2010, ജനുവരി 28, വ്യാഴാഴ്‌ച

കനകക്കുന്നിലെ സീതാസ്വയംവരം

SeethaSwayamvaram Kathakali: Sadanam Krishnankutty as ParasuRaman; An appreciation by Haree for Kaliyarangu.
ജനുവരി 21, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ രണ്ടാം ദിവസം ‘സീതാസ്വയംവരം’ കഥകളി കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ടു. സദനം കൃഷ്ണന്‍‌കുട്ടിയുടെ പരശുരാമനായിരുന്നു അന്നേ ദിവസം കഥകളിയുടെ മുഖ്യ ആകര്‍ഷണം. മാര്‍ഗി ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപകുമാര്‍, കലാമണ്ഡലം പ്രശാന്ത്, വേണുഗോപാലന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി മോഹനന്‍, കലാനിലയം നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ വാരണാസി നാരായണന്‍ നമ്പൂതിരി, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ബേബി എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരാണ് കലാകാരന്മാര്‍ക്ക് ചുട്ടി കുത്തിയത്. ജനകരാജ്യത്തു നിന്നും അയോധ്യയിലേക്കുള്ള മാര്‍ഗമധ്യേ, ധ്യാനനിമഗ്നനായിരിക്കുന്ന പരശുരാമന്‍ അകലെ ഒരു ശബ്ദം കേട്ട് ഉണരുന്നു. തുടര്‍ന്ന് എന്താണ് ശബ്ദമെന്ന് പോയി അറിയുക തന്നെ എന്നാടി ശബ്ദം കേട്ട ദിശയിലേക്ക് തിരിക്കുന്നു.



അകലെനിന്നും ആനകുതിരതേര്‍ കാലാളായ പട, ശംഖു വിളിച്ച് പെരുമ്പറ മുഴക്കി വരുന്നത് പരശുരാമന്‍ കാണുന്നു. ഏവരും രാമന് ജയ് വിളിക്കുന്നതു കേട്ട് ഇതാരാണ് മറ്റൊരു രാമന്‍ എന്ന് പരശുരാമന്‍ സംശയിക്കുന്നു. ദശരഥപുത്രനായ ശ്രീരാമന്‍, ശൈവചാപം ഖണ്ഡിച്ച് സീതയെ പരിഗ്രഹിച്ചതിനു ശേഷമുള്ള വരവാണ് എന്നു തുടര്‍ന്ന് മനസിലാക്കുന്നു. താനിവിടെ ജീവനോടെയുള്ളപ്പോള്‍ ശൈവചാപം ഭേദിച്ച രാമനെ അങ്ങിനെയങ്ങ് പോകുവാന്‍ അനുവദിക്കുകയില്ല എന്നാടി, പോയി തടയുവാനുറയ്ക്കുന്നു. സ്വയംവര ശേഷം സീതയുടെ കരംഗ്രഹിച്ച് പിതാവിനോടും സഹോദരര്‍ക്കും അവരുടെ പത്നിമാര്‍ക്കുമൊപ്പം സഞ്ചരിക്കുന്ന ശ്രീരാമനെ “ആരെടാ നടന്നീടുന്നു? രാമനോടാ?” എന്നു പറഞ്ഞ് പരശുരാമന്‍ വഴിമുടക്കുന്നു. ശ്രീരാമന്റെ അനുനയവചനങ്ങള്‍ക്കൊന്നും പരശുരാമനെ ശാന്തനാക്കുവാന്‍ കഴിയുന്നില്ല. ഒടുവില്‍, നീയൊരു വീരനെങ്കില്‍ എന്നോടു യുദ്ധം ചെയ്യുക എന്നായി പരശുരാമന്‍. ഇതു കേട്ട്, തന്റെ പുത്രരെ വധിക്കുവാനുള്ള ഉദ്യമത്തില്‍ നിന്നും പിന്മാറണം എന്ന അപേക്ഷയുമായി നമസ്കരിക്കുന്ന ദശരഥനെ പരശുരാമന്‍ കാല്‍കൊണ്ട് തട്ടുന്നു. അച്ഛനെ തൊഴിച്ചതോടെ ശ്രീരാമനും കോപാകുലനാവുന്നു. വാക്കേറ്റങ്ങള്‍ക്കൊടുവില്‍ ധൈര്യമുണ്ടെങ്കില്‍ വൈഷ്ണവ ചാപമായ തന്റെ വില്ലു കുലയ്ക്കുവാന്‍ പരശുരാമന്‍ ശ്രീരാമനെ വെല്ലുവിളിയ്ക്കുന്നു. രാമനാവട്ടെ വില്ലുവാങ്ങി നിഷ്‌പ്രയാസം കുലച്ച് അമ്പു തൊടുക്കുന്നു. ശ്രീരാമന്‍ വൈഷ്ണവ തേജസാണെന്ന് മനസിലാക്കുന്ന പരശുരാമന്‍, താനാര്‍ജ്ജിച്ച പുണ്യലോകങ്ങള്‍ ഖണ്ഡിക്കുവാനായി അസ്ത്രത്തെ അയയ്കുവാന്‍ പറയുന്നു. ഇരുവരും പരസ്പരം വന്ദിച്ച്, ശ്രീരാമന്‍ അയോധ്യയിലേക്കും പരശുരാമന്‍ തപസു ചെയ്യുവാനായി മഹേന്ദ്രപര്‍വ്വതത്തിലേക്കും യാത്രയാവുന്നു.





