2009, ജനുവരി 21, ബുധനാഴ്‌ച

മൈലംകുളത്തെ അര്‍ജ്ജുനവിഷാദവൃത്തം - ഭാഗം രണ്ട്

ജനുവരി 14, 2009: കുരുക്ഷേത്രയുദ്ധത്തിനായി ജയദ്രഥന്‍ സൈനസമേതനായി പുറപ്പെടുന്നതുവരെയുള്ള, ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടക്കഥയുടെ ആദ്യഭാഗത്തിന്റെ ആസ്വാദനം ഇവിടെ കാണാം. അടുത്ത രംഗത്തില്‍ നാം കാണുന്നത് കുരുക്ഷേത്രയുദ്ധത്തിന്റെ ഇടയില്‍ നില്‍ക്കുന്ന അര്‍ജ്ജുനനേയും, ശ്രീകൃഷ്ണനേയുമാണ്. പതിമൂന്നാം ദിവസം യുദ്ധഭൂമിയുടെ ദക്ഷിണഭാഗത്തുനിന്നും തന്നെ പോരിനുവിളിച്ച സംശപ്തകരെ പരാജയപ്പെടുത്തി അര്‍ജ്ജുനനും ശ്രീകൃഷ്ണനും പടകുടീരത്തിലേക്ക് മടങ്ങുന്നു. എന്നാല്‍ അര്‍ജ്ജുനന്റെ മനസില്‍ ആശങ്കകള്‍ നിറയുന്നു, ദുഃശകുനങ്ങള്‍ കാണുന്നു. തന്റെ സഹോദരന്മാര്‍ക്ക് ആപത്തുപിണഞ്ഞുവോ എന്നു തിരക്കുന്ന അര്‍ജ്ജുനനെ, ധര്‍മ്മയുദ്ധത്തില്‍ പങ്കെടുക്കുന്ന സോദരര്‍ക്ക് ഒരപകടവും വരില്ലെന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ സമാധാനിപ്പിക്കുന്നു. അശ്രാന്തയുദ്ധമാണ് നിന്റെ ആധിക്കു കാരണമെന്നും ശ്രീകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ArjunaVishadaVritham Kathakali: Kalamandalam Vijayakrishnan Unnithan as SriKrishnan and Kalamandalam Krishnakumar as Arjunan.
ഇരുവരും തേര്‍ തെളിച്ച് പടകുടീരങ്ങള്‍ക്ക് സമീപമെത്തുന്നു. എല്ലാവരും മൂകരായി തലകുമ്പിട്ടു നില്‍ക്കുന്നു. അര്‍ജ്ജുനനെ കണ്ട് എല്ലാവരും എന്തോ പരസ്പരം പറയുന്നു, ചിലര്‍ അര്‍ജ്ജുനനെ നോക്കി കരയുന്നു. ഭടന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന അര്‍ജ്ജുനന്‍, ജയദ്രഥന്റെ ചതിയാല്‍ അഭിമന്യു മൃതനായ വിവരം മനസിലാക്കുന്നു. അഭിമന്യുവിനെ ഓര്‍ത്തുള്ള അര്‍ജ്ജുനന്റെ വിലാപ പദം; തന്റെ സുതനായ അഭിമന്യുവിന്റെ ദുരന്തം നീയറിയുന്നില്ലയോ എന്ന കൃഷ്ണനോടുള്ള ചോദ്യത്തോടെയാണ് അവസാനിക്കുന്നത്. “തീരാദുഃഖമിതെങ്കിലുമിങ്ങിനെ...” എന്ന കൃഷ്ണന്റെ മറുപടിപദമാണ് തുടര്‍ന്ന്. വീരന്മാര്‍ ഇങ്ങിനെ കരയുകയല്ല, ധീരമായി പോരാടി പോരില്‍ വിജയിക്കുകയാണ് വേണ്ടതെന്ന് അര്‍ജ്ജുനനെ കൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു. മന്ദിരത്തില്‍ ചെന്നു നിന്റെ ഭഗിനിയോടെന്താണ് പറയേണ്ടത്; ഇനി എന്തിനാണ് രണവും ഭരണവും; മരണമാണ് തനിക്കിനി ഉചിതം എന്നൊക്കെ അര്‍ജ്ജുനന്‍ വിലാപം തുടരുന്നു. നിന്റെ മകനെ കനിവില്ലാതെ വധിക്കുവാന്‍ കാരണമായവന്‍ ഇനി അധികകാലം ഭൂമിയിലുണ്ടാവരുത് എന്നു പറഞ്ഞ് കൃഷ്ണന്‍ അര്‍ജ്ജുനനെ വീണ്ടും ഉത്തേജിതനാക്കുന്നു. തുടര്‍ന്ന് ജയദ്രഥനെ നാളെ സൂര്യാസ്തമയത്തിനു മുന്‍പ് വധിക്കുമെന്ന് അര്‍ജ്ജുനന്‍ ശപഥം ചെയ്യുന്നു.

