2011, മാർച്ച് 2, ബുധനാഴ്‌ച

ബെങ്കളൂരിലെ കേളികൊട്ട്

'Kelikottu' by Uthishta aat Bengaluru. An appreciation by Haree for Kaliyarangu.
ഫെബ്രുവരി 20, 2011: ബെങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഉത്തിഷ്ഠ'യുടെ നേതൃത്വത്തില്‍ 'കേളികൊട്ട്' എന്ന പേരിലൊരു കഥകളി പരിപാടി ബെങ്കളൂരു ഇന്ദിരാനഗര്‍ സംഗീത സഭ ഹാളില്‍ നടത്തുകയുണ്ടായി. 'നളചരിതം രണ്ടാം ദിവസം' കഥയിലെ ആദ്യ രംഗം 'നളദമയന്തി' എന്ന പേരിലും തുടര്‍ന്ന് സുഗ്രീവന്റെ തിരനോക്ക് മുതല്‍ ബാലിയുടെ മരണം വരെ 'ബാലിവധ'വുമാണ്‌ അന്നേ ദിവസം അവതരിക്കപ്പെട്ടത്. പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ നളനും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയുമായിരുന്നു 'നളദമയന്തി'യില്‍. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബാലി, കലാമണ്ഡലം ഹരി ആര്‍. നായരുടെ സുഗ്രീവന്‍, കലാമണ്ഡലം ഷണ്മുഖദാസിന്റെ ശ്രീരാമന്‍, മാര്‍ഗി വിജയകുമാറിന്റെ താര, കലാമണ്ഡലം അരുണിന്റെ അംഗദന്‍ തുടങ്ങിയവയായിരുന്നു 'ബാലിവധ'ത്തില്‍ വേഷമിട്ടത്. പത്തിയൂര്‍ ശങ്കരന്‍‍കുട്ടിയും കലാമണ്ഡലം ബാബു നമ്പുതിരിയും ചേര്‍ന്നുള്ള ആലാപനം, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം രവിശങ്കറും ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഒരുക്കിയ മേളം തുടങ്ങിയവ കൂടി ചേരുന്നതായിരുന്നു അന്നേ ദിവസത്തെ കഥകളി അവതരണം.

നളന്റെ 'നളചരിതം രണ്ടാം ദിവസ'ത്തിലെ പതിഞ്ഞ ശൃം‍ഗാര പദമായ "കുവലയ വിലോചനേ!" മുതല്‍ക്കായിരുന്നു 'നളദമയന്തി'യുടെ അവതരണം. നവയൗവ്വനം വന്ന് നാള്‍തോറും വളരുന്ന കാലം വെറുതേ കളയരുതെന്ന നളന്റെ പരിഭവം ഗോപിയാശാന്‍ ഭംഗിയായി അവതരിപ്പിച്ചു. സ്ത്രീസഹജമായ ലജ്ജയോടും ഒരല്‍പം പരിഭ്രമത്തോടും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും അരങ്ങില്‍ മികവു പുലര്‍ത്തി. 'കാന്തന്‍ കനിഞ്ഞു പറയുന്നൊരു...'; ശ്ലോക ഭാഗത്ത് 'നിന്റെ ത്രപ ഒഴിവാക്കി, എന്റെ കാമദാഹത്തെ ശമിപ്പിച്ചു കൂടേ?' എന്ന നളന്റെ ചോദ്യത്തെ തുടര്‍ന്ന് ഇരുവരും ഒരുമിക്കുന്നു.

തുടര്‍ന്നുള്ള ദമയന്തിയുടെ "സാമ്യമകന്നോരു ഉദ്യാന..."മെന്ന പദത്തില്‍ മുഴുവനും ഈയൊരു ഇണചേരലിന്റെ സംതൃപ്തി വിതറിയായിരുന്നു കലാമണ്ഡലം ഗോപി നളനെ അവതരിപ്പിച്ചത്. ക്രീഡാപര്‍വ്വതത്തിന്റെ വൈചിത്ര്യം ദമയന്തി സൂചിപ്പിക്കുമ്പോള്‍, ദമയന്തിയുടെ സ്‍തനങ്ങളാണ്‌ അതിലുമേറെ വിശിഷ്ടമെന്ന് നളനു തോന്നുന്നു. ഹംസങ്ങള്‍ നീന്തിത്തുടിക്കുന്ന ക്രീഡാതടാകമാവട്ടെ ദമയന്തിയുടെ പൊക്കിള്‍ ചുഴിക്ക് (അതോ യോനീമുഖത്തിനോ!) സമാനമെന്നാണ്‌ നളന്റെ മതം. നളന്റെ ഉദ്യാനം പോലെ നിര്‍വൃതികരമായി മറ്റൊന്നില്ല എന്നു പറയുന്ന ദമയന്തിയോട്, നമ്മളൊരുമിച്ചുള്ള സം‍യോഗം പോലെ നിര്‍വൃതി നല്‍കുന്ന മറ്റൊന്നില്ലെന്നു നളനും ഉറച്ചു പറയുന്നു.

വിവാഹത്തിനു മുന്‍പ് നടന്ന കാര്യങ്ങള്‍ ഇരുവരും ഓര്‍ത്തെടുക്കുകയാണ്‌ "ദയിതേ! നീ കേള്‍..." എന്ന പദത്തില്‍. നാട്യത്തോടൊപ്പം നൃത്തം കൂടി വിന്യസിച്ചുള്ള കലാമണ്ഡലം ഗോപിയുടെ ഈ ഭാഗത്തെ പദാവതരണം പതിവുപോലെ മികവു പുലര്‍ത്തി. മങ്ങിമയങ്ങലും, ഭംഗിയുടെ തിരതല്ലലുമൊക്കെ വിസ്തരിച്ചു തന്നെ ഇവിടെ അവതരിപ്പിച്ചു. ചരണാവസാനമുള്ള കലാശങ്ങളില്‍ 'ദയിതേ!' എന്നു നിര്‍ത്തിയെടുക്കുമ്പോള്‍ അതിനൊപ്പിച്ചൊരു ചെറുപുഞ്ചിരി ദമയന്തിയിലും കാണുവാനായി. ഈ തരത്തില്‍ കഥാപാത്രത്തിനു യോജിച്ച പ്രതികരണങ്ങളോടെ, സന്തോഷവും ലജ്ജയും നവവധുവിന്റെ ചെറിയ പരിഭ്രമവുമെല്ലാം ചേരുന്ന ദമയന്തിയുടെ സ്ഥായി മൂന്നു പദഭാഗങ്ങളിലും നിലനിര്‍ത്തി മാര്‍ഗി വിജയകുമാറും അരങ്ങില്‍ പ്രവര്‍ത്തിച്ചു.

