2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

കോട്ടക്കകത്തെ ഉര്‍വ്വശീശാപം

UrvaseeSaapam Kathakali - Margi Vijayakumar as Urvasi; Appreciation by Hareesh N. Nampoothiri aka Haree for Kaliyarangu blog.
ജൂലൈ 22, 2009: തിരുവനന്തപുരം കോട്ടക്കകത്ത് മാര്‍ഗി അങ്കണത്തില്‍ ‘നിവാതകവചകാലകേയവധം’(അഥവാ ‘കാലകേയവധം’) ആട്ടക്കഥയിലെ ‘ഉര്‍വ്വശീശാപം’ എന്ന ഭാഗം അരങ്ങേറി. രൂപഗുണവാനും വീരനുമായ അര്‍ജ്ജുനനില്‍ അനുരക്തയാവുന്ന ഉര്‍‌വ്വശി, സഖിയുടെ നിര്‍ദ്ദേശാനുസരണം തന്റെ ഇംഗിതം അര്‍ജ്ജുനനെ അറിയിക്കുന്നതും, ഉര്‍വ്വശിയുടെ ആവശ്യം പല കാരണങ്ങള്‍ പറഞ്ഞ് അര്‍ജ്ജുനന്‍ നിഷേധിക്കുന്നതും, ഇതില്‍ കോപിച്ച് ഉര്‍വ്വശി അര്‍ജ്ജുനനെ നപുംസകമാകുവാന്‍ ശപിക്കുന്നതുമായ ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മാര്‍ഗി വിജയകുമാര്‍ നായികയായ ഉര്‍വ്വശിയെ അവതരിപ്പിച്ച കളിയില്‍ മാര്‍ഗി സുകുമാരന്‍ (സഖി), ആറ്റിങ്ങല്‍ പീതാംബരന്‍ നായര്‍ (അര്‍ജ്ജുനന്‍), മാര്‍ഗി രവികുമാര്‍ (ഇന്ദ്രന്‍) എന്നിവരായിരുന്നു മറ്റു വേഷക്കാര്‍. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി ദാമു, മാര്‍ഗി നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍; ചെണ്ടയില്‍ മാര്‍ഗി വേണുഗോപാലും മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍, മാര്‍ഗി ബേബി എന്നിവരും ഇടയ്ക്കയില്‍ മാര്‍ഗി കൃഷ്ണകുമാറും ഇവിടുത്തെ കളിക്ക് മേളമൊരുക്കി. മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തത്.


ഉര്‍വ്വശിയും സഖിയും ചേര്‍ന്നുള്ള രംഗത്തോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. “പാണ്ഡവന്‍! അവന്റെ രൂപം...” എന്ന ശങ്കരാഭരണം രാഗത്തിലുള്ള ഉര്‍വ്വശിയുടെ പദമാണ് ആദ്യം. തന്റെ അഭിലാഷം സഖിയെ അറിയിക്കുകയാണ് ഉര്‍വ്വശി ഇതില്‍. പവിഴനിറമുള്ള തൊണ്ടിപ്പഴം പോലും ഇവന്റെ അധരശോണിമ കണ്ട് സങ്കടത്തോടെ പാലായനം ചെയ്യും എന്നാണ് ഉര്‍വ്വശി പറയുന്നത്. അതിധീരനും പുരുഷോത്തമനും ഉദാരനുമായ അവനില്‍ നിനക്കുണ്ടായിരിക്കുന്ന താത്പര്യം ഉചിതം തന്നെ എന്നു സഖി പ്രതിവചിക്കുമ്പോള്‍, തനിക്കു ദോഷം വരാതെ അവനെ ലഭിക്കുവാനൊരു ഉപായം പറഞ്ഞു കൊടുക്കുവാന്‍ ഉര്‍വ്വശി ആവശ്യപ്പെടുന്നു. നിനക്കുണ്ടായിട്ടുള്ള പരവശം, ചുണ്ടില്‍ പുഞ്ചിരിയോടെ ഏകനായിരിക്കുന്ന അവനെ അറിയിക്കുക; അവന്‍ നിനക്ക് വശനായി വരും എന്ന് സഖി മറുപടി നല്‍കുന്നു.


ഉര്‍വ്വശിയും സഖിയും പ്രവേശിച്ചതിനു ശേഷം, അര്‍ജ്ജുനനെ നിനച്ച് കാമപരവശയായി തീരുകയാണ് ഉര്‍വ്വശി. കേവലം കാമപൂരണത്തിലുപരി, അര്‍ജ്ജുനനോടു തോന്നിയ പ്രേമത്തിന്റെ പാരമ്യത്തിലുളവാകുന്ന കാമമോഹമാണ് ഉര്‍വ്വശിയില്‍ കാണുന്നത്. പുരുഷശരീരം കണ്ടമാത്രയില്‍, മറ്റൊന്നുമോര്‍ക്കാതെ രമിക്കുവാനാര്‍ത്തി പിടിക്കുന്ന ലളിതകളില്‍ നിന്നും ഉര്‍വ്വശി വ്യത്യസ്തയാവുന്നതും ഇവിടെയാണ്. ഈ വ്യത്യസ്തത പ്രകടമാകുന്ന തരത്തിലായിരുന്നു മാര്‍ഗി വിജയകുമാര്‍ ഉര്‍വ്വശിയെ ഇവിടെ അവതരിപ്പിച്ചത്. ‘സംസ്കൃതിഭവനിലെ കല്യാണസൌഗന്ധിക’ത്തില്‍ ഭീമന്റെ പദവും കലാശവും ഇടകലരുന്ന ഇരട്ടിയെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. സമാനമായ നൃത്തവിശേഷങ്ങള്‍ ഉര്‍വ്വശിയുടെ ആദ്യ പതിഞ്ഞ പദത്തിലും കാണാം. അത്രത്തോളം വിസ്തരിച്ചല്ല അവതരണമെന്നു മാത്രം. “തൊണ്ടിപ്പവിഴമിവ മണ്ടുമധരമതു കണ്ടിടുന്നളവിലിണ്ടല്‍...” എന്ന ഭാഗം വിസ്തരിച്ചു തന്നെ വിജയകുമാര്‍ ആടുകയുണ്ടായി. ഇണ്ടലോടെ മണ്ടുന്ന തൊണ്ടിപ്പഴങ്ങളെ, താളത്തോടു ചേരുന്ന നൃത്തച്ചുവടുകളോടിണക്കിയുള്ള അവതരണം ഏറെ ഹൃദ്യമായിരുന്നു. അവസരോചിതമായ ഇടപെടലുകളിലൂടെ രംഗത്ത് സജീവമാകുവാന്‍ സഖിയായെത്തുന്ന നടന് സാധ്യതകളേറെയാണ്. എന്നാല്‍ മാര്‍ഗി സുകുമാരന്റെ സഖിയാവട്ടെ, പലപ്പോഴും അരങ്ങിലുണ്ടെന്നു തന്നെ തോന്നിയില്ല. സഖിയെ എങ്ങിനെ രംഗത്തു ചെയ്തു ഫലിപ്പിക്കാമെന്ന് അല്പമൊന്ന്‍ ചിന്തിച്ച് അരങ്ങിലെത്തിയിരുന്നെങ്കില്‍ ഈ വേഷം സുകുമാരന് ഇതിലും ഭംഗിയാക്കാമായിരുന്നു.


തന്റെ ആഗ്രഹനിവര്‍ത്തിക്കായി ഉര്‍വ്വശി അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തന്റെ ഉദ്ദേശം ഫലിക്കുമോയെന്ന ശങ്കയോടെയാണ് ഉര്‍വ്വശി പ്രവേശിക്കുന്നത്. കാംബോജിയിലുള്ള “സ്മരസായകദൂന!” എന്ന ഉര്‍വ്വശിയുടെ പതിഞ്ഞ പദമാണിവിടെ. നിനക്ക് അധീനയായ എന്നെ ചുംബിക്കുവാന്‍ ഒട്ടും തന്നെ താമസിക്കരുത് എന്നാണ് ഉര്‍വ്വശിയുടെ അര്‍ജ്ജുനനോടുള്ള അപേക്ഷ. വില്ലിനു സമാനം ഭംഗിയുള്ള നിന്റെ പുരികക്കൊടികള്‍ കൊണ്ട് തന്നെ തല്ലരുതെന്ന് ശൃംഗരിക്കുന്നുമുണ്ട് ഉര്‍വ്വശിയിവിടെ. കാമകേളി ചെയ്യാം എന്ന് നേരിട്ടൊരു അഭ്യര്‍ത്ഥനയല്ല ഉര്‍വ്വശിയില്‍ നിന്നിവിടെ ഉണ്ടാവുന്നതെന്നത് ശ്രദ്ധേയമാണ്. നിന്നില്‍ അനുരക്തയായ എന്നെ കൈവെടിയരുതേ എന്നപേക്ഷിക്കുന്ന ഉര്‍വ്വശിയെയാണ് മാര്‍ഗി വിജയകുമാര്‍ ഇവിടെ അവതരിപ്പിച്ചത്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ യോഗ്യമായവയല്ലെന്നാണ് അര്‍ജ്ജുനന്‍ മറുപടി നല്‍കുന്നത്. അതെന്തുകൊണ്ടെന്ന ഉര്‍വ്വശിയുടെ ചോദ്യത്തിനാവട്ടെ, ‘ഹംസങ്ങള്‍ താമരനാരുകളല്ലാതെ ആഹാരത്തിനു പായല്‍ കൊതിക്കുമോ?’, ‘പിടിയാന മാനിനെ ആഗ്രഹിക്കുമോ?’ എന്നിങ്ങനെയുള്ള മറുചോദ്യങ്ങളാണ് അര്‍ജ്ജുനനുള്ളത്.


