2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കനകക്കുന്നിലെ നളചരിതം നാലാം ദിവസം

Nalacharitham Nalam Divasam Kathakali: Kalamandalam Gopi as Bahukan/Nalan, Mathur Govindankutty as Damayanthi and Kalamandalam Shanmukhadas as Kesini. An appreciation by Haree for Kaliyarangu.
ജനുവരി 25, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ആറാം ദിവസം കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയത്തില്‍ ‘നളചരിതം നാലാം ദിവസം’ കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപിയുടെ ബാഹുകനായിരുന്നു അന്നേ ദിവസത്തെ മുഖ്യ ആകര്‍ഷണം. മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി, കലാമണ്ഡലം ഷണ്മുഖന്‍ എന്നിവര്‍ യഥാക്രമം ദമയന്തിയേയും കേശിനിയേയും അവതരിപ്പിച്ചു. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരുടെ സംഗീതം; കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവര്‍ ചെണ്ടയിലും മദ്ദളത്തിലുമൊരുക്കുന്ന മേളം എന്നിവയും അന്നേ ദിവസത്തെ അരങ്ങിന്റെ മോടി കൂട്ടിയ ഘടങ്ങളാണ്. ഋതുപര്‍ണസാരഥിയായി നളനെയും പ്രതീക്ഷിച്ച് കഴിയുന്ന ദമയന്തിയുടെ “തീര്‍ന്നു സന്ദേഹമെല്ലാം...” എന്ന പദത്തോടെയാണ് നാലാം ദിവസം കഥ ആരംഭിക്കുന്നത്.കളര്‍കോട്ടെ നളചരിതം നാലാം ദിവസം’ എന്ന പോസ്റ്റില്‍ മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടിയുടെ ദമയന്തിക്ക് അന്യമായ സ്ഥായീഭാവത്തെക്കുറിച്ച് സൂചിപ്പിച്ചതാണ്. ഇവിടെയും ദമയന്തിയുടെ അവസ്ഥ ഉള്‍ക്കൊണ്ട് രംഗത്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയമായി. അത്രയൊന്നും ദുഃഖിതയായി കാണാത്ത ദമയന്തിയോട് സന്തോഷത്തോടെ പെരുമാറണമോ, അതോ ദമയന്തി ദുഃഖിതയാണെന്നുള്‍ക്കൊണ്ടുകൊണ്ടുള്ള കേശിനിയെ അവതരിപ്പിക്കണമോ; ഈയൊരു പ്രതിസന്ധിയിലായിരുന്നു കലാമണ്ഡലം ഷണ്മുഖദാസവതരിപ്പിച്ച കേശിനി. എങ്ങിനെയായാലും, കേശിനിയായിരുന്നു ഇവിടെ പലപ്പോഴും ദമയന്തിയേക്കാല്‍ ദുഃഖിതയായി കാണപ്പെട്ടത്. “നേര്‍ന്ന നേര്‍ച്ചകളെല്ലാം സഫലാനി...” എന്നയിടത്ത് അല്പം വിശദീകരിച്ച് ‘എന്റെ നാഥനെ തിരികെ തരികയെന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ചെയ്ത പൂജകളെല്ലാം സഫലമാകുവാന്‍ പോവുന്നു...’ എന്നാടിയത് നന്നായി. എന്നാല്‍ കോസലനാഥന്റെ സൂതനെന്ന് വിശേഷിപ്പിക്കേണ്ടിവരുമ്പോള്‍ ദമയന്തിക്ക് പ്രത്യേകിച്ച് ഭാവഭേദമൊന്നും കാണുവാനായില്ല. മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടിയുടെ ദമയന്തിയില്‍ കണ്ട മറ്റൊരു പ്രധാന പോരായ്മ; പലപ്പോഴും കഥാപാത്രത്തിന്റെ ഗൌരവം മറന്ന് ലോകധര്‍മ്മിയായ മുദ്രകളെ ആശ്രയിക്കുന്നു എന്നതാണ്. കൈപ്പത്തി ചുഴറ്റി കര്‍ത്തരീമുഖത്തിലെത്തി അടുത്ത താളവട്ടത്തില്‍ ശിഖരം പിടിച്ചു കാട്ടേണ്ടതിന് പകരം വെറുതേ മുകുളം പിടിച്ച് ശഖരമെന്നു പറയുവാന്‍ കഴിയാത്ത അവസ്ഥയില്‍ അവസാനിപ്പിക്കുന്ന ‘കാണുക’ എന്ന മുദ്രയും; സാരഥി എന്നു കാട്ടുവാനായി ഇടതു കൈയില്‍ കടകാമുഖവും (അഞ്ജലിയില്‍ തുടങ്ങി കൈ മുന്‍പോട്ട് ചലിപ്പിച്ച് കടകാമുഖത്തില്‍ അവസാനിപ്പിക്കുന്നു.) വലതു കൈയില്‍ മുഷ്ടിയും (കൈ മുകളിലേക്കുയര്‍ത്തി മുഷ്ടി പിടിച്ച് ചുഴറ്റി നില്‍ക്കുന്നു.) എന്നതിനു പകരം ഇടതു കൈയില്‍ കൂടി മുഷ്ടി തന്നെ പിടിക്കലുമൊക്കെ മേല്‍‌പറഞ്ഞതിന് ഉദാഹരണങ്ങളാണ്.“തീര്‍ന്നു സന്ദേഹമെല്ലാം...” എന്ന പദത്തിനു ശേഷം തിരശീല പിടിച്ച് ശ്ലോകം ചൊല്ലിയാണ് “സ്വല്പപുണ്യയായേന്‍...” സാധാരണയായി തുടങ്ങാറുള്ളത്. അരങ്ങിലെ കഥാപാത്രങ്ങള്‍ മാറുന്നില്ലെങ്കിലും രണ്ട് രംഗങ്ങളും തുടര്‍ച്ചയല്ല എന്നതിനാലാണ് (രണ്ട് രംഗങ്ങള്‍ക്കും ഇടയിലുള്ള രംഗങ്ങള്‍ ഇപ്പോള്‍ അരങ്ങത്ത് പതിവില്ല.) തിരശീല പിടിക്കേണ്ടതായി വരുന്നത്. എന്നാലിവിടെ തിരശീല പിടിക്കാതെ തന്നെ ശ്ലോകം ചൊല്ലുകയാണുണ്ടായത്. ഈയൊരു ശ്ലോകത്തിന് തിരശീല പിടിക്കാതെയുള്ള അവതരണം എത്രമാത്രം യോജിച്ചതാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ബാഹുകന്റെ സമീപമെത്തി ആരെന്നും എന്തിനു വന്നുവെന്നും തിരക്കുന്ന കേശിനിയുടെ “ആരെടോ നീ, നിന്റെ...” എന്ന പദത്തോടെയാണ് അടുത്ത രംഗം ആരംഭിക്കുന്നത്. ഋതുപര്‍ണ രാജാവിന്റെ സാരഥിമാരില്‍ ഒരുവനാണ് താനെന്നും, ദമയന്തിയുടെ രണ്ടാം സ്വയംവരവാര്‍ത്ത കേട്ട് എത്തിയതാണെന്നും ബാഹുകന്‍ അറിയിക്കുന്നു. അങ്ങിനെയൊരു വാര്‍ത്ത ശരിയല്ല, നളനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ എങ്ങും കേള്‍ക്കുവാനില്ലാഞ്ഞ് ദമയന്തി ഖിന്നയായി