2011, ജൂൺ 9, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ കല്യാണസൗഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Ratheesan as Hanuman and Kalamandalam Shanmukhadas as Bhiman. An appreciation by Haree for Kaliyarangu.
ജൂണ്‍ 06, 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തെ സായാഹ്ന കഥകളി പരിപാടിയായി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ കോട്ടയത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം രതീശന്റെ ഹനുമാനും കലാമണ്ഡലം ഷണ്മുഖദാസിന്റെ ഭീമനുമായിരുന്നു മുഖ്യവേഷങ്ങള്‍. കലാഭാരതി വാസുദേവന്‍ പാഞ്ചാലിയായി വേഷമിട്ടു. കലാനിലയം രാജീവന്‍, കലാമണ്ഡലം സുധീഷ് എന്നിവരുടെ ആലാപനവും; കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലുമൊരുക്കിയ മേളവും പിന്നണിയില്‍ ഇവര്‍ക്കൊരുമിച്ചു കൂടി‍. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയോടൊപ്പം മാര്‍ഗിയുടെ ചമയങ്ങളുമായിരുന്നു അണിയറയില്‍. ശൗര്യഗുണവും ജടാസുരന്റെ വധവുമൊക്കെ ഉള്‍പ്പെടുന്ന പൂര്‍വ്വഭാഗങ്ങള്‍ ഒഴിവാക്കി കഥയുടെ ഉത്തരഭാഗം മാത്രമായാണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്. "പാഞ്ചാലരാജതനയേ!" എന്ന ഭീമന്റെ പതിഞ്ഞ ശൃം‍ഗാരപദത്തോടെ തുടങ്ങുന്ന ഉത്തരഭാഗമാണ്‌ ഇവിടെയും അവതരിക്കപ്പെട്ടത്.

അവതരണരീതിയുടെ പ്രത്യേകതകള്‍ കൊണ്ടു തന്നെ ഏറെ ആകര്‍ഷകമായതും നടന്റെ മാറ്റളക്കുന്നതുമായ ഒന്നാണ്‌ "പാഞ്ചാലരാജതനയേ!" എന്ന ഭീമന്റെ പാഞ്ചാലിയോടുള്ള ശൃംഗാരപദം. എട്ടു വീതം മൂന്ന് ഘട്ടങ്ങളിലായി ഇരുപത്തിനാല്‌ താളവട്ടമെടുത്ത് അവസാനിക്കുന്ന ഇരട്ടിയുടെ ശില്‍പഭംഗിയാണ്‌ എടുത്തു പറയേണ്ടതായുള്ളത്. നൃത്തസവിശേഷതയോടൊപ്പം പദാഭിനയ മുദ്രകള്‍ അതിനോടിണക്കി അവതരിപ്പിക്കുക എന്നതും പ്രധാനമാണ്‌. ഇരട്ടിയുടെ ഒടുവില്‍ മാനെന്ന മുദ്ര ക്ഷണനേരം പിടിച്ച് അവസാനിപ്പിക്കുന്ന പ്രത്യേകരീതിയും ഇതില്‍ കാണാം. കലാമണ്ഡലം ഷണ്മുഖദാസിന്റെ ഭീമനായുള്ള അവതരണം ഇവിടെ മികവു പുലര്‍ത്തി. കലാശത്തിലെ ചുവടുകളൊക്കെയും മനോഹരമായി എടുക്കുന്നതിനൊപ്പം ആവശ്യാനുസരണം സഞ്ചാരീഭാവങ്ങള്‍ മുഖത്തു കൊണ്ടുവരുവാനും ഷണ്മുഖദാസിനു കഴിഞ്ഞു. എന്നാല്‍ കലാഭാരതി വാസുദേവന്റെ പാഞ്ചാലി അവതരണത്തില്‍ പിന്നിലായിരുന്നു. ആ 'നല്ല ചാരുപവനന്റെ' വരവൊക്കെ ഭീമനോടൊപ്പം പാഞ്ചാലിക്കും ഒന്ന് അനുഭവത്തില്‍ കൊണ്ടുവരാം. സൗഗന്ധികത്തിന്റെ വാസന പാഞ്ചാലിക്കൊപ്പം തന്നെ ഭീമനും അനുഭവവേദ്യമാക്കുവാന്‍ ഷണ്മുഖദാസ് മനസുവെച്ചത് ഇവിടെ മാതൃകയാക്കാം. വാസുദേവന്റെ കലാശച്ചുവടുകളും ഇവിടുത്തെ അരങ്ങില്‍ വേണ്ടും വണ്ണം ശോഭിച്ചില്ല. വേഷഭംഗിയുണ്ടെങ്കിലും അനാവശ്യമായുള്ള പുരികമിളക്കലും ചുണ്ടു കോടിക്കലുമൊക്കെ വരുമ്പോള്‍ പാത്രഗൗരവം കുറയുന്നു.

സൗഗന്ധിക പുഷ്പങ്ങള്‍ വേണമെന്ന ആഗ്രഹം അറിയിക്കുന്ന പാഞ്ചാലിയോട്; അവ എവിടെയുണ്ടെങ്കിലും തേടി കൊണ്ടുവന്നു തരുന്നുണ്ട് എന്ന് ഭീമന്‍ മറുപടി പറയുന്നു. പദഭാഗത്തിനു ശേഷം സൗഗന്ധിക പുഷ്പം തേടി യാത്രയാവാനൊരുങ്ങുന്ന ഭീമനോട്, 'യാത്രാമധ്യേ അങ്ങയ്ക്ക് വിശപ്പും ദാഹവും ഉണ്ടായാല്‍ എന്തു ചെയ്യും?', 'മാര്‍ഗമധ്യേ ശത്രുക്കള്‍ വന്നാല്‍ എന്താണൊരു സഹായം?' എന്നിങ്ങനെ പാഞ്ചാലി തന്റെ സന്ദേഹങ്ങള്‍ പങ്കുവെയ്ക്കുന്നു. 'നിന്റെയൊരു കടാക്ഷമുണ്ടെങ്കില്‍ വിശപ്പും ദാഹവുമൊന്നും ഞാനറിയില്ല', 'അനേകം വൈരികളെ കാലപുരിക്കയച്ച ഈ ഗദ തന്നെ തനിക്ക് സഹായത്തിന്‌' എന്നീ മറുപടികള്‍ ഭീമനും നല്‍കുന്നു. സാധാരണയായി ഉണ്ടാവാറുള്ള ഈ ചോദ്യോത്തരങ്ങള്‍ക്ക് ശേഷം 'അല്ല, എന്തിനാണ്‌ ഭവതിക്ക് ഈ സൗഗന്ധിക പുഷ്പങ്ങള്‍?' എന്നൊരു ചോദ്യം ഷണ്മുഖദാസിന്റെ ഭീമന്‍ തിരിച്ചും ചോദിക്കുകയുണ്ടായി. അഴിച്ചു മുന്നിലിട്ട മുടിയെടുത്ത് ഖിന്നയായി നില്‍ക്കുന്ന പാഞ്ചാലി എന്തോ പറയുവാന്‍ തുടങ്ങുമ്പോള്‍ അതു വിലക്കി, ക്രോധം നടിച്ച് കഴിഞ്ഞ സംഭവങ്ങള്‍ ഒന്നോര്‍ത്ത്, 'ഒന്നും പറയേണ്ട, ഈ പുഷ്പങ്ങള്‍ ശ്രീകൃഷ്ണന്‌ പാദപൂജ ചെയ്യാം' എന്നു പറഞ്ഞ് പാഞ്ചാലിയെ സമാധാനിപ്പിച്ച്, തന്നെയും പ്രതീക്ഷിച്ചിരിക്കുവാനും പറഞ്ഞ് ഭീമന്‍ സൗഗന്ധികം തേടി യാത്ര തിരിക്കുന്നു.

ഭീമന്റെ സൗഗന്ധികം തേടിയുള്ള യാത്രയാണ്‌ തുടര്‍ന്ന് അവതരിപ്പിച്ചത്. പൂ പറന്നുവന്ന കാറ്റിന്റെ ദിശ നോക്കിയാണ്‌ ഭീമന്‍ യാത്ര തിരിക്കുന്നത്. ഗന്ധമാദന പര്‍വ്വതത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ധാതു ലവണങ്ങള്‍ ഊറിവരുന്നതും മലയുടെ അടിവാരത്തില്‍ ഉണങ്ങിയ വൃക്ഷങ്ങള്‍ കത്തി പുക കാര്‍മേഘം കണക്കെ ഉയരുന്നതും മറ്റുമായ കാഴ്ചകള്‍ ഭീമന്‍ കാണുന്നു. പര്‍വ്വതം കയറിയിറങ്ങി യാത്ര തുടരുന്ന ഭീമന്‍ വെളിച്ചം കടക്കാത്ത മട്ടില്‍ ഇടതൂര്‍ന്നു വളരുന്ന കാട് കണ്ട് മരങ്ങളൊക്കെ ഗദകൊണ്ട് അടിച്ചൊതുക്കി വഴിയുണ്ടാക്കി കടന്നു പോവുന്നു. ഇടയ്ക്ക് ഒരു ആനയെ കാണുന്ന ഭീമന്‍ അല്‍പനേരം അത് മരച്ചില്ലകള്‍ ഒടിച്ച് കഴിക്കുന്നതും മണ്ണില്‍ കുളിക്കുന്നതുമൊക്കെ കണ്ടു നില്‍ക്കുന്നു. ശേഷം മെല്ലെ മയങ്ങി തുടങ്ങുന്ന ആനയുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടികൂടുന്നു. പാമ്പിന്റെ വായില്‍ നിന്നും രക്ഷപെടുവാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ ഘോരനായ ഒരു സിംഹവും അവിടെയെത്തുന്നു. സിംഹമാവട്ടെ ആനയുടെ മുകളില്‍ കയറി മസ്‍തകം അടിച്ചു തകര്‍ത്ത് ചോര കുടിക്കുന്നു. സിംഹത്തിന്റെ അടിയേറ്റ് ചെരിയുന്ന ആനയെ പെരുമ്പാമ്പ് വിഴുങ്ങുന്നു.