തന്റെ ഇംഗിതത്തിന് അനുകൂലമായി വരുവാന്‍ അര്‍ജ്ജുനന്‍ കൂട്ടാക്കുന്നില്ല എന്നതു കണ്ട് ഉര്‍വ്വശി ക്രുദ്ധയാവുന്നു. മറ്റൊരു പ്രധാനകാര്യം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നത് ഒരിക്കല്‍ മാത്രമേ തന്റെ ആവശ്യം ഉര്‍വ്വശി പറയുന്നുള്ളൂ എന്നതാണ്. അര്‍ജ്ജുനന്റെ മറുപടി കേള്‍ക്കുന്ന മാത്രയില്‍ തന്നെ തന്റെ സ്വന്തം നില ഉര്‍വ്വശി വീണ്ടെടുക്കുന്നുണ്ട്. ‘കല്ലിനോട് തുല്യമായ ഹൃദയമുള്ള നീ കാമനെ നിഗ്രഹിച്ച ശിവനോട് മത്സരിക്കുകയാണോ? അതോ ശ്രീകൃഷ്ണന്‍ നിന്റെ സുഹൃത്താണെന്ന ഭാവമാണോ? ഇതൊന്നുമല്ലെങ്കില്‍ തന്നെ ത്യജിക്കുവാന്‍ എന്താണ് മറ്റൊരു കാരണം?’ എന്നിങ്ങനെ പരുഷവാക്കുകള്‍ പറയുന്ന ഉര്‍വ്വശി ഒരു പടി കൂടികടന്ന്; പലദേവന്മാരോട് രമിച്ച കുന്തിയല്ലേ നിന്റെയമ്മ എന്നും ചോദിക്കുന്നുണ്ട്. (ഇവിടെ ദിനകരനുമായി കുന്തി രമിച്ചു എന്ന് ഉര്‍വ്വശി പറയുന്നു. കുന്തി സൂര്യനേയും പ്രാപിച്ചിരുന്നു, പുത്രനാണ് കര്‍ണ്ണന്‍ ഇതൊന്നും ആ സമയം അര്‍ജ്ജുനനറിയില്ലല്ലോ! അപ്പോള്‍ അര്‍ജ്ജുനന്‍ എങ്ങിനെ പ്രതികരിക്കണം എന്നൊരു സംശയമുണ്ട്. ഇവിടെ അസഹ്യത നടിക്കുക മാത്രമേ ചെയ്തു കണ്ടുള്ളൂ.) സുന്ദരിമാരോട് ഈ വിധം ഒരു പുരുഷന്‍ പറയാമോ, എന്നാലതിന്റെ ഫലം കണ്ടുകൊള്‍ക എന്നു പറഞ്ഞ് ഷണ്ഢനായി തീരുവാന്‍ അര്‍ജ്ജുനനെ ശപിക്കുന്നു.

ഉര്‍വ്വശിയെ കണ്ട് ഇരിപ്പിടത്തിലിരുന്നു തന്നെ അര്‍ജ്ജുനന്‍ വണങ്ങുന്നു. ഉര്‍വ്വശിയെ മാതൃതുല്യയായി അല്ലെങ്കില്‍ ദേവനാരിയായി കണ്ട് അര്‍ജ്ജുനന്‍ മാനിക്കുന്നെങ്കില്‍ എന്തുകൊണ്ട് ഇടത്തേക്കു മാറി വലതുസ്ഥാനം ഉര്‍വ്വശിക്കു നല്‍കുന്നില്ല എന്ന് മറ്റൊരു സംശയം ഇവിടെ തോന്നാറുണ്ട്. അങ്ങിനെ അര്‍ജ്ജുനന്‍ മാറുവാന്‍ നോക്കുകയും, ഉര്‍വ്വശി സ്നേഹപൂര്‍വ്വമതു നിരസിച്ച് തന്റെ ഇംഗിതത്തിന്റെ സൂചന നല്‍കുകയും ചെയ്യുക എന്ന രീതിയില്‍ പോലും ഇവിടെ ചിട്ടപ്പെടുത്താത്തതിന് കാരണമെന്താവാം? അര്‍ജ്ജുനനായെത്തിയ ആറ്റിങ്ങല്‍ പീതാംബരന്‍ നായരുടെ പ്രവൃത്തിയില്‍ മികവ് പറയുവാനില്ല. ഉര്‍വ്വശിയോടുള്ള ഭക്തി, ആദരവ്; ഇങ്ങിനെയൊരു അവസ്ഥയില്‍ വന്നു പെട്ടുവല്ലോ എന്ന വിഷമം; ആവശ്യത്തോടുള്ള നിരാസം; ഇവയൊക്കെ മാറി മാറി അര്‍ജ്ജുനനില്‍ പ്രകടമാവേണ്ടതാണ്. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങിനെയുള്ള ഭാവവ്യതിയാനങ്ങളെന്നല്ല, പ്രത്യേകിച്ചൊരു ഭാവവും പീതാംബരന്റെ മുഖത്തു കണ്ടില്ല.


ശാപഗ്രസ്തനായ അര്‍ജ്ജുനന്റെ വിലാപമാണ് തുടര്‍ന്ന്. ‘അനുജരെ താനെങ്ങിനെയാണ് ചെന്നു കാണുക’, ‘ഗാണ്ഡീവവും ഇവിടെ പ്രയോജനം ചെയ്തില്ല’, ‘വൈരികള്‍ തന്നെ ഇതില്‍ പരിഹസിക്കുകയില്ലേ?’, ‘ക്ഷത്രിയനായ തനിക്ക് ഇതിലും വലിയ അപമാനമെന്തുവരുവാന്‍!‍’, ‘തന്റെ കര്‍മ്മഫലം ഇതോ’ എന്നിങ്ങനെയൊക്കെയാണ് അര്‍ജ്ജുനന്‍ വിലപിക്കുന്നത്. പിതാവായ ഇന്ദ്രന്‍ ഈ സമയം അര്‍ജ്ജുനന്റെ സമീപമെത്തി; ‘ധൈര്യവാനായിരിക്കുക’, ‘അനുചിതമായ ഈ ശാപം നിനക്ക് ഉപകാരമായി ഭവിക്കും’, ‘ഉര്‍വ്വശിയുടെ ശാപം ഉപകാരപ്പെടും’, ‘അജ്ഞാതവാസക്കാലത്ത് ഇത് അനുഭവിക്കുക’ എന്നിങ്ങനെയൊക്കെ പറഞ്ഞ് പുത്രനെ ആശ്വസിപ്പിക്കുന്നു. ഇന്ദ്രന്റെ പദത്തിലെ ആദ്യ ചരണങ്ങളുടെയെല്ലാം അര്‍ത്ഥം ഏകദേശം ഒന്നു തന്നെയാണ്. വേണമെങ്കില്‍ ചിലത് ഒഴിവാക്കാവുന്നതാണെന്നു തോന്നുന്നു. അഭിസംബോധനകളാണ് പിന്നെയുള്ള ഒരു ചരണം. ഇന്ദ്രനായെത്തിയ മാര്‍ഗി രവികുമാര്‍, പദങ്ങള്‍ക്ക് മുദ്രകാട്ടുന്നതിലപ്പുറം എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചു കണ്ടില്ല. അവസാന ഭാഗങ്ങളില്‍ അര്‍ജ്ജുനനായുള്ള ആറ്റിങ്ങല്‍ പീതാംബരന്റെ പ്രവര്‍ത്തി ആദ്യഭാഗങ്ങളുമായി താരതമ്യം ചെയ്താല്‍ മെച്ചമായിരുന്നു. “താത! തവ വചനേന, താപവും അകന്നു...” എന്ന അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള മറുപടിയോടെ കഥാഭാഗം അവസാനിക്കുന്നു.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിക്കൊപ്പം ഉര്‍വ്വശിയും സഖിയുമായുള്ള ഭാഗം വരെ മാര്‍ഗി നന്ദകുമാറും തുടര്‍ന്ന് മാര്‍ഗി ദാമുവും പദങ്ങള്‍ ആ‍ലപിച്ചു. മുദ്രകള്‍ നോക്കി പാടുന്നതില്‍ അല്പം ഉപേക്ഷ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിക്ക് ഉണ്ടായിരുന്നു. നന്ദകുമാറിന്റെയും ദാമുവിന്റെയും ആലാപനത്തിലാവട്ടെ ഭാവം നന്നേ കുറവുമായിരുന്നു. ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള രംഗം വരെ മാര്‍ഗി രത്നാകരനായിരുന്നു മദ്ദളത്തില്‍. ഉര്‍വ്വശിയുടെ “നിരുപമനയഗുണശീലേ!” എന്ന സഖിയോടുള്ള പദത്തില്‍ “എന്നാലതിനൊരു ഉപായം...” എന്നയിടത്ത് ‘ഉപായം’ എന്ന വാക്കിനൊക്കെ മദ്ദളം കൊട്ടിയമര്‍ത്തി നീട്ടുകയും മറ്റും ചെയ്ത് മേളത്തിനു ജീവന്‍ നല്‍കുവാന്‍ രത്നാകരന്‍ ശ്രമിച്ചു കണ്ടു. “തൊണ്ടിപ്പവിഴമിവ മണ്ടും...” എന്ന ഭാഗം ഒടുവില്‍ വീണ്ടുമെടുത്ത് കലാശിക്കുന്നയിടത്തു മാത്രം രത്നാകരന് എന്തോ പിശകു പറ്റിയതായി തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നല്ല രീതിയില്‍ തന്നെ അദ്ദേഹം മദ്ദളത്തില്‍ നടനെ പിന്തുണച്ചു. മാര്‍ഗി കൃഷ്ണകുമാറിന്റെ ഇടയ്ക്ക മേളത്തിനൊരു അനിവാര്യതയായി തോന്നിയില്ല. മാര്‍ഗി വേണുഗോപാലിന്റെ ചെണ്ട തരക്കേടില്ലാതെ മേളത്തിനു കൂടിയപ്പോള്‍ അവസാന ഭാഗങ്ങളിലെ മാര്‍ഗി ബേബിയുടെ മദ്ദളത്തിന് ഉണര്‍വു കുറവായിരുന്നു. മാര്‍ഗി രവീന്ദ്രനും മാര്‍ഗി ശ്രീകുമാറും ചേര്‍ന്നൊരുക്കിയ ചുട്ടി ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍, അര്‍ജ്ജുനന്റേതുള്‍പ്പടെയുള്ള പുരുഷവേഷങ്ങളുടെ ഉടുത്തുകെട്ട് പരിതാപകരമായിരുന്നു. മാര്‍ഗി പോലെയൊരു കഥകളി വിദ്യാലയം നടത്തുന്ന കളിയില്‍ പോലും ഉടുത്തുകെട്ടിന് ശ്രദ്ധകൊടുക്കുന്നില്ലെങ്കില്‍, മറ്റു കളികളുടെ കാര്യം പറയേണ്ടതില്ലല്ലോ! ചുരുക്കത്തില്‍; ഉര്‍വ്വശിക്ക് പ്രാധാന്യമുള്ള രംഗങ്ങളായതിനാലും, ഉര്‍വ്വശിയായി മാര്‍ഗി വിജയകുമാര്‍ മികവുപുലര്‍ത്തിയതിനാലും ആസ്വാദ്യകരമായി അനുഭവപ്പെട്ട ഒരു കളിയായിരുന്നു മാര്‍ഗിയില്‍ അവതരിക്കപ്പെട്ട ‘ഉര്‍വ്വശീശാപം’.

Description: UrvaseeSaapam from KalakeyaVadham Kathakali: Organized by Margi, Thiruvananthapuram. Margi Vijayakumar as Urvasi, Margi Sukumaran as Sakhi, Attingal Peethambaran Nair as Arjunan and Margi Ravikumar as Indran. Vocal by Kalamandalam Krishnankutty, Margi Damu and Margi Nandakumar. Chenda by Margi Venugopal. Maddalam by Margi Rathnakaran and Margi Baby. Idayka by Margi Krishnakumar. Chutty by Margi Raveendran and Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--

2009 ജൂലൈ 30, വ്യാഴാഴ്‌ച

തോന്നക്കലെ നളചരിതം മൂന്നാം ദിവസം

Nalacharitham Moonnam Divasam Kathakali Appreciation by Haree for Kaliyarangu. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan etc.