കഴിയുകയാണ് എന്നു കേശിനി തിരിച്ചും പറയുന്നു. “നളനെ ആര്‍ കണ്ടു? ഭൂതലേ...” എന്നൊരു ചോദ്യമാണ് ഇതിനു പകരമായി ബാഹുകനുള്ളത്. പര്‍ണാദന്റെ ചോദ്യത്തിന് നല്‍കിയ മറുപടി ഒരിക്കല്‍ കൂടി പറയുകയെന്ന കേശിനിയുടെ ആവശ്യം മാനിച്ച് ബാഹുകന്‍ മറുപടി ആവര്‍ത്തിക്കുന്നു. അധികം വൈകാതെ കേശിനി ബാഹുകന്റെ സമീപത്തു നിന്നും മടങ്ങുന്നു.പദഭാഗങ്ങള്‍ കൂടാതെ, കേശിനിയുമായുള്ള സംഭാഷണങ്ങളുടെ ഇടയിലായി, കലാമണ്ഡലം ഗോപിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ബാഹുകന്റെ മനോധര്‍മ്മങ്ങളാണ് കഥാഭാഗത്തിനു മിഴിവേകുന്നത്. അതിനനുസരണമായുള്ള കേശിനിയായെത്തിയ കലാമണ്ഡലം ഷണ്മുഖദാസിന്റെ പ്രവര്‍ത്തിയും മികവു പുലര്‍ത്തി. കേശിനിയെ പറഞ്ഞയച്ചതിനു ശേഷം ഋതുപര്‍ണനു വേണ്ടി ഭക്ഷണം പാകം ചെയ്യുന്നത്, പിന്നീട് അത് രാജാവിനു വിളമ്പിക്കൊടുക്കുന്നത്, തിരികെ രഥത്തിലെത്തി വാടിയ പൂക്കളെ തലോടി അവയെ ജീവസ്സുറ്റതാക്കുന്നത്; ബാഹുകന്റെ ഈ ആട്ടങ്ങളാണ് തുടര്‍ന്നു വരുന്നത്. ഭക്ഷണം പാകം ചെയ്യുന്ന അവസരത്തില്‍ ദമയന്തിയുമായുള്ള സ്വയംവരവേളയില്‍ ദേവന്മാര്‍ തനിക്കു നല്‍കിയ വരങ്ങള്‍ ബാഹുകന്‍ ഓര്‍മ്മിക്കുന്നു. പാചകം വിസ്തരിക്കാതെ ആ സമയം തന്റെ അവസ്ഥയില്‍ പരിതപിക്കുന്ന ബാഹുകനെയാണ് കലാമണ്ഡലം ഗോപി അവതരിപ്പിക്കുവാറുള്ളത്. ധാരാളം ദാനകര്‍മ്മങ്ങള്‍ ചെയ്ത തന്റെ ഈ കൈകള്‍ക്ക്, ദമയന്തിയുടെ കരം ഗ്രഹിച്ച ഈ കൈകള്‍ക്ക് ഇന്ന് ഒരു രാജാവിന്റെ സാരഥിയായി ചാട്ടയും പാചകക്കാരനായി ചട്ടുകവും പിടിക്കേണ്ട ഗതി വന്നുവല്ലോ എന്നാണ് ബാഹുകന്‍ പരിതപിക്കുന്നത്. തന്നെ വിശ്വസിച്ച് കാട്ടിലെത്തി, മടിയില്‍ കിടന്നുറങ്ങിയ ദമയന്തിയുടെ വസ്ത്രം മുറിച്ചെടുത്ത് ഉപേക്ഷിച്ചതും ഈ കൈകള്‍ തന്നെ എന്നൊരു ആട്ടവും സാധാരണ കാണാറുണ്ടെങ്കിലും, ഇവിടെ അതൊഴിവാക്കി. “ഉചിതം അപരവരണോദ്യം!” എന്ന പദമാടുമ്പോളിടയ്ക്കൊന്നു നിര്‍ത്തി പിന്നെയും തുടങ്ങുന്ന രീതിയും ഇവിടെ കണ്ടില്ല. ഏറ്റവും നാടകീയമായി, തീവ്രമായി കലാമണ്ഡലം ഗോപി അവതരിപ്പിക്കുവാറുള്ള ഈ ഭാഗങ്ങളുടെ കുറവ്, വിശേഷിച്ചും വേര്‍പാട് ഭാഗത്തെ സൂചിപ്പിക്കുന്ന ആട്ടത്തിന്റെ അഭാവം, വളരെ പ്രകടമായി അനുഭവപ്പെട്ടു. രാജാവിന് ആഹാരം നല്‍കി മടങ്ങവെ, മുഖത്തെ മ്ലാനത കണ്ട് കാരണം