ഭീമന്റെ സൗഗന്ധികം തേടിയുള്ള ഈ വിധത്തിലുള്ള യാത്രയും യാത്രയിലെ കാഴ്ചകളും കലാമണ്ഡലം ഷണ്മുഖദാസ് വളരെ ഭംഗിയായി അവതരിപ്പിച്ചു. 'അജഗരകബളിത'ത്തിലെ ആന-പെരുമ്പാമ്പ്-സിംഹം എന്നിങ്ങനെ മാറിമാറിയുള്ള പകര്‍ന്നാട്ടവും മികച്ചതാക്കുവാന്‍ അദ്ദേഹത്തിനായി. ഒരുപക്ഷെ, ശാന്തനായ ഒരു ആന എന്നല്ലാതെ മദപ്പാടോടു കൂടിയ വര്‍ദ്ധിത വീര്യത്തോടെയുള്ള ഒരു ഒറ്റയാന്‍ എന്നോ മറ്റോ ആടുകയായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നു തോന്നി. [കാരണങ്ങള്‍: സാധാരണയായി ആനകള്‍ കൂട്ടം വിട്ട് സഞ്ചരിക്കാറില്ല, സാധാരണ മട്ടിലുള്ള ഒരു ആന ഭീമന്റെ ശ്രദ്ധ നേടുവാനും സാധ്യത കുറവാണ്‌. കാടുതകര്‍ത്തു വരുന്ന ഭീമന്‍ ഒരു ശബ്ദം കേള്‍ക്കുന്നു, എന്താണെന്നു നോക്കുമ്പോള്‍ മദയാനയുടെ പരാക്രമം എന്ന മട്ടില്‍ ഈ ആട്ടത്തിലേക്ക് കടക്കുകയുമാവാം. വീരഭാവത്തില്‍ നിന്നും ദൈന്യതയിലേക്കുള്ള മാറ്റമാവുമ്പോള്‍ അഭിനയസാധ്യതയും കൂടുതലുണ്ട്.] സൗഗന്ധികം തേടിയാണ്‌ ഭീമന്റെ യാത്രയെങ്കിലും യാത്രയില്‍ ഒരിടത്തും അതിനെക്കുറിച്ച് ഭീമന്‍ ഓര്‍ക്കുന്നതേയില്ല! എവിടെയാണ്‌ സൗഗന്ധിക പുഷ്പങ്ങള്‍ ലഭിക്കുക എന്ന് ഭീമനറിയില്ലാത്ത സ്ഥിതിക്ക്; ഗന്ധമാദന പര്‍വ്വതം കാണുമ്പോള്‍ ഇതിനു മുകളിലാവുമോ എന്നൊക്കെ ഭീമന്‌ ചിന്തിക്കാവുന്നതല്ലേ? (അങ്ങിനെയൊന്നും ചിട്ടയിലുമില്ല. അതെന്തുകൊണ്ട് നിശ്ചയിച്ചിട്ടുള്ള ആട്ടത്തിലെങ്ങും ഇടം നേടിയില്ല? ഒരുപക്ഷെ, സൗഗന്ധികം ഉള്ളയിടത്ത് അതിന്റെ പരിമളം നിറഞ്ഞിരിക്കുമല്ലോ, അതുകൊണ്ട് പ്രത്യേകം നോക്കേണ്ടതില്ല എന്നതാവാം കാരണം.) ഒടുവില്‍ കദളീവനത്തിന്റെ സമീപമെത്തി, ഫലങ്ങള്‍ നിറയെ കായ്‍ചു കിടന്നിട്ടും പക്ഷികള്‍ കൊത്താത്ത ഈ വനം പരിപാലിക്കുന്നതാര് എന്നൊക്കെ ചിന്തിച്ച്, 'തേടി അറിയുക തന്നെ' എന്നുറച്ച് കദളീവനത്തിലൂടെ ഭീമന്‍ യാത്ര തുടരുന്നു. [UPDATE: ഇവിടെ കദളീവനം കണ്ട് യാത്ര തുടര്‍ന്നാല്‍ പിന്നെയുള്ള അടിച്ചു തകര്‍ക്കലിന്‌ അര്‍ത്ഥമില്ലാതാവും. ഇവിടെ കാടടിച്ചു തകര്‍ത്ത് നീങ്ങുന്നതായി മാത്രം ആടിയാല്‍ മതിയാവും. പിന്നീട് ഹനുമാന്‍ വഴിമുടക്കി കിടക്കുമ്പോള്‍ വലതു വശത്തു കൂടി പ്രവേശിക്കുന്നതും അടിച്ചു തകര്‍ത്തു കൊണ്ടാണ്‌. കദളിവാഴകളെ ഇപ്രകാരം ചെയ്യേണ്ടതില്ലല്ലോ? ആ രീതിയില്‍ പ്രവേശിച്ച ശേഷം കദളിവാഴക്കൂട്ടം കണ്ട് യാത്ര തുടര്‍ന്നാല്‍ മതിയാവും.]

KalyanaSaugandhikam

Karthika Thirunal Theater, East-fort, Thiruvananthapuram
Written by
  • Kottayathu Thampuran
Actors
  • Kalamandalam Shanmukhadas as Bhiman
  • Kalabharathi Vasudevan as Panchali
  • Kalamandalam Ratheesan as Hanuman
Singers
  • Kalanilayam Rajeevan
  • Kalamandalam Sudheesh
Accompaniments
  • Kalamandalam Krishnadas, Margi Krishnakumar in Chenda
  • Margi Rathnakaran in Maddalam
Chutty
  • RLV Somadas
Kaliyogam
  • Margi, Thiruvananthapuram
Organized by
  • Drisyavedi, Thiruvananthapuram
June 06, 2011
ധ്യാനത്തിലിരിക്കുന്ന ഹനുമാന്‍ ഒരു ശബ്ദം കേട്ടുണരുന്നു. മനസുറപ്പിച്ച് വീണ്ടും ധ്യാനം തുടരുവാന്‍ ശ്രമിക്കുന്നെങ്കിലും വീണ്ടും ഈ ശബ്ദം ഹനുമാന്റെ ഏകാഗ്രത കളയുന്നു. പര്‍വ്വതങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതാണോ, അതോ ലോകാവസാനമായോ എന്നൊക്കെ ഹനുമാന്‍ ആദ്യം സംശയിക്കുന്നു. ഇന്ദ്രന്‍ പണ്ട് പര്‍വ്വതങ്ങളുടെ ചിറകരിഞ്ഞ് അവിടവിടെയായി പ്രതിഷ്ഠിച്ചതിനാല്‍ അവ കൂട്ടിയിടിച്ചുള്ള ശബ്ദമല്ലെന്നും, പക്ഷിമൃഗാദികള്‍ യാതൊരു ആങ്കലാപ്പും കാണിക്കാത്തതിനാല്‍ ലോകാവസാനമായില്ലെന്നും ഹനുമാന്‍ മനസിലക്കുന്നു. ഒടുവില്‍ എന്താണെന്ന് നോക്കുക തന്നെ എന്ന് ഹനുമാന്‍ ഉറയ്‍ക്കുന്നു. ദൂരെ നിന്നും ബലവാനായ ഒരു മനുഷ്യന്‍ കയ്യിലൊരു ഗദയുമായി വൃക്ഷങ്ങളെ തല്ലിത്തകര്‍ത്ത് വരുന്നത് കണ്ട് "ആരിഹ വരുന്നതിവന്‍..." എന്ന പദത്തിലേക്ക് കടക്കുന്നു. ശബ്ദവര്‍ണന ഉള്‍പ്പടെയുള്ള ഹനുമാന്റെ തുടക്കത്തിലെ ആട്ടങ്ങള്‍ കലാമണ്ഡലം രതീശന്‍ മികവോടെ അവതരിപ്പിച്ചു. "മനസി മമ കിമപിബത..." എന്നയിടത്ത് അഷ്ടകലാശവും ഭംഗിയായി ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അനിലസുതനായ ഇവനെന്റെ അനുജനാണെന്ന് തിരിച്ചറിയുന്നതിനു മുന്‍പായി ഒന്ന് ആലോചിക്കുന്നതായി നടിക്കുന്നത് നന്നായിരിക്കുമെന്നു തോന്നി. ഇവന്റെ ശക്തി അറിയുകയും താനാരെന്ന് അറിയിക്കുകയും ചെയ്യണം എന്നതിനോടൊപ്പം; മനുഷ്യര്‍ക്ക് സഞ്ചാരം നിഷിദ്ധമായ ദേവമാര്‍ഗത്തിലൂടെയുള്ള ഇവന്റെ സഞ്ചാരം ദേവന്മാര്‍ കോപിക്കുവാന്‍ ഇടയാക്കും, മാത്രമല്ല സൗഗന്ധികം ലഭിക്കുവാന്‍ പോവേണ്ട വഴി ഇതല്ല, ശരിയായ വഴി പറഞ്ഞു കൊടുക്കുകയും വേണം എന്നു കൂടി രതീശന്റെ ഹനുമാന്‍ ആടുകയുണ്ടായി. ഒരു വൃദ്ധവാനരനായി വഴിമുടക്കി കിടക്കുവാനുറച്ച്, ശ്രീരാമനെ മനസാ സ്മരിച്ച്, ജരാനരകള്‍ വരുത്തി പടുകിഴവനായി ഭീമസേനന്റെ വരവും പ്രതീക്ഷിച്ച് ഹനുമാന്‍ വഴിമുടക്കി കിടക്കുന്നു.

