2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കര്‍ണ്ണശപഥം

KarnaSapatham organized by Drisyavedi, Thiruvananthapuram. An appreciation by Haree for Kaliyarangu.
ഒക്ടോബര്‍ 24, 2010: ദൃശ്യവേദിയുടെ പ്രതിമാസ കളിയായി മാലി മാധവന്‍ നായര്‍ രചിച്ച 'കര്‍ണ്ണശപഥം', തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. മാത്തൂര്‍ ഗോവിന്ദന്‍‍കുട്ടി കുന്തിയേയും സദനം കൃഷ്ണന്‍കുട്ടി കര്‍ണ്ണനേയും അവതരിപ്പിച്ച കളിയില്‍ കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം അനില്‍കുമാര്‍, കലാമണ്ഡലം ബാലകൃഷ്ണന്‍ തുടങ്ങിയവരും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു അന്നേ ദിവസം ഗായകര്‍. ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ മാര്‍ഗി രവീന്ദ്രനും മേളമൊരുക്കി. ഖിന്നയായ ഭാനുമതിയെക്കണ്ട് കാരണം തിരക്കുന്ന ദുര്യോധനന്റെ ഇടക്കാലത്തിലുള്ള പദമായ "കാതരവിലോചനേ! കാതരയാകുവാന്‍..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

കുരുക്ഷേത്രയുദ്ധത്തില്‍ അങ്ങ് മരണപ്പെട്ടാലോ എന്ന ഭയമാണ്‌ തന്റെ സങ്കടാവസ്ഥയ്ക്ക് കാരണമെന്ന് പറയുന്ന ഭാനുമതിയെ, തന്റെ സന്നാഹബലം ബോധ്യപ്പെടുത്തി സമാധാനിപ്പിക്കുവാന്‍ ദുര്യോധനന്‍ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. ദുഃഖിതയായ ഭാനുമതിയെ കാണുമ്പോഴുള്ള ആദ്യ പദവും, ഭാനുമതിയുടെ ഭീതിയുടെ കാരണമറിയുമ്പോള്‍ ഒട്ടൊരു കോപത്തോടെയാടുന്ന "ഭീരുതയോ! ഭാനുമതീ!" എന്ന പദവും; ഇവരണ്ടും ഏതാണ്ട് ഒരേ ഊര്‍ജ്ജമെടുത്ത് ചടുലമായാണ്‌ കലാമണ്ഡലം കൃഷ്ണപ്രസാദ് അവതരിപ്പിച്ചത്. ഭാര്യയുടെ സങ്കടം തിരക്കുന്ന ഭര്‍ത്താവിന്‌ അത്രത്തോളം ഉത്സാഹം യോജിക്കില്ലല്ലോ! ഭാനുമതിയുടെ വേഷമിട്ട കലാമണ്ഡലം അനില്‍കുമാര്‍ ഈ ഭാഗത്ത് മികച്ചു നിന്നു. 'ഒരു ക്ഷത്രിയരാജകുമാരിയായ നിനക്ക് ഭയമോ?' എന്നു ചോദിക്കുന്ന ദുര്യോധനനോട് 'ഞാന്‍ ഒരു ഭാര്യയും കൂടിയാണ്!' എന്നായിരുന്നു അനില്‍കുമാറിന്റെ ഭാനുമതിയുടെ പ്രതികരണം. "കമനീയരൂപ! തവ..." ഈ ഭാഗത്ത്, ദുര്യോധനന്റെ കമനീയ രൂപമൊന്നു കണ്ട് സന്തോഷിച്ച്, പെട്ടെന്ന് കൂടുതല്‍ സങ്കടപ്പെട്ടുകൊണ്ടാണ്‌ പദം ആടിത്തുടങ്ങിയത്. ഇപ്രകാരം പൂര്‍ണമായും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അവതരണമാണ്‌ അനില്‍കുമാറിന്റെ ഭാനുമതിയെ മികച്ചതാക്കിയത്. ഭാനുമതിയുടെ സങ്കടം ശമിപ്പിക്കുവാന്‍ വഴിയാലോചിക്കുന്ന ദുര്യോധനന്‍, കര്‍ണ്ണന്‍ അകലെനിന്നും വരുന്നതു കാണുന്നു. താന്‍ മനസില്‍ കരുതിയതുപോലെ കര്‍ണ്ണന്‍ ഇങ്ങെത്തിയല്ലോ, ഇവളുടെ ദുഃഖം ശമിപ്പിക്കുവാന്‍ കര്‍ണ്ണനു തീര്‍ച്ചയായും കഴിയും എന്നാടി കര്‍ണ്ണനെ പ്രതീക്ഷിച്ചിരിക്കുന്നു.