സമയ പരിമിതി കൂടി കണക്കിലെടുത്താവണം, ബ്രഹ്മസൃഷ്ടിയും മറ്റും ഒഴിവാക്കി, ഉദ്യാനസഞ്ചാരത്തില്‍ കാണുന്ന കാഴ്ചകള്‍ മാത്രമാണ്‌ മനോധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തിയത്. പരവതാനിപോലെ വീണുനിറഞ്ഞിരിക്കുന്ന പുഷ്പങ്ങളും, മരത്തില്‍ പടര്‍ന്നു കയറുന്ന വള്ളികളും, മാടിവിളിക്കുന്ന പൂങ്കുലകളും, ദമയന്തിയുടെ നിറഞ്ഞു നീണ്ട മുടി കണ്ട് കാര്‍മേഖമെന്നു കരുതി സന്തോഷത്തോടെ പീലിവിടര്‍ത്തി നൃത്തം ചെയ്യുന്ന മയിലുകളും മറ്റും ഉദ്യാന കാഴ്ചകളില്‍ പെടും. മുലയൂട്ടുന്ന മാന്‍ പേടയെക്കണ്ട് സ്വയം മറന്നു നില്‍ക്കുന്ന ദമയന്തിയുടെ ഇംഗിതം മനസിലായെന്നു പറയുന്ന നളന്‍ ഒരു വള്ളിക്കുടില്‍ ചൂണ്ടിക്കാട്ടി അതിലേക്ക് പോവുകയല്ലേയെന്ന് ദമയന്തിയോട് തിരക്കുന്നു. നളന്റെ ഇഷ്ടത്തെ അനുകൂലിച്ച് ഇരുവരും വള്ളിക്കുടിലിലേക്ക് പ്രവേശിക്കുന്നതോടെ ആദ്യരംഗത്തിന്‌ തിരശീല വീഴുന്നു.

Kelikottu (NalaDamayanthi & BaliVadham)

Indira Nagar Sangeetha Sabha Hall, Bengaluru
Written by
  • Unnayi Warrier /
Actors
    NalaDamayanthi
  • Padma Shri Kalamandalam Gopi as Nalan
  • Margi Vijayakumar as Damayanthi
  • BaliVadham
  • Kalamandalam Ramachandran Unnithan as Bali
  • Kalamandalam Hari R. Nair as Sugreevan
  • Kalamandalam Shanmukhadas as SriRaman
  • Margi Vijayakumar as Thara
  • Kalamandalam Arun as Angadan
Singers
  • Pathiyoor Sankarankutty
  • Kalamandalam Babu Namboothiri
Accompaniments
  • Kalamandalam Unnikrishnan, Kalamandalam Ravisankar in Chenda
  • Kalamandalam Achutha Warrier in Maddalam
Chutty
  • Kalanilayam Saji
Kaliyogam
  • Sandarsan Kathakali Vidyalayam, Ambalappuzha
Presented by
  • Kaliyarangu Online Kathakali Club
Organized by
  • Uthishta, Bengaluru
Date: Feb 20, 2011
'ബാലിവധ'മാണ്‌ തുടര്‍ന്ന് അവതരിക്കപ്പെട്ടത്. തന്റെ ദുര്‍വിധിയുടെ കാരണമോര്‍ക്കുന്ന സുഗ്രീവന്‍, മായാവിയുമായുണ്ടായ യുദ്ധവും മായാവിയുടെ ചതി കാരണമായി താന്‍ ബാലി വധിക്കപ്പെട്ടു എന്ന് തെറ്റിദ്ധരിച്ചതും പിന്നീട് ബാലിയെ ഭയന്ന് ബാലിക്ക് പ്രവേശിക്കുവാന്‍ കഴിയാത്ത ഋഷിമൂകാചലത്തില്‍ വസിക്കേണ്ടിവന്നതുമെല്ലാം ഓര്‍ത്തെടുക്കുന്നു. പിന്നീട് സീതാന്വേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ശ്രീരാമനുമായി സന്ധിചെയ്ത് ബാലിയുമായി യുദ്ധം ചെയ്യുന്ന സമയം ഒളിയമ്പെയ്ത് വധിക്കുവാന്‍ ധാരണയുണ്ടാക്കുകയും ചെയ്യുന്നു. ശ്രീരാമന്റെ ശക്തിയില്‍ ആദ്യം സംശയിക്കുന്നെങ്കിലും‍, ബാലി കൈത്തരിപ്പ് തീര്‍ക്കുന്ന സാലവൃക്ഷങ്ങളെ ഒരൊറ്റ ബാണത്തില്‍ രാമന്‍ എയ്തു മുറിക്കുന്നതോടെ സുഗ്രീവന്റെ സംശയങ്ങളെല്ലാം നീങ്ങുന്നു. യുദ്ധം നടക്കുമ്പോള്‍ തിരിച്ചറിയുവാനായി സുഗ്രീവനൊരു മാലയും നല്‍കിയാണ്‌ ശ്രീരാമന്‍ അയയ്ക്കുന്നത്. തുടര്‍ന്ന് സുഗ്രീവന്‍ കിഷ്‍കിന്ധയിലെത്തി ബാലിയെ പോരിനു വിളിക്കുന്നു. യുദ്ധം കഠിനമായി സുഗ്രീവന്‍ പിന്‍തിരിയുവാന്‍ തുടങ്ങുമ്പോള്‍ രാമന്‍ ഒളിയമ്പെയ്ത് ബാലിയെ വീഴ്‍ത്തുന്നു. തന്റെ തെറ്റുകള്‍ മനസിലാക്കുന്ന ബാലി, ശ്രീരാമന്റെ അനുഗ്രഹത്തോടെ അന്ത്യശ്വാസം വലിക്കുന്നു.

തന്റെ ദുരവസ്ഥയില്‍ ദുഃഖിക്കുന്ന തുടക്കത്തിലെ സുഗ്രീവനെ, ലഭ്യമായ സമയത്തിനുള്ളില്‍ നില്‍ക്കുന്ന തരത്തില്‍ ആട്ടങ്ങള്‍ ക്രമപ്പെടുത്തി കലാമണ്ഡലം ഹരി ആര്‍. നായര്‍ ഭംഗിയായി അവതരിപ്പിച്ചു. വാനരചേഷ്ടയും മറ്റും അവതരിപ്പിച്ചപ്പോള്‍ നര്‍മ്മം കലര്‍ത്തി സദസ്യരെ കൈയ്യിലെടുക്കുവാനും ഹരി ആര്‍. നായര്‍ക്കു കഴിഞ്ഞു. ഒരു കമ്പ് ഇലയൊക്കെ കളഞ്ഞ് എണ്ണപുരട്ടി ചൂടാക്കി ബലമൊക്കെ നോക്കിയ ശേഷം, 'നീ അടിക്കുന്നതൊന്ന് കാണട്ടെ!' എന്ന ഭാവത്തിലിരിക്കുന്ന ബാലിയെ ഇളഭ്യനാക്കിക്കൊണ്ട്, അതില്‍ നിന്നുമൊരു ചെറു ഭാഗമൊടിച്ചെടുത്ത് കുട്ടിയും കോലും കളിക്കുവാന്‍ വിളിക്കുന്നതും മറ്റും കാണികളെ ഏറെ രസിപ്പിച്ചു.