തിരക്കുന്നത്; രഥത്തിലെത്തി വാടിയ പൂക്കള്‍ കാണുന്ന അവസരത്തില്‍, പുഷ്പങ്ങളും മനുഷ്യരുമായുള്ള താരതമ്യം തുടങ്ങിയവയൊക്കെ മിതമായ രീതിയില്‍ ആടുകയുണ്ടായി. ബാഹുകന്‍ പാചകം ചെയ്യുന്ന അവസരത്തിലും പിന്നീട് തേരിലെത്തി പൂക്കളെ തലോടുന്ന അവസരത്തിലും; ഒളിഞ്ഞു നിന്ന് ഇതൊക്കെ കാണുന്ന കേശിനിയെ ഭംഗിയാക്കുവാന്‍ കലാമണ്ഡലം ഷണ്മുഖദാസ് കാട്ടിയ ആത്മാര്‍ത്ഥത പ്രശംസനീയമാണ്.ദമയന്തിയുടെ അടുത്തു ചെന്ന് താന്‍ കണ്ട കാഴ്ചകളെല്ലാം കേശിനി അറിയിക്കുന്നു. ബാഹുകന്‍ തന്റെ പ്രാണനാഥനാണെന്ന് ഉത്തമബോധ്യം വരുന്ന ദമയന്തി ബാഹുകന്റെ സമീപമെത്തുന്നു. ദമയന്തിയെ കണ്ട് ആ‍നന്ദതുന്ദിലനായി തീരുന്ന ബാഹുകന്‍; രണ്ടാം സ്വയംവര വാര്‍ത്തയുമായി ബ്രാഹ്മണന്‍ സാകേതത്തിലെത്തിയത് ദമയന്തിയുടെ അറിവോടെയാണ് എന്നു മനസിലാക്കുന്നതോടെ അത്യധികം കോപാകുലനാവുന്നു. സ്വന്തം രൂപം കൈക്കൊണ്ട്, പുണരുവാനായുന്ന ദമയന്തിയെ അരുതെന്നു വിലക്കി പരുഷമൊഴികള്‍ പറഞ്ഞ് നില്‍ക്കുന്ന നളന്റെ മുന്നില്‍ ദമയന്തി നമസ്കരിക്കുന്നു. ഈ സമയം ദമയന്തി ഒരു കുറ്റവും ചെയ്തിട്ടില്ലയെന്ന അശരീരി കേട്ട്, താന്‍ പറഞ്ഞ പരുഷവാക്കുകളില്‍ പശ്ചാത്തപിച്ച് നളന്‍ ദമയന്തിയെ വീണ്ടും സ്വീകരിക്കുന്നു. ദമയന്തിയോടുള്ള കേശിനിയുടെ പദത്തില്‍ “ദംഭം കൂടാതെ ഘോരദഹനന്‍ കത്തിയുദാരം...” എന്ന ഭാഗത്ത് ഒട്ടും അഹങ്കാരമില്ലാതെ അഗ്നി ജ്വലിച്ചു എന്നതിനു പകരം വിറകില്ലാതെ തന്നെ തീകത്തി എന്നുമാത്രമായി ചിലരൊക്കെ ആടാറുണ്ട്. ഇവിടെ കലാമണ്ഡലം ഷണ്മുഖദാസ് ശരിയായ അര്‍ത്ഥം മനസിലാക്കി തന്നെയാണ് പദമാടിയത്. എന്നാല്‍ കുറച്ചു കൂടി ഉചിതമായത് ‘ഒട്ടും അഹങ്കാരമില്ലാതെ അഗ്നി ജ്വലിച്ചു, വിറകു പോലും വേണ്ടിവന്നില്ല!’ എന്നാടുന്നതാവും. പദത്തിലില്ലെങ്കിലും ‘വിറകു പോലും വേണ്ടിവന്നില്ല...’ എന്നു ചേര്‍ക്കുന്നത് ഈ ഭാഗത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കും. അവസാന രംഗങ്ങളില്‍ ദമയന്തിയെ തരക്കേടില്ലാതെ അവതരിപ്പിക്കുവാന്‍ മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടിക്കു കഴിഞ്ഞു. കഥകളി ആസ്വാദകര്‍ക്ക് ചിരപരിചിതമായ ഗോപിയാശാന്റെ അവസാനഭാങ്ങളിലെ നിലകളും മുദ്രകളും ഭാവങ്ങളുമൊക്കെ ഒട്ടും കുറവില്ലാതെ ഇവിടെയും കാണുവാനായി.