കര്‍ണ്ണന്‍ പ്രവേശിച്ച്, കാവല്‍ക്കാരനോട് താന്‍ വന്നിരിക്കുന്നതായി ദുര്യോധനനെ അറിയിക്കുവാന്‍ പറയുന്നു. തുടര്‍ന്ന്, സേവകന്‍ ഈ വിവരം പറയുന്നത് കേട്ട് കര്‍ണ്ണനെ കൂട്ടിവരുവാനായി നിയോഗിക്കുന്നതുമൊന്നും ദുര്യോധനന്‍ ആടാത്തതിനാല്‍, പിന്നീട് സേവകന്‍ തിരിച്ചു വരുന്നതൊന്നുമാടാതെ നേരിട്ടങ്ങ് കയറുവാന്‍ മാത്രമേ കര്‍ണ്ണന്‌ നിര്‍വ്വാഹമുണ്ടായുള്ളൂ. ഭാനുമതിയുടെ ദുഃഖഭാവം കണ്ട് കാര്യം തിരക്കുന്ന കര്‍ണ്ണനോട്, താന്‍ യുദ്ധത്തില്‍ വധിക്കപ്പെടുമെന്ന ആധിയാണ്‌ ഇവളുടെ മനോവിഷമത്തിനു കാരണമെന്ന് ദുര്യോധനന്‍ പറയുന്നു. എന്നാലിത് പൂര്‍ത്തിയാക്കുവാന്‍ കര്‍ണ്ണന്‍ അനുവദിക്കുന്നില്ല, താന്‍ ജീവനോടെയിരിക്കുമ്പോള്‍ അങ്ങേയ്ക്ക് അപ്രകാരമൊരു ദുര്‍വിധി വരുമോ എന്നാണ്‌ കര്‍ണ്ണന്റെ ചോദ്യം. നീ തന്നെ ഇത് ഇവളെ പറഞ്ഞു മനസിലാക്കുവാന്‍ പറഞ്ഞ് ദുര്യോധനന്‍ മാറുന്നു. അപ്രകാരം ചെയ്യുന്ന കര്‍ണ്ണന്റെ വാക്കുകള്‍ ഭാനുമതിയുടെ ഖേദമകറ്റുന്നു. കാര്‍മേഖങ്ങള്‍ മാറി നിലാവ് പരത്തുന്ന ചന്ദ്രബിംബത്തോട് സമാനമായി പുഞ്ചിരിയോടെയുള്ള ഭാനുമതിയുടെ മുഖം കണ്ട്, തിരികെയെത്തുന്ന ദുര്യോധനനും ആശ്വസിക്കുന്നു.

ആ സമയം ദുഃശാസനന്‍ അവിടെയെത്തി, കൂടിയാലോചനകള്‍ക്കായി മന്ത്രഗൃഹത്തില്‍ മന്ത്രിമാരൊക്കെ ഒത്തു ചേര്‍ന്നിരിക്കുന്നു എന്നറിയിക്കുന്നു. അധികം വിസ്തരിക്കാതെ ഒതുക്കത്തില്‍ കലാമണ്ഡലം ബാലകൃഷ്ണന്‍ ദുഃശാസനനെ അവതരിപ്പിച്ചു. 'മന്ത്രഗൃഹത്തില്‍ വന്നിട്ടുണ്ട്...' എന്നാടുന്നതിനു മുന്‍പായി, കര്‍ണ്ണനെ ചൂണ്ടി 'ഇവന്‍ അറിഞ്ഞാല്‍ കുഴപ്പമുണ്ടോ?' എന്നൊരു ചോദ്യം ദുഃശാസനന്‍ ദുര്യോധനനോട് ചോദിച്ചു. അതിനു മറുപടിയായി, 'വരട്ടെ...' എന്ന് അര്‍ത്ഥം വരുന്ന മുദ്രയാണ്‌ കൃഷ്ണപ്രസാദ് കാണിച്ചത്. 'നീ പോലെ തന്നെയാണ്‌ എനിക്കു കര്‍ണനും, എന്നോടു പറയുന്നതെല്ലാം അവനോടും പറയാം' എന്നോ മറ്റോ ആടുന്നതായിരുന്നു ഭംഗി. ദുഃശാസനനോടൊത്ത് പുറപ്പെടുവാന്‍ തുടങ്ങുമ്പോള്‍ ദുര്യോധനന്‍ കര്‍ണ്ണനേയും വിളിക്കുന്നെങ്കിലും, ഗംഗയില്‍ പോയി സ്നാനം കഴിഞ്ഞ ഉടന്‍ അവിടെയെത്താം എന്നു പറഞ്ഞ് കര്‍ണ്ണന്‍ ഗംഗാ തീരത്തേക്ക് തിരിക്കുന്നു.

ഗംഗയുടെ തീരത്തെത്തുന്ന കര്‍ണ്ണന്‍ തന്റെ പൂര്‍വ്വകാലം സ്മരിക്കുന്നു. പരശുരാമന്റെയടുത്ത് ആയുധവിദ്യ അഭ്യസിക്കുവാനായി പോയതും, ശാപഗ്രസ്ഥനായി മടങ്ങേണ്ടിവന്നതും, ഇന്ദ്രന്‍ ബ്രാഹ്മണ വേഷത്തില്‍ വന്ന് തന്റെ കവചകുണ്ഡലങ്ങള്‍ ദാനമായി നേടിയതുമെല്ലാം സദനം കൃഷ്ണന്‍കുട്ടി ഇവിടെ അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഗംഗയെ കണ്ട്, ഗംഗോല്‍പത്തിയും ചുരുക്കത്തില്‍ ആടിയാണ്‌ "എന്തിഹ മന്‍മാനസേ!" എന്ന പദത്തിലേക്ക് കടന്നത്. ഇവിടെ ഗംഗയുടെ ഉല്‍പത്തി ആടേണ്ട കാര്യം തീരെയില്ല. ഇനിയത് ആടിയേ തീരൂ എന്നാണെങ്കില്‍ ആ കഥയെ സന്ദര്‍ഭവുമായി നന്നായി കൂട്ടിയിണക്കിയാല്‍ മാത്രമേ അതിനു യോജിപ്പു തോന്നുകയുള്ളൂ. എന്നാല്‍, അങ്ങിനെയൊന്നുമല്ലാതെ, എല്ലാവരുടേയും ദുഃഖമേറ്റുവാങ്ങുന്ന ഗംഗാദേവി തന്റെയും ദുഃഖമകറ്റും എന്നു പറയുവാനായി ഗംഗോ‍ല്‍പത്തി മുഴുവന്‍ ആടേണ്ടതുണ്ടോ?