മരങ്ങള്‍ തല്ലിത്തകര്‍ത്ത് സഞ്ചരിക്കുന്ന ഭീമന്‍ വഴിമുടക്കിയായി ഒരു വൃദ്ധവാനരനെ കണ്ട് നില്‍ക്കുന്നു. വഴിയില്‍ നിന്നു പോവാന്‍ പറയുന്നെങ്കിലും കുരങ്ങനൊരു കൂസലുമില്ലെന്നു കണ്ട് ഗദ ഉപയോഗിച്ച് വാല്‍ എടുത്തു മാറ്റി കടന്നു പോകുവാന്‍ ഭീമന്‍ മുതിരുന്നു. എന്നാല്‍ വാലൊന്ന് അനക്കുവാന്‍ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല ഗദ തിരിച്ചെടുക്കുവാനും കഴിയാതെ ഭീമന്‍ വിഷമത്തിലാവുന്നു. ഇതോടെ ഇത് നിസ്സാരനായ ഒരു വാനരനല്ലെന്ന് മനസിലാക്കി അങ്ങാരെന്ന് ഭീമന്‍ തിരക്കുന്നു. ഹനുമാന്‍ സ്വരൂപത്തെ പ്രാപിച്ച് ഞാന്‍ നിന്റെ സഹോദരനായ ഹനുമാനാണെന്ന് ഭീമന്‌ പറഞ്ഞുകൊടുക്കുന്നു. തുടര്‍ന്ന് ഭീമന്റെ ആഗ്രഹപ്രകാരം സമുദ്രം ചാടിക്കടന്ന രൂപം ഹനുമാന്‍ കാട്ടിക്കൊടുക്കുന്നു. ഇതു കണ്ട് മോഹാലസ്യപ്പെടുന്ന ഭീമനെ ഉണര്‍ത്തി സൗഗന്ധിക പുഷ്പങ്ങള്‍ കുബേരന്റെ പൊയ്കയിലുണ്ടെന്നും അവിടെയെത്തുവാനുള്ള വഴിയും പറഞ്ഞു കൊടുത്ത് ഭീമനെ ഹനുമാന്‍ യാത്രയാക്കുന്നു.

"വഴിയില്‍ നിന്നു പോക..." എന്ന ഭീമന്റെ പദത്തിനു ശേഷമുള്ള ഭീമനും ഹനുമാനും തമ്മിലുള്ള അരങ്ങത്ത് ഇപ്പോള്‍ പതിവില്ലാത്ത പദഭാഗങ്ങള്‍ ഇവിടെയും ഒഴിവാക്കിയിരുന്നു. സമുദ്രത്തെ ചാടി കടന്ന രൂപം കാണണമെന്ന ഭീമന്റെ ആഗ്രഹം കേട്ട് ഹനുമാന്‍ 'ആവോളം ചുരുക്കീടുന്നേന്‍' എന്നു പറയുമ്പോള്‍, 'ചെറുതാക്കുകയല്ല, ബഹൃത്തായ രൂപമാണ്‌ കാണേണ്ടത്...' എന്നാണ്‌ ഷണ്മുഖദാസിന്റെ ഭീമന്‍ പ്രതികരിക്കുന്നത്. എന്നാല്‍ ചെറുതാക്കുവാന്‍ പോവുന്നു എന്നല്ല, മറിച്ച് അന്നത്തെ അത്രയും വലുതാക്കിയാല്‍ നീ പേടിക്കും അതിനാല്‍ അത്രത്തോളം വലുതാവാതിരിക്കുവാന്‍ ശ്രമിക്കാം എന്നേ ഹനുമാന്‍ ഉദ്ദേശിക്കുന്നുള്ളൂ. അതിനനുസരിച്ചുള്ള ഒരു പ്രതികരണം, 'കഴിയുന്നത്രയും വലുതായി കാണിക്കൂ... തനിക്ക് ഭയമില്ല...' എന്നോ മറ്റോ ഭീമന്‍ ആടുന്നതാവും പരിഭവഭാവത്തോടെ 'ചെറുതാക്കുകയല്ല, വലുതാക്കുകയാണ്‌ വേണ്ടത്' എന്നാടുന്നതിലും ഉചിതം. പദങ്ങള്‍ക്കു ശേഷം 'നീയെന്താണ്‌ ഈ വഴി സഞ്ചരിക്കുവാന്‍?' എന്നും ഹനുമാന്‍ ഭീമനോട് ചോദിക്കുന്നുണ്ട്. ഭീമന്റെ വരവിന്റെ ഉദ്ദേശം അറിയാവുന്ന ഹനുമാന്‍ അങ്ങിനെ ചോദിക്കേണ്ടതില്ലല്ലോ! (ഹനുമാന്‌ അറിയാമെന്ന് ഭീമനറിയില്ലല്ലോ, അതിനാല്‍ വെറുതേ ചോദിച്ചതുമാവാം!) 'എന്തിനാണിപ്പോള്‍ പാഞ്ചാലിക്ക് സൗഗന്ധികങ്ങള്‍?' എന്നൊക്കെയും രതീശന്റെ ഹനുമാന്‍ ഇവിടെ തുടര്‍ന്ന് ചോദിക്കുന്നുണ്ട്. 'പെണ്ണ് പറയുന്നതും കേട്ട് ഉടനേ ചാടിപ്പുറപ്പെട്ടു' എന്നൊക്കെ ഭീമനെ കളിയാക്കുവാന്‍ വകുപ്പുണ്ട് എന്നല്ലാതെ അതൊന്നും അവിടെ ആവശ്യമുള്ള ചോദ്യങ്ങളായി തോന്നിയില്ല. 'നാം തമ്മില്‍ സന്ധിക്കുവാനായി നമ്മുടെ അച്ഛനായ മാരുതന്‍ തന്നെ പുഷ്പം അവിടെയെത്തിച്ചതാണ്‌' എന്നൊരു ആട്ടം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പരസ്പരം പിരിയുന്ന സമയത്ത് ഗദ വാങ്ങുവാനുള്ള പരുങ്ങലും, ഗദ നേടിയ ശേഷമുള്ള പരാക്രമവും പിന്നെ ജ്യേഷ്ഠനെ കണ്ട് അതടക്കുന്നതുമെല്ലാം രസകരമായി കലാമണ്ഡലം ഷണ്മുഖദാസും; വാത്സല്യ നിധിയായ ഹനുമാനായി കലാമണ്ഡലം രതീശനും ഒടുവിലെ ഭാഗങ്ങളും ഭംഗിയാക്കി.

കലാനിലയം രാജീവനും കലാമണ്ഡലം സുധീഷും ചേര്‍ന്നുള്ള അന്നേ ദിവസത്തെ ആലാപനത്തിനും കളിയുടെ മികവില്‍ പങ്കുണ്ട്. "പാഞ്ചാലരാജതനയേ!", "ആരിഹ വരുന്നതിവന്‍..." എന്നീ പ്രധാന പദങ്ങളൊക്കെ ഇരുവരും ചേര്‍ന്ന് ഭംഗിയായി ആലപിച്ചു. 'പങ്കജേക്ഷണേ!' എന്ന് പാഞ്ചാലിയെ അഭിസംബോധന ചെയ്യുന്ന ഭീമന്റെ കൃഷ്ണമണികളുടെ സഞ്ചാരത്തിനു കൂടല്‍, അജഗരകബളിതത്തില്‍ ആന ഊര്‍ദ്ധശ്വാസം വലിക്കുന്നതൊപ്പിച്ചുള്ള ചെണ്ടയിലെ നീട്ടല്‍, പിന്നെ പെരുമ്പാമ്പിന്റെ വായ തുറന്നു വരുന്നതിനനുസരിച്ച് ചെണ്ടയുടെ ശബ്ദത്തിലെ ഉയര്‍ച്ച; ഇവയൊക്കെ കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയിലെ മികവിന്‌ അന്നേ ദിവസത്തെ കളിയില്‍ നിന്നും കണ്ടെടുക്കാവുന്ന ചില ഉദാഹരണങ്ങളാണ്‌. മദ്ദളത്തില്‍ മാര്‍ഗി രത്നാകരനും നടന്മാരെ നന്നായി പിന്തുണച്ചു. പക്ഷെ, പഞ്ചമത്തില്‍ കൂവുന്ന കുയിലിനെ നടന്‍ കേള്‍ക്കുമ്പോള്‍ മദ്ദളത്തില്‍ കുയില്‍ നാദം കേള്‍പ്പിക്കാതിരുന്നത് എന്താണെന്നറിയില്ല. ഒടുവില്‍ മാര്‍ഗി കൃഷ്ണകുമാറിനും ചെണ്ടയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. ഒരുപക്ഷെ, കളിയില്‍ നിരാശപ്പെടുത്തിയത് പ്രധാനമായും ഉടുത്തുകെട്ടായിരുന്നു. തികഞ്ഞ അലംഭാവം കലാമണ്ഡലം ഷണ്മുഖദാസിന്റെ ഉടുത്തുകെട്ടില്‍ കാണുവാനുണ്ടായിരുന്നു. ഉത്തരീയങ്ങള്‍ ശരിയായി പിരിച്ചിടാഞ്ഞതും വേഷത്തിന്റെ ഭംഗി കുറച്ചു. കലാമണ്ഡലം രതീശന്റെ ഉടുത്തുകെട്ട് പിന്നെയും നന്നായിരുന്നെങ്കിലും ഉത്തരീയങ്ങളൊക്കെ പല നിരയില്‍ കിടന്നത് അഭംഗിയായി. ഇരുവരുടേയും മുഖത്തെഴുത്തും ഭീമന്റെ ചുട്ടിയും മികവു പുലര്‍ത്തിയപ്പോള്‍, ആടി തുടങ്ങിയപ്പോള്‍ തന്നെ ഹനുമാന്റെ ചുട്ടി ഇളകി തുടങ്ങിയത് അന്നേ ദിവസം ചുട്ടി കൈകാര്യം ചെയ്ത RLV സോമദാസിന്റെ കൈപ്പിഴയായി മാത്രമേ കാണുവാനാകൂ! (അതോ വേഷം കെട്ടിയപ്പോള്‍ അബദ്ധത്തില്‍ തട്ടിയോ മറ്റോ അടര്‍ന്നതോ?) ഹനുമാന്റെ നെറ്റിനാടയിലെ വരപ്പിനോട് ചേരുന്ന രീതിയില്‍ നാമം വരച്ചതും ഭംഗിയായി. ഒരല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ വശങ്ങളിലെ ചുരുളുകളും നെറ്റിനാടയോട് ചേര്‍ന്നു പോവുന്ന തരത്തില്‍ ആവുമായിരുന്നു. മുഖത്തെഴുതി തുടങ്ങുന്നതിനു മുന്‍പായി നെറ്റിനാടയൊന്ന് പിടിച്ച് തുടര്‍ച്ച വരുന്ന രേഖകള്‍ ഒന്ന് അടയാളപ്പെടുത്തിയാല്‍ ഇത് ശരിയാക്കാവുന്നതേയുള്ളൂ.

