ജനുവരി 20, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍
ഏഴു ദിവസത്തെ കഥകളി സംഘടിക്കപ്പെട്ടു. കലാമണ്ഡലം വാസു പിഷാരടി, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയവര്‍ യഥാക്രമം ബ്രാഹ്മണനേയും അര്‍ജ്ജുനനേയും അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥയാണ് ആദ്യദിനം അരങ്ങേറിയത്. കലാമണ്ഡലം മുകുന്ദന് ശ്രീകൃഷ്ണനായെത്തിയ കളിയുടെ സംഗീതം കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സന്തോഷ് എന്നിവരും; മേളം ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്, മദ്ദളത്തില്‍ മാര്‍ഗി രത്നാകരന് എന്നിവരും കൈകാര്യം ചെയ്തു. ആര്.എല്‍.വി. സോമദാസിന്റെയായിരുന്നു ചുട്ടി.
|
ഒരുനാള്‍, ശ്രീകൃഷ്ണനെ ദര്‍ശിക്കുവാനായി അര്ജ്ജുനന് ദ്വാരകയിലെത്തുന്നു. അര്‍ജ്ജുനനെ കണ്ട് ആഹ്ലാദവാനാവുന്ന ശ്രീകൃഷ്ണനെ “ശ്രീമന്‍! സഖേ! വിജയ!” എന്ന പദത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഏവരുടേയും സൌഖ്യമന്വേഷിക്കുന്ന ശ്രീകൃഷ്ണന്, അവര്‍ക്കേവര്‍ക്കും സുഖമാണെന്നും അങ്ങയുടെ ദാസരായ ഒരുജനത്തിനും ദുഃഖം ഉണ്ടാവുകയില്ലെന്നും അര്ജ്ജുനന് മറുപടി നല്കുന്നു. ശ്രീകൃഷ്ണന്റെ സമീപം ഭക്തിയോടെ നില്ക്കുന്ന അര്‍ജ്ജുനനെ ആദ്യ രംഗത്തില്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ മനോഹരമായി അവതരിപ്പിച്ചു. സോദരന്മാരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന ഭാഗത്ത് ‘എല്ലാം അങ്ങേക്ക് അറിവുള്ളതല്ലയോ!’ എന്നൊരു ആട്ടവും ചന്ദ്രശേഖര വാര്യരില്‍ നിന്നുമുണ്ടായി. ശ്രീകൃഷ്ണന് “നിന്മുഖപങ്കജമിഹ കണ്ടതിനാലതി...” എന്നാടുമ്പോള്‍, മുഖം പ്രസന്നമാക്കി പ്രത്യേക നിലയില്‍ ശ്രീകൃഷ്ണനെ നോക്കിയുള്ള നില്പും രസകരമായിരുന്നു. ശ്രീകൃഷ്ണനായെത്തിയ കലാമണ്ഡലം മുകുന്ദന് പതിവുപോലെ വെപ്രാളത്തിലായിരുന്നു ആട്ടങ്ങളൊക്കെയും. സംയമനത്തോടെ ആവശ്യത്തിന് സമയമെടുത്ത് പക്വതയോടെ അരങ്ങത്ത് പ്രവര്‍ത്തിക്കുവാന്‍ മുകുന്ദന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഓരോരോ കാലങ്ങളില്‍ പല അവതാരങ്ങളെടുത്ത് ദുഷ്ടരെ നിഗ്രഹിച്ച് സജ്ജനങ്ങളെ പരിപാലിച്ചു പോരുന്ന അങ്ങയുടെ സഹായമില്ലെങ്കില് ഞങ്ങള്‍ക്ക് ഒരു സമാധാനവും ഉണ്ടാവില്ലായിരുന്നു എന്നൊരു ഹൃസ്വമായ ആട്ടത്തോടെയാണ് ചന്ദ്രശേഖര വാര്യര്‍ ആദ്യരംഗം അവസാനിപ്പിച്ചത്.
