2009, ജൂലൈ 30, വ്യാഴാഴ്‌ച

തോന്നക്കലെ നളചരിതം മൂന്നാം ദിവസം

Nalacharitham Moonnam Divasam Kathakali Appreciation by Haree for Kaliyarangu. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan etc.

ജൂലൈ 19, 2009: തോന്നക്കല്‍ നാട്യഗ്രാമത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നളചരിതം മൂന്നാം ദിവസം’ കഥകളി അരങ്ങേറി. സദനം കൃഷ്ണന്‍‌കുട്ടി ബാഹുകനേയും; കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ കാര്‍ക്കോടകന്‍, സുദേവന്‍ എന്നീ വേഷങ്ങളും; കലാമണ്ഡലം രാജീവന്‍ നളന്‍, ഋതുപര്‍ണന്‍ എന്നിവരേയും അവതരിപ്പിച്ചു. കലാഭാരതി വാസുദേവന്‍ ദമയന്തിയായും; കലാമണ്ഡലം അരുണ്‍‌ജിത്ത്, കലാമണ്ഡലം അമല്‍‌രാജ് എന്നിവര്‍ ജീവലവാര്‍ഷ്ണേയന്മാരായും അരങ്ങിലെത്തി. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവര്‍ സംഗീതത്തിലും; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവര്‍ മേളത്തിലും കളിക്ക് പിന്നണികൂടി. വെളുത്ത നളന്റെ ആദ്യ രണ്ടു പദങ്ങളൊഴിവാക്കി “അന്തികേ വന്നിടേണം...” എന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് ഇവിടെ കളി ആരംഭിച്ചത്.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനും കലാമണ്ഡലം രാജീവന്റെ വെളുത്ത നളനും ഒത്തുചേര്‍ന്ന ആദ്യ രംഗത്തിന് പറയത്തക്ക ആകര്‍ഷണീയതയൊന്നും പറയുവാനുണ്ടായില്ല. മൂന്നാം ദിവസത്തെ നളന്റെ സ്ഥായീഭാവം രാജീവന്റെ വേഷത്തില്‍ കാണുവാനില്ലായിരുന്നു. പദങ്ങളൊക്കെ മുദ്രകാട്ടി തീര്‍ത്തുവെന്നുമാത്രം. “എന്നുടെ കഥകളെ എങ്ങിനെ...” എന്ന ഭാഗമൊക്കെ എത്തുമ്പോള്‍, നളനിലൂടെ കഴിഞ്ഞതെല്ലാം ഒന്ന് മിന്നിമറയുകയെങ്കിലും വേണ്ടേ? രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനില്‍ വളരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ഇവിടുത്തെ വേഷം നിരാശപ്പെടുത്തി. തീയില്‍ വെന്തുനീറുന്ന കാര്‍ക്കോടകന്റെ വിഷാദഭാവം സ്ഥിരമായി നിര്‍ത്തി എന്നതുമാത്രം ഒരു മേന്മയായി പറയാം. അതൊഴിച്ചാല്‍ പദങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി മുദ്രയില്‍ അവതരിപ്പിക്കുന്നതില്‍ പോലും അദ്ദേഹം പിന്നിലായിരുന്നു.


സദനം കൃഷ്ണന്‍‌കുട്ടിയുടെ മൂന്നാം ദിവസം ബാഹുകനെപ്പോലെ സന്തോഷവാനായ ഒരു ബാഹുകനെ ഇതുവരെ അരങ്ങില്‍ കാണുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആ വേഷത്തെക്കുറിച്ച് പറയേണ്ട പ്രഥമകാര്യം. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിയായി ചെയ്തു തീര്‍ക്കേണ്ട ഒരു വേഷമല്ലല്ലോ മൂന്നാം ദിവസം ബാഹുകന്‍. കുറച്ചു കൂടി പക്വമായ സമീപനം ഇത്രയും മുതിര്‍ന്ന കലാകാരനായ അദ്ദേഹത്തില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട്. “മനസുകൊണ്ടു കണ്ടു...” എന്നതൊക്കെ അതുപോലെ മുദ്രകാട്ടുകയല്ലാതെ, ‘മനക്കണ്ണുകൊണ്ട് അറിഞ്ഞു...’ എന്നിങ്ങനെ വിപുലീകരിച്ച അര്‍ത്ഥകല്പനകളും കൃഷ്ണന്‍‌കുട്ടിയുടെ ബാഹുകനില്‍ നിന്നുമുണ്ടായില്ല. എന്നാല്‍ “ഇന്ദുമൌലീഹാരമേ! നീ...” എന്ന ഭാഗത്ത് ഹാരത്തെ വിശേഷിപ്പിച്ച് മുത്തുമാലയെന്നാക്കുകയും ചെയ്തു! ശിവന്റെ കഴുത്തില്‍ ഹാരമായി വസിക്കുന്ന കാര്‍ക്കോടകനെ പറയുവാന്‍, മുത്തുമാല എന്തിനാണ്?