ചുരുക്കത്തില്‍, വേഷത്തിലും ആലാപനത്തിലും മേളത്തിലും പ്രവര്‍ത്തിച്ച കലാകാരന്മാരുടെ മികവു കൊണ്ട് ആസ്വാദ്യകരമായ ഒരു കളിയായിരുന്നു ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറിയത്. മാര്‍ഗിയില്‍ നിന്നുമുള്ള അണിയറപ്രവര്‍ത്തകര്‍ ഭംഗിയായി ഉടുത്തുകെട്ടിക്കുക കൂടി ചെയ്‍തിരുന്നെങ്കില്‍ പ്രകടമായ കുറവുകള്‍ ഒന്നും തന്നെ പറയുവാനില്ലാത്ത ഒരു അരങ്ങായി ഇവിടുത്തെ 'കല്യാണസൗഗന്ധികം' അവതരണം മാറുകയും ചെയ്യുമായിരുന്നു. യുവകലാകാരന്മാര്‍ക്ക് കൂടി പ്രമുഖമായി അരങ്ങത്ത് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ ഈ കളി സംഘടിപ്പിച്ച 'ദൃശ്യവേദി'യും ഇവിടെ അഭിനന്ദനമര്‍ഹിക്കുന്നു.

23 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ അവതരിക്കപ്പെട്ട 'കല്യാണസൗഗന്ധികം' കഥകളിയുടെ ഒരു ആസ്വാദനം.
--

SunilKumar Elamkulam Muthukurussi പറഞ്ഞു...

“ശൗര്യഗുണവും ജടാസുരന്റെ വധവുമൊക്കെ ഉള്‍പ്പെടുന്ന പൂര്‍വ്വഭാഗങ്ങള്‍ ഒഴിവാക്കി കഥയുടെ ഉത്തരഭാഗം മാത്രമായാണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്. " ഈ പ്രസ്താവന എത്രകണ്ട്‌ ശരിയാണ് ഹരീ? ജടാസുരന്റെ വധമൊന്നും കാണിക്കാറില്ല ശരിതന്നെ. പക്ഷെ ശൌര്യഗുണം അങ്ങനെ അല്ല ട്ടൊ. അത് ഒറ്റക്കായും പിന്നെ പാഞ്ചാലരാജതനയെ യും ആയും ഇപ്പോഴും ആടാറുണ്ട്.
എന്തായാലും ആ ചോദ്യങ്ങളും ബ്രാക്കറ്റിലെ സ്വയം സമാധാനങ്ങളും നല്ലതായി :):)

കപ്ലിങ്ങാട്‌ പറഞ്ഞു...

അസ്വാദനം നന്നായി ഹരീ.
ഒരു ഓഫ് :
“സാധാരണയായി ആനകള്‍ കൂട്ടം വിട്ട് സഞ്ചരിക്കാറില്ല, “
കൊമ്പനാന ഒറ്റയ്ക്കാണ് പൊതുവെ സഞ്ചരിക്കാറുള്ളത്.
Elephants live in a structured social order. The social lives of male and female elephants are very different. The females spend their entire lives in tightly knit family groups made up of mothers, daughters, sisters, and aunts. These groups are led by the eldest female, or matriarch. Adult males, on the other hand, live mostly solitary lives.
http://en.wikipedia.org/wiki/Elephant

Sethunath UN പറഞ്ഞു...

ഇങ്ങനൊക്കെ എഴുതിയാല്‍ എന്താ പറയുക. കളി കണ്ട ആളെന്ന നിലക്ക്
"യഥാതഥം.. ഹൃദ്യം" :)
ഒറ്റയാനെ ആവും ഹരി ഉദ്ദേശിച്ചത്.

Manu പറഞ്ഞു...

Excellent appreciation and comments. About 'what was the condition of the elephant seen by Bhima?'. One thing Bhima shows is that it was an abnormally huge elephant. Another point is that it is alone. Being alone and unusually strong its condition is more likely to be peaceful. It's back was itching, hence it is peaceful. Itches don't appear when we are agitated. This is true for man as well as animals. Hence I tend to agree with what Shanmughan has shown that it was peaceful.

Haree പറഞ്ഞു...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

ആന സമാധാനപ്രിയനായിരുന്നു കലാ. ഷണ്മുഖദാസിന്റെ അവതരണത്തില്‍. അങ്ങിനെയായതിനോട് എതിര്‍പ്പുമില്ല. ഞാന്‍ പറയുവാന്‍ ശ്രമിച്ചത് സന്ദര്‍ഭത്തിന്‌ കൂടുതല്‍ യോജിക്കുന്നത് മദയാനയോ അക്രമസ്വഭാവിയായ ഒറ്റയാനോ മറ്റോ ആയിരിക്കില്ലേ എന്ന ആശയമാണ്‌.

പിടിയാനകള്‍ കൂട്ടമായി കഴിയുമ്പോള്‍, കൊമ്പന്മാര്‍ ഏകാന്ത വാസം ഇഷ്ടപ്പെടുന്നവരാണ്‌. വസ്തുതാപരമായി ഇതു ശരിയാണ്‌. അപ്പോള്‍; കൊമ്പന്‍ പിടിയുമായി നടക്കുന്നു എന്ന മട്ടിലുള്ള മറ്റ് ആട്ടങ്ങള്‍ ഈ വസ്തുതയെ നിരാകരിക്കുന്നില്ലേ? വിഷയം ഇവിടെ ഏതായാലും അതല്ല. അജഗരകബളിതത്തിലെ ആന ശാന്തരൂപനാവണോ മദപ്പാടോടു കൂടിയ പരാക്രമിയാവണോ? ഏതു വേണം?

AMBUJAKSHAN NAIR പറഞ്ഞു...

ഭീമന്‍ കദളീ വനം കണ്ടു. അവിടെയുള്ള ഫലങ്ങള്‍ കാട്ടിലുള്ള പക്ഷികളുടെയോ , മൃഗങ്ങളുടെയോ, എന്തിന് ഒരു പുഴുവിന്റെ ആക്രമണം പോലും ഇല്ല അന്ന് അത്ഭുതപ്പെട്ടു നോക്കുന്ന ഭീമന്‍ അതിശക്തനായ ഒരു കാവല്‍ കാരന്‍ ഇവിടെ ഉണ്ടാകണം. ആരെന്നു അറിയുക തന്നെ എന്ന് കാറ്റി ഗദ ചുഴറ്റി കദളീവനത്തിലേക്ക് പ്രവേശിക്കുക. അതാണ്‌ ഉചിതം.

Haree പറഞ്ഞു...

അതെ ആട്ടം അതു തന്നെ. പക്ഷെ അതെവിടെ വേണം എന്നതിനെക്കുറിച്ചാണ്‌ ഇവിടെ പറഞ്ഞത്. ഹനുമാന്റെ രംഗത്തിനു മുന്‍പു തന്നെ അതു കണ്ട് വേണോ ഭീമന്‍ പിന്മാറുവാന്‍, അതോ ഹനുമാന്‍ വഴിമുടക്കി കിടക്കുമ്പോള്‍ വലതു വശത്തു കൂടി പ്രവേശിച്ച ശേഷമോ?

പക്ഷികളും മൃഗങ്ങളുമൊക്കെ ഒന്നും കഴിക്കാതെ കദളീവനം നോക്കി നടത്തുകയാണോ ഹനുമാന്റെ ജോലി? അതിലും നല്ലത്, അവയൊക്കെ ആവോളം കഴിച്ചു കഴിഞ്ഞാലും ധാരാളമായി ഫലങ്ങള്‍ നിറഞ്ഞു കാണുന്നു എന്നോ മറ്റോ ആവുന്നതല്ലേ?

