2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Padma Shri Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Ettumanoor Kannan as SriKrishnan. An appreciation by Haree for Kaliyarangu.
ഏപ്രില്‍ 21, 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 21, 22 തീയതികളിലായി 'കിര്‍മ്മീരവധം', 'കചദേവയാനി', 'മല്ലയുദ്ധം' തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം ഗോപിയാശാന്‍ ധര്‍മ്മപുത്രരായി വേഷമിട്ട 'കിര്‍മ്മീരവധം' കഥയുടെ 'പാത്രചരിതം' വരെയുള്ള പൂര്‍വ്വഭാഗമായിരുന്നു ആദ്യദിനം ആദ്യ കഥയായി അവതരിപ്പിച്ചത്. മാര്‍ഗി വിജയകുമാര്‍, ഏറ്റുമാനൂര്‍ കണ്ണന്‍ എന്നിവര്‍ ഇതര പ്രധാന കഥാപാത്രങ്ങളായ പാഞ്ചാലിയായും ശ്രീകൃഷ്ണനായും വേഷമിട്ടു. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (ധൗമ്യന്‍), കലാമണ്ഡലം ഷണ്മുഖദാസ് (സൂര്യന്‍), കലാനിലയം വാസുദേവ പണിക്കര്‍ (സുദര്‍ശനം) എന്നിവരായിരുന്നു മറ്റു വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കോട്ടക്കല്‍ മധുവും അന്നേ ദിവസം ഗായകരായപ്പോള്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്യുത വാര്യര്‍ മദ്ദളത്തിലും മേളമൊരുക്കി. ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, കലാനിലയം സജി തുടങ്ങിയവരായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. കാമ്യകവനത്തില്‍ കഴിഞ്ഞുവരവേ ഒരു മദ്ധ്യാഹ്നത്തില്‍ ധര്‍മ്മപുത്രരും പാഞ്ചാലിയും വനവാസദുഃഖം പങ്കിടുന്നതാണ്‌ ആദ്യ രംഗം.

ഖിന്നയായി കഴിയുന്ന പാഞ്ചാലിയെ നോക്കിക്കണ്ട്, വളരെ പതിഞ്ഞ കാലത്തിലുള്ള "ബാലേ! കേള്‍ നീ!" എന്ന ധര്‍മ്മപുത്രരുടെ പദത്തോടെയാണ്‌ രംഗം ആരംഭിക്കുന്നത്. കരുണരസം സ്ഥായിയാവുന്ന രംഗത്തില്‍, പാഞ്ചാലിയെ നോക്കിക്കാണുന്നതു മുതല്‍ തന്നെ ചിട്ടയായ അവതരണം നിഷ്കര്‍ഷിച്ചിട്ടുള്ള പദമാണിത്. കളരിച്ചിട്ടയില്‍ നിന്നും വിട്ടുമാറാതെ നാടകീയത ഇഴചേര്‍ത്ത് സ്ഥായി രസത്തിലുറച്ച് ധര്‍മ്മപുത്രരായി കലാമണ്ഡലം ഗോപി അരങ്ങില്‍ പ്രവര്‍ത്തിച്ചു. അനുപല്ലവിക്കു ശേഷം ഒന്നാം ചരണത്തിനു മുന്‍പായുള്ള 'കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ! (സമാധാനിച്ച്) തലയിലെഴുത്തു തന്നെ!' എന്ന ആട്ടവും വിട്ടുപോവാതെ ഗോപിയാശാന്‍ ആടുകയുണ്ടായി. അന്തഃപുരത്തില്‍ സുഖമായി കഴിഞ്ഞിരുന്ന നീ എങ്ങിനെയാണ്‌ ഈ വിപിനത്തില്‍ കഴിയുന്നതെന്ന ചോദ്യത്തോടെ ധര്‍മ്മപുത്രരുടെ പദം അവസാനിക്കുന്നു. എന്നാല്‍ ഇതൊന്നുമല്ല തന്നെ വിഷമിപ്പിക്കുന്നത്, മറിച്ച് ആബാലവൃദ്ധം ബ്രാഹ്മണരും ഭക്ഷണമില്ലാതെ കഴിയുന്നു, അവര്‍ക്ക് ഈ ദൂരമൊക്കെ സഞ്ചരിക്കുവാന്‍ കഴിയുമോ, ചൂട് സഹിക്കുമോ; അവരുടെ ഈ കഷ്ടതകള്‍ കാണുന്ന അങ്ങയെങ്ങിനെ സഹിക്കും എന്നതൊക്കെയാണ്‌ തന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നതെന്ന് പാഞ്ചാലി മറുപടി നല്‍കുന്നു. സ്ഥായിയായ കരുണ രസം വിടാതെ പാഞ്ചാലിയായി വേഷമിടുന്ന നടനും ഈ രംഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അപ്രകാരം തന്നെ, മുഖഭാവങ്ങളിലൂടെ മാത്രമുള്ള ആവശ്യമായ പ്രതികരണങ്ങളോടെ, മാര്‍ഗി വിജയകുമാറും തന്റെ ഭാഗം ഭംഗിയാക്കി.