ബാലിയുടെ ഉഗ്രഭാവം തെളിയുന്ന പന്തങ്ങളുടെ പ്രഭയില്‍ ഊക്കും നോക്കും അലര്‍ച്ചയും വേണ്ടും വണ്ണം പ്രകടമാക്കി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും മികച്ചു നിന്നു. പര്‍വ്വതം ചുറ്റല്‍, ഇരുന്നു കൂക്കല്‍, കിടന്നു ചവുട്ടല്‍ തുടങ്ങി ബാലിസുഗ്രീവന്മാരുടെ യുദ്ധസമയത്തുള്ള അടവുകളും ആട്ടങ്ങളുമെല്ലാം അമിതമാവാതെ ആവശ്യത്തിനു മാത്രം സമയമെടുത്ത് അവതരിപ്പിക്കുവാനും കലാമണ്ഡലം ഉണ്ണിത്താനും ഒപ്പം കലാമണ്ഡലം ഹരി ആര്‍. നായരും മനസുവെച്ചു. എന്നാല്‍ ഒടുവില്‍, "ഗോവിന്ദ! മുക്തിം ദേഹി!" എന്നു ബാലി പറഞ്ഞതിനു ശേഷം, രാമന്‍ അമ്പ് വലിച്ചൂരി കഴിഞ്ഞുടനെ രക്തം നിര്‍ത്തുവാനായി മുറിവില്‍ പച്ചില കയറ്റുന്നതായി ആടിയത് കഥാപാത്രത്തിന്റെ സ്ഥായിയും സ്ഥിതിയുമെല്ലാം കളഞ്ഞു. ബാലിയെ സംബന്ധിച്ചിടത്തോളം ദേഹത്തിലെ മുറിവോ വേദനയോ ഒന്നും ആ സമയം വിഷയമാവില്ലല്ലോ! ബാലിയുടെ വേര്‍പാടില്‍ താരയ്ക്കുണ്ടാവുന്ന നഷ്ടം എത്രത്തോളമെന്ന് ഓര്‍മ്മിപ്പിക്കുന്നതായി മാര്‍ഗി വിജയകുമാറിന്റെ താര. അപ്രധാനവേഷമായതിനാല്‍ തുടക്കക്കാരാരെങ്കിലും പേരിന്‌ അവിടെയൊരു സ്ത്രീവേഷമായി ഇരിക്കുന്നു എന്നല്ലാതെ താരയുടെ വിലാപം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുവാന്‍ തക്കവണ്ണം ആരുമിതുവരെ അവതരിപ്പിച്ച് കണ്ടിട്ടില്ല. നല്ലൊരു വേഷക്കാരന്‍ തന്നെ താരയായി വരുന്നത് ബാലിയുടെ മരണം, കാണികളെ കൂടുതല്‍ സ്പര്‍ശിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് മാര്‍ഗി വിജയകുമാറിന്റെ വേഷം കാണിച്ചു തന്നു. കലാമണ്ഡലം ഷണ്മുഖദാസ് ശ്രീരാമനായും കലാമണ്ഡലം അരുണ്‍ അംഗദനായും വേഷമിട്ടു.
UPDATE: മുറിവില്‍ പച്ചില കയറ്റുന്നതായി ആടിയത് രക്തം നിര്‍ത്തുക എന്ന ഉദ്ദേശത്തിലല്ല എന്ന് ബാലിയായി വേഷമിട്ട കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മോക്ഷപ്രാപ്തിക്കായി / ആത്മാവിന്‌ ശാന്തി ലഭിക്കുവാനായി നവദ്വാരങ്ങളിലൂടെയാവണം പ്രാണന്‍ വെടിയേണ്ടതെന്നും അതിനാല്‍ ശരമേറ്റുണ്ടായ മുറിവ് പച്ചിലതിരുകി അടയ്‍ക്കുന്നതായുള്ള ആട്ടം സാധുവാണ്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇങ്ങിനെയൊരു കാര്യത്തെക്കുറിച്ച് എനിക്ക് അറിവില്ല, മറ്റെവിടെയും ഒരു ബാലിയും ആടിയതായി ശ്രദ്ധിച്ചിട്ടുമില്ല. (ശ്രീരാമനാല്‍ വധിക്കപ്പെടുന്നെങ്കിലും ബാലിക്ക് മോക്ഷം കിട്ടുന്നില്ല, അതിനാലാണല്ലോ 'ബാലിമോക്ഷം' എന്നല്ലാതെ, 'ബാലിവധം' എന്ന് ആട്ടക്കഥയ്ക്ക് പേരിട്ടിരിക്കുന്നത്. ബാലിക്ക് തന്നോട് രാമന്‍ ചെയ്തത് അന്യായമായി എന്നൊരു ചിന്ത അവശേഷിച്ചിരുന്നു എന്നും അതിനാല്‍ ശ്രീകൃഷ്ണനായി അടുത്ത ജന്മത്തില്‍ അവതരിച്ചപ്പോള്‍ ബാലിയുടെ അംശം വേടനായി ജനിക്കുകയും, പാദത്തില്‍ അമ്പെയ്ത് ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന്‌ നിമിത്തമാവുകയും ചെയ്തു. ഇങ്ങിനെയും ഒരു കഥ ഓര്‍മ്മയിലുണ്ട്.)

പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്നുള്ള ആലാപനം; ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ കലാമണ്ഡലം അച്ചുത വാര്യരും ചേര്‍ന്നു നയിച്ച മേളം എന്നിവയും കളിയുടെ മികവുയര്‍ത്തിയ ഘടകങ്ങളാണ്‌. ദമയന്തിയുടെ വര്‍ത്തമാനം അറിയിച്ച് ഹംസം മറഞ്ഞു എന്നഭാഗത്തുണ്ടായ ഇടഞ്ഞുകൊട്ടല്‍ ഏറെ ആസ്വാദ്യകരമായി. 'ബാലിവധ'ത്തില്‍ ചെണ്ടയ്ക്ക് കലാമണ്ഡലം രവിശങ്കറും ഇവരോടൊപ്പം നല്ല രീതിയില്‍ മേളത്തിനു കൂടി. കലാനിലയം സജിയുടെ ചുട്ടിയും സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ കളിക്കോപ്പുകളുപയോഗിച്ച് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ ഒരുക്കിയ വേഷങ്ങളുടെ ഭംഗിയും എടുത്തു പറയേണ്ടതുണ്ട്. ചുരുക്കത്തില്‍, മൂന്നു മണിക്കൂര്‍ സമയം കൊണ്ട് ഭംഗിയായി അവതരിപ്പിക്കാവുന്ന ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി അവതരിപ്പിച്ച രണ്ടു കഥാഭാഗങ്ങളും, ഒരു മുഴുനീള കഥകളി കണ്ട തൃപ്തി നല്‍കിയാണ്‌ അവസാനിച്ചത്.