AMBUJAKSHAN NAIR പറഞ്ഞു...

ഹനുമാന്റെ രംഗത്തിന് മുന്‍പ് കദളീവനം കാണുന്നത് തന്നെ ചെയ്യുന്നതാണ് പണ്ടു നിലവില്‍ നിന്നിരുന്ന രീതി. എന്റെ അഭിപ്രായത്തില്‍ അതാണ്‌ യുക്തി.

(പക്ഷികളും മൃഗങ്ങളുമൊക്കെ ഒന്നും കഴിക്കാതെ കദളീവനം നോക്കി നടത്തുകയാണോ ഹനുമാന്റെ ജോലി? അതിലും നല്ലത്, അവയൊക്കെ ആവോളം കഴിച്ചു കഴിഞ്ഞാലും ധാരാളമായി ഫലങ്ങള്‍ നിറഞ്ഞു കാണുന്നു എന്നോ മറ്റോ ആവുന്നതല്ലേ? )

ഇതിനു ഉത്തരം പറയുക വിഷമം ആണ്. കുഞ്ചന്‍ നമ്പ്യാരുടെ കല്യാണസൌഗന്ധികം ഓട്ടന്‍ തുള്ളല്‍ ഒന്ന് വായിക്കുക. അതിന്റെ ഉത്തരം അവിടെ ലഭിക്കും.

Haree പറഞ്ഞു...

കദളീവനത്തില്‍ പക്ഷിമൃഗാദികള്‍ ഭക്ഷണത്തിനു ഫലമൊന്ന് കഴിക്കുക പോലും ചെയ്യാതിരിക്കുമ്പോള്‍ ഭീമന്‍ എല്ലാം തല്ലിത്തകര്‍ത്ത് വരുന്നതെങ്ങിനെ? അല്ലെങ്കില്‍ തന്നെ കൊടുങ്കാടൊന്നുമല്ല കദളീവനം, ഭീമന്‍ സഞ്ചരിക്കുന്ന വഴിയാവട്ടെ ദേവമാര്‍ഗവുമാണ്‌. അവിടെയെന്തിനാണ്‌ ഭീമന്‍ പരാക്രമം കാട്ടുന്നത്? ഹനുമാന്റെ രംഗത്തിന്‌ മുന്‍പാണ്‌ കദളീവനം കാണുന്നതെങ്കില്‍; പിന്നെ ഹനുമാന്‍ വീണു കിടക്കുമ്പോള്‍ പ്രവേശിക്കുന്നിടത്ത് മരങ്ങള്‍ തല്ലിത്തകര്‍ക്കുന്നതൊന്നും ആടരുത്; സമാധാനമായി വന്നാല്‍ മതിയാവും. അതല്ലെങ്കില്‍ മരങ്ങളൊക്കെ തല്ലി തകര്‍ത്ത് പ്രവേശിച്ചതിനു ശേഷം കദളീവനം കാണുക, തുടര്‍ന്ന് ദേവമാര്‍ഗത്തിലൂടെ സഞ്ചരിക്കുക. പത്മനാഭന്‍ നായരാശാന്റെ 'ചൊല്ലിയാട്ടം' പുസ്തകപ്രകാരം, ഈ തരത്തില്‍ ഹനുമാന്‍ കിടക്കുമ്പോള്‍ പ്രവേശിച്ചതിനു ശേഷമാണ്‌ കദളീവനം കാണേണ്ടത്. അതു തന്നെയാണ്‌ യുക്തിസഹവും.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഘോരമായ കാട് തല്ലിത്തകർത്ത് മുന്നേറി ഗന്ധമാദനത്തിന്റെ മറുവശം കടന്ന് കദളീവനവും കണ്ടശേഷം,‘ഈ വനത്തെ പരിപാലിക്കുന്നതാര്? ങാ, അന്യൂഷിച്ച് അറിയുകതന്നെ’എന്ന് കാട്ടി ഭീമന്‍ എടുത്തുകലാശിച്ചിട്ട് നിഷ്ക്രമിക്കുന്നു.ഇതാണ് തെക്കൻ ചിട്ട എന്ന് ചെങ്ങനൂരാശാൻ തന്റെ ആട്ടപ്രകാരത്തിൽ പറയുന്നു. എന്നാൽണടുത്ത രംഗത്തിൽ പ്രവേശിക്കുമ്പോൾ ഇവിടെ നിന്ന് തുടരാനല്ലാതെ കാട് തല്ലിപറിച്ച് മുനേറുന്ന രീതിയിൽ പ്രവേശനം പാടില്ല.
വടക്കൻ ചിട്ടയനുസ്സരിച്ച് ‘ആകട്ടെ, ഗദകൊണ്ട് മരങ്ങളെല്ലാം അടിച്ച് തകര്‍ത്ത് വഴിയുണ്ടാക്കി പോവുകതന്നെ’ എന്നുകാട്ടി ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ച് ഗദകൊണ്ട് മരങ്ങള്‍ ആഞ്ഞടിച്ച്, ഇടതുകരംകൊണ്ട് മരക്കൊമ്പുകള്‍ ദൂരേക്കെറിഞ്ഞുകളഞ്ഞുകൊണ്ടാണ് ആദ്യരംഗത്തിൽ നിന്നും നിഷ്ക്രമിക്കുന്നത്. അടുത്തരംഗത്തിൽ ഭീമന്‍ കാട് തല്ലി തകര്‍ത്തുകൊണ്ട് പ്രവേശിക്കുകയും തുടർന്ന് കദളീവനം കാണുകയും ചെയ്യുന്നു.
കാടുതല്ലിതകർത്തുകൊണ്ട് വരുന്ന ഭീമനെ കണ്ട് ഹനുമാൻ രൂപം മാറി വഴിയിൽ കിടക്കുകയാണല്ലൊ ചെയ്യുന്നത്.അപ്പോഴേക്കുമല്ലെ ഭീമൻ കദളീവനത്തിൽ എത്തുന്നത്.അതുകൊണ്ട് വടക്കൻ രീതിയാണ് കൂടുതൽ ഔചിത്യപരം എന്നു തോനുന്നു. മാത്രവുമല്ല, കാട് തല്ലി തകര്‍ത്തുകൊണ്ടുള്ള നിഷ്ക്രമണപ്രവേശനങ്ങൾക്ക് കിട്ടുന്ന പ്രഭാവം കദളീവനദർശ്ശനത്തോടെയുള്ള നിഷ്ക്രമണപ്രവേശനങ്ങൾക്ക് ലഭിക്കുകയുമില്ല.

AMBUJAKSHAN NAIR പറഞ്ഞു...

അതേ മണി.
കദളീവനം എന്ന ഒരു കൊണ്സപ്റ്റ് സൌഗന്ധികത്തില്‍ വേണ്ട.
അത് കഥയുമായി ബന്ധപ്പെടുന്ന കഥകളിക്കു മതി.

ഭീമന്‍ മരങ്ങള്‍ അടിച്ചു തകര്‍ത്തു കൊണ്ടെത്തുന്നത് കദളീ വനത്തിലെക്കാണെന്നു കഥയുമായി ബന്ധപ്പെട്ട ഹനുമാന് തോന്നി.
മുന്നോട്ടു വെച്ച കാല്‍ പിന്നേക്ക് എടുക്കില്ല എന്ന സ്വഭാവം ഉള്ള ഭീമനാണ് മാര്‍ഗ്ഗ തടസ്സമായി കണ്ട മരങ്ങള്‍ എല്ലാം തല്ലി തകര്‍ത്തു എത്തുന്നത്. കദളീവനം കാണുന്ന ഭീമന്‍ അതിശയിക്കുകയും ഈ വനത്തിനു ശക്തനായ കാവല്‍ക്കാരന്‍ ഉണ്ടെന്ന് മനസിലാക്കി നേരിടാന്‍ തയ്യാറായി കദളീവനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെയും വാനരനെ മറികടക്കാതെ പോകാന്‍ എന്തുകൊണ്ട് തയ്യാറായില്ല. നേരെ മാത്രമേ പോകൂ എന്ന നിര്‍ബ്ബന്ധം ആണ് അതിന് കാരണം.
ഭീമന്‍ മരം അടിച്ചു തകര്‍ത്തത് കൊടും കാട്ടില്‍ തന്നെ. അതായത് വഴി ഉണ്ടാക്കി എന്ന് സാരം. ഹനുമാന്‍ വഴിയില്‍ കിടന്നു എന്ന് പറഞ്ഞാല്‍ അത് കദളീ വനത്തില്‍ ഉള്ള വഴി എന്നോ, ഭീമന്‍ ഉണ്ടാക്കി വരുന്ന "നേര്‍വഴി " എന്നോ ആകുമല്ലോ?
ആസ്വാദകര്‍ ഇഷ്ട്ടപ്പെടുന്നത് കദളീ വനം എന്ന സങ്കല്പം ഇല്ലാത്ത ഭീമനെയാണ് എങ്കില്‍ അത് തന്നെ എനിക്കും സ്വീകാര്യം എന്നല്ലാതെ എന്ത്പറയാന്‍?

AMBUJAKSHAN NAIR പറഞ്ഞു...

