2009, ജനുവരി 14, ബുധനാഴ്‌ച

പെരുന്നയിലെ നളചരിതം രണ്ടാം ദിവസം - ഭാഗം രണ്ട്

Nalacharitham Randam Divasam Kathakali @ Perunna: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Kalamandalam Ramachandran Unnithan as Kali & Kattalan.
ജനുവരി 1, 2009: മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്ന, ചങ്ങനാശ്ശേരിയില്‍ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം ഇവിടെ കാണാം. നളനില്‍ പ്രവേശിച്ചതിനു ശേഷം കലി, ദ്വാപരനുമൊന്നിച്ച് പുഷ്കരനെ ചെന്നു കാണുന്നു. കലിയുടെ വാക്കു വിശ്വസിച്ച് നളനെ ചൂതിനു വിളിക്കുവാന്‍ പുഷ്കരന്‍ ആദ്യം വിസമ്മതിക്കുന്നു. താന്‍ എപ്രകാരമാണോ നളന്റെ ആശ്രിതനായി ഇവിടെ കഴിയുന്നത് അപ്രകാരം തന്റെ മക്കള്‍ നളന്റെ മക്കളുടെ ആശ്രിതരായി കഴിയേണ്ടിവരും എന്ന കലിയുടെ വാക്കുകള്‍ പുഷ്കരനെ ചിന്താകുഴപ്പത്തിലാക്കുന്നു. ഇരുവരും തന്നെ ചതിക്കുകയില്ലെന്ന് സത്യം ചെയ്തു വാങ്ങിയതിനു ശേഷം കലിയുടെ നിര്‍ദ്ദേശപ്രകാരം നളനെ ചൂതുവിളിക്കുക തന്നെ എന്ന് പുഷ്കരന്‍ നിശ്ചയിക്കുന്നു.

Nalacharitham Randam Divasam: Sadanam Krishnankutty as Pushkaran, Kalamandalam Ramachandran Unnithan as Kali and Thiruvalla Babu as Dwaparan.
സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു പുഷ്കരനായി അരങ്ങിലെത്തിയത്. സമയക്കുറവു കാരണമാവാം “അരികില്‍ വന്നുനിന്നതാരെ...” എന്ന ആദ്യപദമൊക്കെ അത്രയ്ക്ക് വിസ്തരിക്കുകയുണ്ടായില്ല. സദനം കൃഷ്ണന്‍‌കുട്ടിയുടെ എടുപ്പുകളും, മുഖഭാവങ്ങളും മറ്റും പുഷ്കരന് നന്നേ യോജിക്കും. പുഷ്കരന്റെ ആശ്രിതത്വത്തെ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലി അവതരിപ്പിച്ചത്, ‘എപ്രകാരം നീ ആഹാരം, എണ്ണ, വസ്ത്രം എന്നിവയ്ക്കായി നളന്റെ മുന്നില്‍ കൈ നീട്ടുന്നുവോ, നാളെ അതുപോലെ നിന്റെ മക്കളും അവന്റെ മക്കളുടെ മുന്നില്‍ ഇവയ്ക്കായി യാചിച്ചു നില്‍ക്കേണ്ടി വരും!’ എന്ന രീതിയിലായിരുന്നു. പുഷ്കരനെ പറഞ്ഞിളക്കുന്നത് വളരെ വിശ്വസിനീയമായി രംഗത്ത് അവതരിപ്പിക്കുവാന്‍ കൃഷ്ണന്‍‌കുട്ടിക്കും, രാമചന്ദ്രന്‍ ഉണ്ണിത്താനും സാധിച്ചു. പ്രേക്ഷകരെ അഭിമുഖീകരിക്കുന്നതിനു പകരം, മിക്കസമയവും കലിയേയും, പുഷ്കരനേയും തിരിഞ്ഞു നോക്കിയായിരുന്നു തിരുവല്ല ബാബുവിന്റെ ദ്വാപരന്‍ നിന്നിരുന്നത്. കലാമണ്ഡലം ബാലചന്ദ്രന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഈ ഭാഗത്തെ ആലാപനം.