ജൂലൈ 19, 2009: തോന്നക്കല്‍ നാട്യഗ്രാമത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നളചരിതം മൂന്നാം ദിവസം’ കഥകളി അരങ്ങേറി. സദനം കൃഷ്ണന്‍‌കുട്ടി ബാഹുകനേയും; കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ കാര്‍ക്കോടകന്‍, സുദേവന്‍ എന്നീ വേഷങ്ങളും; കലാമണ്ഡലം രാജീവന്‍ നളന്‍, ഋതുപര്‍ണന്‍ എന്നിവരേയും അവതരിപ്പിച്ചു. കലാഭാരതി വാസുദേവന്‍ ദമയന്തിയായും; കലാമണ്ഡലം അരുണ്‍‌ജിത്ത്, കലാമണ്ഡലം അമല്‍‌രാജ് എന്നിവര്‍ ജീവലവാര്‍ഷ്ണേയന്മാരായും അരങ്ങിലെത്തി. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവര്‍ സംഗീതത്തിലും; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവര്‍ മേളത്തിലും കളിക്ക് പിന്നണികൂടി. വെളുത്ത നളന്റെ ആദ്യ രണ്ടു പദങ്ങളൊഴിവാക്കി “അന്തികേ വന്നിടേണം...” എന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് ഇവിടെ കളി ആരംഭിച്ചത്.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനും കലാമണ്ഡലം രാജീവന്റെ വെളുത്ത നളനും ഒത്തുചേര്‍ന്ന ആദ്യ രംഗത്തിന് പറയത്തക്ക ആകര്‍ഷണീയതയൊന്നും പറയുവാനുണ്ടായില്ല. മൂന്നാം ദിവസത്തെ നളന്റെ സ്ഥായീഭാവം രാജീവന്റെ വേഷത്തില്‍ കാണുവാനില്ലായിരുന്നു. പദങ്ങളൊക്കെ മുദ്രകാട്ടി തീര്‍ത്തുവെന്നുമാത്രം. “എന്നുടെ കഥകളെ എങ്ങിനെ...” എന്ന ഭാഗമൊക്കെ എത്തുമ്പോള്‍, നളനിലൂടെ കഴിഞ്ഞതെല്ലാം ഒന്ന് മിന്നിമറയുകയെങ്കിലും വേണ്ടേ? രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനില്‍ വളരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ഇവിടുത്തെ വേഷം നിരാശപ്പെടുത്തി. തീയില്‍ വെന്തുനീറുന്ന കാര്‍ക്കോടകന്റെ വിഷാദഭാവം സ്ഥിരമായി നിര്‍ത്തി എന്നതുമാത്രം ഒരു മേന്മയായി പറയാം. അതൊഴിച്ചാല്‍ പദങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി മുദ്രയില്‍ അവതരിപ്പിക്കുന്നതില്‍ പോലും അദ്ദേഹം പിന്നിലായിരുന്നു.


സദനം കൃഷ്ണന്‍‌കുട്ടിയുടെ മൂന്നാം ദിവസം ബാഹുകനെപ്പോലെ സന്തോഷവാനായ ഒരു ബാഹുകനെ ഇതുവരെ അരങ്ങില്‍ കാണുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആ വേഷത്തെക്കുറിച്ച് പറയേണ്ട പ്രഥമകാര്യം. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിയായി ചെയ്തു തീര്‍ക്കേണ്ട ഒരു വേഷമല്ലല്ലോ മൂന്നാം ദിവസം ബാഹുകന്‍. കുറച്ചു കൂടി പക്വമായ സമീപനം ഇത്രയും മുതിര്‍ന്ന കലാകാരനായ അദ്ദേഹത്തില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട്. “മനസുകൊണ്ടു കണ്ടു...” എന്നതൊക്കെ അതുപോലെ മുദ്രകാട്ടുകയല്ലാതെ, ‘മനക്കണ്ണുകൊണ്ട് അറിഞ്ഞു...’ എന്നിങ്ങനെ വിപുലീകരിച്ച അര്‍ത്ഥകല്പനകളും കൃഷ്ണന്‍‌കുട്ടിയുടെ ബാഹുകനില്‍ നിന്നുമുണ്ടായില്ല. എന്നാല്‍ “ഇന്ദുമൌലീഹാരമേ! നീ...” എന്ന ഭാഗത്ത് ഹാരത്തെ വിശേഷിപ്പിച്ച് മുത്തുമാലയെന്നാക്കുകയും ചെയ്തു! ശിവന്റെ കഴുത്തില്‍ ഹാരമായി വസിക്കുന്ന കാര്‍ക്കോടകനെ പറയുവാന്‍, മുത്തുമാല എന്തിനാണ്?


പദാവസാനത്തിനു ശേഷം ഇരുവരും ചേര്‍ന്ന് ചെറിയ ചില മനോധര്‍മ്മങ്ങളും ആടുകയുണ്ടായി. ശിവന്റെ ഹാരമായ തനിക്ക് ഇപ്രകാരമൊരു ഗതി വന്നില്ലേ, അതിനാല്‍ ധാരാളം ദാനധര്‍മ്മങ്ങള്‍ ചെയ്ത കൈകൊണ്ട് മറ്റൊരു രാജാവിന് സേവ ചെയ്യേണ്ടി വരുന്നതില്‍ ദുഃഖിക്കേണ്ടതില്ല എന്നാണ് കാര്‍ക്കോടകന്‍ ബാഹുകനെ സമാധാനിപ്പിക്കുന്നത്. ബാഹുകന് നാണം മറയ്ക്കുവാന്‍ ഒരു വസ്ത്രവും പിന്നീട് സ്വരുപം തിരികെ ലഭിക്കുവാന്‍ മറ്റൊരു വസ്ത്രവും, ഇങ്ങിനെ രണ്ടു വസ്ത്രം കാര്‍ക്കോടകന്‍ നല്‍കുകയുണ്ടായി. ഏതായാലും ഒരു വസ്ത്രം ഉടുത്ത്, അടുത്ത വസ്ത്രം ഒളിപ്പിക്കുന്നതായി ആടുവാനുള്ള ഔചിത്യം സദനം കൃഷ്ണന്‍‌കുട്ടി കാണിച്ചു. അത്രയും ഭാഗ്യം! കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം ബാഹുകന്‍ ഇപ്രകാരം ചിന്തിക്കുന്നു: ‘കഷ്ടം! ചന്ദ്രവംശത്തില്‍ പിറന്ന ഞാന്‍ സൂര്യവംശത്തിലെ മറ്റൊരു രാജാവിന്റെ സേവകനായി കഴിയേണ്ടി വരിക! ഇതില്പരമൊരു ദുര്‍ഗതി വേറെയെന്തു വരുവാനാണ്. ആവട്ടെ, ഋതുപര്‍ണനെ ചെന്നു കാണുക തന്നെ!’. ഇത്രയുമാടി വനത്തില്‍ യാത്ര തുടരുന്ന ബാഹുകന്‍ കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്.


സൂര്യപ്രകാശം പോലും കടക്കാത്തവണ്ണം തിങ്ങിനിറഞ്ഞ കാട്ടില്‍ ഒരു തെളിനീരുറവ, മാനുകള്‍ വെള്ളം കുടിക്കുവാനായെത്തുന്നു. ഇവിടെയെത്തുന്ന ബാഹുകന്‍ കാണുന്നതായുള്ള ‘മാന്‍‌പ്രസവ’മെന്ന ആട്ടമാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ഗോപിയുമായി താരതമ്യം ചെയ്താല്‍, അത്രയൊന്നും തീവ്രത കൈവരിക്കുവാനായില്ലെങ്കിലും മോശമാവാതെ ഈ ഭാഗം ആടുവാന്‍ സദനത്തിനായി. പക്ഷെ, മുദ്രകള്‍ കൃത്യമായി കാട്ടുന്നതില്‍ അദ്ദേഹം കാട്ടുന്ന അലംഭാവം ആട്ടങ്ങളുടെ ഭംഗി കുറയ്ക്കുന്നു. ഉദാഹരണത്തിന് മുഷ്ടിയില്‍ തുടങ്ങി പതാകയില്‍ അവസാനിപ്പിക്കേണ്ട ‘ജനന’ത്തിനെ ഹംസപക്ഷത്തില്‍ അവസാനിപ്പിച്ചാല്‍ ആ അര്‍ത്ഥമുദ്രയുടെ മുഴുവന്‍ ഭംഗിയും നഷ്ടമാവുന്നു. കാട് അവസാനിച്ചതായി അറിഞ്ഞ്, വഴിയില്‍ കണ്ടുമുട്ടുന്നവരോട് വഴി തിരക്കി ബാഹുകന്‍ ഋതുപര്‍ണന്റെ രാജധാനിയിലെത്തുന്നു. ഇവിടെ, ഒരു കൊടിയല്ല നിരവധി കൊടിക്കൂറകളാണ് സഹായാര്‍ത്ഥികളെ സ്വാഗതം ചെയ്തു നില്‍ക്കുന്നതായി ബാഹുകന്‍ കാണുന്നത്. സേവകരോട് അനുവാദം വാങ്ങി, സുന്ദരിമാരുടെ പാട്ടും നൃത്തവും അവഗണിച്ച് ബാഹുകന്‍ രാജസഭയിലെത്തുന്നു.


ബാഹുകന്മാരെല്ലാവരും സഭാമന്ദിരത്തിലെ സുവര്‍ണസിംഹാസനത്തില്‍ ജീവലവാര്‍ഷ്ണേയന്മാരോടൊത്ത് വസിക്കുന്ന ഋതുപര്‍ണനെയാണ് കാണുന്നത്. കേവലം സാരഥികള്‍ മാത്രമായ ജീവലനും വാര്‍ഷ്ണേയനും രാജസഭയില്‍ എന്താണ് കാര്യം? കുതിരലായത്തിലാണ് രാജാവെന്നോ മറ്റോ സേവകന്‍ പറയുന്നതായി ആടി, അങ്ങോട്ടേക്ക് ബാഹുകന്‍ പോവുന്നതല്ലേ കൂടുതല്‍ ഉചിതം? ഋതുപര്‍ണനോടൊപ്പമുള്ള വാര്‍ഷ്‌ണേയനെ, ‘ഇവന്‍ എന്റെ സേവകനായി ഉണ്ടായിരുന്നവനല്ലേ!’ എന്നു സദനത്തിന്റെ ബാഹുകന്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് ഇവിടെ. ബാഹുകന്റെ വാക്‍ചാതുരിയില്‍ സം‌പ്രീതനായ രാജാവ് സാരഥിയായി കഴിയുവാന്‍ ബാഹുകന് അനുമതി നല്‍കുന്നു. ആദ്യമെത്തിയ വെളുത്ത നളന്റെ അതേ ഭാവത്തിലാണ് കലാമണ്ഡലം രാജീവന്റെ ഋതുപര്‍ണനും അരങ്ങിലെത്തിയത്. “പ്രതിരധരാമരികള്‍ ചതുരതയായ് വരികില്‍, വിധുരതയേതും അരുതേ!” എന്നയിടത്ത്, ബാഹുകന് വിധുരത പാടില്ലെന്നാണ് ഇവിടെ ഋതുപര്‍ണന്‍ ആടിയത്. എന്നാല്‍ ജീവലവാര്‍ഷ്ണേയന്മാരുടെ പരിചരണത്തിലുള്ള കുതിരകളുടെ കുറവുകളാണ് ചരണത്തിലെ വിഷയമെന്നതിനാല്‍, യുദ്ധക്കളത്തിലെത്തുന്ന കുതിരകള്‍ വിരണ്ടോടാത്തവണ്ണം പരിശീലിപ്പിക്കണം എന്നതാണ് ഇവിടെ ആടേണ്ടത്.