പദങ്ങള്‍ക്കും പദങ്ങളുടെ ഓരോ ചരണങ്ങള്‍ക്കും ഇടയില്‍ നിറയുന്ന ആട്ടങ്ങളാണ് ‘സീതാസ്വയംവരം’ കഥയുടെ സൌന്ദര്യം. “ആരെടാ നടന്നീടുന്നു?” എന്ന പദത്തില്‍; “വിഷ്ണു തന്റെ ഹുങ്കാരത്താല്‍...” എന്ന രണ്ടാം ചരണമെടുത്ത് വട്ടം തട്ടി പരശുരാമന്‍ രാമനോടു ചോദിക്കുന്നു; ‘നീയൊട്ടും വിവേകമില്ലാതെ മുറിച്ച ആ വില്ലിന്റെ മഹത്വം നിനക്കറിയുമോ?’. എന്താണെന്ന് ചോദിക്കുന്ന രാമനോട് ‘പറഞ്ഞു തരാം’ എന്നാടി ത്രൈയംബകം, ശ്രാങ്‌ഗവം എന്നീ വില്ലുകളുടെ കഥ പരശുരാമന്‍ വിശദീകരിക്കുന്നു. ഒരിക്കല്‍ ദേവന്മാരുടെയിടയില്‍, ശിവനാണോ വിഷ്ണുവാണോ കൂടുതല്‍ ശക്തന്‍ എന്നൊരു തര്‍ക്കമുണ്ടായി. തര്‍ക്കപരിഹാരത്തിനായി ദേവന്മാര്‍ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം വിശ്വകര്‍മ്മാവ് ത്രൈയംബകം എന്ന വില്ലുണ്ടാക്കി ശിവനും, ശ്രാങ്‌ഗവം എന്ന വില്ലുണ്ടാക്കി വിഷ്ണുവിനും നല്‍കി. ബലപരീക്ഷണത്തിനായി ഇരുവരും വില്ലുകള്‍ പരസ്പരം കൈമാറി കുലയ്ക്കുന്നു. പരമശിവന്റെ വില്ലായ ത്രൈയംബകമെടുത്ത് കുലയ്ക്കുവാനായി വിഷ്ണു തുനിയവെ, വിഷ്ണുവിന്റെ ശക്തിയായ ശ്വാസമേറ്റ് (ഹുങ്കാരം) ത്രൈയംബകം വളയുന്നു. ഇപ്രകാരം വിഷ്ണുവിനു മുന്നില്‍ നിസ്സാരനായ ശിവന്‍ ഈ വളഞ്ഞ വില്ല് തനിക്കെന്തിന് എന്ന ചിന്തയോടെ ത്രൈയംബകം തന്റെ ഭക്തനായ ജനകനു നല്‍കി. ആ വില്ലാണ് നീയിവിടെ ഖണ്ഡിച്ച് പരമശിവനെ അപമാനിച്ചത്. ഇതു നിന്റെ ശൌര്യമല്ല, മറിച്ച് അഹങ്കാരമാണ്. അങ്ങിനെയുള്ള നിന്നെ ഞാനിവിടെ നിന്നും പോകുവാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് ചരണമാടുന്നു. അടുത്ത ചരണമായ “ഉത്തമദശരഥന്റെ പുത്രനെങ്കിലും...” എന്ന ഭാഗത്ത് ദശരഥന്‍ നടത്തിയ പുത്രകാമേഷ്ടി യാഗത്തെയും തുടര്‍ന്ന് ശ്രീരാമലക്ഷ്മണഭരതശത്രുഖ്നാദികള്‍ ജനിക്കുന്നതും പരശുരാമന്‍ സ്മരിക്കുന്നു. അങ്ങിനെയുള്ള ധന്യനായ ദശരഥന്റെ പുത്രനാണെന്നാകിലും, ഇത്തരത്തില്‍ ദുര്‍മതത്തോടെ പെരുമാറുന്നത് ഒട്ടും നല്ലതിനല്ല എന്നാടി പദം അവസാനിപ്പിക്കുന്നു.