Nalacharitham Randam Divasam: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Sadanam Krishnankutty as Pushkaran.
കലിദ്വാപരന്മാരെ അയച്ചതിനു ശേഷം പുഷ്കരന്‍ നളനെത്തേടി കൊട്ടാരത്തിലെത്തുന്നു. രാജാവ് പത്നിയോടൊപ്പം ഉദ്യാനത്തിലാണെന്ന് സേവകനില്‍ നിന്നും അറിഞ്ഞ് ഉദ്യാനത്തിലേക്ക് തിരിക്കുന്നു. ദൂരെ ഇരുവരേയും കണ്ട്, അല്പം കൂടി അടുത്തെത്തി നളനെ ചൂതിനു വിളിക്കുന്നു. “വീരസേനസൂനോ!” എന്നു തുടങ്ങുന്ന പദമാണിവിടെ. ആദ്യം ധൈര്യത്തോടെ ചൂതിനു വിളിക്കുന്നെങ്കിലും, നളന്‍ മുന്നിലെത്തുമ്പോള്‍ പുഷ്കരന്‍ അല്പം പരുങ്ങുന്നു. വീണ്ടും ധൈര്യം വീണ്ടെടുത്ത് ചൂതു കളിക്കുക തന്നെ എന്നുറയ്ക്കുന്നു. ഇവന്‍ നിസ്സാരനാണെന്നും, ഇവനെ തോല്പിക്കുക തനിക്ക് ഒട്ടും പ്രയാസമുള്ള കാര്യമല്ലെന്നും ദമയന്തിയെ ആശ്വസിപ്പിച്ച് പുഷ്കരനോടൊത്ത് നളന്‍ ചൂതിനൊരുങ്ങുന്നു. എന്നാല്‍ കലിബാധിതനായ നളന്റെ നീക്കങ്ങള്‍ പിഴയ്ക്കുന്നു. രാജ്യവും, സര്‍വ്വസമ്പത്തുകളും കൈക്കലാക്കി പുഷ്കരന്‍ നളനെ കാട്ടിലേക്കയയ്ക്കുന്നു. ഭീമരാജാവിന്റെ സമീപത്തേക്ക് പോകുവാന്‍ ദമയന്തിയോട് നളന്‍ പറയുന്നെങ്കിലും, അതു കൂട്ടാക്കാതെ ദമയന്തി നളനെ അനുഗമിക്കുന്നു.

Nalacharitham Randam Divasam: Margi Vijayakumar as Damayanthi, Kalamandalam Gopi as Nalan and Sadanam Krishnankutty as Pushkaran.
ഈ ഭാഗങ്ങള്‍ കഴിവതും വേഗത്തില്‍ തീര്‍ക്കുകയാണ് പതിവ്. അധികം വിശദീകരിച്ച് ആടേണ്ട കാര്യവുമില്ല. പുഷ്കരന്‍ “ഇനി പൊരുന്നതാകില്‍, വനവാസം ചെയ്ക തോറ്റാല്‍...” എന്നു പറയുമ്പോള്‍, കുട്ടികളെ ഭീമരാജാവിന്റെ അടുത്താക്കുവാന്‍ ദമയന്തി ഒരു ഭൃത്യനെ (ജീവലന്‍, കുട്ടികളെ ഭീമരാജാവിന്റെ സമീപമാക്കി അയാള്‍ ഋതുപര്‍ണ രാജധാനിയില്‍ ചെന്നു ചേരുന്നു.) നിയോഗിക്കുന്നതായും ആടുക പതിവുണ്ട്. പുഷ്കരന്റെ ചൂതുവിളി കേള്‍ക്കുന്നതു മുതല്‍ക്ക്, ദമയന്തിയുടെ ഓരോ ഭാവവും നളന്റെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാവണം. മാര്‍ഗി വിജയകുമാര്‍ ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി തന്നെ രംഗത്തവതരിപ്പിച്ചു. ചൂതു കളിക്കുവാനായുള്ള പലകയും, കരുക്കളും എടുത്തു നല്‍കുവാന്‍ അണിയറക്കാരോ, സേവകന്റെ വേഷത്തില്‍ ഒരാളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ആ സമയം ശിങ്കിടി പാടിയിരുന്ന രാജീവനാണ് അതു കലാമണ്ഡലം ഗോപിയുടെ സമീപമുള്ള സ്റ്റൂളിലേക്ക് കൊണ്ടു വെച്ചത്. വെച്ചു മടങ്ങുവാന്‍ തുടങ്ങിയ രാജീവനെ, ഗോപിയാശാന്‍ വിളിച്ച് അവ രണ്ടും നടുവിലേക്ക് വെയ്പ്പിച്ചു. ആശാന്‍ തന്നെയാണ് വിളിച്ചതെന്നോര്‍ത്ത് എന്തെന്നു ചോദിച്ച രാജീവന്, തന്നെ ഒരു ഭൃത്യനാക്കി അഭിനയിപ്പിക്കുകയായിരുന്നു എന്നു മനസിലായത്, ‘ഇനി പൊയ്ക്കോളൂ...’ എന്ന് ആശാന്‍ തുടര്‍ന്നാടിയപ്പോഴാണ്. ഇത് രംഗത്തു പ്രവര്‍ത്തിച്ച കലാകാരന്മാരുള്‍പ്പടെ (വേഷക്കാരൊഴിച്ച്) എല്ലാവരിലും ചിരി പടര്‍ത്തി.