ArjunaVishadaVritham Kathakali: Kalamandalam Vijayakrishnan Unnithan as SriKrishnan and Kalamandalam Krishnakumar as Arjunan.
കലാമണ്ഡലം കൃഷ്ണകുമാര്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. ദുഃശകുനങ്ങള്‍ കണ്ട് വ്യാകുലപ്പെടുന്ന, മകന്റെ മരണവാര്‍ത്തയറിഞ്ഞു ദുഃഖാര്‍ത്തനായ, ജയദ്രഥനോടുള്ള കോപത്താല്‍ പ്രതികാരം ചെയ്യുമെന്നു ശപഥമെടുക്കുന്ന; ഇങ്ങിനെ വിവിധ ഭാവങ്ങളില്‍ അര്‍ജ്ജുനനെ രംഗത്തവതരിപ്പിക്കുന്നതില്‍ കൃഷ്ണകുമാര്‍ വിജയിച്ചു. കലാമണ്ഡലം ഗോപിയുടെ ചുണ്ടു കൂര്‍പ്പിച്ചുള്ള നോട്ടവും, കൈവിറപ്പിക്കലുമെല്ലാം അതേപടി പകര്‍ത്തുവാന്‍ കൃഷ്ണകുമാര്‍ ശ്രദ്ധപുലര്‍ത്തുന്നു. കൃഷ്ണകുമാറിനെപ്പോലെയൊരു നടന്‍, സ്വന്തമായൊരു ശൈലി കൊണ്ടുവരാതെ ഇപ്രകാരം അനുകരണങ്ങളില്‍ അഭിരമിക്കുന്നതെന്തിനെന്നു മനസിലാവുന്നില്ല. അര്‍ജ്ജുനന്റെ ഭാവത്തിനനുസരിച്ച് തന്റെ ശരീരഭാഷയോ, മുഖഭാവമോ പ്രകടിപ്പിക്കുവാന്‍ വിജയകൃഷ്ണന്‍ ഉണ്ണിത്താന്റെ ശ്രീകൃഷ്ണന്‍ ശ്രമിച്ചു കണ്ടില്ല. അര്‍ജ്ജുനനോട് ഒരു ദയയുമില്ലാത്ത, നിര്‍വ്വികാരനായ കൃഷ്ണനായതിനാല്‍ തന്നെ‍, പ്രേക്ഷകനെ ഉലയ്ക്കുവാന്‍ തക്കവണ്ണം രംഗങ്ങള്‍ ശോഭിച്ചില്ല.

അര്‍ജ്ജുനന്റെ ശപഥവാര്‍ത്തയറിഞ്ഞ് ജയദ്രഥന്‍ യുദ്ധഭൂമിയില്‍ വരാതെ ഒളിച്ചിരിക്കുന്നു. സന്ധ്യയോടടുത്തിട്ടും ജയദ്രഥനെ പോരിനു കിട്ടാഞ്ഞ് അര്‍ജ്ജുനന്‍ വിഷമിക്കുന്നു. ശ്രീകൃഷ്ണന്‍ വീണ്ടും അര്‍ജ്ജുനന്റെ രക്ഷയ്ക്കെത്തുന്നു. സുദര്‍ശന ചക്രത്താല്‍ സൂര്യനെമറച്ച് കൃത്രിമശ്യാമ ചമച്ചിടാം, അതുകണ്ട് പുറത്തുവരുന്ന സൈന്ധവനെ വധിക്കുക എന്ന് ശ്രീകൃഷ്ണന്‍ വഴി പറഞ്ഞു നല്‍കുന്നു. ജയദ്രഥന്റെ ശിരസ് ഭുമിയില്‍ വീഴ്തരുത്, വൃദ്ധനായ പിതാവിന്റെ മടിയില്‍ ചേര്‍ക്കുകയാണ് വേണ്ടതെന്ന് കൂട്ടത്തില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. “കുന്തിതനയ! നിന്റെ ശപഥമെങ്ങുപോയിതെങ്ങുപോയി?” എന്നു പരിഹസിച്ചെത്തുന്ന ജയദ്രഥനെ കണ്ട് സൂര്യനസ്തമിക്കുവാന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ടെന്ന് അര്‍ജ്ജുനന്‍ അറിയിക്കുന്നു. ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ പിന്‍‌വലിച്ച് സൂര്യനെ പിന്നെയും ദൃശ്യമാക്കുന്നു. ഇരുവരും ചേര്‍ന്നുള്ള യുദ്ധത്തിനൊടുവില്‍ ജയദ്രഥന്റെ ശിരസസ്ത്രമയിച്ചറുത്ത്, അകലെ തപസുചെയ്യുകയായിരുന്ന ജയദ്രഥന്റെ പിതാവായ വൃദ്ധക്ഷത്രന്റെ മടിയില്‍ വീഴ്ത്തുന്നു. ഞെട്ടിയെഴുനേല്‍ക്കുന്ന അയാളുടെ മടിയില്‍ നിന്നും ജയദ്രഥന്റെ ശിരസ് താഴെ വീഴുന്നു, ശിരസ് താഴെ വീഴുവാന്‍ കാരണമായ വൃദ്ധക്ഷത്രന്‍ ശിരസ് പൊട്ടിത്തകര്‍ന്ന് മരിക്കുന്നു.

ArjunaVishadaVritham Kathakali: Kalamandalam Vijayakrishnan Unnithan as SriKrishnan, Kalamandalam Krishnakumar as Arjunan and Kalamandalam Ramachandran Unnithan as Jayadrathan.
അര്‍ജ്ജുനനെ പരിഹസിച്ചുള്ള ജയന്ദ്രഥന്റെ, “കുന്തിതനയ! നിന്റെ ശപഥമെങ്ങുപോയി....” എന്നു തുടങ്ങുന്ന പദം നാട്ടക്കുറിഞ്ഞിയില്‍ കാലംകയറ്റിയാണ് പാടാറുള്ളത്. ഒരു തമാശപ്പാട്ടായാണ് ഈ പദം കേട്ടാല്‍ തോന്നുക. പരിഹാസമാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഒരു രാജാവായ ജയദ്രഥന്‍ പരിഹസിക്കുമ്പോള്‍, അതിനൊരു ആഢ്യത്വം വേണമല്ലോ! ഇതിപ്പോള്‍ മീശപിരിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ നായകവേഷം, സലിംകുമാറിന്റെ വളിപ്പിറക്കുന്നതു പോലെയിരിക്കുന്നു! ജയദ്രഥന്റെ മരണം അരങ്ങില്‍ കാണിക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ച് കാര്യമായ ധാരണ തിരശ്ശീലക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. എങ്ങിനെയൊക്കെയോ ആ ഭാഗങ്ങള്‍ അവതരിപ്പിച്ചു തീര്‍ത്തു എന്നേ പറയുവാനുള്ളൂ. ജയദ്രഥവധത്തിനു ശേഷം അര്‍ജ്ജുനനും, ശ്രീകൃഷ്ണനുമായി ചില മനോധര്‍മ്മാട്ടങ്ങളുമുണ്ടായി. സൂര്യനെ മറയ്ക്കുവാനുള്ള കാരണം, പാപമുക്തിക്കായി യജ്ഞം നടത്തുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയവയൊക്കെ ആടുകയുണ്ടായി. (ഈ ഭാഗങ്ങള്‍ ശരിയായി മനസിലാക്കുവാന്‍ എനിക്കായില്ല!)

