2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം

KeechakaVadham Kathakali: Organized by Drisyavedi. An appreciation by Haree for Kaliyarangu.
ആഗസ്റ്റ് 11, 2010: 'കേരള രംഗകലോല്‍സവ'ത്തിന്റെ ഭാഗമായി ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇരയിമ്മന്‍ തമ്പി രചിച്ച 'കീചകവധം' കഥകളി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. കലാമണ്ഡലം സോമന്‍ കീചകനായും കലാമണ്ഡലം വിജയകുമാര്‍ മാലിനിയായും അരങ്ങിലെത്തി. ഇതര കഥാപാത്രങ്ങളായ സുദേഷ്ണ, വലലന്‍ എന്നിവരായി യഥാക്രമം കലാനിലയം വിനോദും മാര്‍ഗി ബാലസുബ്രഹ്മണ്യനും വേഷമിട്ടു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, മാര്‍ഗി രവീന്ദ്രന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. വിരാട രാജ്ഞിയായ സുദേഷ്ണയുടെ സമീപം മാലിനിയെന്ന പേരു സ്വീകരിച്ച് സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയില്‍ നിന്നുമാണ്‌ കഥ ആരംഭിക്കുന്നത്. "ശശിമുഖി! വരിക സുശീലേ!" എന്ന് സുദേഷ്ണ മാലിനിയെ സ്വാഗതം ചെയ്യുന്നു.

ആരാണ്‌ എന്താണ്‌ എന്നൊക്കെ തിരക്കുന്ന രാജ്ഞിയോട് താന്‍ പാഞ്ചാലിയുടെ കൊട്ടാരത്തിലെ സൈരന്ധ്രിയായിരുന്നുവെന്നും, മാലിനി എന്നാണ്‌ തന്റെ പേരെന്നും അറിയിക്കുന്നു. കലാനിലയം വിനോദിന്റെ സുദേഷ്ണ മാലിനിയേക്കാള്‍ ദുഃഖിതയായി കാണപ്പെട്ടു. പ്രസന്നവദനനായി, കഷ്ടപ്പെട്ട് ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാതെ, ആസ്വദിച്ച് അരങ്ങില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാക്കാമായിരുന്നു വിനോദിന്‌ തന്റെ വേഷം. "വന്നിതു ഹൃദിമമ തോഷം..." എന്ന ഭാഗത്ത് 'വന്നു' എന്ന അര്‍ത്ഥമുദ്ര കാട്ടുന്നതിനു പകരമായി 'ഉളവായി' എന്നാടുന്നതാവും കൂടുതല്‍ ഭംഗി. കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയെ മനോഹരമാക്കി. കഥകളിയിലെ നൃത്ത സാധ്യതകള്‍ അവസരത്തിനൊപ്പിച്ച് ഉപയോഗിക്കുമ്പോഴും, കലാശങ്ങളില്‍ പോലും പാത്രസ്വഭാവം കൈവിടുന്നില്ല എന്നതാണ്‌ വിജയകുമാറിന്റെ വേഷത്തെക്കുറിച്ച് എടുത്തു പറയേണ്ടതായുള്ളത്. പദങ്ങള്‍ക്കു ശേഷം; 'ചൂതില്‍ തോറ്റ് പാഞ്ചാലിയും മറ്റും വനവാസത്തിനു പോയതില്‍ പിന്നെ ഇത്രയും നാള്‍ നീ എവിടെയായിരുന്നു?', 'ഇപ്പോളെന്താണ്‌ അവിടെനിന്നും ഇങ്ങോട്ട് വരുവാനുള്ള കാരണം?' എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും സുദേഷ്ണയും മാലിനിയും ആടാറുണ്ട്. ഇവിടെ പ്രത്യേകിച്ചൊരു ആട്ടവും പദങ്ങള്‍ക്കു ശേഷം ഉണ്ടായില്ല.

