2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

കനകക്കുന്നിലെ മല്ലയുദ്ധം

Mallayudham Kathakali: Kalamandalam Ramachandran Unnithan as Mallan and Kalamandalam Hari R. Nair as Valalan. An appreciation by Haree for Kaliyarangu.
ജനുവരി 26, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ അവസാന ദിവസം, കനകക്കുന്നില്‍ ‘മല്ലയുദ്ധം’ ഭാഗം ഉള്‍പ്പടെ ‘കീചകവധം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മല്ലനായും കലാമണ്ഡലം ഹരി. ആര്‍. നായര്‍ വലലനായും ‘മല്ലയുദ്ധ’ഭാഗത്ത് വേഷമിട്ടു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. മേളത്തില്‍ കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം ശ്രീകാന്ത് എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം വേണുക്കുട്ടന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവര്‍ മദ്ദളത്തിലും അരങ്ങത്തു പ്രവര്‍ത്തിച്ചു. തന്റെ സുഖകരമായ അവസ്ഥയ്ക്ക് കാരണമെന്ത് എന്നാലോചിച്ചു കൊണ്ടുള്ള ജീമൂതന്‍ എന്ന മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

മല്ലയുദ്ധത്തില്‍ തന്നെ ജയിക്കുവാന്‍ പ്രാപ്തിയുള്ള ആരും തന്നെ ഇവിടെയെങ്ങുമില്ല, അതിനാല്‍ തനിക്കേറ്റവും സുഖം ഭവിച്ചു എന്നു മനസിലാക്കുന്ന മല്ലന്‍ തുടര്‍ന്ന് അതെങ്ങിനെ സംഭവിച്ചു എന്നു ചിന്തിക്കുന്നു. തന്നോടെതിര്‍ത്തവെരെയെല്ലാം താന്‍ പരാജയപ്പെടുത്തി കാലപുരിക്കയച്ചു. ഇപ്പോള്‍ തന്നെ ജയിക്കുവാന്‍ ആരും ഇവിടെയെങ്ങും അവശേഷിച്ചിട്ടില്ല. കൈത്തരിപ്പ് കൂടി വരുന്നതായാടി, ഇതു ശമിപ്പിക്കുവാന്‍ എന്തു വഴി എന്നാലോചിക്കുന്നു. പെരുമ്പറ കേട്ട് ശ്രദ്ധിച്ച്, വിരാടപുരിയിലെ ഉത്സവത്തിന്റെ വിളംബരമാണെന്ന് മനസിലാക്കുന്നു. ധാരാളം മല്ലന്മാര്‍ അവിടെയെത്തും, അവിടെ പോയി അവരെ മല്ലയുദ്ധത്തിനു വിളിക്കുക തന്നെ എന്നുറച്ച് വിരാടപുരിയിലേക്ക് തിരിക്കുന്നു. വിരാടപുരിയിലെത്തുന്ന മല്ലന്‍ മറ്റു പല മല്ലന്മാരെയും കാണുന്നു. ഇവനെ ഞാന്‍ പണ്ട് മലര്‍ത്തിയടിച്ചിട്ടുള്ളതാണ്; ഞെളിഞ്ഞിരിക്കുന്ന മറ്റൊരുവനെ ചൂണ്ടി, ഇവന്റെ പല്ലു ഞാന്‍ അടിച്ചു കൊഴിച്ചിട്ടുള്ളതാണ് എന്നിങ്ങനെയൊക്കെ പറഞ്ഞ് അങ്കത്തട്ടിനു സമീപമെത്തുന്നു. മറ്റു മല്ലന്മാര്‍ പേടിച്ചു വിറച്ചു നില്‍ക്കുന്നതു കണ്ട് പുച്ഛത്തോടെ അങ്കത്തട്ടിലേക്ക് കയറി കാണികളെ നോക്കി കാണുന്നു. പല തട്ടുകളില്‍ ഏറ്റവും അടുത്തുള്ള ആദ്യ തട്ടില്‍ രാജാക്കന്മാര്‍, മുകളിലായുള്ള രണ്ടാമത്തെ തട്ടില്‍ രാജ്ഞിമാരും ദാസിമാരും, മൂന്നാമത്തെ തട്ടില്‍ മന്ത്രിമാര്‍. വിരാടദേശത്തെ രാജ്ഞിയുടെ സമീപം സുന്ദരിയായ ഒരു ദാസിയെ കണ്ട്, ഇവളെ ഇതിനു മുന്‍പ് യുദ്ധങ്ങള്‍ക്കു വന്നപ്പോള്‍ കണ്ടിട്ടില്ലല്ലോ എന്നു ചിന്തിച്ച്, ആരായാല്‍ എനിക്കെന്ത് എന്നും പറഞ്ഞ് മറ്റു മല്ലന്മാരെ പോരിനു വിളിക്കുന്നു. മദ്ധ്യമാവതിയിലുള്ള “ആരൊരു പുരുഷനഹോ! എന്നോടു നേര്‍പ്പാന്‍...” എന്ന മല്ലന്റെ പദമാണ് ഇവിടെ.