പദാവസാനത്തിനു ശേഷം ഇരുവരും ചേര്‍ന്ന് ചെറിയ ചില മനോധര്‍മ്മങ്ങളും ആടുകയുണ്ടായി. ശിവന്റെ ഹാരമായ തനിക്ക് ഇപ്രകാരമൊരു ഗതി വന്നില്ലേ, അതിനാല്‍ ധാരാളം ദാനധര്‍മ്മങ്ങള്‍ ചെയ്ത കൈകൊണ്ട് മറ്റൊരു രാജാവിന് സേവ ചെയ്യേണ്ടി വരുന്നതില്‍ ദുഃഖിക്കേണ്ടതില്ല എന്നാണ് കാര്‍ക്കോടകന്‍ ബാഹുകനെ സമാധാനിപ്പിക്കുന്നത്. ബാഹുകന് നാണം മറയ്ക്കുവാന്‍ ഒരു വസ്ത്രവും പിന്നീട് സ്വരുപം തിരികെ ലഭിക്കുവാന്‍ മറ്റൊരു വസ്ത്രവും, ഇങ്ങിനെ രണ്ടു വസ്ത്രം കാര്‍ക്കോടകന്‍ നല്‍കുകയുണ്ടായി. ഏതായാലും ഒരു വസ്ത്രം ഉടുത്ത്, അടുത്ത വസ്ത്രം ഒളിപ്പിക്കുന്നതായി ആടുവാനുള്ള ഔചിത്യം സദനം കൃഷ്ണന്‍‌കുട്ടി കാണിച്ചു. അത്രയും ഭാഗ്യം! കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം ബാഹുകന്‍ ഇപ്രകാരം ചിന്തിക്കുന്നു: ‘കഷ്ടം! ചന്ദ്രവംശത്തില്‍ പിറന്ന ഞാന്‍ സൂര്യവംശത്തിലെ മറ്റൊരു രാജാവിന്റെ സേവകനായി കഴിയേണ്ടി വരിക! ഇതില്പരമൊരു ദുര്‍ഗതി വേറെയെന്തു വരുവാനാണ്. ആവട്ടെ, ഋതുപര്‍ണനെ ചെന്നു കാണുക തന്നെ!’. ഇത്രയുമാടി വനത്തില്‍ യാത്ര തുടരുന്ന ബാഹുകന്‍ കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്.


സൂര്യപ്രകാശം പോലും കടക്കാത്തവണ്ണം തിങ്ങിനിറഞ്ഞ കാട്ടില്‍ ഒരു തെളിനീരുറവ, മാനുകള്‍ വെള്ളം കുടിക്കുവാനായെത്തുന്നു. ഇവിടെയെത്തുന്ന ബാഹുകന്‍ കാണുന്നതായുള്ള ‘മാന്‍‌പ്രസവ’മെന്ന ആട്ടമാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ഗോപിയുമായി താരതമ്യം ചെയ്താല്‍, അത്രയൊന്നും തീവ്രത കൈവരിക്കുവാനായില്ലെങ്കിലും മോശമാവാതെ ഈ ഭാഗം ആടുവാന്‍ സദനത്തിനായി. പക്ഷെ, മുദ്രകള്‍ കൃത്യമായി കാട്ടുന്നതില്‍ അദ്ദേഹം കാട്ടുന്ന അലംഭാവം ആട്ടങ്ങളുടെ ഭംഗി കുറയ്ക്കുന്നു. ഉദാഹരണത്തിന് മുഷ്ടിയില്‍ തുടങ്ങി പതാകയില്‍ അവസാനിപ്പിക്കേണ്ട ‘ജനന’ത്തിനെ ഹംസപക്ഷത്തില്‍ അവസാനിപ്പിച്ചാല്‍ ആ അര്‍ത്ഥമുദ്രയുടെ മുഴുവന്‍ ഭംഗിയും നഷ്ടമാവുന്നു. കാട് അവസാനിച്ചതായി അറിഞ്ഞ്, വഴിയില്‍ കണ്ടുമുട്ടുന്നവരോട് വഴി തിരക്കി ബാഹുകന്‍ ഋതുപര്‍ണന്റെ രാജധാനിയിലെത്തുന്നു. ഇവിടെ, ഒരു കൊടിയല്ല നിരവധി കൊടിക്കൂറകളാണ് സഹായാര്‍ത്ഥികളെ സ്വാഗതം ചെയ്തു നില്‍ക്കുന്നതായി ബാഹുകന്‍ കാണുന്നത്. സേവകരോട് അനുവാദം വാങ്ങി, സുന്ദരിമാരുടെ പാട്ടും നൃത്തവും അവഗണിച്ച് ബാഹുകന്‍ രാജസഭയിലെത്തുന്നു.


