഷ് ആടിയത്. ഇന്നേ ദിവസം ഭര്‍ത്താവിനെ കണ്ടിട്ടില്ല എന്നു പറഞ്ഞ് തേടിയിറങ്ങുന്ന സിംഹിക അമ്പേറ്റ് മരിച്ചു കിടക്കുന്ന ശാര്‍ദ്ദൂലനെ കാട്ടില്‍ കണ്ടെത്തുന്നു. അമ്പെടുത്ത് പരിശോധിച്ച് അതില്‍ കൊത്തിവെച്ചിരിക്കുന്ന അര്‍ജ്ജുനന്റെ പേരു കണ്ട് പതിയുടെ ഘാതകനെ തിരിച്ചറിയുന്നു. തേടി നടന്ന് പഞ്ചപാണ്ഡവരുടെ വാസസ്ഥലത്തെത്തി തന്റെ ഭര്‍ത്താവിനെ കൊന്നവനോടുള്ള പ്രതികാരം ചെയ്യുവാനായി പാഞ്ചാലിയെ പിടീച്ചു കൊണ്ടു പോവുക തന്നെ എന്നുറയ്ക്കുന്നു. കുലഗുരുവിനൊപ്പം പഞ്ചപാണ്ഡവര്‍ സന്ധ്യാവന്ദനത്തിനു പോവുന്നതു കണ്ട്, ഇതു തന്നെ പറ്റിയ സമയം എന്നു മനസിലാക്കി സുന്ദരീ രൂപത്തില്‍ പാഞ്ചാലിയുടെ അടുത്തേക്ക് തിരിക്കുന്നു.


ലളിത വേഷത്തിലെത്തിയ കലാമണ്ഡലം രാജശേഖരന് തുടക്കം തന്നെ പിഴച്ചു. ഒട്ടൊരു പരിഭ്രമത്തോടെ, തന്നെ ആരും തിരിച്ചറിയില്ലെന്നും സമീപമെങ്ങും മറ്റാരുമില്ലെന്നും ഉറപ്പുവരുത്തി, പ്രതികാരം ഉള്ളിലൊളിപ്പിച്ച് പ്രവേശിക്കുന്ന ലളിതയാണ് വേണ്ടതെങ്കില്‍ ചിരിച്ചു കൊണ്ട്, ‘രുഗ്മാംഗദചരിത’ത്തില്‍ മോഹിനിയെന്നപോലെ പ്രവേശിക്കുകയാണ് ഇവിടെയുണ്ടായത്. സിംഹിക എന്ന കഥാപാത്രത്തെ ഒരിടത്തും കലാമണ്ഡലം രാജശേഖരന്‍ ഉള്‍ക്കൊണ്ടതായി തോന്നിയില്ല. കലാശങ്ങള്‍ക്കിടയിലും മറ്റും ഒരു വശത്തേക്ക് തിരിഞ്ഞ് പ്രതികാരഭാവത്തോടെയുള്ള നോട്ടങ്ങളും മറ്റും രാജശേഖരന്റെ ലളിതയില്‍ കാണുവാനേ കഴിഞ്ഞില്ല. വളരെ പതിഞ്ഞകാലത്തിലുള്ള “നല്ലാര്‍കുലമണിയും...” എന്ന ലളിതയുടെ പദം തുടക്കം മുതല്‍ തന്നെ കാലം കയറ്റിയായിരുന്നു എടുത്തത്. ഇതും ആ പദാവതരണത്തിന്റെ മനോഹാരിത കുറച്ചു. കലാമണ്ഡലം വൈശാഖാണ് പാഞ്ചാലിയായെത്തിയത്. പാഞ്ചാലിയുടെ ഗൌരവമോ പാത്രസ്വഭാവമോ ഒന്നും വൈശാഖിന്റെ വേഷത്തില്‍ കാണുവാനുണ്ടായിരുന്നില്ല. കുറഞ്ഞ പക്ഷം അരങ്ങില്‍ വേഷത്തിലിരിക്കുമ്പോള്‍ നടുവുവളച്ച് കൂനിക്കൂടി ഇരിക്കാതെ നിവര്‍ന്നിരിക്കുവാനെങ്കിലും വൈശാഖ് ശ്രദ്ധിക്കേണ്ടതാണ്.