ക്രുദ്ധനായിരിക്കുന്ന പരശുരാമനോട്, പോകുവാനായി മാര്‍ഗം തരണമെന്ന് അപേക്ഷിക്കുന്ന ശ്രീരാമന്റെ പദമാണ് തുടര്‍ന്ന്. യമപുരിയിലേക്കുള്ള മാര്‍ഗം ഞാന്‍ നിനക്കു കാട്ടി തരുന്നുണ്ട് എന്നാടി, എങ്ങോട്ടേക്കുള്ള മാര്‍ഗത്തെയാണ് നീ ചോദിക്കുന്നതെന്ന് പരശുരാമന്‍ ആരായുന്നു. എങ്ങു നിന്നാണൊ ഞാന്‍ വന്നത്, അങ്ങോട്ടേക്കു തന്നെയുള്ള മാര്‍ഗമാണ് തനിക്കു വേണ്ടതെന്ന ശ്രീരാമന്റെ മറുപടി കേട്ട് പരശുരാമന്റെ കോപം ഇരട്ടിക്കുന്നു. തുടര്‍ന്ന് തന്നോട് യുദ്ധം ചെയ്യുവാന്‍ ആവശ്യപ്പെടുന്ന പരശുരാമന്, കാരണമൊന്നുമില്ലാതെ ഒരാളോട് യുദ്ധം ചെയ്യുവാന്‍ ആരാണ് ആഗ്രഹിക്കുക എന്നാണ് ശ്രീരാമന്‍ നല്‍കുന്ന മറുപടി. ഈ അവസരത്തില്‍, തന്റെ പുത്രനെ വധിക്കുവാന്‍ ഉദ്യമിക്കരുതെന്നും, ബാലകരായ അവരെ പോകുവാന്‍ അനുവദിക്കണമെന്നും ദശരഥന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണ് അപേക്ഷിക്കുന്നു. എന്നാല്‍ ദശരഥനെ കാല്‍ കൊണ്ട് തട്ടിയകറ്റുകയാണ് പരശുരാമന്‍. ഇതു കണ്ട് ശ്രീരാമലക്ഷ്മണാദികളും അത്യധികം കോപത്തോടെ യുദ്ധത്തിനു തയ്യാറാവുന്നു. കാഷായ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി നടക്കുന്ന ചര്യയും, ഇത്തരത്തില്‍ കാല്‍ക്കല്‍ വീഴുന്ന ഒരുവനെ തൊഴിച്ചു മാറ്റുന്ന അഹന്തയും ഒരു മഹര്‍ഷിക്ക് ഉചിതമാണോ എന്ന് ശ്രീരാമന്‍ പരിഹസിക്കുന്നു.