ബാഹുകന്മാരെല്ലാവരും സഭാമന്ദിരത്തിലെ സുവര്‍ണസിംഹാസനത്തില്‍ ജീവലവാര്‍ഷ്ണേയന്മാരോടൊത്ത് വസിക്കുന്ന ഋതുപര്‍ണനെയാണ് കാണുന്നത്. കേവലം സാരഥികള്‍ മാത്രമായ ജീവലനും വാര്‍ഷ്ണേയനും രാജസഭയില്‍ എന്താണ് കാര്യം? കുതിരലായത്തിലാണ് രാജാവെന്നോ മറ്റോ സേവകന്‍ പറയുന്നതായി ആടി, അങ്ങോട്ടേക്ക് ബാഹുകന്‍ പോവുന്നതല്ലേ കൂടുതല്‍ ഉചിതം? ഋതുപര്‍ണനോടൊപ്പമുള്ള വാര്‍ഷ്‌ണേയനെ, ‘ഇവന്‍ എന്റെ സേവകനായി ഉണ്ടായിരുന്നവനല്ലേ!’ എന്നു സദനത്തിന്റെ ബാഹുകന്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് ഇവിടെ. ബാഹുകന്റെ വാക്‍ചാതുരിയില്‍ സം‌പ്രീതനായ രാജാവ് സാരഥിയായി കഴിയുവാന്‍ ബാഹുകന് അനുമതി നല്‍കുന്നു. ആദ്യമെത്തിയ വെളുത്ത നളന്റെ അതേ ഭാവത്തിലാണ് കലാമണ്ഡലം രാജീവന്റെ ഋതുപര്‍ണനും അരങ്ങിലെത്തിയത്. “പ്രതിരധരാമരികള്‍ ചതുരതയായ് വരികില്‍, വിധുരതയേതും അരുതേ!” എന്നയിടത്ത്, ബാഹുകന് വിധുരത പാടില്ലെന്നാണ് ഇവിടെ ഋതുപര്‍ണന്‍ ആടിയത്. എന്നാല്‍ ജീവലവാര്‍ഷ്ണേയന്മാരുടെ പരിചരണത്തിലുള്ള കുതിരകളുടെ കുറവുകളാണ് ചരണത്തിലെ വിഷയമെന്നതിനാല്‍, യുദ്ധക്കളത്തിലെത്തുന്ന കുതിരകള്‍ വിരണ്ടോടാത്തവണ്ണം പരിശീലിപ്പിക്കണം എന്നതാണ് ഇവിടെ ആടേണ്ടത്.

ബാഹുകനെ ജീവലവാര്‍ഷ്ണേയന്മാരോടൊപ്പമയച്ച് രാജാവ് വിടവാങ്ങുന്നു. വാര്‍ഷ്ണേയന്‍ ബാഹുകനോട് പീഠം ചൂണ്ടിക്കാട്ടി ഇരുന്നുകൊള്ളുവാന്‍ പറയുന്നു. ഉടനെ ബാഹുകന്‍; ‘രാജാവിരിക്കുന്ന സിംഹാസനത്തില്‍ ഞാനിരിക്കുകയോ! അതു വേണ്ട...’ മറ്റൊരു പീഠം ചൂണ്ടിക്കാട്ടി, ‘അവിടെ ഇരിക്കട്ടെയോ?’, തൊട്ടടുത്ത പീഠത്തില്‍ ഇരിക്കുന്നു. എന്താണിവിടെ സദനം കൃഷ്ണന്‍‌കുട്ടി ഉദ്ദേശിച്ചതെന്നു മനസിലായില്ല. രാജാവ് വിടവാങ്ങി, മൂവരും കൂടി തിരിഞ്ഞു വന്നാല്‍ പിന്നെ അവര്‍ ഋതുപര്‍ണന്റെ കൊട്ടാരത്തിലല്ല, ജീവലവാര്‍ഷ്ണേയന്മാരുടെ വാസസ്ഥലത്താണ്. (ഒടുവില്‍ ഉറങ്ങുവാന്‍ പോവുന്നതിനു മുന്‍പ് വീട്ടില്‍ പോയി ഉറങ്ങാമെന്നു പറഞ്ഞുമില്ല!) ഇനി കൊട്ടാരത്തിനുള്ളില്‍ ആണെങ്കില്‍ തന്നെ, രാജാവു മാറിക്കഴിഞ്ഞാല്‍ പിന്നെ അതിനെ സിംഹാസനമായി കണക്കാക്കേണ്ടതുണ്ടോ? ഇത്തരം വിവരക്കേടുകള്‍ അരങ്ങില്‍ കാട്ടുന്നത്, ഒരു കലാകാരനെന്ന നിലയില്‍ തന്റെ മതിപ്പു കുറയ്ക്കുകയേയുള്ളൂ എന്നെങ്കിലും അദ്ദേഹം മനസിലാക്കുന്നത് നന്ന്. വാര്‍ഷ്ണേയനോട് നളനെക്കുറിച്ചൊക്കെ ചെറുതായി കാര്യങ്ങള്‍ തിരക്കി മൂവരും ഉറങ്ങുവാന്‍ കിടക്കുന്നു. ബാഹുകന്റെ വിലാപം കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താന്‍ രചിച്ച ഒരു കഥയാണെന്നു പറഞ്ഞ്, നായകനുണ്ടായ കാലദോഷത്തെ ബാഹുകന്‍ വിശദീകരിക്കുന്നു. “കണ്ടവരാര്‍ വിധിദുശീലം!” എന്ന ഭാഗത്തുള്‍പ്പടെ ബാഹുകന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. കലാമണ്ഡലം അമല്‍‌രാജ് തുടക്കത്തില്‍ വാര്‍ഷ്ണേയനായി, പിന്നീട് ജീവലനും. മുദ്രകളൊക്കെ കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വെപ്രാളത്തില്‍ പലതും കാര്യമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.