Mallayudham

Kanakakkunnu, Thiruvananthapuram
Written by
  • Irayimman Thampi
Actors
  • Kalamandalam Ramachandran Unnithan as Mallan
  • Kalamandalam Hari R. Nair as Valalan
Singers
  • Kalamandalam Babu Namboothiri
  • Kalanilayam Babu
Accompaniments
  • Kottackal Prasad, Kalamandalam Sreekanth (Chenda)
  • Kalamandalam Venukkuttan, Sreekandeswaram Mohanachandran (Maddalam)
Chutty
  • RLV Somadas
  • Margi Raveendran
  • Margi Sreekumar
Kaliyogam
  • Margi, Thiruvananthapuram.
Organized by
  • Dept. of Tourism, Govt. of Kerala.
Jan 26, 2010
പദാവസാനത്തില്‍ വലലന്‍ പ്രവേശിച്ച് ഇരുവരും പരസ്പരം നിന്ദിച്ച് സംസാരിക്കുന്നു. കൈയിലെ ചട്ടുകം കണ്ട് പാചകക്കാരനെന്നു മനസിലാക്കി തൊഴിലിനേയും, പൂണൂല്‍ കണ്ടു ബ്രാഹ്മണനെന്നു മനസിലാക്കി മീശപിരിച്ച രൂപത്തെയും മല്ലന്‍ കണക്കിനു പരിഹസിക്കുന്നുണ്ട്. വാചകമടിക്കാതെ യുദ്ധത്തിനു വരിക എന്നാണ് ഇതിനൊക്കെ വലലനുള്ള മറുപടി. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ച മല്ലന്‍ വളരെ ഭംഗിയായി തന്നെ ആദ്യത്തെ ആട്ടങ്ങളും പിന്നീട് വലലനുമൊത്തുള്ള വാഗ്വാദങ്ങളും അവതരിപ്പിച്ചു. കെട്ടിശീലിക്കാത്തതിന്റെ ചില പരിചയക്കുറവുകള്‍ ഉണ്ടെങ്കിലും കലാമണ്ഡലം ഹരി ആര്‍. നായരുടെ വലലന്‍ മികച്ച നിലവാരം പുലര്‍ത്തി. ‘പേരാമംഗലത്തെ മല്ലയുദ്ധ’ത്തില്‍ കണ്ടതില്‍ നിന്നും വിഭിന്നമായി കഥകളിത്തമുള്ള നൃത്തച്ചുവടുകളിലൂടെയാണ് ഇരുവരും മുഷ്ടിയുദ്ധം അവതരിപ്പിച്ചത്. ഒടുവില്‍ മല്ലനെ കീഴ്പെടുത്തി അയയ്ക്കുന്നതോടെ ‘മല്ലയുദ്ധം’ എന്ന കഥാഭാഗത്തിന് തിരശ്ശീല വീഴുന്നു.

കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവരുടെ ആലാപനവും ചെണ്ടയില്‍ കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം ശ്രീകാന്ത്; മദ്ദളത്തില്‍ കലാമണ്ഡലം വേണുക്കുട്ടന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവരും ചേര്‍ന്നൊരുക്കിയ മേളവും കളിക്കു മിഴിവേകി. തുടര്‍ന്ന് സദനം ഹരികുമാര്‍ കീചകനായും കലാമണ്ഡലം രാജശേഖരന്‍ സൈരന്ധ്രിയായും വേഷമിട്ട ‘കീചകവധം’ കഥയിലെ ബാക്കിഭാഗവും അവതരിക്കപ്പെട്ടുവെങ്കിലും സമയക്കുറവുമൂലം കാണുവാനായില്ല. ചുരുക്കത്തില്‍ നിശാഗന്ധി ഉത്സവത്തിന്റെ ഭാഗമായി കനകക്കുന്നു കൊട്ടാരത്തില്‍ അരങ്ങേറിയ ‘മല്ലയുദ്ധം’ ആ‍സ്വാദകര്‍ക്ക് നല്ലൊരു വിരുന്നായി.