Nalacharitham Randam Divasam: Kalamandalam Gopi as Nalan and Margi Vijayakumar as Damayanthi.
ദമയന്തിയോടൊത്ത് നളന്‍ കാട്ടിലെത്തുന്നു. പക്ഷികളെ പിടിക്കുവാന്‍ ശ്രമിക്കവെ നളന് തന്റെ വസ്ത്രവും നഷ്ടമാവുന്നു. എന്തൊക്കെപ്പറഞ്ഞിട്ടും തന്നെ വിട്ടു പോകുവാന്‍ ഇവള്‍ തയ്യാറാവുന്നില്ലെന്നു കണ്ട്, ഉറങ്ങുന്ന അവസരത്തില്‍ നളന്‍ ദമയന്തിയെ കാട്ടിലുപേക്ഷിച്ച് ഓടി മറയുന്നു. പോവുന്നതിനു മുന്‍പ് നാണം മറയ്ക്കുവാനായി ദമയന്തിയുടെ വസ്ത്രത്തില്‍ നിന്നും ഒരു പാതി മുറിച്ചെടുക്കുകയും ചെയ്യുന്നു. ഉറക്കമുണരുന്ന ദമയന്തി നളനെക്കാണാതെ പരിഭ്രമിച്ച് കാട്ടില്‍ അലഞ്ഞു നടക്കുന്നു. മുടി മുന്നിലേക്കിട്ട് ഭ്രാന്തമായ ഒരു അവസ്ഥയില്‍ നളനെ അവതരിപ്പിച്ച്; അതിനു ശേഷം വിട്ടു പോകുവാ‍നും വയ്യ, പോവാതെയും വയ്യ എന്നരീതിയില്‍ പലവട്ടം മുന്നിലേക്കും പിന്നിലേക്കും നീങ്ങി; ഒടുവില്‍ ദമയന്തിയെ വിട്ട് ഓടി മറയുന്നതായാണ് കലാമണ്ഡലം ഗോപി വേര്‍പാട് രംഗം അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ അത്രയൊന്നും തീവ്രത രംഗത്തിനു നല്‍കുവാന്‍ അദ്ദേഹം ശ്രമിച്ചു കണ്ടില്ല.

