2011, ജൂലൈ 29, വെള്ളിയാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം നാലാം ദിവസം

Nalacharitham Nalam Divasam Kathakali: Ettumanoor Kannan as Bahukan / Nalan, Kalamandalam Vijayakumar as Damayanthi. An appreciation by Haree for Kaliyarangu blog.
20 ജൂലൈ 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 20-ന്‌ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ഉണ്ണായിവാര്യരുടെ 'നളചരിതം നാലാം ദിവസം' കഥകളി അരങ്ങേറി. ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ബാഹുകനേ (നളനേ)യും ദമയന്തിയേയും കേശിയേയും അവതരിപ്പിച്ചു. കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും കലാനിലയം രാജീവനും പിന്നണിയില്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി രത്നാകരന്‍ തുടങ്ങിയവര്‍ മേളമൊരുക്കി. മാര്‍ഗിയുടെ ചമയങ്ങളും ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയുമായിരുന്നു അണിയറയില്‍. സുദേവനെ അയച്ച് ബാഹുകനെ കുണ്ഡിനത്തില്‍ എത്തിക്കുവാനുള്ള തന്റെ ശ്രമം വിജയം കാണുമോ എന്നാശങ്കപ്പെടുന്ന ദമയന്തിയും തോഴിയായ കേശിനിയും തമ്മിലുള്ള സംഭാഷണപദമാണ്‌ ആദ്യരംഗം.

"തീര്‍ന്നു സന്ദേഹമെല്ലാം...", അതിനു ശേഷമുള്ള "സ്വല്‍പ പുണ്യയായേന്‍..." തുടങ്ങിയ ദമയന്തിയുടെ പദങ്ങള്‍ കലാമണ്ഡലം വിജയകുമാര്‍ പാത്രബോധത്തോടെ അരങ്ങില്‍ അവതരിപ്പിച്ചു. കലാശങ്ങളിലുള്‍പ്പടെ ദമയന്തിയുടെ സ്ഥായി പുലര്‍ത്തുവാനും, ഇടയില്‍ ആവശ്യമുള്ള സഞ്ചാരീഭാവങ്ങള്‍ അമിതമാവാതെ പ്രകടമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. ദമയന്തി കരയുമ്പോള്‍ അതിനൊപ്പം അല്ലെങ്കില്‍ ചിലപ്പോള്‍ അതിലുമധികം കരയുന്ന കേശിനിമാരില്‍ നിന്നും വേറിട്ട്, ദമയന്തിയുടെ ദുഃഖങ്ങളെ സമചിത്തതയോടെ കേട്ട് സമാശ്വസിപ്പിക്കുന്ന തോഴിയെ കലാമണ്ഡലം ശുചീന്ദ്രനും മനോഹരമാക്കി. "സ്വല്‍പ പുണ്യയായേന്‍..." എന്ന പദാരംഭത്തില്‍, 'പുണ്യം' എന്ന മുദ്രയെടുത്ത് വിശദമായി കാണിക്കുവാനുള്ള വിജയകുമാറിന്റെ ശ്രമങ്ങള്‍ മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്റെയും പാട്ടില്‍ കലാമണ്ഡലം ഹരീഷിന്റെയും പിന്തുണ കിട്ടാഞ്ഞതിനാല്‍ പാളിപ്പോയി. 'പുണ്യ'മെന്ന മുദ്രയ്ക്ക് ചേരുന്നൊരു മേളമിടുവാന്‍ വാദ്യാക്കാരന്‍ രണ്ടു വട്ടവും മറന്നു, ഗായകനാവട്ടെ അതിനു വേണ്ടി കാത്തു നില്‍ക്കാതെ അടുത്ത വരിയിലേക്ക് കടക്കുകയും ചെയ്തു! ഒരുപക്ഷെ, അണിയറയില്‍ ഇതിനെക്കുറിച്ചൊരു സൂചന പിന്നണിക്കാര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഈയൊരു പ്രശ്നം ഒഴിവാക്കാമായിരുന്നു. വേഷം മാറി ഇവിടെയെത്തിരിക്കുന്ന അദ്ദേഹത്തിന്റെ മനസറിഞ്ഞു വരുവാനായി ഒടുവില്‍ ദമയന്തി കേശിനിയെ അറിയിക്കുന്നു. ഒപ്പം, ദേവന്മാര്‍ നളന്‌ നല്‍കിയിരിക്കുന്ന വരങ്ങളെക്കുറിച്ച് കേശിനിയെ ഓര്‍മ്മപ്പെടുത്തി, നളന്റെ ചെയ്തികള്‍ ഒളിച്ചിരുന്ന് കണ്ട് അതുകൂടി പെട്ടെന്ന് വന്ന് അറിയിക്കുവാനും ദമയന്തി പറയുന്നുണ്ട്. ബാഹുകനെ കാണുവാനായി പോവുമ്പോള്‍ കുഞ്ഞുങ്ങളെയും കൂടി കൂട്ടട്ടെയോ എന്ന് കേശിനി ചോദിക്കുന്നെങ്കിലും, 'അത് അദ്ദേഹത്തിന്റെ മനം പിളര്‍ക്കും...' എന്നു പറഞ്ഞ് ദമയന്തി വിലക്കുന്നു.