KirmeeraVadham

SDV Besant Hall, Alappuzha
Written by
  • Kottayathu Thamburan
Actors
  • Kalamandalam Gopi as Dharmaputhrar
  • Margi Vijayakumar as Panchali
  • Mathur Govindankutty as Dhaumyan
  • Kalamandalam Shanmukhadas as Suryan
  • Ettumanoor Kannan as SriKrishnan
  • Kalanilayam Vasudeva Panicker as Sudarsanam
Singers
  • Pathiyoor Sankarankutty
  • Kottackal Madhu
Accompaniments
  • Kurur Vasudevan Namboothiri in Chenda
  • Kalamandalam Achutha Warrier in Maddalam
Chutty
  • Cherthala Viswanathan Nair
  • Kalanilayam Saji
Kaliyogam
  • Alappuzha District Kathakali Club, Alappuzha
Organized by
  • Alappuzha District Kathakali Club, Alappuzha
April 21, 2011
സ്വന്തം ദുഃഖം മറന്ന് അന്യന്റെ ദുഃഖമകറ്റുവാനായി വഴി ചിന്തിക്കുന്ന തന്റെ ദയിതയുടെ ശ്രേഷ്ഠതയില്‍ സന്തോഷിക്കുന്ന യുധിഷ്ഠിരന്‍, കുലഗുരുവായ ധൗമ്യ മഹര്‍ഷിയെ കണ്ട് ഒരു പരിഹാരം കാണാം എന്നു നിശ്ചയിക്കുന്നു. ധൗമ്യനുമായുള്ള രംഗമാണ്‌ തുടര്‍ന്ന്. സൂര്യഭഗവാനെ തപസു ചെയ്യുവാന്‍ നിര്‍ദ്ദേശിച്ച് അതിനായുള്ള മന്ത്രവും ധൗമ്യന്‍ യുധിഷ്ഠിരന്‌ ഉപദേശിക്കുന്നു. പാഞ്ചാലിയെ കാര്യങ്ങള്‍ ധരിപ്പിച്ചതിനു ശേഷം ധര്‍മ്മപുത്രര്‍ സൂര്യഭഗവാനെ തപസുചെയ്ത് പ്രത്യക്ഷപ്പെടുത്തി അക്ഷയപാത്രം നേടുന്നു. ഗുരുവിന്റെ സമീപം വീണ്ടുമെത്തി പാത്രലബ്ദി അറിയിച്ചതിനു ശേഷം പാത്രം പാഞ്ചാലിക്കു നല്‍കുന്നു. പാഞ്ചാലി ആഹാരം കഴിക്കുന്നതുവരെ എല്ലാ ദിവസവും അക്ഷയപാത്രത്തില്‍ നിന്നും ചോറും കറികളും ലഭിക്കുമെന്ന പാത്രത്തിന്റെ സവിശേഷതയും ധര്‍മ്മപുത്രര്‍ അറിയിക്കുന്നു. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ധൗമ്യനേയും സൂര്യനേയും ഈ രംഗങ്ങളില്‍ ഭംഗിയായി അവതരിപ്പിച്ചു. പാത്രം സ്വീകരിച്ചതിനു ശേഷമുള്ള ധര്‍മ്മപുത്രരുടെ ഉത്കര്‍ഷവും, പാത്രം നല്‍കിയതിനു ശേഷം സൂര്യന്‍ ആകാശത്തിലേക്ക് ഉയര്‍ന്നു മറയുന്നത് നോക്കിക്കാണലുമൊക്കെ കലാമണ്ഡലം ഗോപി തന്റെ തനതു ശൈലിയില്‍ അഭിനയിച്ചു ഫലിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ഈ ഭാഗങ്ങള്‍ മികച്ചു നിന്നു. തോങ്കാരവും കെട്ടിച്ചാടിയുള്ള കലാശവുമൊക്കെ ഉള്‍പ്പെടുന്ന "ജയ രുചിരകനകാദ്രി..." എന്ന പദഭാഗമൊക്കെ പ്രായത്തെ മറന്ന് കഴിയുന്നത്ര ഊര്‍ജ്ജം നല്‍കി അവതരിപ്പിക്കുവാനും ഗോപിയാശാന്‍ ശ്രമിച്ചു കണ്ടു.