വനത്തിനുള്ളില്‍ ദുര്‍ഗാക്ഷേത്രമുണ്ടെന്നും, അവിടെ തൊഴുതാല്‍ എല്ലാ കഷ്ടതകളും നീങ്ങുമെന്നുമുള്ള ലളിതയുടെ വാക്കുകള്‍ വിശ്വസിച്ച്, നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി മനസില്ലാമനസോടെ പാഞ്ചാലി ലളിതയോടൊപ്പം വനത്തിനുള്ളിലേക്ക് പോവുന്നു. തുടര്‍ന്നുള്ള “കണ്ടാലതിമോദ...” ത്തിന്റെ പദാവരണവും വളരെ ശുഷ്കമായിരുന്നു. നീണ്ടു ചുരുണ്ട കചം കണ്ട് ഇണ്ടലോടെ മണ്ടുന്ന പല പല വണ്ടുകളെയൊക്കെ, നൃത്ത സാധ്യതകള്‍ കൂടി ഉപയോഗിച്ച്, ഇതിലുമൊക്കെ എത്രയോ എത്രയോ മനോഹരമാക്കാം! അടുത്ത ചരണത്തിലുള്ള കുഴലൂതുന്ന കീചകങ്ങള്‍, പികകൂജിതങ്ങള്‍, തളിരുകളാവുന്ന വിരലുകള്‍ കാറ്റിലിളക്കി അഭിനയിക്കുന്ന വല്ലികാനടികള്‍; അവസാന ചരണത്തില്‍ പൂക്കള്‍ പൊഴിച്ചു പാഞ്ചാലിയെ വരവേല്‍ക്കുന്ന വൃക്ഷലതാദികള്‍ ഇങ്ങിനെ പ്രതിഭാധനനായ ഒരു നടന് അഭിനയിപ്പിച്ചു ഫലിപ്പിക്കുവാനുതകുന്ന ബിംബകല്പനകള്‍ നിരവധിയാണ് ഈ പദത്തില്‍. എന്നാല്‍ ഇവയുടെ സാധ്യതകളൊന്നും ഉപയോഗിച്ചില്ലെന്നു മാത്രമല്ല, കേവലം മുദ്രകാട്ടലുകളായി ഒതുക്കുകയും ചെയ്തു രാജശേഖരന്‍. ചിരിച്ചു കൊണ്ടു നില്‍ക്കുവാനല്ലാതെ വേണ്ടും വണ്ണം സഞ്ചാരീഭാവങ്ങള്‍ മുഖത്തു വരുത്തുന്നതില്‍ പോലും തികഞ്ഞ അലംഭാവമാണ് അദ്ദേഹം അരങ്ങില്‍ കാട്ടിയത്. ഒരു ഉദാഹരണം പറഞ്ഞാല്‍; പാഞ്ചാലി തന്റെ അവസ്ഥ വിവരിക്കുമ്പോള്‍, ലളിത ‘കഷ്ടം!’ എന്നു മുദ്രകാട്ടുന്നു. മുഖത്തെ ചിരിയൊന്നു മാറ്റി സഹതാപത്തോടെ കഷ്ടമെന്നു കാട്ടാതെ, ചിരിച്ചു കൊണ്ടു തന്നെ കഷ്ടമെന്നു കാട്ടുന്നതിനെ അലസതയെന്നോ അഹങ്കാരമന്നോ പറയേണ്ടത്?