'കളിയരങ്ങ് - ഓണ്‍ലൈന്‍ കഥകളി ക്ലബ്ബി'ന്റെ ചുമതലയില്‍ നടത്തപ്പെട്ട ഈ കളിയുടെ അവതരണത്തിന്‌ സംഘാടകരായ 'ഉത്തിഷ്ഠ'യില്‍ നിന്നും വളരെ നല്ല സഹകരണമാണ്‌ ലഭിച്ചത്. കളിയുടെ മികച്ച അവതരണത്തിനു വേണ്ടി 'കളിയരങ്ങ്' മുന്നോട്ടു വെച്ച നിര്‍‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കുന്നതില്‍ സംഘടനയുടെ ഭാരവാഹികള്‍ മനസുവെച്ചതുകൊണ്ടു കൂടിയാണ്‌ ഈ രീതിയിലൊരു നല്ല അവതരണം സാധ്യമായത്. ഇങ്ങിനെയൊരു അരങ്ങ് നടത്തുവാന്‍ അവസരം നല്‍കുകയും, ഭംഗിയായി നടത്തുവാനായി ഏറെ പരിശ്രമിക്കുകയും ചെയ്ത 'ഉത്തിഷ്ഠ'യിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. തുടര്‍ന്നും ഇതുപോലെയുള്ള കളികള്‍ നടത്തുവാനുള്ള മനസും ഊര്‍ജ്ജവും 'ഉത്തിഷ്ഠ'യ്ക്ക് തുടര്‍ന്നും ഉണ്ടാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
--

24 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

'ഉത്തിഷ്ഠ'യുടെ നേതൃത്വത്തില്‍ 'കേളികൊട്ട്' എന്ന പേരില്‍ ബെങ്കളൂരില്‍ നടത്തിയ കഥകളി സായാഹ്ന പരിപാടിയുടെ ഒരു ആസ്വാദനം.
--

Ravishanker C N പറഞ്ഞു...

did this happen on feb 20? I am told gopi ashan is in perunna on that day!

Jyothi പറഞ്ഞു...

Oh! wow! you'd been to bangalore? Njan avide ullappol orotta nalla kali polum undayittilla!
:( And ippo, Gopiasanum, shanmughanum, pathiyoor-nte paattum... I'm missing so much! Thanks for the detailed write-up...Kali kanda bhalam aayi! :)

A selfish thought here: Why haven't you written more about Shanmughan??! ;) I'm always on the fence when it comes to his pachcha veshams...It often feels like his movements are too soft for a pachcha character. How was it in this kali?

Sajeesh പറഞ്ഞു...

ഹരി

ചുട്ടി എനിക്ക് അത്രയ്ക്ക് മികച്ചതായി തോന്നിയില്ല, ഓകെ എന്നെ പറയാന്‍ പറ്റു. സുഗ്രീവന്റെ ചുട്ടി തമ്മില്‍ ഭേദം, ബാലിയുടെ മോശമായി എന്ന് തന്നെ പറയാം സുഗ്രീവന്റെ വെച്ച് നോക്കുമ്പോള്‍. ചിലപ്പോള്‍ ബാലിയുടെ ചുട്ടിക്കു സമയം ഒരു പ്രശനമായി വന്നിട്ടുണ്ടാവാം. എന്നാലും പൊതുവേ നോക്കുമ്പോള്‍ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമായില്ല. ഗോപിയാശാന്റെ ചുട്ടിയുടെ കടലാസ്സു വെട്ടിയത് തന്നെ അത്രയ്ക്ക് നന്നായിട്ടില്ല, ആദ്യത്തെ ഇതളും രണ്ടാമത്തെ ഇതളും തമ്മില്‍ അകലത്തില്‍ ഒരു സാമ്യം ഇല്ലായ്ക തോന്നി. ശരിക്കും കാണുമ്പോള്‍ എങ്ങിനെ ആണ് എന്ന് അനിക്ക് അറിയില്ല കേട്ടോ.

ഇതെല്ലാം അന്റെ ഒരു ചെറിയ അഭിപ്രായങ്ങള്‍ ആണ്, അല്ലാതെ ആരെയും വിമര്‍ശിക്കല്‍ അല്ല എന്ന് പറഞ്ഞു നിര്‍ത്തുന്നു.

സജീഷ്

uthishta പറഞ്ഞു...

Dear Haree

Thanks for your support, advice and coordination

Team Uthishta.org

PCM പറഞ്ഞു...

The programme took me back in time by about 30-40 years, to the times when I used to roam around the temples near my native place searching for Kathakali performances. I re-lived the experience of visualizing the performances of the great maestros of the art – the likes of Mankulam Vishnu Namboothiri, Kalamandalam Krishnan Nair and Kudamaloor Karunakaran Nair. But, to my amazement, the experience was short-lived. It ended too soon! The aesthetics of the great masters compressed into three hours to accommodate two stories, each of which would take a whole night to perform! Yet, the show sent through my nerves a thrill that I have been missing all these years.
To analyze the performance critically, I would rate Gopi as at his best, Vijayakumar lacking a little in the role of Damayanti in appearance and perfection, Pathiyoor not on par with the best of the singers I have listened to. The use of the microphone near the drums appeared unnecessary, considering the fact that the performance was not in the open air. Bali, and Sugreeva especially, had to run through their acts at top speed to compress the show to suit the time available, yet they also did their best to enchant the audience. I feel, during the present days of hurried activities and shortage of time, Kathakali also has to follow suit. There is no doubt that what was done there must have been a scintillating experience to those who were not familiar with the time-consuming procedures of this Classical Art previously performed only in temples before people who had lots of time to spare.
In essence, the efforts of Uthishta deserve intense commendation. The strain behind coordinating and realizing such an unimaginable event, that too in Bangalore, needs recognition and limitless praise. All Kudos to those who worked behind it. May God bless them with such exotic ideas in future too!
PC Menon

-സു- {സുനില്‍|Sunil} പറഞ്ഞു...

ഹരീ, ആകെ മൊത്തം ഒരു വ്യത്യാസം ഒരു സോഫ്റ്റ്നസ്സ് ഫീല്‍ ചെയ്യുന്നുണ്ടല്ലോ എഴുത്തില്‍. ഗുഡ്.
ഇതുപോലെയുള്ള 2 കഥകള്‍ എങ്ങന്യാ ഈ 3 മണിക്കൂറിനുള്ളില്‍ തീര്‍ക്കുക? പ്രയാസം തന്നെ. ഒരു കഥമതിയായിരുന്നില്ലേ? അല്ലെങ്കില്‍ കുറച്ച് കൂടെ സമയം ആവാമായിരുന്നില്ലേ? (തികച്ചും വ്യര്‍ത്ഥമായ ചോദ്യങ്ങള്‍ എന്നറിയാം)

ഗോപ്യാശാന്‍ ആ ആടിയത് ബാംഗ്ലൂരല്ലെ, സിറ്റിയല്ലെ, ആധുനീകസമൂഹമല്ലെ എന്നൊക്കെ നിരീച്ചിട്ടായിരിക്കും അല്ലേ? കൊള്ളാം. :):) ഒന്ന് കാണണമായിരുന്നു അത്. എന്ത് ചെയ്യാം. (ഗദ്ഗദ്)

-സു- {സുനില്‍|Sunil} പറഞ്ഞു...

