ജനുവരി 1, 2009: ഈ വര്‍ഷത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്ന നായര്‍ മഹാസമ്മേളനത്തിന്റെ ആദ്യ ദിനം രാത്രി, പുലരും വരെ കഥകളി അവതരിപ്പിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന് നമ്പൂതിരി, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ കൃഷ്ണവേഷങ്ങളായെത്തിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് എന്നിവര്‍ പാട്ടിലും; കലാമണ്ഡലം ശശി, കലാനിലയം മനോജ് തുടങ്ങിയവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച ഇരട്ടമേളപ്പദവും തുടര്‍ന്നുണ്ടായി. വൈകി ആരംഭിച്ചതിനാല്‍ ‘മഞ്ജുതര കുഞ്ജതല...’യ്ക്കു ശേഷം ‘ചലമലയ...’യിലെത്തി പെട്ടെന്ന് അവസാനിപ്പിച്ച മേളപ്പദമായിരുന്നു ഇവിടുത്തേത്. സമയമില്ലെങ്കില്‍ ഇപ്രകാരം പേരിനുവേണ്ടി മാത്രമായി മേളപ്പദം അവതരിപ്പിക്കാതിരിക്കുകയാണ് ഉചിതം.
കലാമണ്ഡലം ഗോപി നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തിയ നളചരിതം രണ്ടാം ദിവസമായിരുന്നു തുടര്‍ന്ന്. “കുവലയവിലോചനേ...” എന്ന നളന്റെ ആദ്യപതിഞ്ഞ പദം, സാധാരണ രീതിയില്‍ സമയമെടുത്ത്, വിസ്തരിച്ച് അഭിനയിക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രമിച്ചു കണ്ടില്ല. “നവയൌവനവും വന്നു നാള് തോറും വളരുന്നു...” എന്ന ഭാഗത്തില്‍ ‘നാള് തോറും’ എന്നതിന് ഓരോ നാളിലും എന്നതിനു പകരം എല്ലാ നാളിലും എന്നാണ് ഗോപി മുദ്രകാട്ടിയത്. അര്ത്ഥകല്പനയില് ഓരോ ദിവസവും പ്രായമേറുന്നു എന്നതിനാണല്ലോ, എല്ലാ ദിവസവും പ്രായമേറുന്നു എന്നതിലും ഭംഗി.
‘ലജ്ജകളഞ്ഞ് എന്നെയൊന്നു നോക്കുകില്ലേ? എന്നിലെ കാമാഗ്നിയെ അധരങ്ങളാല്‍ നീ അണയ്ക്കുകില്ലേ?’ എന്ന ഒരു ചെറിയ മനോധര്‍മ്മവും “സാമ്യമകന്നോരു ഉദ്യാനം...” പദത്തിനു മുന്‍പായി, ശ്ലോകം പാടുന്ന വേളയില്‍ കലാമണ്ഡലം ഗോപിയില്‍ നിന്നുമുണ്ടായി. ദമയന്തി പദമാടിത്തുടങ്ങുമ്പോള്, കിളികളെ നോക്കി ശബ്ദിക്കരുതെന്ന് ആവശ്യപ്പെടുന്നതിനു പകരമായി; ‘ഇവളുടെ സ്വരം കേട്ടിട്ടും കുറുകുവാന് നിങ്ങള്‍ക്ക് ലജ്ജയില്ലേ?’ എന്നൊരു ചോദ്യമാണ് നളനില്‍ നിന്നുമുണ്ടായത്. “...എത്രയുമഭിരാമ്യം ഇതിനുണ്ടതു നൂനം.” എന്നു പറയുന്ന ദമയന്തിയോട്, ‘അതിലും സൌന്ദര്യമുള്ളവളല്ലേ നീ?’ എന്നൊരു മറുചോദ്യമാണ് നളനുള്ളത്. ഇതേ രീതിയില്‍ “...കാമ്യം നിനയ്ക്കുന്നാകില്‍, സാമ്യമല്ലിതു രണ്ടും.” എന്ന ഭാഗത്ത് ‘നമ്മളിരുവരും അപ്രകാരമല്ലയോ?’ എന്നും; “...മൃഗാങ്കനുദിക്കയല്ലീ?” എന്നയിടത്ത് ‘എന്റെ മുന്നില്‍ നീ ഉദിച്ചിരിക്കുമ്പോള് അവയൊക്കെ നിഷ്പ്രഭം!’ എന്നും ഗോപി ആടുകയുണ്ടായി. ഇവയ്ക്കെല്ലാം യുക്തമായ രീതിയില്‍, മിതമായ മറുപടികള്‍; പദാഭിനയത്തില്‍ ഭംഗം വരുത്താതെ തന്നെ, വിജയകുമാര്‍ നല്‍കുകയും ചെയ്തു.