|
അടുത്ത രംഗത്തില്‍ യാദവസഭയിലേക്ക് പ്രവേശിക്കുന്ന ബ്രാഹ്മണനെയാണ് നാം കാണുന്നത്. തനിക്കുണ്ടായ ദുര്യോഗത്തില് അത്യധികം ദുഃഖിച്ചു കൊണ്ടാണ് ബ്രാഹ്മണന് പ്രവേശിക്കുന്നത്. യാദവ സഭയില്‍ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് തന്റെ സങ്കടം അറിയിക്കുക തന്നെ എന്നു നിശ്ചയിച്ച് ബ്രാഹ്മണന് സഭയിലേക്ക് തിരിക്കുന്നു. വിലാപ പദമായ "ഹാ ഹാ കരോമി!" എന്ന പദമാണ് തുടര്‍ന്ന്. ഒരു ദുര്‍വൃത്തിയും ചെയ്യാത്ത തന്റെ എട്ടുബാലന്മാരുടെ മരണം അറിയിച്ചിട്ടും ശ്രീകൃഷ്ണനോ മറ്റു യാദവവീരര്ക്കോ ഒരു കൂസലുമില്ല എന്നു കണ്ട് പതിനാറായിരത്തെട്ട് ഭാര്യമാരേയും കുട്ടികളേയും പരിപാലിച്ചു കഴിയുന്ന നിനക്കെവിടെയാണ് സാധുക്കളായ ജനങ്ങളുടെ വേദനകേള്ക്കുവാന് നേരമെന്ന രീതിയില്‍ ബ്രാഹ്മണന് ശ്രീകൃഷ്ണനെ അധിക്ഷേപിച്ച് സംസാരിക്കുന്നു. പ്രായാധിക്യം കാരണമായുള്ള കുറവുകളുണ്ടെങ്കില്‍ തന്നെയും, ബ്രാഹ്മണനെ അവതരിപ്പിച്ച കലാമണ്ഡലം വാസു പിഷാരടി ആദ്യ രംഗം മോശമാവാതെ കാത്തു. "കഷ്ടം! ഇതു കാണ്മിന്..." എന്ന ഭാഗത്ത് ആരും തന്നെ ബ്രാഹ്മണനെ ഗൌനിക്കുന്നില്ലായെന്നു കണ്ട് അര്ജ്ജുനന് അടുത്തു ചെന്നു നോക്കുന്നതായും, ഒടുവില്‍ ബ്രാഹ്മണന് അധിക്ഷേപം തുടങ്ങുമ്പോള്‍ അരുതെന്ന് അപേക്ഷിക്കുന്നതായുമൊക്കെ ആടി കാണാറുണ്ട്. എന്നാലിവിടെ ചന്ദ്രശേഖര വാര്യരുടെ അര്ജ്ജുനന് ഇവയൊക്കെ ഒഴിവാക്കി ഒടുവില്‍ ഇതൊക്കെ കേട്ടിട്ടും ശ്രീകൃഷ്ണനൊരു കൂസലുമില്ലല്ലോ എന്നാശ്ചര്യപ്പെട്ട് ഇരിക്കുക മാത്രമാണു ചെയ്തത്. ബ്രാഹ്മണന്റെ പദം കഴിയുമ്പോള്‍ പെട്ടെന്ന് അര്ജ്ജുനന് കാര്യങ്ങളില്‍ ഇടപെടുന്നതിനു പകരം, ബ്രാഹ്മണനോട് അര്‍ജ്ജുനനു തോന്നുന്ന അനുകമ്പ ദ്യോതിപ്പിക്കുന്ന മേല്‍ സൂചിപ്പിച്ച ആട്ടങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ് കൂടുതല്‍ ഉചിതമായി തോന്നുന്നത്.
'മരുത്തോര്‍വട്ടത്തെ സന്താനഗോപാലം' എന്ന മുന്‍പോസ്റ്റില്‍ ബ്രാഹ്മണന് പ്രവേശിക്കുന്ന ഭാഗത്ത് ശ്രീകൃഷ്ണന് യാദവസഭാവാസികളോട് ബ്രാഹ്മണനെ ആരും ഗൌനിക്കരുത് എന്നു പറയുന്നതായി നടന് ആടുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. എന്നാല്‍ അവിടെ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കൂടുതല്‍ ചിന്തിക്കുമ്പോള്‍ അങ്ങിനെയൊരു ആട്ടം അനാവശ്യമാണ് എന്ന് മനസിലാവുന്നു. ശ്രീകൃഷ്ണന് അനങ്ങിയില്ലായെങ്കില്, ബലഭദ്രനുള്പ്പടെ മറ്റൊരു യാദവനും അനങ്ങുവാന്‍ മുതിരുകയില്ല. അതിനു ശ്രീകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശം ആവശ്യവുമില്ല. ഇങ്ങിനെയൊരു സഭയിലാണ് അര്ജ്ജുനന് ശ്രീകൃഷ്ണനെ മറികടന്ന് ബ്രാഹ്മണന്റെ പ്രശ്നത്തില്‍ ഇടപെടുന്നത് എന്നതാണ് അര്‍ജ്ജുനന്റെ ഗര്‍വ്വം വെളിവാക്കുന്ന ഒരു സംഗതി.