KarnaSapatham

Karthika Thirunal Theater, East-Fort, Thiruvananthapuram
Written by
  • Mali Madhavan Nair
Actors
  • Sadanam Krishnankutty as Karnan
  • Mathur Govindankutty as Kunthi
  • Kalamandalam Krishnaprasad as Duryodhanan
  • Kalamandalam Anilkumar as Bhanumathi
  • Kalamandalam Balakrishnan as Dussasanan
Singers
  • Pathiyoor Sankarankutty
  • Kalanilayam Rajeevan
Accompaniments
  • Kalabharathi Unnikrishnan in Chenda
  • Margi Raveendran in Maddalam
Chutty
  • RLV Somadas
  • Margi Sreekumar
Kaliyogam
  • Margi, Thiruvananthapuram
Organized by
  • Drisyavedi, Thiruvananthapuram
Date: Oct 24, 2010
കര്‍ണ്ണനും കുന്തിയുമൊരുമിച്ചുള്ള ഭാഗത്ത്, സൂക്ഷ്മമായ ഭാവവ്യതിയാനങ്ങളിലൂടെ കര്‍ണ്ണനെ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതിനു പകരം, കൈയ്യും തലയുമൊക്കെ വല്ലാതെയിളക്കി അവതരിപ്പിച്ചത് സദനം കൃഷ്ണന്‍കുട്ടിയുടെ കര്‍ണ്ണന്റെ മികവു കുറച്ചു. ഇതിനൊക്കെ പുറമേ കഥകളിയുടെ രംഗഭാഷയ്ക്ക് ചേരാത്ത രീതിയില്‍, "ശിരസിങ്കല്‍ അശനിപാതമോ..." എന്നയിടത്ത് തലയില്‍ തൊട്ട്/ചൂണ്ടി കാണിക്കുക, കുന്തിയെ നമസ്കരിക്കുമ്പോള്‍ വെള്ളത്തില്‍ നീന്തുന്നതുപോലെ കൈകാലിട്ടടിക്കുക; ഇങ്ങിനെയൊക്കെ ചെയ്യുന്നത് കലാകാരനെന്ന നിലയില്‍ തന്റെ മതിപ്പു കുറയ്ക്കുകയേയുള്ളൂ എന്ന് സദനം കൃഷ്ണന്‍കുട്ടിക്ക് തിരിച്ചറിയുവാനാവുന്നില്ല എന്നതാണ്‌ ഖേദകരം.

കുന്തിക്ക് പ്രത്യേകിച്ചൊരു സ്ഥായീഭാവം പറയുക ബുദ്ധിമുട്ടാണ്‌ എന്നു കരുതിയാല്‍, മൊത്തത്തില്‍ നോക്കുമ്പോള്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ കുന്തി അധികം തെറ്റുകുറ്റങ്ങളില്ലാതെ പോയി എന്നു പറയാം. എന്നാല്‍ ചില കല്ലുകടികള്‍ പറയാതെയും വയ്യ. കുന്തി കര്‍ണ്ണനോട് പൂര്‍വ്വകഥകള്‍ വിവരിക്കുന്ന ഭാഗത്ത്, മന്ത്രശക്തിയാല്‍ സൂര്യനെ വരുത്തിയതിനു ശേഷം, സൂര്യദേവന്‍ പ്രാപിക്കുവാന്‍ മുതിരുമ്പോള്‍ എതിര്‍ക്കുകയും 'താനൊരു കുട്ടിയല്ലേ!' എന്നൊക്കെ ചോദിക്കുന്നതായും മറ്റും മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആടുകയുണ്ടായി. അതിനു ശേഷം, 'വരം കിട്ടിയതല്ലേ, അതുകൊണ്ട് ആയിക്കളയാം!' എന്ന് ആംഗ്യവും കാണിച്ച് പ്രാപിക്കുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍, മകനായ കര്‍ണ്ണനോട് അമ്മയായ കുന്തി ഏറെ നാളുകള്‍ക്കു ശേഷം പറയുന്നതാണ്‌ ഇതൊക്കെയും എന്നൊരു ബോധം മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ കുന്തിക്ക് ഉണ്ടായിരുന്നതായി തോന്നിയില്ല. അര്‍ജ്ജുനനെ ഒഴികെ മറ്റാരേയും വധിക്കില്ല എന്ന് കര്‍ണ്ണന്‍ ആദ്യം ശപഥം ചെയ്തു കൊടുക്കുമ്പോള്‍, 'എനിക്കു നിന്റെ ഈ ശപഥമൊന്നും വേണ്ട' എന്ന മട്ടില്‍ കൈ തട്ടി മാറ്റി 'ഇതിനല്ല ഞാന്‍ ഇവിടെ വന്നത്' എന്നൊക്കെ കുന്തി ആടുന്നതും അത്ര ഭംഗിയായി തോന്നിയില്ല. 'അര്‍ജ്ജുനനോടെന്താണ്‌ നിനക്കിത്ര വിരോധം?' എന്ന കുന്തിയുടെ ചോദ്യത്തിന്‌ ആയുധപ്രകടന സമയത്ത് അര്‍ജ്ജുനന്‍ തന്നെ അളവറ്റ് പരിഹസിച്ചതും മറ്റും ചുരുക്കത്തില്‍ പരാമര്‍ശിച്ചതും; തുടര്‍ന്ന് 'അതു കാണുവാന്‍ മട്ടുപ്പവില്‍ ഉണ്ടായിരുന്നില്ലേ?' എന്ന കര്‍ണ്ണന്റെ ചോദ്യത്തിന്‌ 'നിങ്ങള്‍ രണ്ടാളും ആയുധമെടുത്തപ്പോള്‍ തന്നെ എന്റെ ബോധം പോയി!' എന്ന കുന്തിയുടെ മറുപടിയും ഇരുവരും ചേര്‍ന്ന് രസകരമായി അവതരിപ്പിച്ചു.

