2007, നവംബർ 11, ഞായറാഴ്ച
കളര്‍കോട്ടെ ബാലിവധം
നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍
2007 നവംബര്‍ 3: മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കഥയാണ് ‘ബാലിവധം’. കഥയെക്കുറിച്ച് ഏകദേശധാരണയുള്ള ആര്‍ക്കും ഈ കഥ ആസ്വദിക്കുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെയൊരു പ്രത്യേകത. പദങ്ങളാവട്ടെ വളരെ സാധാരണമായ മലയാളം വാക്കുകള്‍ പയോഗിച്ചുള്ളവയാണെന്നതും, സാധാരണക്കാര്‍ക്ക് ഈ കഥയോട് പ്രിയം തോന്നുവാന്‍ കാരണമായിട്ടുണ്ട്. ബാലിവധം പൂര്‍ണ്ണമായി, ഈയിടെയായി ഒരു അരങ്ങിലും അവതരിപ്പിച്ച് കാണാറില്ല. സുഗ്രീവനും രാമനുമായുള്ള രംഗവും, ബാലി-സുഗ്രീവ യുദ്ധവും, ബാലിയുടെ മോക്ഷപ്രാപ്തിയുമാണ് ബാലിവധത്തില്‍ ഇപ്പോള്‍ നടപ്പുള്ള ഭാഗങ്ങള്‍. കളര്‍കോട്ടെ കളിയിലും ഇത്രയും ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
സുഗ്രീവന്റെ തിരനോക്കോടുകൂടിയാണ് കഥ ആരംഭിക്കുന്നത്. തിരനോട്ടത്തിനു ശേഷം, സുഗ്രീവന്റെ തന്റേടാട്ടമാണ്. സാധാരണ തന്റേടാട്ടങ്ങള് “എനിക്കേറ്റം സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്ന രീതിയിലാണ് തുടങ്ങാറുള്ളതെങ്കില്‍, സുഗ്രീവന് തുടങ്ങുന്നത് “വാനരരാജാവിന്റെ സഹോദരനായ, എന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ത്?”എന്നാണ്. തുടര്‍ന്ന് ബാലിയും മായാവിയുമായുണ്ടായ യുദ്ധത്തിന്റെ കഥയും, താന്‍ ചതിച്ചുവെന്ന് ധരിച്ച് ബാലി തന്നെ വധിക്കുവാനെത്തിയതും മറ്റും ഓര്‍ക്കുന്നു. അങ്ങിനെ താന്‍ ഈ മലയില്‍ ബാലിയെപ്പേടിച്ച് കഴിയുകയാണ് എന്നു പറഞ്ഞ് തന്റേടാട്ടം അവസാനിപ്പിക്കുന്നു. എന്തുകൊണ്ട് ബാലി ഇവിടെ എത്തി തന്നെ വധിക്കുന്നില്ല എന്നോര്‍ത്ത്, ബാലിക്കു ലഭിച്ച ശാപത്തിന്റെ കഥയും ചിലപ്പോള്‍ അവതരിപ്പിക്കുവാറുണ്ട്. എന്നാലിവിടെ അതുണ്ടായില്ല. സുഗ്രീവനായി കോട്ടയ്ക്കല്‍ ദേവദാസ്, തുടക്കം മികച്ചതാക്കി.