ദമയന്തിയുടെ നിര്‍ദ്ദേശാനുസരണം കേശിനി ബാഹുകന്റെ സമീപമെത്തുന്നു. ഏറ്റുമാനൂര്‍ കണ്ണനാണ്‌ ഇവിടെ ബാഹുകവേഷത്തില്‍ എത്തിയത്. ആരാണ്‌, ആരുടെ തേരാണിത് തുടങ്ങിയ ചോദ്യങ്ങളോടെ കേശിനി സംഭാഷണം ആരംഭിക്കുന്നു. അല്‍പം നീരസത്തോടെയെങ്കിലും ബാഹുകന്‍ കേശിനിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. ഒന്നു കാണുവാന്‍ തന്നെ പ്രയാസമായ ഋതുപര്‍ണന്‍ ഇവിടെ എത്തുവാനുണ്ടായ കാരണം തിരക്കുന്ന കേശിനിയോട്, ദമയന്തിയുടെ രണ്ടാം സ്വയംവര വൃത്താന്തം അറിഞ്ഞാണ്‌ ഞങ്ങളെത്തിയിട്ടുള്ളതെന്ന് ബാഹുകന്‍ മറുപടി കൊടുക്കുന്നു. "ധരണിപന്മാര്‍ അനേകം..." എന്ന ഭാഗത്ത് ആനപ്പുറത്തും കുതിരപ്പുറത്തും തേരേറിയുമൊക്കെയുള്ള രാജാക്കന്മാരുടെ വരവ് ഇവിടെ ഏറ്റുമാനൂര്‍ കണ്ണന്‍ അല്‍പമൊന്ന് വിസ്‍തരിച്ച് ആടുകയുണ്ടായി. "ഉചിതമപരവരണോദ്യമം..." എന്ന ഭാഗത്ത് കലാമണ്ഡലം ഗോപിയും മറ്റും ചെയ്യുന്നത് അതിലെ 'ഉചിതം' എന്ന വാക്ക് വിസ്‍തരിക്കുകയാണല്ലോ? എന്നാലിവിടെ, ഏറ്റുമാനൂര്‍ കണ്ണന്‍ 'അപരവരണോദ്യമം' എന്നതാണ്‌ വിസ്‍തരിച്ചത്. ഒരല്‍പം നീണ്ടുപോയി 'അപരവരണോദ്യമ'ങ്ങള്‍ എന്നതൊഴിച്ചാല്‍ ഈ രീതിയിലുള്ള അവതരണവും യുക്തമാണെന്നു തോന്നിച്ചു. ദമയന്തിയുടെയും നളന്റെയും പരാമര്‍ശങ്ങള്‍ വരുന്നയിടങ്ങളില്‍ ബാഹുകന്റെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിക്കുന്ന കേശിനിയെയാണ്‌ കലാമണ്ഡലം ശുചീന്ദ്രന്‍ ഇവിടെ അവതരിപ്പിച്ചത്. ചിലയിടങ്ങളില്‍ മുദ്രകള്‍ പദത്തിനൊപ്പിക്കുവാനായി ഇഴച്ചു ചെയ്‍തതിന്‌ സ്വാഭാവികമായ ഒഴുക്കു തോന്നിച്ചില്ല എന്നതു മാത്രം ശുചീന്ദ്രന്റെ കേശിനിയില്‍ കണ്ടൊരു കുറവായി.