സിംഹിക കാടിന്റെ മനോഹാരിത വര്‍ണിക്കുന്നുണ്ടെങ്കിലും, പാഞ്ചാലിക്ക് കാട് ഭയജനകമായാണ് തോന്നുന്നത്. തിരിച്ചു പോകാമെന്നു പറയുന്ന പാഞ്ചാലിയെ സിംഹിക തടയുന്നു. തന്റെ ശരിയായ രൂപം ദൃശ്യമാക്കുന്ന സിംഹിക പാഞ്ചാലിയെയും എടുത്തുകൊണ്ട് സഞ്ചരിക്കുന്നു. തന്റെ ഭര്‍ത്താക്കന്മാരെ വിളിച്ചുകൊണ്ടുള്ള പാഞ്ചാലിയുടെ പദം സാധാരണയായി ഉണ്ടാവാറില്ല. നടന്‍ തന്നെ ഭര്‍ത്താക്കന്മാരെ വിളിച്ചു കരയുന്നതായി ആടാറാണ് പതിവ്. ഇവിടെയും അപ്രകാരം തന്നെ അവതരിക്കപ്പെട്ടു. പാഞ്ചാലിയുടെ കരച്ചില്‍ കേട്ടെത്തുന്ന സഹദേവന്‍ സിംഹികയുടെ പക്കല്‍ നിന്നും പാഞ്ചാലിയെ മോചിപ്പിക്കുന്നു. സിംഹികയുമായി എതിരിട്ട് ഒടുവില്‍ തന്നെയുമെടുത്ത് ഉയരുവാന്‍ ശ്രമിക്കവെ, സഹദേവന്‍ സിംഹികയുടെ നാസാകുചങ്ങള്‍ ഛേദിച്ചു വീഴ്ത്തുന്നു. സഹദേവനെ വിട്ട് സിംഹിക അവിടെ നിന്നും പാലായനം ചെയ്യുന്നു. പെട്ടെന്ന് ജ്യേഷ്ഠന്റെ സമീപമെത്തി ഇതൊക്കെയും അറിയിക്കുക തന്നെ എന്നാടി സഹദേവന്‍ രംഗത്തു നിന്നും മാറുന്നു. മാര്‍ഗി ബാലസുബ്രഹ്മണ്യനാണ് ഇവിടെ സഹദേവനായെത്തിയത്. സാധാരണയൊരു കുട്ടിവേഷമെന്ന നിലവിട്ട് ഗൌരവത്തോടെ തന്നെ ബാലസുബ്രഹ്മണ്യന്‍ സഹദേവനെ അവതരിപ്പിക്കുകയുണ്ടായി. മാര്‍ഗി സുരേഷിന് സിംഹികയുടെ പദഭാഗങ്ങള്‍ അത്രയൊന്നും നിശ്ചയം പോരായെന്നു തോന്നുന്നു. ഇടയ്ക്ക് ഗായകര്‍ ഇത് സിംഹികയുടെ പദമാണ്, ആടിക്കോളാന്‍ സുരേഷിനോട് പറയേണ്ടുന്ന സ്ഥിതിയുമുണ്ടായി.