Nalacharitham Randam Divasam: Kalamandalam Ramachandran Unnithan as Kattalan.
കാട്ടിലുറങ്ങുകയായിരുന്ന ഒരു കാട്ടാളന്‍ പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടുണരുന്നു. ശബ്ദം തിരക്കിച്ചെല്ലുന്ന അവന്‍ കാണുന്നത്, സുന്ദരിയായ ഒരു സ്ത്രീയെയാണ്. അവളുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടുത്തമിട്ടിരിക്കുന്നു. പെരുമ്പാമ്പിനെ കൊന്ന് കാട്ടാളന്‍ ദമയന്തിയെ രക്ഷിക്കുന്നു. തുടര്‍ന്ന്, ഒരാളുടെ പ്രാണന്‍ രക്ഷിക്കുന്നതിന് പകരമായി എന്തുതന്നെ ചെയ്താലും മതിയാവുകയില്ല, അതിനാല്‍ വേണ്ടുന്ന ദിക്കിലേക്ക് തന്നെവിട്ട് പൊയ്ക്കൊള്ളുക എന്ന് ദമയന്തി പറയുന്നു. ‘അങ്ങിനെ ഞാനെങ്ങിനെയാണ് പോവുക?’ എന്നാണ് കാട്ടാളന്റെ ചോദ്യം. തനിക്ക് ചോര്‍ച്ചയില്ലാത്ത ഒരു വീടുണ്ട്, വനസുഖമറിഞ്ഞ് നമുക്കിവിടെ വാഴാം എന്നാണ് കാട്ടാളന്‍ പറയുന്നത്. തന്റെ പാതിവ്രത്യം ഭംഗം ചെയ്യുവാന്‍ തുനിയുന്നവന്‍ ഭസ്മമായിമാറും എന്ന് ദമയന്തിക്ക് ലഭിച്ചിട്ടുള്ള വരത്തിന്റെ ശക്തിയാല്‍ കാട്ടാളന്‍ ഭസ്മമായിപ്പോവുന്നു.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ തന്നെയാണ് കാട്ടാളനായും എത്തിയത്. ആവശ്യത്തിന് സമയമെടുത്ത് ഉടുത്തൊരുങ്ങാത്തതിനാല്‍, വേഷഭംഗി നന്നേ കുറവായിരുന്നു. ഉടുത്തുകെട്ടിയതിന് ഒട്ടും വെടിപ്പുണ്ടായിരുന്നില്ല. ആഭരണങ്ങളില്‍ ചിലത് ഇടയ്ക്ക് അഴിഞ്ഞു പോവുകയും ചെയ്തു. കഥകളിക്ക് വേഷഭംഗി കൂടിയേ തീരൂ. വേഷം ഭംഗിയായി തീര്‍ന്നാല്‍ തന്നെ നടന്റെ പകുതി ജോലി കഴിഞ്ഞുവെന്നു പറയാം. അങ്ങിനെയല്ലാതെ അരങ്ങിലെത്തി, എന്തൊക്കെ വൃത്തിയായി ആടിയാലും അത് പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായി അനുഭവപ്പെടുകയുമില്ല. ആരവം കേട്ടുണരുന്ന കാട്ടാളന്‍, ആദ്യം തന്നെ സുന്ദരമായ ശബ്ദമെവിടെ നിന്നു വരുന്നുവെന്നാണ് ആടിയത്. പരിചിതമല്ലാത്ത ഒരു ശബ്ദം മാത്രമേ തുടക്കത്തില്‍ കാട്ടാളന്‍ കേള്‍ക്കേണ്ടതുള്ളൂ. ആയുധങ്ങളൊക്കെയെടുത്ത്, ഏകദേശം മരത്തിനിടയില്‍ കാണാവുന്നത്രയും അടുത്തെത്തുമ്പോഴാണ് സ്വരത്തിനുടെ മാധുര്യം കൊണ്ട് ഇത് ഒരുത്തിയാണ് എന്ന് കാട്ടാളന്‍ മനസിലാക്കുന്നത്. പാമ്പിനെ കൊല്ലുന്നതിലാണ് ഈ കാലത്ത് കാട്ടാളന്മാര്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇവിടെ പാമ്പിനെ എതോ ചെടിയുടെ ഇല പിഴിഞ്ഞ് നീരുവീഴ്ത്തി മയക്കിയതിനു ശേഷം, കല്ലെടുത്ത് മുകളിലിട്ട് കൊല്ലുന്നതായാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചത്. ചില തനി നാടന്‍ശൈലിയിലുള്ള നൃത്തവിശേഷങ്ങളും ഉണ്ണിത്താന്റെ കാട്ടാളനില്‍ കാണാം. വേഷഭംഗിയിലെ കുറവ് ഒന്നുകൊണ്ടു മാത്രം നിറം മങ്ങിപ്പോയ കാട്ടാളനായിരുന്നു പെരുന്നയിലേത്.