അകലെ കുണ്ഡിനത്തില്‍ ദമയന്തി സുദേവനോട് നളനെ തിരിച്ചുകൊണ്ടുവരുവാനുള്ള ഉപായം ആലോചിക്കുന്നു. ഇവിടുത്തെ കളിയില്‍ തൃപ്തികരമായി അവതരിപ്പിക്കപ്പെട്ട ഏകഭാഗം ദമയന്തിയും സുദേവനും ചേര്‍ന്ന ഈ രംഗമായിരുന്നു. കലാഭാരതി വാസുദേവനാണ് ദമയന്തിയെ അവതരിപ്പിച്ചത്. ദമയന്തിയുടെ വിഷാദഭാവം തുടര്‍ച്ചയായി നിര്‍ത്തുവാന്‍ വാസുദേവന്‍ ആയാസപ്പെടുന്നുണ്ടായിരുന്നു. “സാധുശീല! വരിക നീ...” എന്ന ഭാഗത്ത്, സാധുശീലനായ സുദേവനെ വീരനാക്കിക്കളഞ്ഞു ദമയന്തി. ഏതായാലും, സുദേവനുടനെ ‘അങ്ങിനെയല്ല, ഞാനൊരു സാധു!’ എന്നാടിയത് നന്നായി. ആലപ്പുഴയില്‍ നടന്ന മൂന്നാം ദിവസത്തെ ബ്രാഹ്മണനെ അപേക്ഷിച്ച് ഇവിടുത്തെ സുദേവന്‍ അത്ര മികവു പുലര്‍ത്തിയില്ലെങ്കിലും, അന്നത്തെ കളിയില്‍ മികച്ചതായി എന്നു പറയാവുന്ന ഏകവേഷം കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബ്രാഹ്മണനായിരുന്നു. കുളിച്ചൊരുങ്ങി സന്തോഷവതിയായിരിക്കുക, നിന്റെ ആവശ്യം ഞാന്‍ എത്രയും വേഗം നിറവേറ്റി തരുന്നുണ്ടെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