ArjunaVishadaVritham Kathakali: Margi Vijayakumar as Dussala and Mangad Vishnuprasad as Surathan.
രണ്ടു ബ്രാഹ്മണര്‍ മാര്‍ഗമദ്ധ്യേ കണ്ടുമുട്ടി സംസാരിക്കുന്ന രംഗമാണ് അടുത്തത്. അശ്വമേധയാഗവാര്‍ത്തയും, യാഗാശ്വവുമായി അര്‍ജ്ജുനന്‍ തിരിച്ചിരിക്കുന്നതുമൊക്കെയാണ് ഇവരുടെ സംഭാഷണത്തില്‍ വരുന്നത്. രുഗ്മാംഗദചരിതത്തിലേയോ, സുഭദ്രാഹരണത്തിലേയോ ബ്രാഹ്മണരുടെ രംഗങ്ങള്‍ക്കുള്ള പ്രാധാന്യം ഇതിനുള്ളതായി തോന്നിയില്ല. ദുശ്ശളയുടെ മടിയില്‍ സുരഥപുത്രനുറങ്ങുന്നു. മകനായ സുരഥന്‍ പ്രവേശിക്കുന്നു. തന്റെ വിധിയോര്‍ത്തു ദുഃഖിച്ചിരിക്കുന്ന അമ്മയെക്കണ്ട്, പാണ്ഡവരോട് പ്രതികാരം ചെയ്യുവാന്‍ താന്‍ മതിയെന്ന് സുരഥന്‍ അമ്മയെ സമാധാനിപ്പിക്കുവാനായി പറയുന്നു. എന്നാല്‍ അവരോട് വൈരമരുതെന്നും; ശത്രുതയും, മാത്സര്യവും പാരില്‍ സുഖം തരികയില്ലെന്നും; മിത്രതകൊണ്ടുമാത്രമേ കുലത്തിന് അഭിവൃദ്ധിയുണ്ടാവുകയുള്ളൂ എന്നും മറ്റും ദുശ്ശള പുത്രനെ ഉപദേശിക്കുന്നു. ഈ അവസരത്തില്‍ ദ്വാരപാലകര്‍ വന്ന് ശത്രുവായ അര്‍ജ്ജുനന്‍ പടയോടുകൂടി രാജ്യത്തെത്തിയിരിക്കുന്നു എന്നറിയിക്കുന്നു. ഇതുകേട്ട് ഹൃദയാഘാതത്താല്‍ സുരഥന്‍ വീണുമരിക്കുന്നു.

പതിയും, സഹോദരന്മാരുമുള്‍പ്പടെ സകലരേയും യുദ്ധത്തില്‍ നഷ്ടപ്പെട്ട തനിക്ക്, തന്റെ പുത്രനെക്കൂടി നഷ്ടമായതുകണ്ട് പൌത്രനേയും കൂട്ടി ദുശ്ശള അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തന്റെ മകനും മരിച്ചു, ഇനി അവശേഷിക്കുന്ന സുരഥപുത്രനെയെങ്കിലും ശത്രുവായിക്കണ്ട് വധിക്കരുതെന്ന് അര്‍ജ്ജുനനോട് ദുശ്ശള അപേക്ഷിക്കുന്നു. സുരഥന്‍ മരിച്ചതെങ്ങിനെയെന്ന് ആരായുന്നതിനോടൊപ്പം, വധിച്ചതാരാണെങ്കിലും അവനെ താന്‍ വകവരുത്തുന്നുണ്ടെന്നും അര്‍ജ്ജുനന്‍ അറിയിക്കുന്നു. പിതാവിനെ വധിച്ച താന്‍ രാജ്യത്തെത്തിയതറിഞ്ഞാണ് സുരഥന്‍ മരിച്ചത് എന്നു കേട്ട് അര്‍ജ്ജുനന്‍ വിവശനാവുന്നു. ദുശ്ശളയുടെ വിലാപം കണ്ട്, യുദ്ധത്തില്‍ അച്ഛനെ, മകനെ, ഭര്‍ത്താവിനെ നഷ്ടപ്പെട്ട അബലകളായ നിരവധി സ്ത്രീകള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നതായി അര്‍ജ്ജുനനു തോന്നുന്നു. താന്‍ മൂലം സുരഥനു നേരിട്ട ദുര്‍ഗതിയില്‍ അര്‍ജ്ജുനന്‍ ദുശ്ശളയോട് മാപ്പപേക്ഷിക്കുന്നു, കൂടാതെ രാജ്യത്തെ രാജാവായി സുരഥപുത്രനെ വാഴിക്കുകയും ചെയ്യുന്നു.