കല്ലുകടികള്‍ മേല്‍ പറഞ്ഞവയില്‍ ഒതുങ്ങുന്നില്ല; കുന്തിയെ യാത്രയാക്കുവാനായി വശം മാറിയതിനു ശേഷമാണ്‌ കര്‍ണ്ണന്‌ കുന്തിയുടെ മടിയില്‍ കിടക്കണമെന്ന് ആഗ്രഹം തോന്നുന്നത്, ഉടനേ കുന്തി ആഗ്രഹം നിവര്‍ത്തിക്കുകയും ചെയ്യുന്നു. ഇടയ്ക്കെപ്പോഴെങ്കിലും മറ്റ് ആട്ടങ്ങളുടെയൊപ്പം ചെയ്തിരുന്നെങ്കില്‍ ഇതിത്രയും അരോചകമാവില്ലായിരുന്നു. കര്‍ണ്ണന്റേയും കുന്തിയുടേയുമൊക്കെ നില മറന്നുള്ള അവതരണമായിപ്പോയി ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു ആട്ടമാടിയത്. അരങ്ങത്ത് ഒടുവില്‍ ശേഷിക്കുന്ന പച്ച വേഷമാണ്‌ ധനാശി എടുക്കേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ അരങ്ങിലുള്ള എല്ലാ വേഷങ്ങളും ചേര്‍ന്ന്, അപൂര്‍വ്വമായി പച്ചവേഷമില്ലായെങ്കില്‍ മാത്രം മറ്റു വേഷങ്ങള്‍, ധനാശി എടുക്കുന്നതു കണ്ടിട്ടുണ്ട്. ശപഥവും നല്‍കി കര്‍ണ്ണന്‍ തന്റെ പാട്ടിനു പോയപ്പോള്‍, 'കര്‍ണ്ണശപഥ'ത്തിലെ ദുര്യോധനന്റെ ധനാശി കാണുവാനും കാണികള്‍ക്ക് ഭാഗ്യമുണ്ടായി!

ഉപകഥകള്‍
കര്‍ണ്ണന്റെ ജനനം
  • കുന്തിയുടെ ആതിഥ്യമര്യാദയില്‍ സം‍പ്രീതനായ ദുര്‍വ്വാസാവ് മഹര്‍ഷി, അഞ്ച് ദേവന്മാരെ പ്രീതിപ്പെടുത്തി അവരില്‍ നിന്നും പുത്രന്മാരെ നേടുവാന്‍ തക്കതായ അഞ്ച് മന്ത്രങ്ങള്‍ ഉപദേശിക്കുന്നു. ലഭിച്ച വരം പരീക്ഷിക്കുവാന്‍ മുതിര്‍ന്ന കുന്തിക്ക് സൂര്യഭഗവാനില്‍ നിന്നും യഥാകാലം ഒരു പുത്രന്‍ ജനിച്ചു‍. കുന്തിയും ഉപമാതാവുമൊഴികെ മറ്റാരും ഈ വിവരമറിഞ്ഞില്ല. ഉപമാതാവിന്റെ സഹായത്തോടു കൂടി, ജനിച്ച ഉടന്‍ തന്നെ കുന്തി കുഞ്ഞിനെ ഒരു പെട്ടിയിലാക്കി അശ്വനദിയിലൊഴുക്കി. കൌരവരുടെ പക്ഷത്തുള്ള സൂതനായ അധിരഥന്‍ നദിയില്‍ കുളിക്കുവാന്‍ വന്നപ്പോള്‍ ഈ പെട്ടി കാണുകയും, പെട്ടിയില്‍ നിന്നും കുഞ്ഞിനെയെടുത്ത് സ്വഗൃഹത്തില്‍ കൊണ്ടുപോയി വസുഷേണന്‍ എന്ന പേരിട്ട് വളര്‍ത്തുകയും ചെയ്തു. അധിരഥന്റെ ഭാര്യയായ രാധ ഈ കുഞ്ഞിന്റെ വളര്‍ത്തമ്മയുമായി. ഈ ശിശുവാണ്‌ പില്‍ക്കാലത്ത് കര്‍ണ്ണന്‍ എന്ന പേരില്‍ അറിയപ്പെട്ടത്.
പരശുരാമശാപം
  • അര്‍ജ്ജുനനെ തോല്‍പിക്കുവാനായി ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാനായി കര്‍ണ്ണന്‍ പരശുരാമന്റെ പക്കലെത്തുന്നു. ബ്രാഹ്മണബാലനെന്ന് കള്ളം പറയുന്ന കര്‍ണ്ണനെ വിശ്വസിച്ച് പരശുരാമന്‍ ബ്രഹ്മാസ്ത്രവിദ്യ പറഞ്ഞു കൊടുക്കുന്നു. ഒരിക്കല്‍ ക്ഷീണിതനായ പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലചായ്ച്ച് ഉറങ്ങവേ, അളര്‍ക്കന്‍ എന്ന പേരുള്ള ഒരു വണ്ട് കര്‍ണ്ണന്റെ തുട തുളച്ച് രക്തം കുടിച്ചു തുടങ്ങി. ഗുരുവിന്റെ ഉറക്കത്തിന്‌ തടസ്സം വരാതിരിക്കുവാനായി, വേദന കടിച്ചമര്‍ത്തി കര്‍ണ്ണന്‍ അനങ്ങാതെയിരുന്നു. ഉറക്കമുണര്‍ന്ന പരശുരാമന്റെ നോട്ടത്താല്‍, പണ്ട് ഭൃഗുമഹര്‍ഷിയുടെ ശാപത്താല്‍ വണ്ടായി മാറിയ ദംശന്‍ എന്ന രാക്ഷസന്‌ മോക്ഷം ലഭിക്കുന്നു. രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന കര്‍ണ്ണനെക്കണ്ട്, ഇത്രയും വേദന സഹിക്കുവാന്‍ ഒരു ബ്രാഹ്മണകുമാരന്‌ കഴിയില്ലെന്നും അതിനാല്‍ സത്യം പറയുവാനും പരശുരാമന്‍ ആജ്ഞാപിക്കുന്നു. സത്യമെല്ലാം അറിയിക്കുന്ന കര്‍ണ്ണനെ, ശത്രുവിനോടെതിര്‍ക്കുമ്പോള്‍ ബ്രഹ്മാസ്ത്രം നിഷ്‍ഫലമായിത്തീരട്ടെ എന്ന് പരശുരാമന്‍ ശപിക്കുന്നു.
ഗായകര്‍ പദമാലപിക്കുമ്പോഴാണോ അതോ വേഷം മുദ്ര കാട്ടുമ്പോഴാണോ അരങ്ങിലുള്ള ഇതര വേഷങ്ങള്‍ കാര്യം ഗ്രഹിക്കുന്നതായി ആടേണ്ടതെന്നത് നാളുകളായി ചര്‍ച്ചചെയ്തു വരുന്നതാണ്‌. ഇവിടെ ദുര്യോധനനായെത്തിയ കലാമണ്ഡലം കൃഷ്ണപ്രസാദിനും കര്‍ണ്ണനായെത്തിയ സദനം കൃഷ്ണന്‍കുട്ടിക്കും ഈ കാര്യത്തില്‍ ഒരു സ്ഥിരത ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ പദം പാടുമ്പോള്‍ കേള്‍ക്കുന്നതായി ആടി, മറ്റു ചിലപ്പോള്‍ മുദ്ര കാട്ടും വരെ കാര്യം ഗ്രഹിക്കുവാന്‍ കാത്തിരുന്നു, ചിലിയിടങ്ങളിലാവട്ടെ രണ്ട് പ്രാവശ്യവും കാര്യം കേട്ടതായാണ്‌ ആടിയത്! ഗായകര്‍ പാടുന്നത് കാണാനിരിക്കുന്നവര്‍ക്ക് വേണ്ടിയാണ്‌, അല്ലാതെ വേഷക്കാര്‍ക്കായല്ല എന്നെടുത്താല്‍; മുദ്രകാണിക്കുമ്പോള്‍ മാത്രം കാര്യം ഗ്രഹിക്കുന്നതാവും ഉചിതം. കൂടുതല്‍ ഗൌരവം നല്‍കേണ്ടയിടങ്ങളില്‍, പാട്ടുകാരും വേഷക്കാരും സഹകരിച്ച്, രണ്ടും ഒരുപോലെ വരുന്ന രീതിയില്‍ അവതരിപ്പിക്കുകയുമാവാം. (ഉദാ: 'കചദേവയാനി'യില്‍ "...മാണിക്യക്കല്ലേ! ക്ഷമിക്കേണം.", 'നളചരിതം രണ്ടാം ദിവസ'ത്തില്‍ "... ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍.", ഇവിടെയൊക്കെ 'ക്ഷമിക്കേണം', 'ഭൈമിയും ചേരുമെന്നില്‍' എന്ന പദഭാഗം ഗായകര്‍ ഒറ്റത്തവണ പാടുകയും വേഷക്കാര്‍ അപ്പോള്‍ തന്നെ മുദ്രകാട്ടുകയും ചെയ്യുന്നതിനാല്‍, കൂട്ടുവേഷങ്ങള്‍ക്ക് ഒരേ സമയം തന്നെ കാര്യം ഗ്രഹിക്കുന്നതായി ആടുവാന്‍ കഴിയും.)

പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാനിലയം രാജീവനും ഒരുമിച്ചുള്ള ആലാപനമാണ്‌ ഇവിടുത്തെ കളി, ഇത്രയെങ്കിലും ആസ്വാദ്യകരമാക്കിയത്. സിന്ധുഭൈരവിയില്‍ ആലപിച്ച "ഹന്ത! ദൈവമേ!" എന്ന പദമാണ്‌ ഏറെ ആകര്‍ഷിച്ചത്. ശുഭപന്തുവരാളിയില്‍ "കര്‍ണ്ണാ! മതിയിദം...", സുമനേശരഞ്ജിനിയില്‍ "കൌരവന്‍മാരോടു..." എന്നീ പദങ്ങളും മികച്ചു നിന്നു. ഒടുവിലെ ദുഃശാസനന്റെ പദമായ "ജ്യേഷ്ഠ! കേള്‍ക്കുക...", ദുരോധനന്റെ "ശെട! ശെട! മതിയെട!" എന്നീ പദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയപ്പോള്‍; ദുര്യോധാനന്റെ തന്നെ "കഥയെല്ലാമറിവായി..." എന്ന പദത്തിലെ അത്യാവശ്യം വേണ്ട വരികള്‍ മാത്രമേ അവതരിപ്പിക്കുകയുണ്ടായുള്ളൂ. അടുത്തകാലത്തായി മറ്റെല്ലായിടത്തും കണ്ടുവരുന്നതുപോലെ അവസാനഭാഗങ്ങള്‍ ധൃതിയില്‍ കഴിച്ചുകൂട്ടുക മാത്രമാണ്‌ ഇവിടെയുമുണ്ടായത്. അങ്ങിനെയെങ്കില്‍, കര്‍ണ്ണന്‍ കുന്തിക്ക് പഞ്ചപാണ്ഡവരില്‍ അര്‍ജ്ജുനനൊഴികെ മറ്റ് നാലുപേരേയും വധിക്കുകയില്ല എന്ന് ശപഥം ചെയ്തു നല്‍കി യാത്രയാക്കുന്നതോടെ 'കര്‍ണ്ണശപഥം' അവസാനിപ്പിക്കുകയല്ലേ നല്ലത്?

അന്നേ ദിവസത്തെ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ടയ്ക്കോ, മാര്‍ഗി രവീന്ദ്രന്റെ മദ്ദളത്തിനോ എടുത്തു പറയത്തക്ക മികവുണ്ടായിരുന്നില്ല. പലയിടത്തും കൈക്കുകൂടുന്നതില്‍ ചെണ്ട പിന്നിലുമായി. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ എന്നിവരുടെ ചുട്ടിയും മാര്‍ഗിയുടെ കോപ്പുകളും പതിവുപോലെ മികവുപുലര്‍ത്തി. ചുരുക്കത്തില്‍, സംഗീതവും ആട്ടത്തില്‍ ചില ഭാഗങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍, ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ അധികമൊന്നും ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കപ്പെട്ട 'കര്‍ണ്ണശപഥം' ബാക്കിയാക്കിയില്ല.
--

9 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 24-ന്‌ തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിക്കപ്പെട്ട 'കര്‍ണ്ണശപഥം' കഥകളിയുടെ ഒരു ആസ്വാദനം.
--

കൌണ്ടിന്യന്‍ (ശശി - Sasi) പറഞ്ഞു...