നടന്നും, തേരിലും, കുതിരപ്പുറത്തും, സേവകരുടെ ചുമലിലെ പല്ലക്കിലേറിയുമൊക്കെ ദമയന്തിയെ വരിക്കുവാനുള്ള മോഹവുമായി കുണ്ഠിനത്തില്‍ രാജാക്കന്മാര്‍ വന്നുവന്നു നിറയുകയാണെന്ന് സുദേവന്‍ ഋതുപര്‍ണനെ അറിയിക്കുന്നു. ഒരാളുമൂലം ദിവസമൊന്നു മുന്നോട്ടാക്കിയിട്ടുണ്ടെന്നും, രണ്ടര്‍ത്ഥത്തില്‍ ബാഹുകനേയും ഋതുപര്‍ണനേയും കാട്ടി മടങ്ങുന്ന സുദേവനോട് ബാഹുകന് ചോദിച്ചറിയുവാനുണ്ടായിരുന്നത് അദ്ദേഹം ഊണുകഴിച്ചുവോ എന്നു മാത്രമായിരുന്നു! ഇത്തരം കുശല സംഭാഷണങ്ങള്‍ക്കുള്ള മാനസികാവസ്ഥയിലാണല്ലോ ബാഹുകനപ്പോള്‍! “മറിമാന്‍‌കണ്ണി മൌലിയുടെ...” എന്ന അവസാന ഭാഗത്തെ നളന്റെ വിചാരപ്പദമൊക്കെ ഇതിലും എത്രയോ ഭംഗിയാക്കാം! “ഓര്‍ത്തുചൊല്ലുമോരോന്നേ...” കഴിഞ്ഞു മുദ്രപിടിച്ചു നിര്‍ത്തിയത് ‘കണിശം’ എന്ന അര്‍ത്ഥത്തിന്. “പേര്‍ത്തു കര്‍ണ്ണാകര്‍ണ്ണികയാല്‍...” എന്ന വരിക്കുപകരം, “തീര്‍ത്തുചൊല്ലാം നിന്ദ്യകര്‍മ്മം...” എന്നതു തുടങ്ങിവെച്ചതാണിവിടെ! മിതമായി പറഞ്ഞാല്‍, നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്‍ സദനം കൃഷ്ണന്‍‌കുട്ടിക്ക് പ്രാപ്യമായ വേഷമല്ല. ഒടുവില്‍ മൂന്നു പേരും തേര്‍ കയറി കുണ്ഡിനത്തിലേക്ക് തിരിക്കുന്നതോടെ ധനാശി, കാണികള്‍ക്ക് ആശ്വാസവും!


പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവരുടെ സംഗീതവും അന്നേ ദിവസം ശരാശരിയില്‍ നിന്നുമുയര്‍ന്നില്ല. ശബ്ദനിയന്ത്രണം തീരെയില്ലാതെയുള്ള ആലാപനമാണ് സജീവന്റെ പ്രശ്നം. അത് പാട്ടിന്റെ ഭാവം കുറയ്ക്കുന്നു. “മറിമാന്‍കണ്ണിമൌലിയുടെ...” എന്ന അവസാനപദം മാത്രം തരക്കേടില്ലായിരുന്നെന്നു തോന്നി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം തമ്പി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം രവീന്ദ്രന്‍ മദ്ദളത്തിലും ചേര്‍ന്നൊരുക്കിയ മേളം പിന്നിലായിരുന്നെങ്കിലും, ഇവിടുത്തെ കളിക്ക് അതു തന്നെ അധികം! ‘പേര്‍ത്തു’വെന്ന് കാണിക്കേണ്ടയിടത്ത്, ‘തീര്‍ത്തു’മെന്ന് നടന്‍ മുദ്രകാട്ടുമ്പോള്‍ മേളം നടനു കൂടണോ കൂടാതിരിക്കണമോ? RLV സോമദാസും മാര്‍ഗി രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ചുട്ടി, മാര്‍ഗിയുടെ അണിയറസാമഗ്രികള്‍ എന്നിവ പതിവു പോലെ മികവു പുലര്‍ത്തി. യാത്രയും ചെയ്ത്, ഉറക്കവും കളഞ്ഞെത്തുന്നവരെ തീര്‍ത്തും നിരാശരാക്കുന്ന ഇതു പോലെയുള്ള കളികള്‍ കഴിയുമ്പോള്‍, കാണാന്‍ വരേണ്ടിയിരുന്നില്ല എന്നു തോന്നാറുണ്ട്. ലഭ്യമായ കലാകാരന്മാര്‍ക്കിണങ്ങുന്ന വേഷം നല്‍കിക്കൊണ്ടുള്ള കഥ നിശ്ചയിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തിയാലും ഇത്തരം സന്ദര്‍ഭങ്ങള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്തരമൊരു ശ്രദ്ധ അടുത്ത തവണ മുതല്‍ ‘നാട്യഗ്രാമ’വും പുലര്‍ത്തുമെന്നു പ്രത്യാശിക്കുന്നു.

Description: Nalacharitham Moonnam Divasam Kathakali: Organized by Natyagramam, Thonnackal. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan, Kalamandalam Rajeevan as Nalan & Rithuparnan, Kalabharathi Vasudevan as Damayanthi, Kalamandalam Amalraj & Arunjith as Jeevalan & Varshneyanan. Pattu by Pathiyur Sankarankutty and Kalamandalam Sajeevan. Chenda by Kalamandalam Krishnadas & Kalamandalam Thampi. Maddalam by Kalamandalam Raveendran. Chutty by RLV Somadas & Margi Raveendran. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 18, 2009.
--

13 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

തോന്നക്കല്‍ ‘നാട്യഗ്രാമ’ത്തിന്റെ ആഭിമുഖത്തില്‍ അവതരിപ്പിക്കപ്പെട്ട ‘നളചരിതം മൂന്നാം ദിവസം’ കഥകളിയുടെ ആസ്വാദനം.
--

വികടശിരോമണി പറഞ്ഞു...