തന്റേടാട്ടത്തിന്റെ അവസാനത്തില്‍, മരവുരി ധരിച്ച് ജടാധാരികളായ രണ്ടുപേര്‍, കൈയില്‍ അമ്പും വില്ലുമായി തന്റെ വാസസ്ഥലത്തിനു നേര്‍ക്കു വരുന്നത് കണ്ട്; അവര്‍ ബാലി തന്നെ വധിക്കുവാന്‍ അയച്ച ശത്രുക്കളാണോ, അതോ മിത്രങ്ങളാണോ എന്ന് അറിഞ്ഞുവരുവാനായി ഹനുമാനെ അയയ്ക്കുന്നതായി ആടുന്നു. ഹനുമാന് തിരികെ വന്ന് അവരാരെന്നും മറ്റും ഉണര്‍ത്തിക്കുന്നു, അതുകേട്ട് സുഗ്രീവന് അവരെ സ്വീകരിച്ചുകൊണ്ട് വരുവാനായി ഹനുമാനെ തിരികെയയയ്ക്കുന്നു. അവരെ പ്രതീക്ഷിച്ച് സുഗ്രീവന് ഇരിക്കുമ്പോള്‍ ആദ്യ രംഗം അവസാനിക്കുന്നു. തുടര്‍ന്ന് ശ്രീരാമലക്ഷ്മണന്മാരും സുഗ്രീവനുമായുള്ള രംഗമാണ്. രാമനും ലക്ഷ്മണനുമായി രണ്ടുവേഷങ്ങള്‍ സാധാരണയായി പതിവുണ്ടെങ്കിലും ഇവിടെ ശ്രീരാമന് മാത്രമേ ഈ രംഗത്ത് ഉണ്ടായുള്ളൂ. ശ്രീരാമനായെത്തിയത് കലാമണ്ഡലം ഷണ്മുഖദാസാണ്. ഷണ്മുഖദാസിന്റെ വേഷഭംഗിയാണ് എടുത്തുപറയേണ്ടുന്ന ഒന്ന്. സ്ത്രീവേഷമായാലും, കത്തിയായാലും, പച്ചയായാലും, ഒരുപോലെ ഷണ്മുഖദാസിനിണങ്ങും.
തുടര്‍ന്ന് സുഗ്രീവന്റെ അവസ്ഥ മനസിലാക്കുന്ന രാമന് സഹായിക്കാമെന്നേല്‍ക്കുന്നു. സുഗ്രീവന് പറയുന്നു അതത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. തുടര്‍ന്ന് ബാലി നിഗ്രഹിച്ച ദുന്ദുഭിയുടെ അസ്ഥികാണിച്ച്, ഇതൊന്ന് ഇളക്കുവാന്‍ സാധിച്ചാല്‍ തനിക്ക് രാമന്റെ ശക്തി ബോധ്യം വരുമെന്നറിയിക്കുന്നു. രാമന് തന്റെ പാദത്തിലെ തള്ളവിരലുപയോഗിച്ച് അസ്ഥി ദൂരേയ്ക്ക് എറിയുന്നു. തുടര്‍ന്ന് ബാലി കൈത്തിരിപ്പ് തീര്‍ക്കുന്ന സാലവൃക്ഷങ്ങളെക്കാണിച്ച്, ഇവയിലൊരണ്ണം അസ്ത്രമയച്ച് പിളര്‍ക്കുവാന്‍ സാധിക്കുമോ എന്ന് സുഗ്രീവന് ആരായുന്നു. രാമനാവട്ടെ ഒറ്റ ബാണത്താല്‍ എല്ലാ സാലവൃക്ഷങ്ങളേയും പിളര്‍ത്തി അസ്ത്രത്തെ തിരികെ ആവനാഴിയിലെത്തിച്ച് തന്റെ പരാക്രമം സുഗ്രീവന് ബോധ്യമാക്കിക്കൊടുക്കുന്നു.