തിരനോട്ടത്തിനു ശേഷം ശീലമാറ്റി കിര്‍മ്മീരന്‍ രംഗപ്രവേശം ചെയ്യുന്നു. പരാക്രമശാലിയായ തനിക്കു തുല്യനായി മൂന്നു ലോകങ്ങളിലും ആരുമില്ലെന്നാടിയ ശേഷം കിര്‍മ്മീരന്‍ ശിവപൂജ ആരംഭിക്കുന്നു. തുടര്‍ന്ന് ശബ്ദവര്‍ണനയാണ്. ആദ്യം അകലെ നിന്നു കേള്‍ക്കുന്ന ശബ്ദത്തിന് പ്രാധാന്യം കൊടുക്കാതെ പാര്‍ത്ഥനയില്‍ ശ്രദ്ധിക്കുന്ന കിര്‍മ്മീരന്‍ പിന്നീട് ഘോരമായ ശബ്ദം അടുത്തു വരുന്നുവെന്നു മനസിലാക്കി, ശബ്ദം എന്തെന്ന് ആലോചിക്കുന്നു. പര്‍വ്വതങ്ങള്‍ ചിറകടിക്കുന്ന ശബ്ദമാണോയെന്ന് ചിന്തിച്ച്, ഇന്ദ്രന്‍ അവയുടെ ചിറകുകളരിഞ്ഞ് അവിടവിടെയായി സ്ഥാപിച്ചിട്ടുള്ളത് സ്മരിക്കുന്നു. ആരെന്ന് നോക്കുക തന്നെ എന്നു മനസിലാക്കി, ദൂരെ നിന്നു വരുന്ന രൂപത്തെ കണ്ട്, സൂക്ഷിച്ച് നോക്കി തന്റെ സഹോദരിയാണ് നാസികയും കുചങ്ങളും ഖേദിക്കപ്പെട്ട നിലയില്‍ അലറിക്കരഞ്ഞു വരുന്നതെന്ന് മനസിലാക്കുന്നു. നിണമുണ്ടെന്ന സങ്കല്പത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, നിന്നെ വിരൂപനാക്കിയവനോട് പ്രതികാരം ചെയ്ത് അവന്റെ രക്തം നിനക്കു പാകം ചെയ്യുവാന്‍ നല്‍കുന്നുണ്ടെന്ന് കിര്‍മ്മീരന്‍ സഹോദരിയെ സമാധാനിപ്പിക്കുന്നു. മുറിവുകള്‍ മരുന്നു വെച്ചു കെട്ടുവാനായി സിംഹികയെ അയച്ച്, യുദ്ധത്തിനൊരുങ്ങുന്ന കിര്‍മ്മീരന്‍ പടയൊരുക്കം തുടങ്ങുന്നു. പാണ്ഡവരുടെ വാസസ്ഥലം കണ്ടെത്തി, ഭീമനെ പോരിനു വിളിച്ച്, ഭീമന്റെ ഗദയാലുള്ള പ്രഹരങ്ങളാല്‍ ഒടുവില്‍ ജീവന്‍ വെടിയുന്നു.


കിര്‍മ്മീരനെ അവതരിപ്പിച്ച കലാമണ്ഡലം രതീശന്‍ ചിട്ടപ്രകാരം തന്നെ ഭംഗിയായി കിര്‍മ്മീരനെ അവതരിപ്പിച്ചു. കേന്ദ്രകഥാപാത്രമായ ലളിതയെ നിഷ്പ്രഭമാക്കുന്ന പ്രവര്‍ത്തിയാണ് രതീശനില്‍ നിന്നുണ്ടായത്. ആദ്യഭാഗത്തുണ്ടായ നിരാശ മാറി കളി ആസ്വാദ്യകരമായതും കിര്‍മ്മീരനായുള്ള രതീ‍ശന്റെ ആട്ടം തുടങ്ങിയതോടെയാണ്. ആദ്യത്തെ ആട്ടങ്ങളുടെ ക്ഷീണം മൂലമോ, പദഭാഗങ്ങള്‍ അത്ര നിശ്ചയം പോരാഞ്ഞോ; എന്താണ് കാരണമെന്നറിയില്ല, അവസാന ഭാഗങ്ങളിലെ ഭീമനോടുള്ള യുദ്ധപദങ്ങള്‍ വളരെ അലസഭാവത്തിലാണ് രതീശന്‍ ആടി തീര്‍ത്തത്. സഹദേവനു ശേഷം ഭീമനേയും അവതരിപ്പിച്ച മാര്‍ഗി ബാലസുബ്രഹ്മണ്യന്‍ തരക്കേടില്ലാതെ അരങ്ങില്‍ പ്രവര്‍ത്തിച്ചു. കിര്‍മ്മീരനെ വധിച്ച്, ഈ വിവരങ്ങള്‍ ജ്യേഷ്ഠന്മാരേയും പാഞ്ചാലിയേയും അറിയിക്കുക തന്നെ എന്നു പറഞ്ഞ് കലാശിച്ച് ഭീമന്‍ മാറുന്നതോടെ കഥ അവസാനിക്കുന്നു.

കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ഇവിടെ ഗായകര്‍. ലളിതയുടെ പതിഞ്ഞ പദവും തുടര്‍ന്നുള്ള “കണ്ടാലതി മോദ...”വും പാടുവാന്‍ ഇനിയുമേറെ അരങ്ങുപരിചയം ഇരുവരും നേടുവാനുണ്ട് എന്നത് പ്രകടമായി അനുഭവപ്പെട്ടു. ഇവയൊഴിച്ചുള്ള പദങ്ങള്‍ ഇരുവരും തരക്കേടില്ലാതെ ആലപിച്ചു. ആദ്യ ഭാഗങ്ങളില്‍ മാര്‍ഗി വേണുഗോപാലും, ഇടഭാഗത്ത് ആര്‍.എല്‍.വി. സോമദാസും ഒടുവില്‍ ഇരുവരും ചേര്‍ന്നും ചെണ്ടയില്‍ പ്രവര്‍ത്തിച്ചു. ശബ്ദം ഉയര്‍ന്നു കേള്‍ക്കുക എന്നതാണ് ചെണ്ടയുടെ മികവെന്നൊരു തെറ്റിദ്ധാരണ സോമദാസിന് ഉണ്ടെന്നു തോന്നും ഇടയ്ക്കിടെയുള്ള ശക്തിയേറിയ അടികള്‍ കേള്‍ക്കുമ്പോള്‍! മദ്ദളത്തില്‍ മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ബേബി എന്നിവരായിരുന്നു മേളത്തിനു കൂടിയത്. പെണ്‍കരിയുടെ ഉത്തരീയങ്ങളെല്ലാം വെളുപ്പ്, സ്ത്രീവേഷത്തിനു പ്രത്യേകമായ ഉത്തരീയം, അതു കൂടാതെ കഥകളിയില്‍ പതിവില്ലാത്ത മൂക്കുത്തി തുടങ്ങി കലാകാരന്മാര്‍ വേഷവിധാനത്തിലാണ് അരങ്ങിലേക്കാള്‍ മനോധര്‍മ്മം പ്രയോഗിക്കുന്നതെന്നു തോന്നുന്നു! ഈ രീതിയില്‍ നടന്മാര്‍ സ്വന്തം നിലയ്ക്ക് നടത്തുന്ന പരിഷ്കാരങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ചുരുക്കത്തില്‍, കലാമണ്ഡലം രതീശന്റെ കിര്‍മ്മീരനൊന്നു കൊണ്ടുമാത്രം തൃപ്തികരമായി തോന്നിയ ഒന്നായിരുന്നു ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കപ്പെട്ട ‘കിര്‍മ്മീരവധം’ കഥകളി.
Description: KirmeeraVadham Kathakali: Organized by Drisyavedi, Thiruvananthapuram. Kalamandalam Rajasekharan as Simhika-Lalitha, Kalamandalam Vaisakh as Panchali, Margi Suresh as Simhika, Kalamandalam Ratheesan as Kirmeeran and Margi Balasubrahmanian as Bhiman & Sahadevan; Vocal by Kalamandalam Jayaprakash and Kalamandalam Vinod; Chenda by Margi Venugopal and RLV Somadas; Maddalam by Margi Raveendran and Margi Baby; Idayka by ; Chutty by RLV Somadas, Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. November 22, 2009.
--

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദി സംഘടിപ്പിച്ച കേരള നാട്യോത്സവത്തില്‍ അവതരിക്കപ്പെട്ട ‘കിര്‍മ്മീരവധം’ കഥകളിയുടെ ഒരു ആസ്വാദനം.
--

Haree പറഞ്ഞു...