പ്രായമേറെയുള്ള നിശാചരിയായ താടകയെ വധിച്ച നീയല്ലേ എന്നെ പരിഹസിക്കുവാന്‍ യോഗ്യന്‍ എന്നു പരശുരാമന്‍ തിരിച്ചും രാമനെ പരിഹസിക്കുന്നു. ആണായാലും പെണ്ണായാലും നീചമനസ്കരെ കൊല്ലുന്നത് ഉചിതം തന്നെ എന്നു രാമന്‍ മറുപടി കൊടുക്കുന്നു. തുടര്‍ന്ന് “അവള്‍ മമ മാതാവല്ല...” എടുത്ത് വട്ടം തട്ടി ഭാര്‍ഗവരാമന്‍ അമ്മയെ കൊന്നവനെന്ന് രാമന്‍ ഹൃസ്വമായി ആടുന്നു. ‘അങ്ങിനെ തന്നെ, ഞാന്‍ തന്നെ അമ്മയെ കൊന്നു. അച്ഛന്‍ പറഞ്ഞു, ഞാന്‍ കൊന്നു.’ എന്നു പറയുന്ന ഭാര്‍ഗവനോട്, ‘ഗുരു എന്നോടു പറഞ്ഞു, അതിനാല്‍ ഞാന്‍ താടകയെ കൊന്നു! നീ ചെയ്താല്‍ യോഗ്യവും, ഞാന്‍ ചെയ്താല്‍ നിന്ദ്യവുമാവുന്നതെങ്ങിനെ?’ എന്നു രാമനും തിരിച്ചു ചോദിക്കുന്നു. അപ്പോള്‍ പരശുരാമന്‍; ‘മറ്റൊന്നു കൂടിയുണ്ട്, എന്നില്‍ ഏറ്റവും പ്രീതി തോന്നിയ എന്റെ അച്ഛന്‍ എന്തു വരം വേണം എന്ന് എന്നോട് ചോദിച്ചപ്പോള്‍ മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ പുനര്‍ജനിച്ച മാതാവിനെ വണങ്ങി തന്റെ അവിവേകം പൊറുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അമ്മ തന്നെ സന്തോഷത്തോടെ അനുഗ്രഹിച്ചു. ഇതും നിനക്കറിയില്ലേ?’ “ക്ഷത്രിയവംശമശേഷം കൃത്തം...” എന്ന അടുത്ത പരശുരാമന്റെ ചരണത്തില്‍, താന്‍ ഇരുപത്തിയൊന്നു തവണ ക്ഷത്രിയവംശം നശിപ്പിച്ചത് പരശുരാമന്‍ ഓര്‍മ്മിപ്പിക്കുന്നു. അങ്ങിനെ താന്‍ പ്രവര്‍ത്തിക്കുവാന്‍ കാരണമായ കഥ പ്രതിപാദിക്കാതെ, കൊല്ലുന്നത് വിശദമായി കാട്ടുവാനാണ് സദനം കൃഷ്ണന്‍‌കുട്ടി ശ്രദ്ധവെച്ചത്. നിന്നും ഇരുന്നും കിടന്നുമൊക്കെയുള്ള മഴുപ്രയോഗങ്ങള്‍ കാഴ്ചയ്ക്ക് കൌതുകമായിരുന്നു.