വിവാഹത്തിനു മുന്‍പുള്ള തന്റെ അവസ്ഥ നളന് പറയുന്ന പദമായ “ദയിതേ! നീ കേള്...” എന്നതിനു ശേഷം ഇരുവരുടേയും മനോവിചാരങ്ങള്‍ പങ്കുവെയ്ക്കുന്ന മനോധര്‍മ്മാട്ടമാണ്. ബ്രഹ്മദേവന് വിശിഷ്ടവസ്തുക്കളാല് ദമയന്തിയെ സൃഷ്ടിച്ചുവെന്നു തുടങ്ങുന്ന ആട്ടമായിരുന്നു ആദ്യം. (ഈ ആട്ടത്തെക്കുറിച്ച് വിശദമായി ഈ പോസ്റ്റില്‍ കാണാം.) സ്വയംവരത്തിനായുള്ള ഭീമരാജാവിന്റെ അറിയിപ്പ് ലഭിച്ച്, നൈഷധത്തില്‍ നിന്നും പുറപ്പെട്ട്, പടയോടു കൂടി യാത്ര ചെയ്യുന്ന വേളയില്‍ ദേവന്മാര് മുന്നിലെത്തിയതും, അവരുടെ ദൂതനായി ദമയന്തിയെക്കണ്ടതും, ദമയന്തിയുടെ മറുപടി ദേവന്മാരെ അറിയിക്കുന്നതും, സ്വയംവരത്തില്‍ നളരൂപത്തില് ദേവകളെത്തിയതും നളന് സ്മരിക്കുന്നു. തുടര്‍ന്ന് തന്നെ എങ്ങിനെ തിരിച്ചറിഞ്ഞു എന്നു നളന് ദമയന്തിയോടു ചോദിക്കുന്നു. താന്‍ കുട്ടിക്കാലം മുതല്ക്കേ മനസില്‍ സങ്കല്‍പ്പിക്കുന്ന നളനെ തനിക്ക് കാട്ടിത്തരുവാന്‍ ദേവന്മാരോട് പ്രാര്‍ത്ഥിച്ചതു പ്രകാരം അവര്‍ സ്വചിഹ്നങ്ങള്‍ തനിക്ക് ദൃശ്യമാക്കി എന്ന് ദമയന്തി മറുപടി നല്കുന്നു. ഇരുവരും തുടര്‍ന്ന് ഉദ്യാനത്തിലേക്ക് നീങ്ങുന്നു. ഉദ്യാനത്തില്‍ ഹംസങ്ങള്‍ ദമയന്തിയുടെ നടത്തത്തില്‍ അസൂയപൂണ്ട് മാറി മറയുന്നു, ഈ സമയത്ത് “നളിനമിഴിമാര്‍ക്കെല്ലാം നടപഠിപ്പാന്‍...” എന്ന് ഹംസം പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ എന്നൊരു ചോദ്യവും നളന് ദമയന്തിയോട് ചോദിക്കുകയുണ്ടായി. താമരയിലയാല്‍ മറഞ്ഞിരിക്കുന്ന ഇണയെ കാണാഞ്ഞ് കരയുന്ന ചക്രവാകം, പേടമാന് തന്റെ കുട്ടികള്‍ക്ക് പാലൂട്ടുന്നത് തുടങ്ങി സാധാരണ ഉണ്ടാവാറുള്ള ആട്ടങ്ങളും അവതരിക്കപ്പെട്ടു.