ബാഹുകനെ ജീവലവാര്‍ഷ്ണേയന്മാരോടൊപ്പമയച്ച് രാജാവ് വിടവാങ്ങുന്നു. വാര്‍ഷ്ണേയന്‍ ബാഹുകനോട് പീഠം ചൂണ്ടിക്കാട്ടി ഇരുന്നുകൊള്ളുവാന്‍ പറയുന്നു. ഉടനെ ബാഹുകന്‍; ‘രാജാവിരിക്കുന്ന സിംഹാസനത്തില്‍ ഞാനിരിക്കുകയോ! അതു വേണ്ട...’ മറ്റൊരു പീഠം ചൂണ്ടിക്കാട്ടി, ‘അവിടെ ഇരിക്കട്ടെയോ?’, തൊട്ടടുത്ത പീഠത്തില്‍ ഇരിക്കുന്നു. എന്താണിവിടെ സദനം കൃഷ്ണന്‍‌കുട്ടി ഉദ്ദേശിച്ചതെന്നു മനസിലായില്ല. രാജാവ് വിടവാങ്ങി, മൂവരും കൂടി തിരിഞ്ഞു വന്നാല്‍ പിന്നെ അവര്‍ ഋതുപര്‍ണന്റെ കൊട്ടാരത്തിലല്ല, ജീവലവാര്‍ഷ്ണേയന്മാരുടെ വാസസ്ഥലത്താണ്. (ഒടുവില്‍ ഉറങ്ങുവാന്‍ പോവുന്നതിനു മുന്‍പ് വീട്ടില്‍ പോയി ഉറങ്ങാമെന്നു പറഞ്ഞുമില്ല!) ഇനി കൊട്ടാരത്തിനുള്ളില്‍ ആണെങ്കില്‍ തന്നെ, രാജാവു മാറിക്കഴിഞ്ഞാല്‍ പിന്നെ അതിനെ സിംഹാസനമായി കണക്കാക്കേണ്ടതുണ്ടോ? ഇത്തരം വിവരക്കേടുകള്‍ അരങ്ങില്‍ കാട്ടുന്നത്, ഒരു കലാകാരനെന്ന നിലയില്‍ തന്റെ മതിപ്പു കുറയ്ക്കുകയേയുള്ളൂ എന്നെങ്കിലും അദ്ദേഹം മനസിലാക്കുന്നത് നന്ന്. വാര്‍ഷ്ണേയനോട് നളനെക്കുറിച്ചൊക്കെ ചെറുതായി കാര്യങ്ങള്‍ തിരക്കി മൂവരും ഉറങ്ങുവാന്‍ കിടക്കുന്നു. ബാഹുകന്റെ വിലാപം കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താന്‍ രചിച്ച ഒരു കഥയാണെന്നു പറഞ്ഞ്, നായകനുണ്ടായ കാലദോഷത്തെ ബാഹുകന്‍ വിശദീകരിക്കുന്നു. “കണ്ടവരാര്‍ വിധിദുശീലം!” എന്ന ഭാഗത്തുള്‍പ്പടെ ബാഹുകന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. കലാമണ്ഡലം അമല്‍‌രാജ് തുടക്കത്തില്‍ വാര്‍ഷ്ണേയനായി, പിന്നീട് ജീവലനും. മുദ്രകളൊക്കെ കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വെപ്രാളത്തില്‍ പലതും കാര്യമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.


അകലെ കുണ്ഡിനത്തില്‍ ദമയന്തി സുദേവനോട് നളനെ തിരിച്ചുകൊണ്ടുവരുവാനുള്ള ഉപായം ആലോചിക്കുന്നു. ഇവിടുത്തെ കളിയില്‍ തൃപ്തികരമായി അവതരിപ്പിക്കപ്പെട്ട ഏകഭാഗം ദമയന്തിയും സുദേവനും ചേര്‍ന്ന ഈ രംഗമായിരുന്നു. കലാഭാരതി വാസുദേവനാണ് ദമയന്തിയെ അവതരിപ്പിച്ചത്. ദമയന്തിയുടെ വിഷാദഭാവം തുടര്‍ച്ചയായി നിര്‍ത്തുവാന്‍ വാസുദേവന്‍ ആയാസപ്പെടുന്നുണ്ടായിരുന്നു. “സാധുശീല! വരിക നീ...” എന്ന ഭാഗത്ത്, സാധുശീലനായ സുദേവനെ വീരനാക്കിക്കളഞ്ഞു ദമയന്തി. ഏതായാലും, സുദേവനുടനെ ‘അങ്ങിനെയല്ല, ഞാനൊരു സാധു!’ എന്നാടിയത് നന്നായി. ആലപ്പുഴയില്‍ നടന്ന മൂന്നാം ദിവസത്തെ ബ്രാഹ്മണനെ അപേക്ഷിച്ച് ഇവിടുത്തെ സുദേവന്‍ അത്ര മികവു പുലര്‍ത്തിയില്ലെങ്കിലും, അന്നത്തെ കളിയില്‍ മികച്ചതായി എന്നു പറയാവുന്ന ഏകവേഷം കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബ്രാഹ്മണനായിരുന്നു. കുളിച്ചൊരുങ്ങി സന്തോഷവതിയായിരിക്കുക, നിന്റെ ആവശ്യം ഞാന്‍ എത്രയും വേഗം നിറവേറ്റി തരുന്നുണ്ടെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


നടന്നും, തേരിലും, കുതിരപ്പുറത്തും, സേവകരുടെ ചുമലിലെ പല്ലക്കിലേറിയുമൊക്കെ ദമയന്തിയെ വരിക്കുവാനുള്ള മോഹവുമായി കുണ്ഠിനത്തില്‍ രാജാക്കന്മാര്‍ വന്നുവന്നു നിറയുകയാണെന്ന് സുദേവന്‍ ഋതുപര്‍ണനെ അറിയിക്കുന്നു. ഒരാളുമൂലം ദിവസമൊന്നു മുന്നോട്ടാക്കിയിട്ടുണ്ടെന്നും, രണ്ടര്‍ത്ഥത്തില്‍ ബാഹുകനേയും ഋതുപര്‍ണനേയും കാട്ടി മടങ്ങുന്ന സുദേവനോട് ബാഹുകന് ചോദിച്ചറിയുവാനുണ്ടായിരുന്നത് അദ്ദേഹം ഊണുകഴിച്ചുവോ എന്നു മാത്രമായിരുന്നു! ഇത്തരം കുശല സംഭാഷണങ്ങള്‍ക്കുള്ള മാനസികാവസ്ഥയിലാണല്ലോ ബാഹുകനപ്പോള്‍! “മറിമാന്‍‌കണ്ണി മൌലിയുടെ...” എന്ന അവസാന ഭാഗത്തെ നളന്റെ വിചാരപ്പദമൊക്കെ ഇതിലും എത്രയോ ഭംഗിയാക്കാം! “ഓര്‍ത്തുചൊല്ലുമോരോന്നേ...” കഴിഞ്ഞു മുദ്രപിടിച്ചു നിര്‍ത്തിയത് ‘കണിശം’ എന്ന അര്‍ത്ഥത്തിന്. “പേര്‍ത്തു കര്‍ണ്ണാകര്‍ണ്ണികയാല്‍...” എന്ന വരിക്കുപകരം, “തീര്‍ത്തുചൊല്ലാം നിന്ദ്യകര്‍മ്മം...” എന്നതു തുടങ്ങിവെച്ചതാണിവിടെ! മിതമായി പറഞ്ഞാല്‍, നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്‍ സദനം കൃഷ്ണന്‍‌കുട്ടിക്ക് പ്രാപ്യമായ വേഷമല്ല. ഒടുവില്‍ മൂന്നു പേരും തേര്‍ കയറി കുണ്ഡിനത്തിലേക്ക് തിരിക്കുന്നതോടെ ധനാശി, കാണികള്‍ക്ക് ആശ്വാസവും!


പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവരുടെ സംഗീതവും അന്നേ ദിവസം ശരാശരിയില്‍ നിന്നുമുയര്‍ന്നില്ല. ശബ്ദനിയന്ത്രണം തീരെയില്ലാതെയുള്ള ആലാപനമാണ് സജീവന്റെ പ്രശ്നം. അത് പാട്ടിന്റെ ഭാവം കുറയ്ക്കുന്നു. “മറിമാന്‍കണ്ണിമൌലിയുടെ...” എന്ന അവസാനപദം മാത്രം തരക്കേടില്ലായിരുന്നെന്നു തോന്നി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം തമ്പി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം രവീന്ദ്രന്‍ മദ്ദളത്തിലും ചേര്‍ന്നൊരുക്കിയ മേളം പിന്നിലായിരുന്നെങ്കിലും, ഇവിടുത്തെ കളിക്ക് അതു തന്നെ അധികം! ‘പേര്‍ത്തു’വെന്ന് കാണിക്കേണ്ടയിടത്ത്, ‘തീര്‍ത്തു’മെന്ന് നടന്‍ മുദ്രകാട്ടുമ്പോള്‍ മേളം നടനു കൂടണോ കൂടാതിരിക്കണമോ? RLV സോമദാസും മാര്‍ഗി രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ചുട്ടി, മാര്‍ഗിയുടെ അണിയറസാമഗ്രികള്‍ എന്നിവ പതിവു പോലെ മികവു പുലര്‍ത്തി. യാത്രയും ചെയ്ത്, ഉറക്കവും കളഞ്ഞെത്തുന്നവരെ തീര്‍ത്തും നിരാശരാക്കുന്ന ഇതു പോലെയുള്ള കളികള്‍ കഴിയുമ്പോള്‍, കാണാന്‍ വരേണ്ടിയിരുന്നില്ല എന്നു തോന്നാറുണ്ട്. ലഭ്യമായ കലാകാരന്മാര്‍ക്കിണങ്ങുന്ന വേഷം നല്‍കിക്കൊണ്ടുള്ള കഥ നിശ്ചയിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തിയാലും ഇത്തരം സന്ദര്‍ഭങ്ങള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്തരമൊരു ശ്രദ്ധ അടുത്ത തവണ മുതല്‍ ‘നാട്യഗ്രാമ’വും പുലര്‍ത്തുമെന്നു പ്രത്യാശിക്കുന്നു.