ഹരീ,
കഥകളിയരങ്ങിനു പറ്റിയ വേദിയാണോ കാര്‍ത്തിക തിരുനാള്‍ auditorium എന്നത് അല്പം സംശയം ഉള്ള കാര്യം തന്നെ ആണ്. ഉയരം ഒരു പ്രശ്നം തന്നെ ആണ്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതിനെകുറിച്ചൊന്നുമറിവില്ലെങ്കിലും ഇതെല്ലാം വായിക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ....

AMBUJAKSHAN NAIR പറഞ്ഞു...

അനില്‍കുമാറിന്റെ ഇതുവരെ കണ്ടിട്ടുള്ള എല്ലാ സ്ത്രീവേഷങ്ങളും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അവതരണമാണ്‌ അദ്ദേഹം സ്വീകരിച്ചു കണ്ടിട്ടുള്ളത്.
ഭീരുതയോ ഭാനുമതീ എന്ന പദത്തിന്റെ അവതരണ രീതിക്ക് അല്‍പ്പം ചടുലത ഉള്ളത് തന്നെ ആണല്ലോ. ഭാനുമതി ഒരു സ്ത്രീ മാത്രം അല്ല. മഹാരാജാവിനു ധൈര്യം നല്‍കേണ്ട രാജ്ഞി കൂടിയാണ്. ഒരു യുദ്ധത്തിനു ഒരുങ്ങുമ്പോള്‍ ഒരു സാധാരണ സ്ത്രീയെ പോലെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു വിഷമിച്ചിരുന്നാല്‍ കോപവും ചടുലതയും ഉണ്ടാകുമല്ലോ ?

താന്‍ മനസില്‍ കരുതിയതുപോലെ കര്‍ണ്ണന്‍ ഇങ്ങെത്തിയല്ലോ, ഇവളുടെ ദുഃഖം ശമിപ്പിക്കുവാന്‍ കര്‍ണ്ണനു തീര്‍ച്ചയായും കഴിയും എന്നാടി കര്‍ണ്ണനെ പ്രതീക്ഷിച്ചിരിക്കുന്നു.

ഭാനുമതിയെ സമാധാനിപ്പിക്കാന്‍ കര്‍ണ്ണന് സാധിക്കും എന്ന ദുര്യോധനന്റെ മുന്‍കൂട്ടി കാണുന്ന രീതി കഥക്ക് വളരെ യോജിച്ചതാണ്. ഈ രീതി പണ്ട് ചില നടന്മാര്‍ ചെയ്തിരുന്നു. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനും കലാമണ്ഡലം കരുണാകരന്‍ ആശാനും ദുര്യോധനനും കര്‍ണ്ണനുമായി പന്തളം മുടിയൂര്കോണം ക്ഷേത്രത്തില്‍ ഒരിക്കല്‍ കര്‍ണ്ണശപഥം അവതരിപ്പിച്ചിരുന്നു. കര്‍ണന്‍ രംഗപ്രവേശം
ചെയ്തപ്പോള്‍ ഞാന്‍ തേടിയ വള്ളി ഇതാ കളില്‍ ചുറ്റിയിരിക്കുന്നു എന്ന് കാട്ടുകയുണ്ടായി. ഇതിനു "എന്നെ സ്മരിക്കാന്‍ കാരണം എന്തെന്ന് കര്‍ണ്ണനും ഒരു മറുപടി. ഭാനുമതി തന്റെ വാക്കുകളില്‍ സമധാനപ്പെടാതെ വരുമ്പോള്‍ കര്‍ണ്ണന്റെ സാന്നിധ്യം ദുര്യോധനന്‍ മനസില്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്നേഹ ബന്ധത്തിന്റെ ആഴം കലാകാരന്‍ വ്യക്തമാക്കുന്നു എന്ന് സാരം.
കര്‍ണ്ണന്‍ പ്രവേശിച്ച്, കാവല്‍ക്കാരനോട് താന്‍ വന്നിരിക്കുന്നതായി ദുര്യോധനനെ അറിയിക്കുവാന്‍ പറയുന്നു.
മഹാരാജാവും രാജ്ഞിയും ഇരിക്കുന്ന അന്തപ്പുരത്തിലേക്ക് കര്‍ണ്ണന്‍ അനുവാദം ഇല്ലാതെ പ്രവേശിക്കുന്നു എന്ന രീതിയെ മാറ്റി എടുക്കാന്‍ കലാകാരന്മാര്‍ ചെയ്യുന്ന രീതികള്‍ സ്വാഗതം ചെയ്യുന്നു എങ്കിലും അവിടേക്ക് ഈ സേവകന്‍ എങ്ങിനെ പ്രവേശിക്കും എന്നും ചിന്തിക്കണം. ഒരു ഏകാങ്ക നാടകത്തിന്റെ ആവിഷ്കരണം കഥകളി രൂപത്തില്‍ ആവിഷ്കരിച്ചിരിക്കുകയാണ് കര്‍ണ്ണശപ ഥത്തില്‍. അതുകൊണ്ട് മാലിയുടെ സങ്കല്‍പ്പത്തില്‍ കളിക്കുക ഉചിതം എന്ന് കരുതുന്നു. ഇത്തരം പരിഷ്കരണം ചെയ്യുന്നു എങ്കില്‍ അത് സഹനടനുമായി ആലോചിച്ചു ചെയ്‌താല്‍ അയാളും സേവകനെ കണ്ടതായി നടിക്കുകയും കര്‍ണനെ കൂട്ടിവരുവാന്‍ നിര്‍ദ്ദേശിക്കയും ചെയ്യും.