ഇനിയുമൊരു പുത്രന് ജനിച്ചാല്‍ അവനെ ഈ പാര്ത്ഥന് രക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് ബ്രാഹ്മണനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ തനിക്കിനി പുത്രവദനം കാണാമെന്നുള്ള പ്രതീക്ഷയില്ലെന്നും, മുന്‍പിന്‍ ആലോചിക്കാതെയുള്ള നിന്റെ എടുത്തു ചാട്ടം വിചിത്രമായിരിക്കുന്നു എന്നും ബ്രാഹ്മണന് പ്രതിവചിക്കുന്നു. ഒടുവില്‍ പുത്രനെ രക്ഷിച്ചു നല്കുവാന് തനിക്കാവുന്നില്ലെങ്കില് തീയില്‍ ചാടി ജീവത്യാഗം ചെയ്യുന്നുണ്ട് എന്ന് അര്ജ്ജുനന് പ്രതിജ്ഞയെടുക്കുന്നു. തുടര്‍ന്നുള്ള ആട്ടത്തില്‍ പലരുടേയും പേരില്‍ മൂന്നു പ്രാവശ്യം അര്‍ജ്ജുനനെക്കൊണ്ട് ബ്രാഹ്മണന് പ്രതിജ്ഞയെടുപ്പിക്കാറുണ്ട്. സമയക്കുറവു മൂലമാവണം, ഇവിടെ ശ്രീകൃഷ്ണന്റെ പേരില്‍ വീണ്ടും പ്രതിജ്ഞയെടുപ്പിക്കുന്നതു മാത്രമാണ് ആടിയത്. ആദ്യം ബ്രാഹ്മണന്റെ ആവശ്യം നിരാകരിക്കുന്ന അര്ജ്ജുനന് പിന്നീട് നിര്‍ബന്ധത്തിനു വഴങ്ങി ശ്രീകൃഷ്ണന്റെ പേരിലും തന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുന്നു. തന്റെ ഉദ്ദേശം സാധിച്ചതില്‍ സന്തോഷിച്ച് അര്‍ജ്ജുനനെ അനുഗ്രഹിച്ച് ബ്രാഹ്മണന് മടങ്ങുന്നു. ആ ഭാഗങ്ങളൊക്കെ ആയപ്പോഴേക്കും തന്റെ കൈയില്‍ ഇരിക്കുന്നത് പുത്രശവമാണെന്നത് ബ്രാഹ്മണന് മറന്നു വെന്നു തോന്നുന്നു. ഒരു പാവ പിടിച്ച് സന്തോഷിച്ചു മടങ്ങുന്ന ബ്രാഹ്മണനെ മാത്രമെ ഇവിടെ കാണുവാനായുള്ളൂ.