ബാഹുകനെ ജീവലവാര്‍ഷ്ണേയന്മാരോടൊപ്പമയച്ച് രാജാവ് വിടവാങ്ങുന്നു. വാര്‍ഷ്ണേയന്‍ ബാഹുകനോട് പീഠം ചൂണ്ടിക്കാട്ടി ഇരുന്നുകൊള്ളുവാന്‍ പറയുന്നു. ഉടനെ ബാഹുകന്‍; ‘രാജാവിരിക്കുന്ന സിംഹാസനത്തില്‍ ഞാനിരിക്കുകയോ! അതു വേണ്ട...’ മറ്റൊരു പീഠം ചൂണ്ടിക്കാട്ടി, ‘അവിടെ ഇരിക്കട്ടെയോ?’, തൊട്ടടുത്ത പീഠത്തില്‍ ഇരിക്കുന്നു. എന്താണിവിടെ സദനം കൃഷ്ണന്‍‌കുട്ടി ഉദ്ദേശിച്ചതെന്നു മനസിലായില്ല. രാജാവ് വിടവാങ്ങി, മൂവരും കൂടി തിരിഞ്ഞു വന്നാല്‍ പിന്നെ അവര്‍ ഋതുപര്‍ണന്റെ കൊട്ടാരത്തിലല്ല, ജീവലവാര്‍ഷ്ണേയന്മാരുടെ വാസസ്ഥലത്താണ്.
ഈ നിരീക്ഷണം കലക്കി,ഹരീ.പണ്ട് ഹൈദരാലിമാഷുമായി ഇക്കാര്യത്തിൽ കുറേ തല്ലുകൂടിയതാണ്.മാഷ് ഒന്നാംദിവസത്തിൽ നളൻ സിംഹാസനം നാരദന് ഒഴിഞ്ഞുകൊടുക്കുന്നു എന്നായിരുന്നു പരാതി.വാസ്തവത്തിൽ അതൊരു സ്റ്റൂൾ മാത്രമാണ് എന്നും,തീയറ്ററിൽ ഉപകരണങ്ങൾ ആവശ്യാതിഷ്ഠിതം മാത്രമാണ് എന്നും,നളൻ അവിടെ ഇരുന്നാൽ അതു സിംഹാസനവും,നരകാസുരൻ കയറിനിന്നാൽ തേർത്തെട്ടും,ശിവൻ കയറിനിന്നാൽ കൈലാസഗിരിശൃംഗവും ഒന്നുമില്ലാത്തപ്പോൾ വെറും സ്റ്റൂളുമാകുമെന്ന് ഹൈദരാലി മാഷിനുപോലും മനസ്സിലാക്കാൻ പണിയായിരുന്നു.
ബാക്കി,റിപ്പോർട്ട് പതിവുപോലെ നന്നായി.അഭിനന്ദ്നങ്ങൾ!

നിരഞ്ജന്‍ പറഞ്ഞു...

ഹരിയേട്ടാ,
ഇത്തവണ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നോ നളചരിതം മൂന്നാം ദിവസം ആടിയത്?
ഒരിയ്ക്കല്‍ കഥകളി സംഗീതത്തെ കുറിച്ച് ഹൈദരാലി അവിടെ വന്ന് ഒരു പ്രഭാഷണം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം നിഴല്‍ക്കുത്ത് കഥ നാട്യഗ്രാമം അവതരിപ്പിച്ചപ്പോഴും അവിടെ വരാന്‍ ഭാഗ്യം ലഭിച്ചിരുന്നു.


നിരീക്ഷണം എപ്പോഴത്തെയും പോലെ ഗംഭീരമായി.
രണ്ടു തവണ "നളചരിതം മൂന്നാം ദിവസം" കഥ കണ്ടിട്ടുട്ടെന്കിലും താകള്‍ സൂചിപ്പിച്ച പല പദങ്ങളും അറിവില്ലായ്മ കൊണ്ട് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇനി ഒരിയ്ക്കല്‍ കൂടി കാണാന്‍ അവസരം കിട്ടിയാല്‍
ഒരു നൂറു മടങ്ങ് എങ്കിലും അധികമായി ആ കഥ ആസ്വദിക്കാന്‍ എനിക്കാകും..

ഒരുപാട് നന്ദി ഹരിയേട്ടാ..


------------
നിരഞ്ജന്‍

കപ്ലിങ്ങാട്‌ പറഞ്ഞു...