കഥകളിയുടെ ശുഷ്കമായ അവതരണമായിപ്പോവാതെ, ലഭ്യമായ സമയത്തിനുള്ളില്‍ നന്നായി അവതരിപ്പിക്കുവാന്‍ സാധിക്കുന്നത്രയും കഥാഭാഗം തിരഞ്ഞെടുത്ത്, സമയനിഷ്ഠ പാലിച്ച് ഏഴു ദിവസവും കഥകളി അവതരിപ്പിക്കുവാന്‍ ഉത്സാഹിച്ച സംഘാടകര്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. കഥകളിക്കു യോജിച്ച രീതിയില്‍ പൊക്കം കുറഞ്ഞ വേദിയില്‍, പിന്‍ഭാഗം കര്‍ട്ടനിട്ട് മറച്ച്, നല്ല പ്രകാശ/ശബ്ദ സംവിധാനത്തോടെ അരങ്ങ് സംവിധാനം ചെയ്തതിനും സംഘാടകരെ അനുമോദിക്കേണ്ടതുണ്ട്. ആസ്വാദകരുടെ പങ്കാളത്തത്തിന്റെ കാര്യത്തിലും ഇവിടുത്തെ കഥകളി അരങ്ങുകള്‍ സജീവമായിരുന്നു. ഇതേ രീതിയില്‍ വരും വര്‍ഷങ്ങളിലും നിശാഗന്ധി ഉത്സവത്തിന്റെ ഭാഗമായി കഥകളി അവതരിപ്പിക്കുവാന്‍ വിനോദസഞ്ചാര വകുപ്പ് താത്പര്യം കാണിക്കുമെന്നുതന്നെ വിശ്വസിക്കുന്നു.
--

7 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ അവതരിക്കപ്പെട്ട ‘മല്ലയുദ്ധം’ കഥാഭാഗത്തിന്റെ ആസ്വാദനം.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
പതിവുപോലെ വിവരണം നന്നായിട്ടുണ്ട്.
മല്ലന്റെ പേര് ‘ജീമൂതന്‍’ എന്നല്ലെ?

നിരഞ്ജന്‍ പറഞ്ഞു...

ഹരിയേട്ടാ,
മനോഹരമായ വിവരണം.. മല്ലയുദ്ധം രചിച്ചത് ആരാണെന്ന് കൂടി പറയാമോ...

ചെറിയ ഒരു സഹായം ചോദിച്ചോട്ടെ.. കഥകളി പദങ്ങള്‍ internet-ല്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ ഏതെങ്കിലും ലിങ്കുകള്‍ ഉണ്ടോ..
ഓണ്‍ലൈന്‍ ആയി കേള്‍ക്കാന്‍ കഴിയുന്നതും മതി..
youtube-ല്‍ പരതിയെങ്കിലും അധികം ഒന്നും കിട്ടിയില്ല..

Haree പറഞ്ഞു...

ജീമൂതന്‍ ആണ് ശരി. തിരുത്തിയിട്ടുണ്ട്. നന്ദി. :-)
നിരഞ്ജന്‍ പോസ്റ്റ് ശ്രദ്ധയോടെയാണോ വായിച്ചത്? :-/ ‘കീചകവധം’ കഥയിലെ ഒരു ഭാഗമാണ് ‘മല്ലയുദ്ധം’, അല്ലാതെ മറ്റൊരു കഥയല്ല. ‘കീചകവധം’ എഴുതിയത് ഇരയിമ്മന്‍ തമ്പി.
--

ഡോ. മഞ്ജുഷ വി പണിക്കർ പറഞ്ഞു...