|
ബ്രാഹ്മണനും പത്നിയുമായുള്ള രംഗമാണ് അടുത്തതായുള്ളത്. “വിധിമതം നിരസിച്ചീടാമോ...” എന്നു സന്ദേഹിക്കുന്ന ഭാര്യയെ, ശ്രീകൃഷ്ണന് അര്‍ജ്ജുനനെ ഒരുകാലത്തും കൈവെടിയുകയില്ല എന്നുറപ്പല്ലേ എന്നു ചോദിച്ച് സമാധാനിപ്പിക്കുന്നു. അടുത്ത രംഗത്തില്‍ തന്റെ ഗര്‍ഭം പൂര്ണാവസ്ഥയിലെത്തിയെന്നും മൂന്നു നാലു നാള്‍ക്കകം പ്രസവം നടക്കുമെന്നും പത്നി ബ്രാഹ്മണനെ അറിയിക്കുന്നു. ഇതറിഞ്ഞ്, താന്‍ ഉടന്‍ തന്നെ അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടു വരുന്നുണ്ടെന്നു പറഞ്ഞ്, ശിശ്രൂഷിക്കുവാനായി ഒരു വൃദ്ധയെ ഏര്‍പ്പാടാക്കി തിരിക്കുന്നു. ഈ രംഗങ്ങളൊക്കെയും വളരെ വേഗത്തില്‍ കഴിക്കുകയാണുണ്ടായത്. ബ്രാഹ്മണപത്നിയായെത്തിയ മാര്‍ഗി ഹരിവത്സനും വൃദ്ധയായെത്തിയ മാര്‍ഗി രവീന്ദ്രന് നായര്‍ക്കും എന്തെങ്കിലും വിശേഷിച്ച് ചെയ്യുവാനുള്ള അവസരം ഇവിടെ ലഭിക്കുകയുണ്ടായില്ല. തുടര്‍ന്നുള്ള അര്ജ്ജുനനുമൊത്തുള്ള ബ്രാഹ്മണന്റെ രംഗവും വേഗത്തില്‍ തന്നെ കഴിച്ചുകൂട്ടി. “ധീര! വീര! ധീര! വീരഹേ!” എന്ന പദത്തിനൊടുവില്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ്, മറന്നു വെച്ച ഉത്തരീയം അന്വേഷിച്ച് തിരികെയെത്തുന്നതും, വെപ്രാളത്തില്‍ ഉത്തരീയവും മറന്നുവോ എന്ന അര്‍ജ്ജുനന്റെ ചോദ്യവും മറ്റും രസകരമായിരുന്നു.
പുത്രശവം പോലും ലഭിക്കാതെയാക്കിയ അര്‍ജ്ജുനന്റെ വൈഭവത്തെ പരിഹസിച്ചുള്ള ബ്രാഹ്മണന്റെ ശകാരങ്ങള്‍ കേട്ട് ദുഃഖിതനായി അര്ജ്ജുനന് പ്രതിജ്ഞ ചെയ്തതുപോലെ വഹ്നിയില്‍ ചാടി ദഹിക്കുവാന്‍ ഒരുങ്ങുന്നു. ഈ സമയത്ത് ശ്രീകൃഷ്ണനെത്തി അര്‍ജ്ജുനനെ തടയുന്നു. അര്‍ജ്ജുനനെ ആശ്വസിപ്പിച്ചതിനു ശേഷം വിഷ്ണു ലോകത്തു ചെന്ന് ബ്രാഹ്മണബാലകന്മാരെ കൂട്ടിവരുവാനായി ഇരുവരും പുറപ്പെടുന്നു. സുദര്‍ശനത്തെ പ്രത്യക്ഷപ്പെടുത്തി അന്ധകാരമകറ്റി വൈകുണ്ഠത്തിലെത്തി പുത്രരെയും കൂട്ടി കൃഷ്ണാര്ജ്ജുനന്മാര് ബ്രാഹ്മണഭവനത്തിലെത്തുന്നു. പുത്രരെ തിരിച്ചു ലഭിച്ചതില്‍ അത്യധികം സന്തോഷിക്കുന്ന ബ്രാഹ്മണന് ഇരുവരേയും അനുഗ്രഹിച്ച് യാത്രയാക്കുന്നു. പുത്രരെയൊക്കെ തന്ന് അങ്ങിനെയങ്ങ് പോയാലെങ്ങിനെ, ഈ ഭാരം കുറയ്ക്കുവാനുള്ള വകകൂടി തരണ്ടേ എന്നൊക്കെയും ബ്രാഹ്മണന് പദാവസാനം ആടുകയുണ്ടായി. സന്തോഷത്തോടെ യാത്രയാക്കുക എന്നതല്ലാതെ കൂടുതലായുള്ള ആട്ടങ്ങളൊന്നും ഇവിടെ ആവശ്യമില്ല. ഇനിയങ്ങിനെ എന്തെങ്കിലും ആട്ടം വേണമെങ്കില്‍ തന്നെ ഇതു പോല പുത്രരെ പരിപാലിക്കുവാനുള്ള വക ചോദിക്കുന്ന ആട്ടമൊക്കെ ആടുന്നത് ‘സന്താനഗോപാലം’ കഥയുടെ തന്നെ ശോഭ കളയുന്നതാണ്.