ArjunaVishadaVritham Kathakali: Kalamandalam Krishnakumar as Arjunan and Margi Vijayakumar as Dussala.
ജയദ്രഥന്റെ വധത്തിനു ശേഷമുള്ള രംഗങ്ങളാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. വിജയികളുടെ ഭാഗത്തുകൂടിയാണ് സാധാരണ കഥകള്‍ മുന്നേറാറുള്ളത്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായ, ദുശ്ശളയുടെ വശമാണ് ‘അര്‍ജ്ജുനവിഷാദവൃത്ത’ത്തില്‍ തുടര്‍ന്നു പ്രതിപാദിക്കുന്നത്. എന്നാല്‍ അവസാനരംഗം ഇരുവരും ചേര്‍ന്നുള്ള സാധാരണ സംഭാഷണം എന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. ഇനി ശത്രുത പാടില്ല, മൈത്രി പുലരേണം എന്നൊക്കെ ദുശ്ശളയും; കഴിഞ്ഞതെല്ലാം മറക്കുക, തന്റെ ചെയ്തികള്‍ക്ക് മാപ്പുനല്‍കണം എന്നിങ്ങനെ അര്‍ജ്ജുനനും പലരീതികളില്‍ പറയുന്നുവെന്നു മാത്രം. ബാഹുകനും, കേശിനിയും കൂടിയുള്ള സംഭാഷണം; കുന്തിയും, കര്‍ണ്ണനും തമ്മിലുള്ള രംഗം ഇവയൊക്കെയും ഇതുപോലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ദീര്‍ഘമായ സംഭാഷണങ്ങളാണ്. എന്നാല്‍ അത്രയൊന്നും തീവ്രത ഈ രംഗത്തിനു വരുന്നില്ല. അര്‍ജ്ജുനനോ, ദുശ്ശളയ്ക്കോ കാര്യമാ‍യ ഭാവവ്യതിയാനങ്ങളും രംഗത്തില്‍ സംഭവിക്കുന്നില്ല. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് പദമാടുക എന്നതിനപ്പുറം ഇവിടെ ഒന്നും ചെയ്യുവാനില്ല. ഒരേ സ്വഭാവമുള്ള പദങ്ങളുടെ ആവര്‍ത്തനം പ്രേക്ഷകന് രംഗത്തോടുള്ള താത്പര്യം കുറയ്ക്കുകയും ചെയ്യുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീ‍വന്‍ തുടങ്ങിയവരായിരുന്നു ഈ ഭാഗങ്ങളുടെ ആലാപനം. കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും, കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മേളത്തിനു കൂടി. വേദിയും, ശബ്ദസംവിധാനവും മിക്ക കഥകളി അരങ്ങുകളിലേയും പോലെ നിലവാരം കുറഞ്ഞതായിരുന്നെങ്കിലും; സംഘാടകരുടെ ആത്മാര്‍ത്ഥത നോട്ടീസില്‍ ദൃശ്യമാണ്. രംഗം തിരിച്ച് കഥാഭാഗം വിശദമായി പ്രതിപാദിക്കുവാനായി, ഈ കഥയ്ക്കു മാത്രം, ആറോളം പേജുകളാണ് അവര്‍ നീക്കിവെച്ചിരിക്കുന്നത്. കാണികള്‍ എല്ലാവര്‍ക്കും കഥയെക്കുറിച്ച് നല്ല ധാരണയുണ്ടാക്കുവാന്‍ ഇത് സഹായിക്കും. മുതുപിലാക്കാട് ചന്ദ്രശേഖരന്‍‌പിള്ള, മാര്‍ഗി ശ്രീകുമാര്‍ എന്നിവരുടെ ചുട്ടി നിലവാരം പുലര്‍ത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിന്റെ വേഷങ്ങളും, അലങ്കാരങ്ങളും അത്രയൊന്നും മെച്ചമെന്നു പറയുവാനില്ല. ചുരുക്കത്തില്‍, ശൈശവദിശയിലുള്ള കഥയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കി നോക്കിയാല്‍; കഥയുടേയും, പദങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്ന്, തങ്ങള്‍ക്കാവും വിധം കലാകാരന്മാര്‍ ആടിഫലിപ്പിച്ച ഒരു അരങ്ങായിരുന്നു മൈലംകുളത്തേത്.

Description: ArjunaVishadaVritham Kathakali staged at Mailamkulam Sri NagarajaKshethram, Kottarakkara. Kalamandalam Ramachandran Unnithan (Jayadrathan), Margi Vijayakumar (Dussala), Kalamandalam Krishnakumar (Arjunan), Kalamandalam Vijayakrishnan Unnithan (SriKrishnan), Mangad Vishnuprasad (Surathan), Kalabharathi Vasudevan (Doothan); Pattu: Pathiyoor Sankarankutty, Kalamandalam Vinod, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Venukkuttan, Kalamandalam Achuthavarier; Chutti: Muthupilakkad Chandrasekharan Pillai, Margi Sreekumar; Kaliyogam: Poruvazhi SriKrishnaVilasam Kathakaliyogam. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

7 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

മൈലംകുളം നാഗരാജാക്ഷേത്രത്തില്‍ അവതരിപ്പിക്കപ്പെട്ട ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടക്കഥയുടെ ആസ്വാദനം - രണ്ടാം ഭാഗം.
--

വികടശിരോമണി പറഞ്ഞു...

മൊത്തത്തിലപ്പൊ വിഷാദത്തിലായോ സന്തോഷായോ?:)

SunilKumar Elamkulam Muthukurussi പറഞ്ഞു...

പ്രേക്ഷകനെ ഉലയ്ക്കുവാന്‍ തക്കം രംഗങ്ങള്‍ ശോഭിച്ചില്ല. എന്ന് ഹരീ എഴുതുനു.

ഇന്നത്തെ കാലത്ത്‌ എത്ര കളികള്‍ എത്ര രംഗങ്ങള്‍ ഹരീ ഇങ്ങനെ കണ്ടിട്ടുണ്ടാവണം? ഒരാള്‍ നന്നായാല്‍ അല്ലെങ്കില്‍ ഒരു കൂട്ടര്‍ നന്നായാല്‍ കളി നല്ലതായി എന്ന് പറയുന്ന കൂട്ടത്തിലാണ്‌ ഞാന്‍. കഥകളിക്ക്‌ ഒരു മുന്‍കൂര്‍ റിഹേഴ്സല്‍ ഒന്നുമില്യല്ലോ. വിളിച്ചുകൂട്ടുന്ന ആള്‍കാരല്ലേ?

ഹരീക്ക്‌ പലതരത്തിലും എഴുതാനറിയാം. സിനിമാ നിരൂപണം മുതല്‍ കഥകള്‍ വരെ ഹരീ എഴുതുന്നു. പക്ഷെ ഇതുപോലെയാണോ ഒരു കളി റെവ്യൂ ചെയ്യുക? ഈ ആസ്വാദനകുറിപ്പിന്റെ കാര്യത്തില്‍ മാത്രമല്ല ഇതെനിക്കു തോന്നിയത്‌. സിനിമയും മറ്റും പലവിധം എഡിറ്റിങ്ങും റീടേക്കും കഴിഞ്ഞിട്ടാണ്‌ വരുന്നത്‌. പക്ഷെ ഒരു കളി അങ്ങനെയല്ലല്ലോ. റിയല്‍ ടൈമില്‍ റിയലായി കാണിക്കുകയല്ലേ? ഒരു നടന്റെ അല്ലെങ്കില്‍ ഭാഗവതരുടെ ജലദോഷം കൂടി അന്നത്തെ കളിയെ ബാധിക്കും, ഇല്ലേ? ഒരു ആസ്വാദകന്‍ എന്ന നിലയില്‍ കയ്യും വീശി നാം കളി കാണാന്‍ പോകുമ്പോള്‍ ഇതൊന്നും ചിന്തിക്കേണ്ട കാര്യമില്ല. പക്ഷെ എഴുതുമ്പോള്‍ വേണം. റിയല്‍ ടൈമില്‍ ഉള്ള ഒരു കളി ഒരു സിനിമാ നിരൂപണം എഴുതുന്ന പോലെ എഴുതാന്‍ പറ്റില്ല.