ശംഖധ്വനി കേട്ട്, അത് ശ്രീകൃഷ്ണന്റെ പാഞ്ചജന്യ കാഹളമാണെന്ന് തിരിച്ചറിഞ്ഞ് ഭക്തിപൂര്‍വ്വം സ്മരിക്കുന്ന ധര്‍മ്മപുത്രര്‍ക്കു മുന്‍പില്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷ്യപ്പെടുന്നു. കുമ്പിട്ടു വണങ്ങി ശ്രീകൃഷ്ണനെ പീഠത്തില്‍ ഇരുത്തിയതിനു ശേഷം തന്റെ അവസ്ഥയെക്കുറിച്ച് യുധിഷ്ഠിരന്‍ പരിഭവിക്കുന്നതാണ്‌ തുടര്‍ന്നുള്ള പദം. ദുര്യോധനാധികളുടെ ചതികളാല്‍ നാടു നഷ്ടപ്പെട്ട് വനത്തില്‍ വസിക്കുന്ന തങ്ങളുടെ അവസ്ഥ കണ്ടിട്ടും അല്‍പവും നാണം താങ്കള്‍ക്ക് തോന്നുന്നില്ലയോ എന്നാണ്‌ യുധിഷ്ഠിരന്റെ ചോദ്യം. ഈ വിധമുള്ള യുധിഷ്ഠിരന്റെ ചോദ്യങ്ങളില്‍ ക്രുദ്ധനായി ദുര്യോധനാദികളെ ഉടന്‍ നശിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞ് സുദര്‍ശനത്തെ സ്മരിക്കുന്നു. സുദര്‍ശനത്തെ കണ്ട് ഭയപ്പെടുന്ന യുധിഷ്ഠിരന്റെ അഭ്യര്‍ത്ഥന മാനിച്ച് പിന്നീട് ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ മടക്കുന്നു. 'ഒരു നാണമില്ലയോ?' എന്നു വെറുതേ മുദ്ര കാട്ടുകയല്ല, ശ്രീകൃഷ്ണനെ ശരിക്കും നാണിപ്പിക്കുന്ന തരത്തിലാണ്‌ ഗോപിയാശാന്റെ ശൈലി. അതിവിടെയും ഭംഗിയായി അവതരിക്കപ്പെട്ടു. ഏറ്റുമാനൂര്‍ കണ്ണനായിരുന്നു ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. കണ്ണന്റെ ചടുലമായ മുദ്രാവിന്യാസങ്ങളും ചിട്ടതെറ്റാതെയുള്ള കലാശച്ചുവടുകളുമൊക്കെ ശ്രീകൃഷ്ണന്റെ മാറ്റു കൂട്ടുന്നെങ്കില്‍‍ കഥാപാത്രത്തിന്റെ ഭാവം ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതില്‍ ഇനിയുമേറെ മെച്ചപ്പെടുവാനുണ്ട് എന്നത് വ്യക്തം. 'നാണമില്ലയോ?' എന്ന യുധിഷ്ഠിരന്റെ ചോദ്യം കേള്‍ക്കുമ്പോഴും തുടര്‍ന്നുമുള്ള ശ്രീകൃഷ്ണന്റെ അതിയായ കോപമൊക്കെ ഇതിലുമൊക്കെ ഭംഗിയാക്കുവാന്‍ അദ്ദേഹത്തിനു കഴിയും എന്നു തന്നെ കരുതുന്നു. കലാനിലയം വാസുദേവ പണിക്കരുടെയായിരുന്നു സുദര്‍ശനം.

