
![]() ![]() |
കലാനിലയം ഗോപിനാഥനാണ് ശുക്രാചാര്യരായി അരങ്ങിലെത്തിയത്. ശുക്രാചാര്യരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനായി. കചന് തന്റെ സത്വം വെളിപ്പെടുത്തുമ്പോള്‍, ‘വന്നത് ആരും കണ്ടില്ലല്ലോ?’ എന്നൊക്കെ സന്ദര്‍ഭോചിതമായ രീതിയില്‍ പ്രതികരിക്കുവാനും അദ്ദേഹം മറന്നില്ല. എന്നാല്‍ കചന് സത്യം അതുപോലെ പറഞ്ഞതിനാല്‍, ഇവന് കള്ളമില്ലാത്തവനാണ് എന്നൊരു ആട്ടം കൂടി ആവാമായിരുന്നു. അതുപോലെ പലയിടത്തും, രാക്ഷസന്മാരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ ശുക്രാചാര്യരില് നിന്നുമുണ്ടായി; അവയും ഒഴിവാക്കാമായിരുന്നതായി തോന്നി. രാക്ഷസഗുരുവായി പോയില്ലേ, എല്ലാം സഹിക്കുക തന്നെ എന്നൊരു ഭാവമായിരുന്നു ഗോപിനാഥന്റെ ശുക്രാചാര്യര്‍ക്ക്. ‘ഇവിടെ വന്നത് ആരെങ്കിലും കണ്ടുവോ?’ എന്നു ഉത്കണ്ഠപ്പെടുന്ന ഗുരുവിനോട് കചന് പറയുന്നത്, ‘താന്‍ യുദ്ധത്തിനല്ല എത്തിയത്, പഠിക്കുവാനാണ്!’ എന്നാണ്. ‘രാക്ഷസര്‍ക്ക് ശണ്ഠയുണ്ടാക്കുവാന്‍ കാരണമൊന്നും വേണ്ട, ദേവലോകത്തു നിന്നും വന്നവനാണ് എന്നതു തന്നെ ധാരാളം!’ എന്ന് ശുക്രനും പറയുന്നു. ഗുരുവിന്റെ പക്കല്‍ നിന്നും എഴുത്തോല സ്വീകരിക്കുമ്പോള്‍, കചന്റെ കൈയില്‍ നിന്നും അത് താഴെ വീഴുന്നു. ദുഃശകുനമായല്ലോ എന്നോര്‍ത്ത് ഖേദിക്കുന്ന കചനോട്, മനസുറപ്പോടെ പഠനം ആരംഭിക്കുവാന്‍ ഗുരു ഉപദേശിക്കുന്നു.
![]() ![]() |
![]() ![]() |
പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മങ്ങളാണ്. കചന്റെ മറുപടിയില്‍ പരിഭവിച്ചു നില്ക്കുന്ന ദേവയാനിയെ സന്തോഷിപ്പിക്കുവാനാണ് കചന്റെ ശ്രമം. പുത്രിയോട് വളരെ വാത്സല്യമുള്ള ശുക്രാചാര്യര്‍, തന്നെ പറഞ്ഞു വിടതിരിക്കുവാന്‍ ദേവയാനിയെ പിണക്കാതിരിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നു സാധാരണ കചന്മാര്‍ ആടിക്കാണാറുണ്ട്. ഇവിടെ അങ്ങിനെയൊരു കാരണവും കലാമണ്ഡലം ഗോപി ആടിയില്ല. ഒരിഷ്ടം പറഞ്ഞാല്‍ സാധിച്ചു തരാത്ത അങ്ങയോട് മിണ്ടില്ലെന്നു പറയുന്ന ദേവയാനിയോട് കചന് വീണ്ടും പറയുന്നു, തന്റെ പഠനകാലത്ത് ഈ വക വിചാരങ്ങളുണ്ടായാല്‍ പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുകയില്ല. ഇതു കേട്ട്, എങ്കില്‍ പഠനത്തിനു ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുക എന്നാവുന്നു ദേവയാനിയുടെ ആവശ്യം; ഉറപ്പൊന്നും നല്കുവാന് കഴിയില്ല എന്നു പറഞ്ഞ് കചന് ഒഴിവാകുന്നു.