‘സീതാസ്വയംവര’ത്തിലെ പരശുരാമന് രണ്ടു ഭാവങ്ങളാണ് കഥയിലുള്ളത്. അത്യധികം കോപത്തോടെ ശ്രീരാമനെ തടയുവാനെത്തുന്ന പരശുരാമന്‍ ഒടുവില്‍ വിഷ്ണുവിന്റെ അവതാരമാണ് രാമനെന്നു തിരിച്ചറിഞ്ഞ് സാത്വികഭാവത്തിലേക്ക് മാറുന്നു. തുടക്കത്തിലുള്ള പരശുരാമനെ സദനം കൃഷ്ണന്‍‌കുട്ടി വളരെ നന്നായി അവതരിപ്പിച്ചു. കഥാപാത്രം നല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം കഴിയുന്നത്രയും മുതലാക്കി, കഥാപാത്രം ആവശ്യപ്പെടുന്ന ഊര്‍ജ്ജം മുഴുവനും നല്‍കി പരശുരാമനെ മികച്ചതാക്കുവാന്‍ കൃഷ്ണന്‍‌കുട്ടിക്കായി. ശ്രീരാമനെ പരിഹസിച്ച് സംസാരിക്കുന്നയിടങ്ങളില്‍, രൌദ്രഭാവം വിട്ട് നര്‍മ്മത്തോടെ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതു മാത്രം അല്പം കല്ലുകടിയായി അനുഭവപ്പെട്ടു. എന്നാല്‍ ആദ്യ ഭാഗങ്ങളില്‍ ദീക്ഷിച്ച പാത്രബോധം ഒടുവിലായപ്പോളേക്കും നടന്‍ കൈവെടിഞ്ഞു. വിഷ്ണുവെന്ന് തിരിച്ചറിഞ്ഞ് കോപമടങ്ങി ശാന്തനാവുന്നെങ്കിലും, ശ്രീരാമനെ പരശുരാമന്‍ നമസ്കരിക്കേണ്ടതില്ല. എന്നാലിവിടെ സദനം കൃഷ്ണന്‍‌കുട്ടി അവതരിപ്പിച്ചപ്പോള്‍ നമസ്കരിക്കുകയല്ല, അക്ഷരാര്‍ത്ഥത്തില്‍ ശ്രീരാമന്റെ കാലില്‍ വീണു കേഴുക തന്നെയായിരുന്നു. ഇരുവരും ക്രോധം വെടിഞ്ഞ് ശാന്തചിത്തരായി പരസ്പരം വന്ദിച്ച് പിരിയേണ്ടയിടത്താണ് ഇത്തരമൊരു അവതരണം. വളരെ നന്നായി ചെയ്തു വന്ന ഒരു കഥാപാത്രത്തെ ഇപ്രകാരം അപഹാസ്യമാക്കിയതില്‍ നടനിനി സ്വയം പഴിക്കാം!