സ്വയംവരം കഴിഞ്ഞ് മടങ്ങുന്ന ഇന്ദ്രാദികളെ, സ്വയംവരത്തിനായി പുറപ്പെട്ട കലിദ്വാപരന്മാര് വഴിയില്‍ സന്ധിക്കുന്നു. കലി, ഭൈമീസ്വയംവരത്തിനായി തിരിച്ചിരിക്കുകയാണെന്ന് മനസിലാക്കുന്ന ഇന്ദ്രന്, അവളുടെ വിവാഹം കഴിഞ്ഞുവെന്നും, നളനെന്നു പേരായ ഒരു രാജാവിനെ അവള് വരിച്ചുവെന്നും അറിയിക്കുന്നു. ദേവന്മാര് പോലും പങ്കെടുത്ത സ്വയംവരത്തില്‍, ദമയന്തി ഒരു മനുഷ്യപ്പുഴുവിനെയാണ് പതിയായി തിരഞ്ഞെടുത്തത് എന്ന വാര്‍ത്ത കലിയെ കുപിതനാക്കുന്നു. അവളെയും, രാജ്യത്തെയും അവനില്‍ നിന്നും പിരിക്കുമെന്ന് കലി ശപഥമെടുക്കുന്നു. കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്, തിരുവല്ല ബാബു എന്നിവരാണ് യഥാക്രമം കലിയായും, ദ്വാപരനായും അരങ്ങിലെത്തിയത്. “കനക്കെക്കൊതികലര്‍ന്നു മിഴിച്ചുപാവകളെ...” എന്ന ഭാഗമെടുത്ത് വട്ടംതട്ടി; കിട്ടാത്ത മുന്തിരി കുറുക്കന് പുളിക്കും എന്ന ആട്ടമാണ് രാമചന്ദ്രന് ഉണ്ണിത്താന് ആദ്യമാടിയത്. തുടര്‍ന്ന്; യജ്ഞഭാഗത്തിന് അര്‍ഹതയുള്ള ദേവന്മാര്, ഭൂമിയില്‍ വന്ന് സദ്യയുണ്ട് അതിന്റെ കേമത്തം വിളമ്പുന്നു എന്നൊക്കെ പറഞ്ഞ് ഇന്ദ്രാദികളെ കണക്കിന് പരിഹസിക്കുന്നു. കൂട്ടാനൊഴിച്ച് ചോറുരുട്ടി ഉണ്ണുന്നതും, പഴം തൊലിച്ച് പാല്പായസത്തില് കുഴച്ച് കഴിക്കുന്നതും മറ്റും വിസ്തരിച്ചാടി പ്രേക്ഷകരെ നന്നായി രസിപ്പിച്ച് ഈ ഭാഗം ഉണ്ണിത്താന് അരങ്ങില്‍ അവതരിപ്പിച്ചു. തങ്ങള്‍ ആഹാരം കഴിക്കുകയല്ല ചെയ്തത്, അവരെ ഇരുവരേയും ചേര്‍ക്കുവാനായി വന്നു, അവരെ ഒരുമിപ്പിച്ച് അനുഗ്രഹങ്ങളും നല്കി മടങ്ങുന്നു എന്നു പറഞ്ഞ് ഇന്ദ്രന് തടിതപ്പുന്നു. കലിയുടെ പരിഹാസങ്ങള്‍ കാര്യമായി ശ്രദ്ധിക്കാത്ത, ആവശ്യത്തിനു മാത്രം മറുപടി നല്കുന്ന സൌമ്യനായ ഇന്ദ്രനെയാണ് തിരുവല്ല ഹരി അവതരിപ്പിച്ചത്.
“എനിക്കിന്നിതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം...” എന്ന പദഭാഗം ദ്വാപരനാണ് ആടിയത്. ഒടുവില്‍, “പിണക്കിയകറ്റുവന്‍ ഞാനവനെയും, ദ്രുവമവളെയും, രാജ്യമകലെയും...” എന്നു പാടി ദ്വാപരന് ആദ്യം പ്രതിജ്ഞയെടുത്തു, ശേഷം കലിയുമെടുത്തു! ദ്വാപരന് ഈ ഭാഗങ്ങളിലൊന്നും പദം ആടുവാനില്ല. ഇനി വേഷം കെട്ടിയത് വെറുതേയാവണ്ട, എന്തെങ്കിലുമൊന്ന് ആടണം എന്ന ഉദ്ദേശത്തിലാണെങ്കില്; “മനസിലുറപ്പോടവള്‍ പരക്കും ജനം നടുവില്‍...” എന്ന ഭാഗം മാത്രം ദ്വാപരന് നല്‍കാവുന്നതാണ്. ഇവിടെ ദമയന്തി മനസില്‍ ഒരു ചഞ്ചലത്വവുമില്ലാതെയാണോ നളനെ വരിച്ചത് എന്ന് ദ്വാപരന് ഇന്ദ്രനോട് എടുത്തു ചോദിക്കാം. അതു ചെന്ന് കലിയോടു പറഞ്ഞ് കലിയുടെ കോപം കൂട്ടുകയുമാവാം. “ഒരു മനുഷ്യപ്പുഴുവിനെയോ വരിച്ചുപോല്‍?” എന്ന ഭാഗം തിരിച്ച് കലിയിലെത്തുകയും വേണം. ഇതു കൂടാതെ “മിനക്കെട്ട് അങ്ങുമിങ്ങും നടക്ക...” എന്ന ഭാഗങ്ങളില്‍ കലിയോടു ചേര്‍ന്ന് നടക്കുകയും മറ്റും ചെയ്യുവാനും സാധ്യതയുണ്ട്. ഇതൊന്നുമല്ലാതെ, കലിയുടെ കോപം ദ്വാപരനെടുത്ത് ജ്വലിപ്പിക്കുന്നതും, അവരെ പിണക്കിയകറ്റുമെന്ന് ശപഥം ചെയ്യുന്നതും മറ്റും തികച്ചും അനുചിതമാണ്.