പാട്ടില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍; ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ് തുടങ്ങിയവരൊക്കെ പതിവുപോലെ മികവു പുലര്‍ത്തി. കലാനിലയം മനോജിന്റെ അന്നേ ദിവസത്തെ മദ്ദളം തരക്കേടില്ല എന്നേ പറയുവാനുള്ളൂ. നടന്മാരുടെ കൈക്കുകൂടുന്നതില്‍ അല്പം കൂടി ശ്രദ്ധപുലര്‍ത്തുവാന്‍ കലാനിലയം മനോജ് മനസുവെക്കേണ്ടിയിരിക്കുന്നു. നടന്‍ മുദ്രകാണിച്ചതിനു ശേഷം അരനിമിഷമെങ്കിലും വൈകിയാണ് പലപ്പോഴും കൊട്ടുവീഴുന്നത്. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടി, മാര്‍ഗിയുടെ കോപ്പുകള്‍ എന്നിവയും ആകര്‍ഷകമായിരുന്നു. ചുരുക്കത്തില്‍ ആദ്യഭാഗങ്ങളിലെ ദമയന്തിയെ ഒഴച്ചു നിര്‍ത്തിയാല്‍ കഥകളി ആസ്വാദകര്‍ക്ക് ഏറെ തൃപ്തി നല്‍കിയ ഒരു അരങ്ങായിരുന്നു നിശാഗന്ധി ഉത്സവത്തോടനുബന്ധിച്ച് കനകക്കുന്നില്‍ അവതരിക്കപ്പെട്ട ‘നളചരിതം നാലാം ദിവസം’.

Description: Nalacharitham Nalam Divasam Kathakali organized by Kerala Tourism Department as part of Nishagandhi Festival 2010 - Kalamandalam Gopi as Nalan / Bahukan, Mathur Govindankutty as Damayanthi and Kalamandalam Shanmukhadas as Kesini. Vocal by Pathiyur Sankarankutty and Kalanilayam Rajeevan. Accompaniments by Kalamandalam Krishnadas in Chenda and Kalanilayam Manoj in Maddalam. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. January 20, 2010.
--

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ അരങ്ങേറിയ ‘നളചരിതം നാലാം ദിവസം’ കഥകളിയുടെ ഒരു ആസ്വാദനം.
--

നിഷ്ക്കളങ്കന്‍ പറഞ്ഞു...

“ഉചിതം അപരവരണോദ്യമം" പതിവുപോലെ തന്നെ ആടിയിരുന്നല്ലോ ഹരീ.രണ്ടു കൈകൊണ്ടും "ഉചിതം" എന്ന് അമിതാവേശത്തോ‌ടെ സ്ഥലകാലബോധമില്ലാത്തതുപോലെ കാട്ടി ഒടുവില്‍ പെട്ടെന്ന് ആരോടാണീപ്പറയുന്നത് എന്ന തോന്നലില്‍ നിര്‍ത്തി "അല്ലെങ്കില്‍ ത്തന്നെ ഉചിതമോ അനുചിതമോയെന്ന് ഇവ‌ള്‍ക്കെങ്ങിനെയറുന്നു" എന്ന് കാട്ടി പിന്നെ "ഉചിതം" മുദ്ര തീര്‍ക്കുന്ന രീതിയായിരുന്നു അന്ന് ഗോപിയാശാന്‍ ചെയ്തത്. അതാണോ ഉദ്ദേശിച്ചത്. അതോ മ‌റ്റുവല്ലതുമോ?

Haree പറഞ്ഞു...

"ഉചിതം അപരവരണോദ്യമം..." പതിവുപോലെ ആയില്ല. ആ നിര്‍ത്തല്‍ അല്പം കൂടി ദീര്‍ഘമായാണ് കണ്ടിട്ടുള്ളത്. അപ്പോള്‍ പാട്ടുകാരും “ഉ...” എന്നു നിര്‍ത്തി “അപരവരണോദ്യമം...” എന്നു പാടി പോവാറുണ്ട്. ഇവിടെ അപ്രകാരമൊരു നിര്‍ത്തു വരാത്തതിനാല്‍ പാട്ടുകാരും അങ്ങിനെ നിര്‍ത്തി പാടുകയുണ്ടായില്ല.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--