ശ്രീരാമനായെത്തിയ മാര്‍ഗി ബാലസുബ്രഹ്മണ്യന്‍ സങ്കോചങ്ങളില്ലാതെ ശ്രീരാമനെ അവതരിപ്പിച്ചപ്പോള്‍ ദശരഥനായി വേഷമിട്ട കലാനിലയം ഗോപകുമാര്‍ തരക്കേടില്ലാതെ രംഗത്തു പ്രവര്‍ത്തിച്ചു. സീത, ലക്ഷ്മണന്‍ എന്നിവരെ അവതരിപ്പിച്ച വേണുഗോപാലന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം പ്രശാന്ത് എന്നിവര്‍ക്ക് പദമോ ആട്ടമോ കഥയിലില്ലെങ്കില്‍ തന്നെയും, കഥാപാത്രത്തിനിണങ്ങുന്ന ഭാവത്തോടെ അരങ്ങത്തു നില്‍ക്കുവാന്‍ ഇരുവരും ശ്രദ്ധപുലര്‍ത്തി. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി മോഹനന്‍, കലാനിലയം നന്ദകുമാര്‍ എന്നിവരുടെ ആലാപനം കളിയ്ക്കുതകുന്നതായിരുന്നു. ചെണ്ടയില്‍ വാരണാസി നാരായണന്‍ നമ്പൂതിരിയും മദ്ദളത്തില്‍ മാര്‍ഗി രവീന്ദ്രനും ചേര്‍ന്നൊരുക്കിയ അന്നേ ദിവസത്തെ മേളവും മികവുപുലര്‍ത്തി. മാര്‍ഗി കൃഷ്ണകുമാര്‍, മാര്‍ഗി ബേബി എന്നിവരായിരുന്നു ചെണ്ടയിലും മദ്ദളത്തിലും കൂട്ടുമേളക്കാര്‍. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരുടെയായിരുന്നു ചുട്ടി. പരശുരാമനായുള്ള സദനം കൃഷ്ണന്‍‌കുട്ടിയുടെ അവസാനഭാഗത്തെ ‘പ്രകടനം’ ഒഴിച്ചു നിര്‍ത്തിയാല്‍ ആസ്വാദകര്‍ക്ക് ഏറെ തൃപ്തി നല്‍കിയ ഒന്നായിരുന്നു, നിശാഗന്ധി ഉത്സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ അവതരിക്കപ്പെട്ട ‘സീതാസ്വയം‌വരം’.

Description: SeethaSwayamvaram Kathakali: Sadanam Krishnankutty as Parasuraman, Margi Balasubrahmanian as SriRaman, Kalanilayam Gopakumar as Dasarathan, Venugopalan Unnithan as Seetha, Kalamandalam Prasanth as Lakshmanan. Vocal by Kalamandalam Krishnankutty, Margi Mohanan and Kalanilayam Nandakumar. Chenda by Varanasi Narayanan Namboothiri and Margi Krishnakumar. Maddalam by Margi Raveendran and Margi Baby. Vocal by Kalamandalam Krishnankutty. Chutty by RLV Somadas and Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. January 21, 2010.
--

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ അരങ്ങേറിയ ‘സീതാസ്വയംവരം’ കഥകളിയുടെ ഒരു ആസ്വാദനം.
--

മൊതലകൊട്ടം പറഞ്ഞു...

പരശുരാമന്റെ വില്ലായ ത്രൈയംബകമെടുത്ത് കുലയ്ക്കുവാനായി വിഷ്ണു തുനിയവെ, വിഷ്ണുവിന്റെ ശക്തിയായ ശ്വാസമേറ്റ് (ഹുങ്കാരം) ത്രൈയംബകം വളയുന്നു.. അക്ഷര പിശാചാവും അല്ലേ ? ശിവന്റെ വില്ല് ആണല്ലോ ത്രയംബകം. സദനം കൃഷ്ണന്‍കുട്ടിക്ക് ഇതു കഥാപാത്രമായാലും ഇടയ്ക്കു കൃഷ്ണകുട്ടി ആവാതെ തരമില്ലല്ലോ. അത് പണ്ടും ഉണ്ട്, ഇപ്പോഴും തുടരുന്നു. ചുറ്റിയുള്ള പരശുരാമന്‍ ആയിരുന്നില്ലല്ലോ. സദനം കൃഷ്ണകുട്ടി ചുട്ടിയുള്ള പരശുരാമനാണ് ഇപ്പോള്‍ കൂടുതല്‍ കെട്ടാറുള്ളത് എന്ന് കേട്ടു. നാട്ടില്‍ ഇല്ലാത്ത കാരണം ഇപ്പോള്‍ കഥകളി കാണാന്‍ തരാവാറില്ല. നിങ്ങളുടെ (ഹരി, മണി തുടങ്ങിയവരുടെ) നിരൂപണം വായിച്ചാണ് പലപ്പോഴും കളിയെ കുറിച്ച് അറിയുന്നതും ആ ഒരു ഫീലിംഗ് ലൈവ് ആയി നിലനിര്‍ത്തുന്നതും.
മൊതലകൊട്ടം നാരായണന്‍

അജ്ഞാതന്‍ പറഞ്ഞു...