തുടര്‍ന്ന് തന്റെ ശപഥം സാധ്യമാക്കുവാന്‍ എന്തുവഴിയെന്ന് ആരായുന്ന കലിക്ക്, പുഷ്കരനെക്കുറിച്ച് ദ്വാപരന് അറിവു നല്കുന്നു. പുഷ്കരനെ മുഷ്കരനാക്കി, നളനെ ചൂതില്‍ തോല്പിക്കാമെന്ന് ഇരുവരും നിശ്ചയിക്കുന്നു. നളനില്‍ പ്രവേശിക്കുവാനായി കലി നൈഷധത്തിലേക്ക് തിരിക്കുന്നു. നളന്റെ രാജ്യം ധര്മ്മരാജ്യമാണെന്നു സൂചിപ്പിക്കുന്ന ഒന്നുരണ്ട് ആട്ടങ്ങള്‍ ഇവിടെ രാമചന്ദ്രന് ഉണ്ണിത്താന് അവതരിപ്പിക്കുകയുണ്ടായി. സതിയനുഷ്ഠിക്കുന്ന ഒരു സ്ത്രീയെ കാണുന്നതും അതിലൊന്നാണ്. ‘കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം’ എന്ന പോസ്റ്റില്‍, സതിയെ പ്രകീര്‍ത്തിച്ചുള്ള ആട്ടം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല എന്നു സൂചിപ്പിച്ചിരുന്നു. കാലത്തിനു ചേരാത്ത ആട്ടങ്ങള്‍ കലയില്‍ നിന്നും ഒഴിവാക്കുക തന്നെയാണ് നല്ലത്.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് തുടങ്ങിയവര്‍ ചേര്‍ന്നാണ് ആദ്യരംഗം ആലപിച്ചത്. മുദ്രാപ്രകരണത്തിനനുസൃതമായി പദം പാടുന്നതില്‍ ഇരുവരും ശ്രദ്ധപുലര്‍ത്തി. ഈ ഭാഗത്ത് മേളത്തിനു കൂടിയ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം ശശി തുടങ്ങിയവരും മോശമായില്ല. കലാമണ്ഡലം ബാലചന്ദ്രന്, തിരുവല്ല സിനു തുടങ്ങിയവരാണ് കലിയുടെ പ്രവേശം മുതല്ക്കുള്ള ഭാഗങ്ങള്‍ പാടിയത്. അധികം കസര്‍ത്തുകളില്ലാതെ, മര്യാദയ്ക്ക് പാടിയാല്‍ ബാലചന്ദ്രന്റെ പാട്ട് കേട്ടിരിക്കാം. എന്നാല്‍ ഒരു കാര്യവുമില്ലാതെ നീട്ടിയും, കുറുക്കിയും, ഇടക്കു നിര്‍ത്തിയും മറ്റും ആകെ അലങ്കോലമാക്കിയുള്ള സ്ഥിരം ശൈലിയിലായിരുന്നു ഇവിടെയും അദ്ദേഹത്തിന്റെ പാട്ട്. “മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ...” എന്ന ഭാഗത്ത് കലി മുന്‍പോട്ടു നടക്കുമ്പോള്‍ മേല്‍സ്ഥായിയിലും, തിരികെ നടക്കുമ്പോള്‍ കീഴ്സ്ഥായിയിലുമായാണ് ബാലചന്ദ്രന് പാടിയത്. കൂടെപ്പാടിയ തിരുവല്ല സിനുവിന് കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. ബാലചന്ദ്രന്റെ സഞ്ചാരങ്ങള്ക്കൊപ്പിച്ച് പാടുക ആരാലും ദുഷ്കരമാണ്! കലാകേന്ദ്രം പീതാംബരന്, കലാനിലയം മനോജ് എന്നിവരായിരുന്നു ഈ ഭാഗത്തെ മേളം കൈകാര്യം ചെയ്തത്.
കലിദ്വാപരന്മാര് പുഷ്കരനെ ചെന്നു കാണുന്നതും, ചൂതില്‍ തോറ്റ് ദമയന്തിയെ നളന് വേര്പിരിയുന്നതും മറ്റുമുള്‍പ്പെടുന്ന തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റില്‍.