. 'മന്ത്രഗൃഹത്തില്‍ വന്നിട്ടുണ്ട്...' എന്നാടുന്നതിനു മുന്‍പായി, കര്‍ണ്ണനെ ചൂണ്ടി 'ഇവന്‍ അറിഞ്ഞാല്‍ കുഴപ്പമുണ്ടോ?' എന്നൊരു ചോദ്യം ദുഃശാസനന്‍ ദുര്യോധനനോട് ചോദിച്ചു.
ഇതു ആവശ്യം ഇല്ലാത്ത പണിയാണ്. അംഗരാജാവാണ്‌ കര്‍ണ്ണന്‍. രാജ്യകാര്യങ്ങളില്‍ ദുഃശാസനനേക്കാള്‍ ഉത്തരവാദിത്തം കര്‍ണ്ണന് ഉണ്ട്.

ഗംഗാ നദിയില്‍ പോയി സ്നാനം ചെയ്തു സൂര്യസേവയും ചെയ്യുവാന്‍ കര്‍ണ്ണന്‍ പോകുന്നതായി മാലി ഉദ്ദേശിച്ചത് ആ ഗംഗാ നദിക്കു എന്തോ ഒരു മാഹാത്മ്യം ,പുണ്യം എന്നിവ കണ്ടുകൊണ്ടാവും . അതിനാല്‍ ഗംഗോല്‍പ്പ്ത്തി കര്‍ണ്ണന്‍ സ്മരിക്കുന്നതില്‍ തെറ്റുണ്ടോ ?

സൂര്യദേവന്‍ അനുഗ്രഹിച്ചപ്പോള്‍ തന്നെ കുന്തി ഗര്‍ഭിണിയായി. പത്തു മാസം കുന്തി കര്‍ണ്ണനെ ചുമന്നോ. എന്നൊക്കെ ചിന്തിച്ചാല്‍ പ്രശ്നം ആണ്. കുറയൊക്കെ മാലി അദ്ദേഹം എഴുതി വെച്ചിരിക്കുന്നത് പോലെ ചെയ്താല്‍ നല്ലത്.
കര്‍ണ്ണന്‍ ധനാശി എടുക്കാം. അല്ലത് മൂന്നു വേഷങ്ങളും ഒന്നിച്ചു ധനാശി എടുക്കാം.

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

കാര്‍ത്തിക തിരുനാള്‍, പൊക്കത്തിന്റെ കാര്യമെടുത്താല്‍ കഥകളിക്ക് യോജിച്ചതല്ല. (വെളിച്ചം, ശബ്ദം, പശ്ചാത്തലം ഇവയുടെ കാര്യത്തില്‍ വളരെ യോജിപ്പുമുണ്ട്.) ഈ കാര്യം ഒരിക്കല്‍ സംഘാടകരോട് സംസാരിച്ചപ്പോള്‍, സാംസ്കാരിക സംഘടനകള്‍ക്ക് മാസത്തില്‍ ഒരു ദിവസം പരിപാടികള്‍ക്ക് സൌജ്യന്യനിരക്കില്‍ ഹാള്‍ ലഭിക്കുന്നതിനാലാണ്‌ അവിടെ സ്ഥിരമായി നടത്തുന്നത് എന്നാണ്‌. മാസത്തില്‍ ഒരിക്കലെങ്കിലും നടത്തിയില്ലെങ്കില്‍ ആ സൌജന്യം ലഭിക്കില്ലെന്നും പറയുകയുണ്ടായി. കൂടുതല്‍ ദിവസം കളിയുണ്ടെങ്കില്‍ അത് തീര്‍ത്ഥപാദമണ്ഡപത്തിലാണ്‌ ഉണ്ടാവാറുള്ളത്.

• "ഭീരുതയോ ഭാനുമതീ!" എന്ന പദത്തിന്റെ അതേ ചടുലത "കാതര! വിലോചനേ..." എന്ന പദത്തിന്‌ വേണ്ട എന്നാണ്‌ ഉദ്ദേശിച്ചത്. (മുദ്രകള്‍ കാണിക്കുന്നതിനൊക്കെ അല്‍പം മൃദുത്വമാവാമെന്ന്.) സങ്കടം തിരക്കുന്നത് ആദ്യ പദത്തിലാണ്‌ എന്ന് ശ്രദ്ധിക്കുമല്ലോ.
• "എങ്കില്‍ അത് സഹനടനുമായി ആലോചിച്ചു ചെയ്‌താല്‍ അയാളും സേവകനെ കണ്ടതായി നടിക്കുകയും കര്‍ണനെ കൂട്ടിവരുവാന്‍ നിര്‍ദ്ദേശിക്കയും ചെയ്യും." - അപ്പോള്‍ തോന്നിയതു പോലെ ആടിയതാണെങ്കില്‍ (ഇത് ആലോചിച്ച് ചെയ്യേണ്ട ഒന്നെന്ന് തോന്നാത്തതും ഒരു കാരണമാവാം), അത് അരങ്ങത്തുള്ള മറ്റ് നടന്മാര്‍ ശ്രദ്ധിക്കുകയും, അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്‌ വേണ്ടതെന്നാണ്‌ എനിക്കു തോന്നുന്നത്. ശ്രദ്ധിക്കാതെ ഇരിക്കുക, തിരിച്ചൊന്നും തോന്നാതെയിരിക്കുക; ഇതുരണ്ടും കലാകാരന്റെ പരിമിതിയായി മാത്രമേ കാണുവാന്‍ കഴിയൂ.
• ദുഃശാസനന്റെ ആ ചോദ്യം, ആ കഥാപാത്രത്തിന്റെ മനോനിലയെ ദ്യോതിപ്പിക്കുവാനാവാം, പറഞ്ഞ രീതിയില്‍ ഒരു തിരുത്തല്‍ ദുര്യോധനന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ നന്നാവുമായിരുന്നു.
• ഗംഗോല്‍പത്തിയെന്നല്ല ഏതു കഥയും കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ, പക്ഷെ അത് ആ ഭാഗത്തിന്‌ യോജിച്ചതാണ്‌ എന്ന് ആടിഫലിപ്പിക്കുവാന്‍ കഴിയണം എന്നുമാത്രം.
• കുന്തി സൂര്യദേവനുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടു, പത്തുമാസം ചുമന്നു തന്നെ പ്രസവിച്ചു; ഈ രീതിയിലായിരുന്നു ഇവിടെ കര്‍ണ്ണന്റെയും കുന്തിയുടേയും സമീപനം. അതങ്ങിനെയല്ല അല്ലെങ്കില്‍ അങ്ങിനെയാണ് എന്നു തീര്‍ച്ചപ്പെടുത്തുക ബുദ്ധിമുട്ടാണ്‌. (കൂടുതല്‍ പ്രശ്നത്തിലാവുന്നത്, പാണ്ഡു ജീവിച്ചിരുന്നപ്പോള്‍, അപ്രകാരം തന്നെയാണോ മറ്റ് പുത്രന്മാരും ഉണ്ടായതെന്ന് ചിന്തിക്കുമ്പോഴാണ്! ഏതായാലും മന്ത്രം ഉപയോഗിച്ചാല്‍ പാതിവ്രത്യഭംഗം വരില്ല എന്നൊരു സമാധാനവും ഒപ്പം ഉള്‍ക്കൊള്ളിച്ചുണ്ട്.) മാലി ഈ കാര്യത്തില്‍ എന്താണ്‌ എഴുതി വെച്ചിരിക്കുന്നത്?
--