വീരത്തില്‍ തുടങ്ങി ശൃംഗാരത്തില്‍ അവസാനിക്കുന്ന മട്ടിലാണ്‌ കീചകന്റെ തിരനോട്ടം കണ്ടിട്ടുള്ളത്. എന്നാലിവിടെ, അതു നേരേ തിരിഞ്ഞു. മാത്രവുമല്ല, പലപ്പോഴും ശൃംഗാരമാണോ വീരമാണോ എന്നു സംശയിച്ചു പോവുന്ന ഭാവത്തിലായിരുന്നു കലാമണ്ഡലം സോമന്റെ കീചകനായുള്ള തിരനോട്ടം. എന്നാല്‍, തിരനോട്ടത്തിലെ ഈ കുറവ് പരിഹരിക്കുന്നതായിരുന്നു സോമന്റെ തുടര്‍ന്നുള്ള അരങ്ങിലെ പ്രവര്‍ത്തി. പതിഞ്ഞ കാലത്തിലുള്ള "മാലിനി! രുചിരഗുണശാലിനീ!" എന്ന കീചകന്റെ പദമാണ്‌ ആദ്യം. മാലിനിയോടുള്ള തന്റെ അടങ്ങാത്ത കാമാവേശം പ്രകടമാക്കുകയാണ്‌ കീചകനിതില്‍. ഈ ഭാഗത്തെ മാലിനിയായുള്ള കലാമണ്ഡലം വിജയകുമാറിന്റെ പ്രവര്‍ത്തിയും അഭിനന്ദനമര്‍ഹിക്കുന്നു. കീചകനെക്കുറിച്ച് കേട്ടറിവുള്ളതിനാലാവാം, അല്‍പം ഭയാശങ്കയോടെ നില്‍ക്കുന്ന മാലിനി കീചകന്റെ ഉള്ളിലിരുപ്പ് അറിയുന്നതോടെ വല്ലാതെ പരിഭ്രമിക്കുന്നു. മാലിനിയുടെ ഈ ഭാവമാറ്റം, പടിപടിയായി ഉയരുന്ന തരത്തില്‍, വിശ്വസിനീയമായി അവതരിപ്പിക്കുവാന്‍ വിജയകുമാറിനു കഴിഞ്ഞു. തുടര്‍ന്ന് കീചകനോടുള്ള "സാദരം നീ ചൊന്നൊരു..." എന്നതില്‍ ആവര്‍ത്തിച്ചു വരുന്ന "മാന്യമല്ല, കുമതേ!" എന്ന ഭാഗം തുടക്കത്തില്‍ മുഖത്തൊരു നീരസത്തോടെ അഭിസംബോധന മുദ്രയിലാടി; പിന്നീട് ചരണങ്ങള്‍ക്കു ശേഷം വരുമ്പോള്‍ അരാളം പിടിച്ച് പ്രയോഗത്തിലെ ശക്തി ക്രമമായി കൂട്ടിയുള്ള അവതരണവും ശ്രദ്ധേയമായി. ഇതു സാധൂകരിക്കുവാന്‍ തക്കവണ്ണം മാലിനിയുടെ ഓരോ ഒഴിവുകിഴിവിനുമുള്ള കീചകന്റെ മറുപടികളും മികവു പുലര്‍ത്തി. (ഉദാ: സീതയെ അപഹരിച്ച രാവണന്‍ കൊല്ലപ്പെട്ടത് മാലിനി പറയുമ്പോള്‍, 'ആഗ്രഹം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ മരിച്ചാലെന്ത്!' എന്നാണ്‌ കീചകന്റെ പ്രതികരണം.)

KeechakaVadham

Karthika Thirunal Theater, East-Fort, Thiruvananthapuram
Written by
  • Irayimman Thampi
Actors
  • Kalamandalam Soman as Keechakan
  • Kalamandalam Vijayakumar as Malini
  • Kalanilayam Vinod as Sudeshna
  • Margi Balasubrahmanian as Valalan
Singers
  • Kottackal Madhu
  • Kalanilayam Rajeevan
Accompaniments
  • Kalamandalam Krishnadas in Chenda
  • Margi Raveendran in Maddalam
Chutty
  • RLV Somadas
Kaliyogam
  • Margi, Thiruvananthapuram
Organized by
  • Drisyavedi, Thiruvananthapuram
Date
കീചകന്റെ പക്കല്‍ നിന്നും സൈരന്ധ്രി ഉപായത്തില്‍ രക്ഷപെടുന്നു. ഇപ്രകാരം പെട്ടെന്ന് മറഞ്ഞുപോയ സൌന്ദര്യധാമത്തെക്കുറിച്ചോര്‍ത്ത് കീചകന്റെ സ്വസ്ഥത നശിക്കുന്നു. ഇവളെ നേടുവാന്‍ എന്താണ്‌ വഴി എന്നാലോചിച്ച്, 'ഇവള്‍ രാജ്ഞിയുടെ പരിചാരക, തന്റെ ഇംഗിതം സഹോദരിയെ അറിയിക്കുക തന്നെ' എന്നാടുന്നു. എന്നാല്‍ ഇത് പോയി സഹോദരിയെ അറിയിക്കുന്നത് ലജ്ജാകരം തന്നെ എന്ന് കീചകന്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഒടുവില്‍ മറ്റുവഴിയില്ലാത്തതിനാല്‍ സഹോദരിയെ കണ്ട് ആഗ്രഹം പറയുക തന്നെ എന്നുറയ്ക്കുന്നു. കീചകന്റെ ഇംഗിതമറിയുന്ന സുദേഷ്ണ ആവും‍വിധം സഹോദരനെ ഉപദേശിക്കുന്നു. 'അഞ്ചു ഗന്ധര്‍വ്വന്മാരെ ജയിക്കുവാന്‍ ഞാനൊറ്റയ്ക്കു മതി, പക്ഷെ പഞ്ചബാണനെ ജയിക്കുവാന്‍ എനിക്കാവുന്നില്ല' എന്നാണ്‌ കീചകന്‍ പ്രതിവചിക്കുന്നത്. ഇതു കേട്ട്, വല്ലവിധേനയും അവളെ നിന്റെ മന്ദിരത്തിലേക്ക് ഞാന്‍ അയയ്ക്കാം എന്നു പറഞ്ഞ് സുദേഷ്ണ കീചകനെ യാത്രയാക്കുന്നു. തുടര്‍ന്ന്, മാലിനിയെ വിളിച്ച് കീചകന്റെ മന്ദിരത്തില്‍ പോയി മദ്യം വാങ്ങിവരുവാന്‍ സുദേഷ്ണ ആജ്ഞാപിക്കുന്നു. മാലിനി ആദ്യം ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നെങ്കിലും പിന്നീട് രാജ്ഞിയുടെ പരുഷമൊഴികള്‍ കേട്ട് പോകുവാന്‍ തീരുമാനിക്കുന്നു. "ക്ഷോണീന്ദ്രപത്നിയുടെ..." എന്ന അഭിനയപ്രധാനമായ ദണ്ഡകമാണ്‌ ഈ ഭാഗത്തെ സവിശേഷത. സിംഹത്തിന്റെ ഗുഹയിലേക്ക് പോവുന്ന മാന്‍പേടയുടെ വിവശതയോടെ, മാലിനി കീചകസവിധത്തിലേക്ക് തിരിക്കുന്നു.