Description: Nalacharitham Moonnam Divasam Kathakali: Organized by Natyagramam, Thonnackal. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan, Kalamandalam Rajeevan as Nalan & Rithuparnan, Kalabharathi Vasudevan as Damayanthi, Kalamandalam Amalraj & Arunjith as Jeevalan & Varshneyanan. Pattu by Pathiyur Sankarankutty and Kalamandalam Sajeevan. Chenda by Kalamandalam Krishnadas & Kalamandalam Thampi. Maddalam by Kalamandalam Raveendran. Chutty by RLV Somadas & Margi Raveendran. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 18, 2009.
--

2009 ജൂലൈ 22, ബുധനാഴ്‌ച

സംസ്കൃതിഭവനിലെ കല്യാണസൌഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Vinod as Bheeman, Kalamandalam Vijayakumar as Panchali and Kalamandalam Shanmukhadas as Hanuman.
ജൂലൈ 02, 2009: അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃത ഭവനില്‍ ‘കല്യാണസൌഗന്ധികം’ കഥകളി അരങ്ങേറി. കലാനിലയം വിനോദ് ഭീമനായും കലാമണ്ഡലം വിജയകുമാര്‍ പാഞ്ചാലിയായും കലാമണ്ഡലം ഷണ്മുഖദാസ് ഹനുമാനായും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതത്തിലും കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജ് മദ്ദളത്തിലും ഈ കളിക്ക് പിന്നണി കൂടി. സന്ദര്‍ശന്റെ കോപ്പുകളുപയോഗിച്ച് ആര്‍.എല്‍.വി. സോമദാസ് ചുട്ടിയും പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ ഉടുത്തുകെട്ടും നിര്‍വ്വഹിച്ചു.


ഭീമനും പാഞ്ചാലിയും ചേര്‍ന്നുള്ള രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്. “പാഞ്ചാലരാജതനയേ!” എന്നാരംഭിക്കുന്ന ഭീമന്റെ ശൃംഗാരരസപ്രധാനമായ പതിഞ്ഞ പദമാണ് ആദ്യം. പദത്തിനൊടുവില്‍ കാറ്റില്‍ പറന്നെത്തിയ സൌഗന്ധികപുഷ്പം പാഞ്ചാലി ഭീമനു നല്‍കുന്നു. “എന്‍ കണവ! കണ്ടാലും നീ...” എന്ന മറുപടി പദമാണ് തുടര്‍ന്ന്. സൌഗന്ധികപുഷ്പം ലഭ്യമാക്കണമെന്ന പാഞ്ചാലിയുടെ ആവശ്യം അറിഞ്ഞ ഭീമന്‍, എവിടെയാണെങ്കിലും പുഷ്പം താന്‍ തേടി കൊണ്ടുവന്നു തരുന്നുണ്ട് എന്നു പറഞ്ഞ് പുറപ്പെടുവാന്‍ ഒരുങ്ങുന്നു. ഇത്രയും വിശിഷ്ടമായ പുഷ്പം എവിടെനിന്നു ലഭിച്ചതെന്നുള്ള ഭീമന്റെ ചോദ്യത്തിന്, കാറ്റു കൊണ്ടുവന്നതാണെന്ന് പാഞ്ചാലി മറുപടി നല്‍കുന്നു. ഇതു കേട്ട്, ഘോരവനത്തില്‍ ക്ലേശിച്ചു നടക്കുന്ന ക്ഷീണിതയായ നിന്റെ വാടിയ മുഖം കണ്ട് മനസലിവു തോന്നിയ എന്റെ പിതാവ് ഏറ്റവും സന്തോഷത്തോടെ കൊണ്ടു വന്നു തന്നതാണെന്നാണ് ഭീമന്റെ പക്ഷം. പോകുവാന്‍ സഹായമെന്തെന്ന പാഞ്ചാലിയുടെ ചോദ്യത്തിന്, അനവധി ശത്രുക്കളുടെ ശിരസു പിളര്‍ന്ന ഈ ഗദ തന്നെയെന്നും; യാത്രയ്ക്കിടയില്‍ വിശപ്പും ദാഹവും തോന്നുകയില്ലേയെന്ന ചോദ്യത്തിന്, രാമാജ്ഞ പൂര്‍ത്തിയാക്കാതെ വിശ്രമിക്കുകയില്ലെന്ന് മന്ഥര പര്‍വ്വതത്തോട് പറഞ്ഞ ഹനുമാന്റെ അനുജനായ തനിക്ക് ലക്ഷ്യം നേടുന്നതുവരെ ക്ഷീണം തോന്നുകയില്ലെന്നും മറുപടി നല്‍കി; നിന്റെ കടാക്ഷം ഒന്നുമാത്രം മതിയെന്നും പറഞ്ഞ് ഭീമന്‍ യാത്ര തുടങ്ങുന്നു.


ആദ്യ രംഗത്തിലെ ഭീമനെ കലാനിലയം വിനോദ് നന്നായിത്തന്നെ അവതരിപ്പിച്ചു. വിശേഷിച്ചും ആദ്യ പദത്തിലെ “പഞ്ചമകൂജിത! സുകോകിലേ!” എന്ന ചരണം മുതല്‍ക്കുള്ള കലാശവും പദങ്ങളും ഇടകലര്‍ത്തിയുള്ള ഭീമന്റെ പദാവതരണം മനോഹരമാക്കുവാന്‍ വിനോദിനായി. ഭാവപ്രകാശനത്തിലാണ് കലാനിലയം വിനോദ് ഇനിയുമേറെ മെച്ചപ്പെടുത്തുവാനുള്ളതായി തോന്നിയത്. അതുപോലെ ചാഞ്ചാടി മോദം കലര്‍ന്നെത്തുന്ന പവനനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന് കാറ്റിന്റെ വരവ് അനുഭവവേദ്യമാവണം. മുദ്രയിലൂടെ അര്‍ത്ഥം കാട്ടുക മാത്രമാവരുത് നടന്റെ ലക്ഷ്യം. “നല്ല ചാരുപവനന്‍ വരുന്നു.” എന്നയിടത്ത് കാറ്റിന്റെ അനുഭൂതി കലാമണ്ഡലം വിജയകുമാറിന്റെ പാഞ്ചാലിയിലും കാണുവാനായി. രംഗത്തു വെറുതേ നില്‍ക്കുകയല്ലാതെ, പദം ശ്രദ്ധിച്ച് താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രംഗത്തോടിണക്കി നിര്‍ത്തുവാനുള്ള വിജയകുമാറിന്റെ ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനീയമാണ്.


യാത്രതുടങ്ങുന്ന ഭീമന്‍, കാറ്റിന്റെ ദിശ മനസിലാക്കി യാത്ര ചെയ്യാമെന്നുറയ്ക്കുന്നു. പാറക്കൂട്ടങ്ങളും, ഔഷധച്ചെടികളും നിറഞ്ഞ ഗന്ധമാദന പര്‍‌വ്വതവും കടന്ന് യാത്ര തുടരുന്ന ഭീമന്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ടിടത്തെത്തുന്ന ഭീമന്‍ കാണുന്നത് ഭീമാകാരനായ ഒരാനയെയാണ്. എന്നാല്‍ ആ ആനയുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടികൂടിയിരിക്കുന്നു, ആന പിടിവിടുവിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. വിശന്നുവലഞ്ഞ് അവിടെയെത്തുന്ന ഒരു സിംഹം ആനയുടെ മസ്തകം പിളര്‍ന്ന് ചോരകുടിക്കുന്നു. ചരിയുന്ന ആനയെ പെരുമ്പാമ്പ് വിഴുങ്ങുന്നു. ഈശ്വരലീലകള്‍ തന്നെയെന്നു ചിന്തിച്ച് വീണ്ടും യാത്ര ചെയ്യുന്ന ഭീമന്‍ ഘോരമായ വനപ്രദേശത്തിലെത്തുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ് യാത്ര ദുഷ്കരമായ ഈ പ്രദേശത്തുകൂടി പോവുന്നതെങ്ങിനെയെന്ന് ചിന്തിച്ച്, ഗദകൊണ്ട് ഇവയൊക്കെ തല്ലിതകര്‍ത്ത് സഞ്ചരിക്കുക തന്നെ എന്നുറയ്ക്കുന്നു. അപ്രകാരം ചെയ്തുകൊണ്ട് ഭീമന്‍ യാത്ര തുടരുന്നു.


കദളീവനത്തില്‍ തപസുചെയ്യുകയായിരുന്ന ഹനുമാന്‍, ശബ്ദം കേട്ടുണരുന്നു. ഇന്ദ്രിയങ്ങളെ ബന്ധിച്ച് തപസ് തുടരുവാന്‍ ശ്രമിക്കുന്നെങ്കിലും ശബ്ദം കൂടുതല്‍ അടുക്കുന്നതോടെ ഹനുമാന് ശ്രദ്ധ വീണ്ടും നഷ്ടമാവുന്നു. എന്താണ് ശബ്ദം എന്നറിയുക തന്നെ എന്നുറച്ച് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് നോക്കുന്നു. പര്‍വ്വതങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിക്കുന്നതാണോ എന്നു സംശയിക്കുന്ന ഹനുമാന്‍, ‘അല്ല, പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധത്താല്‍ പര്‍വ്വതങ്ങളുടെ ചിറകരിഞ്ഞ് അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്.’ എന്നോര്‍ക്കുന്നു. തുടര്‍ന്ന് സമുദ്രത്തില്‍ ജലം ഇരമ്പിക്കയറുന്ന ശബ്ദമാവുമോ എന്നു സംശയിക്കുന്നു. ‘ബഡവാഗ്നിയുടെ ജ്വാലയാല്‍ അധികമായ ജലം വറ്റിച്ചു കളയുന്നതു കൊണ്ട് അതുമല്ല.’ ലോകാവസാനമായോ എന്നാണ് അടുത്തതായി സംശയിക്കുന്നത്. ചുറ്റുപാടുമൊന്ന് കണ്ണോടിച്ച്, ‘പൂത്തുലഞ്ഞ് ഫലങ്ങള്‍ നിറഞ്ഞ മരങ്ങള്‍, പക്ഷികള്‍ പറന്നു നടക്കുന്നു. ഇവയൊക്കെ കൊണ്ട് ലോകാവസാനമല്ല.’ പിന്നെയെന്താണീ ശബ്ദമെന്ന് തേടിക്കാണുക തന്നെ എന്നുറച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് സഞ്ചരിച്ച് നോക്കുന്നു. ഒരു അതിമാനുഷന്‍ കൈയില്‍ വലിയ ഗദയുമായി വൃക്ഷങ്ങള്‍ തല്ലിതകര്‍ത്തു വരുന്നത് കാണുന്നതായി ആടി, “ആരിഹ വരുന്നതിവനാരും എതിരില്ലയോ?” എന്ന പദത്തിലേക്ക് കടക്കുന്നു. “മനസി മമ, കിമപി ബത!” എന്ന ഭാഗത്ത്, അനുജനെ കാണുന്ന ഹനുമാന്റെ അതിയായ സന്തോഷം വെളിവാക്കുവാനായി അഷ്ടകലാശമെടുക്കാറുണ്ട്, ഇവിടെ അതുണ്ടായില്ല.