Description: Nalacharitham Randam Divasam (Second Day) Kathakali staged at Perunna, Chenganasseri as part of Mannam Jayanthi Celebrations 2009. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali, Thiruvalla Hari as Indran, Thiruvalla Babu as Dwaparan. Pattu by Pathiyoor Sankarankutty, Kalamandalam Balachandran, Kalanilayam Rajeevan and Thiruvalla Sinu; Maddalam by Kalamandalam Sasi, Kalanilayam Manoj; Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas. Chutti by Neerlamperur Jayan and Chingoli Purushothaman. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--
15 അഭിപ്രായങ്ങൾ:
നായര്‍ മഹാസമ്മേളനത്തോട് അനുബന്ധിച്ച് പെരുന്നയില്‍ അരങ്ങേറിയ ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനത്തിന്റെ ഒന്നാം ഭാഗം.
--
അല്ല, അവിടെ കൂടിയിരുന്ന എത്ര നായന്മാര്ക്ക് ഈ കഥകളി ഇപ്രകാരം ആസ്വദിക്കാന്‍ പറ്റുമെന്ന ചോദ്യം മാത്രം ബാക്കി! ഞങ്ങളുടെ കരയില്‍ നിന്ന് ഒറ്റയെണ്ണത്തിന് മനസ്സിലാവൂലാന്ന് ഞാന്‍ ഗ്യാരന്റി! :-)
നല്ല സദസ്സ് ആയിരുന്നോ ഹരീ?
എനിക്കീ കഥകളിയുടെ എ ബി സി ഡി അറിയില്ല. ഇതാസ്വദിക്കുന്നവര് എനിക്ക് ഒരത്ഭുതമാണ്!
ഹരീ,
ഒരു അക്ഷരപിശാച്-‘പാര്ത്ഥിച്ചതു’
ആസ്വാദനം മികവുറ്റത്...
ആശംസകള്‍..ഹരീ....
@ അരവിന്ദ് :: aravind,
:-) ഹ ഹ ഹ... ഒരൂട്ടം പറയാം. ഞാനും എന്റെ കൂട്ടുകാരനും കൂടി വണ്ടിയില്‍ പ്രധാന കവാടത്തിനു സമീപമെത്തി. വണ്ടി കയറ്റുവാന്‍ കഴിഞ്ഞില്ല, അത്രയ്ക്ക് ജനം പുറത്തേക്ക് ഇറങ്ങിവരുന്നു. ഞാന്‍ വെറുതേ ചോദിച്ചു, ഇപ്പോളാണോ സമ്മേളനം കഴിയുന്നതെന്ന്. കൂട്ടുകാരന് പറയുകയാണ്, “സ്റ്റേജില്‍ ചെണ്ട കൊണ്ടു വെച്ചു കാണും, അതുകണ്ട് പേടിച്ചോടുന്നവരാവും..” :-) സദസ് സാധാരണ പോലെ ശുഷ്കം. അവിടങ്ങളില്‍ കഥകളിയുണ്ടെങ്കില്‍ കാണുവാന്‍ ഉണ്ടാവാറുള്ള കുറച്ചുപേരൊക്കെ ഉണ്ടായിരുന്നു. പിന്നെ, ഇത് ആസ്വദിക്കുന്നതൊന്നും വലിയ ആനക്കാര്യമല്ലാട്ടോ... തുടക്കത്തില്‍ അല്പം മിനക്കെടണം, അത്രേയുള്ളൂ...
@ മണി,വാതുക്കോടം.,
നന്ദി. തിരുത്തിയിട്ടുണ്ടേ... :-)
@ ചാണക്യന്,
നന്ദി. :-)
--
ശരിയാണു ഹരീ,സമയമില്ലെങ്കിൽ ഇങ്ങനെ വാലും തുമ്പുമില്ലാത്ത മേളപ്പദം എന്തിനാണവതരിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.ചില ഗ്രഹിതക്കാരുണ്ട്,മേളപ്പദമായാൽ കേമമായി എന്നാണു ധാരണ,അതു നിർബ്ബന്ധമായും വേണമെന്നു വാശിപിടിച്ച് നടത്തും.ചിലപ്പോൾ ഇങ്ങനെ തലയില്ലാതെ.ഒരു കാര്യവുമില്ലാത്ത ഒരു ദ്രോഹം.ഒന്നുകിൽ മര്യാദക്ക് നടത്തുക.അല്ലെങ്കിൽ അതു വേണ്ടെന്നു വെക്കാമല്ലോ.
ഓഫ്:ഒരു ഗ്രൂപ്പ് ബ്ലോഗിങ്ങ് ആശയം തൌര്യത്രികത്തിൽ താടിയരങ്ങിനെപ്പറ്റിയുള്ള പോസ്റ്റിൽ ചർച്ച ചെയ്യുന്നുണ്ട്.ഹരീയുടെ സഹകരണം പ്രതീക്ഷിക്കുന്നു.അഭിപ്രായമറിയിക്കുമല്ലോ.