Nalacharitham Randam Divasam: Kalamandalam Ramachandran Unnithan as Kattalan and Margi Vijayakumar as Damayanthi.
പാമ്പിനെ കൊന്നതിനു ശേഷം, ദമയന്തിയുടെ മുറിവിലേക്ക് മരുന്ന് പിഴിഞ്ഞൊഴിക്കുവാനും കാട്ടാളന്‍ യത്നിക്കുന്നുണ്ട്. ‘ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും’ എന്ന പോസ്റ്റില്‍, സദനം കൃഷ്ണന്‍കുട്ടിയുടെ കാട്ടാളന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി ശ്രദ്ധിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാലിവിടെ കാട്ടാളന് മരുന്നൊഴിക്കുവാന്‍ തക്കവണ്ണം കാലു നീട്ടിക്കൊടുക്കുകയാണ് വിജയകുമാര്‍ ചെയ്തത്. പ്രാണരക്ഷയ്ക്കപ്പുറത്തേക്ക് ഒരു സഹായവും ദമയന്തിക്ക് കാട്ടാളനില്‍ നിന്നും സ്വീകരിക്കുവാന്‍ ഉദ്ദേശമില്ല. ആ രീതിയിലൊരു പ്രവര്‍ത്തി മാര്‍ഗി വിജയകുമാറിന്റെ ഭാഗത്തു നിന്നുണ്ടായത് ഖേദകരമായി.

പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരാണ് ഈ ഭാഗങ്ങള്‍ ആലപിച്ചത്. പുഷ്കരനും, കലിയും തമ്മിലുള്ള ഭാഗം വരെ കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശശി തുടങ്ങിയവര്‍ മേളമൊരുക്കി. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാനിലയം മനോജ് തുടങ്ങിയവരാണ് യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും പ്രവര്‍ത്തിച്ചത്. മേളവിഭാഗം താരതമ്യേന മികച്ചു നിന്നു. കഥകളിക്ക് ആ കലാരൂപം അര്‍ഹിക്കുന്ന പരിഗണനയോ, ഗൌരവമോ നല്‍കുവാന്‍ സംഘാടകര്‍ ഇവിടെ ശ്രമിച്ചു കണ്ടില്ല. അരങ്ങില്‍ ഒരു ചെറിയ വിളക്ക് ഉപയോഗിച്ചു എന്നതുമാത്രം ഒരു നല്ല കാര്യമായി പറയാം. കഥകളിക്ക് പിന്‍‌കര്‍ട്ടനായി മഞ്ഞപട്ടായിരുന്നു ഉപയോഗിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ലബ്ബിന്റെ കോപ്പുകളുടെ ശോചനീയാവസ്ഥ ഇതിനു മുന്‍പും ചില പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. അതിനോടു കൂടി ഈ നിറത്തിലുള്ള പിന്‍‌തിരശീല കൂടിയായപ്പോള്‍, ഒരു വേഷവും അരങ്ങില്‍ ശോഭിച്ചില്ല. ഒരു കഥ തന്നെ വൃത്തിയായി അവതരിപ്പിക്കുവാന്‍ സമയമില്ലാതെയിരിക്കുമ്പോള്‍; പുറപ്പാട്, ഡബിള്‍ മേളപ്പദം എന്നിവയും; രണ്ടാമതായി മറ്റൊരു കഥയും ഉള്‍പ്പെടുത്തിയത് എന്തിനു വേണ്ടിയാണെന്ന് മനസിലാവുന്നില്ല. ചുരുക്കത്തില്‍, ഒരു ആസ്വാദകനും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ആഗ്രഹിക്കാത്ത ഒരു അരങ്ങായിരുന്നു പെരുന്നയിലേത്.