Nalacharitham Nalam Divasam

Karthika Thirunal Theater, East-fort, Thiruvananthapuram
Written by
  • Unnayi Warrier
Actors
  • Ettumanoor Kannan as Bahukan
  • Kalamandalam Vijayakumar as Damayanthi
  • Kalamandalam Sucheendran as Keshini
Singers
  • Kalamandalam Harish Namboothiri
  • Kalanilayam Rajeevan
Accompaniments
  • Kalamandalam Krishnadas in Chenda
  • Margi Rathnakaran in Maddalam
Chutty
  • RLV Somadas
Kaliyogam
  • Margi, Thiruvananthapuram
Organized by
  • Drisyavedi, Thiruvananthapuram
July 20, 2011
'കാര്യമെല്ലാം അറിഞ്ഞില്ലേ, ഇനി പോയാലും' എന്നു പറഞ്ഞ് കേശിനിയെ അയച്ചതിനു ശേഷം ബാഹുകന്‍ തന്റെ അവസ്ഥയെക്കുറിച്ച് ഓരോന്നു ചിന്തിക്കുന്നു. താന്‍ നളനാണ്‌ എന്ന് ദമയന്തി മനസിലാക്കിക്കഴിഞ്ഞു എന്നൊരു ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ബാഹുകനെയാണ്‌ കണ്ണന്‍ ഇവിടെ അവതരിപ്പിച്ചത്. 'രണ്ടാം വിവാഹത്തെക്കുറിച്ച് കേശിനി അജ്ഞയാണ്‌, ഇവിടെയാവട്ടെ അലങ്കാരങ്ങളൊന്നും കാണുന്നുമില്ല, എന്നാല്‍ ബ്രാഹ്മണര്‍ കളവ്‌ പറയുമോ? ഇല്ല, ദമയന്തി തന്നെ പറഞ്ഞയച്ചതാണ്‌ സുദേവനെ!' ഇങ്ങിനെയുള്ള പല ചിന്തകള്‍ ബാഹുകനെ അസ്വസ്ഥനാക്കുന്നു! മുന്‍പ് ദേവന്മാരുടെ നിര്‍ദ്ദേശാനുസരണം രൂപം മറച്ച് ദമയന്തിയുടെ അന്തഃപുരത്തില്‍ ചെന്ന് അവളുടെ മനസറിഞ്ഞു, അത് എന്നെ ഏറ്റവും സന്തോഷിപ്പിച്ചു. ഇന്നാവട്ടെ, കാര്‍ക്കോടകന്റെ വിഷമേറ്റ് സ്വന്തം രൂപം മറച്ച് താന്‍ ഇവിടെയെത്തിയിരിക്കുന്നു. ദമയന്തിയുടെ മനസിലെന്തെന്ന് തനിക്കറിയില്ല, അതിനാല്‍ തന്നെ വേദനയില്‍ ഞാനുരുകുന്നു! ഏറ്റുമാനൂര്‍ കണ്ണന്‍ അവതരിപ്പിച്ച ബാഹുകന്റെ ചിന്തകള്‍ ഇങ്ങിനെയൊക്കെ പോവുന്നു. തുടര്‍ന്ന് രാജകൊട്ടാരത്തില്‍ വസിക്കുന്ന ഋതുപര്‍ണനെയും അന്തഃപുരത്തിലെ ദമയന്തിയേയും ഇവിടെ തേരില്‍ കഴിയുന്ന തന്നെക്കുറിച്ചു തന്നെയും ബാഹുകന്‍ ഓര്‍ക്കുന്നു. ഈയൊരു ഭാഗം ഭാവത്രയമായാണ്‌ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതെങ്കിലും, അത്രകണ്ട് ഭാവവ്യതിയാനം വരുത്തുവാനിവിടെ സാധ്യത ഇല്ലാത്തതിനാലാവണം, അത്ര ഭംഗിയായെന്ന് തോന്നിയില്ല.