@ ഹരീ, വി.ശി,
മേളപ്പദത്തിന്റെ കാര്യത്തില്‍ പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. മേളപ്പദം മാത്രമല്ല, ചിലസ്ഥലങ്ങളില്‍ സമയമില്ലാത്ത് അവസ്ഥ അറിഞ്ഞുകൊണ്ടുതന്നെ മൂന്നോ അതിലധികമൊ കഥകള്‍ കുത്തിതിരുകി വെയ്ക്കുന്നതു കാണാറുണ്ട്. അല്ലെങ്കില്‍ കഥകളിലെ പതിവില്ലാത്ത രംഗങ്ങളും ഒക്കെ ചേര്‍ത്ത് വിസ്തരിച്ചു വെയ്ക്കുകയും കാണാം. എന്തിനാണിങ്ങിനെ എന്നു മനസ്സിലാകുന്നില്ല. സമയം ഉള്ളതനുസ്സരിച്ച് കഥയും പുറപ്പാട്, മേളപ്പദം എന്നിവയും തീരുമാനിക്കുകയല്ലെ നല്ലത്. എന്നാല്‍ ഉള്ളഭാഗം വിസ്തരിച്ചും വെടിപ്പായും അവതരിപ്പിക്കാന്‍ സാധിക്കുമല്ലൊ. അല്ലാതെ എല്ലാം വേണം, എല്ലാ ഭാഗവും വേണം എന്ന് ശഠിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
@ വികടശിരോമണി, മണി,വാതുക്കോടം.,
രസം അതല്ല. 10.00 മണിയായിട്ടും വിളക്കു വെച്ചിട്ടില്ല. പിറ്റേന്നത്തെ സമ്മേളനത്തിനായി വേദി തയ്യാറാക്കുവാന്‍ പുലര്‍ച്ചെ 4.30-ന് വേദി ഒഴിഞ്ഞു കൊടുക്കണം. 10.15-ന് പുറപ്പാട് തുടങ്ങി. അവതരിപ്പിക്കേണ്ടത് ഡബിള്‍ മേളപ്പദം, നളചരിതം രണ്ടാം ദിവസം (കാട്ടാളനുള്പ്പടെ), ബാലിവിജയം! കളി എങ്ങിനെ നന്നാവും? എന്നിട്ടും “മഞ്ജുതര...” പാടി “ചലമാലയ...” തുടങ്ങിയപ്പോള്‍ അടുത്തിരുന്ന ആസ്വാദകന് മുറുമുറുപ്പ്. (അദ്ദേഹത്തിന് 4.30 വരെയേ സമയമുള്ളൂ എന്നത് അറിയണമെന്നില്ല. ബാലിവിജയം ഇതിനു ശേഷമുണ്ട് എന്നതിനെക്കുറിച്ചും ചിന്തിക്കുന്നില്ലായിരിക്കും, കാരണം അതുകാണാന്‍ ഉദ്ദേശമില്ലല്ലോ!) ഞാന്‍ പറയുന്നത്, മര്യാദയ്ക്ക് ഒരു കഥ, അത്രയും നടത്തിയാല്‍ മതിയാവും. പുലരും വരെയൊന്നും വേണമെന്നുമില്ല. പിന്നെ, നടത്തിപ്പുകാരുടെ പരിചയക്കാരായ എല്ലാ കലാകാരന്മാര്ക്കും അവസരം കൊടുക്കുക എന്ന ലക്ഷ്യമാണെങ്കില്‍ ഇതൊന്നും പറഞ്ഞിട്ടുകാര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് പോലെയാണ്. സച്ചിന് എന്തായാലും വേണം. പിന്നെയുള്ള പത്തുപേര്‍ പത്തു സ്ഥലങ്ങളിലുള്ള മേലാളന്മാരെ തൃപ്തിപ്പെടുത്തലാണ്. കളി നന്നാവുക, ജയിക്കുക എന്നതിനൊന്നും പ്രാധാന്യമില്ല!