"ഹരിണാക്ഷീജന, മൌലീമണേ!" എന്ന പദത്തിനു മുന്‍പായുള്ള കീചകന്റെ ഒരുക്കവും മറ്റും ഒഴിവാക്കി, നേരിട്ട് മാലിനി കീചകസവിധത്തിലേക്ക് എത്തുന്നതായാണ്‌ ഇവിടെ അവതരിപ്പിച്ചത്. പദത്തിലെ "താനേവന്നതിനാലെ...", "കളഹംസഗമനേ...", "മഞ്ചമിതിങ്കല്‍..." എന്നീ ഭാഗങ്ങളൊക്കെ ആവശ്യത്തിനു മാത്രം വിസ്തരിച്ച് ഭംഗിയായി കാട്ടുവാന്‍ കലാമണ്ഡലം സോമന്‍ ശ്രദ്ധചെലുത്തി. സുദേഷ്ണയുമായുള്ള രംഗത്തിന്റെ തുടക്കത്തില്‍ അല്‍പം കൂടുതല്‍ പ്രസന്നയായി കാണപ്പെട്ടു എന്നതൊഴിച്ചാല്‍, തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കലാമണ്ഡലം വിജയകുമാറിന്റെ സൈരന്ധ്രി മികച്ചു നിന്നു. സൂര്യദേവനയയ്ക്കുന്ന മദോല്‍ക്കടനെന്ന രാക്ഷസനാണ്‌ മാലിനിയെ കീചകന്റെ പക്കല്‍ നിന്നും രക്ഷിക്കുന്നത്. അതിനെക്കുറിച്ച് ഒരു സൂചനയും കീചകനേയും മാലിനിയേയും അവതരിപ്പിച്ച രണ്ട് കലാകാരന്മാരില്‍ നിന്നും ഉണ്ടായില്ല. മാലിനിയുടെ പുറകേ രംഗത്തില്‍ നിന്നും ഓടി മറയുകയാണ്‌ കീചകന്‍. അതില്‍ നിന്നും എന്താണ്‌ മനസിലാവുക? മാലിനി രക്ഷപെട്ടു എന്ന് ഈ അവതരണത്തിലൂടെ വ്യക്തമാവുന്നില്ല. രംഭയ്ക്ക് പിന്നാലെ ഓടി മറയുന്ന രാവണന്‍ തിരിച്ചു വന്ന് ആടുന്നതില്‍ നിന്നുമാണ്‌ എന്താണ്‌ സംഭവിച്ചതെന്ന് കാണികള്‍ക്ക് മനസിലാവുന്നത്. അതുപോലെ കീചകന്‍ രംഗത്തു നിന്നും ഈ വിധം ഓടി മറഞ്ഞതിനു ശേഷം, ഉദ്ദേശം സാധിക്കാത്തതിലുള്ള രോഷത്തോടെ തിരിച്ചു വന്ന്, സംഭവിച്ചതിനെപ്പറ്റിയൊരു സൂചനയായി ആടിയാല്‍ രംഗം കൂടുതല്‍ മികച്ചതാക്കാമെന്നു തോന്നുന്നു.

വലലന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ പതിവായി കണ്ടുവരുന്ന രീതിയില്‍ ഓടിച്ചു തീര്‍ക്കുകയാണ്‌ ഉണ്ടായത്. അതിനാല്‍ തന്നെ, വലലനായെത്തിയ മാര്‍ഗി ബാലസുബ്രഹ്മണ്യന്‌ കാര്യമായൊന്നും അരങ്ങില്‍ ചെയ്യുവാനുണ്ടായിരുന്നില്ല. കീചകനെക്കുറിച്ചുള്ള സങ്കടവുമായെത്തുന്ന മാലിനിയെ; 'ഉപായത്തില്‍ നീ അവനെ നൃത്തഗൃഹത്തിലെത്തിക്കുക. ആരുമറിയാതെ അവന്റെ കഥ ഞാന്‍ കഴിച്ചു കൊള്ളാം' എന്നു പറഞ്ഞ് വലലന്‍ ആശ്വസിപ്പിക്കുന്നു. അപ്രകാരം നൃത്തഗൃഹത്തിലെത്തുന്ന കീചകനെ, ഇരുളില്‍ മറഞ്ഞിരിക്കുന്ന ഭീമന്‍ പിന്നിലൂടെ കൈക്കുള്ളിലാക്കി ഞെരിച്ച് കൊലപ്പെടുത്തുന്നു. അന്ധകാരത്തില്‍ തപ്പിത്തടഞ്ഞെത്തുന്ന കീചകനെയാണ്‌ കലാമണ്ഡലം സോമന്‍ ഇവിടെ അവതരിപ്പിച്ചത്. ഒടുക്കം വായില്‍ നിണമൊന്നും വരുത്താതെ, മിതത്വം പാലിച്ച് കീചകന്റെ മരണം അവതരിപ്പിക്കുവാനും അദ്ദേഹം മനസുവെച്ചു. ഈ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ജ്യേഷ്ഠനെ അറിയിക്കുക തന്നെ എന്നാടി വലലന്‍ രംഗം വിടുന്നതോടെ 'കീചകവധ'മിവിടെ അവസാനിച്ചു. തുടര്‍ന്നുള്ള ഭീരുവും ഉപകീചകനും മറ്റും ഉള്‍പ്പെടുന്ന രംഗം സാധാരണയായി ഇപ്പോള്‍ അവതരിപ്പിച്ചു കാണാറില്ല.