പിന്നീട്, രാജാവിന്റെ നിര്‍ദ്ദേശാനുസരണം ഭക്ഷണം പാകം ചെയ്യുവാനുള്ള ഒരുക്കുകള്‍ ഭൃത്യന്മാര്‍ ബാഹുകന്റെ അടുത്തെത്തിക്കുന്നു. എല്ലാം ഉണ്ടെങ്കിലും തീയോ വെള്ളമോ ഇല്ലാത്തതെന്തെന്ന് ബാഹുകന്‍ ചിന്തിക്കുന്നു. ദമയന്തി തന്റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്നുണ്ട് എന്നുറപ്പിച്ച്, 'നീയിതാ കണ്ടോളൂ, താനിവിടെ പാകം ചെയ്യുന്നത്' എന്നൊന്ന് ദമയന്തിയോടെന്ന് സങ്കല്‍പിച്ച് ആടി, വരുണനേയും അഗ്നിദേവനേയും സ്മരിച്ച് ആവശ്യത്തിന്‌ ജലവും അഗ്നിയും ലഭ്യമാക്കുന്നു. ശേഷം, താന്‍ രാജാവായി വാണകാലവും, ചൂതില്‍ തോറ്റ് നാടുവിടേണ്ടി വന്നതും, ദമയന്തിയുടെ പാതിവസ്‍ത്രവും മുറിച്ചെടുത്ത് ഓടിപ്പോയതും, ഒടുവില്‍ ഋതുപര്‍ണന്റെ സാരഥിയായി ഇവിടെയെത്തിയതുമൊക്കെ ബാഹുകന്‍ ഓര്‍ത്തെടുക്കുന്നു. ആഹാരം തയ്യാറാക്കിയത് രാജാവിന്‌ വിളമ്പി നല്‍കുന്നതിനു മുന്‍പും രാജാവ് ആഹാരം കഴിച്ചതിനു ശേഷവും കിണ്ടിയില്‍ കുടിക്കിലിനായി വെള്ളം കൊടുക്കുക, ആഹാരത്തിനു ശേഷം കുതിരകള്‍ക്ക് ആഹാരം കൊടുത്തോ എന്ന രാജാവിന്റെ ചോദ്യത്തിന്‌ ഉത്തരം നല്‍കുക തുടങ്ങിയ ചെറിയ ചില പുതുമകളും ഏറ്റുമാനൂര്‍ കണ്ണന്റെ ബാഹുകന്‌ നല്‍കുവാനുണ്ടായിരുന്നു. തുടര്‍ന്ന്, തേരിലെത്തി വാടിയ പൂക്കള്‍ കണ്ട് അവയെ തൊട്ട് വിടര്‍ത്തുന്ന വേളയില്‍ പൂക്കളുടേയും മനുഷ്യരുടേയും അവസ്ഥ ഒന്നു തന്നെ എന്ന ബാഹുകന്റെ ചിന്തയുമൊക്കെ ഏറ്റുമാനൂര്‍ കണ്ണന്‍ ആടുകയുണ്ടായി. ഒടുവില്‍ 'ഈ പൂക്കളെ തൊട്ടു വിടര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ ഞാനുണ്ടായി, പക്ഷെ എന്റെ ജീവിതം തിരികെ നല്‍കുവാന്‍ എനിക്കാര്?' എന്നൊരു ചിന്തയോടെയാണ്‌ കണ്ണന്‍ ബാഹുകന്റെ ഈ ഭാഗത്തുള്ള ആട്ടം അവസാനിപ്പിച്ചത്. ബാഹുകന്റെ പാചകവേളയില്‍ ഒളിഞ്ഞു നോക്കുവാനായി കേശിനിയെ കണ്ടില്ലായെങ്കിലും, പൂക്കളെ തൊട്ടു വിരിയിക്കുന്നതു കാണുവാനായി പ്രകടമായി തന്നെ ശുചീന്ദ്രന്റെ കേശിനി എത്തുകയുണ്ടായി.