ബാലിയെ നിഗ്രഹിക്കുന്നതിനു പകരമായി, സീതയെ തിരഞ്ഞു കണ്ടുപിടിക്കുവാന്‍ രാമനെ സഹായിക്കാമെന്ന് സുഗ്രീവന് വാക്കു നല്കുന്നു. സീതയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ രാമനെ കാണിക്കുന്നു. ലക്ഷ്മണന് രംഗത്തുണ്ടെങ്കില്‍, ആഭരണങ്ങളിലെ പാദസരം തിരിച്ചറിയുന്നതായി ആടുന്നത് ലക്ഷ്മണനാണ്. “മറ്റൊന്നും എനിക്ക് ജ്യേഷ്ഠത്തിയുടേതാണെന്ന് ഉറച്ചു പറയുവാന്‍ കഴിയില്ല. എന്നാല്‍ താന്‍ എന്നും പ്രഭാതത്തില്‍ ജ്യേഷ്ഠന്റേയും ജ്യേഷ്ഠത്തിയുടേയും പാദം കഴുകുമ്പോള്‍ ഈ പാദസരം കാണാറുള്ളതിനാല്‍ ഇത് എനിക്ക് ജ്യേഷ്ഠത്തിയുടേതു തന്നെയെന്ന് ഉറപ്പിച്ചുപറയുവാന്‍ കഴിയും.” എന്നാണ് ലക്ഷ്മണന്റെ ആട്ടം. എന്നാലിവിടെ ലക്ഷ്മണന്റെ അഭാവത്തില്‍, പാദസരം കണ്ടു വിഷമിക്കുന്ന രാമനെ മാത്രമേ അവതരിപ്പിച്ചുള്ളൂ. ലക്ഷ്മണനില്ലെങ്കില്, ഇങ്ങിനെയൊരു മനോധര്‍മ്മത്തില്‍ കാര്യമായൊന്നും കാണിക്കുവാനില്ല. തുടര്‍ന്ന് ബാലിയെ യുദ്ധത്തിനു വിളിക്കുക, യുദ്ധത്തിനിടയില്‍ താന്‍ അമ്പെയ്ത് ബാലിയെ നിഗ്രഹിക്കുന്നതാണ് എന്നു പറഞ്ഞ് രാമന് സുഗ്രീവനെ യാത്രയാക്കുന്നു.
കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനാണ് ബാലിയായി അരങ്ങിലെത്തിയത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലിവേഷമായി കരുതപ്പെടുന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ ബാലിക്ക്, ഒരു പിന്മുറക്കാരനെ രാമചന്ദ്രന് ഉണ്ണിത്താന്റെ ബാലിയില്‍ കാണാം. കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനും കോട്ടയ്ക്കല്‍ ദേവദാസും തമ്മിലുള്ള ‘കെമിസ്ട്രി’ വളരെ നന്നായി പ്രയോഗത്തില്‍ വന്ന രംഗങ്ങളായിരുന്നു തുടര്‍ന്ന്. സാധാരണയായി, ആദ്യത്തെ വട്ടം ബാലിയില്‍ നിന്നും ധാരാളം പ്രഹരാങ്ങളേറ്റ് വിവശനാവുന്ന സുഗ്രീവന് യുദ്ധഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോടി, രാമന്റെയടുത്തെത്താറുണ്ട്. എന്തുകൊണ്ട് ബാലിയെ വധിച്ചില്ല, എന്നു ചോദിക്കുന്ന ബാലിയോട്, രാമന് പറയുന്നത്, രണ്ടാളും തമ്മില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ബാലിയാര്, സുഗ്രീവനാര് എന്നു മനസിലായില്ലെന്നാണ്. തുടര്‍ന്ന് തിരിച്ചറിയുവാനായി ഒരു മാലയണിഞ്ഞാണ് സുഗ്രീവന് വീണ്ടും യുദ്ധത്തിനെത്തുന്നത്. എന്നാലിവിടെ ഇതൊന്നും ഉണ്ടായില്ല, സമയക്കുറവായിരിക്കാം കാരണം. ആദ്യ യുദ്ധരംഗത്തില്‍ തന്നെ മാലയിടീച്ചാണ് രാമന് സുഗ്രീവനെ അയയ്ക്കുന്നത്, മാല ഭാവനയില്‍ മാത്രമായിരുന്നു താനും.