ഹരീ,
(കദളീവനത്തില്‍ പക്ഷിമൃഗാദികള്‍ ഭക്ഷണത്തിനു ഫലമൊന്ന് കഴിക്കുക പോലും ചെയ്യാതിരിക്കുമ്പോള്‍ ഭീമന്‍ എല്ലാം തല്ലിത്തകര്‍ത്ത് വരുന്നതെങ്ങിനെ? അല്ലെങ്കില്‍ തന്നെ കൊടുങ്കാടൊന്നുമല്ല കദളീവനം, ഭീമന്‍ സഞ്ചരിക്കുന്ന വഴിയാവട്ടെ ദേവമാര്‍ഗവുമാണ്‌. അവിടെയെന്തിനാണ്‌ ഭീമന്‍ പരാക്രമം കാട്ടുന്നത്? ഹനുമാന്റെ രംഗത്തിന്‌ മുന്‍പാണ്‌ കദളീവനം കാണുന്നതെങ്കില്‍; പിന്നെ ഹനുമാന്‍ വീണു കിടക്കുമ്പോള്‍ പ്രവേശിക്കുന്നിടത്ത് മരങ്ങള്‍ തല്ലിത്തകര്‍ക്കുന്നതൊന്നും ആടരുത്; സമാധാനമായി വന്നാല്‍ മതിയാവും. അതല്ലെങ്കില്‍ മരങ്ങളൊക്കെ തല്ലി തകര്‍ത്ത് പ്രവേശിച്ചതിനു ശേഷം കദളീവനം കാണുക, തുടര്‍ന്ന് ദേവമാര്‍ഗത്തിലൂടെ സഞ്ചരിക്കുക. പത്മനാഭന്‍ നായരാശാന്റെ 'ചൊല്ലിയാട്ടം' പുസ്തകപ്രകാരം, ഈ തരത്തില്‍ ഹനുമാന്‍ കിടക്കുമ്പോള്‍ പ്രവേശിച്ചതിനു ശേഷമാണ്‌ കദളീവനം കാണേണ്ടത്. അതു തന്നെയാണ്‌ യുക്തിസഹവും. )

ശ്രീ. കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍തുള്ളലിലെ ചില വരികള്‍ ഇവിടെ നല്‍കുന്നു. ഇതു ഒന്ന് വായിച്ചു നോക്കുക.
ഗന്ധമാദന പര്‍വതം കടന്ന ഭീമന്‍ കാണുന്നത് കദളീ വനമാണ്. അവിടെ കദളി വാഴത്തോപ്പു ഭീമന്‍ കാണുന്നതും പക്ഷികള്‍ പോലും ഭക്ഷിക്കാന്‍ ഭയപ്പെടുന്ന കാവല്‍ക്കാരനെയും ഭീമന്‍ ചിന്തിക്കുന്നതിന്റെ യുക്തി ഇവിടെ സ്പഷ്ടമാകുന്നു.

ഭീമസേനന്‍ ഗന്ധമാദനാദിത്യകാ-
ഭൂമിതന്നില്‍ തദാ നോക്കും ദശാന്തരെ
ശ്യാമളം നല്ല കദളീ മഹാവനം
കോമളശ്രീ പൂര്‍ണ്ണമാശു കണ്ടീടിനാന്‍.
രാമദാസന്‍ മഹാവീരന്‍ കപീശ്വരന്‍
ശ്രീമഹാദേവന്റെ ബീജേന ജാതനാം
ശ്രീഹനുമാന്‍ മുദാ വാണരുളീടുന്ന
ശ്രീമഹാപുണ്ണ്യ പ്രദേശം മനോഹരം

പച്ചക്കദളിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ നന്നായ് പ്പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങിനെ കണ്ടാല്‍ പവിഴവും
പച്ച രത്നക്കല്ലു മൊന്നിച്ചു കോര്‍ത്തുള്ള
മാലകള്‍ കൊണ്ടു വിതാനിച്ചു ദിക്കൊന്നു
മാലോകരൊക്കയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്‍ക്കുന്നു വാഴകള്‍
നാലുഭാഗങ്ങളില്‍ തിങ്ങിവിങ്ങിത്തദാ
ബാലാനിലന്‍ വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനം ചെയ്തു വിസ്മയിച്ചീടിനാന്‍
കാലാത്മജാനുജന്‍ വീരന്‍ വൃകോദരന്‍.

താഴത്തു ഭാഗത്തു വീണു കിടക്കുന്ന
വാഴപ്പഴം കൊണ്ടു മൂടീ മഹീതലം
പാഴറ്റ പട്ടു വിരിച്ച കണക്കിനെ
വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പോഴും
വാവലും കാക്കയും പച്ചക്കിളികളും
പ്രാവും പരുന്തും പറന്നു നടക്കുന്ന
പക്ഷികള്‍ വന്നിപ്പഴുത്ത പഴങ്ങളെ
ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ
രക്ഷിച്ചു പോരുന്നതാരീ വനമെന്നു
സൂക്ഷിച്ചു നോക്കിത്തുടങ്ങീ വൃകോദരന്‍

Haree പറഞ്ഞു...

1. കദളീവനത്തിലെത്തിയ ശേഷം ഭീമന്‍ എന്തെങ്കിലും പരാക്രമം കാണിക്കുന്നതായി പറയുന്നില്ല തുള്ളലിലും, ഉണ്ടോ? ഗന്ധമാദനം കടന്ന് കൊടുങ്കാട് കാണുന്നതായോ, ആനയെ പിടിക്കുന്ന പെരുമ്പാമ്പിനെ കണ്ടതായോ തുള്ളലിലില്ല. അതുകൊണ്ടു തന്നെ കദളീവനമാണ്‌ ഗന്ധമാദനം കഴിഞ്ഞയുടനെ തുള്ളലില്‍ കാണുന്നത്, അതുകൊണ്ട് അത് തല്ലിത്തകര്‍ക്കുന്നതായി കഥകളിയില്‍ ആടാം എന്നു പറയുന്നതിന്‌ സാധുതയില്ല. ഗന്ധമാദനം കടന്ന് കൊടുങ്കാട്ടിലെത്തി, അതും കടന്ന് ഭീമന്‍ കദളീവനത്തിലെത്തുന്നു എന്നാണ്‌ കഥകളിയില്‍ അവതരിപ്പിക്കുന്നത്.

2. കദളീവനത്തിന്റെ സൂക്ഷിപ്പുകാരന്‍ ഹനുമാനാണോ? ഹനുമാനെ പേടിച്ചാണോ പക്ഷികള്‍ കഴിക്കാതിരിക്കുന്നത്? മറ്റാരുടെയെങ്കിലും അധീനതയിലാണൊ കദളീവനം? ഹനുമാനാണ്‌ കദളീവനത്തിന്റെ സുക്ഷിപ്പുകാരന്‍, അദ്ദേഹത്തെ പേടിച്ച് ആരുമൊന്നും കഴിക്കുന്നില്ല; ഇങ്ങിനെയാണോ തുള്ളലിലും / കഥകളിയിലും ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

കപ്ലിങ്ങാട്‌ പറഞ്ഞു...

മഹാഭാരതത്തില്‍ ഇങ്ങിനെ കാണുന്നു..

http://www.sacred-texts.com/hin/m03/m03145.htm

"And as they were distracted at heart through fear, these fierce animals discharging urine and dung, set up loud yells with gapping mouths. Thereupon the illustrious and graceful son of the wind-god, the mighty Pandava, depending upon the strength of his arms, began to slay one elephant with another elephant and one lion with another lion while he despatched the others with slaps. And on being struck by Bhima the lions and the tigers and the leopards, in fright gave loud cries and discharged urine and dung. And after having destroyed these the handsome son of Pandu, possessed of mighty strength, entered into the forest, making all sides resound with his shouts. And then the long-armed one saw on the slopes of the Gandhamadana a beautiful plantain tree spreading over many a yojana. And like unto a mad lion, that one of great strength proceeded amain towards that tree breaking down various plants. And that foremost of strong persons--Bhima--uprooting innumerable plantain trunks equal in height to many palm-trees (placed one above another), cast them on all sides with force. And that highly powerful one, haughty like a male lion, sent up shouts. And then he encountered countless beasts of gigantic size, and stags, and monkeys, and lions, and buffaloes, and aquatic animals. And what with the cries of these, and what with the shouts of Bhima, even the beasts and birds that were at distant parts of the wood, became all frightened."

"And hearing those cries of beasts and birds, myriads of aquatic fowls suddenly rose up on wetted wings. And seeing these fowls of water, that bull among the Bharatas proceeded in that direction; and saw a vast and romantic lake. And that fathomless lake was, as it were, being fanned by the golden plantain trees on the coast, shaken by the soft breezes. And immediately descending into the lake abounding in lilies and lotuses, he began to sport lustily like unto a mighty maddened elephant. Having thus sported there for a long while, he of immeasurable effulgence ascended, in order to penetrate with speed into that forest filled with trees. Then the Pandava winded with all his might his loud-blowing shell."

കപ്ലിങ്ങാട്‌ പറഞ്ഞു...

"And striking his arms with his hands, the mighty Bhima made all the points of heaven resound. And filled with the sounds of the shell, and with the shouts of Bhimasena, and also with the reports produced by the striking of his arms, the caves of the mountain seemed as if they were roaring. And hearing those loud arm-strokes, like unto the crashing of thunder, the lions that were slumbering in the caves, uttered mighty howls. And being terrified by the yelling of the lions, the elephants, O Bharata, sent forth tremendous roars, which filled the mountain. And hearing those sounds emitted, and knowing also Bhimasena to be his brother, the ape Hanuman, the chief of monkeys, with the view of doing good to Bhima, obstructed the path leading to heaven. And thinking that he (Bhima) should not pass that way,(Hanuman) lay across the narrow path, beautified by plantain trees, obstructing it for the sake of the safety of Bhima. With the object that Bhima might not come by curse or defeat, by entering into the plantain wood, the ape Hanuman of huge body lay down amidst the plantain trees, being overcome with drowsiness. And he began to yawn, lashing his long tail, raised like unto the pole consecrated to Indra, and sounding like thunder. And on all sides round, the mountains by the mouths of caves emitted those sounds in echo, like a cow lowing. And as it was being shaken by the reports produced by the lashing of the tail, the mountain with its summits tottering, began to crumble all around. And overcoming that roaring of mad elephants, the sounds of his tail spread over the varied slopes of the mountain."