ഫോട്ടോ കണ്ടപ്പോൾ തോന്നിയവ:
ഷണ്മുഖൻ - ഒരു ഐഡിയൽ സ്ത്രീവേഷം, പച്ചയേക്കാൾ ഭംഗി ആയിരിക്കും അല്ലേ?
മാർഗ്ഗീടെ താര - നല്ല ഭാവം. താൻ എഴുതീത് കറക്റ്റ്.
ബാലീടെ വായപൊളിച്ച് നിക്കണ ഫോട്ടോ വായേലെ പല്ല് എണ്ണാനാ? :):):)
ഫോട്ടോ ഇടുമ്പോൾ അടിക്കുറിപ്പായി ആ പദങ്ങൾ 2 വരികൂടെ ചേർത്താൽ ഗംഭീരായി.

Unknown പറഞ്ഞു...

Haree..:-)

eniyum ingane kalikal nadathanulla avasaram kaliyarangu bloginundavatte..all the best haree :-)

സമയ പരിമിതി കൂടി കണക്കിലെടുത്താവണം, ബ്രഹ്മസൃഷ്ടിയും മറ്റും ഒഴിവാക്കി, ഉദ്യാനസഞ്ചാരത്തില്‍ കാണുന്ന കാഴ്ചകള്‍ മാത്രമാണ്‌ മനോധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

BRAHMASRISHTI ozhivaakiyal pinnentha haree athiloru rasam ? skipping that important and beautiful aattom, he had time to perform UNCENSORED ones ?! BALE !!!

@Sunil, your observation is very correct. 'coz that was a kali organised by Hareesh, his review is soft. allengil, ee aatangal ozhivakki, vendaathava aadumbol idheham chumma irikumnnu thonnundo ?!:-)

ranjini nair

Unknown പറഞ്ഞു...

Shri. Hareesh,
Nannayirikkunnu.Kadhakaliyude satha manassilakkiyum, mattullavare manassilakkichum ulla thangalude ee yathrakke ella vidha bhavukangalum nerunnu.
KALIYARANGU BLOG KADHAKALIYE SAMANYA PREKSHAKARKKU KOODI HRUDYAMAYA ORU KALA ROOPAM AAKKI MATTATTE !!

AMBUJAKSHAN NAIR പറഞ്ഞു...

ക്രീഡാപര്‍വ്വതത്തിന്റെ വൈചിത്ര്യം ദമയന്തി സൂചിപ്പിക്കുമ്പോള്‍, ദമയന്തിയുടെ സ്‍തനങ്ങളാണ്‌ അതിലുമേറെ വിശിഷ്ടമെന്ന് നളനു തോന്നുന്നു. ഹംസങ്ങള്‍ നീന്തിത്തുടിക്കുന്ന ക്രീഡാതടാകമാവട്ടെ ദമയന്തിയുടെ പൊക്കിള്‍ ചുഴിക്ക് (അതോ യോനീമുഖത്തിനോ!) സമാനമെന്നാണ്‌ നളന്റെ മതം. നളന്റെ ഉദ്യാനം പോലെ നിര്‍വൃതികരമായി മറ്റൊന്നില്ല എന്നു പറയുന്ന ദമയന്തിയോട്, നമ്മളൊരുമിച്ചുള്ള സം‍യോഗം പോലെ നിര്‍വൃതി നല്‍കുന്ന മറ്റൊന്നില്ലെന്നു നളനും ഉറച്ചു പറയുന്നു.

ദമയന്തിയുടെ നാണം മാറ്റിയെടുക്കുവാന്‍ ഉള്ള ആട്ടങ്ങള്‍ ആണല്ലോ ?
വിമര്‍ശനം വളരെ നന്നായിട്ടുണ്ട്.

ബാലി പച്ചില എടുത്തു പുരട്ടുകയോ ? കളി എവിടെക്കാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്?

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

കളിയുടെ സംഘാടനത്തില്‍ ഒരു ഭാഗമായി എന്നതുകൊണ്ട് ആസ്വാദനത്തില്‍ വെള്ളം ചേര്‍ക്കുവാന്‍ കഴിയില്ല. പിന്നെ, ഒന്നേകാല്‍ - ഒന്നര മണിക്കൂര്‍ കളിയില്‍ ഏതെങ്കിലും ഒരു ആട്ടം ഒഴിവാക്കിയതിനെക്കുറിച്ച് പരാതിപ്പെടുന്നതില്‍ കഥയില്ലല്ലോ! 'ബ്രഹ്മസൃഷ്ടി' ആടിയാല്‍ 5 മുതല്‍ 10 മിനിറ്റ് വരെ എടുത്തെന്നിരിക്കാം. അതിലുമേറെ ഇവിടുത്തെ ആസ്വാദകര്‍ക്ക് മനസിലാവുക ഉദ്യാനകാഴ്ചകളാണ്‌ എന്നതുമൊരു കാരണമാവാം. മുഴുനീള കഥകളിയില്‍ തന്നെ 'ബ്രഹ്മസൃഷ്ടി' ആടാതിരുന്നിട്ടുണ്ട് എന്നുമോര്‍ക്കാം.

സമയബന്ധിതമായി അവതരിപ്പിക്കുന്ന കളികളില്‍ ആട്ടങ്ങള്‍ ഒഴിവാക്കുന്നത് അത്രത്തോളം പ്രശ്നമാക്കാറില്ല എന്നതിന്‌ ഈ ആസ്വാദനവും ഒരു ഉദാഹരണമാണ്‌. അങ്ങിനെയുള്ള അവസരങ്ങളില്‍ ആ സമയത്തിനുള്ളില്‍ ചെയ്യുവാന്‍ കഴിയുന്നത് മാത്രമെടുത്ത് ഭംഗിയായി അവതരിപ്പിക്കുകയാണ്‌ ഉത്തമമെന്നും ഞാന്‍ കരുതുന്നു. അതല്ലാതെ എല്ലാം കൂടി എടുത്ത് ഓടിച്ചു തീര്‍ക്കുന്നത് അഭംഗിയാവും. ചുരുക്കത്തില്‍ കളി നടത്തിപ്പില്‍ പങ്കുണ്ടായി എന്നത് ആസ്വാദനം സോഫ്റ്റാക്കില്ല. അതിനു കളി നന്നാവുക തന്നെ വേണം. ഇവിടെ അതു നന്നായി. :)

'സാമ്യമകന്നോരു...' ഭാഗത്തെ ആട്ടങ്ങള്‍ നാണം മാറ്റിയെടുക്കുവാനാണോ? അതിനു മുന്‍പുതന്നെ നാണം മാറി ഇരുവരും ഒരുമിക്കുന്നുണ്ട്. അതിനു ശേഷമുള്ള സംഭാഷണമാണല്ലോ ഇത്.