പ്രമുഖ വേഷങ്ങളിലെത്തിയ നടന്മാരുടെ പ്രവര്‍ത്തിക്കൊപ്പം തന്നെ, പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടേയും കോട്ടക്കല്‍ മധുവിന്റേയും ആലാപനമികവും അന്നേ ദിവസത്തെ കളിയുടെ മികവുയര്‍ത്തിയ ഘടകമാണ്‌. ധര്‍മ്മപുത്രരോടുള്ള പാഞ്ചാലിയുടെ പദത്തിലെ "കാട്ടില്‍ വസിക്കുമോ, ദൂരം നടക്കുമോ, ചൂടു സഹിക്കുമോ, കണ്ടാല്‍ ഇതു തവ പൊറുക്കുമോ?", "നാടുപേക്ഷിച്ചിവിടെ വാഴുന്ന ഞങ്ങളെക്കണ്ടൊരു നാണമില്ലയോ!" എന്നീ ഭാഗങ്ങളൊക്കെ ഏറെ ഹൃദ്യമായി. പാഞ്ചാലിയുടെ ഖേദം അപ്പാടെ നിറയുന്നതായിരുന്നു ആദ്യ പദത്തിന്റെ ഉച്ചസ്ഥായിയിലുള്ള സഞ്ചാരമെങ്കില്‍; ശ്രീകൃഷ്ണന്‍ ഉണ്ടായിട്ടും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളുടെ തീഷ്ണത മുഴുവന്‍ പ്രകടമായിരുന്നു ധര്‍മ്മപുത്രരുടെ പദത്തിന്റെ ഉച്ചസ്ഥായിയിലുള്ള ആലാപനം. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്യുതവാര്യര്‍ മദ്ദളത്തിലും ഒരുക്കിയ മേളം ആദ്യ രംഗത്തിലും ശ്രീകൃഷ്ണനുള്‍പ്പെട്ട അവസാന ഭാഗങ്ങളിലും തരക്കേടില്ലാതെ പോയെങ്കില്‍; സൂര്യഭഗവാന്‍ പ്രത്യക്ഷപ്പെടുന്ന മധ്യഭാഗങ്ങളില്‍ ചെണ്ട പിന്നിലായി. ഇരുവരും ചേര്‍ന്നുള്ള ഇടഞ്ഞു കൊട്ടലുകള്‍ക്കും ഏറെ മികവു തോന്നിയില്ല. ആലപ്പുഴയിലെ 'കിര്‍മ്മീരവധ'ത്തിന്റെ ശോഭകുറച്ച ഘടകങ്ങളിലൊന്ന് നിറം മങ്ങിപ്പോയ മേളമായിരുന്നു എന്നതിനോട് കളി കണ്ട ഭൂരിഭാഗം ആസ്വാദകര്‍ക്കും വിയോജിപ്പുണ്ടാവുമെന്ന് കരുതുന്നില്ല. മൈക്കിന്റെ ശബ്ദം വളരെ ഉയര്‍ന്ന നിലയിലായിരുന്നതിനാല്‍ മദ്ദളത്തേക്കാളും ചെണ്ടയേക്കാളും ഉച്ചത്തിലായിരുന്നു ചേങ്ങിലയുടേയും ഇലത്താളത്തിന്റെയും മുഴക്കം. മേളത്തിന്റെ ഭംഗികുറച്ചതില്‍ നല്ലൊരു പങ്ക് ഈ വിധം അപക്വമായ ശബ്ദസംവിധാനത്തിനുമുണ്ട്.

വേഷഭംഗിയില്ലാത്ത കോപ്പുകളായിരുന്നു ഇവിടുത്തെ മറ്റൊരു ന്യൂനത. ആലപ്പുഴ കളിയോഗത്തിന്റെ കോപ്പുകളാണ്‌ ഉപയോഗിക്കുന്നതെങ്കിലും, ഗോപിയാശാന്‌ മാത്രം പുറത്തു നിന്നും നല്ല ഞൊറിയും വടക്കന്‍ ശൈലിയിലുള്ള കേശഭാര കിരീടവുമൊക്കെ സാധാരണ സംഘടിപ്പിച്ചു കാണാറുണ്ട്. ഇവിടെ എന്തുകൊണ്ടോ അതുമുണ്ടായില്ല. ഇനിയൊരു പക്ഷെ, കാട്ടിലലയുന്ന ധര്‍മ്മപുത്രര്‍ക്ക് അത്ര മോടിയുള്ള വേഷങ്ങള്‍ വേണ്ടായെന്നു സംഘാടകര്‍ കരുതിയതാണോ എന്നുമറിയില്ല! ചേര്‍ത്തല വിശ്വനാഥന്‍ നായരും കലാനിലയം സജിയും ഒരുക്കിയ ചുട്ടിയും മികവു പുലര്‍ത്തി. സുദര്‍ശനത്തിന്റെ മുഖത്ത് കടലാസിലൊന്നും ചെയ്തു വെയ്ക്കാതെ വരമാത്രമായിപ്പോയതിന്‌ സമയക്കുറവാകുമോ കാരണം?