Description: Nalacharitham Randam Divasam (Second Day) Kathakali staged at Perunna, Changanasseri as part of Mannam Jayanthi Celebrations 2009. Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali and Kattalan, Thiruvalla Babu as Dwaparan. Pattu by Pathiyoor Sankarankutty, Kalamandalam Balachandran and Kalanilayam Rajeevan; Maddalam by Kalamandalam Sasi, Kalanilayam Manoj; Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas. Chutti by Neerlamperur Jayan and Chingoli Purushothaman. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

12 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയുടെ ആസ്വാദനം, രണ്ടാം ഭാഗം.
--

ചാണക്യന്‍ പറഞ്ഞു...

ഹരീ,
വായിച്ചു....ആശംസകള്‍......

വര്‍ക്കേഴ്സ് ഫോറം പറഞ്ഞു...

തുടരുക
ആശംസകൾ

Dr. Evoor Mohandas പറഞ്ഞു...

പാമ്പിനെ കൊന്നതിനു ശേഷം, ദമയന്തിയുടെ മുറിവിലേക്ക് മരുന്ന് പിഴിഞ്ഞൊഴിക്കുവാനും കാട്ടാളന്‍ യത്നിക്കുന്നുണ്ട്. ‘ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും’ എന്ന പോസ്റ്റില്‍, സദനം കൃഷ്ണന്‍കുട്ടിയുടെ കാട്ടാളന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി ശ്രദ്ധിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാലിവിടെ കാട്ടാളന് മരുന്നൊഴിക്കുവാന്‍ തക്കവണ്ണം കാലു നീട്ടിക്കൊടുക്കുകയാണ് വിജയകുമാര്‍ ചെയ്തത്. പ്രാണരക്ഷയ്ക്കപ്പുറത്തേക്ക് ഒരു സഹായവും ദമയന്തിക്ക് കാട്ടാളനില്‍ നിന്നും സ്വീകരിക്കുവാന്‍ ഉദ്ദേശമില്ല. ആ രീതിയിലൊരു പ്രവര്‍ത്തി മാര്‍ഗി വിജയകുമാറിന്റെ ഭാഗത്തു നിന്നുണ്ടായത് ഖേദകരമായി.

I feel there is nothing wrong in Damayanthi showing her leg, bit hesitantly, to Kattalan to apply the medicine (Kattalan should not attempt to touch her body or make any other advances). Removal of the snake as well as application of the medicine are all part of 'pranaraksha'. Simply removing the snake does not guarantee 'pranaraksha' and medicine is a must to neutralise the poison.

The difference in the attom between Margi and Sadanam and Vijayan and Unnithan only reflects their personal equations on stage and one need not read anything beyond.

Mohandas

Haree പറഞ്ഞു...

@ ചാണക്യന്‍, വര്‍ക്കേഴ്സ് ഫോറം,
നന്ദി. :-)

@ mohan,
:-) പെരുമ്പാമ്പാണ് ദമയന്തിയുടെ കാലില്‍ പിടുത്തമിടുന്നത്, വിഷമുള്ള ഏതെങ്കിലും പാമ്പല്ല. അതിനാല്‍ തന്നെ വിഷചികിത്സ എന്ന ന്യായം പറയുകവയ്യ. ഇനിയിപ്പോള്‍ പാമ്പിനെ കൊല്ലുന്നതും, മുറിവില്‍ മരുന്നൊഴിക്കുന്നതും പോലും കാട്ടില്‍ പൂര്‍ണ്ണമായ പ്രാണരക്ഷയാവുന്നില്ലല്ലോ! മരുന്നൊഴിക്കുവാന്‍ കാട്ടാളന് ശ്രമിക്കാം, ദമയന്തി അത് ഒഴിവാക്കുക തന്നെയാണ് ഭംഗി. “...and one need not read anything beyond.” - തീര്‍ച്ചയായും. ഇവിടെ മാര്‍ഗി വിജയകുമാര്‍ രണ്ട് കാട്ടാളന്മാരോടുമുള്ള ആട്ടത്തില്‍ സ്വീകരിച്ച വ്യത്യാസം പറഞ്ഞുവെന്നുമാത്രം. അതിനപ്പുറത്തേക്ക് പോവുന്നില്ലല്ലോ!
--