"On those sounds being heard the down of Bhima's body stood on end; and he began to range that plantain wood, in search of those sounds. And that one of mighty arms saw the monkey-chief in the plantain wood, on an elevated rocky base."

AMBUJAKSHAN NAIR പറഞ്ഞു...

സുഹൃത്തെ!
താങ്കള്‍ക്കു എല്ലാം അറിയാം വേണമെന്നേ ഇങ്ങിനെ ചോദിക്കുകയാണ്. വനത്തിലാണ് പാണ്ഡവര്‍. പാഞ്ചാലിയുടെ ആഗ്രഹ പ്രകാരം ഭീമന്‍ വനത്തില്‍ നിന്നും പുഷ്പം തേടി തിരിക്കുന്നു.( പണ്ടത്തെ ആട്ടം അനുസരിച്ച് : ഭീമന്‍ കാട്ടിലെ വഴിത്താരകളില്‍ കൂടി സഞ്ചാരം തുടരുന്നു. കാറ്റിന്റെ ഗതി നോക്കിയാണ് യാത്ര. കുറച്ചു ദൂരം കഴിഞ്ഞാല്‍ വഴിത്താരകള്‍ പല ദിശകളിലേക്ക് പിരിയുന്നു. അവിടെ വെച്ചു ഭീമന്‍ എങ്ങോട്ടാണ് പോകേണ്ടത് എന്ന് ആലോചിക്കുന്നു. ഭാര്യയുടെ വാക്ക് കേട്ടു ചാടി പുറപ്പെട്ടു. പുഷ്പം എവിടെ ലഭിക്കും എന്ന് അറിവില്ല. എന്ത് ചെയ്യാം. (ആലോചിച്ചു കൊണ്ടു) എന്റെ പിതാവിനെ സ്മരിക്കുക തന്നെ. ( വായു ദേവനെ ഭീമന്‍ സ്മരിക്കുന്നു) ബലമായി അപ്പോള്‍ കാറ്റു വീശുന്നു. ആഭാഗത്തെക്ക് (പിതാവിന്റെ നിയോഗം എന്നവണ്ണം) ഭീമന്‍ യാത്ര തുടരുന്നു. പിന്നീടു വഴിത്താര അവസാനിക്കുകയും നിബിഡ വനം ആരംഭിക്കുകയും ചെയ്യുന്നു.( ഇവിടെ ഒരു ആലോചന ) ഇനി എങ്ങിനെ യാത്ര തുടരും. ഞാന്‍ വായു പുത്രന്‍. മുന്നോട്ടു വെച്ച കാലു പിന്നോട്ട് എടുക്കില്ല. നേരെ തന്നെ പോവുക. എന്റെ മാര്‍ഗ്ഗ തടസ്സമായി നില്‍ക്കുന്ന സൂര്യപ്രകാശം പോലും കടക്കാത്ത ഈ തിങ്ങി നില്‍ക്കുന്ന മരങ്ങള്‍ അടിച്ചു വീഴ്ത്തി മുന്നോട്ടു പോവുക തന്നെ. മരങ്ങള്‍ അടിച്ചു വീഴ്ത്തി മാര്‍ഗ്ഗം ഉണ്ടാക്കി ഭീമന്‍ യാത്ര തുടരുന്നു. ( ഇനിയാണ് അജഗരകബളിതമെല്ലാം ആടുക) ഘോരമായ കാട് തല്ലിത്തകർത്ത് മുന്നേറി ഗന്ധമാദനത്തിന്റെ മറുവശത്തുള്ള കദളീവനം കാണുന്നു. കദളീ വന ത്തിലെ കാഴ്ചകള്‍ കണ്ടു ഈ വനത്തിനെ പരിപാലകന്‍ ആരെന്നു അറിയുക തന്നെ എന്ന് ചിന്തിച്ചു കൊണ്ടു രംഗം തീരും.
ഹനുമാന്‍ മാര്‍ഗ്ഗ തടസ്സമായി കിടക്കുന്നിടത്ത് ഭീമന്‍ ഗദ ചുഴറ്റി പ്രവേശിക്കുന്നു.

താങ്കളുടെ ചോദ്യം (1). കദളീവനത്തിലെത്തിയ ശേഷം ഭീമന്‍ എന്തെങ്കിലും പരാക്രമം കാണിക്കുന്നതായി പറയുന്നില്ല തുള്ളലിലും, ഉണ്ടോ? ഗന്ധമാദനം കടന്ന് കൊടുങ്കാട് കാണുന്നതായോ, ആനയെ പിടിക്കുന്ന പെരുമ്പാമ്പിനെ കണ്ടതായോ തുള്ളലിലില്ല. അതുകൊണ്ടു തന്നെ കദളീവനമാണ്‌ ഗന്ധമാദനം കഴിഞ്ഞയുടനെ തുള്ളലില്‍ കാണുന്നത്, അതുകൊണ്ട് അത് തല്ലിത്തകര്‍ക്കുന്നതായി കഥകളിയില്‍ ആടാം എന്നു പറയുന്നതിന്‌ സാധുതയില്ല. ഗന്ധമാദനം കടന്ന് കൊടുങ്കാട്ടിലെത്തി, അതും കടന്ന് ഭീമന്‍ കദളീവനത്തിലെത്തുന്നു എന്നാണ്‌ കഥകളിയില്‍ അവതരിപ്പിക്കുന്നത്.

ഉത്തരം: പണ്ടത്തെ മണ്ടന്മാരുടെ കഥ (കളി) അങ്ങിനെ ആയിരുന്നില്ല എന്നാണ് കരുതുന്നത്.

താങ്കളുടെ ചോദ്യം(2.) കദളീവനത്തിന്റെ സൂക്ഷിപ്പുകാരന്‍ ഹനുമാനാണോ? ഹനുമാനെ പേടിച്ചാണോ പക്ഷികള്‍ കഴിക്കാതിരിക്കുന്നത്? മറ്റാരുടെയെങ്കിലും അധീനതയിലാണൊ കദളീവനം? ഹനുമാനാണ്‌ കദളീവനത്തിന്റെ സുക്ഷിപ്പുകാരന്‍, അദ്ദേഹത്തെ പേടിച്ച് ആരുമൊന്നും കഴിക്കുന്നില്ല; ഇങ്ങിനെയാണോ തുള്ളലിലും / കഥകളിയിലും ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ഉത്തരം: താങ്കള്‍ തുള്ളല്‍ കവിത വായിച്ചു കാണില്ല. തര്‍ക്കിക്കുവാന്‍ മാത്രം ഉള്ള ശ്രമം എന്ന് തോന്നുന്നു.

ഭീമസേനന്‍ ഗന്ധമാദനാദിത്യകാ-
ഭൂമിതന്നില്‍ തദാ നോക്കും ദശാന്തരെ
ശ്യാമളം നല്ല കദളീ മഹാവനം

ശ്രീഹനുമാന്‍ മുദാ വാണരുളീടുന്ന
ശ്രീമഹാപുണ്ണ്യ പ്രദേശം മനോഹരം

( ഹനുമാന്റെ താവളം കദളീ വനം എന്ന് വ്യക്തമായി പറയുന്നു. അദ്ദേഹത്തിന്‍റെ താവളത്തില്‍ ആരും പ്രവേശിക്കാന്‍ മടിക്കുന്നു. അതാണ്‌ ഭീമന്‍ പരിപലകനെന്നോ, കാവല്‍ക്കാരന്‍ എന്നോ ചിന്തിക്കുന്നത്).

അദ്ദേഹത്തെ പേടിച്ച് ആരുമൊന്നും കഴിക്കുന്നില്ല; ഇങ്ങിനെയാണോ തുള്ളലിലും / കഥകളിയിലും ഉദ്ദേശിക്കുന്നതെന്ന് എവിടെയും പറയുന്നില്ല. കദളീ വനത്തിലെ വാഴക്കുലകളില്‍ പഴം പഴുത്തു നിന്നാലോ , പഴം താഴെ വീണു കിടന്നാലോ ഒരു പക്ഷികളും തൊടുന്നില്ല എന്നത് ആരെയോ ഭയന്നു തന്നെ എന്ന് ഭീമന്സംശയം.

താഴത്തു ഭാഗത്തു വീണു കിടക്കുന്ന
വാഴപ്പഴം കൊണ്ടു മൂടീ മഹീതലം
പാഴറ്റ പട്ടു വിരിച്ച കണക്കിനെ
വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പോഴും
വാവലും കാക്കയും പച്ചക്കിളികളും
പ്രാവും പരുന്തും പറന്നു നടക്കുന്ന
പക്ഷികള്‍ വന്നിപ്പഴുത്ത പഴങ്ങളെ
ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ
രക്ഷിച്ചു പോരുന്നതാരീ വനമെന്നു
സൂക്ഷിച്ചു നോക്കിത്തുടങ്ങീ വൃകോദരന്‍

പ്രിയ സുഹൃത്തെ! ഉറങ്ങി കിടക്കുന്ന മനുഷ്യനെ വിളിച്ചു ഉണര്‍ത്താം .(പക്ഷികള്‍ വന്നിപ്പഴുത്ത പഴങ്ങളെ
ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ
രക്ഷിച്ചു പോരുന്നതാരീ വനമെന്നു) എന്നാല്‍ ഉറക്കം നടിക്കുന്ന മനുഷ്യനെ ഉണര്‍ത്താന്‍ അല്‍പ്പം വിഷമം ആണ് . അതാണ്‌ നമ്മുടെസ്ഥിതി.