വരുന്നത് തന്റെ അനുജനായ ഭീമനാണെന്ന് മനസിലാക്കുന്ന ഹനുമാന്‍, ഇവന്റെ മദമടക്കുകയും കൂട്ടത്തില്‍ തന്റെ മഹത്വം അറിയിക്കുകയും ചെയ്യുവാനുറയ്ക്കുന്നു. അതിനായി ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമന്‍ വരുന്ന വഴിയില്‍ വിലങ്ങനെ കിടക്കുന്നു. മരങ്ങള്‍ തല്ലിത്തകര്‍ത്തടുക്കുന്ന ഭീമന്‍ വഴിമുടക്കി കിടക്കുന്ന വാനരനെ കണ്ട് നില്‍ക്കുന്നു. ഉടന്‍ തന്നെ വഴിയില്‍ നിന്നു മാറിയില്ലെങ്കില്‍, കഴുത്തിനു പിടിച്ച് ദൂരേക്കെറിഞ്ഞ് താന്‍ പോവുന്നുണ്ടെന്നാണ് ഭീമന്റെ വീരവാദം. തന്റെ മുകളിലൂടെ ചാടിപ്പൊക്കോള്ളാന്‍ പറയുന്ന വാനരനോട്, ക്ഷത്രിയ രാജവംശത്തില്‍ പിറന്ന താന്‍ ആരേയും കവച്ചു വെച്ച് പോവുകയില്ല എന്നു ഭീമന്‍ അറിയിക്കുന്നു. ഇതു കേട്ട്, തനിക്കൊട്ടും അനങ്ങുവാന്‍ കഴിയുന്നില്ല, അതിനാല്‍ തന്റെ വാലുയര്‍ത്തി മാറ്റിയിട്ട് പൊയ്ക്കോളുക എന്ന് വാനരന്‍ പറയുന്നു. ആ ഉപായത്തില്‍ തൃപ്തനാവുന്ന ഭീമന്‍ ഗദ ഉപയോഗിച്ച് വാല്‍ പൊക്കി മാറ്റുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ വാല്‍ അനക്കുവാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഉള്ളിലേക്ക് കയറ്റിയ ഗദ പുറത്തേക്ക് ഇറക്കുവാനാവാത്ത ഗതികേടിലുമായി ഭീമന്‍. ഇത്രയുമായപ്പോള്‍ ഇത് വിചാരിച്ചതുപോലെ നിസാരനായ ഒരു വാനരനല്ല എന്നു ബോധ്യം വരുന്ന ഭീമന്‍, സത്യാവസ്ഥ തിരക്കുന്നു. രാവണാന്തകനായ രാമന്റെ ദൂതനും ഭീമന്റെ സഹജനുമായ ഹനുമാനാണ് താനെന്ന് അറിയിക്കുന്നതോടെ ഭീമന്‍ വന്ദിച്ച് ഇടത്തേക്കു മാറുന്നു.


സമുദ്രലംഘനം നടത്തിയ രൂപം കാണണമെന്ന ഭീമന്റെ ആഗ്രഹം ഹനുമാന്‍ തുടര്‍ന്നു സാധിച്ചു കൊടുക്കുന്നു. എന്നാല്‍ ഹനുമാന്റെ ബഹൃത്‌‌രൂപം കാണുന്ന ഭീമന്‍ മോഹാലസ്യപ്പെടുന്നു. തന്റെ അനുജനെ ഉയര്‍ത്തി ജ്യേഷ്ഠവാത്സല്യത്തോടെ ഹനുമാന്‍ സമാധാനിപ്പിക്കുന്നു. “ഭീതിയുള്ളിലരുതൊട്ടുമേ തവ!” എന്ന ശങ്കരാഭരണത്തിലുള്ള ഹനുമാന്റെ പദമാണ് തുടര്‍ന്ന്. ഒടുവില്‍ കൌരവരോടുള്ള യുദ്ധസമയത്ത് തങ്ങളോടൊപ്പം ചേര്‍ന്ന് അരികളെ സംഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഭീമനോട്, അര്‍ജ്ജുനന്റെ കൊടിക്കൂറയില്‍ സ്ഥിതിചെയ്ത് ഭീഷണമായ ശബ്ദമുണ്ടാക്കി അരികളെ യുധിശൂന്യരാക്കുന്നുണ്ടെന്ന് ഹനുമാന്‍ അറിയിക്കുന്നു. തുടര്‍ന്ന്, സൌഗന്ധികപുഷ്പങ്ങള്‍ ലഭിക്കുന്ന സ്ഥലവും അവിടേക്കുള്ള മാര്‍ഗവും ഹനുമാന്‍ ഭീമനു പറഞ്ഞു കൊടുക്കുന്നു. യാത്രപറഞ്ഞു പോയി തിരികെ വന്ന് പരുങ്ങുന്ന ഭീമനെക്കണ്ട് ഹനുമാന്‍ കാര്യം തിരക്കുന്നു. തന്റെ സഹായത്തിനുണ്ടായിരുന്ന ഗദ ഇപ്പോള്‍ തന്റെ കൈയിലില്ല എന്നു ഭീമന്‍ പറയുന്നു. അതെവിടെയെന്നു ഹനുമാന്‍ ചോദിക്കുമ്പോള്‍, ഹനുമാന്റെ വാലില്‍ പിണഞ്ഞു കിടക്കുകയാണ് എന്ന് ലജ്ജയോടെ ഭീമന്‍ അറിയിക്കുന്നു. അല്പമൊന്ന് പരിഹസിച്ചതിനു ശേഷം, ഗദ നല്‍കി വീണ്ടും ഹനുമാന്‍ ഭീമനെ യാത്രയാക്കുന്നു.


ഹനുമാനായി കലാമണ്ഡലം ഷണ്മുഖദാസിനെ ആദ്യമായി കാണുകയാണ്. അല്പം നര്‍മ്മമൊക്കെ കലര്‍ത്തി, കഴിയുന്നത്ര മികവു പുലര്‍ത്തുവാന്‍ ഷണ്മുഖദാസ് ശ്രമിച്ചുവെങ്കിലും, അധികം കൈകാര്യം ചെയ്യാത്ത വേഷമായതിനാലാവണം അദ്ദേഹത്തിന്റെ മറ്റു വേഷങ്ങളില്‍ കാണുന്ന സ്വാഭാവികമായ ഒഴുക്ക് ഈ വേഷത്തില്‍ കാണുവാനുണ്ടായില്ല. ഒന്നു രണ്ട് അരങ്ങുകളില്‍ കൂടി ഹനുമാന്‍ കെട്ടുവാന്‍ അവസരം ലഭിച്ചാല്‍ ഇതിലും മികച്ചതാക്കുവാന്‍ ഷണ്മുഖദാസിന് കഴിയും. ആദ്യ രംഗങ്ങളിലെ ഭീമനില്‍ നിന്നും വ്യത്യസ്തമായുള്ള; ജ്യേഷ്ഠനായ ഹനുമാന്റെ മുന്‍പില്‍, ഗര്‍വ്വം വെടിഞ്ഞ് വിനയാന്വിതനായി തീര്‍ന്ന ഭീമനേയും കലാനിലയം വിനോദ് നന്നായിത്തന്നെ അവതരിപ്പിച്ചു. സമയക്കുറവു മൂലം പദങ്ങള്‍ വെട്ടിച്ചുരുക്കി അവസാനഭാഗങ്ങള്‍ വേഗത്തില്‍ കഴിക്കേണ്ടിവന്നെങ്കിലും അത് കളിയുടെ മൊത്തത്തിലുള്ള രസത്തെ കാര്യമായി ബാധിച്ചില്ല. ഒടുവിലെ സംഭാഷണങ്ങള്‍ അല്പം കുറയ്ക്കുന്നതാണ് രംഗത്തിനു കൂടുതല്‍ ഭംഗിയെന്നു തോന്നുകയും ചെയ്തു.

പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനിലയം രാജീവനും ചേര്‍ന്നുള്ള ഇന്നേ ദിവസത്തെ ആലാപനവും ഏറെ ഹൃദ്യമായി. ശങ്കരാഭരണത്തിലുള്ള ഭീമന്റെ ആദ്യപതിഞ്ഞ പദം, “മാഞ്ചേല്‍ മിഴിയാളേ!”, മധ്യമാവതിയിലുള്ള ഹനുമാന്റെ “ആരിഹ വരുന്നതിവനാരും എതിരില്ലയോ!”; ഇവയൊക്കെ മനോഹരമായി, എന്നാല്‍ നടന്‍ മുദ്രകാട്ടുന്ന കണക്കൊപ്പിച്ചു പാടുവാന്‍ ഇരുവര്‍ക്കുമായി. കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവരൊരുക്കിയ മേളവും മികച്ചു നിന്നു. “പഞ്ചമകൂജിത സുകോകിലേ!” മുതലായ ഇടങ്ങളില്‍ ചെണ്ടയും മദ്ദളവും ഇടകലര്‍ത്തിയുള്ള പ്രയോഗങ്ങള്‍ ആസ്വാദ്യകരമായിരുന്നു. ഏതിനു ചെണ്ട, ഏതിനു മദ്ദളം എന്നു വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ട് എന്നതാണ് ഈ മികവിനു കാരണം. അവസാന ഭാഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്ത മാര്‍ഗി കൃഷ്ണകുമാര്‍, കലാശങ്ങള്‍ക്കു കൂടുന്നതില്‍ പോലും പിഴവുകള്‍ വരുത്തി. ചെറുപ്പക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കിലും, കുറച്ചു കൂടി പരിചയം വന്നതിനു ശേഷം മാത്രം ഭീമനും ഹനുമാനും തമ്മിലുള്ളതുപോലെയുള്ള പ്രധാനരംഗങ്ങള്‍ക്ക് കൊട്ടുവാന്‍ വിടുന്നതാവും ഉചിതം. ആര്‍.എല്‍.വി. സോമദാസ് ഒരുക്കിയ ഹനുമാന്റെ ചുട്ടിക്ക് എന്തൊക്കെയോ ചില കുറവുകള്‍ തോന്നിച്ചു. ഉപയോഗിച്ച പേപ്പറുകളുടെ വലുപ്പത്തിന്റെ അനുപാതത്തിലുള്ള ചേര്‍ച്ചക്കുറവാണെന്നു തോന്നുന്നു ഇതിനു കാരണം. നല്ലവണ്ണം ഉടുത്തുകെട്ടി ഭംഗിയായി വേഷം തീര്‍ക്കുന്ന പള്ളിപ്പുറം ഉണ്ണികൃഷ്ണനും അഭിനന്ദനമര്‍ഹിക്കുന്നു. പലപ്പോഴും ഉടുത്തുകെട്ടിക്കുവാന്‍ നന്നായി അറിയാവുന്നവരില്ലാത്തത് വേഷഭംഗി കുറയുന്നതിന് കാരണമാവാറുണ്ട്. ചുരുക്കത്തില്‍, കൃത്യമാ‍യ സമയത്തിനുള്ളില്‍ അവതരിപ്പിച്ചു തീര്‍ത്ത ഇവിടുത്തെ ‘കല്യാണസൌഗന്ധികം’ ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു അരങ്ങനുഭവമാണ് നല്‍കിയത്.