![]() ![]() |
കാട്ടിലെത്തുന്ന കചനെ, സുകേതു എന്ന രാക്ഷസകിങ്കരന്‍ കാണുന്നു. കചനെ തിരിച്ചറിയുന്ന സുകേതു, അവനെ വധിച്ച്, ശവം പൊടിച്ച് മദ്യത്തില്‍ ചേര്‍ത്ത് ശുക്രാചാര്യര്‍ക്കു നല്കുന്നു. വളരെ നേരമായിട്ടും കചനെ കാണാഞ്ഞ് ദേവയാനി ശുക്രാചാര്യരുടെ പക്കലെത്തുന്നു. ജ്ഞാനദൃഷ്ടിയിലൂടെ കചന് തന്റെ ഉദരത്തിലാണെന്നും, അതെങ്ങിനെ സംഭവിച്ചുവെന്നും മനസിലാക്കുന്ന ശുക്രന്; തന്റെ അവസ്ഥ മകളെ അറിയിക്കുന്നു. അച്ഛനിലാണോ, കചനിലാണോ മകള്‍ക്ക് പ്രിയമെന്നാരായുന്ന ഒരു സാധാരണ അച്ഛനാവുന്നു ശുക്രാചാര്യര്‍ ഇവിടെ. ഇരുവരും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നുള്ള ദേവയാനിയുടെ മറുപടി കേട്ട്; തന്റെ ഉദരത്തിലുള്ള കചനെ മൃതജീവനി മന്ത്രത്താല്‍ ജീവിപ്പിച്ച്, കചന് മന്ത്രം ശുക്രാചാര്യര്‍ ഉപദേശിക്കുന്നു. ശുക്രന്റെ ഉദരം പിളര്‍ന്ന് പുറത്തുവരുന്ന കചന്, മന്ത്രശക്തിയാല്‍ ശുക്രാചാര്യരേയും പുനരുജ്ജീവിപ്പിക്കുന്നു. തന്റെ ആഗമനോദ്ദേശം പൂര്‍ത്തിയായ കചന്, ഗുരുവിനെ വന്ദിച്ച് തിരികെ ദേവലോകത്തേക്ക് മടങ്ങുവാന്‍ ശുക്രനോട് അനുമതി ചോദിക്കുന്നു. തന്റെ മദ്യാസക്തിയാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാര്യമെന്ന് തിരിച്ചറിയുന്ന ശുക്രന്, ഇനിയൊരു ബ്രഹ്മണന് അല്പമെങ്കിലും മദ്യം സേവിച്ചാല്‍, അവന് പാപിയായി തീരുമെന്ന് കുലത്തെ ഒന്നടങ്കം ശപിക്കുന്നു. തുടര്‍ന്ന് കചന് മടങ്ങുവാനുള്ള അനുമതി നല്കുന്നു.
![]() ![]() |
ദേവയാനി കാണാതെ അവിടെ നിന്നും പോകുവാന്‍ ശ്രമിക്കുന്ന കചന്, ദേവയാനിയുടെ മുന്നില്‍ തന്നെ ചെന്നു പെടുന്നു. “സുന്ദരകളേബര! നന്ദിതസുരവര!” എന്ന മനോഹരമായ പദമാണിവിടെ. അത്യധികം പ്രേമത്തോടുകൂടി എന്നെ കാമിച്ചത് പോകുവാനായാണോ, അങ്ങയെ പരദൈവമായി നിനച്ച് സ്നേഹിച്ചു കഴിയുന്ന എന്നോട് ഒന്നും മിണ്ടാതെ പോവുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; എന്നിങ്ങനെയുള്ള ദേവയാനിയുടെ പരിദേവനങ്ങളാണ് ഈ പദത്തില്‍. മയത്തില്‍ പറഞ്ഞ് ദേവയാനിയെ അനുനയിപ്പിക്കുവാന്‍ കചന് ശ്രമിക്കുന്നു. എന്നാല്‍ തന്റെ കരംഗ്രഹിക്കണമെന്ന ആവശ്യത്തില്‍ ദേവയാനി ഉറച്ചു നില്ക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും ദേവയാനി കൂട്ടാക്കുന്നില്ലെന്നു കണ്ട് കചന് തന്റെ സ്വരം അല്പം കടുപ്പിക്കുന്നു. ദേവയാനിയാണ് തന്റെ പുതുജീവന്‍ ഹേതുവെങ്കില്‍, അമ്മയുടെ സ്ഥാനമാണുള്ളത്; ശുക്രാചാര്യരുടെ ഉദരത്തില്‍ നിന്നുമാണ് ഞാന്‍ ജനിച്ചത്, അതിനാല്‍ ദേവയാനി തനിക്ക് സഹോദരിയുമാണ്. ഈ കാരണങ്ങള്‍ പറഞ്ഞ് കചന്, ദേവയാനിയെ ഇവിടെ ത്യജിക്കുകയാണെന്ന് ഉറപ്പിച്ചു പറയുന്നു. താന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും, കാരിരുമ്പുമനസുമായി നില്ക്കുന്ന ഇവനോട് കരുണ തോന്നേണ്ടതുണ്ടോ എന്ന് ദൈവത്തോട് ചോദിച്ച്; പണ്ടുചെയ്തു തന്നതൊക്കെയും ഒരു വിഷമവുമില്ലാതെ മറന്ന നിനക്ക്, പഠിച്ചതൊന്നും ഉപകാരപ്പെടാതെ പോവട്ടെ എന്ന് ദേവയാനി കചനെ ശപിക്കുന്നു. കാമാര്‍ത്തി പെരുത്ത് ദുര്‍മ്മദയായ നിന്റെ ശാപം ധര്‍മ്മതത്പരനായ എനിക്ക് ഏല്‍ക്കുമോ എന്നു ചോദിച്ച്, നിന്നെ ബ്രഹ്മകുലത്തില് പെട്ട ഒരുവനും പത്നിയായി സ്വീകരിക്കുവാന്‍ ഇടവരാതിരിക്കട്ടെ എന്ന് കചനും ദേവയാനിയെ ശപിക്കുന്നു.