ഉപകഥകള്‍
കീചകന്‍
  • സൂതവംശരാജാവായ കേകയന്‍ മാളകകുമാരികളായ രണ്ടുപേരെ വിവാഹം കഴിച്ചു. ഇവരില്‍ മാളവിയില്‍ അദ്ദേഹത്തിന്‌ കീചകനും നൂറ്റിയഞ്ച് ഉപകീചകരും ജനിച്ചു. അനുജത്തിയില്‍ ഏകപുത്രിയായ സുദേഷ്ണയുമുണ്ടായി. വിരാടരാജാവായ മാത്സ്യന്‍ സുദേഷ്ണയെ വിവാഹം കഴിച്ചതോടെ, കീചകനും ഉപകീചകന്മാരും വിരാടരാജ്യത്തായി വാസം. മാത്സ്യരാജാവിന്റെ സേനാനായകനായാണ്‌ കീചകന്‍ വിരാടദേശത്ത് കഴിഞ്ഞുവന്നത്.
കോട്ടക്കല്‍ മധുവിന്റെ ആലാപനത്തില്‍ ഭാവത്തേക്കാള്‍ മുന്‍തൂക്കം സംഗീതത്തിനാണ്‌. കഥകളിക്ക് എത്രമാത്രമത് ഗുണകരമാണ്‌ എന്നതില്‍ തര്‍ക്കമുണ്ടായേക്കാമെങ്കിലും, കഥകളി പദങ്ങള്‍ ശ്രവിച്ചു മാത്രം മൂന്നു മൂന്നര മണിക്കൂറിരുന്നാലും ഒട്ടും മുഷിയില്ല. 'കീചകവധ'ത്തിലെ കാവ്യാത്മകമായ പദങ്ങള്‍ കോട്ടക്കല്‍ മധുവും, അതിനൊപ്പിച്ച് കലാനിലയം രാജീവനും ഇവിടെ മനോഹരമായി ആലപിച്ചു. അല്‍പം കൂടുതല്‍ വിയര്‍പ്പൊഴുക്കിയാല്‍ മാത്രമേ വേഷക്കാര്‍ക്ക് ഇവരുടെ പാട്ടില്‍ നിന്നും കാണികളുടെ ശ്രദ്ധ തങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുകയുള്ളൂ. അതില്‍ കലാമണ്ഡലം സോമനും വിജയകുമാറും നല്ലൊരു പരിധിവരെ വിജയിച്ചു എന്നതാണ്‌ കളി മെച്ചമാകുവാന്‍ കാരണമായതും! കാര്യമിങ്ങിനെയൊക്കെയെങ്കിലും, ചിലയിടത്തൊക്കെ അനാവശ്യമായി വാക്കുകള്‍ മുറിച്ചു പാടിയത് കല്ലുകടിയായി അനുഭവപ്പെട്ടു. (ഉദാ: "സോദ... സോദരീ... രാജ്ഞീ... മൌലീ മാലി... മാലികേ... താവകം" എന്നതിനു പകരം "സോദരീ... ... രാജ്ഞീ... മൌലീ മാലികേ... ... താവകം" എന്നു തന്നെ പാടുന്നതാവും ഉചിതം. പ്രത്യേകിച്ചും സോദരീ, മാലികേ എന്നതൊക്കെ മുറിക്കാതെ തന്നെ പാടുവാന്‍ സാധിക്കുമ്പോള്‍.)

കലാമണ്ഡലം കൃഷ്ണദാസും മാര്‍ഗി രവീന്ദ്രനും ചേര്‍ന്നൊരുക്കിയ മേളത്തിന്റെ മികവും ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മല്ലീശ്വരന്റെ വില്ലിനോട് മല്ലിടുന്ന ചില്ലികള്‍ കൊണ്ടുള്ള തല്ലലൊക്കെ ഇത്രത്തോളം അനുഭവത്തായത് വേഷക്കാരോട് ഒരുമിച്ചു കൂടിയ മേളത്തിന്റെ മികവു കൊണ്ടുതന്നെ. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടി, മാര്‍ഗിയുടെ ചമയങ്ങള്‍ എന്നിവ മികവു പുലര്‍ത്തി. വേഷം, ആലാപനം, മേളം; ഇവയൊക്കെ പരസ്പരപൂരകങ്ങളായി നിന്ന് മികവു പുലര്‍ത്തിയപ്പോള്‍, ആസ്വാദകരെ വളരെ ആഹ്ലാദിപ്പിച്ച ഒന്നായി ദൃശ്യവേദിയുടെ നേതൃത്വത്തില്‍ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിക്കപ്പെട്ട 'കീചകവധം'.

ആദരാഞ്ജലികള്‍
Kalamandalam Sasiഈ മേളം ഇനിയില്ല. വാഹന അപകടത്തെ തുടര്‍ന്ന് രണ്ടു മാസമായി തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെ, ആഗസ്റ്റ് 16-ന്‌ നമ്മെ വിട്ടുപിരിഞ്ഞ കഥകളി-പ്പഞ്ചവാദ്യ മദ്ദള കലാകാരന്‍, കലാമണ്ഡലം ശശിക്ക് കളിയരങ്ങിന്റെ ആദരാഞ്ജലികള്‍.