Dr. Evoor Mohandas പറഞ്ഞു...

seri. vahasam (perumpampu)aanu grahikkunnathu. so no poison.pakshe aa iruttathu, ethu paampaanu kadichathennu Damayanthikkengine manassilayo avo?

one clarification:

തന്റെ പാതിവ്രത്യം ഭംഗം ചെയ്യുവാന്‍ തുനിയുന്നവന്‍ ഭസ്മമായിമാറും എന്ന് ദമയന്തിക്ക് ലഭിച്ചിട്ടുള്ള വരത്തിന്റെ ശക്തിയാല്‍ കാട്ടാളന്‍ ഭസ്മമായിപ്പോവുന്നു.

There is no reference to such a 'varam' to Damayanthi either in the Attakkatha or in Nalopakhyanam. But such a 'varam' is mentioned in Sri Harshan's 'Naishadeeyam'. Unnayi, it seems was following Sri Harshan and unknowingly made this mistake in his attakkatha, which is essentially based on 'Nalopakhyanam' (kadappatu:Prof.Panmana).

Mohandas

Haree പറഞ്ഞു...

:-)
ഉരുത്തെഴുന്ന തിമിരത്തെ വെന്ന് സൂ‍ര്യന്‍ ഉദിച്ചു കാണണമല്ലോ ആ നേരമാവുമ്പോഴേക്കും. :-D മരത്തിനിടയിലൂടെ കാട്ടാളന് സുന്ദരത്തിനുടെ രൂപം കാണുവാനുമായി! അതും പോരാഞ്ഞ് കാട്ടാളന്‍ പാമ്പിനെ കൊല്ലുന്നതും കാണാതെയല്ലല്ലോ! “മാരിതമായ് പെരുമ്പാമ്പെടോ...” എന്നു മനസിലാക്കുന്നുമുണ്ട്, കാട്ടാളന്‍‍.

അപ്പോള്‍ നളോപാഖ്യാനത്തില്‍ കാട്ടാളന്‍ എന്ന കഥാപാത്രം തന്നെയില്ലേ? ഉണ്ടെങ്കില്‍, പിന്നെ അവിടെ എന്താണ് സംഭവിച്ചത്?
--

വികടശിരോമണി പറഞ്ഞു...

ഗോപിയാശാന്‍ വിളിച്ച് അവ രണ്ടും നടുവിലേക്ക് വെയ്പ്പിച്ചു. ആശാന്‍ തന്നെയാണ് വിളിച്ചതെന്നോര്‍ത്ത് എന്തെന്നു ചോദിച്ച രാജീവന്, തന്നെ ഒരു ഭൃത്യനാക്കി അഭിനയിപ്പിക്കുകയായിരുന്നു എന്നു മനസിലായത്, ‘ഇനി പൊയ്ക്കോളൂ...’ എന്ന് ആശാന്‍ തുടര്‍ന്നാടിയപ്പോഴാണ്. ഇത് രംഗത്തു പ്രവര്‍ത്തിച്ച കലാകാരന്മാരുള്‍പ്പടെ (വേഷക്കാരൊഴിച്ച്) എല്ലാവരിലും ചിരി പടര്‍ത്തി.
ഹഹഹ...അതു കലക്കി,ഹരീ.ഗോപിയാശാന്റെ ഹ്യൂമർസെൻസ് കൈമോശം വന്നിട്ടില്ല,അല്ലേ:)

Dr. Evoor Mohandas പറഞ്ഞു...

Haree,

'Kattalan' is very much there in the Mahabharata 'Nalopakhyanam'. The description given in AHDYAYAM 62, AJAGARAGRASTA DAMAYANTHIMOCHANAM,VERSUS 24-39 , SRI MAHABHARATAM, VOL.2 BY KUNHIKKUTTAN THAMPURAN)is as follows

When Damayanthi is being swallowed by the hungry perumpampu(the usage in Nalopakhyanam is 'swallowing' and not 'biting')Kattalan came there hearing her cry, split the perumpapmu from its face downwards the body by an arrow and thus relieved Damayanthi from the paampu. He the sprinkled water on Damayanthi'. Then 'avalekkandu kattalan kaamadevante paatilaay' and 'avale kshudranappapi nokkee pothippidikkuvan'. Then Damayanthi cursed him
'nalane vittanyane jnanullilorkkilippozhe

ee kshudranaayeedum vedan chathu veeneetename'.