![]() ![]() |
‘കചദേവയാനി’ പോലെയൊരു കഥയ്ക്ക് മേളക്കാര് വേഷക്കാരുടെ കൈക്കുകൂടുന്നതില്‍ ഒട്ടും ലോപം വരുത്തുവാന്‍ പാടുള്ളതല്ല. വിശേഷിച്ചും, ആദ്യഭാഗത്തുള്ള കചന്റെ മനോധര്‍മ്മങ്ങള്‍ക്കും, തുടര്‍ന്നു വരുന്ന കചനും ദേവയാനിയും ചേര്‍ന്നുള്ള ആട്ടങ്ങള്‍ക്കും മേളം പ്രധാനമാണ്. കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയിലും, കലാനിലയം മനോജ് മദ്ദളത്തിലും ഒരുമിച്ചൊരുക്കിയ കളിയുടെ മേളം അവസരത്തിനൊത്തുയര്‍ന്നു. മുന്‍പു സൂചിപ്പിച്ച ആട്ടങ്ങള്‍ ഇത്രയും ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെട്ടതില്‍ ഇവരുടെ പങ്കും ചെറുതല്ല. കലാനിലയം സജിയുടെ ചുട്ടി, എരൂര്‍ ശ്രീഭുവനേശ്വരി കഥകളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവയും നിലവാരം പുലര്‍ത്തി. ചെറിയ നിലയിലുള്ള ഒരു ഗ്രന്ഥശാല ഇത്തരമൊരു കളി അവതരിപ്പിക്കുവാന്‍ ഉത്സാഹിച്ചത് തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ. വേദിയിലെ വെളിച്ചക്കുറവും, ശബ്ദക്രമീകരണത്തിലെ പോരായ്മകളും തത്കാലം മറക്കാം. മനോധര്‍മ്മങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മൈക്കിലൂടെ അവ വിശദീകരിക്കുന്നത് സാധാരണക്കാര്‍ക്ക് കളി മനസിലാകുവാന്‍ സഹായകകരമാണ്. എന്നാല്‍ അവിടെയും ഇവിടെയും മാത്രം വിശദീകരിക്കുന്നതും, കല്പനകളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഓരോ മുദ്രയ്ക്കും അര്‍ത്ഥം വേര്‍തിരിച്ചു പറയുന്നതും ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. കഥകളി അഭ്യസിച്ച ഒരു കലാകാരന് തന്നെ ഈ കര്‍മ്മം ചെയ്യുന്നതാണ് ഭംഗി. ചുരുക്കത്തില്‍, സമയപരിമിതിയുണ്ടായിരുന്നതിനാല്‍ അല്പം വേഗത്തില്‍ തീര്‍ത്ത കളിയായിരുന്നെങ്കിലും, കാണികള്‍ക്ക് ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ഇവിടുത്തെ ‘കചദേവയാനി’ക്ക് സാധിച്ചു.
Description: Elavoor MahatmaGandhi Library Annual Celebrations 2009 - KachaDevayani Kathakali: Kalamandalam Gopi (Kachan), Margi Vijayakumar (Devayani), Kalanilayam Gopinathan (Sukran), Kalamandalam Arun Varier (Sukethu); Pattu: Kalanilayam Unnikrishnan, Kalanilayam Rajeevan; Chenda: Kalamandalam Unnikrishnan; Maddalam: Kalanilayam Manoj; Chutti: Kalanilayam Saji; Kaliyogam: Sri Bhavaneeswari Kathakaliyogam, Eroor. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--