ഹരീ...
ഞാന്‍ കളിയരങ്ങിന്റെ സ്ഥിരം ​വായനക്കാരിയാണ്. ഇവിടെ കമന്റുന്നത് ആദ്യമായാണെന്നു മാത്രം. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ 'നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനങ്ങള്‍' എന്ന വിഷയത്തില്‍ ഗവേഷണം ​പൂര്‍ത്തിയായിവരുന്നു. എന്റെ ഗവേഷണത്തിന്‌ താങ്കളുടെ ബ്ലോഗ് വളരെ സഹായകമായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. പക്ഷപാതരഹിതമായ ഈ കഥകളി ആസ്വാദനങ്ങള്‍ കലാലോകത്തിന്‌, വിശേഷിച്ച് കഥകളിലോകത്തിന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
സ്നേഹാദരങ്ങളോടെ
മഞ്ജുഷ

Haree പറഞ്ഞു...

:-)
‘കളിയരങ്ങി’ലെ ആസ്വാദനങ്ങള്‍ ഒരു ഗവേഷകവിദ്യാര്‍ത്ഥിക്ക് സഹായകരമായി എന്നത് വളരെയധികം സന്തോഷം നല്‍കുന്നു. അതിവിടെ വന്നു പറഞ്ഞതിനും വളരെ നന്ദി. ആദ്യകമന്റില്‍ നിര്‍ത്താതെ, ഇനിയും അഭിപ്രായങ്ങള്‍ തുറന്നെഴുതുമെന്നു കരുതുന്നു.

‘നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനങ്ങള്‍’, ഗവേഷണം പൂര്‍ത്തിയാവുമ്പോള്‍ ഒരു സംഗ്രഹമെങ്കിലും ഒരു ബ്ലോഗ് തുടങ്ങി അതിലൂടെ പ്രസിദ്ധപ്പെടുത്തുമെങ്കില്‍ നന്നായിരിക്കും. ഈ മേഖലയില്‍ ഗവേഷണമൊക്കെ ചെയ്യുന്നവര്‍ ബ്ലോഗില്‍ സജീവമായി എഴുതുവാന്‍ തുടങ്ങുന്നതാവും കലാലോകത്തിന് ശരിക്കും മുതല്‍ക്കൂട്ടാവുക. അത്തരമൊരു ബ്ലോഗ് മഞ്ജുഷയില്‍ നിന്നും പ്രതീക്ഷിക്കട്ടെ? :-)
--

AMBUJAKSHAN NAIR പറഞ്ഞു...

മിസ്റ്റര്‍ ഹരീഷ്.
ഞാന്‍ താങ്കളെ വിമര്‍ശിച്ചതല്ല. പൊതു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.
കിരാതത്തിലെ അര്‍ജുനന്‍ ഗംഗോല്‍പത്തി ആടുന്നതു എന്തുകൊണ്ടും യോജിച്ചത് തന്നെയാണ്. ശിവനുമായി ബന്ധമുള്ള കഥ. അത് ഭക്തന്‍ ഭക്തി പൂര്‍വ്വം സ്മരിക്കുന്നു. (കഥകളി പുരാണവുമായി ബന്ധപ്പെട്ട കളിയാണ്‌ എങ്കില്‍ ) ശിവന്റെ ജടയില്‍ താങ്ങി നിര്‍ത്തി അവിടെ നിന്നും ഒഴുകി കൈലാസത്തിന്റെ താഴ്‌വരയില്‍ കൂടി ഒഴുകിയെത്തുന്ന ആ ഗംഗാ നദിയെ സ്മരിച്ചു , വന്ദിച്ചു അതില്‍ സ്നാനം ചെയ്തു തപസ്സിനു പോകുന്നു അര്‍ജുനന്‍.
ശിഖിനിശലഭ’ത്തിനു പകരം വെക്കാവുന്ന ആട്ടം അല്ല ഗംഗോല്‍പത്തി.

ഇനിയും ശിഖിനിശലഭം ആടണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ എങ്കില്‍ അര്‍ജുനന്‍ തപസിനു എത്തുന്ന കൈലാസത്തിന്റെ താഴ്‌വരയില്‍ ധാരാളം മുനി വര്യന്മാര്‍ ഹോമകുണ്ഡം ഉണ്ടാക്കി തപസ്സു ചെയ്യുന്നത് അര്‍ജുനന്‍ കാണണം. ആ അഗ്നി / ഹോമ കുണ്ഡം. അതില്‍ ശലഭങ്ങള്‍ പതിച്ചിട്ടു ഒരു അപാകതയും കൂടാതെ പറന്നു പോകുന്നത് അര്‍ജുനന്‍ അവതരിപ്പിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--