സജീഷ് പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണ്‌. ഗോപിയാശാന്റെ ചുട്ടിക്ക് എന്തോ ഒരു പ്രശ്നം എനിക്കും തോന്നി. (എനിക്കു തോന്നിയത് ഉള്ളിലെ ഇതള്‍ അല്‍പം വിട്ടുപോന്നു എന്നാണ്‌.) എന്നാല്‍ തന്നെയും ചുട്ടി മോശമായി എന്നഭിപ്രായമില്ല, പക്ഷെ ഇതിലുമേറെ മികച്ച രീതിയില്‍ ചെയ്യുവാന്‍ കൈവിരുതുണ്ട് കലാനിലയം സജിക്ക് എന്നതും നേര്‌. :) ബാലിയുടെ ചുട്ടിയിലെ മുള്ളുകള്‍ക്ക് വീതി കൂടുതലാണ്‌, അത് സമയക്കുറവു കാരണമാവാം. മാത്രമല്ല, സാധാരണ കാണാറുള്ളതു പോലെ നെറ്റിയില്‍ അധികമായി ഒന്നും ചെയ്തുവെച്ചിട്ടുമില്ല.
--

Sajeesh പറഞ്ഞു...

തുടര്‍ന്നുള്ള ദമയന്തിയുടെ "സാമ്യമകന്നോരു ഉദ്യാന..."മെന്ന പദത്തില്‍ മുഴുവനും ഈയൊരു ഇണചേരലിന്റെ സംതൃപ്തി വിതറിയായിരുന്നു കലാമണ്ഡലം ഗോപി നളനെ അവതരിപ്പിച്ചത്. ക്രീഡാപര്‍വ്വതത്തിന്റെ വൈചിത്ര്യം ദമയന്തി സൂചിപ്പിക്കുമ്പോള്‍, ദമയന്തിയുടെ സ്‍തനങ്ങളാണ്‌ അതിലുമേറെ വിശിഷ്ടമെന്ന് നളനു തോന്നുന്നു. ഹംസങ്ങള്‍ നീന്തിത്തുടിക്കുന്ന ക്രീഡാതടാകമാവട്ടെ ദമയന്തിയുടെ പൊക്കിള്‍ ചുഴിക്ക് (അതോ യോനീമുഖത്തിനോ!) സമാനമെന്നാണ്‌ നളന്റെ മതം.

ഈ പറഞ്ഞ കാര്യങ്ങളില്‍ ഒരു ചെറിയ സംശയം... ഇണ ചേരലിന്റെ സംതൃപ്തി അറിയിക്കാന്‍ ഇത്രക്കും ഓപ്പണ്‍ ആയിട്ട് കാണിക്കണമായിരുന്നോ ? അതോ ഇതു കൂടുതല്‍ പൈങ്കിളി ആക്കിയാല്‍ മാത്രമേ ബാംഗ്ലൂര്‍ സദസ്സിനു മനസ്സിലാവു എന്നുണ്ടോ ? എനിക്ക് ഇത്രക്ക് പച്ച ആയി പറയുന്നതില്‍ അഭിപ്രായം ഇല്ല, മാത്രവും അല്ല കഥകളി ജനകീയമാക്കാന്‍ ശ്രിങ്കാരത്തില്‍ ഇത്രക്ക് അശ്ലീലം കലര്‍ത്തണമോ എന്നും സംശയം ആണ്.

Unknown പറഞ്ഞു...

Haree..:-)
Your reply was not much different from what was expected. Bearing that in mind, let me conclude my comments on this aswadanam as follows :

i just meant that the artist should have managed time to include Brahmasrishti than performing the following, if he really did..(since you are the only witness :-)!!)

ഹംസങ്ങള്‍ നീന്തിത്തുടിക്കുന്ന ക്രീഡാതടാകമാവട്ടെ ദമയന്തിയുടെ പൊക്കിള്‍ ചുഴിക്ക് (അതോ യോനീമുഖത്തിനോ!) സമാനമെന്നാണ്‌ നളന്റെ മതം.
If an artist performs such an aattom, however great he is, SHOULD NOT be appreciated by aswadakars at any cost. I dont think even Unnayiwarrier himsef can accept this. And until now you havent commented on the same, surprisingly (!) whether such trends in kathakali ('painkilitham') should be encouraged or curtailed.
അതിലുമേറെ ഇവിടുത്തെ ആസ്വാദകര്‍ക്ക് മനസിലാവുക ഉദ്യാനകാഴ്ചകളാണ്‌ എന്നതുമൊരു കാരണമാവാം
Bangalorekaar sharikkum rasichittumundaavum, alle haree ?:-)

C.Ambujakshan Nair പറഞ്ഞു...

തുടര്‍ന്നുള്ള ദമയന്തിയുടെ "സാമ്യമകന്നോരു ഉദ്യാന..."മെന്ന പദത്തില്‍ മുഴുവനും ഈയൊരു ഇണചേരലിന്റെ സംതൃപ്തി വിതറിയായിരുന്നു കലാമണ്ഡലം ഗോപി നളനെ അവതരിപ്പിച്ചത്. ക്രീഡാപര്‍വ്വതത്തിന്റെ വൈചിത്ര്യം ദമയന്തി സൂചിപ്പിക്കുമ്പോള്‍, ദമയന്തിയുടെ സ്‍തനങ്ങളാണ്‌ അതിലുമേറെ വിശിഷ്ടമെന്ന് നളനു തോന്നുന്നു. ഹംസങ്ങള്‍ നീന്തിത്തുടിക്കുന്ന ക്രീഡാതടാകമാവട്ടെ ദമയന്തിയുടെ പൊക്കിള്‍ ചുഴിക്ക് (അതോ യോനീമുഖത്തിനോ!) സമാനമെന്നാണ്‌ നളന്റെ മതം.

ചെന്നൈ കലാക്ഷേത്രായില്‍ നളചരിതം അവതരിപ്പിച്ചപ്പോള്‍ അവിടെ ക്രീഡാപര്‍വ്വതത്തിന്റെ വൈചിത്ര്യം ദമയന്തി സൂചിപ്പിക്കുമ്പോള്‍ " എന്നെ ആകര്‍ഷിക്കുന്നത് നിന്റെ ശരീരമാണ് " എന്നാണ് നളന്‍ അവിടെ സൂചിപ്പിച്ചത്. അവിടെ കഥകളി, നൃത്തം ഇവ അഭ്യസിക്കുന്ന ബാലികമാര്‍ സദസ്സിനു മുന്‍പില്‍ സ്ഥാനം പിടിച്ചിരുന്നത് കൊണ്ടു "സദസ്സ് അറിഞ്ഞു പ്രവര്‍ത്തിക്കുക" എന്ന ധര്‍മ്മം പാലിച്ചിരുന്നു.