ഹരീ, സദനം ക്ര്ഷ്ണന്‍‌കുട്ടി "നിന്ദ്യകര്‍മം" കാണിച്ചതെങ്ങനെയാണ്‌? മുഷ്ടി മുദ്രയാണോ കാണിച്ചതു? :-)

ഉണ്ണിത്താന്റെ മിനുക്കിന്റെ മുഖച്ഛായക്കും പോസിനും ഫാക്ട് പദ്മനാഭന്റേതുമായി സാദ്ര്ശ്യം തോന്നുന്നു.

Haree പറഞ്ഞു...

@ വികടശിരോമണി,
:-) ഒന്നാം ദിവസത്തില്‍ രാജാവു മാറുന്നില്ല, എഴുനേറ്റപാടെ നാരദനെ പിടിച്ചിരുത്തുന്നു... എന്നതൊക്കെ കൊണ്ടായിരിക്കാം ഹൈദരാലിമാഷ് അങ്ങിനെ ചിന്തിച്ചത്. പക്ഷെ, ഇതല്പം കടന്നുപോയി! നന്ദി.

@ നിരഞ്ജന്‍,
അല്ലല്ലോ, ‘നാട്യഗ്രാമ’ത്തിന്റെ തന്നെ ആഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ഞാനവിടെ ആ‍ദ്യമാണ്. ഇനി കളികാണുമ്പോള്‍ ശ്രദ്ധിച്ചു കാണൂ... നന്ദി. :-)

@ കപ്ലിങ്ങാട്‌,
ഇപ്പോള്‍ ഓര്‍മ്മയിലില്ല. പക്ഷെ, നിന്ദ്യകര്‍മ്മത്തെക്കുറിച്ച് ഒന്നും കുറിച്ചിട്ടില്ല. എന്തേ ചോദിക്കാന്‍ കാരണം? (അവിടെ എന്തെങ്കിലും കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടോ? എങ്കില്‍ പറഞ്ഞു തരണേ...)
--

കപ്ലിങ്ങാട്‌ പറഞ്ഞു...

ഹരീ, ഇദെന്താദ്, ഇത്ര പെട്ടെന്നു മറന്നു പോയോ ! :-)
നമ്മളിത് ഇവിടെ ചര്‍ച്ച ചെയ്തതല്ലേ?
സദനം ഗോപിയാശാനില്‍ നിന്നും വ്യത്യസ്തമായാണോ ചെയ്യുന്നത് എന്നറിയാന്‍ കൗതുകം തോന്നിയതുകൊണ്ട് ചോദിച്ചതാണ്‌.

C.Ambujakshan Nair പറഞ്ഞു...

നടൻ എന്തു കാണിക്കുന്നു എന്തു ശ്രദ്ധിക്കുന്ന ആസ്വാദകർ കുറയുന്നു. ആരാണ് നടൻ? എന്നതാണ് പ്രധാന ഘടകമായുള്ളത്. കഥകളി സംഘാടകർ പൂർണ്ണതൃപ്തരാണ്. അതു കൊണ്ടല്ലേ അവസരങ്ങൾ ഇദ്ദേഹത്തെ തേടി എത്തുന്നത്. ചിങ്ങോലിയിൽ 2008- ൽ നടന്ന സദനത്തിന്റെ നളചരിതം 2 ലെ (താങ്കളും, മണിയും, ഞാനും കണ്ട കളി) കാട്ടാളൻ കണ്ട് നീണ്ട നേരം കൈതട്ടിയ അതേ സംഘാടകനും ചില ആസ്വാദകരും കളിയുടെ CD പലതവണ ഇട്ടു് കണ്ട ശേഷം സന്ദർഭോചിതമല്ലാത്ത കാട്ടാളന്റെ ആട്ടത്തെ പറ്റി ധാരാളം സംസാരിക്കയുണ്ടായി. കാട്ടാളന്റെ രംഗം മാത്രം കണ്ടിട്ടു അഭിനന്ദിച്ചുപോയ പോയ ഏവൂരിലെ പ്രധാന കഥകളി ആസ്വാദകനെയും സ്മരിക്കുകയാണ്. കഥകളി കൊണ്ട് ജീവിക്കാനുള്ള മഹാഭാഗ്യം ഉള്ള കലാകാരനാണ് സദനം.

Haree പറഞ്ഞു...