Kattalan fell down as 'agniyericha tharupole'.There is no reference to any varam, Kattalan was finished by Damayanthi's 'pathivrathya sakthi'.

Kattalan of Mahabharatam is only an ordinary forest-dweller, where as Unnayi's Kattalan is an outstanding artistic improvisation. The character is bestowed with so many good qualities, especially good humour sense. Even Unnayi attempts to send some social message through his 'cultured' Kattalan when he makes him say'vathichorkkum pranapaye jathichodyam venda thotuvan'.

There is an excellent article on this subject in the Edappally Kathakali Club(?)souvenir 2007 by Prof. Panmana Ramachandran Nair. Or else detailed information is available in his celebrated book 'Nalacharitham - Kairalee vyakyhanam'.

Mohandas

Dr. Evoor Mohandas പറഞ്ഞു...

hoops! please read the line as

'nalane vittanyane jnanullilorkkazhkilippozhe'

Mohandas

Haree പറഞ്ഞു...

@ Sureshkumar Punjhayil,
പല ബ്ലോഗുകളിലായി കുറേ പോസ്റ്റില്‍ വന്ന് ചിരിച്ചു കാണിച്ചിട്ടുണ്ടല്ലോ... എല്ലാം വായിച്ചിട്ടു തന്നെ? ഒട്ടും സാധ്യതയില്ല (രണ്ടോ മൂന്നോ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കളിയരങ്ങിലെ മാത്രം എല്ലാ പോസ്റ്റുകളിലും ചിരിച്ചിരിക്കുന്നത്, അതിനാല്‍.), പിന്നെയെന്തിനാണ് ഇങ്ങിനെ ഓരോ പോസ്റ്റിലുമെത്തി ചിരിച്ച് സമയം കളയുന്നത്!

@ വികടശിരോമണി,
അതെങ്ങിനെ കൈമോശം വരും! :-D

@ mohan,
നന്ദി. ഇന്ദ്രാദികള്‍ വരം കൊടുത്ത സമയത്ത് ദമയന്തിക്ക് അപ്രകാരമൊരു വരം ലഭിച്ചിട്ടുണ്ടോ എന്നു കൂടി നോക്കാവുന്നതാണ്. ‘നളോപഖ്യാന’ത്തില്‍ അത്, ആ സമയം പറഞ്ഞിട്ടില്ല എന്നതു കണക്കിലെടുക്കണമെന്നില്ല. ആട്ടക്കഥയില്‍, ദമയന്തിയുടെ രൂപലാവണ്യം കണ്ട് (കാലില്‍ പിടുത്തമിട്ടു അത്രയേയുള്ളൂ, വിഴുങ്ങി തുടങ്ങിയിട്ടില്ല.) പാമ്പിനെ കൊല്ലും മുന്‍പു തന്നെ കാട്ടാളന്‍ ദമയന്തിയില്‍ ആകൃഷ്ടനാണ്. വിഷയത്തിലേക്ക്, കാട്ടാളന്‍ മരുന്നിടുമ്പോള്‍ ദമയന്തി കാലു നീട്ടി വെച്ച് കൊടുക്കേണ്ടതില്ല.
--

Dr. Evoor Mohandas പറഞ്ഞു...

There is no'varam' from indradikal to Damayanthi in aattakkatha. Also there is no such a varam in 'nalopakhyanam'.

'Swallowing' is the word used in 'mahabharata' and I just mentioned it. Even in attakkatha it is 'vahasam grahikkunnu' and not 'kadikkunnu'. I don't think it's correct to interpret 'mahabharata' or 'nalacharitham' attakkatha based on what kathakali artists show on stage for their convenience.

This being the case it doesn't matter if Damayanthi strtches or not stretches the leg!

Mohandas

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--