ബാഹുകനുമായുള്ള സംഭാഷണവും പിന്നീട് താന്‍ ഒളിച്ചിരുന്നു കണ്ട കാര്യങ്ങളും കേശിനി ദമയന്തിയെ അറിയിക്കുന്നു. ബാഹുക വേഷധാരിയായി ഋതുപര്‍ണനോടൊപ്പം എത്തിയിരിക്കുന്നത് തന്റെ ദയിതനായ നളന്‍ തന്നെ എന്ന് പൂര്‍ണബോധ്യം വരുന്ന ദമയന്തി ബാഹുകന്റെ സമീപമെത്തുന്നു. സാധാരണ കണ്ടുവരുന്ന ബാഹുകരില്‍ നിന്നും വ്യത്യസ്തമായൊരു ശൈലിയിലാണ്‌ ഏറ്റുമാനൂര്‍ കണ്ണന്‍ ഇവിടെ ബാഹുകനെ അവതരിപ്പിച്ചത്. ദമയന്തിയെ കണ്ട് അത്യധികം സന്തോഷിക്കുന്ന ബാഹുകനെയാണ്‌ "ആനന്ദതുന്ദിലനായ്..." എന്ന പദഭാഗത്ത് കണ്ടുവരുന്നതെങ്കില്‍, ഇവിടെ തുടക്കം മുതല്‍ തന്നെ കോപാകുലനായ ബാഹുകനെയാണ്‌ കാണുവാനായത്. പിന്നീട് "ഭൂമിദേവര്‍ പലരേയും അയച്ചു..." എന്നു പറഞ്ഞ് പര്‍ണാദനെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, 'നിനക്ക് എന്നെ അന്നേ മനസിലായില്ലേ? പിന്നെന്തിന്‌ രണ്ടാം വിവാഹം എന്നു പറഞ്ഞു ഋതുപര്‍ണനെ വരുത്തി?' എന്നൊരു ചോദ്യവും ബാഹുകനില്‍ നിന്നുമുണ്ടായി. അച്ഛനമ്മമാരുടെ പിന്തുണയും തനിക്കുണ്ടെന്ന് ദമയന്തി പറയുമ്പോള്‍, അവരെക്കുറിച്ചും മോശമായി എന്തെങ്കിലും സൂചിപ്പിക്കുന്ന ബാഹുകനു പകരം, അവരെ സ്‍മരിച്ച് വന്ദിക്കുന്ന ബാഹുകനെയാണ്‌ ഏറ്റുമാനൂര്‍ കണ്ണന്‍ അവതരിപ്പിച്ചത്. നളനു മുന്‍പില്‍ കേഴുമ്പോളും, ആത്മധൈര്യം വെടിയാത്ത നാലാം ദിവസം അവസാന രംഗത്തിലെ ദമയന്തിയെ കലാമണ്ഡലം വിജയകുമാറും വളരെ ഭംഗിയായി അവതരിപ്പിച്ചു. ഒടുവില്‍ ദേവകളുടെ അശരീരി കേള്‍ക്കുന്നതുവരെയും നളന്റെ കോപം വിട്ടുമാറുന്നുമില്ല. അശരീരി കേള്‍ക്കുന്നതോടെ പശ്ചാത്താപ വിവശനായി ബാഹുകന്‍ ദമയന്തിയെ സ്വീകരിക്കുന്നു. ഇനി നാം ഒരിക്കലും പിരിയുകയില്ല എന്നു പരസ്പരം പറഞ്ഞുറപ്പിച്ച്, കുഞ്ഞുങ്ങളെക്കാണുവാന്‍ തിടുക്കപ്പെട്ട് ഇരുവരും മാറുന്നതോടെ 'നളചരിതം നാലാം ദിവസം' അവസാനിക്കുന്നു.