യുദ്ധത്തിനു മുന്‍പുള്ള മനോധര്‍മ്മാട്ടത്തില്‍, ബാലി സുഗ്രീവനോട് ചോദിക്കുന്നു. ആരൊക്കെയാണ് നിന്റെയടുത്തെത്തിയ ജടാധാരികള്‍, അവരെന്തിനാണ് മരത്തിനു മുകളില്‍ ഇവിടെ മറഞ്ഞിരിക്കുന്നത്, എന്തെങ്കിലും ചതി മനസിലുണ്ടോ എന്നൊക്കെ. സുഗ്രീവന് “ദൈവമേ, എല്ലാം മനസിലാക്കിയോ?” എന്ന് സംശയിച്ച്, ബാലിയോട് പറയുന്നു, “അങ്ങിനെയൊന്നുമില്ല...” എന്ന്. എന്നാല്‍ ബാലി ഇത്രയുമൊക്കെ അറിയുന്നതായി നടിക്കുന്നത് എത്രമാത്രം ശരിയാണ്? അതുപോലെ രാമന് പറയുന്നു, “പുത്രഭാര്യയെ ഭവാന് അപഹരിച്ചതിനാലാണ് അങ്ങയെ വധിച്ചത്.” എന്ന്. “അങ്ങിനെയൊരിക്കലും ഞാന്‍ കരുതിയിട്ടില്ല, ഞാന്‍ അപഹരിച്ചിട്ടില്ല...” എന്നൊക്കെ ബാലി പറയുന്നതായാണ് ഇവിടെ ആടിയത്. എന്നാല്‍ അതിനൊരു ന്യായീകരണം നല്‍കിയതുമില്ല. സത്യത്തില്‍, ബാലി തന്റെ തെറ്റുകള്‍ മനസിലാക്കുന്നതായല്ലേ ആടേണ്ടത്? എങ്കിലല്ലേ ‘കൊല്ലുവതിനര്ഹനായൊരെന്നിയിവിടെ, കല്യാ നീ കൊന്നതുചിതം’ എന്ന പദത്തിന് പ്രസക്തിയുണ്ടാവുന്നുള്ളൂ?
ബാലിയുടേയും സുഗ്രീവന്റേയും ഉടുത്തുകെട്ടും ചുട്ടിയും മികവു പുലര്‍ത്തി. തീപ്പന്തങ്ങളും മരച്ചില്ലകളുമൊക്കെ പിടിച്ചുള്ള ബാലിയുടെ തിരനോക്കും, തിരശീലയ്ക്ക് ഇരുവശവും നിന്നുള്ള ബാലി-സുഗ്രീവന്മാരുടെ പോര്‍വിളികളും, യുദ്ധത്തിനു മുന്നോടിയായുള്ള കുരങ്ങന്മാരുടെ ചേഷ്ടകളും മറ്റും ഈ രംഗങ്ങളുടെ കൊഴുപ്പുകൂട്ടി. ഇവയൊന്നും അമിതമാവാതിരിക്കുവാന് രണ്ടുപേരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ അവസാന രംഗങ്ങളില്‍ അസ്ത്രമേറ്റ് വീണു കിടക്കുമ്പോള്‍ ബാലി, ‘രാമ, താരേ, അംഗദാ’ എന്നൊക്കെ വിളിച്ചു കൂവിയത്, അല്പം കടന്നു പോയതായും തോന്നി. അവസാന ഭാഗത്ത് അംഗദനേക്കാള് ബാലി സുഗ്രീവനോടാണ് കൂടുതല്‍ അടുപ്പം കാണിക്കാറുള്ളത്, എന്നാലിവിടെ സുഗ്രീവനെ ഒഴിവാക്കി താരയേയും അംഗദനേയുമാണ് കൂടുതല്‍ ബാലി ആശ്രയിച്ചത്. ബാലിയുടെ അന്ത്യനിമിഷങ്ങളും, അവസാനശ്വാസവുമെല്ലാം ഉണ്ണിത്താന് ഭംഗിയായി അവതരിപ്പിച്ചു. താരയായി മുരളീധരന് നമ്പൂതിരി, അംഗദനായി ചേര്‍ത്തല സുനില്‍ എന്നിവരാണ് വേഷമിട്ടത്. ബാലിവധം ആലപിച്ചത് കോട്ടയ്ക്കല്‍ മധു, കലാനിലയം ബാബു എന്നിവര്‍ ചേര്‍ന്നാണ്. മേളമൊരുക്കിയത് കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശശി, കലാമണ്ഡലം അച്ചുതവാര്യര്‍ എന്നീ കലാകാരന്മാരായിരുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍, അല്പം വിട്ടുവീഴ്ചകളൊക്കെ സമയം ലാഭിക്കുവാനായി ചെയ്തുവെങ്കിലും, വളരെ നന്നായ ഒരു കളിയായിരുന്നു കളര്‍കോട്ടെ ബാലിവധം.
നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍
Keywords: Balivadham, Kathakali, Bali, Sugreevan, Raman, Thara, Amgadan, Kalamandalam, Ramachandran Unnithan, Kottackal, Devadas, Kalakendram Muraleedharan Nampoothiri, Cherthala Sunil, Kottackal Madhu, Kalanilayam Babu, Kalamandalam Krishnadas, Kalamandalam Sasi, Kurur Vasudevan Nampoothiri, Kalamandalam Achuthavarier.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri
6 അഭിപ്രായങ്ങൾ:
കളര്‍കോട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2007-ലെ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന ബാലിവധം കഥകളിയുടെ ഒരു ആസ്വാദനം...
--
ഹരീ ഈ വിവരണവും നന്നായിരിക്കുന്നു. ബാലിവധം പൂര്‍ണ്ണമായി, ഈയിടെയായി അധികം അവതരിപ്പിച്ച് കാണുന്നില്ല.രാവണന് പ്രധാനമായിട്ടുള്ള ഇതിന്റെ ആദ്യഭാഗവും ചിട്ടപ്രധാനമാണ്. കഴിഞ്ഞരാമായണമാസത്തില് ശ്രീവല്ലഭക്ഷേത്രത്തില്‍ വച്ച് മടവൂരാശാന്റെ ബാലിവധത്തിലെ രാവണന് കാണാന്‍ സാധിച്ചിരുന്നു.
സാധാരണയായി, ആദ്യത്തെ വട്ടം ബാലിയില്‍ നിന്നും ധാരാളം പ്രഹരാങ്ങളേറ്റ് വിവശനാവുന്ന സുഗ്രീവന് യുദ്ധഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോടി, രാമന്റെയടുത്തെത്താറുണ്ട്.
ഇങ്ങിനെ സാധാരണ നടപ്പിലുണ്ടോ?ഇല്ലല്ലൊ?
ആദ്യയുദ്ധം,മടങ്ങിവരവ്,രണ്ടാമത്തെ പോര്‍വിളി,
അതുകേട്ട് യുദ്ധത്തിനുപുറപ്പെടുന്ന ബാലിയെ താര തടയുന്നു..ഈ രംഗങ്ങള്‍ സാധാരണ നടപ്പിലില്ലാത്തവയല്ലെ.
നല്ല പടവും വിവരണവും
അഭിനന്ദനങ്ങള്‍
phOtto kaNT pETi aakunnu
good description
:)
upaasana
ആസ്വാദനം കലക്കുന്നുണ്ട് കേട്ടോ.. നല്ല ഫോട്ടോസും. ഇവിടെ ഫ്ലിക്കര്‍ ബ്ലോക്ക് ചെയ്തിറ്റിക്കുകയാണ്. അതു കൊണ്ട് എല്ലാ ചിത്രങ്ങളും കണ്ടില്ല.. :)
കഥകളി ഞാനിന്നേവരെ കണ്ടിട്ടില്ല. എന്നെങ്കിലും കാണുവാന്‍ സാധിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഹരീ ഈ അസ്വാദനം നന്നായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--