Sreekanth | ശ്രീകാന്ത് പറഞ്ഞു...

നന്നായിട്ടുണ്ട് നിരൂപണം.

കഥകളിയുടെ ഘടനയുമായി പൊരുത്തപെടാന്‍ കര്‍ണ്ണശപഥത്തിനു എല്ലാവരും കൂടി ഒരു രൂപം ഉണ്ടാക്കേണ്ടി വരും. ഈ അടുത്ത് അവസാന രംഗങ്ങള്‍ മുഴവനായി ആടി/പാടി ഒരു കര്‍ണ്ണശപഥം കണ്ടു. അതു മടുപ്പുളവാക്കുന്നതായി തോന്നി. അതു കഴിഞ്ഞ് ഈ കലാകരന്മാരും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. പ്രധാന രംഗമായ കര്‍ണ്ണ-കുന്തി സമാഗമത്തിനു ശേഷം വേഗം അവസാനിപ്പിക്കുകയാണു നല്ലത് എന്നു തോന്നുന്നു.

ഇനി വെറെ ഒരു കാര്യം. വളരെ പേര്‍സനലായിട്ടു പറയുകയാ .. :)

കല്യാണം കഴിഞ്ഞ ശേഷവും ഈ കളി/സിനിമ ഒക്കെ കണ്ട് ഇ-ലോകത്ത് ഇങ്ങനെ വിസ്തരിക്കാന്‍ ഹരിക്കു അവസരം/സമയം കിട്ടുന്നു .... (ചെറിയ അസൂയ) :)

Unknown പറഞ്ഞു...

Haree,

Thank God, Mali is not amongst us to watch such (WONDERFUL!) performances. Dont have absolutely any say about it.

Coincidentally, heard of another Karnasapadham hapng today on the occasion of giving away MALI memorial award.. Wld you dare to go Haree? :-)

regards

ranjini
dubai

ആസ്വാദകൻ പറഞ്ഞു...

Haree,

Great appreciation and i strongly go with "avanav's words..hat's of to you sir.. something which always haunts me is "karnashapatam" a kathakali attakatha...???? Easy to understand, good "sahityam" renedered in "raagas" which creates..good moods...is only kathakali...?is all the "throurathrika sangalpam" gone? May be the confused lot of upcoming generation would possess kathakali viewership confined to attakathas like "karnashapatam, arjuna vishaada vrittam etc.." pathetic..situation..and especially on Sadanam's performance i feel ashan needs to be a little more careful..here it's Karna..but what about "Kathapatrams like "Udbhavam -Bali Vijayam- Ravanas, Durodhanas & Narakasuran" i think he cant afford at least now ( at 70 years ) to be careless or whitty any more... to prove and portray himself as a shishya of Guru Thekkinkattil Ravunni Nair and Keezhpadam Kumaran Nair..

Haree പറഞ്ഞു...

:) 'കര്‍ണശപഥ'ത്തിനു കഥകളിയുടെ സ്ഥിരം കണ്ടുവരുന്ന ഘടനയില്ല എന്നത് ശരി തന്നെ. അതൊരു കുറവാണോ എന്നതില്‍ മാത്രമേ അഭിപ്രായവ്യത്യാസമുണ്ടാവാന്‍ സാധ്യതയുള്ളൂ. (ജനപ്രിയത അങ്ങിനെയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലല്ലോ!) രംഗങ്ങളായി തിരിക്കാത്തതാണ്‌ ഏറ്റവും വലിയ പ്രശ്നമായി തോന്നിയിട്ടുള്ളത്. 'കര്‍ണശപഥം - ആട്ടക്കഥയ്ക്കൊരു പുതുഭാഷ്യം' എന്നൊരു പോസ്റ്റ് 'ഗ്രഹണ'ത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നവിടെ നടന്ന ചര്‍ച്ചകളും ശ്രദ്ധിക്കുമല്ലോ... ഗോപിയാശാനും മറ്റും കര്‍ണനെ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുള്ളത്, അദ്ദേഹത്തിനു ചെയ്യാനും മാത്രമൊന്നും കര്‍ണ്ണനില്‍ മാലി കരുതിയിട്ടില്ല എന്നാണ്‌. കുന്തിക്കാണ്‌ പിന്നെയും സാധ്യത.

ഓഫ്: അസൂയയൊന്നും വേണ്ടാന്നേ... കളി/സിനിമ കാണല്‍ നന്നേ കുറഞ്ഞു, കാണുന്നതില്‍ പലതും എഴുതാറുമില്ല! :(
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--