കലാമണ്ഡലം ബാബു നമ്പൂതിരിയേയും കലാമണ്ഡലം ഹരീഷ് നമ്പൂതിരിയേയുമാണ്‌ ഗായകരായി നിശ്ചയിച്ചിരുന്നതെങ്കിലും ബാബു നമ്പൂതിരിക്ക് എത്തുവാന്‍ കഴിയാഞ്ഞതിനാല്‍ കലാമണ്ഡലം ഹരീഷും കലാനിലയം രാജീവനും ചേര്‍ന്നാണ്‌ കളിക്കു പാടിയത്. ചിലയിടങ്ങളില്‍ കയറിപ്പാടുകയും മറ്റിടങ്ങളില്‍ ചില ചില്ലറ തെറ്റുകള്‍ വരുത്തുകയും മറ്റും ചെയ്തുവെങ്കിലും മൊത്തത്തില്‍ കലാമണ്ഡലം ഹരീഷ് തരക്കേടില്ലാതെ പാടുകയുണ്ടായി. പതിവുപോലെ കലാനിലയം രാജീവന്‍ നന്നായി തന്നെ ഒന്നാം ഗായകനെ പിന്തുണയ്‍ക്കുകയും ചെയ്തു. മാര്‍ഗി രത്നാകരന്റെ മേളം ആദ്യഭാഗങ്ങളില്‍ നന്നേ പിന്നിലായെങ്കിലും പിന്നീട് കുഴപ്പമില്ലാതെ പോയി. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ട തന്നെയായിരുന്നു ഇവിടെയും മേളത്തിനു ജീവന്‍ നല്‍കുന്നതില്‍ മേല്‍ക്കൈ നേടിയത്. RLV സോമദാസിന്റെ ചുട്ടിയും ഗോപനും സംഘവും മാര്‍ഗിയുടെ ചമയങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്‍ത ഉടുത്തുകെട്ടും വേഷങ്ങളും എല്ലാം മികച്ചു നിന്നു. ചുരുക്കത്തില്‍; ബാഹുകനായുള്ള ഏറ്റുമാനൂര്‍ കണ്ണന്റെ വ്യത്യസ്തമായ അവതരണം, ദമയന്തിയായി കലാമണ്ഡലം വിജയകുമാറിന്റെ മികവുറ്റ അഭിനയം, ഇവരെ നന്നായി പിന്തുണച്ച ഇതര കലാകാരന്മാര്‍; ഇവയെല്ലാം ചേര്‍ന്ന് വളരെ നല്ലൊരു അരങ്ങനുഭവമാണ്‌ ദൃശ്യവേദി ജൂലൈ മാസം അവതരിപ്പിച്ച 'നളചരിതം നാലാം ദിവസം' കഥകളിയരങ്ങ് കാണികള്‍ക്കു നല്‍കിയത്.

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 20-ന്‌ തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിക്കപ്പെട്ട 'നളചരിതം നാലാം ദിവസം' കഥകളിയുടെ ഒരു ആസ്വാദനം.
--

Subhash Kumarapuram പറഞ്ഞു...

അസ്സലായി ഹരീ . . . .

AMBUJAKSHAN NAIR പറഞ്ഞു...

വിശദമായ വിവരണങ്ങള്‍ക്കു നന്ദി.

Raghu Menon പറഞ്ഞു...

ആസ്വാദനം വളരെ നന്നായിരുന്നു.
[ബാഹുകന്റെ പാചകവേളയില്‍ ഒളിഞ്ഞു നോക്കുവാനായി കേശിനിയെ കണ്ടില്ലായെങ്കിലും, പൂക്കളെ തൊട്ടു വിരിയിക്കുന്നതു കാണുവാനായി പ്രകടമായി തന്നെ ശുചീന്ദ്രന്റെ കേശിനി എത്തുകയുണ്ടായി] ഇത്തരം കാര്യങ്ങക്ക് ഗൌരവം കൊടുകേണ്ടതില്ലയെന്നാണ് എന്റെ അഭിപ്രായം.കേശിനിയുടെ ഒളിഞ്ഞു നോട്ടം തന്നെ ആവശ്യമില്ലാത്തതാണെന്ന് തോന്നാറുണ്ട്. ചില കേശിനിന്മാർ ഒളിഞ്ഞു നോക്കാറെയില്ല.അടുത്ത രംഗത്തിലെ പദത്തിൽനിന്ന് കേശിനി ഒളിഞ്ഞു കണ്ടിരുന്നു എന്ന് മനസ്സിലാക്കവുന്നതേയുള്ളൂ.

Srikumar K പറഞ്ഞു...

I always thought "Anandathundilanay" padam is irony (opposite to actual meaning). Which is correct?

Srikumar K പറഞ്ഞു...

I think it is what we call "Ullil Vachchu Parayal". Something like "I know this marriage is a joke".

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--