ചുരുക്കത്തില്‍; നടന്മാരുടെ പ്രവര്‍ത്തി ഗുണം, ആലാപനത്തിലെ മികവ് എന്നിവയൊക്കെ കാരണമായി താരതമ്യേന ആസ്വാദ്യകരമായൊരു 'കിര്‍മ്മീരവധ'മാണ്‌ ഇവിടെ അരങ്ങേറിയത്. അതേസമയം, കലാമണ്ഡലം ഗോപി ധര്‍മ്മപുത്രരാവുന്ന ഒരു 'കിര്‍മ്മീരവധ'ത്തില്‍ നിന്നും ഇതിലുമേറെ ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന സത്യം അവശേഷിക്കുകയും ചെയ്യുന്നു.
--

5 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട 'കിര്‍മ്മീരവധം' കഥകളിയുടെ ഒരു ആസ്വാദനം.
--

AMBUJAKSHAN NAIR പറഞ്ഞു...

വളരെ സന്തോഷം.

RamanNambisanKesavath പറഞ്ഞു...

A descriptive and elaborate study of Kalamandalam Gopi .In the captions of pictures it is seen Margy Vijayakumar as Damayanthi. Please correct the same as Panchali.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ, ആസ്വാദനം വളരെ നന്നായിരിക്കുന്നു. പാട്ട്, കൊട്ട്, ശബ്ദസംവിധാനം എന്നിവയെക്കുറിച്ച് പറഞ്ഞതൊക്കെ വളരെ ശരിയാണ്. പത്തിയൂരും മധുവും ചേർന്നുള്ള പാട്ടായിരുന്നു അന്നത്തെ കളിയിൽ ഏറ്റവും മികച്ചുനിന്നത്.

“കലാമണ്ഡലം ഗോപി ധര്‍മ്മപുത്രരാവുന്ന ഒരു 'കിര്‍മ്മീരവധ'ത്തില്‍ നിന്നും ഇതിലുമേറെ ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന സത്യം അവശേഷിക്കുകയും ചെയ്യുന്നു.”
ഈ പ്രായത്തിൽ ഇത്രയുക്കെയല്ലെ ആശാനിൽ നിന്നും പ്രതീക്ഷിക്കാവു? കഴിഞ്ഞമാസം മൂവാറ്റുപുഴയ്ക്കടുത്ത് കീഴില്ലത്ത് ആശാന്റെ ഒരു ധർമ്മപുത്രൻ കണ്ടിരുന്നു. അത് ഇത്രപോലും നന്നായിരുന്നില്ല. അന്ന് മുദ്രകളൊക്കെ കാലംകയറ്റി ചെയ്ത് വേഗത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു പതിഞ്ഞപദം പോലും.

ഈയിടെയായി ഗോപിയാശാൻ, ‘ഒരു നാണമില്ലയോ’ എന്നഭാഗത്തിന്റെ അഭിനയത്തിൽ അമിതമായി നാടകീയത വരുത്തുന്നതായി കാണുന്നുണ്ട്. ഇത് ഒട്ടും നല്ലതായി തോന്നുന്നില്ല. കോട്ടയത്തുതമ്പുരാന്റെ ധീരോദാത്തനായകന് ഈ നാടകീയമായ അഭിനയം ഒട്ടും ചേരുന്നതല്ല.

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

ആ തെറ്റ് ഭീകരമായിപ്പോയി! :p തിരുത്തിന്‌ വളരെ നന്ദി.

ഗോപിയാശാനില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നതല്ല, ആശാന്‍ പങ്കെടുക്കുന്ന ഒരു കളിയില്‍ നിന്നും ഇതിലുമേറെ പ്രതീക്ഷിക്കുന്നു എന്നാണ്‌ ഉദ്ദേശിച്ചത്. (ഉദാ: തൊട്ടടുത്ത ദിവസത്തെ 'കചദേവയാനി', മൊത്തത്തില്‍ ഇതിലുമേറെ നന്നായി എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്.) അദ്ദേഹത്തില്‍ നിന്നും ഈ പ്രായത്തില്‍ ഇതിലുമേറെ ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയായിപ്പോവും!

ഓഫ്: 'കളിഭ്രാന്തി'ല്‍ ഒന്നും കണ്ടില്ല ഇതുവരെ?
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--