ഗ്രൂപ്പ് ബ്ലോഗിംഗിനെക്കുറിച്ച് കാണായ്കയല്ല. ഇപ്പോള്‍ തന്നെ ഈ ബ്ലോഗുകളിത്രയും കൃത്യമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടായിരിക്കുന്നു. സമയക്കുറവ്. ഞാന്‍ അവിടെ വന്നിട്ട് ഇപ്പോള്‍ എല്ലാം ചെയ്യാന്നു പറഞ്ഞിട്ട്, പിന്നീട് ഒന്നും ചെയ്യാതിരിക്കുന്നത് നന്നല്ലല്ലോ എന്നോര്‍ത്ത് മിണ്ടാതിരുന്നു എന്നു മാത്രം. അങ്ങിനെ ചെയ്യാമെന്നു പറഞ്ഞിട്ട്, അനങ്ങാണ്ടിരിക്കുന്ന ഒന്നു രണ്ടു സംഭവങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്! :-(
ഓഫ്: കഥകളി ആസ്വാദനം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തില്‍ ഒന്നു രണ്ടു മറ്റു പ്രോജക്ടുകള്‍ മനസിലുണ്ട്. ഒരു രൂപമായിട്ട് അറിയിക്കാം കേട്ടോ... :-)
--
“...കാമ്യം നിനയ്ക്കുന്നാകില്‍, സാമ്യമല്ലിതു രണ്ടും.”
few critics believe that it should be 'samyam ninakkunnakil kaamyamallithu randum'. I have heard some musicians (Embranthiri?) singing this way. To me the second version is more appealing.Any comment?
I guess Unnithaan is acting too much to mock Indra. At Evoor he showed gowthamasapam on Indra and so on and so forth. Is these all required? Can the padams
'kanakke kothi kalarnnu mizhicchu paavakale kanakke ningalum
------------------
minakkettangumingum nadakka mathramiha ninakkil -----'
be stretched to the extent of greviously insulting Indradeva with his past stories and all? After all Indra is a Deva. Isn't it? And he hasn't done any big wrong to Kali for Kali to be so furious to insult him like this. Kali's attom needs to be a bit more refined.
Mohandas
(1)കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും - കാമ്യം ആഗ്രഹിക്കത്തക്കത്; ഇവയോട് രണ്ടിനോടുമുള്ള തന്റെ ആഗ്രഹം സാമ്യം ചെയ്യാവുന്നതല്ല. നളനുള്ള ഉദ്യാനമാണ് തനിക്ക് കൂടുതല്‍ കാമ്യം എന്നുദ്ദേശം. (2) സാമ്യം നിനയ്ക്കുന്നാകില്‍ കാമ്യമല്ലിതു രണ്ടും - ഇതെങ്ങിനെ അര്‍ത്ഥം പറയും? ഇവ തമ്മിലുള്ള സാമ്യം ചിന്തിച്ചാല്‍, രണ്ടും ആഗ്രഹിക്കത്തക്കതല്ല, എന്നോ? (1) തന്നെയാണ് നല്ലത്, (2) ഇവിടെ പറഞ്ഞിരിക്കുന്ന അര്‍ത്ഥത്തില്‍ സന്ദര്‍ഭത്തിനു യോജിക്കില്ല, മറ്റു രീതിയില്‍ അര്‍ത്ഥം നല്‍കാമോ എന്നറിയില്ല.
ശരി തന്നെ. കലി കാടുകയറേണ്ട കാര്യമില്ല. എന്നാല്‍ ഏവൂരിലെ പോലെ ഇവിടെ ഇന്ദ്രനെ ഭര്‍ത്സിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. പൂര്‍വ്വകഥകള്‍ പറയുന്നതിലല്ല കുഴപ്പം; ഇന്ദ്രനപ്പോള് വെറുതേയിരിക്കുവാന്‍ കഴിയില്ലല്ലോ, പുള്ളി കോപിഷ്ഠനായല് പിന്നെ ആട്ടം ഇവിടെയെങ്ങും നില്ക്കുകയില്ല. ലോകധര്‍മ്മിയായുള്ള മറ്റാട്ടങ്ങളില്(ഊണുകഴിക്കുന്നതും മറ്റും) കുഴപ്പമില്ല. ഇന്ദ്രന് അവയെ അവഗണിക്കാവുന്നതേയുള്ളൂ; വിവേകമില്ലാത്തവര്‍ അങ്ങിനെ പലതും പറയുമെന്നോ മറ്റോ കാണിച്ച്...
--
'gramyam nandanavanamaramyam chaitrarathavum' ennanallo padam ?
Nandanavanam and chaitraratham are too primitive gardens when compared to the beautiful nalodyanam and hence it's uncomparable.
For this meaning 'samyam ninakkunnakil kamyamallithu randum' enna prayogamalle more meaningful?
Mohandas
“സാമ്യമകന്നോരുദ്യാനമെത്രയും
അഭിരാമ്യമിതിനുണ്ടതു ന്യൂനം!