ജയദ്രഥവധത്തെ കുറിച്ച്‌ ഹരീ എഴുതിയിരിക്കുന്നു "ജയദ്രഥന്റെ മരണം അരങ്ങില്‍ കാണികുന്നതെങ്ങനെ എന്ന് വലിയ ധാരണ തിരശ്ശീലക്കാര്‍ക്ക്‌ ഇല്ലായിരുന്നു" എന്ന്. ഹരീ വധം അല്ലല്ലോ പ്രധാനം. ത്രികാലത്തില്‍ നടന്ന രാജസൂയത്തിന്റെ വീഡിയോ ഞാന്‍ യൂട്യൂബില്‍ കണ്ടു. ശിശുപാലനായി രാമന്‍ കുട്ടി നായര്‍ കേമമാക്കി. അദ്ദേഹത്തിന്റെ വയസ്സും നോക്കണമല്ലോ. ഇത്രയും കേമമായി ആടിയ ശിശുപാലനെ വധിക്കുന്ന രംഗം ഒന്ന് കാണുകതന്നെ വേണം!. ഒരു കാട്ടികൂട്ടല്‍ തന്നെ! സുദര്‍ശനം കൂടെ ഉണ്ടായിരുന്നില്ല കൃഷ്ണന്റെ കയ്യില്‍!. ആരും അതത്ര കാര്യമാക്കി കാണില്ല. കാരണം കഥകളി അങ്ങനെയൊക്കെയാണ്‌. ചില വ്യതിയാനങ്ങള്‍ ചില സ്വാതന്ത്ര്യങ്ങള്‍ എന്നൊക്കെ പറയാം. നാം പോകുന്നത്‌ ശിശുപാലനെ വധിക്കുന്ന രംഗം കാണാനല്ല, മറിച്ച്‌ ശിശുപാലന്റെ ആട്ടം കാണാനാണ്‌. ശിശുപാലന്‍ വധിക്കപ്പെടും എന്നും കൃഷ്ണനെ എങ്ങനെ ആണ്‌ അത്‌ ചെയ്യുക എന്നൊക്കെ നമുക്ക്‌ നല്ല മുന്‍കൂര്‍ ധാരണ ഉണ്ട്‌. എന്നാലും ശിശുപാലന്റെ ആട്ടം കാണാന്‍ പോകും. ശിശുപാലന്റെ ആട്ടം കൂടി നമുക്ക്‌ മനഃപ്പാഠമായിരിക്കും എങ്കിലും. അല്ലേ? അതാണ്‌ കഥകളി. റിയല്‍ ടൈം, റിയല്‍ പെര്‍ഫോമന്‍സ്‌.

പിന്നെ മുകളില്‍ പറഞ്ഞപോലെ അര്‍ജ്ജുനന്‍ കേമമായി കൃഷ്ണന്‍ കേമാവാത്തതിന്‌ കാരണം അദ്ദേഹത്തിന്റെ പരിചയക്കുറവോ ആരോഗ്യസംബന്ധമായ മറ്റു കാരണങ്ങളോ ആയിരിക്കാം. കൂടുതല്‍ പറയുകയാണെങ്കില്‍ ആ രംഗം അത്രക്കു തന്നേ ഉള്ളൂ. അതല്ലല്ലോ കഥയുടെ ശരിയായ തീം. അത്‌ ഹരീ കണ്ടില്ലെന്നു തോന്നുന്നു. ബ്രാഹ്മണരുടെ രംഗങ്ങള്‍ക്കും അത്ര തന്നെ പ്രാധാന്യമേ ഉള്ളൂ. അതു കേമമായാലും ഇല്ലെങ്കിലും കഥയ്ക്കൊന്നും പറ്റാനില്ല. സമയക്കുറവിന്റെ ഇക്കാലത്ത്‌ ഈ രംഗം അനാവശ്യമാണ്‌. പക്ഷെ അതിലും പറയുന്നത്‌ യുദ്ധക്കെടുതികളെ കുറിച്ചാണ്‌.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം സുരഥന്‍ മരിക്കുന്ന വിധമാണ്‌. തന്റെ അച്ഛനെ വധിച്ച അര്‍ജ്ജുനന്‍ യാഗാശ്വവുമായി തന്റെ രാജ്യാതിര്‍ത്തിയില്‍ എത്തിയിരിക്കുന്നു എന്ന്‌ കേട്ട്‌ ഭയന്നാണ്‌ സുരഥന്‍ മരിക്കുന്നത്‌. അത്‌ യുദ്ധം എന്ന കാലാകാലങ്ങളില്‍ തുടരുന്ന പ്രക്രിയയുടെ ഭീകരത നമ്മെ അനുഭവപ്പെടുത്തുന്നു. കഥയില്‍ ഇത്‌ കൃത്യമായി പദത്തിലൂടെ പറയുന്നുണ്ട്‌. രംഗത്ത്‌ ഇത്‌ കാണിച്ചില്ലെങ്കിലും ദുശ്ശള എന്ന കഥയിലെ ഉത്തരഭാഗത്തെ കഥാപാത്രത്തെ കണ്ടാല്‍ മതി. അല്ലെങ്കില്‍ അര്‍ജ്ജുനന്റെ ദുശ്ശളയെ കാനുമ്പോഴത്തെ രംഗം കണ്ടാല്‍ മതി.

സോദരിയായ്‌ ഗണിക്കേണ്ട
ആദരിക്കണ്ട നിങ്ങള്‍

എന്നീ വരികളില്‍ തുടങ്ങി

ഇനിയെനിക്കൊന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരമെല്ലാം തീരേണം, ലോകേ-
അരുതിനിയരുതീ രണം

എന്നവരികള്‍ വരെ വളരെ വികാരപരം തന്നെ.