അടിക്കുറിപ്പ്:
• തിരശ്ശീലയ്ക്ക് പിന്നില്‍ വേഷക്കാര്‍ വദ്യ/സംഗീത കലാകാരന്മാരെ വന്ദിക്കുന്ന പതിവുണ്ട്. ഇവിടെ കലാമണ്ഡലം സോമന്‍, ഇവര്‍ക്കൊപ്പം തിരശ്ശീലക്കാരെക്കൂടി വന്ദിക്കുന്നതു കണ്ടു. ഇങ്ങിനെ ചെയ്യുന്നതു വഴി അവര്‍ കൂടി അരങ്ങിന്റെയും കളിയുടേയും ഭാഗമാവുന്നുണ്ട്. അധികമാര്‍ക്കും ചെയ്യുവാന്‍ തോന്നാത്ത ഒന്നാണിത്.
• രണ്ട് വര്‍ഷം മുന്‍പ് കലാമണ്ഡലം വിജയകുമാര്‍ മാലിനിയായി വേഷമിട്ട മറ്റൊരു 'കീചകവധം' ഇതേ വേദിയില്‍ അരങ്ങേറിയിരുന്നു. അതില്‍ നിന്നും മാലിനിയായുള്ള അദ്ദേഹത്തിന്റെ അരങ്ങിലെ പ്രവര്‍ത്തി ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്‌.
--

15 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ടയില്‍ അരങ്ങേറിയ 'കീചകവധം' കഥകളിയുടെ ഒരു ആസ്വാദനം.
--

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അങ്ങിനെ കീചകവധവും ആസ്വദിച്ചു...കേട്ടൊ

AMBUJAKSHAN NAIR പറഞ്ഞു...

കലാമണ്ഡലം വിജയന്റെ സൈരന്ധ്രി വളരെ നല്ല നിലവാരം പുലര്‍ത്തുന്നത് തന്നെയാണ്.
മദോല്ക്കടന്റെ രംഗം അവതരിപ്പിക്കുകയോ അങ്ങിനെ ഒരു കഥാപാത്രം കഥകളിയില്‍ ഉണ്ടെന്നോ ഇന്നത്തെ യുവ കലാകാരന്മാര്‍ക്ക് അറിവുണ്ടെന്ന് സംശയിക്കെണ്ടിയിരിക്കുന്നു. സമയക്കുറവോ, മിതത്വം എന്ന നിയമമോ ഇതിന്റെ പിന്നില്‍ ഉണ്ടാക്കാം.
പണ്ടൊക്കെ കഥകളി യോഗങ്ങളില്‍, അവരുടെ ചില നടന്മാരും ഉണ്ടാകും. ഒന്നാം തരം, രണ്ടാം തരം , മൂന്നാം തരം എന്നൊക്കെ തരം തിരിച്ചാണ് നടന്മാരെ അറിയുക. അന്ന് സ്ഥാപനങ്ങളുടെ പേരില്‍ അറിയപ്പെടുന്ന കലാകാരന്‍മാര്‍ കുറവായിരുന്നു. അപ്പോള്‍ ഈ മൂന്നാം തരക്കാര്‍ക്കൊക്കെ ചില വേഷങ്ങള്‍ നല്‍കണ്ടേ. അന്നൊക്കെ അവര്‍ക്കാണ് ഭീരു, മദോല്‍ക്കടന്‍, എന്നിങ്ങനെയുള്ള വേഷങ്ങള്‍ നല്‍കിയിരുന്നത്. ഇന്ന് സ്ഥിതി അങ്ങിനെ അല്ലല്ലോ ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
കളിയും എഴുത്തും നന്നായതില്‍ സന്തോഷം.

നടന്‍ തിരശീലക്കാരെയും സാധാണ വന്ദിക്കാറുണ്ടല്ലൊ. സോമന്റെ മാത്രം പ്രത്യേകതയാണോ ഇത്?

"സോദ... സോദരീ... രാജ്ഞീ”, “മൌലീ മാലി... മാലികേ... താവകം", “മാലി.....മാലിനീ മൂലമായ്”, “പറഞ്ഞിട്ടും അവള്‍......അവള്‍മനം”, “മേദു.....മേദുര ഗുണനയ” ഇങ്ങനെ മുറിച്ചും കൂട്ടിച്ചേര്‍ത്തും തന്നെയല്ലെ ഈ പദങ്ങള്‍ സാധാരണയായി പാടാറുള്ളത്? അതെ. ഇങ്ങനെത്തന്നെയാണ് സമ്പൃദായം. നമ്പീശനാശാന്‍ മുതല്‍ എല്ലാവരും തന്നെ ഇങ്ങിനെപാടിയാണ് കേട്ടിട്ടുള്ളത്. ഇതൊക്കെ സംഗീതപ്രിയന്മാര്‍ക്ക് കല്ലുകടിയായി തോന്നുമായിരിക്കാം. എന്നാല്‍ കഥകളിയുടെ വഴി ഇങ്ങിനെതന്നെയാണ്. കഥകളിയില്‍ പല പദങ്ങളുടേയും പാടല്‍ ഇങ്ങിനെ മുറിച്ചും കൂട്ടിച്ചേര്‍ത്തും ആണല്ലൊ. ഈ മുറിച്ചും കൂട്ടിച്ചേര്‍ത്തും ഉള്ള പാടലും അന്തംകുത്തിപ്പാടലും ഒക്കെ മാറ്റിയാല്‍ ‘കല്ലുകടികള്‍’ മാറി സംഗീതം സുഖകരമാകുമായിരിക്കും. എന്നാല്‍ അതിന്റെ തനിമ നഷ്ടപ്പെടുകയായിരിക്കും സംഭവിക്കുക. ഇതുതന്നെയാണ് ഇന്ന് കഥകളി സംഗീതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹരിയേപ്പോലെയുള്ളവര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുക നന്നോ?