Haree പറഞ്ഞു...

ബ്രഹ്മസൃഷ്ടിയും ഉദ്യാനക്കാഴ്ചകളും അവതരിപ്പിക്കുന്നത് പദം കഴിഞ്ഞുള്ള ആട്ടത്തിലും, ഈ പറഞ്ഞ ചെറിയ ആട്ടങ്ങള്‍ (സ്തനഭംഗി, പൊക്കിള്‍ചുഴി തുടങ്ങിയവ...) ദമയന്തിയുടെ "സാമ്യമകന്നോരു..." പദാവതരണത്തോടൊപ്പവും. ഇവിടെ ദമയന്തിയുടെ പദഭാഗത്തോടൊപ്പം ചെയ്യുന്നവ ഒഴിവാക്കി സമയമൊന്നും ലാഭിക്കുവാന്‍ കഴിയില്ല എന്നു മനസിലാക്കുമല്ലോ! അതല്ലായെങ്കില്‍ ഉദ്യാനക്കാഴ്ചകള്‍ ഒഴിവാക്കേണ്ടിവരും. തുടക്കക്കാരായ ആസ്വാദകര്‍ക്ക് ഉദ്യാനക്കാഴ്ചകളാവുമല്ലോ കൂടുതല്‍ യോജിക്കുന്നത്.

ശൃം‍ഗാരം അവതരിപ്പിക്കുമ്പോള്‍; ബാലികമാരുള്ളപ്പോള്‍ ഒരു വിധത്തില്‍, അവരില്ലെങ്കില്‍ മറ്റൊരു തരത്തില്‍; ഈയൊരു രീതിയും നന്നെന്നു തോന്നുന്നില്ല. കഥാപാത്രത്തിനു യോജിച്ചരീതിയില്‍ ആവശ്യമുള്ളതൊക്കെ ആടുക തന്നെ വേണം. അതുപോലെ സദസ്യര്‍ക്ക് മനസിലാകുവാനായി ആട്ടങ്ങള്‍ പ്രകടനമാക്കുന്നതിനോടും ലോകധര്‍മ്മിയായ മുദ്രകള്‍ ഉപയോഗിക്കുന്നതിനോടും യോജിപ്പില്ല. (സമയത്തിനുള്ളില്‍ നില്‍ക്കുവാന്‍ ചിലത് ഒഴിവാക്കുമ്പോള്‍ സദസ്യര്‍ക്ക് കൂടുതല്‍ യോജിച്ചത് തിരഞ്ഞെടുക്കാം. ഇവിടെ അതല്ല പറഞ്ഞിരിക്കുന്നത് എന്ന് മനസിലാവുമല്ലോ?) അങ്ങിനെയുള്ള ലോകധര്‍മ്മിയായ പ്രയോഗങ്ങളൊന്നും ഉദ്യാനക്കാഴ്ചകള്‍ അവതരിപ്പിച്ചപ്പോള്‍ പോലും ഗോപിയാശാന്റെ നളനില്‍ കണ്ടില്ല. അതുകൊണ്ട് ബാംഗ്ലൂര്‍ സദസ്സല്ലേ, അല്‍പം ശൃം‍ഗാരം കൂട്ടി രസിപ്പിച്ചേക്കാം എന്നാശാന്‍ ചിന്തിച്ചു എന്നു കരുതുന്നില്ല. പിന്നെ, ഈയൊരു അവതരണം മഹാപാതകമായി, അത് 'പൈങ്കിളിത്ത'മാണ്‌ എന്നൊന്നും എനിക്ക് തോന്നുന്നില്ല താനും. ചിലര്‍ക്കുള്ള വിയോജിപ്പ് മനസിലാക്കുന്നു, അതിവിടെ രേഖപ്പെടുത്തിയതിന്‌ നന്ദി. :)

മറ്റൊരു 'നളചരിതം രണ്ടാം ദിവസം' ഇനിയും കാണേണ്ടിയിരിക്കുന്നു, നളന്‍ ഈ കാര്യങ്ങള്‍ എത്രത്തോളം തുറന്നു പറയാം എന്നതില്‍ എനിക്കൊരു അഭിപ്രായം പറയുവാന്‍. ഇതുവരെ ഈയൊരു രീതിയില്‍ 'സാമ്യമകന്നോരു ഉദ്യാന'ത്തിലെ നളനെ മനസിലാക്കിയിരുന്നില്ല. ഇത്രയും പ്രകടമായി ഗോപിയാശാന്‍ ഇതിനു മുന്‍പ് ചെയ്യാത്തതാണോ അതോ ഞാനങ്ങിനെ മനസിലാക്കാത്തതാണോ എന്നാണെനിക്കിപ്പോള്‍ സംശയം!
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഗോപിയാശാന്റെ നളന്‍ ഈ വിധത്തില്‍ പ്രതികരിക്കുന്നത് മുന്‍പും കണ്ടിട്ടുണ്ട്. സംഭോഗശൃഗാരരസം നിറഞ്ഞതും നാ‍യികാനായകന്മാരുടെ സ്വാകാര്യവേളയായതുകൊണ്ടും ഇങ്ങിനെ ചെയ്യുന്നതില്‍ അനൌചിത്യം പറയാനാകില്ല. എന്നാല്‍ കഥകളിയെസംബന്ധിച്ച് ഏത് ആട്ടമായാലും ഇത്ര തുറന്ന് കാട്ടുന്നതിനേക്കാള്‍ ആസ്വാദകരില്‍ സുഖദായകമാകുന്നത് ഒന്നുധ്വനിപ്പിച്ച് കടന്നുപോകുമ്പോഴാണ്. ഉദാഹരണമായി മുലയൂട്ടുന്ന മാന്‍ പേടയെക്കണ്ട് സ്വയം മറന്നു നില്‍ക്കുന്ന ദമയന്തിയോടുള്ള നളന്റെ പ്രതികരണം തന്നെ നോക്കു. ‘ഇംഗിതം മനസിലായി’ എന്ന് മാത്രം പറഞ്ഞുപോകുമ്പോഴുള്ള രസം ‘നിനക്കും ഇതുപോലെ കുട്ടികളെ പെറ്റ്, മുലയൂട്ടി വളര്‍ത്തുവാന്‍ ആഗ്രഹം ഉണ്ട് എന്ന് മനസ്സിലായി’ എന്ന് വിസ്തരിച്ചാല്‍ ലഭിക്കില്ലല്ലോ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ, കളിനടത്തിപ്പും വിവരണവും നന്നായി. ആശംസകള്‍!