യുദ്ധം വേണ്ട എന്നൊക്കെ പലരീതികളില്‍ പറയുന്നതു തന്നെ അല്ലേ ഹരീ അതിന്റെ സന്ദേശം? അതു കാണാത്തതെന്തേ? (പലരീതിയില്‍ ഒരേസാധനം പറയുന്നതു തന്നെ ഒരു കളിയെ സംബന്ധിച്ച്‌ കലയല്ലേ? അതിന്‌ കഥകളിയില്‍ തന്നെ ഉദാഹരണങ്ങള്‍ അനവധി) അവിടെ ഉദ്ദേശിച്ച കൊഴുപ്പുകിട്ടിയില്ലെങ്കില്‍ മുന്‍ പറഞ്ഞപോലെ കളിക്കാരുടെ പരിചയക്കുറവോ മറ്റ്‌ കാരണങ്ങളോ ആയിരിക്കാം. കാരണം ഞാന്‍ നേരിട്ട്‌ ഇക്കഥ കണ്ടത്‌ പാലക്കാട്‌ വെച്ചാണ്‌. അന്ന് ഈ രംഗമെത്തിയപ്പോള്‍ പലരും കരയുന്നതും എഴുന്നേറ്റുനിന്ന് വികാരം കൊള്ളുന്നതും എന്റെ കണ്‍കൊണ്ട്‌ കണ്ടതും എനിക്കുതന്നെ അനുഭവം ഉള്ളതും ആണ്‌. അതിനാല്‍ ആണ്‌ ഞാന്‍ ഇതിനെ കുറിച്ച്‌ എഴുതിയതും. അതുതന്നെയാണ്‌ മറ്റ്‌ കഥകളി കഥകളില്‍ നിന്നും ഇക്കഥയെ മാറ്റി നിര്‍ത്തുന്നതും. ബാബുനമ്പൂതിരിയുടേയും രാജശേഖരന്റേയും കൃഷ്ണകുമാറിന്റേയും പാട്ടും അഭിനയവും അന്ന് കേട്ട്‌,കണ്ടിറങ്ങിയവരെല്ലാം ഇത്‌ മനസ്സിലാക്കുകയും ചെയ്തു സ്വകാര്യസംഭാഷണങ്ങളില്‍ പ്രത്യേകം പറയുകയും ചെയ്തു.

ഞാന്‍ ഇതിന്റെ രണ്ടാം ഭാഗം വായിക്കാനായി നോക്കി ഇരുന്നത്‌ എന്താണെന്നറിയുമോ?

യുദ്ധമൊന്നും വേണ്ട സമാധനം മതി എന്നു പറഞ്ഞ്‌ സുരഥപുത്രനെ അര്‍ജ്ജുനന്‍ രാജാവായി വാഴിക്കുന്നു. രജാവായി വാഴിക്കാന്‍ വാള്‍ കയ്യില്‍ കൊടുക്കണമല്ലോ. വാള്‍ എന്നാല്‍ ആയുധവും. തൊട്ട്‌ മുന്‍പറഞ്ഞ പദങ്ങള്‍ക്ക്‌ എതിരായി ഇവിടെ വാള്‍ തന്നെ കൊടുക്കുമ്പോള്‍ അര്‍ജ്ജുനനായി അഭിനയിച്ച ആളുടെ (അര്‍ജ്ജുനന്‍ - കൃഷ്ണകുമാര്‍) മനോധര്‍മ്മം എന്തായിരുന്നു എന്നതായിരുന്നു. അത്‌ ഹരീ എഴുതും എന്ന് വിചാരിച്ചു. നോക്കിയിരുന്നത്‌ മിച്ചം!

പൊതുവേ ഒരു ഉദാസീനത ഹരീ യുടെ ഈ എഴുത്തില്‍ കാണാം. അത്‌ വികടന്റെ കമന്റിലൂടെ എനിക്കുമത്രം തോന്നിയതല്ല എന്ന് സ്പഷ്ടമാക്കുന്നു. പുതിയ കഥയായതു കൊണ്ടാണോ?

Haree പറഞ്ഞു...

@ വികടശിരോമണി,
:-) വിഷാദത്തിലായില്ല, വളരെ സന്തോഷവുമായില്ല.

@ -സു‍-|Sunil,
:-) തീര്‍ച്ചയായും. പ്രേക്ഷകനെ ഉലയ്ക്കുവാന്‍ തക്കവണ്ണമുള്ള (എല്ലാ രംഗങ്ങളും ഉലയ്ക്കുകയല്ലല്ലോ, അതേ അളവില്‍ മികച്ചതായത് എന്നു കൂടി കണക്കാക്കുക.) രംഗങ്ങള്‍ നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട്. ഒരു കൂട്ടര്‍ നന്നായാല്‍ അവര്‍ നന്നായി, നന്നാവാത്തവര്‍ നന്നായില്ല എന്നു പറയുന്ന കൂട്ടത്തിലാണ് ഞാന്‍. കളി മൊത്തത്തില്‍ നന്നായോ ഇല്ലയോ എന്നത്, നന്നായ കൂട്ടരുടെ കഥയിലെ പ്രാധാന്യം പോലെയിരിക്കും. റിയല്‍ ടൈമില്‍ ഉള്ള ഒരു കളി സിനിമാനിരൂപണം പോലെയല്ല എഴുതുന്നതും. (അങ്ങിനെയെങ്കില്‍, ഇത്രയുമാണോ ചൂണ്ടിക്കാട്ടുവാനുണ്ടാവുക!) ജലദോഷം കൂടി ബാധിക്കും, പക്ഷെ അതുകൊണ്ട് കളി മോശമായാല്‍ പറയാതിരിക്കണം എന്നില്ലല്ലോ! ശിശുപാലന്റെ ആട്ടം പ്രധാനമാണ്, അതുകൊണ്ട് വധിക്കുന്ന രംഗം കാട്ടിക്കൂട്ടലാവാം എന്നര്‍ത്ഥമില്ല. ആട്ടം നന്നായെങ്കില്‍ നന്നായെന്നു പറയുക, വധിക്കുന്ന രംഗം മോശമായെങ്കില്‍ അതും പറയുക, അല്ലെങ്കില്‍ പറയണം. ആട്ടം നന്നായതുകൊണ്ട്, മോശമായി അവതരിപ്പിച്ച മറ്റു ഭാഗങ്ങളെക്കുറിച്ച് പറയരുത് എന്നതിനോട് യോജിപ്പില്ല.