സംഗീതത്തില്‍ പ്രവര്‍ത്തിച്ച കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സുരേഷ് എന്നിവരുടെ ആലാപനം ശരാശരി നിലവാരമെന്നേ പറയുവാനുള്ളൂ. “ശ്രീമന്‍ സഖേ! വിജയ!”, “നാഥ! ഭവല്‍ചരണ...”, “ഹാ! ഹാ! കരോമി!” തുടങ്ങിയ പദങ്ങളൊക്കെ ഇതിലും എത്രയോ മനോഹരമാക്കാം! കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയിലും മാര്‍ഗി രത്നാകരന് മദ്ദളത്തിലും ചേര്‍ന്നൊരുക്കിയ അന്നേ ദിവസത്തെ മേളത്തിനും ആകര്‍ഷകത്വം കുറവായിരുന്നു. ഉണ്ണികൃഷ്ണന് പല ഭാഗത്തും നടന്മാരുടെ കൈക്കു കൂടുന്നതില്‍ പോലും കാര്യമായി ശ്രദ്ധിച്ചു കണ്ടില്ല. ആര്.എല്‍.വി. സോമദാസിന്റെ ചുട്ടിയും മാര്‍ഗിയുടെ വേഷങ്ങളും മികവുപുലര്‍ത്തി. ചുരുക്കത്തില്‍ കഥകളി ആസ്വാദകര്‍ക്ക് ഏറെയൊന്നും തൃപ്തി നല്കിയ ഒന്നായിരുന്നില്ല നിശാഗന്ധി ഉത്സവത്തോടനുബന്ധിച്ച് കനകക്കുന്നില്‍ അരങ്ങേറിയ ‘സന്താനഗോപാലം’.
Description: SanthanaGopalam Kathakali organized by Kerala Tourism Department as part of Nishagandhi Festival 2010: Kalamandalam Vasu Pisharody as Brahmanan, Kottackal Chandrasekhara Warrier as Arjunan, Kalamandalam Mukundan as SriKrishnan, Margi Harivalsan as BrahmanaPatni and Margi Ravindran Nair as Vridha. Vocal by Kalamandalam Jayaprakash and Kottackal Santhosh. Chenda by Kalamandalam Unnikrishnan and Maddalam by Margi Rathnakaran. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. January 20, 2010.
--
15 അഭിപ്രായങ്ങൾ:
നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ അരങ്ങേറിയ ‘സന്താനഗോപാലം’ കഥകളിയുടെ ഒരു ആസ്വാദനം.
I was planning to come... but reading this I feel I didnt miss anything...
thanks for the elaborate narration..
chitta
ഈശ്വരോ രക്ഷതു:)
കറക്റ്റായി പറഞ്ഞു ഹരീ. വാസുവാശാന്റെ തിരിച്ചുവരവിനു ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ വേഷം കാണുന്നത്. നല്ല ക്ഷീണമുള്ളതുകൊണ്ട് വഴിപാടുപോലെയാണ് അദ്ദേഹം ചെയ്തത് എന്ന് തോന്നി. അദ്ദേഹത്തില്‍നിന്നും പ്രതീക്ഷിക്കാത്ത ചില ആട്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും.
ഞാനും വികടവഴിയിൽ...”ഇശ്വാരൊ രക്ഷതു തന്നേ ....”
സന്തോഷത്തോടെ യാത്രയാക്കുക എന്നതല്ലാതെ കൂടുതലായുള്ള ആട്ടങ്ങളൊന്നും ഇവിടെ ആവശ്യമില്ല. ഇനിയങ്ങിനെ എന്തെങ്കിലും ആട്ടം വേണമെങ്കില്‍ തന്നെ ഇതു പോല പുത്രരെ പരിപാലിക്കുവാനുള്ള വക ചോദിക്കുന്ന ആട്ടമൊക്കെ ആടുന്നത് ‘സന്താനഗോപാലം’ കഥയുടെ തന്നെ ശോഭ കളയുന്നതാണ്.
Haree, I differ on that. Such attoms have been in practice since many years and I dont understand how does that spoil the grace of santhanagopalam.