Haree പറഞ്ഞു...

കദളീവനം കണ്ടതിനു ശേഷം ഹനുമാന്‍ വൃക്ഷങ്ങള്‍ തല്ലി തകര്‍ക്കുന്നതായി ആടേണ്ടതുണ്ടോ എന്നതായിരുന്നു ഇവിടെ വിഷയം. പണ്ടത്തെ രീതി അനുസരിച്ച്, അടിച്ചു തകര്‍ത്ത് വന്ന് കദളീവനം കണ്ടതിനു ശേഷം ഗദ ചുഴറ്റി പിന്‍വാങ്ങുകയും പിന്നീട് ഹനുമാന്‍ കിടക്കുന്നയിടത്തേക്ക് ഗദ ചുഴറ്റി പ്രവേശിക്കുകയും ചെയ്യുന്നതില്‍ ഔചിത്യക്കുറവില്ല. എന്നാല്‍ കദളീവനം കണ്ടതിനു ശേഷവും വൃക്ഷങ്ങളെ തല്ലി തകര്‍ക്കുന്നതായി ആടിയാലോ? അതിലെ അനൗചിത്യമാണ്‌ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്നത്. - ചുരുക്കത്തില്‍ ഉണര്‍ന്നിരിക്കുന്നവരെ വീണ്ടും ഉണര്‍ത്തുക എന്നതും പാടുതന്നെയല്ലേ! :)

ചോദ്യങ്ങള്‍ അവസാനിക്കുന്നതേയില്ല. കദളീവനം ആരുടെയാണ്‌? ഹനുമാന്‍ വരുന്നതിനു മുന്‍പ് അതുണ്ടായിരുന്നില്ലേ? ഹനുമാന്‍ ധ്യാനത്തിനായി കദളീവനം തിരഞ്ഞെടുക്കുകയല്ലേ ഉണ്ടായത്? അങ്ങിനെയാവുമ്പോള്‍ അത് മുന്‍പ് തന്നെ ഉള്ളതായി വരുന്നു, അപ്പോള്‍ അതത്രനാള്‍ പരിപാലിച്ചതാര്‌?
(ഞാനും അന്വേഷിക്കുന്നുണ്ട് ഉത്തരങ്ങള്‍ക്കായി. കിട്ടിയാല്‍ പങ്കുവെയ്ക്കാം.)

കപ്ലിങ്ങാട്‌ പറഞ്ഞു...

തുള്ളലല്ലല്ലോ കഥകളിയുടെ ആധാരം. മഹാഭാരതമാണ് എന്ന് പറയാം. അതിലും, തമ്പുരാന്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടല്ലൊ. അതു കൊണ്ട് ഗന്ധമാദനം കടന്നു കഴിഞ്ഞ് വനമുണ്ടോ എന്ന് അന്വേഷിക്കേണ്ടതില്ല.
മേല്‍പ്പറഞ്ഞ മഹാഭാരതം തര്‍ജ്ജമയില്‍ ഇങ്ങിനെ കാണുന്നു - കദളീവനത്തിന്റെ ആരംഭത്തില്‍ ഭീമന്‍ ഒരു വലിയ വാഴവൃക്ഷം കാണുന്നു. അത് കുറെ നശിപ്പിച്ചതിനു ശേഷം ഒരു പൊയ്കയില്‍ കുളിക്കുന്നു. പിന്നെയും നാശം വിതച്ചു യാത്ര ചെയ്യുന്ന ഭീമനെക്കണ്ട് ഹനുമാന്‍ മാര്‍ഗമധ്യേ കിടക്കുന്നു. ഹനുമാന്റെ വാലില്‍ നിന്ന് വരുന്ന ശബ്ദം കേട്ട് ഭീമന്‍ അതന്വേഷിച്ച് പോകുന്നു.
കഥകളിയിലെ ആട്ടത്തില്‍ പക്ഷിമൃഗാദികള്‍ കദളീവനത്തിലെ ഫലങ്ങള്‍ ഭക്ഷിക്കുന്നില്ല, എന്നും ഭീമന്‍ വനത്തിന്റെ പരിപാലകനെ അന്വേഷിച്ചു പോകുന്നു എന്നും കാണിക്കുന്നു. ഇത് മഹാഭാരതത്തിലുള്ളതല്ല എന്നാണ് കാണുന്നത്.
പരിപാലകനെ അന്വേഷിച്ചു പോവുകയാണെങ്കില്‍ തല്ലിത്തകര്‍ത്ത് വരേണ്ടതില്ല. എന്നാല്‍ വാലില്‍ നിന്നു വരുന്ന ഘോര ശബ്ദം അന്വേഷിച്ച് പോവുകയാണെങ്കില്‍ പരാക്രമത്തോടെ തന്നെ ഹനുമാന്റെ പക്കല്‍ എത്തുന്നതില്‍ അനൌചിത്യമില്ല.

കപ്ലിങ്ങാട്‌ പറഞ്ഞു...

ഇനി അഥവാ ഭീമന്‍ പരിചാരകനെ അന്വേഷിച്ചു പോവുക എന്ന പാഠം എടുക്കുകയാണെങ്കില്‍ തന്നെ, പരാക്രമശാലിയായ ഭീമന് ആ പരിചാരകനോട് ഭയമോ ബഹുമാനമോ തോന്നേണ്ട കാര്യമില്ല, അതു കൊണ്ട് കദളീ വനം തല്ലിത്തകര്‍ത്തു വരുന്നതില്‍ അനൌചിത്യമൊന്നുമില്ല, കഥകളിയില്‍ കാണാന്‍ കൂടുതല്‍ രസനീയവും അതു തന്നെയല്ലേ ?

Haree പറഞ്ഞു...

:) അതിഘോരമായ, വെളിച്ചം കടക്കാത്ത കാട് തകര്‍ത്തുവരുന്ന ഭീമന്‌ (അതു തന്നെ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ വഴിയുണ്ടാക്കുന്നു എന്നേ കരുതേണ്ടതുള്ളൂ!) വാഴത്തോപ്പ് ഒരു പ്രശ്നമാണോ? അവിടെ എന്ത് തല്ലിതകര്‍ക്കുവാനാണ്‌? അത്ര നന്നായി പരിപാലിക്കുന്ന ഒരു വാഴത്തോപ്പ് നശിപ്പിക്കാമെന്ന് കരുതുമോ, അതോ അതുവഴി കടന്നു പോയേക്കാമെന്ന് കരുതുമോ? മരങ്ങളെ തല്ലി തകര്‍ത്തെറിയുന്നതായി ആടി നിഷ്ക്രമിക്കുന്നതും പിന്നീട് തകര്‍ത്തുകൊണ്ട് തന്നെ കടന്നു വരുന്നതും തന്നെ കഥകളിയില്‍ കാണുവാന്‍ ഭംഗി. അപ്പോള്‍ തകര്‍ത്ത് കയറി വന്നതിനു ശേഷം , കദളീവനം കണ്ടാല്‍ മതിയാവും. അതല്ലാതെ ഹനുമാന്റെ രംഗത്തിനു മുന്‍പ് തന്നെ കദളീവനം കാണണമെന്ന് വാശിയെന്തിന്‌?

ആരാണ്‌ ഈ പറയുന്ന പരിപാലകന്‍? ഹനുമാനെ തന്നെയാണോ ഉദ്ദേശിക്കുന്നത്? അതോ മറ്റാരെങ്കിലുമുണ്ടോ? മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ കൂടി ശ്രദ്ധിക്കുമല്ലോ!
--

Gireesh പറഞ്ഞു...

കല്യാണസൗഗന്ധികം ആട്ടക്കഥ, തുള്ളലിനേക്കാള്‍ മുമ്പ് രചിക്കപ്പെട്ടിട്ടുള്ളതല്ലേ?

കപ്ലിങ്ങാട്‌ പറഞ്ഞു...

"And after having destroyed these the handsome son of Pandu, possessed of mighty strength, entered into the forest, making all sides resound with his shouts. And then the long-armed one saw on the slopes of the Gandhamadana a beautiful plantain tree spreading over many a yojana. And like unto a mad lion, that one of great strength proceeded amain towards that tree breaking down various plants. And that foremost of strong persons--Bhima--uprooting innumerable plantain trunks equal in height to many palm-trees (placed one above another), cast them on all sides with force."

മേല്‍പ്പറഞ്ഞ ഭാഗം ശ്രദ്ധിച്ചു കാണുമല്ലൊ. വാഴകളും ചെടികളും ഭീമന്റെ ബാഹുബലത്തിന്റെ രുചി അറിയുന്നുണ്ട് എന്ന് സാരം.

പരിചാരകപാഠത്തില്‍ ഭീമനുണ്ടാവുന്ന ഒരു തോന്നലാണ് ഈ പരിചാരകനെപ്പറ്റി. അങ്ങിനെ ഒരു പരിചാരകന്‍ ഒന്നുമില്ല അവിടെ. ഹനുമാന്റെ തപോബലമാണ് ആ കദളീവനത്തെ പരിപാലിക്കുന്നത്. രാമഭക്തിയില്‍ മുഴുകി സാത്വികാവസ്ഥയില്‍ ഇരിക്കുന്ന ഹനുമാനോട് ഭയമൊന്നും പക്ഷിമൃഗാദികള്‍ക്ക് തോന്നേണ്ട കാര്യമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--