Description: KalyanaSaugandhikam Kathakali @ Vyloppalli Samskrithi Bhavan, Nalanda, Thiruvananthapuram. Kalanilayam Vinod as Bheeman, Kalamandalam Vijayakumar as Panchali and Kalamandalam Shanmukhadas as Hanuman. Vocal by Pathiyur Sankarankutty and Kalanilayam Rajeevan. Chenda by Kalamandalam Krishnadas and Margi Krishnakumar. Maddalam by Kalanilayam Manoj. Chutty by RLV Somadas. Aniyara by Pallippuram Unnikrishnan. Kaliyogam: Sandarsan, Ambalappuzha.Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 02, 2009.
--

2009 ജൂലൈ 5, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം

PoothanaMoksham Kathakali: Margi Vijayakumar as Poothana.
ജൂണ്‍ 22, 2009: തിരുവനന്തപുരം ദൃശ്യവേദിയും വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാലയും സംയുക്തമായി ആണ്ടുതോറും നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യ ദിനം ‘പൂതനാമോക്ഷം’ കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ രവികുമാര്‍ കൃഷ്ണമുടിയായെത്തിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും; മാര്‍ഗി രത്നാകരന്‍, കലാനിലയം മനോജ് എന്നിവര്‍ മദ്ദളത്തിലും; സംഗീതത്തില്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരും ചേര്‍ന്ന ഇരട്ടമേളപ്പദവും അരങ്ങേറി. ഈയിടെയായി ധാരാളമായി കാണുന്നതിന്റെ മടുപ്പ് തുടക്കത്തില്‍ അനുഭവപ്പെട്ടെങ്കിലും, തുടര്‍ന്ന് മേളം ആസ്വാദ്യകരമാക്കുവാന്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കായി. ആവശ്യത്തിനു മാത്രം സമയമെടുത്ത് അധികം ദീര്‍ഘിപ്പിക്കാത്തതും ഒരു നല്ല കാര്യമായി.


മാര്‍ഗി വിജയകുമാര്‍ ലളിതവേഷധാരിണിയായ പൂതനയായി വേഷമിട്ട ‘പൂതനാമോക്ഷ’മാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. ഈ കളിയുടെ ആസ്വാദനത്തിലേക്ക് കടക്കും മുന്‍പ് പൊതുവായി കണ്ടുവരുന്ന ചില കാര്യങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കാമെന്നു കരുതുന്നു. അമ്പാടിയില്‍ തന്റെ അന്തകനായ ശ്രീകൃഷ്ണന്‍ വളര്‍ന്നുവരുന്നുണ്ടെന്നുള്ള വാര്‍ത്തയില്‍ അസ്വസ്ഥനായ കംസന്‍, അവനെ നിഗ്രഹിക്കുവാനായി പൂതന എന്ന രാക്ഷസിയെ നിയോഗിക്കുന്നു. സ്വരൂപത്തില്‍ അമ്പാടിയിലെത്തി കാര്യം സാധിക്കുക പ്രയാസകരമെന്നു മനസിലാക്കി, മായയാല്‍ ഒരു സുന്ദരീരൂപം ചമഞ്ഞ് അവള്‍ അമ്പാടിയിലെത്തുന്നു. “അമ്പാടിഗുണം വര്‍ണിക്കുവാന്‍ വമ്പനല്ല ഫണിരാജനും!” എന്നു തുടങ്ങുന്ന കാംബോജി രാഗത്തിലുള്ള പദമാണ് ആദ്യം.


അമ്പാടിയുടെ മനോഹാരിത വര്‍ണിക്കുവാന്‍ അനന്തനുമാവില്ല എന്നു പറഞ്ഞാണ് പൂതന സ്ഥലത്തെക്കുറിച്ചുള്ള വര്‍ണന ആരംഭിക്കുന്നത്. പലപ്പോഴും അല്പം അകലെ നിന്ന് പൂതന അമ്പാടിയെ നോക്കിക്കാണുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ അമ്പാടിയുടെ പ്രവേശനകവാടം കഴിഞ്ഞു ചെല്ലുന്ന പൂതന, നന്ദഗോപരുടെ ഗൃഹത്തിലേക്ക് പോവുകയാണ്. ഈ സഞ്ചാരത്തിനിടയിലെ കാഴ്ചകള്‍, അകലെനിന്ന് നോക്കിക്കാണുകയല്ല, മറിച്ച് പൂതനയുടെ ഒരു അനുഭവമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു.
“എഴുനില മണിഗൃഹം അതിരുചിരം, രുചി തഴുകിന തളിമവും ഇഹ മധുരം;
ജലമൊഴുകിന പൂങ്കാവതിശിശിരം പരമൂഴിയിങ്കലെതിരില്ലിതിനൊരഴക്,
ഈഷലില്ല കഴല്‍ തൊഴും അമരപുരം!”

പദത്തിന്റെ അനുപല്ലവി “ഴുനില മണിഗൃഹ...”മെന്നും “ഴുനില മണിഗൃഹ...”മെന്നും പാടിക്കേള്‍ക്കാറുണ്ട്. സാധാരണയായി ഏഴു നിലകളുള്ള മന്ദിരം എന്നാണ് വേഷക്കാര്‍ അവതരിപ്പിക്കുവാറുള്ളതും. എന്നാല്‍ അമ്പാടിയില്‍ അപ്രകാരം ഏഴു നിലകളുള്ള ഒരു മന്ദിരം, കാണുവാന്‍ സാധ്യതയുണ്ടോ? അങ്ങിനെ ചിന്തിക്കുമ്പോള്‍ എഴുന്നു നില്‍ക്കുന്ന (ഉയര്‍ന്നു നില്‍ക്കുന്ന) മന്ദിരങ്ങള്‍ പൂതന കാണുന്നു എന്നതല്ലേ കൂടുതല്‍ നല്ലത്? ആവശ്യത്തിനു കാറ്റും വെളിച്ചവും ശുദ്ധവായുവും ലഭിക്കുമ്പോളല്ലേ, തളിമങ്ങള്‍ (വരാന്ത, മറവില്ലാതെ കെട്ടിയിരിക്കുന്ന തിണ്ണ) മധുരതരമാവുകയുള്ളൂ? അപ്പോള്‍ അവയൊക്കെ യഥേഷ്ടം പൂതന അനുഭവിക്കേണ്ടതല്ലേ? ആ തളിമത്തില്‍ പൂതന ഒന്നിരുന്ന് വിശ്രമിച്ചാലോ? പൂങ്കാവിലെത്തുമ്പോള്‍ പൂതനയ്ക്ക് തണുപ്പ് അനുഭവപ്പെടണം, അതല്ലാതെ ജലമൊഴുകുന്നതിനാല്‍ തണുപ്പു തോന്നുന്ന ഒരു ഉദ്യാനം അതാ കാണുന്നു എന്നു ചൂണ്ടിക്കാണിച്ചാല്‍ മതിയാവുമോ? “ഊഴിയിങ്കല്‍ എതിരില്ല ഇതിനൊരഴക്, ഈഷലില്ല കഴല്‍ തൊഴും അമരപുരം!” - ഈ ഭാഗത്ത്, ‘ഇതിനൊരഴക്‌’ എന്നും ‘ഇതിനൊരഴല്‍’ എന്നും പാടിവരുന്നു. ഭൂമിയില്‍ ഇതിന് എതിരായി ഒരു അഴകില്ല, ദേവലോകം പോലും ഇതിന്റെ കാല്‍ തൊട്ടു വന്ദിക്കുമെന്നതില്‍ സംശയമില്ല എന്നാണ് ‘ഇതിനൊരഴക്‌’ എന്നു പാടുമ്പോള്‍ അര്‍ത്ഥമെടുക്കേണ്ടത്. ‘ഇതിനൊരഴല്‍’ എന്നുവരുമ്പോള്‍ ഈ ഭൂമിയില്‍ ഇതിന് സങ്കടമുണ്ടാക്കുവാനും മാത്രം സുന്ദരമായി ഒന്നുമില്ല എന്നു പറയണം. ഇതിലേതാണ് ശരി? ‘ഇതിനൊരഴക്‌’ എന്നതിനാണ് കൂടുതല്‍ യോജിപ്പെന്നു തോന്നുന്നു.


സാധാരണ കാണാറുള്ളതുപോലെ, അമ്പാടി അകലെനിന്ന് നോക്കിക്കാണുന്ന പൂതനയെയാണ് ഇവിടെ മാര്‍ഗി വിജയകുമാറും അവതരിപ്പിച്ചത്. തുടര്‍ന്ന് അമ്പാടിയില്‍ വസിക്കുന്നവരെയാണ് പൂതന ശ്രദ്ധിക്കുന്നത്. വിവിധ നൃത്തവിനോദങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഗോപികമാരെ അവള്‍ കാണുന്നു. ചിലര്‍ വീണവായിക്കുന്നു, ചിലര്‍ മദ്ദളം കൊട്ടുന്നു, മറ്റു ചിലര്‍ കൈമണിയടിക്കുന്നു, ബാക്കിയുള്ളവര്‍ മേളത്തിനനുസൃതമായി ചുവടുവെയ്ക്കുന്നു. ഈ കാഴ്ചകളൊക്കെ വിരഹികള്‍ കാണുവാന്‍ ഇടയായാല്‍ അവരുടെ മനസിന്റെ താപം വര്‍ദ്ധിക്കും എന്നാണ് പൂതന ഒടുവില്‍ പറഞ്ഞു നിര്‍ത്തുന്നത്. നന്ദഗോപരുടെ ഗൃഹത്തിലെത്തുന്ന പൂതന അവിടെ സ്ത്രീകള്‍ തൈരുകടയുന്ന കാഴ്ചകള്‍ കാണുന്നു. ഒരു സ്ത്രീ തൈരുകടയുവാന്‍ കൂടുന്നോയെന്ന് മറ്റൊരുത്തിയോടു ചോദിക്കുന്നു, അവള്‍ കൂട്ടാക്കുന്നില്ല. തുടര്‍ന്ന് മറ്റൊരുവളെ സമീപിക്കുന്നു, അവളോടൊപ്പം തൈരു കടഞ്ഞു തുടങ്ങുന്നു. ഇടയ്ക്ക് കണ്ണില്‍ തെറിക്കുന്നതെടുത്തു കളയുക, തൈരു കടഞ്ഞ് കൈ കഴയ്ക്കുമ്പോള്‍ ഇടയ്ക്കൊന്നു കുടയുക; ഇങ്ങിനെ സൂക്ഷ്മാംശങ്ങളിലുള്‍പ്പടെ ശ്രദ്ധ വെച്ചാണ് വിജയകുമാര്‍ തൈരുകടയല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇവരിലൊരാളായി അരവിന്ദനയനന്‍ വാഴുന്ന മന്ദിരത്തിലേക്ക് കടക്കുവാന്‍ നിശ്ചയിക്കുന്നു.