അപ്പോള്‍ ബാലി സുഗ്രീവന്മാരുടെ കാലത്തും കുറ്റിയും കോലും കളിയൊക്കെ ഉണ്ടായിരുന്നു അല്ലെ? :-)‌

ബാലിസുഗ്രീവയുദ്ധത്തെ പറ്റി കൂടുതലായി ഒന്നും എഴുതികണ്ടില്ലല്ലോ ഹരീ? കുറ്റിയും കോലും പോലെയുള്ള ആട്ടങ്ങളും ഇരുന്നുകൂക്കലും വിസ്തരിക്കുന്നതായും(ജനരഞ്ജകമാക്കാനുള്ള ശ്രമം!) ചിട്ടപ്പടിയുള്ള അടവുകള്‍(കിടന്നുചവുട്ടല്‍ മുതലായവ) ഒഴിവാക്കുന്നതായുമാണ് ഇന്ന് അരങ്ങുകളില്‍ കാണുന്നത്. അവിടെയും അങ്ങിനെ തന്നെ ആയിരുന്നുവോ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സാക്ഷാല്‍ ജഗന്നാഥനായ വിക്ഷ്ണുദേവന്റെ ദര്‍ശ്ശനം ലഭിക്കുകയും തനിക്ക് മോക്ഷമാണ് ലഭിക്കുന്നതെന്ന് അറിയുകയും ചെയ്തശേഷമുള്ള ബാലിയുടെ കേവലമായ പ്രവര്‍ത്തികള്‍(മുറിവില്‍ പച്ചിലച്ചാറുതേയ്ക്കല്‍, താരയേയും അംഗദനേയും കെട്ടിപ്പിടിച്ച് കരയല്‍, ഇവരെ പരിപാലിക്കേണമേ എന്ന്‍ അപേക്ഷിക്കല്‍, ജലം വേണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കല്‍ തുടങ്ങി) ഇപ്പോള്‍ പല അരങ്ങുകളിലും കാണാറുണ്ട്. ഇത് സന്ദര്‍ഭോചിതങ്ങളായി തോന്നുന്നില്ല.
അസ്ത്രമേറ്റ് വീണശേഷമുള്ള അഭിനയപ്രധാനമായ ഭാഗത്തെ ബാലിയുടെ അവതരണം നെല്ലിയോട് തിരുമേനിയുടേതുതന്നെ ഉചിതവും അനുകരണീയവും.

Haree പറഞ്ഞു...

UPDATE: പര്‍വ്വതം ചുറ്റല്‍, ഇരുന്നു കൂക്കല്‍, കിടന്നു ചവുട്ടല്‍ തുടങ്ങി ബാലിസുഗ്രീവന്മാരുടെ യുദ്ധസമയത്തുള്ള അടവുകളും ആട്ടങ്ങളുമെല്ലാം അമിതമാവാതെ ആവശ്യത്തിനു മാത്രം സമയമെടുത്ത് അവതരിപ്പിക്കുവാനും കലാമണ്ഡലം ഉണ്ണിത്താനും ഒപ്പം കലാമണ്ഡലം ഹരി ആര്‍. നായരും മനസുവെച്ചു.

ബാലിസുഗ്രീവന്മാരുടെ യുദ്ധസമയത്തെക്കുറിച്ച് എഴുതുവാന്‍ വിട്ടുപോയതാണ്‌. സൂചിപ്പിച്ചതിനു നന്ദി. :)
--

Sajeesh പറഞ്ഞു...

അസ്ത്രമേറ്റ് വീണശേഷമുള്ള അഭിനയപ്രധാനമായ ഭാഗത്തെ ബാലിയുടെ അവതരണം നെല്ലിയോട് തിരുമേനിയുടേതുതന്നെ ഉചിതവും അനുകരണീയവും.

@മണി, ഞാന്‍ ഇതിനോട് നൂറു ശതമാനം യോജിക്കുന്നു. തിരുമേനിയുടെ ബാലിയുടെ വേര്‍പാട് അത് ഇപ്പോ ഉള്ള കലാകാരന്മാര്‍ കണ്ടു പഠിക്കേണ്ടത് തന്നെ ആണ്.

Srikumar K പറഞ്ഞു...

Kuttiyum Kolum throughout India undu. Pandavarum Kauravarum kalichthum athanu.
Reference:
Mahabharatha Paryatanam by Thuravoor Vishwambharan

Haree പറഞ്ഞു...

UPDATE: മുറിവില്‍ പച്ചില കയറ്റുന്നതായി ആടിയത് രക്തം നിര്‍ത്തുക എന്ന ഉദ്ദേശത്തിലല്ല എന്ന് ബാലിയായി വേഷമിട്ട കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മോക്ഷപ്രാപ്തിക്കായി / ആത്മാവിന്‌ ശാന്തി ലഭിക്കുവാനായി നവദ്വാരങ്ങളിലൂടെയാവണം പ്രാണന്‍ വെടിയേണ്ടതെന്നും അതിനാല്‍ ശരമേറ്റുണ്ടായ മുറിവ് പച്ചിലതിരുകി അടയ്‍ക്കുന്നതായുള്ള ആട്ടം സാധുവാണ്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇങ്ങിനെയൊരു കാര്യത്തെക്കുറിച്ച് എനിക്ക് അറിവില്ല, മറ്റെവിടെയും ഒരു ബാലിയും ആടിയതായി ശ്രദ്ധിച്ചിട്ടുമില്ല. (ശ്രീരാമനാല്‍ വധിക്കപ്പെടുന്നെങ്കിലും ബാലിക്ക് മോക്ഷം കിട്ടുന്നില്ല, അതിനാലാണല്ലോ 'ബാലിമോക്ഷം' എന്നല്ലാതെ, 'ബാലിവധം' എന്ന് ആട്ടക്കഥയ്ക്ക് പേരിട്ടിരിക്കുന്നത്. ബാലിക്ക് തന്നോട് രാമന്‍ ചെയ്തത് അന്യായമായി എന്നൊരു ചിന്ത അവശേഷിച്ചിരുന്നു എന്നും അതിനാല്‍ ശ്രീകൃഷ്ണനായി അടുത്ത ജന്മത്തില്‍ അവതരിച്ചപ്പോള്‍ ബാലിയുടെ അംശം വേടനായി ജനിക്കുകയും, പാദത്തില്‍ അമ്പെയ്ത് ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന്‌ നിമിത്തമാവുകയും ചെയ്തു. ഇങ്ങിനെയും ഒരു കഥ ഓര്‍മ്മയിലുണ്ട്.)
--

perumbrassyar പറഞ്ഞു...

Thank You Hari & others. blog kaanan kurachu vaiki.Njanum Kandu bangalorile kali. Kathakali padhathilum aataththilum thurannulla srigarankal pathivullathalle. athil nammude aaswadhanam ethu vidathil ano ennathathinnanu pradhaanyam. athukondu painkili ennum mattum parayunnathinodu yojikkan prayasam. pinne aashan thanne paranjittuthanallo Udhyana varnana samayathu nalan udhyanam kanunnathu dhamayanthiyilude anennu. athu kondu ithu citykku vendi adiyathano enna samsayavum shariyayilya. Sadhassinu Kuttiyum kolum nannayi rasichu ennu thanne thonni.athu njanum munpu kanditilya.
Rethi

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--