Haripriya Nambudiri in her article published in The Hindu says:
"Kalamandalam Rajasekharan breathed life into this Lalitha in the Thekkan chitta style of Kathakali." മറ്റൊരു വാചകത്തില്‍ ലേഖിക പറയുന്നു: “Margi Vijayakumar excelled as Urvashi. Sadanam Krishnankutty breathed life into the latter part of the story...” - അര്‍ഹിക്കുന്നവരെ അഭിനന്ദിക്കുക, അല്ലാതെയുള്ള ഇത്തരം പുകഴ്ത്തലുകള്‍ മറ്റുള്ളവരുടെ പ്രകടനത്തിന്റെ കൂടി വിലകളയുന്നതാണ്. ഇവിടെ മാര്‍ഗി വിജയകുമാര്‍, സദനം കൃഷ്ണന്‍‌കുട്ടി, കലാമണ്ഡലം രാജശേഖരന്‍; മൂവരും കഥാപാത്രങ്ങളെ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചുവെന്നു വരുന്നു. ലളിതയെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കഥകളി ആസ്വാദകനും രാജശേഖരന്റെ അന്നേ ദിവസത്തെ ലളിത മികച്ചതായി എന്നു പറയുകയില്ല. (‘കാലകേയവധം’ ഞാന്‍ കണ്ടിരുന്നില്ല. കേട്ടറിഞ്ഞത് ഇരുവരും മനോഹരമായി വേഷങ്ങള്‍ കൈകാര്യം ചെയ്തു എന്നാണ്.) അന്നത്തെ കിര്‍മ്മീരന്‍ അവതരിപ്പിച്ച കലാമണ്ഡലം രതീശനെക്കുറിച്ച് “Margi Suresh donned the role of Simhika and Kalamandalam Ratheesan, the role of Kirmeeran.” എന്നൊരു വരിയില്‍ ഒതുക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ആ കളി കണ്ടാണോ ലേഖിക എഴുതിയത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“This is more descriptive in nature and has scope for pakarnattom - a not so common phenomenon in Kathakali.” - പകര്‍ന്നാട്ടത്തിന് കഥകളിയില്‍ സാധ്യത കുറവാണെന്നോ!!!

“Injakkadu Ramachandran Pillai and Mathoor Govindan Kutty, enacted Kamsa and Narada respectively.” - ഈ കളി ലേഖിക കണ്ടിരുന്നില്ല എന്നതിന് ഉത്തമ ഉദാഹരണം. നാരദന്റെ വേഷമോ, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയോ അന്നേ ദിവസം അവിടെ ഉണ്ടായിരുന്നില്ല. നാരദന്‍ വരുന്ന ഭാഗം കൂടി കംസന്‍ പകര്‍ന്നാടുകയാണ് ചെയ്തത്.

ഹരിപ്രിയ നമ്പൂതിരി ഒരു കഥകളി കലാകാരികൂടിയാണ്; കൂട്ടത്തില്‍ ഇതുപോലെ കാണാത്ത കളിയെക്കുറിച്ച് ആസ്വാദനമെഴുതുവാനുള്ള കെല്പ് കൂടിയുണ്ടെന്ന് ഇപ്പോള്‍ മനസിലായി. കഷ്ടം! x-( :-( വായനക്കാരെ ഇതുപോലെ മണ്ടന്മാരാക്കിക്കോളൂ; പക്ഷെ, കുറഞ്ഞപക്ഷം സ്വയം വഞ്ചിക്കാതെയെങ്കിലുമിരിക്കുക.
--

Unknown പറഞ്ഞു...

Haree,
Good that you are bringing into others notice such deceitful articles / reviews of Kathakali appearing in other media. Even am rather surprised / shocked reading her mention about shanmugan's lalitha. I have seen his lalitha more than couple of times and am sure given a chance, he will perform to his best but here Haripriya vaguely mentions that 'Kalamandalam Shanmughan who did this role had not done his homework thoroughly was clear from his recital'. I don't think making such statements is justifiable. If she had to, then she should have had mentioned where and what shanmughan was lacking during his performance. Hope Haripriya will think twice before posting such articles in future.

Ranjini
Dubai

കപ്ലിങ്ങാട്‌ പറഞ്ഞു...

ഉര്‍വശിയും "ലളിത"യില്‍ ഉള്‍പ്പെടുത്താന്‍ എന്താണ്‍ കാരണം ? മാധവന്‍കുട്ടിയേട്ടന്റെ ലേഖനം സ്വാധീനിച്ചിരിക്കുമോ ? :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--