As anyone can notice, santhanagopalam brahmanan is a one off brahmanan like any other ordinary person. (he is not given a name by the author). If he is having great confidence and faith in Bhagavan Sreekrishnan, do you think he would come to his palace and curse him for his bad fate ? So, definitely when he was given all 10 children, at once, as any other common person, and especially because of being a brahmanan, doubtful of how he can bring them up, asks this question which i have seen in padmanashans, ramankutty ashans etc. i dont think this aattom is out of place.
regds,
Ranjini Puthur
Dubai
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
പത്തു പുത്രന്മാരെയും നഷ്ടപ്പെട്ട്, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട ബ്രാഹ്മണന് പുത്രരെ തിരിച്ചു നല്കുന്നു. അത്രയും സന്തോഷകരമായ ഒരു അവസരത്തില്‍ പുത്രരെ പരിപാലിക്കുവാനുള്ള ദ്രവ്യം ചോദിക്കുന്നതില്‍ തീരെ ഔചിത്യം കാണുന്നില്ല. പിന്നെ, ബ്രാഹ്മണന്റെ പുത്രര്‍ മരിക്കുന്നതും, ബ്രാഹ്മണന് സഭയിലെത്തി ശ്രീകൃഷ്ണനെ അധിക്ഷേപിക്കുന്നതുമൊക്കെ കൃഷ്ണന്റെ ലീലകളായി തന്നെ കാണാം. പ്രയുക്ഷുവിനു ലഭിച്ച ശാപവും ഫലിക്കണമല്ലോ!
--
Haree, brahmanan oru 'praja' koodiyanu. what is wrong if brahmanan raises that doubtful question to his own king ?
ranjini
ഓരോന്നും ചോദിക്കുവാന്‍ അതിന്റേതായ നേരവും കാലവും ഉണ്ട് എന്നതു തന്നെ അത്തരത്തിലൊരു ചോദ്യം അവിടെ അനുചിതമാവുന്നതിനു കാരണം. അങ്ങിനെയൊരു ബോധം ഉള്ള ബ്രാഹ്മണനാണ് ‘സന്താനഗോപാല’ത്തിലേത് എന്നു ഞാന്‍ വിശ്വസിക്കുന്നു. :-)
--
Haree :-), well, i sign off from that topic for the time being.
just wanted to add on to your another comment,
സംഗീതത്തില്‍ പ്രവര്‍ത്തിച്ച കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സുരേഷ് എന്നിവരുടെ ആലാപനം ശരാശരി നിലവാരമെന്നേ പറയുവാനുള്ളൂ. “ശ്രീമന്‍ സഖേ! വിജയ!”, “നാഥ! ഭവല്‍ചരണ...”,
i wld say, we, aswadakars, are to be blamed. we have been relishing over the years the beautiful renderings of venmani or embranthari's santhanagopalam, and when present day baagavathars fail to reach upto our expectations, what do we do ? 'bhakthi' has to come from within when singing esp. santhanagopalam. no doubt jayaprakash is a good baagavathar of present times, but still, he has a long way to go...
regds
ranjini
പ്രസ്തുത പദങ്ങള്‍ക്ക് ഒരു good ഭാഗവതരില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായിരുന്നില്ല, അതാണ് ശരാശരി നിലവാരം എന്നു പറഞ്ഞത്. താരതമ്യം ഉദ്ദേശിച്ചിട്ടില്ല.
--
എനിക്ക് രണ്ജിനിയുടെ കഴ്ച്ചപ്പാടോടല്ല യോജിപ്പ്, ഹരിയോടാണ്. പദ്മാശാന്റെ ബ്രാഹ്മണന് ധാരാളം കണ്ടിട്ടുണ്ട്. രഞ്ജിനി പറഞ്ഞപോലെ ഒരു ആട്ടം കണ്ടതായി ഓര്‍മയില്ല. ഷാരടിയുടേയും ധാരാളം കണ്ടിട്ടുണ്ട്. ചുരുക്കം അവസരങ്ങളില്‍ അങ്ങിനെ കണ്ടിട്ടുണ്ടുതാനും. രാമന്കുട്ടിഅശാന് ആടുന്നത് കണ്ടിട്ടുണ്ടുതാനും. എന്നുവച്ച് കൃഷ്ണനോട് ദ്രവ്യം ചോദിക്കുന്ന ആട്ടം ഉചിതമല്ല തന്നെ. കീഴ്പ്പടത്തിന്റെ ബ്രാഹ്മണന് അങ്ങിനെ ആടാറില്ല. നെല്ല്യോടിന്റെ ബ്രാഹ്മണന് ആണ് ഇപ്പോള്‍ മാതൃക ആക്കാവുന്ന ഒരു ബ്രാഹ്മണന്. കര്‍മ്മ മാര്‍ഗമല്ല ഭക്തി മാര്‍ഗമാണ് പിന്തുടരേണ്ടത് എന്ന തത്വം വെളിപ്പെടുത്തുന്നതാണ് സന്താനഗോപാലം കഥ. കര്‍മ്മ മാര്‍ഗം പിന്തുടര്ന്നിരുന്ന ബ്രാഹ്മണന് കഥാവസാനത്തില്‍ ഭക്തി മാര്‍ഗത്തിലേക്ക് എത്തുന്നു. ഭക്തിയില്‍ ആനന്ദിക്കുന്ന ഒരു ബ്രാഹ്മണന് ഒരിക്കലും ദ്രവ്യത്തിനോട് ആര്‍ത്തി കാട്ടുകയില്ലല്ലോ. (കുചേലന് ഉദാഹരണം). ഷാരടിആശാന് ഇങ്ങിനെ ആടുന്നത് ധാരാളമല്ല എന്ന് തോന്നുന്നു.