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

മദോല്‍ക്കടനെക്കുറിച്ച് പ്രതിപാദ്യമെങ്കിലുമില്ലാതെ (വേഷം വരണമെന്നില്ല) ആ രംഗത്തിനു പൂര്‍ണത വരുന്നില്ല എന്നാണ്‌ എന്റെ അഭിപ്രായം. അതിനാലാണ്‌ അങ്ങിനെയെഴുതിയത്.

വളരെ പതിഞ്ഞ പദങ്ങള്‍ക്ക് (ഉദാ: "കുവലയവിലോചനേ...", "കല്യാണീ! കാണ്‍ക...") തുടങ്ങിയവയ്ക്ക് വാക്കുകളെ ഇടയ്ക്കൊക്കെ മുറിക്കാതെ താളത്തില്‍ നിര്‍ത്തി പാടുക സാധിക്കുകയില്ല. എന്നാല്‍, ഇടക്കാലത്തിലുള്ള "സോദരീ... രാജ്ഞീ!" പോലെയുള്ളവ അങ്ങിനെ പാടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സംഗീതത്തിലും താളത്തിലും നിര്‍ത്തി പാടുവാന്‍ കൂടുതല്‍ എളുപ്പം "സോദ... സോദരീ... രാജ്ഞീ!" എന്ന പ്രയോഗമാണ്‌. അതാവാം അങ്ങിനെ പാടുന്നത് ശീലമായത്. എന്നാല്‍ പദാര്‍ത്ഥത്തിന്‌ പ്രാധാന്യമുള്ള കഥകളിയില്‍ അങ്ങിനെ സംഗീതത്തിനു / താളത്തിനു വേണ്ടി എളുപ്പപ്പണി കാണിക്കരുതെന്നാണ്‌ എന്റെ പക്ഷം. സത്യത്തില്‍ സംഗീതം മാത്രം നോക്കുന്നവര്‍ക്കാണ്‌ "സോദ... സോദരീ... രാജ്ഞീ!" എന്ന രീതി കൂടുതല്‍ സുഖകരമാവുന്നത്. (പദം മുറിക്കാതെ കലാമണ്ഡലം ഹൈദരാലി പാടുന്നതിന്റെ സൌന്ദര്യം ഒരിക്കല്‍ കൂടി കേട്ടുകൊണ്ടാണിതെഴുതുന്നത്!)

നടന്മാരെല്ലാവരേയും തിരശീലയെ വന്ദിക്കാറുണ്ട്. തിരശീലക്കാരെ ഗൌനിക്കുന്നതായി അധികം കണ്ടിട്ടില്ല.
--

ആസ്വാദകൻ പറഞ്ഞു...

കളി സംഗീതം..അരങ്ങു സംഗീതമല്ലെ!!! ഹേ!!! അതു മനസ്സിലാക്കാ!!! പീന്നെ തിരശീലക്കാരെ.വണങ്ങുന്ന ശീലം “അപ്പുണ്ണിയ്യെട്ടനൊട് ചൊതിക്ക!!! കളി കാണു !!! ഒക്കെ മനസിലാവും!!

Unknown പറഞ്ഞു...

Haree,

Onaashamsagal to you, family and 'Kaliyarangu'.

Regarding your comment on the way music is rendered during 'Sodaree Rajzhee'...etc

Haree, Kathakali sangeetham has got a Sambradhayam, it will be disheartening if sambradhayam itself is told to be wrong. I dont think any Kathakali Afficionado can accept it so easily, esp those who have been enjoying kathakali sangeetham from the hay days of Nambeeshan, Kurup etc...
You said, സംഗീതത്തിലും താളത്തിലും നിര്‍ത്തി പാടുവാന്‍ കൂടുതല്‍ എളുപ്പം "സോദ... സോദരീ... രാജ്ഞീ!" എന്ന പ്രയോഗമാണ്‌. അതാവാം അങ്ങിനെ പാടുന്നത് ശീലമായത്.

I dont understand what made you make such a statement!!! Common haree, such maestros for whom talam and sangeetham were at their finger tips, do u think they had to try such techniques?

Kathakali sangeetham vazhi is this. Personally i feel, since u mentioned that u were listening to Hyder Alis music while writing the last comment in reply to Mani, i have heard all 3 - Hyderali, Nambeeshan and Kurup. When u compare HyderAlis style with the last mentioned two, one should say, they are poles apart.

Please bear in mind, Kathakali singers should sing for Kathakali. If they had to show their talent in their Sangeetham, they need not sing for Kathakali, We dont want light music singers in Kathakali. When it comes to singing for kali, as we all say 'KALIKKU PAADANAM'.

Another padham which immediately came to my mind in idakkalam rendered broken is Balivijayam mandodari marupadi padham..'Pankthee...Panktheekandaaa..mamaa...'

Once again wishing you Thiruvonaashamsagal..

Regards,

Ranjini Nair

AMBUJAKSHAN NAIR പറഞ്ഞു...

രഞ്ജിനി നായരുടെ അഭിപ്രായം വളരെ നല്ലതാണ്. " കഥകളിക്കു വന്നാല്‍ കളിക്ക് പാടണം". എന്നാല്‍ ലളിത സംഗീതം കൊണ്ട് മാത്രമല്ല പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ശാസ്ത്രീയത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കുറ്റം ചുമത്തുകയോ അധിക്ഷേപിക്കയോ ചെയ്യുന്നു എന്ന് ധരിക്കരുത്. ശ്രീ. എംബ്രാന്തിരി പോലും കഥകളി സംഗീതവുമായി ദക്ഷിണ കേരളത്തില്‍ എത്തുമ്പോള്‍ സംഗീതത്തിന്റെ ആലാപന ലഹരിയില്‍ മുഴുകി പൊന്നാനിക്കാരനും ശിങ്കിടിക്കാരനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് പാടി, സ്വയം ലയിച്ചു പാടി, കഥകളിക്കാരന്‍ മുദ്ര തീര്‍ന്നതിനു ശേഷവും സംഗീതം തുടരുകയും ചെയ്തിട്ടുള്ള കഥകളും പിന്നീട് കുറച്ചൊക്കെ മാറ്റി എടുത്ത കഥകളും അറിവുണ്ട്.
മുറിച്ചു പാടിയാലും മുറിക്കാതെ പാടിയാലും "കഥകളിക്കു പാടുക " എന്ന ധര്‍മ്മം ഉണ്ടായിരിക്കണം

Haree പറഞ്ഞു...