കഥ അച്ചടിച്ച brochure കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും തീര്‍ന്നു പോയെന്നാണ് ലഭിച്ച വിവരം. കഥ അറിയാതെയാണ് ആട്ടം കണ്ടതെങ്കിലും ഹരിയുടെ ബ്ലോഗ്‌ ആസ്വാദനത്തിനു തുണയായി. കഥകളിയും പദങ്ങളും വേഷവും മുദ്രകളും ഒക്കെ പുതുമയായ സാധാരണക്കാരനു ആസ്വാദനം ദുഷ്കരമാവും. കളിയരങ്ങ് ബ്ലോഗ്‌ കണ്ടുകൊണ്ടാണ് ആദ്യമായി കഥകളി എന്റെ ബോധത്തില്‍ വരുന്നത് തന്നെ. നല്ല ബ്ലോഗ്‌, നല്ല വിശകലനം, ഭാവങ്ങള്‍ തെളിയുന്ന ചിത്രങ്ങള്‍. നന്നായിരിക്കുന്നു ഹരി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ചിത്രങ്ങളുടെ മിഴിവ് അല്പം കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരിക്കും.

Unknown പറഞ്ഞു...

Haree;

Had the fortune (?:-)) of watching sadanam's Parasuraman with chutti recently. It was just HILARIOUS i would say ! Otherwise a versatile artist, when his 'self' dominates his character, naturally his performance gets slump, be it parasuraman, kathi or pacha. What more can one say of Sadanam who bizarre the entire audience by the sound of his hot smooch, which could be heard till the last row of a big auditorium during 'parirambanam..chumbanam' in 'karavimshathi' when he happnd to do the role of ravanan in balivijayam. Eeswaro raksha !

ranjini

Haree പറഞ്ഞു...

‘പരശുരാമന്റെ വില്ലായ ത്രൈയംബകം...’ തിരുത്തിയിട്ടുണ്ട്. നന്ദി. :-) ചുട്ടിയുള്ള പരശുരാമന്റെ ഒരു ചിത്രം കണ്ടിരുന്നു. വൃത്തികേട് എന്നു പറഞ്ഞാല്‍ കുറഞ്ഞു പോവും. ചുട്ടിയും താടിയും കൂടി ഒരുമിച്ച് മുഖത്ത്!

തുടക്കക്കാര്‍ക്ക് എത്രമാത്രം കളിയരങ്ങ് ഫോളോ ചെയ്യുവാന്‍ കഴിയുന്നുണ്ട് എന്നൊരു ആകാംക്ഷ എപ്പോഴും എനിക്കുണ്ട്. നന്നായി ആസ്വദിക്കുവാനറിയുന്ന കുറച്ചു പേര്‍ക്ക് മാത്രം മനസിലാവുന്നതാവരുത് ഇതിലെ പോസ്റ്റുകള്‍ എന്നാണ് എന്റെ ആഗ്രഹം. കഥകളി കണ്ടു തുടങ്ങുന്നവരുടെ അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

രാവണന്റെ ചുംബനത്തിന്റെ ശീല്‍ക്കാരം ആഡിറ്റോറിയത്തില്‍ മുഴങ്ങിയെന്നോ! ഈശ്വരാ...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--

C.Ambujakshan Nair പറഞ്ഞു...

ഹരീ.
നന്നായിട്ടുണ്ട് കൊള്ളാം.
മദ്രാസിലെ കളി കണ്ട് അഭിപ്രായം എഴുതിയിട്ട് ഇപ്പോൾ തലയിൽ മുണ്ടുമിട്ടാണ്
കുരീപ്പുഴ തോട്ടംകരയിൽ ഒരു ഹരിശ്ചന്ദ്രചരിതം കണ്ടു വന്നത്. തൽക്കാലം നോ കമന്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--