ഗ്രാമ്യം നന്ദനവനമരണ്യം ചൈത്രരഥവും;”
ഉപമിക്കുവാന്‍ മറ്റൊന്നില്ലാത്ത ഉദ്യാനം, എത്രയും മനോഹരമാണ്. നന്ദനവനവും, ചൈത്രരഥവും ഇതിനു മുന്പില് നിസ്സാരമാണ്; ഇത്രയും അര്‍ത്ഥം ഈ മൂന്നു വരികളില്‍ വന്നു കഴിഞ്ഞു.
ഇനി “സാമ്യം നിനയ്ക്കുന്നാകില്‍ കാമ്യമല്ലിതുരണ്ടും” - നളോദ്യാനവുമായി ഇവയ്ക്കുള്ള സാമ്യം കണക്കിലെടുത്താല്‍, രണ്ടും കാമന ഉണര്‍ത്തുവാന്‍ പര്യാപ്തമല്ല എന്നുവരും. തികച്ചു ഭൌതികമായി, നളന്റെ ഉദ്യാനം മറ്റു രണ്ടിനേക്കാള്‍ നല്ലത് എന്നു ദമയന്തി പറയുന്നു, അത്രതന്നെ!
എന്നാല്‍ “കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യമല്ലിതുരണ്ടും.” എന്നായാലോ, ദമയന്തിയുടെ കാമന (യിലുള്ള ഉദ്യാനത്തെ) നിനച്ചാല്‍, അതിനോട് ഇതു രണ്ടിനും സാമ്യമില്ലെന്നു കാണാം; നളനുള്ള ഏതൊരുദ്യാനമാണോ അതാണ് ദമയന്തിയുടെ മനസില്‍, ആ ഉദ്യാനത്തോടാണ് ദമയന്തിക്ക് കാമന. ഈ രീതിയില്‍ മനോഹരമായ അര്ത്ഥകല്പനയുള്ളപ്പോള് എന്തിനാണ് “സാമ്യം നിനയ്ക്കുന്നാകില്‍ കാമ്യമല്ലിതുരണ്ടും!” എന്ന സാധാരണ പുകഴ്ത്തല്‍ സ്വീകരിക്കുന്നത്?
--
Haree,
mahapandithanmaraal charvithacharvanam cheyyappetta naalu varikalaanithu. Ithinekkuricchu samsaricchaal nammal engum ethukayumilla.
Enkilum
“സാമ്യമകന്നോരുദ്യാനമെത്രയും
അഭിരാമ്യമിതിനുണ്ടതു ന്യൂനം!
ഗ്രാമ്യം നന്ദനവനമരണ്യം ചൈത്രരഥവും;”
ഉപമിക്കുവാന്‍ മറ്റൊന്നില്ലാത്ത ഉദ്യാനം, എത്രയും മനോഹരമാണ്. നന്ദനവനവും, ചൈത്രരഥവും ഇതിനു മുന്പില് നിസ്സാരമാണ്; ഇത്രയും അര്‍ത്ഥം ഈ മൂന്നു വരികളില്‍ വന്നു കഴിഞ്ഞു.
ennu parayunnathu seriyalla. In these three lines poet only described the the three gardens and no comparison is attempted. ഇതിനു മുന്പില് നിസ്സാരമാണ് ennu ee moonnu varikalil paranjittilla. When the fourth line is added, yes, that meaning comes out.
'നന്ദനവനമരണ്യം' alla 'nandanavanamaramyam'(aramyam = bhangiyillathathu)
Mohnadas
@ mohan,
‘ഗ്രാമ്യം’ എന്നതിന് പിന്നെന്തര്‍ത്ഥം നല്‍കും? സാമ്യമകന്നൊരുദ്യാനം, എത്രയും അഭിരാമ്യമായത്, നന്ദനവനവും ചൈത്രരഥവും നിസ്സാരങ്ങള്‍. ചേര്‍ത്തു വായിക്കുമ്പോള്‍ അത്രയും അര്‍ത്ഥം വരുന്നുണ്ട്. ഇനി മൂന്ന് ഉദ്യാനത്തെക്കുറിച്ചും സൂചിപ്പിക്കുന്നതു മാത്രമേയുള്ളൂ എന്നു വന്നാല്‍ പോലും, നാലാമത്തേതിന്റെ അര്‍ത്ഥം എന്റെ മുന്കമന്റിലേതു പോലെയാവുന്നതാണ് ഉചിതം. അല്ലാതെ ഈ ഉദ്യാനം നന്ദനവനത്തേക്കാളും, ചൈത്രരഥത്തെക്കാളും കേമമാണ് എന്ന കേവല കല്പനയല്ല അവിടെ ചേരുന്നത്.
--
:-)sheri. njaan bhaasha pandithanalla. Pandithanmar ezhuthiyittullathu vayicchu manassilakki ezhuthunna oraal mathram!
Mohandas
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--