കൃഷ്ണനും അര്‍ജ്ജുനനും കൂടിയുള്ള ഭാഗങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ വരുന്നില്ല. കഥകളികള്‍ക്ക് ‘തീം’ ഉണ്ടോ! അങ്ങിനെ ‘തീം’ അധിഷ്ഠിതമായ ഒരു കലയാണ് കഥകളി എന്നു തന്നെ ഞാന്‍ കരുതുന്നില്ല. രംഗങ്ങളുടെ ശരിയായ അവതരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, അവയ്ക്ക് പ്രധാനഭാഗങ്ങളുമായി കാര്യമായ ബന്ധമില്ലെങ്കില്‍ പോലും. ഈ രീതിയില്‍ ‘തീം’ അനുസരിച്ച് നോക്കുകയാണെങ്കില്‍, നളചരിതം രണ്ടാം ദിവസത്തിലെ ആദ്യ രംഗത്തിന് കാര്യമായ പ്രാധാന്യമില്ലല്ലോ! അവിടെയുള്ളത് മൂന്നു പദങ്ങളും, അതെടുക്കുന്നത് രണ്ട് മണിക്കൂറോളവും!

തീര്‍ച്ചയായും, കാരണങ്ങള്‍ പലതുണ്ടാവാം, ഒരാളുടെ പ്രകടനം മോശമാവുന്നതില്‍. അതുകൊണ്ട് അതു പറയാതിരിക്കണം എന്നതിനോട് യോജിപ്പില്ല. അര്‍ജ്ജുനന്‍-ദുശ്ശള സംഭാഷണ രംഗങ്ങളെക്കുറിച്ച് എന്റെ അഭിപ്രായം പോസ്റ്റില്‍ പറഞ്ഞു കഴിഞ്ഞു. അവസാനം പറഞ്ഞ അര്‍ജ്ജുനന്റെ മനോധര്‍മ്മം അവിടെ ഉണ്ടായിരുന്നില്ല. (കുറഞ്ഞപക്ഷം എന്റെ ശ്രദ്ധയില്‍ പെട്ടില്ല.) പുതിയ കഥയായതുകൊണ്ട് മനഃപൂര്‍വ്വം ഉദാസീനമാക്കിയിട്ടില്ല. വികടന്റെ കമന്റില്‍ അങ്ങിനെയുണ്ടോ? അവസാന വരി “ ചുരുക്കത്തില്‍, ശൈശവദിശയിലുള്ള കഥയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കി നോക്കിയാല്‍; കഥയുടേയും, പദങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്ന്, തങ്ങള്‍ക്കാവും വിധം കലാകാരന്മാര്‍ ആടിഫലിപ്പിച്ച ഒരു അരങ്ങായിരുന്നു മൈലംകുളത്തേത്. ” ശ്രദ്ധിച്ചില്ലേ!
--

എതിരന്‍ കതിരവന്‍ പറഞ്ഞു...

വിജയം-വധം-ഐശ്വര്യലബ്ധി-പുനഃസമാഗമം ഇങ്ങനെയൊക്കെയാണ് സാധാരണ കഥകളിക്കഥകളുടെ അവസാനം. അർജ്ജുന വിഷാദ വൃത്തം ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഇതൊക്കെ നിസ്സാ‍ാരമാണെന്ന് ഉദ്ഘോഷം. ആശയപരത ഏറുന്നു, പ്രകടനപരത കുറയുന്നു. അവസാന രംഗം വളരെ കരുതലോടെ അവതരിപ്പിച്ചില്ലെങ്കിൽ പാളിപ്പോകും. നാടകീയതയുടെ പ്രകടനത്തിനു പ്രാധാന്യം ഇല്ല എന്ന കാര്യം കൊണ്ട്. കരുതലോടെ ജ്വലിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്തം നടന്മാരിൽ നിന്നും ആവശ്യപ്പെടുന്നു. ഹരീ കണ്ട കളിയിൽ അങ്ങനെ ആയില്ലെങ്കിൽ നടന്മാരുടെ അവധാനത ആയിരിക്കണം.

SunilKumar Elamkulam Muthukurussi പറഞ്ഞു...

കുന്തീ തനയ.. എന്നതിനെ പറ്റി ഹരീ പറഞ്ഞത്‌; ഈ പദം പിന്നെ "കുന്തീ തനയ നിന്റെ ശപഥം ചിത്രമോര്‍ക്കിലെത്രയും.." എന്നല്ലേ? രാഗത്തിനെ പറ്റി വലിയ പിടിയില്ല.
ഞാൻ കണ്ടതും കേട്ടതും അങ്ങനെയായിരുന്നു. അതിലെന്താണ് കുഴപ്പം?

തീമിനെപ്പറ്റിയൊക്കെ പറയാൻ അനവധിയുണ്ട്‌, അതിനിവിടെ സ്കോപ്പില്ല. പക്ഷെ ഒന്ന് പറയട്ടെ.കേരളത്തിലെ ഒരു കലാപഭൂമിയിൽ, ഹീലിങ്ങ് ടച്ച് ആയി അവതരിപ്പിച്ച അനവധി കലകൾ, പ്രമുഖരായ കലാകാരന്മാർ പങ്കെടുത്ത് നടത്തുകയുണ്ടായി. കഥകളിക്കുവേണ്ടി തിരഞ്ഞെടുത്തത് ഇതിലെ

“ഇനിയെനിക്കൊന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരമെല്ലാം തീരേണം, ലോകേ-
അരുതിനിയരുതീ രണം“

എന്നീ വരികളായിരുന്നു.

-സു-

C.Ambujakshan Nair പറഞ്ഞു...