My point is also the same. 'Kathakali singers should sing for Kathakali'. For me, singing for Kathakali is giving prime importance to the meaning of Padam and then bhava.

വാക്കുമുറിക്കാതെ തന്നെ താളത്തില്‍ നിര്‍ത്തി, രാഗഭാവം മാറാതെ പാടാമെന്നിരിക്കെ; അര്‍ത്ഥത്തിനു പ്രാധാന്യം നല്‍കാത്ത തരത്തില്‍ പദങ്ങള്‍ മുറിച്ച് പാടുന്നതിന്റെ ആവശ്യകത എന്ത്? അങ്ങിനെ പാടുന്നതുകൊണ്ട് എന്ത് 'കഥകളിത്ത'മാണ്‌ കൂടൂതലായി വരുന്നത്?
(കലാമണ്ഡലം ഹൈദരാലി പാടിയതിനെക്കുറിച്ച് പറഞ്ഞത്, ഇങ്ങിനെ പാടാം എന്നത് ഞാന്‍ കണ്ടെത്തിയ രീതിയൊന്നുമല്ല എന്നു വ്യക്തമാകുവാനാണ്‌. ഈ പറഞ്ഞ രണ്ടു രീതിയിലും എല്ലാവരും പാടാറുണ്ട് എന്നു തോന്നുന്നു. ഈ രണ്ടു വഴികളില്‍ കൂടുതല്‍ ഉചിതമായി (എനിക്ക്) തോന്നുന്നത് മുറിക്കാതെ പാടുന്നതാണ്‌ എന്നു മാത്രം.)

കൂട്ടത്തില്‍ പറയട്ടെ; കണ്‌ഠങ്ങള്‍ വരിയായി വരുന്നവന്‍ പംക്തികണ്‌ഠന്‍, അത് വിഗ്രഹിച്ചെഴുതാം. എന്നാല്‍ സോദ സോദരീ, മാലി മാലിനീ എന്നതൊന്നും അങ്ങിനെ പറ്റില്ല. "പംക്തി... പംക്തികണ്‌ഠ! മമ..." എന്നു പാടുന്നതില്‍ ഒരു കുഴപ്പവുമില്ല. മുദ്രകാട്ടുന്നത് രാവണന്‍+സംബോധന എന്നോ, അതോ പംക്തി+കണ്‌ഠം+സംബോധന എന്നോ? രണ്ടാമത്തെ രീതിക്കാണെങ്കില്‍ "പംക്തി... പംക്തികണ്‌ഠ" എന്നു പാടുന്നത് കൂടുതല്‍ യോജിക്കുകയും ചെയ്യും. "സോദ... സോദരീ..." എന്നതിനു 'സോദരീ' എന്നാണ്‌ മുദ്ര. ഇതു വിഗ്രഹിച്ചു കാണിക്കുവാന്‍ വകുപ്പില്ല. സത്യത്തില്‍ ഇതല്ലേ, കഥകളിക്കു വേണ്ടിയുള്ള പാട്ട്? അര്‍ത്ഥം മനസിലാക്കി, മുദ്രയെന്തെന്നു കൂടി ചിന്തിച്ച് വാക്കുകള്‍ അര്‍ത്ഥലോപം വരാതെ മുറിച്ച്/മുറിക്കാതെ പാടുന്നത്?

തിരശീലക്കാരെ ഗൌനിക്കുന്ന കാര്യം അടിക്കുറിപ്പായി എഴുതിയതു തന്നെ, അത് കലാ. സോമന്‍ മാത്രം ചെയ്യുന്ന ഒന്നല്ലാത്തതിനാലാണ്‌. അങ്ങിനെയൊരു മനസ് കാട്ടിയത് നന്നെന്നും തോന്നി. നല്ലതെന്ന് തോന്നിയാല്‍ അതു പറയാമല്ലോ! ഇതര കലാകാരന്മാരിലും അങ്ങിനെ ചെയ്യുന്നവരുണ്ടാവാം. എന്നാല്‍ എല്ലാവരും അങ്ങിനെ (ഇപ്പോഴും/എപ്പോഴും) ചെയ്യാറുണ്ട് എന്നു പറഞ്ഞാല്‍ അംഗീകരിക്കുവാന്‍ വയ്യ.

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍! :)
--

Sajeesh പറഞ്ഞു...

ഹരി,

നന്നായി കേട്ടോ.

തിരശ്ശീലക്കാരെക്കൂടി വന്ദിക്കുന്നതു ശരിക്കും ഒരു നല്ല കാര്യമാണ്. എനിക്ക് ഈ പ്രവര്‍ത്തി വളരെ നന്നായി എന്ന് തോന്നി. അവസാനം ആയപ്പോഴേക്കും കീചകന്റെ ചുട്ടി അടര്‍ന്നു അല്ലെ?