മൊതലകൊട്ടം നാരായണന്
ഹരീ , വിവരണം നന്നായിടുണ്ട്. പിന്നെ 'കഷ്ടം , ഇതു കാണ്മിന്' എന്നാ ഭാഗത്ത് അര്ജുനന് ഇടപെടണോ വേണ്ടയോ എന്ന് !, ഇക്കാലത്ത് പല തരത്തില്‍ ഇതു ആടി കാണാറുണ്ട്.
ഒന്ന് ഒരു ഭാവവിത്യസവും ഇല്ലാതെ ഈ പദം കഴിയുന്നവരെ പീഠത്തില്‍ ഇരികുക, ചിലര്‍ ഈ പദം കഴിയാറാകുമ്പോള്‍ കൃഷ്ണന്റെ മുഖത്ത് നോക്കും and /or ഒരു ഭാവമാറ്റവും ഇല്ലാലോ എന്ന് കാണിക്കും. ഇവിടെ ചദ്രശേഖരനും ഇപ്രകാരമാകും ആടിയിടുള്ളത്.
അടുത്ത കാലത്ത് ഞാന്‍ കണ്ട കളിയില്‍ ഒരു മഹാന് അര്‍ജുന വേഷത്തില്‍ ഈ പദം മുഴുവന്‍ കണ്ണും അടച്ചു ഉറക്കമായിരുന്നു. ഏകദേശം 30 min ഉണ്ടല്ലോ , ഒരു ഉറക്കം പാസാക്കി കളയാം എന്നാവും ഉദേശം, മഹാന്റെ പേര് പറയുനില്ല , പക്ഷെ പേരില്‍ ഒരു 'കുട്ടി' ഒക്കെ ഉണ്ട് :)
മറ്റൊന്ന് , ഹരീ പറഞ്ഞ മാതിരി , അടുത്തുചെന്നു നോകുകയും അതിക്ഷേപികരുതെന്നു പറയുകയും ചെയുന്നത് .ചിലര്‍ അടുത്തുചെന്നു നോക്കുകയും ഇതൊന്നും കണ്ട് കൃഷ്ണന് എന്തെ പ്രതികരികാത്ത് എന്നും കാണിച് തിരിച്ചു പോയി പീഠത്തില്‍ ഇരിക്കും, ചിലര്‍ ബ്രാഹ്മണനു അടുത്ത് തന്നെ നിന്ന് ബ്രാഹ്മണന്റെ സംഭാഷണങ്ങള്‍ക്ക് പ്രതികാരികാറുണ്ട്. 'എട്ടു ബാലന്മാര് ' ഇല് ബ്രാഹ്മണന്റെ കൂടെ അര്‍ജുനനും എട്ടു എണ്ണുന്ന ഒരു ആട്ടവും പ്രചാരത്തില്‍ ഉണ്ട്.