@ കപ്ലിങ്ങാട്‌,
ഹേയ് അതു മറന്നില്ല. ഞാനോര്‍ത്തു മുദ്ര എന്തു കാട്ടി എന്നാണ് ചോദ്യമെന്ന്. :-) ഒരു മീഡിയം ശക്തിയിലാണ് നിന്ദ്യകര്‍മ്മം അവതരിപ്പിച്ചതെന്നാണ് ഓര്‍മ്മ. (ആ ഭാഗമൊക്കെയായപ്പോഴേക്കും, എങ്ങിനെയെങ്കിലുമൊന്ന് തീര്‍ന്നാല്‍ മതിയെന്നായി. അതുകൊണ്ട് അല്പം ശ്രദ്ധക്കുറവുണ്ടായെന്നു തോന്നുന്നു.)

@ nair,
അദ്ദേഹത്തിന്റെ ശൈലിക്ക് ചേരുന്ന കഥാപാത്രങ്ങള്‍ ചെയ്താല്‍ മോശമാവില്ലെന്നു തോന്നുന്നു. കാട്ടാളന്‍ അത്തരത്തില്‍ ഒരു വേഷമാണ്, പക്ഷെ അനുചിതമായ ആട്ടങ്ങള്‍ ആ വേഷത്തെയും പരിഹാസ്യമാക്കുന്നു. എന്തു ചെയ്യാനാണ്! തീരെ പ്രതിഭയില്ലാത്ത നടനൊന്നുമല്ല. അര്‍പ്പണ ബുദ്ധിയോടെ, ചെയ്യുന്ന വേഷത്തെക്കുറിച്ച് അല്പം പഠിച്ച്, ചിന്തിച്ചൊക്കെ അവതരിപ്പിക്കുവാന്‍ മിനക്കെട്ടാല്‍ വളരെ നന്നാവും. പക്ഷെ മിനക്കെടണം... പിന്നെ, അങ്ങിനെ മിനക്കെടാതെ തന്നെ അവസരങ്ങള്‍, പിന്നെന്തിന് മിനക്കിടണം; ഇങ്ങിനെയങ്ങ് പോവുന്നതിലും യുക്തിക്കുറവില്ല!
--

jkjkj പറഞ്ഞു...

Dear Hari

I have improved my kathakali enjoying a lot by ready your ( Hari,Mani,വികടശിരോമണി) kathakali writing in blogs. Thanks to you all.
But today I felt a little that you have a preconception while seeing sadanam Krishnankutty !!!

Regards
SAnkaran

Haree പറഞ്ഞു...

@ jkjkj,
Thank you for checking my blog and I am happy to know that my posts (as well as posts from other blogs) contributed to your Kathakali appreciation.

I do not have any preconception about any artists. I always wish to see them all performing well. I do have reasons for saying Sadanam Krishnankutty's performance (on that day) was poor and I clearly mentioned them in my post. If you have a different opinion about Sadanam's performance, I will be happy to see a detailed comment.
--

Jyothi പറഞ്ഞു...

i was always a fan of yours, haree, but this is particularly hilarious!!! :) Especially the part about sadanam krishnankutty and the simhasanam!! Sho! Apaaram thanne!

i remember having Sadanam Krishnankutty as a guest at our place, when i was a kid- he'd come to meet my grandfather... And i also remember being thoroughly entertained by his anecdotes...Guess he shouldn't take his happy-go-lucky,frivolous attitude to the stage though! Especially when portraying charachters of such gravity like Bahukan and all!! But i've seen his Kattalan,Duryodhanan etc and i've liked him in those performances!

Also enjoyed Vikatashiromani's comment about Hyderali... :)

ദീപു ജയന്‍ പറഞ്ഞു...

Thanikku avede bhahukande vesham nalkiyathilulla sandoosham ayirikkam sadanam krishnan kutty ude mukhathu prakadamauyathu.

Unknown പറഞ്ഞു...

I agree with the views of Mr Nair here, that sadanam is a very lucky artist who has proved that one could very well survive being just a kathakali artist, by merely pleasing organisers. He is a great teacher in this field. No doubt about it. A great scholar. But still, it is sometimes disgusting to see him performing such characters with so much gravity, in a 'comedy' style. But i would say it is we, aswadakars who are encouraging such deliveries from him. Last 2 years, consecutively, we have had sadanam here in dubai as part of 4 day long kali organised by a group of people from a particular area in kerala and i happened to be one of the audience of both years, 2007 and 2008. Still remember sadanams Duryodanavadam Krishnan, ohmy.. ! kalabavan mani would fail before him, it was extreme comedy. But surprisingly these so called organisers (sangadakars) seated in the front two rows would get up everytime sadanam gives out those comedy nos, and go the extent of giving out a loud applause whenever he would deliver such comedy nos. Thus encouraging him to perform just to please sangadakars. So, that is the fact. He delivers what is required by organisers. since he wants to be invited next year too. Heard this year again he is coming ! So, We cant blame him but can only blame so called, aswadakars, who are not elevated to that level to understand what is serious kathakali is.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--