ഹരിയുടെ ഫോട്ടോസ് ഇപ്പോ വളരെ നന്നാവുന്നുണ്ട് [ഇതിന്റെ അര്‍ഥം പണ്ട് നന്നല്ല എന്നല്ല കേട്ടോ :-) ], പുതിയ ക്യാമറ വാങ്ങിയോ?

എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍

സജീഷ്

AMBUJAKSHAN NAIR പറഞ്ഞു...

ഇപ്പോള്‍ ചുറ്റി അടരുക എന്നത് നല്ല ഒരു വിഷയം ആയി തോന്നുന്നില്ല. കാരണം ഇപ്പോള്‍ പശയുടെ പ്രയോഗം ചുറ്റി കുത്തലില്‍ ഉണ്ട്. പണ്ട് അതില്ലായിരുന്നു.

Sajeesh പറഞ്ഞു...

ശരിയാണ്, ഇപ്പോ പശ ഉപയോഗിക്കുന്നുണ്ട് എന്നിട്ടും ചുട്ടി അടരുന്നു എന്ന് പറഞ്ഞാല്‍ മോശമല്ലേ ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരിയുടെ അഭിപ്രായം സമ്മതിച്ചു. സൌദര്യവത്കരിച്ചു പദം മുറിക്കാതെ ഹൈദ്രാലിപാടിയിരിക്കാം. എന്നിട്ടും പില്‍ക്കാലത്തെ ഗായകര്‍ ആ വഴി പിന്തുടരാതെയിരുന്നത് എന്തുകൊണ്ട്?
‘മാ......മാന്ന്യമതേ’ എന്നതും വിഗ്രഹിച്ചെഴുതാമോ?

ആസ്വാദകാ, ഈ അപ്പുണ്ണിയേട്ടന്‍ ആരാന്നുകൂടെ പറഞ്ഞുകൊടുക്കണേ.......

Haree പറഞ്ഞു...

അതു തന്നെയാണ്‌ എന്റെയും ചോദ്യം. 'സോദരീ...' എന്നു പാടാമെന്നിരിക്കെ എന്തുകൊണ്ട് 'സോദ... സോദരീ!' എന്നു പാടുന്നു? എനിക്ക് അങ്ങിനെ പാടുന്നതുകൊണ്ട് വിശേഷിച്ചൊരു ഗുണവും തോന്നുന്നില്ല. മറിച്ച് 'സോദരീ!....' എന്നു പാടുന്നതിനു ഭംഗി (ആലാപനത്തിലെ ഭംഗിയല്ല, അര്‍ത്ഥം നഷ്ടപ്പെടാതെ പാടുന്നതുകൊണ്ടുള്ള ഭംഗി) കൂടുകയും ചെയ്യും.

'മാ... മാന്യമതേ!' എന്നു വിഗ്രഹിക്കാതെ 'ആ... മാന്യമതേ!' എന്നോ അല്ലെങ്കില്‍ 'മാ... ആന്യമതേ!' എന്നോ പാടാവുന്നതാണ്‌. ഇനി 'മാ... മാന്യമതേ!' എന്നു വിഗ്രഹിക്കുന്നത് പദത്തെ സമ്പുഷ്ടമാക്കുകയേ ഉള്ളൂ താനും.
• 'മാ' എന്നാല്‍ ശ്രേഷ്ഠമായ, വലിയ എന്നൊക്കെ അര്‍ത്ഥമുണ്ട്. (മാമല എന്നു പറയുമ്പോലെ...)
• 'മാ'-യ്ക്ക് അരുത് എന്നും അര്‍ത്ഥമെടുക്കാം. 'താന്‍ പറയുന്നതൊക്കെ കേട്ട് ഇറങ്ങിപ്പുറപ്പെടരുതേ!' എന്നു കൂടി സുദേവന്‍ ഉദ്ദേശിച്ചോ? :-)
ഈ രണ്ട് അര്‍ത്ഥങ്ങള്‍ കൂടി ഒളിച്ചിരിക്കുന്നതുകൊണ്ട് 'മാ... മാന്യമതേ!' എന്നു പാടുന്നതില്‍ യുക്തിയുണ്ട്, അതാണ്‌ ഭംഗിയും!

താളം പാലിക്കുവാനായി ചില പദങ്ങള്‍ അപ്രകാരം അര്‍ത്ഥമൊന്നും നോക്കാതെ മുറിക്കേണ്ടി വരും. പ്രത്യേകിച്ചും വളരെ പതിഞ്ഞ മട്ടിലുള്ളവ. അതൊഴിവാക്കുവാന്‍ കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ അപ്രകാരമുള്ള വാക്കു മുറിക്കല്‍ ഒഴിവാക്കുവാന്‍ കഴിയുന്നയിടത്ത് ഒഴിവാക്കാം എന്നേ ഇവിടെ പറഞ്ഞതില്‍ ഉദ്ദേശിച്ചുള്ളൂ.

ചുട്ടി ഇളകുന്നത് മോശം തന്നെ. പക്ഷെ, ഇവിടെ ചുട്ടി ഇളകുകയുണ്ടായില്ല. ഒടുവിലെ ചിത്രത്തില്‍ വായ അങ്ങിനെ പിടിച്ചതുകൊണ്ട് അപ്രകാരം തോന്നുന്നതാണ്‌. ചുട്ടിക്കു മുകളില്‍ മാവുകൊണ്ട് അതിരു വരയ്ക്കുന്നത് പൊട്ടിപ്പോയിട്ടുണ്ടെന്നു മാത്രം.
--

Srikumar K പറഞ്ഞു...

Madolkadan nalla veshamanu. Suryadevante sakthiyanennu parayarundu. Njan pandu kandittundu.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--