മൈലങ്കുളത്തെ കളിയെ പറ്റിയുള്ള വിമ൪ശനവും കമന്റുകളും വായിച്ചു. പോരുവഴി കഥകളിയോഗം വളരെ പഴയതും പണ്ട് തെക്ക് ഉണ്ടായിരുന്ന കളിയോഗങ്ങളിൽ ഏറ്റവും നല്ല കളിയോഗവുമായിരുന്നു.അതിന്റെ മാനേജ൪
ആയിരുന്ന പോരുവഴി മാധവനുണ്ണിത്താൻ വളരെ ആദരണീയനുമായിരുന്നു. ഉണ്ണിത്താന്റെ കളിയോഗം ആണെങ്കിൽ പഴയനടന്മാ൪ ആരും അവരുടെ സ്വന്ത കളിക്കോപ്പുകൾ കൊണ്ടുപോവുകയില്ലായിരുന്നു.
ചെങ്ങന്നൂരാശാൻ മരണമടഞ്ഞ ദിവസം കൊല്ലത്ത്
മടവൂ൪ കളിയേറ്റിരുന്നു. അദ്ദേഹം അന്ന് കളിക്കു പോയില്ല.
പീതാംബരന്റെ ചുമതലയിലുള്ള കളിയായതിനാൽ
മടവൂരിന് നിശ്ചയിച്ചിരുന്ന വേഷം പീതാംബരൻ
കെട്ടി കളി മുടങ്ങാതെ ശ്രദ്ധിച്ചുകൊള്ളും എന്ന വിശ്വാസം
മടവൂരിന് ഉണ്ടായരുന്നു. അന്നേ ദിവസം ചെങ്ങന്നൂരാശാന്റെ
മറ്റു ശിഷ്യന്മാരായ ഹരിപ്പാടിനെയും ചെന്നിത്തലയെയും പോരുവഴി മാധവനുണ്ണിത്താൻ ഒരു കളി ഏൽപ്പിച്ചിരുന്നു. കഥയോ ഹരിശ്ചന്ദ്രചരിതം. ഹരിപ്പാടിന് വിശ്വാമിത്രനും, ചുടല
ഹരിശ്ചന്ദ്രനും ചെന്നിത്തലയ്ക്ക് ഹരിശ്ചന്ദ്രനും. ഇവ൪ ചെന്നില്ലെങ്കിൽ കളി മുടങ്ങും. ചെങ്ങന്നൂരാശാന്റെ ശവം ദഹനം നടക്കുമ്പോൾ അവിടെ എത്തിയിരുന്ന ഉണ്ണിത്താൻ രാത്രി എട്ടുമണി വരെ മൗനമായി ഇരുന്നു. പിന്നീട് തന്ത്രപൂ൪വം ആശാന്റെ കുടുംബാംഗങ്ങളെ സ്വാധീനിച്ചു. ചെങ്ങന്നൂരാശാന്റെ പേരിൽ ഒരു കഥകളി മുടങ്ങരുതെന്ന് നി൪ബ്ബന്ധമുണ്ടെന്നും അതിനാൽ ഹരിപ്പാടിനെയും ചെന്നിത്തലയെയും നിങ്ങൾ എന്നോടൊപ്പം അയയ്ക്കണം എന്നും അപേക്ഷിച്ചു. അങ്ങിനെ ആശാന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെ അദ്ദേഹം വന്ന കാറിൽ അവരെയും കൂട്ടി പോയി കളി നടത്തിയത് ഇവടെ സ്മരിച്ചു കൊള്ളട്ടെ. മാധവനുണ്ണിത്താന്റെ മരണശേഷം മക്കൾ കളിയോഗം നടത്തുന്നതായാണ് അറിവ്.
(പോരുവഴി മലനടയിൽ കഥകളിക്ക് പ്രാധാന്യം ഉണ്ടായിരുന്നു.
ദുര്യോധനന് പ്രതിഷ്ഠ ഉള്ളതായാണ് അറിവ്. ദുര്യോധനന് സന്തോഷം ഉള്ള കഥ എന്നതിനാലും മലനടയായതിനാലും
നിഴൽകുത്ത് കഥകളിക്കായിരുന്നു പ്രാധാന്യം)
അതേ പോലെ കഥകളി നടി ശ്രീമതി ചവറ പാറുക്കുട്ടി ആദ്യം കഥകളി പഠിച്ചത് പൂതനാമോക്ഷത്തിലെ ലളിത കെട്ടാനാണ്.
അരങ്ങേറ്റം കഴിഞ്ഞശേഷം ഉണ്ണത്താന്റെ ചുമതലയിൽ എവിടെ കളി ഉണ്ടായാലും കളി നടത്തിപ്പുകരെ സ്വാധീനിച്ച് പാറുക്കുട്ടിയുടെ പൂതനാമോക്ഷം ആദ്യം അവതരിപ്പിക്കും. ഒരിക്കൽ മാങ്കുളം പാറുക്കുട്ടിയുടെ വേഷം കാണാനിടയാവുകയും ശിഷ്യയായി സ്വീകരിച്ച് അത്യാവശ്യമായ കഥകളി പാഠങ്ങൾ അഭ്യസിപ്പിക്കയും ചെയ്തു. അദ്ദേഹത്തിന്റെ നേത്രുത്വത്തിൽ ഒരു കഥകളി സംഘം ബോംബേ ടൂ൪ നടത്തിയപ്പോൾ കചദേവയാനി ചരിതത്തിലെ ദേവയാനിയെ അവതരിപ്പിക്കാൻ പ്രാപ്തയാക്കി സംഘത്തിൽ ഉൾപ്പെടുത്തി.
മാങ്കുളം, ഹരിപ്പാട്, ഓയൂ൪, ചെന്നിത്തല തുടങ്ങിയവരുടെ ആദ്യ ഗുരുനാഥൻ ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ സ്വന്ത കിരീടം പോരുവഴി മാധവനുണ്ണിത്താന്റെ
കളിയോഗത്തിൽ ആദ്യാവസാന നടന്റെ കിരീടമായി ഉപയോഗിച്ചിരുന്നു.

(മുതുകാട് ചന്ദ്രശേഖരന്പിള്ള ആയിരിക്കയില്ല, മുതുപിലാക്കാട് ചന്ദ്രശേഖരന്പിള്ള ആയിരിക്കാം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--