ഇനി അവസാനം ബ്രാഹ്മണന് 'ദ്രവ്യം' ചോദിക്കുന്നത് അത്ര ഉചിതമായി തോനുന്നില്ല. എന്നാലും ഇതിനോട് കുറച്ചു സാമ്യമുള്ള ആട്ടങ്ങള്‍ കണ്ടിടുണ്ട്. ഇതേ കാര്യം വേറൊരു രീതിയില്‍ അവതരിപിച്ചു കണ്ടിടുണ്ട്. 'ഇങ്ങനെ ഞങ്ങള്‍ക്ക് 10 കുട്ടികളെയും തിരിച്ചു തന്നു ഞങ്ങളുടെ ഖേദങ്ങള്‍ എല്ലാം അകറ്റിതന്നു.ഇനി ഇവര്‍ക്ക് ഐശ്വര്യ പൂര്‍ണമായ ഒരു ഭാവിയും കൂടി അനുഗ്രഹിച്ചു കൊടുക്കണേ! ' . ബ്രാഹ്മണന്റെ ഈ ആവശ്യത്തിനു അര്‍ജുനന്റെ ഉത്തരവും വളരെ നന്നായിരുന്നു. അത് ഇപ്രകാരമായിരുന്നു. 'ഈ 10 കുട്ടികളും ഇത്രയും കാലം ലോകപാലകനായ മഹാവിഷ്ണുവ്ന്റെ അടുത്ത് വൈകുണ്ഠത്തില്‍ വസിച്ചവരണ്. ഇതിലും വലിയൊരു അനുഗ്രഹം വേറെ അവര്‍ക്ക് കിട്ടാനുണ്ടോ?. ഇത്രയും കാലം ഇവരെ പരിപാലിച്ച മഹാവിഷ്ണു തന്നെ ഇവരുടെ ഭാവിയും ഐശ്വര്യപൂര്‍ണമാക്കും'.
Dear M.N, noted your views. and thanks for that. With a good understanding that interpretation differs from person to person, let me just add few points,
On this, പദ്മാശാന്റെ ബ്രാഹ്മണന് ധാരാളം കണ്ടിട്ടുണ്ട്. രഞ്ജിനി പറഞ്ഞപോലെ ഒരു ആട്ടം കണ്ടതായി ഓര്‍മയില്ല
i haven't been that fortunate enuff to see his many brahmanans like you but in one of his last brahmanans of 2005 in guruvayur, his aattom was more or less in these lines.. 'allayo krishna...you are dumping the responsibility of bringing up these 10 children on my shoulders and going away quietly and smartly??,......'.
2. ഭക്തിയില്‍ ആനന്ദിക്കുന്ന ഒരു ബ്രാഹ്മണന് ഒരിക്കലും ദ്രവ്യത്തിനോട് ആര്‍ത്തി കാട്ടുകയില്ലല്ലോ. (കുചേലന് ഉദാഹരണം).
i dont think we can rate santhanagopalam brahmanan and kuchelan same as far as their devotion for sreekrishnan is concerned. And that itself justifies if our ashans perform such an aattom in santhanagopalam brahmanan.
regards
ranjini
“കഷ്ടം ഇതു കാൺക” എന്ന ബ്രാഹ്മണന്റെ പദത്തിനാവണം അർജ്ജുനന്റെ പ്രവേശം. ഒരു ബ്രാഹ്മണൻ അലമുറയിട്ടു കരയുന്നു എന്ന് അറിഞ്ഞുള്ള വരവാകണം അർജ്ജുനന്റെത്.
വലിയ നടന്മാരാരോ അർജ്ജുനൻ കെട്ടി ആദ്യ രംഗം കഴിഞ്ഞ് “കഷ്ടം ഇതു കാൺക” എന്ന പദം വരെ വെളിയിൽ നിൽക്കാൻ മടിച്ചിട്ട് ( because of no proper sitting place at out side)അരങ്ങിൽ കയറി ഇരുന്നത് ശിഷ്യഗണങ്ങൾ പിൻ തുടർന്നതാണ്. ഉദ്ദേശം ഉറക്കം തന്നെ. അല്ലെങ്കിൽ യാദവസഭയിൽ അർജ്ജുനന് എന്തിന് ഇരിപ്പിടം.അരങ്ങിൽ കയറി ഇരിക്കുന്ന സ്ഥിതിക്ക് ചില ഇടപെടലുകൾ തെറ്റില്ല.
പുത്രരെ പരിപാലിക്കുവാനുള്ള വക ചോദിക്കുന്ന ആട്ടമൊക്കെ ആടുന്നത് ‘സന്താനഗോപാലം’ കഥയുടെ തന്നെ ശോഭ കളയുന്നതാണ്.
ഇങ്ങിനെ പോയാൽ നാളെ മൂത്തപുത്രൻ മാത്രം മതിയെന്നു പറഞ്ഞ് ബ്രാഹ്മണൻ പോയാലും
അത്ഭുതപ്പെടാനില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--