സുകുമാരനായ നന്ദകുമാരനോടുള്ള വാത്സല്യത്താല്‍, മുല താനേ ചൊരിയുന്നതായി ആടിയാണ് മാര്‍ഗി വിജയകുമാര്‍ “സുകുമാര! നന്ദകുമാര...” എന്ന പദം ആരംഭിച്ചത്. പാവയോ, തുണിക്കെട്ടോ അങ്ങിനെയെന്തെങ്കിലുമോ ശ്രീകൃഷ്ണനെ സൂചിപ്പിക്കുവാനായി ഇവിടെ ഉപയോഗിക്കുകയുണ്ടായില്ല. ഇതുമൂലം കലാകാരന് തന്റെ പ്രവര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുന്നു. നാട്യത്തിന് പ്രാധാന്യമുള്ള ഇടങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ലോകധര്‍മ്മിയായുള്ള ഭാഗങ്ങളില്‍ (ഉദാഃ നളചരിതം രണ്ടാം ദിവസത്തില്‍ കാട്ടാളന്റെ ഭാഗത്ത് ഉപയോഗിക്കുന്ന പാമ്പ്), അങ്ങിനെയുള്ളവ ഉപയോഗിക്കുന്നത് കൂടുതല്‍ അവതരണമികവ് നല്‍കുകയും ചെയ്യും. കുഞ്ഞിനെ കൈയിലെടുക്കുന്ന അവസരങ്ങളില്‍ സാരിത്തലപ്പുകൊണ്ട് കൈമറച്ചാണ് വിജയകുമാര്‍ അവതരിപ്പിച്ചത്. അങ്ങിനെ പിടിച്ചതിനാല്‍ അവിടെ കുഞ്ഞുണ്ട് എന്നത് പ്രേക്ഷകന് കൂടുതല്‍ വിശ്വസനീയമായി അനുഭവപ്പെടുകയും ചെയ്തു.


പദത്തിനു ശേഷം ശ്രീകൃഷ്ണന്റെ രൂപമധുരതയെ പൂതന വര്‍ണിക്കുന്നു. സ്വര്‍ണത്താമര പോലെ ശോഭിക്കുന്ന അമ്പാടിയില്‍, പവിഴമുത്തുപോലെ ഇവന്‍ വിളങ്ങുന്നു. താമരയിതള്‍ പോലെ കണ്ണുകളോടു കൂടിയ ഇവനെപ്പോലെ ഒരു കുഞ്ഞിനെ താന്‍ എവിടെയും കണ്ടിട്ടില്ലെന്നും പൂതന സ്മരിക്കുന്നു. ഇവനു മുലയൂട്ടുവാന്‍ കഴിയുന്നത് തന്റെ ജന്മസുകൃതമാണെന്നു പറഞ്ഞ് കുഞ്ഞിനു മുലപ്പാല്‍ നല്‍കുവാന്‍ ആരംഭിക്കുന്നു. രാക്ഷസിയായിട്ടുകൂടി പൂതനയുടെ ഉള്ളില്‍ കൃഷ്ണനോടു തോന്നിച്ച മാതൃവാത്സല്യം, അതിന്റെ മാറ്റൊട്ടും കുറയാതെ രംഗത്തവതരിപ്പിക്കുവാന്‍ മാര്‍ഗി വിജയകുമാറിന് ഇവിടെ സാധിച്ചു. മുലയൂട്ടുന്ന അമ്മയുടെ മുഖഭാവാദികള്‍ ഇതിലും തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മറ്റൊരു കലാകാരനും കഴിയുമെന്നും തോന്നുന്നില്ല. ഇതു കണ്ട്, ഒടുക്കം വരെ കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കാണികള്‍ കൈയ്യടിച്ചു പോയതിനും കാരണം മറ്റൊന്നല്ല. കുഞ്ഞിനെ വീണ്ടും തൊട്ടിയില്‍ കിടത്തി ഓരോന്നു കാട്ടി കളിപ്പിക്കുവാന്‍ തുടങ്ങുന്നു. പെട്ടെന്ന് തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ചോര്‍ത്ത്, ഇവനെ കൊല്ലുക തനിക്ക് സാധ്യമല്ലെന്ന് ചിന്തിക്കുന്നു. എന്നാല്‍ കാര്യം സാധിക്കാതെ തിരിച്ചു ചെന്നാല്‍ കംസന്‍ തന്നെ വധിക്കുമെന്ന ഭയത്താല്‍, ഇവനെ എങ്ങിനെയും കൊല്ലുക തന്നെ എന്ന് പൂതന തീരുമാനിക്കുന്നു.


കുഞ്ഞിനെ കൊല്ലുവാനായി അടുക്കുമ്പോള്‍ വീണ്ടും മാതൃവാത്സല്യം പൂതനയെ കീഴ്പ്പെടുത്തുന്നു. വാത്സല്യഭാവവും രാക്ഷസവീര്യവും മാറി മാറി പ്രകടമാക്കി ഒടുവില്‍ ജീവന്‍ പോയാലും ഇവനെ കൊല്ലുകയില്ല എന്നു നിശ്ചയിച്ച് മടങ്ങുവാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നെയും അവളിലെ രാക്ഷസസ്വഭാവം പ്രകടമാവുന്നു. കംസന്റെ ആജ്ഞ താന്‍ നടപ്പാക്കുമെന്നുറപ്പിച്ച് കുഞ്ഞിനെ എങ്ങിനെ കൊല്ലുമെന്ന് ചിന്തിക്കുന്നു. ഒടുവില്‍ മുലക്കണ്ണുകളില്‍ വിഷം പുരട്ടി കുഞ്ഞിനെ വധിക്കാമെന്നുറയ്ക്കുന്നു. അപ്പോള്‍ ചില സ്ത്രീകള്‍ അങ്ങോട്ടേക്ക് വരുന്നതു കണ്ട്, അവര്‍ മറ്റൊരു വഴിയെ പോയെന്നു കാട്ടി, ഇവിടെ ശരിയാവില്ലെന്നു പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറുന്നു. വാതിലും ജനാലകളുമടച്ച്, മുലയില്‍ വിഷം പിരട്ടി കുഞ്ഞിനെ പാലൂട്ടുന്നു. ഒടുവില്‍ പാലിനൊപ്പം പൂതനയുടെ ജീവ രക്തവുമൂറ്റി ശ്രീകൃഷ്ണന്‍ അവള്‍ക്ക് മോക്ഷം നല്‍കുന്നു. കൈകാലുകള്‍ ചെറുതായി തളരുന്നതില്‍ തുടങ്ങി, വേദന അസഹ്യമാവുമ്പോള്‍ സ്വരൂപം ധരിച്ച് അലറിക്കരഞ്ഞ് മരണവെപ്രാളം കാട്ടുന്നതുമൊക്കെ മാര്‍ഗി വിജയകുമാര്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചു. അധികം വലിച്ചു നീട്ടാതിരുന്നതും ഒരു മേന്മയായി പറയാം. ഒടുവില്‍ വേദനകളൊക്കെ മറന്ന് ആനന്ദത്തോടെ പൂതന വിഷ്ണുചൈതന്യത്തില്‍ ലയിക്കുകയാണല്ലോ, എന്നാല്‍ വിജയകുമാറിന്റെ പൂതനയില്‍ അങ്ങിനെയൊരു ആനന്ദം കാണുവാനുണ്ടായില്ല. ആ ഭാഗം മാത്രം അല്പം കൂടി മികച്ചതാക്കാമായിരുന്നു.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ സംഗീതം. ഇരുവരും നന്നായി തന്നെ പദഭാഗങ്ങള്‍ ആലപിക്കുകയുണ്ടായി. “സുകുമാര! നന്ദകുമാര!” എന്ന പദം ആനന്ദഭൈരവിയില്‍ തുടങ്ങി, ചരണങ്ങള്‍ രാഗം മാറ്റി പാടാറുണ്ട്. ഇവിടെയും ആ രീതിയിലായിരുന്നു അവതരണം, എന്നാല്‍ ഒരു രാഗത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം കൃഷ്ണന്‍‌കുട്ടിക്ക് അത്ര നന്നായി വഴങ്ങുന്നുണ്ടായിരുന്നില്ല. കൈക്കു കൂടുന്നതിലും മറ്റും മാര്‍ഗി രത്നാകരന്‍ പതിവുപോലെ മികവുപുലര്‍ത്തി. പൂതന കുഞ്ഞിനെ ചുംബിക്കുന്നു, പൂതന കുഞ്ഞിനെ ഞൊട്ടിവിളിക്കുന്നു; ഇതിങ്ങനെ ആവര്‍ത്തിച്ച് വരുമ്പോള്‍, രണ്ടിനും ഒരേ രീതിയില്‍ ശബ്ദമുതിര്‍ക്കുന്നതിനു പകരം ചുംബനത്തിന് എന്തെങ്കിലുമൊരു വ്യത്യസ്തത നല്‍കുവാന്‍ ശ്രമിക്കാവുന്നതായിരുന്നു. ഇടയ്ക്കയില്‍ മാര്‍ഗി കൃഷ്ണകുമാര്‍ കാര്യമായൊന്നും ചെയ്തുകണ്ടില്ല. ഒടുവിലെ ഭാഗങ്ങള്‍ക്ക് മാര്‍ഗി വേണുഗോപാലിന്റെ ചെണ്ടയും മേളത്തിനു ചേര്‍ന്നു. എല്ലാം കണക്കിലെടുക്കുമ്പോള്‍ വളരെ ആസ്വാദ്യകരമായിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ട ‘പൂതനാമോക്ഷ’മെങ്കിലും, മാര്‍ഗി വിജയകുമാറിന്റെ ഏറ്റവും മികച്ച പൂതനയാണ് ഇവിടെ അരങ്ങേറിയതെന്ന് കരുതുവാനില്ല. അദ്ദേഹത്തിന്റെ ദമയന്തിയും, സിംഹിക-ലളിതയുമൊക്കെ വേറിട്ട ഒരു അനുഭവമാണെങ്കില്‍, സാധാരണ എല്ലാവരും ചെയ്യുന്ന പൂതനയുടെ ഒരു മികച്ച അവതരണം മാത്രമാണ് ഇവിടെ കാണുവാനുണ്ടായത്. മാര്‍ഗി വിജയകുമാറിനെപ്പോലെ ഒരു കലാകാരന് ഇനിയും വികസിപ്പിക്കുവാനും മനോഹരമാക്കുവാനും സാധ്യതയുള്ള ഒരു കഥാപാത്രമാണ് പൂതന എന്നു തന്നെ കരുതുന്നു.

Description: PoothanaMoksham Kathakali: Organized by DrisyaVedi, Thiruvananthapuram as part of Fifteenth Kerala Rangakalolsavam. Purappadu by Kottackal Ravikumar. Melappadam by Margi Venugopal and Margi Krishnakumar in Chenda; Margi Rathnakaran and Kalanilayam Manoj in Chenda and Kalamandalam Krishnankutty and Kalanilayam Rajeevan in Vocal. Margi Vijayakumar as Poothana. Margi Krishnakumar in Idakka. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. June 18, 2009.
--